Wednesday, December 8, 2010

നടക്കാതെ പോയ യാത്രയും അംറ്ഖാലിദും

ഇന്റര്‍നെറ്റ് ലോകത്തേക്ക് ഞാന്‍ എത്തിപ്പെട്ടതിന്റെ പിന്നില്‍ ഒരു കഥയുണ്ട്. ഇന്നത്തെ വിഷയം അതാകട്ടെ. അതിന്റെ പിന്നിലെ ഏറ്റവും വലിയ പ്രചോദകന്‍ ഈജിപ്ഷ്യനായ ഉസ്താദ് അംറ്ഖാലിദാണ്. കഥ പറയുകയാണെങ്കില്‍ മൂന്നുനാലു കൊല്ലം പിറകോട്ട് പോകണം. ഒരു ദിവസം ഒരു സുഹൃത്ത്  എന്‍.ഡി.എഫിനെക്കുറിച്ച് മനസ്സിലാക്കിത്തരാനായി തേജസ് വാരികയുമായി എന്റെയടുത്ത് വന്നു. എനിക്കൊരു വാരിക തന്നു. അവര്‍ പോയതിനുശേഷം ഞാനത് വായിക്കാനെടുത്തു. അതിലെ ഒരു പരസ്യം എന്റെ ശ്രദ്ധയില്‍പ്പെട്ടു - 'ഖുര്‍ആന്റെ ചരിത്രഭൂമിയിലേക്കൊരു യാത്ര'. ഞാന്‍ പലവട്ടം പരസ്യം തിരിച്ചും മറിച്ചും നോക്കി. 85,000 രൂപയ്ക്ക് പലസ്തീന്‍, ഈജിപ്ത്, ഉംറ...

പൊവുവേ യാത്രയോട് അഭിനിവേശമുള്ള എനിക്ക് ഇതു കണ്ടപ്പോള്‍ എന്തൊന്നില്ലാത്ത ഒരു ഉള്‍വലി.
അതില്‍ പറഞ്ഞ നമ്പരില്‍ ഉടന്‍ ഫോണ്‍ ചെയ്തു. ഇനി ഇക്കാനെ സമ്മതിപ്പിക്കണം. ശാന്തസ്വഭാവിയായ ഇക്കാനെ ഒന്നുരണ്ടു ദിവസമെടുത്ത് സമ്മതിപ്പിച്ചു. അങ്ങനെ ആദ്യഗഡു (ഒരാള്‍ക്ക് 25,000 വീതം) മലപ്പുറത്തെ പരസ്യം നല്‍കിയ ട്രാവല്‍സിനെ ഏല്‍പ്പിച്ചു. ഏപ്രില്‍ ആദ്യം യാത്ര. സന്തോഷത്തിനതിരില്ല. 

യാത്രക്കായി കോഴിക്കോട് എയര്‍പോര്‍ട്ടില്‍ തലേന്ന് രാത്രി തന്നെ ഞാനും ഇക്കായും എത്തി. എയര്‍പോര്‍ട്ട് പ്ലാസയില്‍ റൂമെടുത്തു. എനിക്ക് പാതിരയായപ്പോള്‍ ഉള്ളിലൊരു തോന്നല്‍, യാത്ര നടക്കുമോ എന്ന്. അതിന് ചില കാരണങ്ങളുണ്ടായിരുന്നു. ബാക്കി കൊടുക്കാനുള്ള 10,000 രൂപ ഞങ്ങള്‍ എത്തിയിട്ട് തരാമെന്നു പറഞ്ഞത് വാങ്ങാനാളില്ല. യാത്ര കൊണ്ടുപോകാമെന്ന് പറഞ്ഞ ആള്‍ക്കാരുടെ ഒരാളുടെയും നമ്പരുകളില്‍ വിളിച്ചിട്ട് ഉത്തരമില്ല.

