Sunday, September 26, 2010

ഒരു സ്ഥാനാര്‍ഥിയുടെ തിരിച്ചറിവ്‌

സ്‌നേഹത്തിന് അതികഠിനമായ ഒരു ചൂടും ഉണ്ട്; ഹൃദയം വെന്തുരുകുന്ന അവസ്ഥ. സ്രഷ്ടാവിനെ നാം കാണുന്നില്ല. നാം കാണുന്നത് സൃഷ്ടികളെ മാത്രം. ആ ശക്തിയെ അളവറ്റ് സ്‌നേഹിക്കുകയും കാണാതിരിക്കുകയും ചെയ്യുമ്പോള്‍, മനസ്സിലെ നുരഞ്ഞുപൊന്തുന്ന സ്‌നേഹത്തിന് ചെന്നിരിക്കാന്‍, പരന്നൊഴുകാന്‍ ഒരിടം വേണ്ടേ? തീര്‍ച്ചയായും. അതാണ് സല്‍കര്‍മങ്ങളായി, ജനസേവനങ്ങളായി, കണ്ണീരൊപ്പലുകളായി, സാന്ത്വനങ്ങളായി പുറത്തുവരുന്നത്. താന്‍ കണ്ടിട്ടില്ലാത്തവരെപ്പോലും വിശ്വമാനവികതയുടെ നൂലില്‍ കോര്‍ത്തിണക്കി, സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കാന്‍ ഒരു ദൈവവിശ്വാസിക്കാവുന്നു. അതിനാലാണ് ഖലീഫ ഉമര്‍ (റ) പറഞ്ഞത്: 'നവാഹന്തിലെ കുതിര (വിദൂരമായ ഒരു ചതുപ്പുഭൂമിയായിരുന്നു ഇസ്‌ലാമിക രാഷ്ട്രത്തിലെ നവാഹന്ത്) കാലിടറി വീണാല്‍ ഈ ഉമര്‍ നാളെ പരലോകത്ത് ഉത്തരം പറയേണ്ടിവരും, യൂഫ്രട്ടീസ് നദിക്കരയില്‍ ഒരു ആടിന്‍കുഞ്ഞ് അന്യായമായി കൊല്ലപ്പെട്ടാല്‍ ഉമര്‍ കുറ്റക്കാരനാകും എന്ന് പറഞ്ഞത്. രാത്രിനമസ്‌കാരത്തിലെ കണ്ണുനീര്‍ത്തുള്ളികളായിരുന്നു ഉമറിനെക്കൊണ്ട് ഇത് പറയിച്ചത്.

സ്ഥാനാര്‍ഥി എന്ന നിലയ്ക്ക് വാര്‍ഡിലെ മുഴുവന്‍ വീടുകളും അവരുടെ കുടിവെള്ള, ഭവന, സാമൂഹ്യപ്രശ്‌നങ്ങളെ നേരില്‍ കണ്ട തനിക്ക് ഈ ഭാരം കടുത്തതായിരിക്കുമെന്ന് മനസ്സ് പറയുന്നു. ജയിച്ചാലും തോറ്റാലും ഒരുപാട് ഭാരങ്ങള്‍ വന്നുകഴിഞ്ഞിരിക്കുന്നു - റഷീദ് ഓര്‍ത്തു. ഇനി ഇതില്‍നിന്ന് രക്ഷപ്പെടാന്‍ വഴിയൊന്നുമില്ല. സൂറത്ത് അഹ്‌സാബിലെ 72-ാമത്തെ വാചകം റഷീദിനെ കൂടുതല്‍ ധര്‍മ്മസങ്കടത്തിലാക്കുന്നു, 'ഈ ഭാരം നാം ആകാശഭൂമികള്‍ക്കും പര്‍വതങ്ങള്‍ക്കും കാട്ടി. പക്ഷേ, അവയൊക്കെ ഈ ഉത്തരവാദിത്വം ഏല്‍ക്കാന്‍ വിസമ്മതിച്ചു. അവ ഭയപ്പെട്ടു (ആ ഉത്തരവാദിത്വത്തെ ഓര്‍ത്ത്). എന്നാല്‍, ആ ബാധ്യത മനുഷ്യന്‍ ഏറ്റു. എന്നിട്ടവന്‍, കടുത്ത അക്രമിയും പമ്പരവിഡ്ഢിയുമായിത്തീര്‍ന്നു'.


പ്രവാചകന്മാരില്‍ ചിലര്‍ വിഡ്ഢിത്തത്തില്‍നിന്ന് രക്ഷിതാവിനോട് അഭയം ചോദിച്ചതായി ഖുര്‍ആനില്‍ പരാമര്‍ശമുണ്ടല്ലോ. അക്രമി പരലോകത്ത് വിരല്‍ കടിച്ചുകുടയും എന്നും താന്‍ വായിച്ചിട്ടുണ്ടല്ലോ - റഷീദ് ആശ്വാസം പൂണ്ടു. താന്‍ വിഡ്ഢിയും അക്രമിയും ആകാതിരിക്കണം. വിഡ്ഢിത്തത്തില്‍നിന്നും രക്ഷപ്പെടാന്‍ തനിക്ക് ഒരു കഴിവുമില്ല. രക്ഷിതാവില്‍ പൂര്‍ണമായി ഭരമേല്‍പ്പിക്കാം. പക്ഷേ, അനീതി, അക്രമം... ഒരിക്കലും രക്ഷിതാവ് പൊറുക്കില്ല.


റഷീദിന്റെ ചിന്ത വീണ്ടും തന്റെ വാര്‍ഡിലെ നിഷ്‌കളങ്കരായ വോട്ടര്‍മാരുടെ വീടുകളിലേക്കും ജീവിതങ്ങളിലേക്കും പറന്നു. താന്‍ സുഖാഢംബരങ്ങളോടെ ജീവിക്കുന്നു. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍ ജീവിക്കുന്നു. ഓരോ വ്യക്തിക്കും തന്റെ വീട്ടില്‍, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സുഖകരമായ ടോയ്‌ലറ്റുകള്‍, ശീതീകരിച്ച മുറികള്‍... താനെങ്ങനെ മുസ്‌ലിമാകും? പെണ്‍കുട്ടികളുള്ള തന്റെ വോട്ടര്‍മാരുടെ വീടുകളിലെ ടോയ്‌ലറ്റ് 'സൗകര്യം' താന്‍ നേരില്‍ കണ്ടതാണ്. ശ്രീബുദ്ധനെയാണിപ്പോള്‍ റഷീദിന് ഓര്‍മവരുന്നത്. വെറുതെയല്ല മുപ്പതാം വയസ്സില്‍ സിദ്ധാര്‍ത്ഥന്‍ കൊട്ടാരം വിട്ടോടിപ്പോയത്. പ്രവാചക തിരുമേനി (സ) 'രാജാവായ നബി' എന്നതിനു പകരം 'അടിമയായ പ്രവാചകന്‍' എന്ന സ്ഥാനം സ്വയം തിരഞ്ഞെടുത്തതും വെറുതെയല്ല. ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ) താന്‍ തെറ്റിലേക്ക് നീങ്ങുന്നതുവരെ അനുസരിച്ചാല്‍ മതി എന്ന് പറഞ്ഞപ്പോള്‍, 'താങ്കള്‍ തെറ്റിയാല്‍ ഞങ്ങള്‍ വാള്‍മുന കൊണ്ടാണ് തിരുത്തുക' എന്ന് പറഞ്ഞ ഉമറിനെ ശ്ലാഘിച്ച സംഭവം റഷീദ് ഓര്‍ത്തു - എന്നിട്ടും മനസ്സിനാശ്വാസം കണ്ടെത്താനായില്ല.


സ്ഥാനാര്‍ഥിക്ക് തോറ്റാലും ജയിച്ചാലും ഉത്തരവാദിത്വങ്ങളുണ്ട് എന്ന ഒരു തിരിച്ചറിവായിരുന്നു റഷീദിന് കണ്ടെത്താനായ ഒരു പച്ചത്തുരുത്ത്.

ഖുര്‍ആനിലെ സംഖ്യാത്ഭുതങ്ങള്‍

Saturday, September 25, 2010

കുടുംബകലഹത്തിന് പരിസമാപ്തി

ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരു സംഭവമുണ്ടായി. മൂന്നാം പീരിയഡ്. എട്ട്-സിയിലെ ക്ലാസ്ടീച്ചര്‍: 'ഇത്താ, ഒന്നെന്റെ കൂടെ വരണം. എന്റെ ക്ലാസ്സിലെ ഒരു കുട്ടിയുടെ വീട് കൂട്ട ആത്മഹത്യയുടെ വക്കിലാണ്!' ഉടന്‍ ഞാന്‍ ചാടിപ്പുറപ്പെട്ടു. ചെന്നപ്പോള്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ദുര്‍ന്നടപ്പില്‍ സംശയം. അവര്‍ ഒരു മാനസികരോഗിയുടെ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. അവളും മക്കളും ദൂരെയുള്ള അവരുടെ വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ്.

ഞാന്‍ ആ ഉമ്മാനെയും ബാക്കി കാണികളെയും എല്ലാം ഒരുതരത്തില്‍ പിടിച്ചിരുത്തി. ഭര്‍ത്താവിനെയും മറ്റൊരു കസേരയില്‍ ഇരുത്തി, കുറച്ച് കാര്യങ്ങള്‍ പറഞ്ഞ് സമാധാനിപ്പിച്ചു. അല്പം ശാന്തമായപ്പോള്‍ വാപ്പാനെയും കൊണ്ട് ഞങ്ങള്‍ സ്‌കൂളിലേക്ക് പോന്നു. അദ്ദേഹം ഓട്ടോഡ്രൈവറാണ്. ഒരുമണിക്കൂര്‍ സമയം അയാളുമായി സംസാരിച്ചു. സമാധാനിപ്പിച്ചുവിട്ടു. രണ്ടേകാലിന് ഭാര്യയോട് എന്നെ കാണാന്‍ വരാന്‍ പറഞ്ഞയച്ചു. ഭര്‍ത്താവ് നിരപരാധിയാണെന്ന് ഞാനെല്ലാവരോടും (സ്റ്റാഫ്‌റൂമില്‍) പ്രഖ്യാപിച്ചു. മറ്റേ ക്ലാസ്ടീച്ചര്‍ പറഞ്ഞു: 'ഇത്താ, വേണ്ടട്ടാ... അത്രയ്ക്ക് അയാളെ വിശ്വസിക്കണ്ട...' 'ശരി' എന്ന് ഞാനും പറഞ്ഞു.

