Thursday, June 26, 2014

ദ്വീപിലെ അദ്ഭുതങ്ങള്‍

ദ്വീപുകളില്‍ ഹ്യുമിഡിറ്റി നന്നായുണ്ട്. രാത്രിയില്‍ തെങ്ങോലകള്‍ തലോടിവരുന്ന കടല്‍ക്കാറ്റും ഉണ്ട്. അല്‍ഹംദുലില്ലാഹ്. രാവിലെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ നടക്കാനിറങ്ങി. നേരെ പോയത് കവരത്തി ഗവണ്മെന്റ് ലൈബ്രറിയിലേക്കാണ്. അവിടെ ദ്വീപിനെപ്പറ്റിയുള്ള പല പുസ്തകങ്ങളും കണ്ടു. ഖാജാഹുസൈന്റെയും പുസ്തകങ്ങള്‍ ഉണ്ട്. ദ്വീപോല്‍പ്പത്തി (പൂക്കോയ കല്‍പ്പേനി), ബീകുഞ്ഞിപ്പാറ (എസ്.എസ്.കെ.), സാഗരദ്വീപിന്റെ സാംസ്‌കാരിക മുഖം, കിളുഞ്ഞാനിലെ കാവ്യപ്രപഞ്ചം എന്നീ പുസ്തകങ്ങള്‍ ദ്വീപിനെപ്പറ്റിയുള്ളതായി കണ്ടു. അവിടെ അത്യുദ്ഭുതകരമായ ഒരു മുസ്ഹഫ് കണ്ടു. എന്ത് കണ്ടാലും അന്വേഷിക്കുന്ന സ്വഭാവമുള്ളതിനാല്‍ മാത്രമാണ് ആ മുസ്ഹഫ് ഞങ്ങള്‍ക്ക് കാണാനായത്.
അതായത്, 185 പേജുകളില്‍ ആ മുസ്ഹഫ് ഒരുക്കിയിരിക്കുന്നു. എല്ലാ പേജിലെയും എല്ലാ വരികളുടെയും തുടക്കം 'അലിഫ്' എന്ന അറബിയിലെ ആദ്യാക്ഷരം കൊണ്ടാണ് എന്നതാണ് അദ്ഭുതം. 500 വര്‍ഷം മുമ്പ് ഒരു പണ്ഡിതന്‍ സെറ്റ് ചെയ്തത്, ആധുനിക അച്ചടിയില്‍ ചിട്ടപ്പെടുത്തിയിരിക്കുകയാണ്. അത്ര നല്ലൊരു സംഭവം കാണാന്‍ ഇടവന്നതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.

ഞങ്ങള്‍ നടക്കുന്നതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. ഞാനും ആമിനയും കുറച്ച് പിറകിലും ഇക്കയും മണിക്ഫാനും കുറച്ച് മുമ്പിലും ആയി നടക്കുകയാണ്. ഒരു കൊച്ചുകുടിലില്‍നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍. ഈ കരച്ചില്‍ കേട്ടിട്ട്, അതന്വേഷിക്കാതെ എങ്ങനെ പോകും? ഞാനും ആമിനയും ആ കുടിലില്‍ കയറി. അപ്പോള്‍ ഒരു സ്ത്രീ കട്ടിലില്‍ കിടന്ന് വലിയ വായില്‍ കരയുന്നു. കാര്യം അന്വേഷിച്ചപ്പോള്‍, ബന്ധുക്കള്‍ ആരോ സിഹ്‌റ് ചെയ്തിട്ട് ആകെ പ്രശ്‌നമായിരിക്കയാണ് എന്നാണ് മറുപടി. ഞങ്ങളെക്കൊണ്ടാവുംവിധം ആശ്വസിപ്പിച്ചു. രണ്ട് പെണ്‍മക്കളാണ് അവരെ നോക്കാനുള്ളത്. ദ്വീപില്‍ 'അറ' സമ്പ്രദായമായതിനാല്‍ പെണ്‍മക്കള്‍ ആയിരിക്കും വീട്ടില്‍. അവര്‍ ഭര്‍ത്താവിന്റെ വീട്ടിലല്ല നില്‍ക്കുന്നത്. വിശേഷങ്ങള്വേഷിക്കുന്നതിനിടയില്‍ ഇക്കയും മണിക്ഫാനും ഞങ്ങളെ കാണാതെ അന്വേഷിച്ചുവരുന്നു! നല്ല വഴക്ക് കേട്ടു. കൂട്ടത്തില്‍ പോകുമ്പോള്‍ ഇങ്ങനെ അവിടേം ഇവിടേം ഒക്കെ തങ്ങി ബുദ്ധിമുണ്ടാക്കരുത് എന്ന് പറഞ്ഞു. ലൈബ്രറിയും ഒക്കെ കണ്ട്, കവരത്തിയുടെ ഉള്‍വഴികളിലൂടെ നടന്നുപോകുമ്പോള്‍ ''ടീച്ചറേ'' എന്നൊരു വിളി. ഒരു ടീച്ചര്‍ടെ ഭാഗ്യം. നോക്കുമ്പോള്‍ രണ്ടു വര്‍ഷം മുമ്പ് 9-എഫില്‍ പഠിച്ചിരുന്ന അബൂബക്കര്‍. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അവന്‍ പ്രൈവറ്റായി എസ്.എസ്.എല്‍.സി. എഴുതി ഒരു വിഷയത്തില്‍ തോറ്റ് 'സേ' എഴുതാനായി കേരളത്തിലേക്ക് കപ്പല്‍ കയറാനായി വന്നതാണത്രെ! ഒന്‍പതാം ക്ലാസ് കഴിഞ്ഞ് ഞങ്ങളുടെ സ്‌കൂളില്‍നിന്ന് ടിസി വാങ്ങി പോയതായിരുന്നു. മൈലുകള്‍ക്കപ്പുറം വെച്ച് നമ്മുടെ ഒരു കുട്ടിയെ കാണുന്ന സന്തോഷം പറഞ്ഞറിയിക്കാനായില്ല. 'ജോലി എടുക്കുകയാണെങ്കില്‍ ടീച്ചര്‍പണിയാണ് എടുക്കേണ്ടത്' എന്നു പറയുന്നത് അതാണ്. കുട്ടികളുമായി വളരെയധികം ഇടപഴകാനും അടുക്കാനും അവരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനും ഒരധ്യാപകന് മാത്രമാണ് കഴിയുക.

