Friday, June 29, 2012

ശിഥിലമാകുന്ന വിവാഹബന്ധങ്ങള്‍

ഒരു കൊല്ലം മുമ്പ് വിവാഹിതരായ ദമ്പതികളില്‍ ഭാര്യയുടെ ഒരു കത്ത് എനിക്ക് വന്നു. 'ഞങ്ങളുടേത് പ്രണയവിവാഹമായിരുന്നു. പക്ഷേ, വിവാഹം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും തനിസ്വഭാവം മനസ്സിലായത്. ഞങ്ങള്‍ ശാരീരികമായി ബന്ധപ്പെടാറില്ല. അതിനാല്‍ത്തന്നെ കുട്ടികളും ഉണ്ടാകുന്നില്ല. ഭര്‍ത്താവ് പലപ്പോഴും പെരുമാറുന്നത് വളരെ മോശമായാണ്. എനിക്കിനി അവനെ വേണ്ട.' - കത്തിന്റെ ചുരുക്കം ഇതായിരുന്നു. അന്വേഷിച്ചപ്പോള്‍, അപക്വമായ തീരുമാനമായിരുന്നു അവരെ വിവാഹത്തിലെത്തിച്ചത് എന്ന് മനസ്സിലായി. ഇത്തരം ധാരാളം കേസുകള്‍ എന്റെയടുത്ത് വരാറുണ്ട്. നമുക്ക് കുറച്ച് ഉപദേശിച്ചുകൊടുക്കാനും ആശ്വസിപ്പിക്കാനും മാത്രമേ കഴിയൂ. അവര്‍ തന്നെയാണ് തീരുമാനമെടുക്കേണ്ടത്. പലപ്പോഴും വിവാഹമോചനത്തിന്റെ വക്കത്തെത്തിയ കേസുകള്‍ കുടുംബത്തിന്റെ മാനഹാനി ഓര്‍ത്ത് ഒരുമിച്ചു ചേരാറുണ്ട്. ദമ്പതികളില്‍ ഒരാളെ മാത്രം നമുക്ക് കുറ്റപ്പെടുത്താനാവില്ല. അപവാദങ്ങള്‍ ഉണ്ടാകാം. ചില കേസുകളില്‍ മാതാപിതാക്കളാണ് വില്ലന്മാര്‍. 'എന്റെ മോളെ ഇനി അവന് തല്ലാന്‍ വിട്ടുകൊടുക്കില്ല, ഇനി അവളങ്ങോട്ടു പോയാല്‍ അവന്‍ തല്ലിക്കൊല്ലുകയേയുള്ളൂ' ഇങ്ങനെയൊക്കെ പറഞ്ഞവര്‍ വീണ്ടും ഒന്നിച്ചു ജീവിക്കുന്ന അദ്ഭുതകരമായ കാഴ്ചയും നാം കാണാറുണ്ട്!

വിവാഹമോചനം അധികരിക്കുന്നു എന്നത് ഒരു സത്യമാണെങ്കിലും ജനസംഖ്യയുടെ വര്‍ധനവിന്റെ ശതമാനമനുസരിച്ചുള്ള അനുപാതമായിരിക്കില്ലേ?
മുമ്പത്തേതിലും വര്‍ധിച്ച ജീവിതസൗകര്യങ്ങളും ഓരോരുത്തരും സ്വന്തം വ്യക്തികളാണെന്നും തങ്ങള്‍ക്കാരോടും കടപ്പാടുകളില്ല എന്നുള്ള ഒരു ചിന്തയും, വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.


പെണ്‍കുട്ടികള്‍ക്ക് പഴയപോലെ സഹിക്കാനുള്ള കഴിവ് ഇല്ല എന്ന് പറയപ്പെടുന്നു. ഇവിടെ ഞാനീ വിഷയത്തെ ഇസ്‌ലാമികമായി സമീപിക്കാനാഗ്രഹിക്കുകയാണ്. ഇന്ത്യയിലെ മുസ്‌ലിം സ്ത്രീസമൂഹം ഇന്നും സ്വതന്ത്രരാണെന്നു പറയാനാവില്ല. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ അവര്‍ ആ അസ്വാതന്ത്ര്യത്തെ അനുവദിച്ചുകൊടുക്കുന്നു എന്നു വേണമെങ്കില്‍ പറയാം. ഭര്‍ത്താവിനുവേണ്ടി പലിശയ്ക്ക് ലോണെടുത്ത്, സ്വന്തം ശമ്പളത്തില്‍നിന്ന് നിര്‍ബന്ധപൂര്‍വം അടച്ചുകൊണ്ടിരിക്കുന്ന 'മുസ്‌ലിം'സ്ത്രീയെ കേരളത്തിലേ കാണാനാവൂ. ഒരുപക്ഷേ, ഈ ലോണെടുക്കുന്നത് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് ധൂര്‍ത്തടിക്കാനായേക്കാം.

കുടുംബങ്ങളില്‍ മതം ഉണ്ടാക്കിയിട്ട് കാര്യമില്ല. ധാര്‍മികമൂല്യങ്ങള്‍ ആണ് ഉണ്ടാക്കേണ്ടത്. നമ്മള്‍ പലപ്പോഴും ഉപരിപ്ലവമായ പര്‍ദ്ദ, വസ്ത്രധാരണം തുടങ്ങിയവയിലാണ് മതത്തെ കാണുന്നത്. മറിച്ച്, കുടുംബം ധാര്‍മികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരാകണം. സൂറത്തുല്‍ ഹുജുറാത്ത് എല്ലാ മനുഷ്യരും പഠിച്ചാല്‍, സമൂഹത്തിലെ കെടുതികള്‍ക്ക് പരിഹാരമായി. അപരന്റെ സ്വകാര്യതയ്ക്കും വ്യക്തിത്വത്തിനും അനുവാദം കൊടുക്കുക, പരിഹസിക്കാതിരിക്കുക, ദുഷിച്ചു പറയാതിരിക്കുക, ഊഹം വച്ചുപുലര്‍ത്താതിരിക്കുക, കുത്തുവാക്ക് പറയാതിരിക്കുക തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ആ അധ്യായത്തില്‍ പരസ്പരബന്ധത്തെ അരക്കിട്ടുറപ്പിക്കുന്നവയായി നമുക്ക് കാണാം. ആ കാര്യങ്ങള്‍ ചെറുപ്പത്തിലേ കുടുംബത്തില്‍നിന്നും ശീലിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു കുടുംബത്തെ ആരോഗ്യകരമായി കൊണ്ടുപോകാനാകും. എന്റെ മനസ്സില്‍ ഈ അപകടങ്ങള്‍ക്കൊക്കെ തെളിഞ്ഞുവരുന്ന പോംവഴിയാണിത്. പ്രണയത്തിലേക്കെടുത്തുചാടി, അപകടത്തില്‍പ്പെടുന്ന പെണ്‍കുട്ടിയും തന്റെ മാനദണ്ഡം ധാര്‍മികതയായി സ്വീകരിക്കാത്തതാണ് എന്ന് നിസ്സംശയം പറയാം. കാരണം, പ്രണയച്ചൂടില്‍ പുരുഷന്റെ ദുഃസ്വഭാവങ്ങളെ കാണാന്‍ അവളുടെ കണ്ണുകള്‍ക്ക് ശക്തിയില്ല. അതിനെ മറികടക്കാനുള്ള ധാര്‍മിക-ദൈവബോധം അവള്‍ നേടിയെടുക്കേണ്ടത് കുടുംബത്തില്‍ നിന്നാണ്. അതിന് സംവിധാനിക്കപ്പെട്ട രീതിയിലല്ല നമ്മുടെ അധിക കുടുംബങ്ങളും. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമായും ഗൃഹയോഗം കൂടേണ്ടതുണ്ട്. പ്രധാന ലക്ഷ്യം കുടുംബ ഭദ്രതയാണ്. കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെ ഗൃഹസദസ്സില്‍ തുറന്ന് ചര്‍ച്ചചെയ്യുന്ന ഒരു പരിപാടിയാണത്. നേരത്തെ പറഞ്ഞ ഹുജുറാത്ത് സൂറത്തിലെ സൂക്തങ്ങളുടെ പ്രയോഗവത്കരണം കൂടിയാണത്.
ഈ പ്രശ്‌നത്തിന് മറ്റൊരു കാരണം കൂടി ഉണ്ട് എന്ന് ഞാന്‍ ശക്തമായി അവതരിപ്പിക്കുകയാണ്.


നീണ്ടകാലത്തെ ഹൈസ്‌കൂള്‍ അധ്യാപന പരിചയത്തില്‍നിന്നും ഒരു കാര്യം പറയാനാവും. ഏതോ കുത്സിതബുദ്ധികള്‍ ഇറക്കുമതി ചെയ്ത മിങ്കിളിങ് സംസ്‌കാരം നമ്മുടെ കുഞ്ഞുങ്ങളെ അപകടത്തിലേക്കെത്തിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല. 15 കൊല്ലം മുമ്പ് ക്ലാസ്സുകള്‍ പ്രത്യേകിച്ചായിരുന്നു. അന്ന് ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ചെറുപ്പത്തിലേ അവരുടെ നാണം നഷ്ടപ്പെടുന്നുണ്ട്. 'നിര്‍ലജ്ജത ഒരു സമൂഹത്തില്‍ വന്നാല്‍ ആ സമൂഹം നശിക്കും' എന്ന് നബി (സ) പറഞ്ഞിട്ടുണ്ട്. ഇനി ഒരു തിരിച്ചുപോക്കിന് സാധാമാകാത്തവിധം ഇടകലരല്‍ അതിന്റെ എല്ലാ അതിര്‍വരമ്പുകളും വിട്ടുകടന്നിരിക്കുന്നു. ആ സ്വഭാവം അവരുടെ ഭാവിജീവിതത്തിലും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആണിന്റെയും പെണ്ണിന്റെയും ഉള്ളില്‍നിന്ന് നാണം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ശരീരത്തെ പര്‍ദ്ദ ഇടീച്ചെങ്കിലും മനസ്സില്‍ പര്‍ദ്ദ ഇല്ലാതായി. അതിന് മൊബൈല്‍ഫോണും ഇന്റര്‍നെറ്റും ഒന്നുകൂടി ആക്കം കൂട്ടി.

ഇതിനിടയിലും വഴുതിവീഴാതെ ജീവിക്കുന്ന മാന്യരായ ദമ്പതികളെ മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. മറിച്ച്, നിര്‍ബന്ധിക്കപ്പെടുന്ന മതബോധത്തിനു പകരം സ്വയമെടുത്തണിയുന്ന ധാര്‍മികതയിലേക്ക് നമുക്ക് നമ്മുടെ കുഞ്ഞുങ്ങളെ വഴിനടത്താന്‍ കഴിയണം. അതിന് മാതാപിതാക്കളുടെ ധാര്‍മിക നിലവാരം ശക്തവും സ്വാധീനം ചെലുത്താന്‍ കഴിയുന്നതുമാകണം.

വാല്‍ക്കഷണം: ഒരുമിച്ചു ജീവിക്കാന്‍ പറ്റാത്തവരെ നിര്‍ബന്ധിക്കരുത്. ആകെയുള്ള ജീവിതത്തെ നരകതുല്യമാക്കരുത്.

എപ്പോഴും നമ്മുടെ മനസ്സിന്റെ ചുമരുകളില്‍ ഈ വാചകം തൂങ്ങിക്കിടക്കട്ടെ - എന്റെ കുടുംബം ഈ ഭൂമിയിലെ സ്വര്‍ഗമാകാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.

Thursday, June 28, 2012

മടക്കയാത്രയിലെ പരീക്ഷണങ്ങൾ

എല്ലാവര്‍ക്കും റിസര്‍വേഷന്‍ ഉണ്ട്. ചെന്നപ്പോഴത്തെ കാഴ്ച കഷ്ടമായിരുന്നു. നമ്മുടെ സീറ്റുകളിലൊക്കെ ആള്‍ക്കാര്‍ കിടന്നുറങ്ങുന്നു. യാതൊരു നിജവും വ്യവസ്ഥയും ഇല്ലാത്ത യാത്ര. അപ്പോഴൊക്കെ മോന്‍ പറഞ്ഞതോര്‍ത്തു. ബാഗ് ആരെങ്കിലും കൊണ്ടുപോകുമോ എന്നു തോന്നി. റിസര്‍വേഷനുള്ളവര്‍ക്കു പുറമെ അതിലുമധികം ആളുകള്‍ ബോഗിയില്‍ ഉണ്ട്. പോരെങ്കില്‍ പാന്‍മസാലയുടെ മണവും. ചൂടും. എല്ലാം കൂടി ആകെപ്പാടെ വിഷമം. ടു-ടയര്‍ എസി കിട്ടുമായിരുന്നിട്ട്... സാരമില്ല, എല്ലാ വിഷമങ്ങളെയും മറപ്പിക്കുന്ന, സ്‌നേഹം തുളുമ്പുന്ന സുഹൃത്തുക്കള്‍ ഉണ്ടല്ലോ കൂടെ. എന്തു വന്നാലും കരുവാരക്കുണ്ട് ടീം ഉണ്ട്, തൊട്ടടുത്ത കൂപ്പയില്‍.

