Saturday, August 25, 2012

വേര്‍പാടിന്റെ വേദന


ചില മനുഷ്യരുടെ വേര്‍പാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കും. അത്തരത്തില്‍ ഒന്നായിരുന്നു ഈയിടെ നമ്മെ വിട്ടുപോയ ഇഖ്ബാലിന്റെ വേര്‍പാട്.

ഒരു ദിവസം, കൃത്യമായി പറഞ്ഞാല്‍ ജൂലൈ 5, വ്യാഴാഴ്ച നാലാം പിരിയഡ്. എന്റെ ഒരു സുഹൃത്തായ ജഅ്ഫര്‍ എളമ്പിലാക്കോട് മദീനയില്‍നിന്ന് വിളിക്കുന്നു. കമ്പ്യൂട്ടര്‍ ലാബിലായതിനാല്‍ ഫോണ്‍ എടുത്തു. എന്തോ അര്‍ജന്റ് കാര്യത്തിനാണെന്ന് മനസ്സിലായി. പതുക്കെ പതുക്കെ വിഷയം പറഞ്ഞു. നമ്മുടെ ഇഖ്ബാലിന് നല്ല സുഖമില്ല. ചികിത്സയ്ക്കായി നാട്ടിലേക്ക് വരേണ്ടിവരും. അദ്ദേഹത്തിന്റെ ഭാര്യയെയും ഉമ്മയെയും അറിയിച്ചിട്ടില്ല. ടീച്ചര്‍ നാട്ടിലുള്ള ഭാര്യാപിതാവായ ജമാല്‍ക്കാനെ അറിയിക്കണം. വളരെ പ്രയാസത്തോടെയാണെങ്കിലും ഞാന്‍ ഉടനെ ജമാല്‍ക്കാക്ക് വിളിച്ചുപറഞ്ഞു. എന്റെ മകന്‍ ഹാഷിം ആര്‍.സി.സിയില്‍ ഡോക്ടറായി ഉള്ളതിനാല്‍ അവനെയും വിളിച്ചുപറഞ്ഞു. ഉച്ചഭക്ഷണത്തിനിരുന്നെങ്കിലും തൊണ്ടയില്‍ കുരുങ്ങുംപോലെ. ഒരുവിധം ഭക്ഷണം കഴിച്ചു. മനസ്സാകെ പതറിയപോലെ.

ഇഖ്ബാല്‍ എന്ന സുഹൃത്തുമായി കുറേ മുമ്പ് അവന്‍ ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുമ്പോള്‍ കത്തുകളിലൂടെ ശക്തമായ ദീനീബന്ധം ഉണ്ടായിരുന്നു. അവന്‍ പിന്നീട് ജപ്പാനിലും കൊറിയയിലും ഒക്കെ പോയപ്പോഴും കത്തിടപാടുകള്‍ ഉണ്ടായിരുന്നതായാണോര്‍മ. ഇപ്പോള്‍ യു.എസ്സില്‍ ഉള്ള ഷാഫിക്ക് ഞാനയക്കുന്ന കത്തുകള്‍ അന്ന് ടെക്‌നോപാര്‍ക്കിലെ പലരും വായിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കളായ ജമാല്‍ക്കാടെയും സുഹറയുടെ മകള്‍ അമീനയെ വിവാഹം ചെയ്യുന്നതിനും മുമ്പേ ഇഖ്ബാല്‍ എനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. ശക്തമായ ദീനീബന്ധം. അവന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: ടീച്ചര്‍, എനിക്ക് കുറച്ചെങ്കിലും ദീന്‍ കിട്ടിയത് അന്‍സാറിലെ എന്റെ പഠനത്തിലൂടെയായിരുന്നു. ഇസ്‌ലാമികസ്ഥാപനങ്ങളുടെ മേന്മ ഉള്ളിലേക്ക് ഇറക്കിയ വാക്കുകളായിരുന്നു അത്. പലപ്പോഴും പല സ്ഥലത്തുവെച്ചും എന്റെ വീട്ടില്‍ കുടുംബസമേതം വന്നും ഞങ്ങളുടെ ദീനീബന്ധം ശക്തമായിക്കൊണ്ടിരുന്നു.

ഒരിക്കല്‍, ഒരുകൊല്ലം മുമ്പ് ജാഫര്‍ വിളിച്ചപ്പോള്‍ പറഞ്ഞു: ടീച്ചറേ, ടീച്ചറുടെ വളരെ ഇഷ്ടമുള്ള ഒരു ഇഖ്ബാല്‍ ഇവിടെ ഉണ്ട് - മദീനയില്‍. വലിയ സന്തോഷം തോന്നി. ബന്ധങ്ങള്‍ അകലുന്നില്ല എന്ന് മനസ്സില്‍ സന്തോഷം തോന്നി.

ഇതിനേക്കാളൊക്കെ എന്നെ ആകര്‍ഷിച്ചത് നമ്മുടെ ഇഖ്ബാല്‍ കുറിച്ച അവസാന ഡയറിക്കുറിപ്പുകളാണ്. അത് ലോകത്തെ അറിയിക്കുന്നത് ഒരു സല്‍കര്‍മമായിരിക്കുമെന്ന് കരുതുകയാണ് ഞാന്‍.

രണ്ടു ദിവസം മുമ്പ് ജമാല്‍ക്ക ആ ഡയറിക്കുറിപ്പുകളുമായി ഇവിടെ വന്നു. തേങ്ങിക്കരഞ്ഞുകൊണ്ടല്ലാതെ അത് വായിച്ചുതീര്‍ക്കാനാവില്ല ആര്‍ക്കും. കൂടാതെ, മരണത്തിനും ജീവിതത്തിനും ഇടയില്‍ നില്‍ക്കുന്ന, മനുഷ്യനെന്ന മഹാപ്രതിഭാസത്തിന് എത്രമാത്രം തന്റെ നാഥനുമായി അടുക്കാനാകും എന്ന് ആ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. സ്വയം സംസ്‌കരണത്തിന്റെ, തന്റെ നാഥനോടുള്ള പ്രാര്‍ഥനയുടെ പകര്‍പ്പുകളാണവ. വെല്ലുര്‍ വെച്ച് ജുമുഅയ്ക്ക് പോകാന്‍ വയ്യാതായപ്പോള്‍ ആ സമയത്ത് കസേരയിട്ട് പുറത്തിരുന്നു എന്നും അല്‍കഹ്ഫ് ഓതി എന്നും പ്രിയമകന്‍ കുറിച്ചിട്ടിരിക്കുന്നു. റമനാദിന്‍ നോമ്പെടുക്കാന്‍ കഴിയാത്ത വിഷമം ഉണ്ട്. മാരകരോഗത്തിനിടയിലും ഒരു വിശ്വാസിക്കല്ലാതെ ആര്‍ക്കാണ് ഇത്രമാത്രം സ്വസ്ഥത അനുഭവിക്കാനാവുക! ദൈവനിഷേധികളിലേക്ക് ഞാനെന്റെ തൂലികയെ തിരിച്ചുനിര്‍ത്തുകയാണിപ്പോള്‍. പറയൂ, നിങ്ങള്‍ എങ്ങനെയായിരിക്കും ശൂന്യമായ ഭാവിയിലേക്ക്, മരണത്തില്‍ കയറി സഞ്ചരിക്കുക? എന്നാല്‍, വിശ്വാസിക്ക് പ്രതീക്ഷയുണ്ട്, ആത്മധൈര്യമുണ്ട്.

