Thursday, November 29, 2012

എന്റെ റഹീം

10 കൊല്ലം മുമ്പ് ഒരു ദിവസം സബീന ടീച്ചര്‍ എന്നോട് പറഞ്ഞു: ടീച്ചര്‍, എന്റെ ക്ലാസ്സില്‍ ഒരു കുട്ടിയുണ്ട്. ഒന്നും മിണ്ടൂല, ചിരിക്കൂല. ഇര്‍ശാദില്‍ നിന്നുള്ള കുട്ടിയാണ്. ടീച്ചര്‍ ഒന്ന് സംസാരിക്കണം.
 

നമുക്കവനെ റഹീം എന്നു വിളിക്കാം. ആ നാമം അവന് ചേരും. അങ്ങനെ, റഹീമിനെയും വിളിച്ച് ഞാന്‍ നമസ്‌കാര റൂമില്‍ പോയി. സംസാരിച്ചു. സംസാരിപ്പിച്ചു. അവന്‍ എല്ലാം തുറന്നു പറയാന്‍ തുടങ്ങി. തന്നെയും ഇക്കാനെയും ഉമ്മ ഇര്‍ശാദില്‍ കൊണ്ടാക്കി. ഞങ്ങള്‍ ഒരു വെക്കേഷന് വീട്ടില്‍ ചെല്ലുമ്പോള്‍ ഉമ്മ ഇല്ല. ഉമ്മ എവിടെ, എങ്ങനെ പോയി എന്നതിന് ഉത്തരം കിട്ടാന്‍ ഞാനേറെ വിഷമിച്ചു. അവസാനം വ്യക്തമായി, അവന്റെ ഉമ്മ ഒരു ഹിന്ദുവിന്റെ കൂടെ പോയി; മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്.

എട്ടാംക്ലാസ്സുകാരന്റെ മുഖം. അവന്‍ എന്നെ നോക്കുന്നേ ഇല്ല. ഞാനാകെ കുഴങ്ങി. അവസാനത്തെ ചീട്ടെടുത്തു ഞാന്‍. ഉമ്മാക്കുവേണ്ടി മോന്‍ പ്രാര്‍ഥിക്കണം. ഉറച്ച മറുപടി: ഇല്ല. ആ കുഞ്ഞിനെ ശരിയാക്കാന്‍ ഇനി ഒരായുധം മാത്രം ബാക്കി. അതും ഞാന്‍ പുറത്തെടുത്തു. മോന്‍ ടീച്ചറെ ഉമ്മയാക്കിക്കോ. പുഞ്ചിരിച്ചുകൊണ്ട്, അതിലേറെ അഭിമാനത്തോടെ എന്റെയടുത്തുനിന്ന് പോയി. അന്നുമുതല്‍ പലര്‍ക്കും 'ടീച്ചര്‍ടെ റഹീം' ആയി അവന്‍ (നാമം സാങ്കല്പികം). ആരോടവന്‍ ചിരിച്ചില്ലെങ്കിലും എന്നോട് ചിരിക്കും. ശരിക്കും അവന്റേത് ചിരിച്ച മുഖമാണ്. പക്ഷേ, അവന്‍ ഉള്ളില്‍ കുഴിച്ചുമൂടിയ ദുഃഖത്തിന്റെ അലകള്‍ മുഖത്തേക്ക് പടരുന്നതായാണ് നമുക്ക് തോന്നുക. 

എന്റെ മനസ്സിലും അവന്‍ മകനായി മാറിക്കഴിഞ്ഞിരുന്നു. രാവിലത്തെ നാസ്ത ഉണ്ടാക്കുമ്പോഴും മറ്റും റഹീം മനസ്സില്‍ ഒരു നൊമ്പരമുണ്ടാക്കുന്നു. ആരും കാണാതെ ഇടയ്‌ക്കൊക്കെ ഒരു പൊതി അവനുവേണ്ടി കരുതിത്തുടങ്ങി. ആ വിവരം ഇര്‍ശാദിലറിയാന്‍ പാടില്ല. എന്റെ റഹീമിന്റെ ചെരുപ്പ് കേടായി. എനിക്ക് ചെരുപ്പ് വേണം എന്നു പറയാന്‍ മാത്രം അവന്‍ അടുത്തു. അല്‍ഹംദുലില്ലാഹ്. ഇതിനിടയില്‍ ഇര്‍ശാദില്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ നേരിയ അസ്വാരസ്യം. അപ്പവും ഒക്കെ നിര്‍ത്തി. സ്‌നേഹിക്കാന്‍ ആരുടെയും സമ്മതം വേണ്ടല്ലോ. എല്ലാ ക്ലാസ്സിലും ഓരോ കൊല്ലം അവന്‍ തോറ്റിട്ടുണ്ടാകും. നാലഞ്ചു കൊല്ലം കഴിഞ്ഞ് റഹീം പോയി. ഇടയ്ക്ക് വിളിക്കും. 10-ാം ക്ലാസ്സ് കഴിഞ്ഞ് (ജയിച്ചില്ല) നാട്ടില്‍ പോയി. ചില്ലറ ജോലികളില്‍ ഏര്‍പ്പെട്ടു. അന്ന് ചെമ്മല ഉസ്താദായിരുന്നു പ്രധാനാധ്യാപകന്‍. അദ്ദേഹത്തിനും അവനെ ഇഷ്ടമായിരുന്നു. പഠിച്ചിരുന്നില്ലെങ്കിലും കുരുത്തക്കേടില്ലാത്തതിനാല്‍.
 

ഈയടുത്ത ദിവസം എന്റെ റഹീം എന്നെ കാണാന്‍ വന്നു. ഒന്നുരണ്ടു മണിക്കൂര്‍ വിശാലമായി സംസാരിച്ചു. അഞ്ചുകൊല്ലത്തെ എല്ലാ വിശേഷങ്ങളും പൊടിതട്ടിയെടുത്തു. അന്നത്തെ മിണ്ടാപ്പൂച്ച പറയുകയാണ് - ഞാനിവിടെ നിന്ന് സ്ഥലം വിട്ടിട്ട് ആദ്യം ചെയ്ത പണി ഉമ്മാനെ തിരഞ്ഞ് പോകലായിരുന്നു. കുറേ ബുദ്ധിമുട്ടിയതിനുശേഷം ഉമ്മാനെ കണ്ടെത്തി. വലിയ അധ്വാനത്തിനുശേഷം ഉമ്മാനെ തിരിച്ചുകിട്ടി. അയാള്‍ എന്നെ തല്ലാനൊക്കെ വന്നു. പക്ഷേ, ഉമ്മ എന്റെ കൂടെ പോന്നു എന്നൊക്കെ പറഞ്ഞപ്പോള്‍ എന്റെ റഹീം മിടുക്കനായി മാറി. വാടകവീട്ടില്‍, നാഷണല്‍ പെര്‍മിറ്റ് ലോറിഡ്രൈവര്‍ ആണ് ഇന്ന് റഹീം. കല്യാണം കഴിഞ്ഞു. എന്നെ വിളിച്ചിരുന്നു. പക്ഷേ, അസുഖം കാരണം പോകാനായില്ല. കല്യാണശേഷം ആദ്യം കാണുകയാണ് ഞാനവനെ. 20 കിലോമീറ്റര്‍ അപ്പുറത്ത് ഉത്സവത്തിന് ആനയെ കൊണ്ടുവന്നതാണ് റഹീം. 

അവന്റെ സ്വന്തം നാട് പാലക്കാട്ടെ ഏതോ വിദൂര ഗ്രാമം. ഞാന്‍ കണ്ടില്ലെങ്കിലും ആ നാട്, അവന്റെ വീട്, അവന്റെ വാപ്പ ഒക്കെ എന്റെ ഭാവനയില്‍ കണ്ടപോലെ ഉണ്ട്. ആ കൈകള്‍ ഞാന്‍ നിവര്‍ത്തി നോക്കി. വലിയ ലോറിയുടെ സ്റ്റിയറിങ് പിടിച്ച തഴമ്പുകള്‍ എന്റെ ഹൃദയത്തിലെവിടെയോ ഒരു കൊളുത്തിവലി. ഉടന്‍ ഞാന്‍ പ്രവാചകവചനം ഓര്‍ത്തു. അവനോട് പറഞ്ഞുകൊടുത്തു. അല്ലാഹു ഏറെ ഇഷ്ടപ്പെടുന്ന രണ്ടു കൈകളാണിത്. എന്റെ കണ്ഠമിടറിയെങ്കിലും അവന് വലിയൊരു സന്ദേശം ആ ഹദീസിലൂടെ കൈമാറാനായി. ഉമ്മായെ വിളിച്ചു, സംസാരിച്ചു. തിരിച്ചു പോകുമ്പോള്‍ മുകളില്‍നിന്ന് ഞാനൊന്ന് കൈകൊട്ടി വിളിച്ച് കൈവീശിക്കാട്ടി.
എന്റെ മനസ്സ് പ്രാര്‍ഥനാനിര്‍ഭരമായി. അല്ലാഹ്... ഇത്തരം മക്കള്‍ക്ക് നീ എല്ലാ അനുഗ്രഹവും ചെയ്തുകൊടുക്കണേ. ഏത് പരുക്കനെയും സൗമ്യനാക്കാന്‍ സ്‌നേഹത്തിന്റെ തലോടലുകള്‍ക്ക് ശക്തിയുണ്ട് എന്ന സത്യം നാം ഒന്നുകൂടി തിരിച്ചറിയുകയാണിതിലൂടെ.

ഇതുപോലെ അധ്യാപകരുടെ സ്‌നേഹത്തലോടലുകള്‍ കാത്ത് എത്ര റഹീമുമാര്‍ സ്‌കൂളിലും പുറത്തും ഉണ്ടാകും?

Friday, November 23, 2012

ചാര്‍മിനാര്‍ - മുസ്‌ലിംകള്‍ ചെയ്യേണ്ടത്‌

ചാര്‍മിനാര്‍ മുമ്പ്/ഇപ്പോള്‍. Courtesy: The Hindu
ഹൈദരാബാദിലെ, കൃത്യമായി പറഞ്ഞാല്‍ സെക്കന്തരാബാദിലെ ചാര്‍മിനാര്‍ വാര്‍ത്തയാണ് ഈ കുറിപ്പിന്നാധാരം. വാര്‍ത്ത വായിച്ചപ്പോള്‍ ഞാന്‍ തന്നെ എവിടെയോ ഒരു കുറിപ്പില്‍ ഈ വിഷയം സൂചിപ്പിച്ചിരുന്നതോര്‍ത്തു. കാരണം, '99 ലോ മറ്റോ പോയപ്പോള്‍ ഈ കൊച്ച് അമ്പലം എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് നാലു കൊല്ലത്തിനിപ്പുറം ചാര്‍മിനാറില്‍ പോയപ്പോഴാണ് പൂജ നടക്കുന്ന ഒരു തട്ടിക്കൂട്ട് അമ്പലം കണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മുസ്‌ലിംസമൂഹം എന്ത് ചെയ്യണം എന്ന് നമുക്കാലോചിക്കാം.

ഒന്നാമതായി, ഒറ്റ മുസ്‌ലിമും ദയവുചെയ്ത് നിയമം കൈയിലെടുക്കരുത്. നാം ഒരു ഭരണഘടനയുള്ള നാട്ടില്‍ ജീവിക്കുന്നവരാണ്. അതിനാല്‍, പരമാവധി ഭരണഘടനയെയും നിയമത്തെയും ആശ്രയിക്കുക. താക്കറേയുടെ മരണത്തില്‍ അനുശോചിക്കില്ല എന്നുറക്കെ പറഞ്ഞ മാര്‍ക്കണ്ഡേയയുടെ നാടാണ് ഇന്ത്യ. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു സമൂഹം - അത് ചെറുതെങ്കിലും ഇന്ത്യയിലുണ്ട്. ഞാന്‍ ഒരു തികഞ്ഞ മതമൗലികവാദിയാണ്. എന്റെ മതമൗലികത്വമാണ് എന്നെക്കൊണ്ടെഴുതിക്കുന്നത്. ഈ വിഷയത്തിന്റെ പേരില്‍ ഇന്ത്യയെ, ഹൈദരാബാദിനെ ഒരു അയോധ്യയാക്കി മാറ്റാതിരിക്കാന്‍ മുസ്‌ലിംകള്‍ക്ക് എന്ത് ചെയ്യാനാകും എന്നാണ് മുസ്‌ലിംകള്‍ ചിന്തിക്കേണ്ടത്. ഹിന്ദുക്കള്‍ക്ക് അവിടെ അമ്പലം വേണമെങ്കില്‍ അവരവിടെ നിര്‍മിക്കട്ടെ. മുസ്‌ലിംകള്‍ക്ക് ഇന്ന സ്ഥലത്ത് പള്ളി വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഹിന്ദുവിന്റെ അമ്പലത്തില്‍ കയറിയും ക്രിസ്ത്യാനിയുടെ പള്ളിയില്‍ കയറിയും ഭൂമിയുടെ ഏതു ഭാഗത്തും നിന്ന് തന്റെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ അനുവദിക്കപ്പെട്ടവനാണ് മുസ്‌ലിം.

