Monday, January 31, 2011

മനസ്സിനെ വേട്ടയാടുന്ന വാര്‍ത്തകള്‍

എന്താണെഴുതേണ്ടത്? ഈജിപ്ത്, തൂനിസ്, യമന്‍, അല്‍ജീരിയ...... കേരളം. ഒട്ടും സുഖകരമല്ലാത്ത വാര്‍ത്തകള്‍ കൊണ്ട് പത്രവും മറ്റു വാര്‍ത്താമാധ്യമങ്ങളും നിറയുമ്പോള്‍ ആകപ്പാടെ മനസ്സില്‍ അസ്വസ്ഥത.

ഈജിപ്തില്‍ ജയിലില്‍ 200 പേര്‍ വെടിയേറ്റു മരിച്ചു എന്ന പത്രവാര്‍ത്തയാണ് ഇന്നത്തെ പ്രമുഖ വാര്‍ത്ത. ജയിലില്‍ രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ അടയ്ക്കപ്പെട്ട നിരപരാധികളും ഉണ്ടാവും.

ഇത്തരം കലാപങ്ങളുടെ ഇസ്‌ലാമിക മാനമാണ് ഞാനിവിടെ അന്വേഷിക്കുന്നത്. കലാപം ഇപ്പോള്‍ പിടിവിട്ടുപോയിരിക്കുന്നു. ഒരു നാട് അരക്ഷിതാവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു. ഹുസ്‌നി മുബാറകിനെ അല്പം പോലും അനുകൂലിക്കുന്ന ആളല്ല ഞാന്‍. ഇഖ്‌വാനികളെ പീഡിപ്പിച്ച ചരിത്രം അദ്ദേഹത്തിനുമുണ്ടല്ലോ. മാത്രമല്ല, ഇസ്രാഈലീ ചായ്‌വും. ഇതൊക്കെയാണെങ്കിലും ഞങ്ങള്‍ നാലു ദിവസം താമസിച്ച് സന്ദര്‍ശിച്ച പല സ്ഥലങ്ങളും - അലക്‌സാന്‍ഡ്രിയ, കെയ്‌റോ, അല്‍ഫയൂം - എന്നിവ മനസ്സില്‍ എന്തൊക്കെയോ നോവുണര്‍ത്തുന്നു. ആ നല്ല സുന്ദരമായ നാട് കലാപത്തിന്റെ എരിതീയിലേക്കെടുത്തറിയപ്പെട്ടിരിക്കുന്നു. മാത്രമല്ല, മൂസാ (അ)യും ആസിയാബീവിയും യൂസുഫ് (അ)ഉം നഫീസത്ത് ബീവിയും ഇമാം ശാഫി അവര്‍കളും തുടങ്ങി അബുല്‍ അബ്ബാസുല്‍ മുര്‍സി, ബുര്‍ദ, മദ്ഹ് കാവ്യത്തിന്റെ ഉടമയായ മാം ബൂസീരി, ഇഖ്‌വാന്‍ ഇമാമുമാരായ ബന്നയും ഖുതുബും സൈനബുല്‍ ഗസ്സാലിയും... ഈജിപ്തുമായി ഒരാത്മബന്ധം വല്ലാതെയുണ്ട് എന്ന് ഹൃദയത്തിന്റെ തേങ്ങലുകള്‍ വ്യക്തമാക്കുന്നു.

സാധുക്കളായ നമുക്കെന്ത് ചെയ്യാന്‍ പറ്റും? മര്‍ദ്ദിതരായ നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. കുറഞ്ഞ പ്രയാസങ്ങളിലൂടെ, കുറഞ്ഞ മനുഷ്യഹാനിയിലൂടെ അവിടങ്ങളിലൊക്കെ നീതിപൂര്‍വകമായ യഥാര്‍ഥ ഇസ്‌ലാമിക ഭരണം എത്രയും വേഗം പുലരട്ടെ എന്ന്. നന്മയിലും നീതിയിലും താല്‍പര്യമുള്ള എല്ലാവരും ആത്മാര്‍ഥമായി പ്രാര്‍ഥിക്കേണ്ട സന്ദര്‍ഭമാണിത്. ഇഖ്‌ലാസോടെയുള്ള നമ്മുടെ പ്രാര്‍ഥന അല്ലാഹു സ്വീകരിക്കാതിരിക്കില്ല.

അംറ്ഖാലിദ് ഇന്നലെ തഹ്‌രീര്‍ മൈതാനിയില്‍ ഒരുമിച്ചുകൂടി യുവാക്കളോടൊപ്പം സമയം ചെലവഴിച്ചു എന്ന് അവരുടെ സൈറ്റില്‍ കാണുകയുണ്ടായി. കുറഞ്ഞ കാലം കൊണ്ട് അദ്ദേഹം വളര്‍ത്തിയെടുത്ത യുവാക്കളോട് മിസ്‌റിലെ എല്ലാ ആശുപത്രികളിലേക്കും ഓടിയെത്തി രക്തം ദാനം ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ഒന്നരമാസം മുമ്പ്, അദ്ദേഹം അലക്‌സാണ്‍ഡ്രിയയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തത് ചില വിവാദങ്ങളുണ്ടാക്കിയതായി സൈറ്റില്‍ കാണുകയുണ്ടായി. ഏതായിരുന്നാലും നേതാക്കള്‍ക്ക് സര്‍വശക്തന്‍ നല്ല ബുദ്ധിയും വിവേകവും പ്രദാനം ചെയ്യട്ടെ. ആമീന്‍.

റാശിദുല്‍ ഗനൂശി പറഞ്ഞപോലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് ഇതിലും നല്ലൊരു അവസരം ലഭിക്കാനില്ല. വര്‍ഷങ്ങളായി ഫ്രാന്‍സില്‍ പ്രവാസജീവിതം നയിക്കുന്ന അദ്ദേഹം തൂനിസില്‍ തിരിച്ചെത്തിയെന്ന പത്രവാര്‍ത്ത മനസ്സിനല്പം സമാധാനം നല്‍കുന്നു. ഇസ്‌ലാമിക മനഃസാക്ഷി വറ്റിയിട്ടില്ലാത്ത എല്ലാ മുസ്‌ലിം-അമുസ്‌ലിം സുഹൃത്തുക്കളോടും ആ നാടുകളിലെ അരക്ഷിതാവസ്ഥ എത്രയും വേഗം അവസാനിച്ച് ഇസ്‌ലാമിക ഭരണം സ്ഥാപിതമാകാന്‍ സര്‍വശക്തനോട് കേണപേക്ഷിക്കാന്‍ അഭ്യര്‍ഥിക്കുകയാണ്.

ലോകപ്രശസ്ത പണ്ഡിതന്‍ ഖര്‍ദാവി പറഞ്ഞതുപോലെ, ഹുബുല്‍ മാത്രമേ വീണിട്ടുള്ളൂ; ലാത്തയും ഉസ്സയും മനാത്തയും ഉണ്ട് വീഴാന്‍. ആ വീഴ്ച എത്രയും വേഗം നടന്ന് മക്കം ഫതഹ് നടന്നതുപോലെ നടക്കട്ടെ. ആമീന്‍.

ഇപ്പോഴും മനസ്സില്‍ ആശങ്കയാണ്. പലപ്പോഴും പല രാജ്യങ്ങളിലും ഇസ്‌ലാമിസ്റ്റുകള്‍ വിയര്‍പ്പും ചോരയും ഒഴുക്കി നേടിയെടുക്കുന്ന സ്വാതന്ത്ര്യം അവസാന നിമിഷത്തില്‍ കതിരുകൊയ്യാന്‍ സാമ്രാജ്യത്വത്തിന്റെ പിണിയാളുകള്‍ കടന്നുവരുന്ന കാഴ്ച. ഏറെ നിരാശയുണ്ടാക്കുന്ന അത്തരം സംഭവങ്ങള്‍ നടക്കാതിരിക്കട്ടെ ആമീന്‍.

ആ മേഖലയില്‍ വിഷമമനുഭവിക്കുന്ന, നമ്മുടെ എല്ലാ മനുഷ്യസുഹൃത്തുക്കള്‍ക്കും എത്രയും വേഗം അവരുടെ പ്രയാസം റബ്ബ് മാറ്റിക്കൊടുക്കട്ടെ. ആമീന്‍. അവിടത്തെ നേതാക്കള്‍ക്ക് സര്‍വശക്തന്‍ ബുദ്ധിയും വിവേകവും കര്‍മശേഷിയും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.

വസ്സലാം, സബിത ടീച്ചര്‍

Wednesday, January 26, 2011

മാതാക്കളെ നഷ്ടപ്പെടല്‍

ഉമ്മയുടെ തുടര്‍ച്ചയാണിത്.

