Thursday, October 11, 2012

അധ്യാപനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും

എന്താണ് അധ്യാപകത്വം? അതിന്റെ മേന്മകളെന്ത്? അതില്‍ വീഴ്ചവരുത്തിയാലുള്ള ഗുരുതരമായ പ്രത്യാഘാതം എന്ത് എന്നീ ബിന്ദുക്കളാണ് ഈ വിഷയം ചര്‍ച്ചക്കെടുക്കുമ്പോള്‍ പ്രധാനമായും ചിന്താമണ്ഡലത്തിലേക്ക് ഉയര്‍ന്നുവരുന്നത്.

ഒരു അറബി കവിതാശകലം നമുക്കിങ്ങനെ വായിക്കാം:
قم للمعلم وفه التجبيلا

كاد المعلم أن يكون رسولا
നീ അധ്യാപകന് എല്ലാവിധ ബഹുമാനങ്ങളും നല്‍കുക. അധ്യാപകന്‍ ദൈവദൂതന്റെ പദവിയിലേക്കെത്താറായിരിക്കുന്നു.

അധ്യാപകസമൂഹത്തിന് മൊത്തത്തില്‍ ഉണര്‍വുണ്ടാക്കുന്ന ഒരു കവിതാശകലമാണിത്. ഒരു ജനതയെ ഉണര്‍ത്തുകയും സംസ്‌കരിക്കുകയും അവരെ മനുഷ്യത്വത്തിന്റെ പൂര്‍ണതയിലേക്കെത്തിക്കാന്‍ രാപകല്‍ പണിയെടുക്കുകയും ചെയ്യുന്നവരാണ് ദൈവദൂതന്മാര്‍. വാസ്തവത്തില്‍ അതേ ദൗത്യമാണ് അധ്യാപകര്‍ക്കുമുള്ളത്. മറ്റേതു തൊഴിലിനേക്കാളും ലാഭേച്ഛയില്ലാത്ത ഒരു ത്യാഗമാണ് അധ്യാപനം. സത്യത്തില്‍ അധ്യാപനത്തെ ഒരു തൊഴിലായി സ്വീകരിക്കുന്നിടത്തുവച്ച് ആ പ്രവൃത്തിയുടെ പരിശുദ്ധി നഷ്ടപ്പെടുന്നു. കാരണം, ഒരധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളെ തന്റെ വിഷയം മാത്രമല്ല പഠിപ്പിക്കുന്നത്. അയാളുടെ സ്വഭാവസവിശേഷതകളും സംസാര രീതികളും എന്തിനധികം അധ്യാപകന്റെ ശരീരഭാഷ പോലും കുട്ടികള്‍ അറിയാതെ സ്വായത്തമാക്കുന്നു. ഒന്നോര്‍ത്തുനോക്കൂ, ഒരധ്യാപകനല്ലാതെ മറ്റാര്‍ക്ക് ഈ പദവി അര്‍ഹതപ്പെടാന്‍ കഴിയും? ഒരു ഡോക്ടറെ അദ്ദേഹം ചികിത്സിക്കുന്ന രോഗികള്‍ നോക്കുന്നതുപോലെയല്ല ഒരധ്യാപകനെ തങ്ങളുടെ വിദ്യാര്‍ഥികള്‍ കാണുന്നത്. തനിക്കെല്ലാം തുറന്നു പറയാനും ആശ്വാസം കണ്ടെത്താനുമുള്ള സുരക്ഷിതമായ ഒരിടമാണ് അധ്യാപകന്‍ എന്ന് ഒട്ടുമുക്കാല്‍ കുട്ടികളും കരുതുന്നു.

