Tuesday, January 31, 2012

തൂലികയെപ്പറ്റി

എല്ലാ തൂലികകളും ഗുണമുള്ളവയല്ല.
എല്ലാ തൂലികകളും ദോഷകരവുമല്ല.
തൂലികകള്‍ സാഗരങ്ങളാണ്. ചില തൂലികകള്‍,
അവയുടെ മഷി രക്തമാണ്.
വാക്കുകള്‍കൊണ്ട് ജനങ്ങളെ കൊല്ലും
- ചില തൂലികകള്‍ - ജനങ്ങളുടെ തിന്മക്കാകും ചലിക്കുക,
ഒരിക്കലും അവരുടെ നന്മയ്ക്ക് ചലിക്കില്ല.
ചിലവ കാരുണ്യമെന്തെന്നറിയാത്ത തൂലികകള്‍.
ചിലവ കേള്‍ക്കുന്നതെല്ലാം എഴുതിവിടുന്നവയാണ്.
ചില തൂലികകള്‍ അവയുടെ മുന ജനങ്ങളുടെ
ദേഹത്ത് മുട്ടിയാല്‍ മതി രക്തം കിനിയാന്‍.
ചിലവ മൂല്യങ്ങളെ മറന്ന്
സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ചലിക്കുന്നു.
ചിലതിന് കണ്ണുനീരറിയില്ല, മറിച്ച്
വഞ്ചനയും അഹങ്കാരവും പരിഹാസവും മാത്രം.

എന്നാല്‍, ചില തൂലികകള്‍ ജനങ്ങളുടെ
ക്ഷേമത്തിനുവേണ്ടി ചലിക്കുന്നു.
ചിലവ വിജ്ഞാനം വ്യാപകമാകാന്‍ രക്തം പൊടിഞ്ഞും
അലറിക്കരഞ്ഞും നീങ്ങുന്നു.
 മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന തൂലികകളാണവ.
നാശം തടയാന്‍ ഓടിനടക്കുന്ന ചില തൂലികകള്‍.
കാലത്തിന്റെ ഏടുകള്‍ ചുരുട്ടുംമുമ്പ് ചില തൂലികകള്‍
അവയുടെ ഏടുകളെ ചുരുട്ടുന്നു.
ഈ തൂലികകളല്ലേ നമുക്ക് കൂരിരുട്ടില്‍
പ്രകാശം പരത്തുന്ന മെഴുകുതിരികള്‍!
ലോകത്തിന്റെ പ്രശ്‌നങ്ങള്‍ മുഴുവന്‍ തീര്‍ത്ത്,
സ്വന്തം പ്രശ്‌നം ബാക്കിയിട്ട് രംഗം വിടുന്ന ചില തൂലികകളുണ്ട്.
സൂര്യന്റെ ആവിയില്‍ വാടാതെ നിന്ന
ചില തൂലികകള്‍ എഴുതിയ ഏടുകളെ
കൊടുങ്കാറ്റ് വന്ന് വിദൂരതയിലേക്ക് പറത്തിക്കളയും
- അതും തൂലികയുടെ വിധി.
സത്യസന്ധമായ, യാഥാര്‍ഥ്യങ്ങള്‍ മാത്രം
എഴുതുന്ന ചില തൂലികകളുണ്ട്.
പക്ഷേ, പിന്നീടവയെ കാണുന്നില്ല.
ചില തൂലികകള്‍, രാത്രി ഉറക്കമൊഴിച്ച്,
ഏടുകള്‍ നിറയ്ക്കുന്നു. പക്ഷേ, പൊടുന്നനെ
അഹങ്കാരിയായ ഒരു മനുഷ്യന്‍ വന്ന്
അത് തട്ടിപ്പറിക്കുന്നു. ഇതും തൂലികയുടെ വിധി!!

ഇക്കാലത്തെ തൂലികകളല്ലേ ഇങ്ങനെ
അപചയങ്ങള്‍ നേരിടേണ്ടിവരുന്ന തൂലികകള്‍!!!

