Saturday, September 28, 2013

മധുര സ്മരണകൾ

ഞങ്ങൾ രണ്ടു തവണ ഉം റ ചെയ്തിട്ടുണ്ട്. ഉംറ ആവശ്യമാണോ എന്നിടക്ക് തോന്നാറുണ്ട്. പക്ഷേ നാം ഈ ലോകത്തിലെ യാത്രക്കാർ. ഓരോ നിമിഷവും പടച്ചവൻ നിശ്ചയിച്ചത് സംഭവിക്കുന്നു എന്ന് മാത്രം.


കൂടാതെ നമ്മൾ ഓരോ യാത്രയിലും കണ്ണും കാതും തലച്ചോറും പ്രക്യതിയിലേക്ക് , ദ്യശ്യ ലോകത്തേക്ക് തുറന്ന് വെക്കണം.  നമ്മുടെ താല്പര്യമനുസരിച്ച് ഓരോ കാര്യങ്ങളും കല്ലിൽ കൊത്തിയ പോലെ മനസിന്റെ വിശാലമായി ഇടങ്ങളിൽ രേഖപ്പെട്ടു കൊള്ളും . നാലര വയസ്സിൽ പൂനയിൽ പോയതായിരുന്നു എന്റെ ഓർമയിലെ യാത്ര. ആ യാത്രയുടെ ബാക്കിയായി ഇന്നും യാത്ര തുടരുന്നു. യാത്രകളെപ്പറ്റി എഴുതാനും പറയാനും ഒരുപാടിഷ്ടവുമാണ്  എനിക്ക്. ഭാവനയിൽ കാണാനും ഇഷ്ടം.  

ഉംറ യാത്രയിലേക്ക് തന്നെ വരാം നമുക്ക്. ആറു കൊല്ലം മുമ്പ്. ഫലസ്തീനിൽ പോകാൻ എല്ലാ തയ്യാറെടുപ്പുകളും  ചെയ്ത് കോഴിക്കോട് എയർ പോർട്ട് പ്ലാസയിൽ എത്തി. രാവിലെയാണ് വിമാനം. (ആ യാത്ര മുടങ്ങിയതിനെപ്പറ്റി പലപ്പോഴും എഴുതിയിട്ടുണ്ട്) ബോംബെയും അബൂദാബിയും ഒക്കെ കണ്ടിട്ടുള്ളതാണ്. എന്നാലും വീണ്ടും കാണാൻ ഇഷ്ടം തന്നെ. കാരണം എന്റെ മനസും ഹ്യദയവും സദാ പ്രക്യതിയിലേക്ക് തുറന്ന് വെച്ചിരിക്കുകയാണ്. ഒരധ്യാപിക എന്ന നിലക്ക് ഞാൻ യാത്രയെ ഏറെ ഇഷ്ടപ്പെടുന്നു. രണ്ട് മാസത്തെ അവധി കഴിഞ്ഞ് സ്കൂൾ തുറന്ന് എത്തുന്ന മക്കൾക്ക് അറിവിന്റെ, അനുഭവത്തിന്റെ പുതിയ മേഖലകൾ അവർ കണ്ട പോലെ അവരിലേക്കെത്തിക്കാൻ എനിക്ക് സന്തോഷമാണ്. യാത്ര ചെയ്ത, കണ്ട സ്ഥലങ്ങളെപ്പറ്റി വീണ്ടും പറയുന്നതിനലാവാം എനിക്ക് യാത്രക്കുറിപ്പുകൾ എഴുതാൻ ഓർമകളെ മാത്രമേ ആശ്രയിക്കേണ്ടി വരാറുള്ളൂ." നൈലിന്റെയും ഒലിവിന്റെയും നാട്ടിലൂടെ "എന്ന എന്റെ പുസ്തകം പിറന്നത് വെറുതെ എഴുതിവിട്ട കുറിപ്പുകളിലൂടെയായിരുന്നു. ഒരിക്കലും ഒരു പുസ്തകമാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. പക്ഷേ ആ കുറിപ്പുകൾ വായിച്ച സുഹ്യത്തുക്കളാണ് പുസ്തകമാക്കാൻ നിർദേശിചത്. വായനക്കാർ പലരും ഇപ്പോഴും ആ പുസ്തകതിന്റെ ലാളിത്യത്തെപ്പറ്റി സന്തോഷം അറിയിക്കാറുണ്ട്. എനിക്ക് ലളിതമായി എഴുതാനേ അറിയൂ. ഇങ്ങിനെ ഒരാൾ അടുത്തുള്ള ഒരാളോട് സംസാരിക്കും പോളെ. ഞാൻ കരുതുന്നത് എഴുത്തിന് നിശ്ചിതമായ ഒരു ചിട്ടവട്ടങ്ങളുമില്ല എന്നാണ്. എഴുതുന്ന ആൾ തന്റെ മനസിൽ ഉയർന്ന് വരുന്ന ആശയങ്ങളെ, തന്റെ ഇഷ്ട സുഹ്യത്തുക്കളായ പേനയുടെയും കടലാസിന്റെയും സഹായത്തോടെ പുറത്തിറക്കുന്നു. വായിക്കുന്നവർക്ക് ഇഷ്ടപ്പെടാം. ഇഷ്ടപ്പെടാതിർക്കാം. എഴുത്തുകാരൻ അത് വിഷയമാക്കേണ്ടഠില്ല. കാരണം, മനുഷ്യരെല്ലാം ആത്യന്തികമായി സ്വാർഥമതികളാണ്. എന്നും തന്റെ സന്തോഷത്തിനായിരിക്കും പ്രഥമ സ്ഥാനം. താൻ മറ്റുള്ളവരെ സ്നേഹിക്കുന്നതും സഹായിക്കുന്നതും തനിക്ക് സന്തോഷം ലഭിക്കുന്നതിനാലാണല്ലോ. 


