Tuesday, September 27, 2011

സഹോദരീ, നീയൊരു മര്‍യമാകുക

നമുക്കു ചുറ്റും അവിവാഹിതരും വിധവകളുമായിക്കഴിയുന്ന ഒട്ടേറെപ്പേര്‍. പലപല കാരണങ്ങളാല്‍ അവര്‍ക്ക് പുരുഷന്റെ താങ്ങും തണലും നഷ്ടപ്പെട്ടിരിക്കുന്നു. തീര്‍ത്തും അനാഥത്വവും വൈധവ്യവും
പേറുന്ന അനേകം യുവതികളും സ്ത്രീകളും എന്റെ മനസ്സിലൂടെ കടന്നുപോകുന്നു. ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സുകളിലൂടെയും സമാന രീതിയിലുള്ള, അശരണരായ സഹോദരിമാര്‍ കയറിയിറങ്ങുന്നുണ്ടാകും, തീര്‍ച്ച. ബഹുഭാര്യാത്വം വളരെ മോശമായി കരുതുന്ന ഒരു നാടും നാട്ടുകാരുമായിപ്പോയി നാം. നമ്മെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നാം വളര്‍ന്നുവന്ന സാഹചര്യം അതാണ്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെക്കൂടി ജീവിതപങ്കാളിയാക്കുക എന്നത് പലപ്പോഴും നമ്മുടെ നാട്ടിലെ 90 ശതമാനം സ്ത്രീകളെയും തകര്‍ത്തുകളയാറുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ വിധവകളും നിത്യകന്യകകളും അബലകളുമായവര്‍ക്ക് എന്തുണ്ട് പരിഹാരം എന്ന് ചിന്തിക്കാന്‍ നാം നിര്‍ബന്ധിതരാകുകയാണ്.


സ്ത്രീയെ പൊതുവെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിഷ്‌കളങ്കതയുടെയും നിറകുടമെന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. ഒരളവുവരെ അത് ശരിയുമാണ്. ഇത്തരം ഒരു സ്ത്രീഹൃദയം തന്റെ സ്‌നേഹവും കാരുണ്യവും എവിടെ പ്രകടിപ്പിക്കും എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. തനിക്ക് തൊട്ടുതലോടി ആശ്വസിപ്പിക്കാന്‍ ഭര്‍ത്താവില്ല, താലോലിച്ചോമനിച്ച് വളര്‍ത്താന്‍ മക്കളില്ല. പറയൂ, അവള്‍ തന്റെ വികാരവായ്പുകള്‍ എവിടെ പ്രകടിപ്പിക്കും? വല്ലാത്തൊരു സങ്കടകരമായ അവസ്ഥ. ഞാനെന്റെ മക്കളെയും പേരക്കുട്ടികളെയും മരുമക്കളെയും പുന്നരിക്കുകയും ഉമ്മവെക്കുകയും ചെയ്യുമ്പോള്‍ അതിന് കഴിയാത്ത, അതില്ലാത്ത അനേകായിരങ്ങളെ ഓര്‍ത്ത് അരനിമിഷം വിഷമിച്ചുപോകാറുണ്ട്. വയറു നിറച്ച് ഭക്ഷണം കഴിക്കുമ്പോള്‍, ഭക്ഷണം കിട്ടാത്ത അനേകായിരങ്ങളെ ഓര്‍ത്ത്, സോമാലിയയിലെ കുഞ്ഞുങ്ങളെ ഓര്‍ത്ത് ഒരു ചെറുനെടുവീര്‍പ്പ് നമ്മില്‍ ഉയരാറില്ലേ? അതുപോലെ.

അതേ, ഈയൊരു മാനസികാവസ്ഥയില്‍നിന്നുകൊണ്ട് എല്ലാ സ്ത്രീകളും മര്‍യമിനെ വായിക്കുക. ലോകസ്ത്രീകള്‍ക്ക് മാതൃകയെന്ന് ഖുര്‍ആന്‍ എടുത്തു പറഞ്ഞ മര്‍യം. അവര്‍ നമ്മെപ്പോലെ വികാരങ്ങളുള്ള യുവതിയായിരുന്നു. അവിവാഹിത. സ്‌നേഹവായ്പുകള്‍ ഒഴുക്കാന്‍ മക്കളുണ്ടായിരുന്നില്ല. അപ്പോള്‍ അവര്‍ അല്ലാഹുവിനെ കൂടുതല്‍ സ്‌നേഹിക്കുകയും നമസ്‌കാരത്തിലും സല്‍കര്‍മങ്ങളിലും മുഴുകുകയും ചെയ്യുന്നു. ഖുര്‍ആന്‍ പറയുന്നു: ഹേ, മര്‍യം! നീ ഭയഭക്തിയോടെ ദൈവത്തെ വണങ്ങുക, സാഷ്ടാംഗം പ്രണമിക്കുക. റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക.