ഏഴുമണിക്ക് ബോംബെ, അവിടന്ന് അബൂദബി, സിറിയ... പടച്ചോനേ, എനിക്കാണെങ്കില്‍ കാണാത്ത നാട് കാണുക എന്നു പറഞ്ഞാല്‍ ഇനി അതിലും വലിയ സന്തോഷമില്ല. ആറര മണിയായപ്പോള്‍ ഞാന്‍ ഇക്കാനോട് പറഞ്ഞു. നമുക്ക്
ചായ വിമാനത്തില്‍നിന്ന് കുടിക്കാം. പെട്ടിയൊക്കെ എടുത്ത് എയര്‍പോര്‍ട്ടിലേക്ക് നീങ്ങാനുള്ള തയ്യാറെടുപ്പിലാണ്. പക്ഷേ, കൊണ്ടുപോകുന്നവരെ കാണുന്നില്ല. എന്തായാലും യാത്ര നടന്നില്ല. നിങ്ങള്‍ 2007-ല്‍ 'കണ്ണാടി'യിലും മറ്റും ആ സംഭവം അറിഞ്ഞുകാണും.

ഇതു കുറിക്കുമ്പോള്‍ ഒരു സന്തോഷം നിങ്ങളുമായി പങ്കുവെക്കട്ടെ. നഷ്ടപ്പെട്ടു എന്നു കരുതിയ ആ പൈസ ഒരുഗഡു തിരിച്ചുകിട്ടി. രണ്ടാം ഗഡു ഉടനെ കിട്ടും. ഇന്‍ശാ അല്ലാഹ്. എന്തായാലും ഒരു കാര്യം ഉറപ്പാണ്. നമ്മള്‍ ഇവിടെ എന്ത് കണക്കാക്കിയാലും അല്ലാഹു എന്ന മഹാശക്തിയുടെ നിശ്ചയമില്ലാതെ ഈ ഭൂമിയില്‍ ഒന്നും നടക്കില്ല എന്നുറപ്പ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ ഒരു ടാക്‌സി പിടിച്ച് നാട്ടിലേക്ക് പോന്നു. അന്ന് വാക്കുപാലിക്കാന്‍ കഴിയാതിരുന്ന ആ ഏജന്റിന് അല്ലാഹു പൊറുത്തുകൊടുക്കട്ടെ. നമുക്കും പൊറുത്തുതരട്ടെ. ആമീന്‍.

രണ്ടുദിവസം കഴിഞ്ഞ് കസബ പോലീസ്‌സ്റ്റേഷനില്‍നിന്ന് ഞങ്ങളുടെ പാസ്‌പോര്‍ട്ട് കിട്ടി. പിന്നെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ കൊടുവള്ളി ഉസ്മാനിക്കാടെ ഒരു ഫോണ്‍. ടീച്ചറേ, ഞങ്ങള്‍ ഉംറയ്ക്ക് പോകുന്നുണ്ട്. സഫിയ ട്രാവല്‍സില്‍ നിന്നും ടിക്കറ്റ് എടുക്കുന്നുണ്ട് - 27,000 രൂപ. ശ്രീലങ്ക വഴിയാണ്. (പാസ്‌പോര്‍ട്ടില്‍ ഉംറ വിസയും സിറിയന്‍ വിസയും ഉണ്ടായിരുന്നു. ഇന്നും സിറിയന്‍ വിസ കാണുമ്പോള്‍ ഉള്ളില്‍ ഒരു വിഷമമാണ്.) പാവം എന്റെ ഇക്ക. എന്റെ എല്ലാ സന്തോഷത്തിനും സമ്മതിക്കുകയും സഹായിക്കുകയും ചെയ്യും. ഈ ഫോണ്‍ വന്നപ്പോള്‍ ഞങ്ങള്‍ വീട്ടിലില്ലായിരുന്നു. അടുത്ത ദിവസം തന്നെ പോകണം. ഞാനറിഞ്ഞയുടനെ ഇക്കാടെ സമ്മതപ്രകാരം അവരെ വിളിച്ചു. ഇന്‍ശാ അല്ലാഹ്, ഞങ്ങളും ഉണ്ട്. പൈസ നാളെ തരാം. ടിക്കറ്റ് നിങ്ങള്‍ ശരിയാക്കിക്കോ. എത്രയും വേഗം വീട്ടിലെത്തി. രണ്ടുമണിക്കൂര്‍ കൊണ്ട് ഉംറയ്ക്ക് പോവുകയാണ്. അല്‍ഹംദുലില്ലാഹ്.

