Friday, June 15, 2012

ചാക്കുസീറ്റുള്ള വിദ്യാലയവും കോസിനദിയുടെ മനോഹാരിതയും

ഗ്രാമങ്ങളിൽ മുഴുവൻ ചാണകത്തിന് വലിയ പ്രാധാന്യമുള്ളതായി മനസ്സിലായി. ചാണകം കൊണ്ട് വട്ടത്തിൽ വരിപോലെ കുടിലുകളുടെ മൺചുമരുകളിൽ ഒട്ടിച്ചുവെച്ചിട്ടുണ്ട്. ധാരാളം വീടുകളുടെ ചുമരുകളിൽ ഇങ്ങനെ കണ്ടു. രണ്ട് ഗുണം ഉണ്ടാകും - മഴ വന്നാൽ നനയില്ല. ഉണങ്ങുന്നത് എടുത്ത് കത്തിക്കുകയും ചെയ്യാമല്ലോ. പിന്നെ ചൂട് കുറയുമായിരിക്കും. ആദ്യമായി മറ്റൊരു സംഗതിയും കണ്ടു. ചുള്ളിവിറകുകളിൽ ചാണകം തേച്ചുപിടിപ്പിച്ച് ഉണക്കിവെച്ചിരിക്കുന്നു. അത് ഉണങ്ങിക്കഴിഞ്ഞാൽ വളരെ നല്ല നിലയ്ക്ക് കത്തും. യാദവന്മാരാണല്ലോ ബീഹാറിലധികവും. യദുവംശത്തിലെ കൃഷ്ണന്റെ ഇഷ്ടമൃഗമായ ഗോക്കളുമായി ആ നാടിനും നാട്ടാർക്കും ജാതിമത ഭേദമെന്യേ പാരമ്പര്യ ബന്ധം കാണും.

മിക്ക വീടുകളിലും സുന്ദരികളായ വെള്ളപ്പശുക്കുട്ടികളും പശുക്കളും ഉണ്ട്. ദൂരെ മാറിയൊന്നുമല്ല തൊഴുത്ത്. വരണ്ട കാലാവസ്ഥയായതിനാൽ തൊഴുത്തുകളൊന്നും നമ്മുടെ നാട്ടിലെപ്പോലെ 'ചളിപിളി' അല്ല. മാത്രമല്ല, പകലന്തിയോളം മേഞ്ഞുനടക്കുകയല്ലേ. വലിയ എരുമകളും രസകരമായ കാഴ്ച തന്നെ. പേടിപ്പെടുത്തുന്ന അവയുടെ മേൽ അഞ്ചും ആറും വയസ്സുകാർ കയറി സവാരി ചെയ്യുന്നു. സവാരിയല്ല, അവയെ മേച്ചുനടക്കുകയാണ്. നമ്മുടെ കുട്ടികളൊക്കെ വലിയ എരുമകളെ കണ്ടാൽ, അതിന്റെ അമറൽ കേട്ടാൽ പേടിക്കും. പ്രകൃതി അവരെ അവരുടെ സാഹചര്യങ്ങളുമായി എത്ര മാത്രം പരുവപ്പെടുത്തുന്നു എന്നതാണ് യാഥാർഥ്യം. ബീഹാറിൽ ഒരു വീട്ടിൽ ഞങ്ങൾക്കായി അവരുടെ വയലിൽ ഉണ്ടാക്കിയ ചോളം പുഴുങ്ങിത്തന്നത് ഇത്തരം ചാണക 'കബാബു'കൾ ഉപയോഗിച്ചാണ്. ശരിക്ക് കബാബ് ചുടാൻ കമ്പിയിൽ ഇറച്ചി കോർത്ത പോലെയുണ്ട് ചാണകം തേച്ചുപിടിപ്പിച്ച കമ്പുകൾ. 'ഹംബർഗർ' പോലെ ചുമരുകളിൽ പിടിപ്പിച്ച വരടികളും.

ഓരോ സംസ്‌കാരത്തെയും രീതികളെയും നമ്മൾ തൊട്ടറിയുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. ഈ ഭൂമിയെയും അതിനെ സംവിധാനിച്ച ആ മഹത്ശക്തിയെയും നമ്മൾ അടുത്തറിയുകയാണ്. നമ്മുടെ നാട്ടിൽ ഗോബർഗ്യാസ് ഉണ്ടാക്കി പാചക ഇന്ധനമാക്കുംപോലെ അവർ ചാണകം നേരിട്ട് ഉപയോഗിക്കുന്നു. ഇത് കേരളം വിട്ടാൽ എല്ലായിടത്തും നമുക്ക് കാണാം. മുമ്പ് നമ്മുടെ നാട്ടിലും ഉപയോഗിച്ചിരുന്നതായി പഴമക്കാർ പറയുന്നു. നമുക്ക് അറാറിയയിലെ കഴിഞ്ഞ ഗ്രാമത്തിന്റെ തൊട്ടടുത്തുള്ള (ആറ് കിലോമീറ്റർ) ഗ്രാമത്തിലേക്ക് നീങ്ങാം.

മനസ്സിനെ ഉലച്ചുകളഞ്ഞു ആ ഗ്രാമം. അവരുടെ ദൈന്യതയാർന്ന മുഖങ്ങൾ കണ്ടാൽ നമുക്കവരോടൊന്നും ചോദിക്കാൻ പോലും തോന്നുകയില്ല. കൊച്ചു കുടിലുകൾ. ഒന്നുപോലും നല്ലതില്ല. ആ ഗ്രാമത്തിൽ 300 വീടുകളും 1500 പേരും ഉണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഒരു പള്ളിയാണ് തുടക്കം. ഒരു ചെറിയ, വളരെ ചെറിയ ജങ്ഷൻ. കുടിലുകളുടെ അടുത്തേക്ക് ചെന്നപ്പോൾ ഒരു വൃദ്ധ മണ്ണിൽ കിടക്കുന്നു. 120 വയസ്സായെന്ന് ആൾക്കാർ പറയുന്നു. ആ അമ്മൂമ്മയെ ഞങ്ങൾ ചെന്ന് വിളിച്ചപ്പോൾ നോക്കുന്നുണ്ട്. എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എത്ര വയസ്സായീന്ന് നമുക്ക് വലിയ ഉറപ്പൊന്നുമില്ല. അമ്മൂമ്മയുടെ ഫോട്ടോ എടുക്കണമെന്നു പറഞ്ഞപ്പോൾ എല്ലാവരും കൂടി താങ്ങി എണീപ്പിച്ചിരുത്തി ഫോട്ടോ എടുത്തു. ഗ്രാമവാസികൾ നമ്മുടെ നോട്ടത്തിൽ പരസ്പരം നല്ല സഹകരണമുള്ളവരായി തോന്നി. ഒരുകൂട്ടരോട് ഞാൻ ചോദിച്ചു: നിങ്ങൾ അയൽവാസികൾ പട്ടിണി ആകാറുണ്ടോ എന്നന്വേഷിക്കുമോ? അവർ പറഞ്ഞത്, അങ്ങനെ ഒരാൾ ഒറ്റയ്ക്ക് പട്ടിണി കിടക്കാറില്ല എന്നാണ്.

 ഈ ഗ്രാമത്തെ വിഷൻ 2016 ദത്തെടുക്കാൻ ഉദ്ദേശിക്കുന്ന ഗ്രാമമാണ്. ഇവരിൽ അധിക സ്ത്രീകളും (മധ്യവയസ്സ് കഴിഞ്ഞവർ). ബ്ലൗസിടുന്നില്ല. സാരി പുതച്ച് തലയിലൂടെ ഇടുന്നുണ്ട്. പൊട്ടുകുത്തിയ മുസ്‌ലിംകളും ഉണ്ട്. നമ്മുടെ നാട്ടിലാണെങ്കിൽ കുട്ടികൾക്കുപോലും പൊട്ടുകുത്തിക്കാറില്ല മുസ്‌ലിംകൾ. നമ്മൾ പൊട്ടുതൊട്ടാൽ ഭയങ്കര പ്രശ്‌നമായിരിക്കും. മുസ്‌ലിംകൾ പൊട്ടുകുത്തണമെന്നല്ല ഞാൻ പറഞ്ഞത്. ഓരോ നാട്ടിലും ഉള്ള പാരമ്പര്യാചാരങ്ങളെ ഓരോരുത്തർ സ്വീകരിക്കുന്നഉ എന്നതാണ്. ജമാഅത്ത് അംഗത്തിന്റെ വീട്ടിലെ നാലു വയസ്സുകാരി പെൺകുട്ടിയും പൊട്ടുകുത്തി കണ്ടു. ഈ ഗ്രാമത്തിൽ ഒരു സ്ത്രീ ബീഡി വലിക്കുന്നത് കണ്ടു. ഫോട്ടോ എടുക്കാൻ ആരോ ശ്രമിച്ചപ്പോഴേക്ക് അവർ ബീഡി മാറ്റി. പണ്ട് നമ്മുടെ നാട്ടിലെ പെണ്ണുങ്ങളും അപൂർവമായി ബീഡി വലിച്ചിരുന്നത് കണ്ടിട്ടുണ്ട്.

കഴിഞ്ഞ തവണ ഉംറയ്ക്ക് പോയി വരുമ്പോൾ മദീനയിൽനിന്ന് ജിദ്ദ എയർപോർട്ടിലേക്ക് പോകുംവഴി ചായ കുടിക്കാൻ ഒരു റസ്റ്റോറന്റിൽ ഇറങ്ങിയപ്പോൾ ഒരു ലബനാനി മുസ്‌ലിം പെണ്ണ് നല്ല സിഗരറ്റ് വലി. അവരോട് അടുക്കാൻ ശ്രമിച്ചെങ്കിലും അവർ കാര്യമായി സംസാരിക്കാൻ കൂട്ടാക്കിയില്ല. ഈയിടെ ഒരു സുഹൃത്ത് രണ്ട് ഈജിപ്ഷ്യൻസുമായി ഹുക്ക വലിക്കണ കഥ പറയുകയുണ്ടായി. മിസ്‌രിപ്പെണ്ണിന് ആണിനേക്കാൾ വലിയ വലിയാണെന്ന്. ബീഹാറിലെ വിദൂര ഗ്രാമത്തിലും മിസ്‌റിന്റെ സുന്ദരമായ തെരുവുകളിലും വലിക്കുന്നവർ ഉണ്ട്, സ്ത്രീകളിൽ. ഇനി കേരളത്തിലെ പെണ്ണുങ്ങൾക്കെന്നാണാവോ ഇതുകൂടി ഫാഷനായി എത്തുക?

ഗ്രാമവിവരണം പുകവലിയിലെത്തി. ഈ ഗ്രാമത്തിലെ മൊത്തം ആൾക്കാർ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിലാണെന്ന് ബോധ്യമായി. വിദ്യാഭ്യാസമില്ല, വൈദ്യുതിയില്ല. ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയം. അത്രയ്ക്ക് മോശം അവസ്ഥകൾ. ആകെപ്പാടെ അസ്വസ്ഥമായി മനസ്സ്. അരാറിയയിലെ രണ്ട് ഗ്രാമങ്ങളും വിഷൻ 2016 ന്റെ പ്രോജക്ടിൽ ഉണ്ടത്രെ. അവർക്ക് സന്തോഷകരമായ ഒരു ജീവിതം, വൃത്തിയുള്ള ചുറ്റുപാടും വൃത്തിബോധവും നൽകാൻ വിഷൻ 2016ന് സാധ്യമാകട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു.

മടക്കയാത്രയിൽ ഇരുട്ടിൽ ഇരുന്ന് ഞാനെന്റെ സാധുക്കളായ ആ ദരിദ്രമക്കളെ ഓർത്ത് കുറേ കരഞ്ഞു. മനസ്സ് അല്പമെങ്കിലും ഒന്നാശ്വാസമായെങ്കിലോ. അല്ലാഹുവിനെ ഒരുപാട് സ്തുതിച്ചു; നമ്മുടെ നാടിനെയും നമ്മുടെ സൗകര്യങ്ങളെയും ഓർത്ത്. ഞാനെന്റെ മനസ്സുമായി സംഘട്ടനത്തിലായി. എന്നെ ഇനി എന്റെ സ്‌കൂളിനേക്കാൾ ആവശ്യം ഈ സാധുക്കൾക്കാണ്. പക്ഷേ, വീട്, കുടുംബം, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ എന്താണെന്നവർക്കറിയില്ലെന്നാണ് തോന്നുന്നത്. ദേശീയഗാനത്തിന്റെ വരികൾ ആദ്യത്തേത് ചൊല്ലിയിട്ടും എല്ലാ കുട്ടികളും അന്തംവിട്ട് നിൽക്കുന്നു. ഫാത്വിഹ ഓതിച്ചപ്പോഴും കിട്ടുന്നില്ല. അപ്പോൾ നല്ല ഷർട്ടൊക്കെ ഇട്ട രണ്ട് കുട്ടികൾ ഫാത്വിഹ ഓതി. എനിക്കത്ഭുതം തോന്നി. അപ്പോൾ പറയുന്നു, ഇവർ ഈ ഗ്രാമത്തിലെ കുട്ടികളല്ല, ഏതോ വീട്ടിൽ വിരുന്ന് വന്നവരാണെന്ന്.