പറഞ്ഞുവരുന്നത്, മുസ്‌ലിംകള്‍ പ്രശ്‌നങ്ങള്‍ നിയമം വഴി പരമാവധി പരിഹരിക്കാന്‍ ശ്രമിക്കുക. പള്ളിക്കു വേണ്ടി ഒഴുക്കപ്പെടുന്ന രക്തം ആവശ്യമുള്ളതാണോ എന്ന് നോക്കുക. ഒരു പള്ളിയേക്കാള്‍ അല്ലാഹുവിങ്കല്‍ വിലപ്പെട്ടത് മനുഷ്യനാണ്. അവന്റെ രക്തമാണ്. അവന്റെ അഭിമാനമാണ്. കൊലയേക്കാള്‍ കഠിനമാണ് ഫിത്‌ന. നാടിനെ ഫിത്‌നയിലേക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും പരമാവധി പരിശ്രമിക്കുക. ബാബരി മസ്ജിദിന്റെ പേരില്‍ ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും ഹൃദയങ്ങളില്‍ വീണ കറകളും അകല്‍ച്ചയും അവിടെ പണിയപ്പെടുന്ന ഒരു പള്ളി കൊണ്ടോ അമ്പലം കൊണ്ടോ മാറുന്നതല്ല എന്ന സത്യം നാം മറക്കരുത്.

ഇവിടെ ഖുര്‍ആനെ ബോധ്യപ്പെടുന്ന ഏതു മനുഷ്യനും - അവന്‍ പേരില്‍ ഹിന്ദുവായാലും മുസ്‌ലിമായാലും ക്രിസ്ത്യാനിയായാലും സിക്കുകാരനായാലും വിട്ടുവീഴ്ചയുടെയും സഹാനുഭൂതിയുടെയും മാര്‍ഗമാവും സ്വീകരിക്കുക.

ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം ബാബരി മസ്ജിദിന്റെ തകര്‍ച്ചയില്‍ നാണക്കേടുള്ളവരാണ്. തിവാരി വിഭാഗത്തില്‍പ്പെട്ട എന്റെ ഒരു ഇന്റര്‍നെറ്റ് സുഹൃത്ത് അതേപ്പറ്റി തുറന്നു പറയുകയുണ്ടായി. ബാബരി മസ്ജിദ് നൂറ്റാണ്ടുകളായി മുസ്‌ലിംകളുടേതാണ്. ഹിന്ദുവിന് അതില്‍ ഒരവകാശവുമില്ല എന്ന്. അത്തരം മനസ്സുകളുമായി ഖുര്‍ആന്‍ പഠിച്ച മനുഷ്യര്‍ സംവദിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. എല്ലാ മനുഷ്യര്‍ക്കും മാര്‍ഗദര്‍ശനമായി ലോകത്തവതരിക്കപ്പെട്ട ഖുര്‍ആന്റെ വെളിച്ചത്തെ ലോകത്തിനെത്തിക്കുക എന്ന വലിയ ബാധ്യത മുസ്‌ലിംകള്‍ക്കുണ്ട്. ഖുര്‍ആനെ മനസ്സിലാക്കിയവര്‍ക്കുണ്ട്. അതില്‍ സ്വാമിയും പാതിരിയും മുസ്‌ലിയാരും അവരല്ലാത്തവരും പെടും.

അതിനാല്‍, ഖുര്‍ആന്‍ കൈയിലുള്ളവര്‍ നിരാശപ്പെടാതെ, ചാഞ്ചല്യപ്പെടാതെ പ്രശ്‌നങ്ങളെ സമീപിക്കുക. 'രാഷ്ട്രീയക്കാര'ന്റെ കള്ളനാണയങ്ങളെ കണ്ടാല്‍ നിഷ്‌കരുണം, 'ഈ കാശ് ഞങ്ങടെ കാശുക്കുടുക്കയില്‍ കയറൂല' എന്ന് പറയാന്‍ യഥാര്‍ഥ വിശ്വാസിക്ക് കഴിയണം. ഈ പരിപ്പ് ഇവിടെ വേവൂല എന്ന് പറയുംപോലെ. തീര്‍ച്ചയായും ഇവിടം സ്വര്‍ഗമാകും. സ്വര്‍ഗത്തിന്റെ സുഗന്ധം ഇവിടെ നിന്നുതന്നെ ആസ്വദിച്ചുതുടങ്ങാനാവും.

അല്ലാഹു അനുഗ്രഹിക്കട്ടെ.

വസ്സലാം,
സ്വന്തം ടീച്ചര്‍

Sunday, November 18, 2012

من يشتري الجنة؟!=ആരുണ്ട് സ്വർഗം പണം കൊടുത്ത് വാങ്ങാൻ

pls read this first....

http://sabiteacher.blogspot.in/search?updated-min=2011-01-01T00%3A00%3A00-08%3A00&updated-max=2012-01-01T00%3A00%3A00-08%3A00&max-results=36

നിങ്ങള്‍ക്കെതെങ്ങനെ നിസ്സാരമായി കാണാന്‍ കഴിയുന്നു? നിങ്ങളുടെ മക്കളുടെ സുഖലോലുപതയ്ക്ക് ചെലവഴിക്കുന്നതിന്റെ ഒരു ശതമാനം ഈ കുടുംബത്തിനുവേണ്ടി നീക്കിവയ്ക്കാന്‍ കഴിഞ്ഞെങ്കില്‍ അവരും ജീവിതം കരുപ്പിടിപ്പിച്ചേനേ.

അവസാനമായി, നമുക്കൊരു കൂട്ടരെയും കൂടി പരിചയപ്പെടേണ്ടതുണ്ട്. അവര്‍ തങ്ങളുടെ ജീവന്‍ റബ്ബിന്റെ മാര്‍ഗത്തില്‍ കച്ചവടം നടത്തിയവരാണ്. ജീവന്‍ തിരിച്ചുകൊടുത്ത് സ്വര്‍ഗം വാങ്ങാന്‍ ഇറങ്ങിയവരാണ്. പക്ഷേ, അവര്‍ക്ക് കല്ലിനേക്കാള്‍ ശക്തമായ ആയുധം വേണം. പക്ഷേ, കാശില്ല. ജൂതന്‍ വില്‍ക്കുന്ന ആയുധത്തിന് ഇരട്ടിയിരട്ടി കൊടുത്ത് വാങ്ങാന്‍ അവരുടെ കൈയില്‍ പണമില്ല. കല്ലെങ്കില്‍ കല്ല്! അവര്‍ക്ക് ശത്രുവിനെ നേരിടാന്‍ റബ്ബ് കൊടുത്ത ആയുധം!
മുസ്‌ലിം ഉമ്മത്തേ, ഈ കല്ലെടുത്ത് എറിയുന്ന നിന്റെ സഹോദരന്റെ മാറിലേക്ക് ചീറിവരുന്ന വെടിയുണ്ട നാളെ നിന്നെത്തേടിയും എത്തും; നീ ഇതൊക്കെ കണ്ടില്ല എന്നു കരുതി നീങ്ങുകയാണെങ്കില്‍.
സഹോദരങ്ങളേ, ഈ ദൃശ്യങ്ങള്‍ ഫലസ്തീന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും എപ്പോഴെങ്കിലും അരങ്ങേറുന്ന ഒറ്റപ്പെട്ട കാഴ്ചയല്ല. ഇത്തരം ദൃശ്യങ്ങള്‍ ദൃഷ്ടിയില്‍പ്പെടാന്‍ നാം ഒരുപാട് തിരഞ്ഞുനടന്നുവെന്നും എന്റെ പ്രിയസുഹൃത്തുക്കള്‍ തെറ്റിദ്ധരിക്കരുത്. ഓരോ പട്ടണത്തിലും ഗ്രാമത്തിലും വീടുകളിലും റോഡിലും കാണുന്ന ദൃശ്യങ്ങളാണ്! വിശുദ്ധ നഗരമായ ഫലസ്തീനാണിത്. ആ മനുഷ്യര്‍ നമ്മുടെ സഹോദരങ്ങളും മക്കളും മാതാക്കളും പിതാക്കളുമാണ്. ഈ വേദനകള്‍ക്കാകെ ഒരു മരുന്നേ ഉള്ളൂ. ധനം കൊണ്ട് അവരെ സഹായിക്കുക എന്നതാണ് ഏക ഔഷധം.
ധനം വ്യയം ചെയ്യാന്‍ പറയുന്നത് ആര്‍ക്കും വലിയ ഇഷ്ടമുള്ള കാര്യമല്ല എന്നറിയാം. കാരണം, മനുഷ്യപ്രകൃതി തന്നെ സുഖലോലുപതയും പൈസയും ആഗ്രഹിക്കുന്ന വിധത്തിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
നമ്മിലാരെങ്കിലും ധനത്തോട് പൂണ്ടുപിടുത്തമുള്ളവരും ആ ധനം വര്‍ധിപ്പിക്കാനും അതിനെ സംരക്ഷിച്ചുനിര്‍ത്താനും അതിയായ ആഗ്രഹമുള്ളവരാണെന്ന് കരുതുക. ഒരിക്കലും തനിക്കത്തരം ഒരു സ്വഭാവം ഉണ്ടല്ലോ എന്നോര്‍ത്ത് സ്വന്തത്തോട് പുച്ഛം തോന്നേണ്ടതില്ല. കാരണം, പല ശാരീരിക വികാരങ്ങളെപ്പോലെയുള്ള ഒരു വികാരമായി മാത്രം അതിനെ കണ്ടാല്‍ മതി. മറ്റുള്ള വികാരങ്ങളെ നിയന്ത്രിച്ച് നല്ല മാര്‍ഗേണ വിനിമയം ചെയ്യുംപോലെ ധനത്തോടുള്ള ആസക്തിയെ ഖുര്‍ആനും ഹദീസും വ്യക്തമായി, മനുഷ്യപ്രകൃതി എന്ന നിലയ്ക്ക് അംഗീകരിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: ''നിങ്ങള്‍ പണത്തെ ഒരുപാട് സ്‌നേഹിക്കുന്നു.'' മനുഷ്യപ്രകൃതിയെ സൃഷ്ടിച്ച പടച്ചതമ്പുരാന്റെ തന്നെ വാക്കുകളാണിത്. മനുഷ്യരുടെ പ്രകൃതത്തെ സത്യപ്പെടുത്തുന്ന ഒരു വിശുദ്ധ ഹദീസും കാണുക: നബി (സ) ആത്മാവിനെ ചികിത്സിച്ചിരുന്ന ഡോക്ടറാണ്. രോഗാതുരമായ ഭാഗത്തുതന്നെ അദ്ദേഹം തന്റെ വിരലുകള്‍ വയ്ക്കുന്നു, തന്റെ വിശുദ്ധ അധരങ്ങള്‍ കൊണ്ട് അതിന് മരുന്ന് കുറിക്കുന്നു. ''മനുഷ്യപുത്രന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും രണ്ട് താഴ്‌വാരങ്ങളുണ്ടെന്നതില്‍ അവന്‍ മൂന്നാമത്തെ താഴ്‌വാരം ലഭിക്കാന്‍ ശ്രമിക്കും. (അത്രയ്ക്കാണ് മനുഷ്യന്റെ സമ്പത്തിനോടുള്ള പ്രേമം!) എന്നാല്‍, മണ്ണ് മാത്രമേ അവന്റെ വയറ് നിറയ്ക്കാനായിട്ട് ഉള്ളൂ. അല്ലാഹുവിലേക്ക് തിരിച്ചു നടക്കുന്നവരുടെ അടുത്തേക്ക് അവനും പശ്ചാത്താപപൂര്‍വം തിരിയുന്നു.

പണ്ടുമുതലേ പണ്ഡിതന്മാര്‍ സജ്ജനങ്ങളെ നമുക്കു മുമ്പില്‍ വരച്ചുകാട്ടുന്നത് ഏകദേശം മാലാഖമാരെപ്പോലെയാണ്. ഒരിക്കലും കുറ്റം ചെയ്യാത്ത, ഒരിക്കലും അല്ലാഹുവിനെ ധിക്കരിക്കാത്ത, യാതൊരു സുഖങ്ങളും ആസ്വദിക്കാത്തവരായിട്ടാണ് നാം നല്ല മനുഷ്യരെ കാണുന്നത്. എന്നാല്‍, യാഥാര്‍ഥ്യം അതല്ല. ഇസ്‌ലാം മനുഷ്യന്റെ എല്ലാ ദൗര്‍ബല്യങ്ങളെയും അംഗീകരിക്കുന്നു. തെറ്റ് പറ്റാത്തവനായി ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ അല്ലാഹു മാത്രമേ ഉള്ളൂ. വികാരങ്ങളില്ലാത്തവനായി അവന്‍ മാത്രമേയുള്ളൂ.

മനുഷ്യന്റെ തനിസ്വഭാവം വരച്ചുകാട്ടുന്ന മറ്റൊരു സൂക്തം ഇതാ. സൂറ ഇസ്‌റാഇല്‍ അല്ലാഹു പറയുന്നു: ''നബിയേ, താങ്കള്‍ പറയൂ, നിങ്ങളെങ്ങാന്‍ ആണ് എന്റെ നാഥന്റെ കാരുണ്യത്തിന്റെ ഖജനാവിന്റെ സൂക്ഷിപ്പുകാരെങ്കില്‍ വ്യയം ചെയ്ത് തീര്‍ന്നുപോകുമെന്ന ഭയത്താല്‍ പിശുക്ക് കാട്ടുമായിരുന്നു. മനുഷ്യന്‍ അതീവ പിശുക്കനാണ്.'' അല്ലാഹുവിന്റെ ഖജനാവിന്റെ വലുപ്പമെത്രയാണ്! കരയും കടലും ആകാശങ്ങളും നക്ഷത്രങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കുന്നതാണ് ഖജനാവ്. ഒരിക്കലും തീരാത്ത, വറ്റാത്ത സ്രോതസ്സാണത്. അത് ലഭിച്ചാല്‍ പോലും മനുഷ്യന്റെ പ്രകൃതി എന്താണ്? തീര്‍ന്നുപോകുമെന്ന ഭയം. അതുമൂലമുണ്ടായിത്തീരുന്ന പിശുക്കും.

