Sunday, May 25, 2014

'തിളങ്ങുന്ന ഇന്ത്യ'യുടെ ഇരുണ്ട മുഖങ്ങള്‍

പാവം കുട്ടികള്‍ - സ്വപ്‌നഭൂമിയിലേക്ക് വണ്ടികയറിയ കുരുന്നുകള്‍; വെള്ളവും ഭക്ഷണവുമില്ലാതെ പോലീസ് കസ്റ്റഡിയില്‍. എത്ര ഭയങ്കര കുറ്റവാളികളായാലും ഭക്ഷണം, സമാധാനം ഒക്കെ കൊടുക്കണം. നമ്മുടെ 'തിളങ്ങുന്ന ഇന്ത്യ'യുടെ ഭീകരമുഖം. നാണക്കേടുണ്ടാക്കുന്ന മുഖം.

നേരില്‍ കണ്ട ബീഹാറി കുട്ടികള്‍... ഞങ്ങള്‍ രണ്ടു കൊല്ലം മുമ്പ് പോയി കണ്ട കുരുന്നുകളിലാരെങ്കിലും ഉണ്ടാകുമോ ഇക്കൂട്ടത്തില്‍? അന്നുതന്നെ തോന്നിയിരുന്നു, നമ്മള്‍ വിളിച്ചാല്‍ ആ കുട്ടികള്‍ പോരുമായിരുന്നു. അത്രയ്ക്കും ദൈന്യമാര്‍ന്ന ജീവിതം. ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ അദ്ഭുതം തന്നെ. ലോകസമ്പന്നരില്‍ മുസ്‌ലിംകള്‍ ഉണ്ട്. അതേ വിഭാഗത്തില്‍പ്പെട്ടവര്‍തന്നെ ഇത്രയ്ക്കും ദൈന്യമായ അവസ്ഥയിലും. 

ഇവിടെ ഒരിക്കലും ഞാന്‍ വര്‍ഗീയത പറയുകയല്ല. മറിച്ച്, മനസ്സിനെ കലക്കിമറിക്കുന്ന ചില സത്യങ്ങള്‍ പുറത്തേക്ക് വലിച്ചിടുകയാണ്. ധൂര്‍ത്തിന്റെയും ദുര്‍വ്യയത്തിന്റെയും പൊങ്ങച്ചത്തിന്റെയും പിടിയിലമര്‍ന്നു നശിക്കുന്നുണ്ട് ഇക്കൂട്ടര്‍. അവരില്‍പ്പെട്ടവര്‍ ഒരുനേരത്തെ അന്നത്തിനും മറ്റാവശ്യങ്ങള്‍ക്കും വഴിയില്ലാതെ, കണ്ട വണ്ടിയില്‍, ആരുടെയൊക്കെയോ കൂടെ നമ്മുടെ നാട്ടിലെത്തി, പോലീസ് പിടിയിലാകുന്ന ദൈന്യവും അപമാനവും നിറഞ്ഞ വാര്‍ത്തകള്‍. നമ്മെപ്പോലെ അമ്മയും അച്ഛനും ഒക്കെ അവര്‍ക്കും ഉണ്ട്. നൊന്ത് പ്രസവിച്ച അമ്മയുടെ ഗര്‍ഭപാത്രം വെന്തുരുകിക്കൊണ്ടായിരിക്കും ആ കുഞ്ഞുങ്ങളെ കേരളത്തിലേക്ക് വണ്ടികയറ്റിയത്. 

മാറി മാറി വരുന്ന സര്‍ക്കാരുകളൊന്നും ഈ പാവങ്ങളെ കാണാറില്ല. ദുരിതം നിറഞ്ഞ നാട് എന്ന് ഇന്ത്യയെപ്പറ്റി പറയാതെ വയ്യ. പണക്കാരന്റെ കൈയില്‍നിന്ന് പാവപ്പെട്ടവന്റെ കൈയിലേക്ക് നിര്‍ബന്ധപൂര്‍വം പിടിച്ചുവാങ്ങി കൊടുക്കുന്ന, ഉമറുമാര്‍ ഈ രാജ്യം ഭരിച്ചിരുന്നെങ്കില്‍! സകാത്ത് വാങ്ങാന്‍ ആളില്ലാതായി എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട കാലം മനുഷ്യകുലത്തിന് കഴിഞ്ഞുപോയിട്ടുണ്ട്. ധൂര്‍ത്തും ദുര്‍വ്യയവും അവസാനിപ്പിച്ച് സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം നടക്കാതെ ഈ നാടും ജനതയും ഒരിക്കലും രക്ഷപ്പെടില്ല.