വീണ്ടൂം ഉംറ യാത്രയിൽ നിന്ന് നമ്മൾ പോന്നു. നമുക്കങ്ങോട്ട് തന്നെ പോകാം. ഒരു ഉച്ച. മസ്ജിദുൽ ഹറം (മക്കത്തെ പള്ളി. ) ഞാനിങ്ങിനെ വെറുതെ പള്ളിയിലൂടെ നടക്കുകയാണ്. അപ്പോഴുണ്ട് ഒരു കുഞ്ഞിക്കിളി. നിലത്ത് കിടക്കുന്നു. ചിറക് മുറിഞ്ഞ് കിടക്കുന്നു. ഞാനതിനെ കയ്യിലെടുത്തു. തീർ ത്തും മുറിഞ്ഞിട്ടീല്ല. പാവം തോന്നി. അങ്ങിനെ വിഷമിച്ചിരിക്കുമ്പോൾ ഒന്നു രണ്ട് പേരൊക്കെ വന്ന് നോക്കിപ്പോയി. അപ്പോഴുണ്ട് ഒരു യുവതി. സുന്ദരി. അവർ വന്ന് നോക്കി. എന്നോട് പ്ലാസ്റ്റർ ഉണ്ടോ എന്ന് ചോദിച്ചു. നീ ഡോക്ടറാണോ എന്ന് . എന്നെ വിസ്മയിപ്പിക്കുന്നതായിരുന്നു മറുപടി. ഞാൻ മ്യഗ ഡോക്ടറാണെന്ന് (ഈ സംഭവം ഞാനെവിടെയോ എഴുതിയിട്ടുണ്ട് എന്ന് തോന്നുന്നു) . അങ്ങിനെ വേഗം തന്നെ സംസം വെള്ളം കൊണ്ട് വന്ന് കഴുകി പ്ലാസ്റ്ററും നേരിയ സ്പ്ലിന്റും ബാൻഡേജും ഇട്ട് കുഞ്ഞിക്കിളിയെ വിട്ടൂ. അൽഹംദുലില്ലാഹ്. അത് പതുക്കെ നടന്നു തുടങ്ങി. ചിറകില്ലാതെ മുറിഞ്ഞ് പോകുമായിരുന്ന ആ കുഞ്ഞിക്കിളിയുടെ രക്ഷക്കെത്തിയത് ഇറാഖിൽ നിന്ന് ഉം റക്കെത്തിയ പെൺ കൊടിയായിരുന്നു. എന്നെ ഏറെ സന്തോഷിപ്പിച്ചത് , ഹറമിൽ വെച്ച് അത്ര നല്ലഒരു പ്രതിഫലാർഹമായ കാര്യം ചെയ്യാൻ സാധിച്ചല്ലോ എന്നാണ്. ഞാനേറെ സ്തുതിക്കുന്നു. എന്റെ രക്ഷിതാവനെ. പക്ഷേ 'മ്യഗ ഡോക്ടറോട്'സംസാരിച്ചപ്പോള്മറ്റൊരു സങ്കടത്തിലാണെത്തിയത്. അവളും ഭർത്താവും

