Tuesday, August 9, 2011

നമ്മെ ഭരിക്കേണ്ടത് സല്‍സ്വഭാവം -അംറ്ഖാലിദ്‌


അംറ്ഖാലിദ് ഇപ്പോള്‍ സ്ഥിരമായി ഈജിപ്തില്‍ തന്നെയുണ്ട്. അദ്ദേഹം നാട്ടില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞു. ഈജിപ്തിന്റെ വിശപ്പിനേക്കാളും മറ്റ് സാമ്പത്തിക പ്രതിസന്ധികളേക്കാളും അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് സദാചാരത്തകര്‍ച്ചയാണ് എന്ന് അദ്ദേഹം മുഖാമുഖത്തില്‍ വ്യക്തമാക്കി. ഇന്റര്‍നെറ്റിലൂടെയും മറ്റും പ്രചരിച്ചുകൊണ്ടിരിക്കുന്ന മ്ലേച്ഛതയും നിര്‍ലജ്ജതയും ആണ് അദ്ദേഹത്തെ വിഷമിപ്പിക്കുന്നത്. അദ്ദേഹം പത്രപ്രസ്താവനയിലൂടെ വ്യക്തമാക്കിയ വിവരങ്ങള്‍ കാണുക:


നാം ഈജിപ്ഷ്യന്‍ ജനത - മൊത്തമായി ഈ വിപത്തിനെ ഒരു വിപത്തായി കാണുക എന്നതാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. വിശ്വാസത്തിന് കരുത്തുണ്ടാകണം. കാരണം, സല്‍സ്വഭാവം എന്നത് വളരുന്നത് വിശ്വാസത്തിലാണ്.


ഇക്കൊല്ലത്തെ നോമ്പ് സ്വഭാവരൂപീകരണത്തിന്റെയും ഉല്‍പാദനത്തിന്റെയും നോമ്പായിരിക്കാന്‍ അത്യധ്വാനം ചെയ്യണമെന്ന് അദ്ദേഹം യുവാക്കളെ ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ നാം വിജയിച്ചാല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവ് റബ്ബ് നമുക്ക് തരികതന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്.


നാം പാകേണ്ട അടിസ്ഥാനശില സല്‍സ്വഭാവമായിരിക്കണമെന്നും നമ്മെ ഭരിക്കേണ്ടത് സല്‍സ്വഭാവമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ വിവരസാങ്കേതികവിദ്യയും പൂര്‍ണമായും സദാചാരപരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അപ്രകാരംതന്നെ, ഈ വര്‍ഷത്തെ റമദാന്‍ നമുക്ക് ആശ്വാസവും അഭയവും ആയിരിക്കാന്‍ ശ്രമിക്കണം. രാഷ്ട്രീയ കാര്യം ഒന്നും നാമിപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ല. ഇപ്പോള്‍ നമുക്കാവശ്യം നാം പെട്ടിട്ടുള്ള പ്രതിസന്ധികളെ നീക്കം ചെയ്യുക എന്നതാണ്. ഇത് പരിഹരിച്ചതിനുശേഷം വിശ്വാസം കൊണ്ട് കരുത്ത് നേടി അതില്‍നിന്ന് നമുക്ക് നന്മകള്‍ ഉണ്ടാക്കാന്‍ കഴിയും.


ഈ റമദാനില്‍ മൂന്ന് മില്യന്‍ റമദാന്‍ കിറ്റുകള്‍ ആണ് തന്റെ ലക്ഷ്യമെന്നും യുവാക്കള്‍ സജീവമായി അതില്‍ ഭാഗമാക്കാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അനീതിക്കും നാശത്തിനും എതിരില്‍ നയിച്ച വിപ്ലവത്തിന് പിന്തുണ നല്‍കിയ ഡോ. ത്വാരിഖ് സുവൈദാനുമായുള്ള അഭിമുഖത്തിലെ ഭാഗങ്ങള്‍ അംറ്ഖാലിദ് വിലയിരുത്തി. നാം അല്ലാഹുവിന്റെ നിയമമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍, അതിന് ഏറ്റവും അത്യാവശ്യമായത് സ്വാതന്ത്ര്യമാണ്. അതുപോലെ യമനിലെയും തൂനിസിലെയും വിപ്ലവത്തിനും നമ്മള്‍ സഹായിക്കേണ്ടതുണ്ട്. കാരണം, ആ രാജ്യങ്ങളൊക്കെ അല്ലാഹുവിന്റെ ശരീഅത്ത് നിലനിന്നിരുന്ന നാടുകളാണ്. നാമാണെങ്കില്‍ ഒറ്റ ജനതയും. അല്ലാഹു നമ്മെ അങ്ങനെയാണ് പരിചയപ്പെടുത്തിയിട്ടുള്ളത്.


