Monday, August 26, 2013

മുര്‍സിഗവണ്മെന്റിനെ അട്ടിമറിച്ചതിന്റെ പിന്നിലെ താല്‍പര്യമെന്ത്?


രക്തം തളംകെട്ടി നില്‍ക്കുന്ന ഈജിപ്ത്. ഇതിലെ ഓരോ തുള്ളി ചോരയും ശഹീദിന്റേതാണ്. നാളെ പരലോകത്ത് കസ്തൂരിയുടെ മണം അടിച്ചുവീശുമ്പോള്‍... ഈജിപ്ത് ശുഹദാക്കളേ, നിങ്ങളെ എല്ലാവരും അദ്ഭുതത്തോടെ, അതിലേറെ ആദരവോടെ നോക്കിപ്പോകും. ഇന്‍ ശാ അല്ലാഹ്.

ഈ അസ്ഹര്‍ പണ്ഡിതന്മാര്‍ ഒക്കെ എന്തെടുക്കുകയാണ്? അല്പം പോലും ഇസ്‌ലാമിക മനഃസാക്ഷി ഇല്ലാതായോ? റാവിയത്തുല്‍ അദബിയ്യയുടെയും നഫീസത്തുല്‍ മിസ്‌രിയ്യയുടെയും ഇമാം ശാഫിഈയുടെയും നാട് കുട്ടിച്ചോറാക്കുകയാണ്. മുര്‍സിയും കൂട്ടരും ചെയ്ത തെറ്റെന്താണ്? ഈ അന്യായത്തിനെതിരെ ആര്‍ക്കും കാര്യമായ പ്രയാസം കാണുന്നില്ലല്ലോ. നബി (സ) പറഞ്ഞില്ലേ, ''വിശ്വാസികള്‍ സ്‌നേഹത്തിലും കാരുണ്യത്തിലും ഒറ്റ ശരീരം പോലെയാണ്. ഒരവയവത്തിന് എന്തെങ്കിലും പറ്റിയാല്‍ ശരീരത്തിലെ മറ്റവയവങ്ങള്‍ മുഴുവന്‍ ഉറക്കമൊഴിച്ചും പനിച്ചും അതില്‍ പങ്കുചേരും.

സിറിയയില്‍ എത്ര നിരപരാധികളാണ് കൊല്ലപ്പെട്ടത്? പണ്ട് മാലാഖമാര്‍ അല്ലാഹുവിനോട് ചോദിച്ചതോര്‍മ വരികയാണ്:
أتجعل فيها من يفسد فيها ويسفق الدماء
''കുഴപ്പമുണ്ടാക്കുന്നവരെയും രക്തം ചിന്തുന്നവരെയുമാണോ അവിടെ (ഭൂമിയില്‍) വയ്ക്കുന്നത്?''

ഇതൊരാവര്‍ത്തനമാണ്.
بدا الإسلام عزيبا وسيعود كما بدا فطوبي للغرباء الذين يصلحون ما أفسد الناس

ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു ഇസ്‌ലാമികലോകം ഈജിപ്ഷ്യന്‍ വിപ്ലവത്തെ നെഞ്ചേറ്റിയത്. ഒരുപാട് നന്മകളും വ്യതിരിക്തതകളും നിറഞ്ഞ വ്യക്തിത്വമായിരുന്നു മുര്‍സിയുടേത്. സാധാരണക്കാരെപ്പോലെ ജീവിച്ച ഭരണാധികാരികളെ ചരിത്രത്തില്‍ നമുക്ക് രക്തസാക്ഷിത്വം വരിച്ചവരായവരായാണ് കാണാന്‍ സാധിക്കുന്നത്. തികഞ്ഞ നീതി നടപ്പാക്കിയ ഖലീഫ ഉമര്‍ രണ്ടാമന്‍ രണ്ടര കൊല്ലം കൊണ്ട് വിഷബാധയേറ്റാണ് ശഹീദായത്. യഥാര്‍ഥ ഇസ്‌ലാമിന്റെ മുഖത്തെ പ്രകാശിപ്പിക്കാന്‍ ജാഹിലിയ്യത്തിന്റെ ശക്തികള്‍ അനുവദിക്കുകയില്ല. മഹാനായ ഒരു ചിന്തകന്‍ പറയുകയുണ്ടായി: ''ഈ ഉമ്മത്തിനേറ്റതുപോലെയുള്ള പരീക്ഷണം മറ്റേതെങ്കിലും ഉമ്മത്തിനായിരുന്നു ഏല്‍ക്കേണ്ടിവന്നതെങ്കില്‍ അതിന്റെ തരിപോലും ബാക്കിയുണ്ടാകില്ലായിരുന്നു. മറിച്ച്, ഈ ഉമ്മത്തിന്റെ കൈയില്‍ വിശുദ്ധ ഖുര്‍ആനുള്ളതിനാല്‍ അവര്‍ എല്ലാ പ്രതിസന്ധികളെയും മറികടന്ന്, വീണ്ടും തളിര്‍ക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന അത്യുത്ഭുതകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.'' വളരെ ശരിയാണിത്. കാലാകാലങ്ങളില്‍ മുസ്‌ലിം ഉമ്മത്ത് നാനാ ജാതി പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതില്‍ പരമപ്രധാനം അവര്‍ കക്ഷികളായി തമ്മില്‍ത്തല്ലി എന്നതാണ്. എല്ലാവര്‍ക്കും സൗഖ്യവും സമാധാനവും പ്രദാനം ചെയ്യുന്ന ഇസ്‌ലാകിമ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനു പകരം അതിനെ ഭ്രൂണാവസ്ഥയില്‍ത്തന്നെ നശിപ്പിക്കാന്‍ എന്തുകൊണ്ടാണ് മനുഷ്യന്‍ പ്രേരിതനാകുന്നത് എന്നത് അത്ഭുതകരമാണ്. 

ഏതായാലും പല മുസ്‌ലിം-ഇസ്‌ലാകിമ രാജ്യങ്ങളും പ്രശ്‌നങ്ങളിലാണ്. സത്യവും ധര്‍മവും വൈകിയാണെങ്കിലും വിജയിക്കുമെന്നും വിജയിക്കട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം, പ്രാര്‍ഥിക്കാം. ലോകം മുഴുവന്‍ ഇസ്‌ലാമിന്റെ സുഖശീതളഛായയില്‍ ആശ്വാസം കൊള്ളുന്ന ഒരു കാലം വരും എന്നുതന്നെ പ്രതീക്ഷിക്കാം. സുന്ദരമായ കൈയോയും അലക്‌സാണ്ഡ്രിയയും അല്‍ഫയൂമുമൊക്കെ ഇന്ന് ദുഃഖം തളംകെട്ടി നില്‍ക്കുകയാണ്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട ഈജിപ്ഷ്യന്‍ സഹോദരങ്ങള്‍ക്ക് റബ്ബ് എല്ലാ ആശ്വാസവും നല്‍കട്ടെ എന്നല്ലാതെ സാധുക്കളായ നമുക്കെന്ത് ചെയ്യാനാകും? സര്‍വശക്തനായ നാഥാ, ഞങ്ങളെ നീ എന്നും സത്യത്തിന്റെ മാര്‍ഗത്തില്‍ ഉറപ്പിച്ചുനിര്‍ത്തണേ. ക്ഷമാലുക്കളിലും നീ ഞങ്ങളെ പെടുത്തണേ. ആമീന്‍.