മക്കയിലെ "'പൂരം' "അനസ്യൂതം തുടർന്ന് കൊണ്ടിരിക്കുകയാണ്. 12 മാസവും 24 മണിക്കൂറും -ത്വവാഫും സ്വ അ് യും നിലക്കാതെ തുടർന്നു കൊണ്ടിരിക്കുന്ന , അത്യന്തം  അൽഭുതകരമായ ഇടം.!! എന്നിട്ടും വ്യത്തിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനം.!!!! ഇതെഴുതുമ്പോൾ  എന്റെ മനസ് വെമ്പുകയാണ്. എത്രയും പെട്ടെന്ന് ഒന്നെനിക്കെന്റെ തറവാട്ടിൽ പോകണം. അതേ, ഞാൻ വിശ്വസിക്കുന്നു എന്റെ ആദം  ഉപ്പാപ്പയും ഹവ്വ ഉമ്മാമയും ജീവിതം തുടങ്ങിയത്  ആ മണ്ണിലായിരുന്നുവെന്ന്. അവിടെ ആകാനാണ് കൂടൂതൽ സാധ്യത. ഇഹലോകവാസികളായ നാം പരലോകത്തേക്കുള്ള യാത്രക്കാരാണ്. അതിനിടയിലെ കൊച്ചു യാത്രകൾ നമ്മുടെ ഹ്യദയത്തെ ശുദ്ധീകരിച്ചെങ്കിൽ !

Wednesday, September 25, 2013

'ഡോള്‍ഫിന്‍' - എറിയാടിന്റെ സിനിമ


'ഡോള്‍ഫിന്‍' എന്ന ജനകീയ സിനിമ കണ്ടു. ആദ്യപ്രദര്‍ശനം തന്നെ കാണാന്‍ കഴിഞ്ഞു. എ ഗ്രേഡ് ഉണ്ട് എന്നു പറയാം. എറിയാട്-അഴീക്കോട് ഭാഗത്തെ പച്ചയായ, സ്‌നേഹം തുളുമ്പുന്ന ജീവിതം സിദ്ദീഖ് പറവൂര്‍ കാഴ്ചക്കാര്‍ക്കായി സമര്‍പ്പിക്കുകയാണ്. എല്ലാ കാര്യത്തിലും സിദ്ദീഖ് നല്ലൊരു വര്‍ക്ക് ആണ് നടത്തിയിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളിലൊരാളായ സെയ്ദ്. കടലില്‍ പോയി കാണാതായ വാപ്പാടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നോക്കി വിഷമിക്കുന്നതു മുതല്‍ കാഴ്ചക്കാരെ ഹഠാദാകര്‍ഷിച്ചുകൊണ്ടാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. ഒപ്പം അനാഥത്വത്തിന്റെയും വൈധവ്യത്തിന്റെയും വേദനകളെ അനുവാചകരിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മസ്‌കത്തില്‍ പോയി, കടല്‍പ്പണിക്കിടയ്ക്ക് കാലൊടിഞ്ഞ്, തിരിച്ച് നാട്ടില്‍ വന്ന് കടം കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ ആത്മഹത്യ ചെയ്ത ഒരു മനുഷ്യന്റെ മകന്‍ സെയ്ദ് എനിക്കുണ്ട്. കഴിഞ്ഞ വര്‍ഷം ഒരു ദിവസം വാപ്പാനെപ്പറ്റി പറഞ്ഞപ്പോള്‍ ''ടീച്ചര്‍ക്കെന്റെ വാപ്പാനെ കാട്ടിത്തരട്ടെ?'' എന്നും പറഞ്ഞ് പേഴ്‌സില്‍നിന്ന് വാപ്പാടെ ഫോട്ടോ എടുത്ത് എന്നെ കാണിച്ച എട്ടാംക്ലാസ്സുകാരന്‍ സെയ്ദ് പേരുകൊണ്ടും ജീവിത ചുറ്റുപാടുകള്‍ കൊണ്ടും ഈ സെയ്ദുമായി സാമ്യത പുലര്‍ത്തുന്നു. എന്റെ സെയ്ദിന്റെ വല്യപ്പയും അടുത്തിടെ മരിച്ചുപോയി. മൂന്നു സെന്റ് സ്ഥലത്തിനുവേണ്ടി വിധവയായ ആ മാതാവ് നെട്ടോട്ടമോടുകയാണ്.