വിശ്വാസിക്ക് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും പാഠങ്ങളാണ്. രണ്ടാമത്തെ 10 തുടങ്ങിയപ്പോള്‍ ഇഖ്ബാല്‍ എഴുതിയിരിക്കുന്നു. പടച്ചവനേ, നീ എന്റെ ഒരു തെറ്റും പൊറുക്കാതെ ബാക്കിവെക്കരുതേ എന്ന്. ഹൃദയം റബ്ബിന് 100 ശതമാനവും സമര്‍പ്പിച്ചവനല്ലേ അങ്ങനെ ചിന്തിക്കാനും എഴുതാനും കഴിയൂ. മദീനയില്‍ വച്ച് സഹായിച്ച ഓരോ സുഹൃത്തുക്കളെയും പേരെടുത്തെഴുതി, അവര്‍ക്ക് നീ ഗുണം ചെയ്തുകൊടുക്കണേ എന്ന് അവന്‍ പ്രാര്‍ഥിക്കുന്നു. ചില പ്രകാശപൂരിതമായ നക്ഷത്രങ്ങള്‍ ആകാശത്ത് മിന്നിമറയുംപോലെ, മീദനയിലെ സുഹൃത്തുക്കള്‍ക്കും ഇഖ്ബാലിന്റെ സാന്നിധ്യം സന്തോഷം നല്‍കിക്കാണും. വേര്‍പാട് വേദനയും.
ഹാഷിം എന്നോട് പറഞ്ഞു: ഉമ്മാ, ഇഖ്ബാല്‍ക്കാടെ മക്കളെ അദ്ദേഹം അവസാനം യാത്രയയക്കുമ്പോള്‍ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. മൂത്തമകനെ അടുത്തുവിളിച്ചു പറഞ്ഞത്രെ! മോനേ, നമസ്‌കാരത്തിന് മടികാട്ടരുത് എന്ന്. തന്റെ കാലശേഷം അവര്‍ എങ്ങനെ ജീവിക്കും എന്നൊന്നും ആ യുവാവിനെ ചഞ്ചലപ്പെടുത്തുന്നില്ലല്ലോ.

വെല്ലൂര്‍ പോയതിനുശേഷം ഷാഫീടെ ഒരു മെയില്‍ വന്നു. ടീച്ചര്‍, ഇഖ്ബാലിന് അല്പം കൂടുതലാണ്. എന്റെ മനസ്സാകെ വിഷമിക്കുകയാണ്. എനിക്കുറങ്ങാന്‍ കഴിയുന്നില്ല ഒരുകാലത്ത് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ദീനീബന്ധത്തിലെ ശക്തമായ കണ്ണികളായിരുന്നല്ലോ അവര്‍ രണ്ടുപേരും. ജുവൈരിയ എന്ന അവരുടെ ദീനീസഹോദരിയും.

ഇഖ്ബാല്‍ മരണത്തോടടുത്ത്, അവസാനം കുറിച്ച വരികളില്‍ ഒരു വസ്വിയ്യത്തെഴുതാന്‍ പോവുകയാണ് എന്നെഴുതിയെങ്കിലും എഴുതാന്‍ കഴിഞ്ഞില്ല.

ഇഖ്ബാല്‍, മോന്റെ ഏറ്റവും വലിയ വസ്വിയ്യത്തുകള്‍ പുറത്തേക്ക് വന്നല്ലോ. രോഗം മനുഷ്യനെ മൂന്ന് നിലയ്ക്ക് ശുദ്ധീകരിക്കുന്നു എന്നൊക്കെയുള്ള ഉന്നതമായ ക്ലിപ്തപ്പെടുത്തലുകള്‍..... സ്വത്ത് മാത്രമല്ലല്ലോ വസ്വിയ്യത്ത്.!!!

ഞാനാ ഡയറിക്കുറിപ്പുകള്‍ ജമാല്‍ക്കാടെ കൈയില്‍നിന്ന് വാങ്ങിനോക്കി. പണ്ട് എനിക്കെഴുതിയ കൈപ്പടകള്‍. ഞാനെന്നും അഊദുവും ബിസ്മിയും വച്ച് കത്തെഴുതാറുള്ളപോലെ, അവസാനത്തെ കുറിപ്പില്‍ അവനും അഊദു എഴുതിയിട്ടുണ്ട്.

അല്ലാഹ്... ഞാനിനി എന്താണെഴുതേണ്ടത്? ലോകത്തിന്റെ പടിഞ്ഞാറെക്കരയിലെ ഡള്ളാസില്‍ ഷാഫി തന്റെ കുഞ്ഞനുജനെ ഓര്‍ത്ത് ഇത് വായിച്ച് കണ്ണീര്‍ വാര്‍ക്കും എന്നെനിക്കറിയാം. കാരണം, എന്റെയും കണ്ണുനിറഞ്ഞൊഴുകുകയാണ്.

നാഥാ! പ്രിയപ്പെട്ട അവന്റെ ഉമ്മ ഹസീനാത്താക്കും സഹോദരിമാര്‍ക്കും പ്രിയതോഴിയായിരുന്ന അമീനാക്കും അകാലത്തില്‍ പിതാവ് നഷ്ടപ്പെട്ട മക്കള്‍ക്കും ജമാല്‍ക്കാക്കും കുടുംബത്തിനും നീ ആശ്വാസം കൊടുക്കണേ!

സുഹൃത്തുക്കള്‍ക്കെല്ലാം പ്രിയമകന്‍ ഓരോ ദീനീസ്ഫുലിംഗങ്ങള്‍ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നവ ശേഷിപ്പിച്ചിട്ടാണ് യാത്രപിരിഞ്ഞത്. രോഗശമനത്തെക്കാളേറെ അവന്‍ റബ്ബിനോട് ആവശ്യപ്പെട്ടത് വിശ്വാസിയുടെ മരണമായിരുന്നു എന്നും ആ കുറിപ്പ് വ്യക്തമാക്കുന്നു. ഒരു വിശ്വാസിക്ക് മാത്രമേ ഇതിന് കഴിയൂ. ലൈലത്തുല്‍ ഖദറിന്റെ പുണ്യനാളുകളെ ഇഖ്ബാല്‍ പുണര്‍ന്നുകൊണ്ടാണ് യാത്രയായത്! നാഥാ, അവന്‍ പ്രാര്‍ഥിച്ച എല്ലാ പ്രാര്‍ഥനകളും നീ സ്വീകരിച്ചിട്ടുണ്ടാകണേ.

