Thursday, September 25, 2014

മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവം

കഴിഞ്ഞ മാസം കേരള സാഹിത്യ അക്കാദമി ഹാളില്‍ അത്യപൂര്‍വമായ ഒരു സാഹിത്യോത്സവം സംഘടിപ്പിക്കപ്പെടുകയുണ്ടായി. അറബി-മലയാളം സാഹിത്യോത്സവം ആയിരുന്നു അത്. ധാരാളം അറബിസാഹിത്യകാരന്മാരും മലയാള സാഹിത്യകാരന്മാരും പങ്കെടുക്കുകയുണ്ടായി, ആ സമ്മേളനത്തില്‍. എന്നാല്‍, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, എല്‍.പി., യു.പി. അധ്യാപകരുടെ പങ്കാളിത്തം വളരെ കുറവായിരുന്നു. ഏതായിരുന്നാലും അറബിഭാഷയെ സ്‌നേഹിക്കുകയും അതില്‍ രചനകള്‍ നടത്തുകയും ചെയ്യുന്ന കേരളീയന് അത്യന്തം സന്തോഷദായകമായിരുന്നു സമ്മേളനം. .
അറബിസാഹിത്യത്തില്‍ നോവലും കവിതയും എഴുതുന്ന, സാഹിത്യകാരന്മാരെ നേരില്‍ കാണാനും അവരുമായി സംവദിക്കാനും ലഭിച്ച അസുലഭ മുഹൂര്‍ത്തം. പലസ്തീന്‍ സ്വദേശിയായ സിനിമാ ഡയറക്ടര്‍ ലിയാനാ ബദര്‍, ടാഗോര്‍ അവാര്‍ഡ് നേടിയ ഡോ. ഷിബാബ് ഗാനം, ഒമാനിലെ എഴുത്തുകാരിയായ അസ്ഹാര്‍ അഹമ്മദ്, ഇറാഖി നോവലിസ്റ്റായ മഹ്മൂദ് സഈദ് തുടങ്ങി പ്രമുഖരായ പലരും പങ്കെടുക്കുകയുണ്ടായി. ഈ പരിപാടി സംഘടിപ്പിച്ച സാഹിത്യ അക്കാദമിയെ എത്ര പ്രശംസിച്ചാലും അധികമാകില്ല. 

കുവൈത്തിലെ യുവകവിയായ സാലിം ഖാലിദ് അല്‍-റിമെദി തന്റെ കവിതാപാടവം കൊണ്ടും ശുദ്ധമായ അറബി പ്രഭാഷണം കൊണ്ടും സദസ്യരെ കൈയിലെടുത്തു. കവിതകള്‍ പ്രണയം തുളുമ്പുന്നവയായിരുന്നു. ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ ഇന്ദുമേനോന്‍ തന്റെ പ്രഭാഷണത്തില്‍, കുവൈത്തിലെ ചങ്ങമ്പുഴയായിട്ടാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. ഡോ. മര്‍യം അശ്ശിനാസി എന്ന യു.എ.ഇ. വനിത സത്യത്തില്‍ സദസ്സിനെ അവരുടെ സംസാരപാടവത്താല്‍ സഹൃദയത്വത്തിന്റെ ആഴങ്ങളിലേക്കാണ് കൊണ്ടുപോയത്. അവര്‍ എഴുതിയ 'ഒരു അറേബ്യന്‍ അശ്വാഭ്യാസിനിയുടെ അനുഭവങ്ങള്‍' എന്ന പുസ്തകം അബ്ദു ശിവപുരം വിവര്‍ത്തനം ചെയ്ത്, കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചത് ഞങ്ങള്‍ക്കെല്ലാം അവരുടെ കൈയൊപ്പോടെ സമ്മാനിക്കുകയുണ്ടായി.