സ്‌നേഹത്തിന്റെ കുളിര്‍മഴയാണ് ഉമ്മ. പണ്ടത്തെ മക്കള്‍ക്ക് ഓര്‍മയുള്ള ഒരു കാര്യമുണ്ട്. മഗ്‌രിബ് നമസ്‌കരിച്ച പായയില്‍ ഉമ്മാടെ മടിയില്‍ കിടക്കുക. പറയാന്‍ പറ്റാത്ത നിര്‍വൃതിയാണ് അത്. അതോര്‍ക്കുമ്പോഴുള്ള നഷ്ടബോധം! എന്ന് ഇനി അങ്ങനെ കിടക്കും? സ്വര്‍ഗത്തില്‍ വെച്ച് ആ സന്തോഷം അനുഭവിക്കാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

സ്‌കൂളില്‍ ഞാന്‍ വിഷമിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. കുട്ടീടെ ഉമ്മ വരുമ്പോള്‍ അവരുടെ കുറുമ്പുകള്‍ ഉമ്മയുടെ മുമ്പിലേക്ക് എല്ലാ അധ്യാപികമാരും കൂടി വലിച്ചിടുന്ന സമയം. എന്റെ മനസ്സ് പിടച്ചില്‍ മാറാന്‍ പലപ്പോഴും ക്രൂശിക്കപ്പെടുന്ന ആ ഉമ്മയെ പതുക്കെ ഒന്ന് പുറത്ത് തട്ടി സമാധാനിപ്പിക്കും.

ഈയിടെ സ്‌പെഷ്യല്‍ ക്ലാസ് (ശനിയാഴ്ച ക്ലാസ്സിന്) വരാത്ത കുട്ടിയുടെ ഉമ്മാനെ വിളിച്ച് ജാസ്മി ഇട്ട് പൊരിക്കുകയാണ്. അതുവഴി വന്ന ഞാന്‍ ഇടയില്‍ കയറി. മോളേ, അവന്റെ മാമാക്ക് വയ്യാഞ്ഞിട്ടല്ലേ വരാഞ്ഞത്? ജാസ്മി എന്നോട് പറയുകയല്ലേ - 'ഈ അമ്മായിയാണ് (അവള്‍ എന്നെ അങ്ങനെയാണ് വിളിക്കുക) ഈ കുട്ടികളേം ഉമ്മമാരേം ചീത്തയാക്കുന്നത്.' ഞാനവളോട് സ്വകാര്യമായി പറഞ്ഞു: 'മോളേ, ആ പാവം ഉമ്മ എത്ര വിഷമിക്കുന്നുണ്ടാകും?'

എനിക്കൊരു മോനുണ്ടായിരുന്നു, പാലക്കാട്ടുകാരന്‍. പത്തുകൊല്ലം ഒക്കെ ആയിക്കാണും അവന്‍ എട്ടാം ക്ലാസ്സില്‍ എത്തിയിട്ട്. അവന്റെ ക്ലാസ്ടീച്ചര്‍ സബീനയാണ്. സബീന ഒരു ദിവസം എന്നോട് പറഞ്ഞു: 'ടീച്ചറേ, എന്റെ ക്ലാസ്സില്‍ ഒരു കുട്ടിയുണ്ട്'. അവന്‍ ഒട്ടും മിണ്ടില്ല. ചിരിക്കുക പോലുമില്ല.' ഞാനവനെ ഒറ്റയ്ക്ക് വിളിച്ച് സംസാരിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരമാണ് കിട്ടിയത്. അവനെ യത്തീംഖാനയില്‍ 5-ാം ക്ലാസ് പ്രായത്തില്‍ കൊണ്ടാക്കി. രണ്ടാമത് തിരിച്ചു ചെന്നപ്പോള്‍ ഉമ്മ ഇല്ല. ഉമ്മ മറ്റൊരാളുടെ കൂടെ പോയി. എന്നോട് ആ മോന്‍ എല്ലാം പറഞ്ഞു. അവസാനം, അവന്റെ തല തടവിക്കൊണ്ട് ഞാന്‍ പറഞ്ഞു: 'ടീച്ചറെ മോന്‍ മോന്റെ ഉമ്മയാണെന്ന് കരുതിക്കോട്ടാ.' അവന് നല്ല സന്തോഷമായി. അവന്‍ അല്‍പാല്‍പം മാറിത്തുടങ്ങി. എന്നെ നോക്കി അവന്‍ എപ്പോള്‍ കണ്ടാലും സലാം പറഞ്ഞ് ചിരിക്കുമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് അവന്‍ പോകുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങലായിരുന്നു. ദുഃഖം നെരിപ്പോട് കണക്കെ മനസ്സിന്റെ അടിത്തട്ടിലുണ്ടായിരുന്നു. പോയതിനുശേഷവും ഫോണ്‍ വിളിക്കാറും വരാറും ഉണ്ട്. അല്‍ഹംദുലില്ലാഹ്, അവന് ഇപ്പോള്‍ നല്ലൊരു ജോലി ഉണ്ട്. അവന്‍ അവന്റെ ഉമ്മാനെ തിരിച്ചു കൊണ്ടുവന്ന് കൂടെ താമസിപ്പിക്കുന്നുണ്ട്. പിതാവിന്റെ ദ്രോഹവും ആ സ്ത്രീ പോകാന്‍ ഒരു കാരണമായിരുന്നു. നഷ്ടപ്പെടുന്ന ഉമ്മമാരെപ്പറ്റി ഓര്‍ത്തപ്പോള്‍ ഈ ഉമ്മാടേം മോന്റേം കാര്യമാണ് പെട്ടെന്നോര്‍മ വന്നത്. 'ഓടിപ്പോകുന്ന ഉമ്മമാര്‍/അമ്മമാര്‍ ചെയ്യുന്ന അക്രമം അതിഭീകരമാണ്. നിഷ്‌കളങ്കരായ പിഞ്ചുമക്കളെ ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോകുന്നവര്‍, എനിക്ക് തോന്നുന്നത് സ്വയബുദ്ധിയോടെ പോകുന്നവരായിരിക്കില്ല അവര്‍ എന്നാണ്.

ഇതുപോലെ വേദനാജനകമാണ് മാതാവിന്റെ നഷ്ടം - മരണം - മുത്തുനബി (സ) ആമിനാബീവീടെ കൂടെ പിതാവിന്റെ ഖബര്‍ സന്ദര്‍ശിക്കാന്‍ പോയി. അബവാഇല്‍ വെച്ച് ഉമ്മ നഷ്ടപ്പെട്ട്, ജോലിക്കാരിയുമായി തിരിച്ചുപോരുന്ന ആ കാഴ്ച. നാമത് ഭാവനയില്‍ കാണുമ്പോള്‍ത്തന്നെ, മുത്തുനബിയുടെ ആ അനാഥാവസ്ഥ നമ്മെ തളര്‍ത്തിക്കളയുന്നു. ഓടിച്ചെന്ന്, ആശ്വസിപ്പിച്ച് ഒരു മുത്തം നല്‍കാനാണ് തോന്നുന്നത്. ബിന്‍തു ശാത്വിഅ് എന്ന അറബിസാഹിത്യകാരി ആ രംഗം വിവരിക്കുന്നത് വായിച്ചാല്‍ നാം പൊട്ടിക്കരഞ്ഞുപോകും. അപ്രകാരം തന്നെ അബ്‌സീനിയയില്‍നിന്ന് ഹിജ്‌റ പോയി തിരിച്ചുവന്ന നി (സ)യുടെ പുത്രി ഉമ്മാനെ തിരഞ്ഞ് മുറികളിലേക്ക് ഓടുന്ന ഒരു ചിത്രവും അവര്‍ വരച്ചിട്ടുണ്ട്. അന്ന് ഫോണും കമ്പിയും ഒന്നുമില്ലല്ലോ. തിരിച്ചുവന്നപ്പോഴാണ് ഖദീജത്തുല്‍ കുബ്‌റാ (റ), അവരുടെ പ്രിയമാതാവ് നഷ്ടമായ വിവരം അറിയുന്നത്! പൊട്ടിക്കരയുന്ന ആ മകളുടെ ചിത്രം! നമ്മുടെ മനസ്സുകളിലും വേദനയുടെ സ്ഫുലിംഗങ്ങളാണുതിരുന്നത്.

ഇതാണ് ഉമ്മ എന്ന രണ്ടക്ഷരത്തിന്റെ മഹത്വം. എന്നെ തകര്‍ത്തുകളഞ്ഞ ഒരനുഭവം കൂടി എഴുതി ഈ കുറിപ്പ് അവസാനിപ്പിക്കാം. മൂന്ന് വയസ്സുള്ള ഇളയ കുട്ടി - നാലാമത്തേത്. പെട്ടെന്നാണ് അവരുടെ ഉമ്മ കാന്‍സര്‍ ബാധിതയാണെന്നറിയുന്നത്. ഉമ്മയെ പിരിയാത്ത കുട്ടി. അവസാനം, ഒരു ദിവസം ആ കുഞ്ഞ് ആശുപത്രിയില്‍ ഉമ്മാനെ സന്ദര്‍ശിച്ച സമയം ആ ഉമ്മയും കുഞ്ഞും പൊട്ടിക്കരഞ്ഞത്, എല്ലാവരെയും കരയിപ്പിച്ചു. ഒരു മെയ് 6-നായിരുന്നു അത്. ആ മാസം 22ന് ആ ഉമ്മ ആ കുഞ്ഞുങ്ങളെയും വിട്ട് റബ്ബിങ്കലേക്ക് യാത്രയായി. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍. ഞാനിപ്പോഴും ആ മക്കളെ കാണുമ്പോള്‍ അറിയാതെ, വല്ലാതെ കരഞ്ഞുപോകും. എന്റെ ഗള്‍ഫിലെ ഉറ്റസുഹൃത്തായിരുന്നു ആ ഉമ്മ. ഒരു വീട്ടിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. രക്തബന്ധമൊന്നുമില്ലെങ്കിലും എങ്ങനെയോ വല്ലാത്ത ആത്മബന്ധമാണ് ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നത്.