നാം കൈകാര്യം ചെയ്യുന്ന ഈ വിഷയം, മനുഷ്യപ്രകൃതിയുമായി എളുപ്പത്തിലങ്ങ് യോജിച്ചുപോകുന്ന വിഷയമല്ല. മനുഷ്യന്‍ തന്നേക്കാള്‍ തന്റെ ധനത്തെ സ്‌നേഹിക്കുന്നു. സുഖലോലുപതയെ സ്‌നേഹിക്കുന്നു. അതിനാലാണല്ലോ അവന്‍ കാശിനുവേണ്ടി രാപകല്‍ എത്ര ശാരീരികാധ്വാനം നടത്താനും വിഷമമില്ലാത്തത് അല്ലേ. ശരീരം ഏറ്റവും വിലപ്പെട്ടതുതന്നെ. സംശയമില്ല. എന്നാല്‍, മനുഷ്യന്‍ പണത്തെയാണധികം സ്‌നേഹിക്കുന്നത്. എട്ടുതവണ ഖുര്‍ആന്‍ ധനം കൊണ്ടും ശരീരം കൊണ്ടും ഉള്ള ജിഹാദിനെ പരാമര്‍ശിച്ചപ്പോള്‍ ഏഴു വട്ടവും ധനത്തെയാണ് ഒന്നാമത് പറയുന്നത്. ''വിശ്വസിക്കുകയും സ്വദേശം വെടിയുകയും ധനംകൊണ്ടും ദേഹം കൊണ്ടും ജിഹാദ് നടത്തുകയും ചെയ്തവരുണ്ടല്ലോ, അവരാണ് അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനമുള്ളവര്‍. അവര്‍ തന്നെയാണ് വിജയികള്‍. (സൂറത്തുത്തൗബ 20)
''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ തങ്ങളുടെ ധനം കൊണ്ടും ശരീരംകൊണ്ടും ജിഹാദ് ചെയ്യുന്നതില്‍നിന്ന് മാറിനില്‍ക്കുന്നവരല്ല. മുത്തഖീങ്ങളെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാണ്.'' (സൂറത്തുത്തൗബ: 44)

ഖുര്‍ആനില്‍ ധനത്തേക്കാള്‍ ശരീരത്തെ മുന്തിച്ച് പറഞ്ഞ ഒറ്റ സൂക്തം മാത്രമേ കാണാന്‍ കഴിയൂ. ''തീര്‍ച്ചയായും, അല്ലാഹു സത്യവിശ്വാസികളില്‍നിന്ന് സ്വര്‍ഗത്തിനു പകരമായി അവരുടെ ശരീരങ്ങളെയും ധനത്തെയും വാങ്ങിയിരിക്കുന്നു.'' (സൂറത്തുത്തൗബ: 111)

ഇവിടെ ചരക്ക് വാങ്ങുന്നവന്‍ അല്ലാഹുവാണ്. അവനറിയാം ഏതിനാണ് വിലയെന്ന്. എന്നാല്‍, മനുഷ്യന് തന്റെ ധനത്തോട് അമിതമായ പ്രതിപത്തി ഉള്ളതിനാല്‍ ധനം കൈവിടാന്‍ വലിയ ബുദ്ധിമുട്ടാണ്.

പ്രായോഗികജീവിതത്തില്‍ നമുക്കിതിന് ഒരുപാട് തെളിവുകള്‍ കണ്ടെത്താനാകും. സ്വന്തത്തിന്റെ വിശ്രമത്തേക്കാളും സുഖത്തേക്കാളും അവന്‍ തന്റെ സമ്പാദ്യത്തിന്റെ സുരക്ഷിതത്വമാണ് കണക്കിലെടുക്കുന്നത്.
ധനത്തിനു വേണ്ടി അവന്‍ തന്റെ കീര്‍ത്തിയെ അപകടത്തിലാക്കാറുണ്ട്. ധനത്തിനു വേണ്ടി അവന്‍ തന്റെ സ്വാതന്ത്ര്യത്തെ പണയപ്പെടുത്താറുണ്ട്. എന്നാല്‍, അസ്വാതന്ത്ര്യം ശരീരത്തെ ബുദ്ധിമുട്ടിക്കുമെങ്കിലും - ധനത്തിനു വേണ്ടി എത്ര വിയര്‍പ്പൊഴുക്കാനും അവന് വിഷമമില്ല; അത് ശരീരത്തെ ക്ലേശിപ്പിക്കുമെങ്കിലും.

മനുഷ്യന്‍ ധനത്തിനുവേണ്ടി തന്റെ സഹോദരങ്ങളെയും സ്‌നേഹിതരെയും മക്കളെപ്പോലും പണയപ്പെടുത്താറുണ്ട്. അവരെയൊക്കെ ഉപേക്ഷിക്കുമ്പോള്‍ അവന്‍ ഒരുപാട് മാനസിക ശാരീരിക പീഡനം അനുഭവിക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളോളം അവരെ വിട്ട് ദുഃഖിതനും ഏകാന്തനുമായി കഴിയുന്നത് ധനത്തിനു വേണ്ടിയാണ്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കു വേണ്ടിയാണ്.

ഇതിനൊക്കെ പുറമെ സ്വന്തം ജീവനെ ധനത്തിനു വേണ്ടി അവന്‍ പണയപ്പെടുത്തുന്നു. ചിലപ്പോള്‍ ധനസമ്പാദന മാര്‍ഗത്തില്‍ അവന്റെ ജീവന്‍ തന്നെ നഷ്ടപ്പെട്ടുപോകുന്നതായും നാം കാണാറുണ്ട്.

വിഷമകരമായ യുദ്ധോപകരണങ്ങളുമായി മനുഷ്യന്‍ ഇടപെടുന്നതും ധനമോഹത്താല്‍ത്തന്നെ. ഉറക്കം ഒഴിവാക്കി വാഹനമോടിക്കുന്നവന്‍ അപകടകരമായ ആ ജോലി എടുക്കുന്നതും യഥാര്‍ഥത്തില്‍ ധനമോഹം കൊണ്ടു മാത്രം! ഒരു ഡോക്ടറായാലും എന്‍ജിനിയറായാലും കച്ചവടക്കാരനായാലും അവന്‍ ഒരു ഹൃദ്രോഗിയായി മാറിയാല്‍ പോലും ആ ജോലി ഉപേക്ഷിക്കാത്തത് ധനമോഹം കൊണ്ടു മാത്രമല്ലേ? അവര്‍ക്കുതന്നെയറിയാം, തങ്ങളറിഞ്ഞുകൊണ്ടുതന്നെ മരണത്തിലേക്കാണ് നീങ്ങുന്നതെന്ന്. എങ്കിലും, അവര്‍ ആ ജോലി ഉപേക്ഷിക്കാത്തത് പൈസ ലഭിക്കും എന്നതിന്റെ പേരില്‍ തന്നെയല്ലേ.

അപ്പോള്‍ ധനാര്‍ത്തി മനുഷ്യപ്രകൃതിയില്‍ നിലീനമായ ഒന്നാണെന്ന് സമ്മതിക്കാതെ നിവൃത്തിയില്ല. എന്തിനാണ് പടച്ചവന്‍ മനുഷ്യനെ ഈ പ്രകൃതിയോടെ സൃഷ്ടിച്ചത്? ഇതിന്റെ പിന്നിലെ യുക്തി എന്താണ്? ഇതിനെയാണ് - ''പരീക്ഷണ തത്ത്വശാസ്ത്രം' എന്ന് വിളിക്കുന്നത്.

നാം സ്വത്തിനെ വിട്ടുപിരിയാന്‍ കഴിയാത്തത്ര പ്രേമവും സ്‌നേഹവും ആയിക്കഴിയുമ്പോഴാണ് അതിനെ വേര്‍പിരിയല്‍ ഏറ്റവും വലിയ പരീക്ഷണമായി മാറുന്നത്. രണ്ടു വ്യക്തികള്‍ അല്ലാഹുവിനു വേണ്ടി സ്‌നേഹിക്കുന്നു. അവര്‍ക്കിടയിലെ അതിര്‍വരമ്പുകള്‍ ഇസ്‌ലാമികദൃഷ്ട്യാ പാലിക്കപ്പെടുന്നു. ആ പാലിക്കപ്പെടല്‍ ഏറ്റവും വലിയ പരീക്ഷണമായി മാറുന്നു. ഇതുതന്നെയാണ് പണവും നാമും തമ്മിലുള്ള ബന്ധത്തിലെയും പരീക്ഷണം. മനസ്സിന്റെ അടിത്തട്ടില്‍ അടിഞ്ഞുകിടക്കുന്ന ആ മത്തിനെ റബ്ബിനു വേണ്ടി ഉപേക്ഷിക്കണം എന്ന ആഹ്വാനം അവന്‍ അനുസരിക്കുമ്പോഴല്ലേ പരീക്ഷണത്തില്‍ വിജയിച്ചു എന്ന് പറയാനാകൂ. അപ്പോഴല്ലേ ആ സ്‌നേഹം അല്ലാക്കുവേണ്ടിയുള്ള ആത്മാര്‍ഥ സ്‌നേഹമായി മാറുകയുള്ളൂ. നിസ്സാരമായ ഏതെങ്കിലും കാര്യത്തിലായിരുന്നു പരീക്ഷണമെങ്കില്‍ വിശ്വാസികളും അവിശ്വാസികളും ഒക്കെ ആ പരീക്ഷണത്തില്‍ 100 മാര്‍ക്കോടെ വിജയിക്കുമായിരുന്നു.

എന്നാല്‍, ഇവിടത്തെ പരീക്ഷണം നിസ്സാരമല്ല. ഏറ്റവും ഇഷ്ടപ്പെട്ടതിനെ റബ്ബിന് തിരിച്ചുകൊടുക്കേണ്ട പരീക്ഷണമാണ്. അതിനാലാണ് ഈ പരീക്ഷാവിജയിക്കുള്ള സമ്മാനം അത്യുദാരവും പ്രതിഫലം മഹത്തരവുമാകുന്നത്. മനുഷ്യന് സങ്കല്പിക്കാന്‍ പറ്റാത്തതും അവന് വിഭാവന ചെയ്യാന്‍ പറ്റാത്തതുമായ സമ്മാനമായി മാറുകയാണ്. അതത്രെ സ്വര്‍ഗം. ആകാശഭൂമികളുടെ വിശാലതയുള്ള സ്വര്‍ഗം!

നിങ്ങളതിന്റെ യാഥാര്‍ഥ്യം അറിഞ്ഞിരുന്നെങ്കില്‍ അതിലേക്ക് കൊതിച്ചുകൊണ്ട് അലിഞ്ഞുചേരുമായിരുന്നു. അതിന്റെ സൗന്ദര്യം അല്പമെങ്ങാന്‍ കണ്ടിരുന്നെങ്കില്‍ ഈ ഭൂമിയിലെ ജീവിതം നിങ്ങള്‍ക്ക് ദുസ്സഹമാകുമായിരുന്നു.

ഇവിടെ ഒരു ചോദ്യം ഉയരുന്നു. നമുക്ക് ഏറ്റവും വിലപ്പെട്ടത് അല്ലാഹുവിന്റെ സ്വര്‍ഗമോ ഇവിടത്തേ ധനമോ. നാം ഉടനെ പറയും - സ്വര്‍ഗം. എനിക്ക് സ്വര്‍ഗമാണ്, അല്ലാഹുവാണ് ഏറ്റവും വിലപ്പെട്ടത്. നമ്മുടെ ഉത്തരം ഇതാണെങ്കില്‍, നമ്മുടെ നാവിന്റെ ജല്പനത്തെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സത്യപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ പരീക്ഷണം എന്നതിനെ നാമെങ്ങനെ വിവക്ഷിക്കും?

ഇതോടൊപ്പം നമുക്ക് നമ്മുടെ മാതാപിതാക്കള്‍, മക്കള്‍, ഇണകള്‍, കുടുംബം എന്നിവയൊക്കെ ഏറെ ഹൃദ്യവും ഇഷ്ടപ്പെട്ടവയും ആണ്.

ഇവിടെയും ഒരു ചോദ്യം ഉയരുന്നു. ഇവരാണണോ അല്ലാഹുവാണോ നമുക്ക് വലുത്? നമ്മുടെ കൂട്ടുകാരാണോ അല്ലാഹുവാണോ നമുക്ക് വലുത്?

ഉത്തരം വേഗം ലഭിക്കേണ്ടതുണ്ട്. വാക്കു കൊണ്ടല്ല, പ്രവര്‍ത്തനം കൊണ്ടാണ് ഉത്തരം പറയേണ്ടത്. കാര്യം നിസ്സാരമല്ല. ഇത് സ്വര്‍ഗത്തിന്റെ കേസാണ്. ഇതില്‍ വിജയിക്കാതിരുന്നുകൂടാ.