കൃത്യം രണ്ടേകാലിന് ഉമ്മ എത്തി. അവളെ എന്റെ റൂമില്‍ കൊണ്ടുപോയി. അവളുടെ ഭര്‍ത്താവ് നിരപരാധിയാണെന്ന് പറഞ്ഞതോടെ, അവള്‍ അതിരൂക്ഷമായി എന്നെ തിരുത്താന്‍ തുടങ്ങി. അയാള്‍ ടീച്ചറോട് നുണ പറഞ്ഞതാണ്, അയാള്‍ ചീത്തയാണ് എന്നൊക്കെ അതിശക്തമായി പറയാന്‍ തുടങ്ങി. ടീച്ചര്‍ക്ക് ഞാന്‍ തെളിവു നല്‍കാം...' തുടങ്ങി പലതും.

എന്റെ എല്ലാ പ്രതീക്ഷകളും തകര്‍ന്നുതുടങ്ങി. പക്ഷേ, ഈ കുടുംബത്തെ അങ്ങനെയങ്ങ് വിടാന്‍ പറ്റില്ലല്ലോ. എട്ടിലും ഒന്‍പതിലും പഠിക്കുന്ന നിരപരാധികളായ രണ്ട് പെണ്‍കുട്ടികളുടെ കൂടി കുടുംബപ്രശ്‌നമാണല്ലോ. ഒന്നേമുക്കാല്‍ മണിക്കൂറിന്റെ അതികഠിനമായ ശ്രമത്തിനൊടുവില്‍ ഞാനല്പം വിജയം കണ്ടു. ഭാര്യയുടെ തെറ്റിദ്ധാരണയാണെന്ന് അവളെ ബോധ്യപ്പെടുത്താന്‍ എനിക്കായി. അന്നത്തെ ദിവസത്തിന്റെ ഒരു ഭീമമായ സമയം ഒരു കുടുംബത്തെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ ചെലവഴിച്ചു.

പിറ്റേ ദിവസം, ഗുരുസമാധി മൂലം ഒഴിവായിരുന്നു. അതിന്റെ പിറ്റേന്ന് കുട്ടികള്‍ വന്നുപറഞ്ഞു: 'ടീച്ചറേ, വീട്ടില്‍ ഇപ്പോള്‍ സമാധാനമുണ്ട്. ഉമ്മയും ഉപ്പയും സന്തോഷത്തിലാണ്.'

എനിക്കും സന്തോഷം. അല്‍ഹംദുലില്ലാഹ്...

ഇന്നലെ രാവിലെ ഞാന്‍ സ്‌കൂളിന്റെ സ്റ്റോപ്പില്‍ ബസ്സിറങ്ങി. ഒരാള്‍ ഓട്ടോ നിര്‍ത്തി ഓടിവരുന്നു. 'ടീച്ചറേ, ഇന്നലെ ഞാന്‍ അവളോട് നന്നായി കാര്യങ്ങളൊക്കെ കുറേ സംസാരിച്ചു.'

ഞാന്‍ പറഞ്ഞു: 'ഞാന്‍ നിന്നെ കാണാനിരിക്കയായിരുന്നു. നീ പറഞ്ഞത് മുഴുവന്‍ ശരിയല്ല എന്നെനിക്ക് ബോധ്യം വന്നിട്ടുണ്ട്. (അപ്പോള്‍ അവനൊരു കള്ളച്ചിരി). ഒരു കാര്യം, മേലില്‍ ഇത് ആവര്‍ത്തിക്കരുത്. നിന്റെ മക്കളുടെ ഉമ്മ മാനസികരോഗത്തിന്റെ വക്കത്തെത്തീട്ടുണ്ടായിരുന്നു. ഇനി ആ മനസ്സിനെ മുറിവേല്‍പ്പിക്കരുത്.'

അയാള്‍ക്ക് കാര്യങ്ങളൊക്കെ കുറേ ബോധ്യം വന്നപോലെ തലകുലുക്കി സമ്മതിച്ചു. ഞാന്‍ പറഞ്ഞു, 'എനിക്കാ മറ്റേ സ്ത്രീയെക്കൂടി കാണണം. അവളോടും കുറച്ച് കാര്യമായി സംസാരിക്കാനുണ്ട്.'

പ്രവാചകന്‍ പറഞ്ഞു: 'രണ്ടാള്‍ പിണങ്ങിയാല്‍, ആദ്യം പിണക്കം മാറാന്‍ ശ്രമിക്കുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍.

ഖുര്‍ആനിലെ തീക്കൊടുങ്കാറ്റ്
ബ്രസീലിയന്‍ കാടുകളെ തകര്‍ത്ത 'തീക്കൊടുങ്കാറ്റി'ന്റെ അപൂര്‍വമായ ഒരു ചിത്രമാണിത്. ശാസ്ത്രജ്ഞര്‍ പറയുന്നത്, ഇത് ഏറ്റവും അപകടകരമായ കൊടുങ്കാറ്റില്‍പ്പെട്ടതാണ് എന്നാണ്. ഈ കൊടുങ്കാറ്റിന് അത് കടന്നുപോകുന്ന വഴിയിലുള്ള എന്തിനെയും കരിച്ചുകളയാന്‍ കഴിവുണ്ടത്രെ. അപൂര്‍വത്തില്‍ അപൂര്‍വമായേ ഇത്തരം കൊടുങ്കാറ്റ് ഉണ്ടാകൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
 

എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ 2:226 ല്‍ പറയുന്നത് കാണുക: 'ആ തോട്ടത്തിനെ ഒരു തീക്കൊടുങ്കാറ്റ് ബാധിച്ചു. അത് മുഴുവന്‍ കത്തിയമര്‍ന്നു.'
 

ഇത്തരം കൊടുങ്കാറ്റുകളെ സംബന്ധിച്ച് മുഹമ്മദ് (സ)യ്ക്ക് ആരാണ് അറിവു കൊടുത്തത് ; അന്ന് ഭൂമിയില്‍ ആരും ഇതേപ്പറ്റി അറിയുന്നവരില്ലാതിരിക്കെ. അല്ലാഹു മാത്രം ആണ് എന്നല്ലേ ഉത്തരം.
കടപ്പാട്: www.kaheel7.com

കടപ്പുറത്തിന്റെ ആവലാതികള്‍

മൂന്നാം പീരിയഡ് തീര്‍ന്നിട്ടില്ല. ഞാന്‍ എട്ട്‌-ഇയില്‍ നില്‍ക്കുകയാണ്. എന്നെ കാണാന്‍ ഒരു സ്ത്രീ വന്നിരിക്കുന്നു. ഞാന്‍ സൂക്ഷിച്ചുനോക്കി. ഒരു സ്റ്റുഡന്റിന്റെ ഉമ്മയാണ്. 'വാ മോളേ' എന്നു പറഞ്ഞ് തൊട്ടടുത്തുള്ള എന്റെ മുറിയിലേക്ക് കൊണ്ടിരുത്തി.

നാലഞ്ചു കൊല്ലമായി ഞാന്‍ പരിചയപ്പെട്ടിട്ട്; നിഷ്‌കളങ്ക. വാപ്പാക്ക് കടലീപ്പോക്കാണ് എന്നു പറഞ്ഞപ്പോള്‍, 'ഓ... നല്ല മീന്‍ കിട്ടുമല്ലോ' എന്ന് ഞാന്‍ പറഞ്ഞതിന് പിറ്റേ ദിവസം തന്നെ വലിയ മീനും കൊണ്ട് മക്കളെ വീട്ടിലേക്ക് വിട്ട നിഷ്‌കളങ്ക. വിശേഷങ്ങള്‍ ചോദിച്ചുതുടങ്ങിയപ്പോഴേക്കും നാലാം പീരിയഡ് അടിച്ചു. സമാധാനം, ഈ പീരിയഡ് ഒഴിവാ. 'പറയ് മോളേ, എന്താണ് മാപ്പളേടെ വിശേഷം?'

രണ്ടുദിവസം മുമ്പ് ചില ആവശ്യങ്ങള്‍ക്ക് അവളുടെ വീടിനടുത്ത് പോയതായിരുന്നു. അന്ന് എന്നെ കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ച ആളാണ് മുന്നില്‍. അവളുടെ ദുഃഖങ്ങളുടെ മാറാപ്പഴിക്കാന്‍ തുടങ്ങി.

'എന്ത് പറയാന്‍ ടീച്ചറേ, അങ്ങോര് നന്നാകൂല. കള്ളും കഞ്ചാവും ചീട്ടുകളീം... എല്ലാവരും അങ്ങിനെത്തന്നെ. ആകെയുള്ള ഒരു ഗുണം, ഞങ്ങളെ പട്ടിണിക്കിടില്ല. തിന്നാനും ഉടുക്കാനും ഒക്കെ വാങ്ങിത്തരും. കുടിക്കാനും വലിക്കാനും ബാക്കി കാശുപയോഗിക്കും.' കടപ്പുറത്തിന്റെ വ്യക്തമായ ഒരു കുടുംബചിത്രം എന്റെ മുന്നില്‍ അവള്‍ അവതരിപ്പിക്കുകയാണ്.

അപ്പോള്‍ ഞാന്‍ ചോദിച്ചു: 'മോളേ, ഇതൊക്കെ പോലീസിലറിയിച്ചുകൂടേ?' 'ഉം...' അവള്‍ടെ മറുപടി: 'പോലീസ് വരുമെന്നറിയുമ്പോഴേക്ക് പുഴയിലേക്കോ കടലിലേക്കോ എറിയും. ഒന്നുരണ്ടുതവണ പിടിച്ചത്രെ. ടീച്ചറേ, പിടിച്ചിട്ടെന്താണ്? രാഷ്ട്രീയക്കാര്‍ പോയി എത്രയും വേഗം ഇറക്കിക്കൊണ്ടുവരും.'

