Sunday, October 31, 2010

മഹത്‌വ്യക്തികളെ കുറ്റപ്പെടുത്തുന്നതിനുമുമ്പ് അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുക

ഇസ്‌ലാമിക് ബുള്ളറ്റിന്‍ എന്ന മെയില്‍ ഐഡിയില്‍നിന്ന് വന്ന ഒരു കുറിപ്പാണ് ഈ പ്രതികരണത്തിന്‌ പ്രേരകം. സയ്യിദ് ഖുതുബിന്റെ 'ജിഹാദ്' എന്ന പുസ്തകം സൗദിയില്‍ നിരോധിച്ചു എന്നും മൗദൂദിയെ ജമാഅത്തുകാര്‍ വലിച്ചെറിഞ്ഞു എന്നുമുള്ള പരാമര്‍ശങ്ങളുണ്ട് ആ മെയിലില്‍.

സയ്യിദ് ഖുതുബിനെ തൂക്കിലേറ്റിയത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഈജിപ്തിന്റെ ഭരണാധികാരിയാണ്. ഇത്തരം കാര്യങ്ങളിലൂടെയല്ല നാം ഓരോ മനുഷ്യരെയും വിലയിരുത്തേണ്ടത്. നാം മുന്‍വിധികളൊന്നുമില്ലാതെ നേരിട്ട് വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യണം. സയ്യിദ് ഖുതുബിന് ജിഹാദ് എന്ന പുസ്തകം ഉണ്ടോ എന്നും അറിയാന്‍ കഴിഞ്ഞില്ല. ഖുതുബിന് 'ജിഹാദ്' എന്ന പുസ്തകം ഉണ്ടെന്ന് അറിവുള്ളതായി ആരും പറയുന്നില്ല.


ഏതായിരുന്നാലും ഒരു രാജ്യം ഏതെങ്കിലും ഒരെഴുത്തുകാരന്റെ പുസ്തകങ്ങള്‍ നിരോധിച്ചതിനെ ആധാരമാക്കി ആ എഴുത്തുകാരനെയോ അദ്ദേഹത്തിന്റെ രചനകളെയോ വിലയിരുത്താന്‍ പാടില്ല. വളരെ  ആകര്‍ഷണീയവും ലളിതവുമായ ഇസ്‌ലാമിക പ്രബോധനത്തിന്റെ ഉടമയായ അംറ് ഖാലിദ് ഈജിപ്ഷ്യനാണ്. അദ്ദേഹത്തിന്റെ ഒരു പുസ്തകമോ സി.ഡിയോ ഈജിപ്തില്‍ ലഭ്യമല്ല. ഞാന്‍ ഈജിപ്തില്‍ പോയപ്പോള്‍ പല കടകളിലും അന്വേഷിച്ചു. അവസാനം ഞങ്ങളുടെ ഗൈഡ്, മിസ്‌രിയായ യാസിര്‍ പറഞ്ഞു: ഗവണ്മെന്റ് സമ്മതിക്കുന്നില്ല. പ്രസംഗിക്കുകയോ ക്ലാസ്സെടുക്കുകയോ ആവാം. പക്ഷേ, 'തസ്ജീലാത്ത്‌' പാടില്ല. ഉംറയ്ക്ക് പോയപ്പോള്‍ മിസ്‌രികളുമായി സംസാരിച്ചപ്പോള്‍ ഹുസ്‌നി മുബാറകിന്റെ സഹോദരഭാര്യ അംറ്ഖാലിദിന്റെ ക്ലാസ് മുഖേന ഹിജാബ് ധരിക്കാന്‍ തുടങ്ങിയത്രെ! ഉന്നതങ്ങളില്‍ പോലും കോളിളക്കം സൃഷ്ടിച്ചതിനാലാവാം ഭരണകൂടം അതിഷ്ടപ്പെടാത്തത് എന്നായിരുന്നു അവര്‍ പറഞ്ഞത്.

അതിനാല്‍, എന്റെ പ്രിയപ്പെട്ട വായനക്കാര്‍ സയ്യിദ് ഖുതുബിനെപ്പറ്റി കൂടുതല്‍ പഠിക്കുക. അദ്ദേഹം ചെയ്ത തെറ്റെന്തായിരുന്നു എന്ന്, അറബി പഠിച്ച്, അറബിയിലുള്ള 'ഫീ ളിലാലില്‍ ഖുര്‍ആന്‍' വായിച്ചു മനസ്സിലാക്കുക. മദീനയിലെ ലൈബ്രറിയിലും 'ഫീ ളിലാല്‍' ഇല്ലാ. ഖുതുബിന്റെയോ മൗദൂദിയുടെയോ ഒരു ബുക്കും ലഭിക്കില്ല. അവിടെ ഇല്ലാ എന്നത് നാം കാര്യമാക്കേണ്ടതില്ല. നാം സത്യത്തെ തേടുന്നവരായിരിക്കണം. അവരാരും തെറ്റുപറ്റാത്ത മാലാഖമാരോ പ്രവാചകരോ അല്ല. മറിച്ച്, തങ്ങളുടെ കാലഘട്ടത്തില്‍ 'ജീവിക്കുന്ന ഇസ്‌ലാമി'നെ പ്രബോധനം ചെയ്തവരും അതിന്റെ പേരില്‍ സ്വന്തം ജീവന്‍ വരെ സന്തോഷപൂര്‍വം വെടിഞ്ഞവരുമാണ്. ഖത്തറിലെ വയോധികനായ അബ്ദുല്‍ മുഇസ്സ് അബ്ദുല്‍ സത്താര്‍ ഉണ്ടത്രെ! നാസര്‍ ഭരണകൂടം മര്‍ദ്ദിച്ചതിന്റെ ഫലമായി ഒരു ചെവി പൊട്ടിപ്പോയത്രെ!

പ്രിയമുള്ളവരേ, അത്തരം മഹത്തുക്കളെ ചീത്തപറഞ്ഞ് നമ്മുടെ പാപഭാരം കൂട്ടാതിരിക്കാന്‍ കൂടിയാണ് ഈ കുറിപ്പ്. റബ്ബ് നമ്മെയും അവരെയും സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടിത്തരട്ടെ. ആമീന്‍. നമ്മില്‍നിന്നും അവരില്‍നിന്നും വന്നുപോയ വീഴ്ചകളെ റബ്ബ് മാപ്പാക്കിത്തരട്ടെ. ആമീന്‍.

അറബി അറിയുന്നവര്‍, വിമര്‍ശിക്കാനെങ്കിലും ഖുതുബിന്റെ 'ഫീ ളിലാലും' (ഇന്റര്‍നെറ്റില്‍ കിട്ടുമെന്ന് പറയുന്നു) മൗദൂദിയുടെ തഫ്ഹീമും വായിക്കാന്‍ ശ്രമിക്കുക. നമുക്കും അതില്‍നിന്നും നമ്മുടെ കാലഘട്ടത്തിനുള്ള വെളിച്ചം ലഭിക്കും, തീര്‍ച്ച. പ്രബോധനം നടത്തുന്നവര്‍ക്ക്, ഖുര്‍ആനെയും സുന്നത്തിനെയും പ്രകാശമായി സ്വീകരിക്കുന്നവര്‍ക്ക് ഈ ഗ്രന്ഥങ്ങള്‍ കൂടുതല്‍ വ്യക്തത നല്‍കും. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

യുവത - സമൂഹത്തിന്റെ സമ്പത്ത്‌

യുവത! ഏതൊരു പ്രസ്ഥാനത്തിന്റെയും സമ്പത്താണത്. ഇസ്‌ലാമിക പ്രസ്ഥാനവും ഈ സമ്പത്തുകൊണ്ട് അനുഗ്രഹീതമാണ്. ഇസ്‌ലാമികപ്രസ്ഥാനത്തെ യുവാക്കള്‍ ശരിക്ക് പഠിക്കേണ്ടതുണ്ട്. സദാചാര മൂല്യങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍ ജീവിക്കുന്ന നാം ഒരുപാട് ഉയര്‍ന്നുനില്‍ക്കേണ്ടതുണ്ട്. തീര്‍ച്ചയായും പ്രസ്ഥാനത്തിലെ യുവാക്കള്‍ക്ക് അതിനു കഴിയും; കഴിയണം. എല്ലാത്തിലും മുകളിലായി നിങ്ങള്‍ അല്ലാഹുവിനെയാണ് കണക്കിലെടുക്കേണ്ടത്. അതായത്, നിങ്ങള്‍ ഓരോ പ്രവര്‍ത്തനത്തിലും ഇത് ദൈവപ്രീതി ലഭിക്കുന്നതാണോ എന്ന് പരിശോധിക്കണം. മനസ്സില്‍ എന്തെങ്കിലും 'ചൊറിച്ചില്‍' അനുഭവിക്കുന്നുണ്ടെങ്കില്‍ ആ പ്രവര്‍ത്തനം ഉപേക്ഷിക്കുക. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി സ്വീകരിക്കേണ്ടത് പ്രവാചകനെയാണ്. നബി (സ) ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഈ പ്രവര്‍ത്തനം ഇഷ്ടപ്പെടുമോ എന്ന് ഇടക്കിടയ്ക്ക് പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ ഒത്തുനോക്കണം. നബി(സ)യുടെ ജീവിതചരിത്രം ശരിക്ക് നാം പഠിക്കേണ്ടതുണ്ട്. ഓരോ സമയത്തും, ഓരോ കാര്യങ്ങളിലും മുത്തുനബി (സ) എടുത്ത തീരുമാനങ്ങള്‍, പെരുമാറ്റ രീതികള്‍ ഒക്കെ വായിച്ചു പഠിച്ച് നിങ്ങള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തണം.

നിങ്ങള്‍ക്ക് റബ്ബിന്റെ ദീനറിയാവുന്ന ആത്മമിത്രങ്ങള്‍ ഉണ്ടാകണം. ഏത് പ്രതിസന്ധിയിലും അത്താണിയും താങ്ങും ആകാന്‍ പറ്റുന്ന വിശ്വസ്തരായ കൂട്ടുകാര്‍ ഉണ്ടാവണം. ഞാന്‍ കരുതുന്നത്, നിങ്ങള്‍ (ആണായാലും പെണ്ണായാലും) ഉമ്മയെ ഉറ്റസുഹൃത്താക്കുക. ഉമ്മാക്ക് നിങ്ങളുടെ പ്രതിസന്ധികളില്‍ കൈത്താങ്ങാവാന്‍ കഴിയും. ഇനി കഴിയില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ മുതിര്‍ന്ന ദീനീസുഹൃത്തുക്കളെ, അധ്യാപികമാരെ, അധ്യാപകരെ ഉമ്മാടെ സ്ഥാനത്ത് കണ്ട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടേണ്ടതാണ്. ഞാന്‍ മനസ്സിലാക്കുന്നത്; (പല കൗണ്‍സലിങ്ങുകളിലും) എല്ലാ മനുഷ്യരിലും ഒരു നാലുവയസ്സുള്ള കുട്ടികൂടിയിരിക്കുന്നുണ്ട്. മാതാവിന്റെ സ്‌നേഹം നല്‍കാന്‍ പക്വതയുള്ള ഒരു സ്ത്രീക്ക് കഴിയും. ദീര്‍ഘമായ മാസങ്ങളുടെ കൗണ്‍സലിംഗ് കഴിഞ്ഞപ്പോള്‍ ഒരു എന്‍ജിനിയറിങ് വിദ്യാര്‍ഥി എന്നോട് പറയുകയുണ്ടായി: 'നിങ്ങളെ ഞാന്‍ കണ്ടിരുന്നില്ലായിരുന്നെങ്കില്‍, ഒന്നുകില്‍ ഞാനൊരു വേശ്യയുടെ അടുത്ത്, അല്ലെങ്കില്‍ ഒരു കന്യാസ്ത്രീ അമ്മയുടെ അടുത്ത് എത്തിപ്പെടുമായിരുന്നു' എന്ന്.

പാദം ഇടറാന്‍ ഏറെ സാധ്യതയുള്ള യുവത്വം. അത് നിങ്ങള്‍ കൊണ്ടുനടക്കേണ്ടത്, (ഒരു മഹാന്‍ പറഞ്ഞപോലെ) പുതിയ ഒരു വാഹനത്തെ സൂക്ഷിക്കും പോലെയാവണം. തട്ടും മുട്ടും ഇല്ലാതെ, പോറലുകളില്ലാതെ കൊണ്ടുനടക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. പുതിയ വണ്ടി ഒന്ന് എവിടെയെങ്കിലും ഉരസിയാല്‍ നിങ്ങള്‍ എത്രമാത്രം ടെന്‍ഷനടിക്കുമോ അതുപോലെ യുവത്വത്തിന്റെ പോറലുകളെ നിങ്ങള്‍ കണക്കിലെടുത്താല്‍ നിങ്ങള്‍ വിജയിച്ചു. നിങ്ങള്‍ക്ക് ആയിരക്കണക്കിന് യുവാക്കള്‍ക്ക് സമാധാനവും സന്തോഷവും ഉണ്ടാക്കിക്കൊടുക്കാന്‍ സാധിക്കും. ഇപ്പോള്‍ മനസ്സിലായിക്കാണും, നിങ്ങള്‍ ഈ പ്രസ്ഥാനത്തിന്റെ അവശ്യഘടകമാണെന്ന്.

അവസാനമായി, ''ദൈവികാടിമത്വത്തില്‍ യുവത്വം കഴിച്ചുകൂട്ടിയവനെ' നബി (സ) ഉന്നതന്മാരിലാണ് എണ്ണിയിരിക്കുന്നത്. യാതൊരു തണലും ഇല്ലാത്ത അന്ത്യദിനത്തില്‍ അല്ലാഹുവിന്റെ പ്രത്യേക തണല്‍ ലഭിക്കുന്നവരില്‍ നിങ്ങള്‍ക്കും സ്ഥാനമുണ്ട്. ഓര്‍ക്കുക, ഐഹിക ജീവിതം പരലോകത്തിന്റെ കൃഷിയിടമാണ്. നല്ല വിത്തിറക്കി, അധ്വാനിച്ച്, നൂറുമേനി കൊയ്യാന്‍ കഴിയുന്നവരില്‍ റബ്ബ് നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

Saturday, October 30, 2010

ഇവര്‍ ആധുനിക ഫറോവമാര്‍

ബഹുമാന്യ സഹോദരങ്ങളേ,

ഞാനെഴുതിയ കുറിപ്പുകള്‍ക്ക് ഒരുപാട് വായനക്കാരുള്ളതായി ഞാന്‍ മനസ്സിലാക്കുന്നു. ഏതായിരുന്നാലും വായനക്കാര്‍ വളരെ സന്തുഷ്ടരാണ്. ജാതി-മത-പാര്‍ട്ടി ഭേദമന്യേ വായിക്കാന്‍ പറ്റുന്ന വിഷയങ്ങളാണ്. ഞാന്‍ അറബി അധ്യാപികയായതിനാല്‍ ചില വാക്കുകള്‍ അറബി വന്നുപോകുന്നുണ്ട്. മനസ്സിലാകാത്ത വാക്കുകള്‍ എന്താണെന്ന് മനസ്സിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ഉദാ: തര്‍ബിയത്ത് = സംസ്‌കരണം. ശിര്‍ക്ക് = ബഹുദൈവാരാധന, ദൈവത്തില്‍ പങ്കുചേര്‍ക്കല്‍. അറബി അറിയാത്തവരും എന്റെ വായനക്കാരില്‍ ഉണ്ടെന്നുള്ളതിനാല്‍ ഞാന്‍ ഇനി അക്കാര്യം ശ്രദ്ധിച്ചുകൊള്ളാം. ഇന്‍ശാ അല്ലാഹ് - (ഇതിന്റെ അര്‍ഥം എല്ലാവര്‍ക്കും അറിയാമല്ലോ?)

മറ്റൊന്ന്, എനിക്ക് ലോകത്തിന്റെ പല ഭാഗത്തും chat friends ഉണ്ട്. അവരില്‍ മലയാളം അറിയാത്തവര്‍ ഉണ്ട്. ഇംഗ്ലീഷ് മാത്രം അറിയുന്നവരും അറബി മാത്രം അറിയുന്നവരും ഉണ്ട്. അതിനാല്‍, ഞാനിതുവരെ എഴുതിയ ലേഖനങ്ങളില്‍ നല്ലത് തിരഞ്ഞെടുത്ത് ആരെങ്കിലും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ ഉപകാരപ്രദമായിരിക്കും. ഞാന്‍ ഇടയ്ക്ക് ഇനി അറബിയിലും എഴുതും. അത് ചിലപ്പോള്‍ എനിക്കുതന്നെ മലയാളത്തിലേക്ക് എഴുതാന്‍ കഴിയില്ല. മനസ്സിന് സന്തോഷം തരുന്ന പരിപാടിയാണല്ലോ എഴുത്ത്. അത് ഒരുതവണ നടന്നുകഴിഞ്ഞാല്‍ വീണ്ടും അത് ചെയ്യാന്‍ മാനസികമായ സന്തോഷം ഉണ്ടാകില്ല. അതിനാല്‍ അക്കാര്യവും ആരെങ്കിലും ചെയ്തുതരണം. പടച്ചവന്റെയടുത്ത് പ്രതിഫലാര്‍ഹമായ ഒരുകാര്യമായിരിക്കും അതെന്ന് കരുതുന്നു. അതിനാല്‍, ഇക്കാര്യത്തില്‍ താല്‍പര്യമുള്ളവര്‍ ദയവുചെയ്ത് sabeedha@gmail.com എന്ന ഐ.ഡിയില്‍ അറിയിക്കുക. സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍.

മറ്റൊന്ന്, നാടു മുഴുവന്‍ വികസനമുന്നണിയെപ്പറ്റിയുള്ള ചര്‍ച്ചകളാണ്. ഞങ്ങളുടെ സ്റ്റാഫ്‌റൂം നല്ല മനുഷ്യരെക്കൊണ്ട് നിറഞ്ഞതാണെന്ന് ഞാന്‍ പറഞ്ഞിരുന്നല്ലോ. എന്നാലും, ഇന്നലെ ഒരു യു.ഡി.എഫ്. പ്രവര്‍ത്തകന്‍ നമ്മില്‍ വര്‍ഗീയത ആരോപിച്ചുകൊണ്ട് സംസാരിച്ചതായി മറ്റൊരു ടീച്ചര്‍ പറഞ്ഞു. 'ടീച്ചര്‍, നാട് മുഴുവന്‍ നമ്മെ വര്‍ഗീയവാദികളാക്കുന്നു! ഇത് മാറ്റാന്‍ എന്ത് വഴി' എന്ന്. ഞാന്‍ പറഞ്ഞു: ഒരു നുണ കുറേ ആള്‍ക്കാര്‍ ഒന്നിച്ചു പറയുന്നു. താനേ മാറിക്കൊള്ളും. നമ്മെ തിരിച്ചറിഞ്ഞ ആരും നമ്മില്‍ വര്‍ഗീയത ആരോപിക്കില്ലല്ലോ. മോള്‍ വിഷമിക്കേണ്ട.