ആദ്യദിവസം സാഹിത്യസമ്മേളനത്തില്‍ ഇറാഖി നോവലിസ്റ്റായ മഹ്മൂദ് സഈദിന്റെ 'ഒരു അറബി എഴുത്തുകാരന്റെ ഉള്‍പ്രേരണകള്‍' എന്ന വിഷയത്തില്‍ നടത്തപ്പെട്ട പ്രഭാഷണം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം ഇറാഖും ഇന്ത്യയും തമ്മിലുള്ള പുരാതന ബന്ധത്തിന്റെ ശക്തി തെളിവുകളടക്കം സമര്‍പ്പിക്കുകയുണ്ടായി. ഇന്ത്യന്‍ സാഹിത്യ ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പേര്‍ഷ്യന്‍ ഭാഷ വഴി മൊഴിമാറ്റം നടത്തപ്പെട്ടതിനെപ്പറ്റി ഒക്കെ അദ്ദേഹം പരാമര്‍ശിക്കുകയുണ്ടായി.

ഈ സാഹിത്യസമ്മേളനത്തെപ്പറ്റി വിശദമായി എഴുതാന്‍ പലപ്പോഴും കരുതിയെങ്കിലും നടന്നില്ല. അതിനൊരു കാരണമുണ്ട്; ശ്രീ മഹ്മൂദ് സഈദ് ഒരു നോവല്‍ അയച്ചുതന്നിട്ട്, അത് മലയാളമാക്കാന്‍ അദ്ദേഹം എന്നോട് നിര്‍ദേശിക്കുകയുണ്ടായി. അതിന്റെ പണിയിലായതിനാല്‍ കുറച്ചു നാളായി വേറെ ഒന്നും എഴുതാന്‍ കഴിഞ്ഞില്ല.
സ്വാതന്ത്ര്യമില്ലാതിരുന്ന ഇറാഖില്‍നിന്ന് ഒളിച്ചോടി സിറിയ-ലബനാന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച രണ്ട് സുഹൃത്തുക്കളുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. മഹ്മൂദ് സഈദ് എന്ന 76കാരന്റെ ആത്മാവിഷ്‌കാരം കൂടി ആയേക്കാം ആ നോവല്‍. അദ്ദേഹം 15 കൊല്ലമായി ചിക്കാഗോയില്‍ താമസമാക്കിയിരിക്കയാണ് എന്ന് സംസാരമധ്യേ എന്നോട് പറയുകയുണ്ടായി. അത്യന്തം രസകരമായ, ജിജ്ഞാസയുണര്‍ത്തുന്ന ശൈലിയിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. അത് എത്രയും വേഗം വിവര്‍ത്തനം പൂര്‍ത്തിയാക്കണമെന്ന് കരുതുന്നു.

പ്രശസ്ത എഴുത്തുകാരനായ ശ്രീ വി.എ.കബീര്‍ 'മലയാളം അറബി സര്‍ഗവിനിമയങ്ങള്‍' എന്ന വിഷയം വളരെ ഗഹനവും തന്റെ സ്വന്തം ജീവിതത്തിലെ അപൂര്‍വ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തതും ആയാണ് അവതരിപ്പിച്ചത്. അസ്ഹാര്‍ അഹമ്മദ് തന്റെ പ്രഭാഷണത്തില്‍ (ഇന്ത്യന്‍ സാഹിത്യം, എന്റെ വായനാനുഭവങ്ങള്‍) ചെമ്മീന്‍ വായിച്ച അനുഭവം വളരെ ഹൃദയസ്പൃക്കായി അവതരിപ്പിച്ചപ്പോള്‍ നമ്മുടെ സാഹിത്യകാരന്മാരെയും സാഹിത്യത്തെയും അറബികള്‍ എങ്ങനെ ആസ്വദിക്കുന്നു എന്നും നിരീക്ഷിക്കുന്നു എന്നും ഉള്ള കാര്യം വളരെയധികം അഭിമാനത്തോടെയാണ് ഓരോ മലയാളിയും ശ്രവിച്ചത്. അവര്‍ തന്റെ നോവലിന്റെ പരിസരം ദല്‍ഹി ആക്കിയതിനെപ്പറ്റിയും വിവരിക്കുകയുണ്ടായി. ഇന്ത്യക്കാര്‍ നിഷ്‌കളങ്കരും സ്‌നേഹം നല്‍കുന്നവരുമാണെന്ന ഒരു ബോധമാണ് അത്തരം ഒരു തെരഞ്ഞെടുപ്പിന് തന്നെ പ്രേരിപ്പിച്ചതെന്ന് തുറന്നുപറയുകയുണ്ടായി.