ഗ്രാമസന്ദർശനത്തിനിടയിൽ പരിസ്ഥിതിപ്രവർത്തകനായ റാഫി മാഷ് എല്ലാ കുട്ടികളെയും ഒരുമിച്ചുകൂട്ടി ഒരു ഹിന്ദിപാട്ട് (Rhyme) ചൊല്ലി. കുറച്ചു കഴിഞ്ഞപ്പോൾ കുട്ടികളും ഏറ്റുപാടാൻ തുടങ്ങി. ഇന്ത്യയുടെ ശക്തിയായ നാളത്തെ യുവതലമുറയാണ് വിദ്യാഭ്യാസമില്ലാതെ പാഴായിപ്പോകുന്നത്. ഇതെന്തൊരിന്ത്യ എന്നെനിക്ക് തോന്നിപ്പോയി. ലോകത്ത് ഇത്രമാത്രം ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്ന ഒറ്റ രാഷ്ട്രം നമ്മുടെ ഇന്ത്യയായിരിക്കും. സുന്ദരിയായ ഇന്ത്യയുടെ ചില വിരൂപ മുഖങ്ങൾ കാണുമ്പോൾ സങ്കടവും വേദനയും ഉണ്ട്. എല്ലാ നാട്ടിലും കാണുമായിരിക്കും ഇത്തരം അവസ്ഥകൾ. ഈജിപ്തിൽ 17 മില്യൻ നിരക്ഷരരാണെന്ന് ഈയിടെ വായിക്കുകയുണ്ടായി. അല്പമെങ്കിലും പൗരബോധമുള്ളവർ ആലസ്യം വിട്ടൊഴിഞ്ഞ് കഴിയുംവിധം സേവനപ്രവർത്തനങ്ങളിൽ വ്യാപൃതരാവട്ടെ. ധൂർത്തും ദുർവ്യയവും ഒഴിവാക്കി ഓരോ പൈസയും സഹജീവികളുടെ പശിയടക്കാൻ വ്യയം ചെയ്യാൻ സാധ്യമാറാകട്ടെ.

ഞങ്ങൾ ദീർഘമായ യാത്രചെയ്ത് രാത്രി എട്ടുമണിയോടെ ലോഡ്ജിൽ തിരിച്ചെത്തി. നാളെയും ഗ്രാമസന്ദർശനവും കോസിനദി ദുരന്തബാധിതപ്രദേശ സന്ദർശനവുമാണ്. 100 കിലോമീറ്ററിലധികം ദൂരമുണ്ട്. വേഗം റെഡിയാകണം എന്ന് അറിയിപ്പുണ്ടായി. അതിരാവിലെ റെഡിയായി. അതിനുമുമ്പ് ഞാനൊന്ന് ആ ലോഡ്ജിന്റെ താഴെയുള്ള സ്ഥലങ്ങൾ കാൽനടയായി സന്ദർശിക്കാമെന്ന് കരുതി ഇറങ്ങി. പക്ഷേ, തീർത്തും മലിനമായ സ്ഥലം. കച്ചറ കൂമ്പാരമായി കിടക്കുന്നു. പന്നികൾ അതിൽ ഭക്ഷണം തേടി കുത്തിമറിക്കുന്നു. അവിടെ വലിയൊരു പള്ളി ഉണ്ടെന്നറിഞ്ഞു. പുരുഷന്മാരെല്ലാം സുബ്ഹിക്ക് പള്ളിയിൽ പോയിരുന്നു. വൃത്തിരഹിതമായ ചുറ്റുപാടാണെങ്കിലും കാലത്തെ ചായ ഒരു പതിവായതിനാൽ അവിടത്തെ പെട്ടിക്കടയിൽ നിന്നൊരു ചായ കുടിച്ചു. വണ്ടികൾ വന്നു. തലേദിവസത്തെപ്പോലെ ഇന്നും ഭക്ഷണം പാക്ക്‌ചെയ്ത് ഓരോ വണ്ടികളിലും കയറ്റി. കുറേ ദൂരം യാത്രചെയ്ത്, പലതരം പ്രകൃതിദൃശ്യങ്ങൾ പിന്നിട്ട് വണ്ടി നല്ല വേഗതയിൽ പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒരു സ്ഥലത്തെത്തിയപ്പോൾ എല്ലാ വണ്ടികളും എത്താൻ വേണ്ടി ഞങ്ങളുടെ വണ്ടി നിർത്തി. അപ്പോഴേക്കും കുടിലുകളിൽനിന്ന് നാലും അഞ്ചും അതിൽ താഴെയും വയസ്സുള്ള കുട്ടികൾ എത്തിത്തുടങ്ങി. അവർക്ക് നമ്മൾ പറയുന്നതൊന്നും മനസ്സിലാകുന്നില്ല. ഒരു കുളം നിറയെ വലിയ മഞ്ഞത്തവളകൾ. തലേദിവസം മഴപെയ്തതിനാൽ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ജീവിതത്തിലാദ്യം കാണുന്ന ദൃശ്യമാണ് - മഞ്ഞനിറമുള്ള പോക്കാൻ തവളകൾ. അവയുടെ വലിയ ശബ്ദവും ചാട്ടവുമൊക്കെ എല്ലാവരും വീഡിയോയിലേക്കും പകർത്തി.

കുറേ യാത്ര ചെയ്ത് ജമാഅത്ത് ഏറ്റെടുത്ത് നടത്തുന്ന ഒരു സ്‌കൂളിലെത്തി. വല്ലാത്ത ഹൃദയസ്പൃക്കായിരുന്നു ആ സ്‌കൂൾ. ക്ലാസ്‌റൂമുകളിൽ -ചെറിയ ക്ലാസ്സുകളിൽ- പ്ലാസ്റ്റിക് ചാക്കുകളിലാണ് കുട്ടികൾ ഇരിക്കുന്നത്. പഴയ ഓത്തുപള്ളിയെ ഓർമിപ്പിക്കുംവിധത്തിൽ ഇംഗ്ലീഷ് വായിക്കുന്ന കുട്ടികൾ. ഒരാൾ ഓരോ അക്ഷരങ്ങൾ ചൊല്ലുകയും മറ്റുള്ളവർ ഏറ്റുപാടുകയും, അവസാനം കൂട്ടി വായിക്കുകയും ചെയ്യുന്നവർ. ശ്രദ്ധിച്ചപ്പോഴാണ് അത് ഇംഗ്ലീഷ് വാക്കുകളാണെന്ന് മനസ്സിലായത്. ഒരധ്യാപികയായതിനാലാവും ക്ലാസ്സുകളിലൊക്കെ കയറിച്ചെന്നപ്പോൾ എന്തോ വല്ലാത്തൊരു അഭിമാനം... സന്തോഷം. ഇപ്പോഴും ഓർക്കുമ്പോൾ കണ്ണുകളിൽ നനവ്. ആദ്യം ഞാൻ യു.കെ.ജി. ക്ലാസ്സുപോലുള്ള ഒന്നിൽ കയറി. ഞാൻ ടീച്ചറാണെന്ന് പരിചയപ്പെടുത്തിയപ്പോൾ ഒരു മോൻ ഒരു കുറ്റിച്ചോക്ക് കൊണ്ടുതന്നു. രണ്ടുപേർ മരത്തിന്റെ അരബോർഡ് എനിക്കെഴുതാനായി കൊണ്ടുവന്നു. സഹയാത്രികരിൽ ഒരാൾ വന്ന് കുട്ടികൾക്ക് നല്ലൊരു പടം വരച്ചുകൊടുത്തു. ക്ലാസ്സുകളൊക്കെ ചെറ്റപ്പുരകളാണ്. ഒരു ഭാഗം മാത്രം ബിൽഡിങ്. അവിടെ ഒരു ക്ലാസ്സിൽ കയറി. നാല് പെൺകുട്ടികൾ. 10-ാം ക്ലാസ്സുകാരാണവർ. 

അവരുടെ ബുക്കുകളൊക്കെ ഹിന്ദിയിലാണ്. ഞാൻ ഇംഗ്ലീഷ് ടെക്സ്റ്റ്ബുക്കെടുത്ത് വായിക്കാനാവശ്യപ്പെട്ടു. എല്ലാ കുട്ടികളും വളരെ നന്നായിട്ടല്ലെങ്കിലും ഒരുവിധമൊക്കെ വായിക്കുന്നുണ്ട്. എല്ലാവരും വായിക്കുന്നതിനുമുമ്പ് 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ) എന്ന് ചൊല്ലുന്നുണ്ട്. അധ്യാപകരുമൊക്കെയായി സംസാരിച്ചു. രണ്ട് അധ്യാപികമാരും ഉണ്ട്. നാശ്ത്ത സ്‌കൂളാണത്. ഉച്ചവരെയേ ഉള്ളൂ. പക്ഷേ, നാശ്ത്ത കൊടുക്കും, കുട്ടികൾ സ്‌കൂളിൽ വരാൻ വേണ്ടി. എല്ലാ ക്ലാസ്സുകളും ഓരോ ഡിവിഷൻ. 15-20 കുട്ടികളുള്ളതായി കണ്ടു. വലിയ ക്ലാസ്സുകളിൽ 5-10 എന്ന രീതിയിലും.


അവിടെ വലിയ സന്തോഷകരമായൊരു കാര്യം ശ്രദ്ധയിൽ പെട്ടു. ഒരു പള്ളി. അത് പണിത ആളുടെ പേര് ഞാൻ വായിച്ചു. എന്റെ മമ്മുണ്ണി മൗലവിയുടെ സുഹൃത്തായ മുവൈജഈ എന്ന അറബിയുടെ മകൾ മുഅ്ദ പണിയിച്ചതാണ്. പടച്ചവനേ, മമ്മുണ്ണി മൗലവി എന്ന മഹാന്റെ കൈകൾ ബീഹാറിന്റെ ഈ ഒറ്റപ്പെട്ട ഗ്രാമത്തിലും. ഞാനത് ഫോട്ടോ എടുത്തപ്പോൾ കണ്ണ് നിറഞ്ഞുപോയി. ചില മനുഷ്യരുടെ സേവനത്തിന്റെ ആഴവും പരപ്പും ഓർത്തപ്പോൾ. മമ്മുണ്ണിമൗലവി എന്റെ പ്രിയപ്പെട്ട ഉസ്താദാണല്ലോ എന്നോർത്തപ്പോൾ വല്ലാത്ത സന്തോഷം. ഇതൊക്കെ ചിന്തിച്ചുനിൽക്കുന്നതിനിടയിൽ സംഘാംഗങ്ങൾ പോയിരുന്നു. എല്ലാ മക്കളോടും അധ്യാപകരോടും സലാം പറഞ്ഞ് തിരക്കിട്ട് പോന്നു. അപ്പോഴുണ്ട് വഴിയിൽ വീണ്ടും കുളത്തിൽ മഞ്ഞ പോക്കാൻതവള. അടുത്ത് ചെന്ന് ക്യാമറയിൽ പകർത്തി.

പിന്നീട് ഞങ്ങൾ പോയത് അതിനടുത്തായി ജമാഅത്ത് പണിതുകൊടുത്ത ചില വീടുകൾ കാണാനാണ്. ഒറ്റമുറി വീടുകളാണ്. എനിക്കെന്തോ അവിടെയൊക്കെ സംസാരിക്കാനും നടക്കാനും അധികം താൽപര്യം തോന്നിയില്ല. കാരണം, സ്‌കൂൾ എന്റെ മനസ്സിൽനിന്ന് പോയിരുന്നില്ല; ആ മക്കളും ചാക്ക് സീറ്റുകളും. മണ്ണ് നനവുള്ളതായിരുന്നു. പക്ഷേ, അവിടെ അധികം ഇറങ്ങാതെ നിന്നതുകൊണ്ട് എനിക്കൊരു ഹിന്ദുസ്ത്രീയുടെ ആതിഥേയത്വം നഷ്ടമായി. ഹസീനയും ഹംസയും മറ്റും പോയി. അവർ വളരെ ഹൃദ്യമായി അവരെ സ്വീകരിച്ചു. അധിക വീടുകളും കുടിലുകളാണ്. കക്കൂസുകളില്ല. വണ്ടി ചെന്നുനിന്നത് ആ കുടിലുകളുടെ വെളിമ്പ്രദേശത്തായിരുന്നു. അതിനാൽത്തന്നെ ഒരു മടുപ്പ് തോന്നി. വേഗം പോന്നാൽ മതി എന്നായി.

പിന്നീട് ഞങ്ങൾ പോയത് കോസിനദിക്കരയിലേക്കാണ്. ആ കര നേപ്പാളിലും ഇന്ത്യയിലും ആണെന്നപോലെയാണ്. അധികവും നേപ്പാളികളാണ്. കോസിനദിയുടെ നല്ല സുന്ദരമായ ദൃശ്യമായിരുന്നു അവിടെ. ഒരു റിസർവോയറുണ്ടവിടെ. സംഘാംഗങ്ങൾ അധികവും അതിന്റെ പാലത്തിലൂടെ നടന്ന് ഒരു പൊക്കത്ത് കയറി. ജമീലാക്ക് (കരുവാരക്കുണ്ട്) ഞാനും കയറണമെന്ന് നിർബന്ധം. അല്പം പ്രയാസപ്പെട്ടാണെങ്കിലും ആ പൊക്കത്തിലേക്ക് വലിഞ്ഞുകയറി. അതീവസുന്ദരമായ ദൃശ്യം. കടൽപോലെ പരന്നൊഴുകുന്ന കോസിനദി. ഒരു സ്ഥലവും കാണാതെയും കയറാതെയും വിടാത്ത സംഘം. അന്വേഷണത്തിന്റെയും അറിവിന്റെയും അലച്ചിലിന്റെയും ദിനരാത്രങ്ങൾ. ശരിയാണ്, ഒരു ദൃശ്യവും കാണാതെ വിട്ടുകൂടാ. ഒരനുഭവവും അനുഭവിക്കാതെ നീങ്ങരുത്. അല്പം മടിപിടിച്ചപ്പോൾ നഷ്ടമായത് ആ ഹിന്ദുസഹോദരിയുടെ ആതിഥ്യമാണ്. പക്ഷേ, എപ്പോഴും ശരീരം എല്ലാത്തിനും ഫിറ്റാകുകയില്ലല്ലോ. എന്നാലും ഇത്രയൊക്കെ കാണാനും മറക്കാതെ കടലാസിലേക്ക് പകർത്താനും കഴിവ് തന്ന നാഥനെ സ്തുതിക്കുന്നു. വാസ്തവത്തിൽ ഞാനെന്റെ സുഹൃത്തുക്കളുമായി ഇത് പങ്കിടുമ്പോൾ എന്നെ ശുദ്ധീകരിക്കുകയാണ്. ദാരിദ്ര്യമെന്തെന്നറിയാതെ ജീവിക്കുന്ന നാം സഹജീവികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് വേദനിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യണം. കോസിനദിയിൽനിന്ന് യാത്രചെയ്ത് അല്പം മാറി ഒരു ഭാഗത്തായി ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കാനിരുന്നു. അടുത്തടുത്തായി കയറില്ലാതെ എരുമകളും പശുക്കളും ഒക്കെ മേയുന്നുണ്ട്. ചിലത് നമ്മുടെ നേരെ ഇപ്പോൾ വരുമെന്നോർത്ത് ചിരി വന്നു. വന്നാലത്തെ അവസ്ഥ പറഞ്ഞ് കൂട്ടുകാരുമായി കുറേ ചിരിച്ചു.