ഒരറബി ഗദ്യകവിതയോട് കടപ്പാട്‌

Friday, January 27, 2012

സിമി ചെയ്ത ഭീകരകൃത്യമെന്ത്?

ഇമെയില്‍ ചോര്‍ത്തല്‍ വിവാദം അല്പമൊന്ന് കെട്ടടങ്ങിയ മട്ടാണ്. ഇതിലെ ശരിതെറ്റുകളെ നമുക്കൊന്ന് വിശകലനം ചെയ്യാം. കൊടുങ്ങല്ലൂരും പരിസരത്തുമുള്ള കുറേ പേരുടെ ഐ.ഡി. ഉണ്ട്. സിമി ബന്ധമാണത്രെ കാരണം.

ഈ സമയത്ത് ബുദ്ധിയും സ്വാതന്ത്ര്യബോധവും ധൈര്യവും ഉള്ളവര്‍ ചോദിക്കേണ്ട ഒന്നുരണ്ടു ചോദ്യങ്ങളുണ്ട്. ഒന്ന്, സിമിയെ എന്തിനാണ് ഇങ്ങനെ ഇരയാക്കുന്നത്? എന്താണവര്‍ ചെയ്ത ഭീകരകൃത്യം? തെളിവുകളുണ്ടോ? കുറേക്കാലം ജമാഅത്തെ ഇസ്‌ലാമിയെ ഭീകരവാദികളായി മുദ്രകുത്തി. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്? ഇതാര് ഉപദേശിച്ചിട്ടാണ് ഈ മുസ്‌ലിം സംഘടനകളെ ഭീകരന്മാരാക്കുന്നത്? ഏകനായ ഒരു ശക്തിയാണ് ഈ പ്രപഞ്ചത്തെയും നമ്മെയും സൃഷ്ടിച്ചതെന്നും ഈ ലോകം കൊണ്ട് ജീവിതം തീര്‍ന്നുപോകുന്നില്ല എന്നും മറ്റൊരു ജീവിതമുണ്ട് എന്നതിന്റെ അടിസ്ഥാനങ്ങളില്‍ ജീവിക്കുന്നവരാണിവര്‍.

മൂസാനബിയെ ഉപദ്രവിക്കുന്നതിനെപ്പറ്റി, 'എന്റെ രക്ഷിതാവ് അല്ലാഹു ആണ് എന്ന് പറഞ്ഞ ഒരാളെ നിങ്ങള്‍ കൊല്ലുകയാണോ' എന്ന് ചോദിക്കപ്പെട്ടപോലെ നമ്മളും ചോദിക്കേണ്ടിയിരിക്കുന്നു. ഒരിക്കലും ഒരു മുസ്‌ലിമിന് ഭീകരവാദിയാകാനാവില്ല. അന്യരെ അക്രമിക്കുവാനുമാകില്ല. വെള്ളത്തില്‍ വീണ തേളിനെപ്പോലും കരയ്ക്കു കയറ്റിയ പ്രവാചകന്റെ കാരുണ്യമാണ് നാം ഊര്‍ജ്ജമായി സ്വീകരിക്കേണ്ടത്.

മറ്റൊന്ന്, മഅ്ദനി വിഷയം. ഒന്‍പതര കൊല്ലം ജയിലിലിട്ടിട്ട് നിരപരാധി എന്നുകണ്ട് വിട്ടയച്ച് അധികം കഴിയുന്നതിനു മുമ്പേ വീണ്ടും അറസ്റ്റ്. യാതൊരന്വേഷണങ്ങളും നടക്കുന്നില്ല. എന്താണ് ഇവരും മനുഷ്യരല്ലേ. നീതി എല്ലാവര്‍ക്കും അവകാശപ്പെടാനാവില്ലേ?