ഈ ആയത്തിനെ നാം പരിശോധിച്ചാല്‍ എത്ര ശക്തമായാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത് എന്ന് കാണാം. ആരാധനയോടൊപ്പം ബൈതുല്‍ മസ്ജിദ് പരിപാലനവും ഹ: മര്‍യമിന്റെ സേവനമേഖല ആയിരുന്നു. ശാം ഭാഗത്തെ ഏറ്റവും പുരാതനവും പ്രശസ്തവുമായ ധാരാളം പ്രവാചകന്മാരുടെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ മസ്ജിദുല്‍ അഖ്‌സയും പരിസരവും വൃത്തിയായി പരിപാലിക്കുക.
പടച്ചവനേ, നീ ഞങ്ങള്‍ക്ക് മറിയമിന്റെ കഥാഖ്യാനത്തിലൂടെ പലതും പഠിപ്പിക്കുകയാണല്ലോ. ജീവിക്കുന്ന പരിസരത്തെ ആത്മീയമായും ഭൗതികമായും ശുദ്ധീകരിച്ചുവെക്കുക. എല്ലാവരും എത്രമാത്രം വീഴ്ചവരുത്തുന്നുണ്ടാകും? ആത്മീയ ശുദ്ധിവത്കരണം അകലെത്തന്നെ.


സഹോദരീ, രാത്രി എഴുന്നേറ്റ് പ്രാര്‍ഥിക്കുക. ദുഃഖത്തിന്റെ മാറാപ്പ് ആരും കാണാത്ത സമയത്ത് നാഥന്റെ മുന്നില്‍ അഴിച്ചുവെക്കുക. പരിഹാരങ്ങള്‍ ആവശ്യപ്പെടുക. വീടില്ലെങ്കില്‍ വീടാവശ്യപ്പെടുക. ഒരത്താണി വേണമെന്ന് തോന്നുന്നുവെങ്കില്‍ ഉറപ്പുള്ള ഒരത്താണിക്കായി നാഥനോട് കൈ ഉയര്‍ത്തുക. ഒപ്പം അനാഥകളെയും അബലകളെയും സഹായിക്കുമെന്ന് തീരുമാനിക്കുക. വാക്കുകൊണ്ട്, പെരുമാറ്റം കൊണ്ട്, സ്‌നേഹം കൊണ്ട്.
അപ്പോഴാണ് നീ ഒരു 'മേരി' അല്ലെങ്കില്‍ മര്‍യം ആകൂ എന്ന് പറയാന്‍ തോന്നുന്നത്. സ്‌നേഹവായ്പിനെ സാധുക്കള്‍ക്കായി പങ്കിട്ടുകൊടുക്കുന്ന മര്‍യം.


ഒരിക്കലും വഞ്ചിക്കുന്ന ഒരു യുവാവിലേക്ക് ആ സ്‌നേഹം നീങ്ങാതിരിക്കട്ടെ. അത്തരം ഒരവസ്ഥയില്‍ നീയേറെ വേദനിച്ചുപോകും. അതിനാല്‍, ജാഗ്രത പാലിക്കുക. അനാഥശാലകളും കുഷ്ഠരോഗാശുപത്രികളും സന്ദര്‍ശിക്കുക ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അവഗണനയാല്‍ വലിച്ചെറിയപ്പെട്ട ഒരുപാട് ജന്മങ്ങളെ അവിടെ കാണാന്‍ പറ്റും. പതഞ്ഞൊഴുകാന്‍ വെമ്പുന്ന നിന്റെ മാതൃത്വത്തിന്റെ ഉര്‍വരത ആ സാധുക്കള്‍ക്കായി പങ്കിട്ടുകൊടുത്തുനോക്കൂ. നീ അപ്പോള്‍ ഒരു മര്‍യമായി മാറും. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ നിന്റെ സ്വന്തമാകും.

