Thursday, December 29, 2011

ആരുണ്ട് സ്വർഗം പണം കൊടുത്ത് വാങ്ങാൻ



എന്റെ യാത്രാവിവരണത്തിൽ ഒരു ഫലസ്തീൻ സൈറ്റിൽനിന്ന് ലഭിച്ച 'ആരുണ്ട് സ്വർഗം വാങ്ങാൻ' എന്ന ഇ-ബുക്കിനെ വിവർത്തനം ചെയ്യാൻ ഞാൻ ഉദ്ദേശിക്കുന്നുണ്ടെന്നെഴുതിയിരുന്നല്ലോ. من يشتري الجنة؟


അതേ! ആരുണ്ട് സ്വർഗം പണം കൊടുത്ത് വാങ്ങാൻ? അബൂഹുറൈറയുടെ ഒരു വാചകം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.


''ഹസ്രത്ത് ഉസ്മാൻ (റ) നബി(സ)യിൽനിന്ന് രണ്ടുതവണ സ്വർഗം വാങ്ങി.''


സ്വർഗം വാങ്ങാനുള്ള വഴികളെന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം. അർധരാത്രിയിൽ രണ്ട് റകഅത്ത് നമസ്‌കരിച്ച് വാങ്ങാം. ഒരു അക്രമിയെ തടയുകയും മർദ്ദിതന്റെ അവകാശം തിരിച്ചുകൊടുത്തുകൊണ്ടും സ്വർഗം വാങ്ങാം. ചൂടുള്ള ഒരു ദിവസം! റബ്ബിനോട് പ്രാർഥിച്ചുകൊണ്ട് നോമ്പെടുത്തും വാങ്ങാം സ്വർഗം. കൂട്ടുകാരനെ നോക്കി, മനസ്സറിഞ്ഞ്, കാപട്യമില്ലാതെ പുഞ്ചിരിച്ച് സ്വർഗം വാങ്ങാം. അല്ലെങ്കിൽ ഒരനാഥയുടെ തലയിൽ കൈയോടിച്ചുകൊണ്ടും വാങ്ങാം, സ്വർഗം.


എത്ര വഴികളാണ് സ്വർഗത്തിലേക്ക്? എന്നാൽ ഹഃ ഉസ്മാൻ (റ) ഇതിൽ ഏതു വഴിയിലൂടെയാണ് സ്വർഗം തിരഞ്ഞെടുത്തത്? بئر رومة (റൂമാ കിണർ) വാങ്ങിയപ്പോഴും പ്രയാസമേറിയ സൈന്യത്തെ തബൂക്കിലേക്കയച്ചുകൊണ്ടും ആണ് സ്വർഗം നേടിയത്.


അതിനാൽ, സ്വർഗം വാങ്ങാൻ പൈസയും അത്യാവശ്യമാണെന്ന് ഈ സംഭവത്തിലൂടെ ബോധ്യം വരികയാണ്.


ഇന്ന് മുസ്‌ലിംകളുടെ പ്രശ്‌നപരിഹാരത്തിന് ധനം കൊണ്ടുള്ള ജിഹാദ് ഒരു ഇബാദത്തായി മാറുകയാണ്. ഇറാഖ്, ഫലസ്തീൻ തുടങ്ങിയ നാടുകളിലെങ്കിലും - ഏതൊരു അധിനിവിഷ്ട നാടിനോടും ഉള്ള സ്‌നേഹവും ആർദ്രതയും പണമില്ലാതെ പരിഹരിക്കപ്പെടുകയില്ല എന്നത് ഒരു യാഥാർഥ്യമാണ്. കാരണം, ശത്രു സർവാഢംബരവിഭൂഷിതയാണ്. ടെക്‌നോളജിയിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്നു. ഈ ടെക്‌നോളജിക്കും ഇന്ന് ധനം ആവശ്യമാണ്.


അതിനാൽ, മുസ്‌ലിം ഉമ്മത്തിലെ ഒരു വിഭാഗം മാത്രം ധന-ശരീരാദികളുടെ ജിഹാദിന്റെ ഭാരം പേറിയാൽ മതിയാവുകയില്ല. സ്വർഗം വാങ്ങാനും അല്ലാഹുവിന്റെ മാർഗത്തിൽ സ്വന്തത്തെ സമർപ്പിക്കാനും അവർ ഈ മാർഗത്തെ തെരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ഒരിക്കലും ഈ അവസ്ഥകൊണ്ട് അത് കരഗതമാവുകയില്ല. ഫലസ്തീനിലാകട്ടെ മറ്റേതെങ്കിലും രാജ്യത്താകട്ടെ, ഏതൊരു സമൂഹത്തിനും യഥാർഥ സഹായം ലഭ്യമാകണമെങ്കിൽ ഈ ബോധം മുസ്‌ലിംകളുടെ ബോധമണ്ഡലത്തിലും അവരുടെ ഇടപാടുകളിലും രൂഢമൂലമാകേണ്ടതുണ്ട്.