എന്തുകൊണ്ടാണ് അറബ്‌ലോകത്ത് 'അറബ്‌വസന്തങ്ങള്‍' ഉണ്ടാകേണ്ടിവന്നത്? ചരിത്രത്തിലാദ്യമായി ഈജിപ്തില്‍ ഇഖ്‌വാനികള്‍ക്ക് മൃഗീയ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നു. തഹ്‌രീര്‍ സ്‌ക്വയര്‍ രക്തരഹിത സമരത്തെ പ്രതികൂലിച്ചവര്‍ക്ക് ഇന്ന് എന്താണ് പറയാനുള്ളത്? നീതിപൂര്‍വകമായ ഒരു തെരഞ്ഞെടുപ്പിന് ഈജിപ്ത് വിധേയമായപ്പോള്‍ നീതി പുലരുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്? അതേ, ലോകത്തിന് സത്യത്തിലേക്കും നീതിയിലേക്കും സാഹോദര്യത്തിലേക്കും തിരിച്ചുപോകാതെ നിവൃത്തിയില്ലാതായിക്കൊണ്ടിരിക്കുന്നു. ഏത് പ്രശ്‌നങ്ങള്‍ക്കും ദൈവികോപദേശങ്ങളുടെ തണലില്‍ പരിഹാരം കണ്ടെത്താനാകും. അതാണല്ലോ ബര്‍ണാഡ്ഷാ മുഹമ്മദ് നബി(സ)യെപ്പറ്റി പറഞ്ഞത് - മുഹമ്മദ് ഇന്ന് വരികയാണെങ്കില്‍ ഒരു കാപ്പി കുടിക്കുന്ന സമയം കൊണ്ട് എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കുമായിരുന്നു.

മുഹമ്മദിനവതരിച്ച ഖുര്‍ആന്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട് - ബുദ്ധിയുള്ളവര്‍ക്ക് ഒരുപാട് പാഠങ്ങളും ദൃഷ്ടാന്തങ്ങളുമായിട്ട് - അതിനെ വഴികാട്ടിയായി സ്വീകരിക്കുക. കാടും മേടും നാടും വീടും രക്ഷപ്പെടും. തീര്‍ച്ച.

നിങ്ങളുടെ ടീച്ചര്‍

വസ്സലാം

Thursday, January 26, 2012

ചിന്തിക്കുന്നവര്‍ക്ക് പാഠങ്ങള്‍ ഉണ്ട്‌

സ്വര്‍ഗീയാരാമങ്ങളില്‍ എത്തിപ്പെടുന്ന വിശ്വാസികളെ പറ്റിയാണ് ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നത്. ചിന്തക്കും ബുദ്ധിക്കും എത്രമാത്രം പ്രാധാന്യമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയിരിക്കുന്നത്! രാത്രികാലങ്ങളില്‍ അവര്‍ കുറച്ചു മാത്രമേ ഉറങ്ങുകയുള്ളൂ. പുലര്‍കാല വേളകളില്‍ അവര്‍ തങ്ങളുടെ നാഥനോട് തെറ്റുകള്‍ക്ക് മാപ്പിരക്കുന്നവരായിരിക്കും. അവരുടെ ധനത്തില്‍ ആവശ്യക്കാരനും ജീവിതമാര്‍ഗം തടയപ്പെട്ടവര്‍ക്കും അവകാശമുണ്ടായിരിക്കും. 

'ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക്; നിങ്ങളുടെ ശരീരങ്ങളിലും. നിങ്ങളെന്നിട്ടും കാണുന്നില്ലേ? അഥവാ, നിങ്ങള്‍ക്കിത് വിഷയമാകുന്നില്ലേ?'