സര്‍വശക്താ, ആ കുഞ്ഞുങ്ങളുടെ പ്രയാസങ്ങള്‍ നീ എത്രയും വേഗം പരിഹരിക്കണമേ. നന്മയിലും നീതിയിലും അധിഷ്ഠിതമായ ഒരു ജനതയായി മാറാന്‍ നീ ഞങ്ങളെയും അനുഗ്രഹിക്കണമേ.

വസ്സലാം.

Tuesday, May 20, 2014

പവിഴപ്പുറ്റുകളുടെ നാട്ടില്‍

ഒരുപാട് വര്‍ഷത്തെ ആഗ്രഹത്തിനുശേഷം ഇക്കൊല്ലമാണ് ലക്ഷദ്വീപിലേക്ക് ഒരു യാത്ര നടത്തുക എന്ന മോഹം യാഥാര്‍ഥ്യമായത്. അല്‍ഹംദുലില്ലാഹ്.

എവിടെ നിന്ന് തുടങ്ങണം എന്നറിയുന്നില്ല. അഞ്ച് ദിവസം മാത്രം നീണ്ടുനിന്ന യാത്ര ഒരുപാട് അറിവുകളും അനുഭവങ്ങളും സന്തോഷങ്ങളും പ്രദാനം ചെയ്തു എന്ന് ആദ്യമായി പറയട്ടെ.

കടല്‍തന്നെ ഒരത്ഭുതം! അപ്പോള്‍ അതിലൂടെയുള്ള യാത്രയുടെ സൗന്ദര്യം വിവരിക്കാന്‍ വാക്കുകളില്ല. എത്ര ആഴമാണ് കടലിന്! നാം അത് ചിന്തിക്കാറുണ്ടോ? ഓരോ കടലിലും ഉള്ള വെള്ളത്തിന്റെ അളവെത്രയായിരിക്കും! വായിക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ അറ്റ്‌ലസ് നോക്കാന്‍ എനിക്ക് വലിയ ഇഷ്ടമായിരുന്നു. ഇംഗ്ലീഷ് വായിക്കാനായപ്പോള്‍ അറ്റ്‌ലസ് വായിക്കാന്‍ തുടങ്ങി. 10 വയസ്സിലൊക്കെ ഓരോ സ്ഥലങ്ങള്‍ അറ്റ്‌ലസ് നോക്കി കണ്ടുപിടിക്കാന്‍ ഒരു ഹോബിയായിരുന്നു. സത്യത്തില്‍ ആ വായനയാണ് എന്നെ ഒരു സഞ്ചാരപ്രിയയാക്കിയത്. ഒരു സ്ത്രീ എന്ന നിലയ്ക്ക് ഒരുപാട് പരിമിതികളുണ്ടെങ്കിലും പറ്റുംവിധം യാത്രചെയ്ത് നാടുകള്‍ കാണാന്‍ പടച്ചതമ്പുരാന്‍ അനുഗ്രഹിച്ചിട്ടുണ്ട്. അല്‍ഹംദുലില്ലാഹ്.

പണ്ട് എന്റെ ഒരു സുഹൃത്തിന്റെ വാപ്പാക്ക് ലക്ഷദ്വീപില്‍ (നേവി) ജോലി ഉണ്ടായപ്പോള്‍ കൊണ്ടുവന്ന സാധനങ്ങള്‍ കണ്ട് ഞാന്‍ ഒരു വല്ലാത്ത അദ്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. പവിഴപ്പുറ്റും മദര്‍പേളും ഒക്കെ അവരുടെ ഷോകേസില്‍ ഇരിക്കുന്നത് കണ്ട് ഞാന്‍ ആഹ്ലാദത്തോടെ നോക്കിനിന്നിട്ടുണ്ട്.

