Thursday, July 26, 2012

വിശ്വാസിയും പ്രകൃതിയും

മരം നട്ട മനുഷ്യന്‍ - പണ്ടൊരു പുസ്തകം വായിച്ചിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്ത ഒരു വൃദ്ധന്‍ ദിവസവും കാടും മേടും മലകളും വഴികളും താണ്ടി എത്രയോ വിത്തുകള്‍ കുഴിച്ചിടുകയാണ്. കാലം കഴിഞ്ഞപ്പോള്‍ മരങ്ങളെല്ലാം വളര്‍ന്ന് ഭൂമിക്ക് തണലും തണുപ്പും കുളിരും ആവുകയാണ്.

വാസ്തവത്തില്‍ ഒരു ഖുര്‍ആന്‍ വിശ്വാസിക്ക് ഒരിക്കലും ഈ പ്രകൃതിയെ സ്‌നേഹിക്കാതിരിക്കാനാവില്ല. അതിനെ നോവിക്കാനുമാവില്ല. ഖുര്‍ആന്‍ പറഞ്ഞില്ലേ - ''അതിനെ നന്നാക്കിയതിനുശേഷം നിങ്ങളതിനെ നശിപ്പിക്കരുത്.''

മരക്കൂട്ടങ്ങളുടെ സൗന്ദര്യം ഖുര്‍ആന്‍ എടുത്ത് പറയുന്നു. എന്നാല്‍, ഖുര്‍ആന്റെ പ്രണേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ ഈ പ്രകൃതിയോടും മരങ്ങളോടും എന്ത് സമീപനമാണ് സ്വീകരിക്കുന്നത്. അതിനെപ്പറ്റി പഠിക്കാനോ അതിന്റെ ഗുണങ്ങളെപ്പറ്റി ചിന്തിക്കാനോ മിനക്കെടുന്നില്ല. ശാന്തമായ ഒരു പ്രകൃതി - പരിസ്ഥിതി - മനുഷ്യന് ലഭിക്കാവുന്നതില്‍ ഏറ്റവും സൗഭാഗ്യകരമായ അവസ്ഥയാണ്. നാം ജന്നത്തിനെ പരലോകത്ത് മാത്രം ഭാവനയില്‍ കാണുന്നു. വാസ്തവത്തില്‍ ആദമും ഹവ്വയും ജീവിതമാരംഭിച്ച ഭൂമിയും മറ്റൊരു ജന്നത്തായിരുന്നില്ലേ. ഈ ഭൂമിയില്‍ ജന്നത്ത് പണിയാന്‍ ബാധ്യതപ്പെട്ടവനാണ് മുസ്‌ലിം. ഏതൊരു ചെടിയെയും മരത്തിനെയും തന്റെ സുഹൃത്തും ഊര്‍ജദായിനിയുമായി കാണാന്‍ എന്തുകൊണ്ട് ഒരു മുസ്‌ലിമിന് സാധിക്കുന്നില്ല. നല്ല പ്രകൃതിയെ നശിപ്പിച്ച് ഫഌറ്റും വീടും ക്വാറിയും റബ്ബര്‍ എസ്‌റ്റേറ്റും ഉണ്ടാക്കുന്നവരില്‍ ഭൂരിഭാഗവും ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരും ഖുര്‍ആനെ ജീവിതമാര്‍ഗമായി സ്വീകരിക്കുന്നു എന്ന് പറയുന്നവരുമാണ്. അലി മണിക്ഫാന്‍ ഒരിക്കല്‍ പറയുകയുണ്ടായി: യഥാര്‍ഥ ഖുര്‍ആന്‍ വിശ്വാസിയായിരുന്നു മോട്ടോര്‍കാര്‍ കണ്ടുപിടിച്ചിരുന്നതെങ്കില്‍ മലിനീകരണമില്ലാത്ത വാഹനമായിരിക്കും അവന്‍ കണ്ടുപിടിക്കുക.

പ്രകൃതിശാസ്ത്രം - പരിസ്ഥിതി അറിവുകള്‍ - ഇന്ന് വളരെയധികം വികസിക്കുന്നുണ്ട്. ആ അറിവുകളെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അധ്യാപനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒന്നിനോടു പോലും വിയോജിക്കുന്നില്ല എന്ന് കാണാനാവും.

നബി (സ) പക്ഷിയുടെ മുട്ട ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയതായി ഞാന്‍ ഒരറബി മാസികയില്‍ കുറേ മുമ്പ് വായിച്ചിട്ടുണ്ട്. എന്താണ് കാരണം? അവ ഉല്പാദനക്ഷമമായ പക്ഷികളായി മാറേണ്ടവയായതിനാലാണ് പ്രവാചകന്‍ അത് നിരുത്സാഹപ്പെടുത്തിയത് എന്ന് മനസ്സിലാകുമ്പോള്‍ സ്വാഭാവികമായ സസ്യസമ്പത്തിനെയും മൃഗസമ്പത്തിനെയും പ്രവാചകന്‍ ഗൗനിച്ചിരുന്നു എന്നാണല്ലോ മനസ്സിലാകുന്നത്.