ഒരുവിധം നേരം വെളുത്തു. ഏഴുമണിയായപ്പോള്‍ ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വറിലെത്തി. പത്തിരുപതു മിനിറ്റ് കഴിഞ്ഞിട്ടും വണ്ടി പോകുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നു - പെട്രോള്‍ വിലവര്‍ധന കാരണം ബി.ജെ.പി. ഹര്‍ത്താലാണെന്ന്. വൈകീട്ട് ആറുമണിക്കേ പോകൂ. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്നതുപോലെ. ഇടനെഞ്ചില്‍ ഒരു വെള്ളിടി വെട്ടിയ പോലെ. ഈ കൊടുംചൂടില്‍ 12 മണിക്കൂര്‍ നില്‍ക്കുകയോ? വല്ല അപകടവും സംഭവിക്കുമോ എന്നൊക്കെ തോന്നി. ഭാഗ്യത്തിന് വണ്ടി റെയില്‍വേ സ്റ്റേഷനിലെ മേല്‍ക്കൂരയുള്ള ഭാഗത്തായിരുന്നു. ഫോണിന്റെ ചാര്‍ജൊക്കെ തീര്‍ന്നു. ചിലര്‍ ഭുവനേശ്വറില്‍നിന്ന് ഫ്‌ളൈറ്റ് കിട്ടുമോ എന്ന് നാട്ടില്‍ അന്വേഷിക്കുന്നു. എല്ലാം കൂടി ആകെ വിഷമം.

പക്ഷേ, ഞാനിവിടെ ഒരു തിരിച്ചറിവ് കുറിക്കട്ടെ. മനുഷ്യന് ഏതു സാഹചര്യവുമായും എത്രയും പെട്ടെന്ന് ഇണങ്ങാന്‍ കഴിയും. ആദ്യമണിക്കൂറിലെ പ്രയാസം രണ്ടാം മണിക്കൂറില്‍ സന്തോഷവും തമാശയും ആയി മാറി. എന്റെ ഒരു വലിയ ആഗ്രഹമായിരുന്നു, പ്ലാറ്റ്‌ഫോമില്‍ ഒന്ന് കിടന്നുറങ്ങണമെന്ന്. അതും നടന്നു. ഞാനും ജമീലയും പ്ലാറ്റ്‌ഫോമിലെ നല്ലൊരു മാര്‍ബിള്‍ ബെഞ്ച് തെരഞ്ഞെടുത്ത് ബാഗ് തലയ്ക്കു വച്ച് കുറച്ചു സമയം സുഖമായി ഉറങ്ങി. ബോഗിയിലെ കൊടുംചൂടില്‍ കിടക്കുന്നതിലും എന്തുകൊണ്ടും നല്ലത് മരത്തണല്‍ തന്നെ. യാ റബ്ബീ! ഇനിയും ഉറങ്ങീം തമാശ പറഞ്ഞും സമയം നീക്കണം. വെയിലിന് കനം കൂടി വരുന്നു. അതിനിടെ ഫോണ്‍ ചാര്‍ജ്‌ചെയ്യാന്‍ തൊട്ടടുത്ത ഏസി കോച്ചില്‍ പോയി. അവിടെ നിന്ന് ഒരു ബംഗ്ലാദേശ് കുടുംബത്തെ പരിചയപ്പെട്ടു. ഒരു പുരുഷനും അദ്ദേഹത്തിന്റെ ഉമ്മയും ഭാര്യയും. അവര്‍ വെല്ലൂരില്‍ ചികിത്സയ്ക്കു പോവുകയാണ്. ഹിന്ദിയും ഇംഗ്ലീഷും ഒക്കെ കലര്‍ത്തി സംസാരിച്ച് ഞങ്ങള്‍ വളരെ വേഗം സുഹൃത്തുക്കളായി. ഒരുപാട് വിഷയങ്ങള്‍ ചര്‍ച്ചയില്‍ വന്നു. അദ്ദേഹം ബംഗ്ലാദേശില്‍ ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്. തസ്‌ലീമാ നസ്‌റീനൊക്കെ ചര്‍ച്ചയില്‍ വന്നു.

സെക്കന്‍ഡ് ക്ലാസ് ബാത്‌റൂമിലേക്കൊന്നും പോകാന്‍ നിവൃത്തിയില്ല. അവിടെ വാതിലിന്റെ വഴിയിലൊക്കെ ആള്‍ക്കാര്‍ കിടക്കുകയാണ്. ഇതില്‍നിന്ന് ആ ട്രെയിനിന്റെ ഏതാണ്ടൊരു കോലം മനസ്സിലാക്കാമല്ലോ. ജനത്തിരക്ക് വല്ലാത്തൊരു പ്രയാസം തന്നെ. നമ്മുടെ 'വസ്‌വാസു'കളും വൃത്തിയും ഉണ്ടോ അന്നാട്ടിലെ ട്രെയിനുകളില്‍ വിലപ്പോവുന്നു. ഞാനും നിയമം തെറ്റിച്ചു. ഞാനധികവും ഏസിക്കാരുടെ ഭാഗത്തെ ടോയ്‌ലറ്റാണ് ഉപയോഗിച്ചത്. എന്തായാലും ഇവിടെ നിയമം എന്നൊന്നില്ല. ഇടയ്‌ക്കൊക്കെ ഏസിയില്‍ പോയി ഫോണ്‍ ചാര്‍ജ് ചെയ്തും സംസാരിച്ചും ചൂടിനാശ്വാസം കണ്ടു. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷണം തിന്നണം എന്നു പറഞ്ഞതുപോലെ...

കേട്ടതിനു വിപരീതമായി 12.30 ആയപ്പോള്‍ വണ്ടി എടുത്തു. ആറു മണിക്കൂര്‍ വൈകിയാണ് വണ്ടി ഓടുന്നത്. റിസര്‍വേഷനില്ലാത്തവരും ചെന്നൈയിലേക്കു തന്നെയാണെന്നു പറഞ്ഞപ്പോള്‍, ഇത്രയധികം ദൂരം ഇതൊക്കെ സഹിക്കേണ്ടേ എന്നോര്‍ത്തു. ഏതായാലും വിശാഖപട്ടണം, വിജയവാഡ, നെല്ലൂര്‍ ഒക്കെ പിന്നിട്ട് മൂന്നാം ദിവസം 11 മണിക്ക് ചെന്നൈയിലെത്തി. ഞങ്ങള്‍ക്കുണ്ടായിരുന്ന കോയമ്പത്തൂര്‍ക്കുള്ള കണക്ഷന്‍ ട്രെയിന്‍ പോയിക്കഴിഞ്ഞിരുന്നു. അഞ്ചും ആറും ആള്‍ക്കാരുള്ള സംഘങ്ങള്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റുകള്‍ നല്‍കി, കിട്ടിയപോലെ നിങ്ങള്‍ പൊയ്‌ക്കോ എന്ന് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പറഞ്ഞു. എത്രയും വേഗം എങ്ങനെയെങ്കിലും നാട്ടിലെത്തണം എന്നതായിരുന്നു എന്റെ ആവശ്യം. കാരണം,മരുമകള്‍ ആശുപത്രിയിലാണ്. മനസ്സാകെ കലമ്പിച്ചുപോയ സമയങ്ങള്‍.

എങ്ങനെയൊക്കെയോ ഞങ്ങള്‍ക്ക് ചെന്നൈയില്‍നിന്ന്, ന്യൂജല്‍പയ്ഗുരിയില്‍നിന്ന് യാത്രചെയ്യേണ്ടിയിരുന്ന ഗോഹട്ടി എക്‌സ്പ്രസ്സ് (അതും ഹര്‍ത്താലില്‍ പെട്ടതിനാല്‍ വൈകി) കിട്ടി. മറ്റൊരു പ്രതിസന്ധി കൂടി ഈ യാത്രയിലുണ്ടായി. അതും കൂടി എഴുതി ഈ കുറിപ്പിന് വിരാമമിടാം. ഗോഹട്ടി എക്‌സ്പ്രസ്സ് 12.30ന് എത്തി. ഞങ്ങള്‍ അതിവേഗത്തില്‍ ഓടി; ഏതെങ്കിലും സീറ്റ് കിട്ടണമല്ലോ. തൃശ്ശൂര്‍ വരെ ഇതില്‍ത്തന്നെ യാത്രചെയ്യാം. ബംഗാള്‍, ബീഹാര്‍, സിക്കിം - ദീര്‍ഘമായ യാത്രയായതിനാല്‍ ചെന്നൈ ഇപ്പോള്‍ നമ്മുടെ നാടുപോലെയായി. ഇനി, നിന്നോ ഇരുന്നോ നാട്ടിലെത്തണം എന്ന ചിന്ത മാത്രം. എല്ലാവരും കൂടി തിരക്കിട്ടു കയറുകയാണ്.

എങ്ങനെയെങ്കിലും ഏതെങ്കിലും കമ്പാര്‍ട്ട്‌മെന്റില്‍ കയറിപ്പറ്റിയാല്‍ മതിയെന്ന മനസ്സുമായി എല്ലാവരും കൂടി തിരക്കില്ലാത്തൊരു ബോഗിയിലേക്ക് കയറാന്‍ തുടങ്ങി. അപ്പോഴാണ് അത് മിലിട്ടറിക്കാര്‍ക്കുള്ള സ്‌പെഷ്യല്‍ കോച്ചാണെന്ന്. തിരക്കിട്ട് എല്ലാവരും തിരിച്ചിറങ്ങാന്‍ തുടങ്ങിയതും എന്റെ ഹാന്‍ഡ്ബാഗ് അതാ കിടക്കുന്നു, റെയില്‍പ്പാളത്തില്‍ - ട്രെയിനിനടിയില്‍. മനസ്സാകെ വല്ലാതായി. എന്താ പടച്ചവനേ, നീ ഇങ്ങനെ വിഷമിപ്പിക്കുന്നത് എന്ന് തോന്നിപ്പോയി. കാശും ഫോണും പാസ്‌പോര്‍ട്ടും ഒക്കെ ഉള്ള ബാഗാണ്. റബ്ബിനെ എങ്ങനെയാണ് വിളിച്ചു പ്രാര്‍ഥിച്ചതെന്നറിയില്ല - പടച്ചവനേ, സഹായിക്കണേ നാഥാ. സഹയാത്രികര്‍ ആദ്യം ഈ പ്രശ്‌നം അറിഞ്ഞില്ല. വിടവിലേക്ക് ആര്‍ക്കും ഇറങ്ങാനുള്ള സ്ഥലം ഇല്ല. ബാഗ് എടുക്കണമെങ്കില്‍ വണ്ടി പോകണം. ബാഗ് എടുക്കാതെ വണ്ടിയില്‍ കയറാനും പറ്റില്ല. വണ്ടി ഉടന്‍ വിടുമോ ഇല്ലയോ എന്നൊന്നും നിശ്ചയമില്ല. Please help me എന്നെ് ഒരു പയ്യനോട് ഞാന്‍ പറഞ്ഞു. ഉടന്‍ റബ്ബിന്റെ കരങ്ങള്‍ - ഞങ്ങളുടെ സഹയാത്രികനായ അബൂബക്കര്‍ സാഹിബ് വലിയ കാലന്‍കുട (ന്യൂജയ്പാല്‍ഗുരിയില്‍നിന്ന് വാങ്ങിയത്)യുടെ രൂപത്തില്‍ സഹായത്തിനെത്തി. മൂപ്പര്‍ എന്റെ ബാഗ് ആ നീളന്‍ കുട കൊണ്ട് തോണ്ടി പുറത്തെടുത്തു തന്നു. പടച്ചവന് ഞാന്‍ എങ്ങനെയാണ് നന്ദി പറയേണ്ടത്? തക്കസമയത്ത് തക്ക വസ്തുവിനെ നല്‍കി സഹായിക്കുന്നവന്‍ നീ തന്നെ! ഇങ്ങനത്തെ ചില ഏടാകൂടങ്ങളില്‍ നിന്റെ അദൃശ്യകരങ്ങള്‍ വന്ന് തലോടുന്നതറിയുമ്പോള്‍... നിന്നെ അറിയാനായിരുന്നോ നാഥാ നീ ആ ബാഗ് വീഴ്ത്തിയത്. അതോ എന്റെ അഹങ്കാരം കുറയ്ക്കാനോ. എന്തായാലും നിന്നെ ഞാന്‍ കോടിക്കണക്കിന് സ്തുതിക്കുന്നു. ഞാനൊരു പാവമാണ് നാഥാ...