ALI MANIKFAN  and  his  daughter  AMINA MANIKKA

അലിമണിക്ഫാനെ പരിചയപ്പെട്ടതു മുതല്‍ എന്നെങ്കിലും ഒന്ന് ലക്ഷദ്വീപില്‍ പോകണം എന്ന് മനസ്സിലുണ്ടായിരുന്നു. അദ്ദേഹത്തെ കാണുമ്പോഴൊക്കെ ദ്വീപില്‍ പോകണ്ടേ എന്ന് ഞാന്‍ ചോദിക്കും. അപ്പോള്‍ അദ്ദേഹം പറയും: ടീച്ചര്‍, ആദ്യം പെര്‍മിറ്റ് ശരിയാക്ക്. അങ്ങനെ, എന്തായാലും ഈ വെക്കേഷന് ലക്ഷദ്വീപില്‍ പോയിട്ടുതന്നെ കാര്യം എന്നുറപ്പിച്ച് പ്ലാന്‍ ചെയ്തു. ഞാന്‍ കരുതിയത്, എറണാകുളം ഐലന്റിലെ ലക്ഷദ്വീപ് ഓഫീസില്‍ പോയാല്‍ ഉടനെ പെര്‍മിറ്റ് കിട്ടുമെന്നായിരുന്നു. കിട്ടിയാല്‍ രണ്ടു ദിവസം കൊണ്ട് പോകണമെന്നും. ചെന്നപ്പോഴാണ് ഓരോരോ കടമ്പകള്‍ അറിയുന്നത്. കൊണ്ടുപോകുന്ന ആളുടെ ഡിക്ലറേഷന്‍, അത് അഡ്മിനിസ്‌ട്രേറ്ററുടെ മുമ്പാകെ ഒപ്പിടണം... തുടങ്ങി നൂലാമാലകള്‍. ആദ്യ ദിവസം ഫോം ഒക്കെ വാങ്ങി പോന്നു. ഇനി രണ്ടാഴ്ചയ്ക്ക് (ഇലക്ഷന്‍, ഈസ്റ്റര്‍, വിഷു) ഒന്നും ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല എന്ന് ഓഫീസില്‍നിന്നറിഞ്ഞു. എല്ലാ അവധി ദിവസങ്ങളും കഴിഞ്ഞ് ഏപ്രില്‍ 27ന് വീണ്ടും ഐലന്റില്‍ പോയി, മൂന്നു മണിവരെ അഡ്മിനിസ്‌ട്രേറ്ററെ കാത്തിരുന്നു. ഒരു രക്ഷയുമില്ല. അവസാനം, അവിടെ വെച്ച് പരിചയപ്പെട്ട സൂപ്രണ്ട് ഗഫൂര്‍സാഹിബ് എന്റെ സങ്കടം കണ്ട് അദ്ദേഹം തന്നെ ഡിക്ലറന്റ് ആയിക്കൊള്ളാം എന്നു പറഞ്ഞ് ഞാന്‍ തിരിച്ചുപോന്നു. ദ്വീപുകാരുടെ സ്‌നേഹവും ആത്മാര്‍ഥതയും തിരിച്ചറിയാന്‍ തുടങ്ങുകയായിരുന്നു അദ്ദേഹത്തിലൂടെ. അദ്ദേഹം ഏപ്രില്‍ 30ന് കവരത്തിയിലേക്ക് ലീവിന് പോകുംമുമ്പ് എല്ലാം ശരിയാക്കണം. ഒരു പ്രതീക്ഷയും ഇല്ല. 

