Friday, December 24, 2010

മണ്ണിന്റെ രോഗാണു പ്രതിരോധം - ഖുര്‍ആനിലും ഹദീസിലും

എന്താണ് മണ്ണിന്റെ ഗുണങ്ങള്‍? നാം ഖുര്‍ആനിലും ഹദീസിലും ശുദ്ധീകരണ മാധ്യമമായി മണ്ണിനെപ്പറ്റി വായിക്കുന്നു. നായ മുഖമിട്ട പാത്രം ഏഴുതവണ കഴുകണമെന്നും ഒരുതവണ കളിമണ്ണിട്ട് കഴുകണമെന്നും ഹദീസില്‍ കാണാം. ഞാന്‍ ഈ വിഷയം ചര്‍ച്ചചെയ്യുന്നത്, ഹദീസ് നിഷേധിക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടാണ്.

ഇന്ന് മണ്ണിന്റെ ശുദ്ധീകരിക്കാനുള്ള കഴിവിനെയും രോഗാണു പ്രതിരോധം-നശീകരണത്തെ സംബന്ധിച്ചും നടത്തുന്ന ഗവേഷണങ്ങളില്‍ മണ്ണിന് വലിയൊരു സ്ഥാനമുണ്ടെന്ന് നാമറിയുമ്പോള്‍, പ്രവാചകന്‍ (സ) പറഞ്ഞ കാര്യങ്ങള്‍ തികച്ചും മരുഭൂമിയില്‍ ജീവിചച് പ്രവാചകന് ഈ വിവരം എങ്ങനെ ലഭിച്ചു എന്ന് നാം അദ്ഭുതപ്പെട്ടുപോകും. സംശയമില്ല. പ്രപഞ്ചങ്ങളുടെ നാഥന്‍ അദ്ദേഹത്തെ സര്‍വകലാവല്ലഭനായാണയച്ചിരിക്കുന്നത്.

മണ്ണിനെപ്പറ്റിയുള്ള ചില ഗവേഷണങ്ങള്‍ നമുക്കിങ്ങനെ വായിക്കാം:
മനുഷ്യന് തന്റെ ജീവിതത്തിന് മണ്ണ് അത്യാവശ്യമാണ്. മണ്ണില്ലെങ്കില്‍ ജീവനില്ല. വെള്ളം കഴിഞ്ഞാല്‍ അവന് ഏറ്റവും അവശ്യവസ്തു മണ്ണാണ്. ഒരു സ്പൂണ്‍ മണ്ണെടുത്ത് ലബോറട്ടറിയില്‍ പരിശോധിച്ചാല്‍, ഇപ്പോള്‍ ഈ ഭൂമിയിലുള്ള ജീവിവര്‍ഗങ്ങളേക്കാള്‍ കൂടുതല്‍ ജൈവവസ്തുക്കളെ കാണാന്‍ കഴിയുമത്രെ! കാരണം, ഭൂമി കാലങ്ങളായി ഇതിലുള്ള ജീവനില്ലാത്ത വസ്തുക്കളെ തന്നില്‍ ചേര്‍ത്ത് ദഹിപ്പിക്കുന്നു. മണ്ണില്‍ പലതരം ബാക്ടീരിയകള്‍ ഉണ്ട്. ഏകകോശ ജീവികളായ ഇവ ചെടികള്‍ക്ക്, വായുവില്‍നിന്ന് ചില മൂലകങ്ങള്‍ സ്വീകരിച്ച് നല്‍കുന്നുണ്ടത്രെ!


മണ്ണിലെ സൂക്ഷ്മജീവികളെപ്പറ്റി ഗവേഷണം നടത്തുന്ന Haydel എന്ന ശാസ്ത്രജ്ഞന്‍ പറയുന്നത് കാണുക: ഭൂഗര്‍ഭശാസ്ത്രവും ജൈവവസ്തുക്കളും തമ്മില്‍ അഭേദ്യമായ ബന്ധമുള്ളതായി എനിക്ക് ഗവേഷണത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഒരുവര്‍ഷം വരെ അഴുക്ക് എന്ന നിലയില്‍ ഞാന്‍ കണ്ടിരുന്ന മണ്ണിനെ ഞാനിന്ന് ഏറ്റവും വലിയ രോഗാണു നശീകരണ വസ്തുവായി കാണുകയാണ്.

നമുക്കറിയാം, അല്പം ഛര്‍ദ്ദിയിലോ മലത്തിലോ മണ്ണിട്ട് മൂടിനോക്കുക. അതിന്റെ ദുര്‍ഗന്ധം പുറത്തേക്ക് വരികയില്ല. പ്രകൃതിചികിത്സയിലെ പ്രധാനപ്പെട്ടൊരു ചികിത്സാരീതിയാണല്ലോ മണ്ണുചികിത്സ. ചില ചര്‍മ്മരോഗങ്ങള്‍ക്ക് മണ്ണ്, ഗന്ധകമണ്ണ് വളരെ ഫലപ്രദമാണ്. ചാവുകടലിലെ മണ്ണിന് അത്തരം ഒരു ശേഷി ഉണ്ടെന്ന് കരുതപ്പെടുന്നുണ്ട്. കളിമണ്ണ് 24 മണിക്കൂര്‍ കൊണ്ട് മൊത്തം രോഗാണുക്കളെ നശിപ്പിക്കുന്നതായി ലബോറട്ടറി പരിശോധനയിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: 
وأنبتنا فيها من كلّ شيئ - അതില്‍ നാം എല്ലാം കൃത്യമായ موزون അളവില്‍ മുളപ്പിച്ചിരിക്കുന്നു. ഇവിടെ فيها എന്നത് ഭൂമിയാണ്. അതെ, പടച്ചതമ്പുരാന്‍ നമുക്ക് വേണ്ടതെല്ലാം കൃത്യമായി നമ്മെ സൃഷ്ടിച്ച മണ്ണില്‍ സംവിധാനിച്ചു വെച്ചിരിക്കുന്നു. ചിന്തിക്കുന്നവര്‍ക്ക് ഇതിലെല്ലാം പാഠമുണ്ട്. രോഗാണുവിനെ പുറത്തു വെച്ചപ്പോള്‍ അത് 24 മണിക്കൂര്‍ കൊണ്ട് 42 ഇരട്ടിയായി വര്‍ധിച്ചത്രെ!

Lyne Bruner ന്റെ കണ്ടുപിടുത്തം ഫ്രാന്‍സിലെ പച്ചമണ്ണില്‍ രോഗശമനമുണ്ടെന്നാണ്. കെനിയയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ പ്രതിരോധ വസ്തുവായി മണ്ണിനെ ഉപയോഗിക്കുന്നുണ്ട് - രോഗാണുക്കള്‍ ആദ്യം ഉന്മേഷം കുറയുകയും പിന്നീട് ബലഹീനമാകുകയും പിന്നീട് തീര്‍ത്തും നശിപ്പിക്കപ്പെടുകയും ആണ് മണ്ണിലൂടെ നടക്കുന്നത്. മണ്ണിന്റെ അതിസങ്കീര്‍ണമായ ജൈവിക ഘടന മൂലമാണ് ഇത് സാധ്യമാകുന്നത്. സാധാരണ മരുന്നുകളേക്കാള്‍ കരുത്ത് കൂടുതലാണ് മണ്ണിന് എന്ന് ദക്ഷിണാഫ്രിക്കയില്‍ ഗവേഷണം നടത്തിയവര്‍ കണ്ടെത്തുകയുണ്ടായി.

ന്യൂജഴ്‌സിയിലെ Merck റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരുടെ വരികള്‍ കാണുക: 'ഇപ്പോള്‍ മണ്ണില്‍നിന്ന് ജൈവകീടനാശിനികള്‍ ഉല്‍പാദിപ്പിക്കാനുള്ള നല്ലൊരവസരം ആണ് ഉണ്ടായിട്ടുള്ളത്.

ലാബും പരിശോധനകളും ഇല്ലാത്ത കാലത്ത് ഖുര്‍ആനും ഹദീസും മണ്ണിനെപ്പറ്റി എന്തെല്ലാമാണ് പറഞ്ഞിട്ടുള്ളത് എന്ന് നാം അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും.

'നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ മണ്ണില്‍ തയമ്മും ചെയ്യുക.'
'നിങ്ങളെ നാം മണ്ണില്‍നിന്ന് സൃഷ്ടിച്ചു. അവിടേക്ക് നാം മടക്കുന്നു. അവിടെ നിന്ന് മറ്റൊരിക്കല്‍ പുറത്തുകൊണ്ടുവരും.'
'ഭൂമിയെ നാം ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും ഉള്‍ക്കൊള്ളാന്‍ പാകത്തിലാക്കിയില്ലേ.'


ഖുര്‍ആന്റെ മണ്ണ്‌വര്‍ണന പല പേജുകളിലും നമുക്ക് കാണാം. നമുക്ക് ഹദീസ് എന്ത് പറയുന്നു എന്ന് നോക്കാം.
'എനിക്ക് ഭൂമി പള്ളിയും (സുജൂദ് ചെയ്യുന്ന സ്ഥലം) ശുദ്ധീകരണ വസ്തുവുമാക്കിയിരിക്കുന്നു.
'നിങ്ങളിലൊരാളുടെ പാത്രത്തില്‍ നായ മുഖമിട്ടാല്‍ ഏഴുതവണ കഴുകുക. ഒരുതവണ മണ്ണുകൊണ്ട് കഴുകുക.'


പേപ്പട്ടിവിഷത്തിന് ലൂയി പാസ്ചര്‍ പട്ടിയുടെ മെഡുല (തലച്ചോര്‍) കളിമണ്ണില്‍ പൊതിഞ്ഞുണക്കിയായിരുന്നു മരുന്ന് വേര്‍തിരിച്ചെടുത്തത്.

നോക്കൂ, മുഹമ്മദ് നബി (സ) പറഞ്ഞ ഒരു വാക്കും തെറ്റുന്നില്ല. മണ്ണ് എന്ന അദ്ഭുതത്തെപ്പറ്റി നാം ചിന്തിക്കുന്നില്ല. ചില അസുഖങ്ങള്‍ക്ക് ചെരുപ്പിടാതെ നടക്കാന്‍ നബി (സ) ഉപദേശിച്ചതായി ഏതോ ഒരു പുസ്തകത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു. (കൃത്യമല്ലാത്തതിനാല്‍ വായനക്കാര്‍ ഈ വിഷയസംബന്ധമായ അറിവുകള്‍ പങ്കുവെക്കാന്‍ അഭ്യര്‍ഥിക്കുന്നു). പ്രകൃതിചികിത്സയില്‍ ഒരുമണിക്കൂര്‍ ചെരുപ്പില്ലാതെ, മണ്ണിലൂടെ നടക്കാന്‍ നിര്‍ദേശിക്കപ്പെടാറുണ്ട്. മാനസിക പിരിമുറുക്കമുള്ളവരുടെ അധിക ചാര്‍ജ് മണ്ണ് അഥവാ ഭൂമി ബാലന്‍സ് ചെയ്തുകൊടുക്കുമെന്ന് പറയപ്പെടുന്നു.

ഖുര്‍ആന്‍ ഒരു സ്ഥലത്ത് പറയുന്നു: 'നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. എന്നിട്ട് സൃഷ്ടികര്‍മം എങ്ങനെ ആരംഭിച്ചു എന്ന് നോക്കുക'. ഗവേഷണം അര്‍ഹിക്കുന്ന ഒരു വിഷയമാണിത്. മണ്ണില്‍ നമ്മുടെ എല്ലാം അടങ്ങിയിരിക്കാന്‍ തന്നെയാണല്ലോ സാധ്യത.

മരത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളത്തെ മണ്ണും വൃക്ഷവേരുകളും ഒന്നുകൂടി ശുദ്ധീകരിച്ചാണ് കുളങ്ങളിലും കിണറുകളിലും എത്തിക്കുന്നത്. അതിനാല്‍ത്തന്നെ ആ വെള്ളമാണ് കൂടുതല്‍ ആരോഗ്യകരം.

ഇത്രയും ഉന്നതമായ മണ്ണിനെ നാം ഇന്ന് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വെള്ളത്തിന് മാത്രമേ ശുദ്ധീകരണ ശക്തിയുള്ളൂ എന്ന് കരുതിയ നമുക്ക് തെറ്റി. മണ്ണിനെ ഖുര്‍ആനും ഹദീസും ശുദ്ധീകരണ വസ്തുവായി പറഞ്ഞപ്പോള്‍ നാം അത്ര ഗൗനിച്ചില്ല. സഹോദരങ്ങളേ, ഖുര്‍ആനും ഹദീസും തെറ്റുകയില്ല. പണ്ട് ഖുര്‍ആന്റെ സാഹിത്യഭംഗിയായിരുന്നു അറബികള്‍ക്ക് വെല്ലുവിളിയായിരുന്നതെങ്കില്‍, ഇന്ന് ഖുര്‍ആന്റെയും ഹദീസിന്റെയും ഉന്നതമായ ശാസ്ത്ര-ഗണിത അദ്ഭുതങ്ങളാണ് ലോകത്തിനു മുന്നിലെ വെല്ലുവിളി. അശക്തരായി മാറുന്ന മുസ്‌ലിം സഹോദരന്മാരേ, ഖുര്‍ആന്റെ ഒരു സൂക്തം ഞാന്‍ ഉദ്ധരിക്കട്ടെ.
ولا تهنو ولا تحزنو وأنتم الأعلون إن كنتم مؤمنون - നിങ്ങള്‍ ബലഹീനരാകരുത്. നിങ്ങള്‍ ദുഃഖിക്കരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉത്തമര്‍.


പരസ്പരം കുറ്റപ്പെടുത്തലും പരിഹാസവും ഉപേക്ഷിച്ച്, ഖുര്‍ആന്റെയും ഹദീസിന്റെയും അദ്ഭുതങ്ങളെ മനുഷ്യമനസ്സുകള്‍ക്ക് പരിചയപ്പെടുത്തുക. ദാഹാര്‍ത്തരായ സാധുക്കള്‍ നമ്മെ കാത്തിരിക്കുന്നുണ്ട്. നമ്മുടെ കൈയിലെ ദാഹജലം കെട്ടിക്കിടന്ന് നശിക്കാനിടവരാതിരിക്കട്ടെ. ഇനിയെങ്കിലും പണ്ഡിതന്മാര്‍ കണ്ണു തുറക്കുമോ?

വസ്സലാം,
സ്വന്തം ടീച്ചര്‍

Tuesday, December 21, 2010

സാമൂഹ്യതിന്മക്കെതിരെ പോരാടല്‍ മുസ്‌ലിമിന്റെ ബാധ്യത

(21.12.2010ന് Beyluxe ല്‍ എടുത്ത ക്ലാസ്സിന്റെ കുറിപ്പ്)
 

പ്രിയ സഹോദരങ്ങളേ, നമ്മുടെ ഇന്നത്തെ ചര്‍ച്ചാവിഷയം മതവും രാഷ്ട്രീയവും എന്നതാണല്ലോ. ഞാന്‍ ഈ വിഷയത്തില്‍ നോട്ട് തയ്യാറാക്കാന്‍ വേണ്ടി ഖുര്‍ആന്‍ എടുത്തുനോക്കി. ഞാന്‍ എന്ത് വിഷയത്തിനും ഖുര്‍ആനെയാണ് ആശ്രയിക്കുന്നത്. ഭാഗ്യവശാല്‍, ആദ്യം കിട്ടിയതുതന്നെ സൂറത്ത് ശുഅറാ ആയിരുന്നു. ആദ്യം ഹസ്രത്ത് മൂസാ (അ)യുടെ വിശദമായ കഥയാണ് അല്ലാഹു നമ്മോട് പറയുന്നത്. എന്തായിരുന്നു മൂസാ (അ)യുടെ ദൗത്യം? ഖുര്‍ആന്‍ തന്നെ പറയട്ടെ: 
فأتيا فرعون فقولا إن رسول ربّ العالمين، أن أرسل معنا بني اسرائيل

അവിടുന്നങ്ങോട്ട് ധാരാളം സംവാദങ്ങള്‍ നടക്കുന്നുണ്ട്. കഥ മുഴുമിപ്പിക്കുന്നത് ധിക്കാരിയായ ഫറോവയുടെ അന്ത്യവും മൂസ (അ) ബനൂ ഇസ്രാഈല്യരെ രക്ഷപ്പെടുത്തലും ആണ്. വീണ്ടും നമുക്ക് ഈ അധ്യായത്തിലൂടെ തന്നെ സഞ്ചരിക്കാം. മൂന്നര പേജുകളിലായാണ് ഖുര്‍ആന്‍ മൂസാ (അ)യുടെ സംഭവം വിവരിക്കുന്നത്. അടുത്തതായി ഹസ്രത്ത് ഇബ്‌റാഹിം (അ)യുടെ സംഭവമാണ് പറഞ്ഞുതരുന്നത്. വിഗ്രഹങ്ങളെ കൊത്തിയുണ്ടാക്കിയിരുന്ന ആ ജനതയോട്, യാതൊരു ഗുണവും ദോഷവും നല്‍കാത്ത, കേള്‍ക്കാത്ത, സംസാരിക്കാത്ത, ആ വിഗ്രഹങ്ങള്‍ക്കു മുമ്പില്‍ എന്തിനാണ് പൂജകള്‍ ചെയ്യുന്നത് എന്ന് ചോദിക്കുകയാണ്. എന്നിട്ട് അവരുടെ മുമ്പില്‍ കറകളഞ്ഞ ഏകദൈവ വിശ്വാസം സമര്‍പ്പിക്കുകയാണ്. എനിക്ക് ഭക്ഷണം തരുന്ന, വെള്ളം തരുന്ന, മാര്‍ഗദര്‍ശനം നല്‍കുന്ന, എന്നെ മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്ന, അന്ത്യദിനത്തില്‍ എന്റെ എല്ലാ തെറ്റുകളും പൊറുത്തുതരുന്ന ഒരു രക്ഷിതാവിനെ പരിചയപ്പെടുത്തുകയാണ്. അങ്ങനെ, അവര്‍ ഇബ്‌റാഹീമിനെ ചുട്ടുകൊല്ലാനായി ഉപയോഗിച്ച തീ പരലോകത്ത് അവരെ ശിക്ഷിക്കാനുപയോഗിക്കപ്പെടും എന്ന സൂചനയോടെ ആ വിഷയം അവസാനിപ്പിക്കുകയാണ്.