അതിനിടെ, അവിടെ അടുത്ത് ഒരു കല്യാണവും ഉണ്ടായിരുന്നു. തലേദിവസം സ്ത്രീകള്‍ കൂട്ടംകൂട്ടമായി പോകുന്നുണ്ട്. എന്തിനാണെന്നോ - ഉള്ളി തൊലിക്കാന്‍. ഓരോരുത്തര്‍ക്ക് ഓരോ സവാള തൊലി കളയാന്‍ കിട്ടില്ലത്രെ! എന്നാലും, ആ മനുഷ്യരുടെ സൗഹൃദവും പരസ്പര ബന്ധവും. ഒരിക്കലും അവര്‍ കല്യാണമണ്ഡപങ്ങളില്‍ കല്യാണം നടത്താറില്ല; വീടുകളിലാണ്. പോരെങ്കില്‍ ഉള്ളി ഉരിക്കാന്‍ വന്നവരൊക്കെ വൈകിട്ട് വീണ്ടും വരും. അവര്‍ക്ക് മുട്ട പുഴുങ്ങിയതും പലഹാരങ്ങളും ഒക്കെ കൊടുത്താണ് സല്‍ക്കരിക്കുന്നത്. കൂടാതെ, ഈ വരുന്നവര്‍ പിറ്റേന്ന് കാലത്തേക്കുള്ള അപ്പം ഉണ്ടാക്കുന്നതിലും സഹകരിക്കും. കേരളത്തില്‍ കുറച്ചു കൊല്ലം മുമ്പുവരെ നിലനിന്നിരുന്ന സഹകരണം ഇന്നില്ലാതായി. അരി ചേറ്റാനും ഉള്ളി, വെള്ളുള്ളി നന്നാക്കാനും ഒക്കെ അയല്‍വീട്ടുകാരുടെ സഹായം ശരിക്ക് ഉണ്ടായിരുന്നു. ഇന്ന് തലേന്ന് രാത്രിപോലും വീടുകളിലല്ല സദ്യ. കാറ്ററിങ്ങും മണ്ഡപങ്ങളും ആയി കല്യാണം മാറിപ്പോയി. സമ്പത്ത് നമ്മില്‍ വരുത്തിയ മാറ്റങ്ങള്‍. അതിഥികള്‍ക്ക് പണ്ട് ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നത് ബുഫെക്ക് വഴിമാറി. ദ്വീപിലെ കല്യാണം കാണണമെന്ന് എന്റെ ഒരാഗ്രഹമായിരുന്നു. രാത്രി ഞാനും ആമിനയും കൂടി കല്യാണവീട്ടില്‍ പോയി. അവരുടെ ആചാരങ്ങളെപ്പറ്റിയൊക്കെ ചോദിച്ചറിഞ്ഞു. കല്യാണത്തിന് പുത്യാപ്ലയെ തേടിപ്പോകുന്ന പഴയ പതിവ് അവിടെ ഇപ്പോഴും ഉണ്ട്. അതുപോലെ അവരുടെ അറയും ഒക്കെ കണ്ടു. ഏസിയൊക്കെയുണ്ട്. പുത്യാപ്ല 3 ലക്ഷം രൂപ, 25 പവന്‍ ഒക്കെ പെണ്ണിന് കൊടുക്കുമത്രെ! അവരുടെ വീട്ടില്‍ ഒരു കൊച്ചുനിലവിളക്ക് കണ്ടു. അതെന്താണെന്നന്വേഷിച്ചു. കല്യാണത്തിന്
പത്തിരുപതു ദിവസം മുമ്പ് റാത്തീബ് ഉണ്ടാകുമത്രെ! അപ്പോള്‍ ഈ നിലവിളക്ക് തിരിയിട്ട് കത്തിച്ചുവെക്കും. ഇതാണ് രസം. എവിടെ ചെന്നാലും നമ്മുടെ നിരീക്ഷണം ഉണ്ടെങ്കില്‍ പല ജാതി അറിവുകള്‍ ലഭിക്കും. ദ്വീപുകാരില്‍ അധികവും പലവിധ അന്ധവിശ്വാസങ്ങളും ഉള്ളവരാണെന്ന് മനസ്സിലായി. എങ്കിലും ഗഫൂര്‍ക്കാടെ വീടിനടുത്തുള്ള പള്ളിയില്‍ അഞ്ചുനേരവും ജമാഅത്ത് നമസ്‌കാരത്തിന് സ്ത്രീകള്‍ പങ്കെടുക്കുന്നു എന്നത് അത്യദ്ഭുതമായി തോന്നി. ഞാനും ഒരു ദിവസം ഇശാഇന് പങ്കെടുത്തു. ആ പള്ളിക്കു ചുറ്റുമുള്ള വീടുകളിലെ മിക്ക സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. മുജാഹിദ്-ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ആ മാറ്റം എന്ന് ഞാന്‍ കരുതുന്നു.

വൈകീട്ട് ഞങ്ങള്‍ സാന്റ്ബീച്ചില്‍ പോയി. സൗന്ദര്യം എത്രയെന്ന് പറയാനില്ല. ഗ്ലാസ്‌ബോട്ട് പുറപ്പെടുന്നത് സാന്റ്ബീച്ചില്‍ നിന്നാണ്. വേറെ സ്ഥലങ്ങളും ഉണ്ടെന്ന് തോന്നുന്നു. ഗഫൂര്‍ക്കാടെ വീടിനടുത്താണ് സാന്റ് ബീച്ച്. ബോട്ട്‌വാടക ആയിരം രൂപ. ബോട്ടില്‍ കയറാന്‍ ആദ്യം ഒരു കസേരയെ രണ്ടുപേര്‍ പിടിച്ച്, നമ്മള്‍ കസേരയില്‍ കയറി വേണം ബോട്ടിലെത്താന്‍. അല്പം വിഷമം പിടിച്ച പണിയാണ്. എന്നാലും, കടലിന്നടിയിലെ പവിഴപ്പുറ്റുകളും മത്സ്യക്കൂട്ടങ്ങളും കാണുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയാണ്. അല്പം പ്രയാസപ്പെട്ടാലും കുഴപ്പമില്ല. ബോട്ട് ഞങ്ങളെയും കൊണ്ട് നീങ്ങി. ഹാവൂ! എന്താണാ കാഴ്ച!
പലതരം പവിഴപ്പുറ്റുകള്‍... ഹാപ്പി ബ്ലൂ മത്സ്യങ്ങള്‍... കറുത്ത മീനുകള്‍... ആമ... ഭൂമിയിലെ പല സസ്യങ്ങളുടെയും ആകൃതിയിലുള്ള കടല്‍ജീവികള്‍. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍. മനോഹരം. ബോട്ട് ഓടിക്കുന്ന കുട്ടി നമ്മോട് വളരെയധികം സഹകരിച്ചു. കൂട്ടത്തില്‍ അത്യപാരമായ ഒരു കാഴ്ച കണ്ടു. വലിയ ഇഞ്ചിപോലത്തെ വലിയൊരു കൂട്ടം. സീ കുക്കുംബര്‍, സീ അനിമോണ്‍ തുടങ്ങി പല നിറത്തിലും രൂപത്തിലുമുള്ള ജലജീവികള്‍. എന്റെ ഒരു സുഹൃത്ത് എഴുതിയൊരു പാട്ടിന്റെ ഈരടികളാണ് എന്റെ ഹൃദയത്തിലൂടെ ഒഴുകിവന്നത് - ''ബഹ്‌റിന്നടിയിലൂടൊഴുകിയെത്തും, ബഹറിനെ ബഹറായ് ഒഴുക്കിയ രാജന്‍...'' ഖുര്‍ആന്‍ പറയുന്നു:


مَرَجَ الْبَحْرَيْنِ يَلْتَقِيَانِ.  بَيْنَهُمَا بَرْزَخٌ لَا يَبْغِيَانِ
''രണ്ട് കടലുകളെ ഒന്നിപ്പിച്ചു. പക്ഷേ, അവയ്ക്കിടയില്‍ പരസ്പരം ഭേദിക്കാത്ത മറ ഉണ്ട്.''

ഈ ജലജീവികളെ കാണുമ്പോള്‍ ഒരു വിശ്വാസി സ്വാഭാവികമായും പറയുന്ന ഒരു വചനമുണ്ട് - ''സുബ്ഹാനല്ലാഹ്. നീ പരിശുദ്ധന്‍.''

ഈ ജീവികളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഖുര്‍ആന്‍ പറയുന്നു: ''ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്. അവനല്ലാത്ത നിങ്ങളുടെ ആരാധ്യന്മാര്‍ സൃഷ്ടിച്ചത് എനിക്കൊന്ന് കാട്ടിത്തരിക.''

സത്യം! മാതൃകകളില്ലാതെ സൃഷ്ടിച്ച തമ്പുരാന്‍ പരിശുദ്ധന്‍. ഇത് കണ്ട്, അല്ലാഹുവിന്റെ അപരിമേയമായ കഴിവും ശക്തിയും മനസ്സ് നിറയെ ആസ്വദിക്കാനാണ് എന്റെ ഓരോ യാത്രയും. അല്‍ഹംദുലില്ലാഹ്. അഞ്ചു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ലക്ഷദ്വീപ് യാത്ര സമൃദ്ധമായി മനസ്സില്‍ അനുഭവങ്ങള്‍ കോരിയിട്ടുതന്നു.

