Thursday, February 27, 2014

സൂറത്തുല്‍ ഫാത്വിഹ - പ്രഖ്യാപനം, പ്രതിജ്ഞ, പ്രാര്‍ഥന

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

الْحَمْدُ  -  സ്തുതി
لِلَّهِ رَبِّ الْعَالَمِينَ   -  സര്‍വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു
الرَّحْمَٰنِ الرَّحِيمِ  -  അവന്‍ - പരമകാരുണികനും കരുണാനിധിയുമായ
مَالِكِ يَوْمِ الدِّينِ  -  പ്രതിഫലദിനത്തിന്റെ ഉടമസ്ഥനായ
إِيَّاكَ نَعْبُدُ   -  ഞങ്ങള്‍ നിന്നെ മാത്രം കീഴ്‌പ്പെടുന്നു
وَإِيَّاكَ   -  നിന്നോടു മാത്രം
نَسْتَعِينُ  -  ഞങ്ങള്‍ സഹായം തേടുന്നു
اهْدِنَا  -  നീ ഞങ്ങളെ വഴിനടത്തേണമേ
الصِّرَاطَ الْمُسْتَقِيمَ  -  നേരായ വഴി
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ  -  നീ അനുഗ്രഹിച്ചവരുടെ വഴി
غَيْرِ الْمَغْضُوبِ عَلَيْهِمْ  -  നിന്റെ കോപത്തിന് പാത്രമായവരുടെ മാര്‍ഗമല്ല
وَلَا الضَّالِّينَ  -  വഴിപിഴച്ചവരുടെ മാര്‍ഗവുമല്ല
آمِين  -  ഈ പ്രാര്‍ഥന സ്വീകരിക്കേണമേ
--------------------------------------------------------------
صرا
ط  - മാര്‍ഗം, വഴി
اَنْعَمَ  - അനുഗ്രഹം ചെയ്തു
 
സൂറത്തുല്‍ ഫാത്വിഹയില്‍ പ്രഖ്യാപനമുണ്ട്, പ്രാര്‍ഥനയുണ്ട്, പ്രതിജ്ഞ ഉണ്ട്. നിനക്കു മാത്രം ഞങ്ങള്‍ എല്ലാം അര്‍പ്പിക്കുകയുള്ളൂവെന്നും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയുള്ളൂവെന്നുമാണ് പ്രതിജ്ഞ. നമ്മുടെ ജീവിതം 'ആ പ്രതിജ്ഞക്കൊപ്പം കൊണ്ടുനടന്നാല്‍, അല്ലാഹു നമ്മുടെ പ്രാര്‍ഥനകളും സ്വീകരിക്കും. അല്ലാഹുവല്ലാതെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍ ആരുണ്ട്? ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രാര്‍ഥന; നല്ല വഴിയിലൂടെ എന്നും സഞ്ചരിപ്പിക്കണമേ എന്നാണ്. കാരണം, വഴിതെറ്റിയാല്‍ ചിലപ്പോള്‍ അറിയാതെ ആ വഴിയിലൂടെ സഞ്ചരിച്ച് എല്ലാം നഷ്ടപ്പെട്ടവനായി മാറും. ഒരിക്കല്‍ നബി (സ) സ്വഹാബിമാര്‍ക്ക് മണ്ണില്‍ ഒരു വരവരച്ചുകാട്ടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: ഇതാണ് صراط المستقيم. നിങ്ങള്‍ ഇതിലൂടെ പോയാല്‍ കുഴപ്പം പറ്റില്ല. സ്വര്‍ഗത്തില്‍ ചെന്നെത്താം. എന്നാല്‍ ഈ വഴിയുടെ ഇരുവശങ്ങളിലും തിന്മയിലേക്കുള്ള വാതിലുകള്‍ ഉണ്ട്. അത് വിരികൊണ്ട് മറയ്ക്കപ്പെട്ടിരിക്കയാണ്. നിങ്ങള്‍ ആ വിരി പൊക്കിനോക്കാന്‍ നില്‍ക്കരുത്. കാരണം, വിരി പൊക്കി നിങ്ങള്‍ അതില്‍ പ്രവേശിച്ചാല്‍ അതിലൂടെ സഞ്ചരിക്കും. ചെന്നെത്തുന്നത്. നരകത്തിലായിരിക്കും. അതിനാല്‍ സൂക്ഷിക്കുക. നബി (സ) തിന്മകളിലേക്കുള്ള ആദ്യപടിയായി വിരിപൊക്കി നോക്കുന്നതിനെ ഉപമിച്ചിരിക്കുന്നു. അതിനപ്പുറം അല്ലാഹു വിലക്കിയ കാര്യങ്ങളാണ്. നാം ഒന്നോര്‍ത്തുനോക്കുക. നമ്മുടെ ജീവിതയാത്രയില്‍ ചുറ്റിനും പിടിച്ചുവലിക്കാന്‍ ജാഹിലിയ്യത്ത് തയ്യാറായി, സര്‍വസന്നാഹങ്ങളുമായി നില്‍ക്കുകയാണ്. അതിന്റെ ചതിക്കുഴികളിലും വാതിലുകളിലും ചെന്നുപെടാതെ രക്ഷപ്പെടാന്‍ നിരന്തരമായ പ്രാര്‍ഥനകൊണ്ടും നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണ് സാധിക്കുക. സൂറത്തുല്‍ ഫാത്വിഹയില്‍ അല്ലാഹുവിന്റെ മഹത്വങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം ആണ് പ്രാര്‍ഥിക്കുന്നത്. മനസ്സിന്റെ ആഴങ്ങളില്‍ ചെന്നുപതിക്കേണ്ട പ്രഖ്യാപനങ്ങളാണ് ഫാത്വിഹയുടെ ആദ്യഭാഗത്തുള്ളത്. അത് പ്രഖ്യാപിക്കുന്ന ഒരു മനുഷ്യന്‍ തന്റെ എല്ലാം തന്റെ നാഥന്റെ മുന്‍പില്‍ സമര്‍പ്പിക്കുകയാണ്. എന്നിട്ട് പറയുകയാണ്, ഞങ്ങള്‍ക്ക് ഈയൊരാവശ്യമേ ഉള്ളൂ; സന്മാര്‍ഗത്തില്‍ എന്നും വഴിനടത്തണേ എന്ന്.

അതേ, വഴിപിഴച്ചുപോകാതിരിക്കാന്‍ മഹത്തായ സൂറത്തുല്‍ ഫാത്വിഹയെ മുറുകെ പിടിക്കാം. അര്‍ഥം ശരിക്ക് ഉള്‍ക്കൊള്ളാന്‍ അത് മാത്രം മതി, രക്ഷയ്ക്ക്. അല്ലാഹു അനുഗ്രഹിക്കട്ടെ.