അധ്യാപകന്‍ തീര്‍ത്തും മാതൃകായോഗ്യനായിരിക്കണം. സംസാരം, പെരുമാറ്റം, വസ്ത്രധാരണം, വൃത്തി എന്നിവയിലെല്ലാം ഉയര്‍ന്ന നിലവാരം പുലര്‍ത്തണം. താന്‍ ചെന്നുനില്‍ക്കുന്നത് കളങ്കമെന്തെന്നറിയാത്ത കൊച്ചുമാലാഖമാരുടെ മുന്നിലാണെന്ന ബോധം അധ്യാപകനെ സദാസമയവും ഭരിച്ചുകൊണ്ടിരിക്കണം. ''ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തെട്ടു പിഴയ്ക്കും ശിഷ്യന്.'' എന്ന കവിത അധ്യാപകന്റെ മനസ്സിലുണ്ടായിരിക്കണം.

അധ്യാപകന്‍ തന്റെ വിദ്യാര്‍ഥിയുടെ ജീവിതകാലം മുഴുവന്‍ തങ്ങിനില്‍ക്കുന്ന രൂപത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ സന്നിവേശിപ്പിക്കേണ്ടവനാണ്. അധ്യാപകര്‍ പരമാവധി താന്‍ പഠിപ്പിക്കുന്ന വിഷയത്തിലെ 'മാസ്റ്റര്‍' ആയിരിക്കണം. തന്റെ വിദ്യാര്‍ഥികള്‍ക്ക് പാഠം വായിച്ചുകൊടുക്കുന്ന ഒരു ടേപ്പ്‌റെക്കോര്‍ഡറല്ല അധ്യാപകന്‍. പകരം അവരെ വരികള്‍ക്കപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി, അറിവിന്റെയും അനുഭവങ്ങളുടെയും മധുരക്കനികള്‍ പകര്‍ന്നുകൊടുക്കുന്ന സ്‌നേഹനിധിയായിരിക്കണം. തന്റെ വിദ്യാര്‍ഥികള്‍ ഒഴിഞ്ഞ പാത്രങ്ങളാണെന്നും താനാണ് അവയില്‍ അറിവിന്റെ തെളിനീര്‍ നിറച്ചുകൊടുക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ എന്നുള്ള ബോധവും അധ്യാപകനുണ്ടാകണം. അതിനാല്‍ത്തന്നെ, അധ്യാപകന്‍ നല്ല ആഴവും പരപ്പും ഉള്ള വായനക്കാരനാകണം. വായന അധ്യാപകരുടെ ജീവിതത്തിലെ അഭിവാജ്യഘടകമായിരിക്കണം. ഒരു ക്ലാര്‍ക്കിനോ നഴ്‌സിനോ വായനാശീലമില്ലെങ്കില്‍ ഉണ്ടാകുന്നതിനേക്കാള്‍ വിനയാണ് ഒരധ്യാപകന്‍ വായിക്കാത്തവനായി കുട്ടികളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. കാരണം, തന്റെ മുന്നിലിരിക്കുന്ന വ്യത്യസ്ത അഭിരുചികളും സിദ്ധികളും ഉള്ള വിദ്യാര്‍ഥികളുടെ ജ്ഞാനതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ അധ്യാപകന്‍ നിര്‍ബന്ധമായും വായിച്ചേ മതിയാകൂ. വായനയില്ലാത്ത അധ്യാപകന്‍ അല്ലെങ്കില്‍ കാലത്തിനെ പഠിക്കാത്ത അധ്യാപകന്‍ തന്റെ വിദ്യാര്‍ഥികളോട് ആത്മഹത്യാപ്രവണതയാണ് പ്രദര്‍ശിപ്പിക്കുന്നത്. പുത്തന്‍ അറിവുകള്‍ സ്വായത്തമാക്കുന്ന കുട്ടി തന്റെ അധ്യാപകനെ എല്ലാവരേക്കാളും ഉന്നതിയില്‍ കാണാനാണാഗ്രഹിക്കുന്നത്. താന്‍ അനുഭവിക്കുന്ന ഏത് പോരായ്മയ്ക്കും തന്റെ അധ്യാപകന്റെയടുത്ത് പരിഹാരം ഉണ്ടെന്നാണ് കുട്ടിയുടെ ഉറപ്പ്. ഒരുവേള തെറ്റുതിരുത്തിക്കൊടുക്കുന്ന മാതാപിതാക്കളെ കുട്ടികള്‍ അനുസരിച്ചെന്നു വരില്ല. നേരെ മറിച്ച്, അധ്യാപകര്‍ പറയുമ്പോള്‍ അവന്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്ന അനുഭവങ്ങള്‍ നമുക്കു മുമ്പില്‍ ധാരാളമുണ്ട്.