ഇനി നമുക്ക് 950 കൊല്ലം പ്രബോധനം ചെയ്ത നൂഹ് നബി (അ)യുടെ ജനതയുടെ ചരിത്രം. അവരുടെ സഹോദരന്‍ നൂഹ് പറഞ്ഞു: 'സുഹൃത്തുക്കളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? ഞാന്‍ നിങ്ങളോടൊന്നും ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ എന്നെ അനുസരിക്കൂ എന്ന് പറഞ്ഞപ്പോള്‍ അവരുടെ മറുപടി രസകരമായിരുന്നു. ഞങ്ങള്‍ നിന്നെ പിന്‍പറ്റുകയോ? നിന്നെ അവശരും പീഡിതരും പിന്‍പറ്റിയിരിക്കെ. നൂഹ് (അ) അവരോട് ഗര്‍ജിച്ചു: എന്നെ വിശ്വസിച്ച, സര്‍വലോക രക്ഷിതാവായ അല്ലാഹുവിനെ വിശ്വസിച്ച ആ സാധുക്കളായ വിശ്വാസികളെ ഞാന്‍ ആട്ടിയോടിക്കുകയില്ല. അപ്പോള്‍ അവര്‍ പറഞ്ഞു: 'നൂഹേ, നീ ഇതവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ നിന്നെ എറിഞ്ഞു കൊല്ലും. നൂഹ് (അ) അപ്പോള്‍ റബ്ബിനോട് രക്ഷയ്ക്കുവേണ്ടി തേടുകയാണ്. അങ്ങനെ, അവര്‍ മുക്കിക്കൊല്ലപ്പെട്ടു. നൂഹും കൂട്ടുകാരും രക്ഷപ്പെട്ടു.

ഇനിയും ഖുര്‍ആന്‍ പറയുന്നു: 'ആദ് ഗോത്രം ദൂതന്മാരെ കളവാക്കി. ഹൂദ് (അ) ചോദിച്ചു: നിങ്ങള്‍ ഓരോ താഴ്‌വരയിലും തമാശയ്ക്കുവേണ്ടി കെട്ടിയുണ്ടാക്കുകയാണോ? നിങ്ങള്‍ക്ക് സ്ഥിരതാമസത്തിനുവേണ്ടി വലിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുകയാണല്ലോ. നിങ്ങളുടെ ഈ പൊങ്ങച്ചം അവസാനിപ്പിക്കുന്നില്ലെങ്കില്‍ ഭയാനകമായ ഒരു ശിക്ഷയെ ഞാന്‍ നിങ്ങളുടെ കാര്യത്തില്‍ ഭയപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു: അവരെ നാം നശിപ്പിച്ചു.

ഇനിയും മുന്നോട്ടു പോയാല്‍, അതാ, സമൂദ് ഗോത്രം. അവരിലേക്കയക്കപ്പെട്ട സ്വാലിഹ് (അ). നിങ്ങളെന്തേ മല തുരന്ന് അഹങ്കാരത്തിനും പൊങ്ങച്ചത്തിനും വേണ്ടി ഈ ചെയ്തുകൂട്ടുന്നത്? അല്ലാഹുവിനെ ഭയപ്പെടുക. ധൂര്‍ത്തന്മാരുടെ വാക്കുകള്‍ അനുസരിക്കാതിരിക്കുക. ആ ജനതയ്ക്ക് വലിയൊരു പരീക്ഷണമായി ഒരൊട്ടകത്തെ അല്ലാഹു ഇറക്കുകയും, അവരുടെ പൊങ്ങച്ചവും അഹങ്കാരവും കാരണം അതിനെ കൊല്ലുകയും കഠിനമായ ശിക്ഷ അവരില്‍ പതിക്കുകയും ചെയ്തു.

സഹോദരങ്ങളേ, ഇനി ലൂത്ത് നബി (അ)യുടെ കാര്യമെടുക്കാം. സ്വവര്‍ഗരതിയില്‍ ആണ്ടുപോയ ഒരു ജനതയെ അവരുടെ തിന്മയില്‍നിന്ന് രക്ഷപ്പെടുത്താന്‍, അവരുടെ കൈയും കാലും പിടിച്ചപേക്ഷിക്കുന്ന, കേഴുന്ന ലൂത്ത് (അ). അവരില്‍നിന്ന് ഇതിനുവേണ്ടി ഒരു പിരിവും ആവശ്യപ്പെട്ടില്ല. അവര്‍ പറഞ്ഞു: നീ അവിടെ മിണ്ടാതിരുന്നോ. ഞങ്ങള്‍ ചെയ്യാനുള്ളതൊക്കെ ചെയ്യും. നീ അധികം കളിച്ചാല്‍, നിന്നെ ഞങ്ങള്‍ ഈ നാട്ടില്‍നിന്ന് പുറത്താക്കും. അദ്ദേഹം അപ്പോള്‍ പറഞ്ഞു: നിങ്ങളുടെ ഈ ദുഷിച്ച പ്രവര്‍ത്തനത്തെ ഞാന്‍ അങ്ങേയറ്റം വെറുക്കുന്നു. അങ്ങനെ ഖുര്‍ആന്‍ പറയുന്നു. അവരെ അടിമീതെ മറിച്ച കല്‍മഴ കൊണ്ട് നശിപ്പിച്ചു. ദൃഷ്ടാന്തങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട്, പ്രവാചകന്മാരെ ധിക്കരിക്കുയും അവരെ വെല്ലുവിളിക്കുകയും ചെയ്ത ജനതതികള്‍ നശിപ്പിക്കപ്പെട്ടു.

ഇനി മഹാനായ ശുഐബ് നബി (അ). അളവിലും തൂക്കത്തിലും കൃത്രിമത്വം കാട്ടിയിരുന്ന ജനതയോട്, ജനങ്ങളോട് നീതിപൂര്‍വം പെരുമാറണമെന്ന് ഉദ്‌ബോധിപ്പിക്കുകയാണ്. പക്ഷേ, ആ ജനത പുച്ഛിച്ചുതള്ളുകയും ശിക്ഷയിറക്കിക്കോ എന്നാക്രോശിക്കുകയുമാണ്. അങ്ങനെ അവരെ മേഘം കൊണ്ട് മൂടപ്പെട്ട ശിക്ഷ പൊതിഞ്ഞു.

സഹോദരങ്ങളേ, എല്ലാ പ്രവാചകന്മാരും അവരവരുടെ കാലത്ത് നിലനിന്നിരുന്ന സാമൂഹ്യതിന്മക്കെതിരില്‍ ശക്തമായി പോരാടാനാണ് അയക്കപ്പെട്ടത്. പ്രവാചകന്‍ മുഹമ്മദ് നബി (അ)യും അക്കാര്യത്തില്‍ ഒഴിവല്ല. അന്യായവും അനീതിയും അവസാനിപ്പിക്കാന്‍, സല്‍സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിന്, നല്ലൊരു സമൂഹസൃഷ്ടിക്ക് എല്ലാമായിരുന്നു മുഹമ്മദ് നബി(സ)യുടെ നിയോഗം.

ഈ സൂക്തങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ട് നമുക്ക് ഏതാനും ചില കാര്യങ്ങള്‍ ചിന്തിക്കാം - നാം പ്രവാചകന്മാരുടെ പിന്‍മറക്കാരാണെങ്കില്‍, തിന്മ നടമാടുന്ന സമൂഹത്തില്‍ ഒന്നും ചെയ്യാനില്ലാതെ മാറിനിന്നാല്‍ മതിയോ? നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയെന്താണിന്ന്? അഴിമതിയില്‍ അടിമുടി മുങ്ങിക്കുളിച്ച ഒരു രാജ്യം. മദ്യം എന്ന സാമൂഹ്യതിന്മ അതിന്റെ ഏറ്റവും വലിയ പത്തിവിടര്‍ത്തി ആടുന്ന സന്ദര്‍ഭം. അനീതി കൊണ്ട് മൂടപ്പെട്ട സംവിധാനങ്ങള്‍. പ്രവാചകന്മാരുടെ പാമ്പര്യമവകാശപ്പെടുന്ന മതനേതാക്കളും ആചാര്യന്മാരും മിണ്ടാതെ നില്‍ക്കണം എന്ന് പറയുന്നത് ഫറോവമാരുടെ പിന്‍തലമുറക്കാരായിരിക്കും. തീര്‍ച്ചയായും, അവരണിഞ്ഞിരിക്കുന്ന രാഷ്ട്രീയ-ദൈവിക പരിവേഷം, നീതിയും സത്യവും നടപ്പാക്കപ്പെട്ടാല്‍, അഴിച്ചുവെച്ച് സാധാരണക്കാരനായി ജീവിക്കേണ്ടിവരും. രാഷ്ട്രീയ മേലാളന്മാരുടെ ഈ മനസ്ഥിതിയുടെ പിന്നാമ്പുറം നമുക്ക് മനസ്സിലാക്കാം. പക്ഷേ, മതമൂല്യങ്ങളുടെ വക്താക്കളെന്ന് പറയുന്ന മതാധ്യക്ഷന്മാരുടെ, മതം രാഷ്ട്രീയത്തിലിടപെടുന്നതിനെ എതിര്‍ക്കുന്നതിന്റെ ലക്ഷ്യം കൂടി നാം മനസ്സിലാക്കണം. പണ്ട്, വേദക്കാര്‍ മുഹമ്മദ് നബി (സ) വന്നപ്പോള്‍ അസൂയയും പകയും പ്രദര്‍ശിപ്പിച്ച ആ നിലപാടിനോടാണ് ഇക്കാര്യത്തിന് സാദൃശ്യം - നിഷ്‌കളങ്കരായ എന്റെ സഹോദരങ്ങള്‍ രണ്ടുമൂന്നു ദിവസമായി ഈ ചാറ്റ്‌റൂമില്‍ വന്ന് ആത്മാര്‍ഥമായ ലക്ഷ്യം മാത്രമുള്ള സംഘത്തെ നുണപ്രചാരണങ്ങള്‍ കൊണ്ട് കരിവാരിത്തേക്കാന്‍ ശ്രമിക്കുകയുണ്ടായി. വിശുദ്ധ ഖുര്‍ആനിലെ സൂറത്ത് ശുഅറാഅ് എന്ന അധ്യായത്തിലൂടെ നാം യാത്രചെയ്ത് ആ കരിയെ കഴുകിക്കളഞ്ഞിരിക്കുകയാണ്.

ആരുടെയും കോട്ടിങ്ങുമായി എന്റെയടുത്ത് വരേണ്ടതില്ല. നിങ്ങള്‍ക്ക് ഖുര്‍ആനും ഹദീസും കൊണ്ട് വരാം. മതം രാഷ്ട്രീയത്തിലിടപെടരുതെന്ന അബദ്ധം മുസ്‌ലിംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും പറയുന്നുണ്ട്. എന്താണ് രാഷ്ട്രീയം? പൗരന്മാരുടെ അവകാശങ്ങളും ബാധ്യതകളും നിറവേറ്റപ്പെടേണ്ട രാഷ്ട്രം അഥവാ നാട് എന്ന സങ്കേതത്തെ ബാധിക്കുന്ന എന്തും രാഷ്ട്രീയമാണ്. അതില്‍ മതം -അഥവാ- മൂല്യങ്ങള്‍ ശക്തമായി ഇടപെടണം എന്നാണെന്റെ അഭിപ്രായം. നിങ്ങള്‍ക്ക് യോജിക്കുകയോ വിയോജിക്കുകയോ ആവാം. അഴിമതി നിരോധനത്തിന് ആവശ്യപ്പെട്ടിറങ്ങിയ സംഘത്തെ പരിഹസിച്ചവര്‍ക്ക് മുകളിലുള്ള ദൈവം നല്ലൊരു ദൃഷ്ടാന്തം കാട്ടിക്കൊടുക്കുകയുണ്ടായി. 1,76,000 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചുകൊണ്ട് യു.പി.എ. സര്‍ക്കാര്‍ ഭരിക്കുന്ന ഗവണ്മെന്റിന്റെ അഴിമതിയും പി.എസ്.സി എന്ന ഏറ്റവും മാന്യവും ഭദ്രവുമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ഗവണ്മെന്റ് സ്ഥാപനത്തിന്റെ അധഃപതനവും പ്രവാചകന്മാര്‍ ജനതകളെ ഉദ്‌ബോധിപ്പിച്ചതുപോലെ നമുക്കും നമ്മുടെ സഹോദരങ്ങളായ ജനതയെ ഉദ്‌ബോധിപ്പിക്കാം. നിങ്ങള്‍ സത്യവും നീതിയും രാഷ്ട്രീയത്തില്‍, വ്യക്തിജീവിതത്തില്‍, കുടുംബജീവിതത്തില്‍ സ്ഥാപിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ തൂത്തുമാറ്റപ്പെടും. ചരിത്രം ആവര്‍ത്തിക്കും, തീര്‍ച്ച.

സര്‍വശക്തന്‍ നമ്മെ പ്രവാചകന്മാരുടെ പാത പിന്തുടരുന്ന ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

വസ്സലാം,
സ്വന്തം ടീച്ചര്‍

Friday, December 17, 2010

ഖുര്‍ആനെ വേണ്ടവിധം മനസ്സിലാക്കുക

ഖുര്‍ആന്‍ വാസ്തവത്തില്‍ എന്താണ്? എത്ര വായിച്ചാലും എത്ര വ്യാഖ്യാനിച്ചാലും തീരാത്ത, എന്നും പുത്തന്‍ ആശയങ്ങള്‍ വാരിവിതറുന്ന ഗ്രന്ഥം. അതിനെ നാം എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രശ്‌നം.

നാം സൗകര്യം കിട്ടുമ്പോഴൊക്കെ ഖുര്‍ആനിലൂടെ സഞ്ചരിക്കണം. നമ്മുടെ മുന്നില്‍ ദൈനംദിനം കാണുന്ന പ്രശ്‌നങ്ങളെ മുഴുവന്‍ ഖുര്‍ആന്‍ മുന്നില്‍ വെച്ചുകൊണ്ട് ചിന്തിക്കണം. പ്രവാചകന്റെ ജീവിതത്തെ നാം നേര്‍ക്കുനേരെ പകര്‍ത്താന്‍ ശ്രമിക്കണം. وكان خلقه القرآن അദ്ദേഹത്തിന്റെ ജീവിതം ഖുര്‍ആനായിരുന്നു. ഖുര്‍ആന്‍ അദ്ദേഹത്തെപ്പറ്റി പറയുന്നു. തീര്‍ച്ചയായും: وإنّك لعلى خلقٍ عظيم താങ്കള്‍ ഉന്നതമായ സ്വഭാവത്തിലാകുന്നു.

ഇനിയും ഖുര്‍ആന്റെ ചില ആയത്തുകളെ നമുക്കൊന്ന് തൊട്ടുനോക്കാം. എനിക്ക് തോന്നുന്നത് ശുദ്ധമായ ഹൃദയത്തിന്റെ വസന്തമാണ് ഖുര്‍ആന്‍. കളങ്കമില്ലാത്ത ഹൃദയത്തിലേ ഖുര്‍ആന്‍ അതിന്റെ സര്‍വസൗന്ദര്യത്തോടും കൂടി പെയ്തിറങ്ങുകയുള്ളൂ എന്നാണ്. വെറും പാരായണം കൊണ്ടവസാനിപ്പിക്കാതെ, ഖുര്‍ആന്‍ സൂക്തങ്ങളുടെ അര്‍ഥങ്ങള്‍ പഠിക്കുകയും സ്ഥിരമായി അതേപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുക. മാസങ്ങളും കൊല്ലങ്ങളും  ചിലപ്പോള്‍ ഒരായത്തിനെത്തന്നെ ചിന്തിച്ച് നമുക്ക് ജീവിക്കാന്‍ കഴിയും. സത്യത്തില്‍, ഓരോ രോഗികള്‍ക്കും ഓരോ മരുന്നുപോലെ, ഖുര്‍ആന്റെ ഓരോ സൂക്തങ്ങളും വ്യത്യസ്ത രീതിയില്‍ മനുഷ്യമനസ്സില്‍ റിയാക്ട് ചെയ്യുന്നുണ്ട്. ഒന്നുകൂടി വിശദമായി പറഞ്ഞാല്‍, ഞാന്‍ ഒരായത്തിനെ കാണുന്ന രീതിയിലാകില്ല ഇത് വായിക്കുന്ന ഓരോരുത്തരും കാണുന്നത്. ഉദാഹരണമായി നമുക്ക് സൂറത്തുല്‍ വാഖിഅഃയിലെ ആയത്തുകളിലേക്ക് പോകാം. 'നിങ്ങള്‍ സ്രവിക്കുന്ന ഇന്ദ്രിയത്തെപ്പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്? നിങ്ങളാണോ നമ്മളാണോ അത് സൃഷ്ടിക്കുന്നത്?'

നിങ്ങള്‍ കൃഷിചെയ്യുന്നതിനെപ്പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം? നിങ്ങളാണോ വാസ്തവത്തില്‍ അത് കൃഷിചെയ്യുന്നത്. അതോ നമ്മളോ? നാമുദ്ദേശിച്ചാല്‍ അതിനെ ചപ്പും വയ്‌ക്കോലുമാക്കി മാറ്റുമായിരുന്നു. അപ്പോള്‍ നിങ്ങള്‍ വിലപിക്കും. കഷ്ടം! നാം കടക്കാരായല്ലോ - നിര്‍ഭാഗ്യവാന്മാരും.

നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി എന്താണഭിപ്രായം? നിങ്ങളാണോ നാമാണോ അതിനെ മേഘങ്ങളില്‍ നിന്നിറക്കിയത്? നാമുദ്ദേശിച്ചാല്‍ അതിനെ കടുംകയ്പാക്കി മാറ്റും. നിങ്ങള്‍ നന്ദി പറയാത്തതെന്ത്?

നിങ്ങള്‍ കത്തിക്കുന്ന തീയെപ്പറ്റി എന്ത് പറയുന്നു? അതിന്റെ വിറകിന്റെ മരം ഉണ്ടാക്കിയത് നിങ്ങളോ നമ്മളോ? നാം അതിനെ ഒരു സ്മരണയും ഉപഭോക്താക്കള്‍ക്ക് വിഭവവും ആക്കിയിരിക്കുന്നു. അതിനാല്‍ നീ നിന്റെ ഉന്നതനും മഹാനുമായ നാഥന് തസ്ബീഹ് ചെയ്യുക (വാഴ്ത്തുക). അതെ, നമുക്കും പറയാം, സുബ്ഹാനല്ലാഹ്... നാഥാ! നീ പരിശുദ്ധന്‍, എല്ലാ ശിര്‍ക്കില്‍നിന്നും നീ പരിശുദ്ധന്‍.