ഞാന്‍ ഓര്‍ക്കുകയാണ്, പണ്ട് പ്രവാചകന്മാര്‍ ദൈവം ഏകനാണെന്നും നാട്ടിലുള്ള തിന്മകള്‍ അവസാനിപ്പിക്കണമെന്നും ഉള്ള ആഹ്വാനവുമായി വന്നപ്പോഴും ഇതൊക്കെത്തന്നെയല്ലേ മറുപക്ഷവും പറഞ്ഞത്. മൂസാ (അ) വന്നപ്പോള്‍ ഫറോവ പറഞ്ഞില്ലേ? - നീ നാട് കുട്ടിച്ചോറാക്കാന്‍ വന്നവനല്ലേ എന്ന്. എന്നാല്‍, ഫറോവ ചെയ്തിരുന്നതെന്താണ്? താല്‍പര്യങ്ങളുടെ പേരില്‍ ജനങ്ങളെ കക്ഷികളാക്കുകയായിരുന്നു. ആധുനിക ഫറോവമാരും ചെയ്യുന്നതതുതന്നെ.

പ്രിയപ്പെട്ട മനുഷ്യാ, നീ ഇക്കൂട്ടരുടെ കാട്ടിക്കൂട്ടലുകളില്‍നിന്ന് സത്യവും നീതിയും എന്താണെന്ന് പഠിക്കുക. ഇന്നലെ ചര്‍ച്ചയുടെ ഒടുവില്‍ ഒരു ടീച്ചര്‍ പറഞ്ഞു: മോള്‍ ഒരു കാര്യം ചെയ്യ്. എന്താണ് വര്‍ഗീയത എന്ന് ബ്ലോഗില്‍ ഒരു ചര്‍ച്ചവെക്ക് എന്ന്. നോക്കൂ, നാട് മുഴുവന്‍ നമുക്കെതിരില്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരില്‍ സുമനസ്സുകളുടെ ശക്തമായ പിന്‍ബലമുണ്ട്. ആ സഹോദരി പറഞ്ഞ ഒരുപാട് അനുഭവങ്ങള്‍ നമുക്ക് പ്രചോദനമാണ്. അവസാനം പറഞ്ഞു: ചിലപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി എന്നതിലെ 'ഇസ്‌ലാമി' കണ്ടിട്ടാവും എന്ന്. എന്തൊരു നിഷ്‌കളങ്കമായ നിഗമനം. കഴിഞ്ഞ പോസ്റ്റിലെ അവസാന വാക്കുകളാണ് ആ ടീച്ചറെ കൂടുതല്‍ ആകര്‍ഷിച്ചതെന്ന് - നിങ്ങളില്‍ ഒരാളെങ്കിലും ഉണ്ടല്ലോ എന്ന വാചകം.

വാല്‍ക്കഷണം: അതേ, നാം വര്‍ഗീയവാദികളാണ്. മഹല്‍സൃഷ്ടിയായ മനുഷ്യന്‍ എന്ന വര്‍ഗത്തിന്റെ വിമോചനം മനസ്സിലുറപ്പിച്ച്, സമാധാനപരമായി നീങ്ങുന്ന വര്‍ഗീയവാദികള്‍. 

നിര്‍ത്തട്ടെ. ശുഭം!!!

Thursday, October 28, 2010

നന്മ വറ്റിയിട്ടില്ലാത്തവര്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മെ അംഗീകരിക്കും

ഇലക്ഷന്‍ റിസള്‍ട്ടുകള്‍ മുന്നില്‍ വെക്കുമ്പോള്‍ സത്യത്തിന്റെയും നീതിയുടെയും ആള്‍ക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയുണ്ട്. കാതിക്കുടത്തെ വിജയം തീര്‍ച്ചയായും സന്തോഷകരം തന്നെ. ജെ.വി.എസ്സിന്റെ അതേ ലക്ഷ്യങ്ങളോടെ തന്നെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സമിതിയാണവിടെ ജയിച്ചത്. ഞാനാ സ്ഥലത്ത് ഒരു മെഡിക്കല്‍ ക്യാമ്പിന് പോയിരുന്നു. സോളിക്കുട്ടികള്‍ എന്ന് മുജാഹിദും സുന്നികളും ഒപ്പം പരിഹസിക്കുന്ന, ആ പാവങ്ങളായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. എന്റെ മകന്‍ ഡോ. ഹാഷിം അവിടെ അരദിവസം സേവനമനുഷ്ഠിച്ചു. കിട്ടുന്ന എല്ലാം സത്യത്തിന്റെയും നീതിയുടെയും സംസ്ഥാപനത്തില്‍ ചിലവഴിക്കുക എന്ന എന്റെ നയത്തിന് തീര്‍ത്തും ഉചിതമായാണ് ഞാനവനെ നിര്‍ബന്ധിച്ച് അവിടെ കൊണ്ടുപോയത്.

സോളിഡാരിറ്റിക്കാരുടെ പ്രവര്‍ത്തനം നേരില്‍ കാണുന്ന ആരും - കുശുമ്പന്മാരല്ലാതെ - അതിനെ വിലകുറച്ചുകാണില്ല. ഇന്ന് കേരളത്തില്‍ ജനപക്ഷ സമരങ്ങളുടെ ചുക്കാന്‍ സോളിഡാരിറ്റിക്കാരുടെ കൈകളിലാണ്. തീര്‍ച്ചയായും, ഇന്നല്ലെങ്കില്‍ നാളെ അവരെ പ്രബുദ്ധകേരളം അംഗീകരിക്കുക തന്നെ ചെയ്യും - ഒരുപക്ഷേ, അവരില്‍ തര്‍ബിയത്ത് കുറവുകള്‍ കണ്ടെന്നിരിക്കാം. അത് മുതിര്‍ന്നവര്‍ പറഞ്ഞ് തിരുത്തിക്കൊടുക്കലാണല്ലോ ശരി. എന്നാലും, നന്മ പ്രതീക്ഷിക്കുന്ന എല്ലാവര്‍ക്കും സോളിഡാരിറ്റിയെപ്പറ്റി പ്രതീക്ഷ തന്നെയാണ്.

ഇത്ര ശക്തമായ സോളിഡാരിറ്റി ഉണ്ടായിട്ടും എന്തേ വലിയ മുന്നേറ്റം നടക്കാത്തത് എന്ന് ചിലര്‍ ചോദിക്കുന്നു. അതിനെങ്ങനെയാണ്? എല്ലാവരും - യു.ഡി.എഫ്-എല്‍.ഡി.എഫ്-മുജാഹിദ്-സുന്നി - എല്ലാവിധ ആരോപണങ്ങളും കൊണ്ട് മൂടിയ ഒരുസംഘം എങ്ങനെ രക്ഷപ്പെടും? ഈ കാട്ടാളക്കൂട്ടത്തില്‍നിന്ന് ഉയര്‍ന്നുവന്ന വിജയവും കുറേ രണ്ടാംസ്ഥാനവും തീര്‍ച്ചയായും സ്വര്‍ണത്തിളക്കമാര്‍ന്നതാണ്, സംശയമില്ല. അതുപോലെ ഞങ്ങള്‍ക്ക് കിട്ടിയ വോട്ടുകള്‍ കള്ളിന്റെയും 'പെണ്ണി'ന്റെയും വാടയില്ലാത്തതാണ്. എനിക്ക് വാര്‍ഡിലേക്കും ബ്ലോക്കിലേക്ക് (17-ല്‍ നിന്ന്) സ്വാലിഹിനും കിട്ടിയ വോട്ടുകള്‍ തുല്യം. രണ്ടെണ്ണത്തില്‍ മാത്രം വ്യത്യാസം. എന്നാല്‍ എല്‍.ഡി.എഫിന് വന്‍വ്യത്യാസം, ഇരുവോട്ടുകളും. പി.ഡി.പിക്ക് മറ്റു വാര്‍ഡുകളില്‍ കുറഞ്ഞ വോട്ടും 17ല്‍ കൂടുതല്‍ വോട്ടും. നമുക്കിതൊക്കെ പുതിയ അറിവുകളല്ലേ? ഞാനത് നിങ്ങളോട് പങ്കുവെക്കുകയാണ്. തീര്‍ച്ചയായും എല്ലാവരും വോട്ട്കച്ചവടം നടത്തി എന്നുറപ്പ്.

ഞാന്‍ ഇന്നലെ സ്‌കൂളില്‍ ചെന്ന് പറഞ്ഞു: എനിക്കും റുഖിയാക്കും കിട്ടിയ വോട്ടുകള്‍ ശുദ്ധവോട്ടുകളാണ്. കാശ് കൊടുക്കാത്ത വോട്ടുകളാണ്. സുഷമ (ടീച്ചര്‍) പറഞ്ഞു: ഈ തിന്മക്കെതിരെ എഴുന്നേറ്റുനില്‍ക്കാനെങ്കിലും ശ്രമിച്ച നിങ്ങളെ ഞങ്ങള്‍ മനസ്സറിഞ്ഞ്, ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. മനസ്സുകളില്‍ നന്മ വറ്റിയിട്ടില്ലാത്തവര്‍ ഇന്നല്ലെങ്കില്‍ നാളെ നമ്മെ അംഗീകരിക്കുമെന്നുറപ്പ്.

ഒരു യു.ഡി.എഫുകാരന്‍ എന്നോട് ചോദിച്ചു: എങ്ങനെ നിങ്ങള്‍ക്ക് ഒരു സീറ്റെങ്കിലും കിട്ടി എന്ന്. ഞാന്‍ തിരിച്ചടിച്ചു: 'കള്ളവോട്ട് ചെയ്തിട്ട് - മതിയോ?' രാഷ്ട്രീയ ശിര്‍ക്കിനെ തിരിച്ചറിയുകയാണ് നാം ഇതിലൂടെ. ജനം രാഷ്ട്രീയപ്പാര്‍ട്ടികളുടെ അടിമകളായി മാറിക്കഴിഞ്ഞു. വിഗ്രഹാരാധനയേക്കാള്‍ വലിയ ശിര്‍ക്കായിപ്പോയി ഇത്. കാരണം, അസത്യം അഴിഞ്ഞാടുമ്പോള്‍, പാര്‍ട്ടി എന്ന ദൈവത്തിനുവേണ്ടി ജീവിക്കുന്നവര്‍. ഞാനുറപ്പു പറയുന്നു, ഞങ്ങള്‍ക്ക് ഞങ്ങളെ മനസ്സിലാകാത്തവരുടെ വോട്ട് ലഭിച്ചില്ലാ എന്നത് ഹൃദയത്തില്‍ വല്ലാത്ത സന്തോഷമുണ്ടാക്കുന്നു. എല്ലാ സ്ഥാനാര്‍ഥികളും വോട്ട് തന്നവരോട് ശക്തമായ ബന്ധം പുലര്‍ത്തും എന്ന തീരുമാനത്തിലാണ്.

ഒരു വോട്ട് കിട്ടിയവരെ പരിഹസിക്കുന്ന, കെ.എം.ഐ.സി, എം.ഐ.സി എന്നീ ബ്ലോഗുകാര്‍ ഇരുന്ന് പരിഹസിക്കട്ടെ. ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഒരു വോട്ടെങ്കിലും കിട്ടിയല്ലോ. ഒരു മനുഷ്യനെങ്കിലും ഉണ്ടല്ലോ കാര്യം തിരിഞ്ഞവനായി. ലൂത്ത്‌നബി (സ) ചോദിച്ചില്ലേ? 'ഒരാളെങ്കിലും ഇല്ലേ നിങ്ങളില്‍ ബോധമുള്ളവനായിട്ട്?' മൊത്തം നശിപ്പിക്കപ്പെടാതിരിക്കാന്‍ ആ ഒരു വോട്ട് പ്രധാനം.

'ധ്രുവദീപ്തി'

 'ധ്രുവദീപ്തി' എന്നറിയപ്പെടുന്ന പ്രതിഭാസത്തിന്റെ ചിത്രമാണിത്. ആകാശപ്രതലത്തെ വര്‍ണാഭമാക്കുന്ന ശോഭയുള്ള നിറങ്ങളുടെ ചേരുവയാണിത്. ഇക്കാലഘട്ടത്തിലാണ് ശാസ്ത്രജ്ഞര്‍ക്ക് ഇത് വിശദീകരിക്കാന്‍ കഴിഞ്ഞത്. സൂര്യന്‍ ടണ്‍കണക്കിന് രശ്മികളെയാണ് പുറത്തേക്കു വിടുന്നത്. ഈ രശ്മികള്‍ ഭൂമിയുടെ ശക്തമായ ആകര്‍ഷണ വലയത്തില്‍പ്പെട്ട് ധ്രുവപ്രദേശങ്ങളില്‍ വികിരണം നടക്കുന്നു. അങ്ങനെയാണ് ഇത്തരം നിറങ്ങള്‍ ഉണ്ടാകുന്നത്‌. ഖുര്‍ആന്‍ പറയുന്നു: 'ദീപ്തിയെക്കൊണ്ട്‌ നാം സത്യം ചെയ്യുന്നു. രാത്രിയും അതുള്‍ക്കൊണ്ടിട്ടുള്ളതിനെക്കൊണ്ടും സത്യം.'
ഇത് അല്ലാഹുവിന്റെ മഹത്വത്തെ വിളിച്ചോതുന്നില്ലേ? സുബ്ഹാനല്ലാഹ്...

Courtesy:  www.kaheel7.com

Wednesday, October 27, 2010

ഞാന്‍ കൂടുതല്‍ സ്വതന്ത്രയായി

എന്റെ സുഹൃത്തുക്കള്‍ക്ക് പലതരം സംശയങ്ങളുണ്ട്. എല്ലാത്തിനും മറുപടി പറയാന്‍ പറ്റുമോ എന്നറിയില്ല. എന്നാലും, മതം രാഷ്ട്രീയത്തില്‍ ഇടപെടേണ്ട എന്നാണ്‌ ഒരു വലിയ വാദം. മതം ജീവിതത്തില്‍ മുഴുവന്‍ ഇടപെടണം. എല്ലാ മതങ്ങളെയും എല്ലാവരും പഠിക്കുക. എന്നിട്ട് തീരുമാനിക്കുക. ഏത് മതം രാഷ്ട്രീയത്തില്‍ ഇടപെട്ടാലാണ് നല്ലത് എന്ന്. ഇതില്‍ എന്ത് വര്‍ഗീയതയാണുള്ളത്? മുജാഹിദുകള്‍ പലതും പറയുന്നുണ്ട്.
അവര്‍ യഥാര്‍ഥ വിശ്വാസികളാണെങ്കില്‍, മൂല്യങ്ങള്‍ക്ക് സ്ഥാനം കൊടുക്കാനുള്ള ജമാഅത്തിന്റെ ഈ ശ്രമത്തെ അംഗീകരിച്ചേനെ. മറിച്ച്, അവര്‍ ജമാഅത്ത് പറഞ്ഞു എന്നതിന്റെ പേരില്‍, അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണുണ്ടായത്. എനിക്ക് തോന്നുന്നത് ഈ സംഭവത്തെ മുജാഹിദുകള്‍ എതിര്‍ക്കുന്നത് റബ്ബിന്റെയടുത്ത് കുറ്റകരമായിരിക്കും. മറ്റുള്ളവര്‍ അവരുടെയത്ര വലിയ അറിവുള്ളവരല്ലല്ലോ.


ഇവിടെ തിന്മ അരങ്ങു തകര്‍ക്കുകയല്ലേ? ഇന്നുതന്നെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കള്ളും വാങ്ങിക്കൊടുത്തല്ലേ ജാഥ വിളിപ്പിക്കുന്നത്? അല്‍ഹംദുലില്ലാഹ്, ഞങ്ങള്‍ക്ക് കിട്ടിയ വോട്ടുകള്‍ കറ പുരളാത്ത വോട്ടുകളാണ്. നിഷ്‌കളങ്ക ഹൃദയങ്ങളില്‍ നിന്നുള്ള വോട്ടുകളാണ്. തോറ്റാലും വോട്ടിന്റെ പരിശുദ്ധി ആ തോല്‍വിയെ ഉന്നതമാക്കുന്നു. ഞങ്ങള്‍ക്കാരോടും കടപ്പാടില്ലാതാക്കിയിരിക്കുന്നു. അല്‍ഹംദുലില്ലാഹ്. ഈ വോട്ട് തന്നവര്‍ ആരൊക്കെയാണെന്ന് ഞങ്ങള്‍ക്കേതാണ്ട് ഒരുവിധം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ പ്രബോധന മാര്‍ഗത്തില്‍ ഞങ്ങളവരെ സഹകാരികളാക്കും, അവര്‍ക്ക് തര്‍ബിയത്ത് കൊടുക്കും.

എനിക്ക് തോന്നുന്നത്, ഞാന്‍ തോറ്റതിലൂടെ ഞാന്‍ കൂടുതല്‍ സ്വതന്ത്രയായ പോലെയാണ്. ചിലപ്പോള്‍ വാര്‍ഡ് മെമ്പര്‍ ഇസ്‌ലാം (വര്‍ഗീയത) പറഞ്ഞു എന്നും പറഞ്ഞ് ബഹളം വെക്കുമായിരുന്നു. ഞാനിപ്പോള്‍ സ്വതന്ത്രയാണ്. എന്റെ വാര്‍ഡില്‍ തീര്‍ച്ചയായും ഞാന്‍ ജമാഅത്തിന്റെ എല്ലാ പരിപാടികളും നടത്തി അഞ്ചുകൊല്ലം കൊണ്ട് ശുദ്ധീകരിക്കാന്‍ ശ്രമിക്കും. ഒറ്റ ജമാഅത്ത് കാര്‍ക്കൂനും ഇല്ലാത്ത വാര്‍ഡായിരുന്നു ഞാന്‍ നിന്നത് - എനിക്കെന്തായാലും അടങ്ങിയിരിക്കാനാവില്ല. ജയിച്ച മെമ്പര്‍ക്ക് സുഖസുന്ദരമായി സാഹിത്യം വായിക്കാന്‍ കൊടുക്കാം. നമ്മുടെ ടേബിള്‍ടോക്കുകള്‍ക്ക് വിളിക്കാം. അല്പമെങ്കിലും ബോധം കയറ്റിക്കൊടുത്തില്ലെങ്കില്‍ ശരിയാവില്ല. അവരൊക്കെ പാര്‍ട്ടിക്കാരുടെ കൈയിലെ പാവകളായി മാറും.

