Thursday, January 26, 2012

ചിന്തിക്കുന്നവര്‍ക്ക് പാഠങ്ങള്‍ ഉണ്ട്‌

സ്വര്‍ഗീയാരാമങ്ങളില്‍ എത്തിപ്പെടുന്ന വിശ്വാസികളെ പറ്റിയാണ് ഖുര്‍ആന്‍ ഇവിടെ വിവരിക്കുന്നത്. ചിന്തക്കും ബുദ്ധിക്കും എത്രമാത്രം പ്രാധാന്യമാണ് വിശുദ്ധ ഖുര്‍ആന്‍ നല്‍കിയിരിക്കുന്നത്! രാത്രികാലങ്ങളില്‍ അവര്‍ കുറച്ചു മാത്രമേ ഉറങ്ങുകയുള്ളൂ. പുലര്‍കാല വേളകളില്‍ അവര്‍ തങ്ങളുടെ നാഥനോട് തെറ്റുകള്‍ക്ക് മാപ്പിരക്കുന്നവരായിരിക്കും. അവരുടെ ധനത്തില്‍ ആവശ്യക്കാരനും ജീവിതമാര്‍ഗം തടയപ്പെട്ടവര്‍ക്കും അവകാശമുണ്ടായിരിക്കും. 

'ഭൂമിയില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട് ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക്; നിങ്ങളുടെ ശരീരങ്ങളിലും. നിങ്ങളെന്നിട്ടും കാണുന്നില്ലേ? അഥവാ, നിങ്ങള്‍ക്കിത് വിഷയമാകുന്നില്ലേ?'

ഖുര്‍ആന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ എന്താണ് ഇന്ന് ചിന്തിക്കുന്നത്? ചുറ്റുമുള്ള വസ്തുക്കളെപ്പറ്റി നാം എന്താണ് ചിന്തിക്കുന്നത്? അശേഷം ചിന്തിക്കുന്നില്ല എന്ന് വേണം കരുതാന്‍. അതുകൊണ്ടാണ് ഇന്നത്തെ മുസ്‌ലിംകളില്‍ നിന്ന് ഒരു പുതിയ ചിന്തയോ ആശയമോ ലോകത്തിനു ലഭിക്കാത്തത്! എവിടെയോ നമുക്ക് തെറ്റ് പറ്റിയിരിക്കുന്നു. അബ്ബാസിയ്യ ഭരണാധികാരികളാണു ലോകത്താദ്യമായി മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വേണ്ടി ആശുപത്രി ആരംഭിച്ചതെന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
ഇന്നത്തെ മുസ്‌ലിംകള്‍ ശാഖാപരമായ വിഷയങ്ങളില്‍ ഭിന്നിച്ചു, പരസ്പരം പോര്‍വിളി നടത്തുന്ന വൃത്തികെട്ട കാഴ്ചയാണ് നാം കാണുന്നത്. പ്രവാചകന്റെ കാലത്തും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഭിന്നതകള്‍ ഉണ്ടായിരുന്നു. ഓര്‍ത്തുനോക്കുക! .ഖാലിദ് ഇബ്‌നു വലീദിനെ നായകസ്ഥാനത്തുനിന്ന് മാറ്റി അബൂ ഉബൈദയെ നായകനാക്കുന്നു ഉമര്‍(റ) അബൂ ഉബൈദയുടെ നേതൃത്വം അനുസരണത്തോടെ സ്വീകരിച്ചു ഖാലിദ് യുദ്ധത്തില്‍ പങ്കെടുക്കുന്നു. നാമാണെങ്കിലോ? ഇസ്‌ലാമാണ് തങ്ങളുടെ എല്ലാം എന്ന് പറയുന്നവര്‍ പിളറ്റര്‍ന്ന് ഇരു ചേരികളാകുമ്പോള്‍ ആ ചേരികളുടെ താല്‍പര്യസംരക്ഷണത്തിന് ഊര്‍ജവും സമയവും ഒരുപാട് നഷ്ട്ടപ്പെടുത്തുന്നു. ആ നഷ്ട്ടപ്പെടുന്ന ഊര്‍ജം ഖുര്‍ആന്‍ ചിന്തകളിലേക്ക്, നാഥന്‍ ഇവിടെ ഒരുക്കിവെച്ചിട്ടുള്ള ദൃഷ്ടാന്തങ്ങളിലേക്ക് ഒന്ന് തിരിച്ചുവിട്ടാല്‍........... ക്ഷേമ പൂര്‍ണമായ ഒരു ജീവിതം ലോകത്തിനു മുഴുവന്‍ സമ്മാനിക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയും!!

ഉര്‍ദുഖാന്റെ തുര്‍ക്കിയിലും നജാദിന്റെ ഇറാനിലും ഒരുപാട് നൂതന സാങ്കേതികവിദ്യകള്‍ ഉണ്ട് എന്ന് അവിടം സന്ദര്‍ശിച്ചവര്‍ പറയുന്നുണ്ട്. അമിതമായി ഊര്‍ജം കളയാത്തതിനാലാവും അവര്‍ക്കത് നേടാനായത്.

നമുക്കാ ആയത്തുകളിലേക്കുതന്നെ പോകാം. ഭൂമിയിലെ ദൃഷ്ടാന്തങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനാണ് റബ്ബ് ഉദ്‌ബോധിപ്പിക്കുന്നത്. ഉറുമ്പ് മുതല്‍ ആനവരെയുള്ള ഓരോ ജീവജാലങ്ങളും എന്തെല്ലാം അത്ഭുതങ്ങളാണ് പേറുന്നത്! അവയാണ് വാസ്തവത്തില്‍ നമ്മെ കൂടുതല്‍ ദൃഢചിത്തരും വിശ്വാസികളും ആക്കുന്നത്.

