Tuesday, November 19, 2013

മൊഴിമുത്തുകള്‍


 1. പ്രശസ്തി ആഗ്രഹിച്ചവന്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ല.
 2. താന്‍ ചെയ്യുന്നത് ജനങ്ങള്‍ അറിയണമെന്ന ആഗ്രഹം ഗോപ്യമായ സ്വാര്‍ഥതയാണ്.
 3. അലി (റ) പറഞ്ഞു: വിജ്ഞാനം പ്രവര്‍ത്തനം കൊണ്ട് സംസാരിക്കും. ഇല്ലെങ്കില്‍ അത് നശിച്ചുപോകും.
 4. ഹസന്‍ (റ) പറഞ്ഞു: അവധിവയ്ക്കലിനെ സൂക്ഷിക്കുക. കാരണം, നീ ഇന്നിലാണ് ജീവിക്കുന്നത്; നാളെയിലല്ല. ഇനി നാളെ ഉണ്ടെങ്കില്‍ ഇന്നത്തെപ്പോലെ സന്തോഷത്തില്‍ കഴിയാം. നാളെ ഇല്ലെങ്കില്‍ നീ എന്തിലെങ്കിലും വീഴ്ചവരുത്തി എന്ന് ഖേദിക്കേണ്ടല്ലോ.
 5. മുഹമ്മദ്ബ്‌നു അബ്ദുല്‍ ബാഖി പറഞ്ഞു: ഞാനെന്റെ ആയുസ്സില്‍നിന്ന് കളിവിനോദങ്ങളില്‍ ഒരു മണിക്കൂര്‍ പോലും പാഴാക്കിക്കളഞ്ഞിട്ടില്ല.
 6. ദഹബി ഇമാം പറഞ്ഞു: കുറേ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതല്ല അറിവ്. മറിച്ച്, അല്ലാഹു ഹൃദയത്തിലേക്കിട്ടുതരുന്ന പ്രകാശമാണ് അറിവ്. അത് പിന്‍പറ്റലാണ് അതിന്റെ നിബന്ധന. അപ്രകാരം, ദേഹേച്ഛയില്‍നിന്നും ബിദ്അത്തുകളില്‍നിന്നും രക്ഷപ്പെടലും.
 7. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: യഥാര്‍ഥ ഗുരു, ജനങ്ങളെ വലിയ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുംമുമ്പ് ചെറിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നവനാണ്.
 8. ജ്ഞാനം എന്നത് സ്രഷ്ടാവ് താനിഷ്ടപ്പെടുന്ന സൃഷ്ടികള്‍ക്ക് നല്‍കുന്ന സര്‍ഗശേഷികളാണ്. ആരും തറവാട് മഹിമകൊണ്ട് അത് നേടിയെടുക്കുകയില്ല. അങ്ങനെയായിരുന്നെങ്കില്‍ നബികുടുംബമായിരുന്നു അര്‍ഹമാകുമായിരുന്നത്.
 9. ശഅബി ഇമാമിനോട് ചോദിക്കപ്പെട്ടു: താങ്കള്‍ക്കെവിടെ നിന്നാണീ അറിവ് മുഴുവന്‍? മറുപടി: പരാശ്രയം ഒഴിവാക്കി, രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം, പാറപോലെ ഉറച്ചുനില്‍ക്കല്‍, കാക്കകള്‍ അതിരാവിലെ പുറപ്പെടും പോലെയുള്ള പുറപ്പെടല്‍.
 10. നുണയന്മാരെ എങ്ങനെ തിരിച്ചറിയും? അഹ്മദ്ബ്‌നു ഹമ്പലിനോട് ശിഷ്യന്മാര്‍ ചോദിച്ചു: 'അവരുടെ വാഗ്ദാനങ്ങള്‍ കൊണ്ട്.'
 11. ഹരിമുബ്‌നു ഹയ്യാന്‍ പറഞ്ഞു: അല്ലാഹുവിന്റെ നേരെ ഏതൊരടിമ ഹൃദയപൂര്‍വം ചെല്ലുന്നുവോ, എങ്കില്‍, അല്ലാഹു വിശ്വാസികളുടെ മൊത്തം സ്‌നേഹം അവന്റെ നേരെ തിരിക്കും.
 12. അബൂസൈദ് പറഞ്ഞു: ഞാന്‍ കരഞ്ഞുകൊണ്ട് എന്റെ മനസ്സിനെ അല്ലാഹുവിലേക്ക് നയിച്ചപ്പോഴൊക്കെ ഞാനതിനെ തിരിച്ചുകൊണ്ടുവന്നത് ചിരിച്ചിട്ടായിരുന്നു.
 13. അല്ലാഹു ഒരടിമയെ അവഗണിക്കുക എന്നാല്‍ അവന്റെ അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതനാവുക എന്നതാണ്.
 14. യഹിയബ്‌നു മുആദ് പറഞ്ഞു: ഹൃദയം ചട്ടികള്‍ പോലെയാണ്. അതിലുള്ള വസ്തുക്കളുമായി അത് തിളച്ചുമറിയുന്നു. എന്നാല്‍, നാവുകള്‍ കരണ്ടികളെപ്പോലെയാണ്. അതിനാല്‍ ഒരു മനുഷ്യന്‍ സംസാരിക്കുമ്പോള്‍ നീ നോക്കുക. അവന്റെ ഹൃദയത്തിലുള്ളതായിരിക്കും അവന്‍ കോരിവിളമ്പുന്നത്. മധുരം, പുളി, രുചികരമായത്, കയ്പ് തുടങ്ങി പലതും വരും. അവന്റെ ഹൃദയത്തിന്റെ രുചി അവന്റെ വിളമ്പലിലൂടെ നിനക്ക് വ്യക്തമാകും.
 15. പുണ്യവാന്മാരുടെ ഹൃദയം സല്‍കര്‍മങ്ങള്‍കൊണ്ട് തിളച്ചുമറിയും; അക്രമികളുടെ ഹൃദയങ്ങള്‍ ദുഷ്ടപ്രവര്‍ത്തനങ്ങള്‍കൊണ്ടും. നിങ്ങളുടെ ചിന്തകളെ മുഴുവന്‍ അല്ലാഹു കാണുന്നുണ്ട്. അതിനാല്‍, ചിന്തകളെ നിങ്ങളും നിരീക്ഷിക്കുക -മാലിക്ബ്‌നു ദീനാര്‍
 16. ഇബ്‌നു അബ്ബാസ് പറഞ്ഞു: ദേഹേച്ഛക്കാരോടൊപ്പം നീ ഇരിക്കരുത്. കാരണം, അത് ഹൃദയങ്ങളെ രോഗാതുരമാക്കും.
 17. അബുല്‍ ജൗസാഅ് പറഞ്ഞു: ദേഹേച്ഛക്കാരില്‍ ഒരാളോടൊപ്പം ഇരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം പന്നികളോടൊപ്പം ഇരിക്കാനാണ്.
 18. ഖുര്‍ആന്‍ ഏതെങ്കിലും വ്യക്തിയെ പ്രശംസിക്കുന്നുണ്ടെങ്കില്‍ അത് അറിവിന്റെ അടിസ്ഥാനത്തിലാണ്. ആക്ഷേപിക്കുന്നുണ്ടെങ്കില്‍ അജ്ഞത മൂലവും ആണ്.