മക്കത്തെത്തി. 1985-ല്‍ കണ്ട മക്കയല്ല. മദീനയും ഒരുപാട് മാറിയിക്കുന്നു. ആത്മീയതയുടെ തെളിനീരുറവ കോരിക്കുടിച്ചുകൊണ്ട് 15 ദിവസം മക്കത്തും ഒരാഴ്ച മദീനത്തും കഴിച്ചുകൂട്ടി. ഒരു ദിവസം ഒരു ബുക്‌ഷോപ്പില്‍ കയറി - ജൂണ്‍ 12 അസ്‌റിന് പള്ളിയിലേക്ക് പോകുമ്പോള്‍. നല്ല ചില ബുക്കുകള്‍ അവിടെ കണ്ടു. ഒരു ബുക്ക് തുറന്നപ്പോള്‍ കഅബ, ഹജറുല്‍ അസ്‌വദ് എന്നിവയെപ്പറ്റിയൊക്കെയുള്ള പരാമര്‍ശം. ഖില്ല പിടിച്ച് പ്രാര്‍ഥിക്കുമ്പോള്‍, നീ കുറ്റം ചെയ്ത ഒരാളോട് മാപ്പ് ചോദിക്കുന്ന അവസരത്തില്‍ അയാളുടെ വസ്ത്രമൊക്കെ തൊട്ടുപോകില്ലേ, അതുപോലെ അല്ലാഹുവിനോട് മാപ്പുപറയണം. പിന്നെ ഹജറുല്‍ അസ്‌വദ് വിശേഷം... അല്ലാഹുവിനോട് ഭൂമിയിലുള്ള ഒരു സത്യമാണ് നീ അതില്‍ തൊടല്‍. അതിനെ തൊട്ട കൈ പിന്നെ ഹറാമിലേക്ക് പോകരുത്. ഇതൊക്കെ മനസ്സില്‍ വെച്ച് അസര്‍ കഴിഞ്ഞുള്ള ത്വവാഫ്. എന്റെ മനസ്സില്‍ ശക്തമായ ആവേശം - ഇന്ന് ഹജറുല്‍ അസ്‌വദ് തൊടല്‍ തന്നെ. എന്റെ ജീവിതത്തിലെ ആദ്യസ്പര്‍ശനം. പടച്ചവനേ, എന്റെ മുത്തുനബി തൊട്ട് ചുംബിച്ച ആ ഹജറില്‍ ഈ പാപിയുടെ കൈയും എത്തി. സത്യത്തില്‍, സന്തോഷം കൊണ്ട് ഞാന്‍ തലകറങ്ങും പോലെയായി. എന്തായാലും ബുക്‌ഷോപ്പിലെ സ്ഥിരം സന്ദര്‍ശകയായി. ആ ബുക്ക് അംറ് ഖാലിദിന്റേതായിരുന്നു. അവിടെ കിട്ടിയ കുറേ ബുക്കുകള്‍ (5 റിയാല്‍, 10 റിയാല്‍) വാങ്ങി. 25 റിയാലിന്റെ ഒരു ബുക്കിലായി കണ്ണ്. ഒന്നുകൂടിയുണ്ട്, - 'ഖുര്‍ആന്‍ കഥകളുടെ പുനര്‍വായന' എന്ന അംറ്ഖാലിദിന്റെ ബുക്കായിരുന്നു അത്. കൈയില്‍ കാശും അധികം ഇല്ല. 85,000 വെച്ച് പോയിട്ടും ഉംറ നടത്തീട്ടും, ബുക്കുകള്‍ എങ്ങനെ വാങ്ങും എന്ന മനസ്സും.

പുത്രതുല്യനായ ഒരു ദീനീസുഹൃത്തും കുടുംബവും അബ്ഹയില്‍നിന്ന് ഞങ്ങളെ കാണുകയും ഉംറയും ചെയ്യാം എന്ന നിലയ്ക്ക് മക്കത്തെത്തി. ടീച്ചര്‍ക്ക് എന്തെങ്കിലും പൈസ തരണമെന്ന് നിര്‍ബന്ധം. നമുക്ക് കാശ് വാങ്ങി ശീലമില്ലെങ്കിലും അവന്‍ തന്ന കാശ് കുറച്ച് തിരിച്ചുകൊടുത്തിട്ട് കുറച്ച് ഞാന്‍ വാങ്ങി. മോനേ, കാശിന് ബുദ്ധിമുട്ടൊന്നുമില്ല. നിന്റെ കാശിന് ഞാന്‍ അംറ്ഖാലിദിന്റെ 25 റിയാലിന്റെ ബുക്ക് വാങ്ങിയേക്കാം. ബാക്കി കാശിനും വേറെ ചില ബുക്കൊക്കെ വാങ്ങി. ചില്ലറ ഷോപ്പിങ്ങും നടത്തി. അങ്ങനെ അംറ് ഖാലിദിന്റെ എല്ലാ ബുക്കും ഞാന്‍ പലതവണയായി വായിച്ചുതീര്‍ത്തു (ഇക്കയും നല്ല വായനക്കാരനാണ്). ഇനി എന്ത് ചെയ്യും?