Tuesday, November 13, 2012

വഴിതെളിച്ച പ്രിയപ്പെട്ട ഉസ്താദന്മാര്‍

ഈ കുറിപ്പ് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദുമാരെപ്പറ്റിയാവട്ടെ. ശംസുദ്ദീന്‍ ഉസ്താദിനെ ഇതിനിടെ എല്ലാവര്‍ക്കും പരിചയമായിട്ടുണ്ടാകും. ഞങ്ങളുടെ ഇടയില്‍ ഉസ്താദ് എന്നു മാത്രം പറഞ്ഞാല്‍ അത് ശംസുസ്താദാണ്. പി.ഡി. എന്നറിയപ്പെടുന്ന അബ്ദുറസാഖ് മൗലവി (എം.ഐ.ടി. സ്ഥാപനങ്ങളുടെ അമരക്കാരന്‍ - മഹാപണ്ഡിതന്‍) ബനാത്തില്‍ ആദ്യമായി ജോലിക്കു ചേരാന്‍ വന്നത് ഇന്നും എന്റെ കണ്‍മുന്നിലുണ്ട്. എന്റെ സുഹൃത്ത് ബീവിയാണെങ്കില്‍ ഉസ്താദിനെ കണ്ടപാടെ കല്യാണപ്പുത്യാപ്ലയായിരിക്കുമെന്ന് പറഞ്ഞു. കാരണം, ഉസ്താദ് ചെറിയ ഹൗളില്‍നിന്ന് കാല്‍ കഴുകി കയറുന്നതാണ് ഞങ്ങളുടെ ആദ്യത്തെ കാഴ്ച. ഒരു പപ്പടക്കളര്‍ സില്‍ക്ക് ജുബ്ബയായിരുന്നു വേഷം.

പള്ളിയിലെ ഹൗളുകളും പള്ളിക്കുളവും വല്ലാത്ത ആകര്‍ഷണീയം. ഞങ്ങള്‍ ഒരു കൊല്ലം പള്ളിയിലായിരുന്നല്ലോ പഠിച്ചിരുന്നത്.

എനിക്കേറ്റവും പ്രിയപ്പെട്ട ഉസ്താദ് എം.ടി.അബൂബക്കര്‍ ഉസ്താദായിരുന്നു. അതിന് ഒരു കാരണമുണ്ട്. നന്നായി തമാശ പറയും. ഉസ്താദിന് ദ്വേഷ്യം വന്നാല്‍ ''എന്തട ഹയവാനേ'' (കഴുതേ എന്ന് വിളിക്കണ പോലെ) എന്നൊരു വിളിയാണ്. ആര്‍ക്കും ആ വിളി കേട്ടാലൊന്നും പരിഭവമില്ല. ഉസ്താദ് അറബിസാഹിത്യത്തിന്റെയൊക്കെ ആശാനായിരുന്നു. അണമുറിയാത്ത വാചകപ്രവാഹമാണ് ക്ലാസ്സെടുക്കുമ്പോള്‍. ഇടയ്ക്കിടെ പുരോഗമനാത്മക ചിന്തകള്‍ ഞങ്ങളുടെ ചിന്തയിലേക്ക് ചൊരിയും. കടുകട്ടിയായ മുഅല്ലഖാത് (ഏഴ് ഖണ്ഡകാവ്യങ്ങള്‍) പഠിപ്പിച്ചത് ഉസ്താദായിരുന്നു. അറബിസാഹിത്യത്തെ ഈ 'മുഖല്ലഖാതി'ല്ലാതെ ചര്‍ച്ച ചെയ്യാനാവില്ല. അറബികള്‍ അവരുടെ സാഹിത്യഭ്രാന്ത് കാരണം എഴുതി സമാഹരിച്ചതിനുശേഷം കവിതകളെ കഅബയില്‍ കെട്ടിത്തൂക്കി. അതിനാലാണ് കെട്ടിത്തൂക്കപ്പെട്ടത് എന്ന പേര് വന്നത് അതിലെ തരംതാഴ്ന്ന കവിതകള്‍ ഉസ്താദ് അര്‍ഥം പറഞ്ഞുതരാന്‍ വിഷമിച്ചുകാണും. കാരണം, ഞങ്ങളെല്ലാം പെണ്‍കുട്ടികള്‍. ഇതൊക്കെ എങ്ങനെയാണ് ഉസ്താദ് വിശദീകരിക്കുക? ചില അര്‍ഥങ്ങളൊക്കെ പറയാതെ നീങ്ങും. എന്തു ചെയ്യാന്‍? യൂണിവേഴ്‌സിറ്റി നിശ്ചയിച്ചതല്ലേ? മുഅല്ലഖയില്‍ ചില വരികള്‍ അല്ലാഹുവിനെയും പരലോകത്തെയും ഓര്‍മിപ്പിക്കുന്നവയാണെങ്കില്‍ ചില കവികളുടേത് (ഉദാ: ത്വറഫ, അംറ്ബിന്‍ കുത്സും, ഇംറുല്‍ ഖൈസ്) പെണ്ണും കള്ളും യുദ്ധവും മാത്രമാണ്. അക്കാലഘട്ടത്തിന്റെ സംസ്‌കാരത്തെ വിളിച്ചോതുന്നവയാണാ കവിതകള്‍. കാമുകി നഷ്ടപ്പെട്ട ത്വറഫ എന്ന കവി ആ കാമുകിയെ തേടിപ്പോകുന്ന ഒട്ടകത്തെ വര്‍ണിക്കുന്നത് അംഗ-പ്രത്യംഗ വര്‍ണനകളിലൂടെയാണ്. 

അബൂബക്കര്‍ ഉസ്താദിന്റെ സഹൃദയത്വവും ഈ കവിതകളും കൂടി ആകുമ്പോള്‍... പടച്ചവനേ, ആ ക്ലാസ്സുകളില്‍ ഒന്നുകൂടി ചെന്നിരിക്കാന്‍ ഭാഗ്യം ലഭിച്ചെങ്കില്‍ എന്ന് ആശിച്ചുപോകും. എനിക്കിന്നും അബൂബക്കര്‍ ഉസ്താദിന്റെ അവകാശി ഞാനാണെന്നാണ് ഉള്ളില്‍. എന്തായാലും ബനാതിലെ ഉസ്താദിന്റെ ശിഷ്യകളില്‍ ഉസ്താദിന് എന്നോടായിരുന്നു ഏറ്റവും ഇഷ്ടം. എനിക്ക് മാര്‍ക്ക് കുറയുന്നത് ഉസ്താദിനിഷ്ടമില്ലായിരുന്നു. എന്നുവച്ച് കൂട്ടി ഇട്ടുതരികയൊന്നുമില്ല. ബലാഗ (അറബിസാഹിത്യത്തിലെ ഒരു പ്രധാന വിഷയം) ഉസ്താദാണ് ആദ്യം മുതല്‍ അവസാനം വരെ എടുത്തത്. മൂന്നു ഭാഗങ്ങളാണ് ബലാഗ. അതില്‍ അവസാന ഭാഗം ആയപ്പോള്‍ ഉസ്താദ് പറഞ്ഞു: ഒരു ബലാഗ ബുക്ക് ഒന്ന് ഓഫീസില്‍ കൊണ്ടുപോയി വയ്ക്കണം ട്ടാ - അന്നാണ് ഞങ്ങള്‍ അറിയുന്നത്. ഒന്നുരണ്ടു കൊല്ലമായി ഉസ്താദ് ഞങ്ങളെ ബലാഗ പഠിപ്പിച്ചത് റെഫര്‍ ചെയ്യാതെയായിരുന്നു! അഥവാ അദ്ദേഹത്തിന് ആ കടുകട്ടി പുസ്തകം വായിച്ചുനോക്കാതെ പഠിപ്പിക്കാന്‍ കഴിയുമായിരുന്നു. ഉസ്താദ് ഇല്ലാതായാല്‍ - ഉസ്താദിന്റെ പിരിയഡ് നഷ്ടമായാല്‍ എനിക്ക് അസഹ്യമായിരുന്നു. ഉസ്താദിന് ഓരോ കാര്യങ്ങളും പറഞ്ഞ് ഒരു ചിരി ഉണ്ട്. നമ്മളും പൊട്ടിച്ചിരിച്ചുപോകും. പക്ഷേ, കാര്യത്തിനിടയില്‍ ചിരിച്ചാല്‍ ഉസ്താദ് ആള് മാറും. എനിക്കിതുവരെ പഠിക്കാത്തതിന് ഉസ്താദിന്റെയടുത്തുനിന്ന് അടി കൊണ്ടിട്ടില്ല. പക്ഷേ, ചിരിച്ചതിന് കിട്ടീട്ടുണ്ട്. തയ്യല്‍ക്ലാസില്‍ പോകാതെ ഞാനും ബീവിയും പന്തുകളിച്ചു നിന്നതിന് കിട്ടീട്ടുണ്ട്. ബീവി പക്ഷേ, അടി വാങ്ങാതെ ഹാളിന്റെ അടുത്ത വാതിലിലൂടെ രക്ഷപ്പെട്ടു. എനിക്ക് ചിരിച്ചതിന് പലതവണ കിട്ടീട്ടുണ്ട്.

പടച്ചവനേ, എന്ത് അധ്യാപകരായിരുന്നു ഞങ്ങളുടേത്. ആത്മാര്‍ഥത മുറ്റിനിന്നവര്‍. അല്ലാഹുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍. ഒരു നാടിനെയും നാട്ടാരെയും ഇസ്‌ലാമികപ്രഭയിലേക്ക് നയിക്കാന്‍ വന്നവര്‍. ഇന്നാകെ കാസര്‍കോട്ടുകാരനായ പി.ഡി. ഉസ്താദ് മാത്രമേയുള്ളൂ ഇവിടെ. അതും ഒരു ഇതിഹാസം തന്നെ. കൊടുങ്ങല്ലൂരിനെ കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ അഭിമാനിക്കാവുന്ന കോട്ടയാക്കിയതില്‍ പി.ഡി. ഉസ്താദിന്റെ പ്രയത്‌നം വളരെ വലുതാണ്. റബ്ബ് ഓരോന്ന് നിശ്ചയിച്ചു കണക്കാക്കിക്കാണും. പക്ഷേ, അനുയായികള്‍ ഇനിയും ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട്. സുന്ദരവും മാതൃകാപരവുമായ സ്ഥാപനങ്ങള്‍. എം.ഐ.ടി. ഹോസ്പിറ്റല്‍, സ്‌കൂള്‍, ഐ.ടി.സി. സെന്റര്‍ തുടങ്ങി ബനാത്തും അഞ്ചങ്ങാടി യു.പി. സ്‌കൂളും എം.ഐ.ടിക്കു കീഴിലാണ്. സബ്ജില്ലയിലെ തന്നെ മികച്ച സ്‌കൂളുകളാണ് രണ്ട് എം.ഐ.ടികളും - എയ്ഡഡും അണ്‍എയ്ഡഡും. ഈ മഹാന്മാരുടെ അടുത്തെങ്ങുമെത്താന്‍ ഇവിടത്തെ ഒരു സ്വദേശിക്കും കഴിയില്ലെന്ന് ഉറപ്പ്. 100 ശതമാനം സത്യസന്ധവും നിഷ്‌കളങ്കവും ആയ നേതാവാണ് പി.ഡി. മര്‍ഹൂം ശംസുസ്താദ് ഉള്ള കാലത്തുതന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മാതൃസ്ഥാപനം ബനാത്ത് തന്നെ. ഒരു നാടിനെ ഉണര്‍ത്തുക വഴി ലോകത്തിന് വെളിച്ചം കാട്ടാന്‍ കഴിവുള്ളവരെ വാര്‍ത്തെടുത്ത സ്ഥാപനവും ഉസ്താദന്മാരും.

പ്രശസ്തനായ മമ്മുണ്ണി മൗലവി, മസ്‌കത്തില്‍ ദീര്‍ഘകാലം ഉണ്ടായ എം.ടി.മൊയ്തീന്‍ മൗലവി, സമദ് ഉസ്താദ്, സൈനുദ്ദീന്‍ ഉസ്താദ് തുടങ്ങി ആ പട്ടിക നീളുന്നു. അധ്യാപികമാര്‍ ഒന്നോ രണ്ടോ മാത്രം. അതുതന്നെ സ്‌കൂള്‍വിഷയങ്ങള്‍ പഠിപ്പിക്കാന്‍. പിന്നെ, ആകെ ഉണ്ടായത് അബൂബക്കറുസ്താദിന്റെ ഭാര്യ സുബൈദത്ത. അന്ന് ടീച്ചര്‍ എന്നു വിളിച്ചില്ല ആരും. സുബൈദത്തയായിരുന്നു എല്ലാവര്‍ക്കും. ഹദീസ് ഒക്കെ എടുക്കുമായിരുന്നു. ഞാനോര്‍ക്കുകയാണ്, അവര്‍ താമസിച്ചിരുന്നത് ഞങ്ങളുടെ കുറച്ചൊക്കെ അടുത്ത സ്ഥലത്തായിരുന്നു. അതിനാല്‍, മുടങ്ങിയ ദിവസത്തെ പാഠങ്ങള്‍ പഠിക്കാന്‍ ഞാന്‍ ഉസ്താദിന്റെയടുത്ത് ഇടയ്‌ക്കൊക്കെ പോയിട്ടുണ്ട്. പഞ്ചതന്ത്രം കഥകളുടെ അറബിയായ 'കലീല വ ദിംന' ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. ഉസ്താദായിരുന്നു അതും എടുത്തിരുന്നത്. ഏത് ക്ലാസ്‌റൂമില്‍, ഏത് പിരിയഡ്, ഏത് പാഠം പഠിച്ചു എന്നൊക്കെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. മുഴുവനല്ലെങ്കിലും ഒരുപാട് ഓര്‍മകള്‍. അതാവാം ഇന്ന് പഠനത്തോടൊപ്പം പുതിയ ചിന്തകളോടും എനിക്ക് അടക്കാനാവാത്ത ആഗ്രഹം. ഈ 53-ാം വയസ്സിലും പഠിക്കമെന്നുതന്നെയാണ്. ഗുണകരമായ അറിവുകള്‍ തന്ന് റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.