മടക്കയാത്രയിലെ മറ്റൊരു എടങ്ങേറുകൂടി - ചെന്നൈയില്‍നിന്ന് എല്ലാവരും ഓരോ കുപ്പിവെള്ളം എടുത്തിരുന്നു. ചൂടിന്റെ കാഠിന്യത്താല്‍ ഒരുമണിക്കൂറിനകം വെള്ളം തീര്‍ന്നു. വണ്ടിയാണെങ്കില്‍ എല്ലാ സ്റ്റോപ്പിലും നിര്‍ത്തുന്നുമില്ല. നിര്‍ത്തുന്നത് ഒന്നും രണ്ടും മിനിറ്റു മാത്രം. റെയില്‍വേയിലെ വെള്ളം വില്‍ക്കുന്നവര്‍ ഞങ്ങളുടെ ബോഗിയിലേക്കെത്തുമ്പോഴേക്കും വെള്ളം തീരുകയാണ്. ട്രെയിനാണെങ്കില്‍ ഫുള്‍! മാത്രമല്ല, ടോയ്‌ലറ്റിലും വെള്ളമില്ല. കുടിക്കാന്‍ കിട്ടിയില്ലെങ്കിലും ഒന്നു മുഖവും കൈയും കഴുകാന്‍ പറ്റിയാലും ചൂടിന്റെ കാഠിന്യം തടുക്കാമായിരുന്നു. ഞാന്‍ 100 രൂപ എടുത്ത് കൈയില്‍ പിടിച്ചിട്ട് മണിക്കൂര്‍ ഒന്നുരണ്ടായി. യാതൊരു രക്ഷയുമില്ല. ഒരിക്കലും പൈസ വെള്ളത്തിന് പകരമാകില്ല എന്ന് ബോധ്യം വന്ന നിമിഷങ്ങള്‍. ഹൗറയില്‍നിന്ന് വരുന്ന ആലുവക്കാര്‍ ഒരല്പം വെള്ളം തന്നു. അവരുടെ പക്കലും അതോടെ വെള്ളം തീരും. സര്‍വശക്താ, ധൂര്‍ത്തടിച്ച് വെള്ളമുപയോഗിക്കുന്ന ഞങ്ങളെയൊന്ന് മനസ്സിലാക്കിത്തരും പോലെ. ഞാന്‍ തളര്‍ന്ന് കിടപ്പായി. ജീവിതത്തില്‍ ഇതിനുമുമ്പ് ഇത്തരമൊരു ദാഹം അനുഭവിച്ചിട്ടില്ല. ഈ ദാഹം മറക്കുകയുമില്ല. എല്ലാവരും പറഞ്ഞു: സേലത്ത് എത്തുമ്പോള്‍ വെള്ളം കിട്ടുമെന്ന്. അഞ്ചാറ് മണിക്കൂര്‍ കഴിഞ്ഞ് വണ്ടി സേലത്തെത്തി. വെറും രണ്ടു മിനിറ്റ് മാത്രം നിര്‍ത്തി, യാത്ര തുടര്‍ന്നു. മാത്രമല്ല, സ്റ്റേഷനില്‍ വെള്ളം തീര്‍ന്നെന്ന്! ആ ദിവസത്തെ പ്രത്യേക ചൂടുകൊണ്ടായിരിക്കുമോ വില്‍ക്കാന്‍ വെച്ച വെള്ളവും തീര്‍ന്നത്? അവസാനം, സജീര്‍ പോയി ഒരു കുപ്പി സെവന്‍-അപ് ഒപ്പിച്ചുകൊണ്ടുവന്നു. എല്ലാവരും തൊണ്ട നനയ്ക്കാന്‍ ഓരോ വായ കുടിച്ചു. ആടുജീവിതത്തില്‍, നജീബ് മരുഭൂമിയില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ വെള്ളത്തിനു ദാഹിച്ച്, വെള്ളം കണ്ടപ്പോള്‍ കുടിക്കാതിരിക്കാന്‍, രക്ഷപ്പെടുത്താന്‍ വന്ന മനുഷ്യന്‍ പ്രത്യേകം ശ്രദ്ധിച്ചതായി വായിച്ചതോര്‍ക്കുകയാണ്. എന്നിട്ടദ്ദേഹം തുണി നനച്ചു പിഴിഞ്ഞ് ചുണ്ടില്‍ നനച്ചുകൊടുത്തത്രെ!

സെവന്‍-അപ് കുടിച്ചാലുണ്ടോ ദാഹം തീരുന്നു. എന്നാലും, വൃത്തിപോലും നോക്കാതെ വെള്ളം കുടിച്ചുപോയേക്കാവുന്ന ആ ദാഹത്തില്‍ സെവന്‍-അപ് എങ്കില്‍ അത്. അവസാനം, സെവന്‍-അപ് ഇനിയും കിട്ടാനുണ്ടെന്നറിഞ്ഞപ്പോള്‍ കൈയില്‍ പിടിച്ചിരുന്ന നൂറുരൂപയ്ക്ക് സജീറിനെക്കൊണ്ട് സെവന്‍-അപ് വാങ്ങിച്ച് എല്ലാവര്‍ക്കും കൊടുത്തു. പക്ഷേ, പച്ചവെള്ളത്തിന്റെ മാധുര്യം എവിടെ, ഈ പഞ്ചസാരവെള്ളത്തിന്റെ മാധുര്യമെവിടെ? ഒരു ഖുര്‍ആന്‍ സൂക്തം പരിശോധിക്കുക - ''നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി നിങ്ങളെന്ത് പറയുന്നു? മഴമേഘങ്ങളില്‍നിന്ന് നിങ്ങളാണോ അതിറക്കിയത്? അതോ നാമോ? നാം വിചാരിച്ചാല്‍ അതിനെ കയ്പുറ്റതാക്കിക്കളയും! എന്നിട്ടും നിങ്ങളെന്തേ നന്ദി കാട്ടാത്തത്?'' (അല്‍വാഖിഅഃ)

അതേ നാഥാ, നീ നല്‍കിയ പച്ചവെള്ളം! അതിറക്കാന്‍ ഞങ്ങള്‍ അശക്തരാണ്. മാത്രമോ, അത് കുടിക്കാന്‍ പാകത്തില്‍ ഞങ്ങളുടെ അന്നനാളത്തെയും രുചിയറിയാന്‍ പാകത്തില്‍ നാവിനെയും സംവിധാനിച്ച നാഥാ! ഞങ്ങള്‍ നന്ദികേട് കാണിക്കുന്നുവെങ്കില്‍ നീ പൊറുത്തുതരുക. പടച്ചവന്‍ നല്‍കിയ എല്ലാം അമൂല്യംതന്നെ! യാതൊരു സംശയവും ഇല്ല.

അങ്ങനെ ഞങ്ങള്‍ രാത്രി ഒരുമണിക്ക് വീട്ടില്‍ സുഖമായെത്തി - അല്‍ഹംദുലില്ലാ...

ഈ വിവരണം ഇവിടെ പൂര്‍ണമാവുകയാണ്. ഞാന്‍ ഗ്രാമങ്ങളെ മനസ്സിലാക്കിയതില്‍ അപാകതകളുണ്ടോ എന്നറിയില്ല. എന്റെ വായനക്കാര്‍ എല്ലാം തുറന്നു പറയുക; വിമര്‍ശനമായാലും നിരൂപണമായാലും. നിങ്ങളുടെ നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നു.

'വ ആഖിര്‍ ദഅ്‌വാനാ അനില്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍...'

സ്വന്തം ടീച്ചര്‍.

Tuesday, June 26, 2012

വടക്കേയിന്ത്യൻ ട്രെയിനനുഭവങ്ങൾ

ഞങ്ങൾ സിക്കിമിന്റെ തലസ്ഥാനമായ ഗാംടോക്കിലേക്ക് തിരിച്ചിറങ്ങി. പിറ്റേന്ന് രാവിലെ 9.40ന്റെ ട്രെയിനിന് പോകാൻ പാകത്തിൽ നൂറിലധികം കിലോമീറ്റർ ദൂരമുള്ള ന്യൂജയ്പാൽഗുരി റെയിൽവേസ്റ്റേഷനിലെത്തണം. അതിനനുസരിച്ച് നേരത്തെ പുറപ്പെടണം. അതിനുമുമ്പ് ഗാംടോക്കിനെപ്പറ്റി അല്പം വിവരിക്കാം.

ഞങ്ങളെ ഡ്രൈവർ മറ്റൊരു ടാക്‌സിസ്റ്റാന്റിലാണ് ഇറക്കിയത്. അവിടെ നിന്ന് ഹോട്ടലിലേക്ക് കുറച്ചു ദൂരമുണ്ട്. അഞ്ചുപേർക്കായി ആദ്യം 80 രൂപയ്ക്ക് ഒരു ടാക്‌സി വിളിച്ചു. കയറാൻ ചെന്നപ്പോൾ പറയുന്നു, 100 ആണെന്ന്. ടൂറിസ്റ്റുകളാണെന്ന് കാണുമ്പോഴത്തെ പിഴിയൽ. അങ്ങനെ തട്ടിപ്പുണ്ടെങ്കിൽ ഞങ്ങൾ നടന്നുകൊള്ളാമെന്നായി സംഘാംഗങ്ങൾ. ഞാൻ മനമില്ലാ മനസ്സോടെ നടക്കാൻ സമ്മതിച്ചു. പക്ഷേ, അദ്ഭുതകരമെന്നു പറയട്ടെ, നടക്കാൻ തുടങ്ങിയതും തലവേദനയും ക്ഷീണവും ഒക്കെ മാറി. ക്യാമറ എടുത്ത് സുന്ദരിയായ ഗാംടോക്ക് പട്ടണം പകർത്താൻ തുടങ്ങി. നടന്നിരുന്നില്ലെങ്കിൽ അതൊരു നഷ്ടമാകുമായിരുന്നു. സംഘാംഗങ്ങളൊക്കെ മുന്നിട്ടു പോയി. ഞാൻ വഴിയിൽ കണ്ട ചിലരുമായി സൗഹൃദം പങ്കിട്ടും ദൂരെയുള്ള വീടുകളും മറ്റും ക്യാമറയിലേക്ക് പകർത്തിയും നടന്നു. അരകിലോമീറ്ററേ ഉണ്ടായിരുന്നുള്ളൂ.

നല്ല വൃത്തിയും വെടിപ്പുമുള്ള നഗരം. കാൽനടക്കാർക്ക് നടക്കാനായി എല്ലാ റോഡിലും പ്രത്യേകം പ്ലാറ്റ്‌ഫോമുകൾ. അതിനാൽ, സൈഡ് പേടിക്കാതെ നടക്കാം. ഹോട്ടലിലെത്തി അല്പം വിശ്രമിച്ച് വീണ്ടും പട്ടണം കാണാനിറങ്ങി. വളരെ ചെറിയ മൂന്നുനാലു സാധനങ്ങൾ മാത്രം വാങ്ങി. ഷോപ്പിങ്ങിനു വേണ്ടിയുള്ള ഷോപ്പിങ് അവസാനിപ്പിച്ചിരിക്കയാണ് ഞാൻ.

സിക്കിമിലെ രണ്ടാമത്തെ രാത്രി എന്നെ സംബന്ധിച്ച് അത്യന്തം മനോവിഷമമുണ്ടാക്കിയതായിരുന്നു. കാരണം, ട്രെയിൻ ടിക്കറ്റ് എന്ന കടമ്പ. ഞങ്ങൾ മകന്റെ നിർബന്ധപ്രകാരം കോഴിക്കോട്ടുനിന്ന് ഹൗറയിലേക്കും ന്യൂജൽപയ്ഗുരിയിൽനിന്ന് തൃശ്ശൂർക്കും എ.സി. ആണ് എടുത്തിരുന്നത്. തിരിച്ചുള്ള ടിക്കറ്റ് ടുടയർ എസി ആയിരുന്നു. ഗുരുവായൂർനിന്ന് എടുത്തതു മുതൽ 5, 6 വെയിറ്റിങ് ലിസ്റ്റായിരുന്നു. ആഴ്ചയിൽ ഒന്ന് മാത്രമുള്ള ഗോഹട്ടി-തിരുവനന്തപുരം എക്‌സ്പ്രസ്സിലായിരുന്നു ഞങ്ങളുടെ ടിക്കറ്റ്. സംഘാംഗങ്ങളുടെ ടിക്കറ്റ് ന്യൂജയ്പാൽഗുരിയിൽനിന്ന് ഹൗറയിലേക്കുള്ള രാവിലത്തെ 9.40 ന്റെ ട്രെയിനിനും. ഞങ്ങളുടെ ടിക്കറ്റ് ഓകെ ആകുന്നുമില്ല. മോൻ റെയിൽവേയിൽ ഡോക്ടറായതിനാൽ EQ (എമർജൻസി ക്വാട്ട)യിൽ ശരിയാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, സംഘം പോയി. ഞങ്ങൾ ആ നാട്ടിൽ സീറ്റ് കിട്ടാതെ ട്രെയിൻ നഷ്ടമായാൽ... ആകെപ്പാടെ അസ്വസ്ഥത.

