Monday, November 28, 2011

ജനങ്ങളുടെ ജീവിതം കൊണ്ട് രാഷ്ട്രീയം കളിക്കരുത്‌

അച്ഛാ അച്ഛാ പുലി എന്ന് പറഞ്ഞപോലെ ഒരു ദിവസം ശരിക്ക് പുലി വരും. കാലം കുറേയായി മുല്ലപ്പെരിയാർ പൊട്ടാൻ തുടങ്ങീട്ട്. ഞാൻ ജോലിക്ക് കയറിയിട്ട് 32 കൊല്ലമായി. കൃത്യം പറഞ്ഞാൽ 1979 ജൂൺ 22ന്. അന്നാളിൽ ഇന് പൊട്ടും എന്ന് പറഞ്ഞിരുന്നു. എന്നിട്ടും ഇതുവരെ പൊട്ടിയിട്ടില്ല. പക്ഷേ, പൊട്ടും എന്നുറപ്പാണ്. ഇടയ്ക്കിടയ്ക്ക് ഭൂമിയും കുലുങ്ങുന്നുണ്ടവിടെ. പൊട്ടിയാലത്തെ ദുരന്തം വിവരിക്കുന്നതു കേട്ടിട്ട്, ആലപ്പുഴ മുഴുവൻ തെങ്ങിൻതോപ്പുകളടക്കം കടലിലൊലിച്ചു നടക്കുമത്രെ. എറണാകുളം, കൊച്ചി ഒക്കെ പോകും. തൃശ്ശൂർ ജില്ലയുടെ പകുതിയും പോകും. ഈ പാവപ്പെട്ട ഞങ്ങളും പെടും. ഇതൊക്കെയായിട്ടും കേന്ദ്രത്തിനിടപെടാൻ ചില പ്രശ്‌നങ്ങളുണ്ടെന്ന് പത്രങ്ങളിൽ വാർത്ത.


സുഹൃത്തുക്കളേ, കേരളത്തിന്റെ കാമ്പായ ഈ അഞ്ച് ജില്ലകളെ രക്ഷിക്കാൻ നിങ്ങൾക്കൊന്നും ഒരു ബഹുജന പ്രക്ഷോഭവും നടത്താനാകുന്നില്ലേ? ആരും ഒരനക്കവും ഇല്ല. ഒരു കലാപം ഉണ്ടായേക്കും, ഇതേപ്പറ്റി കൂടുതൽ ചിന്തിച്ചാൽ. ഇതിന് പരിഹാരം ഉണ്ടാക്കാൻ കഴിയില്ലെങ്കിൽ 999 സിനിമ തമിഴ്‌നാട്ടിൽ നിരോധിച്ചപോലെ മുല്ലപ്പെരിയാർ വാർത്തകളും നിരോധിക്കാനുള്ള കാരുണ്യമെങ്കിലും ഈ സാധുക്കളായ കേരളക്കാരോട് കാണിക്കുക. ദൽഹിക്കെന്താ, കേരളം ഒരു കുഞ്ഞുവാലല്ലേ?
സുഹൃത്തുക്കളേ, നാമൊരിക്കലും ഈ രാഷ്ട്രീയക്കാരെ നമ്പരുത്; അല്പം പോലും. ദുരിതപ്പെടാൻ പോകുന്നത് സാധുക്കളായ ലക്ഷങ്ങൾ. ഇറങ്ങിപ്പുറപ്പെടുക, നിരപരാധികളെ നിഷ്ഠൂരമായ വിധിക്ക് വിട്ടുകൊടുക്കാതിരിക്കുക. ഈ ഭൂമിയിൽ പരിഹാരമില്ലാത്തവ ഒരു വിഷയവുമില്ല. ക്ഷമ എന്ന് ഇതിന് പേര് പറയാനാവില്ല. ഷണ്ഡത്വം എന്ന് പറയാം. അതിനാൽ, ആൺകുട്ടികളുണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാക്കുക. ഒരു ജനത തുടച്ചുനീക്കപ്പെട്ടിട്ട് വിലപിക്കാൻ വരണ്ട ആരും. നാം തന്നെ ഉണ്ടാക്കിയ അപകടത്തെ നാം തന്നെ നീക്കുക - ഉണരൂ!

Saturday, November 26, 2011

'വഴിവെളിച്ചങ്ങൾ' - ചില ചിന്തകൾ

മുൻ ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെയും സുഹൃത്തായ അരുൺ തിവാരിയും കൂടിയുള്ള ഒരു സംഭാഷണമായ 'വഴിവെളിച്ചങ്ങൾ' എന്ന പുസ്തകം അവിചാരിതമായാണ് വായിക്കാനിടവന്നത്. എ.പി.ജെയെപ്പറ്റി എന്റെ മനസ്സിലുണ്ടായിരുന്ന പല ധാരണകളും തിരുത്താൻ ആ പുസ്തകത്തിന് കഴിഞ്ഞു - അദ്ദേഹത്തിന്റെ ആത്മീയ ചിന്തകളും ഉൾക്കാഴ്ചകളുമാണ് എന്നെ ആകർഷിച്ചത്. മനുഷ്യന് ചെന്നെത്താൻ പറ്റാവുന്ന തലങ്ങളിലേക്ക് അദ്ദേഹം ആത്മീയമായും ഭൗതികമായും എത്താൻ ശ്രമിച്ചിട്ടുണ്ട്.

അദ്ദേഹം തികഞ്ഞ ഏകദൈവ വിശ്വാസിയും പരലോക വിശ്വാസിയും പ്രവാചകൻ (സ)യെ ബഹുമാനിക്കുന്ന ആളുമാണ് എന്ന് നമുക്ക് ആ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോൾ മനസ്സിലാകും. ഒപ്പംതന്നെ ഭാരതത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിച്ചുകടന്നുപോയ ആത്മീയാചാര്യന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നു. പറഞ്ഞുകേട്ടതിൽനിന്നും തികച്ചും ഭിന്നൻ. പല കുടില മനസ്‌കരും അദ്ദേഹത്തെ ഒരു മതനിരാസിയായി പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, ഈ പുസ്തകത്തിലൂടെ വായനാസഞ്ചാരം നടത്തുന്ന ആൾക്ക് അദ്ദേഹത്തിലെ വിശ്വപൗരത്വം മനസ്സിലാക്കാൻ സാധിക്കും. തികച്ചും ദരിദ്രമായ കുടുംബത്തിൽനിന്നു വന്ന് ഏറ്റവും നല്ല പ്രസിഡന്റ് എന്ന പദവി അലങ്കരിക്കാൻ അദ്ദേഹത്തിന് കഴിയുകയുണ്ടായി. ഇന്ത്യാരാജ്യത്ത് നീതിയും സത്യവും സമത്വവും പുലരാൻ അദ്ദേഹം എത്രമാത്രം ആഗ്രഹിക്കുന്നു എന്നത് പുസ്തകത്തിലെ എല്ലാ വരികളിലൂടെയും ദൃശ്യമാകുന്നു. എ.പി.ജെക്ക് തുല്യം എ.പി.ജെ. മാത്രം. ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചുക്കാൻ പിടിച്ച്, ചില ശ്രമങ്ങൾ വിജയിക്കുകയും ചിലത് പരാജയപ്പെടുകയും ചെയ്ത മുഹൂർത്തങ്ങളിലൂടെ അദ്ദേഹവും സഹപ്രവർത്തകരും നടന്നുനീങ്ങിയപ്പോഴുള്ള മാനസികാവസ്ഥകളെ സാധാരണക്കാരായ നമുക്കുപോലും ഏറ്റുവാങ്ങാൻ സാധിക്കുംവിധത്തിൽ പുസ്തകത്തിൽ തിവാരി വിവരിച്ചിട്ടുണ്ട്. പലപ്പോഴും നമ്മുടെ ബഹിരാകാശയജ്ഞങ്ങൾ വീണുടഞ്ഞപ്പോൾ, ഇന്ത്യക്കാരൻ ചെയ്താൽ ഇങ്ങനെയിരിക്കും എന്നൊരു നിരാശാമനസ്സ് മലയാളിയുടെ കൂടെപ്പിറപ്പാണ്. പുസ്തകം വായിച്ച്, നമ്മുടെ മഹാന്മാരായ ശാസ്ത്രജ്ഞർ അതിന്റെ പിന്നിൽ ചെലവഴിച്ച ത്യാഗം മനസ്സിലാകുമ്പോൾ, നമ്മുടെ ചിന്തകൾ തീർച്ചയായും ഇന്ത്യക്കാരനെന്ന നിലയിൽ അഭിമാനിക്കാൻ തുടങ്ങും. പ്രതികൂല സാഹചര്യങ്ങളിലൂടെ നമ്മുടെ പ്രതിഭകളും അവരുടെ ലക്ഷ്യങ്ങൾ നേടുന്നുണ്ടല്ലോ. സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിനെതിരിൽ, നാം ചെയ്യുന്ന ഏതൊരു ചെറുതും വലുതുമായ ത്യാഗപരിശ്രമങ്ങൾ ജിഹാദാണെന്ന് -പുണ്യയുദ്ധമാണെന്ന്- മറക്കാതിരിക്കുക.