ഇപ്പോള്‍ ഖത്തറിലുള്ള ടി.പി.അബ്ദുള്ള (അബൂസാലിം) ഞങ്ങളെ കുറച്ചുകാലം പഠിപ്പിച്ചിട്ടുണ്ട്. നാല്‍പ്പതിലധികം കൊല്ലമായി ഉസ്താദ് കുടുംബസമേതം ഖത്തറിലാണ്. ഇടക്കാലത്ത് (രണ്ടു കൊല്ലം മുമ്പ്) എന്നെ വിളിക്കുകയും ഇന്റര്‍നെറ്റിലൂടെ അറബിയില്‍ ധാരാളം ക്ലാസ്സുകള്‍ എടുത്തുതരുകയും ചെയ്തു. അല്‍ഹംദുലില്ലാഹ്. അദ്ദേഹം ദുആ (പ്രാര്‍ഥന) എന്നതിനെപ്പറ്റി മാത്രം ഒരുപാട് ദിവസങ്ങളിലായി സുന്ദരമായ ക്ലാസ്സുകള്‍ ഗൂഗ്ള്‍ടാക്കിലൂടെ എന്നെ പഠിപ്പിക്കുകയുണ്ടായി. എല്ലാം അറബിയിലായിരുന്നു. ഞാന്‍ കത്തെഴുതിയപ്പോള്‍ എന്നോട് പറഞ്ഞു: 'നിന്റെ കൈയക്ഷരം ഇനിയും നന്നാക്കണം' എന്ന്. എന്റെ കൈയക്ഷരം നല്ലതാണെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാനിതുവരെ. അധ്യാപകരുടെ കൂട്ടത്തില്‍ ഒന്നുരണ്ടു കൊല്ലമൊക്കെ പഠിപ്പിച്ചവരും ഉണ്ട്. ജമാലുദ്ദീന്‍ ഉസ്താദ് ഒക്കെ. അവരെപ്പറ്റിയൊന്നും ഒരു വിവരവുമില്ല. ഒ.ടി. എന്നറിയപ്പെടുന്ന ഒ.ടി. ഉസ്താദും ഇ.എന്‍.മുഹമ്മദ് മൗലവിയും എല്ലാം അറിവിന്റെ കേദാരങ്ങള്‍ തന്നെ.

അബൂബക്കറുസ്താദിന്റെ ഒരിക്കലും മറക്കാത്ത ചില തമാശകള്‍ എഴുതി ഈ കുറിപ്പവസാനിപ്പിക്കാം. ചോദ്യം ചോദിച്ചിട്ട് കിട്ടിയില്ലെങ്കില്‍ മൂപ്പര്‍ക്ക് ഒരു വര്‍ത്താനമുണ്ട് - ''അവള്‍ടെ തലയില്‍ തലച്ചോറ് പോയിട്ട് ഒരു വറ്റും കൂടി ഇല്ല'' എന്ന്. ഇപ്പോഴും ഞാന്‍ പൊട്ടിച്ചിരിക്കുകയാണ്. അതുപോലെ, ഒരാള്‍ പോത്തിനെ വല്ലാതെ തല്ലുകയാണത്രെ. കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: 'ടാ, നീ മിണ്ടാപ്രാണികളെ ഇങ്ങനെ ഉപദ്രവിക്കല്ലേ, വെള്ളം കിട്ടാണ്ട് മരിച്ചുപോവുകയുള്ളൂ' എന്ന്. ഉടന്‍ തല്ലുന്നവന്റെ മറുപടി - 'ഏയ്, എന്റെ വാപ്പ ഇതിലും വലിയ ക്രൂരനായിരുന്നു. മൂപ്പര്‍ മരിച്ചത് നാലാള്‍ വെള്ളമുള്ള കിണറ്റില്‍ വീണാണ്.' ഇതൊക്കെ കേട്ട് ചിരിക്കയല്ലാതെന്തു ചെയ്യാന്‍. മനുഷ്യമനസ്സ് മൂല്യങ്ങള്‍ക്കൊപ്പം ഇത്തരം നിരുപദ്രവമായ തമാശകള്‍ കേള്‍ക്കാനും പറയാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്നു എന്നത് സത്യം.

ഞാനെന്റെ പ്രിയപ്പെട്ട ഉസ്താദന്മാര്‍ക്കായി ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ്. അവരെ ഇരുലോക വിജയികളാക്കണേ റബ്ബേ. ഞങ്ങളെയും - സ്വര്‍ഗത്തില്‍ ഇനിയെന്തു വേണം എന്ന് റബ്ബ് ചോദിച്ചാല്‍ ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും അവസരം തന്നാല്‍ മതീന്ന് പറയാം. ഖുര്‍ആന്‍ പഠിപ്പിച്ച മഹാന്മാരായിരുന്നു എല്ലാവരും. ജീവിതത്തില്‍ ഇസ്‌ലാമിനെ പകര്‍ത്താന്‍ ഈ ഉസ്താദന്മാര്‍ ഞങ്ങള്‍ക്ക് പ്രായോഗിക പഠനരീതിയാണ് സ്വീകരിച്ചത്; ഏറ്റവും ശാസ്ത്രീയ രൂപത്തില്‍.

فمن يؤت الحكمت فقد أوتي خيرا كثيرا
ആര്‍ക്കെങ്കിലും ഹിക്മത് (ജ്ഞാനം) നല്‍കപ്പെട്ടാല്‍ അവന് ഏറെ നന്മകള്‍ ലഭിച്ചുകഴിഞ്ഞു. (ഖുര്‍ആന്‍)

വസ്സലാം.

Wednesday, November 7, 2012

എന്നെ അധ്യാപികയാക്കിയ ബനാത്ത്‌

റസിയ എന്ന വിദ്യാര്‍ഥിനി - ഞാനവളെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, ഒരിക്കല്‍ ബനാത്തില്‍ സാഹിത്യസമാജത്തില്‍ ഞാന്‍ ഒരു ക്ലാസ്സെടുക്കാന്‍ പോയി. ഇസ്‌ലാമികപ്രബോധനത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞു. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: കുട്ടികള്‍ ഒന്നുരണ്ട് വയസ്സാകുമ്പോഴേക്ക് സംസാരിച്ചുതുടങ്ങും. മൂന്നു വയസ്സായിട്ടും മിട്ടുന്നില്ലെങ്കില്‍ പൊട്ടനാണെന്ന് സംശയിച്ചുതുടങ്ങും. അപ്രകാരം, ബനാത്തില്‍ പഠിക്കാന്‍ തുടങ്ങിയിട്ടും പ്രബോധനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തോ തകരാറ് ഉണ്ട് എന്ന് പറഞ്ഞു. ക്ലാസ് കഴിഞ്ഞപ്പോള്‍ ഈ മോള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു: ''എനിക്ക് ടീച്ചര്‍ പറഞ്ഞ ഈ വാചകം വലിയ ഇഷ്ടമായി.'' അങ്ങനെ ഞാനും അവളും സംസാരിച്ച് വളരെ വേഗം അടുത്തു. അവള്‍ ബി.എസ്‌സി. ഫിസിക്‌സിന് 82 ശതമാനം മാര്‍ക്കോടെ പാസ്സായി, മാമമാരുടെ നിര്‍ബന്ധത്തിന് ബനാത്തില്‍ ചേര്‍ന്നതാണ്.

എന്റെ ചിന്ത മറ്റൊരു വഴിക്ക് നീങ്ങി. ഈ കുട്ടി എന്തായാലും നിര്‍ബന്ധിതയായാണ് ബനാത്തില്‍ വന്നിട്ടുള്ളത്. ഉള്ളില്‍ എം.എസ്‌സി ഫിസിക്‌സ് എടുക്കാനുള്ള മോഹം കാണും. അവളുടെ കാലം, വൈകിയവേളയില്‍ ഇവിടെ കളയുന്നതില്‍ ഒരര്‍ഥക്കുറവുണ്ട്. ഐഹികലോകത്തെ വെടിഞ്ഞുകൊണ്ട് ഒരു പരലോകത്തെ ഖുര്‍ആനും പരിചയപ്പെടുത്തുന്നില്ല. അങ്ങനെ, പിന്നീട് പലപ്പോഴായി ഞാനുമായുള്ള അവളുടെ അടുപ്പം ശക്തിപ്രാപിച്ചു. ഞാന്‍ അവളോട് വാക്ക് കൊടുത്തു. മോള്‍ക്ക് എം.എസ്‌സി. ഫിസിക്‌സ് പഠിക്കണമെങ്കില്‍ ടീച്ചര്‍ എല്ലാ പിന്തുണയും നല്‍കാം - ഇന്‍ഷാ അല്ലാഹ്. അങ്ങനെ അവള്‍ വീണ്ടും പഠനം തുടരാനുള്ള ശ്രമം ആരംഭിച്ചു. വാക്ക്പറഞ്ഞ പോലെ ഞാന്‍ അവളെ ഫറൂഖില്‍ കൊണ്ടുപോയി എം.എസ്‌സിക്ക് ചേര്‍ത്തു. അന്നവിടെ പ്രൊഫസര്‍ മുബാറക് പാഷയാണ് പ്രിന്‍സിപ്പല്‍. എന്റെ ഉമ്മാടെ തിരൂര്‍ പഠനകാലത്തെ ആത്മസുഹൃത്തായിരുന്ന ഡോ. റാബിയ (ഹജ്ജുമ്മ)യുടെ അനിയത്തിയുടെ മകനാണ് പാഷ. പഴയ ബന്ധമൊക്കെ പൊടിതട്ടി, വിവരങ്ങളൊക്കെ പറഞ്ഞു.

അവളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ഞാനായിരുന്നു. അല്‍ഹംദുലില്ലാഹ്. അവള്‍ക്ക് സാമ്പത്തികപ്രയാസമുണ്ടായിരുന്നില്ല. പക്ഷേ, ഇനിയും രണ്ടുകൊല്ലം എം.എസ്‌സിക്ക് കളയണ്ടേ എന്നായിരുന്നു വീട്ടുകാരുടെ വിഷമം. അല്‍ഹംദുലില്ലാഹ്, അവള്‍ എം.എസ്‌സിക്ക് നല്ല മാര്‍ക്കില്‍ വിജയിച്ചു. അവിടെത്തന്നെ ബി.എഡിനും ചേര്‍ന്നു എന്നാണെന്റെ ഓര്‍മ. അവള്‍ക്കും കുടുംബത്തിനും അപ്പോഴേക്കും സ്വയം പറക്കാനുള്ള ചിറകുകള്‍ മുളച്ചുകഴിഞ്ഞിരുന്നു.

നോക്കൂ, ഒരധ്യാപികയുടെ ബാധ്യത മാത്രമല്ലേ ഇതൊക്കെ. കൂടുതലായി ഒന്നും ചെയ്തതായി തോന്നുന്നില്ല. നാല്‍ക്കവലകളില്‍ വഴിയറിയാതെ പകച്ചുനില്‍ക്കുന്ന ആണ്‍മക്കളെയും പെണ്‍മക്കളെയും അവര്‍ ഒറ്റയ്ക്ക് നടക്കാനാവുംവരെ ചെറിയൊരു കൈത്താങ്ങ് കൊടുക്കുക. അല്ലെങ്കില്‍ ഒന്ന് റോഡ് മുറിച്ചുകടത്തിക്കൊടുക്കുക. ആ മക്കള്‍ പില്‍ക്കാലത്ത് ധാരാളം പേര്‍ക്ക് കൈത്താങ്ങായി മാറും, തീര്‍ച്ച.

നമുക്ക് റസിയയിലേക്കുതന്നെ പോകാം. അവളെ വിദ്യാസമ്പന്നനും ശാന്തനുമായ ഒരാള്‍ വിവാഹം കഴിച്ചു. രണ്ടു മക്കളായി. ഗള്‍ഫില്‍ പോയി. അവര്‍ 'പുത്യാപ്ലയും പുതുപെണ്ണും' എന്നും ദുബായിലെ ഖുര്‍ആന്‍ സ്റ്റഡിയിലെ ഫസ്റ്റ് ആകാറുണ്ടത്രെ! ഓണ്‍ലൈന്‍ ബന്ധമില്ലെങ്കിലും ഇടയ്‌ക്കൊക്കെ ഞങ്ങള്‍ കാണാറുണ്ട്. ഇതെഴുതുമ്പോള്‍ അവളുടെ നിഷ്‌കളങ്കമായ ചിരിയാണ് എന്റെ കണ്‍മുമ്പില്‍ തെളിയുന്നത്.