പ്രിയസഹോദരി സഹോദരന്മാരേ, മുകളില്‍ എഴുതിയ നാല് വ്യത്യസ്ത സൃഷ്ടിമാഹാത്മ്യങ്ങളിലൂടെയും ഒന്ന് സഞ്ചരിച്ചുനോക്കൂ. നമ്മുടെ സൃഷ്ടിപ്പ്, വെള്ളം, കൃഷി, തീ. മനുഷ്യന്റെ നിലനില്‍പ്പിന്നാസ്പദമായ സംഗതികള്‍. എഴുത്തും വായനയും അറിയാതിരുന്ന മുത്തുനബി (സ)ക്ക് നീ എന്തൊക്കെയാണ് വഹ് യിലൂടെ പഠിപ്പിച്ചത്. തീര്‍ച്ചയായും, ഇക്കാര്യങ്ങള്‍ ചിന്തിച്ചാല്‍ നമ്മുടെ മസ്തിഷ്‌കവും റബ്ബിന് താനേ കീഴ്‌പ്പെട്ടുപോകും. അല്ലാഹു ബീജോല്‍പ്പാദന ശേഷി നല്‍കാത്ത ആളുകള്‍ക്ക് എത്രകോടി രൂപ ചെലവാക്കിയാലും അത് ലഭിക്കുന്നില്ല. നാം ജീവിതത്തില്‍ കാണുന്ന പച്ച യാഥാര്‍ഥ്യമാണിത്. അപ്രകാരം തന്നെ കൃഷി, മഴ, തീ - അഥവാ ഊര്‍ജം - മരങ്ങള്‍, പുഴകള്‍... പടച്ചവനേ! നീ എത്ര ഉന്നതന്‍! നീ മാത്രം മഹാന്‍. ഈ കൃമികീടങ്ങളായ ഞങ്ങളെത്ര ചെറിയവര്‍... എത്ര ചെറിയവര്‍... തമ്പുരാനേ, നിന്റെ ഖുര്‍ആനെ ഞങ്ങളുടെ ഹൃദയവസന്തമാക്കിത്തരണേ നാഥാ. നെഞ്ചിലെ വെളിച്ചവും ആക്കണേ. ഞങ്ങളുടെ ദുഃഖത്തെ അകറ്റുന്നതുമാക്കണേ. ഞങ്ങളുടെ മനഃപ്രയാസങ്ങളെയും ടെന്‍ഷനുകളെയും കളയുന്നതാക്കിത്തരണേ.

പ്രിയമുള്ളവരേ, നമ്മുടെ രക്ഷിതാവ് നമുക്ക് ഇറക്കിത്തന്ന ഖുര്‍ആന്‍. നാം അതിനോടുള്ള കടമ നിര്‍വഹിക്കുന്നുണ്ടോ. നമ്മോടുള്ള അതിന്റെ ഏറ്റവും വലിയ അഭ്യര്‍ഥന ചിന്തിക്കുക എന്നതാണ്. മനുഷ്യന്റെ കാറ്റലോഗാണത്. അവന്റെ ജീവിതത്തെ രൂപപ്പെടുത്തേണ്ടത് ആ കാറ്റലോഗ് കൊണ്ടാണ്. പക്ഷേ, നമ്മില്‍ എത്രപേര്‍ ഈ സത്യം തിരിച്ചറിയുന്നു. ഖുര്‍ആനെ വേണ്ടവിധം ശ്രദ്ധിക്കുന്നുണ്ടോ. അതിന്റെ അര്‍ഥം മനസ്സിലാക്കാത്തതാണ് ഏറ്റവും വലിയ ശാപം. മുത്തുനബി (സ) കരഞ്ഞുകരഞ്ഞ്‌
തഹജ്ജുദിന്റെ പായ നനഞ്ഞത്രെ! ഖുര്‍ആന്‍ സൂക്തക്കളെക്കുറിച്ച്‌  ചിന്തിക്കാത്ത, തന്റെ പില്‍ക്കാല ഉമ്മത്തുകളുടെ സ്ഥിതി ഓര്‍ത്ത് - ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും സി.എക്കാരും എം.ബി.എക്കാരുമായ മക്കളോട് ഒരൊറ്റ ചോദ്യം. നിങ്ങള്‍ ഡിഗ്രി എടുക്കാന്‍, അതിന്റെ മാസ്റ്റര്‍ ഡിഗ്രി എടുക്കാന്‍ എത്ര പുസ്തകങ്ങള്‍ വായിച്ചു? എത്ര രാവുകളില്‍ ഉറക്കമൊഴിച്ചിരുന്ന് നോട്ടുകള്‍ കുറിച്ചു? എന്തേ വിശുദ്ധ ഖുര്‍ആനോട് മാത്രം ഈ അവഗണന. അത്യന്തം ഭയാനകമാണാ അവഗണന. പ്രവാചകന്‍ പരലോകത്ത് പറയും. നാഥാ! എന്റെ ജനത ഈ ഖുര്‍ആനെ കൈയൊഴിച്ചു. നോക്കൂ, هذا القرآن - ഈ ഖുര്‍ആന്‍ എന്നാണ് പ്രയോഗം. ഖുര്‍ആനും അവിടെ സാക്ഷിയായിരിക്കും എന്നല്ലേ നാം മനസ്സിലാക്കേണ്ടത്. പടച്ചവനേ, രക്ഷിതാവേ, ഓര്‍ക്കാന്‍ വയ്യ. നാഥാ! നീ മാത്രം തുണ.

നാം ഓരോരുത്തരും - ഈ എഴുതുന്ന ഞാനും - ചിന്തിക്കുക. എന്റെ കൈയിലുള്ള ഖുര്‍ആനെ ഞാനെന്ത് ചെയ്യണം? ഭംഗിക്കുവേണ്ടി വെക്കണോ? ദിവസവും ഓതണോ? അര്‍ഥം പഠിച്ച് ചുറ്റിനും കാണുന്ന വസ്തുക്കളുമായി ഖുര്‍ആനെ ചാലിച്ച്, ഏകനായ റബ്ബിന്റെ മഹത്വം അതിലൂടെ കണ്ടെത്തുകയും അവന് മുഴുവനും സമര്‍പ്പിച്ച് ജീവിക്കണമോ? പൂര്‍വകാല മുസ്‌ലിംകള്‍ ലോകത്തിന് കാഴ്ചവെച്ച കണ്ടുപിടുത്തങ്ങള്‍ ഖുര്‍ആനില്‍ നിന്നാണ്; ഖുര്‍ആനില്‍ നിന്നു മാത്രമാണ്! വിശുദ്ധ ഖുര്‍ആന്‍ നിങ്ങളെ കാത്തിരിക്കുന്നു. ഒന്ന് മുട്ടിനോക്കുക. അത് എല്ലാ വാതിലുകളും നമുക്കു മുമ്പില്‍ വിശാലമായി തുറക്കുന്നതു കാണാം. 


നിങ്ങളുടെ സ്വന്തം ടീച്ചര്‍. വസ്സലാം.

Beyluxe ല്‍ ഒരു ഇസ്‌ലാമിക ചാറ്റ്‌റൂം

വിവരസാങ്കേതികവിദ്യ അതിന്റെ ഉത്തുംഗതയില്‍ എത്തിനില്‍ക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. തിന്മയുടെ ശക്തികള്‍ അതെടുത്തുപയോഗിക്കും പോലെ നന്മയുടെ പ്രചാരകരും അത് സജീവമായി ഉപയോഗിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ബഹ്‌റൈനിലെ ഷാഹുലും ജിദ്ദയിലെ (മക്ക) അബൂബക്കര്‍ സാഹിബും യു.എ.ഇയിലെ ജാബിറും (കെ.എന്‍.അബ്ദുല്ല മൗലവിയുടെ മകന്‍) ചേര്‍ന്ന് Beyluxe Messenger ല്‍ ഒരു ചാറ്റ്‌റൂം ഉണ്ടാക്കിയിട്ടുണ്ട്. ഇവര്‍ create ചെയ്ത ചാറ്റ്‌റൂമിന്റെ പേര് solidarity എന്നാണ്. ഇപ്പോള്‍ സൗദിസമയം 6 മുതല്‍ 10 വരെ - 8.30 മുതല്‍ 12.30 വരെ ഇന്ത്യ സമയം - അത് ഓപ്പണ്‍ ആയിരിക്കും. 24 മണിക്കൂറും തുറന്നുവെച്ച് പ്രവര്‍ത്തിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്. ജമാഅത്ത്, സോളിഡാരിറ്റി എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി ആളുകള്‍ക്ക് കൂടുതലായറിയാന്‍ ആഗ്രഹമുള്ളതായി പലരും അറിയിക്കുന്നുണ്ട്. അതിനാല്‍ ഈ പോസ്റ്റ് വായിക്കുന്ന സഹോദരീ-സഹോദരന്മാര്‍ ഇതില്‍ കഴിയുംവിധം സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
 

കുറച്ചുകാലമായി പല സംഘങ്ങളും ഇതുപയോഗപ്പെടുത്തുന്നുണ്ട്. തികച്ചും ആരോഗ്യകരമായ ചര്‍ച്ചകളാണ് നടക്കുക. മറ്റ് ചാറ്റ്‌റൂമുകളേക്കാള്‍ ശാന്തമായിട്ടായിരിക്കും ഈ റൂം മുന്നോട്ടു കൊണ്ടുപോവുക. മുസ്‌ലിം സംഘടനകള്‍ തമ്മില്‍ പോരടിക്കുന്ന, അവരെ കൂടുതല്‍ അകലങ്ങളിലേക്ക് തള്ളിവിടുന്ന ഒരു ചര്‍ച്ചയും ഇതില്‍ ഉണ്ടായിരിക്കുന്നതല്ല. അതുകൊണ്ടുതന്നെ, ഒരു വിഷയവും ചിന്തിക്കാതെ മറുപടി പറയുന്ന വിഷയമില്ല. കാരണം, വായില്‍നിന്ന് എന്തെങ്കിലും അബദ്ധം വീണിട്ട് അതില്‍ പിടിച്ച് വിഷയത്തിന്റെ മര്‍മ്മം മാറ്റാന്‍ തയ്യാറായി വരുന്നവരും ഉണ്ട്. അതിനാല്‍, വൈകാരികമായി കത്തിക്കയറി, പ്രതിപക്ഷ ബഹുമാനമില്ലാതെ സംസാരിക്കുക എന്ന ബലഹീനതയുള്ളവര്‍ - അവര്‍ ഏത് സംഘക്കാരായാലും - ഇതിലേക്ക് വരരുത്. അതും ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു വലിയ തര്‍ബിയത്താണ്. അപ്രകാരം തന്നെ, സംസാരിക്കാന്‍ വരുന്നവര്‍ എഴുതിത്തയ്യാറാക്കി സംസാരിക്കുകയാണെങ്കില്‍ പോയിന്റുകള്‍ നഷ്ടപ്പെടാതെയും സാവകാശത്തിലും പറയാന്‍ കഴിയും. ഞാന്‍ ക്ലാസ്സുകള്‍ -നേരിട്ടെടുക്കുന്നവയില്‍- എടുക്കുമ്പോള്‍ നോട്ട് കുറിക്കാറില്ല. കാരണം, സദസ്സ് മുമ്പിലുണ്ടല്ലോ. അവരുടെ മുഖഭാവങ്ങളില്‍നിന്ന് അവരുടെ പ്രതികരണം വായിച്ചെടുക്കാനാവുമല്ലോ. സംശയമുണ്ടെങ്കില്‍ ക്ലാസ്സിനിടയില്‍ തന്നെ തീര്‍ത്തുകൊടുക്കാം. ഇതില്‍ അങ്ങനെയല്ല. ചിലപ്പോള്‍ ഒരാള്‍ ഓടിവന്ന് ചോദ്യംചോദിച്ച് പോകും. പകുതി കേള്‍ക്കും, പകുതി കേള്‍ക്കില്ല.

ഏതായിരുന്നാലും ഈ സദസ്സ് സന്തോഷകരമാണ്. പണ്ട് ഒരു സുഹൃത്ത് ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ സ്‌നേഹത്തെപ്പറ്റി പറഞ്ഞതാണോര്‍മ വന്നത്, സുഡാനില്‍ ഒരു ഇഖ്‌വാനി തുമ്മിയാല്‍ സൗദിയില്‍ മറ്റൊരു ഇഖ്‌വാനി തശ്മീത്ത് ചൊല്ലുമെന്ന്. ബഹ്‌റൈന്‍, സൗദി, യു.എ.ഇ, ഇന്ത്യ... ഇനിയും പല നാട്ടിലെയും നമ്മുടെ സഹോദരങ്ങള്‍ ഒരു മേശയ്ക്കു ചുറ്റുമിരുന്ന് ഇസ്‌ലാമിനെപ്പറ്റി സംസാരിക്കുക എന്നത് വലിയ സന്തോഷമാണ്. അല്ലാഹു അനുഗ്രഹിച്ചാല്‍ ഇതൊരു നല്ല ക്ലാസ്‌റൂമായി മാറും എന്നതില്‍ സംശയമില്ല. മദ്യം, മയക്കുമരുന്ന്, പലിശ, സ്ത്രീധനം പോലുള്ള സാമൂഹ്യതിന്മകള്‍ക്കെതിരില്‍ ശക്തമായ തീരുമാനങ്ങള്‍, പരിപാടികള്‍ നടപ്പാക്കാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.


Beyluxe ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ഇതാണ്: http://messenger.beyluxe.com/Download.html 


നമ്മുടെ ഏത് സദ്പ്രവര്‍ത്തനവും റബ്ബിന്റെ രേഖയില്‍ രേഖപ്പെട്ടുകിടക്കും എന്ന് നാം മറക്കുത്. പടച്ചവന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.

Wednesday, December 15, 2010

പരിഹാസങ്ങള്‍ ഒഴിവാക്കുക, ദീനിനുവേണ്ടി ജീവിക്കുക

അറബി ലേഖനത്തിന്റെ മലയാളം പലരും ആവശ്യപ്പെടുകയുണ്ടായി. അതിന്റെ ആശയം പറയാം. വാസ്തവത്തില്‍, ഞാനെഴുതാനുണ്ടായ കാരണം, സ്ഥിരമായി പല മെയിലുകളിലൂടെയുമുള്ള മോശമായ വിമര്‍ശന വാചകങ്ങളാണ്. അത്തരം വാചകങ്ങള്‍ക്ക് നബി(സ)യുടെ ജീവിതത്തില്‍നിന്ന് മാതൃക കാണാനാവില്ല.

വാസ്തവത്തില്‍, നാം - മുസ്‌ലിംകള്‍ - ആരാണ്? നമ്മുടെ സൃഷ്ടിപ്പിനെപ്പറ്റി 'ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ വെക്കുകയാണ്' എന്നാണ് പടച്ചതമ്പുരാന്‍ പറഞ്ഞത്. വിശ്വാസികളോട് സൂറത്തുല്‍ ഹുജുറാത്തിലൂടെ ചില കാര്യങ്ങള്‍ റബ്ബ് ഉപദേശിക്കുന്നുണ്ട്. 'നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തെ പരിഹസിക്കരുത്. സ്ത്രീകളും പരിഹസിക്കരുത്. പരിഹസിക്കുന്നവരേക്കാള്‍ ഉത്തമരായേക്കാം പരിഹസിക്കപ്പെടുന്നവര്‍. രണ്ടാം പേര് വിളിക്കരുത്. കുത്തിപ്പറയരുത്. വിശ്വാസികളെ സംബന്ധിച്ച് രണ്ടാം പേര് എത്രയോ മോശം.'

മടവൂരികള്‍, ഖുബൂരികള്‍, കാരന്തൂരികള്‍, മൗദൂദികള്‍ എന്നു തുടങ്ങി സുഡാപ്പികള്‍ എന്നിങ്ങനെ ഇതിന്റെ അപ്പുറത്തേക്കും നീളുന്ന പുച്ഛവാക്കുകള്‍. സോളിക്കുട്ടികള്‍ എന്ന് സോളാഡിാരിറ്റിക്കാരെ വിളിക്കുന്നു. ചില മെയിലുകള്‍ കണ്ടാന്‍ തോന്നുക, ഈ ലോകത്തുനിന്ന് സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും ടിക്കറ്റ് കൊടുക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരാണിവരെന്ന്. തീര്‍ച്ചയായും ഇസ്‌ലാമില്‍ ഇതിന് മാതൃകയില്ല. പോസിറ്റീവ് വിമര്‍ശനങ്ങള്‍ ആകാം. ഒരു മെയിലില്‍ കണ്ടതാണ്. മൗദൂദിയുടെ വിഷവിത്തുകള്‍ കേരളത്തില്‍ എങ്ങനെ എത്തി എന്ന്. തമ്പുരാനേ, നീ എല്ലാവര്‍ക്കും പൊറുത്തുകൊടുക്ക്.

നാമോര്‍ത്തുനോക്കുക. ഇന്നത്തെ മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥ. കഴിഞ്ഞതിനു മുമ്പത്തെ വ്യാഴാഴ്ച ഫലസ്തീനില്‍നിന്ന് എനിക്കൊരു മെയില്‍ വന്നു. അന്നത്തെ വാര്‍ത്തയാണ്. മസ്ജിദുല്‍ അഖ്‌സയില്‍ അന്ന് സുബ്ഹിക്ക് 40 വയസ്സില്‍ താഴെയുള്ളവരെയൊന്നും കയറ്റിയില്ല. ജൂതന്മാരുടെ 150-ഓളം പേര്‍ സംഘങ്ങളായി കയറി, അഖ്‌സാ വളപ്പില്‍ പ്രാര്‍ഥനകള്‍ നടത്തി. പള്ളിയിലുണ്ടായ പ്രായമുള്ളവര്‍ തക്ബീര്‍ ചൊല്ലിയപ്പോള്‍ പട്ടാളക്കാര്‍ ഭീഷണിപ്പെടുത്തിയത്രെ, പുറത്താക്കുമെന്ന്. നിങ്ങള്‍ ആ ചിത്രം ഒന്ന് മനസ്സില്‍ കണ്ടുനോക്കുക. മസ്ജിദുല്‍ അഖ്‌സയും പരിസരവും നേരില്‍ കാണാന്‍ റബ്ബ് അനുഗ്രഹിച്ചതിനാല്‍, ആ രംഗം ഓര്‍ത്ത് ഞാന്‍ കരയുകയാണിപ്പോള്‍. നിസ്സഹായരായ ആ സാധുക്കള്‍. പാവം അഖ്‌സാ... മുസ്‌ലിമായ ഞാനും നിങ്‌ളും നാളെ റബ്ബിന്റെ മുമ്പില്‍ അഖ്‌സായുടെ വിഷയത്തില്‍ ചോദ്യം ചെയ്യപ്പെടുമോ? ചോദ്യംചെയ്യപ്പെട്ടാല്‍ എന്തായിരിക്കും മറുപടി പറയുക? മുത്തുനബി (സ) ഇസ്‌റാഉം മിഅ്‌റാജും നടത്തിയ പുണ്യഭൂമിയെ കളങ്കപ്പെടുത്തുന്നത് കണ്ടുനിന്നിട്ടും ഇവിടെ പരസ്പരം ചീത്തവിളിക്കുന്ന മുസ്‌ലിംകള്‍. ദയവുചെയ്ത് ഇതുപോലുള്ള വിഷയങ്ങളില്‍ ഈ മുസ്‌ലിംകള്‍ക്കൊന്നും ചെയ്യാനില്ലേ?