റമദാന്‍ കാലത്ത് ഇത്തരമൊരു ചിന്ത എന്താണെന്ന് പ്രിയപ്പെട്ട വായനക്കാര്‍ കരുതുന്നുണ്ടാകും. ഖുര്‍ആന്റെ വേറിട്ട ഒരു വായന എന്ന് വേണമെങ്കില്‍ കണക്കാക്കാം.


മുക്കുറ്റി
നമുക്ക് ചുറ്റുമുള്ള എത്രയെത്ര സസ്യങ്ങളില്‍ നമ്മുടെ പല രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഉണ്ടെന്നറിയാമോ? നാമത് കൃഷിചെയ്യാതെ തന്നെ ഒറ്റ മഴയ്ക്ക് മുളച്ചുപൊന്തുന്നു. സുബ്ഹാനല്ലാഹ്. നമ്മളില്‍ മുക്കുറ്റിച്ചെടിയുടെ ഔഷധവീര്യം അറിയുന്ന എത്രപേരുണ്ടാകും. മൂന്നു കട മുക്കുറ്റി പറിച്ച് സമൂലം അരച്ച് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി അരിച്ച് അല്പം തേനും കൂട്ടി കഴിച്ചാല്‍ ഏത് ബ്ലീഡിങ്ങിനും ശമനം കിട്ടും. കൈയോ കാലോ മുറിഞ്ഞാല്‍ ഒരു കട മുക്കുറ്റി ചതച്ച് വച്ചുകെട്ടിയാല്‍ മതി. അപ്രകാരം കണ്ണിന് വരുന്ന പല അസുഖങ്ങള്‍ക്കും പൂവ്വാന്‍കുരുന്നില എന്ന ചെടി നീരെടുത്ത് ഒഴിക്കുകയോ പുരട്ടുകയോ ചെയ്യാം. മുയല്‍ച്ചെവി എന്ന ചെടിയും ടോല്‍സില്‍സ്, തൊണ്ട അടവ് തുടങ്ങിയവയ്ക്ക് ഫലപ്രദമാണ്.

പൂവ്വാന്‍കുരുന്നില
ഹിന്ദുക്കള്‍ കര്‍ക്കിടകത്തില്‍ മുക്കുറ്റി അരച്ച് പൊട്ടുതൊടുന്നതായി കാണാം. അതിയായ മഴ മൂലം തണുപ്പടിച്ച് സൈനോസൈറ്റിസ് വരാതിരിക്കാനുള്ള മുന്‍കരുതലാകാം ഈ മുക്കുറ്റിക്കുറി. ചന്ദനക്കുറിക്കും ഇത്തരം ഔഷധഗുണം ഉണ്ടാകുമായിരിക്കും. നല്ല ചന്ദനം തണുപ്പാണ്. ചൂടുകാലത്ത് അത് നെറ്റിയിലിട്ടാല്‍ ഔഷധഗുണമുണ്ടാകുമായിരിക്കും. തലവേദനയ്ക്ക് തുമ്പ അരച്ചിട്ടാലും വളരെ ഫലപ്രദമാണ്. ഇത്തരം നിരവധി ഗുണങ്ങള്‍ ചുറ്റുമുള്ള പ്രകൃതിയില്‍നിന്ന് നമുക്ക് ലഭിച്ചിരുന്നു.


തന്റെ നമസ്‌കാരവും നോമ്പും പ്രാര്‍ഥനകളും ദാനധര്‍മങ്ങളും എല്ലാം വളരെ കൃത്യമായി ഖുര്‍ആനും സുന്നത്തും അനുസരിച്ച് ആചരിക്കുന്ന മുസ്‌ലിം പല ശീലങ്ങളിലും പ്രകൃതിയില്‍നിന്ന് ഒരുപാട് അകലങ്ങളിലേക്ക് ആണ് സഞ്ചരിക്കുന്നത്. എന്തസുഖം വരുമ്പോഴേക്കും ഡോക്ടറുടെ അടുത്തേക്കോടി വില കൂടിയ ടെസ്റ്റുകളും മരുന്നും ചെയ്യും മുമ്പ് സ്വന്തം ശരീരത്തെ ഒന്നറിയാന്‍ ശ്രമിക്കുക. ഇതൊരു പഠനശാഖയായിത്തന്നെ ഉള്‍ക്കൊള്ളുക.

നബി (സ) പറഞ്ഞു: الْحِكْمَةُ ضَالَّةُ الْمُؤْمِنِ حَيْثُمَا وَجَدَهَا فَهُوَ أَحَقُّ بِهَا വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞുപോയ സമ്പത്താണ്. അതിനാല്‍ അവനാണ് അതിന് ഏറ്റവും അര്‍ഹന്‍.