ലീവ് കുറവായിട്ടും ശരീരത്തിന് നല്ല സുഖമില്ലാതിരുന്നിട്ടും ഞാന്‍ ഇഖ്ബാലിന്റെ വീട്ടില്‍ പോയി. പ്രിയമകന്റെ മയ്യിത്ത് എങ്കിലും അവസാനമായി ഒന്ന് കാണണമെന്ന് കരുതീട്ട്. മുറ്റത്ത് ജനത്തിരക്ക്. ഇടയില്‍ ഒരു സ്ത്രീ ചോദിക്കുന്നു, ടീച്ചറല്ലേ? മുഖത്ത് സൂക്ഷിച്ചു നോക്കിയപ്പോള്‍ ജുവൈരിയായുടെ ഉമ്മ. ഒപ്പം ജുവൈരിയയും - ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കരച്ചിലടക്കാനായില്ല. ദീനീചര്‍ച്ചകളിലൂടെയും ഖുര്‍ആന്‍ പഠനങ്ങളിലൂടെയും ശക്തമായ ബന്ധത്തിന്റെ മറ്റൊരു കണ്ണി. ഇത്തരം ഒരു നിമിഷത്തിലായിരിക്കും വീണ്ടും കണ്ടുമുട്ടുക എന്ന് ആരോര്‍ത്തു? അവള്‍ പ്രിയസുഹൃത്തിന്റെ മയ്യിത്ത് കാണാന്‍ മാത്രം ഹൈദരാബാദില്‍നിന്ന് ഫ്‌ളൈറ്റിന് വന്നിരിക്കയാണ്. ഇതൊക്കെ വായിക്കുമ്പോള്‍ വിദൂരങ്ങളിലെ ഇഖ്ബാലിന്റെ സുഹൃത്തുക്കള്‍ വേദനിക്കുമെന്നറിയാം. എന്നാലും എനിക്കെഴുതാതെ നിവൃത്തിയില്ല.

ആ സുഹൃത്തില്‍നിന്ന് ഓരോരുത്തരും തങ്ങള്‍ക്കാവശ്യമുള്ള പാഠങ്ങള്‍ സ്വാംശീകരിക്കട്ടെ. അവ ഓരോന്നും തങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തട്ടെ. അതാണ് നമ്മോടുള്ള പ്രിയസുഹൃത്തിന്റെ വസ്വിയ്യത്ത്. നാഥാ, ഞങ്ങളെയും അവനെയും നീ ഫിര്‍ദൗസ് തന്നെ നല്‍കി അനുഗ്രഹിക്കണേ.

വസ്സലാം,
സ്വന്തം ടീച്ചര്‍.

Thursday, August 16, 2012

റമദാന്‍ വിടപറയുമ്പോള്‍

ജനങ്ങള്‍ ഖുര്‍ആന്റെ അര്‍ഥം പഠിക്കാത്തത് വല്ലാത്ത അദ്ഭുതമായി തോന്നുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഖുര്‍ആനെപ്പറ്റിയുള്ള ചര്‍ച്ചയാണ്. അല്ലാഹുവിനെ സ്തുതിക്കുന്നു. എല്ലാവരും ഖുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്യാത്തതെന്ത് എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തുന്നത്. ഏത് പ്രയാസത്തിനും സമാധാനം നല്‍കുന്ന ഖുര്‍ആന്‍ നമ്മുടെ കൈയിലുണ്ടായിട്ട്, ലോകം എന്താണിങ്ങനെ?
عالم الجيولوجي فيه وهيئة

بل كلّ مشيئ عنه فيه بيان
ഖുര്‍ആനെ വര്‍ണിച്ചുകൊണ്ട് ഒരു കവി പാടിയതാണ്. ഭൂഗര്‍ഭശാസ്ത്രമുണ്ടതില്‍, ഗോളശാസ്ത്രമുണ്ട്. എന്നുവേണ്ട, എല്ലാ കാര്യവും അതില്‍ വ്യക്തമായിട്ടുണ്ട്. സുഹൃത്തുക്കളേ, നമ്മുടെ പ്രശ്‌നങ്ങളുമായി ദയവുചെയ്ത് ഒന്ന് ഖുര്‍ആനെ സമീപിച്ചുനോക്കുക. ഊരാക്കുടുക്കുള്ള പ്രശ്‌നങ്ങളെ ഖുര്‍ആന്‍ അഴിച്ചുതരുന്നത് കാണാം.


ഒരിക്കല്‍ ഒരു പത്താംക്ലാസ് വിദ്യാര്‍ഥി. അവന് തീവ്രവാദിയാകണമത്രെ. എന്താണ് തീവ്രവാദമെന്നോ അതിന്റെ ഗൗരവമോ അറിയാത്ത 15കാരന്‍ തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സത്യത്തില്‍ ഞാനാകെ കുഴങ്ങി. മിഥ്യാബോധമോ യാഥാര്‍ഥ്യബോധമോ അവനെ നയിക്കുന്നതെന്നും എനിക്ക് മനസ്സിലായില്ല. ഖുര്‍ആനില്‍ ഇവന്റെ ചിന്താഗതികളെ തര്‍ക്കാനുള്ള പരിഹാരം തേടി ഞാന്‍ അലഞ്ഞുനടന്നു. ഓരോ പ്രയാസഘട്ടങ്ങളിലും വിശുദ്ധ ഖുര്‍ആന്‍ എനിക്ക് താങ്ങും തണലുമായി. ഖുര്‍ആന്‍ ഉള്ളിലുള്ള ഒന്നുരണ്ട് മനുഷ്യരും സഹായിച്ചു. ഏകദേശം ഒരാഴ്ചകൊണ്ട് അവനെ ബാധിച്ച അസുഖം എന്താണെന്ന് പിടികിട്ടി. ഒരുതരം രക്ഷപ്പെടല്‍ അഥവാ escapism എന്ന് പറയില്ലേ. അതായിരുന്നു അവനെ ബാധിച്ചിരുന്നത്. ചില പാഠ്യവിഷയങ്ങളിലെ അറിവില്ലായ്മ മൂലം അവന്‍ പരീക്ഷയില്‍ തോല്‍ക്കുമെന്നുറപ്പിച്ച് ജീവിക്കുകയാണ്. പരീക്ഷ എഴുതുകയില്ലെന്ന് എന്നോട് തീര്‍ത്ത് പറഞ്ഞു. മാത്രമല്ല, എന്റെ തീരുമാനത്തില്‍നിന്ന് എന്നെ ആര്‍ക്കും പിന്തിരിപ്പിക്കാനാവില്ല എന്ന് എനിക്കെഴുതിത്തന്നു.
എന്നാല്‍, മൂസയുടെ വടിയും കൈയും മാറിമാറി ഉപയോഗിച്ച് എനിക്കവന്റെ മനസ്സ് പതം വരുത്താന്‍ കഴിഞ്ഞു. الحمد لله


ഖുര്‍ആന്‍ പറഞ്ഞില്ലേ, ''അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് മൃദുലമായി പെരുമാറുന്നത്. നീ ഒരു പരുഷനും മൊശടനുമായിരുന്നെങ്കില്‍ അവര്‍ എന്നോ നിന്റെയടുത്തുനിന്ന് പോകുമായിരുന്നു''. പ്രവാചകനോടാണീ പ്രഖ്യാപനമെങ്കിലും അദ്ദേഹത്തിന്റെ അനുയായികളായ നമുക്കും ഉണ്ട് ഇതില്‍ സൂചനകള്‍.