ഈ സിനിമ കണ്ടപ്പോള്‍ ഇത്തരം പല മുഖങ്ങളും നമ്മുടെ ഓര്‍മയിലേക്ക് ഓടിയെത്തുകയാണ്. സുലൈമാന്‍ എന്ന നല്ല മനുഷ്യന്‍ തന്റെ മകന് പകര്‍ന്നുകൊടുത്ത സദ്ചിന്തകള്‍ ഈ നാട്ടിലെ എല്ലാ വാപ്പാമാര്‍ക്കും പാഠമാകാന്‍ കഴിഞ്ഞാല്‍ അത് ഡയറക്ടര്‍ സിദ്ദീഖ് പറവൂരിന്റെ ജീവിതസാഫല്യമായി എന്ന് നമുക്ക് പറയാം. കാരണം, നല്ലൊരു ശതമാനം പിതാക്കളും ഇന്ന് മക്കളോട് നന്മ പറഞ്ഞുകൊടുക്കാന്‍ അര്‍ഹരല്ല. കള്ളിനും കഞ്ചാവിനും അടിമകളായി മാറിപ്പോയ വലിയൊരു ജനസഞ്ചയത്തിനിടയില്‍നിന്ന് സുലൈമാനെ പൊക്കിക്കൊണ്ടുവന്ന് സിദ്ദീഖ് ലോകത്തിന് കാട്ടിക്കൊടുക്കുകയാണ്.

ഒരു അധ്യാപിക എന്ന നിലയ്ക്കും കുടുംബപ്രശ്‌നങ്ങളില്‍ നേരിട്ടിടപെടാറുള്ള ഒരാളെന്ന നിലയ്ക്കും ഈ കഥയിലൂടെ ഞാനും സഞ്ചരിക്കുകയായിരുന്നു. വിധവകളെ, അനാഥകളെ ചേര്‍ത്തുപിടിച്ചാശ്വസിപ്പിക്കാനും സ്‌നേഹിക്കാനും അവരുടെ കാര്യങ്ങളില്‍ ഇടപെടാനും കഴിയുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതിയുണ്ട്. സാധുവെങ്കിലും നാരായണന്‍കുട്ടിച്ചേട്ടന്‍ എന്ന ശ്രീനി ആ ഭാഗം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിലും സാധുക്കളായ മനുഷ്യരെ അഭ്രപാളിയിലേക്കെത്തിക്കാനുള്ള സിദ്ദീഖിന്റെ ശ്രമം പൂര്‍ണ വിജയമാണെന്ന് പറയാം.

എന്നെ ആകര്‍ഷിച്ച മറ്റൊരു രംഗം ഗുണ്ടകള്‍ (പുറമേ നിന്ന് കടപ്പുറത്ത് വരുന്നവര്‍) പോലുള്ളവര്‍ സൈദിനെ റാഗ് ചെയ്യുന്ന രംഗം. ഇതും കടപ്പുറത്തിന്റെ കാണാക്കാഴ്ചകളാണ്. ആ കരച്ചിലിനൊടുവില്‍ നാരായണന്‍കുട്ടിച്ചേട്ടന്‍ ആ അനാഥബാലനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ്, തന്റെ പ്രിയസുഹൃത്തായ സുലൈമാനെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിക്കുമ്പോള്‍ ജാതീയതയും വര്‍ഗീയതയും  തീര്‍ക്കുന്ന എല്ലാ മാധ്യമങ്ങളുടെ നേര്‍ക്കുമാണ് ആ ശബ്ദം പ്രതിധ്വനിക്കുന്നത്. ജാതിരാഷ്ട്രീയവും വര്‍ഗീയ രാഷ്ട്രീയവും കളിക്കുന്ന രാഷ്ട്രീയക്കാര്‍ക്കൊക്കെ ഇതില്‍നിന്ന് പാഠങ്ങളുണ്ട്. ഞങ്ങളുടെ ജനകീയ പ്രസിഡന്റായ രമേശനും സുഹൃത്തുക്കളും സുലൈമാനെ ആദരിക്കുന്ന ചടങ്ങൊക്കെ ഒരുപാട് സന്ദേശങ്ങള്‍ വാരി വിതറിക്കൊണ്ടാണ് നീങ്ങുന്നത്. എല്ലാ കഥാപാത്രങ്ങളും ജനകീയമായവരാണെന്നതും എല്ലാവരും തങ്ങളുടെ ഭാഗം സുന്ദരമായി അഭിനയിച്ചു ഫലിപ്പിച്ചു എന്നതും എടുത്തുപറയത്തക്ക മേന്മയാണ്.