ബുക്കുകളുടെ പിന്നില്‍ ഇങ്ങനെ കാണുന്നുണ്ട് - www.amrkhaled.net. ജ്യേഷ്ഠത്തിയുടെ മോനോട് ഇത് കാട്ടിക്കൊടുത്തു. അവന്‍ (എന്റെ മക്കള്‍ എബി എന്നാണ് അവനെ വിളിക്കുന്നത്) പറഞ്ഞു: ഇത് അദ്ദേഹത്തിന്റെ വെബ്‌സൈറ്റാണ്. അവന്‍ അത് ഓപ്പണ്‍ ചെയ്ത് കാണിച്ചുതന്നു. എന്തൊക്കെയോ പേജുകള്‍ കാണുന്നുണ്ട്. അന്നൊന്നും കാര്യമായി പിടികിട്ടിയില്ല. എന്റെ രണ്ടാമത്തെ മകന്‍ അന്ന് ദുബായിലുണ്ട്. അംറ്ഖാലിദിന്റെ ബുക്ക് കിട്ടാനുള്ള എന്റെ ആവശ്യം സജീവമായി തുടരുകയാണ്. അവന്‍ കുറേ സിഡികള്‍ കൊടുത്തയച്ചു. മാശാ അല്ലാഹ്... ഞാന്‍ കൊതിച്ചതിലും വലുത്. അംറ്ഖാലിദ് ക്ലാസ്സുകള്‍ എടുക്കുന്ന വി.സി.ഡികള്‍. സി.ഡികളൊക്കെ കാണാപ്പാഠമായി. 24 ഓഡിയോ സിഡികളും - بإسمك نحيا - അതൊക്കെ എത്ര തവണയാണ് കേട്ടത്. അല്ലാഹു അദ്ദേഹത്തിന് ഇരുലോകത്തും നന്മ പ്രദാനം ചെയ്യട്ടെ. ആമീന്‍.

തുടര്‍ന്ന്, അബൂദബിയിലുള്ള എന്റെ ഒരു ദീനീസുഹൃത്ത് ഷിഹാബിന്റെ സ്പീഡ് എന്ന ഇന്റര്‍നെറ്റ് കഫേയില്‍ പോക്കുതുടങ്ങി. ധാരാളം പേജുകള്‍ പ്രിന്റെടുത്ത്, വീട്ടിലെത്തുമ്പോഴേക്ക് ബസ്സിലിരുന്ന് വായിച്ചുതീരും. വീണ്ടും വായിക്കും. സ്‌കൂളിലെ സുഹൃത്തുക്കള്‍ക്കും ഖുര്‍ആന്‍ ക്ലാസ്സുകളിലും അംറ്ഖാലിദിന്റെ ഉദ്ധരണികള്‍ പ്രചരിപ്പിച്ചു. അങ്ങനെ ഗൃഹയോഗത്തില്‍ വിഷയമായി. ഉമ്മ ആറുമണിക്ക് മുമ്പ് വീട്ടിലെത്തണം (ഞാന്‍ കഫേയില്‍ പോയി തിരിച്ചെത്തുമ്പോള്‍ ഇടയ്ക്ക് വൈകിപ്പോകും). മരുമകള്‍ വീട്ടില്‍ ഒറ്റപ്പെടുന്നു. നാലുമണിക്ക് സ്‌കൂള്‍ വിട്ടിട്ട് ടൗണില്‍ പോകല്‍ എനിക്കും ഭാരമായിത്തുടങ്ങി. അംറ്ഖാലിദ് സൈറ്റാണെങ്കില്‍ എന്നെ കിടത്തിപ്പൊറുപ്പിക്കുന്നുമില്ല. രണ്ടും കല്പിച്ച് ഒരു സിസ്റ്റം (പഴയത്) ശരിയാക്കി. ഷിഹാബിനെക്കൊണ്ടുതന്നെ എല്ലാം ശരിയാക്കി സൈബര്‍ലോകത്ത് സഞ്ചാരം തുടങ്ങി. അല്‍ഹംദുലില്ലാഹ്.

