Wednesday, March 7, 2012

മനസ്സിനെ നിയന്ത്രിക്കുക; തെറ്റിൽനിന്ന് മടങ്ങുക


മടിയോടെയാണ് ആ യുവാവ് എന്നോട് പറഞ്ഞത് - എനിക്ക് ഇന്റർനെറ്റിലൂടെ ഒരുപാട് യുവതികളുമായി ഹിതകരമല്ലാത്ത ബന്ധങ്ങളുണ്ട്. ഇപ്പോൾ എനിക്ക് മനഃസാക്ഷിക്കുത്തനുഭവപ്പെടുന്നു. ഇനി ഞാനത് അവസാനിപ്പിക്കുകയാണ്. പക്ഷേ, എങ്ങനെ...?
ഞാനദ്ദേഹത്തോട് പറഞ്ഞു: മനുഷ്യസൃഷ്ടിപ്പിൽ അല്ലാഹുവിന്റെ അപാരമായ കഴിവുകൾ വ്യക്തമാണ്. അപ്രകാരം മനുഷ്യമനസ്സുകളുടെ വൈകാരികവും ചിന്താപരവും വിശ്വാസപരവും ബോധപരവും ബൗദ്ധികവുമായ അവസ്ഥകളും വ്യക്തമാണ് -അതങ്ങനെ മാറ്റത്തിന് വിധേയമാണ് - ശരീരത്തിന് മാറ്റങ്ങളുള്ളപോലെത്തന്നെ.
നാം പലപ്പോഴും തെറ്റുകളിൽ വീണുപോകുന്നു. നമ്മൾ തെറ്റുകളുടെ അടിമകളാണെന്ന പ്രകാരം ഒന്നിനു പിറകെ ഒന്നായി, അറിഞ്ഞുകൊണ്ടുതന്നെ പലപ്പോഴും വീണുപോകാറുണ്ട്. എന്നാൽ, ഇതോടൊപ്പം മാറ്റത്തിനുള്ള അദ്ഭുതകരമായ കഴിവും റബ്ബ് പ്രദാനം ചെയ്തിട്ടുണ്ട്. നാം വേണ്ടെന്ന് വെക്കാനാഗ്രഹിക്കുന്ന ഏതൊരു തെറ്റിന്റെയും മോചനം നാം സ്വയം മാറാൻ ശ്രമിക്കുക എന്നതാണ്. ഖുർആൻ പറയുന്നു: ആരും സ്വയം മാറാതെകണ്ട് അല്ലാഹു അവരുടെ അവസ്ഥ മാറ്റുകയില്ല.
അപ്പോൾ താങ്കൾ മാറ്റത്തെ ആഗ്രഹിക്കുന്നുണ്ട്. ജീവിതം നന്നാക്കണമെന്നാഗ്രഹിക്കുന്നു. വീണുപോയ പടുകുഴികളിൽനിന്ന് രക്ഷപ്പെടാൻ ആത്മാർഥമായാഗ്രഹിക്കുന്നു. അതിനാൽ, അല്ലാഹുവിനെ കൂട്ടുപിടിച്ചുകൊണ്ട്, താങ്കൾ താങ്കളുടെ അന്തഃരംഗം ശുദ്ധീകരിക്കുക.
'അവർക്ക് അവനെക്കൂടാതെ ഒരു സഹായിയും ഇല്ല.'
അപ്രകാരം താങ്കൾ മനസ്സിനോട് മറ്റൊരു ചോദ്യം ചോദിക്കേണ്ടതുണ്ട് - ''ഞാൻ എന്തിനുവേണ്ടിയാണ് ഈ കുറ്റം ചെയ്തത്?''
നമുക്കോരോരുത്തർക്കും തെറ്റുകളിൽ വീഴാൻ ഒരു പ്രേരകമുണ്ട്. താങ്കൾ ആ പ്രേരകത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുക. ഇന്റർനെറ്റ് ബന്ധങ്ങൾ വഷളാകാനുള്ള കാരണങ്ങളിൽ ഒന്ന് വൈകാരികമായ സ്‌നേഹനിഷേധമാവാം. അതിനുള്ള ചികിത്സ വിവാഹം മാത്രമാണ്. അഥവാ ദാമ്പത്യബന്ധം ശക്തമാക്കുക മാത്രമാണ്. ചിലപ്പോൾ ഒരു സമാശ്വാസത്തിനുവേണ്ടി സംസാരിച്ചുതുടങ്ങിയതാവാം. പിന്നീടത് ചീത്തരീതിയിലേക്ക് വഴുതിപ്പോയതുമാവാം. ഏതായാലും താങ്കൾ തന്നെ കാരണം കണ്ടെത്തി ചികിത്സിക്കുക. ഒപ്പം ആത്മാവിനെ ശുദ്ധീകരിക്കുക. നിഷ്‌കളങ്കമായ പശ്ചാത്താപം അത്യാവശ്യമാണ്. തൗബയ്ക്ക് ചില നിബന്ധനകളുണ്ട്. 1) തിന്മയിൽനിന്ന് എത്രയും വേഗം പുറത്തുകടക്കൽ 2) ചെയ്തുപോയതിലുള്ള ആത്മാർഥമായ ഖേദം 3) ഇനി തിരിച്ചുപോകില്ല എന്ന ദൃഢനിശ്ചയം. മറ്റൊന്ന് ആരോടൊക്കെ അനീതി സംഭവിച്ചുവോ അവർക്ക് നീ തിരിച്ചുകൊടുക്കുക. മനഃസാക്ഷിക്കുത്തിന് ശമനം തരാൻ ഇതിന് കഴിയും.