ഞാന്‍ ചര്‍ച്ച മറ്റൊരു വഴിക്ക് വിട്ടു. മോളേ, ഈ കള്ളുകുടിയന്റെ കൂടെ എങ്ങനെയാണ് ഭാര്യയായി കഴിയുന്നത്? അവളുടെ മറുപടി. 'ഉം... പിന്നേ, ഞാനും എന്നെ മക്കളും കൂടിയേ കിടക്കുകയുള്ളൂ. ചൂരും വെച്ച് കൂടെക്കിടക്കാന്‍ എന്നെ കിട്ടില്ല'.

ഹോ... നിഷ്‌കളങ്കയായ ഒരു സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിഷമങ്ങള്‍ കാണാന്‍ ഇവിടെ ആരുമില്ല. ഞാനോര്‍ക്കുകയായിരുന്നു, രണ്ടു ദിവസം മുമ്പ് വായിച്ച ചില സ്ത്രീവിഷയ ലേഖനങ്ങളെപ്പറ്റി. മുസ്‌ലിംസ്ത്രീ പര്‍ദ്ദയിടുന്നതിലൂടെ 'അനുഭവിക്കുന്ന പ്രയാസങ്ങള്‍' കണ്ട് 'വിഷമിച്ച്' വെണ്ടക്ക നിരത്തുന്ന മാധ്യമങ്ങളുണ്ടിവിടെ. കള്ളന്മാര്‍... ഈ സാധുക്കളുടെ കണ്ണീരൊപ്പാന്‍ ഇനി ഒരു പ്രവാചകന്‍ പിറക്കേണ്ടിയിരിക്കുന്നു!

എന്റെ പരാതിക്കാരിയുടെ ശബ്ദം എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. 'ടീച്ചറേ, ഈവക സാധനങ്ങള്‍ പോയിക്കിട്ടിയെങ്കില്‍ (മരിച്ചിരുന്നെങ്കില്‍ എന്നുദ്ദേശ്യം) ഞങ്ങളെ ആരുമില്ലാത്തവര്‍ എന്നു പറഞ്ഞിട്ടെങ്കിലും ആരെങ്കിലും വീടൊക്കെ പണിതുതരുമായിരുന്നു. മക്കളുടെ അച്ഛനായിപ്പോയില്ലേ? തല്ലി ഓടിക്കാന്‍ പറ്റില്ലല്ലോ.' അവസാനം, 'ടീച്ചറേ, ഇതൊക്കെ ഓരോ കഥയാണ്. ഞങ്ങളുടെ ജീവിതമൊക്കെ ഇതാണ്!'

ഞാനോര്‍ത്തു, മുന്നിലിരിക്കുന്ന കുട്ടികള്‍ പഠിച്ചില്ലെങ്കില്‍ ഞങ്ങള്‍ ക്ഷോഭിക്കും. എന്തിനാണിത്തരം പാവങ്ങളോട് ക്ഷോഭിക്കുന്നത്? പഠിക്കുന്നവര്‍ പഠിക്കട്ടെ. ഈ കുട്ടികള്‍ പിതാക്കളുടെ വഴി പിന്‍പറ്റാതിരിക്കാനകട്ടെ ഞങ്ങളുടെ ശ്രമം എന്ന് തോന്നിപ്പോയി.

വീണ്ടും സംസാരം തുടര്‍ന്നു: 'ടീച്ചറേ, നന്നായി കാശുണ്ട്.' അപ്പോള്‍ ഞാനൊരു സൂത്രം പറഞ്ഞുകൊടുത്തു. പതുക്കെ കട്ടെടുക്കണം. നശിപ്പിക്കണ ഭര്‍ത്താവിന്റെ കാശ് കട്ടെടുക്കുന്നത് കളവല്ല. ഉടന്‍ അവളുടെ മറുപടി: 'ഉം... ഇല്ലട്ടാ, കഴിയില്ല. മൂപ്പര്‍ടെ മടിക്കുത്തിലും ചെറ്റക്കിടയിലും മണ്ണില്‍ കുഴിച്ചിട്ടും ഒക്കെയാണ് കാശ് സൂക്ഷിക്കുന്നത്.' ബോധം ശരിക്കില്ലെങ്കിലും കാശിന്റെ കാര്യത്തില്‍ നല്ല ഓര്‍മയാണ്. നടക്കൂലട്ടാ...'

ഹൗ! എല്ലാ അടവും ആ മനുഷ്യന്റെ മുമ്പില്‍ പതറുകയാണ്. അവരില്‍നിന്ന് കേട്ട വേദനകള്‍, കണ്ട മുഖഭാവങ്ങള്‍ മാത്രം ഞാനിവിടെ എന്റെ കഴിവനുസരിച്ച് പകര്‍ത്തിയതാണ്. അവസാനം, ഞാനെന്റെ നിഷ്‌കളങ്ക മനസ്സില്‍ നിന്നൊരു ചോദ്യം ചോദിച്ചു. അതവളെ പൊട്ടിച്ചിരിപ്പിച്ചു. 'മോളേ, മോള് മദ്യക്കുപ്പി കണ്ടിട്ടുണ്ടോ?' 'ഉം...'. 'പേടിയാകൂലേ?' അതിന് പൊട്ടിച്ചിരിയായിരുന്നു മറുപടി. എന്ത് പേടി ടീച്ചറേ... തീരണവരെ കുടിക്കണ മനുഷ്യന്റെ ഭാര്യയായ തനിക്കെന്ത് പേടി? ആ മുസ്‌ലിംസ്ത്രീയുടെ കണ്‍കോണുകളില്‍ പടര്‍ന്ന നനവ്... എന്നില്‍ കണ്ണുനീര്‍ തുള്ളികളായ് പെയ്യുന്നു.

ഈ നാടിനെ എങ്ങനെ രക്ഷിക്കും? 45 മിനിറ്റ് ഒഴിവു പീരിയഡ് മുഴുവന്‍ ഇതു സംബന്ധിച്ച് കുറേ സംസാരിച്ചു. ഞങ്ങളുടെ വിദ്യാര്‍ഥികള്‍ സുഖമായി ജീവിക്കേണ്ട സംഖ്യ മുഴുവന്‍ കള്ളിനും കഞ്ചാവിനും ഹോമിച്ചുകൊണ്ടിരിക്കുന്ന ദുഃസ്ഥിതി. ജനത്തെ സേവിക്കേണ്ട സര്‍ക്കാര്‍സംവിധാനങ്ങള്‍ അതിന്റെ വിഹിതവും പറ്റി ഈ നീചകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നു.

പടച്ചവനേ... എന്തിനാവും ഈ നാട്ടിലേക്കുതന്നെ എന്നെ ജോലിക്കയച്ചത് എന്ന ചോദ്യമാണ് മനസ്സില്‍...

Monday, September 20, 2010

ഞങ്ങളുടെ സ്‌കൂള്‍

ഞങ്ങളുടെ സ്‌കൂളിനെപ്പറ്റിയാണ് ഈ കുറിപ്പ്. ഞങ്ങളുടെ സ്‌കൂള്‍ പോലെ മറ്റൊരു സ്‌കൂള്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ലെന്നുറപ്പ്‌. എല്ലാവരും ഏറ്റവും നല്ല സ്വഭാവക്കാര്‍. പരസ്പര സ്‌നേഹവും സൗഹാര്‍ദ്ദവും തുളുമ്പിനില്‍ക്കുന്ന അന്തരീക്ഷം. ആകെ രണ്ട് അധ്യാപകരും ബാക്കി മുഴുവന്‍ പെണ്‍പടയും. ഇവിടത്തെ ഓരോ അധ്യാപികയും ഓരോ രംഗങ്ങളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നു.

പ്രധാനാധ്യാപിക അമൃതകുമാരി ടീച്ചര്‍. ഞാനൊരിക്കലും ടീച്ചര്‍ എന്ന് വിളിച്ചിട്ടില്ല. എനിക്കെന്നും അവര്‍ അമൃതയാണ്. കാരണം വയസ്സുകൊണ്ട് ഞാനാണ് ഇളയതെങ്കിലും ഇപ്പോള്‍ അവിടെയുള്ള എല്ലാവരും എനിക്കുശേഷം വന്നവരാണ്. ചിട്ടയുള്ള പ്രവര്‍ത്തനത്തിന് പണ്ടേ പേരുകേട്ട ആളാണ് അമൃത. യാതൊരു പൊട്ടലും ചീറ്റലും ഇല്ലാതെ, എല്ലാവരോടും തുല്യനീതിയില്‍ പെരുമാറുന്ന കരുത്തുറ്റ സ്ഥാപനമേധാവി എന്ന് തീര്‍ത്തു പറയാം. ക്ലാസ്‌സമയത്ത് ആരും ഒന്നിനും പുറത്തുപോകുന്നത് ആള്‍ക്കിഷ്ടമില്ല. വളരെ അത്യാവശ്യത്തിനു മാത്രമേ ആരെങ്കിലും പുറത്ത് പോകാറുള്ളൂ.

അടുത്ത മാര്‍ച്ചില്‍ ഖദീജ പെന്‍ഷന്‍ പറ്റുകയാണ്. ഞാന്‍ 'കയ്ജ' എന്നാണ് വിളിക്കുന്നത്. കയ്ജ ഇല്ലാത്ത സ്‌കൂള്‍! ആര്‍ക്കും അത് ഊഹിക്കാനിഷ്ടമല്ല. കഴിഞ്ഞ വര്‍ഷം പെന്‍ഷന്‍ പറ്റിയ വിജു (വിജയലക്ഷ്മി) ഇപ്പോഴും പോയിട്ടില്ല എന്നാണ് മനസ്സില്‍. ഖദീജ റംസാന്‍ അധികവും ലീവിലായിരുന്നു. ഞാനിടയ്ക്ക് സങ്കടത്തോടെ മാസം എണ്ണിനോക്കും. കയ്ജ പോകാന്‍ ഇനി എത്ര മാസം ഉണ്ടെന്ന്. അത്രയ്ക്ക് അടുത്തുപോയി മനസ്സുകള്‍.