Thursday, November 7, 2013

വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ്

ഈയിടെ വായിച്ച രസകരമായ ഒരു കഥ ഇവിടെ കുറിക്കുകയാണ്. അല്ലാഹുവിന്റെ വിധികളുടെ അലംഘനീയത അഥവാ പ്രാര്‍ഥനയ്ക്ക് എങ്ങനെയൊക്കെ ഉത്തരം കിട്ടുമെന്ന അദ്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാം.

പാകിസ്താനിലെ പ്രശസ്തനായ ഒരു ഡോക്ടറായിരുന്നു ഡോ. ഇഷാന്‍. അദ്ദേഹം ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനായി വിമാനത്താവളത്തിലെത്തി. വിമാനം കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ കാലാവസ്ഥാ തകരാറുമൂലം വിമാനം അടിയന്തിരമായി അടുത്ത എയര്‍പോര്‍ട്ടില്‍ ഇറക്കുകയാണെന്ന അറിയിപ്പുണ്ടായി. വിമാനത്താവളത്തിലിറങ്ങിയ ഡോക്ടര്‍ക്ക് വല്ലാത്ത ദ്വേഷ്യം തോന്നി. അധികൃതരുമായി തട്ടിക്കയറി. ''എനിക്കത്യാവശ്യമായി ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ വിമാന ടിക്കറ്റ് എടുത്തത്. ഞാന്‍ ഡോ. ഇഷാന്‍.'' അധികൃതര്‍ പറഞ്ഞു: ''ഡോക്ടര്‍, എന്ത് ചെയ്യും? താങ്കളുടെ അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, കാലാവസ്ഥ മോശമായാല്‍ പിന്നെ എന്ത് ചെയ്യാന്‍? താങ്കള്‍ക്ക് മൂന്നു മണിക്കൂര്‍ കാറില്‍ യാത്രചെയ്താല്‍ യോഗസ്ഥലത്തെത്താമല്ലോ.'' 

അധികൃതര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഒരു കാര്‍ ഏര്‍പ്പാട് ചെയ്ത് യാത്ര തുടങ്ങി. പക്ഷേ, യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഭയങ്കര കാറ്റും മഴയും കോടയും ഇടിവെട്ടും മിന്നലും അതിശക്തമായിക്കൊണ്ടിരുന്നു. റോഡ് കാണാനേയില്ല. ഡോക്ടര്‍ ഇഷാന്‍ ആകെ പരിഭ്രാന്തനായി. വണ്ടി നിര്‍ത്തി അടുത്ത് കണ്ട ഒരു കൊച്ചുവീട്ടില്‍ കയറി. അവിടെ ഒരു ഉമ്മാമ നമസ്‌കരിക്കുന്നുണ്ട്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉമ്മാമാടെ നിസ്‌കാരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അവരോട് ഫോണ്‍ ആവശ്യപ്പെട്ടു. അവര്‍ അദ്ഭുതത്തോടെ മറുപടി പറഞ്ഞു: ''ഇവിടെ ഫോണോ? കറന്റുപോലുമില്ല ഈ വീട്ടില്‍.'' ഉമ്മാമ തന്റെ കഥ പറയാന്‍ തുടങ്ങി. 