Monday, June 23, 2014

ദ്വീപ് ജനതയുടെ ആതിഥ്യമര്യാദയും അവിടുത്തെ കാഴ്ചകളും

കോയക്കാടെ വീടും വീട്ടുകാരെയും അയല്‍വാസികളെയും ഒക്കെ പരിചയപ്പെട്ടു. അവരുടെ സംസാരശൈലി ഒന്നും മനസ്സിലാകുന്നില്ലായിരുന്നു; എന്റേത് അവര്‍ക്കും. സമൃദ്ധമായ ചായസല്‍ക്കാരത്തിനു ശേഷം ഞങ്ങള്‍ കടപ്പുറത്തേക്ക് പോയി. തീരെ വെളിച്ചമുണ്ടായിരുന്നില്ലെങ്കിലും ആ സമയത്തെ കടപ്പുറവും കടലും ഒരുപാട് സന്തോഷം തന്നു. എനിക്കവിടെ നിന്ന് പോരണമെന്നുണ്ടായിരുന്നില്ല. കോയക്കാടെ ഒരു ബന്ധുവും ഞങ്ങളോടൊപ്പം വന്ന്, ദ്വീപിലെ ഔലിയയുടെ മഹത്വങ്ങള്‍ പറയാന്‍ തുടങ്ങി. അവിടെ അടുത്ത് വലിയ്യിന്റെ ജാറം ഉണ്ട്. കടപ്പുറത്ത് കുറച്ചു സമയം ചെലവഴിച്ചതിനുശേഷം ഞങ്ങള്‍ തിരിച്ചുപോന്നു. 

ലക്ഷദ്വീപിലെ കടലില്‍ തിര കുറവാണ്. ചുറ്റിനും ലഗൂണായതിനാലാണ്. ലഗൂണുകളില്‍ സമൃദ്ധമായി പവിഴപ്പുറ്റുകളാണ്. കോയക്കാനോടും കുടുംബത്തോടും യാത്രപറഞ്ഞ് ഞങ്ങള്‍ ലോഡ്ജിലേക്കുതന്നെ പോന്നു. രാത്രിഭക്ഷണത്തിനായി അവര്‍ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷേ, ഞങ്ങള്‍ക്ക് ആര്‍ക്കും വിശപ്പില്ലാത്തതിനാല്‍ നന്ദിപൂര്‍വം അവരുടെ ക്ഷണം നിരസിക്കേണ്ടിവന്നു. എന്നാലും, ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പുനഃസമാഗമം നടന്നതിന്റെ നിറഞ്ഞ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. തിരിച്ച് ലോഡ്ജിലെത്തിയപ്പോഴേക്ക്, നടന്നുനടന്ന് നന്നായി തളര്‍ന്നിരുന്നു.

നാളെ രാവിലെ ഏഴു മണിക്ക് ജെട്ടിയിലെത്തണം. കവരത്തിയിലേക്കുള്ള സ്പീഡ്‌ബോട്ട് ഏഴുമണിക്ക് പുറപ്പെടും. പറളി, ചെറിയപാനി, വലിയപാനി എന്നിങ്ങനെ ഒക്കെയാണ് ബോട്ടുകളുടെ പേരുകള്‍. ഞങ്ങള്‍ യാത്രചെയ്ത ബോട്ട് പറളിയായിരുന്നു. യാത്രയില്‍ ഒരു കാര്യം മനസ്സിലായി; കേന്ദ്രഗവണ്മെന്റ് ലക്ഷദ്വീപിനു വേണ്ടി ധാരാളം തുക ചെലവഴിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ദ്വീപുകാരുടെ യാത്രാദുരിതം തീരുന്നില്ല. ഞങ്ങളുടെ യാത്രയ്ക്കു വേണ്ടി മണിക്ഫാനും കുടുംബവും ബേപ്പൂരും കുറേയധികം നേരം വെയിലത്ത് ക്യൂ നിന്നിട്ടാണ് ടിക്കറ്റ് ശരിയായി കിട്ടിയത്; രണ്ടു ദിവസം മുമ്പ്. രാത്രി ഏഴുമണി കഴിഞ്ഞപ്പോള്‍ മണിക്ഫാന്‍ വിളിക്കുന്നു. ടീച്ചര്‍, ഞങ്ങള്‍ ഒന്ന് അങ്ങോട്ട് വരികയാണ്. പറവൂര്‍ എത്തി. 

രാവിലെ മുതല്‍ മിനിക്കോയ്ക്കുള്ള യാത്രയ്ക്ക് ടിക്കറ്റുമെടുത്ത് കാത്തുനിന്ന് അവസാനം സീറ്റില്ലാന്നും പറഞ്ഞ് യാത്ര റദ്ദായി. പാവം തോന്നി. വന്ദ്യവയോധികനായ ആ മനുഷ്യന്‍ മഴയത്ത്, അപ്രതീക്ഷിതമായി യാത്ര റദ്ദായി തിരിച്ചുവരുന്ന അവസ്ഥ! ഇന്നലെയും അവര്‍ യാത്ര ശരിയാകുമോ എന്ന് നോക്കി പോയെങ്കിലും ഇന്ന് - ഇതെഴുതുമ്പോഴും യാത്ര ശരിയായിട്ടില്ല. സ്പീഡ്‌ബോട്ടിന്റെ ടിക്കറ്റൊക്കെ വളരെ കുറവാണ്. അന്ത്രോത്ത് വരെ 185, അവിടെ നിന്ന് കവരത്തിക്ക് 190 ഒക്കെയേ ഉള്ളൂ. സ്പീഡ്‌ബോട്ട് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് ബോട്ടിലോ ലക്ഷദ്വീപില്‍ പോകുന്നത് എന്നാണ്. പക്ഷേ, നോര്‍വെ, നെതര്‍ലാന്റ് തുടങ്ങിയ നാടുകളില്‍ നിര്‍മിച്ച നല്ല സ്റ്റൈലന്‍ ബോട്ടുകളാണ് ഇവ.

കാലത്തുതന്നെ എണീറ്റ് ജെട്ടിയിലേക്ക് നടക്കാന്‍ തുടങ്ങി. നല്ല സുഖകരമായ പ്രഭാതം. കടലൊക്കെ ഇളംവെയില്‍ തട്ടി സുന്ദരമാകാന്‍ തുടങ്ങിയിരിക്കുന്നു. പോകുംവഴി അന്ത്രോത്തിലെ പഴയപള്ളി കാണുകയുണ്ടായി. കയറാന്‍ സമയവും ഇല്ല. അനുവാദവും ഉണ്ടാകില്ല.

അങ്ങനെ, അടുത്ത യാത്ര ആരംഭിച്ചു. കവരത്തി യാത്രയില്‍ ബോട്ട് കല്‍പേനി - ദ്വീപിനടുത്തുകൂടിയാണ് പോവുക. ജെട്ടിയില്‍ കയറുന്നില്ല. ചെറുവഞ്ചികളിലും ചെറുബോട്ടുകളിലും ആള്‍ക്കാര്‍ വന്ന് ബോട്ടിന്റെ അടിഭാഗത്തുള്ള പടിയിലൂടെ കയറി, മുകളിലേക്ക് വരുന്നുണ്ട്. കല്‍പേനിയില്‍ ഇറങ്ങാനുള്ളവരും അവരുടെ ലഗേജുകളും ഇറങ്ങുന്നുമുണ്ട്. ആദ്യമായാണ്, നടുക്കടലില്‍ ബോട്ട് നിര്‍ത്തി, ഈ സാഹസം നടത്തുന്നത് കണ്ടത്.