മോശം ബന്ധങ്ങളില്‍ ചെന്ന് വീഴാതിരിക്കുക. ഈയൊരു തിരിച്ചറിവില്ലാതാകുന്നവളാണ് ഒരു മുഴം കയറില്‍ ജീവിതം ആടിത്തീര്‍ക്കുന്നത്. അതിനാല്‍, ദീനില്‍ ഉറച്ചുനില്‍ക്കുക. അശരണരായ സ്ത്രീകളെ വഞ്ചിക്കാന്‍ തക്കം നോക്കി നടക്കുന്ന കാപാലികരുണ്ട്. അവരോട് ഒരു വാക്ക്: നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ നീ വഞ്ചിക്കുന്നത് അതിഭീകരമായ ഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തും. അതിനാല്‍, ഇത്തരം സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക.

അവിവാഹിതരായ, വിധവകളായ സ്ത്രീകളുടെ കാര്യങ്ങള്‍ക്കുമേല്‍ നോട്ടം വഹിക്കുന്ന മാതാക്കളോടും ഒരു വാക്ക് - അവര്‍ അവരുടെ കുറ്റം കൊണ്ടല്ല അനാഥരും അബലകളുമായത്. ഒരുപക്ഷേ, തൊലിനിറം അല്പം കുറഞ്ഞതിനാലോ, രോഗം കൊണ്ടോ ഒക്കെയാണത്. അവരെ നിങ്ങള്‍ വേണ്ടവിധം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് സാമൂഹ്യസേവനത്തിന് വിടണം. അവര്‍ വെറുതെ വീട്ടിലിരുന്ന്, ഒഴിവുസമയങ്ങള്‍ പിശാചിന് പണി ഉണ്ടാക്കാനുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. എന്തെങ്കിലും ഒരു തൊഴില്‍, അല്ലെങ്കില്‍ ഒരു കോഴ്‌സ്, അല്ലെങ്കില്‍ ഒരു ഭാഷ പഠിക്കുക. വായിക്കുക, പ്രവര്‍ത്തിക്കുക, വളരുക, പിശാചിന്നടിമപ്പെടാതിരിക്കുക. റബ്ബ് നല്‍കിയ യുവത്വം 100 ശതമാനം അവന്റെ മാര്‍ഗത്തില്‍ തിരിച്ചുകൊടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ കരുത്തുള്ള മര്‍യം ആകുക നീ.