ഡോ. ഇഷാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ ഉമ്മാമാടെ അടുത്ത് ഒരു കട്ടിലില്‍ ഒരു കുട്ടി കിടപ്പുണ്ട്. ഉമ്മാമ കുറച്ച് നമസ്‌കരിക്കും. വീണ്ടും ദുആ ചെയ്യും. ദുആ ചെയ്തുകൊണ്ട്‌
കുട്ടിയെ തലോടും. അപ്പോള്‍ ഡോക്ടര്‍ ഇഷാന്‍ ചോദിച്ചു: ''ഇതാരാണ്?'' ഉമ്മാമ പറയാന്‍ തുടങ്ങി: ''ഇത് എന്റെ പേരക്കുട്ടിയാണ്. അവന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ഇവനെ അഞ്ചു വയസ്സില്‍ പോളിയോ ബാധിച്ചതാണ്. ഒരുപാട് ഡോക്ടര്‍മാരെ കാട്ടി. ഇപ്പോള്‍ ചില ആളുകള്‍ പറയുന്നത്, ഒരു ഡോക്ടര്‍ ഉണ്ട് - ഡോ. ഇഷാന്‍. അദ്ദേഹം ഓപ്പറേഷന്‍ ചെയ്യും എന്ന് കേള്‍ക്കുന്നു. പക്ഷേ, അദ്ദേഹം ഇവിടെ നിന്ന് ഒരുപാട് ദൂരെയാണ്. ഇവനെ അങ്ങോട്ട് കൊണ്ടുപോകാന്‍ എന്നെക്കൊണ്ടൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ഒരു പരിഹാരത്തിനായി ഞാന്‍ സ്ഥിരമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാണ്.''

ഇത് കേട്ട് ഡോ. ഇഷാന്‍ കരയാന്‍ തുടങ്ങി. ഉമ്മാമാ, ഫഌയിറ്റ് യാത്ര മുടക്കിയതും മഴയും ഇടിയും ശക്തമാക്കിയതും നിങ്ങളുടെ അടുത്തേക്ക് എന്നെ എത്തിച്ചതും നിങ്ങളുടെ അതിശക്തമായ ഈ പ്രാര്‍ഥനയായിരുന്നു. അല്ലാഹുവാണെ, ഞാന്‍ ഇതുവരെ കരുതിയിരുന്നത് ആളുകളെ അല്ലാഹു അവരുടെ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണെന്നായിരുന്നു. എന്നാല്‍, ഞാനിപ്പോള്‍ മനസ്സിലാക്കുന്നത് എല്ലാ ആശയും പ്രതീക്ഷയും അസ്തമിക്കുമ്പോള്‍ അല്ലാഹുവില്‍ മാത്രം അഭയം തേടുകയും അവനില്‍ അര്‍പ്പിക്കുകയും ചെയ്യുക. അപ്പോള്‍ അവന്‍ അവശ്യവസ്തുവിന്റെ ആവശ്യക്കാരന്റെ കണ്‍മുന്നിലും കൈപ്പിടിയിലും എത്തിക്കും എന്നാണ്.

സഹോദരന്മാരേ, നമ്മുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങള്‍ സംഭവിക്കാറില്ലേ? നാം ഒരു മടുപ്പും കൂടാതെ ഇനിയും കരഞ്ഞുകരഞ്ഞ് പ്രാര്‍ഥിക്കുക. വ്രണിതബാധിതനായ അയ്യൂബ് (അ) (ഇയ്യോബ്) കരഞ്ഞു പ്രാര്‍ഥിച്ചില്ലേ? അദ്ദേഹത്തിന്റെ കാലിനടിയില്‍നിന്ന് തണുത്ത വെള്ളം കുടിക്കാനും കുളിക്കാനും അല്ലാഹു രോഗശമനമായി ഉറവെടുപ്പിച്ചില്ലേ? എന്നിട്ട് ഭാര്യക്കു പോലും മനസ്സിലാകാത്ത രൂപത്തില്‍ സുന്ദരനും സുമുഖനുമാക്കി മാറ്റി. ഇതേ റബ്ബ് ഇന്നുമുണ്ട്; നമ്മുടെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍. നമ്മുടെ പ്രാര്‍ഥനക്ക് എത്ര ശക്തിയുണ്ടെന്ന് നമുക്കപ്പോള്‍ ബോധ്യപ്പെടും.

വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ് - الدعاء سلاح المؤمن