അടുക്കും ചിട്ടയുമില്ലാതെയാണ് ഞാനെഴുതുന്നത്. മനസ്സില്‍ ശക്തമായി വരുന്ന കാര്യങ്ങള്‍ എഴുതുന്നു എന്നു മാത്രം - വാസ്തവത്തില്‍, അധ്യാപകര്‍ ശരിക്ക് പഠിക്കുന്നത് പഠിപ്പിക്കുന്നവരാകുമ്പോഴാണ്. പണ്ട് മമ്മുണ്ണി മൗലവി പറയുമ്പോള്‍ അത് ശരിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍, കാലം ചെല്ലുംതോറും നമുക്കത് അനുഭവവേദ്യമാകാറുണ്ട്. മറ്റൊരു കുട്ടിയുടെ കഥയിലേക്ക് പെട്ടെന്ന് എന്റെ മനസ്സ് നീങ്ങുകയാണ്. ഇതിലെ എല്ലാ പേരുകളും സാങ്കല്പികമാണ്. സജിതയുടെ പേര് മാത്രം സാങ്കല്പികമല്ല, യഥാര്‍ഥമാണ്.

അടുത്ത കുട്ടിയെ വാഹിദ എന്നു വിളിക്കാം. അവള്‍ ബനാത്തിലെ ഹോസ്റ്റലിലായിരുന്നു. കാണാനും പഠിക്കാനും മിടുക്കി. എഴുതാന്‍ അതിലും മിടുക്കി. ഞാന്‍ ഇടയ്ക്കിടയ്ക്ക് ക്ലാസ്സെടുത്തു കഴിഞ്ഞാല്‍ (റഗുലര്‍ ക്ലാസ്സല്ല) അവള്‍ അന്ന് രാത്രി ഇരുന്ന് എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് എന്നെ പിന്നെ കാണുമ്പോള്‍ തരുമായിരുന്നു. എനിക്കവളുടെ കത്തുകള്‍ വലിയ ഇഷ്ടമായിരുന്നു. നമ്മുടെ വിശ്വാസവും ദൈവഭയവും വര്‍ധിപ്പിക്കാന്‍ ആ കത്തുകള്‍ ഉപരിക്കുമായിരുന്നു. അതാണ് ഞാനാദ്യം എഴുതിയത് - നാം പഠിക്കുന്ന കാലത്തേതിലും അധികം പഠിപ്പിക്കുമ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാകുക എന്ന്. അവള്‍ എഴുതിയ ഒരു വാചകം ഞാനിവിടെ കുറിക്കാം. നിഫാഖിനെ (കാപട്യത്തെ) ഭയപ്പെടാതിരിക്കരുത്. കാപട്യത്തെ അകറ്റിനിര്‍ത്തിക്കൊണ്ട് ജീവിക്കാന്‍ നാം ശ്രമിക്കണം.'' -അവളുടെ പിതാവ് ഉപദേശിച്ചത് എടുത്തെഴുതിയതാണ്.

ഒരിക്കല്‍ ഒരു പൊതുപരിപാടിയില്‍ എനിക്കായിരുന്നു ഖുര്‍ആന്‍ ക്ലാസ്സ്. ഒരു ജില്ലാ പരിപാടി വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍ നടക്കുകയാണ്. 1997-98 കാലമാണെന്ന് തോന്നുന്നു. ബനാത്തില്‍നിന്ന് ഈ കുട്ടികളും ഉണ്ടായിരുന്നു. ഞാനന്നെടുത്ത ക്ലാസ് ആലുഇംറാനിലെ 104-108 ആയത്തുകളായിരുന്നു. പരലാകത്ത് മുഖം കറുക്കുന്നവരെയും മുഖം വെളുത്തു വരുന്നവരെയും പരിചയപ്പെടുത്തുന്ന ആയത്തുകള്‍. ക്ലാസ് കഴിഞ്ഞപ്പോഴേക്ക് ഈ കുട്ടി തേങ്ങിക്കരയുകയാണ്. തന്റെ പരലോകം എങ്ങനെയായിരിക്കുമെന്നോര്‍ത്താണവള്‍ കരഞ്ഞത്. പറയുന്ന നമ്മേക്കാള്‍ ദൈവബോധവും നിഷ്‌കളങ്കതയുമുള്ള കുട്ടികള്‍. പ്രബോധകരായ നാമല്ല ജനങ്ങളില്‍ മാറ്റം വരുത്തുന്നത്. അവര്‍ നിഷ്‌കളങ്കരായതിനാല്‍ നാം പറയുന്ന വാക്കുകള്‍ വേഗത്തില്‍ കാച്ച് ചെയ്യുന്നു എന്നതാണ്. ഇന്നാ മോള്‍ എവിടെയാണാവോ? കുറേക്കാലമായി വിവരമൊന്നുമില്ല.

12 വയസ്സില്‍
നമുക്ക് 1969 ജൂണ്‍മാസത്തിലെ ബനാത്തിലേക്ക് ഒന്ന് പോയിവരാം. '68ല്‍ ബനാത്ത് ആരംഭിച്ചത് മാടവനപള്ളിയിലെ ഒരു ഭാഗത്ത്. സ്ത്രീകള്‍ക്ക് സൗകര്യം ലഭിച്ച ഏതാനും പള്ളികളില്‍ ഒന്ന് മാടവന പള്ളിയായിരുന്നു. ബഹുമാനപ്പെട്ട മര്‍ഹൂം ശംസ് ഉസ്താദ് മാത്രമുള്ള ഏകാധ്യാപക വിദ്യാലയം. സ്‌കൂള്‍വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പടിയത്ത് ഹൈദ്രോസ് മാഷും. ഉസ്താദ് ചരിത്രപുരുഷനാകുന്നത് ഇവിടെയാണ്. ഒന്നാമന്‍ എന്നും ഒന്നാമന്‍തന്നെ. ഭാഗ്യവാന്‍. ബനാത്തുകൊണ്ട് ആര്‍ക്ക് എന്ത് ഗുണം ലഭിച്ചാലും ആ പുണ്യപുരുഷനിലേക്ക് ഗുണങ്ങള്‍ എത്തിക്കൊണ്ടിരിക്കും. ഇന്‍ഷാ അല്ലാഹ്. അദ്ദേഹത്തെയും കുടുംബത്തെയും സ്മരിക്കാതെ ഈ എഴുത്തിന് മുന്നോട്ടു പോകാനാവില്ല. 75 രൂപ ശമ്പളം. രണ്ടുമൂന്ന് കുഞ്ഞുങ്ങളും ഭാര്യയും മാന്യമായി ജീവിച്ചുപോകണം. എന്റെ പ്രിയ ഉസ്താദ് തീര്‍ച്ചയായും കഷ്ടപ്പെട്ടുകാണും. അന്ന് ഒരു സ്‌കൂളധ്യാപകന് 150 രൂപ ഉണ്ടാകും. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ. ആമീന്‍.

എന്റെ ബനാത്തിലെ ഒന്നാംക്ലാസ്സും പള്ളിയിലായിരുന്നു. 30 കുട്ടികള്‍. അന്ന് എല്ലാവരും പാവാടയും ഫുള്‍കൈ കുപ്പായവും മക്കനയും ആണ് ധരിക്കുക. കൊടുങ്ങല്ലൂരിനെ സംബന്ധിച്ച് പുതിയൊരു വസ്ത്രസംസ്‌കാരം. തട്ടമിടാത്ത, ബാക്ക് ഓപ്പണ്‍ ബ്ലൗസിടുന്ന പെണ്ണുങ്ങളുടെ നാട്ടില്‍ ഭൂതത്തിന്റെ കോലത്തില്‍ 30 പെണ്‍കുട്ടികള്‍. (ബാക്ക് ഓപ്പണ്‍ അന്ന് വലിയ ഫാഷന്റെ ലക്ഷണമായിരുന്നു). '69 ലാണ് ഞാന്‍ ബനാത്തില്‍ ചേരുന്നത്. അപ്പോഴേക്ക് ബനാത്ത് മൂന്ന് ക്ലാസ്സുകളായി മാറിക്കഴിഞ്ഞിരുന്നു. ഒന്ന്, രണ്ട്, മൂന്ന് - ആദ്യവര്‍ഷം നന്നായി പഠിച്ചവരെയും പുതുതായി പത്താംക്ലാസ് വരെയൊക്കെ പഠിച്ചവരെയും കൂട്ടി മൂന്നാം ക്ലാസ്സും അതിലും പഠിപ്പും പ്രായവും കുറഞ്ഞവരെ രണ്ടാം ക്ലാസ്സിലും, പ്രായവും പഠിപ്പും ഇല്ലാത്തവരെ ഒന്നാംക്ലാസ്സിലും. ഞങ്ങള്‍ ഒന്നാംക്ലാസ്സുകാര്‍ പള്ളിയില്‍. ആറ് ബഞ്ചുകള്‍, 30 കുട്ടികളും.

ഉസ്താദ് ഓരോന്ന് പറയുന്നതും ഇപ്പോഴും കേള്‍ക്കുന്നപോലെ. അപ്പോഴേക്ക് പി.ഡി.അബ്ദുറസാഖ് മൗലവിയും വന്നു. അറബി, ഉറുദു ഒക്കെ പി.ഡിയാണ്. അര്‍ഥം കിട്ടാത്തവരെ നന്നായി ചെവി പിടിച്ച് എണീപ്പിച്ചു നിര്‍ത്തും. ആകെ 18 വിഷയങ്ങള്‍. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖാഇദ്, അറബി, അറബിമലയാളം, തജ്‌വീദ്, ഹിഫ്ദ്, ഇംഗ്ലീഷ്, മലയാളം, സയന്‍സ്, സാമൂഹ്യം, കണക്ക്, ഹിന്ദി.... ഇനിയും കാണും; മറന്നുതുടങ്ങി. ...സര്‍ഫ്, നഹ്‌വ് (അറബി വ്യാകരണം) - എന്റെ റബ്ബേ! 10 വയസ്സ് തികയാത്തയാള്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്നാണോര്‍മ. കാരണം, ഞാന്‍ നാലര വയസ്സില്‍ ഒന്നില്‍ ചേര്‍ന്നതിനാല്‍ ആറാംക്ലാസ് പ്രായം ഒന്‍പതര വയസ്സ്. എന്തോ ഇത്രയധികം വിഷയം കണ്ടിട്ടും അന്തംവിട്ടില്ല എന്നാണോര്‍മ. ആദ്യ വാര്‍ഷികയോഗം (1969 മേയില്‍) കഴിഞ്ഞപ്പോള്‍ത്തന്നെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് ബനാത്തിനെപ്പറ്റി നല്ലൊരു പേര് വന്നു. പെണ്‍കുട്ടികള്‍ അറബിയും മറ്റും പ്രസംഗിച്ചതൊക്കെ ജനങ്ങള്‍ക്ക് അദ്ഭുതമായിക്കാണും. എല്ലാം റബ്ബിനെക്കഴിഞ്ഞാല്‍ എന്റെ പ്രിയ ശംസുസ്താദിന്റെയും സുഹൃത്തുക്കളുടെയും കഴിവ്. ശാന്തപുരത്തുനിന്ന് പഠിച്ച അവര്‍ ഞങ്ങളുടെ സ്ഥാപനത്തെയും ശാന്തപുരം മോഡലിലേക്ക് വളര്‍ത്തുകയായിരുന്നു. അല്‍ഹംദുലില്ലാഹ്.

അന്ന് ഒരു അഡ്വ. പി.എ.സെയ്ദ്മുഹമ്മദിന്റെ പ്രസംഗമാണ് എന്റെ അകക്കണ്ണ് തുറപ്പിച്ചത്. എന്റെ ഇത്താത്ത ഐഷാബി '68 ല്‍ ഉമ്മാടെ നിര്‍ബന്ധപ്രകാരം ബനാത്തില്‍ ചേര്‍ന്നിരുന്നു. '69 ല്‍ ഞാന്‍ എന്റെ നിര്‍ബന്ധപ്രകാരം ചേരുകയായിരുന്നു. വീട്ടില്‍ ആരും സമ്മതിക്കുന്നില്ലെങ്കിലും ഉള്ള അറിവുവച്ച് ഉമ്മാനോട് ഒരൊറ്റ ഭീഷണി - എന്നെ ബനാത്തില്‍ ചേര്‍ത്തില്ലെങ്കില്‍ ഉമ്മ ആഖിറത്തില്‍ ഉത്തരം പറയേണ്ടിവരും. റബ്ബ് എന്റെ ഉള്ളിലിരുന്ന് പറയിപ്പിക്കുകയായിരുന്നു. നാഥാ, നീ മഹാന്‍. ഉപ്പാനോട് ചോദിച്ചപ്പോള്‍ നീരസത്തോടെ, 'എന്തെങ്കിലും ചെയ്‌തോ' എന്ന മറുപടി. എന്തായാലും വാശിക്കാരിയായ ഞാന്‍ പിന്തിരിഞ്ഞില്ല. എന്റെ കുഞ്ഞാമാടെ മോള്‍ ഖദീജാബിത്ത വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെ ബനാത്തില്‍ ചേരുമെന്നറിഞ്ഞപ്പോള്‍ എനിക്ക് സഹിക്കാനാവില്ല. വാര്‍ഷികം കഴിഞ്ഞ് മടങ്ങുന്ന രാത്രിയില്‍ ഞാന്‍ ഖദീജാബിത്താനോട് സ്വകാര്യം പറഞ്ഞു: ഞാനും ചേരും കയ്ജാബിത്താ, ബനാത്തില്‍. വയസ്സുകാലത്ത് ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മകള്‍. കണ്ണുകളെ ഈറനണിയിക്കുന്നുമുണ്ട്.