ഞാന്‍ സ്‌കൂളില്‍ ചേര്‍ന്ന് ഒരു കൊല്ലം കഴിഞ്ഞാണ് കയ്ജ വരുന്നത്. തലയില്‍ തട്ടം തൊടീക്കാത്ത, സുന്ദരിയായ കയ്ജ. ഞാന്‍ ഗള്‍ഫില്‍ പോയി തിരിച്ചുവന്ന് 1992ല്‍ ജോയിന്‍ ചെയ്യുമ്പോഴേക്ക് ഒരുപാട് മാറാന്‍ തുടങ്ങിയിരുന്നു. സ്‌കൂളില്‍ വെച്ച് ളുഹാ നമസ്‌കാരം പോലും നിര്‍വഹിക്കുന്ന ആളാണ് ഇപ്പോള്‍. റിലീഫ് രംഗത്തും കുട്ടികളുടെ എല്ലാ കാര്യങ്ങളിലും ഒന്നാംസ്ഥാനത്താണ് ഖദീജാടെ സ്ഥാനം.
ഞങ്ങളുടെ സ്റ്റാഫ്‌റൂം ഒരുപാട് ദുഃഖങ്ങള്‍ക്കും ഇടമായിട്ടുണ്ട്. ഒരു സെപ്റ്റംബര്‍ 19 നാണ് സ്റ്റാഫ്‌റൂമില്‍ നിന്ന് ഹോസ്പിറ്റലില്‍ പോകവേ വഴിക്കുവെച്ച് സൗദ എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തക മരിച്ചത്. അരമണിക്കൂറില്‍ കുറഞ്ഞ സമയത്തെ അസുഖം. അതിനുമുമ്പ് ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ജമീല മരിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ അധ്യാപനകാലത്ത് വൈധവ്യം നേരിട്ടവരുണ്ട് - അമ്മിണി, ലീന എന്നിവര്‍. സഹപ്രവര്‍ത്തകരുടെ ശക്തമായ താങ്ങുകൊണ്ടാണവരൊക്കെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

എന്റെ സഹപ്രവര്‍ത്തകരെ എല്ലാവരെയും ഞാന്‍ അടുത്തറിഞ്ഞിട്ടുണ്ട്. ആ മനസ്സുകളുടെ നന്മകള്‍ എത്രയാണെന്ന് വിവരിക്കാനാവില്ല. മൂന്നു കൊല്ലവും (8, 9, 10) സ്വന്തം ക്ലാസ്സിലെ കുട്ടിക്ക് ചോറ് കൊണ്ടുവന്നിരുന്ന ഒരു സുഹൃത്തുണ്ടതില്‍! 'തണലി'ലേക്ക് ധര്‍മം തരും. ആരും അറിയരുത് എന്ന് നിര്‍ബന്ധം. കുടയില്ലാത്തവര്‍ക്ക് കുട വാങ്ങാനും ചെരുപ്പില്ലാത്തവര്‍ക്ക് ചെരുപ്പ് വാങ്ങിക്കൊടുക്കാനുമൊക്കെ പൈസ ഏല്‍പ്പിക്കും. ഇനി ഞാനാരുടെയും പേരെഴുതുന്നില്ല. തില്‍ കാണുന്ന നന്മകളെ നമുക്ക് പകര്‍ത്താന്‍ വേണ്ടി മാത്രം എഴുതുകയാണ്.

ഒരു മുസ്‌ലിം അധ്യാപിക. അടുത്ത കൂട്ടുകാരി ഹിന്ദു. അവരുടെ മകന് പഠനവും മറ്റും ശരിയാകാന്‍ ഒരു ബലിമൃഗത്തെ നിയ്യത്താക്കി അറുത്തുകൊടുത്തുവത്രെ! സംസാരമധ്യേ വന്നുപോയ സംസാരം കേട്ട് ഞാനും മറ്റൊരു സുഹൃത്തും അദ്ഭുതപ്പെട്ടുപോയി. ഇത്ര വിശാലമായ മനസ്സുകള്‍ക്കിടയില്‍ ജീവിക്കുന്നതുതന്നെ മഹാഭാഗ്യമല്ലേ. കുട്ടികള്‍ പഠിച്ചില്ലെങ്കില്‍, ക്ലാസ്ടീച്ചറെ വന്ന് 'നല്ല വര്‍ത്താനം' പറയുന്ന അധ്യാപികമാരും അധ്യാപികമാരോട് ദ്വേഷ്യം പിടിക്കുന്ന ക്ലാസ്ടീച്ചര്‍മാരും ഞങ്ങളുടെ സ്റ്റാഫ്‌റൂമിന്റെ പ്രത്യേകതയാണ്. എഴുതിയാല്‍ തീരാത്തത്ര നന്മകളുടെ വിളനിലമാണ് സ്‌കൂള്‍. സ്‌കൂളായാ ഇങ്ങനെ വേണം. അവിടെ ആര്‍ക്കെങ്കിലും അസുഖമായാല്‍ സ്വന്തം വീട്ടിലെ ഒരംഗത്തിന് വരുന്ന വിഷമവും ബേജാറും സങ്കടവും പ്രാര്‍ഥനയും ആണ്.

ഞങ്ങളെല്ലാവരും കൂടി പ്രാര്‍ഥിച്ചാണ് അവിടത്തെ ചിലരുടെ അസുഖം മാറിയത്. മാറാവ്യാധി എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അസുഖം. അവസാനം, ഒരു ഡോക്ടര്‍ പറഞ്ഞു: 'ഒരുപക്ഷേ, അസുഖം നിര്‍ണയിച്ചതില്‍ തെറ്റുപറ്റീട്ടുണ്ടാകും' എന്ന്.

എന്റെ മകള്‍ മരിച്ച ദിവസങ്ങള്‍. എനിക്കെന്റെ സഹപ്രവര്‍ത്തകരെ കണ്ടാല്‍ മതി. കുറേ സമാധാനം കിട്ടുമായിരുന്നു. അവരില്‍ ചിലര്‍ എന്നെ ഇത്ത എന്നും ചിലര്‍ അമ്മായി എന്നും വിളിക്കുന്നു. പ്രസവത്തിന് ആശുപത്രിയില്‍ കൂട്ടുപോകാന്‍, ഡോക്ടറെ കാട്ടാന്‍ കൊണ്ടുപോകാന്‍, സഹപ്രവര്‍ത്തകര്‍ക്ക് അസുഖമായാല്‍ വീട്ടില്‍ മക്കളെ വിട്ട് സഹായിക്കാന്‍ തുടങ്ങി ഇത്രമാത്രം സൗഹൃദം നിലനില്‍ക്കുന്ന ഒരു സംഘം. എത്ര സുരക്ഷിതരാണ് ഞങ്ങള്‍! പൈസ ഇല്ലെങ്കിലും വിഷമിക്കേണ്ട. എട്ടു ദിവസം കൊണ്ടാണ് ഒരുലക്ഷം രൂപ സംഘടിപ്പിച്ച് ഒരു ടീച്ചറുടെ ഭര്‍ത്താവിന്റെ ഓപ്പറേഷന്‍ എത്രയും വേഗം ഞങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിച്ചത്. ആ ടീച്ചറുടെ പ്രസവം ഒരു മാസം കഴിഞ്ഞ്. ഞാനും ഫസീല ടീച്ചറും ആണ് പ്രസവറൂമിന് പുറത്ത്. ആലോചിക്കുമ്പോള്‍ ഇപ്പോഴും കരച്ചില്‍ വരുന്നു. രണ്ടുപേരുടെയും വീട് ഒരുപാട് ദൂരെയായതിനാല്‍ ബന്ധുക്കള്‍ എത്താന്‍ വൈകും. ഭര്‍ത്താവ് ഓപ്പറേഷന്‍ കഴിഞ്ഞുള്ള വിശ്രമം. അവസാനം, പ്രസവം കഴിഞ്ഞ് കുട്ടിക്ക് ബാങ്ക് കൊടുക്കാന്‍ വിളിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുകൊണ്ടുള്ള മറുപടി: 'വേണ്ട ടീച്ചറേ, ബാങ്കും ടീച്ചര്‍ കൊടുത്തോളൂ' എന്ന്. എല്ലാം കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ രാത്രി 10.30.

ഈ റമദാനില്‍ എല്ലാവരും പോന്നത് പരസ്പരം കെട്ടിപ്പിടിച്ച്, മുത്തം നല്‍കി, പരസ്പരം ഈദ് മുബാറക് പറഞ്ഞിട്ടാണ്; ഹിന്ദു, ക്രിസ്ത്യാനി എന്നൊന്നും വേര്‍തിരിവില്ലാതെ. സ്വര്‍ഗത്തിന്റെ ഗന്ധം ഈ ഭൂമിയില്‍ ഉണ്ടെങ്കില്‍ അതില്‍ ഞങ്ങളുടെ സ്‌കൂളും പെടും. ഇന്‍ശാ അല്ലാഹ്.
ഞാനാദ്യമേ പറഞ്ഞില്ലേ, അവിടെ മോശം സ്വഭാവക്കാരേ ഇല്ലെന്ന്. 
ഓരോരുത്തരും തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ കെയര്‍ ചെയ്യുന്നത് സ്വന്തം മക്കളെപ്പോലെയാണ്. എന്തെങ്കിലും മുറിവോ മറ്റോ പറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് സ്വന്തം മക്കളെ കെട്ടിപ്പിടിച്ച് കൊണ്ടുപോകുന്നതുപോലെ, മടിയില്‍ കിടത്തിയാണ് ക്ലാസ്ടീച്ചര്‍ എത്തിക്കുക. അതൊക്കെ ഞങ്ങളുടെ വിദ്യാലയത്തിന്റെ മാത്രം പ്രത്യേകതയാണ്. മിക്ക കുട്ടികളുടെയും വീടുകളില്‍ ഞങ്ങള്‍ പോയിട്ടുണ്ട്. ഞങ്ങളുടെ മക്കള്‍ എങ്ങനെയാണ് ജീവിക്കുന്നത്, അവരുടെ കുടുംബാന്തരീക്ഷം എങ്ങനെയൊക്കെ എന്ന് ഞങ്ങള്‍ക്ക് അടുത്തറിയേണ്ടതില്ലേ? ചില കുട്ടികള്‍ക്ക് ഞങ്ങളെ ഇടയ്ക്ക് കെട്ടിപ്പിടിച്ച് ഉമ്മതരണമത്രെ. ഒരു ഷബാന ഉണ്ട്, 10-ാം ക്ലാസ്സില്‍. അവള്‍ പിടിച്ചുനിര്‍ത്തി എന്നോട് പറയും. എത്ര ദിവസമായി എനിക്കൊരുമ്മ തന്നിട്ട്. ഞാന്‍ കരുതുന്നത്, ഒരു കുട്ടിക്ക് അത്രയ്ക്ക് പറയാന്‍ ധൈര്യം കിട്ടുന്നത് ഞങ്ങളുടെ മനസ്സുകള്‍ അവരും തൊട്ടറിഞ്ഞിട്ടല്ലേ?