പ്രിയമക്കളേ, സബിത ടീച്ചര്‍ക്ക് ഇനിയാണ് പ്രവര്‍ത്തിക്കാനുള്ളതെന്ന് തോന്നുന്നു. എറിയാട് ഏരിയ രണ്ട് ആക്കിയാല്‍ നന്നായിരിക്കും. ഞങ്ങളുടെ ഹല്‍ഖകളും ഖുര്‍ആന്‍ സ്റ്റഡി സെന്ററുകളും ശക്തിയുള്ളിടത്തു നിന്നാണ് വോട്ട് കുറച്ചെങ്കിലും കിട്ടിയത്. ബി.ജെ.പിക്കാര്‍ക്കും പുസ്തകങ്ങളും തൗഹീദും പറയാന്‍ തോല്‍വി തന്നെ ഏറ്റവും വലിയ വാതില്‍. സര്‍വശക്താ, ഞങ്ങളെ തിരിച്ചറിയാത്തവരാണ് പലരും. അവര്‍ക്ക് നീ നല്ല ബുദ്ധി കൊടുക്ക്. ആരൊക്കെ ഞങ്ങളെ ഇലക്ഷനില്‍ തകര്‍ക്കാന്‍ ശ്രമിച്ചു എന്ന് ഞങ്ങളറിഞ്ഞിട്ടുണ്ട്. പകരം ചോദിക്കുന്നില്ല. ശാപപ്രാര്‍ഥന നടത്തുന്നില്ല. പ്രവാചകന്മാരുടെ കാലത്ത് മുനാഫിഖുകള്‍ ഉണ്ടായിരുന്നുവല്ലോ. ക്ഷമ തന്നെ ആയുധം. ഞങ്ങള്‍ മനസ്സിലാക്കിയ ഇസ്‌ലാമിനെ മരണം വരെ ഈ ജനതയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചുകൊണ്ടേയിരിക്കും. നാഥാ, നീ മാത്രം തുണ.

Tuesday, October 26, 2010

സ്ഥാനാര്‍ഥിയുടെ ചിരിയറിയാതെ...

സ്ഥാനാര്‍ഥിയായി പോളിംഗ് ബൂത്തില്‍ നില്‍ക്കുക എന്നത് ഏറ്റവും പ്രയാസമുള്ള കാര്യംതന്നെ. ആള്‍ക്കാരെ കണ്ട് കൃത്രിമമായി ചിരിക്കേണ്ട സ്ഥലം. മനഃസാക്ഷിക്കെതിരെ ഒരിക്കലും പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത ആളാണ് ഞാന്‍. അവിടെ അധികം സ്‌നേഹം കാട്ടാന്‍ പാടില്ല. എന്നാല്‍, എല്ലാവരോടും ചിരി ഫിറ്റ്‌ചെയ്ത് നില്‍ക്കണം. എന്റമ്മോ! എനിക്കൊട്ടും പറ്റാത്ത പണി. ഞാനാരും ഉപദേശിച്ചുതന്നത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ചിരി ഒരുപാട് ഇഷ്ടപ്പെടുന്ന എനിക്ക് ആവശ്യമില്ലാതെ ചിരിക്കാനും അറിയില്ല. എന്തൊരു കഷ്ടമാണ്! ഈ വക ജാഡകള്‍ കളഞ്ഞ് ഞാന്‍ മറ്റൊരു സന്തോഷപ്രദമായ ഇടം കണ്ടെത്തി. ജയിംസ് (സാങ്കല്പിക നാമം) എന്ന പോലീസുകാരനുമായി ഇലക്ഷനില്‍ ഞാന്‍ പങ്കെടുത്തതിനെപ്പറ്റിയും മറ്റും വിശദമായി സംസാരിച്ചു. അദ്ദേഹം വളരെ തുറന്ന മനസ്സോടെ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരുമണിക്കൂറോളം സംസാരിച്ചുകാണും. അദ്ദേഹം പറയുകയല്ലേ, ടീച്ചര്‍, ഇത് മനുഷ്യരില്‍ സ്വാധീനം ചെലുത്താതിരിക്കില്ല. അല്പമെങ്കിലും ചിന്താശേഷിയുള്ളവരൊക്കെ ചിന്തിക്കും. കാലം കുറച്ചു കഴിഞ്ഞാലും ഇതിനൊക്കെ വേരോട്ടം ലഭിക്കും. അവസാനം അഞ്ചുമണിക്ക് പോരാന്‍ നേരം അദ്ദേഹം പറഞ്ഞു: 'ടീച്ചര്‍, എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കണം കേട്ടോ'. എന്റെ ഇലക്ഷന്‍ ദിവസത്തെ ഏറ്റവും സന്തോഷപ്രദമായ പ്രവര്‍ത്തനം ഇതായിരുന്നു. സര്‍വശക്തന്‍ പ്രതിഫലം നല്‍കട്ടെ. ആമീന്‍.

എന്നോട് എതിര്‍പാര്‍ട്ടിയിലെ ഒരു പയ്യന്‍ ചോദിച്ചു: എന്താണിത്ര മുഖപ്രസന്നത എന്ന്. ടീച്ചര്‍ ജയിക്കുകയില്ലല്ലോ. ഞങ്ങളും ജയിക്കില്ല. ഞാന്‍ പറഞ്ഞു. പൊന്നുമോനേ, ടീച്ചര്‍ തോറ്റാലും ഇതേ പ്രസന്നത ഉണ്ടാകും. ടീച്ചര്‍ക്ക് മെമ്പര്‍സ്ഥാനം ഈ കല്ലിന്‍കഷണം പോലെയേയുള്ളൂ. സ്ഥാനാര്‍ഥികളുടെ മുഖത്ത് അമ്പരപ്പ് ഉണ്ടാകുമല്ലേ. മുഖം മനസ്സിന്റെ കണ്ണാടി അല്ലേ. ഇന്ന് വോട്ടെണ്ണലിനു പോകയാണ്. ഇനി ഒരിലക്ഷന്‍ വന്നിട്ടുവേണ്ടേ അതൊന്നു കാണാന്‍. ആ മാമാങ്കം കൂടി ഏതായാലും കാണാമെന്നുതന്നെ കരുതുന്നു. ഇന്‍ശാ അല്ലാഹ്.

ഇലക്ഷന്‍ വളരെ ആഴത്തില്‍ പഠിച്ചു എന്നതും വലിയൊരു നേട്ടം തന്നെ. വേണമെങ്കില്‍ ഇനി ഒരു നിയോജകമണ്ഡലം മൊത്തം ഇലക്ഷന്‍ നടത്താനുള്ള അറിവ് ഞാന്‍ നേിട്ടിയിട്ടുണ്ട്. ഉഷാറല്ലേ. എന്തായാലും നമ്മുടെ പ്രസ്ഥാനത്തിന് കിട്ടിയ അസുലഭമായ അറിവാണിത്. പണ്ട് അവിചാരിതമായി സബ്ജില്ലാ യുവജനോത്സവ കണ്‍വീനറാകേണ്ടിവന്ന ഓര്‍മയാണിപ്പോള്‍ - എല്ലാം വളരെ കൃത്യമായി ചെയ്യാനും ചെയ്യിക്കാനുമുള്ള പരിചയം കിട്ടി. അവസാനം, ടീമുമായി ജില്ലയിലെത്തി. എല്ലാവര്‍ക്കും ഭക്ഷണക്കൂപ്പണ്‍ കൃത്യമായി എത്തിച്ചുകൊടുത്തപ്പോള്‍, കോണ്‍വെന്റുകാര്‍ പറഞ്ഞു: ഇനി എല്ലാക്കൊല്ലവും ടീച്ചറായാല്‍ മതി കണ്‍വീനര്‍ എന്ന്. എടുക്കുന്ന പണികള്‍ ആത്മാര്‍ഥമായി എടുക്കുക; ചിരിക്കുന്നതുപോലും.

കഴിഞ്ഞ ദിവസം ഒരു മരണവീട്ടില്‍ ചെന്നു. പ്രവര്‍ത്തകര്‍ പറഞ്ഞു: 'ടീച്ചര്‍ അവിടെ കുറച്ചുനേരം ചെലവഴിക്കണം.' പക്ഷേ, എനിക്കെന്റെ സ്വഭാവം മാറ്റാനാവില്ല. പ്രത്യേകിച്ച്, നമ്മുടെ എന്തെങ്കിലും കാര്യലാഭത്തിന് - ഒരു സമയം കഴിഞ്ഞപ്പോള്‍ എന്റെ ഉള്ള് പിടയാന്‍ തുടങ്ങി. ഇനി അവിടെ ഇരിക്കുന്നത് വോട്ടിനുവേണ്ടിയാണ് എന്ന് തോന്നിയ നിമിഷം അവിടെ നിന്നിറങ്ങി. എനിക്കതിനേ കഴിയൂ. പടച്ചവനേ, നിഫാഖില്‍നിന്ന് ഞങ്ങളെയെല്ലാം കാക്കണേ. എന്റെ കൂടെയുള്ള ഇലക്ഷന്‍ പ്രവര്‍ത്തകരില്‍ ചിലരെ 'ശരി'യാക്കണം എന്ന ഒരു ലക്ഷ്യം കൂടിയുണ്ട് എനിക്ക്. ഒരാളുടെ മോളോട് ഞാന്‍ ചോദിച്ചു: വാപ്പ ഇപ്പോള്‍ എങ്ങനെ? ഇല്ല ടീച്ചറേ, വാപ്പാടെ സ്വഭാവം ഒരുപാട് മാറീട്ടുണ്ട്. ആദ്യമായാണ് ഏതെങ്കിലും ഒരു കാര്യത്തിന് വാപ്പ ഇത്രയ്ക്ക് താല്പര്യമെടുത്തുകാണുന്നത്. (ജമാഅത്ത് പ്രവര്‍ത്തകരല്ലാത്തവരും ഉണ്ട് നമ്മോടൊപ്പം) അല്‍ഹംദുലില്ലാഹ്. മനുഷ്യമനസ്സുകളെ തേച്ചുവെളുപ്പിക്കലാണല്ലോ നമ്മുടെ പണി; അതോടൊപ്പം നമ്മുടെ മനസ്സുകളും.

ഒരുഗ്രന്‍ തമാശകൂടി എഴുതി ഇതവസാനിപ്പിക്കാം - ഒരു ബന്ധു ഇന്നലെ പറയുകയാണ്: ഞാനെന്റെ പഴയവീട്ടില്‍ (26 കിലോമീറ്റര്‍ അകലെയുള്ള) പോയപ്പോള്‍, ഒരുസംഘം ആള്‍ക്കാര്‍ വന്നിരിക്കുന്നു. വോട്ടിനു ചെല്ലാന്‍ ഒരുപാട് പറഞ്ഞപ്പോള്‍ സമ്മതിച്ച്, പോയി. എന്നിട്ട് എന്നോട് പറയുകയാണ്, 'അവിടെ 'കണ്ണട' കണ്ടില്ല. രണ്ടെണ്ണം കൈപ്പത്തിക്ക് കുത്തി. പിന്നെ നോക്കുമ്പോള്‍ ഒരെണ്ണത്തില്‍ ആന, മരം ഒക്കെ ഉണ്ട്. ഞാന്‍ ഒരു മിണ്ടാപ്രാണിയല്ലേ ആന എന്നുകരുതി അതില്‍ കുത്തി! പൊതുവേ, തമാശക്കാരിയായ ആളുടെ ചെയ്തിയിലെ തമാശ ഉഗ്രന്‍ അല്ലേ? ഇതിലും വലിയൊരു തമാശയുണ്ട് - വണ്ടിക്ക് കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടത് അരിവാളിന് കുത്താനാണ്. പാവം 'ആന'ക്കാരന്‍. അദ്ദേഹമറിയുന്നുണ്ടോ, താനറിയാതെ തനിക്കൊരു വോട്ട് വീണത്! ജനാധിപത്യത്തിന്റെ അബദ്ധങ്ങള്‍ എന്നല്ലാതെന്നു പറയാന്‍.

എത്ര ആള്‍ക്കാര്‍ 'കണ്ണട' കരുതി കൈപ്പത്തിക്കും അരിവാളിനും അറിയാതെ ചെയ്തുപോയിരിക്കും എന്നാണിപ്പോള്‍ ഞാനോര്‍ത്ത് ചിരിക്കുന്നത്. നിങ്ങളും ചിരിക്കുകയാവും അല്ലേ.

Sunday, October 24, 2010

എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച്...

അല്ലാഹുവിന് മാത്രം സ്തുതി. സര്‍വലോകങ്ങളെയും സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഏകനായ തമ്പുരാന് മാത്രം എല്ലാ സ്തുതിയും.
ഞങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങുകയാണ്.


സ്‌ക്വാഡനുഭവങ്ങള്‍ ഒരുപാടുണ്ട്. ഇന്നലെ എല്ലാ പ്രചാരണങ്ങളും കഴിഞ്ഞ് ഞങ്ങള്‍ അബൂബക്കറിന്റെ വീട്ടുമുറ്റത്ത് ഒരുമിച്ചുകൂടി. നല്ല സുന്ദരമായ കടപ്പുറമാണ്. കാര്യങ്ങള്‍ നമ്മുടെ ഭാഗത്തുനിന്ന് പൂര്‍ണമായും സന്തോഷകരമായ രൂപത്തില്‍ നിര്‍വഹിച്ചിട്ടുണ്ടെന്ന് ഞാന്‍ ആമുഖമായി പറഞ്ഞു. ഒരു ചെറിയ ഉപദേശം നല്‍കാനായിരുന്നു എന്റെ ഉദ്ദേശ്യം. ഒരുനിമിഷം പോലും ജീവിതത്തില്‍ പാഴാക്കരുതെന്നും പടച്ചവന്റെ മുമ്പില്‍ ഉത്തരം ബോധിപ്പിക്കേണ്ടവരാണെന്നും മറ്റും എല്ലാവരെയും ഓര്‍മപ്പെടുത്തി. വിശ്വാസി താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ഉപ്പാകണമെന്നും ഉപ്പിന്റെ രണ്ടു ഗുണങ്ങള്‍ നമ്മളും ഉള്‍ക്കൊള്ളണമെന്നും ഓര്‍മിപ്പിച്ചു. എല്ലാ ആഴ്ചയും അബൂബക്കറിന്റെ മുറ്റത്ത് നമുക്ക് യോഗം കൂടണമെന്നും ഓര്‍മിപ്പിച്ചു. അതിനിടയില്‍ ജോയി വന്നു. ഈ സ്‌ക്വാഡിലെ പ്രധാന താരമാണ് ജോയി. എന്റെ സ്‌ക്വാഡിലുള്ളവരിലധികവും സാധുക്കള്‍. പക്ഷേ, ഗ്രാമശുദ്ധി നിറഞ്ഞുനില്‍ക്കുന്നവര്‍. ജോയിയുടെ കാര്യം പറഞ്ഞാല്‍ ചിരിച്ചു മണ്ണുകപ്പും. അദ്ദേഹത്തിന് സ്‌ക്വാഡിനിടയില്‍ ഞാനൊരു ഹദീസ് പഠിപ്പിച്ചുകൊടുത്തു. മനുഷ്യന്‍ മരിച്ചാലും മൂന്ന് കാര്യങ്ങള്‍ ഗുണം കിട്ടുമെന്ന... ഹദീസ്. പിന്നെ ജോയി കയറുന്ന വീടുകളിലൊക്കെ മൂപ്പര്‍ ഈ ഹദീസിന്റെ പൊരുളാണ് പറഞ്ഞത്. ചില വീടുകളില്‍ കയറി എന്നെ പരിചയപ്പെടുത്തുന്നത്; (വലിയ സന്തോഷത്തോടെ) ജമാഅത്തെ ഇസ്‌ലാമിക്കാരാണ്, സോളിഡാരിറ്റിക്കാരാണ് എന്നായിരുന്നു. 

ജോയിക്കു വേണ്ടിയും ക്ലാസ് കഴീഞ്ഞ് കുറച്ചു കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. പ്രധാനമായും പരലോകമാണ് നമ്മുടെ യഥാര്‍ഥ ലക്ഷ്യമെന്ന കാര്യം ബോധ്യപ്പെടുത്തി. എന്തായിരുന്നാലും ഇനിയും ഇലക്ഷനില്‍ എന്നതിനെപ്പറ്റി പരിഹസിക്കുന്നവര്‍ പരിഹസിക്കട്ടെ. ഞങ്ങള്‍ക്ക് നന്മ പ്രചരിപ്പിക്കാനും തിന്മ ഉച്ചാടനം ചെയ്യാനും അതിഗംഭീരമായ ഒരു വാതില്‍ തുറന്നു കിട്ടിയിരിക്കുന്നു. അല്‍ഹംദുലില്ലാ. ഞങ്ങളെ ചീത്ത വിളിച്ചു എന്നു കരുതി, ആ വാതിലിലൂടെ യാത്രചെയ്യാന്‍ നിങ്ങളാരും നാണം കരുതണ്ട. ഒരു പ്രബോധകന് ഒരുപാട് സഹായികളെ ആവശ്യമുണ്ട്; പല രംഗത്തും. വാസ്തവത്തില്‍ പതിനേഴാം വാര്‍ഡ്‌ എന്റെ പ്രബോധന മേഖലയായി മാറുകയാണ്. ബോധവത്കരണവും സേവനവും കൊണ്ട് ആ നാടിനെ മാറ്റിയെടുക്കേണ്ടതുണ്ട്. റബ്ബ് തുണയ്ക്കട്ടെ.

നിങ്ങള്‍ പ്രാര്‍ഥിക്കുക. നന്മയേതാണോ അത് പടച്ചവന്‍ നല്‍കട്ടെ. പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിചയസമ്പന്നതയുടെ വലിയൊരു നിധിയുമായാണ് ഞങ്ങള്‍ കളത്തില്‍നിന്ന് മടങ്ങുന്നത്. തീര്‍ച്ചയായും അത് പങ്കുവെക്കപ്പെടണം. ബൂത്തിലേക്ക് പോകാന്‍ സമയമായി. വസ്സലാം.

Saturday, October 23, 2010

രാഷ്ട്രീയക്കാരന്റെ സംസ്‌കാരം

ഞാനിന്നലെ എഴുതിയ ആ കുഞ്ഞ് മരിച്ചു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. റബ്ബേ, ആ മാതാപിതാക്കള്‍ക്ക് സമാധാനം കൊടുക്കണേ. പരലോകത്തേക്ക് അവര്‍ക്കൊരു ഈടുവെപ്പാകട്ടെ ആ കുഞ്ഞ്.
 

വര്‍ക്കിനിടയിലെ അനുഭവങ്ങള്‍ കൊണ്ട് മനസ്സ് വീര്‍പ്പുമുട്ടുകയാണ്. ഇന്നലെ നല്ല മഴയായിരുന്നു. കുറച്ചുനേരം റുഖിയാടെ വാര്‍ഡില്‍ പോയി. മഴകാരണം ഒന്നുരണ്ടു വീടുകള്‍ മാത്രമേ കയറാന്‍ പറ്റിയുള്ളൂ. പക്ഷേ, സുന്ദരമായ ഒരനുഭവം നിങ്ങളുമായി പങ്കുവെക്കാന്‍ കഴിയുന്നു. എഴുതും മുമ്പ് രണ്ടുവരി ചരിത്രമുണ്ട്.
 

രണ്ടുകൊല്ലം മുമ്പത്തെ റമദാന്‍. എന്നും ക്ലാസ്സുകള്‍ കേട്ടിരുന്നതിന്റെ ഊര്‍ജത്തില്‍ എല്ലാവരും കൂടി ഒരു സാധുസഹായസമിതി ഉണ്ടാക്കണമെന്ന് തീരുമാനമായി. ഞാനതിന് നിര്‍ദേശിച്ച 'തണല്‍' എന്ന പേര് എല്ലാവര്‍ക്കും ഇഷ്ടമായി. 'തണല്‍' വികസിച്ച് പല മക്കള്‍ക്കും കുടുംബത്തിനും തണലായി മാറിക്കൊണ്ടിരിക്കുന്നുണ്ട് ഇപ്പോള്‍. അല്‍ഹംദുലില്ലാ.

