Sunday, August 5, 2012

മനുഷ്യര്‍ തമ്മിലുള്ള കടമകള്‍


മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. അവന് വാസ്തവത്തില്‍ ഒറ്റയ്ക്ക് നിലനില്പില്ല. സൂറത്തുന്നിസാഇലെ ആദ്യത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നു:
والتقوا الله الذي تسائلون به والأرحام
നിങ്ങള്‍ പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്ന (വിഷയമായ) അല്ലാഹുവിനെയും നിങ്ങളുടെ രക്തബന്ധങ്ങളെയും സൂക്ഷിക്കുക.


ഏതൊരല്ലാഹുവിനെയാണോ നിങ്ങള്‍ എന്തിനും ഏതിനും മുന്നില്‍ നിര്‍ത്തുന്നത്, ആ അല്ലാഹുവിനെ വേണ്ടവിധം തഖ്‌വ ചെയ്യുക. മുമ്പ് പല പോസ്റ്റുകളിലും തഖ്‌വയെ വിവരിച്ചിട്ടുള്ളതിനാല്‍ ഇതില്‍ തഖ്‌വ എന്നു മാത്രം ഉപയോഗിക്കുകയാണ്.


'അര്‍ഹാം' എന്ന പദത്തിനര്‍ഥം ഗര്‍ഭപാത്രങ്ങള്‍ എന്നാണ്. ഇവിടെ രക്തബന്ധങ്ങള്‍ എന്നര്‍ഥം. ഈയിടെ പ്രശസ്ത സിനിമാനടന്‍ തിലകന്‍ 35 കൊല്ലമായി സ്വന്തം അമ്മയോട് മിണ്ടിയില്ല എന്നു പറഞ്ഞത് കേട്ടപ്പോള്‍ ചങ്കിടിപ്പായി. ഇതെഴുതുമ്പോഴും ഹൃദയം വിതുമ്പിപ്പോകുന്നു. അമ്മ എന്ന രണ്ടക്ഷരം. അമ്മ എന്നു വിളികേള്‍ക്കാന്‍ കൊതിക്കുന്ന എത്ര പാവങ്ങളായ സ്ത്രീകളെ എനിക്കറിയാം. അവരുടെ വേദന എത്രയായിരിക്കും? ഉമ്മ/അമ്മ എന്നു വിളിക്കാന്‍ മക്കള്‍ക്ക് ലഭിക്കുന്ന ഭാഗ്യം എത്രയാണ്! 1984 ഒക്ടോബറില്‍ എന്റെ ഉമ്മ നഷ്ടപ്പെട്ടു. അതിനുശേഷം ആ വാക്കിന്റെ എല്ലാ മാധുര്യവും ഉള്‍ക്കൊണ്ടുകൊണ്ട് വിളിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ആ ഓര്‍മകള്‍ക്കുതന്നെ മധുരം. ഹോ!


പറഞ്ഞുവരുന്നത് കുടുംബ-രക്തബന്ധങ്ങളുടെ സ്‌നേഹവും സഹകരണവും അതിനു പുറത്തേക്ക് മനുഷ്യനുള്ള കാരുണ്യവുമാണ്. നബി (സ) പറഞ്ഞു:
ارحموا من في الأرض يرحمكم في السماء
നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ ചെയ്യും. വാസ്തവത്തില്‍ സ്‌നേഹവും കാരുണ്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സ്‌നേഹമുള്ളിടത്ത് കാരുണ്യം വഴിഞ്ഞൊഴുകും. റമദാനിലെ ദിനരാത്രങ്ങളില്‍ സമസൃഷ്ടികളെ എങ്ങനെയൊക്കെ പരിഗണിക്കാനുള്ള പരിശീലനമാണ് വാസ്തവത്തില്‍ നേടേണ്ടത്? കറകളഞ്ഞ നിസ്വാര്‍ഥമായ സ്‌നേഹം. അത് ഈ ഭൂമിയിലെ ഏറ്റവും വലിയ ആയുധമാണ്. ഒരു അറബിക്കവി ഇങ്ങനെ പാടി:
أحسن إلى الناس تستعبد قلوبهم
فظالما استعبد الانسان احسان
നീ ജനങ്ങള്‍ക്ക് ഗുണം ചെയ്യുക.
അവരുടെ ഹൃദയങ്ങള്‍ കീഴ്‌പ്പെടും.
എത്ര മനുഷ്യരെയാണ് ഗുണം ചെയ്യല്‍
കീഴ്‌പ്പെടുത്തിയത്!