തിന്മകള്‍ അടിമപ്പെട്ടവരെ വളരെ കരുതലോടെ മാത്രം സമീപിക്കാന്‍ നമുക്കാവണം. മുറിവേറ്റ അവരുടെ ഹൃദയങ്ങള്‍ക്കുള്ള മുറിമരുന്ന് നമ്മുടെ കൈകളിലനാണുള്ളതെന്ന് മറക്കാതിരിക്കണം. റസൂലുല്ലാടെ സ്‌നേഹം കൊണ്ടല്ലേ കുറഞ്ഞ കാലം കൊണ്ട് തുല്യതയില്ലാത്ത വിപ്ലവം നടന്നത്. ഇന്ത്യയില്‍ വന്ന സൂഫിവര്യന്മാരുടെ ആര്‍ദ്രതയും സൗമ്യശീലവും ലാളിത്യവുമല്ലേ ഇസ്‌ലാമിലേക്ക് ഇവിടത്തെ ജനതയെ ആകര്‍ഷിച്ചത്.
ഇന്ന് നാമെവിടെ? നമ്മുടെ ഖുര്‍ആനെവിടെ? എന്ത് മാര്‍ഗദര്‍ശനമാണ് ഖുര്‍ആനില്‍നിന്ന് നാം സ്വീകരിക്കുന്നത്? ആദം ഭൂമിയിലേക്ക് എത്തുമ്പോള്‍ റബ്ബ് പറഞ്ഞില്ലേ, ''നിങ്ങള്‍ക്കെന്റെ മാര്‍ഗദര്‍ശനം വരും. അതിനാല്‍ ആരെങ്കിലും എന്റെ മാര്‍ഗദര്‍ശനത്തെ പിന്‍പറ്റിയാല്‍ അവന് ഭയമോ ദുഃഖമോ ഉണ്ടാകില്ല എന്ന്.


വിശുദ്ധ റമദാന്‍ വിടപറയുന്ന ഈ വേളയില്‍ അല്പനേരം ഇരുന്ന് ചിന്തിക്കുക. എന്റെ ജീവിതവും ത്യാഗവും പ്രാര്‍ഥനകളും മരണവും സമീപ്പിച്ചു എന്ന് പ്രതിജ്ഞകൊടുത്ത നാഥന്റെ മാര്‍ഗദര്‍ശനമാണോ പരിപൂര്‍ണമായും നമ്മെ നയിക്കുന്നത് എന്ന്. എത്ര ഖത്തം തീര്‍ത്തു എന്നതല്ല കാര്യം. ഓരോ പാരായണവും നമ്മുടെ മനസ്സിന്റെ അകത്തളങ്ങളില്‍ നടത്തിയ വേലിയേറ്റത്തിന്റെ തോത് എത്ര എന്ന് ചിന്തിക്കലാണ് കാര്യം. അതല്ലെങ്കില്‍ വെറും കത്ത് വായിക്കുന്നവരായി നാം മാറിപ്പോകും. ഖുര്‍ആന്‍ ചോദിക്കുന്നു:
أفلا يتدبرون القرآن أم على قلوب أقفالها
അവര്‍ ഖുര്‍ആനെ അവര്‍ത്തിച്ച് ചിന്തിക്കുന്നില്ലേ? അതല്ല (അവരുടെ) ഹൃദയങ്ങള്‍ക്ക് പൂട്ടുകളാണോ?
അതെ, മനസ്സിനെ ഖുര്‍ആന്റെ വിശാലമായ ലോകത്തേക്ക് തുറന്നിടുക. അവിടെ നിന്ന് വീശുന്ന സുഗന്ധമേറിയ മന്ദമാരുതന്‍ നമ്മുടെ മനസ്സിന്റെ വാതിലുകളിലൂടെ അടിച്ചുവീശട്ടെ. ആ സൗന്ദര്യം നുകരാന്‍ ഭാഗ്യം ലഭിക്കുന്നവരില്‍ റബ്ബ് നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍. മന്ദമാരുതന്റെ തലോടല്‍ ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടാകുമോ ഈ ഭൂമിയില്‍!


''നാഥാ, ഖുര്‍ആനെ എന്റെ ഹൃദയത്തിന്റെ വസന്തമാക്കണേ, എന്റെ നെഞ്ചിന്റെ വെളിച്ചവും എന്റെ ദുഃഖത്തെ ഉരുക്കുന്നതും എന്റെ അസ്വസ്ഥതകളെ അകറ്റുന്നതും ആക്കണേ'' എന്ന് പ്രാര്‍ഥിക്കാന്‍ പ്രവാചകന്‍ പഠിപ്പിച്ചത് വെറുതെയാണോ. നമുക്കും ഇരക്കാം, അവനോട് ഈ ദുആ.

വസ്സലാം.
സ്വന്തം ടീച്ചര്‍

Monday, August 6, 2012

അധ്യാപകജീവിതത്തിലെ ധന്യമുഹൂര്‍ത്തം

വല്ലാത്തൊരു കഥയാണ് ഇത്. അല്ലാഹുവിന് അസാധ്യമായി ഒന്നുമില്ല എന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ തിരിച്ചറിയുന്നു. الحمد لله... എങ്ങനെ, എവിടെ നിന്ന് തുടങ്ങണമെന്ന് എനിക്ക് ഒരു നിശ്ചയവുമില്ല. കടലാസില്‍ പേന ഇഷ്ടമുള്ളതൊക്കെ കുറിക്കട്ടെ.

ഇന്നെനിക്ക് തലവേദന ഉണ്ടായിരുന്നു. നോമ്പ്, ചൂട്, രാവിലെ മുതല്‍ രണ്ടുമൂന്ന് പീരിയഡ് കേസ് തീര്‍ക്കല്‍ ഒക്കെ കാരണം നല്ല അവശയായിരുന്നു. വീട്ടില്‍ വന്നിട്ടും പണികള്‍ ഉണ്ടായിരുന്നു. എല്ലാം ഒതുങ്ങിയപ്പോള്‍ ഒന്ന് നെറ്റ് തുറന്നു നോക്കി. പലരെയും കണ്ടു. ബൈലക്‌സിലൊക്കെ ഒന്ന് പോയി പോന്നു. അപ്പോള്‍ ജിമെയിലില്‍ ഒരു മുഹമ്മദ്; ആദ്യമായാണ് ചാറ്റ് ചെയ്യുന്നത്. ഞാന്‍ സലാം മടക്കി. ആ കുട്ടി സ്വയം പരിചയപ്പെടുത്തി; ഫുജൈറയില്‍ നിന്നാണെന്ന്. ഇനിയാണ് കഥ ശരിക്ക് തുടങ്ങുന്നത്; 32 വര്‍ഷം മുമ്പത്തെ കഥ. ഒരധ്യാപികയാകലാണ് ലോകത്തേറ്റവും ഭാഗ്യമുള്ള പരിപാടി എന്ന് വീണ്ടും തിരിച്ചറിയുകയാണ് ഞാനിപ്പോള്‍.