ഇതെഴുതുമ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞുവരുന്ന ചില വേദനകൾ പ്രിയപ്പെട്ടവരുമായി പങ്കുവെക്കാതെ നീങ്ങാനാവില്ല. ആർ.ആർ.എൽ (Regional Research Lab) ൽനിന്ന് മൈക്രോവേവിൽ ഡോക്ടറേറ്റ് എടുത്ത ഒരു മുസ്‌ലിം യുവാവ് ഏതൊക്കെയാ അബദ്ധ ധാരണകൾക്കടിപ്പെട്ട് വെറും 'മതവാദി'യായി മാറി. ഇസ്‌ലാം അത്തരക്കാരുടെ കൈകളിൽ കിടന്ന് ശ്വാസം മുട്ടുകയാണ്. അവർക്ക് ദൈവം നൽകിയ വിദ്യയാകുന്ന അനുഗ്രഹത്തെ മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വഴിതിരിച്ചുവിടാതെ, കുടത്തിലെ വിളക്കുപോലെ മറച്ചുവെച്ചിരിക്കുകയാണ്. ആർക്കാണ്, എവിടെയാണ് പിഴച്ചത്? ഇസ്‌ലാമിക വിജ്ഞാനം എന്നാൽ കുറേ അറബി-ഇസ്‌ലാമിക ഗ്രന്ഥ വായനകളും തദനുസൃതമായ പരിശ്രമങ്ങളും മാത്രമാണെന്ന് ഈ സമൂഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചപോലെ. العلماء ورثة الأنبياء (പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികൾ). എന്നാൽ മുസ്‌ല്യാക്കാന്മാരും മൗലവിമാരും മാത്രമാണെന്ന് നാമെല്ലാവരും തെറ്റിദ്ധരിച്ചുപോയി. ഈ ധാരണ മാറിക്കിട്ടിയാൽ ലോകം രക്ഷപ്പെടും. ഇസ്‌ലാമും ഖുർആനുമൊന്നും മനുഷ്യസമൂഹത്തിനുള്ള ദൈവിക സമാനമാണെന്ന് ലോകത്തിന് ബോധ്യം വരും. ബോധ്യവും ബോധവും ഉള്ളവരുടെ എല്ലാ ശ്രമങ്ങളും ആ രംഗത്തേക്ക് തിരിയട്ടെ എന്ന് വിനയത്തോടെ അപേക്ഷിക്കുന്നതോടൊപ്പം എ.പി.ജെയുടെ 'വഴിവെളിച്ചങ്ങളെ' എല്ലാ മതക്കാരും പാർട്ടിക്കാരും വായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നിർത്തട്ടെ.

സ്വന്തം സബിത

Thursday, October 27, 2011

വീരപുത്രന്‍

വീരപുത്രന്‍
പി.ടിയുടെ പുതിയ സിനിമ.സിനിമ കൊണ്ട് നന്മ പ്രചരിപ്പിക്കാൻ കഴിയില്ല എന്നൊരു വാദമുണ്ട്. എന്നാൽ, മനുഷ്യരെ സ്വാധീനിക്കാൻ ദൃശ്യമാധ്യമത്തെപ്പോലെ ശക്തിയുള്ള മറ്റൊരു മാധ്യമവുമില്ല. പ്രത്യേകിച്ച്, ജാഹിലിയ്യത്ത് ആ മാധ്യമത്തിൽ കൊടികുത്തി വാഴുമ്പോൾ.
നമുക്കറിയില്ലേ, 'സബ്ഉൽ മുഅല്ലഖാത്ത്' എന്ന ഖണ്ഡകാവ്യം. നബി (സ)യ്ക്ക് മുമ്പുള്ള അറബിസാഹിത്യ സാമ്രാട്ടുകൾ രചിച്ച അശ്ലീലം നിറഞ്ഞ കാവ്യം. അവരത് വിശുദ്ധി കല്പിച്ചുകൊണ്ട് കഅ്ബയിൽ കെട്ടിത്തൂക്കി. അക്കാലത്താണ് അവരെ മുഴുവൻ വെല്ലുവിളിച്ചുകൊണ്ട് ഖുർആൻ അവതരിക്കുന്നത്. ഇന്ന് ഖുർആൻ കൈയിലുള്ള നാം ആ ഖുർആനെക്കൊണ്ടുതന്നെ ജാഹിലിയ്യത്തുകളെ നേരിടേണ്ടതുണ്ട്. സാധ്യമാകുന്നിടത്തോളം ജാഹിലിയ്യത്തിനെ തടയിടേണ്ടതുണ്ട്.
മുസ്‌ലിം സമുദായത്തെ വർഗീയവാദികളായും പാക്കിസ്ഥാൻ ചാരന്മാരായും ഇന്നും പല കേന്ദ്രങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ വീക്ഷണകോണിലൂടെ നോക്കുമ്പോഴും പി.ടി.യുടെ 'വീരപുത്രൻ' ഉഗ്രൻ ചരിത്രസൃഷ്ടി തന്നെ. അവസാനം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ഹൃദയഗന്ധിയായ ഒരു പ്രസംഗമുണ്ട്. ''ഖുർആനനുസരിച്ച് നിങ്ങൾ ജീവിക്കണം'' -ഖുർആനനുസരിച്ച് ജീവിച്ച് മരിച്ച ഒരു മനുഷ്യന്റെ കഥയായും നമുക്ക് വീരപുത്രനെ വിലയിരുത്താം. മൃഗസ്‌നേഹവും മനുഷ്യസ്‌നേഹവും അങ്ങേയറ്റം ഇഴചേർന്ന് നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതം. അതിഥി ആരാണെന്നന്വേഷിക്കാതെ, ദരിദ്രാവസ്ഥയിലും പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുക്കുന്ന നേതാവ് (വൈക്കം മുഹമ്മദ് ബഷീറാണ് ആ അതിഥി). വളർത്തുമാനിനെ സമാധാനിപ്പിക്കാൻ പ്രസംഗത്തിന് പോകുമ്പോൾ ഒപ്പം കാറിൽ കയറ്റുന്നത്ര ആർദ്രത നിറഞ്ഞ മനസ്സ്. കടം വീട്ടാൻ വഴിയില്ലാതായപ്പോൾ സ്വയം കോടതിയിൽ കീഴടങ്ങി, അറസ്റ്റ് ആവശ്യപ്പെടുന്ന മനുഷ്യൻ. അതെ, അദ്ദേഹം നല്ലൊരു മാതൃകാ പുരുഷനായിരുന്നു. മുൻശുണ്ഠി എന്ന അവരുടെ കുടുംബസ്വഭാവം മാത്രമാണ് തികഞ്ഞ മനുഷ്യനിൽ നിന്നദ്ദേഹത്തെ മാറ്റിനിർത്തുന്നുള്ളൂ എന്നൊരു ഡയലോഗുണ്ട് സിനിമയിൽ. മുൻശുണ്ഠി കഴിഞ്ഞാൽ എന്തായിരിക്കുമെന്ന് ചില സീനുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. വളർത്തുമകനായ അദ്ദു 'ളുഹ്ർ' നമസ്‌കരിച്ചില്ല എന്നതിന് ഷൗട്ട് ചെയ്യുന്ന സാഹിബ് കുറച്ചു കഴിഞ്ഞപ്പോൾ, ടൗണിലെ സർക്കസ് കാണാൻ നാലണ ആവശ്യപ്പെട്ടതിനു പകരം ഒരു റുപ്പിക എടുത്ത് കൊടുക്കുന്നു. എം.റഷീദ് (ഇ.മൊയ്തു മൗലവിയുടെ മകൻ) എഴുതിയ 'മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്' എന്ന പുസ്തകം അദ്ദേഹത്തിന്റെ ഏതാണ്ടൊരു രൂപം വായനക്കാർക്ക് സമ്മാനിക്കുന്നുണ്ട്. ആ പുസ്തകം തന്നെയാണ് സിനിമയുടെ സീനുകൾ. ഖുർആനുമായി അടുത്തു നിൽക്കുന്ന ഒരു മുസ്‌ലിമിന് ഒരുപാടഭിമാനിക്കാനുള്ള രംഗങ്ങൾ സമ്മാനിക്കുന്നുണ്ട് സിനിമ.
ഹിന്ദുക്കളും മുസ്‌ലിംകളും നിർബന്ധമായും കാണേണ്ട ഒരു സിനിമയാണിത്. ഇടയ്ക്ക് നമ്മുടെ ഹൃദയം തേങ്ങിക്കൊണ്ട് ചോദിച്ചുപോകും - ചരിത്രം ഇതായിരിക്കെ, അവർക്കിടയിൽ വിദ്വേഷം വളർത്തിയതാരാണ്? ഈ ഹിന്ദുവിനെയും മുസ്‌ലിമിനെയും അകറ്റിയതാരാണ്? ഇതിലൂടെ നമ്മുടെ മക്കൾ മനസ്സിലാക്കേണ്ടതുണ്ട്, ബ്രിട്ടീഷുകാരുടെ കറുത്ത സമ്മാനമായിരുന്നു പാക്കിസ്ഥാൻ വിഭജനം. നന്മ നിറഞ്ഞുനിന്ന ഒരു നാടിനെ 'മത'ത്തിന്റെ പേരിൽ മുറിച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഏറ്റവുമധികം വേദനിച്ച കാര്യങ്ങളിലൊന്നായിരുന്നു അത്.
കൊടുങ്ങല്ലൂരുകാർക്ക്, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അഴീക്കോട്ടുകാർക്ക് കൂടുതൽ പൗരബോധം ഈ സിനിമ നൽകും. 32 കൊല്ലമായി എനിക്ക് ശക്തമായ ആത്മബന്ധമുള്ള അഴീക്കോടിന്റെ വീരപുത്രനാണ് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. തറവാട് ഞങ്ങളുടെ വിദ്യാലയത്തിന്റെ ഒരു കിലോമീറ്റർ അടുത്താണ്. സമീപ എൽ.പി. സ്‌കൂളിലെ രജിസ്റ്ററിലെ ആദ്യ രണ്ട് അഡ്മിഷനുകളിൽ ഒന്ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബും മറ്റേത് സീതിസാഹിബും ആണ്.
കുഞ്ഞുബീവാത്തു എന്ന സുന്ദരിയായ, ശാലീനയായ ഭാര്യ. ഇന്നും അഴീക്കോട്ടെ ഞങ്ങളുടെ സ്‌കൂളിലെ ചില പെൺകുട്ടികളുടെ മുഖം ഓർമിപ്പിക്കുന്നു. ഇ.മൊയ്തു മൗലവിയായി വേഷമിട്ട സിദ്ദീഖ് വളരെ നന്നായി തന്റെ ഭാഗം അഭിനയിച്ചിരിക്കുന്നു.
41 വയസ്സുവരെ ജീവിച്ച സാഹിബ് ശക്തമായ ചില ചരിത്രങ്ങൾ അവശേഷിപ്പിച്ചാണ് യാത്രപറഞ്ഞത്. ഇത്രകാലം ജീവിച്ച അഴീക്കോട്ടുകാർക്ക് ഇനി ഒരു മുഹമ്മദ് അബ്ദുറഹ്മാനെ കേരളത്തിന്, ഇന്ത്യയ്ക്ക്, ലോകത്തിന് സമ്മാനിക്കാൻ എന്നാണ് ഭാഗ്യം ലഭിക്കുക. തീർച്ചയായും, നല്ല ചരിത്രങ്ങൾ യുവാക്കൾക്ക് കഥയിലൂടെയും കവിതയിലൂടെയും സിനിമയിലൂടെയും പകർന്നുകൊടുക്കാൻ നാം മുതിർന്നവർ ബാധ്യസ്ഥരാണ്.
പി.ടി.യുമായി ഒരു ഇന്റർവ്യൂ നടത്തണമെന്നാഗ്രഹമുണ്ട് എനിക്ക്. അതിനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ.