ഈ വരികളിലൂടെ ഫലസ്തീന്റെ സമകാലിക രൂപം വ്യക്തമാകുമ്പോൾ മുസ്‌ലിംകളുടെ ശ്രദ്ധയും ദൃഢതയും ഈ പ്രശ്‌നത്തിനുനേരെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉമ്മത്തിന്റെ ശരീരത്തിലെ വേദനകളെ നാം പരിശോധിക്കുമ്പോൾ ധനംകൊണ്ടുള്ള ജിഹാദിന് ആ മുറിവുകളെ വെച്ചുകെട്ടുന്ന കാര്യത്തിൽ വലിയ സ്ഥാനമാണുള്ളത് എന്ന് ബോധ്യം വരും.


എന്നാൽ ധനവ്യയത്തോടൊപ്പം മുസ്‌ലിംകളുടെ പ്രശ്‌നപരിഹാര മാർഗങ്ങളിൽ മറ്റുചില അത്യാവശ്യ ഘടകങ്ങൾ കൂടെ ചേരേണ്ടതുണ്ട് എന്ന് പറയാതെതന്നെ നിങ്ങൾക്കറിയാം. അതെന്താണെന്ന് നമുക്കൊന്ന് നോക്കാം. വ്യക്തമായ കാഴ്ചപ്പാടും ആത്മവിശ്വാസവും ആവശ്യമുണ്ട്. അതോടൊപ്പം മുസ്‌ലിംകൾ തമ്മിലുള്ള സ്‌നേഹബന്ധങ്ങൾ ഊഷ്മളവും പ്രവാചകന്റെ കാലത്തെപോലെ മാതൃകാപരവും ആകേണ്ടതുണ്ട്. മുസ്‌ലിം ഉമ്മത്തിന് അതിന്റെ അഭിമാനവും ആഭിജാത്യവും നിലനിന്നുകിട്ടാൻ നമുക്ക് ഈ സന്ദർഭത്തിൽ പ്രാർഥിക്കാം.

വിഷയത്തിലേക്ക് കടക്കുംമുമ്പ് നമുക്ക് ചില ദൃശ്യങ്ങൾ ആമുഖമായി നമ്മുടെ ദൃഷ്ടിയിൽ പതിയേണ്ടതുണ്ട്. ഈ ദൃശ്യങ്ങൾ നാം കണ്ടിട്ട് കണ്ടില്ല എന്ന് നടിച്ച് നടന്നുനീങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ ഈ ചർച്ചകൊണ്ട് യാതൊരുപകാരവും ഇല്ല എന്നാദ്യം പറയട്ടെ.


നോക്കൂ... 10 അംഗങ്ങളുള്ള ഒരു കുടുംബത്തെ പോറ്റാൻ വേണ്ടിയാണ് നമ്മുടെ ആ സഹോദരൻ നഗരത്തിനു പുറത്ത് പണിക്കു പോകുന്നത്. രാവിലെ പുറപ്പെട്ട് ചെല്ലുമ്പോഴാണ് ആ പാവം അറിയുന്നത്, അതിർത്തി അടയ്ക്കപ്പെട്ടിരിക്കുന്നു. പട്ടണം ഉപരോധിക്കപ്പെട്ടിരിക്കുന്നു!! വെറും കൈയോടെ തിരിച്ചുപോകുന്നു; തികച്ചും ദുഃഖപൂർണമായ മനസ്സും തന്നെ കാത്തിരിക്കുന്ന ഒൻപത് വയറുകളെപ്പറ്റിയുള്ള ദുഃഖവുമായി. തന്റെ പ്രിയതമൻ അപകടമൊന്നുമില്ലാതെ തിരിച്ചെത്തിയല്ലോ എന്ന സമാധാനം മാത്രം അദ്ദേഹത്തിന്റെ ഭാര്യയ്ക്ക്. ഉപരോധം എത്ര ദിവസം നീളും എന്ന് ഉറപ്പില്ല. നോക്കൂ! നമ്മുടെ ഫലസ്തീൻ സുഹൃത്തും കുടുംബവും അന്ന് പട്ടിണിയിലേക്ക് വീഴുകയാണ്. നാമോ? പൊങ്ങച്ചത്തിന്റെ പേരിൽ ഇവിടെ ഭക്ഷണം പാഴാക്കുന്നു. യാ അല്ലാഹ്! നീ പൊറുക്കുമോ ഞങ്ങളോട്?