ഞാന്‍ ദുആ ചെയ്യുകയാണ്, മാതാപിതാക്കളെ മതിവരുവോളം കണ്ട് ജീവിക്കാന്‍ എല്ലാ മക്കള്‍ക്കും ഭാഗ്യം ലഭിക്കട്ടെ എന്ന്.

വാല്‍ക്കഷണം: സ്‌നേഹത്തിന്റെ നിറകുടമായ ഉമ്മമാരെ വെറുക്കുന്ന നിമിഷം മുതല്‍ ഒരു മനുഷ്യന്‍ നശിക്കാന്‍ തുടങ്ങും. അതിനാല്‍ 'ഗുരുത്വം' മൂന്നക്ഷരം മാതാപിതാക്കളുടെ വായയില്‍നിന്ന് നേരിട്ട് വാങ്ങാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം ജീവിതത്തില്‍ എന്തെല്ലാമുണ്ടായാലും ഒരു നിറമില്ലായ്മ തീര്‍ച്ചയായും അനുഭവപ്പെടും. തീര്‍ച്ച.

സ്വന്തം ടീച്ചറുമ്മ.

Monday, January 24, 2011

മാതാവിന്റെ മഹത്വം

ഉമ്മ എന്ന രണ്ടക്ഷരം - അമ്മ - അമ്മീജാന്‍, മമ്മ, മമ്മി എന്നിങ്ങനെ മാതാവിനുള്ള പേരുകള്‍ നമുക്ക് കാണാം. എന്തായാലും ജനിച്ചുവീഴുന്ന കുട്ടി ആദ്യം ശബ്ദിക്കുന്നത് 'ള്ളേ' എന്ന കരച്ചിലാണ്. ഒരുപക്ഷേ, 'അല്ലാഹ്' എന്നാകാം അതിന്റെ അടിസ്ഥാനം. ഏതായിരുന്നാലും നമ്മള്‍ പിന്നീട് ഉച്ചരിച്ച ശബ്ദം 'മ' എന്നാണ്. നമ്മുടെ കുഞ്ഞിച്ചുണ്ടുകള്‍ ആദ്യം കൂട്ടിപ്പറഞ്ഞ വാക്ക് 'മ' എന്നുതന്നെയാണ്.

ആരാണ് ഈ അമ്മ / ഉമ്മ? വാക്കുകളില്‍ ഒതുക്കാന്‍ പറ്റാത്ത സ്‌നേഹം ഹൃദയത്തില്‍ തിങ്ങിനിറച്ച് നടക്കുന്നവളാണ് ഉമ്മ. ഞാനൊരു ലേഖനത്തില്‍ വായിക്കുകയുണ്ടായി - അംറ്ഖാലിദ് സൈറ്റില്‍ - നീ ജനിച്ച ദിവസം, ഏറ്റവുമധികം സന്തോഷിച്ച ഹൃദയം നിന്റെ ഉമ്മയുടേതായിരിക്കും.

ബര്‍ത്ത്‌ഡേ ഇന്നാണ് എന്ന് എന്നോട് പറയുന്ന കുട്ടികളോടും വലിയവരോടും ഞാന്‍ പറയാറുണ്ട് - ഇത്രയിത്ര കൊല്ലം മുമ്പ് നമ്മള്‍ ഈ ഭൂമിയിലേക്ക് വരാന്‍ നമ്മുടെ ഉമ്മ സഹിച്ച വേദന എത്രയാണെന്നോര്‍ത്തിട്ടുണ്ടോയെന്ന്. ഒരു പയ്യന്‍ എന്നോട് പറഞ്ഞു: 'ടീച്ചര്‍ ആദ്യമായാണ് ഇങ്ങനെ ഞാന്‍ ചിന്തിക്കുന്നത്' എന്ന്.

എന്റെ എല്ലാ ജന്മദിനങ്ങളിലും എന്നെ പ്രസവിച്ച ദിവസത്തെ എന്റെ ഉമ്മാടെ അവസ്ഥ ഭാവനയില്‍ കണ്ട്, കണ്ണ് നനയാറുണ്ട്. ഇതെഴുതുമ്പോഴും 'ഉമ്മ' എന്ന രണ്ടക്ഷരത്തിന്റെ മഹത്വം മനസ്സില്‍ വല്ലാത്ത വികാരങ്ങളുണര്‍ത്തുന്നു. മക്കളും ഉമ്മയും ഉള്ള ബന്ധം! അതെത്ര ശക്തം! നമ്മുടെ എല്ലാവരുടെയും വയറിന്മേലുള്ള പൊക്കിള്‍ നാം ഒരു ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടന്നതിന്റെ തെളിവായി മരണം വരെ കിടക്കുന്നു. കണ്ണില്ലാതെയും കൈയില്ലാതെയും കുഞ്ഞുങ്ങള്‍ ജനിക്കാറുണ്ട്. പക്ഷേ, പൊക്കിളില്ലാതെ ഒരു കുഞ്ഞും ജനിച്ചതായി അറിയില്ല. അതാണ് മാതാവിന്റെ മഹത്വം. വാസ്തവത്തില്‍ ഒരു ഉമ്മ ആകുക എന്നതാണ് ഒരു സ്ത്രീയുടെ ഈ ഭൂമിയിലെ വലിയ ഭാഗ്യം. കാരണം, അവളുടെ കാലിന്നടിയിലാണ് അവളുടെ കുഞ്ഞിന്റെ സ്വര്‍ഗം. വല്ലാത്തൊരു ഹദീസ് തന്നെയാണത്. الجنة تحت أقدام الأمهات - സ്വര്‍ഗം മാതാക്കളുടെ പാദത്തിനടിയിലാണ്.

പ്രവാചകനോട്, താനാര്‍ക്കാണ് ഗുണം ചെയ്യേണ്ടതെന്ന ചോദ്യവുമായി സമീപിച്ച സ്വഹാബിയോട്, മൂന്നുതവണയും ഉമ്മയോട് എന്ന് പറഞ്ഞ് നാലാംതവണ വാപ്പാക്ക് എന്നു പറഞ്ഞ സംഭവം പ്രശസ്തമാണ്. പിതാക്കന്മാര്‍ മക്കളോട് ഈ ഹദീസ് പറഞ്ഞുകൊടുക്കുന്നത് കേള്‍ക്കാന്‍ ഭാഗ്യം ലഭിക്കുന്ന സ്ത്രീയല്ലേ ഏറ്റവും ഭാഗ്യവതി.

ഒരിക്കല്‍ ഞാന്‍ ഡീഅഡിക്ഷന്‍ ക്യാമ്പില്‍ (ഐ.ആര്‍.ഡബ്ല്യു.) ക്ലാസ്സെടുക്കുകയായിരുന്നു. എനിക്ക് മാതാക്കളെപ്പറ്റി പറയാന്‍ 100 നാവാണ്. സ്‌നേഹത്തിന്റെ നിറകുടം മാതാവായതിനാലാവും അത്. ക്ലാസ്സിനിടയില്‍ ഒരാള്‍ പൊട്ടിക്കരഞ്ഞ്, അദ്ദേഹം മദ്യം കഴിച്ചതിന്റെ പേരില്‍ മാതാവ് സങ്കടപ്പെട്ട കഥ വിവരിക്കുകയുണ്ടായി. എനിക്ക് മാപ്പുണ്ടോ എന്നാണാ മനുഷ്യന്‍ ചോദിച്ചത്.