അതിനിടെ തണലിനെപ്പറ്റി പി.ടി.എക്കാര്‍ അറിഞ്ഞു. അവര്‍ പറഞ്ഞു: ടീച്ചര്‍, സ്‌കൂള്‍ ഇത്രയധികം സഹായിച്ചിട്ടും നിങ്ങളെന്തുകൊണ്ട് അത് മൊത്തം രക്ഷിതാക്കളെ അറിയിക്കുന്നില്ല? അങ്ങനെ, പി.ടി.എ പ്രസിഡന്റിന്റെ നിര്‍ബന്ധപ്രകാരം കഴിഞ്ഞ വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡിയില്‍ ഞാന്‍ തണലിനെ പരിചയപ്പെടുത്തി സംസാരിച്ചു. എല്ലാവര്‍ക്കും വലിയ സന്തോഷമായി.


ഇന്നലെ റുഖിയാക്കു വേണ്ടി പോയ ഭാഗത്ത് എല്‍.ഡി.എഫിന്റെ പ്രചാരണവാഹനം. പുറത്തിറങ്ങി നിന്നൊരാള്‍ പ്രസംഗിക്കുന്നുണ്ട്. മുനക്കല്‍ ബീച്ചും മറ്റും അവരുടെ കുടുംബസ്വത്ത് പോലെയാണ് സംസാരിക്കുന്നത്. അവസാനം, ഇപ്പോള്‍ വര്‍ഗീയവാദികള്‍ ഇറങ്ങീട്ടുണ്ട്, മൂന്നാം കക്ഷിയായി, റമദാനില്‍ കുറച്ച് കിറ്റ് കൊടുക്കും. അതും പറഞ്ഞാണ് പ്രചാരണം. ഞാന്‍ ഉള്ളില്‍ പറഞ്ഞു: അയ്യേ, എന്ത് തറ വര്‍ത്തമാനങ്ങളാണിദ്ദേഹം പറയുന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ റുഖിയ പറഞ്ഞു: 'ടീച്ചറേ, അത് നമ്മുടെ പി.ടി.എയിലെ ഒരാളാണ്.' എനിക്ക് ചിരിപൊട്ടിപ്പോയി. സീതി പറഞ്ഞത് ഞാനോര്‍ത്തു, 'ടീച്ചറേ, ഇലക്ഷന്‍ അടുക്കും തോറും വ്യക്തിഹത്യകളും കൂടും. എന്തെങ്കിലും തെറ്റ് ഉണ്ടാക്കിപ്പറയും.' സീതീ, ഇപ്പോള്‍ മനസ്സിലായി നീ പറഞ്ഞതിന്റെ പൊരുള്‍. എന്തൊരു മോശമാണ് ഈ തെരഞ്ഞെടുപ്പുലോകം.
 

ഇനിയും ഉണ്ട് ഒരുപാട് തമാശകള്‍. ഒരു ഫോണ്‍കോള്‍, ഏഴ് വോട്ടുണ്ട്. പൈസ കൊടുക്കണം എന്നു പറഞ്ഞുകൊണ്ട്. പടച്ചവനേ, ഞാനറിയാത്ത കാര്യങ്ങള്‍ അല്ലേ ഇതൊക്കെ. ആദ്യമൊന്ന് ഞെട്ടി. ആവശ്യപ്പെട്ട ആളെ നേരില്‍ കാണാന്‍ എന്റെ മനസ്സ് വെമ്പി. ആരുമറിയാതെ ബീച്ചില്‍ വെച്ച് സംസാരിച്ചു. അങ്ങനെ വോട്ട് കാശിനുവേണ്ടി ചെയ്യരുതെന്ന് മനസ്സിലാക്കിക്കൊടുത്തു. അവന്റെ അവശതകള്‍ കേട്ടപ്പോള്‍ പൈസ കൊടുക്കാന്‍ തോന്നും. പക്ഷേ, ചട്ടലംഘനമല്ലേ. രഹസ്യമായും ചെയ്യാന്‍ നമ്മുടെ മനഃസാക്ഷി അനുവദിക്കില്ലല്ലോ. പടച്ചവനേ, അത്തരം വിലകുറഞ്ഞ ഇടങ്ങളിലേക്ക് ഞങ്ങളെ എത്തിക്കല്ലേ. എന്ത് വിലകൊടുത്തും ജയിക്കണമെന്നുള്ളവര്‍ ആ വോട്ട് വാങ്ങും. പക്ഷേ, ആ വീട്ടുകാരെ ജയിച്ചാലും തോറ്റാലും സഹായിക്കണം, ഇന്‍ശാ അല്ലാഹ്... സുന്ദരമായ ബീച്ചിലെ ബെഞ്ചിലിരുന്ന് ആ മനുഷ്യനുമായി കുറേനേരം സംസാരിച്ചു. എനിക്കൊരു കാര്യം മനസ്സിലാകുന്നത് ഈ മനുഷ്യരുടെ ജീവിതത്തിലേക്ക് നീതിയും സത്യവുമൊക്കെ പതുക്കെ മാത്രമേ കയറുകയുള്ളൂ. കാര്യമായ ഒരു ബോധമുള്ളവരൊന്നും അക്കൂട്ടത്തിലില്ല. സാധുക്കളും നിഷ്‌കളങ്കരും ആണ്. തനി കടലോരഗ്രാമം. ആ ഗ്രാമത്തില്‍നിന്ന് ഒരു പെണ്‍കുട്ടിയെ മാത്രമാണ് ഇ-മെയില്‍ ഐഡി ഉള്ളതായി കിട്ടിയത്. അതും കുറച്ചുമാറി ഒരിടത്താണ്. അവളുമായി നെറ്റുവഴി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു.
 

എഴുതാനിരുന്നാല്‍ ഇങ്ങനെ ഓരോന്നായി വന്നുകൊണ്ടിരിക്കും. സഹപ്രവര്‍ത്തകരുമായി കൂടുതല്‍ അടുക്കാനും നന്മകള്‍ ചര്‍ച്ചചെയ്യാനും അതിലൂടെ അവരില്‍ മാറ്റം ഉണ്ടാക്കുവാനും ഈ വര്‍ക്കുകള്‍ കൊണ്ട് കഴിയുന്നു എന്നത് വലിയൊരു കാര്യമാണ്. സഹപ്രവര്‍ത്തകരുടെ നിഷ്‌കളങ്കത നൂറുശതമാനമാണ്. തങ്ങളുടെ എല്ലാ ബന്ധങ്ങളും നമ്മുടെ വിജയത്തിനായി അവര്‍ ഒന്നടങ്കം ഉപയോഗപ്പെടുത്തുന്നു. ജനങ്ങളിലേക്കിറങ്ങാത്ത ഇസ്‌ലാമികപ്രബോധകരെ ആള്‍ക്കാര്‍ക്കാവശ്യമുണ്ടാകില്ല എന്ന് ഇതിലൂടെ ബോധ്യം വരുന്നു. പ്രവര്‍ത്തകര്‍ ശക്തമായ സഹജീവിബന്ധം ഉള്ളവരായി മാറേണ്ടതുണ്ട്. അതില്ലാത്തവര്‍ 'സീറോ' ആണ് ;ഉള്ളവര്‍ ഈ ഭൂമിയിലെ ഉപ്പും.

Friday, October 22, 2010

നാഥാ! ഈ സംഘത്തെ കൈവിടരുതേ...

നമ്മുടെ സഹോദരരായ ഒരുകൂട്ടം ഇന്ന് പോളിങ്ബൂത്തിലേക്ക് പോവുകയാണ്. പടച്ചവനേ, അവര്‍ക്ക് നീ കനത്ത വിജയം നല്‍കി അനുഗ്രഹിക്കണമേ. നീയാണ് എല്ലാത്തിനും കഴിവുറ്റവന്‍. മനസ്സുകളെ മാറ്റിമറിക്കുന്ന നാഥാ, എല്ലാവരുടെ മനസ്സും നീ സത്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കണമേ നാഥാ. ഞങ്ങള്‍ ചെയ്ത നന്മകളും തിന്മകളും മുമ്പില്‍ വെച്ചുകൊണ്ട് നിന്നോട് കരങ്ങളുയര്‍ത്തുകയാണ്. നന്മകള്‍ നിനക്കുവേണ്ടി മാത്രമായിരുന്നു ചെയ്തത്. തിന്മകള്‍ ഞങ്ങള്‍ അറിവില്ലാതെ ചെയ്തുപോയി. അത് നീ പൊറുത്തുതരണം തമ്പുരാനേ.

ഞങ്ങള്‍ നിനക്കു വേണ്ടി മാത്രം നിലകൊള്ളുന്ന സംഘമാണ്. ചരിത്രപ്രധാനമായ ഒരു സംഭവത്തിന് നീ ഞങ്ങളെ തുടക്കക്കാരായി തിരഞ്ഞെടുത്തു. സന്തോഷമുണ്ട് പടച്ചവനേ. നിന്റെ കാരുണ്യത്തെ മാത്രം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു തമ്പുരാനേ. കള്ള് വാങ്ങിക്കൊടുത്ത്, കാശ് കൊടുത്ത് വോട്ട് ചെയ്യിപ്പിക്കുന്ന അക്രമികള്‍ക്കിടയിലാണ് ഞങ്ങള്‍. നന്മ ചെയ്ത കൈകളും പ്രാര്‍ഥനാനിര്‍ഭരമായ മനസ്സും സത്യം പറയുന്ന നാവും നിനക്കുവേണ്ടി മാത്രം തുടിക്കുന്ന ഹൃദയവും ആണ് ഞങ്ങളുടെ കൈമുതല്‍. അവ കൊണ്ട് ഞങ്ങള്‍ നിന്നോട് പ്രാര്‍ഥിക്കുന്നു. ഈ പ്രാര്‍ഥന നീ തട്ടരുത്. നിന്റെ ദീനിന്റെ ആള്‍ക്കാര്‍ക്ക് സന്തോഷിക്കാന്‍ വകയുള്ള, പാഠമുള്‍ക്കൊള്ളാന്‍ വകയുള്ള ഒരു ഫലമായിരിക്കണമേ നാഥാ നീ നല്‍കുന്നത്. ഒരാളുടെ ഇലക്ഷനിലും ഇത്രയധികം കൈകള്‍ നിന്നിലേക്കുയര്‍ന്നുകാണില്ല. ആ കൈകളില്‍ വോട്ട്മഷി ഇറ്റിക്കുന്നത് നാഥാ നിന്റെ മാര്‍ഗത്തിലെ പുണ്യകര്‍മമായി കാണുന്നവരാണ് ഞങ്ങള്‍. അതാണ് സത്യം. നന്മയുടെ പ്രചാരണത്തിനും തിന്മയുടെ ഉച്ഛാടത്തിനും ഉള്ള ഒരു കര്‍മം. നാഥാ, നീ ഞങ്ങളെ വിജയിപ്പിക്കണേ. ഇസ്‌ലാമിക പ്രസ്ഥാനത്തിന് നീ അന്തസ്സ് വര്‍ധിപ്പിക്കേണമേ തമ്പുരാനേ. റബ്ബേ, മറ്റുള്ളവര്‍ വിളിച്ചുകൂവുന്നതുപോലെ ഞങ്ങളുടെ വഴി തെറ്റിയിട്ടില്ല എന്ന് നിനക്കറിയാമല്ലോ. ഞങ്ങളുടെ ഉള്ളും പുറവും അറിയുന്നവന്‍ നീ മാത്രം തമ്പുരാനേ. വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് ഞങ്ങള്‍ മറുപടി പറഞ്ഞത് നിന്റെ ഗ്രന്ഥവും തിരുനബിയുടെ ചര്യയും മുന്നില്‍ വെച്ചുകൊണ്ടാണ്. യു.ഡി.എഫ്-എല്‍.ഡി.എഫ്. പരിഹാസങ്ങള്‍ ഞങ്ങള്‍ സഹിച്ചു. ഞങ്ങളാരെയും പരിഹസിക്കാന്‍ പോയില്ല തമ്പുരാനേ. ഒരാളെപ്പോലും വ്യക്തിഹത്യ നടത്തീട്ടില്ല. നടത്തുകയുമില്ല. എല്ലാവരും നിന്റെ അടിമകള്‍. അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ പരിഹസിക്കുന്നവര്‍ മോശം പരിപാടിയാണല്ലോ തമ്പുരാനേ നടത്തുന്നത്. അവര്‍ക്ക് നീ പൊറുത്തുകൊടുക്കണേ നാഥാ. തമ്പുരാനേ, അല്ലാഹുവേ, ഞാനിനിയും പ്രാര്‍ഥിക്കുന്നു, നിന്റെ ദീനിന് ഗുണമാണെങ്കില്‍ മാത്രം ഞങ്ങളെ വിജയിപ്പിച്ചാല്‍ മതി. പരാജയമാണ് നിന്റെ ദീനിന് ഗുണമെങ്കില്‍ ഞങ്ങള്‍ മനസ്സിലല്പം പോലും സങ്കടമില്ലാതെ ആ പരാജയത്തെ ഏറ്റുവാങ്ങും; ഹുദൈബിയാ സന്ധിപ്രകാരം ഹജ്ജ് ചെയ്യാതെ തിരിച്ചുപോന്ന സ്വഹാബികള്‍ മുത്തുനബിയെ അനുസരിച്ചപോലെ.

അല്ലാഹ്... വാര്‍ഡുകളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അഗതികളും അനാഥകളും രോഗികളും വിവാഹപ്രായം കഴിഞ്ഞവരും ഉണ്ട്. നാഥാ, അവരുടെ പ്രയാസങ്ങള്‍ നീ മാറ്റിക്കൊടുക്കണേ നാഥാ. ആറുവയസ്സുള്ള കാന്‍സര്‍ ബാധിച്ച ആ മോളുടെ അസുഖം നീ മാറ്റിക്കൊടുക്കണേ നാഥാ. അവളുടെ മാതാപിതാക്കള്‍ക്ക് നീ ക്ഷമ പ്രദാനം ചെയ്യണമേ. എനിക്ക് നീ പൊറുത്തുതരണേ നാഥാ. എന്റെ ഖൈറുന്നിസാടെ ഉമ്മാടെ അസുഖം നീ മാറ്റണേ നാഥാ.

പടച്ചവനേ, അവിടെ കള്ളുകുടിയില്‍ പതിച്ചവരും കഞ്ചാവ് വലിയന്മാരും ചൂതാട്ടക്കാരും ഉണ്ട്. അവരെ സല്‍പ്പാതയിലേക്ക് കൊണ്ടുവരാന്‍ എനിക്കും സ്വാലിഹിനും നീ ശക്തി തരണേ നാഥാ. പട്ടിണിക്കാരും ഉണ്ടെന്ന് തോന്നുന്നു. അവരുടെ പ്രയാസങ്ങളെ നീ മാറ്റണേ നാഥാ. എന്നോടൊപ്പമുള്ള സ്ഥാനാര്‍ഥികളൊക്കെ സാധുക്കളാണെന്ന് തോന്നുന്നു. അവര്‍ക്ക് നീ ഐശ്വര്യം കൊടുക്കണേ നാഥാ. അവര്‍ക്ക് എന്നോടെന്തെങ്കിലും ദ്വേഷ്യമുണ്ടെങ്കില്‍ നീ അത് കുറച്ചുതരണേ നാഥാ.

തമ്പുരാനേ, അവസാനമായി അവര്‍ക്കെല്ലാവര്‍ക്കും നിന്റെ ദീന്‍ എന്താണെന്ന് വിവരിച്ചുകൊടുത്ത്, മഹാനായ ഉമറിന്റെ ഭരണമാതൃക കാഴ്ചവെക്കാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കണേ.

പടച്ചവനേ, വിജയം വലിയ ഭാരമായിരിക്കും ഞങ്ങള്‍ക്ക് തരിക. അത്താണിയായ് നീ മാത്രം. ഞങ്ങളെ ആര് കൈവിട്ടാലും നീ കൈവിടരുത്. പടച്ചവനേ, വര്‍ഗീയതാവിഷത്തിന്റെ വീര്യം കുറയ്ക്കാന്‍ ഞങ്ങള്‍ക്കാകണേ നാഥാ. പര്‍ദ്ദക്കാരുടെ ഹൃദയശുദ്ധി ജനത്തിനനുഭവിക്കാന്‍ നീ അനുഗ്രഹിക്കണേ നാഥാ. ഞങ്ങളുടെ നേതാക്കള്‍ക്ക് നീ ധൈര്യവും സ്ഥൈര്യവും ശക്തിയും ബുദ്ധിയും കൊടുത്തനുഗ്രഹിക്കണേ - ആമീന്‍... ആമീന്‍... ആമീന്‍...

നിസ്സഹായരായ/അടിമകളായ വോട്ടര്‍മാര്‍

ഹജ്ജ് യാത്രയെപ്പറ്റിയുള്ള വാര്‍ത്ത വായിച്ച് മനസ്സിനൊരു സുഖവുമില്ല. പടച്ചവനേ, ഹജ്ജിന് പോകാന്‍ തയ്യാറായ എല്ലാവരെയും ഇക്കൊല്ലം തന്നെ ആ പുണ്യഭൂമിയിലെത്തിക്കണേ. ഒരാളെയും സങ്കടത്തില്‍ പെടുത്തല്ലേ തമ്പുരാനേ... ആമീന്‍.
 

ഇലക്ഷന്‍ വര്‍ക്കിന്റെ അവസാന ദിനങ്ങളാണ് ഇന്നും നാളെയും. 'ചെയ്തു പഠിക്കുക' എന്ന ഏറ്റവും പുതിയ വിദ്യാഭ്യാസക്രമത്തിനനുസരിച്ച് രാഷ്ട്രീയരംഗത്തെ പഠിക്കാന്‍ കഴിയുന്നുണ്ട്. മൊത്തത്തില്‍, നാം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുമ്പോള്‍ ഒരൊറ്റയാള്‍ക്കും ഇല്ല വിരോധം. ഒരുപാട് മനുഷ്യരുടെ ഉള്ളില്‍ കയറിയിറങ്ങി; മൂന്നുനാല് സ്‌ക്വാഡുകളിലൂടെ. നിങ്ങളില്‍ പലര്‍ക്കും കിട്ടാത്ത അനുഭവങ്ങളുടെ ഭാണ്ഡങ്ങളുമായാണ് ഞങ്ങള്‍ നില്‍ക്കുന്നത്. ഇത്രയും വ്യാപകമായ സ്‌ക്വാഡ്‌വര്‍ക്ക് നടത്താന്‍ ഒരു നവോത്ഥാന സംഘത്തിനും ഇതുവരെ സാധിച്ചിട്ടില്ല. കാരണം, ഉദാഹരണത്തിന് ഞങ്ങളുടെ എറിയാട് പഞ്ചായത്ത്. 19 വാര്‍ഡുകളിലും വിശാലമായ അഭിമുഖങ്ങള്‍ നടന്നു. പ്രചാരണവാഹനത്തില്‍ ഓരോ വാര്‍ഡിലും മൂന്ന് സ്ഥലങ്ങളില്‍ ജനപക്ഷ വികസനത്തെപ്പറ്റി സംസാരിക്കപ്പെട്ടു. അതിനുശേഷം നടന്ന സ്‌ക്വാഡുകളില്‍ വന്‍സ്വീകാര്യതയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഞങ്ങള്‍ 100 ശതമാനം വിജയം അവകാശപ്പെടുന്നില്ലെങ്കിലും 90 ശതമാനം ഉറപ്പുണ്ട്. കാരണം, അത്രയ്ക്ക് പങ്കിലമായ ഇടമാണ് തിരഞ്ഞെടുപ്പ് പ്രചാരണം. 