കടപ്പാട്: അംറ്ഖാലിദ്‌

Tuesday, September 13, 2011

ഈജിപ്തിലെ സാക്ഷരതാ വിപ്ലവം


ഉസ്താദ് അംറ് ഖാലിദ് - ദിനംപ്രതി ഈജിപ്തില്‍ വസന്തം വിരിയിക്കുന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍, അദ്ദേഹം ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്. അല്ലാഹു ഇബ്രാഹിം നബി (അ)യെപ്പറ്റി പറഞ്ഞില്ലേ,
إن ابراهيم كان أمة قانتا لله حنيفا ولم يك من المشركين
ഇബ്‌റാഹിം തീര്‍ച്ചയായും അല്ലാഹുവിനെ ധ്യാനിച്ച, ഋജുമാനസനായ ഒരു സമുദായമായിരുന്നു. ബഹുദൈവ വിശ്വാസികളില്‍പ്പെട്ടവനായിരുന്നില്ല. (അന്നഹല്‍: 120)
ഇബ്‌റാഹിം (അ)യുടെ മാതൃകയാണ് പ്രബോധകന്‍ പിന്‍പറ്റേണ്ടത്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
അംറ്ഖാലിദും സുഹൃത്തുക്കളും നടത്തുന്ന محو الأمية (നിരക്ഷരതാ നിര്‍മാര്‍ജനം)നെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഏതൊരു മനുഷ്യഹൃദയവും സന്തോഷിക്കും; ഈജിപ്തിലെ 17 മില്യന്‍ ആള്‍ക്കാര്‍ ഇന്നും നിരക്ഷരരാണെന്നറിയുമ്പോള്‍ പ്രത്യേകിച്ചും. ഏതൊരു ജനതയും സാക്ഷരതയിലൂടെയാണ് വികസിക്കുക. അക്ഷരജ്ഞാനമില്ലാത്തവരെ അസത്യത്തിന്റെ വാഹകര്‍ക്ക് വേഗം വശത്താക്കാനാകും. صناع الحياة എന്ന അംറ്ഖാലിദിന്റെ ശക്തമായ ഒരു വളണ്ടിയര്‍സംഘമുണ്ട്. അവര്‍ വോഡഫോണിന്റെയും സാഖിയത്തുസ്സാവി എന്ന സംഘത്തിന്റെയും സഹായത്തോടെ ലോകനിരക്ഷരതാ നിര്‍മാര്‍ജന ദിനത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ആയിരത്തിലധികം വളണ്ടിയര്‍മാര്‍ - യുവാക്കള്‍ - പങ്കെടുത്തതായിരുന്നു ആ പരിപാടി. പ്രശസ്ത കലാകാരനായ ഹംസ നമിറ ഒരു മണിക്കൂര്‍ നീണ്ട തന്റെ ഗാനമേളയോടെയാണ് പരിപാടി അവസാനിപ്പിച്ചത്.
അംറ്ഖാലിദും പങ്കെടുത്ത എല്ലാവരും വിജ്ഞാനത്തിന്റെ ആവശ്യകതയെപ്പറ്റി എടുത്തുപറഞ്ഞു. അദ്ദേഹം പറഞ്ഞു: വിപ്ലവത്തിനുമുമ്പ് ഈജിപ്ത് വലിയൊരു കടമ്പ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞുപോയ ഭരണവ്യവസ്ഥകള്‍ വികസനത്തിന്റെ എല്ലാ പദ്ധതികള്‍ക്കും അനുമതി നിഷേധിക്കുകയായിരുന്നു. അന്ന് ഈജിപ്ഷ്യന്‍ ജനതയ്ക്ക് ആകെ അറിഞ്ഞിരുന്നത് തങ്ങളുടെ ഫുട്‌ബോള്‍ കളിക്കാര്‍ അടിക്കുന്ന ഗോളുകള്‍ക്കൊപ്പം കൈയടിക്കാനായിരുന്നു. എന്നാല്‍, വിപ്ലവാനന്തരം, നമുക്കാര്‍ക്കും ഇനി ഇത്തരം ജനക്ഷേമ പദ്ധതികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അല്ലാഹുവിന്റെയടുത്ത് യാതൊരു ഒഴികഴിവും ഇല്ല.
അദ്ദേഹം തുടരുന്നു: നാം നിരക്ഷരരായിരിക്കെ, നാമെങ്ങനെ اقرأ എന്ന സമുദായമാകും? വിശുദ്ധ ഖുര്‍ആന്‍ 970 തവണയാണ് علم  (അറിവ്) എന്ന പദം ആവര്‍ത്തിച്ചിട്ടുള്ളത്. ഓരോ പേജിലും അറിവ് എന്ന പദത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനും ഹദീസും വിജ്ഞാനത്തെ എത്രയാണ് പ്രേരിപ്പിച്ചിരിക്കുന്നത്!