പ്രിയപ്പെട്ട മക്കളേ, നിങ്ങള്‍ക്കുവേണ്ടി ഉറക്കമൊഴിക്കാന്‍ നിങ്ങള്‍ 'അപ്പി'യിട്ടാല്‍ വൃത്തിയാക്കാന്‍, നിങ്ങള്‍ വിശന്നാല്‍ സ്‌നേഹത്തോടെ പാലുതരാന്‍ മാതാവിനുള്ള സന്തോഷം. അത് വിവരണാതീതമാണ്. 'മക്കള്‍' എന്ന് കേട്ടാല്‍ ഉള്ളില്‍ അഗ്നിപടരാത്ത ഏത് മാതാവാണുണ്ടാവുക. എവിടെയെങ്കിലും എന്തെങ്കിലും അടിപിടി കേട്ടാല്‍, തിന്മ കണ്ടാല്‍, ആക്‌സിഡന്റ് കേട്ടാല്‍, 'ഹോ! എന്റെ മക്കളെങ്ങാന്‍ അതില്‍ പെട്ടിരിക്കുമോ' എന്ന് ഭയപ്പെടാത്ത ഏതെങ്കിലും മാതാവുണ്ടാകുമോ? അംറ്ഖാലിദ് ഒരു ലേഖനത്തില്‍ എഴുതുന്നത് കാണുക - സഹോദരന്മാരേ, നമ്മള്‍ പരീക്ഷയ്ക്ക് പോയി വിഷമമുള്ള ചോദ്യം കണ്ടാല്‍ ആദ്യം അറിയാതെ 'ഉമ്മാ' എന്ന് മന്ത്രിക്കാത്ത മനസ്സുണ്ടാകുമോ? അപ്പം ചുടുന്ന ഉമ്മയുടെ പിന്നിലൂടെ ചെന്ന് ചുടണ ചുടണ അപ്പം തിന്നാത്ത ഏതു മക്കളാണുള്ളത്? മക്കളുടെ കല്യാണത്തിന്, വരുന്ന മരുമകള്‍ ഏത് ഡ്രസ്സാണ് അന്നത്തെ ദിവസം ഇടേണ്ടത് എന്ന് കല്യാണത്തിന് എത്ര ദിവസം, മാസം മുമ്പ് സ്വപ്‌നം കാണും ഉമ്മമാര്‍. അവസാനം, അവരെ സ്വീകരിക്കാന്‍ വീടിനെ ഒന്നൊരുക്കാത്ത ഏതെങ്കിലും ഉമ്മമാരുണ്ടാകുമോ? മോന്റെ പെണ്ണ് വരുമ്പോള്‍ അവളെ എങ്ങനെ സ്‌നേഹിച്ചാലാണ് നന്നായിരിക്കുക എന്നായിരിക്കും ഉമ്മാടെ ഉള്ള്. അങ്ങനത്തെ ഉമ്മാനെ ഭാര്യയെ കിട്ടുമ്പോള്‍, മക്കളെ കിട്ടുമ്പോള്‍ വെറുക്കുന്ന മകനല്ലേ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യദോഷി. 'ഉമ്മ' എന്ന രണ്ടക്ഷരത്തിന് വിവരണമെഴുതിയാല്‍ ഒരു പുസ്തകം എഴുതാനുള്ള വകയുണ്ട്.

തള്ളക്കോഴി കുഞ്ഞുങ്ങള്‍ക്ക് ചിറക് വിരുത്തിക്കൊടുക്കും പോലെ മാതാപിതാക്കള്‍ വയസ്സാകുമ്പോള്‍ ചിറക് വിരുത്തിക്കൊടുക്കണം എന്നാണ് ഖുര്‍ആന്റെ ശാസനം. വല്ലാത്തൊരലങ്കാര പ്രയോഗം. കാരണം, കുഞ്ഞുപക്ഷികള്‍ക്ക് തള്ളയുടെ ചിറകിനടിയിലെ ചൂടും സുരക്ഷിതത്വവും വളരെ അത്യാവശ്യമാണല്ലോ. ഖുര്‍ആന്‍ എത്ര സുന്ദരമായ പ്രയോഗമാണ് മാതാപിതാക്കളെ സ്‌നേഹിക്കുന്നതിനെപ്പറ്റി നടത്തിയിരിക്കുന്നത്.

മാതാവിന്റെ വാക്കനുസരിച്ച ഇസ്രാഈലീ പയ്യന് ലഭിച്ച മഹത്തായ സമ്മാനത്തെപ്പറ്റി ഹദീസുകളില്‍ കാണാം. യത്തീമായ മകന്‍ പശുവിനെ വില്‍ക്കാന്‍ പോയി. മാതാവ് പറഞ്ഞ വിലയ്‌ക്കേ കൊടുക്കൂ എന്ന് ശാഠ്യം പിടിച്ച് തിരിച്ചുവന്നു. അവസാനം, ബനൂഇസ്രാഈല്യര്‍ക്ക് അറുക്കാനുള്ള ലക്ഷണമൊത്ത പശുവായി അവര്‍ പൊന്നിന്‍തൂക്കത്തിന് പശുവിനെ വാങ്ങിയതായി കാണാം.

മാതാക്കളുടെ മനസ്സ് വിഷമിപ്പിച്ച മക്കള്‍ക്ക് സംഭവിച്ച ദയനീയമായ കഥകള്‍ ചരിത്രത്തിലും നമ്മുടെ അനുഭവത്തിലും കാണാന്‍ കഴിയും.

അതിനാല്‍ മാതാക്കളെ സ്‌നേഹിക്കുക. അവരുടെ ഗുരുത്വം വാങ്ങാതെ അവര്‍ ഭൂമി വിട്ടുപോകാന്‍ നാമായിട്ട് ഇടവരുത്തരുത്. വയസ്സായ മാതാപിതാക്കള്‍ ഉണ്ടായിട്ട്, സ്വര്‍ഗം ലഭിക്കാതെ പോകുന്നവന്‍ തുലയട്ടെ എന്ന് മുത്തുനബി (സ) മൂന്നുതവണ പറഞ്ഞതായി നമുക്ക് ഹദീസ്ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും.

Sunday, January 9, 2011

അല്ലാഹുവിന്റെ സൃഷ്ടികളെപ്പറ്റി ചിന്തിക്കുക

നബി (സ) പറയുകയുണ്ടായി. لا تفكرو في الله بل تفكرو في خلق الله - നിങ്ങള്‍ അല്ലാഹുവിനെപ്പറ്റി കൂടുതല്‍ ചിന്തിക്കരുത്. മറിച്ച്, അല്ലാഹുവിന്റെ സൃഷ്ടികളെപ്പറ്റി ചിന്തിക്കുക. ഖുര്‍ആന്‍ പല പ്രകൃതിപ്രതിഭാസങ്ങളും കാട്ടിക്കൊണ്ട് പറയുന്ന ഒരു വാചകമുണ്ട്; തീര്‍ച്ചയായും ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.

നാം ഇടയ്ക്കിടയ്ക്ക് ഭൂമിയിലെ ഓരോ വസ്തുക്കളെയും ചിന്താവിധേയമാ ക്കേണ്ടതുണ്ട്. അതില്‍നിന്നാണ് നമ്മുടെ വിശ്വാസത്തിന് ഉറപ്പും കരുത്തും ലഭിക്കുന്നത്. ഉദാഹരണമായി നമുക്കൊരു ഉറുമ്പിനെ എടുക്കാം. അതില്‍ത്തന്നെ എത്ര വ്യത്യസ്തങ്ങളായ ഇനങ്ങള്‍? എത്ര നിറങ്ങള്‍? എത്ര സ്വഭാവരീതികള്‍! സ്വിറ്റ്‌സര്‍ലന്‍ഡ് മുതല്‍ ഇറ്റലി വരെയുള്ള സ്ഥലങ്ങളില്‍ കൂനകളായി ഉണ്ടാക്കിയ വലിയ ഉറുമ്പിന്‍കൂടുകള്‍ കാണാമത്രെ. അവ ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയര്‍ത്തിയ, ഉറപ്പുള്ള വീടുകളിലാണ് കഴിയുന്നത്. ഇത്തരം നൂറുകണക്കിന് കോളനികളാണത്രെ ഉള്ളത്. എന്നാല്‍, ഒരു കോളനിയിലെ ഒരുറുമ്പിനെ മറ്റൊരു കോളനിയില്‍ ഇട്ടാല്‍ മറ്റുള്ളവ നിമിഷനേരം കൊണ്ട് അതിനെ ആക്രമിച്ച് കൊന്നുകളയും. സുബ്ഹാനല്ലാഹ്... നമ്മുടെ നോട്ടത്തില്‍ എല്ലാ ഉറുമ്പുകളും ഒരുപോലെയിരിക്കുന്നതായി തോന്നും. പക്ഷേ, അവയൊക്കെ സ്വന്തം വ്യതിരിക്തതയും സവിശേഷതകളുമുള്ളവയാണ് എന്നാണല്ലോ ഇതില്‍നിന്ന് മനസ്സിലാകുന്നത്.

ഈ കൊച്ചുജീവിയെക്കുറിച്ച് ഒന്ന് പഠിച്ചുനോക്കുക. അതിന്റെ കാര്യം മുഴുവന്‍ അദ്ഭുതമാണ്. അതിന്റെ ഘ്രാണശക്തിയും എവിടെയും എത്തിപ്പെടാനുള്ള സാമര്‍ഥ്യവും എല്ലാം റബ്ബിന്റെ മഹത്വത്തെ വിളിച്ചോതുന്നുണ്ട്.