സൂര്യതാപത്തെ ഫലപ്രദമായി ഉപയോഗിക്കാവുന്ന സോളാര്‍ പാനലുകള്‍, ജൈവകൃഷി, ജൈവ കീടനിയന്ത്രണം, ജൈവ പാചകവാതകം തുടങ്ങി പലതും നാം അന്യമായി കണക്കാക്കുകയാണ്. ആഢംബരങ്ങള്‍ക്കും മറ്റും ചെലവഴിക്കുന്നതിന്റെ ഒരു ചെറിയ ശതമാനം മതി ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാന്‍. എങ്കിലും, നാം അലംഭാവം മൂലം അല്ലെങ്കില്‍ അറിവാല്ലായ്മ മൂലം അതൊക്കെ സ്വീകരിക്കാതിരിക്കുകയാണ്.

ഓര്‍ക്കുക! പ്രവാചകന്‍ ഇക്കാലത്ത് ജീവിച്ചിരുന്നെങ്കില്‍ നമ്മുടെ പല ജീവിതശൈലികളെയും ഹറാം ആക്കുമായിരുന്നു - തീര്‍ച്ച.

ഖുര്‍ആനും പ്രകൃതിശാസ്ത്രവും സമഞ്ജസമായി ചിന്തിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ഏതാനും ചിന്താശകലങ്ങള്‍ മാത്രമാണിത്. പ്രപഞ്ചത്തെപ്പോലെ അതിബൃഹത്താണ് പ്രകൃതിശാസ്ത്രവും. അതിലൊന്നുപോലും ഖുര്‍ആനുമായി ഇടയുന്നില്ല എന്നിടത്താണ് ഒരു വിശ്വാസിയെ കൂടുതലായി പ്രകൃതിയിലേക്കടുപ്പിക്കുന്നതും അതിലുറപ്പിച്ചു നിര്‍ത്തുന്നതും. അലിമണിക്ഫാന്‍ എന്ന ഖുര്‍ആന്‍-പ്രകൃതിശാസ്ത്രജ്ഞനെ ഇനിയും നാമമാത്ര മുസ്‌ലിം ലോകം എത്തിനോക്കുന്നില്ല എന്നത് ഒരു ദുരന്തമാണ് എന്നുകൂടി ഇത്തരുണത്തില്‍ ഓര്‍ത്തുപോകുകയാണ്.

സ്വന്തം ടീച്ചര്‍

Monday, July 16, 2012

മനുഷ്യന്‍: പരസ്പര ബന്ധങ്ങള്‍

ബ്ലോഗിലെ ഒരു പോസ്റ്റില്‍ സൂറത്തുല്‍ ഹുജുറാത്ത് പഠിക്കേണ്ടതാവശ്യമാണെന്ന് എഴുതിയിരുന്നല്ലോ. അത് വായിച്ച എന്റെ ഒരു സുഹൃത്ത് അതൊന്ന് പഠിപ്പിച്ചുതരാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.

മനുഷ്യനെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നും സൃഷ്ടിക്കപ്പെടുകയും ഗോത്ര-വര്‍ഗങ്ങളാക്കി തിരിച്ചത് പരസ്പരം അറിയാനാണെന്നുമുള്ള ഒരു അത്യുഗ്രന്‍ മാനവിക സന്ദേശം ഈ അധ്യായത്തിലാണ്. തുടര്‍ന്ന് അല്ലാഹു പറയുന്നു: നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും സൂക്ഷ്മാലുവാണ്. 'اتقى' = ഏറ്റവും സൂക്ഷ്മതയുള്ളവന്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. തഖ്‌വ എന്ന വാക്കിന് യോജിച്ച മലയാളപദം ഏതാണെന്നറിയില്ല. അത്രയ്ക്ക് വിശാലമായാണ് ഖുര്‍ആന്‍ തഖ്‌വ എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത്. 'നിഷ്‌കളങ്കത' എന്ന മഹത്തായ സ്വഭാവം സ്വീകരിക്കുന്നതിനെയും തഖ്‌വ എന്ന് പറയാം. ഉമര്‍ (റ) തഖ്‌വയെ പരിചയപ്പെടുത്തിയത് 'നിറയെ മുള്ളു നിറഞ്ഞ വഴിയിലൂടെ പോകുമ്പോള്‍ മുള്ളുകള്‍ കൊളുത്തിവലിച്ച് വസ്ത്രം കീറിപ്പോകാതിരിക്കാന്‍ മനുഷ്യന്‍ നടത്തുന്ന ഒരു ശ്രദ്ധയില്ലേ, അതാണ് തഖ്‌വ'. തിന്മകളാകുന്ന മുള്ളില്‍ കൊളുത്തി സല്‍സ്വഭാവമാകുന്ന വസ്ത്രം കീറിപ്പോകാതിരിക്കാനുള്ള അതീവ ജാഗ്രത! ഇനി മുള്ളില്‍ കൊളുത്തിയാലോ? അതില്‍നിന്ന് ശ്രദ്ധാപൂര്‍വം വസ്ത്രം എടുക്കുകയില്ലേ - അതുപോലെ.