ലോകത്തിലേക്ക് തുറക്കുന്ന എന്റെ വാതില്‍, എന്റെ വീട്ടിനുള്ളിലുണ്ടല്ലോ - എത്ര കൂട്ടുകാര്‍, ഏതൊക്കെ നാട്ടുകാര്‍. ദീനിന്റെ പേരില്‍ മാത്രമേ ആരോടെങ്കിലും അകന്നിട്ടുള്ളൂ. എങ്കിലും അവരൊക്കെ മനസ്സിലുണ്ട്. കൂട്ടുകാരില്‍നിന്ന് ഒരുപാട് പഠിച്ചു. 


ഞങ്ങള്‍ 2009 ല്‍ ഫലസ്തീനിലും ഈജിപ്തിലും പോയി. 2010ല്‍ വീണ്ടും ഉംറയ്ക്ക് പോയി. ഇനിയും സൗകര്യം പോലെ റബ്ബിന്റെ സുന്ദരമായ ഈ ഭൂമിയില്‍ പാഠങ്ങള്‍ ഉള്ളിടത്ത് പോകണം. എന്നിട്ട് എഴുതണം, ഇന്‍ശാ അല്ലാഹ്.

ഫലസ്തീന്‍, ഈജിപ്ത് യാത്ര ഞാനെഴുതിയിട്ടുണ്ട്. നെറ്റിലൂടെ കുറേപ്പേര്‍ വായിച്ചിട്ടുണ്ട്. മഹാനായ ഇബ്‌റാഹിം (അ)യുടെ ജന്മനാടായ ഇറാഖിലും തുര്‍ക്കിയിലും ഇറാനിലും പോകണമെന്നുണ്ട്. നെറ്റിലൂടെ കിട്ടിയ മറ്റൊരു ഉസ്താദാണ് സിറിയക്കാരനായ അബ്ദുദ്ദാഇം കഹീല്‍. അദ്ദേഹത്തെപ്പറ്റി ഞാന്‍ പിന്നീടെഴുതാം. ഖുര്‍ആന്റെ അമാനുഷികതയുടെ ഒന്നാംനമ്പര്‍ സൈറ്റാണ് അദ്ദേഹത്തിന്റേത്. അദ്ദേഹവുമായി ഞാന്‍ കത്തിടപാട് നടത്താറുണ്ട്. അദ്ദേഹത്തിന് എന്നെ അറിയാം. അംറ്ഖാലിദിന് കത്തയച്ചെങ്കിലും ഒരു രക്ഷയുമില്ല. മില്യന്‍കണക്കാളുകള്‍ക്കിടയില്‍ ഇന്ത്യയിലെ, കേരളത്തിലെ, എറിയാട് എന്ന ഗ്രാമത്തിലെ എന്റെ കത്ത് എവിടെ എത്താന്‍?

എന്നെ കരയിപ്പിച്ച ഒരു സംഭവം കൂടി എഴുതി ഞാന്‍ ഈ കുറിപ്പ് നിര്‍ത്തട്ടെ. ഇക്കഴിഞ്ഞ തവണ ഉംറയ്ക്ക് പോയപ്പോള്‍ മിസ്‌രികളോട് പലരോടും അംറ്ഖാലിദിനെപ്പറ്റി അന്വേഷിച്ചു. അപ്പോള്‍ ഒരു സ്ത്രീ പറഞ്ഞു: 'ഇന്നലെ അംറ്ഖാലിദ് ഒറ്റയ്ക്ക് (ബോഡിഗാര്‍ഡൊന്നും ഇല്ലാതെ) ഇഹ്‌റാമോടുകൂടി ത്വവാഫ് ചെയ്യുന്നത് കണ്ടെന്ന്. ഞാനോര്‍ക്കുകയായിരുന്നു, മഹാന്മാരെ കാണാനും ഭാഗ്യം വേണമായിരിക്കും. പക്ഷേ, ഉള്ള് പറയുന്നുണ്ട്, എന്നെങ്കിലും, റബ്ബ് അദ്ദേഹത്തെ കാണാന്‍ ഒരു ഭാഗ്യം തരുമെന്ന്; അദ്ദേഹത്തിന്റെ ഏതെങ്കിലും ക്ലാസ്സില്‍ പങ്കെടുക്കാനും. ഞാന്‍ ആ സ്ത്രീയുടെ കൈയില്‍ ഒരു കുറിപ്പെഴുതിക്കൊടുത്തു; അംറ്ഖാലിദിനെ നിങ്ങള്‍ എപ്പോഴെങ്കിലും കാണുകയാണെങ്കില്‍ കൊടുക്കണമെന്നു പറഞ്ഞ്.