മറ്റൊരു കാരണവർ. തന്റെ എല്ലാമായ പീടിക അല്പം മാത്രം തുറന്നുവെക്കാനേ അദ്ദേഹത്തിന് കഴിയുന്നുള്ളൂ. സ്ഥിതിഗതികൾ മോശമാണ്. എപ്പോൾ വേണമെങ്കിലും ജൂതപ്പട ആ വയോധികന്റെ കടയ്ക്കുനേരെ വെടിയുതിർക്കാം. സാധനങ്ങൾ വാങ്ങാൻ ആരും അധികമായി വരുന്നില്ല. കാരണം, ആൾക്കാരുടെ കൈയിൽ ഇപ്പോൾ പണമില്ല. ഏതു നിലയ്ക്കും നമ്മുടെ ആ കാരണവരുടെ സ്ഥിതി പരുങ്ങലിലാണ്. മുസ്‌ലിം ഉമ്മത്തേ, നിന്റെ രക്തമാണ്, തന്റെ ജീവിതത്തിന്റെ സായംസന്ധ്യയിൽ ഈ ദുർഗതി ഏറ്റുവാങ്ങേണ്ടിവരുന്നത്. നീ ഇവിടെ മക്കൾക്കും പേരമക്കൾക്കുമായി അളവില്ലാതെ സമ്പാദിച്ചുകൊണ്ടിരിക്കുന്നു! വിചിത്രം തന്നെ നിന്റെ കാര്യം.


അഞ്ച് കുടുംബങ്ങൾ - വൃദ്ധരും കുട്ടികളും ഗർഭിണികളും കൈക്കുഞ്ഞുങ്ങളെ കൈയിലേന്തിയ അമ്മമാരും ഉണ്ടതിൽ! നോക്കൂ, പ്രസവിച്ച് ഏതാനും ദിവസം മാത്രമായ ഒരു യുവതി. വേച്ചവേച്ചാണ് നടക്കുന്നത്. കൈയിൽ കിട്ടിയതും കൊണ്ട് എല്ലാവരും ഓടുകയാണ്. പിന്നിലായി ഒരു ഉപ്പാപ്പ. അവരോടൊപ്പം എത്താൻ പറ്റുന്നില്ല. അവരുടെ വീടുകൾ ബോംബാക്രമണത്തിൽ തകർന്നുതരിപ്പണമായി. മേലെ ആകാശം, താഴെ ഭൂമി. തലചായ്ക്കാനൊരിടം തേടിയാണാ സഹോദരങ്ങൾ നെട്ടോട്ടമോടുന്നത്. എന്റെ പ്രിയ ഉമ്മത്തേ, ദയവുചെയ്ത് ഒരു നിമിഷം ഈ കാഴ്ച നിരീക്ഷിക്കൂ. നിങ്ങളുടെമക്കളും മരുമക്കളും പ്രസവിക്കാൻ വേണ്ടി ഏറ്റവും ഗമയേറിയ ആശുപത്രി തെരഞ്ഞെടുക്കാൻ നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറില്ലേ. ഗർഭിണികളെ എത്രയും സൂക്ഷ്മതയോടെയാണ് നിങ്ങൾ യാത്രചെയ്യിക്കാറ്. അതാ, അവിടെ ഫലസ്തീനീ മകളും മരുമകളും ജൂതന്റെ തോക്കിൽനിന്ന് രക്ഷപ്പെട്ട് എങ്ങോട്ടെന്നില്ലാതെ ഓടുകയാണ്. എന്നിട്ട് നിനക്കും കിട്ടണം സ്വർഗം അല്ലേ? ചെല്ല്, പരലോകത്തേക്ക് - നിന്റെ കൈയിൽ എന്ത് മറുപടിയാണുള്ളത്.
مثل المؤمنين في تعاطفهم وتراجمهم وتوادهم مثل الجسد اذا اشتقى منه عضو تداعي له سائر الجسد بالسهر والحمّى 
ഈ ഹദീസ് നിന്നെ വേദനിപ്പിക്കുന്നില്ലെങ്കിൽ നിന്നോട് ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല.

മറ്റൊരു കുടുംബം - 60 പിന്നിട്ട മാതാപിതാക്കൾ. 9 മക്കളിൽ മൂത്തമകന് 18 വയസ്സ്. രോഗിയായിത്തീർന്ന പിതാവിനെയും തന്റെ ഇളയവരെയും ഉമ്മാനെയും സംരക്ഷിക്കാനാണ് അവൻ പഠനം നിർത്തി ജോലിക്ക് പോയിത്തുടങ്ങിയത്. തന്റെ ജനതയെ നശിപ്പിക്കുന്നവരെ പ്രതിരോധിക്കാനാണ് അവൻ കല്ലെടുത്തത്. പക്ഷേ, ശത്രുവിന്റെ ലക്ഷ്യം പിഴച്ചില്ല. ആ ഇളംമാറിൽ വെടിയുണ്ട ഏറ്റുവാങ്ങി അവൻ സ്വർഗത്തിലേക്ക് യാത്രയായി. പക്ഷേ, 10 അംഗങ്ങളുടെ ആ കുടുംബത്തെ ആര് നോക്കും? അവരെ നോക്കേണ്ട ഉത്തരവാദിത്വം ശഹാദത്ത് കലിമ ഉച്ചരിച്ച ഓരോ മുസ്‌ലിമിന്റെ മേലും ബാധ്യതയാണ്. ആരും സംരക്ഷിക്കാതെ ആ കുടുംബം തകർന്നുപോയാൽ മുസ്‌ലിം ഉമ്മത്ത് മുഴുവൻ കുറ്റക്കാരാകും.