അക്ബര്‍ കക്കട്ടില്‍ തന്റെ പ്രഭാഷണത്തില്‍ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമായിരുന്നു. ധാരാളം മതഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടെങ്കിലും അറബിസാഹിത്യം വളരെ കുറച്ചു മാത്രമേ മലയാളത്തിലേക്ക് എത്തിയിട്ടുള്ളൂ. ഈ ഒത്തുചേരല്‍ അതിനുള്ള ആരംഭമാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ശ്രീ എം.എം.ബഷീര്‍ മലയാളത്തിലെ ഇന്ദുലേഖ പോലെ, അറബിയില്‍ ഒരു കൃതി ഉണ്ടെന്നും (ഹൈക്കല്‍ എഴുതിയ 'സൈനബ്') അത് ആരെങ്കിലും വിവര്‍ത്തനം ചെയ്താല്‍ നന്നായിരിക്കുമെന്നും അഭിപ്രായപ്പെടുകയുണ്ടായി.
അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരെ അറബ്-പലസ്തീന്‍ സാഹിത്യകാരന്മാര്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നിര്‍വഹിച്ചതെന്ന് വര്‍ഷവും മാസവും ഉള്‍പ്പെടുത്തിക്കൊണ്ട് ലിയാന ബദര്‍ തന്റെ പ്രഭാഷണത്തില്‍ സ്മരിക്കുകയുണ്ടായി.
വായിച്ചു മാത്രം പരിചയമുള്ള പലരെയും നേരില്‍ കാണാനും സംവദിക്കാനും സാധ്യമായി എന്ന ചാരിതാര്‍ഥ്യത്തോടെയാണ് തിരിച്ചുപോന്നത്.

ഇതിനെല്ലാം കോ-ഓര്‍ഡിനേഷന്‍ നടത്തിയത് ദീര്‍ഘകാലം വിദേശത്ത് ജോലിചെയ്ത്, ഇപ്പോള്‍ നാട്ടില്‍ സ്ഥിരതാമസമാക്കിയ ശ്രീ ഖുദ്‌സി എസ് എന്ന സാഹിത്യകാരനായിരുന്നു. അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ പ്രത്യേകം നന്ദി അര്‍ഹിക്കപ്പെടുന്നു. ധാരാളം കൃതികളുടെ വിവര്‍ത്തനം നടത്തിയ മാന്യദേഹമാണ് അദ്ദേഹം.
എന്തായിരുന്നാലും, വളരെയേറെ ഉപകാരപ്രദമായ ഒരു കാര്യമായിരുന്നു സമ്മേളനം. ഏത് നാടിന്റെയും സാഹിത്യം ആ നാടിന്റെ സംസ്‌കാരത്തിന്റെ കൂടി വരമൊഴികളാണ്. ആ നിലയ്ക്ക് ഇരുഭാഷകളും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ ഈ സംരംഭം സഹായകമാകുമെന്നതില്‍ സംശയമില്ല.

ശ്രീ പെരുമ്പടവം ശ്രീധരന്‍ എല്ലാത്തിനും ചുക്കാന്‍ പിടിച്ചുകൊണ്ട് എല്ലാ വേദികളിലും നിറഞ്ഞുനിന്നു.
പ്രസിദ്ധ തമിഴ് കവയത്രി സല്‍മ ആധുനിക തമിഴ്‌സാഹിത്യത്തെപ്പറ്റി നല്ലൊരു പ്രഭാഷണം നിര്‍വഹിച്ചു.