നമുക്ക് ചിതലിനെയെടുക്കാം, അതിന്റെ ചിലയിനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആദ്യഭക്ഷണം സ്വന്തം (മുതിര്‍ന്നവയുടെ) കാഷ്ഠമാണ്. കാരണം, അവയുടെ ഭക്ഷണമായ സെല്ലുലോസ് ദഹിക്കാനുള്ള എന്‍സൈം ഉല്‍പാദിപ്പിക്കപ്പെടണമെങ്കില്‍ ആ കാഷ്ഠത്തിലെ ബാക്ടീരിയ അത്യാവശ്യമാണത്രെ. ജനിക്കുമ്പോള്‍ അവയില്‍ ആ ബാക്ടീരിയ കാണപ്പെടുന്നില്ലത്രെ! അപരിമേയ അനുഗ്രഹങ്ങളുടെ ഉമസ്ഥനായ അല്ലാഹുവിന് സര്‍വ സ്തുതിയും.

ഇനിയും നമുക്ക് ഈ ഭൂമിയില്‍ കാണുന്ന ഓരോന്നിനെയും വിശകലനം ചെയ്യാം. അതിഗംഭീരമായ ഒരു ശക്തി ഈ പ്രതിഭാസത്തിനു പിന്നിലുണ്ട്. അതിനെ നിഷേധിക്കാന്‍ ആര്‍ക്കും ആവില്ല. കാരണം, ഈ സൃഷ്ടിജാലങ്ങളുടെ സൃഷ്ടിപ്പിലും സംരക്ഷണത്തിലും രൂപമാറ്റം വരുത്തുന്നതിലും നാമാരും പങ്കുകാരല്ല. നോക്കൂ, ശാസ്ത്രം വികസിക്കും തോറും ഈ സ്രഷ്ടാവിന്റെ സാന്നിധ്യം കൂടുതല്‍ കൂടുതല്‍ ബോധ്യം വരുക തന്നെ ചെയ്യും. ഖുര്‍ആന്‍ പറയുന്നു: 'നാം അവര്‍ക്ക്‌ നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുന്നുണ്ട്. ദിഗന്തങ്ങളിലും അവരുടെ ശിര്‍ങ്ങളിലും അല്ലാഹു സത്യമാണെന്ന് അവര്‍ക്ക് തെളിയുംവരെ.'

അതെ, നാം മുകളില്‍ പറഞ്ഞ ചിതലുവര്‍ഗത്തിലെ ശില്പികളായ ഒരുവിഭാഗത്തിന് കണ്ണ് കാണുകയില്ലത്രെ! എന്നാല്‍, അവ നല്ല സുന്ദരമായ കൂട് (പുറ്റ്) നിര്‍മിക്കുന്നുണ്ടത്രെ! ചൂടുപ്രദേശങ്ങളില്‍ അവ സ്തൂപാകൃതിയിലുള്ള ചിതല്‍പ്പുറ്റുകള്‍ -വീടുകള്‍- ആണ് നിര്‍മിക്കുന്നത്. എങ്ങനെയാണ് പറയാനാവുക, ഇതിന്റെ പിന്നില്‍ ഒരു സ്രഷ്ടാവ് ഇല്ലായെന്ന്.

തേനീച്ചയെ എടുത്തുനോക്കൂ, അത് പൂക്കളിലെ മധു അല്ലാതെ ഒന്നും ഭക്ഷിക്കുന്നില്ല. ദിനംപ്രതി ക്ഷീണമില്ലാതെ, മടിയില്ലാതെ കിലോമീറ്ററുകളാണ് അവ തേന്‍ ശേഖരിക്കാനായി സഞ്ചരിക്കുന്നത്. എന്നിട്ടവ കൃത്യമായി കൂടുകളില്‍ തിരിച്ചെത്തുകയും മറ്റുള്ളവര്‍ക്ക് പൂക്കളുള്ള സ്ഥലവും പോകേണ്ട ദിശയും നിര്‍ണയിച്ചുകൊടുക്കുന്നു. ഒരു പ്രത്യേകതരം നൃത്തത്തിലൂടെയാണ് അവ ഈ ആശയ കൈമാറ്റം നടത്തുന്നത്. എന്നിട്ട്, ലോകത്തിലേക്കേറ്റവും ശുദ്ധമായ തേന്‍ അവ ഉല്‍പാദിപ്പിക്കുന്നു. നോക്കുക, തേന്‍ അവയുടെ വിസര്‍ജ്യവസ്തുവാണ്. അത് ജീവിക്കാന്‍ വേണ്ടി കുടിക്കുന്ന മധു അതിന്റെ ദഹനേന്ദ്രിയങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തീര്‍ത്തും മറ്റൊരു വസ്തുവായി മാറി നമുക്ക് അങ്ങേയറ്റം ഉപകാരപ്രദമായ ഭക്ഷണവും പാനീയവും മരുന്നും ആയി മാറുന്നു. ഒരുപക്ഷേ, അവ തേന്‍ കുടിച്ചിട്ടാകും ഇത്ര സ്ഥിരോത്സാഹികളായത്. തൊഴിലില്‍ ഒരു മടുപ്പും ഇല്ലാതെ അവ നീങ്ങുന്നു. മടിയന്മാരായ മനുഷ്യര്‍ക്ക് ഇവയുടെയൊക്കെ ജീവിതത്തില്‍നിന്നും ഒരുപാട് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനാകും.

തങ്ങളുടെ മാതാപിതാക്കള്‍ക്ക് അന്തരീക്ഷോഷ്മാവ് അളക്കാന്‍ അറിയുന്നതുകൊണ്ടുമാത്രമാണ് ആസ്‌ത്രേലിയയില്‍ കാണപ്പെടുന്ന മാലിഫാള്‍ എന്ന പക്ഷിയുടെ കുഞ്ഞുങ്ങള്‍ ജന്മമെടുക്കുന്നത്. മാലിഫാള്‍ പക്ഷികള്‍ക്ക് അവയുടെ മുട്ടയറയുടെ ചൂട് 33 ഡിഗ്രി സെല്‍ഷ്യസ് ആകുന്നത് അറിയില്ലെങ്കില്‍, അല്ലെങ്കില്‍ ഒരു ഡിഗ്രി ചൂട് കൂടിയോ കുറഞ്ഞോ നിര്‍ണയിച്ചാല്‍ പിന്നെ അവയുടെ പിന്മുറക്കാര്‍ ഉണ്ടാവുകയില്ല.

മറ്റുള്ള പക്ഷികളെപ്പോലെ അവ മുട്ടയ്ക്ക് അടയിരിക്കാറില്ല. ഈ പക്ഷികള്‍ വലിയൊരു കൂന (കുന്ന്) നിര്‍മിച്ച് അതിന്റെ കൊക്കുകൊണ്ട് ചൂട് നിരീക്ഷിക്കുന്നു. 1700 ന്റെ അവസാനത്തില്‍ ആസ്‌ത്രേലിയയിലേക്ക് വന്ന വെള്ളക്കാര്‍ ഈ കുന്നുകള്‍ കണ്ടപ്പോള്‍ അവര്‍ കരുതിയത് ആദിമമനുഷ്യരുടെ കുഴിമാടങ്ങളാവും എന്നാണ്. എന്നാല്‍ കുറേ കഴിഞ്ഞാണ് ഇത് ചാരനിറത്തിലുള്ള ഒരു പക്ഷി നിര്‍മിക്കുന്നതെന്ന് മനസ്സിലാക്കിയത്.

വസന്തകാലത്ത് അവയുടെ പ്രജനനകാലം അടുക്കുമ്പോള്‍ ഈ പക്ഷികള്‍ കുന്ന് നിര്‍മിക്കാന്‍ ആരംഭിക്കും. ആദ്യമായി അച്ഛനമ്മമാര്‍ മൂന്നടി ആഴമുള്ള ഒരു കുഴി നിര്‍മിക്കും. അതില്‍ ഉണങ്ങിയ ഇലകളും മരച്ചില്ലകളും കമ്പുകളുമൊക്കെ അടുക്കി കുഴി നിറയ്ക്കും. മഴയൊന്ന് പെയ്ത് മണ്ണ് നനഞ്ഞാലുടന്‍ പക്ഷികള്‍ ഈ വസ്തുക്കള്‍ക്കു് മുകളില്‍ മണലും മണ്ണും ഉപയോഗിച്ച് കൂന നിര്‍മിക്കും.

മരച്ചില്ലകളും ഇലകളുമൊക്കെ അഴുകാന്‍ തുടങ്ങുമ്പോള്‍ ഈ കൂനയിലെ ചൂട് വര്‍ധിക്കുന്നു. ആണ്‍പക്ഷി അതിന്റെ കൊക്കുകൊണ്ട് ഈ അറയുടെ ഉള്ളിലെ ചൂട് നിരീക്ഷിച്ചുകൊണ്ടിരിക്കും. ചൂട് 33 ഡിഗ്രിയിലെത്തി എന്ന് ബോധ്യമായാല്‍ പിടപ്പക്ഷി ആദ്യമുട്ടയിടുന്നു. പിന്നെ ഓരോ ആഴ്ചയിലും ഒന്നോ രണ്ടോ മുട്ടയായി അഞ്ചാറുമാസം മുട്ടയിടല്‍ തുടരുന്നു. സാധാരണയായി 15-20 മുട്ടകള്‍ ഉണ്ടാകും. ഓരോ മുട്ടയും ഇട്ടുകഴിഞ്ഞാല്‍ ആണ്‍പക്ഷി അറ തുറന്ന് ഓരോ മുട്ടയും വളരെ സൂക്ഷ്മമായി അതിനുള്ളിലേക്ക് നീക്കി ക്രമീകരിക്കുന്നു. പിന്നെ അടുത്ത മുട്ടയ്ക്കുവേണ്ടി കൂടിനെ സജ്ജമാക്കുന്നു.