അധ്യാപകന്‍ എത്രതന്നെ മാനസികസമ്മര്‍ദ്ദങ്ങളില്‍ നില്‍ക്കുകയാണെങ്കിലും കുട്ടികളോടുള്ള നിഷ്‌കളങ്കവും നിഷ്‌കാമവുമായ സ്‌നേഹത്തിന് യാതൊരു കുറവും വരുത്താവതല്ല. തന്റെ മുന്നിലിരിക്കുന്ന കുട്ടികളുടെ ഓരോരുത്തരുടെയും ഗാര്‍ഹികാവസ്ഥകളും സാഹചര്യങ്ങളും പറ്റുന്നിടത്തോളം ഒരധ്യാപകന്‍ നേരിട്ട് പോയിത്തന്നെ മനസ്സിലാക്കല്‍ നല്ലതാണ്. അവരില്‍ മാതാപിതാക്കളുടെ നഷ്ടമുള്ളവരുണ്ടാകാം, വീടില്ലാത്തവരുണ്ടാകാം, വീട്ടില്‍ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നവരുണ്ടാകാം. എല്ലായിടത്തും അധ്യാപകന്‍ സഹാനുഭൂതിയുടെയും ഭൂതദയയുടെയും ഉത്തുംഗഭാവങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്.

ഒരു ക്ലാസ്മുറിയില്‍ വ്യത്യസ്ത ബുദ്ധിവൈഭവങ്ങള്‍ ഉള്ള കുട്ടികളാണുള്ളത് എന്ന് അധ്യാപകര്‍ മറക്കരുത്. പരിമിതമായ സമയമേ ഉള്ളൂ എങ്കിലും എല്ലാവരെയും യോജിപ്പിച്ചുകൊണ്ടുപോകാന്‍ അധ്യാപകന്‍ പരമാവധി കിണഞ്ഞു ശ്രമിക്കണം. കുട്ടികളെ ഒരിക്കലും പരിഹസിക്കുകയോ നിന്ദിച്ചു സംസാരിക്കുകയോ ചെയ്യരുത്. അത് കുട്ടികളുടെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കുകയും അവരെ കൂടുതല്‍ ധിക്കാരത്തിലേക്ക് നയിക്കുകയും ചെയ്യും. ഒപ്പം അധ്യാപകന്‍ കുട്ടിയുടെ കണ്ണില്‍ വിലകുറഞ്ഞവനും വെറുപ്പുളവാക്കുന്നവനും ആയിത്തീരും.

കുട്ടികളുടെ സിദ്ധികളെ പലപ്പോഴും മാതാപിതാക്കളേക്കാള്‍ തിരിച്ചറിയുന്നത് അധ്യാപകരാണ്. കണ്ടെത്തുന്ന കുട്ടിയുടെ സര്‍ഗശേഷിയെ ചെത്തിമിനുക്കി, കുറ്റമറ്റതാക്കലാണ് അധ്യാപകന്റെ ജോലി. കുഴച്ച മണ്ണിനെ കുശവന്‍ സുന്ദരമായ പാത്രങ്ങളാക്കി മാറ്റുംപോലെ അധ്യാപകന്റെ കൈകളിലൂടെയാണ് കുട്ടി തന്റെ സര്‍ഗസിദ്ധികളുടെ പൂര്‍ത്തീകരണം പ്രാപിക്കുന്നത്. അവന് പുതിയ പുതിയ ആശയങ്ങള്‍ ഇട്ടുകൊടുത്ത് കൂടുതല്‍ കൂടുതല്‍ അനുഭവജ്ഞാനത്തിലൂടെ അവനെ നയിക്കണം. വരയ്ക്കാന്‍ കഴിവുള്ള ഒരു കുട്ടിയെ കണ്ടെത്തി എന്നിരിക്കട്ടെ. അവന് കൂടുതല്‍ കൂടുതല്‍ ആശയങ്ങള്‍ കുറേശ്ശെയായി നല്‍കാന്‍ അധ്യാപകന്‍ തയ്യാറാകണം. ഒരു കുട്ടിയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയുടെ ഏറ്റവും വലിയ ശില്പി അധ്യാപകന്‍ തന്നെ എന്നതില്‍ രണ്ടുപക്ഷമില്ല. അനുഭവജ്ഞാനം കൂടുന്തോറും അധ്യാപകനും തന്റെ ജോലിയില്‍ കൂടുതല്‍ കരുത്ത് തെളിയിക്കുന്നു. തലേവര്‍ഷം തന്റെ ക്ലാസ്സിലിരിക്കുന്ന കുട്ടികളല്ല തന്റെ ക്ലാസ്സില്‍ ഇക്കൊല്ലം ഇരിക്കുന്നത്. ഒരു കൊല്ലം കൊണ്ട് മാറിയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന കുട്ടികളാണ്. അതിനാല്‍, അധ്യാപകനും up to date ആകണം.