ഒരു ദിവസം അദ്ദേഹത്തിന്റെ ഒരു ഫോണ്‍. ഇന്നുതന്നെ എസ്.ഐയുടെ കൈയില്‍നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങി മെയില്‍ ചെയ്യുക. കേട്ട ഉടന്‍ അതിന് പുറപ്പെട്ടു. അന്നുതന്നെ അയച്ചുകൊടുത്തു. വീണ്ടും പ്രശ്‌നം. 10-ാം തീയതി വരെ കപ്പലില്‍ ടിക്കറ്റില്ല. അതിനിടെ മണിക്ഫാനും മകളും വന്നു. ഒരു ദിവസം വൈകുന്നേരം വരെ അവര്‍ ക്യൂ നിന്നു കൊച്ചിയില്‍. അവസാനം ടിക്കറ്റില്ല എന്ന ദുഃഖവുമായി അവര്‍ തിരിച്ചുപോന്നു. യാത്രാരേഖകള്‍ ശരിയായി. ടിക്കറ്റില്ലെങ്കില്‍ പിന്നെ എന്ത് മാര്‍ഗം? ഫ്‌ളൈറ്റില്‍ പോകാന്‍ ഇഷ്ടമില്ല. കടല്‍യാത്ര എന്ന ഹരം കൂടി ലക്ഷദ്വീപ് യാത്രയിലുള്ളതിനാല്‍ എയര്‍ടിക്കറ്റ് വേണ്ടെന്നുവെച്ചു. ബേപ്പൂര്‍നിന്ന് സ്പീഡ്‌ബോട്ട് ഉണ്ടാകും എന്നറിഞ്ഞ് മണിക്ഫാന്‍ അവിടേക്ക് പോയി. യാത്ര തിരിക്കുന്നതിന് 10 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ശരിയായി എന്നും പറഞ്ഞ് അവര്‍ വിളിച്ചു. അല്‍ഹംദുലില്ലാഹ്. നാളെ കാലത്ത് ആറുമണിക്ക് ബേപ്പൂര്‍ എത്തണം. എല്ലാം ശരിയാക്കി 6 മണിക്കുതന്നെ ബേപ്പൂരെത്തി. ബോട്ട് പോകാനുള്ള ഒരുക്കമൊന്നുമില്ല. അപ്പോള്‍ കേള്‍ക്കുന്നു, weather warn (കാലാവസ്ഥാ മുന്നറിയിപ്പ്) ഉണ്ട്. പോകുമോ എന്നറിയില്ല. കടല്‍ ഇളകിയാല്‍ സ്പീഡ്‌ബോട്ടിന് യാത്ര ചെയ്യാനാകില്ലത്രെ! ആകെ മനസ്സ് ചത്തു. അവിടെ നിന്നും നടന്നും ഇരുന്നും 10 മണിവരെ കഴിച്ചുകൂട്ടി. കടല്‍യാത്രയില്‍ ഛര്‍ദ്ദി ഉണ്ടാകും എന്നതിനാല്‍ ഒരു ചായ മാത്രമേ ഉള്ളൂ വയറ്റില്‍. കാലാവസ്ഥ ശരിയായി 10 മണിയോടെ ബോട്ടിലേക്ക് ആളെ വിളിക്കാന്‍ തുടങ്ങി. 
Speed boat 
ഇതിന്റെ മുഖവുര അല്പം നീണ്ടുപോയെന്നറിയാം. പോകാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ട കുറച്ചു കാര്യങ്ങള്‍ എഴുതേണ്ടിവന്നു. ഒന്നുകൂടി ചുരുക്കിപ്പറയാം. ആദ്യംതന്നെ നമ്മളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒരാളെ കിട്ടണം. 50 രൂപയ്ക്ക് ചലാന്‍ അടച്ചിട്ടുവേണം ആപ്ലിക്കേഷന്‍ ഫോം വാങ്ങാന്‍. അതൊക്കെ പൂരിപ്പിക്കാനുള്ള തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ ഒക്കെ ആയിട്ടു വേണം ഓഫീസില്‍ പോകാന്‍. അല്ലെങ്കില്‍ ഞാന്‍ എടങ്ങേറായ പോലെ എടങ്ങേറാകും. (സ്‌പോര്‍ടിന്റെ വക ടൂര്‍ പാക്കേജുണ്ട്. അതിന് ദ്വീപിലേക്കുള്ള യാത്രയ്ക്ക് 6,000/- ആകും. മാത്രമല്ല, സ്വാതന്ത്ര്യം കുറവായിരിക്കും). ഞങ്ങളുടെ യാത്രയില്‍ ആകെ 4,000/- ആയുള്ളൂ. മാത്രമല്ല, ദ്വീപിന്റെ ഉള്‍ഭാഗങ്ങളിലേക്ക് പോയി ആളുകളുമായി സംവദിക്കാന്‍ സാധിച്ചു. പാക്കേജില്‍ അതിനൊന്നും സ്വാതന്ത്ര്യമോ സൗകര്യമോ ലഭിക്കില്ല. വെറും മൂന്നു രാത്രിയും രണ്ട് പകലും മാത്രമേ രണ്ട് ദ്വീപുകളിലുമായി ചെലവഴിച്ചുള്ളൂ എങ്കിലും ഒരുപാട് enjoy ചെയ്തു. അത് മുഴുവന്‍ ഈ യാത്രാവിവരണത്തില്‍ നമുക്കൊന്നിച്ചാസ്വദിക്കാം. അല്ലാഹു തുണയ്ക്കട്ടെ. ആമീന്‍.
anthroth kadappuram
speed boat  ninn   nokkumpolathe  kadal
സുഹൃത്തുക്കളേ, നമ്മള്‍ ആവുംവിധം ഈ ഭൂമിയിലൂടെ സഞ്ചരിക്കണം. അല്ലാഹു അവന്റെ ഈ ഭൂമിയില്‍ ഒരുക്കിവെച്ച അദ്ഭുതങ്ങള്‍ കാണണം. അതിലൂടെ അവനെ, അവന്റെ മഹത്വത്തെ തിരിച്ചറിയുകയും അവന്‍ ഒരു പങ്കുകാരനുമില്ലാത്ത ഏകനാണെന്ന് തിരിച്ചറിയുകയും വേണം. കപ്പലിലെ കോലായിലെ മരബെഞ്ചിലിരുന്ന് കണ്ട സൂര്യാസ്തമയം! ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണക്കൂട്ടുകളുടെ സുന്ദരദൃശ്യങ്ങള്‍! അഭൗമമായ ആ സൗന്ദര്യത്തിന്റെ ആസ്വാദനത്തിനിടയില്‍ കരഞ്ഞുകൊണ്ട് ഞാന്‍ അല്ലാഹുവിനോട് ചോദിച്ചു: 'നിനക്കൊന്ന് എന്നോട് മിണ്ടിക്കൂടേ' എന്ന്. അതാ വരുന്നു ഒരു ഖുര്‍ആന്‍ സൂക്തം: 'തീര്‍ച്ചയായും, ദിഗന്തങ്ങളിലും അവരുടെ ശരീരങ്ങളിലും നാം നമ്മുടെ ദൃഷ്ടാന്തങ്ങളെ കാട്ടുന്നുണ്ട്. അങ്ങനെ, അവന്‍ സത്യമാണെന്ന് അവര്‍ക്ക് (മനുഷ്യര്‍ക്ക്) ബോധ്യമാകും'.