Friday, August 23, 2013

സുപ്രീംകോടതി നിര്‍ദേശം ശുഭസൂചകം

418 ബാറുകള്‍ക്കെതിരെ കേരളം നടപടിയെടുക്കണം -സുപ്രീംകോടതി. ഈ വാര്‍ത്തയാണ് ഈ കുറിപ്പിന്നാധാരം. അതില്‍ രാഷ്ട്രീയക്കളി ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. കാരണം, ആടിനെ പട്ടിയും പട്ടിയെ പൂച്ചയും പൂച്ചയെ പുലിയും ആക്കുന്ന വാര്‍ത്താമാധ്യമങ്ങളുടെ നാട്ടിലാണ് നാം. എന്തായിരുന്നാലും മദ്യത്തെ സംബന്ധിച്ചുള്ള ഏതൊരു വാര്‍ത്ത ഇനി കണ്ടാലും പ്രതികരിക്കാന്‍ തന്നെയാണ് ഞാന്‍ തീരുമാനിക്കുന്നത്.

ഒരു ജനതയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന അക്രമിയായ വില്ലനാണ് മദ്യം എന്ന് പറയാതെ നിവൃത്തിയില്ല. ഖുര്‍ആന്‍ ചോദിക്കുന്നു: '' 'ഞങ്ങളെ ഈ അക്രമിയായ രാജ്യത്തുനിന്ന് രക്ഷപ്പെടുത്തുകയും ഞങ്ങള്‍ക്ക് സഹായികളെ നല്‍കുകയും ചെയ്യേണമേ' എന്ന് പ്രാര്‍ഥിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങളെന്തുകൊണ്ട് ധര്‍മസമരം നയിക്കുന്നില്ല?''

എന്റെ പഴ്‌സില്‍ നാല് കത്തുകളുണ്ട്. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന നാല് പെണ്‍കുട്ടികള്‍ ഒരു ദിവസം എന്റെയടുത്ത് വന്ന് അവരുടെ വീട്ടിലെ കഷ്ടതകള്‍ വിവരിക്കാന്‍ തുടങ്ങി. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും അവര്‍ കരച്ചിലായി. ''ടീച്ചറേ, ഓണവും പെരുന്നാളും വിഷുവും വരുന്നത് ഞങ്ങള്‍ക്കിഷ്ടമല്ല ടീച്ചറേ. കാരണം, അന്ന് ഞങ്ങളുടെ ഉപ്പമാര്‍ നന്നായി കുടിക്കും. വീട്ടില്‍ വന്ന് ഉമ്മാനെ തല്ലും.''

ഇത് കേട്ട് അവരുടെ കൂട്ടുകാരി, ''ടീച്ചറേ, എന്റെ വാപ്പ കുടിച്ചുവരുന്നത് കണ്ടാല്‍ ഞാന്‍ വേഗം പോയി ദിക്‌റും യാസീനും ഒക്കെ ചൊല്ലും. ബഹളമുണ്ടാക്കല്ലേ എന്ന് പ്രാര്‍ഥിക്കും.

ഇങ്ങനെ ഹൃദയം വേദനിപ്പിക്കുന്ന ഒരുപാട് സങ്കടങ്ങളാണ് ആ മക്കള്‍ എന്റെ മുമ്പില്‍ അവതരിപ്പിച്ചത്. ഉച്ചയ്ക്ക് ബെല്ലടിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ''മക്കള്‍ ഇപ്പോള്‍ ക്ലാസ്സിലേക്ക് പൊയ്‌ക്കോ. എന്നിട്ട് ഇന്ന് വീട്ടില്‍ ചെന്ന് രാത്രി ശാന്തമായി മനസ്സിലെ സങ്കടങ്ങള്‍ ഒരു കടലാസിലേക്ക് പകര്‍ത്തുക. എന്നിട്ട് നാളെ ടീച്ചര്‍ക്ക് കൊണ്ടുത്തരണം.''

ആ മക്കള്‍ പിറ്റേ ദിവസം നാലുപേരും സുന്ദരമായ കൈപ്പടയില്‍ വേദനകളുടെ കെട്ടഴിച്ചിരിക്കുകയാണ് ആ കടലാസുകളില്‍. പുറത്തു തട്ടിയും തലതടവിയും പതുക്കെ കെട്ടിപ്പിടിച്ചുമൊക്കെ ആ കുഞ്ഞുമക്കളെ എനിക്കാശ്വസിപ്പിക്കാനാവും. ഞാനത് ചെയ്യാറുമുണ്ട്. അത് ആ മക്കള്‍ക്കും എനിക്കും ഉള്ള താല്‍ക്കാലികാശ്വാസം മാത്രം. ശാശ്വത പരിഹാരം പിതാക്കന്മാരുടെ തിരിച്ചുനടത്തം മാത്രം. അതിനവരെങ്ങനെ തിരിച്ചു നടക്കും? വൈകുന്നേരം വരെ കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന കൂലി വില കൂടിയ ബാറുകളില്‍ കൊണ്ടുപോയി നശിപ്പിക്കുകയല്ലേ. അതില്‍നിന്ന് കിട്ടുന്ന ലാഭം കൊണ്ട് തടിച്ചുകൊഴുക്കുന്ന ഗവണ്മെന്റും രാഷ്ട്രീയക്കാരും ഞാനടക്കമുള്ള ഉദ്യോഗസ്ഥരും. ഇതെന്തൊരു നശിച്ച നാട്! ഇങ്ങനെത്തന്നെ പറയട്ടെ - മഹാത്മാഗാന്ധിയെ രാഷ്ട്രീയാചാര്യനാക്കുന്ന കോണ്‍ഗ്രസ്സുകാര്‍, സീതിസാഹിബിനെ നേതാവാക്കുന്ന ലീഗുകാര്‍, ശ്രീനാരായണഗുരുവിന്റെ അനുയായികള്‍ തുടങ്ങി ഒരു മനുഷ്യനും ഇതിനെതിരില്‍ ശബ്ദിക്കുന്നില്ല.

സുഹൃത്തുക്കളേ, ഈ 418 ബാറിനെ അടപ്പിക്കാന്‍ ശക്തമായ ഒരു ശ്രമം നടത്തി നോക്കാം നമുക്ക്. ഒരുപക്ഷേ, നാം ശ്രമിച്ചുവരുമ്പോള്‍ മീഡിയ പറയും: ഇല്ല, ഈ ആട് പട്ടിയായിരുന്നു. എന്തോ ആവട്ടെ, ഈ പൈതങ്ങളെയും നിരപരാധികളായ സ്ത്രീകളെയും രക്ഷപ്പെടുത്താനുള്ള ശ്രമമെങ്കിലും നാം നടത്തണ്ടേ? ഖുര്‍ആന്‍ ശക്തമായി ചോദിച്ചില്ലേ, ''എന്തുകൊണ്ട് നിങ്ങള്‍ ധര്‍മ്മസമരം നയിക്കുന്നില്ല?'' എന്ന്.

ഞാനിതെങ്കിലും ചെയ്തില്ലെങ്കില്‍ ആ പെണ്‍കുട്ടികളും അവരുടെ മാതാക്കളും നാളെ സര്‍വശക്തനായ തമ്പുരാന്റെ മുമ്പില്‍ എനിക്കെതിരില്‍ സാക്ഷി പറയും - ''ഞങ്ങളുടെ കഷ്ടത ഇവരെ അറിയിച്ചിട്ട് ഒന്നും ചെയ്തില്ല'' എന്ന്.

ബുദ്ധിയും വിവേകവും നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാവരും കൂടി എന്തെങ്കിലും ഒന്ന് ചെയ്യാന്‍ ശ്രമിക്കുക. ഇവിടെയാണ് ശ്രീ ജോസഫിന്റെ പ്രവര്‍ത്തനങ്ങളെ നാം വിലമതിക്കേണ്ടത്.