കമ്പ്യൂട്ടര്‍ പഠനം സ്‌കൂളുകളില്‍ ആരംഭിച്ചപ്പോള്‍ എല്ലാ അധ്യാപകരും അതിനുള്ള ട്രെയിനിങ് നേടിയിരിക്കണമെന്ന് ഗവണ്മെന്റ് നിര്‍ബന്ധം പുലര്‍ത്തുകയുണ്ടായി. മാറുന്ന ടെക്‌നോളജികള്‍ തങ്ങളുടെ വിദ്യാര്‍ഥികളിലേക്ക് എത്തിക്കാന്‍ ഓരോ അധ്യാപകനും പ്രാപ്തി നേടിയ കാഴ്ചയാണ് നാം കണ്ടത്. തങ്ങളുടെ പഠനകാലത്ത് കേട്ടിട്ടുപോലുമില്ലാത്ത കാര്യങ്ങള്‍ അധ്യാപകര്‍ പരിശീലിച്ച് കുട്ടികളെ പരിശീലിപ്പിക്കുന്നു. എത്ര ഹൃദ്യമായ കാഴ്ചയാണ്. ഒരധ്യാപകന് മാത്രമേ മാറ്റങ്ങളെ എത്രയും വേഗം ഉള്‍ക്കൊള്ളാനാകൂ.

