Friday, February 24, 2012

ഹദീസ് സെമിനാര്‍ - ഭാഗം 2


ഹദീസ് സെമിനാറിന്റെ രണ്ടാംഭാഗം കൂടി എഴുതട്ടെ. കെയ്‌റോ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായ ഡോ. അശ്‌റഫ് അസ്സഅദി. ശാന്തൻ. അംറ്ഖാലിദിന്റെ സുഹൃത്ത്. ലോകം മുഴുവൻ ഉറ്റുനോക്കിയ, രക്തരഹിത വിപ്ലവമായ തഹ്‌രീർ സ്‌ക്വയറിൽ പങ്കെടുത്ത് ആധുനിക സ്വേച്ഛാധിപതിയായ ഹുസ്‌നിമുബാറകിനെ താഴെയിറക്കാനുള്ള ശ്രമത്തിൽ പങ്കാളിയായ ആൾ. സംസാരിച്ചപ്പോൾ ഒരുപാട് ബഹുമാനം തോന്നി. കൂടുതൽ വിവരങ്ങൾ 'മുട്ടുവിൻ തുറക്കപ്പെടും' എന്ന പോസ്റ്റിൽ എഴുതിയിട്ടുണ്ട്.


ദൗർഭാഗ്യവശാൽ അദ്ദേഹത്തിന്റെ പേപ്പർ പ്രസന്റേഷൻ കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല. എങ്കിലും മറ്റൊരു ഭൂഖണ്ഡമായ ആഫ്രിക്കയിലെ ഒരു രാജ്യമായ ഈജിപ്തിലെ ഒരു പൗരനെ കണ്ടുമുട്ടുന്നു. ആശയങ്ങൾ ചർച്ചചെയ്യുന്നു. അവിചാരിതമായി അംറ്ഖാലിദിന്റെ സുഹൃത്താണെന്നറിയുന്നു. അദ്ദേഹം മെയിൽ ഐഡി തന്നിട്ടുണ്ട്. പിന്നീടാണ് തേജസ് പത്രത്തിൽ അദ്ദേഹത്തെപ്പറ്റി കൂടുതൽ വായിക്കാനിടയായത് നോക്കൂ! ഒരു സ്വേച്ഛാധിപത്യ രാജ്യത്തെ അക്രമിയായ ഭരണാധികാരിയെ താഴെയിറക്കാൻ ഈജിപ്ഷ്യൻ ജനത അക്ഷരാർഥത്തിൽ കൈകോർക്കുകയായിരുന്നു.