العلم قوة (വിജ്ഞാനം ശക്തിയാണ്) എന്ന പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചും നമ്മുടെ നാട്ടിന്റെ നിരക്ഷരത 100 ശതമാനം ഉന്മൂലനം ചെയ്യാനാണ് പദ്ധതി ഇടുന്നത്. ഈജിപ്തില്‍ 17 മില്യന്‍ പ്രജകള്‍ നിരക്ഷരരാണെന്നത് ഏറ്റവും അപമാനമാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി പദ്ധതിക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത വിവരം അദ്ദേഹം സദസ്സിനെ അറിയിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി വൈകുന്നേരം ഈജിപ്തിലെ മുഴുവന്‍ വിദ്യാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അനുമതി നല്‍കിയ വിവരവും അംറ്ഖാലിദ് സദസ്യരെ അറിയിച്ചു. ശേഷം നടന്ന ചര്‍ച്ചകളില്‍ ആവേശഭരിതമായ കാര്യങ്ങളാണ് അരങ്ങേറിയത്. തീര്‍ത്തും അന്ധനായ മുസ്തഫ എന്ന യുവാവ് ഈ പദ്ധതിയുമായി സഹകരിക്കുന്ന വിവരം പങ്കുവെച്ചു. തന്റെ അന്ധത തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒട്ടും വഴിമുടക്കിയിട്ടില്ല എന്നദ്ദേഹം പറയുകയുണ്ടായി. പിന്നീട് മുഹമ്മദുല്‍ ഹമാമിസ് സദസ്സിനെ വികാരഭരിതനായി ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. വിപ്ലവ ഈജിപ്ത് തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാന്‍ മറ്റാരെയും ചുമതലപ്പെടുത്തുന്നില്ല. മുമ്പ് ഭരണാധികാരിയായിരുന്നു നമ്മുടെ ഭാഗധേയം നിശ്ചയിച്ചിരുന്നത്. ഇന്ന് ആ അവസ്ഥ മാറി. നാം -ജനത- എത്രയും വേഗം ഉണര്‍ന്നെണീറ്റ് നമ്മുടെ ഭാഗധേയത്തിന്റെ കടിഞ്ഞാണ്‍ നാം തന്നെ നിയന്ത്രിക്കുകയും നാം തന്നെ മാറ്റത്തിന് ദൃഢപ്രതിജ്ഞ ചെയ്യുകയും വേണം.
പിന്നീട് ഗാസയില്‍നിന്ന് റഫഹ് ടണല്‍ വഴി വന്ന صناع الحياة വളണ്ടിയര്‍മാരായ രണ്ട് യുവാക്കളെ അംറ്ഖാലിദും സദസ്യരും കൂടി സ്വാഗതം ചെയ്തു. സമ്മേളന ഹാളിനെ നിമിഷങ്ങളോളം ശബ്ദമുഖരിതമാക്കി. ശേഷം അംറ്ഖാലിദിനോട് പ്രസിഡന്റ്സ്ഥാനത്തേക്കുള്ള നോമിനേഷനെ സംബന്ധിച്ച് സദസ്സില്‍നിന്ന് ചോദ്യമുയര്‍ന്നു. അദ്ദേഹത്തിനുവേണ്ടി ********** ലെ മുഹമ്മദ് മുഅ്മിന്‍ എന്ന വളണ്ടിയര്‍ പറഞ്ഞ മറുപടി വളരെ ഹൃദ്യമായിരുന്നു. ''സമ്മതിദായകരില്‍ പകുതിയോളം നിരക്ഷരരായ (17 മില്യന്‍) ഒരു ജനതക്കെങ്ങനെ തങ്ങളുടെ ഭാവി ഭരണാധികാരിയെ തിരഞ്ഞെടുക്കാനാവും? അവര്‍ക്ക് എഴുത്തും വായനയും അറിയില്ല. ഓരോ സ്ഥാനാര്‍ഥികളും മുന്നോട്ടു വെക്കുന്ന കാര്യങ്ങള്‍ അവര്‍ സ്വന്തം വായിച്ചു മനസ്സിലാക്കേണ്ടതില്ലേ? വളരെ കൃത്യവും സൂക്ഷ്മവുമായി നടക്കേണ്ട ഈ പ്രക്രിയയില്‍ അവരുടെ അജ്ഞതയെ എങ്ങനെയൊക്കെ ചൂഷണം ചെയ്യപ്പെടും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ? അതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചയേക്കാള്‍ ഇപ്പോള്‍ അത്യാവശ്യമായിരിക്കുന്നത് സാക്ഷരതാ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുന്ന ചര്‍ച്ചകളാണ്.''
സദസ്സില്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തകര്‍ ഹൃദ്യമായ ധാരാളം അനുഭവങ്ങള്‍ പങ്കുവെച്ചു. അഞ്ചുവര്‍ഷം മുമ്പ് തന്റെ മുത്തശ്ശിയെ സാക്ഷരയാക്കിയ അനുഭവം ഒരു യുവാവ് പറഞ്ഞു. ഇന്നവര്‍ പ്ലസ്ടുവിലാണത്രെ! ഇന്നവര്‍ സ്വന്തമായി തന്റെ അയല്‍വാസികളെ പഠിപ്പിക്കുന്നുണ്ട്. അപ്രകാരം, ഒരുകൂട്ടം എഞ്ചിനിയര്‍മാര്‍ തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകള്‍ വൈകുന്നേരം തുറന്ന് സാക്ഷരതാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്ന വിവരവും സദസ്സ് ആവേശത്തോടെ വരവേല്‍ക്കുകയുണ്ടായി.