കേരളത്തിലെ പ്രബലരായ മുസ്‌ലിം സംഘടനകളിലെ അംഗങ്ങളേ, നിങ്ങള്‍ പരസ്പരം സഹോദരന്മാര്‍ മാത്രമാണ്. നിങ്ങളുടെ റബ്ബ് അല്ലാഹുവാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ) ആണ്, ഗ്രന്ഥം ഖുര്‍ആനാണ്, ശരീഅത്ത് ഇസ്‌ലാമാണ്. അടിപിടി അവസാനിപ്പിക്കുക. ഒരിക്കല്‍ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞ ഒരാളെ അറിയാതെ യുദ്ധത്തില്‍ കൊന്നപ്പോള്‍, മുത്തുനബി (സ) ചോദിച്ചില്ലേ - 'ആ ലാഇലാഹ ഇല്ലല്ലായെ നാളെ നീ പരലോകത്ത് എന്ത് ചെയ്യും? ഒരുതവണയല്ല പലതവണ ചോദിച്ചത്രെ!

അഖ്‌സായില്‍നിന്ന് ഇടക്കിടെ ചൂടുള്ള വാര്‍ത്തകള്‍ വരാറുണ്ട്. അവിടെ ഖുദ്‌സ് പട്ടണത്തില്‍, ഹീബ്രുവില്‍ ബോര്‍ഡെഴുതാന്‍ അധിനിവേശ സേന നിര്‍ബന്ധം പിടിക്കുന്നു. അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന്! നിങ്ങള്‍ എന്റെ പ്രൊഫൈലില്‍ ഒരു ചിത്രം കണ്ടോ? അവര്‍ അതില്‍ എഴുതിയിരിക്കുന്നത്, نحن باقون في قدسنا - ഞങ്ങള്‍, ഞങ്ങളുടെ ഖുദ്‌സില്‍ ബാക്കിയുണ്ട് - ഞങ്ങളെങ്ങോട്ടും പോകില്ല എന്നും വേറെ ബോര്‍ഡുകളില്‍ എഴുതിയിട്ടുണ്ട്.

എന്റെ സങ്കടം ഞാന്‍ നിങ്ങളോട് പങ്കുവെച്ചുവെന്നു മാത്രം. (ഇത് ആ ലേഖനത്തിന്റെ വിവര്‍ത്തനമല്ലാതായി. എങ്കിലും ലക്ഷ്യം ഒന്നുതന്നെ.) ഒന്ന് തര്‍ക്കം ഉപേക്ഷിക്കാന്‍ ശ്രമിക്കൂ, അല്ലാഹുവിനുവേണ്ടി. അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി. നാം എന്തെല്ലാം ഉപേക്ഷിക്കുന്നവരാണ്. എന്നിട്ട് ഉമ്മത്തിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടി ദുആ ചെയ്യുക. പരിശുദ്ധ മക്കയും മദീനയും ജൂതന്റെ വികസന അജണ്ടയിലുണ്ട്. നമ്മുടെ ജീവിതകാലത്ത് അതുകൂടി കാണാനിടവരാതിരിക്കാന്‍ പ്രാര്‍ഥിക്കുക. ഇപ്പോള്‍ത്തന്നെ ഹറമിന്റെ മുമ്പില്‍ കെന്റക്കിയും പെപ്‌സിയും ഉണ്ട്. ഒരു യുവാവ് കെന്റക്കി കഴിക്കരുത് എന്ന് പറഞ്ഞിട്ട് കാരണം പറഞ്ഞത്, ശനിയാഴ്ചത്തെ ലാഭം ഇസ്രായേലിന് കൊടുക്കണമെന്ന വ്യവസ്ഥയിലാണത്രെ കെന്റക്കിയുടെ ഡീലര്‍ഷിപ്പ് കൊടുത്തിട്ടുള്ളത്. സ്വലാഹുദ്ദീന്‍ അയ്യൂബിമാരെ പ്രസവിക്കാന്‍ ഏതെങ്കിലും ഗര്‍ഭപാത്രത്തിന് ഭാഗ്യം ലഭിക്കുമോ? ഞാനെഴുതുന്നത് വായിക്കുന്ന യുവതികളേ, നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍, അവന് മസ്ജിദുല്‍ അഖ്‌സാ മോചിപ്പിക്കാനുള്ള ഭാഗ്യമുണ്ടാകണേ എന്ന് ദുആ എങ്കിലും ചെയ്യുക.

എനിക്കിത്രക്കെഴുതീട്ടും സങ്കടം തീരുന്നില്ല. മദ്ഹബിന്റെ ഇമാമീങ്ങള്‍ പരസ്പരം പരിഹസിച്ചിട്ടുണ്ടോ? ഇല്ല, ഒരിക്കലുമില്ല. ഇസ്‌ലാമിക ചരിത്രത്തില്‍ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. കര്‍ബല അതില്‍ ഏറ്റവും ദുഃഖകരം. നാം അതില്‍നിന്ന് പാഠം പഠിച്ച് ഏകോദര സഹോദരങ്ങളാകാന്‍ ശ്രമിക്കുക - ആത്മാര്‍ഥമായി ദുആ ചെയ്യുക. മുസ്‌ലിമായ മനുഷ്യരോടാരോടും എനിക്ക് വിദ്വേഷമുണ്ടാക്കല്ലേ എന്ന്. പരലോകത്ത്, അപകടകരമായേക്കാവുന്ന വാചകങ്ങള്‍ വായിലൂടെയും പേനയിലൂടെയും വീഴാതിരിക്കാന്‍ ശ്രമിക്കുക.
ഞാന്‍ ഇലക്ഷനില്‍ തോറ്റപ്പോള്‍ ചിലരെങ്കിലും പരിഹസിച്ചുകൊണ്ട് മെയില്‍ അയച്ചു. ചില നല്ല ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുമാത്രം നടത്തിയ ആ പ്രവര്‍ത്തനത്തെ മോശമായി കണ്ട് പരിഹസിച്ചതിലൂടെ എന്ത് നേടാനായി? ഒരു വിശ്വാസിയെ വേദനിപ്പിച്ചാല്‍, പരലോകത്ത് കുറച്ച് കുഴപ്പമാണത് എന്ന് മറക്കരുത് - നമുക്കെല്ലാവര്‍ക്കും റബ്ബ് പൊറുത്തുതരട്ടെ. അവന്റെ ദീന്‍ വളര്‍ത്താന്‍ നമുക്ക് ഭാഗ്യം ലഭിക്കട്ടെ. ആമീന്‍.

വസ്സലാം.

Sunday, December 12, 2010

ഇസ്‌ലാമില്‍ സ്ത്രീയുടെ സ്ഥാനം

എന്നോട് ഒരു സുഹൃത്ത് ചില ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് ഒരു മെയില്‍ അയച്ചു. സ്വന്തം അനുഭവത്തില്‍നിന്നു മാത്രം മറുപടി പറയണമെന്നും പറഞ്ഞു. ഉത്തരം പറയുന്നതിനുമുമ്പ് ഒരു കാര്യം ഓര്‍മവന്നത് ഇവിടെ എഴുതട്ടെ. ഇഖ്‌വാന്‍ സ്ഥാപകനായ ഹസനുല്‍ബന്നയുടേതായി حديث الثلاثاء  (ചൊവ്വാഴ്ച ഭാഷണം) എന്ന ഒരു പുസ്തകമുണ്ട്. അദ്ദേഹം എല്ലാ ചൊവ്വാഴ്ചയും കെയ്‌റോയില്‍ അല്ലെങ്കില്‍ ഇസ്മാഈലിയ്യയില്‍ ഒരു ക്ലാസ്സെടുക്കുമായിരുന്നു. ശ്രോതാക്കളിലൊരാള്‍ അത് നോട്ടു കുറിച്ച് ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചതാണ്. അതില്‍ അദ്ദേഹം ചോദ്യങ്ങളെ സ്വാഗതം ചെയ്യുകയും മനുഷ്യന്റെ തലച്ചോര്‍ ഒരു ഖജനാവാണെന്നും ചോദ്യങ്ങള്‍ ആ ഖജനാവിന്റെ താക്കോലുകളാണെന്നും പറഞ്ഞതായും ഉണ്ട്.

നമുക്ക് ചോദ്യത്തിലേക്ക് കടക്കാം. 


സ്ത്രീ എന്ന നിലയ്ക്ക് ടീച്ചര്‍ക്ക് ഇസ്‌ലാം നല്‍കിയ സ്ഥാനത്തെക്കുറിച്ചുള്ള അഭിപ്രായം എന്താണ്? തൃപ്തയാണോ?
വീട്ടില്‍ എല്ലാവര്‍ക്കും ഇസ്‌ലാമികബോധമുണ്ടെങ്കില്‍ അവിടത്തെ സ്ത്രീ സുരക്ഷിതയായിരിക്കും. ഞാന്‍ പറയുന്ന സുരക്ഷിതത്വം, അവള്‍ എല്ലാ കാര്യത്തിലും ദീനിയായി സുരക്ഷിതയായിരിക്കും എന്നാണ്. ചെറുപ്പകാലത്ത് എനിക്ക് ഇസ്‌ലാമിക വിദ്യാലയത്തില്‍ ചേര്‍ന്നതിനും വസ്ത്രധാരണം ഇസ്‌ലാമികമാക്കിയതിനും നല്ലപോലെ പരിഹാസങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. 10 വയസ്സിനുമുമ്പ് എന്റെ സ്വന്തം നിര്‍ബന്ധത്തിലാണ്‌ ഞാന്‍ ഇസ്‌ലാമികസ്ഥാപനത്തില്‍ ചേര്‍ന്നത്. ഇസ്‌ലാം എനിക്ക് കൂടുതല്‍ സ്ഥാനവും കരുത്തും നല്‍കി എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. സ്ത്രീക്കു മാത്രമായി എന്തെങ്കിലും വിലക്കുകള്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഏതെങ്കിലും രീതിയിലുള്ള വിലക്കുണ്ടെങ്കില്‍, അതവളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതാണ്. വിവാഹത്തിനുമുമ്പ് ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു പെണ്‍കുട്ടിക്ക് -എന്റെ അനുഭവം തന്നെ- ചില്ലറ വിലക്കുകള്‍ വീട്ടുകാര്‍ വെക്കും. സൂക്ഷ്മനിരീക്ഷണത്തില്‍ എനിക്ക് മനസ്സിലായ ഒരു സത്യം, സ്ത്രീയുടെ സുരക്ഷിതത്വത്തേക്കാള്‍ അന്ന് വീട്ടുകാര്‍ക്കുണ്ടായിരുന്നത്‌, ജമാഅത്ത് പ്രവര്‍ത്തനങ്ങളോടുള്ള വിമുഖതയായിരുന്നു. എന്നാലും ഞാന്‍ ഇസ്‌ലാം അനുവദിച്ച സ്വാതന്ത്ര്യം ഇസ്‌ലാമിക പ്രബോധനത്തില്‍ ശരിക്കും ഉപയോഗിച്ചിട്ടുണ്ട്. അതാണാദ്യം ഞാന്‍ പറഞ്ഞത്; ഇസ്‌ലാം ആണ് എനിക്ക് കരുത്തുതന്നിട്ടുള്ളത്. 1977-ലൊക്കെ മക്കനയിട്ട് കല്യാണപ്പെണ്ണായി ഇരിക്കുക എന്നത് എന്റെ കുടുംബങ്ങളിലൊക്കെ അചിന്തനീയമായിരുന്നു. പക്ഷേ, എന്റെ കൈയില്‍ ഇസ്‌ലാമുണ്ടായിരുന്നതിനാല്‍ എല്ലാ എതിര്‍പ്പുകളെയും ഉറച്ചുനിന്ന് നേരിട്ട് വിജയം നേടി.

ഇസ്‌ലാമില്‍ പുരുഷമേധാവിത്വം ഉണ്ടോ?

മുസ്‌ലിംകളില്‍ അന്യായമായ മേധാവിത്വം ഉണ്ട്. പക്ഷേ, അതിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല. സഹപ്രവര്‍ത്തകരൊക്കെ പുരുഷമേധാവിത്വം അനുഭവിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, എനിക്കിതുവരെ അതനുഭവപ്പെട്ടിട്ടില്ല. യഥാര്‍ഥ ഇസ്‌ലാമില്‍ സ്ത്രീ വളരെ സന്തോഷവതിയാണെന്നതാണ് സത്യം. ഭര്‍ത്താവിലും ഭാര്യയിലും ശരിയായ ഇസ്‌ലാമികബോധമുണ്ടെങ്കില്‍ യാതൊരു പ്രശ്‌നവുമില്ല.

പഠനം, ഇസ്‌ലാമിക പ്രവര്‍ത്തനം എന്നിവയ്ക്ക് അതൊരു തടസ്സമാണോ?

ഞാന്‍ ആകെ ഒരുവര്‍ഷമേ ആണ്‍കുട്ടികളുള്ള സ്ഥാപനത്തില്‍ പഠിച്ചിട്ടുള്ളൂ. അത് വിവാഹത്തിനുശേഷം 1978ല്‍ കോഴിക്കോട് ട്രെയിനിങ് സ്‌കൂളില്‍. അതിനാല്‍, പഠനത്തില്‍ അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. എനിക്ക് തോന്നുന്നത്, നാം ഏത് പ്രവൃത്തി ചെയ്യുമ്പോഴും നല്ലരീതിയില്‍ അത് ചെയ്താല്‍ ആര്‍ക്കും സ്ത്രീ എന്ന നിലയ്ക്ക് നമ്മെ കീഴ്‌പ്പെടുത്താനാവില്ല. ഏതൊരു സ്ത്രീയും സമൂഹത്തില്‍ ജീവിക്കുമ്പോള്‍ നല്ല കരുത്ത് നേടിയവളായിരിക്കണം. വീട്ടിലായാലും അങ്ങനെതന്നെ. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നതോടൊപ്പം മനോദാര്‍ഢ്യവും മികച്ച നിലയിലായിരിക്കണം. എന്ത് വിഷയത്തിലും നാം പുലര്‍ത്തുന്ന ആത്മാര്‍ഥതയാണ് അതിനെ വിജയത്തിലെത്തിക്കുന്നത്. ഒരു ചായ ഉണ്ടാക്കുന്നതു മുതല്‍ നാട് ഭരിക്കുന്നതുവരെയുള്ള ഏത് വിഷയത്തിലും ആത്മാര്‍ഥത ഉണ്ടെങ്കിലേ വിജയിക്കാനാവൂ.

ഇസ്‌ലാമിക പ്രബോധനം നടത്തുന്ന സ്ത്രീക്ക് പുരുഷന്‍ സഹായിയാണ്. ഖുര്‍ആന്‍ പറയുന്നു: 'വിശ്വാസികളും വിശ്വാസിനികളും പരസ്പരം മിത്രങ്ങളാണ്.' ഒരിക്കലും പുരുഷമേധാവിത്വം പ്രബോധനത്തിന് തടസ്സമാകേണ്ടതില്ല. പുരുഷനായാലും സ്തീക്കായാലും അവരുടെ ലക്ഷ്യം നന്മയുടെ പുനഃസ്ഥാപനമാണല്ലോ. അവിടെ മത്സരത്തിന് സ്ഥാനമില്ല. മറ്റൊരു കാര്യം, നാം ഏര്‍പ്പെട്ട ഒരു പ്രബോധന പ്രവര്‍ത്തനത്തില്‍, പുരുഷസഹായം ആവശ്യമുണ്ടെങ്കില്‍ മാത്രം അഭ്യര്‍ഥിക്കുക. പുരുഷസഹായം വേണ്ട എന്നും വെക്കരുത്.

ഏറ്റവും നല്ല രീതിയില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താനുള്ള എന്തെങ്കിലും ചില ഉപദേശങ്ങള്‍ പറയാമോ?ഒന്നാമതായി, നമ്മുടെ ജീവിതമാണ് ഏറ്റവും വലിയ പ്രബോധനം. 100 ഖുര്‍ആന്‍ ക്ലാസ്സിനേക്കാള്‍ ഫലപ്രദമായിരിക്കും നമ്മുടെ സല്‍സ്വഭാവവും പെരുമാറ്റങ്ങളും. സ്ത്രീകള്‍ക്ക് ഇതില്‍ ഒരുപാട് ചെയ്യാനുണ്ട്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരുണ്ട്. പ്രശ്‌നങ്ങളുള്ളവരുണ്ട്. പലരുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും ആളെ കിട്ടാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. വിശ്വസ്തതയോടെയും കാരുണ്യത്തോടെയും സത്യസന്ധമായും നാം ഒരാളുടെ പ്രശ്‌നം ഒന്ന് കേട്ടുനോക്കുക. നമ്മുടെ മുമ്പില്‍ അയാള്‍ അത് പറയുന്നതോടുകൂടിത്തന്നെ അയാള്‍ ഫ്രീ ആകും. എനിക്ക് തോന്നുന്നത്, സ്ത്രീകള്‍ സ്ത്രീകളുടെ തന്നെ ഉറ്റമിത്രങ്ങളാകുക. പരസ്പരം അത്താണികളാകുക. ഏറ്റവും വലിയ പ്രബോധനം അതാണ് - പ്രശ്‌നസങ്കീര്‍ണമായ ഒരു കുടുംബാന്തരീക്ഷത്തില്‍നിന്ന് വന്ന പെണ്‍കുട്ടി എങ്ങനെയാണ് ഹോസ്റ്റല്‍ജീവിതത്തില്‍ പ്രസന്നയായി പിടിച്ചുനില്‍ക്കുന്നത് എന്ന അന്വേഷണത്തില്‍, അവളുടെ ഹിന്ദുകൂട്ടുകാരിക്ക് ആത്മധൈര്യം ലഭിക്കുന്നത് മനസ്സിലാക്കി, ഖുര്‍ആന്‍ വിവര്‍ത്തനം വായിക്കാനാരംഭിച്ചതായി ഞാന്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. നിശ്ശബ്ദ പ്രബോധകയാവുകയായിരുന്നു ആ മുസ്‌ലിം പെണ്‍കുട്ടി. ഇന്ത്യന്‍ സാഹചര്യത്തില്‍ പല പെണ്‍കുട്ടികളും ഇസ്‌ലാമിന്റെയും യഥാര്‍ഥ മുസ്‌ലിംകളുടെയും മേന്മ തിരിച്ചറിയുന്നവരാണ്. പക്ഷേ, സാഹചര്യങ്ങളുടെ ബന്ധനത്താല്‍ അവരങ്ങനെ കഴിഞ്ഞുപോകുകയാണ്. പ്രബോധിത സമൂഹവുമായി അടുക്കുകയും സന്ദര്‍ഭം കിട്ടുമ്പോള്‍ തുറന്ന് കാര്യങ്ങള്‍ വിശദമാക്കുകയും ചെയ്യുക. മുസ്‌ലിംകള്‍ ആണ് ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട വര്‍ഗം ഈ ഭൂമിയില്‍. തെറ്റിദ്ധാരണ മാറ്റാനുള്ള, മാറാനുള്ള ജീവിതമായിരിക്കണം നമ്മുടേത്. കറകളഞ്ഞ ഏകദൈവവിശ്വാസികളും പരലോക വിശ്വാസികളും ആണ് എന്ന നമ്മുടെ മുദ്ര നാം ഒരിക്കലും നഷ്ടപ്പെടുത്തരുത്. ഈ ആദര്‍ശങ്ങള്‍ വഹിച്ചുകൊണ്ട് തികച്ചും അവര്‍ഗീയമായ രീതിയിലാണ് നാം നമ്മുടെ സഹോദരസമുദായങ്ങളുമായി ഇടപഴകേണ്ടത്. രണ്ടുവര്‍ഷം മുമ്പ്, യേശുവിന്റെ പിറന്നാള്‍ - ക്രിസ്മസ് - ആഘോഷവേളയില്‍ കത്തോലിക്കാസഭയിലേക്ക് അംറ്ഖാലിദ് ആരും ക്ഷണിക്കാതെ കയറിച്ചെല്ലുകയും അങ്ങനെ ഒരു ദിവസമുണ്ടെങ്കില്‍ നിങ്ങളോടൊപ്പം ഞങ്ങളും ആഹ്ലാദം പങ്കിടാനാഗ്രഹിക്കുന്നു എന്ന് പറയുകയുമുണ്ടായി. സമുദായാംഗങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ നമ്മുടെ വ്യതിരിക്തത നിലനിര്‍ത്തിക്കൊണ്ടുതന്നെ സഹോദരസമുദായങ്ങളോടടുക്കേണ്ടതുണ്ട്.