അവിടെ നിന്ന് നല്ല വെയിലത്താണ് യാത്ര. യാതൊരു തണലുമില്ലാത്ത കോസിപാലം പദ്ധതിപ്രദേശത്തേക്കാണ് പിന്നീട് ഞങ്ങൾ പോകുന്നത്. കുറച്ചുകൂടി സൂര്യന്റെ ചൂട് കുറയട്ടെ എന്ന് കരുതി ഒരു കൊച്ചു ചായക്കടയും തണലും കണ്ട സ്ഥലത്ത് എല്ലാവരും ഇറങ്ങി. വുളു എടുത്ത് ജമാഅത്തായി നമസ്‌കരിച്ചു. വിശാലമായ വയലിന്റെ ഒരു ഭാഗത്ത് കുറച്ച് മുളക്കൂടുകൾ ഉണ്ടായിരുന്നു. കുറച്ചുനേരം വിശ്രമിച്ചു. ആ ചായക്കടക്കാരൻ വൈദ്യുതി ഇല്ലാത്തതിനാൽ സോളാർ പാനലിലൂടെ വൈദ്യുതി എടുക്കുന്നു. ഞങ്ങൾ ചെറിയ വിശ്രമത്തിനുശേഷം അവസാന ഗ്രാമസന്ദർശനത്തിനായി വണ്ടിയിൽ കയറി. ദുർഘടമായിരുന്നു ആ സന്ദർശനം. ഒപ്പം ചില അറിവുകളും.

Wednesday, June 13, 2012

രുണുപർവീണിന്റെ ഗ്രാമത്തിൽ

അറാറയിൽ ഞങ്ങൾ ട്രെയിനിറങ്ങി. ഇനി വലിയ ബസ്സുകളില്ല. ഏഴു പേരുള്ള ഗ്രൂപ്പുകളായി ക്വാളിസിലാണ് യാത്ര. റെയിൽവേ സ്റ്റേഷൻ ഒരു കുഗ്രാമത്തിലാണ്. മീറ്റർഗേജായ ഒറ്റയടിപ്പാത. ട്രെയിൻ ജോഗ്ബാനി എന്ന സ്ഥലം വരെയാണ്. ബീഹാറിലെ വടക്കുകിഴക്ക് ഭാഗത്തുള്ള ഒരു ജില്ലയാണ് അരാറിയ. ദുർഘടമായ റോഡ് പിന്നിട്ട് നല്ല റോഡിലെത്തി.


വൃത്തിയുള്ള ഒരു ഹോട്ടലിലാണ് താമസം. 'എവർഗ്രീൻ' എന്നോ മറ്റോ ആണ് പേര്. പ്രഭാതഭക്ഷണം ഹോട്ടലിലുണ്ടാകുമെന്ന് അറിയിപ്പുണ്ടായി. ഒന്ന് ഫ്രഷ് ആയതിനുശേഷം ഗ്രാമസന്ദർശനത്തിന് പോകുകയാണെന്നും അറിയിച്ചു. മൂന്നു കഷണം ബ്രെഡ്, പുഴുങ്ങിയ ഒരു മുട്ട, അല്പം സോസ് - ഇതായിരുന്നു ഭക്ഷണം. എന്നാലും വൃത്തിയുള്ള ഭക്ഷണമായി തോന്നി. കേരളക്കാർക്ക് കുളി വിശേഷമാണല്ലോ. എല്ലാവരും കാലത്തും തലേന്നും പുഴയിൽ നിന്നുമൊക്കെ കുളിച്ചിരുന്നെങ്കിലും ലോഡ്ജിലെത്തിയപ്പോൾ വീണ്ടും കുളി തുടങ്ങി. കുളി പാതിയായപ്പോൾ വെള്ളം തീർന്നു. അതിനാൽ, യാത്ര അല്പം വൈകി.


ഈ യാത്ര മനസ്സിനെ വല്ലാതെ ദുഃഖിപ്പിക്കുന്നതായിരുന്നു. ഉച്ചഭക്ഷണമൊക്കെ പാർസലായി ഓരോ വണ്ടികളിലും കയറ്റി കുറേ ദൂരം യാത്ര ചെയ്ത് ഒരു ഗ്രാമത്തിലെത്തി. രുണുപർവീൺ എന്ന പെൺകുട്ടിയെ കണ്ടെത്തിയ ഗ്രാമം. ആദ്യം ഞങ്ങൾ ഉച്ചഭക്ഷണത്തിനും നമസ്‌കാരത്തിനുമായി ജമാഅത്ത് പ്രവർത്തകനായ ഒരു സുഹൃത്തിന്റെ വീട്ടിൽ ഇറങ്ങി. അദ്ദേഹത്തിന്റെ ഭാര്യവീടാണെന്ന് തോന്നുന്നു. ഭാര്യ ബി.എസ്‌സി. ഹോംസയൻസ് കഴിഞ്ഞ സ്ത്രീയാണ്. അവരവിടത്തെ ജമീന്ദാരികളാണ്. കൂടാതെ ബിസിനസ്സും ഉണ്ട്. വളരെ വലിയ പണക്കാരാണെന്ന് തോന്നുന്നു. എങ്കിലും അവരൊക്കെ ടോയ്‌ലറ്റ് സംസ്‌കാരം വേണ്ടവിധം ശീലിച്ചിട്ടില്ലാത്തതുപോലെ. പൊട്ടിപ്പൊളിഞ്ഞ ഒരു ടോയ്‌ലറ്റ്. പൈപ്പില്ല. ചാമ്പ്‌പൈപ്പിൽനിന്ന് വെള്ളം എടുത്തുകൊണ്ട് പോവുകയാണ് ചെയ്യുക. കേരളത്തിലെ വീടുകളിലെ ടോയ്‌ലറ്റും ഇതും താരതമ്യം ചെയ്യാനാകില്ല.


ഭക്ഷണശേഷം ഞങ്ങൾ ഇവരുടെ തൊട്ടടുത്ത് നിന്നാരംഭിക്കുന്ന കോളനികളിലേക്കാണ് പോയത്. മേൽക്കൂര തീരാത്ത മതിൽപ്പൊക്കമുള്ള ഒരു പള്ളിയാണാദ്യം ഞങ്ങളെ എതിരേറ്റത്. ഞങ്ങൾ ഓരോ കുടിലുകളിലും കയറി വിശേഷങ്ങളന്വേഷിച്ചു. ചെല്ലുന്ന വീടുകളിലെ കുട്ടികൾ കൂട്ടംകൂട്ടമായി ഞങ്ങളോടൊപ്പം ചേരുകയാണ്. അദ്ഭുതജീവികളെ കണ്ടപോലെ. ആദ്യം മുതൽ അവസാനം വരെ ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ഞങ്ങളുടെ തൊട്ട് നടക്കുകയായിരുന്നു. ഫോട്ടോയിൽ ഞാൻ ചേർത്തുപിടിച്ച കുട്ടികൾ. എന്തോ അവരോട് പ്രത്യേകമായൊരു ഇഷ്ടം തോന്നി. അവർ എന്നെയും വിട്ടിരുന്നില്ല. നിഷ്‌കളങ്കതയുടെ നിറകുടങ്ങൾ. അവരെ നമ്മൾ അല്പം ഒന്ന് താലോലിക്കുകയോ പുന്നരിക്കുകയോ ചെയ്താൽ അവർ നമ്മെ വിട്ടുമാറുകയില്ല.


വീടുകളിൽ പല പല കാര്യങ്ങൾ കണ്ടു. ചോളം വൃത്തിയാക്കുന്ന ചിലർ, മുളക് ഉണക്കുന്നു, സൂര്യകാന്തി വിത്ത് ഉണക്കുന്നു. വല്ലാത്തൊരു ഗ്രാമം. നിറയെ കുട്ടികളും സ്ത്രീകളും വൃദ്ധന്മാരും ഉണ്ട്. നമ്മുടെ ജമീന്ദാരിയുടെ ഭൂമിയിലെ പണിക്കാരും ഉണ്ട് ഇവരിൽ.


ഞങ്ങൾ തണൽവഴികളിലൂടെ കുറേ ദൂരം പിന്നിട്ടു. പ്ലസ്ടുവിന് പഠിക്കുന്ന, നന്നായി വസ്ത്രം ധരിച്ചവരും ഉണ്ട് കൂട്ടത്തിൽ. അവരും സ്‌നേഹത്തോടെ ഞങ്ങളോടൊപ്പം നടക്കുന്നുണ്ട്. ധാരാളം ഫോട്ടോകൾ എല്ലാവരും എടുത്തു. മൂക്കിന് കാൻസർ ബാധിച്ച്, മൂക്ക് തുണികൊണ്ട് മൂടിക്കെട്ടിയ ഒരു വൃദ്ധൻ. ചാണകമുള്ള ഒരു മുറ്റത്തിരിക്കുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ ആരും സമ്മതിച്ചില്ല. അങ്ങനെ കരളലിയിക്കുന്ന കുറേ അനുഭവങ്ങൾ.


ഒരു സെന്റിൽ രണ്ടും മൂന്നും വീടുകളാണ്! പരസ്പരം മുഖത്തോടുമുഖമുള്ള വീടുകൾ; നാല് വീടിന് ഒരു മുറ്റം എന്ന നിലയിൽ. അങ്ങനെ ഞങ്ങൾ നടന്നപ്പോൾ 100-നു മുകളിൽ വയസ്സുള്ള പടുവൃദ്ധർ. ആ ഗ്രാമത്തിലും തൊട്ടടുത്ത മറ്റൊരു ഗ്രാമത്തിലും ഇത്തരം വൃദ്ധരെ കണ്ടു.


കുട്ടികളിൽ പോഷകക്കുറവിന്റെ ലക്ഷണങ്ങൾ ദൃശ്യമാണെന്ന് ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഡോ. സുലൈമാൻ അഭിപ്രായപ്പെട്ടു. നടത്തം തുടരവെ നല്ലൊരു വീട് കണ്ടു. ഞങ്ങളെ കണ്ടപ്പോൾ ഗൃഹനാഥൻ പുറത്തേക്ക് വന്നു. അദ്ദേഹം അവിടത്തെ സ്‌കൂളിലെ ഗവ. ഉറുദു അധ്യാപകനാണ്. നല്ല തടിയുള്ള ഒരാൾ. ഇത് കണ്ടിട്ട് ഇക്ക ഒരു അഭിപ്രായപ്രകടനം നടത്തി - കണ്ടാ, ഗവൺമെന്റ് സർവീസിലായപ്പോൾ കുടവയറും മറ്റും. വയലിൽ അധ്വാനിക്കുന്നവരെ കണ്ടോ? മെലിഞ്ഞ പ്രകൃതം. നാം ഈ ജനതയെ ഉദ്ധരിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ തനത് ജീവിതശൈലികൾ നഷ്ടമാകാതെ നോക്കേണ്ടതുണ്ട്. അവർക്ക് കൃഷിയിലും മറ്റും ധാരാളം പൈതൃകമായ അറിവുകളുണ്ട്. അത് നഷ്ടപ്പെടാതിരിക്കാൻ വിഷൻ-2016 ൽ പ്രവർത്തിക്കുന്നവർ കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ബീഹാറിലും ബംഗാളിലും പോയി മറ്റൊരു കേരളത്തെ ഉണ്ടാക്കിയെടുക്കാൻ ദയവുചെയ്ത് ശ്രമിക്കരുത്. മറിച്ച്, അവരുടെ നല്ല അറിവുകളെ നമ്മൾ സ്വാംശീകരിക്കാൻ ശ്രമിക്കണം. ഗ്രാമാനുഭവങ്ങൾ ഇനിയും ഉണ്ട്. ഈ ഗ്രാമത്തിലെ വിശേഷങ്ങൾ തന്നെ തീർന്നിട്ടില്ല.


ഗ്രാമസന്ദർശനത്തിനിടയിൽ മനസ്സിൽ തങ്ങിനിൽക്കുന്ന കാര്യങ്ങൾ മാത്രമാണെഴുതുന്നത്. കുറേ നടന്നപ്പോൾ ഒരു വീട്ടിലെത്തി - ആറ് അംഗങ്ങളും അന്ധർ. നാല് പുരുഷന്മാരും രണ്ട് സ്ത്രീകളും. അവരുടെ മക്കൾക്ക് പക്ഷേ അന്ധതയില്ല. ഗ്രാമത്തിലെ വയലുകളിലൂടെയൊക്കെ നടന്ന് ക്ഷീണിച്ചവശരായി എല്ലാവരും വലിയൊരു വൃക്ഷത്തണലിൽ ഇരുന്നു.