വിഷമം ഉള്ളിലൊതുക്കി രാത്രി കഴിച്ചുകൂട്ടി. നേരം വെളുത്തു. സംഘാംഗങ്ങളോടൊപ്പം നാലു മണിക്കൂർ ദൂരമുള്ള ന്യൂജയ്പാൽഗുരിയിലെത്തി. ഞങ്ങൾ ഗോഹട്ടി എക്‌സ്പ്രസ്സിൽ പോകുമെന്ന നിലയ്ക്ക് അവരുമായി യാത്രപറഞ്ഞു. എന്നാൽ, ഞങ്ങളുടെ ടിക്കറ്റ് ഇപ്പോഴും പ്രശ്‌നത്തിൽത്തന്നെ. അവസാനം, ഞാൻ ഇക്കാനോട് പറഞ്ഞു: നമുക്ക് പതുക്കെ ഓരോ സ്റ്റേഷനിലൊക്കെ ഇറങ്ങി, അലഞ്ഞ് യാത്ര ചെയ്യാം. അങ്ങനെ വിഷമിച്ചു നിൽക്കുമ്പോൾ ഫർമീസ് ചോദിക്കുന്നു, ഞങ്ങളുടെ വശം രണ്ട് ടിക്കറ്റുണ്ട്. ഞങ്ങൾ അത് ക്യാൻസൽ ചെയ്യാൻ പോവുകയാണ്. വേണമെങ്കിൽ ഉടൻ പറയണം. തീരുമാനമെടുക്കാനാവാതെ കുഴങ്ങി.

മോനെ വിളിച്ചെങ്കിലും 10.30 ആകട്ടെ, 99 ശതമാനം ഉറപ്പാണ്, ടു-ടയർ എസി ഒരു ശതമാനം ആ ഉറപ്പില്ലായ്കക്കിടയിൽ ഞാനും ഇക്കയും  തീരുമാനമെടുത്തു. ചൂടായാലും ബുദ്ധിമുട്ടായാലും നമ്മുടെ ടിക്കറ്റ് കാൻസൽ ചെയ്ത് സംഘത്തോടൊപ്പം തന്നെ യാത്ര തുടരാം. ഞാൻ തലേന്ന് രാത്രി 4,200 രൂപയുടെ ഇ-ടിക്കറ്റ് കാൻസൽ ചെയ്യാനുള്ള ഫോം ഒക്കെ പൂരിപ്പിച്ച് വച്ചിരുന്നു. രാവിലെ 9.35 ആയി. ഫർമീസും നദീറും പോയി ഞങ്ങളുടെ ടിക്കറ്റ് കാൻസൽ ചെയ്തു. 4,100 രൂപ തിരിച്ചു കിട്ടി. അതിലും കൂടുതലായി സമാധാനം തിരിച്ചുകിട്ടി. അല്ലാഹുവിനോട് രാത്രി വിഷമിച്ച് കുറേ ദുആ ചെയ്തതിന് അവൻ ഇത്ര നല്ല പരിഹാരമാണ് തന്നത്. ഇവരുടെ കൈയിൽ രണ്ട് ടിക്കറ്റുള്ള വിവരം ഞങ്ങൾക്കറിയില്ലായിരുന്നു. മോനെ വിളിച്ചപ്പോൾ അവന് സങ്കടവും നിരാശയും വിഷമവും. നിങ്ങൾ സെക്കൻഡ് ക്ലാസ്സിൽ യാത്രചെയ്ത് അവശരാകും എന്നൊക്കെയുള്ള വിഷമം. 

അങ്ങനെ എസിയും ടു-ടയറും ഒന്നുമില്ലെങ്കിലും ഞങ്ങൾ ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളോടൊപ്പം അതിദീർഘമായ മടക്കയാത്ര ആരംഭിച്ചു. ന്യൂജൽപായ്ഗുരി-ഹൗറ യാത്ര എക്‌സ്പ്രസ്സിൽ 10 മണിക്കൂറാണ്. ചർച്ചകൾ ചെയ്തും തമാശ പറഞ്ഞും ചൂട് താങ്ങാതാവുമ്പോൾ കുളിച്ചും 10 മണിക്കൂർ ബംഗാളിലൂടെ യാത്രചെയ്ത് കൊൽക്കത്തയിലെത്തി. ആ ട്രെയിനിൽ കയറിപ്പറ്റാനെടുത്ത ബുദ്ധിമുട്ട് വിവരണാതീതമാണ്. അന്നാട്ടിൽ റയില്‍വേ രിസെര്‍വഷന് യാതൊരു വിലയും ഇല്ല. എല്ലാവരും എല്ലായിടത്തും കയറുന്നു. നമ്മുടെ ദേഹത്ത് ഉന്തിയും തള്ളിയും ആണ് ആൾക്കാർ നിൽക്കുന്നത്. കുറേ കഴിഞ്ഞപ്പോൾ കുറച്ച് തിരക്കൊഴിഞ്ഞു. 

കേരളക്കാർക്ക് ടിക്കറ്റില്ലാതെയും റിസർവേഷനില്ലാതെയും യാത്രചെയ്യാൻ കഴിയില്ല. നമ്മുടെ ടിടിഇമാർ സമ്മതിക്കുകയുമില്ല. പക്ഷേ, അവിടെ സ്ഥിതി അതല്ല. ടിടിഇമാർ വന്ന് മാറിക്കയറാൻ പറയും, പോയ ഉടൻ വീണ്ടും വരും. പിന്നീടാണറിയുന്നത് ടിടിഇമാരും ഒത്തുകളിക്കുകയാണെന്ന്. വടക്കേ ഇന്ത്യയിൽ യാത്രചെയ്യുന്ന കേരളക്കാർ ക്ഷമാശീലമുള്ളവരല്ലെങ്കിൽ എസി ബുക്ക് ചെയ്ത് യാത്രചെയ്യാൻ ശ്രമിക്കുക. പക്ഷേ, ഞാനൊക്കെ സഹിച്ചുസഹിച്ച് ആ യാത്രയുമായി ഇഴുകിച്ചേർന്നു. പറഞ്ഞുകേട്ടതിലും ഭീകരമായിരുന്നു ആ യാത്ര. എങ്കിലും നമ്മുടെ വിഷൻ-2016 സഹയാത്രികരുടെ മഹത്വം... അതനുഭവിക്കാൻ ഈ സെക്കന്റ്ക്ലാസ് തന്നെ വേണം. 

ഇനി വിഷൻ 2016 ന്റെ കൂടെ യാത്രചെയ്യുന്നവരും സംഘമായിത്തന്നെ യാത്രചെയ്ത് ആ ഭാഗ്യം കൂടി കരസ്ഥമാക്കുക. എനിക്കെന്റെ ആ സഹയാത്രികരെ ഓർക്കുമ്പോൾത്തന്നെ മനസ്സിന് കുളിര്. മുനീറും ഭാര്യയും മകളും ഹസീനയും ഭർത്താവും ഞങ്ങളും ക്വാളിസ് യാത്രയിൽ ഒരു ഏഴംഗ സംഘമായിരുന്നു. 9-ാം ക്ലാസ് വിദ്യാർഥിനി ഫഹ്മിയുടെ ഉമ്മ ഇസ്‌ലാമിലേക്ക് വന്ന ഒരു മഹതിയാണ്-റഈസ. എന്നെ അവരുടെ ഒരു സ്വഭാവം വല്ലാതെ ആകർഷിച്ചു എന്നത് ഇവിടെ തുറന്നെഴുതട്ടെ. ഓരോ നമസ്‌കാരസമയമാകുമ്പോഴും റഈസക്ക് ഒരുതരം ബേജാറാണ് - ''മോളേ, ഫഹ്മീ, നിസ്‌കരിക്കാം''. റഈസാടെ വാക്കുകൾ ഇപ്പോഴും കേൾക്കുന്നപോലെ. എന്തൊരു ഭാഗ്യമുള്ള കുടുംബം! ഇസ്‌ലാമിൽ ജനിച്ചുവളർന്ന നമ്മെക്കാൾ നമസ്‌കാര സമയങ്ങളെ റഈസ ജാഗ്രതയോടെ കണക്കിലെടുക്കുന്നു. 13000 അടി ഉയരത്തിലുള്ള ബാബാമന്ദിറിന്റെ അടുത്ത് ചെന്നിട്ടും അവർ ആ മോളെ അംഗസ്‌നാനം വരുത്താൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ വിറയ്ക്കാൻ തുടങ്ങിയതിനാൽ തയമ്മും ചെയ്യുകയായിരുന്നു. ഓരോ യാത്രയിലും ഓരോ സഹയാത്രികർക്കും ഉള്ള മേന്മകൾ നാം കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്. 

യാതൊരു രക്തബന്ധവുമില്ലാത്തവർ പരസ്പരം ഔദാര്യവും സ്‌നേഹവും കാട്ടുന്ന മഹനീയമായ ആ സ്വഭാവത്തെ എങ്ങനെയാണ് വിസ്മരിക്കുക? യാത്രയുടെ അവസാനമാകാറായപ്പോൾ ഹംസ പറഞ്ഞു: ടീച്ചറേ, നിങ്ങളില്ലായിരുന്നെങ്കിൽ ഈ യാത്ര ബോറടിക്കുമായിരുന്നു എന്ന്. അൽഹംദുലില്ലാ. ഞാനാണെങ്കിൽ ആകാശത്തിനു താഴെയും ആകാശത്തും ഉള്ള ഏത് വിഷയവും ചർച്ചചെയ്യാൻ തൽപരയും ആണല്ലോ. വാസ്തവത്തിൽ യാത്ര വലിയൊരനുഭവ പഠനമാണ് എന്നതിൽ തർക്കമില്ല. മരണംവരെ യാത്രകൾ തുടർന്നുകൊണ്ടിരിക്കണം. 
എന്റെ മാതാപിതാക്കൾ യാത്രാപ്രിയരായിരുന്നു. ഉപ്പ ഔദ്യോഗിക ജീവിതത്തിന്റെ മുക്കാൽ പങ്കും പൂനയിൽ ചെലവഴിച്ചയാളാണ്. ഉമ്മയും പലപ്പോഴും പൂനയിൽ താമസിച്ചിട്ടുണ്ട്. എന്റെ നാലര വയസ്സിൽ ഞങ്ങൾ കുടുംബസമേതം പൂനക്കു പോയിട്ടുണ്ട്. ആ ഓർമയാവാം ഇന്നും തീവണ്ടിയാത്ര ഒരു കൊതിയൂറുന്ന അനുഭവമാക്കി മാറ്റുന്നത്. എന്റെ മോൻ ഇന്ത്യൻ റെയിൽവേയിൽത്തന്നെ ജോലിചെയ്യട്ടെ എന്നാണ് എന്റെ ഉള്ളിലും ആശ. പുറത്ത് ഇതിന്റെ ഇരട്ടിയും അതിലിരട്ടിയും വരുമാനം കിട്ടുമെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയിൽവേയിൽത്തന്നെ അവൻ ജോലിചെയ്യുന്നതാണ് എനിക്ക് സന്തോഷം. 

എനിക്കിനി ഇപ്പോൾ പോയതിന്റെ കിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, ത്രിപുര ഒക്കെ സന്ദർശിക്കണമെന്നുണ്ട്. അപ്രകാരം ഗുജറാത്തും രാജസ്ഥാനും കശ്മീരും. ഇന്ത്യാമഹാരാജ്യത്തിന്റെ വിശാലവും സുന്ദരവുമായ സംസ്ഥാനങ്ങളിലൂടെ. 

ഞങ്ങൾ ഒരുവിധം കൊൽക്കത്തയിലെത്തി. അവിടെ എല്ലാവരും ഷോപ്പിങ്ങിന് പോയി. ഞാൻ ഇക്കാനോട് പറഞ്ഞു: നമുക്കിനി ഷോപ്പിങ് വേണ്ട. നമുക്ക് നേരെ ഹൗറയിലേക്ക് പോയി അല്പം വിശ്രമിക്കാം. അപ്പോൾ ഞങ്ങളുടെ ഒരു സഹയാത്രികൻ, അദ്ദേഹത്തിന് തീരെ വയ്യ - ഛർദ്ദി, പ്രഷർ ഒക്കെ. ഞങ്ങൾ അദ്ദേഹത്തെയും കൂട്ടി ഒരു ടാക്‌സി പിടിച്ച് ഹൗറ റെയിൽവേ സ്റ്റേഷനിലെത്തി. ഒന്ന് കുളിക്കാനുള്ള സ്ഥലം അന്വേഷിച്ച് ഞാൻ കുറേ നടന്നു.

 ഹൗറ അതിവിശാലമായ, ധാരാളം പ്ലാറ്റ്‌ഫോമുകളുള്ള ഒരു റെയിൽവേ ജംഗ്ഷനാണ്. എനിക്ക് എന്നെ കാണാതാകുമോ എന്ന് പേടി തോന്നി. രാത്രി 9 മണി കഴിഞ്ഞുകാണും. റബ്ബിനോട് യാത്രയിലെ പ്രാർഥന ഒന്നുകൂടി ഉരുവിട്ടു - ''ഞാൻ വഴിതെറ്റുന്നതിൽനിന്നും വഴുതിവീഴുന്നതിൽനിന്നും, ഞാൻ അറിയപ്പെടാതെ നഷ്ടപ്പെട്ടുപോകുന്നതിൽനിന്നും നിന്നിൽ അഭയം തേടുന്നു.'' ഇതിങ്ങനെ ആവർത്തിച്ചാവർത്തിച്ച് മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. ഇക്ക ആ അസുഖമുള്ള സുഹൃത്തുമായി ലഗേജിനടുത്തിരുന്നു.