സീതിയെയും വഹാബിനെയും ഒഴിവാക്കിക്കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാന്‍ പറ്റില്ല. ഞാനവരെ നീ എന്നും എടാ എന്നും സംബോധന ചെയ്യുന്നതാണവര്‍ക്കിഷ്ടം. ഒരുദിവസം കണ്ടില്ലെങ്കില്‍ സീതി ഉറപ്പായും വിളിക്കും. സീതിയെ കെയര്‍ ചെയ്തില്ലെങ്കില്‍ സീതിക്ക് ദ്വേഷ്യം വരും. തുറന്നുപറയുകയും ചെയ്യും. കാരണം, ഞാനവന്റെ മൂത്ത ഇത്തയാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ അതിലും അടുത്ത ബന്ധം. അതിനാല്‍ത്തന്നെ പരസ്പരം ഊഷ്മളമായ ബന്ധമാണ്. മക്കളില്ലാത്ത സീതിയോട് ഞാന്‍ പറഞ്ഞിരിക്കുന്നത്, വിദ്യാര്‍ഥികളെ മുഴുവന്‍ മക്കളായി കണ്ടോളാനാണ്. സീതി അത് അക്ഷരാര്‍ഥത്തില്‍ പാലിക്കുന്നു. എന്തിനും ഏതിനും കുട്ടികള്‍ക്ക് സീതിമാഷ്‌ടെ വക സമ്മാനം കിട്ടും. അതും അസംബ്ലിയില്‍ വെച്ച്. ഞങ്ങളുടെ മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും തരും സീതി, സമ്മാനം.

'നന്മയുടെ കൂട്ടായ്മ' പടച്ചവന്‍ തന്ന അനുഗ്രഹമായി ഞങ്ങള്‍ കരുതുന്നു. ഞങ്ങളുടെ അസ്മാബി പഞ്ചായത്തിലെ മികച്ച കര്‍ഷകര്‍ക്കുള്ള ഇക്കൊല്ലത്തെ അവാര്‍ഡ് നേടി. ഞങ്ങള്‍ അതില്‍ മനസ്സറിഞ്ഞ് അഭിമാനിക്കുന്നു, ആഹ്ലാദിക്കുന്നു.

ഒന്‍പതു വര്‍ഷവും തുടര്‍ച്ചയായി അറബി സാഹിത്യോത്സവ ട്രോഫി (സബ്ജില്ല) ഞങ്ങള്‍ക്കായിരുന്നു. അവിടത്തെ ഓരോ അധ്യാപകരും കുട്ടികളും അതില്‍ അഭിമാനിക്കുന്നുണ്ടെന്ന് എനിക്കറിയാം. കാരണം, ഒരുവര്‍ഷം ഒരു ടീച്ചര്‍ ഹോസ്പിറ്റലിലായിരുന്നു. അവിടെ ടിവി കണ്ടുകൊണ്ടിരിക്കെ എസിവിയില്‍ മറ്റൊരു സ്‌കൂളിന് എന്ന് തെറ്റിപ്പറഞ്ഞപ്പോള്‍ ദേഷ്യവും സങ്കടവും വന്നെന്ന് ഡിസ്ചാര്‍ജ് ചെയ്ത് വന്നപ്പോള്‍ പറയുകയാണ്. പോയിന്റ് നില നോക്കി കുട്ടികള്‍ ഓടിവന്ന് വിജയം പറയുമ്പോഴത്തെ അവരുടെ സന്തോഷം കാണേണ്ടതുതന്നെ. അറബി പഠിക്കുന്നവരൊന്നുമല്ല അതിനുവേണ്ടി ഓടിനടക്കാറ്.
വിജയാഘോഷത്തില്‍ അറബി പഠിക്കുന്നവരെ മാത്രം കൊണ്ടുപോവുകയാണെങ്കില്‍ ഞങ്ങളില്ലാഎന്നു പറഞ്ഞ് ചോദ്യംചെയ്ത കുട്ടികള്‍ ഞങ്ങളുടെ കണ്ണുതുറപ്പിക്കുകയുണ്ടായി.

ഈ കുറിപ്പ് തീരില്ല, അത്രയ്ക്കുണ്ട് എഴുതാന്‍. ഇക്കൊല്ലം റമദാന്‍ കിറ്റ്+ഓണം 250 പേര്‍ക്കാണ് കൊടുത്തത്. 55 പേര്‍ക്ക് പുതുവസ്ത്രം. യൂണിഫോം മിക്ക കുട്ടികള്‍ക്കും ഓരോ ജോഡി ഫ്രീ ഉണ്ടായിരുന്നു, ആദ്യം തന്നെ. കുട, ബാഗ്, ചെരുപ്പ് തുടങ്ങിയവയും, പേന, ബുക്ക് ആവശ്യാനുസരണം കൊടുക്കാറാണ് പതിവ്. മാതാപിതാക്കളുടെ അസുഖം, വീടുപണി എന്നിവയ്‌ക്കൊക്കെ 'തണല്‍' സഹായഹസ്തം നീട്ടുന്നു. എല്ലാം സര്‍വശക്തന്‍ തരുന്ന അനുഗ്രഹം മാത്രം. ഇതാണ് തണല്‍ എന്ന് നിങ്ങള്‍ മുകളില്‍ കാണുന്ന തലക്കെട്ട്. സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

Saturday, September 18, 2010

വിവാദ ചോദ്യപേപ്പറും കൈവെട്ടും

ഞാന്‍ കരുതുന്നതുപോലെ ഇപ്പോള്‍ ക്രിസ്ത്യന്‍ സുഹൃത്തുക്കളും കരുതുന്നുണ്ടാകും - ജോസഫ് എന്തിനാ വേണ്ടാതീനത്തിന് പോയത് എന്ന്. എന്തൊരു ചെറിയൊരു ചോദ്യമാണിത്ര വിവാദങ്ങളിലേക്കുയര്‍ന്ന് ലോകവാര്‍ത്തയായത്? ഇതിലെ കുറ്റവാളികളാരാണ്?

ഇന്ത്യ മതേതരമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യസ്വാതന്ത്ര്യം. ഒരു മതത്തിനും പ്രത്യേകതയില്ല. ആര്‍ക്കു വേണമെങ്കിലും, എന്ത് വേണമെങ്കിലും പ്രബോധനം ചെയ്യാം. ആരും ഒന്നും ചെയ്യില്ല. മന്‍മോഹന്‍സിങ്ങിന്റെ കോലം വരെ കത്തിക്കാം. ഏതെങ്കിലും അറബ്‌രാഷ്ട്രത്തില്‍ ഇത് നടക്കുമോ? എന്തിനധികം ഇസ്‌ലാമിനെ ശരിക്ക് പ്രബോധനം ചെയ്യാന്‍ നടക്കുമോ? പറഞ്ഞുവരുന്നത്, ഇന്ത്യയുടെ പ്രത്യേകതയെപ്പറ്റിയാണ്. അംറ്ഖാലിദിന്റെ ക്ലാസ്സുകളുടെ സി.ഡി. ഈജിപ്തില്‍ റെക്കോര്‍ഡ് ചെയ്ത് വിതരണം ചെയ്യാന്‍ പാടില്ല. ഇന്ത്യ പൂര്‍ണമായും മുസ്‌ലിംകളോട് നീതിപൂര്‍വം മാത്രമേ പെരുമാറുന്നുള്ളൂ എന്നൊന്നും ഇപ്പറഞ്ഞതിനര്‍ഥമില്ല. സ്ത്രീകള്‍ മാത്രം നടത്തിയ സമ്മേളനത്തില്‍ യുവാന്‍ റിഡ്‌ലിക്ക് വിസ നിഷേധിച്ച സംഭവത്തിന് യാതൊരു ന്യായീകരണവുമില്ല. മഅ്ദനിയെ ഒന്‍പതര കൊലല്ം ജയിലിലിട്ട് പീഡിപ്പിച്ചു. നിരപരാധിയെന്നു പറഞ്ഞ് പുറത്തുവിട്ടു. വീണ്ടും വരുന്നു ജാമ്യമില്ലാ വാറണ്ടൊക്കെ.

നമുക്ക് കൈവെട്ടിലേക്കുതന്നെ തിരിച്ചുപോകാം. ഒരു നിലയ്ക്കും ന്യായീകരിക്കാനാവില്ല. ഇസ്‌ലാമിക നിയമപ്രകാരം ഒരാളുടെ കൈവെട്ടണമെങ്കില്‍ കക്കണം. ആ നിലയ്ക്ക് കൈവെട്ടിന് ന്യായമില്ല. അതും ഇസ്‌ലാമിക ഗവണ്മെന്റിനേ ചെയ്യാന്‍ അധികാരമുള്ളൂ. അതിനാല്‍ത്തന്നെ ഒരുതരം വികാരത്തിനടിമപ്പെട്ട പ്രവൃത്തിയാണ്. മാത്രമോ, അതുണ്ടാക്കിയേക്കാമായിരുന്ന പ്രത്യാഘാതങ്ങളോ? എന്തോ ഭാഗ്യത്തിന് ഒരു വര്‍ഗീയലഹളയിലേക്ക് മാറിയില്ല. ഖുര്‍ആന്‍ പറയുന്നത് കാണുക: والفتنة أشدّ من القلت (കൊലയേക്കാള്‍ കഠിനതരമാണ് ഫിത്‌ന.) ഇതോടനുബന്ധിച്ച് ഒരു കലാപം നടന്നിരുന്നെങ്കിലത്തെ അവസ്ഥ എന്താകുമായിരുന്നു? കൈ വെട്ടിനെ ന്യായീകരിക്കുന്നവര്‍ സഹായിക്കാന്‍ വരുമോ? നിരപരാധികള്‍ മരിച്ചുവീണേക്കാവുന്ന സംഘര്‍ഷത്തിലേക്ക് നീങ്ങാത്തത് കേരളത്തിന്റെ മേന്മയാവാം. അല്‍ഹംദുലില്ലാഹ്!