സ്വന്തം ടീച്ചര്‍

Tuesday, October 25, 2011

ഖദ്ദാഫിവധം: ചില ചിന്തകൾ


നാം ഇത്ര ക്രൂരരാണോ?ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഖദ്ദാഫിയുടെ വീഡിയോ ക്ലിപ്പുകൾ കാണുന്ന ആരും ഇങ്ങനെ ഒന്ന് ചോദിച്ചുപോകും പ്രതികാരംചെയ്യാം പക്ഷേ എന്തിനും ഒരു മര്യാദ ഇല്ലേ? മര്യാദവേണ്ടേ? ലിബിയന്‍ ജനത കൊടും ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളായതിനെ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല. അവസാന നിമിഷം സ്വന്തം ജീവനുവേണ്ടി യാചിക്കുന്ന ഒരു മനുഷ്യനോട് മനുഷ്യരായ നാം ഇങ്ങനെ പെരുമാറാമോ എന്നതാണ് എന്നെ അലട്ടുന്ന ചോദ്യം .ഇസ്ലാമില്‍ ഇതിന് മാതൃകയുണ്ടോ?നബി (സ)യെ കൊല്ലാന്‍ വന്ന ആളെ അദ്ദേഹം വെറുതെ വിട്ടില്ലെ ?ഈ ആളെ വെറുതെ വിടണമെന്നല്ല ഞാന്‍ പറയുന്നത് .മറിച്ച് ചില മര്യാദകള്‍ നിര്‍ബന്ധമായുംപാലിക്കപ്പെടേണ്ടതില്ലെ എന്നതാണ് വിഷയം രണ്ടാമത് പ്രത്യക്ഷപ്പെട്ട വീഡിയോയും പല കാര്യങ്ങളും മനസിസലേക്ക് കടത്തി വിടുന്നു. ചുറ്റും കൂടി ഇരുന്ന് മയ്യിത്തിനെ ചീത്ത് വിളിക്കുന്നു.ഒപ്പം അല്ലാഹു അക്ബറും പറയുന്നിണ്ട്.الله اعلم ...ഇതൊക്കെ എത്രകണ്ട് ശരിയാണ്. ആകെ അയാളോട് കാട്ടിമനുഷ്യത്വംമൃതദേഹത്തില്‍ നിന്നും ഈച്ചയെ ആട്ടുന്നുണ്ട് …..എന്തിനധികം ശരീരം മൂടാന്‍ ഒരു തുണി പോലും എടുക്കാനുള്ള മനുഷ്യത്ത്വം ഇല്ലാതായോ ഇതൊന്നും ഇസ്ലാമാണെന്ന് കരുതാന്‍ കഴിയില്ല. 


ഖുര്‍ആന്‍ പറയുന്നു.وﻻ يجرمنكم شنأن قوم علي اﻻ تعدلوا اعدلوا عو اقرب للتقوي .ഒരു ജനതയോടുള്ള വിദ്വേഷംനിങ്ങളെ നീതിപാലനത്തില്‍ നിന്ന് തടയാതിരിക്കട്ടെ നിങ്ങള്‍ നീതി പാലിക്കുക അതാണ് തഖ്വക്ക് ഏറ്റവും അടുത്തത്.‌‌


യുദ്ധത്തിലും നീതിപാലിക്കാനാണ് പ്രവാചകന്‍ മാതൃക കാട്ടിടിട്ടുള്ളത്. പിടിക്കപെടുന്ന കുറ്റവാളികളോട് എങ്ങനെ പെരുമാറണമെന്ന് ഖുര്‍ആന്‍ പ്രവാചകനെ പഠിപ്പിക്കുന്നുണ്ട്. സൂറഃ അംഫാല്‍ 67, 70 സൂക്തങ്ങളില്‍ വ്യക്തമായി സൂ ചിപ്പിക്കുന്നുണ്ട്.