ഞാന്‍ വെറുതെ കുത്തിക്കുറിച്ച 'നൈലിന്റെയും ഒലിവിന്റെയും നാട്ടിലൂടെ' എന്ന പുസ്തകം ഐ.പി.എച്ച് (ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്) ഇറക്കിയപ്പോള്‍ ധാരാളം പേര്‍ വായിച്ച് 98 ശതമാനം പേരും വല്ലാതെ വീര്‍പ്പുമുട്ടിക്കുന്ന സന്തോഷവചനങ്ങളാണ് ചൊരിഞ്ഞത്. കൂട്ടത്തില്‍ പി.ഡി.അബ്ദുറസാഖ് മൗലവിയുടെ മകന്‍ ബഷീര്‍ എന്നോട്, ''ഇത്താ, ഇത്താടെ അധ്യാപനാനുഭവങ്ങള്‍ ഒന്നെഴുത്. വളരെ രസകരമായിരിക്കും'' എന്ന് പറഞ്ഞു. അതുപ്രകാരം ദശാബ്ദങ്ങള്‍ക്കുമുമ്പുള്ള അനുഭവങ്ങള്‍ എഴുതിത്തുടങ്ങിയിരുന്നു. പക്ഷേ, ഇടയ്ക്ക് എഴുത്ത് മുടങ്ങി. വായിച്ച പലരും വല്ലാതെ സന്തോഷം പറഞ്ഞു. അങ്ങനെ ഇനിയും ആ രചന തുടരണം എന്ന് മനസ്സ് പറയാറുണ്ട്. അതില്‍ വരാവുന്നവരെ ഇടക്കിടെ മനസ്സില്‍ ഓര്‍മിക്കുകയും ചെയ്യാറുണ്ട്.

പക്ഷേ, ഇതിനുമുമ്പുതന്നെ - 32 കൊല്ലം മുമ്പ് എന്റെ വിദ്യാര്‍ഥിയായിരുന്ന ഒരു അബൂബക്കര്‍ കെ.സി. ഇടക്കിടെ മനസ്സില്‍ നൊമ്പരമുണ്ടാക്കിയിരുന്നു. പഠിക്കാന്‍ അതിസമര്‍ഥന്‍. ഭയങ്കര ഗ്രാസ്പിംഗ് പവര്‍. ഇര്‍ഷാദ് യത്തീംഖാനയിലായിരുന്നു അവന്‍. രസികന്‍, ക്ലാസ്സിലെ നമ്പര്‍വണ്‍ - എല്ലാം കൊണ്ടും. 8ഡി യിലായിരുന്നുവെന്നാണെന്റെ ഓര്‍മ. എന്നെ വേദനിപ്പിച്ച ഒരു കാര്യം അവന്റെ പഠനജീവിതത്തിലുണ്ടായി. എട്ടാംക്ലാസ്സിലെ പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ അബൂബക്കര്‍ തോറ്റു! പടച്ചവനേ, എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അവന്റെ തോല്‍വി. അവന്‍ തോറ്റാല്‍ പിന്നെ ആര് ജയിക്കാന്‍. സ്‌കൂള്‍ തുറന്ന ആദ്യത്തെ സ്റ്റാഫ്മീറ്റിംഗില്‍ ഞാന്‍ ഈ വിഷയം എടുത്തിട്ടു. എനിക്കന്ന് 22-23 വയസ്സ് കാണുമായിരിക്കും. എച്ച്.എം. ദേഷ്യപ്പെട്ടു. സബിത അന്വേഷിക്കണ്ട. മുറിവേറ്റ മനസ്സുമായി ഞാനങ്ങനെ കഴിഞ്ഞു. ആരും ചോദിക്കാനില്ലാത്തതിനാല്‍ അബൂബക്കര്‍ തോറ്റുതന്നെ ഇരിക്കുന്നു.

എട്ടാംക്ലാസ്സില്‍ അവന്‍ ഞങ്ങളുടെ സ്‌കൂളില്‍ രണ്ടാമതും പഠനം തുടര്‍ന്നോ എന്നെനിക്കോര്‍മയില്ല. അങ്ങനെ '85-ല്‍ ഞാന്‍ അജ്മാനിലേക്ക് പോയി. പിന്നെ അബൂബക്കര്‍ എന്തായി എന്നൊന്നും എനിക്കൊരറിവും ഇല്ലായിരുന്നു. പക്ഷേ, ഇടയ്‌ക്കൊക്കെ അവന്റെ മുഖച്ഛായയുള്ള ഇര്‍ശാദ് കുട്ടികളെ കാണുമ്പോള്‍ ഉള്ളില്‍ ഒരു നൊമ്പരം. പലപ്പോഴും തേടീട്ടുണ്ട് - റബ്ബേ, ഒന്ന് അബൂബക്കറിനെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയെങ്കില്‍. ഞാനോര്‍ക്കും, അവന്‍ പഠിച്ച് മിടുക്കനായോ? അല്ലെങ്കില്‍ പിന്തള്ളപ്പെട്ട് ജീവിതത്തില്‍ കഷ്ടപ്പെടുന്നുണ്ടാകുമോ? ഒരിക്കല്‍ ഒരു പാഴ്ശ്രമമെന്ന നിലയ്ക്ക് അഡ്മിഷന്‍ രജിസ്റ്ററുകള്‍ പഴയത് തപ്പി. എവിടുന്ന് കിട്ടാന്‍? കൊല്ലം കൊല്ലം എത്രപേര്‍ ചേരുന്നു. ഇടയ്ക്ക് എത്രപേര്‍ കൊഴിഞ്ഞുപോകുന്നു. ഒരു രക്ഷയുമില്ല. അബൂബക്കറിനെപ്പറ്റി എന്തായാലും പുസ്തകത്തില്‍ എഴുതണം എന്ന് തീരുമാനിച്ചിട്ട് മാസങ്ങളായി. എഴുതാന്‍ കഴിവ് കിട്ടാത്തതിനാലങ്ങനെ നീണ്ടുപോയി.

നാലു ദിവസം മുമ്പ് ഒരു താടിക്കാരന്‍ മധ്യവയസ്‌കന്‍ എന്നെ തിരഞ്ഞുവന്നു. അയാള്‍ സ്വയം പരിചയപ്പെടുത്തി - ''ടീച്ചര്‍, ഞാന്‍ '83ല്‍ ഇവിടെ പഠിച്ച അബൂബക്കറാണ്. എനിക്കൊരു സര്‍ട്ടിഫിക്കറ്റിന് വന്നതാണ്.'' ഞാന്‍ പെട്ടെന്ന് ഞെട്ടി. സൂക്ഷിച്ചുനോക്കി. ഇല്ല, എന്റെ അബൂബക്കറിന്റെ യാതൊരു മുഖച്ഛായയും ഇല്ല. അതെ, ഇത് വേറൊരബൂബക്കറാണ്. കുറേ പറഞ്ഞപ്പോള്‍ എനിക്ക് ഈ അബൂബക്കറിനെ ചെറുതായി ഓര്‍മവന്നു.