أنما يحشى الله من عباده العلماء അല്ലാഹുവിന്റെ അടിമകളില്‍ അവനെ സ്‌നേഹത്തോടെ ഭയക്കുന്നത് ഉലമാക്കള്‍ മാത്രമാണ്! ഞാന്‍ ഒന്ന് പറയട്ടെ! ദൃഷ്ടാന്തങ്ങള്‍ വെച്ച് ചിന്തിക്കുന്നവരാണ് ഉലമാക്കള്‍. അനാട്ടമി ചെയ്യുന്ന ഒരു വൈദ്യവിദ്യാര്‍ഥി, മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പില്‍ അത്ഭുതം കൂറുന്നവനാണ്. എല്ലുകളും ചെറുനാഡികളും ഇത്രമാത്രം കുറ്റമറ്റ നിലയില്‍ സംവിധാനിക്കപ്പെട്ടതെങ്ങനെ എന്ന് അവന്‍ സ്വയം ചോദിച്ചുപോകും. ഇതിന്റെ പിന്നില്‍ അതിമഹത്തായ ഒരു ശക്തി ഉണ്ട് എന്ന് അവന്ന് പറയാതെ നിവൃത്തി ഇല്ലാതാകും.

هذا خلق الله فأروني ماذا خلق الذين من دونه  ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്, അവനല്ലാത്തവര്‍ സൃഷ്ടിച്ചതെന്താണെന്ന് എനിക്കൊന്ന് നിങ്ങള്‍ കാട്ടിത്തരിക! 



സഹോദരങ്ങളേ! മുകളില്‍ കാണുന്ന ആകാശത്തേക്ക് രാത്രി ഒന്ന് കണ്ണയച്ചുനോക്കൂ... കറുത്തവാവ് ദിവസമാണെങ്കില്‍ കൂടുതല്‍ നന്നായിരിക്കും. ശോഭയോടെ, വ്യത്യസ്ത രൂപങ്ങളില്‍ നക്ഷത്രങ്ങളേയും നക്ഷത്രക്കൂട്ടങ്ങളേയും നമുക്ക് കാണാനാകും. വാരിവിതറപ്പെട്ടപോലുള്ള നക്ഷത്രങ്ങള്‍ എത്രയോ പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് നമ്മില്‍ നിന്നും! മാത്രമല്ല, അവ തമ്മിലും ആയിരക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ അകലെയും! സുബ്ഹാനല്ലാഹ്!! നാം കൊച്ചുഭൂമിയിലുള്ളവര്‍ എത്ര കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്! നമ്മെ വിസ്മയിപ്പിച്ചു പരിഭ്രാന്തരാക്കുന്നവയാണ് ആകാശത്തിലെ ഓരോ വസ്തുക്കളും.

അതിനാല്‍ ചിന്തിക്കുക! കുറഞ്ഞത് ഒന്നും നേടിയില്ലെങ്കിലും, അതിമഹത്തായ ഒരു സ്രഷ്ടാവിന്റെ മാത്രം അടിമയാണ് താനും എന്ന് ഉദ്‌ബോധനം ലഭിക്കും. മാത്രമല്ല, ആ സ്രഷ്ടാവ് ഈ കൊച്ചുകീടമായ തന്നേയും ചേര്‍ത്തുപിടിച്ചുകൊണ്ട് എന്റെ അടിമകളേ! എന്ന് പറയുന്നതായി ബോധ്യം വരുന്ന നിമിഷം! അതാണ് ദൈവസ്‌നേഹം വഴിഞ്ഞൊഴുകി നമ്മെ സന്തോഷിപ്പിക്കുന്ന നിമിഷം! الذين يرجون لقاء ربهم = തങ്ങളുടെ നാഥന്റെ കാഴ്ച ആഗ്രഹിക്കുന്നവര്‍ എന്ന് ഖുര്‍ആന്‍ പ്രശംസിച്ച മനുഷ്യരായി മാറും നാം.

അതിനാല്‍, പ്രകൃതിയിലെ ഓരോന്നും നിരീക്ഷിക്കുക. ചിന്തിക്കുക. പാഠം ഉള്‍ക്കൊള്ളുക. റബ്ബിന്റെ വിനയാന്വിതനായ അടിമയായി മാറുക. സമസൃഷ്ടികളെ സ്‌നേഹിക്കുക. ജീവിതമാര്‍ഗം തടയപ്പെട്ടവര്‍ക്കുള്ള വിഭവം കൂടി നമ്മുടെ പക്കല്‍ ഉണ്ടെന്ന അതിഗൗരവമായ സത്യം നാം മറക്കാതിരിക്കുക! ധൂര്‍ത്തിലും ദുര്‍വ്യയത്തിലും പെട്ട് നശിക്കാതിരിക്കുക!!

സ്വന്തം ടീച്ചര്‍,
വസ്സലാം

2 comments:

  1. നല്ല ഉപദേശങ്ങള്‍

    ReplyDelete
  2. http://www.youtube.com/watch?v=xJ-935gdgOQ


    fantastic article..

    ennum comment eythunna Abidine kanareyillallo ippol

    ReplyDelete