നാം ചില ഓഫീസുകളില്‍ ചെന്നാല്‍ ചിലര്‍ ചാടിക്കുരച്ചേ സംസാരിക്കൂ. എന്നാല്‍, മറ്റുചിലര്‍ വളരെ ഭവ്യതയോടെ, കരുതലോടെ സംസാരിക്കുന്നു. ഞാനാലോചിക്കുന്നത്, ഈ ചാടിക്കുരച്ച് സംസാരിക്കുന്ന അതേ വാചകങ്ങള്‍ തന്നെ എത്രമാത്രം മയത്തില്‍, കേള്‍വിക്കാരന് ആശ്വാസവും അഭയവും ലഭിക്കുന്ന തരത്തില്‍ പറഞ്ഞുകൂടേ? ഒരിക്കല്‍ ഒരു രോഗിയുമായി പ്രശസ്തമായ ഒരു ആശുപത്രിയില്‍ പോയി. ഡോക്ടര്‍ ഒരു സ്ത്രീയാണ്. മുഖം ഒരു കൊട്ട ഉണ്ട്. ചെല്ലുന്ന രോഗിക്ക് ആശ്വാസം പകരുന്ന മുഖഭാവം കാഴ്ചവെക്കാന്‍ പറ്റാത്ത ആ ഡോക്ടറുടെ പേരിന്റെ ഒപ്പമുള്ള നീളന്‍ അക്ഷരങ്ങള്‍ പല്ലിളിച്ചുകാട്ടും പോലെയാണ് എനിക്ക് തോന്നിയത്. ആ ഡിഗ്രിയെക്കാള്‍ എത്ര നല്ലതാണ് താഴ്ന്ന ഡിഗ്രിയുള്ള അധ്യാപകസമൂഹം. ഓരോ ക്ലാസ്ടീച്ചറും തന്റെ കുട്ടിയോടും അവരുടെ രക്ഷിതാക്കളോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്നത് കാണുമ്പോള്‍ അദ്ഭുതം തോന്നിപ്പോകും. ബട്ടന്‍സ് ഇടാത്ത കുട്ടികളെ അരികില്‍ വിളിച്ച്, സ്‌നേഹപൂര്‍വം ബട്ടന്‍ ഇട്ടുകൊടുക്കുന്ന ഞങ്ങളുടെ ചില അധ്യാപകസുഹൃത്തുക്കള്‍ എവിടെ? ഈ മുഖം വീര്‍പ്പിക്കുന്ന വമ്പന്‍ ഡിഗ്രിയുള്ള ഡോക്ടര്‍മാര്‍ എവിടെ? നാം പറയാറുള്ള ഈഗോയാണ് നമ്മുടെ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നത്. സര്‍വശക്തനായ ദൈവത്തിന്റെ അടിമയാണ് താനും മറ്റുള്ളവരും എന്ന ഉന്നതമായ ബോധത്തില്‍ നിന്നുകൊണ്ടു മാത്രമേ നമുക്ക് നമ്മുടെ മോശപ്പെട്ട ഈഗോയെ പിഴുതുകളയാനാകൂ. ഒരിക്കല്‍ ഒരു സുഹൃത്ത് പറയുകയുണ്ടായി. ചിലര്‍ പറയുമത്രെ, ധര്‍മം കൊടുക്കുന്നതൊക്കെ കൊള്ളാം, പക്ഷേ അവരൊക്കെ ചളിയുള്ള കാലുമായി കയറി വീട് ചീത്തയാക്കുമത്രെ!~ഒരു തുണി നനച്ച് തുടച്ചാല്‍ മാറുന്നതല്ലേ ചളി? ഈ വീടും മറ്റ് ആഢംബരങ്ങളും നമുക്ക് എത്ര കാലത്തേക്കവകാശപ്പെട്ടതാണ് എന്നാരും ചിന്തിക്കാറില്ല. മരിച്ചുകഴിഞ്ഞാല്‍ 18 മണിക്കൂറിലധികം ഫ്രീസറും മറ്റുമില്ലാതെ സൂക്ഷിക്കാന്‍ കഴിയാത്ത രൂപത്തിലാണ് അഹങ്കാരികളായ നമ്മുടെ സൃഷ്ടിപ്പ്. മീനിന്റെയൊക്കെ വയറ് ആദ്യം ചീയുന്നതുപോലെ മനുഷ്യശരീരത്തിന്റെയും വയറിന് നിറം മാറാന്‍ തുടങ്ങും. ആരെയും വിഷമിപ്പിക്കാനെഴുതുന്നതല്ല. മറിച്ച്, നാമാകുന്ന ഈ കുഞ്ഞിമനുഷ്യന്റെ അഹങ്കാരത്തിനും താന്‍പോരിമയ്ക്കും അത്രമാത്രം ദൈര്‍ഘ്യമേ ഉള്ളൂ എന്ന് മനസ്സിലാക്കാന്‍ വേണ്ടി എഴുതിയതാണ്.