വാല്‍ക്കഷണം: നമ്മള്‍ 100 ശതമാനം സാക്ഷരര്‍. പക്ഷേ, ഇന്നും വിദ്യാര്‍ഥികളില്‍തന്നെ നിരക്ഷരര്‍ ഉണ്ട് എന്നതാണ് സത്യം. യുവപ്രബോധകരായ صناع الحيوة ഏറ്റെടുത്ത ദൗത്യം കഠിനതരമാണ്. അല്ലാഹു അവരെ സഹായിക്കട്ടെ.
നമുക്കും ഈ ലേഖനം പ്രചോദകമാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്,
നിങ്ങളുടെ സബിത ടീച്ചര്‍
വസ്സലാം

Friday, September 2, 2011

സയ്യിദ് ഖുതുബ്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി

സയ്യിദ് ഖുതുബ് - ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിപ്ലവകാരി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഇന്നും തീവ്രവാദം മുഴുവന്‍ അദ്ദേഹത്തില്‍ മുദ്രകുത്തപ്പെടുകയാണ്. മൗലാനാ മൗദൂദിയും കഴിഞ്ഞ നൂറ്റാണ്ടിലെ ലോകം കണ്ട മികച്ച പണ്ഡിതനാണ്. അദ്ദേഹത്തെപ്പറ്റി മൗദൂദി സ്മൃതിരേഖകളില്‍ വളരെ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, കേരളക്കരയില്‍ ആദ്യമായി മഹാനായ സയ്യിദ് ഖുതുബിനെപ്പറ്റി ഒരു ഗ്രന്ഥം പുറത്തിറങ്ങിയിരിക്കുന്നു. ഐ.പി.എച്ച്. (ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്) ആണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുഗ്രഹീത എഴുത്തുകാരനായ വി.എ.കബീറാണ് ഗ്രന്ഥരചന നടത്തിയത്. മഹാനായ രക്തസാക്ഷിയെ സംബന്ധിച്ച് ഇത്ര നല്ലൊരു ഗ്രന്ഥം - ചെറുതെങ്കിലും - പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ കബീര്‍ വിജയിച്ചിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.

ശഹീദിന്റെ അവസാന രംഗങ്ങള്‍ വായിച്ചുപോകുമ്പോള്‍ കണ്ണുനീരണിയാതെ വായനക്കാരന് നീങ്ങാനാവില്ല. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ في ظلال القرآن എന്ന ഖുര്‍ആന്‍ തഫ്‌സീറുമായി ആത്മബന്ധമുള്ളവര്‍ക്ക്. في ظلال القرآن അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്. ഖുര്‍ആനിലൂടെ ഒഴുകി, അതിന്റെ സുന്ദരമായ ദൃശ്യങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന അത്യന്തം ഹൃദയാവര്‍ജ്ജക ശൈലിയാണ് ഖുതുബിന്റേത്. ആ സാഹിത്യഗ്രന്ഥത്തില്‍ ഒരിടത്തിങ്ങനെ വായിക്കാം: ''മനുഷ്യന്‍ മണ്ണുകൊണ്ട് ഗ്ലാസ്സും പ്ലെയിറ്റും മറ്റു വസ്തുക്കളും ഉണ്ടാക്കുന്നു. എന്നാല്‍, സര്‍വശക്തനും സുന്ദരനുമായ അല്ലാഹു ഈ മണ്ണുകൊണ്ടുതന്നെ അതിവിശിഷ്ടരായ മനുഷ്യരെയും നാം ഈ കാണുന്ന സസ്യ-ജന്തുജാലങ്ങളെയും സൃഷ്ടിക്കുന്നു. അപ്രകാരം, മനുഷ്യന്‍ അറബി അക്ഷരങ്ങള്‍ കൊണ്ട് കഥയും കവിതയും ലേഖനവും രചിക്കുന്നു. എന്നാല്‍, സര്‍വജ്ഞനായ അല്ലാഹു അതിവിശിഷ്ടമായ ഖുര്‍ആനെ അവതരിപ്പിക്കുന്നു; ഈ 28 അക്ഷരങ്ങള്‍ കൊണ്ടുതന്നെ.