എന്റെ മനസ്സില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യം - ഇയാള്‍ എന്തിന് മുഹമ്മദിനേം പടച്ചോനേം തന്നെ ചിഹ്നം കൊടുക്കാന്‍ തിരഞ്ഞെടുത്തു എന്നാണ്. ഒരു കോളേജധ്യാപകന് അല്പമെങ്കിലും ബുദ്ധി ഉണ്ടാവുകയില്ലേ? കൈ പോകുന്നതിലും വലിയ നാണക്കേടല്ലേ ആള്‍ക്കാരുടെ മുമ്പില്‍ താന്‍ ഒരു മണ്ടനാണെന്ന് വരല്‍? ഇങ്ങനെയൊരു ചോദ്യമല്ലാതെ എത്ര ചോദ്യങ്ങളുണ്ടാക്കാമായിരുന്നു.

മുറിവേറ്റ് മരണവുമായി മല്ലിടുന്ന ആള്‍ക്ക് രക്തം കൊടുത്തത് കൊടുംപാതകമായി കാണുന്നവരും ഉണ്ട്. അവരൊരിക്കലും മനുഷ്യത്വത്തിനെതിരായിട്ടല്ല പറയുന്നത്. ഒരുപക്ഷേ, ചെയ്തത് സോളിഡാരിറ്റി ആയതിനാലാവാം. പണ്ട്, ബാബരിദിനത്തില്‍ ഹര്‍ത്താലിന് കടകള്‍ അടപ്പിക്കാന്‍ വന്ന ഒരുവന്‍ പറഞ്ഞ വാക്കാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്: ''അടയ്ക്കാതെ പറ്റില്ല. ഞങ്ങള്‍ പല്ലും കൂടി തേക്കാതെയാണ് എണീറ്റുവന്നിരിക്കുന്നത്.'' സുബ്ഹി നിസ്‌കരിച്ചോ എന്ന ചോദ്യത്തിന് മറുപടി ഇല്ല എന്നായിരുന്നു. എന്തിനാണ് ഇങ്ങനെയുള്ളവര്‍ക്ക് പിന്നെ പള്ളി? വിവാദ പേപ്പറിന്റെ ഉടമയ്ക്ക് രക്തം കൊടുത്തത് ആ സന്ദര്‍ഭത്തിന്റെ ആവശ്യം കണക്കിലെടുത്തായിരിക്കാം. അല്ലാതെ, നബിയയ അധിക്ഷേപിച്ചതിന് (വാസ്തവത്തില്‍ അയാള്‍ നബിയെ അധിക്ഷേപിച്ചിട്ടില്ല. അയാള്‍ അയാളെത്തന്നെ കോമാളിയാക്കുകയായിരുന്നു, ഇതിലൂടെ) ചെയ്ത ഉപകാരവുമല്ല. ഒരു മനുഷ്യന്റെ ബന്ധുക്കള്‍ സന്നിഗ്ധ ഘട്ടത്തില്‍ ആവശ്യപ്പെട്ട ഒരു സഹായം...

നമുക്ക് ആത്മാര്‍ഥമായി ഒരു കാര്യം പ്രാര്‍ഥിക്കാം. ജോസഫിന് നബിജീവിതം പഠിക്കാന്‍ സന്ദര്‍ഭം കിട്ടട്ടെ എന്ന്. നബി (സ) എറിഞ്ഞുകൊടുത്ത തൂവാല കഅബ്ബ്‌നു സുഹൈറിന് പിടിവള്ളിയായതുപോലെ സോളിഡാരിറ്റി കൊടുത്ത രക്തം ഇസ്‌ലാമിലേക്കുള്ള പിടിവള്ളി ആകട്ടെ എന്ന്. എന്തായാലും ഇസ്‌ലാം വിജയിക്കുകതന്നെ ചെയ്യും. അതിനു മുമ്പുള്ള ഈറ്റുനോവുകളാണിതെല്ലാം.

ക്വിസ്‌

 1. എന്തുകൊണ്ടാണ് നീലത്തിമിംഗലം / ഡോള്‍ഫിന്‍
  കരയ്ക്ക് കയറിയാന്‍ മരിച്ചുപോകുന്നത്? അവ വെള്ളത്തിനു മുകളിലുള്ള ഓക്‌സിജന്‍ ആണ് ശ്വസിക്കുന്നതെങ്കില്‍ത്തന്നെയും.
 2. എല്ലാ അക്ഷരങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സൂക്തമുണ്ട് ഖുര്‍ആനില്‍. ഏതാണാ സൂക്തം?
 3. ف ഇല്ലാത്ത ഒരു സൂറത്ത്?
 4. നബി (സ)യുടെ മിഅ്‌റാജ് യാത്രയില്‍ രക്തപ്പുഴയില്‍ നീന്തുന്ന ആളുകളെ കണ്ടു. ഏത് കുറ്റകൃത്യം ചെയ്തവരാണ് അതെന്ന് ജിബ്‌രീല്‍ (അ) പറഞ്ഞുകൊടുക്കുകയുണ്ടായി. ആരാണവര്‍?
 5. പുതുതായി ജനിക്കുന്ന ചിതല്‍ക്കുഞ്ഞുങ്ങള്‍ക്ക് മുതിര്‍ന്ന ചിതലുകളുടെ കാഷ്ഠമാണ് ആദ്യമായി ഭക്ഷണമായി നല്‍കുന്നത്. കാരണം?
 6. ആധുനികശാസ്ത്രം തെളിയിച്ച, മനുഷ്യന്റെ വിരലുകളുടെ പ്രത്യേകതയെപ്പറ്റി ഖുര്‍ആന്‍ ഒരു സ്ഥലത്ത് പ്രതിപാദിക്കുന്നുണ്ട്. എന്താണത്? ആ സൂക്തം വിശദമാക്കുക.
 7. വൈക്കം മുഹമ്മദ് ബഷീറിനെപ്പറ്റി 'കാണാത്ത സുല്‍ത്താനോട്' എന്ന ഒരു പുസ്തകമുണ്ട്. ആരാണതിന്റെ രചയിതാവ്?
 8. ചാവുകടല്‍ ഏത് പ്രവാചകന്റെ ജനതയുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു?
 9. സിറിയയില്‍ ഹലബ് (അലപ്പോ) എന്തൊരു സ്ഥലമുണ്ട്. അതിന് ആ പേരു വരാന്‍ കാരണം? (ഹലബ് ലോകത്തേക്കുതന്നെ പുരാതന പട്ടണമാണ്).
 10. സിനിമാരംഗത്തുനിന്ന് പിന്മാറി ഇസ്്‌ലാമിക പ്രബോധന രംഗത്തേക്ക് വരികയും വളരെ പ്രശസ്തനാവുകയും ചെയ്ത ഒരു മൊറോക്കൊക്കാരന്‍, അദ്ദേഹം കഴിഞ്ഞ ഒക്ടോബറില്‍ സൗദിയില്‍നിന്നും ഷാര്‍ജയിലേക്കുള്ള യാത്രാമധ്യേ കാറപകടത്തില്‍ മരിക്കുകയുണ്ടായി. ആരാണദ്ദേഹം?
 11. മന്തുരോഗം പരത്തുന്ന കൊതുകിന്റെ പേര്?
 12. 'മുഹമ്മദ്‌നബി (സ) ഇപ്പോള്‍ വരികയാണെങ്കില്‍ ഒരുകപ്പ് കാപ്പി കുടിക്കുന്ന ലാഘവത്തോടെ ലോകത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും' എന്ന് പറഞ്ഞ ഒരു പ്രശസ്തനുണ്ട്. ആരാണത്?
Please send your answers to: sabeeedha@gmail.com

Tuesday, September 14, 2010

ലോകത്തിന്റെ വെളിച്ചം

നമുക്കുണ്ടാകുന്ന അസുഖത്തെപ്പറ്റിയോ പ്രയാസങ്ങളെപ്പറ്റിയോ വിഷമിച്ചിട്ട് കാര്യമില്ല. മനസ്സുരുകി ദൈവത്തില്‍ സമര്‍പ്പിക്കുകയാണ് വേണ്ടത്. പ്രയാസത്തോടെ, സങ്കടത്തോടെ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥന കേട്ട് ഉത്തരം തരുന്നവനാണ് പ്രപഞ്ചങ്ങളുടെ നാഥന്‍. ഈ ജീവിതത്തില്‍ പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്. അല്ലെങ്കില്‍, മനുഷ്യന്‍ അഹങ്കാരിയായി മാറും. അഹങ്കാരത്തിന്റെ അന്ത്യം നാശമാണ്. നാം ഒന്ന് ചിന്തിച്ചുനോക്കുക, നമ്മുടെ ചെറുപ്പത്തെപ്പറ്റി. ഈ സൂര്യന്‍ പോലും മറ്റ് ഗോളങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഒരു കണികയുടെ അത്രയേയുള്ളൂ. അതിലെ അംഗമായ ഭൂമി; നമ്മുടെ കാഴ്ചയില്‍ ഭൂമി എന്തൊരു വലുതാണ്! സൂര്യനെ അപേക്ഷിച്ച് ഒരു പൊടി മാത്രം. അതില്‍ വസിക്കുന്ന 600 കോടിയിലൊരാളാണ് ഞാനും നിങ്ങളുമൊക്കെ. നമുക്ക് നമ്മുടെ ശരീരവും നമ്മുടെ പ്രശ്‌നങ്ങളും നമ്മുടെ നേട്ടങ്ങളും ഹിമാലയത്തെക്കാള്‍ വലുതാണ്. ആഴത്തില്‍ ചിന്തിച്ചാല്‍ നാമെത്ര നിസ്സാരര്‍! ഖുര്‍ആന്‍ പറയുന്നുണ്ട്: ''മനുഷ്യര്‍ നോക്കുന്നില്ലേ, താന്‍ എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടതെന്ന്? മുതുകെല്ലിനും വാരിയെല്ലിനും ഇടയില്‍നിന്ന് പുറപ്പെടുന്ന, തെറിച്ചുവീഴുന്ന ഒരു ജലത്തുള്ളിയില്‍നിന്നാണ് സൃഷ്ടിക്കപ്പെട്ടത്.'' മറ്റൊരു സ്ഥലത്ത് പറയുന്നു, ''തീര്‍ച്ചയായും മനുഷ്യന്‍ തന്റെ രക്ഷിതാവിനോട് നന്ദികേട് കാട്ടുന്നവനാണ്. അവന്‍ തന്നെ അതിന് സാക്ഷിയുമാണ്.''