സലഫിധാരയും രണ്ടുപേരുടെയും സംഭാഷണത്തിന്റെ വിഷയമായി. ചില വിഷയങ്ങളില്‍ അവര്‍ സ്വീകരിക്കുന്ന വൈരുധ്യത്തെയും ചര്‍ച്ചചെയ്തു. ഈജിപഷ്യന്‍ പ്രസിഡന്റിനെതിരില്‍ വിപ്ലവം നടത്തുന്നതിനെ എതിര്‍ത്ത സലഫികള്‍ സിറിയന്‍ ഭരണാധികാരിക്കെതിരില്‍ നടക്കുന്ന വിപ്ലവത്തെ അനുകൂലിക്കുന്നു. ഇത് വൈരുധ്യമല്ലേ? എന്നാല്‍, കുവൈത്തില്‍ മന്ത്രിസ്ഥാനം വരെ വഹിക്കുന്ന സലഫികളുണ്ടെന്നും അത് അവരുടെ രാഷ്ട്രീയ പക്വതയെയാണ് പ്രദശിപ്പിക്കുന്നതെന്നും ഡോ. സുവൈദാന്‍ അഭിപ്രായപ്പെട്ടു. അവര്‍ ഏതാണ്ട് ഈജിപ്തിലെ ഇഖ്‌വാനികളെപ്പോലെയാണ്. അപ്രകാരം ശൈഖ് മുഹമ്മദ് ഹസ്സാന്‍ പോലുള്ള പ്രമുഖ സലഫി വ്യക്തിത്വങ്ങളില്‍ രാഷ്ട്രീയത്തോടുള്ള തങ്ങളുടെ സമീപനത്തില്‍ വിപ്ലവാനന്തരം വ്യക്തമായ മാറ്റം വന്നിരിക്കുന്നു. തങ്ങള്‍ വളര്‍ന്നുവന്ന ആശയങ്ങളെ ഒരു പുനരാലോചനയ്ക്ക് സലഫികള്‍ വിധേയമാക്കേണ്ടതുണ്ടെന്നാണ് ഈ കാര്യങ്ങള്‍ സൂചന നല്‍കുന്നത്.

കുവൈത്തിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയാനുഭവങ്ങളെപ്പറ്റി അംറ്ഖാലിദ് അന്വേഷിക്കുകയുണ്ടായി. അവിടെ കാര്യമായ ചില പോരായ്മകളുണ്ടെന്നും ഭരണതന്ത്രങ്ങള്‍ പുനരാവിഷ്‌കരിക്കേണ്ടതുണ്ടെന്നും ആണ് തന്റെ അഭിപ്രായം. ഇതിന് കാരണമായി അദ്ദേഹം പറഞ്ഞത്, ഇസ്‌ലാമിക സംഘങ്ങള്‍ സംസാരങ്ങള്‍ ചുരുക്കുകയാണെന്നും ഭാവിക്കാവശ്യമായ പ്ലാനിങ്ങുകള്‍ കാര്യമായി നടത്തുന്നില്ലെന്നും വിവരസാങ്കേതിക വിദ്യയില്‍ കഠിനമായ ശൂന്യത ഉണ്ടെന്നും ആണ്.


സമൂഹത്തില്‍ ഗുണപരമായ ഇടപെടലുകള്‍ നടത്തണമെന്നും പൊതുവിഷയങ്ങളില്‍ കാര്യമായ പങ്കാളിത്തം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഇസ്‌ലാമിസ്റ്റുകളോടാഹ്വാനം ചെയ്തു. അതായത്, അവര്‍ കൃത്യനിഷ്ഠയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ഒരു സംഘമെന്ന നിലയ്ക്ക് പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കപ്പെടുകയും ഓരോരുത്തരും തങ്ങളിലേല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കണമെന്നും ആവശ്യപ്പെട്ടു. അപ്രകാരം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യവസായസംരംഭങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതില്ല. ഉദാഹരണമായി, വളണ്ടിയര്‍ സര്‍വീസുകള്‍ നടത്തുന്നവര്‍ക്ക് ടൂറിസത്തില്‍ അവഗാഹമുണ്ടാകാറില്ല. അപ്പോള്‍ ഓരോ ഇസ്‌ലാമിക സംഘങ്ങളും വ്യത്യസ്തങ്ങളായ മേഖലകളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കട്ടെ. (തീര്‍ച്ചയായും, നമ്മുടെ രാജ്യത്തെ ഇസ്‌ലാമിക സംഘടനകള്‍ ഈ രീതി സ്വീകരിച്ചിരുന്നെങ്കില്‍!)