സമാധാനമായി. എന്റെ രക്ഷിതാവ് എന്നോട് സംസാരിച്ചു, ഖുര്‍ആനിലൂടെ. അല്‍ഹംദുലില്ലാഹ്. നാഥാ, ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു. നീ എന്ന ശക്തി സത്യമാണെന്ന്.

Saturday, May 3, 2014

മൂസാനബിയുടെ ത്യാഗസ്മരണകള്‍

മൂസാനബി(അ)യുടെ ഖബര്‍ എന്നില്‍ ഒരുപാട് ദുഃഖങ്ങള്‍ അവശേഷിപ്പിക്കുന്നു. ആരായിരുന്നു മൂസാ? അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിശദാംശങ്ങള്‍ എഴുതാതെ ഈ യാത്രാവിവരണം ഒരു സല്‍പ്രവര്‍ത്തനമാകില്ല.

ജനനം മുതല്‍ മരണം വരെ വധഭീഷണി നേരിടേണ്ടിവന്ന, അസാമാന്യ ധീരന്‍! നമുക്കാ ചരിത്രത്തിന്റെ ഏതാനും ഏടുകള്‍ മറിച്ചുനോക്കാം. ഖബര്‍സിയാറത്തില്‍ ഞാന്‍ കരുതുന്ന ലക്ഷ്യങ്ങളില്‍ ഒന്നാണിത്. എനിക്ക് തോന്നുന്നത് മൂസാ (അ)യുടെ യാതൊരു സ്മാരകങ്ങളും എഴുത്തുകളായോ ചിത്രങ്ങളായോ അവശേഷിക്കുന്നില്ല. ഈജിപ്തിലുടനീളം ഫറോവമാരുടെയും അവരുടെ ആരാധനാമൂര്‍ത്തികളുടെയും കോപ്റ്റുകളുടെ അക്കാലത്തെ സ്മാരകങ്ങളും എമ്പാടും കാണപ്പെടുന്നു. സ്ഫിംഗ്‌സിന്റെ അടുത്ത് രാത്രികാലത്ത് ലൈറ്റ് അറേഞ്ച്‌മെന്റ് ഉണ്ട്. ഹൈദരാബാദിലെ ലുംബിനി പാര്‍ക്കില്‍, ഹുസൈന്‍ സാഗര്‍ തടാകം പശ്ചാത്തലമാക്കിയ ഉഗ്രന്‍ ചരിത്രങ്ങളുമായുള്ള വൈദ്യുതാലങ്കാരമുണ്ട്. ഗ്യാലറി നിറയെ കാണികളാണ്. വൈദ്യുതപ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന സ്ഫിംഗ്‌സിനെ കാണാന്‍ ആയിരങ്ങള്‍ ദാനംപ്രതി അവിടെ എത്തുന്നുണ്ടാകും.

എന്നാല്‍ മഹാനും ഉന്നതനുമായ മൂസാ (അ) വിശ്വാസികളുടെ ഹൃദയാന്തരങ്ങളില്‍ ജീവിക്കുന്നു; വിമോചകന്റെ റോളില്‍.