ഹുജുറാത്ത് അധ്യായത്തിലെ മറ്റൊരു വലിയ ചര്‍ച്ച പരസ്പരം ബന്ധങ്ങളുടെ ശ്രദ്ധയാണ്. വിശ്വാസികള്‍ പരസ്പരം മിത്രങ്ങള്‍ മാത്രമാണ് എന്ന് തുടങ്ങിക്കൊണ്ട് വിശ്വാസിസമൂഹത്തെ ഒരേ നൂലില്‍ കോര്‍ത്ത വ്യത്യസ്തങ്ങളായ, സുന്ദരങ്ങളായ മുത്തുമണികളെപ്പോലെ കാണാന്‍ ഖുര്‍ആന്‍ ആഗ്രഹിക്കുന്നു. ഈയടുത്ത് എന്റെ ഒരു സുഹൃത്ത് സ്‌നേഹത്തിന് സംരക്ഷണം എന്നും അര്‍ഥമുണ്ടെന്ന് സൂചിപ്പിക്കുകയുണ്ടായി. വിശ്വാസവും സ്‌നേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുപോലെ സ്‌നേഹവും സംരക്ഷണവും ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, വിശ്വാസിയുടെ അടുത്ത് ഏതൊരു മനുഷ്യനും നിര്‍ഭയനായിരിക്കും. ഈമാന്‍ എന്നതിന്റെ അര്‍ഥത്തെയും നാം കുറച്ചുകൂടി വിശാലമാക്കേണ്ടിയിരിക്കുന്നു. വിശ്വാസം കൊണ്ട് പരസ്പരം ആസ്വദിക്കാന്‍ കഴിയുന്ന ഒരു നിര്‍ഭയത്വം ഇല്ലേ? അതും ഈമാന്‍ എന്ന വാക്കിന്റെ അര്‍ഥമായി കൊടുക്കാം. അല്ലാഹു മനുഷ്യരുടെ സന്തോഷകരമായ ജീവിതത്തിനും സമാധാനത്തിനും വേണ്ടി ഇറക്കിയ ഖുര്‍ആനില്‍ ഇത്തരം ധാരാളം, കടല്‍പോലെ പരന്ന ആശയങ്ങള്‍ കണ്ടെത്താനാകും.

പരസ്പര ബന്ധത്തെ നശിപ്പിക്കുന്ന എല്ലാ ദുര്‍ഗുണങ്ങളെയും ഖുര്‍ആന്‍ അക്കമിട്ട് നിരത്തി 'അരുത്' എന്ന സൂചകം ഉപയോഗിച്ചുകൊണ്ടാണ് വെട്ടിനിരത്തുന്നത്.

പരിഹസിക്കരുത് - ആരും മറ്റൊരു വിഭാഗത്തെ പരിഹസിക്കരുത് (കുടുംബം എന്ന പ്രസ്ഥാനത്തിന്റെ സുഖകരമായ സഞ്ചാരം ആഗ്രഹിക്കുന്ന ആരും ആരെയും പരിഹസിക്കരുത്)

ഭാര്യ - ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും പരിഹസിക്കുന്ന ഒരു വീടിന്റെ ചിത്രം ഒന്ന് സങ്കല്പിച്ചുനോക്കൂ! എത്ര ഭീകരമായിരിക്കും.

കുത്തുവാക്കുകള്‍ ഉപയോഗിക്കരുത് - നമ്മള്‍ പറയാറില്ലേ - രണ്ട് തല്യാലും വേണ്ടില്ല... കുത്താവാക്കില്ലേ, അത് സഹിക്കാനാവില്ല' എന്ന്. നമ്മുടെ മനസ്സുകളുടെ നോവാണ് ശരീര നോവിനേക്കാള്‍ ഭയങ്കരം. പരസ്പര സ്‌നേഹത്തെ നശിപ്പിക്കാന്‍ വേറെ എവിടെയെങ്കിലും പോകണോ?

രണ്ടാം പേര് - ഇരട്ടപ്പേരുകള്‍, പരിഹാസപ്പേരുകള്‍ വിളിക്കരുത്. വിളിക്കപ്പെടുന്ന ആളുടെ അഭിമാനത്തിന് കോട്ടം വരുത്തും ഇരട്ടപ്പേരുകള്‍. അത്രയ്ക്കുപോലും - ഒരു വാക്കുകൊണ്ടുപോലും സുഹൃത്തിനെ വേദനിപ്പിക്കരുത്. അപരന്‍ ഇഷ്ടപ്പെടാത്ത പേരുകള്‍ നമ്മളായിട്ട് ഉപയോഗിക്കരുത്. പലപ്പോഴും രണ്ടാം പേരുകളില്‍ എന്തെങ്കിലും പരിഹാസം അടങ്ങിയിട്ടുണ്ടാകും.