കല്‍പേനി ദ്വീപിനെപ്പറ്റി ചില ഐതിഹ്യങ്ങള്‍ ഉണ്ട്. ഒരിക്കല്‍ കാറ്റടിച്ച് ഒരു ദ്വീപ് മുങ്ങിപ്പോയി എന്ന് പറയുന്നുണ്ട്. ദ്വീപുകള്‍ പലതരം അറിവുകളുടെയും നാടുകൂടിയാണ്. മടക്കയാത്രയില്‍ കപ്പല്‍സഹയാത്രികരായ പലരില്‍നിന്നും പലതരം കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു. ദ്വീപുകാര്‍ക്ക് (പഴമക്കാര്‍ക്ക്) കടല്‍, മേഘം എന്നിവയെ ഒക്കെ വായിക്കാനറിയാമത്രെ! അപ്രകാരം സൂര്യന്റെ അളവുകളും നിഴലും നോക്കി രേഖാംശവും അക്ഷാംശവും കൃത്യമായി പറയാന്‍ കഴിവുള്ളവരുമുണ്ട്! മേഘം വായിക്കുന്ന ആള്‍ കവരത്തിയില്‍ ഉണ്ടെന്നാണറിഞ്ഞത്. എന്തായാലും അദ്ദേഹത്തെ ഒന്ന് കാണണം. വാര്‍ധക്യസഹജമായ ക്ഷീണത്താല്‍ ഇപ്പോള്‍ കിടപ്പിലാണദ്ദേഹം. ഒരുപക്ഷേ, ഭൂമിയില്‍നിന്നുള്ള പ്രകാരം മേഘങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, കാറ്റുമൂലം മേഘങ്ങളിലുണ്ടാകുന്ന മാറ്റം, രൂപഭംഗി പലതും അദ്ഭുതകരമായ അറിവുകള്‍ നല്‍കുന്നുണ്ടാകാം.

ഖുര്‍ആന്‍ ആകാശ-ഭൂമികള്‍ക്കിടയില്‍ കീഴ്‌പ്പെടുത്തപ്പെട്ട മേഘത്തില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് പറയുന്നുണ്ടല്ലോ. എങ്കില്‍, തീര്‍ച്ചയായും മേഘം അറിവുകളുടെ കലവറയായിരിക്കും. കാലാവസ്ഥ നന്നായിട്ട് ഇനിയും ദ്വീപില്‍ പോകണം; ഇന്‍ശാ അല്ലാഹ്. ഏതായാലും പോകേണ്ട വഴി പഠിച്ചു; കുറച്ച് ബുദ്ധിമുട്ടിയെങ്കിലും.

''അറിവ് വിശ്വാസികളുടെ കളഞ്ഞുപോയ സമ്പത്താണ്. അതവന്‍ എവിടെക്കണ്ടാലും എടുക്കട്ടെ; അവനാണ് അവിന്റെ ഏറ്റവും അര്‍ഹനായ അവകാശി'' എന്നാണ് നബിവചനം. ഇത് കൈവിട്ടുപോയതാണ് മുസ്‌ലിംസമൂഹം പിന്തള്ളപ്പെട്ടുപോയതിന്റെ ഒരു പ്രധാന ഹേതു. അനാവശ്യ തര്‍ക്കങ്ങളിലേക്ക് പോയി, അത്യാവശ്യം വേണ്ടവയെ ഉപേക്ഷിച്ച മണ്ടന്മാരാണ് നമ്മള്‍. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍. പക്ഷികള്‍ കൂടുകൂട്ടുന്നതും മഴയുടെ വരവും കൂടി ബന്ധമുണ്ട് എന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം. കുഞ്ഞ് വിരിഞ്ഞിറങ്ങി പറക്കാന്‍ സമയമുണ്ടെങ്കില്‍ മാത്രമേ പക്ഷികള്‍ കൂടുകൂട്ടി മുട്ടയിടുകയുള്ളൂ! സര്‍വശക്തനായ റബ്ബിന്റെ സൃഷ്ടികള്‍ക്ക് ജീവിക്കാനും പ്രത്യുല്‍പ്പാദനം നടത്താനും അവന്‍തന്നെ അവയ്ക്ക് ബോധനം നല്‍കിയിട്ടുണ്ട് -സത്യം- എല്ലാം കണക്കാക്കുകയും മാര്‍ഗം കാട്ടുകയും ചെയ്തവനാണവന്‍.

കവരത്തിയിലേക്കുള്ള യാത്രയില്‍ കല്‍പ്പേനി കഴിഞ്ഞതു മുതല്‍ കടല്‍ കുറേശ്ശെ rough ആകാന്‍ തുടങ്ങി. യാത്രചെയ്തിട്ടില്ലാത്ത നമുക്ക് നേരിയ ഇളക്കം വരുമ്പോള്‍ത്തന്നെ അത് feel ചെയ്യുന്നതാണ്. ശരിയായ ഇളക്കം അതൊന്നുമല്ലത്രെ! നമ്മുടെ കടപ്പുറത്ത് കാണുന്ന വലിയ തിരമാലകള്‍ പുറംകടലിലും ഉണ്ടാകുമ്പോള്‍ കപ്പലും ബോട്ടും ഒക്കെ ശക്തമായി ആടുമത്രെ! അതാണ് മെയ് 15നു ശേഷം സ്പീഡ്‌ബോട്ടുകള്‍ ഓട്ടം നിര്‍ത്തിവെക്കുന്നത്. രാത്രികാലങ്ങളിലും ബോട്ട് സര്‍വീസ് നടത്തുന്നില്ല.

ഞങ്ങള്‍ ബേപ്പൂര്‍ വച്ച് പരിചയപ്പെട്ട ഹാജാ ഹുസൈന്‍ എന്ന എഴുത്തുകാരനില്‍നിന്നും ദ്വീപിനെപ്പറ്റി പല വിവരങ്ങളും കഥകളും അറിഞ്ഞു. അദ്ദേഹം ദ്വീപിനെപ്പറ്റി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കില്‍ത്താന്‍ ദ്വീപുകാരനാണദ്ദേഹം (പലപല വിഷയങ്ങളിലേക്കും എഴുത്ത് നീങ്ങിപ്പോകുന്നതില്‍ വായനക്കാര്‍ ക്ഷമിക്കുക. എനിക്ക് കണ്ടതും അനുഭവിച്ചതും മുഴുവനും എഴുതിയാലേ ഒരു സംതൃപ്തി ലഭിക്കൂ).

ഞങ്ങള്‍ മൂന്നുമണിയോടുകൂടി കവരത്തി ജെട്ടിയില്‍ എത്തി. ഗഫൂര്‍ക്ക ഞങ്ങളെ ജെട്ടിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയും സ്‌നേഹവും വളരെ ഹൃദ്യവും സ്‌നേഹാര്‍ദ്രവുമായിരുന്നു എന്നത് യാത്രയില്‍ ലഭിച്ച വലിയൊരു ഭാഗ്യമായിരുന്നു. ഓട്ടോ വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് നേരെ പോയത്. അദ്ദേഹത്തിന്റെ ഭാര്യ കരുവാരക്കുണ്ട് സ്വദേശിനിയാണ്. അദ്ദേഹവും മക്കളും കൂടി പോയി പിടിച്ചുകൊണ്ടുവന്ന വലിയ മീനായിരുന്നു കറിക്ക്. എന്തായാലും എറിയാട്ടുകാരായ ഞങ്ങള്‍ മീനിനെ സ്‌നേഹിക്കുന്നവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആണ്. കൂടാതെ മീന്‍ മുറിക്കാനും വെക്കാനും പൊരിക്കാനും ഒക്കെ ഒരു ഹരം ഉള്ളവരാണ്. അവയ്ക്കുവേണ്ടി, വീട്ടിലുണ്ടായ കുടമ്പുളി കൊണ്ടുപോയിരുന്നു ഞാന്‍. പിറ്റേദിവസം ആ പുളിയൊക്കെ ഇട്ട് ഞാന്‍ തന്നെ കറി വെച്ചു. പുട്ടും മീന്‍കറിയും.