4 comments:

  1. sworgam vaangaan panam venamenna arivu kittiyathinekkaalum falasthenikalude aastha neril arinjappol sankadam vannu,2 varsham mumballe avide poyathu??

    ivide KSA yile Palastenikale kurichu aarkkum nalla abhiprayamilla..especially Palastene managers

    ReplyDelete
  2. 'അവതാരിക' പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പലസ്തീനികളുടെ അത്ര അഹങ്കാരം വേറെ ഒരു നാട്ടുകാരനിലും ഞാന്‍ കണ്ടിട്ടില്ല. വല്ലാത്തൊരു വര്‍ഗം തന്നെ. നമ്മള്‍ ഇന്ത്യക്കാരൊക്കെ വെറും എലികള്‍ എന്നാ പോലുള്ള പെരുമാറ്റം.

    അതെന്തായാലും കഷ്ടപ്പെടുന്നവരുടെ ഈ ദുരവസ്ഥ ലോകം കണ്ടേ തീരൂ... അതിനു പരിഹാരം ഉണ്ടാക്കല്‍ ലോക മനുഷ്യരുടെ കടമയും ആണ്. പോസ്റ്റിനു നന്ദി.

    ReplyDelete
  3. അരുടെതുമല്ലാത്ത ഭൂമിയില്‍ ആരോരുമില്ലാതെ
    അലയുന്നവര്‍ക്ക് കരുണയുടെ കടലായി നാം മാറുക
    കാലികപ്രസക്തമായ പോസ്റ്റ്‌
    --

    ReplyDelete
  4. ഞാൻ മനസ്സിലാക്കുന്നത് ഫലസ്തീനികളിൽ (ഗൾഫിൽ നമുക്ക് പരിചയമുള്ള) ഇന്നു കാണുന്നത് ഒരു തരം complex ആണെന്നാണു... ഞങ്ങളുടെ രാജ്യത്ത് (അങ്ങിനെ ഒന്നുണ്ടോ) അങ്ങിനെയായിരുന്നതിന്റെ ഒരു തരം പ്രായശ്ചിത്തം... അവിടെ സാധിക്കാത്തത് ഇവിടെ നേടുന്നതിന്റെ അൽപ്പം ഗർവ്../ അഹങ്കാരം....

    ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ഫലസ്തീനിലേക്ക് സഹായങ്ങൾ അയക്കപ്പെടുന്നു എന്നാണു മനസ്സിലാക്കുന്നത്.. പലതും അവിടേക്ക് എത്താറില്ല .. അതിനു രാഷ്ട്രീയ കാരണങ്ങളും ഉണ്ട്... ഇവിടെ കുവൈത്തിൽ ഇറാഖ് ഇൻവേഷനു മുൻപ് ഗവ: ജോലികളിൽ അധികവും ഫലസ്തീനികൾ ആയിരുന്നു എന്നു കേട്ടിട്ടുണ്ട്.. പക്ഷേ യുദ്ധ സമയത്ത് ഇറാഖിനനുകൂലമായി അവർ അണി നിരന്നപ്പോൾ യുദ്ധാനന്തര കുവൈത്തിൽ ആ സ്ഥാനങ്ങൾ അധികവും ഇന്ന് ഈജിപ്തുകാർ കയ്യടക്കി.. ഫലസ്ഥീനികളിൽ 99% വും പുറത്താക്കപ്പെട്ടു... ഇതൊക്കെ യാഥാർഥ്യം..

    നാം നമ്മുടെ കർത്തവ്യം നിറവേറ്റുക.. നാഥനിൽ നിന്നുള്ള പ്രതിഫലം മാത്രമാവട്ടെ നമ്മുടെ ലക്ഷ്യം... ഉമ്മത്തിന്റെ 'ഇസ്സത്ത്' ഉയർത്തിപ്പിടിച്ച് ഏതു കോണിലും ജീവിക്കാൻ റബ്ബ് എല്ലാ മുസ്ലിംകളെയും അനുഗ്രഹിക്കുമാറാകട്ടെ...

    ReplyDelete