അപ്പോൾ എന്നോട് കൂട്ടത്തിലെ ഹസീന (ഗവ. നഴ്‌സ്) പറഞ്ഞു: ടീച്ചറേ, ഈ കുട്ടി കുറേ നേരമായി നമ്മളെ അവളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു. ഞാനവളുമായി കൂടുതൽ അടുത്ത് സംസാരിച്ചു. നല്ല മുഖദൃഷ്ടിയുള്ള ഒരു പത്തുവയസ്സുകാരി. പേര് രുണു പർവീൺ. പെട്ടെന്ന് തസ്‌ലീമാ നസ്‌റീന്റെ 'എന്റെ പെൺകുട്ടിക്കാലം' എന്ന നോവലിലെ രുണു ചെറിയമ്മയെയാണ് എനിക്കോർമ വന്നത്. അവളുമായി കൂടുതൽ അടുത്തപ്പോൾ അവളുടെ ഉമ്മ മൂന്നു മാസം മുമ്പ് ബ്രെയിൻ ട്യൂമർ ബാച്ച് മരിച്ചെന്നും താഴെ മൂന്ന് കുട്ടികൾ ഉണ്ടെന്നും പിതാവ് രണ്ടാമതൊരു കല്യാണം കഴിച്ചെന്നും പിതാവിന് കല്യാണവീടുകളിൽ ഡാൻസ് ചെയ്യലാണെന്നും തുടങ്ങി കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. പറഞ്ഞുതീർന്നപ്പോഴേക്ക് അവളുടെ മുഖം മാറി. ഞാൻ കരഞ്ഞുപോയി. ഇത് കണ്ട സുഹൃത്തുക്കൾ പറഞ്ഞു: ടീച്ചർ ഒന്ന് ചെല്ല്, അവളുടെ വീടുവരെ. അവളുടെ ആവശ്യമല്ലേ. അങ്ങനെ ഞാനും ഹസീനയും ഡോ. സുലൈാനും ആദംസ്വാലിഹും മറ്റ് രണ്ടു കുട്ടികളും കൂടി അവളുടെ വീട്ടിലേക്ക് വെച്ചുപിടിച്ചു.


യാത്രചെയ്ത് ക്ഷീണിച്ച മൂസാനബി (അ) പെൺകുട്ടികൾക്ക് വെള്ളം കോരാൻ കല്ല് പൊക്കിക്കൊടുത്ത മാതൃകയുടെ ഒരു ആയിരം ആശംമെങ്കിലും നമ്മളും കരുണ കാട്ടേണ്ടേ? മൂസാ (അ)ന്റെ നടത്തംമൂലം ചെരുപ്പൊക്കെ തേഞ്ഞുപോയിരുന്നത്രെ! നഖമൊക്കെ പൊട്ടി ചോര ഒലിച്ചിരുന്നു! നമ്മൾ ആ മഹാന്മാരുടെ മാതൃകകളിലേക്ക് എന്നെത്താൻ? ഏതായാലും ഞങ്ങളുടെ കൊച്ചുസംഘം അവളുടെ പിതാവുള്ള വീട്ടിലെത്തി. ഹാറൂൺ എന്നാണ് പിതാവിന്റെ പേരെന്ന് ഞാനാദ്യം അവളിൽനിന്ന് മനസ്സിലാക്കിയിരുന്നു. അവളുടെ ആവശ്യം പഠിക്കണമെന്നതാണ്. ഞങ്ങളെ രുണുമോൾ കസേരയിട്ട് മുറ്റത്തിരുത്തി. ഞാനാദ്യമായി ഗ്രാമത്തിലെ ചാമ്പുപൈപ്പിലെ വെള്ളം കുടിച്ചതപ്പോഴാണ്. നല്ല ക്ഷീണം. ''രുണൂ, ധോഡാ പാനീ'' - രുണു വേഗം സ്റ്റീൽഗ്ലാസ്സിൽ സന്തോഷപൂർവം വെള്ളം കൊണ്ടുതന്നു. ഹാറൂൺഭായീ എന്ന് സംബോധന ചെയ്ത് സംസാരം തുടങ്ങി. രുണുവിനെ പഠിപ്പിക്കണം. അപ്പോൾ ഹാറൂൺഭായിയുടെ മറുപടി: എന്തിനാ പഠിക്കണത്? ഇവരൊക്കെ സ്‌കൂളിൽ പോകുന്നും വരുന്നും ഉണ്ട്. ഒന്നും അറിയില്ല. അതിലും ഭേദം വീടാണ്. എങ്ങനെ ഞങ്ങൾ ഇതിനെ ഖണ്ഡിക്കും? ഡോ. പറഞ്ഞു: കാശില്ലാഞ്ഞിട്ടാണ് പഠിപ്പിക്കാത്തതെങ്കിൽ ഞങ്ങൾ പഠിപ്പിക്കാം. അപ്പോൾ അയാൾ ഞങ്ങളുടെ മൊബൈൽനമ്പർ ആവശ്യപ്പെടുകയാണ്. ചർച്ച മൂത്തുവന്നപ്പോഴേക്ക് എന്റെ മൊബൈലിലേക്ക് നദീറിന്റെ വിളി, ഞങ്ങളെ കാണാഞ്ഞിട്ട്. 'ഇതാ എത്തി' എന്ന് മറുപടി കൊടുത്തു. ഖുദാ ഹാഫിസ് ഒക്കെ പറഞ്ഞ് ആ മോളോടും കുടുംബത്തോടും യാത്രപറഞ്ഞ് ഞങ്ങൾ തിരക്കിട്ട് നടക്കാൻ തുടങ്ങി.


വീടിനടുത്ത് നദീർ ബൈക്കുമായി വന്നിരിക്കുന്നു. വണ്ടിയിൽ തിരിച്ചെത്തിയപ്പോൾ ഇക്കാടെ വക ദ്വേഷ്യം. ഒരു സംഘത്തിലാകുമ്പോൾ എത്ര വലിയ വിഷയമാണെങ്കിലും ഒറ്റതിരിഞ്ഞ് പോകരുത്. മനസ്സാകെ കലങ്ങി. പോയ കാര്യത്തിന് ഒരു തുമ്പും ഉണ്ടായതുമില്ല. അല്പം നീരസം ബാക്കിയുമായി. എന്തായാലും രുണു പർവീണിനെ പോലെയുള്ള കുട്ടികളെ വിഷൻ 2016 പ്രത്യേകം ശ്രദ്ധിക്കാൻ അപേക്ഷിക്കുന്നതിന് ഈ സംഭവം സഹായകമായി. ഇപ്പോഴും എന്റെ മനസ്സിൽ നീറ്റൽ. എന്റെ രുണുപർവീണും മറ്റു പാവം മക്കളും ഇപ്പോൾ എന്തെടുക്കുകയാവും? അവരുടെ ജീവിതം എവിടെയെങ്കിലുമൊക്കെ വെച്ച് കാലിടറിപ്പോകില്ലേ? പിതാവ് ഒരു പെൺമുഖച്ഛായ ഉള്ള ആൾ. ഡാൻസിനു വേണ്ടി പുരികമൊക്കെ പ്ലക്ക് ചെയ്ത രൂപം.


ഈ സാധുക്കളായ, ദരിദ്ര ഗ്രാമീണർക്ക് ഒരു കൈത്താങ്ങാവാൻ സാധിക്കുന്ന ഉമറുമാർ, ജയപ്രകാശ് നാരായണന്മാർ, മദർതെരേസമാർ എവിടെ? തിരശ്ശീലയിൽ ഇരുട്ട് മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്. ആ കുഞ്ഞുങ്ങൾക്ക് ഒരു മിഠായി പോലും കൊടുക്കാനാവാത്ത ദുഃഖം ഹൃദയത്തിൽ തളംകെട്ടി നിൽക്കുന്നു. പരിഹാരങ്ങൾക്കായി മനസ്സ് ഉഴറുകയാണ്; പോയ ഗ്രാമങ്ങളിലൊക്കെ ഇനിയും പോകാൻ... അവരുമായി സ്‌നേഹം പങ്കിടാൻ...


ഇല്ല, ഞാനിതിൽ തോൽക്കില്ല. എന്റെ വരുമാനത്തിന്റെ ഒരു പങ്ക് എന്റെ ആ കുഞ്ഞുങ്ങൾക്കും ഉണ്ട് ഇനിമുതൽ. പടച്ചവനേ, ഈ മാർഗത്തിൽ നീ മാത്രം തുണ. വിഷൻ പറയുന്നത് ധനവിഭവത്തെക്കാൾ അവിടെ വേണ്ടത് മനുഷ്യവിഷവമാണെന്ന്. സംസ്‌കരിക്കാൻ കഴിവുള്ള വളണ്ടിയർമാരെയാണെന്ന്. ഞാനെന്റെ 'പേന' അവർക്കായി സമർപ്പിക്കുന്നു. രുണുമോളേ, നിന്റെ മോചനം വിദൂരത്തല്ല. വിഷൻ 2016 തീർച്ചയായും നിന്നെ വിദ്യാസമ്പന്നയാക്കും, സംസ്‌കാരമുള്ളവളാക്കും. ഇത് ഒരു രുണു മാത്രം. എത്ര രുണു പർവീൺമാർ നമ്മെ കാത്തിരിക്കുന്നു.

Sunday, June 10, 2012

ബീഹാറിന്റെ ദൈന്യമുഖം

മഹാനദിക്കരയിലെ ഗ്രാമത്തോട് മനമില്ലാ മനസ്സോടെ യാത്രപറഞ്ഞ് ഞങ്ങൾ മാൽഡാ ടൗണിനടുത്തുള്ള ഉസ്മാനിയ ഇസ്‌ലാമിക് സ്‌കൂളിലേക്ക് നീങ്ങി. പുതിയ സ്‌കൂളാണ്. അവിടെയാണ് ഞങ്ങൾക്ക് താമസം. പക്ഷേ, ചൂടുകൊണ്ട് യാതൊരു നിവൃത്തിയുമില്ല. ഫാനൊന്നും ഏശാത്ത ചൂട്. പോരെങ്കിൽ പുതിയ ബിൽഡിങ്ങിൽ വൈറ്റ്‌വാഷ് കഴിഞ്ഞതിന്റെ പൊടിയും. സ്‌കൂളിനുള്ളിൽ ഉറക്കം സാധ്യമല്ല എന്ന് മനസ്സ് പറഞ്ഞു. ആതിഥേയർ ഞങ്ങൾക്കുവേണ്ടി കോസടികളും വിരിപ്പും തലയണകളും ഏർപ്പാട് ചെയ്ത് വിരിച്ചിരുന്നു. സഹയാത്രികയായ ഹസീനയെയും കൂട്ടി പുറത്ത് ബെഞ്ചിട്ട് കിടക്കാൻ തീരുമാനിച്ചു. കുട്ടികളും സംഘത്തിലെ അധികപേരും ചൂട് സഹിക്കാനാവാതെ ബെഞ്ചിട്ട് പുറത്ത് കിടക്കാൻ തുടങ്ങിയിരുന്നു. വിശാലമായ മുറ്റമായതിനാൽ ഞാനും ഹസീനയും അവരിൽനിന്നൊക്കെ കുറേ മാറി നാല് ബെഞ്ച് കൂട്ടിയിട്ട് കിടന്നു. നല്ല സുഖശീതളമായ കാറ്റ്. നായ വരുമോ എന്ന പേടി ഉണ്ടായിരുന്നെങ്കിലും അത് തൽക്കാലം മറന്നു. എനിക്കാകെ ജീവികളിൽ പാമ്പിനെ മാത്രമേ വലിയ പേടിയുള്ളൂ. നായയെ പലരും പേടിക്കുന്നത് കാണുമ്പോൾ എന്തിനാണിങ്ങനെ പേടിക്കുന്നത് എന്ന് തോന്നാറുണ്ട്. ആകാശത്ത് ഇടക്കിടെ ഇടിമിന്നൽ ഉണ്ടായിരുന്നു.

ഒന്നുരണ്ട് മണിവരെ ഉറങ്ങിക്കാണും. പിന്നെ കൊതുകുശല്യം. അത് രൂക്ഷമായപ്പോൾ ഞങ്ങൾ റൂമിലേക്കുതന്നെ കയറിക്കിടന്നു. മൂന്നേമുക്കാലായപ്പോൾ എണീറ്റു. രണ്ട് ബസ്സുകളിലായി വെളുപ്പിനുതന്നെ മാൽഡാ ടൗൺ റെയിൽവേ സ്റ്റേഷനിലെത്തി. സ്‌കൂളുകളിൽ കിടന്ന രണ്ട് ദിവസവും രാത്രി നല്ല ഭക്ഷണമായിരുന്നു. കോഴിയും ആടുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ, ഉപ്പ് അതികഠിനം. കറി രസമുണ്ടെങ്കിലും ഉപ്പ് അതിനെ മടുപ്പിച്ചു.

മാൽഡാ ടൗൺ റെയിൽവേസ്റ്റേഷനിലെത്തിയപ്പോൾ ആദ്യം എതിരേറ്റത് ക്രിമിനലുകളുടെയും മയക്കുമരുന്നുപയോഗിക്കുന്നവരുടെയും ഫോട്ടോ സഹിതമുള്ള ലിസ്റ്റും 'സൂക്ഷിക്കണം' എന്ന ബോർഡും. ഉള്ളിലൊരു നൊമ്പരവും പ്രയാസവും തോന്നി. ഞാനടുത്തുചെന്ന് ലിസ്റ്റ് വായിച്ചുനോക്കി. മുസ്‌ലിം പ്രാതിനിധ്യം നന്നായുണ്ട്; ഹിന്ദു പ്രാതിനിധ്യവും. വഴിയിൽ മുഴുവൻ യാചകരും മറ്റും തലങ്ങും വിലങ്ങും കിടക്കുകയാണ്. ബാഗൊക്കെ നന്നായി സൂക്ഷിച്ചുകൊണ്ടാണ് നടന്നത്. നേരം വെളുക്കുന്നതേയുള്ളൂ. ട്രെയിൻ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് വരിക. അതിനാൽ പാലം കയറി അപ്പുറത്തേക്ക് കടക്കണം. എന്റെ ലഗേജ് കുട്ടികൾ എടുത്ത് കോണി കയറ്റി. സഹായികളായ ആ സഹയാത്രികരെ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. യാത്രയിലുടനീളം ഈ അനുഭവമുണ്ടായി.