ഇതൊക്കെ പറഞ്ഞുകൊണ്ട് അല്ലാഹു പറയുകയാണ്: ആരെങ്കിലും ഇതില്‍നിന്ന് പിന്മാറി തൗബ (പശ്ചാത്താപം) ചെയ്യുന്നില്ലെങ്കില്‍ അവര്‍ തന്നെയാണ് അക്രമികള്‍.

റബ്ബ് വീണ്ടും ഉണര്‍ത്തുന്നു:
വിശ്വസിച്ചവരേ (പരസ്പരം നിര്‍ഭയത്വം നല്‍കുന്നവരേ), നിങ്ങള്‍ ഊഹങ്ങളില്‍നിന്ന് മാറിപ്പോവുക. കാരണം, പലപ്പോഴും ഊഹം തെറ്റായിരിക്കാം. സംശയരോഗമുള്ളവര്‍ ആണ് ഊഹിക്കുന്നത്. ദമ്പതികള്‍ക്കിടയില്‍ വിശേഷിച്ചും പൊതുജനങ്ങള്‍ക്കിടയില്‍ പൊതുവിലും ഈ ദുഃസ്വഭാവം ഉണ്ടാക്കുന്ന വിനകള്‍ ഭയങ്കരമാണ്. ഊഹത്തെത്തുടര്‍ന്നുള്ള സംശയങ്ങള്‍ എത്ര കുടുംബങ്ങളെയാണ് തകര്‍ത്തിട്ടുള്ളത്. ചില സ്ത്രീകള്‍ക്ക് പുരുഷന്മാരെ (ഭര്‍ത്താക്കന്മാരെ) സംശയമായിരിക്കും; ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരെയും. ഭാര്യയുടെ അടുത്ത് അന്യപുരുഷന്‍ വരുന്നുണ്ടെന്ന് തെളിയിക്കാനായി, ആരും കാണാതെ താന്‍ സംശയിക്കുന്ന ആളുടെ എന്തെങ്കിലും പ്രത്യേക സാധനങ്ങള്‍ ബെഡ്‌റൂമില്‍ കൊണ്ടുവന്നിടുന്ന ഒരാളെപ്പറ്റി എവിടെയോ വായിച്ചിട്ടുണ്ട്. ഊഹങ്ങളും സംശയങ്ങളും മനുഷ്യനെ രോഗാവസ്ഥയിലേക്ക് നയിക്കും; നിയന്ത്രിച്ചില്ലെങ്കില്‍. വിശ്വാസത്തിന് കരുത്തുണ്ടെങ്കില്‍ ഊഹം, സംശയം എന്നിവക്കിരിക്കാന്‍ ഇടം ഉണ്ടാകില്ല, തീര്‍ച്ച.


ചുഴിഞ്ഞന്വേഷിക്കരുത് - ഒരിക്കല്‍ ഒരു സുഹൃത്ത് പറയുകയുണ്ടായി. ഞാന്‍ നില്‍ക്കെ രണ്ടുപേര്‍ സ്വകാര്യം പറഞ്ഞാല്‍ പോലും എനിക്ക് വിഷമമില്ല. കാരണം, ഞാനറിയേണ്ട കാര്യമാണെങ്കില്‍ അവര്‍ അറിയിക്കുമല്ലോ. ഞാനറിയേണ്ടാത്തതാണെങ്കില്‍ പിന്നെ അത് കേള്‍ക്കണ്ട കാര്യവുമില്ല. അതിവിശാലമായ മനസ്സുള്ളവര്‍ക്കേ ഇതിന് കഴിയൂ.

അതിനാല്‍, ഒരിക്കലും മറ്റൊരാളുടെ രഹസ്യം ചുഴിഞ്ഞന്വേഷിക്കാന്‍ ഇടവരാതിരിക്കട്ടെ. മറ്റുള്ളവരുടെ കത്ത് തുറന്നു നോക്കലും മെയില്‍ ഐഡി ചോര്‍ത്തലുമൊക്കെ ഈ വിഭാഗത്തില്‍പ്പെടും. അറിയാതെ ബാഗ്, പഴ്‌സ് ഒക്കെ പരിശോധിക്കല്‍.

പരസ്പരം ഗീബത്ത് (പരദൂഷണം) പറയരുത് - ഗീബത്ത് എന്നാല്‍ നിന്റെ സഹോദരനെപ്പറ്റി അവന്നിഷ്ടമില്ലാത്ത കാര്യം (തിന്മ) നീ പറയലാണ് ഗീബത്ത് എന്ന് പ്രവാചകന്‍ ഒരു സഹചാരിയുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഉടന്‍ അവര്‍ ചോദിച്ചു: ദൂതരേ, അവരുടെ കൈയില്‍ ഉള്ള സ്വഭാവമാണെങ്കിലോ? പ്രവാചകന്‍ പറഞ്ഞു: ഉള്ളതാണെങ്കിലാണ് ഗീബത്ത്. ഇല്ലാത്തതാണെങ്കില്‍ വ്യാജാരോപണവും.