മറ്റൊരു ഈജിപ്ഷ്യൻ വിദ്യാഭ്യാസ വിചക്ഷണനായ ബിസ് യൂനിയുമായുള്ള സംഭാഷണം രസകരമാണ്. അദ്ദേഹവും അംറ്ഖാലിദിന്റെ കൂട്ടുകാരനാണ്. ശുബുകിജുമുഅയുമായി സംസാരിച്ചുകൊണ്ടുനിൽക്കെ, ബിസ് യൂനി സെനറ്റ്ഹാളിന്റെ താഴേക്ക് വന്നു. കണ്ടപാടെ ശുബുകി എന്നോട് പറഞ്ഞു: നീ പരിചയപ്പെടേണ്ട ഒരാളാണ് ആ വന്നത്. അദ്ദേഹം ഇസ്‌ലാമികപ്രബോധനത്തെപ്പറ്റി വളരെ നല്ലൊരു പേപ്പർ പ്രസന്റ് ചെയ്തു. ഈജിപ്തിനെപ്പറ്റി കൂടുതലറിയാൻ അദ്ദേഹം നിന്നെ സഹായിക്കും. ശുബുകി തന്നെ എന്നെ ഡോ. ബിസ് യൂനിക്ക് പരിചയപ്പെടുത്തി. അവസാനം ശുബുകി ചിരിച്ചുകൊണ്ട് പറഞ്ഞു: إني سلمتك في يد أمينة ഞാൻ നിന്നെ വിശ്വസിക്കാൻ പറ്റിയ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ്. ബിസ് യൂനിക്ക് എന്റെ പുസ്തകം കാട്ടിക്കൊടുത്തു. പുസ്തകത്തിലെ ഹാശിം രിഫാഇയുടെ ഒരു വരി കവിത കാട്ടിക്കൊടുത്തു. തീർത്തും മലയാളമായ ആ പുസ്തകത്തിൽ ഒരു വരി കവിതയെങ്കിലും അറബിയിലുണ്ടായത് നന്നായി. ബിസ് യൂനിയുമായുള്ള സംഭാഷണം ചുരുക്കി കുറിക്കാം. ഞാൻ ചോദിച്ചു: താങ്കൾ തഹ്‌രീർ സ്‌ക്വയറിൽ പങ്കെടുത്തുവോ? ഇല്ല, ഞാൻ ഖത്തറിലായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു: നിങ്ങൾ കെയ്‌റോയിൽ ഉണ്ടായിരുന്നെങ്കിലോ? 'അഖീദ' (തീർച്ചയായും ഉറപ്പ്) എന്ന് സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു. ഇഖ്‌വാനിയാണോ എന്ന ചോദ്യത്തിന് വീണ്ടും ഉറപ്പിച്ചു പറഞ്ഞു: അല്ല, താങ്കൾ ഇഖ്‌വാനിയാണ്. ഖുതുബ് കുടുംബം - ബന്ന, സൈനബുൽ ഗസ്സാലി, ഹാശിം രിഫാഇ ഇവരെയൊക്കെ നന്നായി വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അതിയായ സന്തോഷമായി.പിന്നീട് അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് എന്നോടായി ഒരു ചോദ്യം: നീ എങ്ങനെയാണ് ഇഖ്‌വാനികളെ തിരിച്ചറിയുന്നത്? ഞാൻ പറഞ്ഞു: ضميري يتكلم എന്റെ ഉള്ള് പറയും എന്ന് ഒരു മറുപടി കൊടുത്തു. എല്ലാം അതിൽ അടങ്ങിയിരുന്നു.


ഞാൻ അന്ന് മകന്റെ വീട്ടിലേക്ക് പോന്നു. ഉറങ്ങുന്നതിനുമുമ്പും ശേഷവും എന്റെ പുസ്തകത്തിലെ ഈജിപ്തിനെയും ഇഖ്‌വാനികളെയും അംറ്ഖാലിദിനെയും പരാമർശിക്കുന്ന ഭാഗങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്തു. ഖുർആനാകുന്ന ശക്തികൊണ്ട് ആധുനിക ഫറോവമാരെ താഴെയിറക്കാമെന്നുള്ള ഭാഗം പ്രത്യേകം പരിഭാഷപ്പെടുത്തി. എന്റെ വക ചില വാചകങ്ങളും കൂടി എഴുത. തഹ്‌രീർ സ്‌ക്വയറിനുശേഷം ആ വരികൾക്ക് കുറേക്കൂടി ചാരുത തോന്നുന്നതായി കുറിച്ചലകൊടുത്തു. ഏഴരയ്ക്കുതന്നെ അന്ന് വീട്ടിൽനിന്നിറങ്ങി. ഒരുമണിയുടെ ട്രെയിനിന് പോരണ്ട ഒരാവശ്യം നേരിട്ടതിനാൽ ഡോ. സൈനബുസ്സുൽത്വാനിയുടെ പ്രസംഗം മലയാള പരിഭാഷ തയ്യാറാക്കി കുട്ടികളെ ഏല്പിച്ചു. അവസാന ദിവസമാണ്, സെമിനാറിന്റെ സംഘാടകരും അതിഥികളും വളരെ തിരക്കിലാണ്. തുടങ്ങുംമുമ്പ് ബിസ് യൂനിക്ക് പരിഭാഷ കൊടുത്തു. ഞാൻ പറഞ്ഞു: ഇത് അംറ്ഖാലിദിനും കൂടിയുള്ളതാണ്. താങ്കളും വായിക്കണം. വിപ്ലവത്തെപ്പറ്റി, ഇപ്പോഴത്തെ അതിന്റെ ഗതിവിഗതികളെപ്പറ്റി ഞാനതിൽ അന്വേഷിച്ചിരുന്നു. ചായയ്ക്കുവേണ്ടി 11 മണിക്ക് ബിസ് യൂനി പുറത്തിറങ്ങിയപ്പോൾ ഞാൻ എന്റെ കത്തിനെപ്പറ്റി ചോദിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ, അതീവ സന്തോഷത്തോടെ, അത് വായിച്ചെന്നും വളരെ നന്നായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനസ്സിന്റെ ഭാവനയിലുണ്ടായിരുന്ന തഹ്‌രീരുകാരിൽ രണ്ടുപേരെ ഉടലോടെ, നേരിട്ട് കാണുക എന്ന ഭാഗ്യം. ജീവിതത്തിലെ അനർഘ നിമിഷങ്ങൾ.