ചെന്ന അന്നുതന്നെ ഞങ്ങള്‍ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങി. ആദ്യം പോയത് ഗഫൂര്‍ക്കാടെ വീടിന്റെ അടുത്തുതന്നെയുള്ള കവരത്തി മറൈന്‍ മ്യൂസിയത്തിലേക്കാണ്. പല രൂപത്തിലുള്ള കടല്‍പ്പുറ്റുകള്‍, പ്രാചീനകാലത്ത് ദ്വീപില്‍ ഉപയോഗിച്ചിരുന്ന വസ്ത്രം, ആയുധം, ഉപകരണങ്ങള്‍ തുടങ്ങി ധാരാളം വസ്തുക്കള്‍ മ്യൂസിയത്തിലുണ്ട്. ഒരുഭാഗത്ത് അക്വേറിയം. കണ്ണഞ്ചിപ്പിക്കുന്ന തരം നിറത്തിലും ഡിസൈനിലുമുള്ള മീനുകള്‍. വലിയ ടാങ്കില്‍ സ്രാവിനെ വളര്‍ത്തുന്നുണ്ട്. അദ്ഭുതവും സന്തോഷവും അറിവും പകരുന്ന മ്യൂസിയവും അക്വേറിയവും. അലിമണിക്ഫാനെ അവിടെ എല്ലാവര്‍ക്കും നല്ല പരിചയം. ഈ 'ഫക്കീര്‍' പണ്ട് മ്യൂസിയം അസിസ്റ്റന്റായിരുന്നു. ആള്‍ക്കാര്‍ക്ക് ഒറ്റനോട്ടത്തില്‍ ഫക്കീറായി തോന്നുന്ന അലിമണിക്ഫാന്‍ എന്ന മഹാന്‍. യാത്രയില്‍ ഒരാള്‍ അദ്ദേഹത്തെപ്പറ്റി പറയുകയാണ്: ഈ നാട്ടില്‍ കടലിനെപ്പറ്റി അദ്ദേഹത്തോളം അറിവുള്ള ആരുമില്ല. മണിക്ഫാന്‍ ഓര്‍മവെച്ചതുമുതല്‍ കടലില്‍ നീന്തിയും നടന്നും കടലുമായി സംസാരിച്ചും ഒരുപാട് അറിവുകള്‍ നേടിക്കാണും. അദ്ദേഹത്തിന്റെ നാമത്തില്‍ ഒരു മീന്‍ ഉണ്ട്. ഗിന്നസ്ബുക്കില്‍ ഇടം നേടിയിട്ടുണ്ട് ആ മീന്‍. ഒരു മീനല്ല ധാരാളം ജീവികളെ അദ്ദേഹം പുതുതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

കവരത്തിയിലെ മ്യൂസിയം അസിസ്റ്റന്റ് ഡയറക്ടറായ അയ്യൂബ് മണിക്ഫാന്‍, മണിക്ഫാന്റെ സഹോദരപുത്രനാണ്. വളരെ വിനയത്തോടെയുള്ള പെരുമാറ്റം. അദ്ദേഹത്തിന്റെ ഓഫീസില്‍ കുറച്ചു നേരം ഞങ്ങള്‍ അതിഥികളായി. ഏറ്റവും നല്ല മ്യൂസിയത്തിനും അക്വേറിയത്തിനുമായി ലഭിച്ച വലിയ വിലപിടിച്ച ട്രോഫി ഓഫീസിലുണ്ട്.
ഏത് രംഗത്തായാലും മനുഷ്യര്‍ തന്റെ തൊഴിലിനോട് പുലര്‍ത്തുന്ന ആത്മാര്‍ഥത സന്തോഷകരം തന്നെ. അവിടുത്തെ മീനുകളെ ഒന്നിനെപ്പോലും ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല. ഒരു ചിത്രകാരനും വരച്ചൊപ്പിക്കാന്‍ കഴിയാത്ത രൂപത്തിലുള്ള സുന്ദരവും സങ്കീര്‍ണവുമായ വരകളുടെയും ബിന്ദുക്കളുടെയും സമ്മേളനമായിരുന്നു ഓരോ മത്സ്യത്തിന്റെയും പുറവും. ഫോട്ടോയുടെ ഫഌഷ് മീനുകളുടെ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാണ് ഫോട്ടോ അനുവദിക്കാത്തത് എന്നാണറിഞ്ഞത്.

അവിടുന്ന് ഞങ്ങള്‍ നേരെ പോയത് ജെട്ടികടപ്പുറത്തേക്കാണ്. പവിഴപ്പുറ്റുകള്‍ പൊടിഞ്ഞുണ്ടായ റവ പോലത്തെ കടപ്പുറം എന്നെ ശരിക്കും ഭ്രാന്ത്പിടിപ്പിച്ചു. ആ കടപ്പുറത്ത് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുപോയി. സ്ത്രീകള്‍ മാത്രമേയുള്ളൂ. ഞാനവിടെ ആദ്യം ഇരുന്നു, പിന്നെ കിടന്നു-കടലില്‍. കുറേ മണ്ണൊക്കെ വാരി കാലില്‍ പൊത്തി. തീര്‍ത്തും കുട്ടിക്കാലത്തേക്ക് പോയി. പക്ഷേ, ജീവിതത്തിലാദ്യമാണ് ഇത്രമാത്രം വൃത്തിയുള്ള കടപ്പുറവും മണ്ണും കണ്ടത്. മതിവരുവോളം കടല്‍വെള്ളത്തിലിരുന്നു. മഗ്‌രിബായപ്പോള്‍ അവിടെത്തന്നെ നമസ്‌കരിച്ചു. ഈ സുഖം നമ്മുടെ കടപ്പുറത്ത് ലഭ്യമല്ല.

Friday, June 13, 2014

ദ്വീപില്‍ ബാക്കിയായ ഗ്രാമീണജീവിതം, നാല്പതു വര്‍ഷത്തിനുശേഷം തിരിച്ചുകിട്ടിയ സൗഹൃദം