ഒരാള്‍ കീഴൊതുങ്ങുന്പോള്‍ ഒരിക്കലും അയാളെ കൊല്ലാന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല.ما كان لنبي أن يكون له أسرى حتي يثخن في اﻷرض تريدون عرض الدنياوالله يريد اﻵخرة والله عزيزحكيم
(അന്‍ഫാല്‍ 67). ബന്ധനസ്ഥര്‍ ഉണ്ടാകുകയും എന്നിട്ട് ഭൂമിയില്‍ കൊല നടത്താനും ഒരു പ്രവാചകനും പാടുള്ളതല്ല. നിങ്ങള്‍ എന്തെങ്കിലും ഭൗതിക വിഭവങ്ങളാണ് ഉദ്ദേശിക്കുന്നത്. പക്ഷെ അല്ലാഹു ഉദ്ദേശിക്കുന്നത് പരലോകമാണ്. അല്ലാഹു അജയ്യനും യുക്തിമാനുമാണ്.
70-ാം സൂക്തം ശ്രദ്ധിക്കുക !പ്രവാചകരെ താങ്കളുടെ കൈയിലുള്ള ബന്ധസനസ്ഥരോട് താങ്കള്‍ പറയുക. നിങ്ങളുടെ ഹൃദയങ്ങളില്‍ നന്മ ഉണ്ടെന്ന് അല്ലാഹു അറിയുന്നുണ്ടെങ്കില്‍ നിങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടതിനേക്കാള്‍ നല്ലത് അല്ലാഹു നിങ്ങള്‍ക്ക് നല്‍കും അവന്‍ നിങ്ങള്‍ക്ക് പൊറുത്തു നല്‍കും അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയുമാണ്.....ഈ ആയത്തുകള്‍ മുന്നില്‍ വച്ച് ചിന്തിക്കുന്പോള്‍ ഖദ്ദാഫി സ്റ്റൈല്‍ കൊലപാതകങ്ങളും അവയുടെ പ്രദര്‍ശനങ്ങളും എത്രകണ്ട് ശരിയാണ് എന്ന് മനസ്സ് കുത്തികുത്തിചോദിക്കുകയാണ്.


"കണ്ടിടത്ത് വച്ച് കൊല്ലുക "എന്ന് പറയുന്ന അല്‍ ബഖറ 191ലും നിസാഅ് 91ലും നമുക്ക് വായിക്കാം തൊട്ട്മുന്‍പത്തെ ആയത്തിന്റെ കൂടി അര്‍ത്ഥം എഴുതികൊണ്ട് നമുക്ക് ആ സൂക്തങ്ങളെ വിശകലനം ചെയ്യാം.


നിങ്ങളോട് യുദ്ധത്തിന് വരുന്നവരോട് നിങ്ങളും യുദ്ധം ചെയ്യുക എന്നാല്‍ നിങ്ങള്‍ അതിക്രമകാരികളാകരുത് അല്ലാഹു ഒരിക്കലും അതിക്രമകാരികളെ ഇഷ്ടപെടുന്നില്ല, നിങ്ങള്‍ അവരെ കണ്ടിടത്ത് വച്ചകൊല്ലുക നിങ്ങളെ അവര്‍ പുറത്താക്കിയിടത്ത് നിന്ന നിങ്ങള്‍ അവരേയുംമ പുറത്താക്കുക കലാപം കൊലയേക്കാള്‍ ഗുരുതരമാണ്. മസ്ജിദുല്‍ ഹറാമില്‍ വച്ച് അവര്‍ നിങ്ങളോട് യുദ്ധംചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത് അവര്‍നിങ്ങളോട് യുദ്ധത്തിന്ന് വന്നാല്‍ നിങ്ങളും അവരോട് യുദ്ധം ചെയ്യുക......നിഷേധികളുടെ പ്രതിഫലം അതാകുന്നു. അവര്‍ അവസാനിപ്പിച്ചാല്‍ തീര്‍ച്ചയായും അല്ലാഹു കൂടുതൽ പൊറുക്കുന്നവനും കരുണാനിധിയുമാണ്. കലാപം അവസാനിക്കുന്നത് വരെം നിങ്ങള്‍ അവരോട് യുദധം ചെയ്യുക നിയമം അല്ലാഹുവിന് കീഴ്പെടുന്നത് വരെ ഇനി അവര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ അക്രമികളോട് മാത്രമെ ശത്രുതപാടുള്ളൂ. (അല്‍ ബഖറഃ) സമകാലിക സംഭവങ്ങള്‍ ചിന്തിക്കുന്ന വ്യക്തിക്ക് ഖുര്‍ ആനില്‍ നിന്നും ലഭിക്കുന്ന സൂക്തങ്ങളാണിവയൊക്കെ .പ്രിയപ്പെട്ട വായനക്കാരും ഈ സൂക്തങ്ങളെ ചിന്താവിഷയമാക്കുക പരസ്പരം പങ്കു വെക്കുക.എന്‍റെ അഭിപ്രായങ്ങളില്‍ തെറ്റില്ല എന്ന ഞാന്‍ വാദിക്കുന്നില്ല. ഏതൊരു സംഗതിയെയും നാം ഖുര്‍ആന്റെ പരിപ്രേക്ഷ്യത്തിലൂടെ നോക്കി കാണുമ്പോള്‍ നമുക്കിങ്ങനെയൊക്കെ ചിന്തിക്കാതെ നിവൃത്തിയില്ല. അതുതന്നെയാണ് ഖുര്‍ആന്റെ വശ്യതയും അമാനുഷികതയും!! ശരികളെ ശരികളായികാണാനും അതു പിന്‍പറ്റാനും റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ തെറ്റുകളെ തെറ്റുകളായി കാണാനും അതിനെ വെടിയാനും റബ്ബ് തുണക്കട്ടെ 



സ്വന്തം ടീച്ചർ

Tuesday, September 27, 2011

സഹോദരീ, നീയൊരു മര്‍യമാകുക

നമുക്കു ചുറ്റും അവിവാഹിതരും വിധവകളുമായിക്കഴിയുന്ന ഒട്ടേറെപ്പേര്‍. പലപല കാരണങ്ങളാല്‍ അവര്‍ക്ക് പുരുഷന്റെ താങ്ങും തണലും നഷ്ടപ്പെട്ടിരിക്കുന്നു. തീര്‍ത്തും അനാഥത്വവും വൈധവ്യവും
പേറുന്ന അനേകം യുവതികളും സ്ത്രീകളും എന്റെ മനസ്സിലൂടെ കടന്നുപോകുന്നു. ഇത് വായിക്കുമ്പോള്‍ നിങ്ങളുടെ മനസ്സുകളിലൂടെയും സമാന രീതിയിലുള്ള, അശരണരായ സഹോദരിമാര്‍ കയറിയിറങ്ങുന്നുണ്ടാകും, തീര്‍ച്ച. ബഹുഭാര്യാത്വം വളരെ മോശമായി കരുതുന്ന ഒരു നാടും നാട്ടുകാരുമായിപ്പോയി നാം. നമ്മെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നാം വളര്‍ന്നുവന്ന സാഹചര്യം അതാണ്. ഭര്‍ത്താവ് മറ്റൊരു സ്ത്രീയെക്കൂടി ജീവിതപങ്കാളിയാക്കുക എന്നത് പലപ്പോഴും നമ്മുടെ നാട്ടിലെ 90 ശതമാനം സ്ത്രീകളെയും തകര്‍ത്തുകളയാറുണ്ട്. ഇത്തരം ഒരു സാഹചര്യത്തില്‍ വിധവകളും നിത്യകന്യകകളും അബലകളുമായവര്‍ക്ക് എന്തുണ്ട് പരിഹാരം എന്ന് ചിന്തിക്കാന്‍ നാം നിര്‍ബന്ധിതരാകുകയാണ്.