അൽഹംദുലില്ലാഹ്. തീർച്ചയായും അവരുടെ മറുപടി വരും എന്നുതന്നെ പ്രതീക്ഷിക്കുന്നു. അവരുടെ നാട്ടിലെ ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുടെ വിജയത്തിനായി പ്രാർഥിക്കുകയും ചെയ്യുന്ന ഒരാൾക്ക് അവർ മറുപടി അയക്കാതിരിക്കുമോ? ഒരു മുസ്‌ലിം ഒരിക്കലും അത്തരത്തിൽപ്പെടുകയില്ല.


നമുക്കഭിമാനപൂർവം പറയാവുന്ന മറ്റൊരു നാമമാണ് ഡോ. സനാഉല്ല നദ്‌വി. അഗാധപാണ്ഡിത്യം. അറബിഭാഷഅറബികൾ പറയുന്നതിനേക്കാൾ എന്തോ വല്ലാത്തൊരു വശ്യതയോടെ സംസാരിക്കുന്ന യുവാവ്. മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി പങ്കെടുത്ത സദസ്സിലും ശേഷം സെഷനുകളിലും അദ്ദേഹം സംസാരിക്കുകയുണ്ടായി. സംഘാടകരോട് അദ്ദേഹത്തെപ്പറ്റി അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം, അറബികളോട് കിടപിടിക്കാവുന്ന ഇന്ത്യയിലെ ഏക യുവപണ്ഡിതൻ. അലിഗർ യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറാണ്. അദ്ദേഹത്തെ നേരിൽ കണ്ട് അദ്ദേഹത്തിന്റെ സംസാരത്തെപ്പറ്റിയും മറ്റും ആശംസകളറിയിച്ചു. ഡയറിയിൽ ഐഡി കുറിച്ചുതന്നു. വീട്ടിൽ വന്ന് അദ്ദേഹത്തിന് മെയിൽ അയച്ചു. മറുപടിയും വന്നു.


അറബിഭാഷയിലും ഹദീസിലും അവഗാഹം നേടി, അതിനായി സർവസമയവും ചെലവഴിക്കുന്ന ഏതാനും മഹത്തുക്കളെയാണ് നാം പരിചയപ്പെട്ടത്. അവരുടെ നല്ല മാതൃകകളെ പിൻപറ്റാൻ റബ്ബ് തുണയ്ക്കട്ടെ. ആമീൻ. ഇത്തരം സംഗമങ്ങൾ കൊണ്ട് ലഭ്യമാവുന്ന ഗുണങ്ങൾ വിവരണാതീതമാണ്. ഇനി കെയ്‌റോയിൽ പോയാൽ, ഡൽഹിയിൽ പോയാൽ, ഇറാഖ്, അൽജീരിയ ഇവിടങ്ങളിലൊക്കെ പോയാൽ സ്വന്തം കൂടപ്പിറപ്പുകളെപ്പോലത്തെ ആളുകൾ ഉണ്ടല്ലോ എന്നാശ്വാസം. അവരുടെ നാടുകളിൽ പോയി മനുഷ്യവംശത്തിന്റെ വൈവിധ്യമാർന്ന ചരിത്രവും നാഗരികതകളും മനസ്സിലാക്കണം എന്ന് മനസ്സ് കൊതിക്കുകയാണ്.

3 comments:

  1. അവിടെങ്ങളില്‍ ഒക്കെ പോകാനും അവരില്‍ നിന്ന് ഇല്‍മു പഠിക്കാനും പഠിച്ചത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അള്ളാഹു ഞാമുക്ക് ഭാഗ്യം നല്‍കട്ടെ അമീന്‍

    ReplyDelete