എത്ര സുന്ദരമായ വാക്യങ്ങള്‍! സെയ്യിദ് ഖുതുബിനെയും അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും സംശയദൃഷ്ട്യാ കാണുന്നവര്‍ കബീറിന്റെ ഈ പുസ്തകം മനസ്സിരുത്തി വായിക്കുക. എന്നിട്ട്, നിങ്ങള്‍ക്ക് അതില്‍ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ എന്താണ് ലഭിക്കുന്നത് എന്ന് നോക്കുക. لم أعدمونى അവരെന്തിനാണ് എന്നെ നശിപ്പിച്ചത് എന്ന ഗ്രന്ഥത്തെയാണ് കബീര്‍ കാര്യമായി അവലംബിച്ചിരിക്കുന്നത്. യാതൊരു വളച്ചൊടിക്കലും ഏച്ചുകെട്ടലും ഗ്രന്ഥത്തില്‍ ഇല്ല എന്നുതന്നെ പറയാം. മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുവരെ പുകമറയിലായിരുന്ന ചില വസ്തുതകള്‍ ഈ കൊച്ചുകൃതിയിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നു. 

അതില്‍, എന്നെ ആകര്‍ഷിച്ച വശം, അലി അശ്മാവി എന്നയാള്‍ നടത്തിയ ഉപജാപ പ്രവര്‍ത്തനമാണ്. ഏതൊരു വിപ്ലവപ്രസ്ഥാനത്തിനും നേരിടേണ്ടിവരാവുന്ന ഒരു ദുര്‍ഘട സന്ധി എന്നുതന്നെ പറയാം അതിനെ. വായനക്കാരന്റെ ഹൃദയത്തെ വീര്‍പ്പുമുട്ടിക്കുന്ന ഒരു കാര്യമാണത്. അതായത്, ഇഖ്‌വാന്‍ പ്രവര്‍ത്തകരെ കരുതിക്കൂട്ടി തീവ്രവാദികളാക്കി മുദ്രകുത്താന്‍ അലിഅശ്മാവി എന്ന മനുഷ്യന്‍ നടത്തിയ ഹീനമായ പ്രവര്‍ത്തനം എന്ന് അതിനെ പറയാം. ഇനിയും ശക്തമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ 'അലിഅശ്മാവി'മാര്‍ നുഴഞ്ഞുകയറും. പിശാചിന് എന്തെങ്കിലും പണി ഉണ്ടാകാതെ തരമില്ലല്ലോ. നബി(സ)യുടെ കാലത്ത് നുഴഞ്ഞുകയറിയ മുനാഫിഖുകളോട് ഇത്തരക്കാരെ ഉപമിക്കാനാകും. 

ആധുനിക കാലഘട്ടത്തില്‍ അതിന് ഭരണകൂട ഭീകരതയുടെ well planned പദ്ധതി സഹായകമായി ഉണ്ടാകും. ഈജിപ്തിലും തുനീസിലും വിജയംകണ്ട മുല്ലപ്പൂ വിപ്ലവത്തെ കശക്കി എറിയാന്‍ എത്ര അണിയറ നാടകങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടാകും? നീതിയും സത്യവും പുലരുന്ന ഒരു ലോകം പിറവിയെടുക്കുന്നതിന് സാക്ഷികളാകാന്‍ നമ്മെയെല്ലാം സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍.