ട്രെയിൻ വരാറായിത്തുടങ്ങി. കോ-ഓർഡിനേറ്റർമാർ ഓരോ സംഘത്തിന്റെയും കോച്ച്‌നമ്പരും സീറ്റ്‌നമ്പരും പറഞ്ഞുതന്നു. ബീഹാറിലേക്കാണ് യാത്ര. ബീഹാറിലെ അരാറിയാ കോർട്ടിലേക്ക്. പോകുംമുമ്പ് നെറ്റിൽനിന്ന് ഞാൻ പോകുന്ന എല്ലാ ട്രെയിനുകളുടെ സമയവും നിർത്തുന്ന സ്റ്റേഷനുകളും മാപ്പും ശേഖരിച്ചിരുന്നു. അത് എല്ലാവർക്കും ഉപകാരപ്പെട്ടു. അല്ലെങ്കിൽ പോക്കിന് ഒരു സുഖം കാണില്ല. കൂറ കപ്പലിൽ കയറിയപോലെ എന്ന രീതിയിൽ യാത്രചെയ്യരുത്. ഇന്ത്യയുടെ ഏത് ഭാഗത്ത്, അല്ലെങ്കിൽ നമ്മുടെ നാട്ടിന്റെ ഏത് ദിശയിലാണ് നാമിപ്പോൾ എന്നൊക്കെ ഒരു ബോധം വേണ്ടേ? ഞങ്ങൾ കോണി കയറുമ്പോൾ ഇന്നലെ ഞങ്ങൾ കണ്ട പട്ടുനൂൽ വ്യവസായിയും വന്നിരുന്നു. അദ്ദേഹം ഈ വണ്ടിയിൽ ബീഹാറിന്റെ ബോർഡറായ ജോഗ്ബാനിയിലേക്കും അവിടെ നിന്ന് മൂപ്പരുടെ വ്യവസായകേന്ദ്രമായ കാഠ്മണ്ഡുവിലേക്കും പോവുകയാണ്. അദ്ദേഹം ഞങ്ങളുടെ സഹയാത്രികനായതിനാൽ വളരെ സന്തോഷം തോന്നി. അദ്ദേഹത്തിന്റെ സുഹൃത്തായ മറ്റൊരു ജമാഅത്ത് അംഗവും കൂടെയുണ്ടായിരുന്നു. അധ്യാപകനാണ്. കാഠ്മണ്ഡുവിൽ സന്ദർശനത്തിന് പോവുകയാണത്രെ! നമ്മുടെ ജമാഅത്ത് അംഗമായ വ്യവസായി ഞങ്ങളോടായി പറഞ്ഞു: നിങ്ങൾ ഇനി പോകുന്നത് ബീഹാറിലേക്കാണ്. ബാഗുകളും മറ്റും വളരെയധികം സൂക്ഷിക്കണം. ഉള്ളിലൊരു നേരിയ ഭയം തോന്നി, അദ്ദേഹത്തിന്റെ ഉപദേശം കേട്ടപ്പോൾ. പക്ഷേ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആർക്കും യാതൊരു പ്രശ്‌നവും ഉണ്ടായില്ല.

ഞങ്ങൾ എല്ലാവരും ട്രെയിനിൽ കയറി. ആ റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ട ഒരു പെൺകുട്ടിയുടെയും അവളുടെ ഒക്കത്തുള്ള ഒരു കൊച്ചുകുഞ്ഞിന്റെയും ചിത്രം! ഇന്ത്യയുടെ ദുഃഖകരമായ മുഖം! ഞാനോർക്കുകയാണ്, മഹാനായ ഖലീഫ ഉമർ ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ആ പെൺകുട്ടി തന്റെ കുഞ്ഞ്കൂടെപ്പിറപ്പുമായി ഇങ്ങനെ ഭിക്ഷാടനം നടത്തുമായിരുന്നോ? വെറുതെയാണോ ഗാന്ധി തന്റെ കുപ്പായം ഉപേക്ഷിച്ച് കുറഞ്ഞ വസ്ത്രം സ്വീകരിച്ചത്. എന്നിട്ടും ഇന്നും സ്ഥിതിഗതികൾ ശോചനീയമാണ്. വൻ കുബേരന്മാരും ഇന്ത്യയിലുണ്ട്. ഒരേ ഒരിന്ത്യ, ഒരൊറ്റ ജനത എന്ന് പറയാൻ നമുക്കെന്തവകാശം? ഒരിക്കലും ഒറ്റ ജനതയല്ല, ഉറപ്പ്. കള്ളന്മാരായ രാഷ്ട്രീയക്കാർക്ക് എന്ത് മനഃസാക്ഷി? ഞാൻ പറയുന്നത് തെറ്റാണെങ്കിൽ തിരുത്താം. എനിക്ക് പൊട്ടിത്തെറിക്കാനാണ് തോന്നുന്നത്. എന്റെ ഇപ്പോഴത്തെ ചിന്ത -കുറച്ചു ദിവസമായി- ഈ സാധുക്കൾക്കുവേണ്ടി എനിക്കെന്ത് ചെയ്യാനാകും എന്നാണ്. ഫലസ്തീനിൽ പോയപ്പോൾ കരുതിയത് അവരാണ് ഏറ്റവും ദരിദ്രരെന്ന്. നമ്മുടെ കേരളത്തിലും ഹോസ്പിറ്റലുകളിലൊക്കെ പരമദരിദ്രരെ കാണാറുണ്ട്.

ഐ.ആർ.ഡബ്ല്യുക്കാരും മറ്റ് സന്നദ്ധ സംഘടനകളും പലതും ചെയ്യുന്നുണ്ട് എന്നത് നിഷേധിക്കുന്നില്ല. അവയൊക്കെ വളരെ അപര്യാപ്തമാണ്. പടച്ചവൻ തന്നതെല്ലാം അവനുതന്നെ തിരിച്ചുകൊടുക്കണം. ധനവും ശരീരവും എല്ലാമെല്ലാം. കൊടുങ്ങല്ലൂർ ആശുപത്രിക്കടുത്ത് ആർ.എസ്.എസ്സുകാർ കഞ്ഞി കൊടുക്കുന്നതായി കേട്ടിട്ടുണ്ട്. എത്ര നല്ല മാതൃക! ആർ.എസ്.എസ്സിന് വർഗീയത ഉണ്ടെങ്കിലും ജാതി-മതഭേദമെന്യേ ആ കഞ്ഞി കുടിക്കുന്നവർ എന്തായാലും ഒരു നിമിഷം ചിന്തിക്കും. ആ കൊച്ചു പെൺകുട്ടിയും അതിന്റെ കൈയിലെ കുഞ്ഞും. അത്തരം ഒരുപാട് ദൃശ്യങ്ങൾ എല്ലായിടത്തും നാം കാണുന്നു. നമ്മെപ്പോലെ, നമ്മുടെ സഹോദരങ്ങളല്ലേ അവർ? പറഞ്ഞിട്ടെന്തു കാര്യം? നമ്മുൾ കുട്ടികളെ എത്രയാണ് ശ്രദ്ധിക്കുന്നത്? അതും മക്കൾതന്നെ. ചോരയും നീരും ഉള്ള മക്കൾ. ഒരു ജന്മം ലഭിച്ചിട്ട് പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് ജീവിക്കുന്നു - കാരുണ്യത്തിന്റെയും ആർദ്രതയുടെയും മനസ്സാണ് നാം അവർക്കുവേണ്ടി തയ്യാറാക്കേണ്ടത്. എന്തായാലും ഈ ഭരണാധികാരികൾ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. നവാഹന്തിലെ കുതിര കാലിടറി വീണാൽ താൻ ചോദ്യം ചെയ്യപ്പെടുമെന്ന് ഭയപ്പെട്ട ഉമറെവിടെ? അധികാര ദുഷ്പ്രഭുത്വത്തിന്റെ അടിമകളായി മാറിയ ഇന്നത്തെ ഭരണാധികാരികളെവിടെ?

ഉറക്കക്ഷീണം നന്നായുണ്ട്. പക്ഷേ, ഉറങ്ങിയാൽ മാൽഡ-അരാറിയ കാഴ്ചകൾ നഷ്ടമാകും. വളരെ കുറച്ചു മാത്രം വണ്ടിയിലിരുന്ന് ഉറങ്ങിയുള്ളൂ. പലരും ഉറങ്ങിപ്പോയി. ഞാനെന്നെ ബംഗാളിന്റെ താമരക്കുളങ്ങളിലേക്കും പ്രവിശാലമായ കൃഷിഭൂമികളിലേക്കും ഉണർത്തിക്കൊണ്ടിരുന്നു. കാരണം, ഉറക്കം പിന്നെയും ആകാം. ഈ കാഴ്ചകൾ നഷ്ടപ്പെട്ടുകൂടാ. അല്ലാന്റെ ഭൂമി കാണുന്ന സന്തോഷം. അതിൽ കാണുന്ന ചെറുതും വലുതുമായ ദൃശ്യങ്ങൾ ഖുർആനുമായി കൂട്ടിക്കുഴച്ച് അപഗ്രഥിക്കുകയാണ് എന്റെ ഇഷ്ടപ്പെട്ട കാര്യം. അതിനാൽ ഞാൻ ഉറങ്ങാതെ ട്രെയിനിൽ ഇടയ്ക്ക് നടന്നും ഇരുന്നും കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. അങ്ങനെ വണ്ടി അരാറിയയിലെത്തി. മാപ്പിൽ മാത്രം കണ്ട ബീഹാറിലെത്തിയിരിക്കുന്നു! മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. 

(തുടരും)

Friday, June 8, 2012

മഹാനന്ദയിലെ വിശേഷങ്ങൾ


നമ്മളിപ്പോൾ ബംഗാളിലെ നാലാമത്തെ ഗ്രാമമാണ് സന്ദർശിക്കുന്നത്. മഹാനന്ദ നദിക്കരികെ നീളത്തിൽ വീടുകൾ. അവിടെയാണ് മിടുമിടുക്കിയായ ജമാഅത്ത് അംഗമായ സുൽത്താന ഫർസാനയെ കണ്ടുമുട്ടിയത്. ചെന്നതു മുതൽ മണിക്കൂറുകൾ അവർ ഞങ്ങളോടൊപ്പം ചിലവഴിക്കുകയായിരുന്നു അവളുടെ മരുമകൻ മലപ്പുറം ജില്ലയിലെ ശാന്തപുരം ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയാണത്രെ! വെക്കേഷൻ പ്രമാണിച്ച് അവൻ പിറ്റേ ദിവസം എത്തും. എങ്കിലും ആ തിരക്കുകൾക്കിടയിലും സുൽത്താന ഞങ്ങൾക്കു വേണ്ട എല്ലാ സേവനങ്ങളും ചെയ്യാൻ മുൻപന്തിയിലുണ്ടായിരുന്നു. അവിടത്തെ കുടുംബങ്ങളധികവും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ളവർ. ജി.ഐ.ഒ., എസ്.ഐ.ഒ. ഒക്കെ അവർക്ക് വേഗം മനസ്സിലായി. നല്ല വൃത്തിയും വെടിപ്പുമുള്ള കൊച്ചുവീടുകൾ.


ഞങ്ങൾക്ക് ഉച്ചഭക്ഷണം ഒരുക്കിയത് പണ്ടുകാലത്തെ നടുമുറ്റം വീടുകളെ അനുസ്മരിപ്പിക്കുന്ന ഒരു ചെറിയ നടുമുറ്റം വീട്ടിലായിരുന്നു. അവർ നന്നായി നെൽക്കൃഷി ചെയ്യുന്നുണ്ട്. എല്ലാവരുടെ വീടുകളിലും കളിമണ്ണ് കൊണ്ടുണ്ടാക്കിയ പല ആകൃതിയിലുള്ള വൻഭരണികൾ കാണാം. 20 കൊല്ലം വരെ അത്തരം ഭരണികളിൽ ധാന്യം കേടുകൂടാതെ ഇരിക്കുമത്രെ! അത് ഉണ്ടാക്കുന്ന വിധമൊക്കെ അവർ പറഞ്ഞുതന്നു. മണ്ണ് നന്നായി കുഴച്ച് 6 ഇഞ്ച് പൊക്കം വീതം കുറേശ്ശെ ഉണ്ടാക്കി മുകളിലേക്കെത്തിക്കുകയാണത്രെ! കോഴികളെ രാത്രി ഇടാനും വായുസഞ്ചാരമുള്ള മൺകൂടുകൾ. സുൽത്താനയുടെ ഭർത്താവ് ഒരു പ്രായംചെന്ന സ്ത്രീയെ കാട്ടി പറഞ്ഞു: ഇവരാണ് ഇതിന്റെ വിദ്യയിൽ എക്‌സ്‌പെർട്ട്. കൂടാതെ പരിപ്പും ഉഴുന്നുമൊക്കെ തോൽ കളയുന്ന വലിയ ആട്ടുകല്ല് മോഡൽ ഒരു 'യന്ത്ര'വും കണ്ടു. കുട്ടികളുടെ കളിസാമാനങ്ങളിൽ കണ്ടതല്ലാതെ നേരിട്ട് ആ കല്ലിനെ ഞാനാദ്യം കാണുകയാണ്. ഒരു വീട്ടിൽ കോഴിയെ കൊത്തിക്കാൻ വെച്ചിരിക്കുന്നു. തുറന്ന സ്ഥലത്തുതന്നെ. നമ്മളുടെ നാട്ടിൽ ഇരുട്ടത്താണ് വെക്കാറ്.