അവസാനം ഒരു സ്ത്രീയെ കണ്ട് 5 രൂപയ്ക്ക് കുളിക്കാനുള്ള ഒരു സ്ഥലം ഒപ്പിച്ചെടുത്തു. കുളിച്ച്, അത്യാവശ്യം ഒന്ന് അലക്കി 10 രൂപ കൊടുത്ത്, ആ സ്ത്രീയോട് നന്ദിപറഞ്ഞ് പോന്നു. വണ്ടി 11.45 നാണ്. നദീർ ഫോൺ ചെയ്യുന്നു. ടീച്ചർ, നമ്മുടെ വണ്ടി ഏത് പ്ലാറ്റ്‌ഫോമിലാണെന്ന് നോക്കണം. ഞങ്ങൾ ഇപ്പോൾ എത്താം. അങ്ങനെ അതും തിരഞ്ഞ് ഒരുപാട് നടന്നപ്പോഴേക്ക് അവർ (സംഘാംഗങ്ങൾ) വന്നു. ഒരുവിധം തങ്ങളുടെ കോച്ചുനമ്പരും സീറ്റും നോക്കി കയറാൻ തയ്യാറായി. ആ യാത്രയുടെ 'രസം' അടുത്ത കുറിപ്പിൽ.


Friday, June 22, 2012

ശൈത്യത്തിന്റെ മടിത്തട്ടിൽ യാക്കുമായൊരു കൂടിക്കാഴ്ച

ഗാംടോക്കിൽനിന്ന് ചങ്കുതടാകത്തിലേക്ക് നൂറിലധികം കിലോമീറ്ററുണ്ട്. ധാരാളം ഹെയർപിൻ വളവുകൾ. ഒരു വശം ചെങ്കുത്തായ താഴ്‌വാരം ഗാംടോക്കിൽനിന്ന് 50 കിലോമീറ്റർ പിന്നിട്ടുകാണും. പെട്ടെന്ന് വണ്ടികൾ നിന്നു. എന്താണ് കാര്യമെന്ന് മനസ്സിലായില്ല. കുറച്ചു കഴിഞ്ഞിട്ടും വണ്ടി വളരെ പതുക്കെ മാത്രമേ പോകുന്നുള്ളൂ. അവസാനം ഒരു ഹിൽവ്യൂ ഭാഗത്ത് വണ്ടി നിന്നു. അപ്പോഴാണ് താഴ്‌വാരത്തിൽ നൂറുകണക്കിന് വണ്ടികൾ ബ്ലോക്കായി കിടക്കുന്ന ദൃശ്യം കണ്ടത്. ഞെട്ടിപ്പോയി. മുകളിലും കാണും ഇതുപോലെ ബ്ലോക്ക്. ഒരു പട്ടാള ട്രക്ക് മറിഞ്ഞ് റോഡിൽത്തന്നെ കുറുകെ കിടക്കുകയാണത്രെ! വഴിതടസ്സം മാറി ഇന്ന് മുകളിലേക്ക് പോകാൻ കഴിയുമോ എന്നുറപ്പില്ലത്രെ!

ചില വാഹനങ്ങൾ തിരിച്ചിറങ്ങി. ഉള്ളിൽ സങ്കടം. ഇന്ന് നടന്നില്ലെങ്കിൽ... ഇതിനി എന്ന് കാണാൻ? നാളെ കാലത്ത് സിക്കിമിൽനിന്ന് 100 കിലോമീറ്റർ താഴെയുള്ള ന്യൂജൽവായ്ഗുരി റെയിൽവേ സ്റ്റേഷനിൽ എത്തി 9.40 നുള്ള എക്‌സ്പ്രസ്സിൽ ഹൗറയിലേക്കുള്ള യാത്ര ആരംഭിക്കണം. വഴിതടസ്സം നീങ്ങിയില്ലെങ്കിൽ ഒരു നിവൃത്തിയുമില്ല.

അതിനിടെ മലനിരകളുടെയും താഴ്‌വാരത്തിന്റെയും ഭംഗി കാണാനും ഫോട്ടോ എടുക്കാനും എല്ലാവരും വണ്ടികളിൽനിന്നിറങ്ങിത്തുടങ്ങി. ഞാനും കുറേ ഫോട്ടോ എടുത്തു. അപ്പോഴുണ്ട് നേപ്പാളി പട്ടാളപ്പോലീസുകാരും ഈ ജാമിൽപ്പെട്ട് പുറത്തിറങ്ങിയിരിക്കുന്നു. ഞങ്ങളെല്ലാവരും അവരുമായി സംസാരിച്ചു. നമ്മൾ കേരളത്തിൽനിന്നാണെന്നൊക്കെ പരിചയപ്പെടുത്തി. എല്ലാവരും അവരുമായി നിന്ന് ഫോട്ടോ എടുത്തു. വളരെ വിനയമുള്ള പോലീസുകാർ.

നിരാശക്കൊടുവിൽ വണ്ടികൾ നീങ്ങുമെന്നറിയിപ്പുണ്ടായി. എല്ലാവരോടും വണ്ടിയിൽ നിന്നിറങ്ങി അടുത്ത കയറ്റം കയറി മുകളിലേക്കെത്താൻ വണ്ടിക്കാരൻ പറഞ്ഞു. കാരണം, ട്രക്ക് മറിഞ്ഞ സ്ഥലം കഴിച്ച് റോഡ് അല്പം മാത്രമേയുള്ളൂ. ഞാൻ ഇറങ്ങിയില്ല. എന്റെ പ്രായവും സ്ത്രീത്വവും മാനിച്ച് ഇറങ്ങേണ്ട എന്ന് ഡ്രൈവർ സമ്മതം തന്നു. കുറച്ച് കഴിഞ്ഞപ്പോൾ വണ്ടി എടുത്തു. സംഘാംഗങ്ങൾ കയറ്റം കയറി കുഴങ്ങി, വണ്ടിയുടെ അടുത്തെത്തി. എല്ലാവരും സന്തോഷത്തോടെ വണ്ടിയിൽ കയറി. യാത്ര തുടർന്നു.

കുറേ കഴിഞ്ഞപ്പോൾ വഴിയിൽ ശക്തമായ കോട. തൊട്ടുമുമ്പിലുള്ള വാഹനങ്ങളെ ഒന്നും കാണുന്നില്ല. ഇരുട്ടായ പോലെ. വാഹനങ്ങൾ ലൈറ്റിട്ട് വരുന്നു. ആ ലൈറ്റ് തന്നെ അടുത്തെത്തുമ്പോഴേ കാണുന്നുള്ളൂ. റോഡാണെങ്കിൽ ടാർറോഡല്ല. മഞ്ഞുപെയ്ത് ചളിപിളിയായ റോഡ്. ഒരുഭാഗത്ത് അഗാധമായ ഗർത്തം. മനസ്സിൽ നേരിയ ഭയം. വല്ല വണ്ടിയും മുട്ടുകയോ ഡ്രൈവർക്ക് അല്പം പിഴയ്ക്കുകയോ ചെയ്താൽ കഥ തീർന്നു. അൽഹംദുലില്ലാഹ്, ആർക്കും ഒരു കുഴപ്പവും ഉണ്ടായില്ല. നൂറുകണക്കിന് വാഹനങ്ങളാണ് ആ വഴിയിലൂടെ ദിനംപ്രതി സഞ്ചരിക്കുന്നത്. കാരണം, ഹിമാലയത്തിന്റെ പ്രധാന താഴ്‌വാരമാണല്ലോ നേപ്പാൾ-സിക്കിം ഭാഗങ്ങൾ.

കുറേ ദൂരം പിന്നിട്ട് വണ്ടി ഒരു നദിക്കരികെ ചായ കുടിക്കാനും മറ്റുമായി നിർത്തി. എല്ലാവരും ഇറങ്ങി. സുന്ദരികളായ നേപ്പാളി-ബർമീസ് മുഖച്ഛായയുള്ള കച്ചവടക്കാരികൾ. സോക്‌സും സ്വെറ്ററുമൊക്കെ വില്പനയ്ക്കുണ്ട്.

അവിടെ നിന്ന് വീണ്ടും കയറ്റം കയറിയും നേർറോഡിലൂടെ യാത്രചെയ്തും ചങ്കുതടാകക്കരയിലെത്തി. വളരെ പരിചയമുള്ള 'ഒരാളെ' അവിടെ കണ്ടുമുട്ടി - യാക്ക്! ഉടമസ്ഥർ യാക്കുമായി സഞ്ചാരികളുടെ അടുത്തേക്ക് ഓടിവരുകയാണ്. അതിന്മേൽ കയറി ഫോട്ടോ എടുക്കാൻ 10-15 രൂപ ഒക്കെയാണ്. എനിക്ക് കയറാൻ പേടി തോന്നിയതിനാൽ യാക്കിനെ കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ എടുത്തു.


യാക്ക് ഒരത്ഭുതജീവി തന്നെ! കാണുമ്പോൾ വലിയ ശൂരതയുള്ള ജീവിയാണെന്ന് തോന്നുമെങ്കിലും നേരിൽ കണ്ടപ്പോൾ പഞ്ചപാവം. മൂക്കുകയറിട്ടിട്ടുണ്ട് എല്ലാ യാക്കിനും. ഭൂരിഭാഗം യാക്കുകളെയും അലങ്കരിച്ചിട്ടുണ്ട്. കാലിൽനിന്നും പൃഷ്ടഭാഗത്തുനിന്നുമൊക്കെ കാൽ മീറ്ററോളം നീളമുള്ള കട്ടിയുള്ള രോമങ്ങൾ തൂങ്ങിക്കിടക്കുന്നു. 
അതികഠിനമായ ശൈത്യത്തിൽനിന്നും രക്ഷനേടാൻ അതിന്റെ സ്രഷ്ടാവ് അതിനെ എങ്ങനെയൊക്കെയാണ് സൃഷ്ടിച്ച് സംവിധാനിച്ചിരിക്കുന്നത്! ശക്തിയുള്ള വലിയ കൊമ്പ് ഒരുപക്ഷേ, അതിനെ ശത്രുക്കളിൽനിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയാകും. ഓരോ ജീവിയിലും - ഉറുമ്പായാലും ആനയായാലും യാക്കായാലും - പടച്ചതമ്പുരാൻ കനിഞ്ഞരുളിയ എത്രയെത്ര അദ്ഭുതങ്ങളാണ്! ഖുർആൻ 'ആയത്ത്' അഥവാ ദൃഷ്ടാന്തം എന്ന് പരിചയപ്പെടുത്തുന്നത് ഇതിനെയൊക്കെയാണ്. ഖുർആൻ പറയുന്നു: തീർച്ചയായും ദൈവത്തിൽ ഉറച്ചുവിശ്വസിക്കുന്നവർക്ക് ഭൂമിയിൽ ഒരുപാട് ദൃഷ്ടാന്തങ്ങളുണ്ട്.

ഈവക ദൃഷ്ടാന്തങ്ങൾ കാണാൻ ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ഈ വയസ്സുകാലത്തും ഒരുങ്ങി പുറപ്പെടുന്നത് പടച്ചവന്റെ മഹത്തായ സാമീപ്യം ആസ്വദിക്കാൻ വേണ്ടി മാത്രമാണ്. ഒരുപക്ഷേ, കുറേ നിന്ന് നമസ്‌കരിക്കുന്നതിനേക്കാളും കുറേ നോമ്പെടുക്കുന്നതിനേക്കാളും വിശ്വാസത്തെ ഉറപ്പിക്കുന്നത് ഈ ഭൂമിയിലെ വർണശബളമായ, വ്യത്യസ്തങ്ങളായ അദ്ഭുതക്കാഴ്ചകളാണ്. നിറഞ്ഞ കണ്ണുകളോടും തപിക്കുന്ന ഹൃദയത്തോടും താനറിയാതെ മനുഷ്യൻ ഈ പ്രപഞ്ചസംവിധായകനായ മഹശ്ചക്തിയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുപോകും. ഈ ഭൂമിയിൽ ഒരു മനുഷ്യന് ലഭിക്കുന്ന സുഖകരമായ ഒരവസ്ഥയാണിത്. ഇഹലോകത്തുനിന്നുതന്നെ സ്വർഗത്തിന്റെ സുഗന്ധം അനുഭവിക്കാവുന്ന അവസ്ഥ. സുബ്ഹാനല്ലാഹ് (ദൈവമെത്ര പരിശുദ്ധൻ) എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുപോകും. ഇവയുടെ സൃഷ്ടിപ്പിലൊന്നും തനിക്ക് യാതൊരു പങ്കും ഇല്ലല്ലോ എന്നും മനുഷ്യൻ ചിന്തിക്കും. അതവനെ കൂടുതൽ വിനയാന്വിതനാക്കും.