ഇങ്ങനെ നമ്മെ നമുക്ക് തിരിച്ചറിയാന്‍ കഴിയുന്ന അസംഖ്യം വചനങ്ങളാട് ദൈവം നമുക്കെല്ലാവര്‍ക്കും വേണ്ടി ഇറക്കിയ വിശുദ്ധ ഖുര്‍ആനിലുള്ളത്. എന്തുകൊണ്ടാണ് ഖുര്‍ആനെ വിശുദ്ധം എന്ന് പറയുന്നത്? കാരണം, അതില്‍ ഇന്നുവരെ മനുഷ്യന്റെ കൈകടത്തലുകളുണ്ടായിട്ടില്ല. ഖുര്‍ആന്‍ തന്നെ പറയുന്നു: ''നാമാണ് ഇതിനെ അവതരിപ്പിച്ചത്. നാം തന്നെ അതിനെ സംരക്ഷിക്കും.''

അതുകൊണ്ടാണ് അമേരിക്കയില്‍ ഖുര്‍ആന്‍ കത്തിക്കും, കത്തിച്ചു എന്നൊക്കെ കേള്‍ക്കുമ്പോള്‍ നമുക്കൊന്നും തോന്നാത്തത് - ആനപ്പുറത്ത് ഉണ്ണി കടിക്കുംപോലെയേയുള്ളൂ. കാരണം, ആനയെ ഉറുമ്പ് കടിച്ചാല്‍ ഉറുമ്പിന്റെ പല്ല് പോവുകയേയുള്ളൂ. ഖുര്‍ആന്‍ കത്തിച്ചാല്‍ ഖുര്‍ആനിനോ ദൈവത്തിനോ മുസ്‌ലിംകള്‍ക്കോ എന്ത് നഷ്ടം വരാനാണ്? അതും വിശുദ്ധ ഖുര്‍ആന്റെ ഒരമാനുഷികതയാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ മസ്തിഷ്‌കത്തില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമായിക്കിടക്കുന്നുണ്ട്! ഈ ലോകത്ത് ഒരു ഖുര്‍ആന്‍ പോലും അവശേഷിക്കാതെ നശിച്ചുപോയാലും മുസ്‌ലിംകള്‍ക്ക് ഒരു വിഷമവുമില്ല.
ദൗര്‍ഭാഗ്യത്താല്‍ ഈ ഗ്രന്ഥത്തെ വേണ്ടവിധം പരിചയപ്പെടുത്താന്‍ മുസ്‌ലിംകളും പരിചയപ്പെടാന്‍ അമുസ്‌ലിംകളും അധികമായി ശ്രമിക്കുന്നില്ല. പ്രവാചകന്‍ (സ) പറയുകയുണ്ടായി: ''നിങ്ങളില്‍ ഉത്തമന്‍, ഖുര്‍ആന്‍ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്തരാണ്.''

അതിനാല്‍ ലോകത്തിന് മുഴുവന്‍ വെളിച്ചം നല്‍കി അവതീര്‍ണമായ ആ ഗ്രന്ഥത്തെ അല്പമെങ്കിലും അടുത്തറിയാന്‍ ശ്രമിക്കണം.

ഖുര്‍ആനിലെ അദ്ഭുതങ്ങള്‍

അല്ലാഹു പറയുന്നു: ''ഒരു കൊതുകിനെയോ അതിന്റെ മുകളിലുള്ളതിനെയോ ഉപമിക്കാന്‍ അല്ലാഹുവിന് ലജ്ജയില്ല. എന്നാല്‍, വിശ്വസിച്ചവര്‍ക്കറിയാം അത് തങ്ങളുടെ രക്ഷിതാവിങ്കല്‍നിന്നുള്ള സത്യമാണെന്ന്. എന്നാല്‍ നിഷേധികള്‍ പറയും, ഈ ഉപമ മുഖേന അല്ലാഹു എന്താണ് ഉദ്ദേശിച്ചതെന്ന്. ഇതുമൂലം അല്ലാഹു പലരെയും ദുര്‍മാര്‍ഗത്തിലാക്കുന്നു. പലര്‍ക്കും നേര്‍മാര്‍ഗം നല്‍കുകയും ചെയ്യുന്നു. അധര്‍മകാരികളെയാണ് അല്ലാഠു വഴികേടിലാക്കുന്നത്.'' (അല്‍ബഖറ: 26)

പ്രാണിവര്‍ഗങ്ങളില്‍ എന്നല്ല, ജീവികളില്‍ മനുഷ്യന് ഏറ്റവും ഉപദ്രവകാരിയായ ഒന്നാണ് കൊതുക്. അതില്‍ത്തന്നെ രോഗം പരത്തുന്നത് പെണ്‍കൊതുകുകളാണ്. ഖുര്‍ആന്‍ 'ബഊളത്ത്' എന്ന പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. പെണ്‍കൊതുകിനും കൊതുകുവര്‍ഗത്തിനും ഈ വാക്കുപയോഗിക്കുന്നു.

മഹത്തായ ആശയങ്ങള്‍ പറയുന്ന ഖുര്‍ആനില്‍ വളരെ ചെറുതായ ഈ പ്രാണി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. അതിന്റെ സ്രഷ്ടാവ് എന്തെങ്കിലും രഹസ്യങ്ങള്‍ അതില്‍ ഒളിപ്പിച്ചുവെച്ചിരിക്കും.

അതിന്റെ സൃഷ്ടിപ്പിന്റെ അതിസങ്കീര്‍ണതകള്‍ നമുക്കൊന്ന് പരിശോധിക്കാം. വളരെ തൂക്കം കുറഞ്ഞ ഒരു പ്രാണിയായ കൊതുകില്‍ ഒരുപാടാളുകളെ രോഗബാധിതരാക്കാനുള്ള രോഗാണുക്കള്‍ ഉണ്ടെന്നറിയുമ്പോള്‍ നാം അദ്ഭുതപ്പെട്ടുപോകും. കൊതുക് മനുഷ്യനെ കടിക്കുന്നതിനുമുമ്പ് അതിന്റെ ഉമിനീര്‍ മനുഷ്യശരീരത്തില്‍ ലേപനം ചെയ്യുന്നു. രക്തം വേഗം വലിച്ചെടുക്കാനും ഒരുപക്ഷേ, വിധേയന്‍ അറിയാതിരിക്കാനും വേണ്ടിയാകാം ഈ പരിപാടി. എന്നാല്‍ ഈ ലേപനത്തോടൊപ്പം മനുഷ്യശരീരത്തിലേക്ക് രോഗാണു പ്രവേശിക്കുന്നു. മലേറിയ പടര്‍ത്തുന്ന അനോഫിലിസ് പെണ്‍കൊതുകുകള്‍ അതിമാരകമായ രോഗാണുക്കളെയാണ് കടത്തിവിടുന്നത്. വര്‍ഷംപ്രതി ഒരുലക്ഷം മനുഷ്യര്‍ മലേറിയ മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും മരിച്ചുവീഴുന്നുണ്ട്. ഇതില്‍ത്തന്നെ ആഫ്രിക്കയിലെ ശിശുക്കളെയാണ് ഈ അസുഖം അധികവും ബാധിക്കുന്നത്. ലോകത്ത് രണ്ടായിരത്തിലധികം കൊതുകിന്റെ ഇനങ്ങള്‍ വ്യാപിച്ചുകിടക്കുന്നുണ്ട്.

ഈ ജീവിക്ക് മനുഷ്യശരീരത്തില്‍നിന്ന് വളരെവേഗം രക്തം വലിച്ചെടുക്കാനുള്ള രണ്ട് കുഴലുകളുണ്ട്. മനുഷ്യശരീരത്തിലെ രക്തത്തിലെ ഹീമോഗ്ലോബിനിലുള്ള പ്രോട്ടീനുകളുപയോഗിച്ചാണ് പെണ്‍കൊതുകുകള്‍ അണ്ഡങ്ങളെ പോഷിപ്പിക്കുന്നത്. അതായത്, ഇവയുടെ പ്രത്യുല്‍പ്പാദനശേഷി മനുഷ്യരക്തത്തെ ആശ്രയിച്ചാണിരിക്കുന്നത് എന്നര്‍ഥം.

മനുഷ്യശരീരത്തിലെത്തിപ്പെടുന്ന മലേറിയയുടെ അണുക്കള്‍ നേരെ കരളിലേക്കാണെത്തിപ്പെടുന്നത്. മലേറിയാ അണുക്കളില്‍ ഒന്നിന് 4,000 പുതിയ അണുക്കളെ പടച്ചുവിടാന്‍ കഴിവുണ്ട് എന്നു കാണുമ്പോള്‍ അവയുടെ കഴിവ് നമുക്ക് ഊഹിക്കാവുന്നതാണ്. ഈവക എല്ലാത്തിനെയും സൃഷ്ടിച്ച് സംരക്ഷിക്കുന്ന സര്‍വശക്തനായ റബ്ബ് എത്ര ഉന്നതന്‍!

കരളിലെത്തുന്ന അണുക്കള്‍ രണ്ടാഴ്ച കൊണ്ട് പെരുകുന്നു. കരളിനോ മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിനോ ഇവയെ നേരിടാനുള്ള ശക്തി ലഭിക്കുന്നില്ല. ആ അണുക്കള്‍ രക്തകോശങ്ങളെ ആക്രമിച്ച് നശിപ്പിക്കുകയും ശ്വാസകോശം, പേശികള്‍ എന്നിവയിലെ കോശങ്ങളെ നശിപ്പിക്കുകയും അവസാനഘട്ടത്തില്‍ തലച്ചോറിലെത്തുകയും തലച്ചോറിന്റെ കോശങ്ങളെ തകര്‍ത്ത് രോഗിയെ 'കോമ'യിലാക്കുകയും ചെയ്യുന്നു. രോഗിക്ക് ക്രമേണ ജീവന്‍ നഷ്ടപ്പെടുന്നു.