സ്ത്രീയെ പൊതുവെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിഷ്‌കളങ്കതയുടെയും നിറകുടമെന്ന് വിശേഷിപ്പിക്കാറുണ്ടല്ലോ. ഒരളവുവരെ അത് ശരിയുമാണ്. ഇത്തരം ഒരു സ്ത്രീഹൃദയം തന്റെ സ്‌നേഹവും കാരുണ്യവും എവിടെ പ്രകടിപ്പിക്കും എന്നതാണ് കുഴയ്ക്കുന്ന ചോദ്യം. തനിക്ക് തൊട്ടുതലോടി ആശ്വസിപ്പിക്കാന്‍ ഭര്‍ത്താവില്ല, താലോലിച്ചോമനിച്ച് വളര്‍ത്താന്‍ മക്കളില്ല. പറയൂ, അവള്‍ തന്റെ വികാരവായ്പുകള്‍ എവിടെ പ്രകടിപ്പിക്കും? വല്ലാത്തൊരു സങ്കടകരമായ അവസ്ഥ. ഞാനെന്റെ മക്കളെയും പേരക്കുട്ടികളെയും മരുമക്കളെയും പുന്നരിക്കുകയും ഉമ്മവെക്കുകയും ചെയ്യുമ്പോള്‍ അതിന് കഴിയാത്ത, അതില്ലാത്ത അനേകായിരങ്ങളെ ഓര്‍ത്ത് അരനിമിഷം വിഷമിച്ചുപോകാറുണ്ട്. വയറു നിറച്ച് ഭക്ഷണം കഴിക്കുമ്പോള്‍, ഭക്ഷണം കിട്ടാത്ത അനേകായിരങ്ങളെ ഓര്‍ത്ത്, സോമാലിയയിലെ കുഞ്ഞുങ്ങളെ ഓര്‍ത്ത് ഒരു ചെറുനെടുവീര്‍പ്പ് നമ്മില്‍ ഉയരാറില്ലേ? അതുപോലെ.

അതേ, ഈയൊരു മാനസികാവസ്ഥയില്‍നിന്നുകൊണ്ട് എല്ലാ സ്ത്രീകളും മര്‍യമിനെ വായിക്കുക. ലോകസ്ത്രീകള്‍ക്ക് മാതൃകയെന്ന് ഖുര്‍ആന്‍ എടുത്തു പറഞ്ഞ മര്‍യം. അവര്‍ നമ്മെപ്പോലെ വികാരങ്ങളുള്ള യുവതിയായിരുന്നു. അവിവാഹിത. സ്‌നേഹവായ്പുകള്‍ ഒഴുക്കാന്‍ മക്കളുണ്ടായിരുന്നില്ല. അപ്പോള്‍ അവര്‍ അല്ലാഹുവിനെ കൂടുതല്‍ സ്‌നേഹിക്കുകയും നമസ്‌കാരത്തിലും സല്‍കര്‍മങ്ങളിലും മുഴുകുകയും ചെയ്യുന്നു. ഖുര്‍ആന്‍ പറയുന്നു: ഹേ, മര്‍യം! നീ ഭയഭക്തിയോടെ ദൈവത്തെ വണങ്ങുക, സാഷ്ടാംഗം പ്രണമിക്കുക. റുകൂഅ് ചെയ്യുന്നവരോടൊപ്പം റുകൂഅ് ചെയ്യുക.

ഈ ആയത്തിനെ നാം പരിശോധിച്ചാല്‍ എത്ര ശക്തമായാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത് എന്ന് കാണാം. ആരാധനയോടൊപ്പം ബൈതുല്‍ മസ്ജിദ് പരിപാലനവും ഹ: മര്‍യമിന്റെ സേവനമേഖല ആയിരുന്നു. ശാം ഭാഗത്തെ ഏറ്റവും പുരാതനവും പ്രശസ്തവുമായ ധാരാളം പ്രവാചകന്മാരുടെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതമായ മസ്ജിദുല്‍ അഖ്‌സയും പരിസരവും വൃത്തിയായി പരിപാലിക്കുക.
പടച്ചവനേ, നീ ഞങ്ങള്‍ക്ക് മറിയമിന്റെ കഥാഖ്യാനത്തിലൂടെ പലതും പഠിപ്പിക്കുകയാണല്ലോ. ജീവിക്കുന്ന പരിസരത്തെ ആത്മീയമായും ഭൗതികമായും ശുദ്ധീകരിച്ചുവെക്കുക. എല്ലാവരും എത്രമാത്രം വീഴ്ചവരുത്തുന്നുണ്ടാകും? ആത്മീയ ശുദ്ധിവത്കരണം അകലെത്തന്നെ.


സഹോദരീ, രാത്രി എഴുന്നേറ്റ് പ്രാര്‍ഥിക്കുക. ദുഃഖത്തിന്റെ മാറാപ്പ് ആരും കാണാത്ത സമയത്ത് നാഥന്റെ മുന്നില്‍ അഴിച്ചുവെക്കുക. പരിഹാരങ്ങള്‍ ആവശ്യപ്പെടുക. വീടില്ലെങ്കില്‍ വീടാവശ്യപ്പെടുക. ഒരത്താണി വേണമെന്ന് തോന്നുന്നുവെങ്കില്‍ ഉറപ്പുള്ള ഒരത്താണിക്കായി നാഥനോട് കൈ ഉയര്‍ത്തുക. ഒപ്പം അനാഥകളെയും അബലകളെയും സഹായിക്കുമെന്ന് തീരുമാനിക്കുക. വാക്കുകൊണ്ട്, പെരുമാറ്റം കൊണ്ട്, സ്‌നേഹം കൊണ്ട്.
അപ്പോഴാണ് നീ ഒരു 'മേരി' അല്ലെങ്കില്‍ മര്‍യം ആകൂ എന്ന് പറയാന്‍ തോന്നുന്നത്. സ്‌നേഹവായ്പിനെ സാധുക്കള്‍ക്കായി പങ്കിട്ടുകൊടുക്കുന്ന മര്‍യം.


ഒരിക്കലും വഞ്ചിക്കുന്ന ഒരു യുവാവിലേക്ക് ആ സ്‌നേഹം നീങ്ങാതിരിക്കട്ടെ. അത്തരം ഒരവസ്ഥയില്‍ നീയേറെ വേദനിച്ചുപോകും. അതിനാല്‍, ജാഗ്രത പാലിക്കുക. അനാഥശാലകളും കുഷ്ഠരോഗാശുപത്രികളും സന്ദര്‍ശിക്കുക ജീവിതത്തിന്റെ മേച്ചില്‍പ്പുറങ്ങളില്‍ അവഗണനയാല്‍ വലിച്ചെറിയപ്പെട്ട ഒരുപാട് ജന്മങ്ങളെ അവിടെ കാണാന്‍ പറ്റും. പതഞ്ഞൊഴുകാന്‍ വെമ്പുന്ന നിന്റെ മാതൃത്വത്തിന്റെ ഉര്‍വരത ആ സാധുക്കള്‍ക്കായി പങ്കിട്ടുകൊടുത്തുനോക്കൂ. നീ അപ്പോള്‍ ഒരു മര്‍യമായി മാറും. നൂറുകണക്കിന് കുഞ്ഞുങ്ങള്‍ നിന്റെ സ്വന്തമാകും.

മോശം ബന്ധങ്ങളില്‍ ചെന്ന് വീഴാതിരിക്കുക. ഈയൊരു തിരിച്ചറിവില്ലാതാകുന്നവളാണ് ഒരു മുഴം കയറില്‍ ജീവിതം ആടിത്തീര്‍ക്കുന്നത്. അതിനാല്‍, ദീനില്‍ ഉറച്ചുനില്‍ക്കുക. അശരണരായ സ്ത്രീകളെ വഞ്ചിക്കാന്‍ തക്കം നോക്കി നടക്കുന്ന കാപാലികരുണ്ട്. അവരോട് ഒരു വാക്ക്: നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ നീ വഞ്ചിക്കുന്നത് അതിഭീകരമായ ഭവിഷ്യത്തുകള്‍ വിളിച്ചുവരുത്തും. അതിനാല്‍, ഇത്തരം സ്ത്രീകളുടെ കാര്യത്തില്‍ അല്ലാഹുവിനെ ഭയപ്പെടുക.