Monday, August 19, 2013

ഖുര്‍ആനിലെ യൂസുഫ് ചരിത്രം


ഭക്ഷണശേഷം പതിവുപോലെ യഅ്ഖൂബ് അല്പനേരം മുറ്റത്തിറങ്ങി ഇരുന്നു. എന്തൊരു ഭംഗിയാണീ ആകാശത്തിന്! കറുത്ത തട്ടത്തില്‍ വെള്ളാരംകല്ലു പതിച്ചപോലെ ആകാശം അതീവസുന്ദരിയായിരിക്കുന്നു. നക്ഷത്രങ്ങളും ഗ്രഹങ്ങളും മാത്രമേ ഇന്നുള്ളൂ. അപ്പോഴാണ് അന്ന് കറുത്ത വാവ് ദിവസമാണല്ലോ എന്ന് യഅ്ഖൂബിന് ഓര്‍മ വന്നത്. തന്റെ പിതാവ് ഇസ്ഹാഖില്‍നിന്ന് കിട്ടിയ പഴകിയ ആ ചാരുമഞ്ചത്തില്‍, കന്‍ആനിലെ മരത്തലപ്പുകളെ തലോടി വന്ന കാറ്റേറ്റ് യാക്കൂബ് ഒന്ന് മയങ്ങിപ്പോയി. ''ഉപ്പാ'' - യൂസുഫിന്റെ നേര്‍ത്ത വിളി യാക്കൂബിനെ മയക്കത്തില്‍നിന്നുണര്‍ത്തി. കൈ പിടിച്ചടുപ്പിച്ച യൂസുഫിനെ വന്ദ്യപിതാവ് മടിയിലിരുത്തി, നെഞ്ചോട് ചേര്‍ത്ത് പിടിച്ചുമ്മ വച്ചു. എന്ത് പറ്റി യൂസുഫ്? മോന്‍ ഉറങ്ങിയിരുന്നതല്ലേ? ''ഉം'' - യൂസുഫ് മറുപടി പറഞ്ഞു. ഉപ്പാ, ഉറക്കച്ചടവില്‍ യൂസുഫ് പറയാന്‍ തുടങ്ങി. ഉപ്പാ, ഞാനൊരു സ്വപ്‌നം കണ്ടു. 11 നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സുജൂദ് ചെയ്യുന്നതായിട്ട് കണ്ടു ഉപ്പാ...

പെട്ടെന്ന് യാക്കൂബിന്റെ ഉള്ളൊന്ന് ഞെട്ടി. പ്രവാചകന്മാര്‍ക്കുണ്ടാകുന്ന രൂപത്തിലുള്ള, തെളിഞ്ഞ, പ്രതീകാത്മക സ്വപ്‌നം കാണാന്‍ യൂസുഫിന് പ്രായമായില്ലല്ലോ. കൗമാരത്തിലേക്ക് അടിവച്ചു നീങ്ങുന്നതല്ലേയുള്ളൂ. യാ അല്ലാഹ്... എന്തൊക്കെയോ മനസ്സില്‍ ഒരു മിന്നല്‍പ്പിണര്‍. ഇത് വെറും സ്വപ്‌നമല്ല. ഇതിനര്‍ഥമുണ്ട്. വന്ദ്യപിതാവിന് ആലോചിക്കും തോറും നെഞ്ചിടിപ്പിന് ശക്തികൂടി. മോനോട് ഒരു കാര്യം പറയട്ടെ. ഉപ്പ പറയുന്നത് മോനനുസരിക്കണം. ഈ സ്വപ്‌നത്തെപ്പറ്റി ഇക്കാക്കമാരോട് പറയരുത്. കാരണം, അവര്‍ക്കീയിടെയായി നിന്നോട് ചില നീരസങ്ങള്‍ കാണുന്നു. മോന്‍ പോയി ഉറങ്ങിക്കോ. യൂസുഫ് എഴുന്നേറ്റ് മുറിയില്‍ പോയി കിടന്നു.

ശിഅ്‌റാ നക്ഷത്രം പടിഞ്ഞാറേ ചക്രവാളത്തിലേക്ക് കടന്നു. യാക്കൂബ് ഓര്‍ത്തു. സമയം കുറേ ആയല്ലോ താനീ ഇരുപ്പ് തുടങ്ങീട്ട്. ഉപ്പാപ്പാടെയും ഉപ്പാടെയും കാര്യങ്ങള്‍ ഓര്‍ത്തപ്പോള്‍, അല്ലാഹു തനിക്ക് നല്‍കിയ അസാധ്യങ്ങളായ ഭാഗ്യം ഓര്‍ത്തപ്പോള്‍ സമ്മിശ്ര വികാരങ്ങളാല്‍ വീര്‍പ്പുമുട്ടുംപോലെ. അംഗസ്‌നാനം വരുത്തി, രക്ഷിതാവിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സാഷ്ടാംഗം നടത്തി. യൂസുഫ് എന്ന തന്റെ പൊന്നോമനയിലും എന്തൊക്കെയോ പ്രത്യേകതകള്‍ കാണാനുണ്ട്. പക്ഷേ, തന്റെ മൂത്ത സന്തതികള്‍ക്ക് താനവനെ കൂടുതല്‍ സ്‌നേഹിക്കുന്നതിന്റെ പരിഭവമുണ്ട്. നമസ്‌കാരം കഴിഞ്ഞ് യാക്കൂബ് മെത്തയിലേക്ക് പതുക്കെ ചാഞ്ഞു.

ഒരു കാര്യം; 'വാപ്പാക്കെന്താണ് യൂസുഫിനോട് ഇത്ര ഇഷ്ടം? നമ്മളാണെങ്കില്‍ 10 പേരുണ്ട്. നാമാണ് കുടുംബത്തിന് മൊത്തമായി വീട്ടുചെലവിലേക്കായി കാടും മേടും മലകളും കയറിയിറങ്ങി ഈ ആട്ടിന്‍പറ്റത്തെ മേയ്ക്കുന്നത്. കൊടുംതണുപ്പുള്ള രാത്രികളില്‍ നാം എത്ര ബുദ്ധിമുട്ടിയാണ് ഇവറ്റകളെ ചെന്നായകളില്‍നിന്നും കുറുക്കന്മാരില്‍നിന്നും സംരക്ഷിക്കുന്നത്. ഇതൊക്കെയായിട്ടും ഉപ്പാക്ക് യൂസുഫിനോടാണിഷ്ടം. നമുക്ക് സൂത്രത്തില്‍ യൂസുഫിനെ കൊന്നുകളയാം. വാപ്പ അറിയാതെയാവണം കൊല. -മൂന്നാമത്തെ സഹോദരന്‍ പറഞ്ഞു. ഹോ! നാം അത്രയ്ക്ക് ദുഷ്ടരാവേണ്ട. പതുക്കെ നമ്മുടെ കൂട്ടത്തില്‍ കൊണ്ടുവന്ന് വിജനമായ വല്ല കിണറ്റിലോ കുഴിയിലോ തള്ളിയിടാം. നാം പോകാറുള്ള ആറാമത്തെ കുന്നിന്‍ചരുവില്‍ ഒരു കിണറുണ്ട്. ഇപ്പോള്‍ അതില്‍ വെള്ളം കുറവാണ്. ഈജിപ്തിലേക്കോ പലസ്തീനിലേക്കോ ഉള്ള വല്ല യാത്രാസംഘവും വെള്ളം എടുക്കാന്‍ വരുന്ന മുറയ്ക്ക് അവനെ എടുത്തുകൊള്ളും.
ആറാമന്‍ ചോദിച്ചു: നിങ്ങള്‍ ഇട്ട പ്ലാനുകളൊക്കെ കൊള്ളാം. പക്ഷേ, വാപ്പ എന്ന ആ മനുഷ്യന്‍ യൂസുഫിനെ നമ്മുടെ കൂടെ വിട്ടെങ്കിലലല്ലേ? ഞാനുറപ്പു പറയുന്നു, വാപ്പ യൂസുഫിനെ നമുക്കൊപ്പം വിടില്ല.

ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചുവന്നപ്പോള്‍ നാലാമന്‍ പറഞ്ഞു: വാപ്പാടെ അടുത്തുനിന്ന് യൂസുഫിനെ വിടീക്കുന്ന കാര്യം ഞാനേറ്റു. അടുത്ത യാത്രയില്‍ നമുക്ക് എങ്ങനെയെങ്കിലും യൂസുഫിനെ ഒതുക്കണം. ഇളയവന്‍ പറഞ്ഞു. നിങ്ങളെന്തൊക്കെയാണീ പറയുന്നത്? നമ്മള്‍ ആരാണ്? വലിയൊരു പ്രവാചകന്റെ പൗത്രന്മാര്‍. ഉപ്പയും പ്രവാചകന്‍. വല്യുപ്പാപ്പ ഇബ്‌റാഹീമും പേരുകേട്ട പ്രവാചകന്‍. സിറിയയിലെ ഹലബിലും ആഫ്രിക്കയിലെ ഈജിപ്തിലും കാടുകളും മേടുകളും താണ്ടി ദൈവിക പ്രബോധനം നടത്തി ഹിജാസിലെത്തി, ഭാര്യയെയും ഒരു മകനെയും ദൈവഭവന പരിപാലനത്തിന് സമര്‍പ്പിച്ച മഹാന്‍. നമ്മുടെ സാറാ ഉമ്മാമയും വലിയ ഭക്തയായിരുന്നു. അവരുടെയെല്ലാം പരിശുദ്ധ രക്തത്തില്‍ പിറന്നവരാണ് നമ്മള്‍. സഹോദരങ്ങളേ, നാമിത്രയും കടുപ്പം ചെയ്യാമോ...?

ഹോ... ഒരു സത്യവാന്‍ വന്നിരിക്കുന്നു. നമ്മുടെ ഉപ്പാടെ സ്‌നേഹം നമുക്ക് തിരിച്ചുകിട്ടി കഴിയുമ്പോള്‍ നമുക്ക് പശ്ചാത്തപിച്ച് മടങ്ങി നല്ലവരാകാം. അത് മാറ്റമില്ലാത്ത തീരുമാനമാണ്. ശക്തരായ സംഘമാണ് നാം. ഈ അപമാനം ഇനി വച്ചുപൊറുപ്പിക്കാനാവില്ല. നാലാമന്‍ ശക്തമായി തിരിച്ചടിച്ചു.

വാപ്പാ, അവിടുന്ന് എന്താണ് യൂസുഫിനെ ഞങ്ങളോടൊപ്പം ആടുമേയ്ക്കാന്‍ വിടാത്തത്? അവന്റെ പ്രായത്തില്‍ ഞങ്ങള്‍ ഇടയജോലി ചെയ്തുതുടങ്ങിയതല്ലേ? അവനും വേണ്ടേ ഒറ്റക്കൊക്കെ ജീവിക്കല്‍. നാളെ ഞങ്ങളോടൊപ്പം അവനെയും വിടുക. കാടും മേടും പുഴകളും ആകാശത്തിന്റെ അനന്ത ചക്രവാളങ്ങളും കണ്ട് അവനും പുളകിതനാകട്ടെ. ഞങ്ങള്‍ കുറേ ദിവസമായി കളിക്കുമ്പോഴൊക്കെ അവനും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നാശിക്കുന്നു. നാലാമന്‍ നല്ല ഭംഗിയിലും കൗശലത്തിലും കാര്യം അവതരിപ്പിച്ചു. യാക്കൂബിന്റെ ഉള്ളൊന്ന് കാളി. ഇവരുടെ ഈ സംസാരം അത്ര ശുദ്ധമല്ല. അവര്‍ ഇവിടെ വച്ച് യൂസുഫിനോട് പെരുമാറുന്നത് താന്‍ കാണാറുള്ളതല്ലേ? ഇന്നുവരെ സ്‌നേഹത്തില്‍ ഒരു വാക്കുപോലും ഇവര്‍ എന്റെ പൊന്നുമോനോട് സംസാരിച്ചിട്ടില്ല. എങ്കിലും യാക്കൂബ് തികട്ടിവന്ന ആശങ്ക ഉള്ളിലൊതുക്കി വിഷയം മറ്റൊരു വഴിക്ക് തിരിച്ചുവിട്ടു. മക്കളേ, കന്‍ആനിലെ താഴ്‌വാരങ്ങള്‍ ചെന്നായക്കൂട്ടത്തിന് പ്രസിദ്ധമാണ്. നിങ്ങളുടെ ശ്രദ്ധയെങ്ങാന്‍ തെറ്റി, യൂസുഫ് ചെന്നായയുടെ പിടുത്തത്തില്‍പ്പെട്ടാല്‍... ഉപ്പാക്കത് ഓര്‍ക്കാന്‍ പോലും വയ്യ. അവനിപ്പോള്‍ ഒന്‍പത് വയസ്സല്ലേ ആയിട്ടുള്ളൂ. ഒരു രണ്ടുമൂന്നു കൊല്ലം കഴിയട്ടെ. അപ്പോള്‍ കൊണ്ടുപോയാല്‍ പോരേ? നാലാമന്‍ കത്തിക്കയറി, അവരുടെ ലക്ഷ്യത്തിലേക്കുതന്നെ വിഷയത്തെ നീക്കുകയാണ്. അയ്യേ, ഉപ്പ എന്താണീ പറയുന്നത്? 10 പേരടങ്ങുന്ന അവന്റെ ഇക്കാക്കമാരുള്ളപ്പോള്‍ ചെന്നായ പിടിക്കുകയോ? ചെന്നായ ഞങ്ങളെ തൊട്ടിട്ടല്ലാതെ യൂസുഫിനെ തൊടില്ല. എന്തായാലും നാളത്തെ യാത്രയില്‍ യൂസുഫിനെയും ഞങ്ങള്‍ കൊണ്ടുപോകും. മക്കളുടെ വാചകക്കസറത്തില്‍ സാധുവായ ആ പിതാവിന് വഴങ്ങാതിരിക്കാനായില്ല.

പിറ്റേന്ന്, ഉപ്പാനെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത് യൂസുഫ് യാത്രയായി. സംഘം മുന്നോട്ടു നീങ്ങി. യാക്കൂബിന്റെ ഉള്ളില്‍ ഹൃദയം നുറുങ്ങുന്ന വേദന. തന്റെ കുഞ്ഞിനെ ഒന്നുകൂടി ചെന്ന് ചുംബിച്ചു. ചെവിയില്‍ പറഞ്ഞു: മോനേ, സൂക്ഷിച്ച് പോകണംട്ടൊ. സംഘം നീങ്ങിയപ്പോള്‍ യാക്കൂബ് മനം നൊത് പ്രാര്‍ഥിച്ചു. നാഥാ! ഞാനെന്റെ കുഞ്ഞിനെ നിന്നെ ഏല്‍പ്പിക്കുന്നു. നീ കാത്തുകൊള്ളണം അവനെ. എന്റെ കരളിന്റെ കഷണത്തെയാണ് ഞാനീ യാത്രയാക്കിയത്. അല്ലാഹുവേ, കാരുണ്യവാനേ, എന്റെ കുഞ്ഞിന് ഒന്നും സംഭവിക്കരുതേ.

യാക്കൂബിന് മനസ്സില്‍ ഒരുതരം വിഷമം വന്ന് നിറയാന്‍ തുടങ്ങി. വൈകുന്നേരമായതോടെ പുതിയ അനുഭവവുമായി വരുന്ന യൂസുഫിന്റെ വരവും പ്രതീക്ഷിച്ച് വീടിന്റെ മുറ്റത്ത് യാക്കൂബ് ഉലാത്തിക്കൊണ്ടിരുന്നു.

ഹോ! സമാധാനമായി. അവര്‍ വരുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ആടുകളുടെ വരവിന്റെ പ്രത്യേക താളം യാക്കൂബിന് ആശ്വാസം നല്‍കി. എന്തെങ്കിലുമാവട്ടെ, അവരിങ്ങെത്തിയല്ലോ. താനകത്തേക്ക് കയറട്ടെ.