ഇതുവരെ കടലിലൂടെ യാത്ര ചെയ്തിട്ടില്ല. എല്ലാവരും പറഞ്ഞുകേട്ടതനുസരിച്ച് ഉള്ളില്‍ അല്പം ഭയം ഇല്ലാതില്ല. ഛര്‍ദ്ദിച്ച് അവശരാകുമത്രെ! ഇരുപതു പേരാണ് യാത്രക്കാര്‍. ബോട്ടില്‍ കയറി. ഞങ്ങള്‍ അഞ്ചുപേരാണ്; ഞാനും ഇക്കയും മണിക്ഫാനും മകള്‍ ആമിനയും അവളുടെ മകളും. ബോട്ടിനെ പുറത്തുനിന്ന് നോക്കിയപ്പോള്‍ ഒരുതരം അസ്വസ്ഥത തോന്നി. ഏഴു മണിക്കൂറോളം കടലിലൂടെ ഇതില്‍ പോകണ്ടേ എന്നോര്‍ത്തപ്പോള്‍ പേടി, പ്രയാസം. പക്ഷേ, ഉള്ളില്‍ കയറിയപ്പോള്‍ ഉഗ്രന്‍ സൗകര്യങ്ങള്‍. മുഴുവന്‍ എ.സി - വിമാനത്തിലേതുപോലെ, അതിലും വിശാലമായ സൗകര്യങ്ങള്‍. നല്ല വൃത്തിയുള്ള പുഷ്ബാക്ക് സീറ്റുകള്‍. ടോയ്‌ലറ്റ് നല്ല വൃത്തി. പക്ഷേ, യാത്ര തുടങ്ങിയപ്പോഴേക്ക് എനിക്ക് ഒരുതരം അസ്വസ്ഥത. ഇതില്‍നിന്ന് എത്രയും പെട്ടെന്ന് ഇറങ്ങണം എന്ന തോന്നല്‍. ശക്തമായ നെഞ്ചിടിപ്പ്, വിയര്‍പ്പ് ഒക്കെ. വിമാനം ടേക്ക്ഓഫ് ചെയ്യുമ്പോഴുണ്ടാകാറുള്ള അസ്വസ്ഥതകള്‍. മിനിറ്റുകള്‍ക്കകം അത് മാറി. അല്‍ഹംദുലില്ലാഹ്. പിന്നീട് യാത്ര ശരിക്കും ആസ്വദിക്കുകയായിരുന്നു. കാന്റീനില്‍ ചായയും കടിയുമൊക്കെ ഇഷ്ടംപോലെ. അല്പം കഴിഞ്ഞ് പുറത്തേക്ക് പോയി കടല്‍ കാണണമെന്ന് ആശ. ആമിനയും മകളും ഞാനും കൂടി പുറത്തിറങ്ങി. അപ്പോഴാണ് ഈ ബോട്ടിന്റെ യഥാര്‍ഥ സ്പീഡ് അറിഞ്ഞത്. പിന്നിലേക്ക് അതിവേഗത്തില്‍, അപാര സൗന്ദര്യത്തോടെ വെള്ളത്തെ തള്ളിക്കൊണ്ടാണ് ബോട്ട് മുന്നേറുന്നത്. ചുറ്റിനും കണ്ണെത്താ ദൂരത്തില്‍ കടല്‍. നാലുപാടും കടല്‍.

കറുപ്പു കലര്‍ന്ന നീല. ഹാവൂ! എന്തൊരു ഭംഗി. പേടിയൊക്കെ പമ്പകടന്നു. നല്ല തിളയ്ക്കുന്ന വെയിലാണ് മുഖത്ത് വീഴുന്നത്. കൂടാതെ ബോട്ടിന്റെ യന്ത്രഭാഗങ്ങളുടെ ചൂടും. കുറച്ചു നേരം കഴിഞ്ഞ് ഉള്ളില്‍ വന്നു. ടിവി ഉണ്ട് ബോട്ടില്‍. കുറേപ്പേര്‍ (അധികപേരും) ഉറക്കത്തിലാണ്. ദ്വീപുകാര്‍ (സ്ത്രീകള്‍) ഛര്‍ദ്ദിക്കുന്നുണ്ട്. ചിലര്‍ താഴെ കാര്‍പ്പെറ്റില്‍ ഷീറ്റ് വിരിച്ച് നന്നായി കിടന്നുറങ്ങുന്നുണ്ട്. എല്ലാം കൂടി ബഹുരസം. എണീറ്റു നടക്കുമ്പോള്‍ ചാഞ്ഞുപോകുന്നുണ്ട്. ബോട്ടിന് നേരിയ ചാട്ടവും ഇളക്കവും ഉണ്ട്. എന്തായാലും ആദ്യ അനുഭവം.

സീറ്റുകള്‍ കുറേയെണ്ണം കാലിയുണ്ട്. കിടക്കുന്നവരുടെ സീറ്റുകളാണ്. ചാട്ടം മുന്‍ഭാഗത്ത് കൂടുതലായതിനാല്‍ മുന്‍ഭാഗം ഒഴിവാണ്. ഞങ്ങള്‍ കുറേ കഴിഞ്ഞപ്പോള്‍ മുന്‍ഭാഗത്ത് ഒക്കെ മാറിമാറി ഇരുന്നു. ഗ്ലാസ്ജനല്‍ വഴി കടലിലേക്ക് നോക്കി ആവോളം സൗന്ദര്യം ആസ്വദിച്ചു. വായിച്ച് അറിവ് മാത്രമുള്ള ഫഌയിങ്ഫിഷ് -പറക്കും മത്സ്യം- കണ്ടു. അത്യന്തം അത്ഭുതം. ചെറിയ മീനാണ്. അത് പക്ഷേ, കുറച്ച് പൊക്കത്തില്‍, നല്ല നീളത്തിലേക്ക് പറക്കുന്നു. കൂടാതെ, കടല്‍പ്പരപ്പില്‍ ഡോള്‍ഫിനുകള്‍ ചാടുന്നു. പടച്ച റബ്ബേ! നിന്റെ ബഹറിന്റെ (കടല്‍) അദ്ഭുതം എത്രയാണ്! നീ എത്ര മഹാന്‍! ആഴിയിലെ സൃഷ്ടികള്‍ക്കും സമൃദ്ധമായി നീ ഭക്ഷണവും താമസസൗകര്യവും ഒരുക്കിക്കൊടുക്കുന്നു. അവയ്ക്ക് ശത്രുക്കളില്‍നിന്ന് രക്ഷനേടാനും വംശം വര്‍ധിപ്പിക്കാനും ജീവിക്കാനും ഒക്കെയുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിവെച്ചിരിക്കുന്നു!

''ഈ ഭൂമിയില്‍ സഞ്ചരിക്കുന്ന ജീവികള്‍ക്കും പറക്കുന്ന പക്ഷികള്‍ക്കും ഭക്ഷണം നല്‍കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്.'' (ഖുര്‍ആന്‍). എന്നിട്ടാണ് ഈ വിഡ്ഢിയായ മനുഷ്യന്‍ തന്റെ ഭക്ഷണത്തിനുവേണ്ടി ബേജാറാകുന്നത്!

ഏഴു മണിക്കൂറത്തെ തുടര്‍ച്ചയായ ബോട്ട് യാത്രയ്ക്കുശേഷം അന്ത്രോത്തിലെത്തി. അതീവസുന്ദരമായ ജലം. പ്രത്യേകതരം പച്ചനിറത്തിലുള്ള ലഗൂണിലെ ജലം.