ഖുര്‍ആന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ എന്താണ് ഇന്ന് ചിന്തിക്കുന്നത്? ചുറ്റുമുള്ള വസ്തുക്കളെപ്പറ്റി നാം എന്താണ് ചിന്തിക്കുന്നത്? അശേഷം ചിന്തിക്കുന്നില്ല എന്ന് വേണം കരുതാന്‍. അതുകൊണ്ടാണ് ഇന്നത്തെ മുസ്‌ലിംകളില്‍ നിന്ന് ഒരു പുതിയ ചിന്തയോ ആശയമോ ലോകത്തിനു ലഭിക്കാത്തത്! എവിടെയോ നമുക്ക് തെറ്റ് പറ്റിയിരിക്കുന്നു. അബ്ബാസിയ്യ ഭരണാധികാരികളാണു ലോകത്താദ്യമായി മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേണ്ടി ആശുപത്രി ആരംഭിച്ചതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
ഇന്നത്തെ മുസ്‌ലിംകള്‍ ശാഖാപരമായ വിഷയങ്ങളില്‍ ഭിന്നിച്ചു, പരസ്പരം പോര്‍വിളി നടത്തുന്ന വൃത്തികെട്ട കാഴ്ചയാണ് നാം കാണുന്നത്. പ്രവാചകന്റെ കാലത്തും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഭിന്നതകള്‍ ഉണ്ടായിരുന്നു. ഓര്‍ത്തുനോക്കുക! .ഖാലിദ് ഇബ്‌നു വലീദിനെ നായകസ്ഥാനത്തുനിന്ന് മാറ്റി അബൂ ഉബൈദയെ നായകനാക്കുന്നു ഉമര്‍(റ) അബൂ ഉബൈദയുടെ നേതൃത്വം അനുസരണത്തോടെ സ്വീകരിച്ചു ഖാലിദ് യുദ്ധത്തില്‍ പങ്കെടുക്കുന്നു. നാമാണെങ്കിലോ? ഇസ്‌ലാമാണ് തങ്ങളുടെ എല്ലാം എന്ന് പറയുന്നവര്‍ പിളറ്റര്‍ന്ന് ഇരു ചേരികളാകുമ്പോള്‍ ആ ചേരികളുടെ താല്‍പര്യസംരക്ഷണത്തിന് ഊര്‍ജവും സമയവും ഒരുപാട് നഷ്ട്ടപ്പെടുത്തുന്നു. ആ നഷ്ട്ടപ്പെടുന്ന ഊര്‍ജം ഖുര്‍ആന്‍ ചിന്തകളിലേക്ക്, നാഥന്‍ ഇവിടെ ഒരുക്കിവെച്ചിട്ടുള്ള ദൃഷ്ടാന്തങ്ങളിലേക്ക് ഒന്ന് തിരിച്ചുവിട്ടാല്‍........... ക്ഷേമ പൂര്‍ണമായ ഒരു ജീവിതം ലോകത്തിനു മുഴുവന്‍ സമ്മാനിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയും!!

ഉര്‍ദുഖാന്റെ തുര്‍ക്കിയിലും നജാദിന്റെ ഇറാനിലും ഒരുപാട് നൂതന സാങ്കേതികവിദ്യകള്‍ ഉണ്ട് എന്ന് അവിടം സന്ദര്‍ശിച്ചവര്‍ പറയുന്നുണ്ട്. അമിതമായി ഊര്‍ജം കളയാത്തതിനാലാവും അവര്‍ക്കത് നേടാനായത്.

നമുക്കാ ആയത്തുകളിലേക്കുതന്നെ പോകാം. ഭൂമിയിലെ ദൃഷ്ടാന്തങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനാണ് റബ്ബ് ഉദ്‌ബോധിപ്പിക്കുന്നത്. ഉറുമ്പ് മുതല്‍ ആനവരെയുള്ള ഓരോ ജീവജാലങ്ങളും എന്തെല്ലാം അത്ഭുതങ്ങളാണ് പേറുന്നത്! അവയാണ് വാസ്തവത്തില്‍ നമ്മെ കൂടുതല്‍ ദൃഢചിത്തരും വിശ്വാസികളും ആക്കുന്നത്.

أنما يحشى الله من عباده العلماء അല്ലാഹുവിന്റെ അടിമകളില്‍ അവനെ സ്‌നേഹത്തോടെ ഭയക്കുന്നത് ഉലമാക്കള്‍ മാത്രമാണ്! ഞാന്‍ ഒന്ന് പറയട്ടെ! ദൃഷ്ടാന്തങ്ങള്‍ വെച്ച് ചിന്തിക്കുന്നവരാണ് ഉലമാക്കള്‍. അനാട്ടമി ചെയ്യുന്ന ഒരു വൈദ്യവിദ്യാര്‍ഥി, മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പില്‍ അത്ഭുതം കൂറുന്നവനാണ്. എല്ലുകളും ചെറുനാഡികളും ഇത്രമാത്രം കുറ്റമറ്റ നിലയില്‍ സംവിധാനിക്കപ്പെട്ടതെങ്ങനെ എന്ന് അവന്‍ സ്വയം ചോദിച്ചുപോകും. ഇതിന്റെ പിന്നില്‍ അതിമഹത്തായ ഒരു ശക്തി ഉണ്ട് എന്ന് അവന്ന് പറയാതെ നിവൃത്തി ഇല്ലാതാകും.