വ്യക്തിഹത്യ നടത്താന്‍ സാധിക്കാത്തത്ര നല്ല വ്യക്തിത്വങ്ങളെയാണ് വികസനസമിതിക്കാര്‍ സ്ഥാനാര്‍ഥികളായി നിര്‍ത്തിയിട്ടുള്ളത്. അതിനാല്‍, ഭീകരരാണ്, വിഘടനവാദികളാണ്, ഖബര്‍ സിയാറത്ത് ഇല്ലാത്തവരാണ്, യാസീന്‍ ഇല്ലാത്തവരാണ് എന്നൊക്കെ പരമ്പരാഗത ചീത്തപറച്ചിലുകള്‍ മാത്രമേയുള്ളൂ. കൂടാതെ, ജമാഅത്തുകാര്‍ ജയിച്ചാല്‍ അവര്‍ക്ക് ഗവണ്മെന്റില്‍നിന്ന് കാശ് കിട്ടില്ല എന്നുവരെ പറഞ്ഞുപിടിപ്പിക്കുന്നു. 

കടിച്ചാല്‍ പൊട്ടാത്ത ഒരു യു.ഡി.എഫുകാരനുമായി സംസാരിച്ചു. ഒരക്ഷരം അദ്ദേഹം ഞങ്ങളോട് മിണ്ടുന്നില്ല. ചിന്തിക്കുന്നുണ്ട്! അവസാനം, എല്ലാവരും മാറിയപ്പോള്‍ ഞാനദ്ദേഹത്തോട് ചോദിച്ചു: 'ചേട്ടാ, എന്താണ് ഞങ്ങളിത്രയും സംസാരിച്ചിട്ട് ഒന്നും മിണ്ടാത്തത്?' അദ്ദേഹം ഒറ്റയ്ക്കായപ്പോള്‍ മനസ്സ് തുറക്കാന്‍ തുടങ്ങി. ടീച്ചറേ, ഞങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ യു.ഡി.എഫുകാരാണ്. പിന്നെ, എങ്ങനെയാണ് മാറ്റിച്ചെയ്യുക? അപ്പോള്‍ ഞാന്‍ ചോദിച്ചു: 'ഈ വാര്‍ഡില്‍ രണ്ട് യു.ഡി.എഫ് ഉണ്ടല്ലോ. അപ്പോള്‍ ചേട്ടന്‍ ആര്‍ക്ക് ചെയ്യും? വെറും ഗ്രൂപ്പിസത്തിന്റെ പേരില്‍ രണ്ട് സ്ഥാനാര്‍ഥികള്‍. അപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല വീണ്ടും. ചിന്തതന്നെ. മിണ്ടാതായപ്പോള്‍ ഞാന്‍ ചോദിച്ചു: 'ബി.ജെ.പിക്ക് ചെയ്യോ?' ഉടന്‍ ചാടി മറുപടി: 'ഏയ്... ഇല്ലില്ല...'

പാവം മനുഷ്യന്‍ ചിന്തിക്കുന്നുണ്ട് നന്നായി. പരമ്പരാഗതമായി കുത്തിപ്പോന്ന ചിഹ്നത്തില്‍ കുത്തും. മാറിച്ചിന്തിക്കാന്‍ കരുത്തില്ലാത്തവിധം അടിമപ്പെട്ടുപോയിരിക്കുന്നു.
മറ്റൊരു പെണ്‍കുട്ടി. അവള്‍ പറയുന്നു: 'ടീച്ചറേ, അഴിമതിയില്ലാതെ ഭരിക്കാന്‍ പറ്റുമോ' എന്ന്. അവളുമായി ഒരുപാട് സമയം സംസാരിച്ചു. നല്ല ചിന്തിക്കുന്ന പെണ്‍കുട്ടി. ഒരു കാര്യം; എല്ലാവരും ഈ ദുര്‍ഭരണങ്ങള്‍ മടുത്തിരിക്കുന്നു. രാഷ്ട്രീയക്കാര്‍ നെറിവില്ലാത്തവരാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ദീര്‍ഘമായ അടിമത്തത്തില്‍നിന്ന് മോചിതരാകാന്‍ സമയമെടുക്കും.


ഒരു സി.പി.ഐക്കാരന്റെ സംസാരം നമ്മില്‍ ശരിക്കും ആത്മവിശ്വാസം ഉണ്ടാക്കും. ടീച്ചര്‍, നിങ്ങളൊക്കെ ജയിച്ചാല്‍, പിന്നെ മരണംവരെ നിങ്ങള്‍ തോല്‍ക്കില്ല. മറ്റൊരാളും ആ വാര്‍ഡുകളില്‍ പിന്നെ ജയിക്കില്ല. കാരണം, നിങ്ങള്‍ സത്യസന്ധരും കാര്യശേഷിയുള്ളവരുമാണ്. അതാണ് ഞങ്ങളെ കുഴയ്ക്കുന്നത്! രാഷ്ട്രീയ പ്രതിയോഗി പോലും അങ്ങനെ പറയുമ്പോള്‍ നമുക്ക് കിട്ടന്ന കരുത്ത്! തീര്‍ച്ചയായും, ആ കരുത്താണ്‌ ഈ ജനതയെ വളര്‍ത്തുന്നതില്‍ നമ്മുടെ ഏക കൈമുതല്‍...

Sunday, October 17, 2010

'ഞങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ വേണ്ട'

ഇലക്ഷന്റെ സ്‌ക്വാഡുകളിലൂടെ ഒരു വാര്‍ഡിനെ തൊട്ടറിയുകയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി എന്ന പേര് ഒരു ചൊവ്വില്ല. ഇന്നലെ ഞാനിതുവരെ പോകാതിരുന്ന, മറന്നുപോയ കുറച്ച് വീടുകളിലാണ് പോയത്. കുപ്പയില്‍ ചില മാണിക്യങ്ങളെ കാണാന്‍ കഴിയാറുണ്ട് എന്ന് പറഞ്ഞപോലെ; എന്റെ പ്രയോഗത്തില്‍ തെറ്റുണ്ടോ എന്നറിയില്ല. കുപ്പയെ മുഴുവന്‍ മാണിക്യമാക്കാന്‍ കഴിയുന്നവനാണ് വിശ്വാസി.

കാരണവരായ ബാഹുലേയന്‍. ആദ്യസംസാരത്തില്‍ത്തന്നെ വിദ്യാഭ്യാസമുള്ള ആളാണെന്ന് തോന്നി. വിശാലമായ അനുഭവങ്ങളും ഉള്‍ക്കാഴ്ചയും ഉള്ള ആളാണെന്ന എന്റെ നിഗമനം തെറ്റിയില്ല. അദ്ദേഹം അമ്പലങ്ങളില്‍ ജീവിച്ച മനുഷ്യനാണ്. തീര്‍ച്ചയായും, അദ്ദേഹവുമായി ഒരുപാട് ഇനിയും സംസാരിക്കാനുണ്ട്. ആത്മീയത, സദാചാരം, ഇസ്‌ലാം എന്ന നിയമവ്യവസ്ഥ എല്ലാം പറയാം. കാരണം, ഞാനദ്ദേഹത്തെ കുറേ നേരം കേട്ടുനിന്നു. പല അനുഭവങ്ങളും ആ വയോധിക മനസ്സിന്റെ അകത്തളങ്ങളില്‍ ഉണ്ടാകും. വര്‍ഗീയത എന്ന ശാപത്തെ അഴിച്ചുവിടുന്നതിനെപ്പറ്റിയൊക്കെ അദ്ദേഹത്തിനൊരുപാട് പറയാനുണ്ടാകും. തീര്‍ച്ചയായും, അല്പസമയം എടുത്ത് അദ്ദേഹത്തിന്റെയടുത്ത് പോകണം. സാധിക്കുമെങ്കില്‍ പ്രബോധനത്തിന്റെ പഴയ ലക്കങ്ങള്‍ അദ്ദേഹത്തിന് വായിക്കാന്‍ കൊടുക്കണം.

തിരിച്ചു നടക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ പറഞ്ഞു: 'ടീച്ചറേ, ഇത്രയധികം സംസാരിച്ചുനിന്നാല്‍ ശരിയാകുമോ?' ഞാന്‍ പറഞ്ഞു: 'ഞാന്‍ വന്നത് ഇതിനൊക്കെയാണ്. വോട്ടുപിടുത്തത്തിനു മാത്രമല്ല.' ചില കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ക്ക് സന്തോഷമായി.

വിധവ പെന്‍ഷന്‍ അകാരണമായി നിലച്ചുപോയ ഒരു സ്ത്രീ. എന്തൊരന്യായമാണ്. ഒന്നരകൊല്ലമായി യാതൊന്നും ലഭിക്കുന്നില്ലത്രെ. 'ശരിയാക്കാം' എന്ന് അധികാരികള്‍ പറയുന്നതല്ലാതെ ശരിയാകുന്നില്ല. മുന്‍കാല പ്രാബല്യത്തോടെ വാങ്ങിക്കൊടുക്കാന്‍ - ജയിച്ചാലും തോറ്റാലും എനിക്ക് കഴിയണം, കഴിയും - പടച്ചവന്‍ അനുഗ്രഹിക്കട്ടെ.

സുനാമി കയറിയ, കുടിവെള്ളപ്രശ്‌നം രൂക്ഷമായ സ്ഥലത്ത് ഇന്നലെ വീണ്ടും പോവുകയുണ്ടായി. എന്ത് പറയാന്‍? അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകളുടെ നേര്‍ത്ത ശബ്ദങ്ങളാണവിടെ നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞത്. എങ്ങനെയാണൊരു ജനതയെ രക്ഷിക്കുക. സമൃദ്ധമായി മഴപെയ്യുന്ന, മഴകൊണ്ട് പൊറുതിമുട്ടുന്ന, വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങള്‍. എന്നിട്ടും പ്രാഥമികാവശ്യത്തില്‍ ഏതു കാലത്തും രാജ്യത്തും, ഒന്നാംസ്ഥാനത്ത് നില്‍ക്കുന്ന കുടിവെള്ളത്തിന് ക്ഷാമം. എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്?

ഒരു സ്ഥലത്ത് ചെന്നപ്പോള്‍, ടീച്ചറേ, ഞങ്ങള്‍ക്ക് രാഷ്ട്രീയക്കാരെ വേണ്ട. സുനാമിയില്‍ ഞങ്ങളുടെ വീടുകളില്‍ മുട്ടൊപ്പം ചെളികയറിയത് വൃത്തിയാക്കിയത് സോളിഡാരിറ്റിക്കാരാണ്. ഞങ്ങള്‍ക്കവരെ മറക്കാനാവില്ല. സ്വാലിഹ് മാഷെയും (ഐ.ആര്‍.ഡബ്ല്യു.) മറ്റും ഞങ്ങള്‍ക്ക് മറക്കാനാവില്ല. (ഐ.ആര്‍.ഡബ്ല്യുവിന്റെ കരുത്തുറ്റ പ്രവര്‍ത്തകനാണ് സ്വാലിഹ്).

ഇതൊക്കെയായിരുന്നാലും ഇലക്ഷന്‍ എന്നത് രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. കള്ളത്തരത്തിന്റെ കളിക്കളമാണ്. എന്ത് വിലകൊടുത്തും നന്മയുടെ ശക്തികളുടെ വരവ് തടയാന്‍ കൂട്ടമായ നീക്കം ഉണ്ടാകും. അത്തരക്കാരെ അത് വീര്‍പ്പുമുട്ടിക്കും. ആ വീര്‍പ്പുമുട്ടിനെങ്കിലും നമ്മെക്കൊണ്ട് കാരണമായിത്തീര്‍ന്നെങ്കില്‍ നാം വിജയിച്ചു.

ആര് ഭരിച്ചാലും സോളിഡാരിറ്റി - ജനകീയ വികസനസമിതികള്‍ സജീവമായി ഇനി നീതിയുടെ പുനഃസ്ഥാപനത്തിന്റെ രംഗത്തുണ്ടാവും. സര്‍വശക്തന്‍ തുണയ്ക്കട്ടെ. നന്മയുടെയും നീതിയുടെയും പുനഃസ്ഥാപനത്തിന് വിജയമാണ് നല്ലതെങ്കില്‍ അത്; പരാജയമാണ് നല്ലതെങ്കില്‍ അത് തന്ന് സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

Friday, October 15, 2010

ജമാഅത്ത്, ദൈവികവ്യവസ്ഥ, സമൂഹം

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങള്‍ നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരുനാട്, അതില്‍ അഴിമതിയും അനീതിയും നടമാടുമ്പോള്‍ ഒരു വിശ്വാസിക്ക് കാഴ്ചക്കാരനായി, അല്ലെങ്കില്‍ അതിനെ കണ്ടില്ല എന്നു നടിച്ച് മാറിനില്‍ക്കാനാവുമോ? നബി (സ) പറഞ്ഞു: 'നിങ്ങളിലാരെങ്കിലും ഒരു തിന്മ കണ്ടാല്‍, അവന്‍ അതിനെ കൈകൊണ്ട് തടയട്ടെ. അതിന് കഴിയില്ലെങ്കില്‍ നാവുകൊണ്ട്, അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട്. അത് വിശ്വാസത്തിന്റെ ഏറ്റവും താഴ്ന്ന പടിയാകുന്നു.'

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മനസ്സിലായ ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ. ജനങ്ങള്‍ പലപല ബുദ്ധിമുട്ടുകളിലും ആണ് ജീവിക്കുന്നത്. പലരും പലതരത്തിലുള്ള കൈത്താങ്ങുകളെ പ്രതീക്ഷിക്കുന്നു. സഹജീവികളായ മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെ ചാറ്റല്‍മഴ പെയ്യിക്കാന്‍ നമുക്ക് കഴിയുന്നു. തീര്‍ച്ചയായും ഹൃദയങ്ങളുമായി നടത്തുന്ന സംവദിക്കലുകളില്‍നിന്നും ഒന്നും പാഴാകുകയില്ല. ഇതൊരു ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്. നിര്‍ബന്ധിതമായി ജനങ്ങളുമായും അവരുടെ പ്രശ്‌നങ്ങളുമായി വലിയൊരു ബന്ധം കൈവരുന്നു. 

എന്റെ മനസ്സിലിപ്പോള്‍ എന്റെ വാര്‍ഡിലെ ജനങ്ങളും അവരുടെ പ്രശ്‌നങ്ങളുമാണ് അധിക സമയവും. പ്രാര്‍ഥനയില്‍ അവരെ പ്രത്യേകം ഓര്‍ക്കാന്‍ കഴിയുന്നു. അവരുടെ വ്യക്തിപരവും കുടുംബപരവും സാമൂഹ്യപരവുമായ പ്രശ്‌നങ്ങള്‍ക്ക് എങ്ങനെയെങ്കിലും പരിഹാരം നേടിക്കൊടുക്കണമെന്നുതന്നെ മനസ്സാവശ്യപ്പെടുന്നു.

ഇവിടെ പരാമര്‍ശിക്കേണ്ട ഒരു വിഷയം; വര്‍ഗീയത വളരും എന്ന ഒരു പ്രോപ്പഗണ്ട എല്ലാവരും നടത്തുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ഏതെങ്കിലും പരിപാടികൊണ്ട് വര്‍ഗീയത വളര്‍ന്നു എന്ന് പറയാന്‍ കഴിയുമോ?

ദൈവികവ്യവസ്ഥയാണ് ഈ ഭൂമിയില്‍ നിലനില്‍ക്കേണ്ടത് എന്ന് ജമാഅത്തെ ഇസ്‌ലാമി ഉറച്ചുവിശ്വസിക്കുന്നു. തീര്‍ത്തും സമാധാനപരമായ മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലേക്ക് ഗമിക്കുന്നു. ഒരിക്കലും ഒരു സ്ഥലത്തുപോലും അക്രമത്തിന്റെയോ അനീതിയുടെയോ നേരിയ മാര്‍ഗം പോലും അതിന് സ്വീകരിക്കില്ല. നാവും പേനയും മാത്രം ആയുധമാക്കിക്കൊണ്ട് അതിന് ശ്രമിക്കും.

ഇപ്പോള്‍ ഒരു ചോദ്യം പ്രസക്തമാണ്. ദൈവികവ്യവസ്ഥ എന്നാല്‍ എന്താണ്? സദാചാരത്തിലും മൂല്യത്തിലും ഊന്നിനില്‍ക്കുന്ന ഒരു വ്യവസ്ഥ എന്ന് പറയാവുന്നതാണ്. മനുഷ്യന് വായുവും വെള്ളവും ഏതുപോലെ അത്യാവശ്യമാണോ അതുപോലെ ആവശ്യമാണ് സദാചാരവും മൂല്യങ്ങളും. മൂല്യങ്ങളിലുറച്ചു വിശ്വസിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥ, അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത ഒരു വ്യവസ്ഥ. അത് മനുഷ്യന്റെ അവകാശമാണ്. ആ അവകാശം പുനഃസ്ഥാപിച്ചുകിട്ടാനാണ് നാം ഇപ്പോള്‍ ജീവന്മരണ പോരാട്ടം നടത്തുന്നത്.

നമ്മുടെ ഈ 'യുദ്ധ'ത്തിലെ ഏക ആയുധം ബാലറ്റ് മാത്രമാണ്. സ്വയം ചിന്തിക്കാനും തീരുമാനമെടുക്കാനും കഴിവുള്ളവനാണ് മനുഷ്യരായ നാം. നമുക്ക് ഗുണകരമായത് സ്വീകരിക്കാന്‍ നമുക്ക് കഴിയണം. മനുഷ്യജന്മം കൊണ്ട് ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍. തീര്‍ച്ചയായും മരണം കൊണ്ടവസാനിക്കുന്നതല്ല ഈ ജീവിതം. നന്മ ചെയ്തവന് നന്മയും തിന്മ ചെയ്തവന് തിന്മയും ലഭിക്കണമെന്നത് മനുഷ്യന്റെ ഉള്ളില്‍ത്തന്നെ രൂപപ്പെട്ടിട്ടുള്ള, ഊട്ടപ്പെട്ടിട്ടുള്ള വിശ്വാസമാണ്; നിര്‍ബന്ധവുമാണ്.