ഞങ്ങൾ കണ്ട എല്ലാ വീടുകളിലും ആട്, പശു, കോഴി ഒക്കെ ഉണ്ട്. നമ്മുടെ നാട്ടിൽ എത്ര വീടുകളിൽ കാണും ഇവയൊക്കെ? അവർ എന്തായാലും അധ്വാനശീലരാണ്. മടിയന്മാരല്ല. ഏറെ വൈകിയിട്ടും വയലിലും വൈക്കോലിലും പലതരം മൃഗങ്ങളോടും അവർ ഇടപഴകിക്കൊണ്ടിരിക്കുന്ന ദൃശ്യം നമുക്കെല്ലായിടത്തും കാണാം. എന്നിട്ടും അവരെന്തേ ദരിദ്രരായി? - അല്ലാഹു അഅ്‌ലം. ഒരുപക്ഷേ, കൂലി കുറവാകും.



മഹാനന്ദ നദിക്കരയിലെ ഗ്രാമീണർക്ക് നമ്മെ എല്ലാ വീടുകളിലും കൊണ്ടുപോകാൻ ആശ. അങ്ങനെ കുറേ നടന്നു. ഒരിടത്ത് കുറേ സ്ത്രീകൾ കൂടിനിൽക്കുന്നു. സഹയാത്രികനായ റാഫി മാഷ് പറഞ്ഞു: ഇതൊരു മരണവീടാണ്. ഞങ്ങളെയും ഗ്രാമീണർ മയ്യിത്ത് കാണാൻ സൗകര്യപ്പെടുത്തിത്തന്നു. പക്ഷേ, നോക്കിയതും ഞെട്ടിപ്പോയി. അത് ഒരു കൊലചെയ്യപ്പെട്ട മയ്യിത്തായിരുന്നു. സുൽത്താന വിശദീകരിച്ചുതന്നു. ഈ ഗ്രാമത്തിൽത്തന്നെ അറ്റത്തുള്ള ഒരു വീട്ടിലെ സ്ത്രീയാണ്. അവർ പണക്കാരിയായിരുന്നു. ഇതറിഞ്ഞ ഒരാൾ തീവെച്ച് കൊന്നതാണ്-കാശിനുവേണ്ടി. പോലീസ് കൊലപാതകിയെ പിടികൂടിയെന്നും പറഞ്ഞു. അവിചാരിതമായി ഗ്രാമത്തിലെ മരണവീടും സന്ദർശിക്കാൻ കഴിഞ്ഞു.



ഞങ്ങൾ നദിക്കരയിലെ പള്ളിയുടെ അടുത്തേക്ക് തിരിച്ചുനടന്നു. ഈ ഗ്രാമത്തിൽ പതിവിനു വിപരീതമായി ഹിന്ദുക്കളും ഉണ്ട്. ഉത്തരേന്ത്യയിൽ നമ്മുടേതുപോലെയല്ല. ഓരോ ഗ്രാമങ്ങളും മുസ്‌ലിം-അമുസ്‌ലിം എന്ന് വേർതിരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ചില പ്രശ്‌നങ്ങൾ ബീഹാറിൽ ഞങ്ങൾക്ക് നേരിട്ടനുഭവിക്കാൻ കഴിഞ്ഞു. അറാറിയാ ജില്ലയിലെ വിരണമെഴുതുമ്പോൾ അതെഴുതാം.


ഈ ഗ്രാമത്തിലെ അമുസ്‌ലിംകളെ സന്ദർശിക്കാൻ എന്തുകൊണ്ടോ ഇവർ വലിയ താൽപര്യമെടുത്തില്ല. നമ്മുടെ നല്ല നാടിനെ വർഗീയത എത്രമാത്രം ഗ്രസിച്ചിരിക്കുന്നു എന്ന് നേരിട്ടറിയാൻ സന്ദർഭമായി ഇത്. പണ്ട് എന്റെ മകന്റെ സുഹൃത്ത് വദ്‌വ (ഹരിയാനക്കാരൻ) എം.ബി.ബി.എസ്. വിദ്യാർഥി വീട്ടിൽ വന്ന് രണ്ടു ദിവസം താമസിച്ചപ്പോൾ അവൻ പറയുകയുണ്ടായി. ഇത് കേരളത്തിൽ മാത്രം നടക്കുകയുള്ളൂ. മോനും അവനും ഒരു കട്ടിലിൽ കിടന്ന സന്തോഷം. ഞാനെന്റെ സ്‌കൂളിലെ അമുസ്‌ലിം സുഹൃത്തുക്കളുടെ സ്‌നേഹം ഓർത്തുപോയി. കേരളം ഒരു ഭാഗ്യനാട് തന്നെ. നമ്മുടെ നാട്ടിൽ എന്ത് വർഗീയത? വടക്കേ ഇന്ത്യയിൽ വിദ്യാഭ്യാസമില്ലായ്മയും കയ്പുറ്റ ജീവിതാവസ്ഥകളും അത്തരമൊരു മാനസികാവസ്ഥയിലേക്കവരെ എത്തിച്ചിരിക്കാം. ബീഹാറിലും ബംഗാളിലും മുസ്‌ലിംകളാണ് പരിമ ദരിദ്രരെന്ന് എനിക്ക് യാത്രയിലുടനീളം മനസ്സിലാക്കാൻ കഴിഞ്ഞു. വിദ്യാഭ്യാസമില്ല, സംസ്‌കാരമില്ല, വൃത്തിയില്ല. ഈ ജനതയെ ദേശീയോദ്ഗ്രഥനത്തിൽ എങ്ങനെ ഭാഗഭാക്കാക്കും എന്നൊരു ദയനീയമായ ചോദ്യം നമ്മുടെ മുമ്പിൽ ഉയരുകയാണ്. ആത്മാർഥതയും നിഷ്‌കളങ്കതയും കൈമുതലാക്കി ജാതി-മതഭേദമെന്യേ നമ്മൾ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.



നമുക്ക് മഹാനന്ദ നദിയിലേക്കുതന്നെ മടങ്ങാം. പുഴ കണ്ടതു മുതൽ ഒന്ന് കുളിക്കണമെന്ന് സംഘാംഗങ്ങൾക്കെല്ലാം മോഹം. അങ്ങനെ പുരുഷന്മാരെല്ലാം കുളിക്കാനിറങ്ങി. ഞങ്ങൾക്ക് വേറെ കുളിക്കടവില്ലാത്തതിനാൽ ഞങ്ങളുടെ ആഗ്രഹം വഞ്ചിയാത്രയിൽ അവസാനിപ്പിക്കേണ്ടിവന്നു. സുന്ദരമായ ഒരു നദിയാണ് മഹാനന്ദ നദി. ആ ഗ്രാമത്തിന്റെ നീർച്ചാൽ. ഗ്രാമം മുകളിലും നദി താഴെയും. ആ ഗ്രാമത്തിലെ ആൾക്കാരെപ്പോലെ നിഷ്‌കളങ്കമായ ഒരു നദി. കുറേ നേരം ഞങ്ങളെയും കൊണ്ട് വഞ്ചിക്കാരൻ നദിയിൽ കറങ്ങി. കുളിക്കാൻ പറ്റാത്ത സങ്കടം ഇപ്പോഴുമുണ്ട്. സുൽത്താനയോട് ഞങ്ങൾക്ക് കുളിക്കണമെന്ന ആവശ്യം പറഞ്ഞെങ്കിലും അവൾക്കത് സ്വീകാര്യമായിരുന്നില്ല. ഞങ്ങൾക്കും ബുദ്ധിമുട്ടായിരുന്നു. സ്ത്രീകൾക്ക് പ്രത്യേക സ്ഥലമില്ലാത്തതിനാൽ. തോണിയാത്രയ്ക്കു മുമ്പ് ഞങ്ങളോട് പ്രായമുള്ള ഒരു സ്ത്രീ വന്ന് സലാം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ അവർ പറയുകയാണ് - 'മേം കാർകുൻ'. ഞങ്ങൾ ജമാഅത്ത് പ്രവർത്തകരാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി. എന്നെ കെട്ടിപ്പിടിച്ചുനിന്ന് ഫോട്ടോക്ക് പോസ് ചെയ്തു.


യാത്രാസംഘത്തിലെ 8-ാം ക്ലാസ്സുകാരൻ മുതൽ 72 വയസ്സുകാരൻ വരെയുള്ള എല്ലാവരും എത്രമാത്രം സഹകരണത്തിലായിരുന്നു ഈ 12 ദിവസവും കഴിഞ്ഞുകൂടിയത് എന്നത് ഈ യാത്രയിൽ ലഭിച്ച വലിയ സന്തോഷങ്ങളിലൊന്നാണ്. കരുവാരക്കുണ്ട് ടീം എന്ന് ഞങ്ങൾ പേരിട്ട് ജമീല-അബുക്ക, മാനുക്ക-മർയം, സീനത്ത്-ഉമർ ദമ്പതികൾ! ഞങ്ങളോടാള്ള അവരുടെ ശ്രദ്ധ എത്രമാത്രമാണ് - വിദ്യാർഥികളൊക്കെ എന്നെക്കൊണ്ട് ലഗേജൊന്നും, കോണികയറുമ്പോഴും ട്രെയിനിൽ കയറുമ്പോഴുമൊന്നും എടുപ്പിച്ചിട്ടേയില്ല. കടുത്ത ചൂടിലും അസൗകര്യങ്ങളിലും പോലും ഒരു കുഞ്ഞും 'കമാ' എന്നൊരക്ഷരം എതിരായി ഉരിയാടിയില്ല. ഹൃദ്യതയാർന്ന സംഘം! ഒരു കുടുംബം പോലെ 12 ദിവസം. സജീർ, ആദം സ്വാലിഹ്... തുടങ്ങി എല്ലാ മക്കളും സ്വന്തം മക്കളെപ്പോലെയാണ് പെരുമാറിയത്. വാസ്തവത്തിൽ ആ സന്തോഷം... ആ സ്‌നേഹം... ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്ത നൊമ്പരം. എല്ലാവരും ഇടക്കിടെ ഒത്തുകൂടണം എന്ന് മനസ്സ് വെമ്പുന്നു. ഹജ്ജിനേക്കാൾ ദുർഘടമായ യാത്രയായിരുന്നു ഞങ്ങളുടേത്. എന്നിട്ടും ഒരു അലങ്കോലവുമില്ലാതെ യാത്ര നടന്നത് 'യദുല്ലാഹി അലൽ ജമാഅ' എന്ന റബ്ബിന്റെ കാരുണ്യം കൊണ്ടാണ്. ഈ സ്‌നേഹം ഇവിടെ കുറിച്ചില്ലെങ്കിൽ ഞാൻ നന്ദിയില്ലാത്തവളായിപ്പോകും.


അടുത്തത് ബീഹാറിലേക്ക്...

Thursday, June 7, 2012

പട്ടുനൂൽ വ്യവസായം

ഗ്രാമയാത്രയിലെ ആദ്യരാത്രി. ഭക്ഷണത്തിനുമുമ്പ് സ്‌കൂളിന്റെ മുകൾത്തട്ടിൽ സംഘാംഗങ്ങൾ ഒത്തുചേരണമെന്നും അഭിപ്രായങ്ങൾ അറിയിക്കണമെന്നും നിർദേശമുണ്ടായി. അതിനുമുമ്പ് ഞങ്ങളെ സ്വീകരിച്ച ഉമ്മുഹബീബയെയും ബന്ധുക്കളെയും പറ്റി ചെറുതായി വിവരിക്കാം. മൗണ്ട് ഹിറാ സ്‌കൂളിൽ എട്ടാംക്ലാസ് വരെ അവർ പഠിച്ചു. ഇപ്പോൾ അവിടെ നിന്ന് ദൂരെയുള്ള മറ്റൊരു സ്‌കൂളിലാണ് - ഒൻപതാം ക്ലാസ്സിൽ. അവൾ ജമാഅത്തിന്റെ വിദ്യാർഥിനി വിഭാഗമായ ജി.ഐ.ഒ.യിൽ ഉണ്ട്. അവളാണ് അവിടെ അത് കൊണ്ടുനടക്കുന്നത്. ഞാൻ അവളെക്കൊണ്ട് ഖുർആൻ ഓതിപ്പിച്ചു. അല്പം ചില പിശകുകൾ ഉള്ളതൊഴിച്ചാൽ നല്ല പാരായണം. ഞാൻ ചോദിച്ചു: ഖുർആന്റെ ബംഗാളി പരിഭാഷ വായിക്കാറുണ്ടോ എന്ന്. അപ്പോൾ അവൾ പറയുകയല്ലേ - പി.പി.അബ്ദുറഹ്മാൻ സാഹിബും ഉസ്മാൻ സാഹിബും എനിക്ക് പരിഭാഷ തന്നിട്ടുണ്ട്. അത് ഞാൻ വായിക്കാറുണ്ട്. മാശാ അല്ലാഹ്. എനിക്കത് കേട്ടപ്പോൾ എന്റെ ക്ഷീണമൊക്കെ മാറി. എന്റെ കൂടെ എൽ.ടി.ടി.സിക്ക് ഉറുദുവിൽ ഉണ്ടായിരുന്ന പി.പി., എന്റെ സ്‌കൂളിലെ റുഖിയാടെ സഹോദരൻ. അദ്ദേഹത്തിന്റെ പ്രബോധന കരങ്ങൾ ബംഗാളിലെ വിദൂര ഗ്രാമമായ ശങ്കർപൂരിലെ പെൺകുട്ടിക്ക് മൂല്യബോധമുണ്ടാക്കാൻ എത്തിയിരിക്കുന്നു. ജമാഅത്തെ ഇസ്‌ലാമി നെറ്റ്‌വർക്കിനെ പ്രശംസിക്കാതെ നിവൃത്തിയില്ല. അവരുടെ കരങ്ങൾ എത്തിയേടത്തൊക്കെ ഒരു പ്രത്യേക സംസ്‌കരണം പ്രകടമാണ്. മഹാനന്ദ നദീതീരത്തെത്തിയപ്പോളും അത് ശരിക്ക് മനസ്സിലായി. ഇന്ത്യയിലെ മിക്ക ഭാഷയിലും സാഹിത്യങ്ങളുള്ള ജമാഅത്തിന് ഇനിയും ഒരുപാട് മുന്നേറാനാവും. ഇൻശാ അല്ലാ.