സംഘം വന്നു. യൂസുഫ് എവിടെ മക്കളേ, എന്ത് പറ്റി, യൂസുഫ് എന്ത്യേ?

ഉപ്പാ, ഞങ്ങള്‍ ആടുകളെയും കൊണ്ട് മുന്നേറിയപ്പോള്‍ യൂസുഫിനെ ഞങ്ങള്‍ ഒരു സ്ഥലത്തിരുത്തി. താങ്കള്‍ ഉത്കണ്ഠപ്പെട്ടപോലെ ചെന്നായ്ക്കൂട്ടം... അവനെ ആക്രമിച്ചു. കണ്ടില്ലേ, അവന്റെ കുപ്പായം. പകച്ചുനില്‍ക്കുന്ന യാക്കൂബിന്റെ നേരെ യൂസുഫിന്റെ കുപ്പായം അവര്‍ തെളാവായി നീട്ടി. യാക്കൂബിന്റെ ഉള്ളകം പെട്ടെന്നല്പം തണുത്തു. തന്റെ കുഞ്ഞിന്റെ കീറാത്ത കുപ്പായത്തില്‍ പുരണ്ടിരിക്കുന്ന രക്തം മറ്റേതോ മൃഗത്തിന്റേതാണെന്ന് ആ വന്ദ്യവയോധികന് മനസ്സിലായി. സ്വയം പറഞ്ഞു: എന്തോ തിരിമറി നടന്നിട്ടുണ്ടെന്നുറപ്പ്. പക്ഷേ, താനിവിടെ ക്ഷമിക്കാതെ നിവൃത്തിയില്ല. അവരോടായി പറഞ്ഞു: സുന്ദരമായി ഉപ്പ ക്ഷമിക്കുകയാണ് കേട്ടോ. നിങ്ങള്‍ പറയുന്ന കാര്യത്തില്‍ അല്ലാഹു മാത്രമേയുള്ളൂ സഹായി.

സഹോദരന്മാര്‍ ഓരോരുത്തരായി പിതാവിന്റെ അടുത്തുനിന്ന് പിരിഞ്ഞുപോയി. അവര്‍ക്കിടയില്‍ അര്‍ഥഗര്‍ഭമായ മൗനം തളംകെട്ടി നിന്നു. തങ്ങളടെ നുണപ്പരിപാടി ഉപ്പാക്ക് മനസ്സിലായിരിക്കുന്നു. അവര്‍ ജാള്യതയോടെ അവരുടെ കിടപ്പുമുറികളിലേക്ക് പോയി.

Wednesday, August 7, 2013

ഗുല്‍മര്‍ഗിലെ കുതിരസവാരിയും ബോട്ട് യാത്രയും

നമുക്ക് ഗുല്‍മര്‍ഗില്‍ പോകേണ്ടേ? സ്വപ്‌നഭൂമി. ശ്രീനഗറില്‍നിന്ന് 45 കിലോമീറ്ററേയുള്ളൂ ഗുല്‍മര്‍ഗിലേക്ക്. ഏഴു മണിക്കുതന്നെ പുറപ്പെട്ടു. വഴിയില്‍ ഇറങ്ങി ഒരു ചായ കുടിച്ചു. അതിനടുത്ത് വലിയൊരു ബില്‍ഡിങ്. തണുപ്പിന് നല്ല ശക്തിയുണ്ട് ഇന്ന്. കുറച്ചു കഴിഞ്ഞപ്പോള്‍ സുന്ദരമായ സമതലങ്ങളും കൃഷിയിടങ്ങളും. ഇടയില്‍ ബൂട്ടും കുപ്പായവും വാടകയ്ക്ക് കൊടുക്കുന്ന സ്ഥലമെത്തി. വാടക 300 വീതം. ഏതായാലും കാര്യം നടക്കണ്ടേ. തണുപ്പില്‍ മരവിച്ചുപോകാതിരിക്കാന്‍ ബൂട്ട് അത്യാവശ്യം. നമ്മളാണെങ്കില്‍ ഉഷ്ണരാജ്യക്കാര്‍. തണുപ്പ് തീരെ പറ്റാത്തവര്‍.ഗുല്‍മര്‍ഗിലേക്ക് ഏതാണ്ട് 10 കിലോമീറ്റര്‍ കയറ്റമാണ്. വഴിയില്‍ ഒരാട്ടിടയന്‍ - ഗുജ്ജൂര്‍. സന്ദീപ് വണ്ടി നിറുത്തി. ഞാന്‍ അയാളുമായി സംസാരിക്കാന്‍ തന്നെ തീരുമാനിച്ചു. പേര് ഷബീര്‍ അഹ്മദ്. 28 വയസ്സ്. മലഞ്ചെരുവില്‍ കൊച്ചു ടെന്റില്‍ കുടുംബം. കുതിരകളെ മേയാന്‍ വിട്ട് ഷബീര്‍ തണുപ്പില്‍ നില്‍ക്കുകയാണ്. ഞാന്‍ വിശേഷങ്ങളൊക്കെ ചോദിച്ചു. കുടിലില്‍നിന്ന് തീ കാണുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുകയാണോന്ന് ചോദിച്ചപ്പോള്‍, ഭക്ഷണം ഇന്നലെ രാത്രി ഉണ്ടാക്കിയിട്ടുണ്ട്. തണുപ്പു മാറ്റാന്‍ തീ കായുകയാണത്രെ സ്ത്രീകളും കുട്ടികളും. ജമ്മുവില്‍നിന്ന് വരികയാണ്. ഒരു ഗുജ്ജാറുമായി സംസാരിക്കണമെന്ന ആഗ്രഹം നിറവേറി. അല്‍ഹംദുലില്ലാഹ്. അവന്റെ ടെന്റിലേക്ക് പോകാന്‍ കഴിഞ്ഞില്ല. അരമണിക്കൂറെങ്കിലും എടുക്കും ടെന്റില്‍ പോയി തിരിച്ചുവരാന്‍. അവരുടെ ജീവിതം കുറച്ചുകൂടി അടുത്തറിയണമെന്നുണ്ടായിരുന്നു. പക്ഷേ, സമയവും സൗകര്യവും ഇല്ല. ഞങ്ങള്‍ കേരളക്കാരാണെന്നൊക്കെ പരിചയപ്പെടുത്തി. ശരി എന്ന അര്‍ഥത്തില്‍ തലയാട്ടി. അവനെന്ത് കേരളം? അവന് അത് മനസ്സിലായി എന്നുപോലും തോന്നുന്നില്ല. കുതിരകളും ആടുകളും പുല്‍മേടുകളും നിറഞ്ഞ ജീവിതത്തില്‍ അവനെന്ത് കേരളം?


ഗുല്‍മര്‍ഗിലേക്കുള്ള കയറ്റം അതീവഹൃദ്യമായിരുന്നു. താഴ്‌വാരങ്ങള്‍ മുഴുവന്‍ സൂചിയിലക്കാടുകളാല്‍ സമൃദ്ധം! നദികളും ചോലകളും കാടുകളിലൂടെ ഒഴുകുന്നത് മുകളില്‍നിന്ന് കാണാന്‍ അപാര സൗന്ദര്യം. ഇടയ്ക്കിടയ്ക്ക് വ്യൂപോയിന്റുകളില്‍ വണ്ടി നിറുത്തി. താഴ്‌വാരങ്ങളെയും ശ്രീനഗര്‍ വരെയും കാണാന്‍ കഴിഞ്ഞു. അവിടെ നിന്ന് നോക്കിയാല്‍ ദാല്‍തടാകം വളരെ നേരിയ രൂപത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. എല്ലാ പോയിന്റുകളിലും വണ്ടി നിറുത്തി ഫോട്ടോ എടുത്തു. അതിന്റെ മുകളിലൊക്കെ പട്ടാളക്കാര്‍ ഒന്നോ രണ്ടോ പേര്‍ ചെറിയ ഷെഡുകളില്‍ തോക്കും പിടിച്ച് നില്‍ക്കുന്നുണ്ട്. പ്രകൃതിഭംഗി നിറഞ്ഞ താഴ്‌വാരങ്ങളും മലകളും കയറി, ഗുല്‍മര്‍ഗ് ടൗണിലെത്തി. ടൗണ്‍ മുഴുവന്‍ വിശാലമായ പച്ച കാര്‍പ്പറ്റ് വിരിച്ചപോലത്തെ പ്രകൃതി. ഹോ... തമ്പുരാനേ, നിന്റെ ഭൂമിയുടെ സൗന്ദര്യം! കാറില്‍നിന്നിറങ്ങിയപ്പോള്‍ നല്ല തണുപ്പും നേരിയ മഴയും; അതോ മഞ്ഞുപെയ്യലോ? തലേദിവസത്തെ സോനാമാര്‍ഗിനേക്കാള്‍ അല്പം വ്യത്യസ്തമായ ഭൂഭാഗം. അതീവസുന്ദരം എന്ന് പറയാതെ വയ്യ. കിടുങ്ങുന്ന തണുപ്പുണ്ട്.