സ്ത്രീകളുടെ ഇസ്‌ലാമിക പ്രവര്‍ത്തനത്തില്‍ കുടുംബത്തില്‍ ഉണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍ എന്തെല്ലാം? എങ്ങനെ മറികടക്കാം?
ഞാന്‍ തുറന്നെഴുതട്ടെ, വീട്ടിലെ മറ്റുള്ളവരുടെ മനോഭാവമാണ് വിഷയം. സ്ത്രീ ജോലിക്ക് പോകുന്നു (പോകാത്തവരും ഉണ്ട്), കല്യാണത്തിന് പോകുന്നു, മരണവീടുകളില്‍ പോകുന്നു, രോഗീസന്ദര്‍ശനത്തിന് പോകുന്നു. അപ്പോഴൊക്കെ വീട്ടിലുള്ളവര്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. അപ്പോള്‍ ഇസ്‌ലാമിക പ്രബോധനത്തോട് ആഭിമുഖ്യമുള്ള ഒരു കുടുംബത്തില്‍ പുരുഷന് സ്ത്രീയുടെ അസാന്നിധ്യം വിഷയമുണ്ടാക്കുന്നില്ല. അതല്ലാത്തവര്‍ക്ക് അതൊരു വലിയ സംഭവമായിരിക്കും.

മറികടക്കാനുള്ള മാര്‍ഗം, കുടുംബത്തിന്റെ സമ്പൂര്‍ണ ഇസ്‌ലാമികവത്കരണമാണ്. അപ്പോള്‍ അവിടെ പുരുഷന്‍ അഡ്ജസ്റ്റ് ചെയ്യും. ചെയ്യണം എന്നാണ് എന്റെ ഉറച്ച അഭിപ്രായം. ചെയ്യുന്നില്ലെങ്കില്‍ സ്ത്രീ അത് വിലവെക്കരുത്. എന്തായാലും, സ്ത്രീ, ഇസ്‌ലാം നിശ്ചയിച്ച എല്ലാ പരിധികളും പാലിച്ചുകൊണ്ട്, കുടുംബം ബാലന്‍സ് ചെയ്തുകൊണ്ട് മാത്രം നടത്തുന്ന പ്രബോധന-സേവന പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമാണ്. പുരുഷന്മാര്‍ക്ക് ഇടപെടാന്‍ പറ്റാത്ത പല മേഖലകളിലും സ്ത്രീകള്‍ക്ക് കടന്നുചെല്ലാനും അവിടെ ആശ്വാസമുണ്ടാക്കാനും കഴിയും. സമൂഹത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ഒരുപാട് സ്ത്രീകളുണ്ട്. വിധവകള്‍, വൃദ്ധകള്‍, മാനസികരോഗികള്‍, അനാഥപ്പെണ്‍കുട്ടികള്‍ തുടങ്ങി പലരും. ഇവരെയൊക്കെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു ജീവിക്കാന്‍ ഒരു യഥാര്‍ഥ മുസ്‌ലിംസ്ത്രീക്കാവില്ല. സദാസമയവും ഭര്‍ത്താവിനെ ശുശ്രൂഷിച്ച് നില്‍ക്കണമെന്നൊന്നും ഇസ്‌ലാം പറയുന്നില്ല. ഭര്‍ത്താവ് അതാവശ്യപ്പെടാനും പാടില്ല. തന്റെ ഭാര്യ മനുഷ്യവര്‍ഗത്തില്‍പ്പെട്ട ഒരു സാമൂഹികജീവിയാണെന്നും സമൂഹത്തിന് അവളുടെ ദയയും കാരുണ്യവും ലഭിക്കല്‍ തനിക്കും കൂടി ഒരു പുണ്യകര്‍മമാണെന്നും പുരുഷന്‍ മനസ്സിലാക്കണം.

പിന്നെ, സ്ത്രീയുടെ പ്രായവും സാഹചര്യങ്ങളും ഒക്കെ കൃത്യമായി പരിഗണിക്കപ്പെടുമെന്നും അതാവശ്യമാണെന്നും ഉറച്ചുവിശ്വസിക്കുന്ന ആളാണ് ഞാന്‍. 'അല്ലെങ്കില്‍ ഉരിനെല്ല് ഊരാന്‍ പോയപ്പോള്‍ നാഴിനെല്ല് കോഴി തിന്നു' എന്ന ചൊല്ലായിപ്പോകും. കുടുംബജീവിതം. സാധ്യതയുള്ളവര്‍ സാധ്യതകള്‍ പൂര്‍ണമായും കണ്ടെത്തി സഞ്ചരിക്കുക. എല്ലാവര്‍ക്കും ഒരേ മാനദണ്ഡം ശരിയാകില്ല. 'തെങ്ങിനും അടയ്ക്കാമരത്തിനും ഒരേ തളപ്പ് പറ്റില്ല' - എന്നുപറഞ്ഞപോലെ. കുടുംബം 100 ശതമാനം ബാലന്‍സ് ചെയ്യാത്ത ഇസ്‌ലാമികപ്രബോധനം അപകടമായിരിക്കും വരുത്തുക.

ചിലരുടെ തര്‍ബിയത്ത് വിഷയങ്ങളില്‍ സ്ത്രീകള്‍ ഇടപെടുമ്പോള്‍ സ്ത്രീ നല്ല ടെന്‍ഷന്‍ അനുഭവിക്കും (എന്റെ സ്വന്തം അനുഭവമാണ്). ഒരു തിന്മയില്‍ നിന്നൊരാളെ കരകയറ്റണം. സ്വാഭാവികമായും ആ വിഷയങ്ങള്‍ അതീവരഹസ്യങ്ങളുമായിരിക്കും. നമ്മള്‍ ആ വിഷയങ്ങളെ ചിന്തിക്കുമ്പോള്‍, കുടുംബാംഗങ്ങള്‍ മുഖഭാവത്തില്‍നിന്ന് അത് തിരിച്ചറിയും. അത്തരം സന്ദര്‍ഭങ്ങളില്‍ ഞാന്‍ എടുക്കാറുള്ള ചില അടവുകളുണ്ട്. ചിലപ്പോള്‍ ക്ഷീണം എന്നുപറഞ്ഞ് കിടക്കും. അല്ലെങ്കില്‍, എന്റെ ചില ആത്മമിത്രങ്ങളോട് വിഷയം പറയും. സ്ത്രീയാണ് വാസ്തവത്തില്‍ കുടുംബത്തിന്റെ നെടുംതൂണ്‍. നെടുംതൂണ്‍ ഇളകിയാല്‍ പ്രശ്‌നമാണ്. അതിനാല്‍ അധിക പ്രശ്‌നങ്ങളും വീട്ടിലറിയിക്കാതെ മറികടക്കും. അത്തരം വിഷയങ്ങളില്‍ നമ്മളല്ലല്ലോ ഫോക്കസ്. മറിച്ച്, വിട്ടുകാര്‍ അറിയാത്ത സ്‌കൂള്‍കുട്ടികള്‍ അല്ലെങ്കില്‍ മറ്റു സ്ത്രീകളൊക്കെയായിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്മാരും ആയിരിക്കും. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും എല്ലാ സ്വഭാവക്കാര്‍ക്കും ഇങ്ങനെ നീങ്ങാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരിക്കല്‍, ഒരു സ്ത്രീ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു. എനിക്കിപ്പോള്‍ ടീച്ചറെ കാണണം. അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും കടുംകൈ ചെയ്തുപോകും. സ്‌കൂളിലായിരുന്നു ഞാന്‍. സ്‌കൂളിലേക്ക് വന്നുകൊള്ളാന്‍ പറഞ്ഞു. രണ്ടു പീരീഡ് മുഴുവന്‍ അവളുടെ വിഷമങ്ങള്‍ കേട്ടു. ഞാന്‍ വളരെ കുറച്ചേ സംസാരിച്ചുള്ളൂ. പക്ഷേ, സന്തോഷവതിയായി കെട്ടിപ്പിടിച്ച് സന്തോഷപൂര്‍വം അവള്‍ തിരിച്ചുപോയി. പിന്നീടിതുവരെ അവള്‍ കുടുംബവഴക്ക് പറഞ്ഞ് എന്റെയടുത്ത് വന്നിട്ടില്ല. ഇത് അവള്‍ ആരോട് പറയുമായിരുന്നു. വിശ്വസിക്കാന്‍ പറ്റിയ മുതിര്‍ന്ന ഒരു സ്ത്രീയോടല്ലാതെ ആരോടും പറയാനില്ല. അതെ, നാം ഓരോരുത്തരും സ്വയം തിരിച്ചറിഞ്ഞ് സന്ദര്‍ഭത്തിനൊത്തുയരുക.

دعوة إلى التعايش

من أخت ضعيفة إلى الأساتذة الكرام! إني حزينة جدا باختلاف هذه الأمة. هل تأملتم من نحن؟ نحن أمة أخرجت للناس! ماذا واجبنا؟ واجبنا الأمر بالمعروف والنهي عن المنكر يقول الله تعالى "كنتم خير أمة أخرجت للناس تأمرون بالمعروف وتنهون عن المنكر" فعلينا أن نعتني في الأمر بالمعروف والنهي عن المنكر

نحتاج في هذه العملية المهمة إلى الصبر والإتقان، علينا أن ننوّر قلوبنا بالقرآن وننظّفها بالآداب الإسلامية ونهذبها تهذيبا راقيا ممزوجا بالسنة النبوية

كما نعلم أن العالم يحتاج إلى نور الإسلام، وإلى الحب الخالص، هذا العالم مملوء بالكذب والغش. علينا أن نضيئ - ولو بشمعة ضئيلة - في هذا الظلام الحالك

إذا تأملنا حولنا نرى الأشخاص المسمين يخوضون بالإسلام في الجاهلية وآدابها بعض منهم يشربون الخمر وبعضهم يهملون الربا إهمالا شديدا كما أنهم لا يعرفون أن الربا حرام

يا علماء هذه الأمة، وفقهائها! بعد هذا كلّه، الإمبراطورية الآن فاغرة فاها لتبتلع الإسلام، بل الله لا يأذن لذلك, لأن الإسلام والقرآن، صاحبه هو الله الكريم المجيد، بل نحن خلفاؤه في الأرض. يبين القرآن هذه الحقيقة: إذا يقول للملائكة إني جاعل في الأرض خليفة." نعم! نحن خليفة الله في الأرض، كم من عالم وفقيه لا يضع في جوف قلبه هذه الشعلة المحركة، لا ننس أبدا أننا نحن خليفة الله في الأرض.  ولا زم علينا أن تكون أعمالنا ومعاملاتنا ونشاطاتنا كلها على منوال هذا المنهج.

 ورغم ذلك كيف نرى علمائنا في هذا الزمن، سريعا يكفّرون الناس ويعُدُّهم مرتدين، نحن نفكّر كلمة الرسول صلى الله عليه وسلم حينما قتل شخص قال لا إله إلا الله، يردّد النبي (ص) " ماذا تفعل ب "لا إله إلا الله" في الآخرة؟ عند الحساب.....

نحن نرى في القرآن آيات مليئة بالعظات والأوامر والنواهي في سورة الحجرات، أين نحن نجعل تلك الآيات في أخلاقنا، الناس يصنعون (المنصة) ثم يجمع الناس، ثم يسخر من أخيه المسلم ويشتمه ويكفّره, من أين جاء هذا المنوال الجاهليّ؟ من أيّ كتاب درس هؤلاء العلماء دروس السخرية والعصبية؟ والله هذه جاهلية واضحة وفضيحة، وعار على الأمة، كلمات رديئة تستعمل في مجالس الدين، من فضلكم أيها العلماء وخبراء هذا الأمة الشريفة!! أوقفوا هذا الوضع! فَلْنتكلّمْ كلّنا على أمور موجبة، لا سالبة، خذوا كراسة واكتبوا فيها أمورا تصلح هذه الأمة وتلم شعثهم وتوحد كلمتهم !!، لا أمورا تفرقهم وترمي بهم شذر مذر  !!، لا أمورا يفرقهم ويرمي بهم شذر مذر... اهتمّوا بقول رسول الله (ص) "يد الله على الجامعة" – "عليكم بالجماعة وإياكم والفرقة" 

إذا تضاربنا يذهب ريحنا وتضيع قوّتنا.

أختكم في الله زبيدة

Wednesday, December 8, 2010

നടക്കാതെ പോയ യാത്രയും അംറ്ഖാലിദും

ഇന്റര്‍നെറ്റ് ലോകത്തേക്ക് ഞാന്‍ എത്തിപ്പെട്ടതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. ഇന്നത്തെ വിഷയം അതാകട്ടെ. അതിന്റെ പിന്നിലെ ഏറ്റവും വലിയ പ്രചോദകന്‍ ഈജിപ്ഷ്യനായ ഉസ്താദ് അംറ്ഖാലിദാണ്. കഥ പറയുകയാണെങ്കില്‍ മൂന്നുനാലു കൊല്ലം പിറകോട്ട് പോകണം. ഒരു ദിവസം ഒരു സുഹൃത്ത്  എന്‍.ഡി.എഫിനെക്കുറിച്ച് മനസ്സിലാക്കിത്തരാനായി തേജസ് വാരികയുമായി എന്റെയടുത്ത് വന്നു. എനിക്കൊരു വാരിക തന്നു. അവര്‍ പോയതിനുശേഷം ഞാനത് വായിക്കാനെടുത്തു. അതിലെ ഒരു പരസ്യം എന്റെ ശ്രദ്ധയില്‍പ്പെട്ടു - 'ഖുര്‍ആന്റെ ചരിത്രഭൂമിയിലേക്കൊരു യാത്ര'. ഞാന്‍ പലവട്ടം പരസ്യം തിരിച്ചും മറിച്ചും നോക്കി. 85,000 രൂപയ്ക്ക് പലസ്തീന്‍, ഈജിപ്ത്, ഉംറ...

പൊവുവേ യാത്രയോട് അഭിനിവേശമുള്ള എനിക്ക് ഇതു കണ്ടപ്പോള്‍ എന്തൊന്നില്ലാത്ത ഒരു ഉള്‍വലി.
അതില്‍ പറഞ്ഞ നമ്പരില്‍ ഉടന്‍ ഫോണ്‍ ചെയ്തു. ഇനി ഇക്കാനെ സമ്മതിപ്പിക്കണം. ശാന്തസ്വഭാവിയായ ഇക്കാനെ ഒന്നുരണ്ടു ദിവസമെടുത്ത് സമ്മതിപ്പിച്ചു. അങ്ങനെ ആദ്യഗഡു (ഒരാള്‍ക്ക് 25,000 വീതം) മലപ്പുറത്തെ പരസ്യം നല്‍കിയ ട്രാവല്‍സിനെ ഏല്‍പ്പിച്ചു. ഏപ്രില്‍ ആദ്യം യാത്ര. സന്തോഷത്തിനതിരില്ല. 

യാത്രക്കായി കോഴിക്കോട് എയര്‍പോര്‍ട്ടില്‍ തലേന്ന് രാത്രി തന്നെ ഞാനും ഇക്കായും എത്തി. എയര്‍പോര്‍ട്ട് പ്ലാസയില്‍ റൂമെടുത്തു. എനിക്ക് പാതിരയായപ്പോള്‍ ഉള്ളിലൊരു തോന്നല്‍, യാത്ര നടക്കുമോ എന്ന്. അതിന് ചില കാരണങ്ങളുണ്ടായിരുന്നു. ബാക്കി കൊടുക്കാനുള്ള 10,000 രൂപ ഞങ്ങള്‍ എത്തിയിട്ട് തരാമെന്നു പറഞ്ഞത് വാങ്ങാനാളില്ല. യാത്ര കൊണ്ടുപോകാമെന്ന് പറഞ്ഞ ആള്‍ക്കാരുടെ ഒരാളുടെയും നമ്പരുകളില്‍ വിളിച്ചിട്ട് ഉത്തരമില്ല.

ഏഴുമണിക്ക് ബോംബെ, അവിടന്ന് അബൂദബി, സിറിയ... പടച്ചോനേ, എനിക്കാണെങ്കില്‍ കാണാത്ത നാട് കാണുക എന്നു പറഞ്ഞാല്‍ ഇനി അതിലും വലിയ സന്തോഷമില്ല. ആറര മണിയായപ്പോള്‍ ഞാന്‍ ഇക്കാനോട് പറഞ്ഞു. നമുക്ക്
ചായ വിമാനത്തില്‍നിന്ന് കുടിക്കാം. പെട്ടിയൊക്കെ എടുത്ത് എയര്‍പോര്‍ട്ടിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പക്ഷേ, കൊണ്ടുപോകുന്നവരെ കാണുന്നില്ല. എന്തായാലും യാത്ര നടന്നില്ല. നിങ്ങള്‍ 2007-ല്‍ 'കണ്ണാടി'യിലും മറ്റും ആ സംഭവം അറിഞ്ഞുകാണും.