ഉസ്താദ്, മാതാപിതാക്കള്‍, കുഞ്ഞാമ (ഹാജി അമീര്‍ മൊയ്തീന്‍) തുടങ്ങി പലരും ഓര്‍മയിലെത്തുന്നു. ഉസ്താദ് ഞങ്ങളുടെ ഉമ്മയും ഉപ്പയും എല്ലാമായിരുന്നു. വെറുതെയല്ല നബി(സ)യെ أنت أم أم أب എന്ന് കവി പാടിയത്. അങ്ങനെ ഞാനെന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കവെ ഒരറിയിപ്പ്. ഇനി ബനാത്തിലേക്ക് ഇന്റര്‍വ്യൂ നടത്തിയിട്ടേ ചേര്‍ക്കുകയുള്ളൂ. ചേരുന്ന ദിവസം സുബ്ഹി നിസ്‌കരിച്ച് കുഞ്ഞുകൈകളുയര്‍ത്തി ഞാന്‍ തേടിയതിനും ഓര്‍മയുണ്ട് - അല്ലാഹ്, എന്നെ ടെസ്റ്റില്‍ പാസ്സാക്കിത്തരണേ. ഒന്‍പതരയ്ക്ക് ഞങ്ങളൊക്കെ പള്ളിയിലെത്തി. എന്നെ മദ്‌റസയില്‍ അത്തഹിയാത്തിലെ സ്വലാത്ത് പഠിപ്പിച്ച, എനെറ സുപരിചിതനായ സിദ്ദുസ്താദ് (പ്രൊഫ. കെ.എ.സിദ്ദീഖ് ഹസന്‍ സാഹിബ്) ആണ് ഇന്റര്‍വ്യൂ. എന്റെ അഞ്ചാം ജുസ്അ് - ഇളംപച്ചച്ചട്ടയുള്ള മുസ്ഹഫില്‍നിന്ന് ഒരു ഭാഗം -എനിക്ക് തോന്നുന്നത് وبدالهم എന്ന ഭാഗമാണെന്നാണ് - ഓതിപ്പിച്ചു. മുക്കിയും മൂളിയും ആണ് ഓതിയത് എന്നുറപ്പ്. കാരണം, വീട്ടില്‍ വന്നിട്ട് ഇത്താത്ത ഉമ്മാനോട് പറഞ്ഞു: ഉമ്മാ, സബിനെ എടുക്കും എന്ന് തോന്നുന്നില്ല. വിക്കിവിക്കിയാണ് ഓതിയത്. ഓതുമ്പോള്‍ ഉസ്താദന്മാര്‍ പരസ്പരം നോക്കുകയും ചെയ്തു. കൂടാതെ ഉസ്താദ് ഉമ്മാക്ക് കത്ത് കൊടുത്തയച്ചു. ശരിക്ക് ഓതണില്ല. വീട്ടില്‍ ശ്രദ്ധിക്കണം. 

ഇടയില്‍ പറയട്ടെ, അന്ന് മദ്രസയില്‍ പോകണത് ഏറ്റവും വലിയ മടിയുള്ള കാര്യമായിരുന്നു. വല്ല പുളി പൊട്ടിച്ചു തിന്നാനൊക്കെയാണ് 'ഓത്തുള്ളി'യില്‍ പോണത്. ആ പഠനത്തോടുതന്നെ ഒരുതരം വെറുപ്പായിരുന്നു. അഞ്ചാംക്ലാസ്സിലൊക്കെ ആകുമ്പോള്‍ അല്പം ദീനുള്ളവര്‍ തട്ടമിടും. എനിക്കതും വെറുപ്പായിരുന്നു. ഷോര്‍ട്ട് പാവാടയും ബ്ലൗസും മാത്രം ഇട്ടാണ് കെ.വി.എച്ച്.എസ്സില്‍ പോയിരുന്നത്! ഈമാന്‍ ഉള്ളില്‍ കയറിയപ്പോള്‍ എന്റെ ഫാഷന്‍ മനസ്സ് ഓടിമറഞ്ഞു. വല്യപാവാടയും കുപ്പായവും മക്കനയും. എന്തൊരന്തരം! അല്ലാഹുവേ, ഇപ്പോഴും എനിക്ക് നിന്നെ മാത്രമുള്ളൂ സ്തുതിക്കാന്‍. വലിയൊരു ലോകത്തേക്കെന്നെ നീ തള്ളിവിടുകയായിരുന്നു, തീര്‍ച്ച. എനിക്ക് കിട്ടിയതെന്തും ബനാത്തില്‍നിന്നാണ്. അങ്ങനെ എന്റെ പ്രാര്‍ഥന ഫലിച്ചു. എന്നെയും ബനാത്തില്‍ ചേര്‍ത്തി. പ്രൊഫ. മുഹമ്മദലിക്കയാണ് സര്‍ഫ് പഠിപ്പിച്ചത്. ബോര്‍ഡില്‍ എഴുതി പഠിപ്പിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്ക് എനിക്കത് മനസ്സിലാവുകയും അത് ഹിഫഌ ആക്കുകയും ചെയ്തു. രണ്ട് പിരിയഡുകളിലായാണ് فعل فعلا പഠിപ്പിച്ചത്. പിന്നെ, അവിടന്നങ്ങോട്ട് പഠനത്തിന്റെ സുന്ദര നാളുകളായിരുന്നു. മാതൃകയില്ലാത്ത പഠനരീതികള്‍. ഉറുദു, ആരെങ്കിലും കണ്ടിട്ടുണ്ടോ അന്ന്? സര്‍ഫ് എന്നാല്‍ തുണി കഴുകുന്ന സര്‍ഫ്‌പൊടിയാണ് ആളുകള്‍ക്ക്! അങ്ങനെ അറിവിന്റെ കൊടുമുടി തേടിയുള്ള യാത്രയുടെ ആരംഭം ആ പള്ളിമൂലയില്‍ തുടങ്ങി. റബ്ബേ, ഞാനൊന്ന് പൊട്ടിക്കരയട്ടെ. യാസീനിലെ മഹാന്‍ പറഞ്ഞപോലെ:
يا ليت قومي يعلمون، بما غفرلي ربي وجعلني من المكرمين


ഇന്നും ഖുര്‍ആനാകുന്ന കടലിനെ കണ്ടാസ്വദിക്കാനേ ആകുന്നുള്ളൂ. കാലം എത്ര കറങ്ങി. കൃത്യം പറഞ്ഞാല്‍ 43 കൊല്ലം. അന്നും പ്രാര്‍ഥനയാണ് എല്ലാ കാര്യത്തിനും. ഒരു മാസം കൊണ്ടുതന്നെ പഠനത്തില്‍ മിടുമിടുക്കിയായി മാറി ഞാന്‍. അല്‍ഹംദുലില്ലാഹ്. നവംബറില്‍ അരപ്പരീക്ഷ. പതിനായിരം ദിക്‌റ് നിയ്യത്താക്കി. എന്നെ ഫസ്റ്റാക്കിത്തരണം. തരാതെ പറ്റില്ല എന്ന മനസ്സ്. സ്‌കൂളില്‍ എല്ലാ ക്ലാസ്സിലും മറ്റാര്‍ക്കും ഞാന്‍ ഒന്നാംസ്ഥാനം വകവച്ചുകൊടുത്തിട്ടില്ല. ബനാത്തിലും അത് കിട്ടാതെ പറ്റില്ല. നവംബറില്‍ നോമ്പ് കഴിഞ്ഞ് വന്നപ്പോള്‍ ഉസ്താദ് നോട്ടീസ്‌ബോര്‍ഡ് കൊണ്ടുവന്നു. ഞാന്‍ ഇടംകണ്ണിട്ട് നോക്കി. സബിദ.പി.എം. ഒന്നാംസ്ഥാനത്ത് എന്റെ പേരുതന്നെ. അല്‍ഹംദുലില്ലാഹ്. ഫസ്റ്റാകുമ്പോള്‍ സന്തോഷത്തോടൊപ്പം ചെറിയൊരു നാണമോ മറ്റോ ഉണ്ടാകും അന്നൊക്കെ. ബനാത്തിലെ എട്ടര കൊല്ലത്തിനിടയില്‍ മൂന്നുനാലു പ്രാവശ്യം എന്റെ ഒന്നാംസ്ഥാനം പോയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കെ.കെ.ആരിഫ്ത്തയോ ആത്മമിത്രമായിരുന്ന കെ.എ.അസ്മയോ ആയിരുന്നു അറിയാതെ എന്നില്‍നിന്നത് തട്ടിപ്പറിച്ചത്. പരേതനായ മക്കാരുസ്താദിനോട് ഞാന്‍ ഒരിക്കല്‍ മാര്‍ക്കിനുവേണ്ടി തര്‍ക്കിച്ചു. അവസാനം, ഉസ്താദ് പറഞ്ഞു: ഞാനും ഇങ്ങനെയായിരുന്നു. ഉസ്താദ് മൂപ്പരുടെ തീരുമാനത്തില്‍ ഉറച്ചു നിന്നപ്പോള്‍ പെട്ടെന്ന് എന്റെ കണ്ണു നിറഞ്ഞുപോയി. കരഞ്ഞില്ല. ഉസ്താദിന് എന്റെ വിഷമം മനസ്സിലായി.

ഇങ്ങനെ എഴുതാനിരുന്നാല്‍ പേജുകള്‍ നിറയും. ഒരധ്യാപിക എന്ന നിലയ്ക്ക് ഞാന്‍ വിജയിച്ചോ എന്നറിയില്ല. ഒരു വിദ്യാര്‍ഥിനി എന്ന നിലയ്ക്ക് ഞാന്‍ വിജയിച്ചിട്ടുണ്ട്. ഇത് വായിക്കുന്ന എന്റെ പ്രിയ ഉസ്താദുമാരും എന്റെ സുഹൃത്തുക്കളും അവരുടെ ഓര്‍മകള്‍ കൂടി ചേര്‍ത്തുവച്ച് വായിക്കുമ്പോള്‍ എന്തൊരു ഹൃദ്യമായിരിക്കും! ഓര്‍മകള്‍ - അതയവിറക്കല്‍ ഒരു ഭാഗ്യം തന്നെ.

Monday, November 5, 2012

എന്റെ അധ്യാപനജീവിത കഥകള്‍

എന്റെ അധ്യാപനജീവിതത്തിന്റെ കഥയാണിത്. പഠനത്തിന്റെ തുടക്കം ബനാത്തില്‍ത്തന്നെ. പഴയ ഓര്‍മകളുടെ ചെപ്പ് തുറക്കുന്നത് രസകരമാണ്. എന്തുകൊണ്ടോ എന്റെ ഓര്‍മയിലേക്ക് എന്റെ ആദ്യവിദ്യാര്‍ഥിനിയായി ഓടിയെത്തിയത് മരിച്ചുപോയ സജിതയാണ്. അതിനുമുമ്പ് ചില കൊച്ചുകൊച്ചു കഥകള്‍ എഴുതട്ടെ. എന്റെ അധ്യാപനജീവിതകഥകള്‍ എഴുതുമ്പോള്‍ ബനാത്ത് അഥവാ വിമന്‍സ് അറബിക് കോളേജ് തന്നെയാണ് ആദ്യം എത്തുക.

ഒരു ചൂടുള്ള ദിവസം. മെയ്മാസമായിരിക്കുമെന്ന് കരുതുന്നു. കൊല്ലവും തീയതിയും കൃത്യമായി ഓര്‍ക്കുന്നില്ല. ഉസ്താദിന്റെ നിര്‍ദേശപ്രകാരം ഞങ്ങള്‍ - ആരിഫ്ത്ത, പരേതയായ കെ.കെ.സുഹ്‌റ, കൊച്ചാമിനുമ്മ - പല ഭാഗത്തേക്കും സ്‌കോഡുകള്‍ പോകാറുണ്ട്. ഇന്നത്തെ തലമുറയ്ക്ക് തമാശ തോന്നുന്നുണ്ടാകും. അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ ബനാത്തില്‍ കുട്ടികള്‍ വേണം. ഓരോ വീടുകളിലും ചെന്ന് കുട്ടികളെയും രക്ഷിതാക്കളെയും ഇസ്‌ലാമികസ്ഥാപനത്തിലെ പഠനത്തിന്റെ മേന്മയെപ്പറ്റി പരിചയപ്പെടുത്തണം. കുട്ടികളെ ചേര്‍ക്കാനായി പരമാവധി പ്രേരിപ്പിക്കണം.