പലതും സംസാരിച്ചു. കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു: ''മോനേ, നമ്മുടെ സ്‌കൂളില്‍ ഒരു കെ.സി.അബൂബക്കര്‍ ഉണ്ടായില്ലേ? അവനെപ്പറ്റി വല്ല വിവരോം ഉണ്ടോ?'' കുറേ ആലോചിച്ചിട്ട് അവന്‍ പറഞ്ഞു: നല്ല കൈയക്ഷരം ഉണ്ടായിരുന്നതല്ലേ, നന്നായി പഠിച്ചിരുന്നതല്ലേ എന്നൊക്കെ. എന്നിട്ടവന്‍ പറഞ്ഞു: ''അവന്‍ ഫുജൈറ പവര്‍ഹൗസില്‍ ഉദ്യോഗസ്ഥനാണ്. വലിയ പ്രതീക്ഷയൊന്നും തോന്നിയില്ല. ഇവന്‍ പറയുന്നതും ഞാനന്വേഷിക്കുന്നതും ഒരാള്‍ തന്നെയാണാവോ? എന്തായാലും അപ്പോഴും ഞാന്‍ ഉള്ളില്‍ പ്രാര്‍ഥിച്ചു - കെ.സി.അബൂബക്കറിനെ ഒന്ന് പിടികിട്ടണേ എന്ന്.

ഇടയില്‍ മറക്കാനാവാത്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. ഒരു ദിവസം ക്ലാസ്സില്‍ ചെന്നപ്പോള്‍ കുഞ്ഞ് അബൂബക്കര്‍ കരയുന്നു. ''എന്തിനാ മോന്‍ കരയുന്നത്'' എന്ന ചോദ്യത്തിന്, ''എന്റെ ഹീറോപ്പേന പോയി ടീച്ചറേ'' എന്നായിരുന്നു മറുപടി. അന്നത്തെ വിശേഷാല്‍ വിശേഷ വസ്തുവായിരുന്നല്ലോ ഹീറോ പേന. ഫില്ലറുള്ള പേന അല്പം അഭിമാനമുള്ള വസ്തുവായിരുന്നു. അതാണ് പോയിരിക്കുന്നത്. അബൂബക്കര്‍ കരയാതെന്ത് ചെയ്യും? എന്റെ വക പിറ്റേദിവസം ഒരു ഹീറോ പേന കൊണ്ടുകൊടുത്ത് അവന്റെ സങ്കടം മാറ്റി.

നമുക്ക് ചാറ്റ്‌ചെയ്ത ഫുജൈറക്കാരന്‍ മുഹമ്മദിലേക്കുതന്നെ വരാം. From Fujaira എന്ന് മുഹമ്മദ് എഴുതിയപ്പോള്‍ വെറുതെ ഒരാവശ്യം ഉന്നയിച്ചു. എനിക്കൊരു ഉപകാരം ചെയ്യാമോ? അവിടെ പവര്‍ഹൗസില്‍ ഒരു അബൂബക്കര്‍ ഉണ്ടോ എന്നന്വേഷിക്കാമോ? ഉണ്ട് എന്നും കെ.സി. എന്നാണ് ഇനീഷ്യലെന്നും അടിച്ചതോടെ എന്റെ ഉള്ളൊന്ന് പിടഞ്ഞു. ലക്ഷ്യത്തിലെത്തിയോ? ചുരുക്കിപ്പറയട്ടെ, അഞ്ചുപത്തു മിനിറ്റുകള്‍ക്കുള്ളില്‍ എന്റെ പ്രിയപ്പെട്ട അബൂബക്കറിനെ ഫെയ്‌സ്ബുക്കില്‍ കിട്ടി. എനിക്ക് വിശ്വാസം വന്നില്ല. സാദൃശ്യം തോന്നുന്നില്ലല്ലോ. നിരാശയുടെയും പ്രതീക്ഷയുടെയും നിമിഷങ്ങള്‍ക്കിടയില്‍, നഷ്ടപ്പെട്ടെന്നു കരുതിയ എന്റെ പ്രിയവിദ്യാര്‍ഥിയെ എനിക്ക് തിരിച്ചുകിട്ടി. (ഇന്റര്‍നെറ്റല്ലേ, ഉറപ്പിക്കാന്‍ വരട്ടെന്ന് മനസ്സ് പറയുന്നു).

''എന്നെ അറിയുമോ, മറന്നോ'' എന്ന ചോദ്യത്തിന് അവന്റെ മറുപടി എന്നെ ഏങ്ങലടിച്ച് കരയിച്ചു. ''ടീച്ചര്‍, ഇര്‍ഷാദ് മതിലിന്റെ പുറത്തെ എന്റെ ഉമ്മയായിരുന്നു നിങ്ങള്‍. ഞാനെങ്ങനെ മറക്കാനാ? (ക്ലാസ്ടീച്ചറായിരുന്ന) ജമീല ടീച്ചറേം സബിത ടീച്ചറേം ഇനിക്ക് മറക്കാനാവില്ല. (ജമീല ടീച്ചര്‍ 20 കൊല്ലം മുമ്പ് ചെറുപ്പത്തില്‍ മരിച്ചുപോയി. ആ വിവരം ആരോ പറഞ്ഞ് അബൂബക്കര്‍ അറിഞ്ഞിട്ടുണ്ട്.) അവന്‍ തുടര്‍ന്നു: ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത കുറേ മുഖങ്ങള്‍ക്കിടയിലെ ആ മുഖം! എന്റെ ഹീറോ പേന വീണുപോയപ്പോള്‍ എനിക്ക് മറ്റൊരു ഹീറോപേന സമ്മാനിച്ചത് എന്റെ ഓര്‍മയില്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കുന്നു.''

പടച്ചവനേ, നീയാരാണ്? നാഥാ, പ്രാര്‍ഥനക്കിങ്ങനെ ഉത്തരം തരുമല്ലേ? അല്‍ഹംദുലില്ലാഹ് എന്നേ എനിക്ക് പറയാനാവുന്നുള്ളൂ.

അബൂബക്കര്‍ ഫോണില്‍ എന്നെ വിളിച്ചു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് എന്റെ കുട്ടിയോട് ഞാന്‍ സംസാരിച്ചത്. അല്‍ഹംദുലില്ലാ. അവന്റെ സന്തോഷത്തിനും അതിരില്ല. ഭാര്യക്കും പവര്‍ഹൗസില്‍ ജോലി. മൂന്ന് മക്കള്‍. മൂത്ത കുട്ടി ബീകോമിന് പഠിക്കുന്നു. ഭാര്യയുമായും സംസാരിച്ചു. അല്‍ഹംദുലില്ലാ.

ഇതൊക്കെയായാലും വിട്ടുമാറാത്ത നൊസ്റ്റാള്‍ജിയ. അവന്‍ പറയല്ലേ, ''ടീച്ചറേ, ടീച്ചര്‍ടെ സംസാരത്തിലൂടെ ഞാനെന്റെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോവുകയാണ്.'' എന്തൊക്കെയായാലും എന്റെ പഴയ കുഞ്ഞ് അബൂബക്കര്‍! വെള്ള തുണിയും കുപ്പായവും തൊപ്പിയും വെച്ച, എന്റെ ക്ലാസ്സിലെ മുന്‍ബെഞ്ചിലിരുന്ന്, കണ്ണും കാതും കൂര്‍പ്പിച്ചിരുന്ന എന്റെ അബൂബക്കര്‍. കാലത്തിന്റെ ചീറിപ്പായലില്‍ എട്ടാം ക്ലാസ്സില്‍, ചെയ്യാത്ത കുറ്റത്തിന് തോറ്റുപോയ എന്റെ കുട്ടി. മനസ്സ് വല്ലാതെ വേദനിച്ചു. എനിക്കാ അബൂബക്കറിനെ മതി. എന്റെ കൈയില്‍നിന്ന് ഹീറോപേന വാങ്ങി, മനഃസന്തോഷത്തോടെ മരബെഞ്ചിലിരുന്ന എന്റെ കുട്ടി.
...മോന്റെ ടീച്ചര്‍ ഇപ്പോഴും കരയുകയാണ്.