നമുക്ക് തടാകക്കരയിൽനിന്ന് മുകളിലേക്ക് പോകാം. തടാകത്തിന്റെ പശ്ചാത്തലത്തിൽ മഞ്ഞ് പുതച്ച ഒരു മല. ചൂടുകാലമായതിനാൽ തടാകം ഐസല്ല. പക്ഷേ, ഭയങ്കര തണുത്ത വെള്ളമായിരിക്കും. മലയിലെ ഐസ് കുറേ ഭാഗം ഉരുകിയൊലിച്ചിട്ടുണ്ട്. കുറേ ഭാഗം ഐസ് മൂടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് മലയിലെ വിള്ളലുകളിൽ ഐസ് ഉരുകാതെ നിൽക്കുന്നുണ്ടാകും.

ചങ്കുവിൽ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 11,000 അടിയാണെന്ന് എഴുതിവെച്ചിട്ടുണ്ട്. മർദവ്യത്യാസമുള്ളതിനാൽ നേരിയ തലവേദനയും തലയ്ക്ക് കനവും. ഛർദ്ദിക്കാൻ വരുന്ന അവസ്ഥ. വണ്ടി 2000 അടി കൂടി കയറി മൊത്തം 13000 അടി ഉയരത്തിലാണ് നമ്മളിപ്പോൾ.
ബാബാമന്ദിർ എന്നറിയപ്പെടുന്ന സ്ഥലം. ബാബാ ഹർഭജൻസിങ് എന്ന പട്ടാളക്കാരൻ മഞ്ഞിൽപ്പെട്ടോ വെള്ളത്തിൽപ്പെട്ടോ രക്തസാക്ഷിയായ പ്രദേശം. അവിടെ അദ്ദേഹത്തിനായി നല്ലൊരു സ്മാരകം പണിയപ്പെട്ടിരിക്കുന്നു. അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടുള്ള, നല്ലൊരു ഭക്തിഗാനം മൈക്കിലൂടെ ഒഴുകുന്നുണ്ട്. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും മെഡലുകളും, ഉപയോഗിച്ചിരുന്ന കിടക്ക, കട്ടിൽ തുടങ്ങി എല്ലാം അവിടെ ഒരു മ്യൂസിയമെന്ന നിലയ്ക്ക് സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒന്നുരണ്ട് വലിയ പടങ്ങളും ഉണ്ട്. കൂടാതെ, കാണിക്കപ്പെട്ടിയിൽ നോട്ടുകൾ നിറഞ്ഞുതുളുമ്പി കിടക്കുന്നു! പുതിയൊരു ദൈവത്തെക്കൂടി ഉണ്ടാക്കിയ പ്രതീതി. പലരും അവിടെ പോയി പ്രാർഥിക്കുന്നുണ്ട്.

തൊട്ടടുത്തുതന്നെ പല കൗതുക വസ്തുക്കളും വിൽക്കുന്ന ഷോപ്പും ഉണ്ട്. 13000 ft Cafe എന്ന പേരിൽ ഒരു ഷോപ്പ് കണ്ടു. ഒന്നും വാങ്ങാൻ തോന്നിയില്ല. ബംഗാളിലെയും ബീഹാറിലെയും സാധുക്കളുടെ കാഴ്ചകൾ എന്നെ ഇപ്പോൾ 'ഷോപ്പിങ്' എന്ന സംസ്‌കാരത്തിൽനിന്ന് തീർത്തും മാറ്റിനിർത്തുകയാണ്. ഇല്ല, അനാവശ്യമായി ഒരു രൂപ പോലും ഇനി ചെലവഴിക്കില്ല. ഞങ്ങളവിടെ ചെന്നതും ശക്തമായ ഒരു കോടക്കാറ്റ് വീശി. അതീവസുന്ദരവും ഹൃദ്യവും. പക്ഷേ, ഞാനപ്പോഴേക്ക് കുറേശ്ശെ തണുക്കാൻ തുടങ്ങി. തണുപ്പുപ്രദേശത്ത് ചെല്ലുമ്പോഴത്തെ ഷിവറിങ്ങിനെ എനിക്ക് പേരിയാണ്. കുറേ സമയം നീണ്ടുനിന്നാൽ വിഷമമാണ്. പക്ഷേ, ചൂടുകാലത്തിന്റെ രൂക്ഷതയാലാവാം ഷിവറിങ്ങിനുള്ള തണുപ്പ് അനുഭവപ്പെട്ടില്ല.

രണ്ടുമണിക്കു മുമ്പ് ഈ സ്ഥലങ്ങൾ വിടണം എന്ന് മിക്ക സ്ഥലങ്ങളിലും ബോർഡുകൾ ഉണ്ട്. ഇനിയും വേണമെങ്കിൽ 2000 അടി ഉയരത്തിലേക്ക് പോകാം. പക്ഷേ, ആർക്കും താൽപര്യമില്ല. അത്രയ്ക്ക് ക്ഷീണമൊക്കെ ശരീരത്തെ ബാധിച്ചുകാണും. നാഥുലാ പാസ്സ് എന്നറിയപ്പെടുന്ന അതിർത്തിയാണവിടം. 15000 അടി ഉയരത്തിലും മറ്റൊരു തടാകം ഉണ്ടെന്ന് കോ-ഓർഡിനേറ്റർമാർ പറഞ്ഞറിയാൻ കഴിഞ്ഞു. ഒരു വണ്ടി മാത്രം ആ 2000 അടി കൂടി ഉയരത്തിലേക്ക് പോയി എന്ന് പിന്നീടറിഞ്ഞു.

ഈ യാത്രയിൽ നമ്മുടെ ഇന്ത്യൻ പട്ടാളക്കാരുടെ സേവനത്തെപ്പറ്റി എഴുതാതെ പോയാൽ അതൊരു നന്ദികേടാകും. സിക്കിം അതിർത്തി - മർമ്മപ്രധാനമായ - സംസ്ഥാനമാണല്ലോ. ഈ കോട പെയ്യുന്ന മലമുകളിൽ അവർ ബൈനോക്കുലറുകൾ സ്ഥാപിച്ച്, തോക്കും പിടിച്ച് നമ്മുടെ നാടിന് കാവൽ നിൽക്കുന്നു. അവരും അമ്മ പെറ്റ മക്കൾ തന്നെയല്ലേ? അതിർത്തികളിൽ 24 മണിക്കൂറും കാവൽ നിൽക്കുന്നുണ്ടാകും. നാം സുഖമായി കിടന്നുറങ്ങുമ്പോൾ നമ്മുടെ സഹോദരങ്ങൾ, നമ്മുടെ രാജ്യത്തെ ശത്രുക്കളിൽനിന്ന് കാക്കാനായി അതിശക്തമായ കൊടുംതണുപ്പിൽ ജാഗരൂകരായി നിൽക്കുന്നു. അതിർത്തികളുടെ ന്യായാന്യായങ്ങളൊന്നും ഞാനിവിടെ വിലയിരുത്തുന്നില്ല. അവർ ചെയ്യുന്ന സേവനത്തെ നന്ദിപൂർവം പരാമർശിക്കുന്നു എന്ന് മാത്രം. അവരെയും അവരുടെ സംവിധാനങ്ങളെയും കോട കാരണം വളരെ നേരിയതായി മാത്രമേ ദൃശ്യമായിരുന്നുള്ളൂ. അവർ റോഡിന്റെ തൊട്ട സൈഡിലായിരുന്നിട്ടുപോലും. ഒരു സ്വപ്‌നാടനം പോലെയായിരുന്നു യാത്രാവഴിയിലെ പല സ്ഥലങ്ങളും. ഈ ഭൂമിയെ ഈവിധം സുന്ദരമായി സംവിധാനിച്ച ദൈവത്തിന് മാത്രം സ്തുതി.

ഞങ്ങളുടെ വാഹനത്തിലെ ചിലരെയൊന്നും കാണാതായിട്ട് ഡ്രൈവർക്ക് വല്ലാത്ത ദ്വേഷ്യം. രണ്ടുമണിക്ക് തന്നെ ചുരങ്ങൾ ഇറങ്ങാൻ തുടങ്ങണമെന്ന് അയാൾ ഇടക്കിടെ പറയുന്നു. എന്താ ചെയ്യുക? അവസാനം എല്ലാവരും എത്തി മടക്കയാത്ര ആരംഭിച്ചു. എല്ലാവരും പറയുന്നു: ഇത്ര മുകളിൽ വന്നിട്ട് ഐസിൽ ഫോട്ടോ എടുത്തില്ലല്ലോ എന്ന്. യുവാക്കൾ ഡ്രൈവറുമായി നേരിയ കശപിശ. അയാളുടെ വണ്ടി എടുക്കലും ദ്വേഷ്യവും കണ്ടിട്ട് ഇനി ഗാംഗ്‌ടോക്കിലേ വണ്ടി നിൽക്കുകയുള്ളൂ എന്ന് തോന്നി. അയാളത് പറയുന്നുമുണ്ട്. സമയം വൈകി. യാത്ര ദുർഘടമാകും, കോട ഇറങ്ങിയാൽ.

 
ശബ്ദം അല്പം കൂടിത്തുടങ്ങിയപ്പോൾ നമ്മുടെ കുട്ടികളെ ഞാൻ പറഞ്ഞ് സമാധാനിപ്പിച്ചു. മഞ്ഞ് എത്തട്ടെ. ഞാൻ പറഞ്ഞ് വണ്ടി നിർത്തിത്തരാം. വിനയത്തിലും യാചനാസ്വരത്തിലും പറഞ്ഞാൽ വീഴാത്ത ആരുമില്ല. എനിക്ക് പേടി തോന്നി, ഞാൻ പറഞ്ഞിട്ട് ഇയാൾ നിർത്തിയില്ലെങ്കിൽ കുട്ടികൾക്കാകെ വിഷമമാകില്ലേ? അവസാനം മഞ്ഞുപുതച്ച മലയടി ഭാഗമെത്തി. ഞാൻ പറഞ്ഞു: 'ഭയ്യാ... തോഡാ വഖ്ത് സ്റ്റോപ്പ് കരോ...' മൂപ്പർ വണ്ടി നിർത്തി. ജൽദീ ജൽദീ പറയുന്നതിനിടയിൽ എല്ലാവരും ഇറങ്ങി ഐസിൽ നിന്നും ഇരുന്നും കൈയിൽ വാരിയുമൊക്കെ ഫോട്ടോ എടുത്തു. പറഞ്ഞപോലെ വേഗംതന്നെ എല്ലാവരും തിരിച്ചുകയറി. താഴ്‌വാരത്തേക്കുള്ള യാത്ര തുടർന്നു.

Wednesday, June 20, 2012

നക്‌സൽബാരി ഗ്രാമം പിന്നിട്ട് ഹിമാലയൻ താഴ്‌വാരത്തിൽ

ഞങ്ങൾ ബീഹാറിൽനിന്ന് നല്ലൊരു ബസ്സിലാണ് സിക്കിമിലേക്കുള്ള യാത്ര ആരംഭിച്ചത്. നാട് വിട്ടതിനുശേഷം നല്ല ബസ് കാണുന്നതാദ്യമാണ്. എന്റെ രുണുവും കൂട്ടുകാരുമുള്ള നാടിനോട് വിടപറയുകയാണ്. ഹൃദയത്തിൽ എവിടെയൊക്കെയോ നീറ്റൽ... സങ്കടം. ആ സാധുക്കൾക്കുവേണ്ടി എന്ത് ചെയ്യാനാകും എന്ന ചിന്ത എന്നെ മഥിച്ചുകൊണ്ടിരിക്കുന്നു. ബീഹാറിലെ ഭൂപ്രദേശങ്ങളുടെ സൗന്ദര്യം ആസ്വദിക്കുമ്പോഴും മനസ്സിൽ ചില സംഘട്ടനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ബംഗാളിലൂടെയാണ് ബസ് കൂടുതലും സഞ്ചരിച്ചത്. ഇതുവരെ നക്‌സൽബാരികൾ എന്ന് കേൾക്കുമ്പോൾ കുറേ ആൾക്കാരെയാണ് ഓർമവരിക. എന്നാലിപ്പോൾ നമ്മൾ ആ ഗ്രാമം മുറിച്ചുകടക്കുകയാണ്. യാത്രയുടെ കോ-ഓർഡിനേറ്ററായ ഫർമീസ് നക്‌സൽബാരി ഗ്രാമത്തെപ്പറ്റി ചെറുതായി വിശദീകരിച്ചു.