ഒരു കാരണവര്‍ കുതിരസവാരിക്ക് വേണ്ടി നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് കുതിരപ്പുറത്ത് കയറാന്‍ പേടിയാണെന്ന് പറഞ്ഞപ്പോള്‍ ഉടന്‍ കാരണവരുടെ ചോദ്യം. 'അപ്പോള്‍ ഞങ്ങള്‍ക്ക് നിങ്ങള്‍ ഒന്നും തരില്ല അല്ലേ?' എന്ന്. എന്തായാലും തണുപ്പില്‍നിന്ന് രക്ഷകിട്ടാനും ചായ കുടിക്കാനുമായി ഒരു ചെറിയ ചായപ്പീടികയില്‍ കയറി. ഉപ്പാപ്പ വിടുന്ന മട്ടില്ല. വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയാണ്. അവസാനം, സവാരിക്ക് കുതിര ഒന്നിന് 300 രൂപയും പേടി ഉള്ളതിനാല്‍ ഒരാള്‍ കൂടെ വരുന്നതിന് വേറെ 300 രൂപയും കൂടി സവാരി ഉറപ്പിച്ചു. ഞാന്‍ ഏറെ പ്രയാസപ്പെട്ടാണെങ്കിലും കുതിരപ്പുറത്ത് കയറി. എല്ലാവരും കൂടി എന്നെ കയറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ. വയസ്സുകാലത്ത് കശ്മീരില്‍ പോയി കുതിരപ്പുറത്തുനിന്ന് വീണ് വല്ല എടങ്ങേറും ആകാതിരുന്നാല്‍ മതി എന്നായിരുന്നു ഉള്ളില്‍.


പക്ഷേ, കയറിയപ്പോഴല്ലേ അതിന്റെ ത്രില്‍ അറിയുന്നത്. അമ്പെയ്ത്തും കുതിരസവാരിയും നീന്തലും എല്ലാവരും പഠിക്കണമെന്ന് റസൂല്‍ (സ) നിര്‍ദേശിച്ചത് വെറുതെയായിരുന്നില്ല. ഇന്നും പരിസ്ഥിതി മലിനമാക്കാത്ത ഒരു സഞ്ചാരമാധ്യമമാണല്ലോ കുതിരയും കഴുതയുമൊക്കെ. ഞങ്ങളുടെ യാത്ര തുടങ്ങി. ബഷീറും സുഹൂര്‍ അഹമ്മദും ആണ് കുതിരക്കാര്‍. എനിക്കവരോട് പാവം തോന്നി. ഈ കൊടും തണുപ്പത്ത് കാല്‍നടയായി ഒരുമണിക്കൂര്‍ അവര്‍. 300 കൂടുതലല്ലാന്ന് തോന്നി. കുതിരയ്ക്ക് വിലയുണ്ട്. അതിന് തീറ്റ കൊടുക്കണം. അവരുടേത് വളരെ നല്ലൊരു അധ്വാനമായി തോന്നി. വഴിയില്‍ ധാരാളം സ്ഥലങ്ങള്‍ അവര്‍ കാട്ടിത്‌നന്നു. ഞങ്ങളുടെ ഫോട്ടോകളും എടുത്തുതന്നു. ഗോള്‍ഡന്‍ മെമ്മറി അല്ലേ? ആദ്യമായി കുതിരപ്പുറത്തുള്ള സവാരി. അതും സുന്ദരമായ ഭൂമിയിലൂടെ. 


ബഷീറും സുഹൂറുമായി വളരെ വേഗം ഞങ്ങള്‍ സൗഹൃദത്തിലായി. അവരുടെ വിശേഷങ്ങളും ഞങ്ങളുമായി പങ്കുവച്ചു. ഇവിടത്തന്നെ കുറേ ദൂരെയാണ് വീട് എന്നും ഭാര്യയും മക്കളുമൊക്കെ ഉണ്ടെന്നും പറഞ്ഞു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട്. ഞാന്‍ എഴുതാറുണ്ട് എന്ന് പറഞ്ഞപ്പോള്‍, എഴുത്തില്‍ അവരുടെ പേര് മറക്കാതെ വയ്ക്കണമെന്നൊക്കെ പറഞ്ഞു. ഞാനവരുടെ പേര് മറക്കാതെ വയ്ക്കണമെന്നും പറഞ്ഞു. ഞാനവരുടെ പേര് മറക്കാതിരിക്കാന്‍ പലതവണ മനസ്സില്‍ ആവര്‍ത്തിച്ചു. അവരറിയുന്നില്ലെങ്കിലും അവരോട് പറഞ്ഞ വാക്ക് പാലിക്കുന്നു. ബി.എസ്.എന്‍.എല്‍ ഓഫീസ്, ഷെയ്ക്ക് അബ്ദുല്ലാടെ മകന്റെ വീട്, താഴ്‌വാരത്തില്‍ ദൂരെ പീര്‍ ഔലിയാടെ പള്ളി തുടങ്ങി പലതും അവര്‍ കാട്ടിത്തരികയും ഫോട്ടോ എടുക്കാന്‍ സൗകര്യം ചെയ്തുതരികയും ചെയ്തു. അപ്പോള്‍ എനിക്ക് ഒരു കശ്മീരി പാട്ട് കേള്‍ക്കാന്‍ ഒരാഗ്രഹം. കുതിരക്കാരോടാവശ്യപ്പെട്ടപ്പോള്‍ വേഗം അവരുടെ മൊബൈലില്‍നിന്ന് പാട്ട് വച്ചുതന്നെു. അവര്‍ സ്വന്തം പാടാന്‍ വേണ്ടിയാണ് ഞാനാവശ്യപ്പെട്ടത്. 


ഇക്ക ആദ്യം കുതിരസവാരി വേണ്ട എന്നു പറഞ്ഞെങ്കിലും യാത്രചെയ്തപ്പോള്‍ സന്തോഷമായി. സുന്ദരമായ ഗുല്‍മര്‍ഗ് കുതിരപ്പുറത്തിരുന്ന് യാത്രചെയ്ത് കണ്ടത് നല്ലൊരു അനുഭവമായി. കുതിരകളുടെ പേര് ബിജ്‌ലി എന്നും പിങ്കി എന്നും. എനിക്കവറ്റകളോട് പാവം തോന്നി. അവസാനം 100 രൂപ ബിജ്‌ലിക്കും പിങ്കിക്കും ഇഷ്ടപ്പെട്ട ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ വേണ്ടി തികച്ച് 1000 രൂപ കൊടുത്തു. മിണ്ടാപ്രാണികളുടെ പുറത്ത് കയറി നമ്മള്‍ സവാരി ചെയ്തപ്പോള്‍ അവയോട് നാം വല്ല കുറ്റവുമാണോ ചെയ്യുന്നത് എന്നൊരു തോന്നല്‍. എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ പടച്ചവന്‍ പൊറുക്കട്ടെ. ആമീന്‍.