നോക്കൂ, ഖുര്‍ആന്‍ പറഞ്ഞ ഉപമ എന്താണ്? മരിച്ചുകിടക്കുന്ന തന്റെ സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളില്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ എന്നാണ്. ഗീബത്ത് എന്ന പദം തന്നെ 'ഗോബ' - മറഞ്ഞു എന്നതില്‍നിന്ന് വന്നിട്ടുള്ളതാണ്. സംഭവത്തിന്റെ തീവ്രത തെര്യപ്പെടുത്താനാണ് ഖുര്‍ആന്‍ ഈ ഉപമ എടുത്തുപറഞ്ഞത്.

തമ്പുരാനേ, എന്നിട്ടും ഞങ്ങളെല്ലാം അറിഞ്ഞും അറിയാതെയും ഈ ദുര്‍ഗുണത്തില്‍ വീണുപോകുന്നു - സംസാരം കൂടിയാല്‍ വരുന്ന ആപത്തുകള്‍. 'നിനക്കെന്തെങ്കിലും മിണ്ടണമെങ്കില്‍ നല്ലത് സംസാരിക്കുക. ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക' എന്ന തിരുവചനവും ഓര്‍മിപ്പിക്കുന്നത് മറ്റൊന്നല്ല. ഒരിക്കല്‍ നബി (സ) പറഞ്ഞു: രണ്ടു തുടയെല്ലുകള്‍ക്കിടയിലുള്ളതും (ഗുഹ്യഭാഗങ്ങള്‍) രണ്ട് താടിയെല്ലുകള്‍ക്കിടയിലുള്ളതും (നാവ്) സൂക്ഷിക്കാമെന്ന് ആരെങ്കിലും വാക്കു തന്നാല്‍ ഞാനവര്‍ക്ക് സ്വര്‍ഗം കൊണ്ട് വാക്കു പറയാം. നബി(സ)ക്ക് സ്വര്‍ഗം കൊടുക്കാന്‍ കഴിവുണ്ടോ എന്ന് ചിലര്‍ ചോദിക്കും. പക്ഷേ, ഈ സല്‍സ്വഭാവങ്ങള്‍ ഇഹലോകത്ത് നിന്നുതന്നെ സ്വര്‍ഗീയാനുഭൂതി നല്‍കാന്‍ പോന്നവയാണ് - ചിന്തിച്ചുനോക്കുക. ഒരാളെ നാം കുറ്റം പറഞ്ഞാല്‍ എപ്പോഴും സംശയമായിരിക്കും - അയാളതറിയുമോ എന്ന്. മനസ്സിന്റെ സ്വസ്ഥത നശിപ്പിക്കും. മനസ്സിന്റെ തരളിതാവസ്ഥയ്ക്ക് ഭംഗം വരുത്തും. പരലോകത്ത് വേറെ കുറവും ഉണ്ടാകും.

അതിനാല്‍ ഇത്തരം സ്വഭാവങ്ങളെത്തൊട്ട് ജാഗ്രത പാലിക്കുക. പരിശീലനത്തിലൂടെയും നിഷ്‌കളങ്ക ചിന്തയിലൂടെയും കറകളഞ്ഞ നിഷ്‌കളങ്ക സ്‌നേഹത്തിലൂടെയും മാത്രമേ സദ്ഗുണങ്ങള്‍ നമുക്ക് നേടാനാവൂ. ജീവിതമാകുന്ന ചുമടുവണ്ടി വലിക്കുന്ന നാം തീര്‍ച്ചയായും ചുമടുകള്‍ക്കിടയിലും മേത്തരം സ്വഭാവങ്ങളുടെ ഉടമകളാകാന്‍ യത്‌നിക്കുക. പ്രാര്‍ഥിക്കുക, നമ്മുടെ സ്വഭാവങ്ങളെ നന്നാക്കിത്തരാന്‍. ഓര്‍ക്കുക, കണ്ണാടി നോക്കുമ്പോള്‍ ഒരു പ്രാര്‍ഥന നബി (സ) നിര്‍വഹിച്ചിരുന്നു. നാഥാ! എന്റെ കോലം നന്നാക്കിയതുപോലെ എന്റെ ശീലത്തെയും നന്നാക്കണേ.

(അതിബൃഹത്തായ ഖുര്‍ആന്റെ ഒരു കൊച്ചുതുള്ളിയാണിവിടെ പകരാന്‍ ശ്രമിച്ചത്. നിങ്ങളും ചിന്തിക്കുക)

വസ്സലാം,
സ്വന്തം ടീച്ചര്‍

Monday, July 9, 2012

മൊബൈല്‍ഫോണ്‍ തകര്‍ത്ത കുടുംബം

ശിഥിലമാകുന്ന വിവാഹബന്ധങ്ങള്‍ വായിച്ച പലരും കുറച്ചുകൂടി എഴുതാമായിരുന്നു എന്നറിയിക്കുകയുണ്ടായി. ഞങ്ങളുടെ കുടുംബമാസികയായ സൗഹൃദത്തിന്റെ റമദാന്‍ പതിപ്പിലേക്ക് അയച്ച ലേഖനമാണത്. അതിനാലാണത് ചുരുങ്ങിപ്പോയത്.