ഒരുപക്ഷേ, നീ പ്രേമം അഭിനയിച്ച് വലയിൽ ചാടിച്ച എത്ര യുവതികളെ നീ പരിഹസിച്ച് ചിരിച്ചുകാണും? എത്രപേരെ ഉപദ്രവിച്ചുകാണും? പടച്ചവന് മാത്രമറിയാവുന്ന എത്ര മാനസിക വേദനകൾ ആ യുവതികൾ നിന്റെ ബന്ധം കൊണ്ട് കടിച്ചിറക്കിക്കാണും? അതുപോലെ നീ കൂടി പങ്കാളിയായ ഒരു കുറ്റത്തിൽനിന്ന് എങ്ങനെയാണ് മനഃസാക്ഷിക്കുത്തില്ലാതെ പുറത്ത് കടക്കാനാവുക?
അതിനാൽ, നീ ആ യുവതികളോട് മാപ്പുചോദിക്കുക. അവർക്കുവേണ്ടി നീ ധാരാളമായി ദുആ ചെയ്യുക. ഇനിയും ആ കുഴിയിൽ വീഴാതെ, താനുണ്ടാക്കിയ കഷ്ടനഷ്ടങ്ങൾക്ക് ആവുംവിധം പ്രായശ്ചിത്തങ്ങൾ നൽകുക. വേറെ ഐഡിയിലൂടെ നന്മയുടെയും തൗബയുടെയും മാർഗത്തിലൂടെയുള്ള ലേഖനങ്ങൾ നീ അവർക്ക് അയച്ചുകൊടുക്കുക. അങ്ങനെ അവളും നീയും കുടുങ്ങിപ്പോയ കുഴിയിൽനിന്ന് മോചനം നേടാം.
ചില യുവാക്കൾ തങ്ങളുടെ കൂട്ടുകാരുടെ മുമ്പിൽ ഗർവ് നടിക്കാൻ പരസ്ത്രീബന്ധങ്ങളെ പരസ്യപ്പെടുത്താറുണ്ട്. സത്യത്തിൽ അത് ഏറ്റവും മോശമായ പരിപാടിയാണ്. ചിലർ കരുതുന്നത്, സ്ത്രീകൾ തങ്ങളുടെ ചട്ടുകങ്ങളാണെന്നും ഇതിനൊക്കെയാണ് സ്ത്രീ സൃഷ്ടിക്കപ്പെട്ടത് എന്നുമാണ്. എന്നാൽ, ഇത് രണ്ടും ഗുരുതരമായി കണക്കിലെടുക്കേണ്ട കാര്യങ്ങളാണ്. ഇന്റർനെറ്റിൽ അനാവശ്യമായി ഒരു നിമിഷം പോലും കഴിച്ചുകൂട്ടുകയില്ല എന്ന് തീരുമാനിക്കണം. കാരണം, Time is money - സമയമാണ് പണം. അഥവാ സമയം പണമാണ്.
ഒപ്പം നല്ല കൂട്ടുകാരുമായി ബന്ധം ശക്തമാക്കുക. ആത്മാർഥമായി പ്രാർഥിക്കുക.
اللهم باعد بيني وبين خطاي كما باعدت بين المشرق والمغرب، اللهم نقني من الخطايا كما ينقى الثوب الأبيض من الدنس، اللهم اغسلني من الخطايا بالماء والثلج والبرد
നാഥാ! കിഴക്കിനെയും പടിഞ്ഞാറിനെയും അകറ്റിയ പോലെ എന്നെയും എന്റെ പാപങ്ങളെയും നീ അകലം പാലിപ്പിക്കേണമേ. ശുഭ്രവസ്ത്രം വൃത്തിയാക്കപ്പെടുന്നതുപോലെ എന്നെയും കുറ്റങ്ങളിൽനിന്ന് നീ വൃത്തിയാക്കിത്തരേണമേ. എന്നെ നീ വെള്ളം കൊണ്ടും ഐസ്‌കൊണ്ടും ശുദ്ധമായ മഞ്ഞുകണങ്ങളെക്കൊണ്ടും കഴുകിയാലും.
മനുഷ്യജീവിതം കുഴികൾ നിറഞ്ഞവയാണ്. സ്ഥിരമായി ആരും കുഴിയിൽ കിടക്കാൻ ഇഷ്ടപ്പെടില്ല. അതിനാൽ, കുഴിയിൽനിന്ന് കരകയറുക. മറ്റൊരു കുഴിയിൽ വീഴാതെ സഞ്ചാരം തുടരുക. കാരണം, ദുനിയാവ് പരീക്ഷണം നിറഞ്ഞതാണ്.