സെപ്റ്റംബര്‍ അവസാനത്തോടെ യാണ് സാധാരണയായി മുട്ടകള്‍ ഇട്ടുതുടങ്ങുന്നത്. അതുമുതല്‍ ഏകദേശം ഏപ്രില്‍വരെ ആണ്‍പക്ഷി അതിന്റെ ചുണ്ടും നാവും ഉപയോഗിച്ച് ഈ അറയുടെ ചൂട് ആവശ്യമായ അളവിലാണെന്ന് ഉറപ്പുവരുത്തുന്നു. ഊഷ്മാവ് നിരീക്ഷിക്കാനുള്ള അതിന്റെ അപാരമായ ഈ കഴിവുപയോഗിച്ച് പക്ഷി അതിന്റെ മുട്ടയറ 33 ഡിഗ്രിയില്‍ സ്ഥിരമാക്കി നിര്‍ത്താന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിക്കൊണ്ടേയിരിക്കും. അറയ്ക്കുള്ളില്‍ പെട്ടെന്ന് അഴുകുന്ന ഇലകളുടെ ഫലമായി ചൂട് വര്‍ധിക്കുകയാണെങ്കില്‍ കാറ്റുകൊള്ളത്തക്കവിധം മുട്ടകള്‍ പുറത്തേക്ക് തുറന്നുവെക്കുന്നു. ചൂടുസമയത്ത് മുട്ടകള്‍ സംരക്ഷിക്കുന്നതിന് അറയുടെ മുകളില്‍ കൂടുതല്‍ മണ്ണും മണലും കൊണ്ട് കവര്‍ ചെയ്യുന്നു.

ശരത്കാലത്ത് അന്തരീക്ഷ ഊഷ്മാവ് വളരെ താഴുമ്പോള്‍ ആണ്‍പക്ഷി മുട്ടകള്‍ക്ക് ചൂട് കിട്ടത്തക്കവിധം രാവിലെ തന്നെ കൂട് തുറന്നുവെക്കുന്നു. ആ ചൂട് നിലനിര്‍ത്തുന്നതിനുവേണ്ടി വൈകുന്നേരമാകുമ്പോള്‍ അടയ്ക്കുകയും ചെയ്യും.

ഓരോ മുട്ടയ്ക്കും ഏഴാഴ്ചത്തെ ഇന്‍കുബേഷന്‍ ആവശ്യമാണ്. അതിനാല്‍ത്തന്നെ പക്ഷി മുട്ടയിടുന്ന അവസരത്തില്‍ത്തന്നെ ചിലതു വിരിയുന്നുണ്ടാകും. പുതുതായി വിരിയുന്ന കുഞ്ഞിന് 15 മണിക്കൂറോളം കഠിനമായി പണിയെടുത്താല്‍ മാത്രമേ മണ്ണിനും മറ്റ് സാധനങ്ങള്‍ക്കുമിടയിലൂടെ പുറത്തെത്താന്‍ കഴിയൂ. കുഞ്ഞുങ്ങള്‍ക്ക് അവ വിരിഞ്ഞയുടനെ തന്നെ സ്വയം പര്യാപ്തരായിരിക്കുകയും 24 മണിക്കൂറിനുള്ളില്‍ പറക്കാന്‍ കഴിയുകയും ചെയ്യും.

വളരെ കൃത്യമായി അന്തരീക്ഷ ഊഷ്മാവ് അളക്കാന്‍ കഴിയുന്നതുകൊണ്ട് ഇതിനെ തെര്‍മോമീറ്റര്‍ പക്ഷി എന്നും വിളിക്കാറുണ്ട്. ഈ പക്ഷിയുടെ കഴിവ് അല്ലാഹുവിന്റെ അപാരമായ സൃഷ്ടിപ്പിനെ വിളിച്ചോതുന്നു. ആണ്‍പക്ഷിയും പെണ്‍പക്ഷിയും വ്യത്യസ്തമായ ധര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോഴും അവ ഒരുമിച്ച് മുട്ടയറ നിര്‍മിക്കാന്‍ പണിയെടുക്കുന്നു. ആണ്‍പക്ഷി എല്ലായ്‌പ്പോഴും മുട്ടയറയുടെ ചൂട് നിരീക്ഷിക്കുകയും ആവശ്യമെങ്കില്‍ വേണ്ട മാറ്റം വരുത്തുകയും ചെയ്തുകൊണ്ടേയിരിക്കും. എല്ലാ കാര്യങ്ങളും വളരെ നീണ്ട കാലയളവുകൊണ്ട് വളരെ കൃത്യതയോടെ മുന്നേറുന്നു.

മാലിഫാള്‍ പക്ഷികളുടെ പ്രജനനത്തിലെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. എങ്ങനെയാണ് ആണ്‍പെണ്‍ പക്ഷികള്‍ അവയുടെ ഡ്യൂട്ടികള്‍ തീരുമാനിക്കുന്നത്? കുഞ്ഞുങ്ങള്‍ക്ക് അവ ജനിച്ചയുടന്‍ 15 മണിക്കൂറോളം പണിയെടുത്ത് തുരങ്കം നിര്‍മിച്ച് പുറത്തെത്തണമെന്ന് എങ്ങനെയാണ് അറിയുക? ആണ്‍പക്ഷിക്ക് വിവിധ സീസണുകളില്‍ അതിന്റെ മുട്ടയറയുടെ ചൂട് 33 ഡിഗ്രിയില്‍ നിലനിര്‍ത്തണമെന്നും അല്ലെങ്കില്‍ കുഞ്ഞുങ്ങള്‍ വിരിയില്ലെന്നും ആരാണ് ബോധനം നല്‍കുന്നത്? ആദ്യ മാലിഫാള്‍ പക്ഷികള്‍ക്ക് ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ അറിവ് കിട്ടിയില്ലായിരുന്നെങ്കില്‍ ഈ പക്ഷികള്‍ അവശേഷിക്കുമായിരുന്നില്ല. ഓരോ ജീവിയിലും സ്രഷ്ടാവ് സന്നിവേശിപ്പിച്ച സഹജാവബോധവും അതിന്റെ സൃഷ്ടിപ്പിലുള്ള പൂര്‍ണതയും തന്നെയല്ലേ മാലിഫാളുകളുടെയും നിലനില്‍പ്പിന്നാധാരം.

പ്രസവിക്കാറായ ഒരു മുയലിനെ നിരീക്ഷിക്കുക. അത് പ്രസവസമയമായാല്‍ തന്റെ വയറുഭാഗത്തെ രോമങ്ങള്‍ മറിച്ച് കുഞ്ഞുങ്ങള്‍ക്കായി മെത്തയൊരുക്കുന്നു. ഞാനിത് സ്വന്തം നിരീക്ഷണത്തില്‍ നേരിട്ട് കണ്ടതാണ്. വളരെ മാര്‍ദ്ദവമായ കുഞ്ഞുങ്ങള്‍ മണ്ണില്‍ ഉരയാതിരിക്കാനാവും അമ്മ ഈ പണി ചെയ്യുന്നത്. അതിന് ആരാണ് പ്രസവത്തിനു മുമ്പുതന്നെ ഇത്രയും വലിയൊരു ചിന്ത കൊടുത്തത്. നാം ഇതുപോലെ നമ്മുടെ ചുറ്റുമുള്ള ഓരോ വസ്തുക്കളെയും നിരീക്ഷിച്ചാല്‍ അത്യന്തം അദ്ഭുതകരമായ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഖുര്‍ആന്‍ തീര്‍ച്ചയായും ചിന്തയെ തട്ടിയുണര്‍ത്തുന്നുണ്ട്. നമ്മുടെ അകക്കണ്ണുകളെ തുറപ്പിക്കാന്‍ ഖുര്‍ആന് അതിഭയങ്കരമായ ശക്തിയുണ്ട്.
ഈ ഭൂമിയിലെ ഓരോ വസ്തുവിനും അതിന് ജീവിക്കാനും നിലനില്‍ക്കാനും വംശവര്‍ധന നടത്താനും പടച്ചതമ്പുരാന്‍ ഒരുപാട് അനുകൂലകങ്ങള്‍ നല്‍കിയിരിക്കുന്നു. കൃത്യമായ ക്രമീകരണവും അവയുടെ വംശവര്‍ധനവിന് അവന്‍ സംവിധാനിച്ചിട്ടുണ്ട്. അല്ലെങ്കില്‍ ഭൂമി ഒറ്റ ജീവിവര്‍ഗം കൊണ്ടുതന്നെ മൂടിപ്പോകുമായിരുന്നു.


അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ കാണുകയും പാഠം ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ബുദ്ധിശാലികളില്‍ റബ്ബ് നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

Sunday, January 2, 2011

ഖുര്‍ആനിന്റെ രോഗശമനം

വിശുദ്ധ ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് അതില്‍ രോഗശമനമുണ്ടെന്നാണ്. സൂറത്തുല്‍ ഫാതിഹഃ ഓതി വിഷം ഇറക്കിയ സംഭവം നമുക്ക് ഹദീസില്‍ കാണാന്‍ കഴിയും.

www.kaheel7.com എന്ന സെറ്റില്‍ ഖുര്‍ആന്റെ അമാനുഷികതകളാണ് മുഴുവന്‍. അതിന്റെ ഉടമസ്ഥന്‍ എഞ്ചിനിയറായ സിറിയന്‍ സ്വദേശി അബ്ദുദ്ദാഇം കഹീല്‍ ആണ്. അദ്ദേഹം പഠനം കഴിഞ്ഞതിനുശേഷം ഒന്നുകില്‍ ഫിസിക്‌സില്‍ അല്ലെങ്കില്‍ ഗണിതശാസ്ത്രത്തില്‍ പി.എച്ച്.ഡി. ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, പെട്ടെന്ന് അദ്ദേഹത്തിന് തോന്നി, ഒന്ന് ഖുര്‍ആന്‍ കൂടുതല്‍ പഠിച്ചെങ്കിലോ എന്ന്. അങ്ങനെ അദ്ദേഹം ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ തുടങ്ങി. അദ്ദേഹം അതിനെ സംബന്ധിച്ചൊക്കെ വലിയ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. അദ്ദേഹം പറയുന്നത്, നമ്മള്‍ ജനിച്ചതുതന്നെ ഖുര്‍ആന്‍ പഠിക്കാനാണെന്നാണ്. അപ്രകാരം തന്നെ, അദ്ദേഹം ഖുര്‍ആന്‍ പഠനത്തിലൂടെ നേടിയെടുത്ത നേട്ടങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു: മനുഷ്യന്റെ വ്യക്തിത്വം വികസിക്കാനും വളരാനും ഏറ്റവും നല്ല മാര്‍ഗം ഖുര്‍ആന്‍ പഠിക്കലാണ്. അതിന്റെ സംഗീതാത്മകമായ പാരായണം ശരീരത്തിന്റെ പല കോശങ്ങളെയും, വിശിഷ്യാ തലച്ചോറിലെ കോശങ്ങളെ ശക്തിയുള്ളതാക്കുന്നു. കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണവും മനനവും നല്ല ഔഷധമാണത്രെ! കോശങ്ങളുടെ നാശമാണല്ലോ കാന്‍സര്‍ ബാധയിലൂടെ സംഭവിക്കുന്നത്. എന്നാല്‍ ഓരോ കോശങ്ങള്‍ക്കും കൂടുതല്‍ പ്രവര്‍ത്തനക്ഷമതയും കരുത്തും ഖുര്‍ആനിലൂടെ ലഭ്യമാക്കുന്നുണ്ടത്രെ!

പ്രിയമുള്ളവരെ, നമ്മുടെ കൈയിലുള്ള ഖുര്‍ആന്‍ എന്താണ്? ഇദ്ദേഹം ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളിലൂടെ ഇത് സ്ഥാപിക്കുന്നുണ്ട്. ഇന്ന് വൈദ്യശാസ്ത്രരംഗത്തെ ഗവേഷണങ്ങളില്‍ രോഗശമനത്തിന് സംഗീത ചികിത്സയ്ക്ക് നിഷേധിക്കാനാവാത്ത പങ്കുള്ളതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹം ഒരു സ്ഥലത്ത് പറയുന്നു: മുമ്പ് ലേഖനം പോയിട്ട് ഒരു വരിപോലും തെറ്റില്ലാതെ എഴുതാന്‍ എനിക്കാവില്ലായിരുന്നു. പക്ഷേ, ഞാന്‍ 24 മണിക്കൂറും - ഉറക്കസമയത്തുപോലും - ഖുര്‍ആന്‍ കേട്ടുതുടങ്ങിയതോടെ എന്റെ വ്യക്തിത്വം ആകെ മാറി. മുമ്പ് ചില ദുഃശീലങ്ങളുടെ അടിമയായിരുന്നു. പുകവലിയും വയലിന്‍ വായനയും എന്റെ ജീവിതത്തില്‍നിന്ന് ഞാനറിയാതെ പടികടന്നുപോയി. തീരുമാനങ്ങളെടുക്കാനും പ്രയോഗവത്കരിക്കാനും ഖുര്‍ആന്‍ പഠനം എന്നെ കരുത്തനാക്കി. പുതിയ പുതിയ ചിന്തകള്‍ എന്റെ ബോധമണ്ഡലത്തെ പൊതിഞ്ഞുതുടങ്ങി. ആയിരക്കണക്കിന് ഈടുറ്റ ലേഖനങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് ഇന്നത്തെ കഹീല്‍7 വെബ്‌സൈറ്റ്.

സര്‍ഗാത്മക കഴിവുകള്‍ വളരും എന്നതും ഖുര്‍ആന്റെ പ്രത്യേകതയാണ്. അപ്രകാരം തന്നെ, മറ്റുള്ളവരോട് വളരെ ഹൃദ്യമായി പെരുമാറാന്‍ ഖുര്‍ആന്‍ നമ്മെ പരിശീലിപ്പിക്കും. ശാരീരികമായി പ്രതിരോധശേഷി കൂടുന്നതായി ബോധ്യം വരുമെന്നും അദ്ദേഹം ഉറപ്പുപറയുന്നു.

തലച്ചോറില്‍ ശബ്ദവും വെളിച്ചവും സ്പര്‍ശനവും രുചിയും ഗന്ധവും അനുരണനങ്ങളുമുണ്ടാക്കുന്നതായി മുമ്പുള്ളവര്‍ക്കറിയില്ലായിരുന്നു. 1839ല്‍ ഹെന്‍ റിക് വില്യം ആണ് തലച്ചോറിന്റെ പ്രതികരണങ്ങളെപ്പറ്റി ആദ്യമായി ഗവേഷണം നടത്തിയത്. തലച്ചോര്‍ പുറത്തുനിന്നുള്ള ശബ്ദം, വെളിച്ചം എന്നിവയ്‌ക്കൊക്കെ റേഡിയോ തരംഗങ്ങളിലൂടെ പ്രതികരിക്കുന്നുണ്ടെന്ന് അടുത്തകാലത്തായി ശാസ്തം തെളിയിച്ചിട്ടുണ്ട്. അപ്പോള്‍, സര്‍വലോക രക്ഷിതാവായ തമ്പുരാന്‍ ലോകത്തിനു മുഴുവന്‍ വെളിച്ചമായവതരിപ്പിച്ച ഗ്രന്ഥത്തില്‍ എല്ലാം ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് നമുക്കുറച്ചു വിശ്വസിക്കാം. ഇതേപ്പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക:
وننزّل من القرآن ما هو شفاء ورحمة للمؤمنين - നാം ഖുര്‍ആനില്‍നിന്ന് വിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവും ഇറക്കുന്നു.


നോക്കൂ, ഖുര്‍ആന്‍ സത്യമാണ്. അത് അമാനുഷികമാണ്. അതുപോലൊന്ന് ഈ ഭൂമിയില്‍ ഇല്ല. മേന്മയിലും ഈടിലും അതിനോടടുത്ത് നില്‍ക്കുന്ന ഒരു ഗ്രന്ഥവും ഇല്ല. ലോകം മുഴുവന്‍ പാരായണം ചെയ്യുന്നത് ഒറ്റ ഖുര്‍ആനാണ്. അതിന്റെ ഭാഷാന്തരം ധാരാളമുണ്ടെങ്കിലും അതിനെയൊന്നും ആരും 'ഖുര്‍ആന്‍' എന്ന് വിളിക്കാറില്ല, കരുതാറും ഇല്ല.

സഹോദരങ്ങളേ, ഖുര്‍ആനെ തൊട്ടറിയാന്‍ മുന്നോട്ടു വരിക. ഖുര്‍ആന്‍ നമ്മുടെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കും തീര്‍ച്ച. നമ്മെ വളര്‍ത്തും - ഖുര്‍ആന്റെ ശൈലികള്‍ നമ്മുടെ പെരുമാറ്റ-സ്വഭാവ രീതികളുമായി ഇഴുകിച്ചേര്‍ന്നാല്‍ നമ്മളും വിജയം നേടി. ഖുര്‍ആന് കഥാകഥന രീതിയുണ്ട്. ഉപമാലങ്കാര പ്രതിപാദന രീതിയുണ്ട്. മനുഷ്യമനസ്സിനെ ഏറ്റവും കൂടുതല്‍ കീഴടക്കുന്ന ശൈലി അതാണ്.