സരളമായ ശൈലി, ആരെയും വിമര്‍ശിക്കാത്ത മനുഷ്യന്‍. അതാണെന്ന് തോന്നുന്നു, അദ്ദേഹത്തെ മറ്റുപലരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. ഈയടുത്ത് അംറ്ഖാലിദ് മാഡ്രിഡില്‍ ഒരു സമ്മേളനത്തില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചത് യുട്യൂബിലും അതിന്റെ ലേഖനം അറബിയിലും ഉണ്ട്. അത് നമ്മള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. ഗംഭീര ക്ലാസ്സാണ്; സൗകര്യം പോലെ ഞാനത് വിവര്‍ത്തനം ചെയ്യാം. ഇന്‍ശാ അല്ലാഹ്.

5 comments:

  1. പലതും നേരില്‍ കാണുന്നതായി
    അനുഭവപ്പെട്ടു..
    തുടരുക യാത്രകള്‍
    നന്മ നേരുന്നു
    സിദ്ധിക്ക് പറവൂര്‍

    ReplyDelete
  2. ടീച്ചറുടെ ഹജ്ജ് യാത്രയും അനുഭവങ്ങളും നന്നായി .ഇഷ്ടമായി.അമ്ര് ഖാലിദിനെ കുറിച്ചുള്ള അറിവ് നല്‍കിയതിനു നന്ദി.
    മറ്റു പലരെയും കുറിച് അറിയിക്കുമെന്ന് കരുതുന്നു.ടീച്ചര്‍ക്ക്‌ അറബി ഭാഷ കൈകാര്യം ചെയ്യാന്‍ അനുഗ്രഹിച്ച അല്ലാഹുവിന്നു സ്തുതി.ഇവിടെ ഗള്‍ഫില്‍ എത്ര അറബികളുണ്ട്!അവര്‍ ഖുറാനില്‍ നിന്നും എത്ര അകലെ. അനേകായിരം ഖാതം അകലെ യുള്ള ടീച്ചര്‍ ചില അറബി ആനുകാലികങ്ങള്‍ അന്വേഷിച് കണ്ടെത്തി വായിക്കുന്നു. ഇവിടെ ഉള്ള എത്ര പേര്‍ക്ക് ആഴമുള്ള വായന ഉണ്ട് ? മുറ്റത്തെ മുല്ലക്ക് മണമില്ല.ചുരുക്കത്തില്‍-അറബിയായി ജനിച്ചാല്‍ മാത്രം ആരെങ്കിലും രക്ഷപ്പെടുമോ ? എങ്കില്‍ അബുജഹലും രക്ഷപ്പെടെണ്ടേ? അതിനും വേണം ഒരു നിയോഗം!! അള്ളാഹു കാക്കട്ടെ.

    ReplyDelete
  3. പിന്നെ ടീച്ചര്‍ ഇന്റര്‍ നെറ്റ് ലോകത്തേക്ക് എത്തിയത് അമ്ര് ഖാലിദിലുടെയാണ് എങ്കില്‍ എന്നെ ബുലോകത്തില്‍(ബ്ലോഗില്‍) എത്തിച്ചത് ടീച്ചരുറെ എഴുത്തുകളാണ് എന്നറിയിക്കുന്നു.
    ഓര്മയോടെ
    ആബിദ്

    ReplyDelete
  4. thank u for introdicing me Mr.Amr khaled the gr8 preacher

    ReplyDelete
  5. ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നല്ലേ ..വായിച്ചിട്ട് സങ്കടം വന്നു. നെറ്റില്‍ എത്തിയ കഥയും കൊള്ളാം

    ReplyDelete