(ദുആ റാജിഹ്-അംറ്ഖാലിദ് സൈറ്റിൽനിന്ന്)

5 comments:

 1. ഏതു പ്രവര്‍ത്തിയും തെറ്റായി മാറുന്നത് .നമ്മുടെ പ്രവര്‍ത്തിമൂലം
  മറ്റുള്ളവര്‍ വിഷമം അനുഭവിക്കേണ്ടിവരുമ്പോഴാണ്...
  ഒരു തെറ്റും ചെയ്യാതെ ജീവിക്കാന്‍ ശ്രെമിചാലും
  നമ്മുടെ വേണ്ടപെട്ടവരുടെയോ . നമ്മോടോപ്പമുള്ളവരുടെയോ
  ചെയ്യുന്ന പ്രവര്‍ത്തികള്‍ നമ്മെയും ബാദിക്കാറുണ്ട്...
  (റോഡില്‍ വാഹനമോട്ടുന്നതുപോലെ )...
  നമ്മള്‍ അറിയുന്നുണ്ടാകില്ല നമ്മുടെ ഈ ചെറിയ തെറ്റുകൊണ്ടു
  എത്ര നിരപരാധികള്‍ വേധനികുന്നു എന്ന് ...
  പ്രായച്ചിത്തം ചെയ്യുന്നതോടൊപ്പം ..ഇത്തരം തിരിച്ചറിവ് ഉണ്ടായിരിക്കണം ....

  ReplyDelete
 2. http://www.no-porn.com/ is a very good de-addiction website with an excellent support board/forum. People discuss and encourage passionately, those who need support.

  ReplyDelete
 3. പിശാചിന്റെ ഗൂഡതന്ത്രം അതി ശക്തം തന്നെ.മനുഷ്യ മനസ്സും തഥൈവ.
  ഇന്ന ന്നഫ്സ ലി അമ്മാറതി സൂഅ`......
  നേരായ പാത പിശാചിന്റെയും. ന്ഫ്സിന്റെ മ്ലെച്ചതയുടെയും ഇടയിലൂടെ ഉള്ള യാത്രയാണ്.
  അതിന്നു ദൈവ കാരുണ്യം മാത്രം ശരണം.

  ReplyDelete
 4. പടച്ചവന്‍ നമ്മെ എല്ലാ തെറ്റില്‍ നിന്നും അകറ്റി നിരുതുമാരാകട്ടെ ...

  ReplyDelete