ചിത്രങ്ങളില്‍ മാത്രം കണ്ടിട്ടുള്ള ആ വര്‍ണം നേരില്‍ കണ്ടപ്പോള്‍ മനസ്സില്‍ പറയാന്‍ പറ്റാത്ത സന്തോഷം. കര കണ്ടുതുടങ്ങിയപ്പോള്‍ത്തന്നെ പുറത്തേക്കിറങ്ങി കടലില്‍നിന്ന് കരയിലേക്ക് നോക്കുമ്പോഴത്തെ സൗന്ദര്യം ആസ്വദിച്ചുതുടങ്ങി. സ്ഥിരം യാത്രചെയ്യുന്ന ദ്വീപുകാരില്‍ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും കണ്ടില്ല. നമ്മുടെയൊക്കെ ആദ്യകടല്‍യാത്ര, സ്പീഡ്‌ബോട്ട് യാത്ര... സന്തോഷവും ജിജ്ഞാസയും എത്രയെന്ന് പറയാനില്ല. എന്ത് കാര്യവും നേരിട്ടനുഭവിച്ചറിയുന്ന സുഖം... അത് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ അശക്തമാണ്. ലഗൂണും കടലും കരയും എല്ലാം അടങ്ങിയ ഈ ദ്വീപുകള്‍ അതീവസുന്ദരങ്ങള്‍ എന്നു മാത്രമേ പറയാനാകൂ. ബോട്ട് ജെട്ടിയിലേക്കടുത്തുതുടങ്ങി. ഓരോരുത്തരായി ഇറങ്ങിത്തുടങ്ങി. ഞങ്ങളും ഇറങ്ങി. പിന്നീട് രണ്ട് ഓട്ടോറിക്ഷകളിലായി അലിമണിക്ഫാന്റെ ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഞങ്ങള്‍ പോയത്. ഉച്ചഭക്ഷണം അവരുടെ വീട്ടില്‍നിന്നാണ് കഴിച്ചത്. സാമ്പാറും മീന്‍ പൊരിച്ചതും. ഫ്രെഷ് മീന്‍ മാത്രമേ ദ്വീപിലുള്ളൂ. ഞങ്ങള്‍ കവരത്തിയില്‍ താമസിച്ചപ്പോള്‍ ആതിഥേയനായ ഗഫൂര്‍ക്കയും മക്കളും പോയി വലിയ മീന്‍ പിടിച്ചുകൊണ്ടുവന്ന് പാകപ്പെടുത്തിയാണ് കഴിച്ചത്. ചെറുമീനുകളെ ദ്വീപുകാര്‍ അധികം ഉപയോഗിക്കാറില്ലെന്നാണ് മനസ്സിലായത്. അന്ത്രോത്തില്‍ 40 കൊല്ലം മുമ്പത്തെ ഒരു സുഹൃത്തിനെ കണ്ടെത്തിയത് ഒരുപാട് സന്തോഷമായി. എന്റെ സഹോദരന്‍ അഹമ്മദ്ബാവയോടൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കോഴ്‌സിന് പഠിച്ചിരുന്ന എ.കുഞ്ഞിക്കോയ. കുഞ്ഞിക്കോയ, അന്ത്രോത്ത് എന്ന അഡ്രസ്സില്‍നിന്ന് പണ്ട് കുഞ്ഞിക്കാക്കും ഉമ്മാക്കും ഒക്കെ കത്ത് വന്നിരുന്ന ഓര്‍മവച്ച് ഞങ്ങള്‍ ആദ്യം പോയ വീട്ടിലെ സുഹൃത്തിനോടന്വേഷിച്ചു. ഡി.ഫാം ചെയ്ത ആള്‍ സ്വാഭാവികമായും ഏതെങ്കിലും ക്ലിനിക്കില്‍ ജോലിനോക്കുന്നുണ്ടാകുമെന്ന ഉറപ്പിലാണ് അന്വേഷിച്ചത്. താരതമ്യേന ചെറുതായ അന്ത്രോത്തില്‍ കുഞ്ഞിക്കോയയെ അറിയാനും ഫോണ്‍ ചെയ്യാനും അധികം നേരം വേണ്ടിവന്നില്ല. പത്തിരുപത് മിനിറ്റിനകം കുഞ്ഞിക്കോയയുമായി ഫോണില്‍ സംസാരിക്കാനായി. മുറിഞ്ഞുപോയ ഒരു സൗഹൃദം വീണ്ടും തിരിച്ചുകിട്ടുക എന്നത് എത്രമാത്രം ആഹ്ലാദകരം എന്ന് പറയാനില്ല. ഉടന്‍ ചോദിച്ചത്, ബാവ ഉണ്ടോ എന്നായിരുന്നു.

അവര്‍ പഠനകാലത്ത് വലിയ കൂട്ടുകാരായിരുന്നു. പലപ്പോഴും കോയക്ക കുഞ്ഞിക്കയുടെ കൂടെ ഞങ്ങളുടെ വീട്ടില്‍ വന്ന് ദിവസങ്ങളോളം അതിഥിയായി താമസിക്കാറുണ്ട്. അദ്ദേഹം അന്ന് ദ്വീപിച്ചക്കര എന്ന ദ്രവരൂപത്തിലുള്ള ചക്കരയും മാസും ഒക്കെ കൊണ്ടുവന്നിരുന്നത് ഓര്‍മയുണ്ട്. എന്തായാലും ഇന്ന് അന്ത്രോത്തില്‍ താമസിക്കണം. കാരണം, കവരത്തിയിലേക്ക് നാളെ കാലത്ത് 7-നാണ് സ്പീഡ്‌ബോട്ട്. ഈ നാട്ടില്‍ വന്നിട്ട് കോയക്കാനെയും കുടുംബത്തെയും കാണാതെ പോവുക എന്നത് ഒരിക്കലും ശരിയല്ല. അതിനിടെ ഞങ്ങള്‍ അവിടെ ഒരു ചെറിയ ലോഡ്ജിലേക്ക് പോന്നു. അവിടെ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്ക് കോയക്ക എത്തി. ദശാബ്ദങ്ങള്‍ക്കുശേഷം... അല്ലാഹ്! കുഞ്ഞിക്കോയക്ക മധ്യവയസ്സ് പിന്നിട്ടിരിക്കുന്നു. ഭാര്യയും നാല് പെണ്ണും രണ്ട് ആണും മക്കളും അടങ്ങുന്ന കുടുംബനാഥനായിരിക്കുന്നു. ഞാനോര്‍ക്കുകയാണ്, എന്റെ മാതാപിതാക്കളെപ്പറ്റി കോയക്ക ചോദിക്കുകയാണ് - 29 കൊല്ലമായി ഉമ്മ മരിച്ചിട്ട്; ഉപ്പ മരിച്ചിട്ട് 25 കൊല്ലവും. കുടുംബവിശേഷങ്ങള്‍ കൈമാറിയതിനുശേഷം കോയക്ക പോയി. അലിമണിക്ഫാനും മക്കളും മുന്‍മന്ത്രി സഈദിന്റെ വീട്ടിലേക്ക് പോയി. കുറച്ചു കഴിഞ്ഞ് തിരിച്ചു വന്ന് മഗ്‌രിബ് നമസ്‌കാരശേഷം ഞങ്ങളെല്ലാവരും കുഞ്ഞിക്കോയക്കാടെ വീട്ടിലേക്ക് നടന്നുപോയി. അവിടെ അധികവും നടക്കല്‍ ആണ്. ഓട്ടോ ഉണ്ടെങ്കിലും അപൂര്‍വം. ബസ്സും കാറും ഒന്നും ഇല്ല. എത്രയാണ് തെങ്ങുകള്‍. നമ്മുടെ നാട്ടിലെ പോലെ ശ്രദ്ധയോ പരിചരണമോ ഇല്ലാതെ, നിറഞ്ഞ കുലകള്‍ താങ്ങിനില്‍ക്കുന്ന തെങ്ങുകള്‍. തെങ്ങുകള്‍ തമ്മിലും അകലം കുറവാണ്. തെങ്ങ് കൂടാതെ പൂപ്പരത്തി (പൂവരശ്ശ്), കടപ്ലാവ് എന്നിവ മാത്രമേ അവിടെ കാണുന്നുള്ളൂ. എന്നാലും ഒരു സ്വപ്‌നഭൂമി കണക്കെ, തെങ്ങിന്‍തോപ്പുകളിലൂടെ, സിമന്റിട്ട റോഡിലൂടെ ഞങ്ങള്‍ നടന്നു. ഇടയ്ക്കിടയ്ക്ക് കോയക്ക ഫോണ്‍ ചെയ്ത് വഴി പറഞ്ഞുതന്നു. വലിയ വീടും വലിയ പറമ്പും. പറമ്പില്‍ തേങ്ങ ചാക്കുകളില്‍ കെട്ടിവെച്ചിരിക്കുന്നു. ദ്വീപില്‍ ആടും കോഴിയും ധാരാളം ഉണ്ട്. പട്ടി, കുറുക്കന്‍ എന്നിവകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് കൂടൊന്നും ഉള്ളതായി കണ്ടില്ല. കോഴികളൊക്കെ മരത്തിലും ആടുകളൊക്കെ മരച്ചുവട്ടിലും ആണെന്നാണ് മനസ്സിലായത്. ഗ്രാമഭംഗി ധാരാളം ബാക്കിനില്‍ക്കുന്ന നാട്. പക്ഷേ, അവരുടെ പഴയ വീടുകള്‍ പൊളിച്ച വസ്തുക്കള്‍ മിക്കയിടത്തും കൂട്ടിയിട്ട് ഒരു വൃത്തിയും അടുക്കും ഇല്ലാത്ത പറമ്പുകള്‍. നമ്മുടെ നാട്ടില്‍നിന്ന് കല്ലും കമ്പിയും മാര്‍ബിളും ഒക്കെ കൊണ്ടുപോയിട്ട് അവര്‍ വീടുകള്‍ ഉണ്ടാക്കുന്നു. ചുണ്ണാമ്പുകല്ലും കടലില്‍നിന്ന് കിട്ടിയിരുന്ന പുറ്റുകളും കൊണ്ട് നിര്‍മിതമായ വീടുകള്‍ ഇപ്പോള്‍ കാണുന്നില്ല. അതിന്റെ അവശിഷ്ടങ്ങള്‍ ധാരാളമായി കാണാന്‍ കഴിഞ്ഞു. പറമ്പില്‍ ഓലയും മറ്റും ആര്‍ക്കും വേണ്ടാതെ കിടക്കുന്നപോലെ. അന്ത്രോത്തില്‍ ഗ്യാസ് ഇല്ലെന്നാണ് അറിഞ്ഞത്. പക്ഷേ, ഡീസല്‍ ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇന്റക്ഷന്‍ കുക്കറുകളുണ്ട് എല്ലാ വീട്ടിലും. ഇതിന് വിപരീതമായി കവരത്തിയില്‍ അധികവും ഗ്യാസാണ് ഇന്ധനം.