പ്രയാസം അനുഭവിക്കുന്ന സന്ദര്‍ങ്ങളില്‍ നാം ഖുര്‍ആന്‍ പാരായണം ചെയ്യുക. അല്ലെങ്കില്‍ പാരായണം കേള്‍ക്കുക. ഒരു കാര്യം, ഖുര്‍ആന് വശ്യമായ, അതിവശ്യമായ പാരായണ രീതിയുണ്ട്. നാമായിട്ട് അതിന്റെ പാരായണ സൗന്ദര്യം നഷ്ടപ്പെടുത്തരുത്. അതിനാല്‍, നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഓതുക. നിയമം പഠിച്ചില്ലെങ്കിലും നിയമം പാലിക്കുകയും അനുസരിക്കുയും ചെയ്യേണ്ടതുണ്ട്. ധാരാളം കേള്‍ക്കാന്‍ ശ്രമിക്കുക. പലരും പാട്ടു കേള്‍ക്കലില്‍ ആണ്ടുപോകുന്നവരാണ്. ഖുര്‍ആനെ നഷ്ടപ്പെടുന്നവര്‍ എന്നേ അവരെപ്പറ്റി പറയാനാവൂ. പലരും എന്നോട് പാട്ടിന്റെ അനുവദനീയതയെപ്പറ്റി അന്വേഷിക്കാറുണ്ട്. പാട്ടിന്റെ ഹലാലും ഹറാമും നിര്‍ണയിക്കുന്നതിനു പകരം ഖുര്‍ആന്‍ കേള്‍ക്കാന്‍ നിര്‍ദേശിക്കാറുണ്ട്. ഖുര്‍ആനിന് തീര്‍ച്ചയായും സംഗീതാത്മകതയും താളവും ഉണ്ട്. പ്രാസഭംഗിയില്ലാത്ത ഒറ്റസൂക്തവും അധ്യായവും ഇല്ല ഖുര്‍ആനില്‍. ഓരോ അധ്യായത്തിലെയും അവസാനത്തെ അക്ഷരത്തിനെ ശ്രദ്ധിക്കുക.

ഖുര്‍ആനില്‍ ഒരു സൂക്തമുണ്ട്:
ولو أن قرآنا سيرت به الجبال أو قطعت به الأرض أو كلّم به الموتى بل لله الأمر جميعا
ഏതെങ്കിലും ഒരു ഖുര്‍ആന്‍ പര്‍വതങ്ങളെ നീക്കുകയും ഭൂമിയെ മുറിക്കുകയും മരിച്ചവര്‍ അഭിസംബോധന ചെയ്യപ്പെടുകയും ചെയ്യുവാന്‍ (കഴിവുള്ളതുണ്ടെങ്കില്‍ അത് ഈ ഖുര്‍ആനാണ്). പക്ഷേ, അധികാരം മുഴുവന്‍ അല്ലാഹുവിന്റെ കൈയിലാണ്.


ഈ ആയത്തിനെപ്പറ്റി നാമൊന്ന് ഗാഢമായി ചിന്തിക്കുക. അസംഭവ്യമെന്ന് നാം കരുതുന്ന കാര്യങ്ങള്‍ നടത്താന്‍ ഈ ഖുര്‍ആന് കഴിവുണ്ട് എന്നല്ലേ ഇതിന്റെ ഉള്ളിലെ ധ്വനി. അല്ലാഹു ആണ് കൂടുതല്‍ അറിയുന്നവന്‍. രഹസ്യങ്ങളുടെ കലവറ അവന്റെ കൈകളിലാണ്. എന്തായിരുന്നാലും ഖുര്‍ആന്‍ അതിയായ അദ്ഭുതങ്ങളുടെ കലവറയാണ്. ഒരിക്കല്‍ കെമിസ്ട്രിയില്‍ ചില കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഒരു മനുഷ്യനോട് പത്രക്കാര്‍ ഇന്റര്‍വ്യൂ നടത്തിയപ്പോള്‍, തനിക്കിതിന് പ്രചോദനം ലഭിച്ചത് ഖുര്‍ആനില്‍ നിന്നാണെന്ന് പറഞ്ഞതായി അദ്ദേഹത്തിന്റെ മകന്‍ ഒരു സദസ്സില്‍ പറയുകയുണ്ടായി.

ഇബ്‌നുല്‍ഖയ്യിം (റ) ഖുര്‍ആനെപ്പറ്റി 10 കാര്യങ്ങളില്‍ വിശ്വസിക്കണമെന്ന് പറഞ്ഞതില്‍, ഖുര്‍ആനില്‍ രോഗശമനമുണ്ടെന്ന് വിശ്വസിക്കലും നിര്‍ബന്ധമാണെന്ന് പറയുന്നതായി കാണാം.

സഹോദരന്മാരെ, നാം സാധാരണക്കാരാണ്. അബ്ദുദ്ദാഇം കഹീല്‍ പോലുള്ള അസാമാന്യ പ്രതിഭകളും നമ്മുടെ കൂട്ടത്തിലുണ്ടാകുമായിരിക്കും. ഭൂരിപക്ഷവും സാധാരണക്കാരാണല്ലോ. സാധാരണക്കാരായ നമ്മള്‍ ഒന്ന് ഖുര്‍ആനിലേക്കിറങ്ങുക. ഖുര്‍ആന്‍ പാരായണവും കേള്‍വിയും അതിന്റെ മനനവും ഒരു സ്ഥിരം പരിപാടിയാക്കി മാറ്റുക. ഓരോ ദിവസവും ഉദിക്കുന്ന സൂര്യനും ചന്ദ്രനും അടിച്ചുവീശുന്ന കാറ്റും നാം ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്വും പെയ്യുന്ന മഴയും എപ്രകാരം ശുദ്ധമാണോ അതിലും ശുദ്ധമാണ് നമ്മുടെ കൈകളിലുള്ള ഖുര്‍ആന്‍.

ചിന്തിക്കാന്‍ ഓരോ പേജുകളിലും ആവശ്യപ്പെടുന്ന ഖുര്‍ആന്‍ ചിന്തകര്‍ക്ക് എന്നും വിഷയമാണ്. നാം ഒരു ശബ്ദം ശ്രവിച്ചാല്‍ അതിന്റെ ആവൃത്തി അനുസരിച്ച് ശരീരം പ്രതികരിക്കും എന്നത് സാധാരണക്കാരായ നമുക്ക് അനുഭവമാണല്ലോ. കേള്‍ക്കുന്ന ഓരോ ശബ്ദവും കാണുന്ന ഓരോ ശബ്ദവും നമ്മുടെ കോശങ്ങളില്‍ പ്രകമ്പനം ഉണ്ടാക്കുന്നുണ്ടെങ്കില്‍ ഖുര്‍ആന്റെ ശബ്ദവും ശരീരത്തില്‍ ഗുണകരമായ പ്രകമ്പനമുണ്ടാക്കും എന്നതുറപ്പാണല്ലോ.

ഖുര്‍ആന്റെ സന്ദേശത്തെ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ നാം ഭാവനയില്‍ കാണുക. അവിടെ മദ്യം ഇല്ല. തിന്മകള്‍ ഇല്ല. കുറ്റം സ്വയം ഏറ്റുപറഞ്ഞ് ശിക്ഷ വാങ്ങുന്ന വ്യക്തികളായിരിക്കും. അന്യന്റെ സ്വത്ത് കൈക്കലാക്കാനുള്ള ശ്രമമുണ്ടാവുകയില്ല. കൃഷിക്കും കാലിവളര്‍ത്തലിനും പ്രാമുഖ്യം നല്‍കും. സമ്പത്ത് കുന്നുകൂട്ടി വെച്ച്, അവശരെ കാണാതിരിക്കുന്ന ഒരു സമൂഹമായിരിക്കില്ല അത്. ഖുര്‍ആനനുസരിച്ച് പൂര്‍ണമായി ജീവിച്ച സമൂഹമായിരുന്നു മുഹമ്മദ് നബി (സ)യുടെ സമൂഹം. കാലാന്തരത്തില്‍ മാറ്റം സംഭവിച്ചെങ്കിലും ഭാഗികമായി ഖുര്‍ആനെ സ്വീകരിച്ച സമൂഹത്തില്‍ ഭാഗികമായെങ്കിലും അതിന്റെ ഗുണം ദൃശ്യമായി. 120 കൊല്ലം മുമ്പ് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആശുപത്രി ഉണ്ടാക്കിയവരായിരുന്നു മുസ്‌ലിംകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തീര്‍ച്ചയായും ഖുര്‍ആനാകുന്ന വെളിച്ചം വീണതിന്റെ ഫലമാണതെന്ന് നമുക്ക് നിസ്സംശയം പറയാം.

റബ്ബ് നമ്മെ ഖുര്‍ആന്റെ യഥാര്‍ഥ പിന്മാഗികളാക്കി മാറ്റട്ടെ. ആമീന്‍.

വസ്സലാം,
സബിത ടീച്ചര്‍