മൂസാ (അ) എന്തുകൊണ്ടാണ് 30 വയസ്സില്‍ ഈജിപ്ത് വിട്ട്, യാതൊരറിവുമില്ലാത്ത രാജ്യത്തേക്ക് ഓടിപ്പോരേണ്ടിവന്നത്. നാമത് ചിന്തിക്കാറില്ല. പണ്ട് യു.കെ. അബൂസഹ്‌ല ഇറക്കിയ മൂസാനബിയും ഫിര്‍ഔനും എന്ന കഥാപ്രസംഗത്തിലെ പാട്ടിന്റെ ഈരടികള്‍ കാതുകളില്‍ മുഴങ്ങുന്നു:

അതിഭയമാല്‍ അഭയവും തേടി, വദനവും വാടി, മിസ്‌റതില്‍നിന്നും,
മദ് യനില്‍ വന്നിരിക്കുന്ന മൂസാനബിയുടെ മനം തെളിഞ്ഞേ...

എന്തൊരു സൗന്ദര്യമാണീ വരികള്‍ക്ക്.


ربي إني لما أنزلت إلى من خير فقير

മൂസാ(അ) പറയുകയാണ്. ''നാഥാ, നീ എനിക്കു വേണ്ടി ഇറക്കിയ യാതൊരു നന്മയ്ക്കും ഞാനിന്നേറെ ആവശ്യക്കാരനാണ്.''

ഇതിന് റബ്ബ് ഉത്തരം കൊടുത്തത് എങ്ങനെ എന്ന് മനസ്സിലാക്കും മുമ്പ് ചില കാര്യങ്ങള്‍ നമ്മുടെ ഹൃദയത്തില്‍ സൂക്ഷിച്ചുവയ്‌ക്കേണ്ടതുണ്ട്.
മൂസാ (അ) അക്രമിയായ ഒരു ഖിബ്തിക്ക് ഒരടിവച്ചുകൊടുത്തു. കൊല്ലാന്‍ വേണ്ടി അടിച്ചതല്ല. സാധുവാണെന്ന് തോന്നുന്ന ബനൂ ഇസ്രാഈലിയെ മര്‍ദിക്കുകയായിരുന്നു ഖിബ്തി. പിറ്റേ ദിവസവും തലേ ദിവസത്തെ ഇസ്രാഈലി മറ്റൊരു ഖിബ്തിയുമായി അടിപിടി. അപ്പോഴും മൂസാ (അ) പിടിച്ചുമാറ്റാന്‍ ചെന്നപ്പോള്‍ ഖിബ്തി പറയുന്നു: ''ഇന്നിലെ നീ ഒരാളെ കൊന്നു. ഇന്ന് നീ എന്റെ നേര്‍ക്ക്''. ഇന്നലത്തെ കൊലപാതകം പലരും അറിഞ്ഞുതുടങ്ങി എന്ന് മൂസാനബിക്ക് ബോധ്യം വരുകയും അന്നുതന്നെ ഒരു ഗുണകാംക്ഷിയുടെ ഉപദേശം സ്വീകരിച്ച് മൂസാ (അ) ഈജിപ്ത് വിടുകയാണ്. എന്റെ മുത്ത്മൂസാ, താങ്കളുടെ മേല്‍ രണ്ടാമത്തെ വധഭീഷണി അല്ലേ? എന്റെ മകന് ഇപ്പോള്‍ 30 വയസ്സ്. 30 വയസ്സുള്ള യുവാവായ മൂസാ 1000 കിലോമീറ്റര്‍ കാല്‍നടയായി താണ്ടുകയാണ്. മഹാനായ ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിച്ച ഒരു ഹദീസ് നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. മൂസാ (അ) മരുഭൂമിയിലൂടെ നടക്കുകയാണ്. അദ്ദേഹത്തിന്റെ ചെരുപ്പുകള്‍ തേഞ്ഞു പൊട്ടിപ്പോയി. കാലും പൊട്ടി, ചോര ഒലിച്ചുതുടങ്ങി. നഖം ഊരിപ്പോയി. ഇലകള്‍ തിന്ന് വായ പഴുത്തുപോയി. വിശന്നുപൊരിഞ്ഞ് വയര്‍ തണ്ടലിനോടൊട്ടിപ്പോയി.