മൂന്നുനാലു ദിവസം മുമ്പ് എന്റെ മനസ്സിനെ വല്ലാതെ ഉലച്ച ഒരു കാര്യമുണ്ടായി. സ്‌കൂളിലേക്ക് ചെന്നതും എന്റെ വളരെ അടുത്ത സുഹൃത്തായ ലിസി ടീച്ചര്‍ പറയുകയാണ്: 'ടീച്ചര്‍, ആ സ്ത്രീയെ ഒന്ന് പറഞ്ഞുവിട്.' നോക്കുമ്പോള്‍ ഒരു സ്ത്രീ തന്റെ മകളെ കാണാനായി സ്‌കൂളില്‍ വന്നിരിക്കുകയാണ്. മുഖമൊക്കെ വല്ലാതെയിരിക്കുന്നുണ്ട്. പരിഭ്രമം, വെറുപ്പ് ഒക്കെയുണ്ട്. അതിനിടയില്‍ സ്റ്റാഫ്‌റൂമില്‍നിന്ന് കേട്ടു, 'ആ... ഓടിപ്പോയ പെണ്ണല്ലേ അത്?' ഞാനാ സ്ത്രീയെ കുറച്ചു ദൂരേക്ക് മാറ്റിക്കൊണ്ടുപോയി, തണലില്‍നിന്ന് സംസാരിക്കാന്‍ തുടങ്ങി. രണ്ടുകൊല്ലം മുമ്പ് ഭര്‍ത്താവും രണ്ടു മക്കളും ഉള്ള കുടുംബത്തില്‍നിന്ന് മൊബൈലിലൂടെ പരിചയപ്പെട്ട്, സൗഹൃദം പ്രയത്തിനു വഴിമാറി, വീടുവിട്ട് മറ്റൊരു പുരുഷന്റെ കൂടെ ജീവിക്കുന്ന സ്ത്രീയാണ്. അവരുടെ സംസാരം സ്വന്തത്തെ കുറ്റപ്പെടുത്തുന്നതായിരുന്നു. ഇടയ്ക്കിടെ മുളപൊട്ടുന്ന രൂപത്തില്‍ പൊട്ടിപ്പൊട്ടി കരയുന്നുമുണ്ട്.

ഞാന്‍ വല്ലാത്തൊരവസ്ഥയിലായി. 'ടീച്ചറേ, എനിക്കെന്റെ മോളെ ഒന്ന് കണ്ടാല്‍ മാത്രം മതി. അവള്‍ക്ക് സുഖമാണോ എന്നറിഞ്ഞാല്‍ മതി.' ഏതൊരു മാതൃഹൃദയവും വിതുമ്പിപ്പോകുന്ന സന്ദര്‍ഭം. അവര്‍ ഇപ്പോള്‍ രണ്ടുകൊല്ലമായി നാഗൂരിലാണ്. കുറേ അന്ധവിശ്വാസങ്ങളും സംസാരത്തില്‍ ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. കുട്ടി സ്‌കൂളിലുണ്ടെന്നും ലിസി ടീച്ചര്‍ കാട്ടിക്കൊടുക്കുന്നില്ല എന്നുമാണ് സ്ത്രീ തെറ്റിദ്ധരിച്ചിരിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ എനിക്ക് ആ സ്ത്രീയോട് ദയാവായ്‌പോടുകൂടി സംസാരിക്കാതെ നിവൃത്തിയില്ലാതായി. ചെയ്തുവെച്ചിരിക്കുന്ന ഭീകരമായ കുറ്റത്തിന്റെ ചിത്രം അല്പസമയത്തേക്കെങ്കിലും എനിക്ക് മനസ്സില്‍നിന്ന് മാറ്റിവെക്കേണ്ടിവന്നു.

അവള്‍ പോകാനുണ്ടായ കാരണമാണ് ഇപ്പോഴും എന്നെ അദ്ഭുതപ്പെടുത്തുന്നത്. പരിചയപ്പെട്ട യുവാവിന് പലപ്പോഴായി എട്ടു പവനോളം സ്വര്‍ണം കൊടുത്തുപോയി. ഭര്‍ത്താവ് സ്വര്‍ണമെവിടെ എന്ന് ചോദിച്ചാല്‍ പറയാന്‍ മറുപടി ഇല്ലാതായതിനാല്‍ ഇടംവലം നോക്കാതെ ഇറങ്ങിപ്പോയതാണത്രെ! ഒരു മൊബൈല്‍ബന്ധത്തിന് ഇത്ര ഭയങ്കരമായ ഭീകരത ചെയ്യാനാകുമല്ലോ എന്നോര്‍ത്ത് ഞാന്‍ ഞെട്ടിപ്പോയി. മണ്ടത്തരം എന്നല്ലാതെ എന്ത് പറയാന്‍? നന്നായി ജീവിച്ച ഒരു കുടുംബത്തെ തകര്‍ക്കാന്‍ വന്ന വില്ലന്‍.