അതിനിടയില്‍ നല്ല മഴ തുടങ്ങി. വലിയൊരു മഴ ആകാതെ നേരിയ ചാറ്റല്‍ മഴയായി മാറി. ഒരുമണിക്കൂര്‍ അങ്ങനെ ഒരു യാത്ര ചെയ്തത് വലിയ സന്തോഷം നല്‍കി. ബഷീറിന്റെയും സുഹൂര്‍ അഹ്മദിന്റെയും സൗഹൃദവും പാട്ടും വിവരണങ്ങളും കേട്ടും അറിഞ്ഞും മനസ്സ് നിറഞ്ഞു. ഇനി ഇതിന്മേല്‍ നിന്നിറങ്ങണ്ടേ? ഉള്ളില്‍ അസ്വസ്ഥത തോന്നി. പറ്റിയ ഒരു സ്ഥലത്ത് നിറുത്തി വലിയ പ്രയാസമില്ലാതെ ഇറങ്ങി. അല്‍ഹംദുലില്ലാ. ഇനി ഏത് കുതിരപ്പുറത്തും കയറാമെന്ന ഒരു ധൈര്യം മനസ്സിന് കിട്ടി.


മടങ്ങി എത്തിയപ്പോള്‍ നൂറുകണക്കിന് കുതിരകള്‍ യാത്രക്കായി ഒരുങ്ങിനില്‍ക്കുന്നു. ഇഷ്ടംപോലെ സഞ്ചാരികള്‍ കുതിരപ്പുറത്ത് യാത്രചെയ്യുന്നു. അവിടെ വേറെ മോട്ടോര്‍ വാഹനങ്ങളൊന്നും കണ്ടില്ല. ഗണ്ടോല എന്ന റോപ്പ്‌വേയില്‍ ആളെ കയറ്റുന്നുണ്ടായിരുന്നില്ല. അതിനാല്‍ ആ വഴി പോയില്ല. കുറച്ചുനേരം അവിടെയൊക്കെ കറങ്ങി വണ്ടിയില്‍ കയറി. തിരിച്ചു വരുമ്പോള്‍ ഒരു ആപ്പിള്‍ത്തോട്ടത്തില്‍ കയറി. ആപ്പിളുകള്‍ വിരിഞ്ഞ് ഒരു നാരങ്ങാവലിപ്പം വച്ചിട്ടുണ്ട്. 75 കൊല്ലമൊക്കെ ആപ്പിള്‍മരം ജീവിക്കുമത്രെ! ഒട്ടുമാവുകളെ ഓര്‍മിപ്പിക്കുന്ന രൂപം. സീസണല്ലാത്തതിനാല്‍ എവിടെയും ആപ്പിള്‍ കണ്ടില്ല. 


സുന്ദരമായ ഗുല്‍മര്‍ഗ് യാത്രകഴിഞ്ഞ്‌ ഉച്ചയ്ക്ക് രണ്ടുമണിയോടെ ശ്രീനഗറില്‍ തിരിച്ചെത്തി. കശ്മീരി സുഹൃത്തുമായി സംസാരിച്ച് ഹൗസ്‌ബോട്ട് ശരിയാക്കി. താമസിച്ച ഹോട്ടലിന്‍നിന്ന് ഒരു ദിവസം ഒഴിവാക്കി ഹൗസ്‌ബോട്ടിലേക്ക് പോന്നു ഞങ്ങള്‍. സ്വന്തം പ്ലാനിങ്ങായതിനാലും ബജറ്റ് കൂട്ടിനോക്കിയതിനാലും പിറ്റേന്നത്തെ പഹല്‍ഗാം യാത്ര റദ്ദാക്കാമെന്ന് തീരുമാനിച്ചു. രണ്ടു ദിവസം സമൃദ്ധമായി മലനിരകളുടെയും ഐസ്മലകളുടെയും സൗന്ദര്യം ആസ്വദിച്ചതാണല്ലോ.


കുറച്ചധിക സമയം (24 മണിക്കൂര്‍) ദാല്‍തടാകത്തിലും ബോട്ടിലും കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. ചില്ലറ ഷോപ്പിങ്ങും നഗരം കാണലും എല്ലാമായി കഴിക്കാമെന്ന് തീരുമാനിച്ച് മൂന്നു ദിവസത്തെ വണ്ടിക്കാശും കൊടുത്ത് സന്ദീപിനോട് ഞങ്ങള്‍ യാത്രപറഞ്ഞ് പിരിഞ്ഞു. 30ന് രാത്രിയിലെ ട്രെയിന്‍ ടിക്കറ്റ് ജമ്മുവില്‍നിന്ന് നേരെ ഷൊര്‍ണൂര്‍ക്കുള്ളത് ഭാഗ്യത്തിന് ശരിയായിട്ടുണ്ട്. അതിനാല്‍ ശ്രീനഗറില്‍നിന്ന് 30ന് കാലത്ത് ജമ്മുവിലേക്ക് പുറപ്പെടണം. കാശ്മീരിസുഹൃത്ത് 500 രൂപയ്ക്ക് വണ്ടിക്കാരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ടാക്‌സിസ്റ്റാന്റില്‍ ചെന്നാല്‍ 500 രൂപയ്ക്ക് നമ്മെ കൊണ്ടുപോകും എന്ന് പറഞ്ഞു.


29ന് ഉച്ചകഴിഞ്ഞ് ശ്രീനഗറൊക്കെ ഒന്ന് കാണാന്‍ ഞങ്ങള്‍ പുറത്തിറങ്ങി. തന്തൂരിയും ദാലും മാത്രം കഴിച്ചിരുന്നുള്ളൂ, അധിക ദിവസവും. നല്ലൊരു ഹോട്ടലില്‍ കയറി; ഭയങ്കര പറ്റിക്കല്‍. വേവാത്ത ഭക്ഷണത്തിന് രണ്ടുപേര്‍ക്ക് 500 രൂപ. ഇങ്ങനെ ചില നഷ്ടക്കണക്കുകള്‍ ഓര്‍മയിലേക്ക് വരികയാണിപ്പോഴും. ഞാനിതൊക്കെ വിശദമായി എഴുതുന്നത് പോകുന്നവര്‍ക്ക് ചില വിവരങ്ങള്‍ ഉപകാരപ്പെട്ടേക്കാം എന്ന് വിചാരിച്ചാണ്. നമുക്കെത്രയും ചെലവാക്കാം. പക്ഷേ, പറ്റിക്കപ്പെടുന്നത് നമ്മളാരും ഇഷ്ടപ്പെടില്ലല്ലോ.


ഹൗസ്‌ബോട്ടുടമ സുല്‍ത്താന്‍ മുഹമ്മദും കുടുംബവും ബോട്ടിന്റെ പിറകിലെ രണ്ട് റൂമുകളിലാണ് താമസം. കുട്ടികളെ സ്‌കൂളില്‍ വിടുന്നുണ്ട് അവര്‍. മൂന്ന് മക്കള്‍. ഗവണ്മെന്റ് സ്‌കൂളുകളില്‍ പഠിപ്പ് ശരിയല്ലാത്തതിനാല്‍ 1100 രൂപ കുട്ടി ഒന്നിന് ചെലവാക്കിയാണ് അവര്‍ കുട്ടികളെ നല്ല സ്‌കൂളില്‍ പഠിപ്പിക്കുന്നത്. ഞാനവരുടെ റൂമില്‍ പോയി ജീവിതവും വിശേഷങ്ങളും എല്ലാം അറിഞ്ഞു. കാര്‍പ്പെറ്റ് വിരിച്ച മുറിയില്‍ കട്ടിലൊന്നുമില്ല. ഹീറ്ററിലും ഗ്യാസിലും ആണ് അവര്‍ ഭക്ഷണം പാകം ചെയ്യുന്നത്. രണ്ട് മുറിയില്‍ ഒന്നില്‍ അടുക്കളയാണ്. ബാത്‌റൂം അറ്റാച്ച്ഡ് ഉണ്ട്. ഹൗസ്‌ബോട്ടും മുഴുവന്‍ സ്ഥലവും നല്ല കാര്‍പ്പെറ്റ് വിരിച്ചതാണ്. ഒന്നുരണ്ട് കാര്‍പ്പെറ്റുണ്ടെന്ന് തോന്നുന്നു. എന്നിട്ടും രാത്രിയൊക്കെ ഭയങ്കര തണുപ്പാണ് ബോട്ടില്‍. 