അവിവാഹിതരായ, വിധവകളായ സ്ത്രീകളുടെ കാര്യങ്ങള്‍ക്കുമേല്‍ നോട്ടം വഹിക്കുന്ന മാതാക്കളോടും ഒരു വാക്ക് - അവര്‍ അവരുടെ കുറ്റം കൊണ്ടല്ല അനാഥരും അബലകളുമായത്. ഒരുപക്ഷേ, തൊലിനിറം അല്പം കുറഞ്ഞതിനാലോ, രോഗം കൊണ്ടോ ഒക്കെയാണത്. അവരെ നിങ്ങള്‍ വേണ്ടവിധം കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്ത് സാമൂഹ്യസേവനത്തിന് വിടണം. അവര്‍ വെറുതെ വീട്ടിലിരുന്ന്, ഒഴിവുസമയങ്ങള്‍ പിശാചിന് പണി ഉണ്ടാക്കാനുള്ള സ്ഥിതിവിശേഷം ഉണ്ടാകരുത്. എന്തെങ്കിലും ഒരു തൊഴില്‍, അല്ലെങ്കില്‍ ഒരു കോഴ്‌സ്, അല്ലെങ്കില്‍ ഒരു ഭാഷ പഠിക്കുക. വായിക്കുക, പ്രവര്‍ത്തിക്കുക, വളരുക, പിശാചിന്നടിമപ്പെടാതിരിക്കുക. റബ്ബ് നല്‍കിയ യുവത്വം 100 ശതമാനം അവന്റെ മാര്‍ഗത്തില്‍ തിരിച്ചുകൊടുക്കുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ കരുത്തുള്ള മര്‍യം ആകുക നീ.

കടപ്പാട്: അംറ്ഖാലിദ്‌

Tuesday, September 13, 2011

ഈജിപ്തിലെ സാക്ഷരതാ വിപ്ലവം


ഉസ്താദ് അംറ് ഖാലിദ് - ദിനംപ്രതി ഈജിപ്തില്‍ വസന്തം വിരിയിക്കുന്ന വിവരമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വാസ്തവത്തില്‍, അദ്ദേഹം ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനമാണ്. അല്ലാഹു ഇബ്രാഹിം നബി (അ)യെപ്പറ്റി പറഞ്ഞില്ലേ,
إن ابراهيم كان أمة قانتا لله حنيفا ولم يك من المشركين
ഇബ്‌റാഹിം തീര്‍ച്ചയായും അല്ലാഹുവിനെ ധ്യാനിച്ച, ഋജുമാനസനായ ഒരു സമുദായമായിരുന്നു. ബഹുദൈവ വിശ്വാസികളില്‍പ്പെട്ടവനായിരുന്നില്ല. (അന്നഹല്‍: 120)
ഇബ്‌റാഹിം (അ)യുടെ മാതൃകയാണ് പ്രബോധകന്‍ പിന്‍പറ്റേണ്ടത്. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
അംറ്ഖാലിദും സുഹൃത്തുക്കളും നടത്തുന്ന محو الأمية (നിരക്ഷരതാ നിര്‍മാര്‍ജനം)നെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഏതൊരു മനുഷ്യഹൃദയവും സന്തോഷിക്കും; ഈജിപ്തിലെ 17 മില്യന്‍ ആള്‍ക്കാര്‍ ഇന്നും നിരക്ഷരരാണെന്നറിയുമ്പോള്‍ പ്രത്യേകിച്ചും. ഏതൊരു ജനതയും സാക്ഷരതയിലൂടെയാണ് വികസിക്കുക. അക്ഷരജ്ഞാനമില്ലാത്തവരെ അസത്യത്തിന്റെ വാഹകര്‍ക്ക് വേഗം വശത്താക്കാനാകും. صناع الحياة എന്ന അംറ്ഖാലിദിന്റെ ശക്തമായ ഒരു വളണ്ടിയര്‍സംഘമുണ്ട്. അവര്‍ വോഡഫോണിന്റെയും സാഖിയത്തുസ്സാവി എന്ന സംഘത്തിന്റെയും സഹായത്തോടെ ലോകനിരക്ഷരതാ നിര്‍മാര്‍ജന ദിനത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ആയിരത്തിലധികം വളണ്ടിയര്‍മാര്‍ - യുവാക്കള്‍ - പങ്കെടുത്തതായിരുന്നു ആ പരിപാടി. പ്രശസ്ത കലാകാരനായ ഹംസ നമിറ ഒരു മണിക്കൂര്‍ നീണ്ട തന്റെ ഗാനമേളയോടെയാണ് പരിപാടി അവസാനിപ്പിച്ചത്.
അംറ്ഖാലിദും പങ്കെടുത്ത എല്ലാവരും വിജ്ഞാനത്തിന്റെ ആവശ്യകതയെപ്പറ്റി എടുത്തുപറഞ്ഞു. അദ്ദേഹം പറഞ്ഞു: വിപ്ലവത്തിനുമുമ്പ് ഈജിപ്ത് വലിയൊരു കടമ്പ തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞുപോയ ഭരണവ്യവസ്ഥകള്‍ വികസനത്തിന്റെ എല്ലാ പദ്ധതികള്‍ക്കും അനുമതി നിഷേധിക്കുകയായിരുന്നു. അന്ന് ഈജിപ്ഷ്യന്‍ ജനതയ്ക്ക് ആകെ അറിഞ്ഞിരുന്നത് തങ്ങളുടെ ഫുട്‌ബോള്‍ കളിക്കാര്‍ അടിക്കുന്ന ഗോളുകള്‍ക്കൊപ്പം കൈയടിക്കാനായിരുന്നു. എന്നാല്‍, വിപ്ലവാനന്തരം, നമുക്കാര്‍ക്കും ഇനി ഇത്തരം ജനക്ഷേമ പദ്ധതികളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ അല്ലാഹുവിന്റെയടുത്ത് യാതൊരു ഒഴികഴിവും ഇല്ല.
അദ്ദേഹം തുടരുന്നു: നാം നിരക്ഷരരായിരിക്കെ, നാമെങ്ങനെ اقرأ എന്ന സമുദായമാകും? വിശുദ്ധ ഖുര്‍ആന്‍ 970 തവണയാണ് علم  (അറിവ്) എന്ന പദം ആവര്‍ത്തിച്ചിട്ടുള്ളത്. ഓരോ പേജിലും അറിവ് എന്ന പദത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഖുര്‍ആനും ഹദീസും വിജ്ഞാനത്തെ എത്രയാണ് പ്രേരിപ്പിച്ചിരിക്കുന്നത്!
العلم قوة (വിജ്ഞാനം ശക്തിയാണ്) എന്ന പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചും നമ്മുടെ നാട്ടിന്റെ നിരക്ഷരത 100 ശതമാനം ഉന്മൂലനം ചെയ്യാനാണ് പദ്ധതി ഇടുന്നത്. ഈജിപ്തില്‍ 17 മില്യന്‍ പ്രജകള്‍ നിരക്ഷരരാണെന്നത് ഏറ്റവും അപമാനമാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രി പദ്ധതിക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത വിവരം അദ്ദേഹം സദസ്സിനെ അറിയിച്ചു. സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ക്കായി വൈകുന്നേരം ഈജിപ്തിലെ മുഴുവന്‍ വിദ്യാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം അനുമതി നല്‍കിയ വിവരവും അംറ്ഖാലിദ് സദസ്യരെ അറിയിച്ചു. ശേഷം നടന്ന ചര്‍ച്ചകളില്‍ ആവേശഭരിതമായ കാര്യങ്ങളാണ് അരങ്ങേറിയത്. തീര്‍ത്തും അന്ധനായ മുസ്തഫ എന്ന യുവാവ് ഈ പദ്ധതിയുമായി സഹകരിക്കുന്ന വിവരം പങ്കുവെച്ചു. തന്റെ അന്ധത തന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒട്ടും വഴിമുടക്കിയിട്ടില്ല എന്നദ്ദേഹം പറയുകയുണ്ടായി. പിന്നീട് മുഹമ്മദുല്‍ ഹമാമിസ് സദസ്സിനെ വികാരഭരിതനായി ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. വിപ്ലവ ഈജിപ്ത് തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കാന്‍ മറ്റാരെയും ചുമതലപ്പെടുത്തുന്നില്ല. മുമ്പ് ഭരണാധികാരിയായിരുന്നു നമ്മുടെ ഭാഗധേയം നിശ്ചയിച്ചിരുന്നത്. ഇന്ന് ആ അവസ്ഥ മാറി. നാം -ജനത- എത്രയും വേഗം ഉണര്‍ന്നെണീറ്റ് നമ്മുടെ ഭാഗധേയത്തിന്റെ കടിഞ്ഞാണ്‍ നാം തന്നെ നിയന്ത്രിക്കുകയും നാം തന്നെ മാറ്റത്തിന് ദൃഢപ്രതിജ്ഞ ചെയ്യുകയും വേണം.
പിന്നീട് ഗാസയില്‍നിന്ന് റഫഹ് ടണല്‍ വഴി വന്ന صناع الحياة വളണ്ടിയര്‍മാരായ രണ്ട് യുവാക്കളെ അംറ്ഖാലിദും സദസ്യരും കൂടി സ്വാഗതം ചെയ്തു. സമ്മേളന ഹാളിനെ നിമിഷങ്ങളോളം ശബ്ദമുഖരിതമാക്കി. ശേഷം അംറ്ഖാലിദിനോട് പ്രസിഡന്റ്സ്ഥാനത്തേക്കുള്ള നോമിനേഷനെ സംബന്ധിച്ച് സദസ്സില്‍നിന്ന് ചോദ്യമുയര്‍ന്നു. അദ്ദേഹത്തിനുവേണ്ടി ********** ലെ മുഹമ്മദ് മുഅ്മിന്‍ എന്ന വളണ്ടിയര്‍ പറഞ്ഞ മറുപടി വളരെ ഹൃദ്യമായിരുന്നു. ''സമ്മതിദായകരില്‍ പകുതിയോളം നിരക്ഷരരായ (17 മില്യന്‍) ഒരു ജനതക്കെങ്ങനെ തങ്ങളുടെ ഭാവി ഭരണാധികാരിയെ തിരഞ്ഞെടുക്കാനാവും? അവര്‍ക്ക് എഴുത്തും വായനയും അറിയില്ല. ഓരോ സ്ഥാനാര്‍ഥികളും മുന്നോട്ടു വെക്കുന്ന കാര്യങ്ങള്‍ അവര്‍ സ്വന്തം വായിച്ചു മനസ്സിലാക്കേണ്ടതില്ലേ? വളരെ കൃത്യവും സൂക്ഷ്മവുമായി നടക്കേണ്ട ഈ പ്രക്രിയയില്‍ അവരുടെ അജ്ഞതയെ എങ്ങനെയൊക്കെ ചൂഷണം ചെയ്യപ്പെടും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ? അതിനാല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി ചര്‍ച്ചയേക്കാള്‍ ഇപ്പോള്‍ അത്യാവശ്യമായിരിക്കുന്നത് സാക്ഷരതാ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുന്ന ചര്‍ച്ചകളാണ്.''
സദസ്സില്‍ ഈ പദ്ധതിയുടെ പ്രവര്‍ത്തകര്‍ ഹൃദ്യമായ ധാരാളം അനുഭവങ്ങള്‍ പങ്കുവെച്ചു. അഞ്ചുവര്‍ഷം മുമ്പ് തന്റെ മുത്തശ്ശിയെ സാക്ഷരയാക്കിയ അനുഭവം ഒരു യുവാവ് പറഞ്ഞു. ഇന്നവര്‍ പ്ലസ്ടുവിലാണത്രെ! ഇന്നവര്‍ സ്വന്തമായി തന്റെ അയല്‍വാസികളെ പഠിപ്പിക്കുന്നുണ്ട്. അപ്രകാരം, ഒരുകൂട്ടം എഞ്ചിനിയര്‍മാര്‍ തങ്ങളുടെ പ്രദേശത്തെ സ്‌കൂളുകള്‍ വൈകുന്നേരം തുറന്ന് സാക്ഷരതാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്ന വിവരവും സദസ്സ് ആവേശത്തോടെ വരവേല്‍ക്കുകയുണ്ടായി.