ഏതൊരു വിശ്വാസിയുടെ ഹൃദയമാണ് മൂസാ (അ)യുടെ ഈ ദൃശ്യമോര്‍ത്ത് തേങ്ങിപ്പോകാത്തത്? ആരുടെ കണ്ണുകളാണ് ഈറനണിയാത്തത്? ആ മഹാന്റെ ഖബറും കൊച്ചുപള്ളിയും മുന്തിരിവള്ളിയും മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചുനില്‍ക്കുന്നു.

അഭയത്തിനുവേണ്ടി ഓടുന്ന മൂസാ (അ)യുടെ സ്ഥാനത്ത് നമ്മെ, നമ്മുടെ മക്കളെയൊക്കെ ഒന്ന് നിര്‍ത്തിനോക്കുക. നാമാദ്യംതന്നെ, ഒരു മര്‍ദിതനെ സഹായിക്കുക എന്ന പണിതന്നെ നടത്തിയെങ്കിലല്ലേ ഓടേണ്ടിവരികയുള്ളൂ. ചെരുപ്പ് പൊട്ടി. 3500 കൊല്ലം മുമ്പത്തെ ലോകം. ചെരുപ്പുകടയില്ല, പകരം ഒന്ന് വാങ്ങാന്‍. ഹോട്ടലുകളില്ല, ഭക്ഷണം വാങ്ങിക്കഴിക്കാന്‍. വിജനവും ഒരുപക്ഷേ, വന്യവുമായ മരുഭൂമിയും മലകളും. താബാ ബോര്‍ഡറില്‍നിന്നും ബസ്സിലിരുന്നപ്പോള്‍ എന്റെ മനസ്സ് ആ കൂര്‍ത്ത പാറക്കൂട്ടങ്ങളിലായിരുന്നു. എന്റെ പ്രിയപ്രവാചകന്‍ മൂസാ, താങ്കളുടെ മദ് യനിലേക്കുള്ള യാത്രയില്‍, ഈ മലയിടുക്കുകളിലൂടെയും താങ്കള്‍ പോയിരുന്നോ? താങ്കളുടെ വന്യമായ, ദൈന്യമായ ആ യാത്രയില്‍ കൂടെ ഉണ്ടല്ലോ ഒരാള്‍ - റബ്ബ്; സര്‍വലോകങ്ങളെയും സംരക്ഷിച്ചുപോറ്റുന്ന റബ്ബ്. മൂസാ, താങ്കളുടെ മാതാവിനോടുള്ള റബ്ബിന്റെ രണ്ട് വാഗ്ദാനങ്ങളുണ്ട്. അതില്‍ ഒന്ന് 24 മണിക്കൂറുകള്‍ക്കകം പുലര്‍ന്നു. ഒന്ന് പുലരാനുണ്ട്. ആ മഹല്‍സംഭവത്തിനുവേണ്ടിയാണ് താങ്കളെ റബ്ബ് ഇങ്ങനെ ഓടിക്കുന്നത്. എനിക്ക് താങ്കളുടെ കഥ എഴുതാനുള്ള ശേഷിയില്ല. മര്‍ദനങ്ങളും പരിഹാസങ്ങളും പല ഭാഗത്തുനിന്നും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന, എന്റെ സമുദായത്തിനുവേണ്ടി എനിക്കൊന്നുറക്കെ കരയാന്‍ പോലും അറിയുന്നില്ല.

വെറുതെയല്ല മഹാനായ മുഹമ്മദ് (സ) പറഞ്ഞത്: നിങ്ങള്‍ ഒരിക്കലും മൂസാ(അ)യേക്കാള്‍ എന്നെ ബഹുമാനം കല്പിക്കരുത്. കാരണം, റബ്ബിനുവേണ്ടി ഞാന്‍ സഹിച്ചതിലും അധികം മൂസാ (അ) സഹിച്ചിട്ടുണ്ട്. അതായിരിക്കാം മൂസാ (അ)യെ മുത്തുനബി (സ) മിഅ്‌റാജ്ദിനത്തില്‍ ആറാം ആകാശത്ത് കണ്ടത്. നാഥാ, തമ്പുരാനേ, എന്തൊരു മഹാനായിരുന്നു മൂസാ (അ).

യുവാക്കളേ, മൂസാ (അ) എട്ടു ദിവസം കൊണ്ട് ആയിരം കിലോമീറ്റര്‍ താണ്ടി, മദ് യനില്‍ എത്തി എന്ന് ചരിത്രം പറയുന്നു. ആ കഥകളങ്ങനെ നീണ്ടുനിടക്കുകയാണ്. നിങ്ങള്‍ ഖുര്‍ആനിലേക്ക് ചെല്ലുക. സേവനത്തിന്റെ അത്യുജ്ജലമാതൃക സൃഷ്ടിച്ചുകൊണ്ട് റബ്ബിന്റെ സഹായം പേമാരിയായ് പെയ്തിറങ്ങുന്നത് നമുക്ക് കണ്ണുകൊണ്ട് കാണാം.