കൊതുക് എങ്ങനെയാണ് ഇരുട്ടില്‍ മനുഷ്യശരീരം തേടി എത്തുകയും രക്തം വലിച്ചെടുക്കുകയും ചെയ്യുന്നതെന്നോര്‍ത്തുനോക്കിയിട്ടുണ്ടോ? അവയുടെ ഗന്ധമറിയാനുള്ള കഴിവ് അതിഭീമമാണ്. അപ്രകാരം തന്നെ ഗന്ധം മനസ്സിലാക്കിയ ദിശയിലേക്ക് വളരെ വേഗത്തില്‍ കുതിച്ചെത്തി കൃത്യം നിര്‍വഹിച്ച് മടങ്ങാനുള്ള കഴിവും അപാരമാണ്. മനുഷ്യശരീരത്തില്‍നിന്ന് പുറപ്പെടുന്ന ഇന്‍ഫ്രാറെഡ് രശ്മികളില്‍ കൊതുകിന് കാഴ്ച സാധ്യമാകുന്നതായും ശാസ്ത്രം പറയുന്നു.

നോക്കൂ, ഖുര്‍ആന്‍ എടുത്തുപറഞ്ഞ ഈ പ്രാണിക്ക് അതിന്റെ നാഥന്‍ കൊടുത്ത കഴിവുകള്‍. وما يعلم جنود ربك إلا هو (അവനല്ലാതെ അവന്റെ നാഥന്റെ സൈന്യത്തെ ആരും അറിയുന്നില്ല.)

ഇവയെല്ലാം റബ്ബിന്റെ സൈന്യങ്ങള്‍. ദൈവശിക്ഷയുമായി വരുന്ന അവന്റെ സൈന്യങ്ങളില്‍നിന്ന് നമുക്ക് അവനില്‍ മാത്രം രക്ഷനേടാം.

ജൂത്തന്‍ - ഒരു ദളിതന്റെ കഥ

അവിചാരിതമായാണ് ഓംപ്രകാശ് വാല്മീകി എഴുതിയ ജൂത്തന്‍ (Joothan) എന്ന പുസ്തകം വായിക്കാനിടയായത്. ഇംഗ്ലീഷ് വായിക്കാന്‍ ഇഷ്ടമില്ലാതിരുന്ന എന്നെ ആ പുസ്തകം ഇംഗ്ലീഷിലേക്കും വലിച്ചുകൊണ്ടുപോയി.
എന്താണ് ഈ ബുക്കിന്റെ ശക്തി എന്നാകും നിങ്ങള്‍? ഈ ഭൂമിയില്‍ കുറേ പേര്‍ വരേണ്യരും കുറേ പേര്‍ അകറ്റിനിര്‍ത്തപ്പെടുന്നവരും; എന്തൊരക്രമവും അനീതിയും ആണ്.
ഓംപ്രകാശ് കണ്ണുതുറന്നതു മുതല്‍ ജീവിതത്തിന്റെ നാനാതുറകളില്‍ അനുഭവിക്കേണ്ടിവന്ന ഉച്ചനീചത്വങ്ങള്‍ അവര്‍ണനീയമാണ്. സ്‌കൂളില്‍ ചേരാന്‍ തന്നെ സമ്മതിക്കാത്ത അധികൃതര്‍. അവസാനം, ചേര്‍ന്നപ്പോള്‍ ആ കുട്ടിക്ക് മാത്രം നിലത്ത് മാറി ഇരിക്കേണ്ടിവരുക. അതുപോലെ സ്‌കൂളും മുറ്റവും അടിച്ചുവാരി വൃത്തിയാക്കുക എന്നത് ഓംപ്രകാശിന്റെ ഉത്തരവാദിത്വത്തില്‍ വന്നുചേരുക. വേദനിപ്പിക്കുകയും സവര്‍ണ തിന്മക്കെതിരെ നന്മ പ്രകോപിപ്പിക്കുകയും ചെയ്യുന്ന നീണ്ട അനുഭവങ്ങള്‍!
ഒരിക്കല്‍, ജന്മിയുടെ വീട്ടിലെ കല്യാണം ഓംപ്രകാശ് വിവരിക്കുന്നു. 'അമ്മയും അച്ഛനും ഒരാഴ്ചയായി ജന്മിയുടെ വീടും പറമ്പും വൃത്തിയാക്കലിലായിരുന്നു. അവസാനം കല്യാണദിവസം വന്നെത്തി. സാധാരണപോലെ ഓംപ്രകാശും അമ്മയും ഇളയ പെങ്ങളും കൊട്ടയുമായി കല്യാണപ്പന്തലിന് പുറത്ത് മാറി ഇരുന്നു. കഴിച്ച് ബാക്കിവരുന്ന പൂരി, ചപ്പാത്തി പോലുള്ളവ എടുക്കാനാണത്രെ അവര്‍ കൊട്ടയുമായി പുറത്തിരിക്കാറ്. വര്‍ഷകാലത്ത്, കൊടുംപട്ടിണിക്കാലത്ത് കുറുക്കിത്തിന്നാന്‍ വേണ്ടി കല്യാണബാക്കി വരുന്ന പൂരി ശേഖരിക്കാറാണ് പതിവ്.
കുറേ നേരമായിട്ടും ഒന്നും കിട്ടാതായപ്പോള്‍ അമ്മ പറഞ്ഞു. യജമാനാ! എന്റെ മക്കള്‍ക്ക് എന്തെങ്കിലും സ്വീറ്റ്‌സ് കൊടുക്കണം. അവര്‍ കുറേനേരമായി കാത്തിരിക്കുന്നു. ഭക്ഷണത്തിന്റെ ഗന്ധം മക്കള്‍ക്ക് കൊതിയുണ്ടാക്കുന്നുണ്ട്.
ഉടന്‍ യജമാനന്‍ തീരെ മോശമായ വേസ്റ്റ് അമ്മയുടെ കൊട്ടയില്‍ കൊണ്ടുവന്നിട്ടു. ഓംപ്രകാശ് പറയുകയാണ്: ''ഞാനാദ്യമായി അമ്മയുടെ കണ്ണുകളില്‍ ദുര്‍ഗാദേവിയെ കണ്ടു. തീക്ഷ്ണമായ നോട്ടത്തോടെ യജമാനന്റെ നേരെ അടുത്ത് കൊട്ടയിലെ വേസ്റ്റ് അയാളുടെ മുമ്പിലേക്ക് കൊട്ടി. 'നീ നിന്റെ വിരുന്നുകാര്‍ക്ക് കൊണ്ടുകൊടുക്കൂ' എന്ന് അലറിക്കൊണ്ട് ഞങ്ങളുടെ കൈയും പിടിച്ച് തിരിച്ചുപോന്നു.''
നമ്മുടെ ചങ്ക് കലങ്ങി. കരഞ്ഞുപോകുന്ന വിവരണം! വെറുതെയല്ല, 2004ലെ ന്യൂ ഇന്ത്യാ ഫൗണ്ടേഷന്റെ ബെസ്റ്റ് ബുക്ക് അവാര്‍ഡ് ഇതിന് കിട്ടിയത്.
ഇനിയും ഉണ്ട് വേദനിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍. നിറത്തിന്റെയും ജാതിയുടെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ, മൃഗങ്ങളെക്കാള്‍ തരംതാണ രൂപത്തില്‍ കാണുന്ന സംസ്‌കാരം. അതിനെ ന്യായീകരിക്കുന്നവര്‍ എന്തിന്റെ പേരിലായാലും ശിക്ഷിക്കപ്പെടേണ്ടവര്‍ തന്നെ.
ഓംപ്രകാശിനെ തന്റെ കൂട്ടുകാരന്റെ പെങ്ങള്‍ അറിയാതെ കോളേജ് പഠനകാലത്ത് പ്രേമിച്ച ഒരു സംഭവം അദ്ദേഹം പറയുന്നുണ്ട്. സംഗതിയുടെ അപകടം മണത്തറിഞ്ഞ ഓംപ്രകാശ് ഒറ്റയ്ക്ക് അവളോട് അനുനയത്തില്‍ തന്റെ ജാതി വെളിപ്പെടുത്തുന്ന ഒരു രംഗമുണ്ട്. അത് ഞാനെഴുതി ഭംഗി നഷ്ടപ്പെടുത്തുന്നില്ല.
അറിഞ്ഞയുടന്‍, അടുത്തുനിന്ന് മായ പതുക്കെപ്പതുക്കെ അകലാന്‍ തുടങ്ങി. അവസാനം നിറകണ്ണുകളോടെ അദ്ദേഹത്തോട് വിടവാങ്ങി. അത്യന്തം വേദനിപ്പിച്ച ഭാഗമായിരുന്നു അത്. അതുപോലെ വിരുന്നുകാരായി ചെന്ന്, ജാതി അറിഞ്ഞപ്പോള്‍ ഭക്ഷണം എടുത്ത് മാറ്റി നല്ല വടിയെടുത്ത് അടിച്ചോടിച്ച സംഭവവും ഹൃദയത്തില്‍ മുള്ളു തറച്ചപോലെയായി.
ഏറ്റവും വേദനിപ്പിച്ച, കണ്ണുനീരൊഴുക്കിയ ഒരു രംഗം കൂടി എഴുതി അവസാനിപ്പിക്കാം. അദ്ദേഹത്തിന് വിദ്യാഭ്യാസം ലഭിച്ചാല്‍ അസ്പൃശ്യത മാറും എന്ന് കരുതി ദാരിദ്ര്യത്തിനു നടുവിലും മകനെ വിദ്യ അഭ്യസിപ്പിച്ച ആ മാതാപിതാക്കളുടെ മരണം മാസങ്ങള്‍ക്കുശേഷം അറിയേണ്ടിവന്ന ആ ഹതഭാഗ്യത്വം! അതാണ് അദ്ദേഹം ആ പുസ്തകം 'To Mathaji and Pithaji' എന്ന് സമര്‍പ്പിച്ചിരിക്കുന്നത്. അത് ഒരു ദൃശ്യാവിഷ്‌കരണമാക്കിയാല്‍ കൂടുതല്‍ നന്നായിരിക്കും എന്നാണെന്റെ അഭിപ്രായം.