മുസ്‌ലിം കക്ഷികളില്‍നിന്ന് ശക്തമായ എതിര്‍പ്പ് നേരിടുന്നുണ്ട് ജനകീയ മുന്നണി. ജമാഅത്തെ ഇസ്‌ലാമി എന്തു ചെയ്താലും എതിര്‍ക്കുക എന്നത് ഒരു 'മാനിയ' ആക്കി മാറ്റിയ ചിലരുണ്ട്. അവരതില്‍ സന്തോഷം കണ്ടെത്തുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. സമീപഭാവിയില്‍ നാടിനെ രക്ഷപ്പെടുത്താന്‍ അവര്‍ക്കും ഇതില്‍ അണിചേരേണ്ടിവരും.

ഇന്നലെ ഒരു മെയില്‍ കാണുകയുണ്ടായി. മഅ്ദനിയെ ആക്ഷേപിച്ചവര്‍ ഇന്ന് കപടരാഷ്ട്രീയത്തിനുവേണ്ടി മദനിരക്ഷകരായി ചമയുന്നു എന്ന്. മലര്‍ന്നുകിടന്ന് തുപ്പുംപോലെയാണിത്. തീര്‍ത്തും പറയട്ടെ. ജമാഅത്തിന് കാപട്യം ചെയ്തിട്ട് ഒന്നും നേടാനില്ല. മഅ്ദനി ഒരു പ്രതീകം പാത്രമാണ്. നീതി നിഷേധിക്കപ്പെട്ട ഒരുപാട് പേരുണ്ട്. അവര്‍ക്കൊക്കെ നീതി വാങ്ങിക്കൊടുക്കാനുള്ള ശ്രമം മാത്രമാണ്. ദയവുചെയ്ത് ഇതൊക്കെ എഴുതിവിടുന്നവര്‍ ഒന്ന് ശ്രദ്ധിച്ചെങ്കില്‍. ഒരിക്കലും ജമാഅത്തിലെ ആരും സ്ഥാനമോഹികളല്ല. സ്ഥാനാര്‍ഥിയാകാന്‍ എത്രതവണ ആവശ്യപ്പെട്ടിട്ടാണ് ഓരോരുത്തരും മുന്നോട്ടുവന്നത്. പരലോകത്ത് അതൊരു വന്‍ഭാരമായിരിക്കും എന്ന തിരിച്ചറിവിനുള്ള വ്യക്തിസംസ്‌കരണം ജമാഅത്ത് അണികള്‍ക്കുണ്ട്. ഇനിയും ആ സംസ്‌കരണം ശക്തമായി നടത്തിക്കൊണ്ടിരിക്കും. മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും ജമാഅത്തിനെപ്പോലെ ഇന്ത്യയില്‍ കണ്ടെത്താനാകില്ല എന്ന തിരിച്ചറിവിലാണ് ഞാന്‍ അതില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്രയും മൂല്യങ്ങളും ഇത്രയും വിഭവങ്ങളും ഉള്ള മറ്റൊരു സംഘം ഇല്ല. ഇതിലും മേന്മയുള്ള ഒരു സംഘത്തെ കണ്ടാല്‍ തീര്‍ച്ചയായും ഞാന്‍ അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും.

അവസാനമായി ഒരു വാക്ക്. ഞങ്ങളോടൊപ്പം പട്ടികജാതിക്കാരുണ്ട്, പട്ടികവര്‍ഗക്കാരുണ്ട്. അവരുമായി ഇത്രയും സ്‌നേഹത്തോടെ, അവരുടെ വാര്‍ഡുകളില്‍ സ്‌ക്വാഡ് പോകുമ്പോള്‍ ലഭിക്കുന്ന ആത്മസായൂജ്യം. അത് ഈ ഇന്ത്യയില്‍ ഒരു പാര്‍ട്ടിക്കും കിട്ടുകയില്ല. ആ മനുഷ്യരെ വിജയിപ്പിക്കണം, മറ്റാരെക്കാളും. കലവറയില്ലാത്ത മനസ്സിന്റെ ആവശ്യമാണത്.

Thursday, October 14, 2010

കാഴ്ചകള്‍ അവസാനിക്കുന്നില്ല...

മനുഷ്യന് വെറുതെയല്ല രണ്ട് കണ്ണുകള്‍ ദൈവം തമ്പുരാന്‍ തന്നത്! ഖുര്‍ആന്‍ ചോദിക്കുന്നു: 'അവന് നാം രണ്ട് കണ്ണുകള്‍ നല്‍കിയില്ലേ; ഒരു നാവും രണ്ട് ചുണ്ടുകളും? എന്നിട്ടും അവര്‍ ഗിരിമാര്‍ഗം താണ്ടിക്കടന്നില്ല. നിനക്കറിയാമോ, എന്താണ് ഗിരിമാര്‍ഗം? അടിമമോചനവും കഷ്ടപ്പെടുന്ന ദിവസം ഭക്ഷണം കൊടുക്കലും; അടുത്ത അനാഥനോ മണ്ണ് പുരണ്ട അഗതിക്കോ.

എന്തൊരു സത്യമായ വചനങ്ങള്‍. ഇതിലും സത്യമായത് ഈ ഭൂമിയിലില്ല. നാഥന്‍ തന്ന രണ്ട് കണ്ണുകള്‍. അതിമഹത്തരം. കണ്ട ദൃശ്യങ്ങളെ പലതവണ ഭാവനയില്‍ കാണാന്‍ കഴിയുന്നത് കണ്ണുകൊണ്ട് കണ്ടതിനാലല്ലേ? കണ്ണുകൊണ്ട് കണ്ടത് എക്‌സ്പ്രസ് ചെയ്യാന്‍ ഒരു നാവും രണ്ട് ചുണ്ടും. എന്നിട്ടും, ഈ അനുഗ്രഹങ്ങളെല്ലാം ലഭിച്ചിട്ടും മനുഷ്യന് ദുര്‍ഘടപാത മുറിച്ചുകടക്കാനാവുന്നില്ല.

ഇന്നലെ എന്റെ വാര്‍ഡായ പതിനേഴില്‍ ഒരു വീട്ടില്‍ കണ്ട ദൃശ്യം. കണ്ണില്‍നിന്നും മനസ്സില്‍നിന്നും മായാത്തതിനാല്‍ കുറച്ചെഴുതീട്ടെങ്കിലും ദുഃഖം മാറ്റാമെന്ന് കരുതി. അല്‍ഹംദുലില്ലാഹ്, വലിയൊരു വേദനയ്ക്ക് അല്പം ആശ്വാസം വന്നപോലെ.

കുറേ കൊല്ലം മുമ്പ് (പത്തുകൊല്ലം) എന്റെയടുത്ത് ഇടയ്ക്കിടെ ഒരു സാധുവായ സ്ത്രീ വരുമായിരുന്നു. എന്തോ, അവരോട് ഉള്ളില്‍ വലിയൊരലിവ് തോന്നുമായിരുന്നു. തൊണ്ടയില്‍ ഒരു മുഴ ഉള്ളതിനാല്‍ ശബ്ദത്തിന് ഒരു വ്യത്യാസമുണ്ടായിരുന്നു. എന്നെയും വലിയ ഇഷ്ടമായിരുന്നു. പിന്നീടെപ്പോഴോ അവര്‍ മരിച്ചതായി അവരുടെ മരുമകള്‍ മുഖേന അറിയുകയുണ്ടായി. ആ മരുമകളെ എന്റെ ക്ലാസ്സുകളിലൊക്കെ ഇടയ്ക്ക് കാണാറുണ്ടെങ്കിലും ഞാന്‍ അക്കാര്യം മറന്നിരുന്നു.

ഇന്നലെ ഞാന്‍ പോയ വീട്ടില്‍ (എന്റെ തന്നെ വിദ്യാര്‍ഥിനികള്‍ - ഉമ്മയും മക്കളും) ഈ മരുമകള്‍... വീട്ടിന്റെ ഹാളില്‍ മന്ദബുദ്ധിയായ ഒരു യുവാവ്... പടച്ചവനേ, കണ്ടതും എന്റെ മനസ്സാകെ വിഷമമായി. ചോദിച്ചുചോദിച്ചു വന്നപ്പോള്‍, കൊല്ലങ്ങള്‍ക്കു മുമ്പ് എന്റെ വീട്ടില്‍ വന്നിരുന്ന ഇത്താടെ മകനാണിത്. അതിനിടെ അവരുടെ മരുമകളായ സുലേഖ പറഞ്ഞു: 'ടീച്ചറേ, എന്റെ മാപ്പള മരിച്ചു; നാലുമാസം മുമ്പ്. ഇത് എന്റെ ഭര്‍ത്താവിന്റെ അനിയനാണ്. എല്ലാം ചെയ്തുകൊടുക്കണം.' അവള്‍ കരയാന്‍ തുടങ്ങി.

പായില്‍ കുട്ടികളെപ്പോലെ കിടന്ന് മറിയലും മറ്റും. മീശയും താടിയും വന്ന ആ മോന്‍. സുലേഖ തുടര്‍ന്നു: 'ടീച്ചറേ, ഇനി ഒരു അനിയന്‍ കൂടിയുണ്ട്. അവന് മുഴുഭ്രാന്താണ്. പെണ്ണൊക്കെ പോയി. അവന് ഭക്ഷണമൊക്കെ എടുത്ത് വെച്ചിട്ടാണ് പോന്നത്.'

ഞാനെങ്ങനെ അവളെ ആശ്വസിപ്പിക്കും? ആദ്യം തന്നെ ഞാന്‍ കരയാന്‍ തുടങ്ങി. ഇപ്പോഴും ആ കുഞ്ഞിന്റെ, അനാഥയും അഗതിയുമായ, എല്ലാ അത്താണികളും നഷ്ടപ്പെട്ട ആ മനുഷ്യജന്മത്തെയോര്‍ത്ത് കരഞ്ഞുപോവുകയാണ്. നിങ്ങളും കരയും എന്നെനിക്കുറപ്പുണ്ട്. ആ ജ്യേഷ്ഠഭാര്യ! അവളല്ലേ റബ്ബിന്റെ തൃപ്തിക്കും സ്വര്‍ഗത്തിനും ഏറ്റവും അര്‍ഹ? അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു: 'ടീച്ചറേ, മരണം വരെ രണ്ടുപേരെയും നോക്കും. ഉമ്മാനേം ഉപ്പാനേം നോക്കി. ഭര്‍ത്താവിനെയും നോക്കി. എല്ലാവരും പോയി. ഇനി ഞാനല്ലേ ഇവര്‍ക്കുള്ളൂ.'

എന്റെ ഉള്ള് അലറിപ്പെയ്യുകയാണ്. അമ്മായിയമ്മയ്‌ക്കോ മറ്റോ ഒരസുഖം വരുമ്പോഴേക്കും ഹോംനഴ്‌സിനെ തിരഞ്ഞോടുന്ന മനുഷ്യര്‍; അവര്‍ക്കിടയില്‍, അപൂര്‍വം കാഴ്ചകളാണിതൊക്കെ. താന്‍ നേരിട്ട വൈധവ്യത്തിനിടയിലും ഭര്‍ത്താവിന്റെ അനിയന്മാരെ സ്വന്തം മക്കളെപ്പോലെ ശുശ്രൂഷിക്കുന്ന സുലേഖ. അല്ലാഹുവേ, അവള്‍ക്ക് നീ ഒരുപാടൊരുപാട് പ്രതിഫലം കൊടുക്കണേ. അവളുടെ പാപങ്ങളെല്ലാം നീ പൊറുത്തുകൊടുക്കണേ...

ഇലക്ഷന്‍ വര്‍ക്കില്‍ വോട്ട് ചോദിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. സുലേഖയും അനിയത്തിയുടെ മകളും ഒക്കെ എന്റെ പൂര്‍വവിദ്യാര്‍ഥികളാണ്. സുലേഖ അനിയനെയും കൊണ്ട് അനിയത്തിയുടെ വീട്ടില്‍ വിരുന്ന് വന്നിരിക്കുകയാണ്.


യുവാവായ മകന്‍ വള്ളം മറിഞ്ഞ് നാലുകൊല്ലം മുമ്പ് നഷ്ടപ്പെട്ട വാസന്തി എന്ന അനാഥസ്ത്രീയെയും കണ്ടു. ഇവരെയൊക്കെ സമാധാനത്തിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരലാണ് ഏറ്റവും വലിയ ജിഹാദ്. ഏറെ തെറ്റിദ്ധരിക്കപ്പെട്ട പദം എന്താണെന്ന് എല്ലാവരും പഠിക്കുക.

'അനാഥകള്‍ക്കും വിധവകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍ ദൈവമാര്‍ഗത്തിലെ പോരാളിയെപ്പോലെയാണ്.' (നബിവചനം)

Monday, October 11, 2010

പന്ത്രണ്ടാം വാര്‍ഡിന്റെ നേര്‍ക്കാഴ്ചകള്‍

ഇന്നലെ 12-ാം വാര്‍ഡില്‍ സിന്ധുസാബുവിനെ പരിചയപ്പെടുത്തി, ജനകീയ വികസനസമിതിക്ക് വോട്ട് അഭ്യര്‍ഥന നടത്തുകയാണ്. എന്റെ ആഗ്രഹപ്രകാരം ജിതിന്റെ വീടിന്റെ അടുത്തേക്കാണ് പോയത്. നാലഞ്ചു വീടുകളില്‍ മാത്രമേ എനിക്ക് പോകാന്‍ കഴിഞ്ഞുള്ളൂ. വീട്ടില്‍ ഇന്നലെ എന്റെ കുടുംബത്തില്‍നിന്നും ഹജ്ജിന് പോകുന്നവരുടെയും യാത്ര അയയ്ക്കുന്നവരുടെയും സംഗമമായിരുന്നു. ഏതായാലും എനിക്ക് വളരെ അടുപ്പമുള്ള ജിതിന്റെ വീട്ടിലേക്കാണ് യാത്ര.

ജിതിനെ അല്പം പരിചയപ്പെടുത്താം. ഈ വര്‍ഷം ജൂണ്‍; ഉച്ചയ്ക്ക് സ്‌കൂള്‍ വിട്ടു. ഒരു മോന്‍ തിരക്കില്‍ താഴോട്ട് പോവുകയാണ്. എനിക്കവന്റെ 'കോലം' ഒരു സുഖം തോന്നിയില്ല. ''മോനേ, വാടാ... അവിടെ നിന്നേ...'' അവനെ റൂമിലേക്ക് വിളിച്ചു. 'എന്താ മോന് യൂണിഫോം പുതിയതില്ലേ? കീറിയതെന്തിനാ ഇട്ടത്?' ജിതിന്‍ അപ്പോള്‍ വളരെ ക്ഷീണിതനായിരുന്നു. അവന്റെ അമ്മയ്ക്ക് കാന്‍സറാണെന്നും മറ്റും വേഗം പറഞ്ഞൊപ്പിച്ചു. അതിനാല്‍ ഇക്കൊല്ലം പഴയതുതന്നെ ഉള്ളൂ എന്നും പറഞ്ഞു. ഉടന്‍ 8-ഡിയിലെ ക്ലാസ്ടീച്ചറെ വിളിച്ച് 'തണലി'ല്‍നിന്ന് പുതിയ യൂണിഫോം കൊടുക്കാന്‍ ഏല്‍പ്പിച്ചു. അവന്റെ അമ്മയെ കാണാന്‍ പോകാനും ഞങ്ങള്‍ പ്ലാനിട്ടു. പക്ഷേ, എനിക്ക് പനിയും മറ്റുമായി രണ്ടുമൂന്നാഴ്ച ലീവെടുക്കേണ്ടിവന്നു. ജിതിന്‍ മനസ്സില്‍നിന്ന് പോവുകയും ചെയ്തു.

ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ, ''ടീച്ചര്‍ ജിത്തൂന്റെ അമ്മ മരിച്ചു'' എന്ന് പറഞ്ഞ് രണ്ടു കുട്ടികള്‍ ഓടിവന്നു. അന്വേഷണത്തിനൊടുവില്‍, എന്റെ ജിതിന്റെ അമ്മയാണെന്ന തിരിച്ചറിവ് എന്നെ തളര്‍ത്തിക്കളഞ്ഞു. എന്തൊരു കഷ്ടമായിപ്പോയി; ചെയ്യേണ്ടത് വേണ്ടസമയത്ത് ചെയ്യാതിരുന്ന എന്റെ പ്രവൃത്തിദോഷമോര്‍ത്ത് ഞാന്‍ വല്ലാതായി. ഉടന്‍തന്നെ ഞാനും സീതിയും ഓട്ടോ പിടിച്ച് ജിത്തൂന്റെ വീട്ടിലേക്ക് കുതിച്ചു. മയ്യിത്ത് എത്തും മുമ്പ് ഞങ്ങളവിടെ എത്ത. നോമ്പുകാലമായിരുന്നു. ചെന്നിട്ടുവേണം നോമ്പുതുറക്കാന്‍ എന്തെങ്കിലും നോക്കാന്‍. എന്നാലും, മയ്യിത്ത് എത്തുംവരെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടവിടെ കഴിഞ്ഞു. ജിത്തുവിന്റെ ഹൃദയം പിളര്‍ക്കുന്ന കരച്ചില്‍ ഇപ്പോഴും ചെവിയില്‍...
രണ്ടുദിവസം കഴിഞ്ഞ് ഞാനും റംലയും വീണ്ടും പോയി, ജിത്തുവിന്റെ വീട്ടില്‍. അമ്മൂമ്മ, അപ്പൂപ്പന്‍, ചേച്ചിമാര്‍ തുടങ്ങി എല്ലാവരെയും സമാധാനിപ്പിച്ച് അവിടെ കുറേനേരം ചെലവഴിച്ചു.

അതിനിടെ, ഒരു ദിവസം ഫസീല ടീച്ചര്‍ പറഞ്ഞു: 'ടീച്ചറേ, ആ വീടിനടുത്ത് എല്ലാവരും വികലാംഗരായ ഒരു വീടുണ്ട്.' കണ്ടാല്‍ പ്രയാസമാകും. അച്ഛനും അമ്മയും നാലു വയസ്സുള്ള കുട്ടിയും. പക്ഷേ, ഇന്നലെയാണ് അന്വേഷണത്തിനൊടുവില്‍ ഫസീല പറഞ്ഞ വീട് കണ്ടെത്തിയത്. ചെന്നുനോക്കുമ്പോള്‍ ഭാര്യ എന്റെ പഴയ സ്റ്റുഡന്റ് ആണ് - മിനി. അവളുടെകാലുകള്‍ക്കും കണ്ണിനും വൈകല്യമുണ്ട്; കുട്ടിയുടെ കൈകാലുകളും. അതിനിടെ എന്റെ രണ്ടുകൊല്ലം മുമ്പുള്ള വിദ്യാര്‍ഥിയായ 'കിങ്ങിണി'യുടെ അമ്മ അവരുടെ ദയനീയാവസ്ഥ വിവരിച്ചുതന്നു. 'ടീച്ചര്‍, ഈ പാവങ്ങള്‍ക്ക് ഒരു പൈപ്പ്‌പോയിന്റ് ഇട്ടുകൊടുക്കാന്‍ എത്ര കാലമായി ഞങ്ങള്‍ പറയുന്നു. വയ്യാത്ത മിനി, എത്ര ദൂരെ നിന്നാണ് കുടിവെള്ളം കൊണ്ടുവരുന്നത്... ഞങ്ങള്‍ ആര്‍ക്കും വോട്ടുചെയ്യണ്ടാന്ന് കരുതി ഇരിക്കുകയാണ്. ഈ സാധുക്കള്‍ക്ക് സഹായം ചെയ്യാന്‍ ആരുമില്ല.' വാസന്തി കത്തിക്കയറി.