ബോട്ടില്‍ താമസിച്ച പകലും രാത്രിയും വല്ലാത്ത ഒരു സന്തോഷമായിരുന്നു. നഷ്ടപ്പെട്ട ഏതോ ചില ഓര്‍മകള്‍ പറന്നുവന്നപോലെ. ഞാന്‍ എട്ടു വയസ്സുവരെ ജീവിച്ചത് കനോലിക്കനാലിന് തൊട്ടായിരുന്നു. തടാകത്തിലെ താമസത്തിന് അവിടത്തെ വെള്ളപ്പൊക്ക കാലത്തിന്റെ ചില ഓര്‍മകള്‍. ചക്കപ്പന്റെ വഞ്ചി (ഓടം) ഞങ്ങളുടെ വീടിന്റെ ജനലയില്‍ കെട്ടിയിടുന്നതു മുതല്‍ ഒരുപാട് ഓര്‍മകള്‍. മാളുവിനും ചക്കപ്പനും മക്കളുണ്ടായിരുന്നില്ല. എന്നെ അവര്‍ സ്വന്തം കുട്ടിയെപ്പോലെയാണ് നോക്കിയിരുന്നത്. ഉപ്പാപ്പാടെ കുടിയാന്മാരായിരുന്നു അവര്‍. ഞാനവരെ അപ്പന്‍ എന്നും ഇങ്ങ എന്നുമാണ് ചെറുപ്പത്തില്‍ വിളിച്ചിരുന്നത്. 


അതിഭയങ്കര അയിത്തം നിലനിന്നിരുന്ന കാലത്ത് എന്റെ ഉമ്മാടെ സ്വഭാവം കൊണ്ടാകാം വേട്ടുസമുദായത്തിലെ അവരോട് ഞങ്ങളുടെ വീടിന് ഇത്രയധികം ചങ്ങാത്തം ഉണ്ടായിരുന്നത്. അവരുടെ വേല (പൂരം) കൊടികൊട്ടി ആദ്യം വരിക ഞങ്ങളുടെ വീട്ടിലേക്കായിരുന്നു. നമ്മുടെ വക ഒരു തുണിയും അരിയും കൊടുത്തിരുന്നത് എന്റെ കുട്ടിക്കാല ഓര്‍മയിലുണ്ട്. ഈ വക ധാരാളം ഓര്‍മകള്‍ കൊണ്ടാകാം ഹൗസ്‌ബോട്ടിനോടും പരിസരത്തോടും വല്ലാത്തൊരടുപ്പം തോന്നിയത്. പോരാന്‍ തോന്നാത്തത്ര അടുപ്പം! പോരാതെ പറ്റില്ലല്ലോ. യാതൊരു ശല്യവുമില്ലാതെ ആ വലിയ ബോട്ടില്‍ ഞങ്ങള്‍ രണ്ടുപേരും മാത്രം. ഞാന്‍ കോലായില്‍ ചിന്തിച്ചും മറ്റും കുറേ സമയം കഴിച്ചുകൂട്ടി. ഇക്ക നമസ്‌കാരവും ഖുര്‍ആന്‍ ഓത്തുമായി കൂടി. 

എന്തായിരുന്നാലും കശ്മീര്‍യാത്രാനുഭവങ്ങള്‍ ഒന്നും വിട്ടുപോകാതെ എന്റെ പ്രിയവായനക്കാരുമായി പങ്കിട്ടിട്ടുണ്ട്. ഇനി അല്പം കൂടിയുണ്ട്; തിരിച്ചുള്ള ജമ്മുയാത്ര. രണ്ടുതവണ കണ്ടതിനാല്‍ എല്ലാം ശരിക്ക് മനസ്സില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ടണലിനു മുമ്പായി ഒരു മണിക്കൂര്‍ ഒരു 'ജാം' കിട്ടി. പോയതിലും അധികം സമയം എടുത്തു വരുമ്പോള്‍. 286 കിലോമീറ്റര്‍ കയറ്റവും ഇറക്കവും സമതലവും ആണ്. എട്ടുമണിക്ക് ജമ്മുവിലെത്തി. 10 മണിക്ക് പുറപ്പെട്ടതാണ് ശ്രീനഗറില്‍നിന്ന്. ജമ്മുവില്‍നിന്ന് 4 മണിക്കൂര്‍ കഴിച്ചുകൂട്ടിയാല്‍ ട്രെയിനിന്റെ സമയമായി. അതിനാല്‍, വിരിവിരിച്ച് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ത്തന്നെ കഴിച്ചുകൂട്ടി. അവിടെ കിടന്നല്പം ഉറങ്ങി.

വിചാരിച്ചതിലും പ്രയാസമില്ലാതെ കശ്മീര്‍യാത്ര പര്യവസാനിച്ചു. അല്ലാഹുവിന് സ്തുതി. ജമ്മു-ഷൊര്‍ണൂര്‍ 60 മണിക്കൂറാണ് യാത്രാസമയം. 11ലധികം സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് 4-ാം ദിവസം ഷൊര്‍ണൂരെത്തി. പാലക്കാട് കഴിഞ്ഞപ്പോള്‍ മഴ. അല്‍ഹംദുലില്ലാഹ്. ഇന്ത്യയുടെ വടക്കേ അറ്റം പോവുക എന്ന വലിയൊരാഗ്രഹം നിറവേറി. സര്‍വശക്തനായ അല്ലാഹുവിനെ കോടിക്കണക്കിന് സ്തുതിക്കുന്നു. ഒപ്പം ഹൃദയം നിറഞ്ഞ അപേക്ഷയും; ഇനിയും നാഥാ, നിന്റെ ഭൂമിയുടെ സൗന്ദര്യം ആസ്വദിക്കാനും കാണാത്ത രാജ്യങ്ങള്‍ കാട്ടിത്തരാനും അതു മുഖേന ഞങ്ങളുടെ മനസ്സുകള്‍ പൂത്തുലയാനും. എല്ലാ കാഴ്ചകളെയും അദ്ഭുതങ്ങളെയും നിന്റെ ഗ്രന്ഥവുമായി കൂട്ടിക്കെട്ടാനും നീ ഞങ്ങളെ അനുഗ്രഹിക്കണേ. ഈ ഭൂമിയുടെ ഉടമസ്ഥന്‍ എത്രമാത്രം മഹാന്‍! എനിക്കല്ലാതെ ഒന്നും പറയാനില്ല. സുന്ദരമായി സംവിധാനിച്ച്, അതില്‍ മലകളെ നാട്ടി, കടലുകളെയും പുഴകളെയും ഒഴുക്കി, വ്യത്യസ്ത ഭാഷാനിറങ്ങളില്‍ മനുഷ്യരെ ഒരുക്കിയ നാഥാ... നീ എത്ര മഹാന്‍! പരിശുദ്ധന്‍.

സാധുക്കളായ ഞങ്ങളുടെ കൈക്കുമ്പിളില്‍ എന്നും നിന്റെ ജീവാമൃതം നിറച്ചുതരണേ. ആമീന്‍.

വസ്സലാം, സ്വന്തം ടീച്ചര്‍