എന്നാല്‍, ഇതിന്റെ മറുവശം നാം വിട്ടുകളഞ്ഞുകൂടാ. തന്റെ മുമ്പിലിരിക്കുന്ന കുട്ടികളോട് യാതൊരു ബാധ്യതയും ഇല്ലാ എന്ന് കരുതിക്കൊണ്ട് നീങ്ങുന്ന അധ്യാപകരെപ്പറ്റി ഒന്ന് ചിന്തിച്ചുനോക്കുക. അത്തരം ഒരുകൂട്ടം അധ്യാപകരാണെങ്കിലോ? ആ നാട് നശിച്ചതുതന്നെ. പുറത്തുവരുന്ന ഓരോ തലമുറയും നാടിനും നാട്ടാര്‍ക്കും ഉപദ്രവമുണ്ടാക്കുന്ന വിഷവിത്തുകളായി മാറും. സാംസ്‌കാരികമായും സദാചാരപരമായും ഒരു ജനത നശിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ ഒരു പ്രധാന പങ്ക് അധ്യാപകര്‍ക്കുമുണ്ട്. സമയാസമയത്തെ യുക്തിഭദ്രവും സ്‌നേഹമസൃണവുമായ പെരുമാറ്റം കൊണ്ട് നമുക്ക് കുട്ടിയുടെ ശീലങ്ങളെ ഒരു പരിധിവരെ തിരുത്താന്‍ കഴിയും. നമ്മുടെ തലമുറകളില്‍ എവിടെയെങ്കിലും അത്തരം ദൂഷ്യങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അവരുടെ അധ്യാപകരെക്കൂടി ഒന്ന് വിശകലനം ചെയ്യുക. അവരില്‍ മൂല്യങ്ങള്‍ നട്ടുവളര്‍ത്താനുതകുന്ന ഒരു പണിയും അധ്യാപകര്‍ ചെയ്തിരിക്കില്ല. ഒരധ്യാപിക എന്ന നിലയ്ക്ക് എനിക്ക് ഈ വിഷയത്തില്‍ ഒരുപാട് അനുഭവങ്ങളുണ്ട്. പലപ്പോഴും നാട്ടിലെ ഗുണ്ടകളും ദുര്‍ന്നടപ്പുകാരുമായിപ്പോകുമായിരുന്നവരെ മൂല്യവത്കരണത്തിലൂടെ ഉന്നതസ്ഥിതിയിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂലങ്കഷമായി ചിന്തിക്കുമ്പോള്‍ അധ്യാപനം എന്നതിന്റെ മഹത്വവും അതില്‍ വീഴ്ചവരുത്തിയാലത്തെ അപകടവും നമുക്ക് ശരിക്ക് ബോധ്യപ്പെടും. കാരണം, നമ്മുടെ ഒരു പിഴവ് കുട്ടിയുടെ ജീവിതത്തെ മൊത്തം അലങ്കോലപ്പെടുത്തുന്ന അവസ്ഥയും വന്നുചേര്‍ന്നേക്കാം. മനസ്സുറപ്പില്ലാത്ത കുട്ടികള്‍ അധ്യാപകരുടെ ചില സ്വഭാവദൂഷ്യങ്ങള്‍ കൊണ്ട് - യുക്തിദീക്ഷയില്ലാത്ത പ്രവര്‍ത്തനം മൂലം - സ്‌കൂളിനോടുതന്നെ വിടചൊല്ലിയ അനുഭവങ്ങളും ഉണ്ട്.

നമ്മുടെ മുന്‍ പ്രസിഡന്റുമാരില്‍ പലരും അധ്യാപകരായിരുന്നു. ഡോ. രാധാകൃഷ്ണന്‍, ഡോ. എ.പി.ജെ. അബ്ദുല്‍കലാം, ഡോ. സക്കീര്‍ ഹുസൈന്‍ തുടങ്ങി പലരും മികച്ച അധ്യാപകരായിരുന്നു. എ.പി.ജെയുടെ രചനകളില്‍ താന്‍ ഓരോ കോളേജുകളിലും പോകുന്ന അനുഭവങ്ങള്‍ നമുക്ക് വായിക്കാനാകും. ഒരു വിമാനാപകടത്തെപ്പോലും വകവെക്കാതെ എ.പി.ജെ. തന്നെ കാത്തുനില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടി ക്ലാസ്സെടുക്കാന്‍ പോയ മഹാനുഭവം അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ സ്മരിക്കുന്നുണ്ട്. എത്ര ഉദാത്തമായ അധ്യാപക മനസ്സാണത്!

നാം -അധ്യാപകര്‍- മനസ്സിലുറപ്പിക്കേണ്ട വസ്തുത, നമ്മുടെ ബാധ്യതകളില്‍ പ്രധാനം കുട്ടിയുടെ മാനസിക-സാംസ്‌കാരിക-സദാചാര മണ്ഡലങ്ങളെ സദാ ഉണര്‍ത്തിക്കൊണ്ടിരിക്കണം എന്നതാണ്. നമ്മുടെ കൈകളില്‍ നാഥന്‍ കനിഞ്ഞരുളി ഏല്പിച്ച സൂക്ഷിപ്പുമുതലുകളാണ് വിദ്യാര്‍ഥികള്‍. ആ സൂക്ഷിപ്പുവസ്തുക്കളെ ഒരു പോറലും ഏല്പിക്കാതെ വളര്‍ത്തിവലുതാക്കേണ്ടതുണ്ട്. അതിന്റെ പ്രഥമ ഉത്തരവാദികള്‍ നമ്മളാണെന്നും മറക്കാതിരിക്കുക.