വാല്‍ക്കഷണം: നമ്മള്‍ 100 ശതമാനം സാക്ഷരര്‍. പക്ഷേ, ഇന്നും വിദ്യാര്‍ഥികളില്‍തന്നെ നിരക്ഷരര്‍ ഉണ്ട് എന്നതാണ് സത്യം. യുവപ്രബോധകരായ صناع الحيوة ഏറ്റെടുത്ത ദൗത്യം കഠിനതരമാണ്. അല്ലാഹു അവരെ സഹായിക്കട്ടെ.
നമുക്കും ഈ ലേഖനം പ്രചോദകമാകട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട്,
നിങ്ങളുടെ സബിത ടീച്ചര്‍
വസ്സലാം

Friday, September 2, 2011

സയ്യിദ് ഖുതുബ്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷി

സയ്യിദ് ഖുതുബ് - ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിപ്ലവകാരി വേറെ ഉണ്ടോ എന്ന് സംശയമാണ്. ഇന്നും തീവ്രവാദം മുഴുവന്‍ അദ്ദേഹത്തില്‍ മുദ്രകുത്തപ്പെടുകയാണ്. മൗലാനാ മൗദൂദിയും കഴിഞ്ഞ നൂറ്റാണ്ടിലെ ലോകം കണ്ട മികച്ച പണ്ഡിതനാണ്. അദ്ദേഹത്തെപ്പറ്റി മൗദൂദി സ്മൃതിരേഖകളില്‍ വളരെ വിശദമായി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, കേരളക്കരയില്‍ ആദ്യമായി മഹാനായ സയ്യിദ് ഖുതുബിനെപ്പറ്റി ഒരു ഗ്രന്ഥം പുറത്തിറങ്ങിയിരിക്കുന്നു. ഐ.പി.എച്ച്. (ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ്) ആണ് അത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനുഗ്രഹീത എഴുത്തുകാരനായ വി.എ.കബീറാണ് ഗ്രന്ഥരചന നടത്തിയത്. മഹാനായ രക്തസാക്ഷിയെ സംബന്ധിച്ച് ഇത്ര നല്ലൊരു ഗ്രന്ഥം - ചെറുതെങ്കിലും - പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞതില്‍ കബീര്‍ വിജയിച്ചിരിക്കുന്നു. അല്‍ഹംദുലില്ലാഹ്.

ശഹീദിന്റെ അവസാന രംഗങ്ങള്‍ വായിച്ചുപോകുമ്പോള്‍ കണ്ണുനീരണിയാതെ വായനക്കാരന് നീങ്ങാനാവില്ല. പ്രത്യേകിച്ച്, അദ്ദേഹത്തിന്റെ في ظلال القرآن എന്ന ഖുര്‍ആന്‍ തഫ്‌സീറുമായി ആത്മബന്ധമുള്ളവര്‍ക്ക്. في ظلال القرآن അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്. ഖുര്‍ആനിലൂടെ ഒഴുകി, അതിന്റെ സുന്ദരമായ ദൃശ്യങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന അത്യന്തം ഹൃദയാവര്‍ജ്ജക ശൈലിയാണ് ഖുതുബിന്റേത്. ആ സാഹിത്യഗ്രന്ഥത്തില്‍ ഒരിടത്തിങ്ങനെ വായിക്കാം: ''മനുഷ്യന്‍ മണ്ണുകൊണ്ട് ഗ്ലാസ്സും പ്ലെയിറ്റും മറ്റു വസ്തുക്കളും ഉണ്ടാക്കുന്നു. എന്നാല്‍, സര്‍വശക്തനും സുന്ദരനുമായ അല്ലാഹു ഈ മണ്ണുകൊണ്ടുതന്നെ അതിവിശിഷ്ടരായ മനുഷ്യരെയും നാം ഈ കാണുന്ന സസ്യ-ജന്തുജാലങ്ങളെയും സൃഷ്ടിക്കുന്നു. അപ്രകാരം, മനുഷ്യന്‍ അറബി അക്ഷരങ്ങള്‍ കൊണ്ട് കഥയും കവിതയും ലേഖനവും രചിക്കുന്നു. എന്നാല്‍, സര്‍വജ്ഞനായ അല്ലാഹു അതിവിശിഷ്ടമായ ഖുര്‍ആനെ അവതരിപ്പിക്കുന്നു; ഈ 28 അക്ഷരങ്ങള്‍ കൊണ്ടുതന്നെ.