നക്‌സലുകള്‍ക്ക് അന്യമല്ലെങ്കിലും ബാക്കി പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. (നക്‌സല്‍ പ്രസ്ഥാനത്തിന്റെ സത്യാസത്യങ്ങളെ നിരൂപണം നടത്തുകയല്ല ഞാനിവിടെ). പക്ഷേ, അവരെ കടപുഴക്കാന്‍ ജയറാം പടിക്കല്‍ എടുത്ത അടവും ഇതുതന്നെയായിരുന്നു എന്ന് കബീര്‍ സമര്‍ഥിക്കുന്നു (പേജ് 56)
സാമൂഹ്യപരിവര്‍ത്തനത്തിന് ശ്രമിക്കുന്ന, അല്പമെങ്കിലും ചുറുചുറുക്കുള്ള സംഘടനകള്‍ വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു കാര്യമാണിത്. മുമ്പ് നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന, വളരെ ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ഒരു സുഹൃത്ത് ഈയിടെ പറയുകയുണ്ടായി. എന്റെ പ്രസ്ഥാനം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും അതിന്റെ സത്ത് നഷ്ടപ്പെടുകയും ചെയ്ത അന്ന് രാത്രി 'എനിക്കിനി ജീവിക്കേണ്ട' എന്നുവരെ തോന്നിപ്പോയി എന്ന്. അദ്ദേഹം ഒരിക്കലും കുടിലമായ സായുധ പോരാട്ടത്തെ അംഗീകരിക്കുന്ന ആളല്ല. എന്നാല്‍, ആദിവാസിപ്പെണ്‍കൊടിമാര്‍ക്ക് സൈ്വര്യമായി അന്തിയുറങ്ങാന്‍ സമ്മതിക്കാത്ത, നരാധമന്മാരെ നിയമം ശിക്ഷിക്കുന്നില്ലെങ്കില്‍ സ്വയരക്ഷയ്ക്ക് സാധിക്കാത്ത സാധുസ്ത്രീകള്‍ക്ക് വിപ്ലവപ്രസ്ഥാനങ്ങളെങ്കിലും താങ്ങും തണലുമാകണ്ടേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.


നമുക്ക് സയ്യിദ് ഖുതുബിലേക്കുതന്നെ പോകാം. സയ്യിദ് ഖുതുബ് അതിവിശിഷ്ട സാഹിത്യകാരനും കൂടിയാണ്. സാഹിത്യത്തിലും നിരൂപണത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രചനകള്‍. അതിനുശേഷമാണ് ഇസ്‌ലാമിക വിജ്ഞാനീയത്തിലേക്ക് കാര്യമായി തിരിയുന്നത്. അദ്ദേഹം രക്തസാക്ഷിയായി കൃത്യം 45 കൊല്ലം തികയുന്ന ആഗസ്ത് മാസത്തില്‍ത്തന്നെ ഗ്രന്ഥം നമ്മുടെ കൈകളിലെത്തുന്നു. മലയാളത്തിന് 45 കൊല്ലം കാത്തിരിക്കേണ്ടിവന്നു ഇത്തരം ഒരു കൃതി ലഭിക്കാന്‍ എന്നത് അദ്ദേഹത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ക്ക് ആക്കം കൂട്ടിക്കാണും. എങ്കിലും സയ്യിദ് ഖുതുബിന്റെ പല കൃതികളും - ഖുര്‍ആന്റെ തണലില്‍ അടക്കം - മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് വിസ്മരിക്കുന്നില്ല.
ഗ്രന്ഥത്തിന്റെ ആമുഖപ്പേജില്‍ ചേര്‍ക്കപ്പെട്ട ഖുതുബിന്റെ ഒരു വാചകം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു - ''നമ്മുടെ വാക്കുകള്‍ ജീവിതപാതയിലെ നിശ്ചല പ്രതിമകള്‍ മാത്രമാകുന്നു. ആ പാതയി രക്തമിറ്റി വീഴുമ്പോള്‍ അവയിലേക്ക് ജീവന്‍ അരിച്ചെത്തുന്നു.''


സ്വന്തം രക്തം കൊണ്ടും ജീവന്‍ കൊണ്ടും ജീവിതം കൊണ്ടും അദ്ദേഹം തന്റെ ആദര്‍ശത്തിന്റെ സാക്ഷിയായി. അദ്ദേഹത്തെയും നമ്മെയും സര്‍വശക്തന്‍ വിശാലമായ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.


വാല്‍ക്കഷണം: ഇന്നും നീതിനിഷേധിക്കപ്പെട്ട് കല്‍ത്തുറുങ്കില്‍ കിടക്കുന്നവര്‍ക്കുവേണ്ടി നാം എന്ത് ചെയ്യുന്നു? ഓരോ മനുഷ്യനും ചോദിക്കേണ്ട ചോദ്യമാണ്. ഒരു കാര്യം, അനീതി അധികം കാലം വാഴില്ല. സത്യം എന്നാണെങ്കിലും മറനീക്കി പുറത്തുവരും. 'മര്‍ദ്ദിതന്റെ പ്രാര്‍ഥനയ്ക്കും ദൈവത്തിനും ഇടയില്‍ മറയില്ല' എന്ന പ്രവാചകവചനം അക്രമകാരികള്‍ ഓര്‍ത്തിരുന്നെങ്കില്‍!


വസ്സലാം