(ദ്വീപ് സന്ദര്‍ശനത്തില്‍ എന്റെ ഒരു പ്രധാന ഉദ്ദേശ്യം, അവശേഷിക്കുന്ന ഗ്രാമഭംഗിയും ഗ്രാമീണജീവിതവും അടുത്തറിയല്‍ കൂടിയായിരുന്നു).

Sunday, June 1, 2014

വര്‍ഗീയത നിരാലംബരായ കുരുന്നുകളോട് വേണോ?

ഒരുഭാഗത്ത് പ്രവേശനോത്സവം പൊടിപൊടിക്കുന്നു. മറുഭാഗത്ത്, അന്യസംസ്ഥാനത്തുനിന്ന് വന്ന കുട്ടികളുടെ ദുഃഖകരമായ അവസ്ഥകള്‍. സത്യത്തില്‍ നിറംകെട്ടുപോകുന്ന പ്രവേശനോത്സവ കെട്ടുകാഴ്ചകള്‍. സ്വന്തം നാടിനെ ഒരുപാടൊരുപാട് സ്‌നേഹിക്കുന്ന ഒരു സമൂഹം ചിലരുടെ വര്‍ഗീയ താല്‍പര്യങ്ങളുടെ പേരില്‍ കൂടുതല്‍ കൂടുതല്‍ അന്യരായിക്കൊണ്ടിരിക്കുന്നു. ഒറ്റവാക്കില്‍ പറയട്ടെ, ഈവക 'കഞ്ഞിവിളമ്പലുകള്‍' നിങ്ങള്‍ കരുതിക്കൂട്ടി ചെയ്യുകയാണെങ്കില്‍ ദൈവം - നിങ്ങളും വിശ്വസിക്കുന്നുണ്ടാവും ഏതെങ്കിലും ഒരു ദൈവത്തില്‍ - നിങ്ങള്‍ക്ക് മാപ്പ് തരില്ല. എത്ര ലാഘവത്തോടെയാണ് ഡി.ഐ.ജി. ഡി.ശ്രീജിത്ത് പറയുന്നത് - ഇത് മനുഷ്യക്കടത്ത് തന്നെ എന്ന്.

ഇനി പത്രവും ഇന്റര്‍നെറ്റും നോക്കാതിരിക്കലാണ് പരിഹാരം എന്നു തോന്നുന്നു. ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാത്തവിധം കലുഷമായിപ്പോവുകയാണ് മനസ്സ്. അന്യായങ്ങള്‍ നിറഞ്ഞ ഒരു നാട്. പ്രകൃതിരമണീയത കൊണ്ടും സ്വന്തം മണ്ണ് എന്നതുകൊണ്ടും ഏറെ പ്രിയപ്പെട്ട നാട് ഇങ്ങനെ നീങ്ങുമ്പോള്‍ അടക്കാനാവാത്ത അമര്‍ഷവും ദുഃഖവും. മേലധികാരികള്‍ ശ്രദ്ധിച്ച് സംസാരിച്ചില്ലെങ്കില്‍, വെന്തുപോകുന്നത് ഒരു വലിയ സമൂഹത്തിന്റെ മനഃസാക്ഷിയാണ്. അന്യഥാത്വം അനുഭവപ്പെടാന്‍ തുടങ്ങുമ്പോഴാണ് പലരും തീവ്രവാദികളായി മാറിപ്പോകുന്നത്.

2012 മെയ് മാസത്തില്‍ ആ നാടുകള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യമോ നിര്‍ഭാഗ്യമോ ലഭിച്ചു. ഓരോ ഗ്രാമവും ഹൃദയാന്തര്‍ഭാഗത്ത് ധാരാളം ദുഃഖസ്മൃതികള്‍ കോരിയിട്ടിട്ടുണ്ട്. മേധാപുര എന്ന ഗ്രാമത്തില്‍നിന്ന് ഒരു സന്ധ്യയ്ക്ക് ഞങ്ങള്‍ തിരിച്ചു  പോരുമ്പോള്‍ കണ്ണുകള്‍ സജലങ്ങളും ഹൃദയം ഭാരമേറിയതുമായിരുന്നു. തിരിച്ചു പോരുമ്പോള്‍ കൊല്‍ക്കത്തയില്‍ എല്ലാവരും ഷോപ്പിങ്ങിനു പോയപ്പോള്‍ അഞ്ചുപൈസ പോലും ഇനി ആവശ്യമില്ലാതെ ചെലവഴിക്കില്ല എന്നും കഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി മുഴുവന്‍ അധ്വാനവും നല്‍കണമെന്ന പ്രതിജ്ഞയിലായിരുന്നു ഞാന്‍. ആ സാധുക്കള്‍ക്ക് സ്‌കൂള്‍കിറ്റ്, റമദാന്‍കിറ്റ് എന്നിവയ്ക്ക് ധര്‍മം കൊടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കാറും ഉണ്ട്.

ഇപ്പോള്‍ ഉണ്ടായ ദുഃഖകരമായ സംഭവവികാസങ്ങളില്‍ മുഴുവന്‍ അനാഥശാലാ പ്രവര്‍ത്തകരും മനുഷ്യസ്‌നേഹികളും നീതിക്കുവേണ്ടി നിലകൊള്ളുകയും കുറ്റാക്കാരുണ്ടെങ്കില്‍ - യതീംഖാനയുടെ മറവില്‍ ബാലവേല പോലുള്ളവ നടക്കുന്നുണ്ടെങ്കില്‍ - മുഖം നോക്കാതെ അവരെ ഒറ്റപ്പെടുത്തുകയും ചെയ്യണം. ഒരു സമുദായത്തെ മൊത്തം കരിവാരിത്തേക്കുന്ന പ്രസ്താവനകള്‍ വന്നിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെക്കൊണ്ട് മാപ്പുപറയിക്കാന്‍ ഇവിടുത്തെ സമുദായ നേതൃത്വത്തിന് കഴിയണം. അതിനായി ഗ്രൂപ്പ്-സംഘടനാ പക്ഷപാതിത്വങ്ങള്‍ മറന്ന് രംഗത്തെത്തേണ്ട സമയമാണിത്.

ആ കുരുന്നുകള്‍... അവരുടെ വിശപ്പിന്റെ വിളി ഒന്നും മനസ്സില്‍നിന്ന് പോകുന്നില്ല. രക്ഷിതാവേ, സത്യത്തെ ഞങ്ങള്‍ക്ക് സത്യമായി കാട്ടിത്തരണേ; അസത്യത്തെ അസത്യമായും...