ഇതു കുറിക്കുമ്പോള്‍ ഒരു സന്തോഷം നിങ്ങളുമായി പങ്കുവെക്കട്ടെ. നഷ്ടപ്പെട്ടു എന്നു കരുതിയ ആ പൈസ ഒരുഗഡു തിരിച്ചുകിട്ടി. രണ്ടാം ഗഡു ഉടനെ കിട്ടും. ഇന്‍ശാ അല്ലാഹ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മള്‍ ഇവിടെ എന്ത് കണക്കാക്കിയാലും അല്ലാഹു എന്ന മഹാശക്തിയുടെ നിശ്ചയമില്ലാതെ ഈ ഭൂമിയില്‍ ഒന്നും നടക്കില്ല എന്നുറപ്പ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒരു ടാക്‌സി പിടിച്ച് നാട്ടിലേക്ക് പോന്നു. അന്ന് വാക്കുപാലിക്കാന്‍ കഴിയാതിരുന്ന ആ ഏജന്റിന് അല്ലാഹു പൊറുത്തുകൊടുക്കട്ടെ. നമുക്കും പൊറുത്തുതരട്ടെ. ആമീന്‍.

രണ്ടുദിവസം കഴിഞ്ഞ് കസബ പോലീസ്‌സ്റ്റേഷനില്‍നിന്ന് ഞങ്ങളുടെ പാസ്‌പോര്‍ട്ട് കിട്ടി. പിന്നെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുവള്ളി ഉസ്മാനിക്കാടെ ഒരു ഫോണ്‍. ടീച്ചറേ, ഞങ്ങള്‍ ഉംറയ്ക്ക് പോകുന്നുണ്ട്. സഫിയ ട്രാവല്‍സില്‍ നിന്നും ടിക്കറ്റ് എടുക്കുന്നുണ്ട് - 27,000 രൂപ. ശ്രീലങ്ക വഴിയാണ്. (പാസ്‌പോര്‍ട്ടില്‍ ഉംറ വിസയും സിറിയന്‍ വിസയും ഉണ്ടായിരുന്നു. ഇന്നും സിറിയന്‍ വിസ കാണുമ്പോള്‍ ഉള്ളില്‍ ഒരു വിഷമമാണ്.) പാവം എന്റെ ഇക്ക. എന്റെ എല്ലാ സന്തോഷത്തിനും സമ്മതിക്കുകയും സഹായിക്കുകയും ചെയ്യും. ഈ ഫോണ്‍ വന്നപ്പോള്‍ ഞങ്ങള്‍ വീട്ടിലില്ലായിരുന്നു. അടുത്ത ദിവസം തന്നെ പോകണം. ഞാനറിഞ്ഞയുടനെ ഇക്കാടെ സമ്മതപ്രകാരം അവരെ വിളിച്ചു. ഇന്‍ശാ അല്ലാഹ്, ഞങ്ങളും ഉണ്ട്. പൈസ നാളെ തരാം. ടിക്കറ്റ് നിങ്ങള്‍ ശരിയാക്കിക്കോ. എത്രയും വേഗം വീട്ടിലെത്തി. രണ്ടുമണിക്കൂര്‍ കൊണ്ട് ഉംറയ്ക്ക് പോവുകയാണ്. അല്‍ഹംദുലില്ലാഹ്.

മക്കത്തെത്തി. 1985-ല്‍ കണ്ട മക്കയല്ല. മദീനയും ഒരുപാട് മാറിയിക്കുന്നു. ആത്മീയതയുടെ തെളിനീരുറവ കോരിക്കുടിച്ചുകൊണ്ട് 15 ദിവസം മക്കത്തും ഒരാഴ്ച മദീനത്തും കഴിച്ചുകൂട്ടി. ഒരു ദിവസം ഒരു ബുക്‌ഷോപ്പില്‍ കയറി - ജൂണ്‍ 12 അസ്‌റിന് പള്ളിയിലേക്ക് പോകുമ്പോള്‍. നല്ല ചില ബുക്കുകള്‍ അവിടെ കണ്ടു. ഒരു ബുക്ക് തുറന്നപ്പോള്‍ കഅബ, ഹജറുല്‍ അസ്‌വദ് എന്നിവയെപ്പറ്റിയൊക്കെയുള്ള പരാമര്‍ശം. ഖില്ല പിടിച്ച് പ്രാര്‍ഥിക്കുമ്പോള്‍, നീ കുറ്റം ചെയ്ത ഒരാളോട് മാപ്പ് ചോദിക്കുന്ന അവസരത്തില്‍ അയാളുടെ വസ്ത്രമൊക്കെ തൊട്ടുപോകില്ലേ, അതുപോലെ അല്ലാഹുവിനോട് മാപ്പുപറയണം. പിന്നെ ഹജറുല്‍ അസ്‌വദ് വിശേഷം... അല്ലാഹുവിനോട് ഭൂമിയിലുള്ള ഒരു സത്യമാണ് നീ അതില്‍ തൊടല്‍. അതിനെ തൊട്ട കൈ പിന്നെ ഹറാമിലേക്ക് പോകരുത്. ഇതൊക്കെ മനസ്സില്‍ വെച്ച് അസര്‍ കഴിഞ്ഞുള്ള ത്വവാഫ്. എന്റെ മനസ്സില്‍ ശക്തമായ ആവേശം - ഇന്ന് ഹജറുല്‍ അസ്‌വദ് തൊടല്‍ തന്നെ. എന്റെ ജീവിതത്തിലെ ആദ്യസ്പര്‍ശനം. പടച്ചവനേ, എന്റെ മുത്തുനബി തൊട്ട് ചുംബിച്ച ആ ഹജറില്‍ ഈ പാപിയുടെ കൈയും എത്തി. സത്യത്തില്‍, സന്തോഷം കൊണ്ട് ഞാന്‍ തലകറങ്ങും പോലെയായി. എന്തായാലും ബുക്‌ഷോപ്പിലെ സ്ഥിരം സന്ദര്‍ശകയായി. ആ ബുക്ക് അംറ് ഖാലിദിന്റേതായിരുന്നു. അവിടെ കിട്ടിയ കുറേ ബുക്കുകള്‍ (5 റിയാല്‍, 10 റിയാല്‍) വാങ്ങി. 25 റിയാലിന്റെ ഒരു ബുക്കിലായി കണ്ണ്. ഒന്നുകൂടിയുണ്ട്, - 'ഖുര്‍ആന്‍ കഥകളുടെ പുനര്‍വായന' എന്ന അംറ്ഖാലിദിന്റെ ബുക്കായിരുന്നു അത്. കൈയില്‍ കാശും അധികം ഇല്ല. 85,000 വെച്ച് പോയിട്ടും ഉംറ നടത്തീട്ടും, ബുക്കുകള്‍ എങ്ങനെ വാങ്ങും എന്ന മനസ്സും.

പുത്രതുല്യനായ ഒരു ദീനീസുഹൃത്തും കുടുംബവും അബ്ഹയില്‍നിന്ന് ഞങ്ങളെ കാണുകയും ഉംറയും ചെയ്യാം എന്ന നിലയ്ക്ക് മക്കത്തെത്തി. ടീച്ചര്‍ക്ക് എന്തെങ്കിലും പൈസ തരണമെന്ന് നിര്‍ബന്ധം. നമുക്ക് കാശ് വാങ്ങി ശീലമില്ലെങ്കിലും അവന്‍ തന്ന കാശ് കുറച്ച് തിരിച്ചുകൊടുത്തിട്ട് കുറച്ച് ഞാന്‍ വാങ്ങി. മോനേ, കാശിന് ബുദ്ധിമുട്ടൊന്നുമില്ല. നിന്റെ കാശിന് ഞാന്‍ അംറ്ഖാലിദിന്റെ 25 റിയാലിന്റെ ബുക്ക് വാങ്ങിയേക്കാം. ബാക്കി കാശിനും വേറെ ചില ബുക്കൊക്കെ വാങ്ങി. ചില്ലറ ഷോപ്പിങ്ങും നടത്തി. അങ്ങനെ അംറ് ഖാലിദിന്റെ എല്ലാ ബുക്കും ഞാന്‍ പലതവണയായി വായിച്ചുതീര്‍ത്തു (ഇക്കയും നല്ല വായനക്കാരനാണ്). ഇനി എന്ത് ചെയ്യും?


ബുക്കുകളുടെ പിന്നില്‍ ഇങ്ങനെ കാണുന്നുണ്ട് - www.amrkhaled.net. ജ്യേഷ്ഠത്തിയുടെ മോനോട് ഇത് കാട്ടിക്കൊടുത്തു. അവന്‍ (എന്റെ മക്കള്‍ എബി എന്നാണ് അവനെ വിളിക്കുന്നത്) പറഞ്ഞു: ഇത് അദ്ദേഹത്തിന്റെ വെബ്‌സൈറ്റാണ്. അവന്‍ അത് ഓപ്പണ്‍ ചെയ്ത് കാണിച്ചുതന്നു. എന്തൊക്കെയോ പേജുകള്‍ കാണുന്നുണ്ട്. അന്നൊന്നും കാര്യമായി പിടികിട്ടിയില്ല. എന്റെ രണ്ടാമത്തെ മകന്‍ അന്ന് ദുബായിലുണ്ട്. അംറ്ഖാലിദിന്റെ ബുക്ക് കിട്ടാനുള്ള എന്റെ ആവശ്യം സജീവമായി തുടരുകയാണ്. അവന്‍ കുറേ സിഡികള്‍ കൊടുത്തയച്ചു. മാശാ അല്ലാഹ്... ഞാന്‍ കൊതിച്ചതിലും വലുത്. അംറ്ഖാലിദ് ക്ലാസ്സുകള്‍ എടുക്കുന്ന വി.സി.ഡികള്‍. സി.ഡികളൊക്കെ കാണാപ്പാഠമായി. 24 ഓഡിയോ സിഡികളും - بإسمك نحيا - അതൊക്കെ എത്ര തവണയാണ് കേട്ടത്. അല്ലാഹു അദ്ദേഹത്തിന് ഇരുലോകത്തും നന്മ പ്രദാനം ചെയ്യട്ടെ. ആമീന്‍.

തുടര്‍ന്ന്, അബൂദബിയിലുള്ള എന്റെ ഒരു ദീനീസുഹൃത്ത് ഷിഹാബിന്റെ സ്പീഡ് എന്ന ഇന്റര്‍നെറ്റ് കഫേയില്‍ പോക്കുതുടങ്ങി. ധാരാളം പേജുകള്‍ പ്രിന്റെടുത്ത്, വീട്ടിലെത്തുമ്പോഴേക്ക് ബസ്സിലിരുന്ന് വായിച്ചുതീരും. വീണ്ടും വായിക്കും. സ്‌കൂളിലെ സുഹൃത്തുക്കള്‍ക്കും ഖുര്‍ആന്‍ ക്ലാസ്സുകളിലും അംറ്ഖാലിദിന്റെ ഉദ്ധരണികള്‍ പ്രചരിപ്പിച്ചു. അങ്ങനെ ഗൃഹയോഗത്തില്‍ വിഷയമായി. ഉമ്മ ആറുമണിക്ക് മുമ്പ് വീട്ടിലെത്തണം (ഞാന്‍ കഫേയില്‍ പോയി തിരിച്ചെത്തുമ്പോള്‍ ഇടയ്ക്ക് വൈകിപ്പോകും). മരുമകള്‍ വീട്ടില്‍ ഒറ്റപ്പെടുന്നു. നാലുമണിക്ക് സ്‌കൂള്‍ വിട്ടിട്ട് ടൗണില്‍ പോകല്‍ എനിക്കും ഭാരമായിത്തുടങ്ങി. അംറ്ഖാലിദ് സൈറ്റാണെങ്കില്‍ എന്നെ കിടത്തിപ്പൊറുപ്പിക്കുന്നുമില്ല. രണ്ടും കല്പിച്ച് ഒരു സിസ്റ്റം (പഴയത്) ശരിയാക്കി. ഷിഹാബിനെക്കൊണ്ടുതന്നെ എല്ലാം ശരിയാക്കി സൈബര്‍ലോകത്ത് സഞ്ചാരം തുടങ്ങി. അല്‍ഹംദുലില്ലാഹ്.

ലോകത്തിലേക്ക് തുറക്കുന്ന എന്റെ വാതില്‍, എന്റെ വീട്ടിനുള്ളിലുണ്ടല്ലോ - എത്ര കൂട്ടുകാര്‍, ഏതൊക്കെ നാട്ടുകാര്‍. ദീനിന്റെ പേരില്‍ മാത്രമേ ആരോടെങ്കിലും അകന്നിട്ടുള്ളൂ. എങ്കിലും അവരൊക്കെ മനസ്സിലുണ്ട്. കൂട്ടുകാരില്‍നിന്ന് ഒരുപാട് പഠിച്ചു. 


ഞങ്ങള്‍ 2009 ല്‍ ഫലസ്തീനിലും ഈജിപ്തിലും പോയി. 2010ല്‍ വീണ്ടും ഉംറയ്ക്ക് പോയി. ഇനിയും സൗകര്യം പോലെ റബ്ബിന്റെ സുന്ദരമായ ഈ ഭൂമിയില്‍ പാഠങ്ങള്‍ ഉള്ളിടത്ത് പോകണം. എന്നിട്ട് എഴുതണം, ഇന്‍ശാ അല്ലാഹ്.

ഫലസ്തീന്‍, ഈജിപ്ത് യാത്ര ഞാനെഴുതിയിട്ടുണ്ട്. നെറ്റിലൂടെ കുറേപ്പേര്‍ വായിച്ചിട്ടുണ്ട്. മഹാനായ ഇബ്‌റാഹിം (അ)യുടെ ജന്മനാടായ ഇറാഖിലും തുര്‍ക്കിയിലും ഇറാനിലും പോകണമെന്നുണ്ട്. നെറ്റിലൂടെ കിട്ടിയ മറ്റൊരു ഉസ്താദാണ് സിറിയക്കാരനായ അബ്ദുദ്ദാഇം കഹീല്‍. അദ്ദേഹത്തെപ്പറ്റി ഞാന്‍ പിന്നീടെഴുതാം. ഖുര്‍ആന്റെ അമാനുഷികതയുടെ ഒന്നാംനമ്പര്‍ സൈറ്റാണ് അദ്ദേഹത്തിന്റേത്. അദ്ദേഹവുമായി ഞാന്‍ കത്തിടപാട് നടത്താറുണ്ട്. അദ്ദേഹത്തിന് എന്നെ അറിയാം. അംറ്ഖാലിദിന് കത്തയച്ചെങ്കിലും ഒരു രക്ഷയുമില്ല. മില്യന്‍കണക്കാളുകള്‍ക്കിടയില്‍ ഇന്ത്യയിലെ, കേരളത്തിലെ, എറിയാട് എന്ന ഗ്രാമത്തിലെ എന്റെ കത്ത് എവിടെ എത്താന്‍?

എന്നെ കരയിപ്പിച്ച ഒരു സംഭവം കൂടി എഴുതി ഞാന്‍ ഈ കുറിപ്പ് നിര്‍ത്തട്ടെ. ഇക്കഴിഞ്ഞ തവണ ഉംറയ്ക്ക് പോയപ്പോള്‍ മിസ്‌രികളോട് പലരോടും അംറ്ഖാലിദിനെപ്പറ്റി അന്വേഷിച്ചു. അപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു: 'ഇന്നലെ അംറ്ഖാലിദ് ഒറ്റയ്ക്ക് (ബോഡിഗാര്‍ഡൊന്നും ഇല്ലാതെ) ഇഹ്‌റാമോടുകൂടി ത്വവാഫ് ചെയ്യുന്നത് കണ്ടെന്ന്. ഞാനോര്‍ക്കുകയായിരുന്നു, മഹാന്മാരെ കാണാനും ഭാഗ്യം വേണമായിരിക്കും. പക്ഷേ, ഉള്ള് പറയുന്നുണ്ട്, എന്നെങ്കിലും, റബ്ബ് അദ്ദേഹത്തെ കാണാന്‍ ഒരു ഭാഗ്യം തരുമെന്ന്; അദ്ദേഹത്തിന്റെ ഏതെങ്കിലും ക്ലാസ്സില്‍ പങ്കെടുക്കാനും. ഞാന്‍ ആ സ്ത്രീയുടെ കൈയില്‍ ഒരു കുറിപ്പെഴുതിക്കൊടുത്തു; അംറ്ഖാലിദിനെ നിങ്ങള്‍ എപ്പോഴെങ്കിലും കാണുകയാണെങ്കില്‍ കൊടുക്കണമെന്നു പറഞ്ഞ്.


സരളമായ ശൈലി, ആരെയും വിമര്‍ശിക്കാത്ത മനുഷ്യന്‍. അതാണെന്ന് തോന്നുന്നു, അദ്ദേഹത്തെ മറ്റുപലരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. ഈയടുത്ത് അംറ്ഖാലിദ് മാഡ്രിഡില്‍ ഒരു സമ്മേളനത്തില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചത് യുട്യൂബിലും അതിന്റെ ലേഖനം അറബിയിലും ഉണ്ട്. അത് നമ്മള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. ഗംഭീര ക്ലാസ്സാണ്; സൗകര്യം പോലെ ഞാനത് വിവര്‍ത്തനം ചെയ്യാം. ഇന്‍ശാ അല്ലാഹ്.