ഐഷയും മോനും ഉപ്പയും എല്ലാം വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു സാധാരണക്കാരന്‍ (പൈസ കൊണ്ട്) ആയ സിദ്ദീഖ് തന്റെ ഒരു സ്വപ്‌നമാണ് ഇതിലൂടെ സാക്ഷാത്കരിച്ചിരിക്കുന്നത്. കുറേ വര്‍ഷങ്ങളായി അടുത്തറിയുന്നവര്‍ എന്ന നിലയ്ക്ക് ഞാനും ഇതില്‍ ഏറെ സന്തോഷിക്കുന്നു.

രണ്ട് കുറവുകള്‍ ചൂണ്ടിക്കാണിക്കാനുദ്ദേശിക്കുന്നു. (എനിക്ക് തോന്നിയതാണ്; ശരിയാണോ എന്നറിയില്ല). സുലൈമാന്‍ മരിച്ചതറിയാതെ, തന്നെ മുമ്പ് വെള്ളത്തില്‍നിന്ന് രക്ഷിച്ച സുലൈമാന്റെ വീട് തിരഞ്ഞുവന്ന് ഒരു പയ്യന്‍ ഭാര്യയെയും മകനെയും കാണുന്ന രംഗം അല്പം കൂടി ഭാവാത്മകമാക്കാമായിരുന്നു. അതുപോലെ സുലൈമാന്‍ ശ്രീലങ്കന്‍ ജയിലിലുണ്ടെന്ന വാര്‍ത്ത അറിയുമ്പോള്‍ ഞങ്ങളുടെ എറിയാട് ഗ്രാമം കുറച്ചുകൂടി ആര്‍ത്തുല്ലസിക്കണമായിരുന്നു. കാരണം, ഞങ്ങള്‍ എറിയാട്ടുകാരാണ് - സ്‌നേഹിക്കാനും സഹായിക്കാനും മാത്രം അറിയാവുന്നവര്‍.

വാല്‍ക്കഷണം: ഈ സിനിമ കണ്ടപ്പോള്‍ എനിക്കും ഒരു സിനിമ എടുത്താല്‍ കൊള്ളാമെന്നുണ്ട്. ചുമ്മാ... തമാശ. ഇനിയും ഇത്തരം സംരംഭങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.

വസ്സലാം,

സ്വന്തം ടീച്ചര്‍.

Wednesday, September 4, 2013

സാമൂഹിക തിന്മകള്‍ അധികരിക്കുന്നു; വില്ലനായി മദ്യവും അശ്ലീലസിനിമകളും


ഹൃദയം തേങ്ങിക്കൊണ്ടാണീ കുറിപ്പ്. പരീക്ഷ മാറ്റിയോ എന്നറിയാന്‍ പത്രം നോക്കിയതാ. നമ്മുടെ നാടിനെന്തു പറ്റി? അമ്മയും അച്ഛനും ഒപ്പമല്ലാതെ, അമ്മൂമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ രാഹുല്‍ അമ്മായി വിരുന്ന് വന്ന സന്തോഷത്തില്‍ കൂടെ കിടക്കുന്നു. പാതിരായ്ക്ക് 2 മണിക്ക് പാവാടച്ചരടുകൊണ്ട് നിരപരാധിയായ ആ കുരുന്ന് ശ്വാസംമുട്ടിച്ച് കൊല്ലപ്പെടുന്നു. വീണ്ടും വാര്‍ത്ത - പിതാവിന്റെ മൂന്നാം ഭാര്യ തന്റെ അനാശാസ്യം ലോകമറിയാതിരിക്കാന്‍ പതിനൊന്നുകാരന്‍ സതീഷ്‌കുറാമിനെ ശ്വാസംമുട്ടിച്ചു കൊന്ന് ബാത്‌റൂമിലിട്ട് മണ്ണെണ്ണയൊഴിച്ച് തീ കൊടുക്കുന്നു. 10-ാം ക്ലാസ്സുകാരന്‍ മൂന്നു വയസ്സുകാരി പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന്നു. തീര്‍ന്നില്ല, മനുഷ്യമഹാദുരന്തമായി സിറിയയില്‍ നിന്ന് വന്‍ അഭയാര്‍ഥിപ്രവാഹം.