എത്ര സുന്ദരമായ വാക്യങ്ങള്‍! സെയ്യിദ് ഖുതുബിനെയും അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമൂനെയും സംശയദൃഷ്ട്യാ കാണുന്നവര്‍ കബീറിന്റെ ഈ പുസ്തകം മനസ്സിരുത്തി വായിക്കുക. എന്നിട്ട്, നിങ്ങള്‍ക്ക് അതില്‍ അദ്ദേഹത്തെ വിമര്‍ശിക്കാന്‍ എന്താണ് ലഭിക്കുന്നത് എന്ന് നോക്കുക. لم أعدمونى അവരെന്തിനാണ് എന്നെ നശിപ്പിച്ചത് എന്ന ഗ്രന്ഥത്തെയാണ് കബീര്‍ കാര്യമായി അവലംബിച്ചിരിക്കുന്നത്. യാതൊരു വളച്ചൊടിക്കലും ഏച്ചുകെട്ടലും ഗ്രന്ഥത്തില്‍ ഇല്ല എന്നുതന്നെ പറയാം. മാത്രമല്ല, ഇസ്‌ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കുവരെ പുകമറയിലായിരുന്ന ചില വസ്തുതകള്‍ ഈ കൊച്ചുകൃതിയിലൂടെ വെളിച്ചത്ത് വന്നിരിക്കുന്നു. 

അതില്‍, എന്നെ ആകര്‍ഷിച്ച വശം, അലി അശ്മാവി എന്നയാള്‍ നടത്തിയ ഉപജാപ പ്രവര്‍ത്തനമാണ്. ഏതൊരു വിപ്ലവപ്രസ്ഥാനത്തിനും നേരിടേണ്ടിവരാവുന്ന ഒരു ദുര്‍ഘട സന്ധി എന്നുതന്നെ പറയാം അതിനെ. വായനക്കാരന്റെ ഹൃദയത്തെ വീര്‍പ്പുമുട്ടിക്കുന്ന ഒരു കാര്യമാണത്. അതായത്, ഇഖ്‌വാന്‍ പ്രവര്‍ത്തകരെ കരുതിക്കൂട്ടി തീവ്രവാദികളാക്കി മുദ്രകുത്താന്‍ അലിഅശ്മാവി എന്ന മനുഷ്യന്‍ നടത്തിയ ഹീനമായ പ്രവര്‍ത്തനം എന്ന് അതിനെ പറയാം. ഇനിയും ശക്തമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ 'അലിഅശ്മാവി'മാര്‍ നുഴഞ്ഞുകയറും. പിശാചിന് എന്തെങ്കിലും പണി ഉണ്ടാകാതെ തരമില്ലല്ലോ. നബി(സ)യുടെ കാലത്ത് നുഴഞ്ഞുകയറിയ മുനാഫിഖുകളോട് ഇത്തരക്കാരെ ഉപമിക്കാനാകും. 

ആധുനിക കാലഘട്ടത്തില്‍ അതിന് ഭരണകൂട ഭീകരതയുടെ well planned പദ്ധതി സഹായകമായി ഉണ്ടാകും. ഈജിപ്തിലും തുനീസിലും വിജയംകണ്ട മുല്ലപ്പൂ വിപ്ലവത്തെ കശക്കി എറിയാന്‍ എത്ര അണിയറ നാടകങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടാകും? നീതിയും സത്യവും പുലരുന്ന ഒരു ലോകം പിറവിയെടുക്കുന്നതിന് സാക്ഷികളാകാന്‍ നമ്മെയെല്ലാം സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ, ആമീന്‍.

നക്‌സലുകള്‍ക്ക് അന്യമല്ലെങ്കിലും ബാക്കി പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. (നക്‌സല്‍ പ്രസ്ഥാനത്തിന്റെ സത്യാസത്യങ്ങളെ നിരൂപണം നടത്തുകയല്ല ഞാനിവിടെ). പക്ഷേ, അവരെ കടപുഴക്കാന്‍ ജയറാം പടിക്കല്‍ എടുത്ത അടവും ഇതുതന്നെയായിരുന്നു എന്ന് കബീര്‍ സമര്‍ഥിക്കുന്നു (പേജ് 56)
സാമൂഹ്യപരിവര്‍ത്തനത്തിന് ശ്രമിക്കുന്ന, അല്പമെങ്കിലും ചുറുചുറുക്കുള്ള സംഘടനകള്‍ വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു കാര്യമാണിത്. മുമ്പ് നക്‌സല്‍ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന, വളരെ ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ഒരു സുഹൃത്ത് ഈയിടെ പറയുകയുണ്ടായി. എന്റെ പ്രസ്ഥാനം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും അതിന്റെ സത്ത് നഷ്ടപ്പെടുകയും ചെയ്ത അന്ന് രാത്രി 'എനിക്കിനി ജീവിക്കേണ്ട' എന്നുവരെ തോന്നിപ്പോയി എന്ന്. അദ്ദേഹം ഒരിക്കലും കുടിലമായ സായുധ പോരാട്ടത്തെ അംഗീകരിക്കുന്ന ആളല്ല. എന്നാല്‍, ആദിവാസിപ്പെണ്‍കൊടിമാര്‍ക്ക് സൈ്വര്യമായി അന്തിയുറങ്ങാന്‍ സമ്മതിക്കാത്ത, നരാധമന്മാരെ നിയമം ശിക്ഷിക്കുന്നില്ലെങ്കില്‍ സ്വയരക്ഷയ്ക്ക് സാധിക്കാത്ത സാധുസ്ത്രീകള്‍ക്ക് വിപ്ലവപ്രസ്ഥാനങ്ങളെങ്കിലും താങ്ങും തണലുമാകണ്ടേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.


നമുക്ക് സയ്യിദ് ഖുതുബിലേക്കുതന്നെ പോകാം. സയ്യിദ് ഖുതുബ് അതിവിശിഷ്ട സാഹിത്യകാരനും കൂടിയാണ്. സാഹിത്യത്തിലും നിരൂപണത്തിലുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രചനകള്‍. അതിനുശേഷമാണ് ഇസ്‌ലാമിക വിജ്ഞാനീയത്തിലേക്ക് കാര്യമായി തിരിയുന്നത്. അദ്ദേഹം രക്തസാക്ഷിയായി കൃത്യം 45 കൊല്ലം തികയുന്ന ആഗസ്ത് മാസത്തില്‍ത്തന്നെ ഗ്രന്ഥം നമ്മുടെ കൈകളിലെത്തുന്നു. മലയാളത്തിന് 45 കൊല്ലം കാത്തിരിക്കേണ്ടിവന്നു ഇത്തരം ഒരു കൃതി ലഭിക്കാന്‍ എന്നത് അദ്ദേഹത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ക്ക് ആക്കം കൂട്ടിക്കാണും. എങ്കിലും സയ്യിദ് ഖുതുബിന്റെ പല കൃതികളും - ഖുര്‍ആന്റെ തണലില്‍ അടക്കം - മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത് വിസ്മരിക്കുന്നില്ല.
ഗ്രന്ഥത്തിന്റെ ആമുഖപ്പേജില്‍ ചേര്‍ക്കപ്പെട്ട ഖുതുബിന്റെ ഒരു വാചകം കൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു - ''നമ്മുടെ വാക്കുകള്‍ ജീവിതപാതയിലെ നിശ്ചല പ്രതിമകള്‍ മാത്രമാകുന്നു. ആ പാതയി രക്തമിറ്റി വീഴുമ്പോള്‍ അവയിലേക്ക് ജീവന്‍ അരിച്ചെത്തുന്നു.''


സ്വന്തം രക്തം കൊണ്ടും ജീവന്‍ കൊണ്ടും ജീവിതം കൊണ്ടും അദ്ദേഹം തന്റെ ആദര്‍ശത്തിന്റെ സാക്ഷിയായി. അദ്ദേഹത്തെയും നമ്മെയും സര്‍വശക്തന്‍ വിശാലമായ സ്വര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടട്ടെ.


വാല്‍ക്കഷണം: ഇന്നും നീതിനിഷേധിക്കപ്പെട്ട് കല്‍ത്തുറുങ്കില്‍ കിടക്കുന്നവര്‍ക്കുവേണ്ടി നാം എന്ത് ചെയ്യുന്നു? ഓരോ മനുഷ്യനും ചോദിക്കേണ്ട ചോദ്യമാണ്. ഒരു കാര്യം, അനീതി അധികം കാലം വാഴില്ല. സത്യം എന്നാണെങ്കിലും മറനീക്കി പുറത്തുവരും. 'മര്‍ദ്ദിതന്റെ പ്രാര്‍ഥനയ്ക്കും ദൈവത്തിനും ഇടയില്‍ മറയില്ല' എന്ന പ്രവാചകവചനം അക്രമകാരികള്‍ ഓര്‍ത്തിരുന്നെങ്കില്‍!


വസ്സലാം