ഞാൻ ഉമ്മുഹബീബയുമായി കൂടുതൽ ആശയവിനിമയം നടത്തി. അവളുടെ ഉമ്മാമ ഞങ്ങൾക്കുവേണ്ടി ചപ്പാത്തിയും കറിയും തയ്യാറാക്കുകയാണത്രെ. അത് കഴിഞ്ഞ് വീട്ടുകാരൊക്കെ ഞങ്ങളെ കാണാൻ വരും. ഞാനവളുടെ ഖുർആൻ പാരായണം മൊബൈലിലേക്ക് പകർത്താൻ ശ്രമിച്ചെങ്കിലും മെമ്മറി ഫുൾ ആയതിനാൽ കഴിഞ്ഞില്ല. ഞാനവൾക്ക് മലയാളം മാപ്പിളപ്പാട്ട് കേൾപ്പിച്ചുകൊടുത്തു. അതിന്റെ ആശയം ഹിന്ദിയിൽ പറ്റുംവിധം പറഞ്ഞുകൊടുത്തു. ഭാഷയുടെ മതിലുകൾക്കപ്പുറവും സ്‌നേഹം പങ്കിടാൻ ലഭിക്കുന്നത് ഭാഗ്യംതന്നെ. ഞങ്ങളുടെ ഒത്തുചേരലിലേക്ക് ഞാനാ മോളെയും കൊണ്ടുപോയി. പിന്നീട് യാത്രയെപ്പറ്റി ചർച്ചകൾ നടന്നു. കണ്ട സ്ഥലങ്ങളെപ്പറ്റിയും അത് കഴിഞ്ഞ് ഭക്ഷണം കഴിച്ച് എല്ലാവരും ഉറങ്ങാൻ പോയി. ചൂടിന്റെ കാഠിന്യം മൂലം ഉറങ്ങാൻ കഴിഞ്ഞില്ല. അവസാനം രണ്ടുമണി ആയപ്പോൾ ഞാൻ സ്‌കൂളിന്റെ മുകൾത്തട്ടിൽ പോയി കിടന്ന് അല്പം ഉറങ്ങി. വെളുപ്പിനുതന്നെ പുറപ്പെടണമെന്നതിനാൽ എല്ലാവരും വേഗം തയ്യാറായി. വിശ്രമമില്ലാത്ത യാത്രതന്നെ.


കാലത്ത് വിചാരിച്ച അത്ര വേഗം പുറപ്പെടാനായില്ല. കാരണം, തലേദിവസം വണ്ടിക്ക് എന്തോ കാര്യമായ തകരാറ് പറ്റിയിരുന്നു. എനിക്കാണെങ്കിൽ രാത്രി അല്പം വയറുവേദനയും മറ്റും കാരണം നല്ല മൂഡില്ലായിരുന്നു. കുറേശ്ശെ ഛർദ്ദിക്കാൻ വരലും. ഫുഡ് പോയിസൺ ആണോന്ന് പേടിച്ചു. അല്ലാനോട് കുറേ ദുആ ചെയ്തു - യാത്രയ്ക്ക് എടങ്ങേറുണ്ടാകല്ലേ എന്ന്. പ്രത്യേകിച്ച് സംഘമായുള്ള യാത്രയിൽ ഒരാൾക്ക് വയ്യാതായാൽ എല്ലാവർക്കും ബുദ്ധിമുട്ടാകില്ലേ? ഏതായാലും യാത്ര തുടർന്നു. യാതൊരു പ്രശ്‌നവും ഉണ്ടായില്ല. അൽഹംദുലില്ലാ.


പത്തര മണിയോടെ മാൽഡയുടെ മറ്റൊരു ഗ്രാമത്തിലെത്തി. അവിടെ ഞങ്ങളെ സ്വീകരിച്ചത് ജമാഅത്ത് റുക്‌നായ സലേക് എന്ന സഹോദരനായിരുന്നു. നല്ല വീടും സൗകര്യങ്ങളും. അദ്ദേഹത്തിന് കാഠ്മണ്ഡുവിൽ സിൽക്ക് ബിസിനസ്സാണത്രെ. മൂന്നുനാല് റൂമുകളും നല്ല സൗകര്യങ്ങളുമുള്ള വീട്. അദ്ദേഹത്തിന് അഞ്ച് പെൺമക്കളും ഒരു മകനും. മൂത്തയാൾ ബി.എക്ക് പഠിക്കുന്നു. തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യം. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഞങ്ങളെ സ്വീകരിക്കാനെത്തിയിട്ടുണ്ട്. ചിലരെയൊക്കെ പരിചയപ്പെട്ടു. സംഘാംഗങ്ങൾക്ക് മുഴുവൻ അദ്ദേഹത്തിന്റെ തോട്ടത്തിൽനിന്ന് പറിച്ച റംബുട്ടാൻ - ലിച്ചി - പഴം സമ്മാനിച്ചു. ശേഷം ഞങ്ങൾ ചുറ്റിനുമുള്ള ഗ്രാമീണഭവനങ്ങൾ സന്ദർശിക്കാൻ പോയി. ആദ്യമായാണ് സെറികൾച്ചർ -പട്ടുനൂൽപ്പുഴു സംസ്‌കരണം- ഞാൻ നേരിൽ കാണുന്നത്. ഇദ്ദേഹത്തിന്റെ പണിക്കാരാണവർ. നാലഞ്ച് ചൂളകളും തറികളും. ആദ്യംതന്നെ പുഴുവിന്റെ കൊക്കൂണിനെ ചൂടുവെള്ളത്തിലിട്ട് തിളപ്പിക്കുകയാണ് ചെയ്യുന്നത്.

 പുഴു ചൂടുവെള്ളത്തിലായാലത്തെ ദുർഗന്ധം പറയാനില്ലല്ലോ. ഇപ്പോഴും ആ ഗന്ധം ഓർക്കുമ്പോൾ മനംപിരട്ടുന്നു. ഓരോ കൊക്കൂണിലും ഒറ്റനൂലാണ്. ആ നൂലിനെ ചർക്കയിലേക്ക് കൊടുത്ത് നൂലുണ്ടാക്കുന്നു. വളരെ നേരിയ നൂലുകൾ. സർവശക്തനായ സ്രഷ്ടാവിന്റെ കലാവൈഭവം. അത് അവൻ മനുഷ്യനെ പഠിപ്പിച്ചു. മനുഷ്യന് എന്തെല്ലാം ചെറുതും വലുതുമായ അറിവുകളാണ്. ഈ പുഴു ശലഭമാകും മുമ്പ് എടുക്കണമത്രെ. അല്ലെങ്കിൽ ഈ നൂൽ മുറിഞ്ഞ് ഉപകാരമില്ലാതെ പോകും. പട്ടുസാരിയുടുത്ത് നടക്കുന്ന ആരെങ്കിലും ഈ കൊച്ചുപുഴുവിനെയും അതിനെ സൃഷ്ടിച്ച് സംവിധാനിച്ച സ്രഷ്ടാവിനെയും ഓർക്കാറുണ്ടോ? ശരിക്കും ആ പുഴുക്കളോട് പാവം തോന്നി. അതിന്റെ സമൂല ജീവിതാധ്വാനമാണ് ഒരു നൂലിഴ. ദുഷ്ടരായ മനുഷ്യാ! നീ അഹങ്കാരി തന്നെ. കുറഞ്ഞത് പട്ടുവസ്ത്രം ഉപയോഗിക്കുമ്പോഴെങ്കിലും കുഞ്ഞുപുഴുവിനെയും അതിന്റെ നാഥനെയും ഓർക്കുക. എത്ര പുഴുക്കളുടെ അധ്വാനമാണ് ഒരു പട്ടുസാരി!! അഹിംസ ഉദ്‌ഘോഷിക്കുന്നവരും പട്ട് ഉപയോഗിക്കുന്നു.

തൊട്ടടുത്ത വീടുകളിലെ കാഴ്ച അത്യന്തം രസകരം. കൈത്തറി തോർത്തും മുണ്ടും -കളർ- ഉണ്ടാക്കുന്ന സ്ത്രീകൾ. തറിയുടെ ഒരു ഭാഗത്ത് ഒരു കയർ കെട്ടിയിട്ടുണ്ട്. അതിന്റെ മറ്റേ തല കുഞ്ഞിന്റെ തൊട്ടിലിന്മേലാണ് ബന്ധിപ്പിച്ചിരിക്കുന്നത്. തറി നീക്കുമ്പോൾ കുഞ്ഞിന്റെ തൊട്ടിലും ചെറുമട്ടത്തിൽ ആടിക്കൊണ്ടിരിക്കും. ഞങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടിയെയും തറിയെയും ഒന്നിച്ച് ശ്രദ്ധിക്കുവാൻ കഴിയുന്ന 'അമ്മ'യുടെ സൂത്രം കാട്ടിത്തന്നു.
 ഞങ്ങൾ 'ബഹുത് ശുക്‌രിയാ' പറഞ്ഞ് അവരോട് ആശംസകളറിയിച്ചു. പരസ്പരം പരിചയപ്പെട്ടതിനുശേഷം യാത്ര പറഞ്ഞു. അവരുടെ ഉമ്മയുടെ വീടും തൊട്ടുതന്നെ. അവർ നൂൽ നൂൽക്കുന്ന തറിയാണുപയോഗിക്കുന്നത്. എല്ലാ വീടുകളിലും തങ്ങളുടെ കഴിവിനനുസരിച്ച് പണ്ടുകാലത്തെ പത്തായം ഉണ്ട്. ഞാൻ ചോദിച്ചു: നെല്ല് സൂക്ഷിക്കാനാണോ എന്ന്. അപ്പോൾ പറയുന്നു: ''നഹീ, കപ്പടാ കേലിയേ...' - വസ്ത്രം സൂക്ഷിക്കാനാണെന്ന്. തുറപ്പിച്ച് നോക്കാതിരുന്നത് ഇപ്പോൾ ഒരു നഷ്ടമായി തോന്നുന്നു.

പട്ടുനൂൽപ്പുഴുവിനെ വളർത്തുന്ന ഒരു സ്റ്റാന്റ് കണ്ടു. അത് മുമ്പ് എക്‌സിബിഷൻ ഹാളിൽ സെറികൾച്ചർ പവലിയനിൽ കണ്ടിട്ടുണ്ട്. ഏതായാലും പുരുഷന്മാർ ജുമുഅയ്ക്ക് പോയിവരുംവരെ ഞങ്ങൾ സാലിക്കിന്റെ വീട്ടുകാരോടും അയൽവാസികളോടും സംസാരിച്ച് അവരുടെ സംസ്‌കാരങ്ങൾ മനസ്സിലാക്കി കഴിഞ്ഞുകൂടി. വടക്കേ ഇന്ത്യക്കാർ മൊത്തത്തിൽ അതിഥിസൽക്കാരത്തിൽ കേമന്മാരാണെന്ന് മനസ്സിലായി. എല്ലാവരും ഇരിക്കാനും വെള്ളം കുടിക്കാനുമൊക്കെ സൽക്കരിക്കുന്നുണ്ട്. ആദ്യം കണ്ട ഗ്രാമീണർ മുതൽ - എന്താണ് ഞാൻ വള ധരിക്കാത്തത്? സ്വർണം ഇല്ലേ - എന്നൊക്കെ ചോദിച്ചു. ഈ ഗ്രാമീണരും ചോദിക്കുകയുണ്ടായി. അവരൊക്കെ സ്വർണമില്ലെങ്കിലും മുത്തും കല്ലും ഒക്കെ കൈകാലുകളിലും കാതിലും ഒക്കെ ധരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളുടെ വലതുകൈയിൽ -തോൾകയ്യിൽ- ഒരു കറുത്ത ചരടിൽ എന്തോ കെട്ടിയിരിക്കുന്നു. കിട്ടിയ സന്ദർഭത്തിൽ വല്ല ഏലസ്സോ മറ്റോ ആണെങ്കിൽ തിരുത്തിക്കൊടുക്കാമെന്ന് മനസ്സിൽ കരുതി. അപ്പോൾ ചരടിൽ കോർത്തിട്ടിട്ടുള്ളത് ഒരു രുദ്രാക്ഷമണിയാണ്. അന്ധവിശ്വാസമായിട്ടല്ല. അലർജിക്ക് രുദ്രാക്ഷം നല്ലതായതിനാൽ ചികിത്സ എന്ന നിലയ്ക്ക് കെട്ടിയതാണത്രെ. എന്നാലും, എത്ര സംസ്‌കൃതരായാലും ഇത്തരം കെട്ടുകളൊക്കെ അന്നാട്ടിൽ നല്ലപോലെ ഉണ്ട് എന്നാണ് മനസ്സിലാകുന്നത്.