എനിക്കന്ന് കൂടിവന്നാല്‍ 15 വയസ്സ് കഴിഞ്ഞുകാണുമായിരിക്കും. അന്ന് എത്രയാണ് നടന്നിട്ടുണ്ടാവുക! കാലില്‍ വിള്ളലും വേദനയും ഒക്കെ ഉണ്ടാകാറുണ്ട്. അതൊക്കെ ആര് വിലവെക്കാന്‍ തീരെ നടക്കാന്‍ പറ്റാതാകുമ്പോള്‍ കാലൊന്ന് നനയ്ക്കും. അപ്പോള്‍ വേദനയ്ക്ക് ആശ്വാസമാകും. എന്നാലും നടക്കും. അന്ന് സ്‌കോഡ് പോയത് അഴീക്കോട് ഭാഗത്തേക്കാണ്. ബസ്സില്‍ കയറി പോയിട്ടില്ല എന്നാണോര്‍മ. കുട്ടികളല്ലേ, നടന്നാല്‍ മതി. മാത്രമല്ല, ഇടയ്ക്കിടയ്ക്ക് ഓരോ വീടുകളില്‍ കയറി ഞങ്ങളുടെ ദൗത്യം നിര്‍വഹിക്കണം. പരിഹാസം, പുച്ഛം ഒക്കെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ പ്രിയ ഉസ്താദന്മാര്‍ കത്തിച്ചുതന്ന കൈത്തിരി കെടാതെ സൂക്ഷിക്കണമല്ലോ. അങ്ങനെ, അന്നത്തെ സ്‌കോഡ് അഴീക്കോട് ലൈറ്റ്ഹൗസ് സ്റ്റോപ്പ് വരെയെത്തി. ഇന്നത്തെ അസിസ്റ്റന്റ് തഹസില്‍ദാര്‍ കറുകപ്പാടത്ത് സാദിഖിന്റെ വീടായിരുന്നു അത്; (ചാലിലെ) അബ്ദുറഹ്മാന്‍ ഇക്കാടെ വീട്. മകള്‍ സജിത. ഗേള്‍സില്‍ ഏഴിലോ എട്ടിലോ പഠിക്കുന്നു. എന്തോ പല വീടുകളില്‍നിന്നും കിട്ടാത്ത പരിഗണനയും സ്‌നേഹവും. ഞങ്ങള്‍ അന്ന് എത്ര കിലോമീറ്റര്‍ സഞ്ചരിച്ചുകാണുമെന്നോ - കാല്‍നടയായി ഒരു നാലഞ്ചു കിലോമീറ്റര്‍. എന്റെ വീട്ടില്‍നിന്ന് ബനാത്തിലേക്ക് ഒരു കിലോമീറ്ററിലധികം. അവിടെ നിന്ന് ഇടവഴികള്‍ താണ്ടി പേബസാര്‍, കരിക്കുളം ആസ്പത്രി സ്റ്റോപ്പും പിന്നിട്ട് ലൈറ്റ്ഹൗസ് സ്റ്റോപ്പ്. കൊല്ലം എത്രയായി! ഏതാണ്ട് 38 കൊല്ലം. അന്നത് ഞങ്ങളുടെ ജിഹാദായിരുന്നു, തീര്‍ച്ച.

അന്ന് ഓട്ടോറിക്ഷ എന്ന വാഹനം ഇല്ല. തൃശ്ശൂരോ എറണാകുളത്തോ ഉണ്ടായിരുന്നിരിക്കാം. അല്ലാതെ നമ്മുടെ നാട്ടില്‍ ഇല്ലായിരുന്നു. നമ്മുടെ കൊടുങ്ങല്ലൂര്‍ ഒരു ഓട്ടോ വന്നത് ഏകദേശം 1977 ലോ 78 ലോ ആണ്. അതിലൊക്കെ കയറാന്‍ പിന്നെയും എത്രയോ കാലം കാത്തിരിക്കേണ്ടിവന്നു. ഇന്നത്തെ മക്കള്‍ ഇതൊക്കെ വായിച്ച് ചിരിക്കട്ടെ. ഞാനെന്റെ വിദ്യാര്‍ഥികള്‍ക്ക് ഇത്തരം പഴയ കാര്യങ്ങള്‍ ധാരാളമായി പറഞ്ഞുകൊടുക്കാറുണ്ട്. ചിമ്മിനിവിളക്കിനു കീഴിലിരുന്ന് പഠിച്ചിരുന്ന കാലം. അന്ന് കണ്ണ് കാണുമായിരുന്നുവോ? ഇന്ന് നാമനുഭവിക്കുന്ന സുഖങ്ങള്‍ എത്രയാണ്!

നമുക്ക് ലൈറ്റ്ഹൗസ് സ്റ്റോപ്പിലേക്കുതന്നെ പോകാം. സജിതയുടെ വീട്. അവിടത്തെ സ്‌നേഹം ഞങ്ങള്‍ക്ക് ബോധ്യമായപ്പോള്‍ സജിതയുമായി നന്നായടുത്തു. അവള്‍ ബനാത്തില്‍ ചേരാന്‍ സന്നദ്ധയായി. അവളുടെ ഉപ്പയും ഉമ്മയും ഒക്കെ സമ്മതിച്ചു. ഞങ്ങള്‍ അവിടത്തെ ഷോകേസില്‍ ഉണ്ടാക്കിവച്ചിരുന്ന മുത്തിന്റെ കൊച്ചു മൃഗപ്പാവകളെയൊക്കെ വീക്ഷിച്ചു. നിറഞ്ഞ മനസ്സോടെ തിരിച്ചുപോന്നു. ചോറൊക്കെ എവിടെ നിന്ന് കഴിച്ചു എന്നോര്‍മയില്ല. ഏതെങ്കിലും കൂട്ടുകാരിയുടെ വീട്ടില്‍നിന്നായിരിക്കും. വീട്ടില്‍ എന്റെ ഓവര്‍സ്മാര്‍ട്ടിന് എന്നും വഴക്കാണ്. നേരം വൈകിയാല്‍ എല്ലാവര്‍ക്കും ദ്വേഷ്യം വരും. അതിനാല്‍ ബനാത്ത് വിട്ടാലുടനെതന്നെ വീട്ടിലെത്തിച്ചേരാന്‍ പരമാവധി ശ്രമിക്കും. അല്ലെങ്കില്‍ ഉപ്പ എറണാകുളത്തുനിന്ന് വരുന്ന ദിവസമാണെങ്കില്‍ ഉമ്മാക്ക് എന്റെ വൈകി എത്തലില്‍ മുഖം മാറീട്ടുണ്ടാകും. എനിക്കും ഉമ്മാനെ വിഷമിപ്പിച്ചതില്‍, ചെയ്ത നന്മയുടെ സന്തോഷം മാഞ്ഞുപോകും. പിന്നെ, മഗ്‌രിബ് നിസ്‌കരിച്ച പായയില്‍ ഇരുന്നും കുറച്ചുകഴിഞ്ഞ് ഉമ്മാടെ മടിയില്‍ കിടന്നും എല്ലാവരുടെയും ഭാഷയില്‍ പറഞ്ഞാല്‍ ഉമ്മാനെ സോപ്പിട്ട് സന്തോഷിപ്പിക്കും. ഞാനിന്നോര്‍ക്കുകയാണ് - എന്തായിരിക്കും അന്ന് ഉമ്മാനോട് പറഞ്ഞിരുന്നത്? ഇസ്‌ലാംതന്നെയായിരിക്കും അന്നും പറഞ്ഞിരിക്കുക. ഒരിക്കല്‍ ഉമ്മ എന്നോട് ചോദിച്ചു: മോളേ, നമ്മള്‍ കുഞ്ഞിരാമനോടും കൃഷ്ണന്‍കുട്ടിയോടുമൊക്കെ എന്ത് ദീനാണ് പറയേണ്ടത്? (അവരോടൊക്കെ സ്രഷ്ടാവിന്റെ ഗ്രന്ഥം - ഖുര്‍ആന്‍ - എത്തിക്കല്‍ ബാധ്യതയാണെന്ന ചര്‍ച്ചയില്‍ നിന്നാകാം ഉമ്മ അദ്ഭുതത്തോടെ അങ്ങനെ ചോദിച്ചിട്ടുണ്ടാവുക).

അക്കൊല്ലം ജൂണിലോ മെയ് അവസാനമോ ബനാത്ത് തുറന്നു. ഞങ്ങളുടെ പ്രിയസുഹൃത്ത് ഞങ്ങളുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് ബനാത്തില്‍ ചേരാന്‍ വന്നിരിക്കുന്നു! സജി വരുമെന്ന് ഞങ്ങള്‍ കരുതിയിരുന്നില്ല. അന്ന് കുറച്ചൊക്കെ 'ഉള്ള' ആള്‍ക്കാരൊന്നും ബനാത്തില്‍ ചേരില്ല. അതൊരു മോശമായിരുന്നു അവര്‍ക്ക്. ഞങ്ങള്‍ കുബേരന്മാരല്ലായിരുന്നെങ്കിലും അത്യാവശ്യം ഭേദപ്പെട്ട കുടുംബമായിരുന്നു. ഉപ്പ കേന്ദ്രഗവണ്മെന്റ് ഉദ്യോഗസ്ഥന്‍. രണ്ടേക്കര്‍ പറമ്പും വീടും ഉണ്ട്. എന്റെ വാശിക്കായിരുന്നു ഒന്‍പതര വയസ്സില്‍ ഞാന്‍ ബനാത്തില്‍ ചേര്‍ന്നത്. സജിത ബനാത്തില്‍ ചേര്‍ന്നപ്പോള്‍ ഞാന്‍ ഏതാണ്ട് ആറാം ക്ലാസ്സിലാണ് ബനാത്തില്‍. അഞ്ചില്‍ ആയിരുന്നപ്പോള്‍ മുതല്‍ ഒന്നും രണ്ടും ക്ലാസ്സുകളില്‍ ഞാന്‍ ക്ലാസ്സെടുക്കുമായിരുന്നു. വിദ്യാര്‍ഥി+ടീച്ചര്‍. ടീച്ചര്‍ എന്ന് വിളിച്ചിരുന്നില്ല ആരും. ചിലര്‍ പേരു വിളിക്കും. ചിലര്‍ ഇത്താന്നും വിളിക്കും. 

ഞങ്ങളുടെ സമര്‍ഥരായ ഗുരുനാഥന്മാര്‍ ഞങ്ങളിലെ എല്ലാ കഴിവുകളെയും പരമാവധി പുറത്തെടുപ്പിക്കുകയായിരുന്നു. പരീക്ഷാഹാളില്‍ സൂപ്പര്‍വിഷന് നില്‍ക്കുക, ചോദ്യപേപ്പര്‍ കാര്‍ബണ്‍ കോപ്പി എടുത്തുകൊടുക്കുക, ബനാത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുക ഒക്കെ എന്നില്‍ ഉസ്താദുമാര്‍ ഏല്പിക്കുമായിരുന്നു. അങ്ങനെയാണ് സജിത എന്റെ വിദ്യാര്‍ഥിനിയായത്. നല്ല മിടുക്കിയായിരുന്നു. നന്നായി പഠിക്കുമായിരുന്നു. രണ്ടുമൂന്നു കൊല്ലം അവള്‍ പഠിച്ച്, വീണ്ടും ഗേള്‍സില്‍ ചേര്‍ന്നുവെന്നാണ് എന്റെ ഓര്‍മ. അവള്‍ ഇന്ന് ഓര്‍മയായി. രണ്ടുമൂന്നു കൊല്ലം മുമ്പ് അവള്‍ മരിച്ചു. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊന്‍.

കൂട്ടത്തില്‍ ഒരു കാര്യം കൂടി എഴുതട്ടെ. അവള്‍ ബനാത്തില്‍ ചേര്‍ന്ന് കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്‌നേഹധനനായ ആ പിതാവ് ഹൃദയാഘാതംമൂലം നിര്യാതനായി. കൊച്ചുപ്രായത്തില്‍ ഞങ്ങളും സജിത എന്ന ഞങ്ങളുടെ സുഹൃത്തിന്റെ ദുഃഖത്തില്‍ പങ്കുകൊണ്ടു. അന്നൊക്കെ ഒരു മരണം ഭയങ്കര സംഭവമായിരുന്നു. ഇന്ന് ജനം പെരുകി. എന്നും മരണം. സജിത മരിച്ചതിന്റെ പിറ്റേദിവസമേ എനിക്ക് പോകാന്‍ കഴിഞ്ഞുള്ളൂ. മയ്യിത്ത് കാണാന്‍ കഴിഞ്ഞില്ല. എങ്കിലും അവളുടെ ഉമ്മയെയും സഹോദരങ്ങളെയും മക്കളെയും ഭര്‍ത്താവിനെയും ചെന്നുകണ്ട് തഅ്‌സിയത്ത് അറിയിച്ചു. പ്രിയപ്പെട്ട ആ വിദ്യാര്‍ഥിനിസുഹൃത്തിനെ നല്ലയിടത്തുവച്ച് കാണാന്‍ റബ്ബ് തുണയ്ക്കട്ടെ. ആമീന്‍. എന്റെ മകള്‍ മരിച്ച പിറ്റേദിവസം സജിത അവളുടെ എല്ലാ അസുഖങ്ങളും വച്ചുകൊണ്ട് എന്നെ സന്ദര്‍ശിച്ചു. കുറേനേരം സംസാരിച്ചിരുന്നു. എന്റെ വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ധാരാളം ഉണ്ട്. ഇനിയും പറയാനുണ്ട് ഏറെ കഥകള്‍. ആര്‍ക്കെങ്കിലും പ്രചോദനമായെങ്കില്‍ ഞാന്‍ ധന്യയായി.

വസ്സലാം.