ഞാന്‍ പറഞ്ഞു: ''മോളേ, രണ്ടുമാസമായി ടീച്ചര്‍ ഇീ വീട്ടുകാരുടെ അന്വേഷണത്തിലായിരുന്നു. പല തിരക്കുകൊണ്ടായിരുന്നു വരാന്‍ കഴിയാത്തത്.'' ഞങ്ങളുടെ സിന്ധു ജയിച്ചാലും തോറ്റാലും ഞാനിതിന്റെ വശങ്ങള്‍ അന്വേഷിച്ച് പരിഹാരം കണ്ടെത്താന്‍ തീര്‍ച്ചയായും ശ്രമിക്കും. വാസന്തിക്കും കൂടിയവര്‍ക്കും സമാധാനമായി. വല്ലാത്തൊരു നാടുതന്നെ ഇത്. 

ഖുര്‍ആന്‍ ചോദിക്കുന്നു: 'അവഗണിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് പൊരുതുന്നില്ല? നാഥാ! അക്രമം നിറഞ്ഞ ഈ നാട്ടില്‍നിന്ന് ഞങ്ങള്‍ക്കൊരു വിമോചകനെ തരണമേ എന്ന് പ്രാര്‍ഥിക്കുന്നവരാണവര്‍' - ശരിയാണ്, ഇവിടെ ബാലറ്റുകൊണ്ടാണ് പൊരുതേണ്ടത്.

നേരിട്ട് കാണുന്ന അനീതിയാണിത്. സത്യത്തില്‍ ഇത്തരം ഒരുപാട് കാഴ്ചകള്‍ സ്‌കോഡിനിടയില്‍ കാണാന്‍ കഴിഞ്ഞു. അഞ്ചു വീടുകളില്‍ മാത്രമേ ഇന്നലെ എനിക്ക് പോകാന്‍ കഴിഞ്ഞുള്ളൂ. പക്ഷേ, തങ്ങളനുഭവിക്കുന്ന പ്രയാസങ്ങളുടെ മോചനത്തിനായി കക്ഷി-വര്‍ഗ-ജാതി വ്യത്യാസങ്ങള്‍ക്കതീതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആരെങ്കിലുമൊക്കെ ഉണ്ടെന്ന ആശ്വാസം കൊടുത്തിട്ടാണ് അവിടെ നിന്ന് പോരാന്‍ സാധിച്ചത്.

ജനങ്ങളിലേക്കിറങ്ങി അവരുടെ കണ്ണീരൊപ്പാന്‍ ഇതിലും വലിയൊരു വഴീ ജനകീയ വികസനസമിതി പ്രവര്‍ത്തകര്‍ക്ക് കിട്ടാനില്ല. ഓരോ തിരിച്ചറിവുകളും പുതിയ മേഖലകളിലേക്കാണ് പ്രവര്‍ത്തകരെ കൊണ്ടെത്തിക്കുന്നത്.

Sunday, October 10, 2010

'മൗദൂദി സ്മൃതിരേഖകള്‍' - ആസ്വാദനക്കുറിപ്പ്‌

'മൗദൂദി സ്മൃതിരേഖകള്‍' എന്ന പുസ്തകത്തിന്റെ ആസ്വാദനമാണ് ഞാന്‍ ഇവിടെ വായനക്കാരുമായി പങ്കുവെക്കുന്നത്. 'ഉഗ്രന്‍ പുസ്തകം' എന്ന് ഒറ്റവാക്കില്‍ പറയാം. ഒരു സുഹൃത്ത് ചോദിച്ച വാക്കുകള്‍ കടമെടുക്കുകയാണ് ഞാനിവിടെ - ''ഈ പുസ്തകം എവിടെ കിടക്കുകയായിരുന്നു?'' അതായത് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രസിദ്ധീകരിക്കേണ്ട പുസ്തകമായിരുന്നു ഇതെന്ന് തോന്നുന്നു.

ഞാന്‍ ഒരു മനുഷ്യനെയും -മുത്തുനബി (സ)യും മറ്റ് പ്രവാചകരും ഒഴികെ - പാപമുക്തനാക്കുന്നില്ല. എന്നാല്‍, ഓരോ മനുഷ്യനും ദീനിനുവേണ്ടി ചെയ്തിട്ടുള്ള സേവനങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ ഹൃദയം അവര്‍ക്കുവേണ്ടി തുടിക്കേണ്ടതുണ്ട്. അവരെ അന്യായമായി ആരെങ്കിലും ദുഷിച്ചുപറയുമ്പോള്‍ നമ്മുടെ മനസ്സ്, ഒരു തിന്മ കണ്ടാലെന്നപോലെ വെറുക്കേണ്ടതുണ്ട്.

നമുക്ക് പുസ്തകത്തിലേക്ക് പോകാം. കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ്, ഏകദേശം 36, 37 കൊല്ലം മുമ്പ് ഞാന്‍ ബനാത്തില്‍ പഠിക്കുന്ന കാലം. ഒരു കാരണവര്‍ പറഞ്ഞു: 'ഇവരുടെ നേതാവിന്റെ പേര് അബുല്‍അഅ്‌ലാ എന്നാണ്. അഅ്‌ലാ എന്നാല്‍ അല്ലാഹു ആണ്. അപ്പോള്‍ അല്ലാഹുവിന്റെയും വാപ്പ.' കുഞ്ഞുമനസ്സില്‍ എനിക്കതിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. പക്ഷേ, അന്നും ഉത്തരം തേടുന്ന മനസ്സായിരുന്നു എന്റേത്. പ്രിയപ്പെട്ട എം.ടി.അബൂബക്കര്‍ ഉസ്താദിന്റെ ക്ലാസ്സില്‍, ഏതോ സന്ദര്‍ഭത്തില്‍ ഞാനിത് എടുത്തിട്ടു. ഉസ്താദിന്റെ ഉരുളയ്ക്കുപ്പേരി പോലുള്ള മറുപടിയിലൂടെ ഉടന്‍ വന്നു പരിഹാരം. അപ്പോള്‍ മൂസാ (അ)യോട് അല്ലാഹു പറഞ്ഞല്ലോ, ഇന്നക്ക അന്‍തല്‍ അഅ്‌ലാ - അത് മൂസാനബി അല്ലാഹു ആയിട്ടാണോ എന്ന്. ഞാനിതെഴുതാന്‍ കാരണം, മേല്‍പ്പറഞ്ഞ പുസ്തകത്തില്‍ മൗലാനാ മൗദൂദിയുടെ കാരണവന്മാരുടെ പേരുകള്‍ കൊടുത്തതില്‍ പൂര്‍വപിതാക്കളിലൊരാള്‍ ത്വരീഖത്തിന്റെ ഗുരുവായിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേരായ അബുല്‍അഅ്‌ലാ എന്നതില്‍നിന്നാണ് ഇദ്ദേഹത്തിനും ആ പേരിട്ടത്.

പിതാവ് ക്രിക്കറ്റ് കളിച്ചതും ഇംഗ്ലീഷ് വസ്ത്രം ധരിച്ചതും പിതാമഹന്‍ അതുകാരണം സ്‌കൂള്‍തന്നെ മാറ്റിയതും തുടങ്ങി ആ പുസ്തകത്തിലെ വിശാലമായ വിഷയങ്ങള്‍ നമുക്കന്നത്തെ മുസ്‌ലിം സാമൂഹ്യസ്ഥിതിയും കുറേയേറെ മനസ്സിലാക്കിത്തരുന്നുണ്ട്.

കുറച്ചുമുമ്പ് മൗലാനാ മൗദൂദിയുടെ മകള്‍ ഹുമൈറാ മൗദൂദിയുടെ ഓര്‍മകള്‍ പല ലക്കങ്ങളിലായി കുവൈത്തില്‍നിന്നിറങ്ങുന്ന 'അല്‍ മുജ്തമഅ്' അറബിമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു ഭാഗമായിരുന്നു അദ്ദേഹത്തിന്റെ മാതാവിനെപ്പറ്റിയുള്ള വിവരണം. ഹുമൈറ പറയുകയാണ്: ''ഇന്ത്യ വിഭജിക്കപ്പെട്ടു. പിതാവിനെ ഏറ്റവും ദുഃഖിപ്പിച്ച കാര്യമായിരുന്നു അത്. ഞങ്ങള്‍ പാക്കിസ്ഥാനിലേക്കുള്ള ബസ്സില്‍ വേദനയോടെ ഇരിക്കുകയാണ്. ഉമ്മ, വാപ്പ പോരാത്തതിന്റെ പ്രയാസത്തിലാണ്. കാരണം, എല്ലാവരെയും സുരക്ഷിതസ്ഥാനത്തെത്തിച്ചതിനുശേഷമേ വാപ്പ വരുകയുള്ളൂ എന്ന് തീര്‍ത്തുപറഞ്ഞിരുന്നു. അങ്ങനെ ഉമ്മ വുളുചെയ്യുന്ന വെള്ളപ്പാത്രവും മുസ്വല്ലയും മാത്രമായി ഞങ്ങളോടൊപ്പം യാത്രചെയ്തു.'' ഇതില്‍ ആ മാതാവിന്റെ രൂപം (വുളുപ്പാത്രവും നിസ്‌കാരവിരിയും മാത്രമുള്ള) മനസ്സില്‍ എന്തെല്ലാം വികാരങ്ങളാണുണര്‍ത്തുന്നത്? കലാപത്തിനിടയിലും ഇത് രണ്ടും മാത്രം ആയി യാത്രചെയ്യുന്ന ആ മഹതി. അവരുടെ മകന്‍ നവോത്ഥാന നായകനായതില്‍ അദ്ഭുതപ്പെടാനില്ല.

പിതാവിന് വധശിക്ഷ വിധിക്കപ്പെട്ട ദിവസത്തെപ്പറ്റി ഹുമൈറ വിവരിക്കുന്നുണ്ട്. ഉമ്മ (ഭാര്യ) 100 റക്അത്ത് രാത്രി നിന്ന് നമസ്‌കരിച്ചത്രെ! എന്തിനായിരുന്നു അദ്ദേഹത്തിന് വധശിക്ഷ വിധിക്കപ്പെട്ടത് എന്ന് പലര്‍ക്കും ബോധ്യമുണ്ടാകില്ല; 'ഖത്മുന്നുബുവ്വത്ത്' എന്ന പുസ്തകം എഴുതിയതിന്. മഹാനായ മുഹമ്മദ് നബി (സ)യ്ക്കുശേഷം കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രവാചകത്വവാദവുമായി വന്ന ഖാദിയാനികള്‍ക്കെതിരില്‍ വ്യക്തമായ തെളിവുകളോടുകൂടി പുസ്തകം എഴുതിയതിന്. ലോകമുസ്‌ലിംകളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വധശിക്ഷ റദ്ദാക്കാന്‍ പാക് ഗവണ്മെന്റ് നിര്‍ബന്ധിതമാവുകയായിരുന്നു!

ഇന്ന് ജീവിച്ചിരിക്കുന്ന ചിന്തകനും പണ്ഡിതനുമായ യൂസുഫുല്‍ ഖര്‍ദാവിയായിരുന്നു പാക്കിസ്ഥാനില്‍ മൗദൂദിയുടെ ജനാസ നമസ്‌കാരത്തിന് ഇമാമത്ത് നിന്നത്. അദ്ദേഹം അതിനുവേണ്ടി ഖത്തറില്‍നിന്ന് പാക്കിസ്ഥാനിലെത്തി. മൗദൂദിയുടെ ലോക ഇസ്‌ലാമിക വ്യക്തിത്വത്തെ വിളിച്ചോതുന്ന ഒരുപാട് സംഭവങ്ങളും ബന്ധങ്ങളും പുസ്തകത്തിലുടനീളം നമുക്ക് വായിക്കാന്‍ കഴിയും. മഹതിയായ മര്‍യം ജമീല സ്വന്തം അനുഭവങ്ങള്‍ അല്‍മുജ്തമഇലോ മറ്റോ മുമ്പ് എഴുതിയിരുന്നു. (ജൂതവനിതയായിരുന്ന അവര്‍ ഇസ്‌ലാമിലേക്ക് വരികയും പാക്കിസ്ഥാനില്‍ വന്ന് താമസിക്കുകയും ചെയ്തു). മൗദൂദിയോടുണ്ടായിരുന്ന ആദരവായിരുന്നു ഭൂഖണ്ഡങ്ങള്‍ താണ്ടി അവരെ പാക്കിസ്ഥാനിലെത്തിച്ചത്. അവര്‍ക്ക് ഇസ്‌ലാമിക പ്രബോധനം നടത്താന്‍ ഉണ്ടായ പ്രേരണകള്‍ മൗദൂദി കൃതികളായിരുന്നു.

ഞാന്‍ അവസാനിപ്പിക്കുകയാണ്. ഒരു മുസ്‌ലിമിനെ അകാരണമായി വഴിപിഴച്ചവനും വഴിപിഴപ്പിച്ചവനുമായി പല വഴികളിലൂടെയും അവതരിപ്പിക്കപ്പെടുമ്പോള്‍, സത്യം അറിയാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കെങ്കിലും ഈ പുസ്തകം ഒന്ന് വായിച്ചുനോക്കാന്‍ എന്റെ ഈ ലഘുകുറിപ്പ് പ്രചോദനമായെങ്കിലോ എന്നോര്‍ത്ത് എഴുതിയതാണ് ഇത്രയും.

Thursday, October 7, 2010

ഉര്‍ദുഗാനുള്ള മൂന്നാമത്തെ വസിയ്യത്ത്

ഡോ റാഗിബ് സര്‍ജാനി
 

പാശ്ചാത്യരാജ്യങ്ങളുടെ മുന്നേറ്റത്തിന്റെ - വിശിഷ്യാ അമേരിക്കയുടെ - യും അവരുടെ സാമ്പത്തികവും സൈനികവുമായ മുന്നേറ്റങ്ങളുടെയും നിഴല്‍ പറ്റാന്‍ ലോകരാഷ്ട്രങ്ങള്‍ വെമ്പുകയാണിന്ന്. എന്നാല്‍, താങ്കളൊരിക്കലും ആ യാത്രാസംഘത്തോടൊപ്പം ചേരരുത്. മറിച്ച്, താങ്കള്‍ സ്വതന്ത്രനായി നില്‍ക്കുക. അവരോടുള്ള ബന്ധം വിച്ഛേദിക്കണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ആ ബന്ധം ഒരു ഇമാമും മഅ്മൂമും ബന്ധമാകരുത് എന്നാണ് പറയുന്നത്. ഒപ്പത്തിനൊപ്പമുള്ള ബന്ധമാകണം. സമത്വമുള്ള ബന്ധമാകണം. നിങ്ങളൊരിക്കലും ഒരു ന്യൂനപക്ഷമല്ല. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ മഹാഭൂരിപക്ഷമാണ്. അല്ല, നിങ്ങള്‍ അവരേക്കാള്‍ ശക്തരും ആത്മാഭിമാനികളുമാണ്.

യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിച്ച്, സാമ്പത്തികവും രാഷ്ട്രീയവും മനുഷ്യാവകാശപരവുമായ ഉന്നതി നേടാന്‍ തടസ്സമില്ല. പക്ഷേ, നല്‍കപ്പെട്ടേക്കാവുന്ന വിലയെപ്പറ്റീ ഉറച്ച ബോധ്യമുള്ള കണ്ണുകളോടെയാവണം താങ്കളവരെ നോക്കേണ്ടത്. താങ്കളുടെ ദീന്‍, സ്വാതന്ത്ര്യം, താങ്കളുടെ നാടിന്റെ സ്വാതന്ത്ര്യം ഇതൊന്നും പണയപ്പെടുത്തിക്കൊണ്ടുള്ള ഒരു പുരോഗതിയും താങ്കള്‍ സ്വീകരിക്കരുത്, ഒരിക്കലും. ഖുര്‍ആന്‍ പറയുന്നു: 'നിങ്ങള്‍ ദാരിദ്ര്യത്തെ ഭയപ്പെടുന്നുണ്ടെങ്കില്‍, അല്ലാഹു നിങ്ങളെ അവന്റെ ഔദാര്യം കൊണ്ട് ധനികരാക്കും.' (തൗബ: 28)

അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ ഭൗതികതയിലൂന്നിയ രാജ്യങ്ങള്‍ തങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി മാത്രമായിരിക്കും വഴിതേടിക്കൊണ്ടിരിക്കുക എന്നത് താങ്കളൊരിക്കലും മറക്കരുത്. മഹത്തായ ഉസ്മാനിയ ഖിലാഫത്ത് തകര്‍ക്കലില്‍ അവര്‍ അവരുടെ നന്മ കണ്ടപ്പോള്‍, സര്‍വശക്തിയും ഉപയോഗിച്ച് അവരതിനെ വീഴ്ത്തി. ആ മഹാ അസ്തിത്വത്തെ പിച്ചിച്ചീന്താന്‍ ഇംഗ്ലണ്ടും ഫ്രാന്‍സും അമേരിക്കയും റഷ്യയും പങ്കുചേര്‍ന്നു. അതിനെ തുടച്ചുനീക്കാന്‍ അവര്‍ കച്ചകെട്ടി. പക്ഷേ, മഹോന്നതനായ രക്ഷിതാവ് താങ്കളെയും മഹത്തുക്കളായ താങ്കളുടെ സഹോദരങ്ങളെയും രണ്ടാമത് ഭൂമിയിലേക്കിറക്കിയിരിക്കയാണ്; അവന്റെ അലംഘനീയമായ വിധികണക്കെ. എന്തിനാണെന്നോ, തീര്‍ച്ചയായും ഇസ്‌ലാം ഒരിക്കലും മരിക്കയില്ലെന്ന് അഭിമാനത്തോടെയും അന്തസ്സോടെയും നിങ്ങള്‍ പ്രഖ്യാപിക്കാന്‍ വേണ്ടിയാണ്. പല തുര്‍ക്കികളും ഇത് മറന്നാലും പാശ്ചാത്യലോകത്തിനിത് മറക്കാന്‍ കഴിയില്ല. അവരുടെ വാക്കിലും പ്രവൃത്തിയിലും അത് വ്യക്തമാകുന്നുണ്ട്. അതിനാല്‍, താങ്കള്‍ കണ്ണുകള്‍ തലയില്‍ത്തന്നെ നിര്‍ത്തുക, താങ്കളോട് പറയപ്പെടുന്നത് ഗ്രഹിക്കുക. താങ്കളുടെ മുഴുവന്‍ മുട്ടകളെയും അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും കുട്ടകളില്‍ കൊണ്ടുപോയി വെക്കരുത്. മറിച്ച് അവരുമായുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുക. വേരുകള്‍ക്ക് ശക്തി കൂട്ടുക. ഗുണപ്രദമായ ആഗോള ബദലുകള്‍ക്കുവേണ്ടി ശ്രമിക്കുക. അതിനുമുമ്പ്, ഏറ്റവും പ്രധാനമായ കാര്യം, തുര്‍ക്കിയിലെ താങ്കളുടെ ആഭ്യന്തരശക്തിയെ ആശ്രയിക്കുക. ഒപ്പം ലോകത്തെ വ്യത്യസ്ത ഇസ്‌ലാമിക സഹോദരങ്ങളുടെയും ശക്തിയെ അവലംബിക്കുക.