هذا خلق الله فأروني ماذا خلق الذين من دونه  ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്, അവനല്ലാത്തവര്‍ സൃഷ്ടിച്ചതെന്താണെന്ന് എനിക്കൊന്ന് നിങ്ങള്‍ കാട്ടിത്തരിക! സഹോദരങ്ങളേ! മുകളില്‍ കാണുന്ന ആകാശത്തേക്ക് രാത്രി ഒന്ന് കണ്ണയച്ചുനോക്കൂ... കറുത്തവാവ് ദിവസമാണെങ്കില്‍ കൂടുതല്‍ നന്നായിരിക്കും. ശോഭയോടെ, വ്യത്യസ്ത രൂപങ്ങളില്‍ നക്ഷത്രങ്ങളേയും നക്ഷത്രക്കൂട്ടങ്ങളേയും നമുക്ക് കാണാനാകും. വാരിവിതറപ്പെട്ടപോലുള്ള നക്ഷത്രങ്ങള്‍ എത്രയോ പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് നമ്മില്‍ നിന്നും! മാത്രമല്ല, അവ തമ്മിലും ആയിരക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ അകലെയും! സുബ്ഹാനല്ലാഹ്!! നാം കൊച്ചുഭൂമിയിലുള്ളവര്‍ എത്ര കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്! നമ്മെ വിസ്മയിപ്പിച്ചു പരിഭ്രാന്തരാക്കുന്നവയാണ് ആകാശത്തിലെ ഓരോ വസ്തുക്കളും.

അതിനാല്‍ ചിന്തിക്കുക! കുറഞ്ഞത് ഒന്നും നേടിയില്ലെങ്കിലും, അതിമഹത്തായ ഒരു സ്രഷ്ടാവിന്റെ മാത്രം അടിമയാണ് താനും എന്ന് ഉദ്‌ബോധനം ലഭിക്കും. മാത്രമല്ല, ആ സ്രഷ്ടാവ് ഈ കൊച്ചുകീടമായ തന്നേയും ചേര്‍ത്തുപിടിച്ചുകൊണ്ട് എന്റെ അടിമകളേ! എന്ന് പറയുന്നതായി ബോധ്യം വരുന്ന നിമിഷം! അതാണ് ദൈവസ്‌നേഹം വഴിഞ്ഞൊഴുകി നമ്മെ സന്തോഷിപ്പിക്കുന്ന നിമിഷം! الذين يرجون لقاء ربهم = തങ്ങളുടെ നാഥന്റെ കാഴ്ച ആഗ്രഹിക്കുന്നവര്‍ എന്ന് ഖുര്‍ആന്‍ പ്രശംസിച്ച മനുഷ്യരായി മാറും നാം.

അതിനാല്‍, പ്രകൃതിയിലെ ഓരോന്നും നിരീക്ഷിക്കുക. ചിന്തിക്കുക. പാഠം ഉള്‍ക്കൊള്ളുക. റബ്ബിന്റെ വിനയാന്വിതനായ അടിമയായി മാറുക. സമസൃഷ്ടികളെ സ്‌നേഹിക്കുക. ജീവിതമാര്‍ഗം തടയപ്പെട്ടവര്‍ക്കുള്ള വിഭവം കൂടി നമ്മുടെ പക്കല്‍ ഉണ്ടെന്ന അതിഗൗരവമായ സത്യം നാം മറക്കാതിരിക്കുക! ധൂര്‍ത്തിലും ദുര്‍വ്യയത്തിലും പെട്ട് നശിക്കാതിരിക്കുക!!

സ്വന്തം ടീച്ചര്‍,
വസ്സലാം