(ഇതില്‍ അല്പം പോലും കാല്പനികതയില്ല. അന്നത്തെ എച്ച്.എമ്മിന് റബ്ബ് പൊറുത്തുകൊടുക്കട്ടെ; ഇതെഴുതിയ എനിക്കും. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അബൂബക്കര്‍ നല്ല ഡിഗ്രിയും നല്ല ജീവിതവും കരസ്ഥമാക്കിയിരിക്കുന്നു. الحمد لله على كلّ حال

ഇനി നിങ്ങള്‍ പറയൂ, ഒരു ടീച്ചറെപ്പോലെ ഭാഗ്യവതി ആരുണ്ട്? - الحمد لله

Sunday, August 5, 2012

മനുഷ്യര്‍ തമ്മിലുള്ള കടമകള്‍


മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. അവന് വാസ്തവത്തില്‍ ഒറ്റയ്ക്ക് നിലനില്പില്ല. സൂറത്തുന്നിസാഇലെ ആദ്യത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു:
والتقوا الله الذي تسائلون به والأرحام
നിങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്ന (വിഷയമായ) അല്ലാഹുവിനെയും നിങ്ങളുടെ രക്തബന്ധങ്ങളെയും സൂക്ഷിക്കുക.


ഏതൊരല്ലാഹുവിനെയാണോ നിങ്ങള്‍ എന്തിനും ഏതിനും മുന്നില്‍ നിര്‍ത്തുന്നത്, ആ അല്ലാഹുവിനെ വേണ്ടവിധം തഖ്‌വ ചെയ്യുക. മുമ്പ് പല പോസ്റ്റുകളിലും തഖ്‌വയെ വിവരിച്ചിട്ടുള്ളതിനാല്‍ ഇതില്‍ തഖ്‌വ എന്നു മാത്രം ഉപയോഗിക്കുകയാണ്.


'അര്‍ഹാം' എന്ന പദത്തിനര്‍ഥം ഗര്‍ഭപാത്രങ്ങള്‍ എന്നാണ്. ഇവിടെ രക്തബന്ധങ്ങള്‍ എന്നര്‍ഥം. ഈയിടെ പ്രശസ്ത സിനിമാനടന്‍ തിലകന്‍ 35 കൊല്ലമായി സ്വന്തം അമ്മയോട് മിണ്ടിയില്ല എന്നു പറഞ്ഞത് കേട്ടപ്പോള്‍ ചങ്കിടിപ്പായി. ഇതെഴുതുമ്പോഴും ഹൃദയം വിതുമ്പിപ്പോകുന്നു. അമ്മ എന്ന രണ്ടക്ഷരം. അമ്മ എന്നു വിളികേള്‍ക്കാന്‍ കൊതിക്കുന്ന എത്ര പാവങ്ങളായ സ്ത്രീകളെ എനിക്കറിയാം. അവരുടെ വേദന എത്രയായിരിക്കും? ഉമ്മ/അമ്മ എന്നു വിളിക്കാന്‍ മക്കള്‍ക്ക് ലഭിക്കുന്ന ഭാഗ്യം എത്രയാണ്! 1984 ഒക്ടോബറില്‍ എന്റെ ഉമ്മ നഷ്ടപ്പെട്ടു. അതിനുശേഷം ആ വാക്കിന്റെ എല്ലാ മാധുര്യവും ഉള്‍ക്കൊണ്ടുകൊണ്ട് വിളിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ആ ഓര്‍മകള്‍ക്കുതന്നെ മധുരം. ഹോ!


പറഞ്ഞുവരുന്നത് കുടുംബ-രക്തബന്ധങ്ങളുടെ സ്‌നേഹവും സഹകരണവും അതിനു പുറത്തേക്ക് മനുഷ്യനുള്ള കാരുണ്യവുമാണ്. നബി (സ) പറഞ്ഞു:
ارحموا من في الأرض يرحمكم في السماء
നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും. വാസ്തവത്തില്‍ സ്‌നേഹവും കാരുണ്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സ്‌നേഹമുള്ളിടത്ത് കാരുണ്യം വഴിഞ്ഞൊഴുകും. റമദാനിലെ ദിനരാത്രങ്ങളില്‍ സമസൃഷ്ടികളെ എങ്ങനെയൊക്കെ പരിഗണിക്കാനുള്ള പരിശീലനമാണ് വാസ്തവത്തില്‍ നേടേണ്ടത്? കറകളഞ്ഞ നിസ്വാര്‍ഥമായ സ്‌നേഹം. അത് ഈ ഭൂമിയിലെ ഏറ്റവും വലിയ ആയുധമാണ്. ഒരു അറബിക്കവി ഇങ്ങനെ പാടി:
أحسن إلى الناس تستعبد قلوبهم
فظالما استعبد الانسان احسان
നീ ജനങ്ങള്‍ക്ക് ഗുണം ചെയ്യുക.
അവരുടെ ഹൃദയങ്ങള്‍ കീഴ്‌പ്പെടും.
എത്ര മനുഷ്യരെയാണ് ഗുണം ചെയ്യല്‍
കീഴ്‌പ്പെടുത്തിയത്!