മൂസാ (അ)യുടെ സ്ഥാനത്ത് ഞാനും നിങ്ങളുമായിരുന്നു എന്ന് കരുതുക. ആദ്യം വല്ല വൈദ്യനെയും കാണാന്‍ പോകും. കാലില്‍ മരുന്ന് വെക്കും... ചെരുപ്പുണ്ടാക്കുന്ന കൊല്ലനെ അന്വേഷിക്കും.

ആ വെള്ളസ്ഥലത്ത് ഒരുപാട് ജനങ്ങള്‍ മൃഗങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ നില്‍പ്പുണ്ട്. രണ്ട് യുവതികള്‍, വളരെ അച്ചടക്കത്തോടെ മൃഗങ്ങളുമായി മാറിനില്‍ക്കുന്നു. മൂസാ (അ) കാരണമന്വേഷിക്കുന്നു. ഉടന്‍ വരുന്നു ഉള്‍വിളി. തന്റെ ശരീരം ക്ഷീണിതമാണെന്നത് ശരിതന്നെ. ഇതുതന്നെ അപരനെ, അബലകളെ സഹായിക്കാനുള്ള സന്ദര്‍ഭം. ഏറ്റവും കൃത്യതയുള്ള സമയം. വേഗം പാറ പൊക്കി,അടുത്തുണ്ടായ മറ്റൊരു കിണറില്‍നിന്ന് വെള്ളം കോരി ആ യുവതികളെ സഹായിച്ചു. നേരത്തോടെ വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ ഉണ്ടായ വിവരങ്ങളൊക്കെ പറഞ്ഞു. ഖുര്‍ആന്‍ അതൊക്കെ എത്ര സുന്ദരമായാണ് വിവരിക്കുന്നത്. മൂസാ (അ)യെ വിളിച്ചുകൊണ്ടുവരുന്നതാണ് നാം പിന്നെ കാണുന്നത്.

അബൂസഹ്‌ല പാടിയപോലെ, മൂസാ (അ)യുടെ മനം തെളിയുകയാണ്. എല്ലാം ഉപേക്ഷിച്ച് ഓടിപ്പോരേണ്ടിവന്ന, ആ ജനസേവകന് റബ്ബ് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകൊടുക്കുകയാണ്. ഏറ്റവും വലുത്, അഭയവും സമാധാനവും തന്നെ. 30 കൊല്ലം കൊട്ടാരത്തില്‍ വളര്‍ന്ന യുവാവ്. പെട്ടെന്നൊരു ദിവസം ആടിനെ മേയ്ക്കുന്ന പണി 10 കൊല്ലത്തേക്ക് ഏല്‍ക്കുകയാണ്. ഇവിടെയാണ് മൂസാ എന്ന മഹാന്‍ പിറക്കുന്നത്.

യുവാക്കളേ, യുവതികളേ, മക്കളേ, എത്രയെത്ര പാഠങ്ങളാണ് യുവാവായ മാസൂ നിങ്ങള്‍ക്കുവേണ്ടി വിട്ടേച്ചുപോയിരിക്കുന്നത്. ആ ഖബറെങ്കിലും കാണാന്‍ റബ്ബ് ഈ സാധുവിന് ഭാഗ്യം നല്‍കി. ഏതെങ്കിലും ആത്മീയാചാര്യന്മാര്‍ ഒരുപക്ഷേ, സഹിക്കാന്‍ കഴിയാതെ, ഈ ചരിത്രങ്ങളുള്‍ക്കൊണ്ട് ആ ഖബറുകളെ വാരിപ്പുണരാന്‍ വെമ്പിയെങ്കില്‍അവരെ കുറ്റം പറയാനാവില്ല എന്നെനിക്കിപ്പോള്‍ തോന്നുന്നു. സമയം പാതിരാത്രി രണ്ടരമണി. മഹാനായ മൂസാ (അ)യുടെ ഖബര്‍ ഇപ്പോള്‍ ശാന്തമായി, സന്ദര്‍ശകരാരുമില്ലാതെ കിടക്കുകയായിരിക്കും. നാഥാ, ഈ സാധുസ്ത്രീയുടെ ഒരു സലാം അറിയിക്കുക.

വസ്സലാം...