അറബ്‌ലോകത്തെ വിപ്ലവഘട്ടങ്ങളെപ്പറ്റി സുവൈദാന്‍ വളരെ ശക്തമായി ചില അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോലുള്ള കാര്യങ്ങളില്‍ വളരെയധികം അവധാനത സ്വീകരിക്കേണ്ട ഘട്ടമാണിത്. അവിടെ എന്തെങ്കിലും വൈകാരികതയ്‌ക്കോ ജനപ്രീതിക്കോ മാത്രം അടിസ്ഥാനമായി കാരങ്ങള്‍ തീരുമാനിക്കപ്പെടരുത്. മറിച്ച്, കൃത്യമായ കാഴ്ചപ്പാടുള്ളവരെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക.


അംറ്ഖാലിദ്‌
വിപ്ലവം, യുദ്ധം പോലുള്ള കാര്യങ്ങളില്‍നിന്ന് ഒരു രാജ്യം പുറത്തുകടക്കാന്‍ ഏതാണ്ട് 13 മുതല്‍ 20 വര്‍ഷങ്ങള്‍ വരെ വേണ്ടിവരും. മാറ്റത്തിനുവേണ്ടി നാല് അടിസ്ഥാനങ്ങള്‍ ശ്രദ്ധാപൂര്‍വം വീക്ഷിക്കപ്പെടേണ്ടതുണ്ട് എന്നും സുവൈദാന്‍ വ്യക്തമാക്കി.

  1. അവലംബിക്കാവുന്ന, ശരിയായ രൂപത്തില്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ വിലയിരുത്തുക. ഒപ്പംതന്നെ ആ ജനതയുടെ കഴിവുകളും പ്രതിസന്ധികളും എന്താണെന്ന് ശരിക്ക് മനസ്സിലാക്കുക.
  2. ഇരുപത്  വര്‍ഷം കഴിഞ്ഞ്, അല്ലെങ്കില്‍ മുപ്പത് വര്‍ഷം കഴിഞ്ഞ് ജനത എത്തരത്തിലായി മാറണമെന്ന് സൂക്ഷ്മമായ പഠനം നടത്തുക.
  3. ഭാവിയില്‍ നാം നടപ്പാക്കേണ്ട പദ്ധതികളുടെ രേഖകള്‍ നിശ്ചയിക്കല്‍.
  4. രാജ്യത്തെ മാറ്റത്തിന്റെ സാക്ഷാല്‍ക്കാരത്തിന് ഭംഗം നില്‍ക്കുന്നത് എന്തെല്ലാമാണെന്ന് നിശ്ചയിച്ച്, അവയെ ഗുണപരമായ അവസ്ഥയിലേക്ക് മാറ്റുക.

റമദാനില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്ന 'മാറ്റത്തിന്റെ കാറ്റ്' എന്ന പരിപാടിയിലൂടെ മുസ്‌ലിം ഉമ്മത്തിന് ഭാവിപദ്ധതികള്‍ നിര്‍ദേശിച്ചുകൊടുക്കുന്നുണ്ടെന്നും ഡോക്ടര്‍ താരിഖ് സുവൈദാന്‍ പ്രഖ്യാപിക്കുകയുണ്ടായി.


മുസ്‌ലിം ഉമ്മത്തിനെ വഴികാട്ടാന്‍ യോഗ്യരായ നേതാക്കളെ ലഭ്യമാകാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.
നാഥാ, റമദാനിലെ ഞങ്ങളുടെ പ്രാര്‍ഥനയെ നീ നിരസിക്കരുതേ...


(അല്‍അഖ്ബാര്‍ എന്ന ഈജിപ്ഷ്യന്‍ പത്രത്തില്‍ അംറ്ഖാലിദിന്റേതായി വന്ന ശ്രദ്ധേയമായ ഒരു ലേഖനത്തിന്റെ ആശയ വിവര്‍ത്തനമാണിത്)

4 comments:

  1. അസ്സലാമു അലൈക്കും

    ഇക്കൊല്ലത്തെ നോമ്പ് സ്വഭാവരൂപീകരണത്തിന്റെയും ഉല്‍പാദനത്തിന്റെയും നോമ്പായിരിക്കാന്‍ അത്യധ്വാനം ചെയ്യണo. ഇക്കാര്യത്തില്‍ നാം വിജയിച്ചാല്‍ പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവ് റബ്ബ് നമുക്ക് തരികതന്നെ ചെയ്യും. ഇന്‍ശാ അല്ലാഹ്.
    വളരെ നല്ല ഉപദേശം.

    ReplyDelete
  2. Nice Post. Masha Allah. loka islaamika prasthaanangalkk Allahu shariyaaya disha bodham nalkatte. aameen

    ReplyDelete
  3. Good Post. Keep the good works. May God bless you.

    ReplyDelete
  4. മുസ്‌ലിം ഉമ്മത്തിനെ വഴികാട്ടാന്‍ യോഗ്യരായ നേതാക്കളെ ലഭ്യമാകാന്‍ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.

    ReplyDelete