നാം ചില ഓഫീസുകളില്‍ ചെന്നാല്‍ ചിലര്‍ ചാടിക്കുരച്ചേ സംസാരിക്കൂ. എന്നാല്‍, മറ്റുചിലര്‍ വളരെ ഭവ്യതയോടെ, കരുതലോടെ സംസാരിക്കുന്നു. ഞാനാലോചിക്കുന്നത്, ഈ ചാടിക്കുരച്ച് സംസാരിക്കുന്ന അതേ വാചകങ്ങള്‍ തന്നെ എത്രമാത്രം മയത്തില്‍, കേള്‍വിക്കാരന് ആശ്വാസവും അഭയവും ലഭിക്കുന്ന തരത്തില്‍ പറഞ്ഞുകൂടേ? ഒരിക്കല്‍ ഒരു രോഗിയുമായി പ്രശസ്തമായ ഒരു ആശുപത്രിയില്‍ പോയി. ഡോക്ടര്‍ ഒരു സ്ത്രീയാണ്. മുഖം ഒരു കൊട്ട ഉണ്ട്. ചെല്ലുന്ന രോഗിക്ക് ആശ്വാസം പകരുന്ന മുഖഭാവം കാഴ്ചവെക്കാന്‍ പറ്റാത്ത ആ ഡോക്ടറുടെ പേരിന്റെ ഒപ്പമുള്ള നീളന്‍ അക്ഷരങ്ങള്‍ പല്ലിളിച്ചുകാട്ടും പോലെയാണ് എനിക്ക് തോന്നിയത്. ആ ഡിഗ്രിയെക്കാള്‍ എത്ര നല്ലതാണ് താഴ്ന്ന ഡിഗ്രിയുള്ള അധ്യാപകസമൂഹം. ഓരോ ക്ലാസ്ടീച്ചറും തന്റെ കുട്ടിയോടും അവരുടെ രക്ഷിതാക്കളോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്നത് കാണുമ്പോള്‍ അദ്ഭുതം തോന്നിപ്പോകും. ബട്ടന്‍സ് ഇടാത്ത കുട്ടികളെ അരികില്‍ വിളിച്ച്, സ്‌നേഹപൂര്‍വം ബട്ടന്‍ ഇട്ടുകൊടുക്കുന്ന ഞങ്ങളുടെ ചില അധ്യാപകസുഹൃത്തുക്കള്‍ എവിടെ? ഈ മുഖം വീര്‍പ്പിക്കുന്ന വമ്പന്‍ ഡിഗ്രിയുള്ള ഡോക്ടര്‍മാര്‍ എവിടെ? നാം പറയാറുള്ള ഈഗോയാണ് നമ്മുടെ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നത്. സര്‍വശക്തനായ ദൈവത്തിന്റെ അടിമയാണ് താനും മറ്റുള്ളവരും എന്ന ഉന്നതമായ ബോധത്തില്‍ നിന്നുകൊണ്ടു മാത്രമേ നമുക്ക് നമ്മുടെ മോശപ്പെട്ട ഈഗോയെ പിഴുതുകളയാനാകൂ. ഒരിക്കല്‍ ഒരു സുഹൃത്ത് പറയുകയുണ്ടായി. ചിലര്‍ പറയുമത്രെ, ധര്‍മം കൊടുക്കുന്നതൊക്കെ കൊള്ളാം, പക്ഷേ അവരൊക്കെ ചളിയുള്ള കാലുമായി കയറി വീട് ചീത്തയാക്കുമത്രെ!~ഒരു തുണി നനച്ച് തുടച്ചാല്‍ മാറുന്നതല്ലേ ചളി? ഈ വീടും മറ്റ് ആഢംബരങ്ങളും നമുക്ക് എത്ര കാലത്തേക്കവകാശപ്പെട്ടതാണ് എന്നാരും ചിന്തിക്കാറില്ല. മരിച്ചുകഴിഞ്ഞാല്‍ 18 മണിക്കൂറിലധികം ഫ്രീസറും മറ്റുമില്ലാതെ സൂക്ഷിക്കാന്‍ കഴിയാത്ത രൂപത്തിലാണ് അഹങ്കാരികളായ നമ്മുടെ സൃഷ്ടിപ്പ്. മീനിന്റെയൊക്കെ വയറ് ആദ്യം ചീയുന്നതുപോലെ മനുഷ്യശരീരത്തിന്റെയും വയറിന് നിറം മാറാന്‍ തുടങ്ങും. ആരെയും വിഷമിപ്പിക്കാനെഴുതുന്നതല്ല. മറിച്ച്, നാമാകുന്ന ഈ കുഞ്ഞിമനുഷ്യന്റെ അഹങ്കാരത്തിനും താന്‍പോരിമയ്ക്കും അത്രമാത്രം ദൈര്‍ഘ്യമേ ഉള്ളൂ എന്ന് മനസ്സിലാക്കാന്‍ വേണ്ടി എഴുതിയതാണ്.


അതിനാല്‍, മനുഷ്യര്‍ പരസ്പരം സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കട്ടെ. കാലുഷ്യം അധികരിച്ചുവുന്ന ഇക്കാലഘട്ടത്തില്‍ വിശ്വാസിസമൂഹം റമദാനിലൂടെ നേടിയെടുക്കേണ്ടത് അപരന്റെ കണ്ണീരൊപ്പാനും അവനെ കൈപിടിച്ച് നടത്താനുമുള്ള ചങ്കുറപ്പാണ്. ഏറെ ശ്രമകരമാണെങ്കിലും അതിലൂടെ വിശ്വാസിക്ക് ലഭിക്കുന്ന ഒരു സ്വസ്ഥതയും സന്തോഷവും ഉണ്ട്. അത് അവന് പൈസ കൊടുത്ത് നേടാവുന്നതല്ല എന്നും കൂടെ ഭക്ഷണം കഴിക്കാന്‍ ആളെത്തേടി നടന്ന മഹാന്മാരായ സൂഫിവര്യന്മാരെപ്പറ്റി നാം വായിച്ചിട്ടുണ്ട്. ഉള്ളതെല്ലാം പങ്കുവെക്കുക എന്ന ഒരു സ്വഭാവം കൊച്ചുന്നാളിലേ കുട്ടികളെ ശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ജനങ്ങളുടെ വേദനകളില്‍ എംപതി (empathy) കാണിക്കാന്‍ അത്തരം സന്താനങ്ങള്‍ പ്രാപ്തരാകും. നേരെ മറിച്ച്, സ്വാര്‍ഥതയാണ് കുട്ടിക്ക് വീട്ടില്‍നിന്ന് ലഭിക്കുന്നതെങ്കില്‍ സമൂഹത്തിലും അവന്‍ കൊടും സ്വാര്‍ഥനായി മാറും. എന്ത് സഹായം ചെയ്യുമ്പോഴും തനിക്കെന്ത് ഗുണം എന്ന് ചിന്തിക്കുന്ന മോശം അവസ്ഥയിലേക്ക് അവന്‍ താഴും.


പ്രവാചകന്‍ പറഞ്ഞില്ലേ, നിന്റെ സഹോദരനെ പുഞ്ചിരിച്ച മുഖവുമായി കണ്ടുമുട്ടുന്നതുപോലും നന്മയാണ്. ആ നന്മയെപ്പോലും കൊച്ചായി കാണരുത് എന്നൊക്കെ.


പാവം ചില മനുഷ്യരുണ്ട്. അവര്‍ക്ക് ജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടായിരിക്കും. നബി (സ) പറഞ്ഞു: ജനങ്ങളുമായി ഇടപഴകുകയും അവരുടെ ബുദ്ധിമുട്ടുകള്‍ സഹിക്കുകയും ചെയ്യുന്ന വിശ്വാസിയാണ്, അവരുമായി ഇടപഴകാത്ത, അവരുടെ പ്രശ്‌നങ്ങള്‍ സഹിക്കാത്ത വിശ്വാസിയേക്കാള്‍ ഉത്തമന്‍.


അതേ, നമ്മള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചെയ്തുകൊടുക്കേണ്ടവരാണ്. അവരുടെ ഭാരങ്ങളെ ഇറക്കിവെക്കുന്ന ശക്തമായ അത്താണികളാകേണ്ടതുണ്ട് നമ്മള്‍. ഒരു കോടീശ്വരനായി ജീവിക്കുന്നതിലും രസകരമാണത്. അനാഥയുടെയും അഗതികളുടെയും കണ്ണുനീരൊപ്പാത്ത ഒരു ജീവിതത്തെയും ജീവിതം എന്ന് പറയാനാവില്ല. നബി (സ) പറഞ്ഞില്ലേ, ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇതുപോലെയാണെന്ന് (ചൂണ്ടുവിരലും നടുവിരലും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് നബി (സ) പറഞ്ഞത്).


ഈ റമദാനിലെങ്കിലും നമുക്ക് വിശ്വപൗരന്‍ എന്ന നിലയിലേക്കുയരാനായെങ്കില്‍!


സ്വന്തം ടീച്ചര്‍