നക്‌സൽ പ്രസ്ഥാനത്തിൽനിന്ന് വിട്ട് ജമാഅത്തെ ഇസ്‌ലാമിയിൽ ചേർന്ന ഹംസ വയനാട് (ഹസീനയുടെ ഭർത്താവ്) വളരെ വിശദമായി നക്‌സൽ ഗ്രാമത്തിന്റെ ചരിത്രം വിശദീകരിച്ചു. ഞാനത് വളരെ ശ്രദ്ധാപൂർവം കേട്ടു. സംശയങ്ങളൊക്കെ ചോദിച്ചു. ചില പഴയ നക്‌സൽ സുഹൃത്തുക്കൾ പറഞ്ഞ കാര്യങ്ങളുമായി താരതമ്യം ചെയ്തു. ഞാനോർക്കുകയാണ്, ആ വിപ്ലവപ്രസ്ഥാനം അക്കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. യാതൊരു നിലയ്ക്കും പാവപ്പെട്ടവന് ഒരു മോചനവും കിട്ടാതാകുമ്പോൾ കാലഘട്ടത്തിന്റെ ആവശ്യമെന്ന നിലയ്ക്ക് ഒരു പ്രസ്ഥാനം ഉടലെടുക്കുകയാണ്. എന്നിട്ടും ഇന്നും ആ സാധുക്കളുടെ അവസ്ഥ ദയനീയംതന്നെ! ഹംസയുടെ ക്ലാസ് കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു: ഹംസക്ക പറഞ്ഞുപറഞ്ഞ് ചെക്കന്മാരൊക്കെ നക്‌സലാകണ്ട. എല്ലാവരും ചിരിയായി. ഹംസ നല്ല വായനപ്രിയനും ബുദ്ധിജീവിയും ആണ്. ഞങ്ങൾ യാത്രക്കിടയിൽ ധാരാളം ചർച്ചകൾ ചെയ്തു. എന്തായാലും മനുഷ്യന്റെ രണ്ട് ലോകത്തെയും മോചനമാർഗമായി ആ പഴയ നക്‌സലൈറ്റ് ഇസ്‌ലാമിനെ സ്വീകരിച്ചു എന്നത് ഇത് വായിക്കുന്ന എന്റെ ചില നക്‌സൽ സുഹൃത്തുക്കൾക്ക് കൗതുകകരമായിരിക്കും. അവർക്കും ആ വഴി സ്വീകാര്യമാവാൻ അല്ലാഹുവിനോട് പ്രാർഥിക്കുന്നു.

നക്‌സൽബാരി ഗ്രാമം പിന്നിട്ട് നേപ്പാളിന്റെ അതിർത്തി പങ്കിടുന്ന കാക്കർബട്ട എന്ന സ്ഥലത്ത് ബസ്സ് നിർത്തി. എല്ലാവർക്കും നല്ല വിശപ്പുണ്ടായതിനാൽ പെട്ടിക്കടയിൽനിന്നുതന്നെ ചായയും ബൂരിയും ഒക്കെ കഴിച്ചു. അവിടെ തൊട്ടടുത്ത് കടക്കാർക്ക് വേണ്ടിയുള്ള ഒരു ടോയ്‌ലറ്റ് ആവശ്യക്കാർ ഉപയോഗപ്പെടുത്തി. എല്ലായിടത്തും ചാമ്പ്‌പൈപ്പ് ഉള്ളതിനാൽ ഒരു സ്ഥലത്തും വെള്ളത്തിനുവേണ്ടി ഈ യാത്രയിൽ മുട്ടുണ്ടായില്ല. വരുംവഴി ഞാനൊരു നല്ല കാഴ്ച കണ്ടു. ഒരു റൂം നിറയെ മലമത്തങ്ങകൾ കൂട്ടിയിട്ടിരിക്കുന്നു. അത്രയ്ക്ക് വലിയ മത്തങ്ങകൾ, അത്രയധികം ഞാനാദ്യം കാണുകയാണ്. ക്യാമറ ഇല്ലാത്തതിനാൽ ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല.

കാക്കർബട്ട അതിർത്തിയിൽ പോകാൻ ഒന്നര മണിക്കൂർ സമയമുണ്ടെന്ന് കോ-ഓർഡിനേറ്റർമാർ അറിയിച്ചു. നല്ല ചൂട്. ഞങ്ങൾ ഒരു സൈക്കിൾറിക്ഷ ഏർപ്പാട് ചെയ്ത് നേപ്പാൾ അതിർത്തിയിൽ പോയി. നല്ല തിരക്കുള്ള കച്ചവടങ്ങളും ബിൽഡിങ്ങുകളും ഉള്ള സ്ഥലം. ലിച്ചിപ്പഴം മാർക്കറ്റിൽ വില്പനയ്ക്ക് വെച്ചിട്ടുണ്ട്. കുറച്ച് വാങ്ങി. എല്ലാവരും സമയത്തിനുതന്നെ ബസ്സിൽ തിരിച്ചെത്തി. നല്ല ചൂട്. അരമണിക്കൂർ ബസ്സിലിരുന്ന് വെന്തുപോയി. കാരണം, അഞ്ചുപേർ തിരിച്ചെത്തിയിട്ടില്ല. എല്ലാവരും അസ്വസ്ഥരായി. കോ-ഓർഡിനേറ്റർമാർക്കും പ്രയാസമായി. അവസാനം അരമുക്കാൽ മണിക്കൂർ വൈകി യാത്ര തുടർന്നു. ഒന്നുരണ്ടു മണിക്കൂർ യാത്രചെയ്ത് സിലിഗുരി എന്ന സ്ഥലത്തെത്തി. ബംഗാളിൽനിന്ന് സിക്കിമിലേക്ക് പോകുന്ന ഒരു പ്രധാന സ്ഥലമാണ് സിലിഗുരി. ഇനി അങ്ങോട്ട് വലിയ ബസ്സിലല്ല യാത്ര. അതിനാൽ, എല്ലാവരും ലഗേജുകളുമായി ഇറങ്ങി. വണ്ടികൾ എത്താൻ വൈകും എന്നതിനാൽ വിശ്രമിക്കാനും ലഗേജുകൾ വെക്കാനുമായി സിലിഗുരി റെയിൽവേ സ്റ്റേഷനിലേക്കാണ് പോയത്. വെയിലിൽ വാടിത്തളരും പോലെ. അത്രയ്ക്ക് പൊരിവെയിൽ. ലഗേജുകളുമായി കുറച്ചധികം ദൂരം നടക്കേണ്ടിവന്നു, റെയിൽവേ സ്റ്റേഷനിലേക്ക്. ഒന്നരമണിക്കൂറോളം അവിടെ തങ്ങേണ്ടിവന്നു. വണ്ടികൾ വന്നിട്ടും എല്ലാ വണ്ടികളും വരാനായി വീണ്ടും കാത്തിരിപ്പ്.

നാലുമണിക്കൂർ യാത്രയുണ്ട് സിക്കിമിന്റെ തലസ്ഥാനമായ ഗാങ്‌ടോക്കിലേക്ക്. അതീവസുന്ദരിയായ ടീസ്റ്റനദിയുടെ കരയിലൂടെ, അവളുടെ കുത്തൊഴുക്കും സൗന്ദര്യവും ആസ്വദിച്ചുകൊണ്ട് യാത്ര ആരംഭിച്ചു. കുറേ സ്ഥലങ്ങൾ വിശാലമായ നിബിഡ വനങ്ങൾ. കണ്ട് മതിവരാത്ത ദൃശ്യങ്ങൾ. ഹൃദയഹാരിയായിരുന്നു സിക്കിമിലേക്കുള്ള വഴി മുഴുവൻ. നാലും കൂടുതൽ സമയമെടുത്തുകാണും യാത്ര. ഇടയ്ക്ക് ഒന്നുരണ്ട് സ്ഥലങ്ങളിൽ ചായ കുടിക്കാനും കാണാനുമൊക്കെ ഇറങ്ങി. ഗാങ്‌ടോക്കിലെത്തിയപ്പോൾ രാത്രിയായി. ടൗണിലെത്തിയപ്പോഴേക്ക് നല്ല തിരക്ക്. ഒരുവിധം ലഗേജുകളൊക്കെ ഇറക്കി മറ്റൊരു വാഹനത്തിൽ ഹോട്ടലിലെത്തി. രാവിലെ മുതൽ രാത്രിവരെയുള്ള യാത്രൾ. സഹയാത്രികരുടെ സ്‌നേഹമസൃണമായ പെരുമാറ്റത്തിൽ യാത്രാക്ഷീണം എന്താണെന്നറിഞ്ഞില്ല എന്നതാണ് വാസ്തവം. ഒരിക്കലും മറക്കാത്ത യാത്രകളായിരുന്നു എല്ലാം.

സിക്കിം മലമ്പ്രദേശവും തണുപ്പുസ്ഥലവുമാണ്. ഹോട്ടലുകളിലൊന്നും ഫാൻ ഇല്ല. ഫാനിന്റെ ആവശ്യമില്ലാത്തതിനാലാണ്. എങ്കിലും ചൂടുകാലത്തിന്റെ മൂർധന്യമായതിനാൽ ചെറുതായി ഉഷ്ണം തോന്നി. എന്നാലും കൊടും ചൂടിൽനിന്നും തണുപ്പിലേക്കുള്ള മാറ്റം അല്പം ആശ്വാസമായി.

രാവിലെ ചങ്കുതടാകവും ബാബാഹർബജൻ മന്ദിറും കാണാൻ യാത്ര പുറപ്പെടുകയാണ്. ഹിമാലയൻ താഴ്‌വാരങ്ങളിലൂടെയുള്ള യാത്ര. ജീവിതത്തിൽ കിട്ടുന്ന അസുലഭ മുഹൂർത്തങ്ങൾ പാഠപുസ്തകങ്ങളിലും ക്ലാസ്‌റൂമുകളിലും മാപ്പിലും മാത്രം കണ്ടും കേട്ടും പരിചയമുള്ള ഹിമാലയൻ താഴ്‌വാരം. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി.

ഇന്ത്യയുടെ തിബത്തൻ അതിർത്തി സിക്കിമിലാണ്. നേപ്പാൾ വടക്കും. അതിനാൽത്തന്നെ അങ്ങോട്ടൊക്കെ പോകുവാൻ പോലീസ് പെർമിഷൻ വേണം. ഒൻപതു മണിവരെ വഴിയിൽ ഒരു കിലോമീറ്റർ യാത്രചെയ്ത് കാത്തുനിൽക്കേണ്ടിവന്നു. അവിടെ കുറച്ച് നേപ്പാളി സ്ത്രീപുരുഷന്മാർ പണിയെടുക്കുന്നുണ്ടായിരുന്നു. അവർ നമ്മുടെ നാട്ടിലെ പണിക്കാർ എടുക്കുന്നതിന്റെ നാലിരട്ടി ചുമട് എടുക്കുന്നുണ്ട്. ഒറ്റനോട്ടത്തിൽത്തന്നെ അരോഗദൃഢഗാത്രർ. നല്ല ശരീരവടിവുള്ള ആൾക്കാർ. കുട്ടികളൊക്കെ സ്വെറ്ററൊക്കെ ഇട്ടിട്ടാണ് സ്‌കൂളിൽ പോകുന്നത്. ബുദ്ധന്മാർ സിക്കിമിൽ ധാരാളമുണ്ട്. ലാമമാരുമായി ആദ്യമായി അല്പം സംസാരിക്കാൻ കഴിഞ്ഞത് സിക്കിമിൽ വെച്ചാണ്. എല്ലാവർക്കും ഏകദേശം ഒരേ മുഖച്ഛായ. ഒരു മോനും മോളും സ്‌കൂളിൽ പോകുന്നു. അവരുമായി ഒരു ഫോട്ടോ എടുക്കാൻ ആഗ്രഹം തോന്നി. പെൺകുട്ടി കൂട്ടാക്കിയില്ല. ആൺകുട്ടിയുമായി നിന്ന് ഫോട്ടോ എടുത്തു.

ഇത് ഇന്ത്യയുടെ പ്രത്യേകതയാണ്. ഭാഷക്കനുസരിച്ചുള്ള സംസ്ഥാനങ്ങളും ഭൂപ്രകൃതിയും. നാനാത്വത്തിൽ ഏകത്വം. ഇത്രമാത്രം ജാതികളും ഉപജാതികളും മതങ്ങളും ആചാര രീതികളുമുള്ള ഒരു ജനത വേറെയില്ല. സുന്ദരമായ സൂനങ്ങൾ. വ്യത്യസ്ത നിറത്തിൽ വിരിഞ്ഞുനിൽക്കുന്ന തോപ്പുകണക്കെ ഇന്ത്യ. അതിന്റെ വിരൂപ മുഖങ്ങളെ തൽക്കാലത്തേക്ക് നമുക്ക് മറക്കാം; തൽക്കാലത്തേക്കു മാത്രം.

Monday, June 18, 2012

വർഗീയതയുടെ ഇരുണ്ട മുഖം

കോസിനദീ മേഖലകൾ സന്ദർശിക്കും മുമ്പ് ഞങ്ങൾ മറ്റൊരു ഗ്രാമത്തിലേക്കാണ് പോയത്. ബസ്‌നിയ എന്ന ഗ്രാമം. വിദ്യാഭ്യാസം കാര്യമായില്ല. എന്നാലും ഒരു സ്‌കൂളും പള്ളിയും മദ്‌റസയും ഉള്ളതിന്റെ ചില മേന്മകൾ മൊത്തത്തിൽ കാണുന്നുണ്ട്. അവരാണ് ഞങ്ങൾക്ക് ചോളം പുഴുങ്ങി തന്നത്.

സ്ത്രീകളായ സഹയാത്രികർക്ക് അവരുടെ പ്രസവം, പ്രസവരക്ഷ എന്നിവകളെപ്പറ്റി അറിയാൻ മോഹം.