Sunday, December 5, 2010

സുജൂദിന്റെ മഹത്വം

ഒരു അറബിസ്ത്രീ എഴുതിയ സംഭവകഥയാണിത്. അംറ്ഖാലിദ് സൈറ്റില്‍ വായിച്ചതാണ് എന്നാണെന്റെ ഓര്‍മ. അവര്‍ റെസ്റ്റോറന്റില്‍ കയറിയപ്പോള്‍ അഭിമുഖമായി ഒരു പര്‍ദ്ദാധാരിണി. കണ്ണുകളിലൂടെ അവര്‍ ഒരു യൂറോപ്യന്‍ സ്ത്രീയാണെന്ന് മനസ്സിലായി. അവര്‍ ഇസ്‌ലാം സ്വീകരിച്ചവരാണെന്ന് തോന്നിയപ്പോള്‍ അറബിസ്ത്രീ ചോദിച്ചത്രെ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ നിങ്ങളുടെ കഥ ഞാനുമായി ഒന്ന് പങ്കിടാമോ? സോഫി (അതായിരുന്നു അവരുടെ പേര്) പറയാന്‍ തുടങ്ങി:

ഞാന്‍ ഹോളണ്ടില്‍ ജനിച്ചുവളര്‍ന്ന ഒരു ക്രിസ്ത്യന്‍ സ്ത്രീയായിരുന്നു. എന്റെ മാതാപിതാക്കള്‍ എന്നെ സന്യാസിനിയാക്കണമെന്നാണാഗ്രഹിച്ചിരുന്നത്. ഞാന്‍ സ്‌കൂള്‍പഠനം കഴിഞ്ഞ് പ്ലസ്ടുവിന് അടുത്തുള്ള ഒരു സ്‌കൂളില്‍ ചേര്‍ന്നു.
അതിനിടെ സോഫി മറ്റൊരു കാര്യം പറഞ്ഞു: 'ഞാന്‍ പറയട്ടെ, മുസ്‌ലിംകളെപ്പറ്റിയുള്ള എന്റെ ധാരണ വളരെ മോശമായിരുന്നു. കാരണം, ഞങ്ങളുടെ നാട്ടില്‍ ഒരു അറബിയെയോ മുസ്‌ലിമിനെയോ
ഞാന്‍ കണ്ടിട്ടില്ല. എന്റെ മാതാവില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, മുസ്‌ലിംകള്‍ മനുഷ്യരെ കൊല്ലുന്നവരും ഒട്ടകസവാരി നടത്തുന്നവരും ആണ്. യാതൊരു കാരണവശാലും അവരോടടുക്കരുത് (ഈ പ്രസ്താവനകള്‍ ഞാന്‍ കുട്ടിക്കാലത്തേ കേട്ടത്തിനാല്‍ മുസ്‌ലിംകളെക്കുറിച്ചുള്ള എന്റെ മനസ്സിലെ ചിത്രവും മറ്റൊന്നായിരുന്നില്ല).

പ്ലസ്ടു പഠനത്തിനുശേഷം ഞാനൊരു കെ.ജി. അധ്യാപികയായി. അതാ, അവിടെയൊരു മുസ്‌ലിം വിദ്യാര്‍ഥിനി. അമ്മ പറഞ്ഞ കാര്യങ്ങള്‍ വെച്ച് എനിക്കാ കുട്ടിയെ സ്‌നേഹിക്കാന്‍ പോലും കഴിഞ്ഞില്ല. കാണുമ്പോള്‍ത്തന്നെ നേരിയ ഭയം. പരമാവധി അടുക്കാതെ തന്നെ കഴിച്ചുകൂട്ടി.

ഒരു വര്‍ഷത്തിനുശേഷം ഹോളണ്ട് യൂണിവേഴ്‌സിറ്റിയില്‍
ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നു. ഹോസ്റ്റലിലാണ് താമസം. അവിടെയും എന്നെ പേടിപ്പെടുത്തുന്ന ഒരു കാര്യമുണ്ടായിരുന്നു. ഒരു ഈജിപ്ഷ്യന്‍ യുവാവ് സഹപാഠിയായി ഉണ്ട്. അമ്മ പറഞ്ഞുതന്ന ഓര്‍മകള്‍ എന്റെ മനസ്സിലുണ്ട്. ഞാന്‍ പരമാവധി ഒഴിഞ്ഞുനിന്നു. പക്ഷേ, അദ്ദേഹം ചില സമയങ്ങളില്‍ കൂടുതല്‍ സുന്ദരനായും വല്ലാതെ ആകര്‍ഷണീയനായും കാണപ്പെട്ടു. അദ്ദേഹം ഒരു എക്‌സര്‍സൈസ് (സുജൂദ്) ചെയ്തുവരുമ്പോഴാണ് ആ ഭാവമാറ്റം. അവരുടെ മതപരമായ കാര്യമാണതെന്ന് പിന്നീടെനിക്ക് മനസ്സിലായി. എന്റെ ഹൃദയം അദ്ദേഹം കവരാന്‍ തുടങ്ങി. അദ്ദേഹം ഈ പണി (സുജൂദ്) ചെയ്യുന്നതോടൊപ്പം ഞങ്ങളോടൊപ്പം ബിയര്‍ കുടിക്കുകയും നൃത്തംവെക്കുകയും ചെയ്യുമായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ ജീവിക്കണം എന്ന മോഹം എന്നിലുദിച്ചു. പക്ഷേ, എന്റെ അമ്മ കുട്ടിക്കാലത്ത് പറഞ്ഞ ആള്‍ക്കാരുടെ കൂട്ടത്തിലുള്ള ആളാണല്ലോ എന്നു കരുതി ആ ബന്ധത്തെ ഞാന്‍ നിഷ്‌കരുണം അറുത്തുമാറ്റി. പക്ഷേ, സുജൂദ് ചെയ്യുമ്പോള്‍ മുഖത്ത് കളിയാടിയിരുന്ന ആ ഭാവം എന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ കനലായി കിടന്നു.

അതിനിടെ, ഞാനൊരു ജൂതയുവാവുമായി അടുപ്പത്തിലായി. ഞങ്ങള്‍ ആദ്യത്തെ കൊല്ലത്തെ വെക്കേഷന്‍ ഇസ്രായേലില്‍ കഴിച്ചുകൂട്ടാന്‍ വേണ്ടി അങ്ങോട്ട് പോയി. എന്റെ ബോയ്ഫ്രണ്ടിന്റെ വീട് അവിടെയായിരുന്നു. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ നാടുകാണാനിറങ്ങും. അവിടെ വെച്ച് ഞാന്‍ ബാങ്ക് കേള്‍ക്കാനിടയായി. ചെറുപ്പം മുതലേ സംഗീതാസ്വാദകയായിരുന്ന എന്നെ ബാങ്ക് വല്ലാതെ ആകര്‍ഷിച്ചു.

ഒരു ദിവസം ഞങ്ങള്‍ ഒരു വലിയ മുസ്‌ലിം ദേവാലയ(മസ്ജിദുല്‍ അഖ്‌സ)ത്തിനടുത്തെത്തി. അപ്പോള്‍ അഞ്ചാറ് മുസ്‌ലിം യുവതികള്‍ അവിടേക്ക് കടക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, പട്ടാളക്കാര്‍ അവരെ തടയുന്നു. എന്റെ മനസ്സിനെ അത് വല്ലാതെ ആശയക്കുഴപ്പത്തിലാക്കി. ഞാനെന്റെ ബോയ്ഫ്രണ്ടിനോട് അതിന്റെ കാരണമന്വേഷിച്ചപ്പോള്‍ തികച്ചും അനീതിപരമായ ഉത്തരമാണ് ലഭിച്ചത്. എന്റെയുള്ളില്‍ എന്തോ കയ്പനുഭവപ്പെട്ടു. തിരിച്ച് വീട്ടിലെത്തി അയാളുമായി വഴക്കടിച്ചു. അയാള്‍ എനിക്ക് ചാര്‍ത്തിയിരുന്ന ഷഡ്‌കോണ്‍ നക്ഷത്രമാല പൊട്ടിച്ച് അയാളുടെ മുമ്പില്‍ വലിച്ചെറിഞ്ഞു. എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് പിറ്റേന്നുതന്നെ ഹോളണ്ടിലേക്ക് യാത്രയായി.

കോളേജ് രണ്ടാംകൊല്ലത്തിലേക്ക് പ്രവേശിച്ചു. കയ്‌പേറിയ ദിനങ്ങള്‍. വീണ്ടും ഈജിപ്ഷ്യന്‍ യുവാവ് എന്റെ ഹൃദയത്തില്‍ കരടായിത്തുടങ്ങി. എന്തിന് പറയുന്നു, ഞാന്‍ അദ്ദേഹവുമായി അടുക്കാന്‍ തുടങ്ങി. അവസാനം ജീവിതം അദ്ദേഹവുമായി പങ്കിടാമെന്ന് തീരുമാനിച്ച് പഠനം കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം ഈജിപ്തിലെത്തി. മുഹമ്മദ് എന്നാണദ്ദേഹത്തിന്റെ പേര്. കഥ കേട്ട് ഞാന്‍ നെടുവീര്‍പ്പിട്ടു. പറയൂ, ബാക്കി കൂടി പറയൂ. ഞാന്‍ സോഫിയെ പ്രോത്സാഹിപ്പിച്ചു. സോഫി തുടര്‍ന്നു:

മുഹമ്മദ് ഈജിപ്തിലെത്തിയപ്പോഴും മദ്യം കഴിക്കും, നൃത്തം വെക്കും, സുജൂദും ചെയ്യും. അങ്ങനെ സന്തോഷകരമായ നാളുകള്‍ കഴിഞ്ഞുപോകവേ ഒരു ദിവസം മുഹമ്മദ് കുറേ സമയം പുറത്തായിരുന്നു. എനിക്ക് ഒരു തോന്നല്‍. മുഹമ്മദ് ചെയ്യുന്ന ഈ സുജൂദ് ഒന്ന് പരീക്ഷിച്ചുനോക്കിയാലോ? ഞാന്‍ രണ്ടും കല്പിച്ച് സുജൂദ് ചെയ്തു! എനിക്കാ അനുഭവം വിവരിക്കാനാകുന്നില്ല. ഞാന്‍ സുജൂദിലനുഭവിച്ച സുഖം. ഞാനിതുവരെ അത്തരം ഒരു സുഖം അനുഭവിച്ചിട്ടില്ല. ഞാനതില്‍ കിടന്ന് പൊട്ടിക്കരയാന്‍ തുടങ്ങി. എന്റെ ശരീരവും മനസ്സും ഭാരരഹിതമായ പോലെ. എന്നെ മാലാഖമാര്‍ വന്ന് പൊതിയും പോലെ. അന്വേഷിച്ച സന്തോഷം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. യഥാര്‍ഥ സന്തോഷം ഇതാണ്, ഇത് മാത്രമാണ്. ഞാനെത്ര സമയം അങ്ങനെ കിടന്നുവെന്നെനിക്ക് അറിയില്ല. ''സോഫീ, നീയെന്താണ് ഈ ചെയ്യുന്നത്? സോഫീ, സോഫീ, നിനക്കിതാരാണ്‌ പഠിപ്പിച്ചുതന്നത്?''

മുഹമ്മദിന്റെ വിളികേട്ടാണ് ഞാനെഴുന്നേറ്റത്. എനിക്ക് മുസ്‌ലിമാകണം. ഞാനുറക്കെ പറഞ്ഞു. അപ്പോള്‍ത്തന്നെ മുഹമ്മദ് എന്നെയും കൂട്ടി അസ്ഹര്‍ ഇമാമിന്റെ അടുത്തെത്തി. ശഹാദത്ത് ചൊല്ലിത്തന്നു. രണ്ടുകൊല്ലമാകുന്നു ഇപ്പോള്‍. ഞാന്‍ ഇസ്‌ലാമിനെപ്പറ്റി പഠിച്ചു. ഖുര്‍ആനും ഹദീസും പഠിച്ചു. മുഹമ്മദിനെയും കുടുംബത്തെയും ഇപ്പോള്‍ ഞാന്‍ ദീനുല്‍ ഇസ്‌ലാമിനെപ്പറ്റി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു!

സുബ്ഹാനല്ലാഹ്! ഞാനാരുടെ മുമ്പിലാണ് ഇരിക്കുന്നത്? നിഖാബിനിടയിലൂടെ കണ്ട രണ്ട് നീലക്കണ്ണുകളില്‍ ഇത്ര ദീര്‍ഘമായ കഥകള്‍ കാത്തിരിപ്പുണ്ടായിരുന്നുവോ?

സോഫീ, നീ തീര്‍ച്ചയായും ലോകത്തെ അതീവ ഭാഗ്യവതികളില്‍ ഒരാളാണ്.


അതെ, സഹോദരീ, ഞാനെന്റെ ഭാഗ്യം തിരിച്ചറിയുന്നു. മരണംവരെ ആ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍ നീയും പ്രാര്‍ഥിക്കണം.

തീര്‍ച്ചയായും - റസ്റ്റോറന്റില്‍നിന്ന് ഞാന്‍ സോഫിയോട് യാത്രപറഞ്ഞെങ്കിലും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായി മാറി.

കഥ അല്പം നീണ്ടുപോയി അല്ലേ. ഇതിലധികം ചുരുക്കിപ്പറഞ്ഞാല്‍ ഇതിന്റെ ഭംഗി നഷ്ടപ്പെടും. ചിന്തിക്കുക, നാമാരാണ്? മുസ്‌ലിംകള്‍ എന്ന വര്‍ഗത്തെ ലോകം എങ്ങനെയൊക്കെയാവും വീക്ഷിച്ചുകൊണ്ടിരിക്കുന്നത് അല്ലേ? കുടിയനായിരുന്നെങ്കിലും മുഹമ്മദിന്റെ സുജൂദ് അവനെയും നന്മയുടെ വഴിത്താരയിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്നു.

* * * * *

കോഴി കൊത്തുന്ന പോലെ സുജൂദ് ചെയ്യുന്ന നമ്മള്‍ സുജൂദിന്റെ മഹത്വം ഒന്ന് പരീക്ഷിച്ചുനോക്കുക. ഭൂമിയിലെ ഏറ്റവും സുഖകരമായ കാര്യം ഏതാണ് എന്നതിന് സുജൂദ് എന്ന് മറുപടി പറയാന്‍ നമ്മില്‍ എത്രപേര്‍ക്കാവും? ഞാനിടക്കോര്‍ക്കും, ഈ സുജൂദ് ഉണ്ടായിരുന്നില്ലെങ്കില്‍ പടച്ചവനേ, നമ്മുടെ അവസ്ഥ എന്തായിരിക്കും? വല്ല സന്തോഷവും ഉണ്ടാകുമോ? സുജൂദ് സ്വീകരിക്കപ്പെടുന്ന ഭാഗ്യവാന്മാരില്‍ റബ്ബ് നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

അല്ലാഹുവിന്റെ വിധിവിലക്കുകളിലെ യുക്തി

രണ്ടുദിവസം മുമ്പ് (1.12.2010) സ്‌കൂളില്‍ എയ്ഡ്‌സ്ദിനം ആചരിച്ചു. കെ.ഇ.എസ്.എസ്. എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് ഒരു ക്ലാസും നടന്നു. അതിന് രണ്ടുദിവസത്തിനുശേഷം കെ.ഇ.എസ്.എസ്സിന്റെ ഒരു പ്രവര്‍ത്തകനുമായി സംസാരിച്ചപ്പോള്‍ കിട്ടിയ വിവരം എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവെക്കുകയാണ്.

'വ്യഭിചാരം വ്യാപകമായാല്‍ ഒരു രോഗം പടരും' എന്ന ഒരു നബിവചനം കുറേ മുമ്പ് ഒരു അറബി പുസ്തകത്തില്‍ വായിക്കുകയുണ്ടായി. അതാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍മവരുന്നത്. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ വ്യഭിചാരത്തോടടുക്കരുത്. അത് മോശമായ മാര്‍ഗവും മ്ലേച്ഛവുമാണ്.'

വ്യഭിചാരം ഹറാമാക്കിയ ഇസ്‌ലാം ബഹുഭാര്യത്വം ഹലാലാക്കിയതിനെ സംബന്ധിച്ച് ഞാനിടയ്ക്ക് ചിന്തിച്ചുപോകാറുണ്ട്. പക്ഷേ, ഇന്നെനിക്കതിന് തൃപ്തമായ ഉത്തരം ലഭിച്ചു.

എയ്ഡ്‌സ് പകരുന്നത് നാലു മാര്‍ഗങ്ങളിലൂടെയാണ് - രക്തസ്വീകരണം, മുറിവുകളിലൂടെ, സിറിഞ്ചിലൂടെ, ലൈംഗികബന്ധത്തിലൂടെ. ആറുമാസം വരെ അണുക്കളുടെ സാന്നിധ്യം ലാബ് പരിശോധനയില്‍ പോലും കണ്ടുപിടിക്കാനാകില്ല. അതിനാലാണ് രക്തസ്വീകര്‍ത്താവിന് രോഗം പകരുന്നത്. ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഡ്യുയല്‍ ലേയര്‍ കൈയുറകള്‍ പോലും ധരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. കൂടാതെ, അദ്ദേഹം മറ്റൊരു നിര്‍ദേശവും വെച്ചു. ആക്‌സിഡന്റില്‍ പെട്ട് രക്തം വരുന്നവരെ എടുക്കുമ്പോള്‍ രണ്ട് കൈകളും നല്ല പ്ലാസ്റ്റിക് കിറ്റുകള്‍ കൊണ്ട് പൊതിയുക. കാരണം, മുറിവേറ്റയാള്‍ എയ്ഡ്‌സ് ബാധിതനാണോ എന്നറിയില്ലല്ലോ. പകര്‍ന്നുകഴിഞ്ഞാല്‍, പിന്നെ മോചനമില്ലാത്ത രോഗവും.

രോഗം ഉറപ്പായിക്കഴിഞ്ഞാല്‍ രോഗികള്‍ പലരും ഒറ്റപ്പെടാനാണത്രെ ഇഷ്ടപ്പെടുന്നത്. താന്‍ ഈ രോഗത്തിനടിമയാണെന്നാരും അറിയാന്‍ ഇഷ്ടപ്പെടുന്നില്ല. അതിനാല്‍, ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ വീടുകളിലേക്ക് വരേണ്ട എന്നു പറയുന്നവരും ഉണ്ടത്രെ! നമ്മുടെ എല്ലാ പഞ്ചായത്തുകളിലും എയ്ഡ്‌സ് രോഗികള്‍ ഉള്ളതായാണ് അദ്ദേഹം പറഞ്ഞത്. അധികവും ഭര്‍ത്താവിലൂടെ പകരുകയും അമ്മയിലൂടെ കുഞ്ഞിലേക്കെത്തിപ്പെടുന്നതും ആണത്രെ. ഭര്‍ത്താവ് മരിക്കുകയും ഭാര്യയും കുഞ്ഞും രോഗത്തിനടിമപ്പെടുകയും ചെയ്യുന്നു. അവര്‍ രോഗികളാണെന്നറിഞ്ഞാല്‍ ജനം പിന്നെ അവരെ അടുപ്പിക്കില്ല. എന്നാലും, അതില്‍ ചെറുതല്ലാത്ത ഒരു അപകടസാധ്യത ഇല്ലേ എന്ന എന്റെ ചോദ്യത്തിന് 'ഉണ്ട്' എന്ന് പ്രവര്‍ത്തകന് സമ്മതിക്കേണ്ടിവന്നു. കുട്ടികള്‍ ഇടകലര്‍ന്ന് കളിക്കുമ്പോള്‍ പിച്ചല്‍, മാന്തല്‍, കൂട്ടിയിടിച്ച് മുറിവുണ്ടാകല്‍ ഇതിലൂടെയൊക്കെ രോഗം പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്തായാലും മനസ്സിനെ വല്ലാതെ കലുഷമാക്കി യാഥാര്‍ഥ്യങ്ങള്‍.

മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍ പലപ്പോഴും വ്യഭിചാരത്തിനും അടിമകളായിരിക്കും. കൂട്ടംകൂടിയിരുന്ന് മയക്കുമരുന്ന് കുത്തിവെക്കുന്നവരില്‍ പകര്‍ച്ചസാധ്യത വളരെയേറെയാണ്. ഒഴിവാക്കാന്‍ പറ്റുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കിയിട്ട് പിന്നെ വരുന്നത് വരട്ടെ എന്നു കരുതാം. മറിച്ച്, സാഹചര്യങ്ങളിലേക്ക് എടുത്തുചാടി അസുഖത്തെ ക്ഷണിച്ചുവരുത്തരുതല്ലോ. ഏതായിരുന്നാലും പകര്‍ച്ചയിലെ വില്ലന്‍ ലൈംഗികബന്ധം തന്നെ. ചര്‍ച്ചക്കിടയില്‍ ഞാനദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ കോണ്ടം ഉപയോഗിക്കല്‍ രക്ഷാമാര്‍ഗമായി ഒരിക്കലും പറഞ്ഞുകൊടുക്കരുത്. അത് അങ്ങേയറ്റത്തെ തെറ്റാണ്. അദ്ദേഹം ഉടന്‍ അതിനൊരു വിശദീകരണം തന്നു. ടീച്ചര്‍, ചില മനുഷ്യരോട് എത്ര പറഞ്ഞാലും വ്യഭിചാരത്തില്‍നിന്ന് മാറാന്‍ അവര്‍ സന്നദ്ധരല്ല. അത്തരക്കാരോട് ഇതല്ലാതെ ഒന്നും ഉപദേശിക്കാന്‍ കഴിയില്ല.

ഒരു ടൗണില്‍ വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച എയ്ഡ്‌സ് ബാധിതയെ നേരിട്ടറിയാമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംഘടനക്കാരും അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയിട്ട് കഴിയുന്നില്ലത്രെ. വല്ലാത്തൊരവസ്ഥ തന്നെ. ഞാന്‍ ഓര്‍ക്കുകയാണ്, ഇത്ര കഠിനമായ ശിക്ഷ നടപ്പാക്കേണ്ട തിന്മയായി വ്യഭിചാരത്തെ ഇസ്‌ലാം കണക്കാക്കിയത് വെറുതെയല്ല. ആ സ്ത്രീയുടെ അടുത്ത് എന്തായാലും ആള്‍ക്കാര്‍ പോകുന്നുണ്ട്. അവരിലൂടെ നിരപരാധികളായ ഭാര്യമാര്‍ക്കും മക്കള്‍ക്കും പകരുന്നു. അവിവാഹിതന് 100 അടിയും വിവാഹിതന് കല്ലെറിഞ്ഞു കൊല്ലലും എന്ന് ഇസ്‌ലാമിക ശരീഅത്തില്‍ കാണുന്നു. നിരപരാധികളിലേക്കുവരെ മാരകരോഗം പകര്‍ത്തുന്നവരെ ജീവിക്കാനനുവദിക്കാത്തതുതന്നെയാണ് നല്ലത് എന്ന് തോന്നിപ്പോവുകയാണ്.

ഞാന്‍ ഇതെഴുതുന്നത്, വ്യഭിചാരം ജീവിതവൃത്തിയാക്കിയവരും മറ്റും വായിക്കുവാന്‍ സാധ്യതയില്ല. എങ്കിലും ഇത്ര മാരകാവസ്ഥ സമൂഹത്തില്‍ നിലനില്‍ക്കുമ്പോള്‍ അത് നമ്മള്‍ പരസ്പരം പങ്കുവെക്കേണ്ടത് ദീനീബാധ്യതയാണ്.

ചിന്തിക്കുന്ന മനുഷ്യാ, നന്നായി ചിന്തിക്കുക. മൃഗരക്തം നിഷിദ്ധവും മനുഷ്യരക്തം (പുറത്തുവന്നാല്‍) നജസും (അശുദ്ധം) ആക്കിയതിലെ യുക്തി നമ്മുടെ കൊച്ചുമസ്തിഷ്‌കം കൊണ്ട് ചിന്തിക്കുക. സൂക്ഷിക്കുക. 'അല്ലാഹുവിനെ വേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ടവരായിട്ടല്ലാതെ മരിക്കരുത്.' (ഖുര്‍ആന്‍)

ഖുര്‍ആനുമായി, ഹദീസുമായി നമ്മുടെ ചുറ്റും കാണുന്നതിനെയും കേള്‍ക്കുന്നതിനെയും അനുഭവിക്കുന്നതിനെയും ചേര്‍ത്തുവെക്കുക. നാം എത്ര നിസ്സാരരാണെന്നും അത്യുന്നതനായ സ്രഷ്ടാവ്, അവന്‍ എത്ര യുക്തിജ്ഞനാണെന്നും നമുക്ക് മനസ്സിലാകും. ഒരു നിയമവും മനുഷ്യനെ ബുദ്ധിമുട്ടിക്കാനല്ല സര്‍വശക്തന്‍ വെച്ചിട്ടുള്ളത്. ഇതുകൊണ്ടാകാം 'വ്യഭിചാരത്തോടടുക്കരുത്' എന്ന് കര്‍ശനമായി ഖുര്‍ആന്‍ പ്രയോഗിച്ചത്.

അല്ലാഹുവേ, ഞങ്ങളെയും സന്താനപരമ്പരകളെയും എല്ലാ തിന്മകളില്‍നിന്നും കാത്തുരക്ഷിക്കേണമേ - ആമീന്‍.


Saturday, December 4, 2010

പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ചിന്തിക്കുക

എന്താണ് ഹിക്മത്? നാം ഖുര്‍ആനിലും ഹദീസിലും പല സ്ഥലത്തും കാണാറുണ്ട്. നമുക്കൊരു കഥയില്‍ തുടങ്ങാം. ഒരു സ്ഥലത്ത് ഒരു ഭരണാധികാരിയുണ്ടായിരുന്നു. അദ്ദേഹം ഒരു ദിവസം ചന്തകള്‍ സന്ദര്‍ശിക്കാനായി ഇറങ്ങി. വേഷം മാറി ഒരു വ്യാപാരിയുടെ രൂപത്തിലായിരുന്നു പോയത്. ഒരു പഴയ, ഒന്നുമില്ലാത്ത പീടികയില്‍ ചെന്നു. ഒരു വയോവൃദ്ധന്‍ അവിടെ ഒരു മലപ്പലകയില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഭരണാധികാരി പീടിക മുഴുവന്‍ നോക്കി. ഒന്നും കാണാനില്ല. ഒന്നുരണ്ട് പലകക്കഷണങ്ങള്‍ മാത്രമേയുള്ളൂ. ഇതുകണ്ട് അദ്ദേഹം വ്യാപാരിയോട് ചോദിച്ചു. ഇവിടെനിന്ന് സാധനങ്ങള്‍ വാങ്ങി എന്റെ നാട്ടില്‍ കൊണ്ടുപോയി വില്‍ക്കാനാണ് ഞാന്‍ വന്നത്. എന്താണ് താങ്കളുടെ കച്ചവടച്ചരക്കുകള്‍? കച്ചവടക്കാരന്‍ പറഞ്ഞു: 'എന്റെ ചരക്കുകള്‍ ഏറ്റവും വിലപിടിപ്പുള്ളതാണ്.' ഭരണാധികാരി ചോദിച്ചു: എന്താണ്, താങ്കളെന്നെ പരിഹസിക്കുകയാണോ? ഇവിടെ ഒന്നും കാണുന്നില്ലല്ലോ. വൃദ്ധന്‍ മറുപടി പറഞ്ഞു: ഇല്ല, ഞാന്‍ സത്യമാണ് പറയുന്നത്. ഇവിടത്തെ എല്ലാ ചരക്കിനേക്കാളും വ്യത്യസ്തമാണ് എന്റെ ചരക്കുകള്‍. ഭരണാധികാരിക്ക് അദ്ഭുതമായി. അതിന് താങ്കളെന്താണിവിടെ വില്‍ക്കുന്നത്? വൃദ്ധന്‍: ഞാന്‍ ഹിക്മത് (തത്ത്വജ്ഞാനം) കച്ചവടം നടത്തുന്ന ആളാണ്. കുറേപ്പേര്‍ക്ക് ഞാനിവിടെ നിന്ന് വിറ്റിട്ടുണ്ട്. ആളുകള്‍ അതുമൂലം നന്നായി ജീവിക്കുന്നും ഉണ്ട്. ഇനി ആകെ ഈ രണ്ട് പലകകളേ ബാക്കിയുള്ളൂ.

ഭരണാധികാരി ഒരു പലക എടുത്ത് അതിലെ പൊടി തുടച്ചു. അപ്പോള്‍ അതില്‍ ഒരു വാചകം തെളിഞ്ഞുവന്നു: ഫഖിര്‍ ഖബ്‌ല അന്‍ തഫ്അല്‍' - നീ പ്രവര്‍ത്തിക്കും മുമ്പ് ചിന്തിക്കുക.

അദ്ദേഹം ഈ വാചകങ്ങള്‍ അല്പസമയം നോക്കിനിന്നു. എന്നിട്ട് ചോദിച്ചു. ഈ പലക താങ്കള്‍ എത്ര ദിര്‍ഹമിനാണ് വില്‍ക്കുക. വൃദ്ധന്‍ വളരെ സമാധാനത്തോടെ പറഞ്ഞു: 10,000 ദീനാറിന്. രാജാവിന് ഇതുകേട്ട് ചിരിയടക്കാനായില്ല. അദ്ദേഹം ഉറക്കെ പൊട്ടിച്ചിരിച്ചു. കാര്യം പറയ്, എന്ത് തരണം? കാര്യം തന്നെയാണ് ഒരു ദീനാര്‍ പോലും കുറയില്ല.
രാജാവ് വീണ്ടും പൊട്ടിച്ചിരിച്ചു. വൃദ്ധന് ബുദ്ധി തകരാറ് പറ്റി, പിച്ചും പേയും പറയുന്നതാണെന്ന് കരുതി കടയില്‍നിന്ന് യാത്രയായി. എന്നാലും പിന്തിരിഞ്ഞുകൊണ്ട് പറഞ്ഞു: 'വേണമെങ്കില്‍ 1,000 ദീനാര്‍ തരാം' പക്ഷേ, വൃദ്ധന്‍ അല്പം പോലും സമ്മതിച്ചില്ല. രാജാവ് വീണ്ടും ചിരിച്ചുകൊണ്ട് യാത്ര തുടര്‍ന്നു. എന്നാലും, തന്നെ വൃദ്ധന്‍ തിരിച്ചുവിളിക്കും എന്ന് രാജാവിന്റെ ഉള്ള് പറഞ്ഞു. പക്ഷേ, വൃദ്ധന്‍ വിളിച്ചില്ല.


അങ്ങനെ, രാജാവ് യാത്രക്കിടയില്‍ എന്തോ അരുതാത്തത് ചെയ്യാന്‍ ഒരുങ്ങി. പക്ഷേ, പെട്ടെന്ന് ആ പലകയില്‍ കണ്ട വാചകം ഓര്‍ത്തു. 'പ്രവര്‍ത്തിക്കുന്നതിനുമുമ്പ് ചിന്തിക്കുക'. അതില്‍നിന്ന് പിന്മാറി. തന്നെ ആ വാചകം നന്നായി സ്വാധീനിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കിയ രാജാവ് തിരിച്ച് നടന്നു. തന്റെ ജീവിതത്തില്‍ കറ സംഭവിക്കുമായിരുന്ന ആ പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞതില്‍ സ്വയം സന്തോഷിച്ചു. വൃദ്ധന്റെ അടുത്തെത്തി പറഞ്ഞു: 'ബഹുമാന്യരേ, താങ്കള്‍ പറഞ്ഞ വിലയ്ക്കുതന്നെ ഞാനത് വാങ്ങുകയാണ്.' പക്ഷേ, വൃദ്ധന്‍ ഒരു നിബന്ധനയോടെ മാത്രമേ ഇത് തരികയുള്ളൂ എന്ന് വാശിപിടിച്ചു. രാജാവ് പറഞ്ഞു: 'ശരി, എന്താണ് ആ നിബന്ധന?' വൃദ്ധന്‍ പറയാന്‍ തുടങ്ങി: 'താങ്കള്‍ ഈ വാചകം താങ്കളുടെ വീടിന്റെ വാതില്‍ക്കല്‍ എഴുതിവെക്കണം. താങ്കള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കളുടെ അടുത്ത്, താങ്കളുടെ വസ്ത്രത്തില്‍, പാത്രങ്ങളില്‍ ഒക്കെ എഴുതണം. രാജാവ് എല്ലാ നിബന്ധനകളും സമ്മതിച്ച് 10,000 ദീനാറും കൊടുത്ത് പലകയും വാങ്ങി യാത്രയായി.

അങ്ങനെ രാജാവ് പ്രജകളും സേവകരുമായി കഴിഞ്ഞുകൊണ്ടിരിക്കെ മന്ത്രിക്ക് രാജാവിനെ കൊന്ന് അധികാരം ഒറ്റയ്ക്ക് കയ്യടക്കാന്‍ കലശലായ മോഹം. അയാള്‍ രാജാവിനെ കൊല്ലാനായി രാജാവിന്റെ ക്ഷുരകനെ ചട്ടംകെട്ടി.

അങ്ങനെ, പറഞ്ഞപ്രകാരം ക്ഷുരകന്‍ വാതില്‍ക്കലെത്തി. അതാ കാണുന്നു ആ വാചകം - 'പ്രവര്‍ത്തിക്കും മുമ്പ് ചിന്തിക്കുക' - ക്ഷുരകന്‍ ഒന്ന് ഞെട്ടി. എന്നാലും മന്ത്രിയില്‍നിന്ന് കിട്ടാന്‍ പോകുന്ന പാരിതോഷികമോര്‍ത്ത്, ധൈര്യം സംഭരിച്ച് മുന്നോട്ടു നീങ്ങി. പക്ഷേ, പല സ്ഥലത്തും ഈ വാചകം കണ്ടപ്പോള്‍ ക്ഷുരകന്‍ ശരിക്കും വട്ടുപിടിച്ചതുപോലെയായി. അങ്ങനെ രാജാവിന്റെ മുറിയിലെത്തി. അവിടെയും പല സ്ഥലത്തും ഇതേ വാചകം. ഭൃത്യന്‍ ക്ഷുരകപ്പാത്രവുമായി വന്നപ്പോള്‍ ക്ഷുരകന്‍ ബോധം നഷ്ടപ്പെടും പോലെയായി. ക്ഷൗരപ്പാത്രത്തിന്മേലും എഴുതപ്പെട്ടിരിക്കുന്നു - 'പ്രവര്‍ത്തിക്കും മുമ്പ് ചിന്തിക്കുക'. താന്‍ രാജാവിനെ കൊല്ലാന്‍ വന്ന വിവരം രാജാവറിഞ്ഞിരിക്കുന്നു! ക്ഷുരകന്‍ പൊട്ടിക്കരഞ്ഞ് സംഭവം മുഴുവന്‍ രാജാവിനോട് പറഞ്ഞു. രാജാവ് അദ്ഭുതപ്പെട്ടു. ക്ഷുരകന്റെ സത്യസന്ധതയ്ക്കും നിഷ്‌കളങ്കതയ്ക്കും നന്ദിപറഞ്ഞു. മന്ത്രിയെ തുറുങ്കിലടയ്ക്കാന്‍ കല്പിച്ചു.
* * *
രാജാവ് ആ പലകയിലേക്ക് കുറേനേരം നോക്കി ഇരുന്നു. തന്റെ ജീവന്‍ രക്ഷപ്പെടാന്‍ വരെ കാരണമാക്കിയ ആ വാചകത്തിന്റെ അര്‍ഥങ്ങളുടെ ആഴം അദ്ദേഹത്തിന് കൂടുതല്‍ പിടികിട്ടി. അത് തന്ന വൃദ്ധനോട് വിവരങ്ങള്‍ പറയണമെന്ന് കരുതി രാജാവ് യാത്രയായി. ഇനിയും അദ്ദേഹത്തില്‍നിന്ന് ജ്ഞാനം നേടണം. കൂടുതല്‍ നല്ല മനുഷ്യനാകണം. പക്ഷേ, പീടികയുടെ ഭാഗത്തെത്തിയപ്പോള്‍ കട അടഞ്ഞുകിടക്കുന്നു. മണ്ണും അഴുക്കും നിറഞ്ഞുകിടക്കുന്ന ആ കടയുടെ ഉടമയെപ്പറ്റി മറ്റ് കടക്കാരോട് അന്വേഷിച്ചു. അദ്ദേഹം തന്റെ രക്ഷിതാവിലേക്ക് യാത്രയായതായി അടുത്ത കടക്കാരന്‍ പറഞ്ഞു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. രാജാവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഗുരുവിനുവേണ്ടി രാജാവ് അല്ലാഹുവിനോട് ഉള്ളറിഞ്ഞ് പ്രാര്‍ഥിച്ചു.
* * *
മനുഷ്യന് ഹിക്മത്ത് സ്വായത്തമാക്കാന്‍ എന്താണ് വഴി? നല്ല അറിവും ജ്ഞാനവും ഉള്ളവരോടൊപ്പമുള്ള സഹവാസമാണ് അതിനുള്ള ഏറ്റവും നല്ല മാര്‍ഗം. ഖുര്‍ആന്‍ ഹിക്മത്തിനെ കിതാബിനോട് ചേര്‍ത്തുപറയുന്നതായി നമുക്ക് കാണാം. നബി (സ) വന്നത് കിതാബും ഹിക്മത്തും പഠിപ്പിക്കാനാണ് എന്ന് ഖുര്‍ആന്‍ പറയുന്നു.
* * *
നമ്മിലും കുടുംബാംഗങ്ങളിലും വിദ്യാര്‍ഥികളിലും നന്മയും ദൈവഭയവും വളര്‍ത്താന്‍ നാം ചില വഴികള്‍ സ്വീകരിച്ചാല്‍ നന്നായിരിക്കും. ഉദാഹരണത്തിന്, ദൈവം (അല്ലാഹു) എന്നെ കാണുന്നുണ്ട് എന്ന് നാം എപ്പോഴും കാണുന്നിടത്തും പെരുമാറുന്ന സ്ഥലങ്ങളിലും വാഹനങ്ങളിലും ഒക്കെ എഴുതിവെച്ചുനോക്കുക. തീര്‍ച്ചയായും, നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റം അത്യത്ഭുതകരമായിരിക്കും. തീര്‍ച്ച.