പടച്ചവനേ, സര്‍വശക്താ... ഒരു കുടുംബത്തിനും ഇത്തരം വിധി വയ്ക്കല്ലേ. ആ സ്ത്രീയുടെ ദൈന്യാവസ്ഥ കണ്ട് ഞാനും കരഞ്ഞുപോയി. എത്ര ഭീകര തെറ്റും പടച്ചവന്‍ പൊറുത്തുകൊടുക്കും. പക്ഷേ, മനുഷ്യര്‍ പൊറുക്കില്ലല്ലോ. അവരുടെ യാചനക്കൊടുവില്‍ ഞാനവര്‍ക്ക് വാക്കുകൊടുത്തു. നാളെ മകള്‍ വന്നിട്ട് ഞാന്‍ ചോദിക്കാം, 'മോള്‍ക്ക് ഉമ്മയെ കാണണമെന്നുണ്ടോ' എന്ന്. സമ്മതമാണെങ്കില്‍ ഞാന്‍ മുന്‍കൈയെടുക്കാം. 'അവള്‍ 'കാണണ്ട' എന്നാണ് പറയുന്നതെങ്കില്‍ മോള്‍ സഹിക്കണം.' (ആ സ്ത്രീ ചെയ്ത തെറ്റിന് ഈ ജന്മം മുഴുവന്‍ തീ തിന്നുന്ന പോലെയാണ് തോന്നിയത്). അങ്ങനെയൊക്കെ പറഞ്ഞ് അവരെ ഒരുവിധം പറഞ്ഞയച്ചു.

പിറ്റേന്ന് ഒന്നാം പിരിയഡുതന്നെ കുട്ടിയുമായി സംസാരിക്കാന്‍ ടീച്ചര്‍ എനിക്കവസരം നല്‍കി. എന്റെ ചോദ്യത്തിന് ആ മോളുടെ മറുപടി 'വേണ്ട' എന്നായിരുന്നു! തനിക്കപമാനം വരുത്തിവെച്ച ഉമ്മാനെ തനിക്കിനി കാണണ്ട. വിഡ്ഢിത്തം കൊണ്ട് ഒരു സ്ത്രീ എത്തിപ്പെട്ട വേദനാജനകമായ ഒരവസ്ഥയാണിത്. സ്‌കൂള്‍ വിട്ടുചെല്ലുമ്പോള്‍ ഉമ്മ ഇല്ലെങ്കില്‍ ദ്വേഷ്യം വരുന്ന പ്രായക്കാരിയായ ഒരു മകള്‍, ഉമ്മാനെ കാണണ്ട എന്നു കൂസലില്ലാതെ പറയണമെങ്കില്‍ ആ മോള്‍ അനുഭവിച്ച വേദനയുടെ ആഴം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

പ്രിയസുഹൃത്തുക്കളേ, തകര്‍ന്ന ഒരു കുടുംബത്തിന്റെ നേര്‍ച്ചിത്രമാണ് നാം പച്ചയ്ക്ക് ഇവിടെ കണ്ടത്. എന്താണ് പറയേണ്ടത്? ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ പെരുകുന്നു. നാമെന്ത് ചെയ്യണം? സ്‌നേഹമില്ലാത്ത ഭര്‍ത്താവായിരുന്നില്ല ആദ്യഭര്‍ത്താവ് എന്ന് ആ സ്ത്രീ തന്നെ സമ്മതിക്കുന്നു. എന്നിട്ടും പരിധികള്‍ ലംഘിച്ചുപോയ സ്ത്രീ - പ്രശ്‌നങ്ങളുടെ പരിഹാരത്തിന്റെ അടിവേരുകള്‍ ചികയുമ്പോള്‍ ഖുര്‍ആന്റെ വിധികള്‍ ആദ്യമേ ലംഘിച്ചു എന്നു കാണാനാവും - പ്രിയസഹോദരങ്ങളേ, തിന്മയില്‍നിന്ന് മറ്റുള്ളവരെ ശക്തമായി പിടിച്ചുവലിക്കാന്‍ നാം കരുത്തരാവുക. കണ്ണീര്‍ക്കയത്തിലകപ്പെട്ട ഏതാനും വ്യക്തികള്‍. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നാം സമൂഹത്തെ ഭദ്രമാക്കുക.

NB: എന്തുകൊണ്ടോ ആ സ്ത്രീ എന്നെ വിളിച്ചില്ല.

വസ്സലാം,
സ്വന്തം ടീച്ചര്‍