 ആ വീട്ടിലുള്ള പ്രൗഢയായ ഒരു സ്ത്രീയോട് ഞാനീ വിഷയം തിരക്കി. അവർ നന്നായി ഹിന്ദി പറയുന്നുണ്ട്. കഴിഞ്ഞ വർഷം ഹജ്ജ് ചെയ്തത്രെ! അവർ പറയാൻ തുടങ്ങി: എല്ലാവരും വീടുകളിലാണ് പ്രസവിക്കുന്നത്. പ്രസവിച്ച് ആറു ദിവസം മാത്രമേ വിശ്രമിക്കുകയുള്ളൂ. അപ്പോൾ ആരാണ് പ്രസവമെടുക്കുക എന്ന സംശയം എല്ലാവർക്കും ബാക്കി. അവർ പറഞ്ഞു: ''ഞാനാണ് ഇവിടെ പ്രസവം എടുക്കുന്നത്.'' എല്ലാ വീടുകളിലും അവർ പോകുമോ എന്ന് ചോദിക്കാൻ വിട്ടുപോയി. അവരുടെ മകനും മരുമകളും ഉള്ള വീട്ടിലാണവർ. കൂടെയുണ്ടായ സ്ത്രീകൾക്ക് ഈ വിഷയം അന്വേഷിക്കാൻ തോന്നിയതിനാൽ ഈ വിവരം കിട്ടി. ഇനിയും ഇവരിൽനിന്ന് എന്തെല്ലാം അറിവുകൾ കിട്ടുമായിരുന്നു. പ്രസവിച്ച പെണ്ണിന്റെ ഭക്ഷണം, കുളി ഒക്കെ ചോദിക്കാമായിരുന്നു. 

കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നുണ്ടെന്ന് പറഞ്ഞു. പുരുഷന്മാരൊക്കെ പള്ളിയും മദ്‌റസയും സന്ദർശിക്കാൻ പോയപ്പോൾ ഞങ്ങൾ ഒരു തൊഴുത്തിന്റെ പടാപ്പുറത്ത് മാവിൻതണലിലിരുന്നു. അവർ ഞങ്ങൾക്ക് പച്ചവെള്ളത്തിൽ ചോളപ്പൊടി കലക്കിയത് തന്ന് സൽക്കരിച്ചു. പലർക്കും ഇഷ്ടമായില്ല. മധുരമുള്ളതിനാൽ എനിക്കിഷ്ടമായി. ഒരു ഗ്ലാസ് കുടിച്ചു. യാത്രചെയ്ത് എല്ലാവരും ഒരുവിധം വശംകെട്ടിരുന്നു. കിട്ടുന്ന തണലുകളിലൊക്കെ ഇരിക്കാൻ കൊതിയായിരുന്നു. വണ്ടികയറാൻ നേരം ഒരു ഉസ്താദ്കുട്ടിയെ പരിചയപ്പെട്ടു. അദ്ദേഹം നേപ്പാളിൽ ഒരു പള്ളിയിലെ ഇമാമാണ്. ശാന്തപുരം കോളേജിലെ ഡോ. ഇനായത്തുല്ലാ സുബ്ഹാനിയുടെ ശിഷ്യനാണത്രെ! ബീഹാറിലെ ഒരു കോളേജിൽനിന്ന് പഠിച്ചതാണ്. നേപ്പാളിൽ തുച്ഛമായ ശമ്പളത്തിന് ജോലിചെയ്യുകയാണ്. വിശേഷങ്ങൾ കൂടുതലറിയാൻ കഴിഞ്ഞില്ല.
കോസിനദീ ദുരന്തബാധിതർക്ക് ഗവണ്മെന്റ് ഉണ്ടാക്കിക്കൊടുത്ത കുടിലുകളുടെ കുറച്ചു മുകളിലായി ഞങ്ങളുടെ വണ്ടി നിന്നു. പോകുംമുമ്പ് നദീർ പറഞ്ഞു: ടീച്ചറേ, അവസാന ഗ്രാമമാണ്. ശരിക്ക് കണ്ടോട്ടാ... ഒപ്പം അവിടത്തെ ജാതീയ-വർഗീയ അകൽച്ചയെയും പറ്റി മുന്നറിവ് തന്നു. അതിനാൽ, വളരെ ജാഗ്രതയിലാവണമെന്നും ഉപദേശിച്ചു.


നല്ല ഇറക്കം കഴിഞ്ഞുവേണം ദൂരെയുള്ള കുടിലുകളിലേക്കെത്താൻ. പല വീടുകളുടെ മുമ്പിലും ഹിന്ദു വർഗീയ സംഘടനകളുടെ കൊടികൾ. ഉള്ളിൽ നേരിര ഭയം തോന്നി. ഇത് ബീഹാറാണ്. ആൾക്കാരെ തല്ലിക്കൊന്നെന്നൊക്കെ ഇടക്കിടെ പത്രങ്ങളിൽ വായിക്കാറുള്ള നാട്. കുറച്ചു കൊല്ലം മുമ്പ് കോസിനദി പെട്ടെന്ന് കരകവിഞ്ഞൊഴുകി 250 കിലോമീറ്റർ വഴിമാറി സഞ്ചരിച്ച നാട്. ആ ദുരന്തത്തിൽ 10 ലക്ഷം പേർ ഭവനരഹിതരായി. അവരെ ഗവണ്മെന്റും മറ്റു സന്നദ്ധസംഘടനകളും പുനരധിവസിപ്പിക്കുകയാണ്. കൊച്ചുകൊച്ചു കുടിലുകൾ. ദൂരെ നിന്ന്, പാലത്തിന്റെ മുകളിൽനിന്ന് കുടിലുകളുടെ നീണ്ട നിര സുന്ദരമായ കാഴ്ചയായിരുന്നു.

ഞങ്ങൾ ഇറങ്ങിയത് ഹിന്ദുസഹോദരങ്ങൾ മാത്രം താമസിക്കുന്ന ഭാഗത്തായിരുന്നു. വിശാലമായ ഭൂപ്രദേശത്ത് കൊച്ചുകുടിലുകൾ. ആദ്യം ചെന്ന വീട്ടിൽനിന്നുതന്നെ ദുരനുഭവമാണുണ്ടായത്. അവിടത്തെ സ്ത്രീ-വീട്ടമ്മ-ക്ക് ഞങ്ങളുടെ വരവ് ഇഷ്ടമായിട്ടില്ല എന്ന് മുഖഭാവം വ്യക്തമാക്കി. ഫോട്ടോ എടുക്കാൻ സമ്മതിച്ചില്ല. 

ഞങ്ങൾ പറഞ്ഞു: ഞങ്ങൾ കേരളത്തിൽനിന്നാണ്. പത്രത്തിലും ടിവിയിലുമൊക്കെ കോസിനദീ ദുരന്തം കണ്ടിട്ട്, നിങ്ങളുടെ വിവരങ്ങളറിയാനും നിങ്ങളെ കാണാനും വന്നതാണ്. കുറച്ചു കഴിഞ്ഞപ്പോൾ ആ സഹോദരി പറയുകയാണ്: ''മുസൽമാൻ സബ് ആതംഗവാദി'' - പടച്ചവനേ, ആദ്യമായാണിങ്ങനെ ഒരനുഭവം. ഞങ്ങൾ വീണ്ടും ആ സഹോദരിയോട് വളരെ അനുനയത്തിൽ സംസാരിച്ചു. അവിടത്തെ പുരുഷന് നമ്മോട് വലിയ നീരസമില്ല. അങ്ങനെ നിൽക്കുമ്പോൾ ഗുരുദേവ് എന്നൊരു സഹോദരൻ വന്ന. അദ്ദേഹത്തിന് ഹിന്ദി മനസ്സിലാകുന്നുണ്ട്. ഞങ്ങൾ അദ്ദേഹത്തോടും ഞങ്ങളെ പരിചയപ്പെടുത്തി. കേരളം എന്ന് കേട്ടപ്പോൾ അദ്ദേഹത്തിന് സന്തോഷമായി. ആ സ്ത്രീ അപ്പോഴേക്ക് കുട്ടികളോടൊക്കെ അകത്ത് പോകാൻ ദ്വേഷ്യത്തോടെ പറയുകയാണ്. എന്താ ചെയ്യുക? ആ അവസ്ഥയിൽ അവരെ വേർപിരിയാൻ എന്റെ മനസ്സനുവദിച്ചില്ല. ഞാനവരുടെ അടുത്തേക്ക് വീണ്ടും ചെന്നിട്ട് പറഞ്ഞു: ''ബഹൻ! ഏക് ഖുദാ, ഏക് ആദ്മീ ഹം. ഹം ബായീ-ബഹൻ ഹേ!' എന്നിട്ട് അവരെ ഒന്ന് ചേർത്തുപിടിച്ചു. അവരുടെ ഭയം കുറേ മാറി. 

എന്നാലും, ഉത്തരേന്ത്യയുടെ വർഗീയവിഷത്തിന്റെ കട്ടി മനസ്സിനെ പൊള്ളിച്ചു. ഇതുപോലെയാകില്ലേ മുസ്‌ലിംകൾ തിരിച്ചും? ഇതാർക്ക് ഗുണം? ഇതാരാണുണ്ടാക്കിയത്? മറ്റു വീടുകളിലൊന്നും പോകാൻ തോന്നിയില്ല. വല്ല സംശയവും തോന്നി എന്തെങ്കിലും ഉപദ്രവം നേരിടേണ്ടിവന്നാലോ? ഭാഷയറിയാത്ത നാട്.

ഗുരുദേവിനോടും ആ സ്ത്രീയോടും യാത്രപറഞ്ഞ് തിരിച്ചു നടന്നപ്പോൾ ഒരു കാരണവരും പേരക്കുട്ടിയും തല മുണ്ഡനം ചെയ്ത്, കുടുമയിൽ മാത്രം അല്പം മുടി ബാക്കിനിർത്തുന്ന ജാതിക്കാരാണവർ. മണ്ഡൽ വർഗക്കാരാണെന്ന് ഞങ്ങളോടദ്ദേഹം പറഞ്ഞു. പറഞ്ഞാൽ അല്പമൊക്കെ മനസ്സിലാകുന്ന വ്യക്തി. ഇക്കയും ഞാനും അദ്ദേഹവുമായി പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അദ്ദേഹത്തോടും നമ്മളെല്ലാം ഒര ദൈവത്തിന്റെ അടിമകളാണെന്നും സന്തോഷവും സ്‌നേഹവും ഉണ്ടാവേണ്ടവരാണെന്നും ഉള്ള സന്ദേശം കൈമാറി. മൂപ്പരെയും പേരക്കുട്ടിയെയും കൂട്ടി ഇക്കയും മാനുക്കയും ഫോട്ടോ എടുത്തു. മൂപ്പർക്ക് ചായയ്ക്ക് പൈസയൊക്കെ കൊടുത്ത് യാത്രപറഞ്ഞു.

പിന്നീട് ഞങ്ങൾ ഒരു കൊച്ചു ചായക്കടയിൽ കയറി. അവിടെ ഒരു എട്ടുവയസ്സുകാരനാണ് ചായ ഉണ്ടാക്കുന്നത്. അവനെക്കൊണ്ട് മറ്റൊരുത്തൻ നിർദേശം കൊടുത്ത് ചായ ഉണ്ടാക്കിക്കുകയാണ്. ആ കുട്ടിയും മണ്ഡൽ ജാതി തന്നെയാണ്. വല്യ ഷർട്ടും ട്രൗസറും ഇട്ട രൂപം മനസ്സിലിപ്പോഴും ഉണ്ട്. സ്‌കൂളിൽ പോകുന്നില്ലേ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്ത് സ്‌കൂൾ? പീടികക്കാരൻ അല്പം പരിഷ്‌കാരമൊക്കെ ഉള്ള ആളാണ്. ഞങ്ങളോട് വല്യ ഒരു സന്തോഷമൊന്നും കാട്ടിയില്ല. ആ മനസ്സുകളൊക്കെ മതിൽ കെട്ടി വേർതിരിക്കപ്പെട്ടുകാണും. വിദ്യാഭ്യാസം കൊണ്ട് വലിയൊരളവോളം ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താനാവുകയില്ലേ? കേരളത്തിൽ വർഗീയത വേരുപിടിക്കാത്തത് നാം വിദ്യാസമ്പന്നരായ ജനതയായതുകൊണ്ടല്ലേ?


പിന്നീട് ഞങ്ങൾ കോസിനദിയിലൂടെ വള്ളത്തിൽ ഒരു യാത്ര നടത്തി. സൂര്യാസ്തമയ ശോഭയിൽ കോസിനദി കൂടുതൽ സുന്ദരിയായി. വഞ്ചിക്കാരന്റെ വാക്കുകളിൽ: നദി നല്ലവളായ പോലെ ഇടയ്ക്ക് ആർദ്രയാവുകയും ചെയ്യാറുണ്ട്. എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് 9 മണി കഴിഞ്ഞു, ഞങ്ങൾ ലോഡ്ജിലെത്തിയപ്പോൾ. പിറ്റേന്ന് അഞ്ചുമണിക്ക് സിക്കിമിലേക്ക്.