ഞാന്‍ താങ്കളോട് ഒരു സ്വകാര്യം പറയട്ടെ, ലോകചരിത്രത്തെ വായിച്ചപ്പോള്‍ എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. അമേരിക്ക അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. അതൊരിക്കലും ശക്തിയിലേക്കല്ല നീങ്ങുന്നത്. മറിച്ച്, ദൗര്‍ബല്യത്തിലേക്കാണ്. കാലഘട്ടം മാറ്റത്തിന്റേതാണ്. സമീപഭാവിയില്‍ ലോകശക്തികളുടെ തുലാസില്‍ വന്‍വ്യത്യാസം പ്രകടമാകും. അപ്പോള്‍, ഈ ഗ്രഹത്തിനു മുകളില്‍ താങ്കള്‍ക്ക് നല്ല സ്ഥാനം ഉണ്ടാകല്‍ നിര്‍ബന്ധമാണ്. പ്രത്യേകിച്ച് താങ്കള്‍ക്ക്. താങ്കള്‍ ഒരു സാധാരണ മുസ്‌ലിം മാത്രമല്ല, മറിച്ച്, മഹത്തായ ഒരു പാരമ്പര്യത്തിനുടമയാണ്. ലോകത്തിന്റെ പകുതി ഭാഗത്തെ ഭരിച്ചവരുടെ പൗത്രരാണ് താങ്കള്‍. അല്ലാഹു അത് അടുത്തുതന്നെ അവന്റെ അനുമതിയോടെ തിരിച്ചുതരും. വിജയം സുനിശ്ചിതം. പക്ഷേ, അധികമാളുകളും അതറിയുന്നില്ല. (തുടരും).

Tuesday, October 5, 2010

സഈദ് സയ്യാനി - മഹാനായ പ്രബോധകന്‍

സഈദ് സയ്യാനി എന്ന മഹാനായ ഒരു പ്രബോധകനെ നമുക്കിവിടെ പരിചയപ്പെടാം. ഏതോ ഒരു സൈറ്റില്‍ അടുത്ത ദിവസം വായിച്ചതാണിത്. കഴിഞ്ഞ ഒക്ടോബറില്‍ (2009) അദ്ദേഹം സൗദിയില്‍നിന്നും ഷാര്‍ജയിലേക്ക് പോകുമ്പോള്‍ ഒരു വാഹനാപകടത്തില്‍ അല്ലാഹുവിലേക്ക് യാത്രയായി. إنا لله وإلنا إليه راجعون.

സഈദ് സയ്യാനി മൊറോക്കൊ സ്വദേശിയാണ്. ആദ്യകാലത്ത്‌ ടി.വി. വാര്‍ത്താവതാരകനും മോഡലും ആയിരുന്നു. പിന്നീട് പ്രശസ്തിയുടെയും ഉയര്‍ച്ചയുടെയും ഓരോ പടവുകള്‍ കയറിത്തുടങ്ങി. അവസാനം അദ്ദേഹം ഓര്‍ത്തു. തന്റെ രൂപലാവണ്യവും മറ്റും ഒക്കെ നോക്കുമ്പോള്‍ ഒരു സിനിമാനടനാവാന്‍ സാധ്യതയുണ്ട്. അങ്ങനെ സയ്യാനി പ്രശസ്ത നടനായിത്തീര്‍ന്നു.

ഒരിക്കല്‍ ഒരു പത്രപ്രവര്‍ത്തകന്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിനിടയില്‍ അദ്ദേഹത്തിന്റെ പേരും പ്രശസ്തിയും വിഷയീഭവിച്ചു. സഈദ് എന്നാണല്ലോ അദ്ദേഹത്തിന്റെ പേര്. അഭിമുഖം നടത്തിയയാള്‍ പറഞ്ഞു: താങ്കളുടെ പേര് താങ്കളുടെ  പ്രശസ്തിയുമായി തീര്‍ത്തും യോജിക്കുന്നുണ്ടല്ലോ. (സഈദ് എന്നാല്‍ സൗഭാഗ്യവാന്‍ എന്നാണല്ലോ അറബിയില്‍ അര്‍ഥം).

ഉടന്‍ സഈദ് സയ്യാനി പറഞ്ഞു: ഇല്ല. ഒരിക്കലും ഇല്ല. സൗഭാഗ്യം അന്വേഷിച്ച് ഞാന്‍ അധ്വാനിക്കുകയാണ്. سعي (അധ്വാനം) മാത്രമേ എത്തീട്ടുള്ളൂ. سعيد ആകുമ്പോള്‍ ഞാനെന്തായാലും താങ്കളെ അറിയിക്കാം. ഏതായാലും, ഞാന്‍ ഈ പ്രശസ്തിക്കും പേരിനുമിടയിലും സഈദായിട്ടില്ല. സൗഭാഗ്യവാനായിട്ടില്ല. ഇനിയും എന്തൊക്കെയോ നേടാനുണ്ട്.

അദ്ദേഹത്തിന്റെ സഹോദരന്‍ കൂടുതല്‍ ദീനുള്ള ആളായിരുന്നു. അദ്ദേഹം ബെല്‍ജിയത്തിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിനായി പോയി. അവിടെ സ്ഥിരതാമസമാക്കി. ഒരിക്കല്‍ സഹോദരനെ കാണാനായി സഈദ് സയ്യാനി വിസിറ്റിങ്‌ വിസ എടുത്ത് ബെല്‍ജിയത്തിലേക്ക് പോയി. സഹോദരന്റെ ജീവിതത്തിലും അദ്ദേഹത്തിന്റെ കുടുംബത്തിലും കാണപ്പെട്ട സമാധാനവും ശാന്തിയും സഈദിനെ വല്ലാതെ സ്വാധീനിച്ചു. മാത്രമല്ല, സഹോദരന്റെ കൂട്ടുകാരുടെ സ്‌നേഹവും ശ്രദ്ധയും എന്തുകൊണ്ടാണെന്ന് ചിന്തിച്ചു. അവസാനം, അദ്ദേഹം ഒരു സത്യം കണ്ടെത്തി. ഇവര്‍ തങ്ങളുടെ ഇസ്‌ലാമിക ജീവിതത്തിലും പ്രബോധനങ്ങളിലുമാണ് തങ്ങളുടെ സൗഭാഗ്യം കണ്ടെത്തിയിരിക്കുന്നത്. വിസിറ്റിങ്‌വിസയ്ക്ക് പോയ സഈദ് രണ്ടുകൊല്ലം സഹോദരനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞുകൂടി. തിരിച്ചുവന്നത് വലിയൊരു ഇസ്‌ലാമിക പ്രബോധകനായിട്ടാണ്. 

അദ്ദേഹം വാക്കുപാലിച്ചുകൊണ്ട് അന്ന് അഭിമുഖം നടത്തിയ പത്രപ്രവര്‍ത്തകനെഴുതി. സഹോദരാ, ഞാനന്ന് പറഞ്ഞപോലെ ഞാനിപ്പോഴാണ് യഥാര്‍ഥ ഭാഗ്യം കണ്ടെത്തിയത്; സൗഭാഗ്യവാനായത്. 
ബാക്കിയുണ്ടായ 'دال' - സഈദിലെ د ഇപ്പോഴാണ് സാര്‍ഥകമായത്. دين ലും دعوة ലുമാണ് ഈ സൗഭാഗ്യം നില്‍ക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

സഈദ് സയ്യാനി എന്ന നടന്‍ ദീനിപ്രബോധകനായതോടെ ആള്‍ക്കാര്‍ ഇളകിമറിഞ്ഞു. ജനം പലതും പറയാന്‍ തുടങ്ങി. അമേരിക്കയുടെ ചട്ടുകമാണെന്ന് ചിലര്‍. റഷ്യയുടെ ചാരനാണെന്ന് ചിലര്‍. പക്ഷേ, ഇതൊന്നും ആ മഹാനെ സത്യമാര്‍ഗത്തില്‍നിന്ന് പിന്തിരിപ്പിച്ചില്ല. അല്ലാഹുവിന്റെ ദീനാണ് സത്യമെന്ന് തിരിച്ചറിയുകയും ആ മാര്‍ഗത്തില്‍ അടിയുറച്ച് പ്രബോധനം നടത്തുകയും ചെയ്ത് റബ്ബിലേക്ക് യാത്രയായ സഈദിനെ റബ്ബ് വിശാലമായ ഫിര്‍ദൗസ് നല്‍കി അനുഗ്രഹിക്കട്ടെ; നമ്മെയും. ആമീന്‍.

Monday, October 4, 2010

മിന്നിതിളങ്ങും മിന്നാമിനുങ്ങ്‌

മിന്നിത്തിളങ്ങും മിന്നാമിനുങ്ങിന്റെ കൂട്ടമെന്നോണം
വിണ്ണിലിരുന്ന് വികൃതികളിക്കും താരങ്ങള്‍
മന്നിതിന്‍ മീതെ ദീപാലംകൃതമായൊരു മംഗലപ്പന്തല്‍
തന്നില്‍ കെടാതെ കറങ്ങി തിളങ്ങും ഗോളങ്ങള്‍.

കണ്ണുകളൊന്ന് വിഹായസ്സിന്‍ വിരിമാറത്തേക്ക് തിരിക്കേണം
ഖല്‍ബ് തുറന്ന് പ്രപഞ്ചത്തിന്റെ കലയില്‍ ചിന്ത പതിക്കേണം.
എണ്ണമില്ലാ ചെറുതാരഗണങ്ങള്‍ എത്രയും വലുതെന്നോര്‍ക്കേണം.
ഏറെ ഗ്രഹങ്ങള്‍ കണ്ണില്‍പ്പെടാത്തത് വേറെയുമുണ്ടെന്ന് ധരിക്കേണം.

വാനില്‍ പറന്നിടും വിമാനമെടുത്തീടാം, കണ്ണകലും തോറും
ചെറുതാകും, പിന്നെ ക്രമത്തില്‍ കാണാതാകും എന്ന ക്രമത്തില്‍ത്തന്നെ
എണ്ണാം വാനില്‍ കാണുന്ന, താരകളവയുടെ
ദൂരെ പെരുപ്പം കാരണം കണ്ണിന് വളരെ ചെറുപ്പം...

പടുപടുകൂറ്റന്‍ ഗോളങ്ങള്‍ ആ ശൂന്യാകാശക്കടലില്‍
ഇടതടവില്ലാതങ്ങും ഇങ്ങും നീങ്ങുന്നു.
പണ്ടുമുതല്‍ക്കിന്നോളവുമാനീലാഴിയിലൂളം വെച്ചും
കൊണ്ടവതമ്മിലൊളിച്ചുകളിക്കണ് കാണുന്നൂ...

എന്നല്ല, ഇനി നാള് ഖിയാമത്തോളവും കളിനിക്കൂല
എല്ലാമേവം കറങ്ങീടാഞ്ഞാല്‍ ഈ ലോകം നിലനില്‍ക്കൂലാ.
എന്നാലോ അവ ഒന്നുമൊരിക്കലും തമ്മില്‍ കൂട്ടിയിടിക്കൂലാ.
എന്ന് മനോഹരമായ വ്യവസ്ഥയില്‍ നിന്നണു അളവും തെറ്റൂലാ.

കാര്യം, ശരിക്കുമോര്‍ത്താല്‍, കോരിത്തരിക്കാന്‍ മാത്രം
ഗൗരവമുള്ളൊരു ഭരണവ്യവസ്ഥ ആരിതിന്‍ പിന്നിലിരുന്ന് സമസ്ത
ഗോള, ലക്ഷങ്ങളെ ഒന്നായ്, താളം തെറ്റാതവ ഒന്നായ്,
ഉന്നത നിലയില്‍ രൂപപ്പെടുത്തി, എന്നുമടക്കി ഭരിക്കണ ശക്തി

ശക്തിയാതാരെന്നറിഞ്ഞിട്ടില്ലാത്തൊരു പുല്‍ക്കൊടി പോലും
ചിന്തകരാരും ഈ ദുനിയാവില്‍ കണ്ടില്ല.
സകല ചരാചരവും സൃഷ്ടിച്ചുണ്ടാക്കി സംരക്ഷിക്കും
ജഗപരിപാലകനാണവനാരും പങ്കില്ല.

പക്ഷേ, മനുഷ്യസമൂഹം മാത്രം ലക്ഷണക്കേട് കളിക്കുന്നു
പാരില്‍ പരാജയപാരമ്പര്യച്ചേരിതിരിഞ്ഞ് പിടിക്കുന്നു
പടച്ചോന്‍ നല്‍കിയ സ്വാതന്ത്ര്യം തനിശിക്ഷാ കാരണമാകുന്നു
പരമാബദ്ധ പാതയിലൂടെ വെറുതെ കാലം കഴിക്കുന്നു.

ഏകനാഥന്‍ അരുളുന്നു, ലോകം സാക്ഷ്യം വഹിക്കുന്ന,
കേവല ഉത്തമ സല്‍ഗുണമൊത്ത, പാവനമോഹനമായ പ്രശസ്ത
മാര്‍ഗം തേടിപ്പിടിക്കാതെ, ദീര്‍ഘപരിപാടികളോടെ, രാപ്പകല്‍
മനുജനഹങ്കരിക്കുന്ന വീര്‍പ്പടങ്ങുംവരെ വീമ്പിളക്കുന്നു.

ജീവിതം നല്‍കിയ നാഥനൊരുത്തന്‍തന്നെ ഈ ദുനിയാവില്‍
ജീവിക്കാനൊരു പദ്ധതിയും നിര്‍ദേശിച്ചു.
ജീവിതകാലം വായുവും വെള്ളവുമെല്ലാം പോലെത്തന്നെ
ആകണം, തന്‍തിരുപദ്ധതിയെന്നും ശാസിച്ചു.

മറ്റെല്ലാം ഉപയോഗപ്പെടുത്തി, മര്‍ത്യമനസ്ഥിതി മരവിച്ചു
മണ്ണിലും വിണ്ണിലും വെട്ടിമിഴിക്കണ, കണ്ണിന് തിമിരം ബാധിച്ചു
ഒട്ടും ആ ദൈവിക വ്യവസ്ഥിതി പറ്റില്ലെന്നവര്‍ വാദിച്ചു.
ഓരോരുത്തരും തോന്നിയപോലെ, പാരില്‍ നിയമം നിര്‍മിച്ചു.

ജീവല്‍പ്രശ്‌നങ്ങളിലെല്ലാം ദൈവത്തേക്കാള്‍ കഴിവുള്ളോര്‍
തങ്ങളെന്നുള്ള കൊടും ധിക്കാരം എങ്ങുമിയുക്തിവിരുദ്ധവിചാരം
കണ്ടോ, അത് കൊള്ളുകയില്ല, വേണ്ടാ, ഇത് നല്ലതിനല്ല
ശാശ്വത പാപമിതില്‍ കുടുങ്ങണ്ട, ഈശ്വര ധിക്കാരം അത് വേണ്ട...

ലക്ഷണമൊത്ത പ്രവാചകവര്യന്മാര്‍ പലഘട്ടങ്ങളിലായ്
ലക്ഷക്കണക്കിന് ഏകസ്വരത്തില്‍ ഘോഷിച്ചു.
ലക്ഷ്യമടങ്ങും പാവനമുദ്രാവാക്യം ലാഇലാഹ
ഇല്ലല്ലാഹു എന്നവര്‍ ചൊല്ലിക്കേള്‍പ്പിച്ചു.

സൃഷ്ടികളടിമപ്പെടുവാനര്‍ഹന്‍
സ്രഷ്ടാവൊരുവന്നാണെന്നും
സൃഷ്ടികളുടെ മേലധികാരം
സമസൃഷ്ടികള്‍ക്കാര്‍ക്കും ഇല്ലെന്നും
മറ്റാര്‍ക്കും ദുനിയാവിലെ കാര്യം
വിട്ടുകൊടുത്തിട്ടില്ലെന്നും
മര്യാദക്കേടായി നടന്നാല്‍,
പരലോകം കിടപ്പുണ്ടെന്നും
തെര്യപ്പെടുത്തിത്തന്ന, നേരും നെറിയും തുളുമ്പുന്ന
പൊന്നുപ്രവാചകരില്‍ അവസാന
കണ്ണിയാം മുത്ത്‌റസൂലുമുഖേന
വീണ്ടും ദൈവിക വ്യവസ്ഥ
കണ്ടു, ഈ ലോകമടുത്ത
കാലമനത്രെ പവിത്രചരിത്രം
മേലിലും വേണ്ടിവരുന്നൊരു ചിത്രം.

വേണ്ടിവരും എന്നുള്ളതിനാലിന്നോളം ഈ ദുനിയാവില്‍
വേണ്ടതുപോലെ തെളിഞ്ഞുകഴിഞ്ഞിട്ടുണ്ടല്ലോ
വേറെ വ്യവസ്ഥകള്‍ നിര്‍മിച്ചുണ്ടാക്കിക്കൊണ്ടിരുന്നിട്ടും
പാരിടമിന്നൊരുപോരിടമായിട്ടുണ്ടല്ലോ...
ചിന്തകനെന്ന മനുഷ്യതരംഗം
അന്ധതയില്‍ കൊടികുത്തുന്നു
ചിത്തഭ്രമത്തിന്നൊത്തൊരവസ്ഥയില്‍
മര്‍ത്യകുലം ചെന്നെത്തുന്നു.
ആരുടെ ശാപമിതാമഹപാരില്‍
മാരകശക്തി വളര്‍ത്തുന്നു,
ആകെ ഹലാക്കിനൊരുക്കങ്ങള്‍
ബഹുജാഗ്രതയോടെ നടത്തുന്നു.
ഭ്രാന്താലയത്തില്‍നിന്നും
ശാന്തി പ്രസംഗിക്കുന്നു
ശബ്ദമതാ എങ്ങും ഉയരുന്നു,
എന്തിന് ഹോ അധികം പറയുന്നു
ബട്ടണ്‍ അമര്‍ത്തി ലോകം ചുട്ടുകരിക്കാന്‍ പാകം
ആക്കിയ കേവല ഭൗതികരിന്നും
ആ കളിതന്നെ തുടര്‍ന്നുവരുന്നു
(മിന്നിതിളങ്ങും)

രചന: അബൂസഹല