നമ്മുടെ നാട്ടിലും ഇപ്പോൾ അന്ധവിശ്വാസികളുടെ എണ്ണം കൂടിവരുന്നുണ്ട്. ഫാഷന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോ എന്നറിയില്ല, ചുവപ്പും കറുപ്പും കെട്ടുകൾ ജാതിഭേദമെന്യേ കേരളത്തിലെ യുവതലമുറയിലും കാണപ്പെടുന്നു. വിദ്യാഭ്യാസം കൊണ്ട് കാര്യമായില്ല. അന്ധവിശ്വാസം പോകാൻ മനക്കരുത്തും ധൈര്യവും വേണം. പിന്നീട് ഞങ്ങൾ പോയത് മാൽഡ ജില്ലയുടെ മറ്റൊരു ഭാഗമായ മഹാനന്ദ നദിക്കരയിലെ ഗ്രാമത്തിലേക്കാണ്. അതിസുന്ദരമായ ഗ്രാമം. അവിടത്തെ അനുഭവങ്ങൾ ഒരുപാടുണ്ട്. ഹൃദ്യവും ദുഃഖകരവും ആയവ. അത് പിന്നീടെഴുതാം.

വസ്സലാം.

Tuesday, June 5, 2012

വടക്കേ-ഇന്ത്യൻ ഗ്രാമങ്ങളിലെ ജീവിതം

12 ദിവസത്തെ തുടർച്ചയായ യാത്ര; വിശ്രമമില്ലാത്ത യാത്ര. വിഷൻ 2016 ന്റെ ഗ്രാമങ്ങളിലേക്കുള്ള യാത്ര അത്യന്തം രസകരമായിരുന്നു. പണ്ടേയുള്ള ആഗ്രഹമായിരുന്നു, ഗ്രാമങ്ങൾ എങ്ങനെയായിരിക്കും? അവരുടെ ജീവിതം എങ്ങനെയായിരിക്കും? - എന്നെല്ലാം അറിയണമെന്ന്. അത് ഒരളവുവരെ സാക്ഷാത്കരിക്കാൻ ഈ യാത്ര ഉപകരിച്ചു. ഇതിന് മറ്റൊരു വശം കൂടി ഉണ്ട്. ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമി എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ജനസേവനപരവും കാരുണ്യപരവുമായ പ്രവർത്തനങ്ങളെ തൊട്ടറിഞ്ഞ്, അതിനെ ആവുംവിധം വളവും വെള്ളവും നൽകി പോഷിപ്പിക്കുക എന്നൊരു ദൗത്യം. ഒരു ജമാഅത്ത് റുക്ൻ (അംഗം) എന്ന നിലയ്ക്ക് ഏറെ സന്തോഷിപ്പിച്ച സന്ദർഭങ്ങൾ ഈ യാത്രയിലുണ്ടായി. ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ വിദൂര ഗ്രാമങ്ങളിലും ബീഹാറിന്റെ ഗ്രാമങ്ങളിലും ഞാനുൾക്കൊള്ളുന്ന റുക്ൻ വിഭാഗം ഉണ്ട്. മാത്രമല്ല, ഇവരൊക്കെ എല്ലാ നിലയ്ക്കും നല്ല സംസ്‌കരണം ലഭിച്ചവരാണെന്ന് തിരിച്ചറിയാനും സാധിച്ചു. മാൻഡാ ടൗണിൽനിന്നും ദൂരെയുള്ള സുന്ദരമായ ഗ്രാമത്തിൽ സുൽത്താന ഫർസാന എന്ന റുക്‌നും ഭർത്താവും വളരെ ഹൃദ്യമായാണ് സംഘത്തെ എതിരേറ്റത്.


21.05.2012 തിങ്കളാഴ്ച 8 മണിക്ക് ഞാനും ഭർത്താവും കോഴിക്കോട്ടേക്ക് പുറപ്പെട്ടത് മുതൽ 1.16.2012 പാതിരാത്രി വീട്ടിലെത്തുന്നതുവരെ ആറ് ദിവസം ചില സ്‌കൂളുകൾ, ലോഡ്ജുകൾ എന്നിവയിൽ ഉറങ്ങിയതൊഴിച്ചാൽ തീവണ്ടിയിലും ബസ്സിലും കാറിലും കാൽനടയായും യാത്രയിൽ തന്നെയായിരുന്നു. അനുഭവങ്ങളുടെ കലവറ സമ്മാനിച്ച യാത്ര.
ഒരുമണിക്ക് കോഴിക്കോട്ടെത്തി. പല സുഹൃത്തുക്കളെയും കാണേണ്ടതുണ്ടായിരുന്നതിനാൽ ഒരു റൂം എടുത്തു. കൊടുവള്ളിയിലെ നാസറും കുടുംബവും മറ്റും അവിടെ എത്തി. ആ ഹോട്ടലിൽത്തന്നെയായിരുന്നു 7 മണിക്ക് യാത്രാസംഘത്തിന് സമ്മേളിക്കേണ്ടിയിരുന്നത്. കൂട്ടത്തിൽ പറയട്ടെ, മാധ്യമം ലേഖകനായ എം.സി.എ. നാസറിനെ കാണാനും പല വിഷയങ്ങളും ചർച്ച ചെയ്യാനും സാധിച്ചത് യാത്രയ്ക്ക് കൂടുതൽ ഉന്മേഷം നൽകി. വടക്കേ ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥകളും ലോക ഇസ്‌ലാമിക ചലനങ്ങളും അദ്ദേഹത്തിന്റെ അടുത്തിടെ നടന്ന തുർക്കി-ലബനാൻ യാത്രകളും ചർച്ചയ്ക്ക് വന്നു.


7 മണിയുടെ സമ്മേളനത്തിൽ വിഷൻ 2016 കേരള കോ-ഓർഡിനേറ്ററായ നജീബ് കുറ്റിപ്പുറത്തിന്റെ നിർദേശങ്ങളും ശൈഖ് മുഹമ്മദിന്റെ ഉപദേശങ്ങളും പരസ്പരം പരിചയപ്പെടലും എല്ലാം കൂടി മനസ്സിന് കൂടുതൽ കരുത്ത് പകർന്നു.
2 മണിക്ക് ചെന്നൈയിലേക്കുള്ള ട്രെയിനിൽ സംഘം യാത്ര ആരംഭിച്ചു. പിറ്റേ ദിവസം 3 മണിയോടെ അവിടെയെത്തി. ഹൗറാ-ചെന്നൈ മെയിൽ രാത്രി 11 മണിക്കായതിനാൽ അത്രയും സമയം ചെലവഴിക്കാൻ മറീനാ ബീച്ചിൽ കുറച്ചു സമയം ചിലവഴിക്കാൻ യാത്രാ കോ-ഓർഡിനേറ്ററായ ഫർമീസിന്റെയും നദീറിന്റെയും നിർദേശമുണ്ടായി. ഞങ്ങൾ കുറേ സമയം ബീച്ചിലും പുൽത്തകിടിയിലുമായി സമയം നീക്കി. അല്ലാഹുവിന്റെ ഭൂമിയിലെ വ്യത്യസ്തരായ മനുഷ്യ-മൃഗ-സസ്യജാലങ്ങളെപ്പറ്റി ചിന്തിച്ചുകൊണ്ട് റോഡിനടുത്തുള്ള പുൽത്തകിടിയിലെ ധ്യാനം മനസ്സിനെ കൂടുതൽ സന്തോഷപ്രദമാക്കി.


24ന് വെളുപ്പിന് ഞങ്ങൾ ഹൗറയിലെത്തി. അവിടെ നിന്ന് ബസ്സിന് കൽക്കത്തയിലേക്ക്. അവിടെ കണ്ട ചില രസകരമായ കാര്യങ്ങൾ പറയാതെ വയ്യ. ചായ കിട്ടുന്നത് മൺകപ്പിൽ. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന കപ്പുകൾ. കുറഞ്ഞ വിലയ്ക്ക് നല്ല ചായ. ഞാൻ രണ്ട് കപ്പുകളും എടുത്ത് ബാഗിൽ വെച്ചു. നാട്ടിൽ കൊണ്ടുവന്ന് കുട്ടികൾക്ക് കാട്ടിക്കൊടുക്കാമല്ലോ. പണ്ട് ഉപ്പ പറഞ്ഞ് ഇക്കാര്യം ഞാൻ കേട്ടിട്ടുണ്ടായിരുന്നു. പല പെട്ടിക്കടകൾക്കു മുമ്പിലും ഇത് കൂമ്പാരമായി കിടക്കുന്നുണ്ട്. ചായക്കും കപ്പിനും കൂടി 5 രൂപ എന്നാണോർമ.


അവിടെ നിന്ന് കൽക്കട്ട സ്റ്റേഷനിലെത്തി മുർഷിദാബാദ് ട്രെയിനിൽ കയറി. അത്യന്തം രസകരമായിരുന്നു 4 മണിക്കൂറുള്ള ആ യാത്ര. പൊരിവെയിലിന്റെ ചൂടിലും യാത്രാസംഘത്തിന്റെ സ്‌നേഹ-സാഹോദര്യം മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചു. ചുറ്റിനും നല്ല വൃത്തിയുള്ള ജലാശയങ്ങൾ ബംഗാളിന്റെ പ്രത്യേകതയാണ്. അവയിൽ ധാരാളം താറാവുകൾ, താമരക്കുളങ്ങളും; ചെന്താമരയാണ്. പൂവുകൾ കണ്ടിരുന്നില്ല. ഒരു സീസൺ കൃഷി പോലെയാണെന്ന് തോന്നുന്നു. കടുത്ത ചൂടിൽ ആ ജലാശയങ്ങളും പക്ഷികളും മരങ്ങളും ഹൃദ്യാനുഭവമായിരുന്നു. ഉച്ചയോടെ ഞങ്ങൾ ബെർഹാംപൂർ സ്റ്റേഷനിലിറങ്ങി. നേരെ ഇസ്‌ലാംപൂർ ഗ്രാമത്തിലേക്ക് - അവിടെ നല്ലൊരു പള്ളി.
 ചുറ്റിനും കുറേ മുസ്‌ലിം വീടുകൾ. അല്പം ദൂരെയുള്ള സാമാന്യം തരക്കേടില്ലാത്ത ഒരു വീട്ടിലേക്ക് ഞങ്ങൾ -സ്ത്രീകൾ- നമസ്‌കരിക്കാൻ പോയി. തിരിച്ച് പള്ളിയുടെ മുമ്പിലുള്ള ഒരു കൊച്ചു വെയിറ്റിങ്‌ഷെഡിലേക്കും അവിടെ നിന്നും പൊരിവെയിലിൽ ഞങ്ങൾക്ക് ഭക്ഷണം തയ്യാറാക്കപ്പെട്ട വീട്ടിലേക്കും. അപ്പോഴേക്കും ഞാൻ ചൂടിന്റെ കാഠിന്യത്താൽ വീണുപോകുമെന്ന മട്ടായി. എങ്ങനെയോ ആ വീട്ടിലെത്തി. ചാമ്പുപൈപ്പിൽനിന്നും കുറേ വെള്ളം കൊണ്ട് മുഖം കഴുകി. അവശതയകറ്റി.


 നല്ല മാവിൻതണലിലായിരുന്നു ആ ഗ്രാമീണർ ഞങ്ങൾക്കുവേണ്ടി ഭക്ഷണം കഴിക്കാനുള്ള സ്ഥലം ഒരുക്കിയത്. ഭക്ഷണശേഷം സ്‌കോഡുകളായി ഗ്രാമസന്ദർശനം ആരംഭിച്ചു. എനിക്ക് കുറച്ചു മാത്രം പോകാനേ അന്ന് കഴിഞ്ഞുള്ളൂ. ശരീരം വല്ലാതെ തളർന്നിരുന്നു. എങ്ങനെയോ പള്ളിയിലേക്ക് തിരിച്ചെത്തി. അവിടെ ഇരുന്ന് അരമണിക്കൂർ കഴിഞ്ഞപ്പോഴേക്ക് സംഘാംഗങ്ങൾ എത്തി. ഇനി യാത്ര ശങ്കർപൂരിലേക്കാണ്. ഇസ്‌ലാംപൂർ ഗ്രാമത്തിനും ശങ്കർപൂരിനും ഇടയിൽ 70 കിലോമീറ്റർ ദൂരമുണ്ട്. അവിടേക്കുള്ള യാത്രയും രസകരമായിരുന്നു. വർത്തുളാകൃതിയിലുള്ള മേൽക്കൂരയുള്ള വീടുകൾ... നല്ല ഭംഗി തോന്നി. തകരമായാലും വൈക്കോലായാലും വീടുകൾ ഈ രീതിയിൽത്തന്നെ. ഇവിടെയും വൃത്തിയുള്ള ധാരാളം പൊയ്കകൾ കാണാമായിരുന്നു. താറാവുകൾ അതിൽ നീന്തിത്തുടിക്കുന്നു
ശങ്കർപൂരിലെത്തുമ്പോൾ ഏകദേശം സന്ധ്യയായിത്തുടങ്ങി. 
അവിടെ കണ്ട ഒരു വൈക്കോൽപ്പള്ളി എല്ലാവരുടെയും മനസ്സ് വേദനിപ്പിച്ചു. 700 കുടുംബങ്ങൾക്കുള്ള പള്ളിയാണെന്ന് കേട്ടു. മഴ പെയ്ത് വെള്ളം കയറുമെന്ന് തോന്നുന്ന സ്ഥലമാണ്. പുരുഷന്മാർ ആ പള്ളിയിൽ നമസ്‌കരിച്ചു. ഞങ്ങൾ അവിടെ നിന്ന് അംഗശുദ്ധി വരുത്തിയെങ്കിലും താമസസ്ഥലത്തെത്തിയിട്ടാണ് നമസ്‌കരിച്ചത്.


പി.പി.അബ്ദുറഹ്മാൻ കൊടിയത്തൂരിന്റെ ശ്രമഫലമായി അവിടെ മൗണ്ട് ഹിറാ എന്നൊരു സ്‌കൂളുണ്ട്. അവിടെയാണ് സംഘത്തിന് തങ്ങാൻ സ്ഥലം കണ്ടെത്തിയിരുന്നത്.