ഞാനൊരു സിറിയന്‍ സ്ത്രീയെ ഓര്‍ത്തുപോവുകയാണ്. യു.എ.ഇക്കാരിയായ എന്റെ കൂട്ടുകാരി യാസ്മീന്‍ പറഞ്ഞ കഥ. ദശകങ്ങള്‍ക്കു മുമ്പ് സിറിയയില്‍ നിന്ന് അഭയാര്‍ഥിയായി യു.എ.ഇയില്‍ എത്തിയ ഉമ്മുബാസില്‍. അവര്‍ ഇഖ്‌വാനിയായിരുന്നു. മക്കളും ഭര്‍ത്താവും കിട്ടിയ സാധനങ്ങളുമായി സിറിയയില്‍നിന്ന് യു.എ.ഇയിലെത്തി. ഹാഫിസുല്‍ അസദിന്റെ കാലത്തായിരുന്നു. യു.എ.ഇയിലെ സുഹൃത്തുക്കളുടെ തണലില്‍ ജീവിക്കുമ്പോള്‍ എങ്ങനെയോ യു.എ.ഇ. വിജിലന്‍സ് മണത്തറിഞ്ഞു. അങ്ങനെ ഉമ്മുബാസിലും ഭര്‍ത്താവും മക്കളും രാത്രിക്കുരാത്രി യു.എ.ഇ. വിടേണ്ടിവന്നു. അവര്‍ പോയത് ജര്‍മനിയിലേക്കായിരുന്നു. അവിടെ ചെന്ന് എല്ലാവരും പല വിധ തൊഴിലുകളും ചെയ്ത് ജീവിതം പച്ചപിടിപ്പിച്ചു. ഇസ്‌ലാമാണ് ശരിയായ മാര്‍ഗം എന്ന് ഉറച്ചു വിശ്വസിച്ചതിന്റെ പേരില്‍ ലോകത്ത് പലരും പല നിലയ്ക്കും പീഡനമനുഭവിക്കുന്നതിന്റെ നേരനുഭവമാണ് നാം ഉമ്മുബാസില്‍ കുടുംബത്തിലൂടെ കണ്ടത്. എത്ര ഉമ്മുബാസിലുമാരും പ്രാരാബ്ധമുള്ള കുടുംബങ്ങളുമാണ് ഇത്തരം പീഡനങ്ങള്‍ക്കിരകളാകുന്നത്.

നമുക്ക് കേരളത്തിലേക്കുതന്നെ വരാം. ഈ നാട് നശിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയാതെ നിവൃത്തിയില്ല. പിന്നിലെ വില്ലന്മാരെ കണ്ടുപിടിച്ച് പരിഹാരമുണ്ടാക്കാനാവണം മൊത്തം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ശ്രമം. എത്രയെത്ര ബാല്യങ്ങളാണ് ചവിട്ടിയരയ്ക്കപ്പെടുന്നത്. പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാത്ത കാലം. നമുക്ക് ഹൃദയനൈര്‍മല്യത്തോടെ പ്രാര്‍ഥിക്കാം - "രക്ഷിതാവേ, ഞങ്ങളുടെ നാടിനെ നീ എല്ലാവിധ നാശത്തില്‍നിന്നും രക്ഷിക്കണേ."

99 ശതമാനം പ്രശ്‌നങ്ങളുടെയും പിന്നിലെ വില്ലന്‍ മദ്യവും ബ്ലൂഫിലിമും ആണ് എന്ന് പറയാതെ നിവൃത്തിയില്ല. ആറാംക്ലാസ് വിദ്യാര്‍ഥി മുതല്‍ 'ബ്ലൂ' കാണുന്ന ലോകം. കുട്ടികളെ വളരെയധികം ശ്രദ്ധാപൂര്‍വം രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നബി (സ) പറഞ്ഞു: ''നിന്റെ സഹോദരനെ അക്രമിയായാലും അക്രമിക്കപ്പെടുന്നവനായാലും നീ സഹായിക്കുക.''

അതെ, ആ പത്താംക്ലാസ്സുകാരന്‍ ചെയ്ത മോശം പ്രവര്‍ത്തനം മൂലം അവനും ഭാരിച്ച ഒരു മാനസികാവസ്ഥയിലേക്ക് എടുത്തെറിയപ്പെട്ടുകാണും. അവരെപ്പോലുള്ളവര്‍ വീണുപോകുന്ന കുഴികളില്‍നിന്ന് പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ കൈകള്‍ വേണം. ഒപ്പം അത്തരം കുഴികളില്‍ വീഴാതിരിക്കാനും ശക്തമായ മൂല്യബോധവും താങ്ങുകളും വേണം. അധ്യാപകരും രക്ഷിതാക്കളും ഇത് മനസ്സിലാക്കേണ്ടതാണ്.