അതിനാല്‍, മനുഷ്യര്‍ പരസ്പരം സ്‌നേഹവും സൗഹൃദവും കാത്തുസൂക്ഷിക്കട്ടെ. കാലുഷ്യം അധികരിച്ചുവുന്ന ഇക്കാലഘട്ടത്തില്‍ വിശ്വാസിസമൂഹം റമദാനിലൂടെ നേടിയെടുക്കേണ്ടത് അപരന്റെ കണ്ണീരൊപ്പാനും അവനെ കൈപിടിച്ച് നടത്താനുമുള്ള ചങ്കുറപ്പാണ്. ഏറെ ശ്രമകരമാണെങ്കിലും അതിലൂടെ വിശ്വാസിക്ക് ലഭിക്കുന്ന ഒരു സ്വസ്ഥതയും സന്തോഷവും ഉണ്ട്. അത് അവന് പൈസ കൊടുത്ത് നേടാവുന്നതല്ല എന്നും കൂടെ ഭക്ഷണം കഴിക്കാന്‍ ആളെത്തേടി നടന്ന മഹാന്മാരായ സൂഫിവര്യന്മാരെപ്പറ്റി നാം വായിച്ചിട്ടുണ്ട്. ഉള്ളതെല്ലാം പങ്കുവെക്കുക എന്ന ഒരു സ്വഭാവം കൊച്ചുന്നാളിലേ കുട്ടികളെ ശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ജനങ്ങളുടെ വേദനകളില്‍ എംപതി (empathy) കാണിക്കാന്‍ അത്തരം സന്താനങ്ങള്‍ പ്രാപ്തരാകും. നേരെ മറിച്ച്, സ്വാര്‍ഥതയാണ് കുട്ടിക്ക് വീട്ടില്‍നിന്ന് ലഭിക്കുന്നതെങ്കില്‍ സമൂഹത്തിലും അവന്‍ കൊടും സ്വാര്‍ഥനായി മാറും. എന്ത് സഹായം ചെയ്യുമ്പോഴും തനിക്കെന്ത് ഗുണം എന്ന് ചിന്തിക്കുന്ന മോശം അവസ്ഥയിലേക്ക് അവന്‍ താഴും.


പ്രവാചകന്‍ പറഞ്ഞില്ലേ, നിന്റെ സഹോദരനെ പുഞ്ചിരിച്ച മുഖവുമായി കണ്ടുമുട്ടുന്നതുപോലും നന്മയാണ്. ആ നന്മയെപ്പോലും കൊച്ചായി കാണരുത് എന്നൊക്കെ.


പാവം ചില മനുഷ്യരുണ്ട്. അവര്‍ക്ക് ജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടായിരിക്കും. നബി (സ) പറഞ്ഞു: ജനങ്ങളുമായി ഇടപഴകുകയും അവരുടെ ബുദ്ധിമുട്ടുകള്‍ സഹിക്കുകയും ചെയ്യുന്ന വിശ്വാസിയാണ്, അവരുമായി ഇടപഴകാത്ത, അവരുടെ പ്രശ്‌നങ്ങള്‍ സഹിക്കാത്ത വിശ്വാസിയേക്കാള്‍ ഉത്തമന്‍.


അതേ, നമ്മള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചെയ്തുകൊടുക്കേണ്ടവരാണ്. അവരുടെ ഭാരങ്ങളെ ഇറക്കിവെക്കുന്ന ശക്തമായ അത്താണികളാകേണ്ടതുണ്ട് നമ്മള്‍. ഒരു കോടീശ്വരനായി ജീവിക്കുന്നതിലും രസകരമാണത്. അനാഥയുടെയും അഗതികളുടെയും കണ്ണുനീരൊപ്പാത്ത ഒരു ജീവിതത്തെയും ജീവിതം എന്ന് പറയാനാവില്ല. നബി (സ) പറഞ്ഞില്ലേ, ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഇതുപോലെയാണെന്ന് (ചൂണ്ടുവിരലും നടുവിരലും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് നബി (സ) പറഞ്ഞത്).


ഈ റമദാനിലെങ്കിലും നമുക്ക് വിശ്വപൗരന്‍ എന്ന നിലയിലേക്കുയരാനായെങ്കില്‍!


സ്വന്തം ടീച്ചര്‍

3 comments:

 1. വാസ്തവത്തില്‍ സ്‌നേഹവും കാരുണ്യവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സ്‌നേഹമുള്ളിടത്ത് കാരുണ്യം വഴിഞ്ഞൊഴുകും. റമദാനിലെ ദിനരാത്രങ്ങളില്‍ സമസൃഷ്ടികളെ എങ്ങനെയൊക്കെ പരിഗണിക്കാനുള്ള പരിശീലനമാണ് വാസ്തവത്തില്‍ നേടേണ്ടത്? കറകളഞ്ഞ നിസ്വാര്‍ഥമായ സ്‌നേഹം. അത് ഈ ഭൂമിയിലെ ഏറ്റവും വലിയ ആയുധമാണ്. ...എന്ത് മനോഹരമായ ഉപദേശം ....ഇത്ത ..നന്നായി എഴുതി ...ഇനിയും ഇതുപോലുള്ള നല്ല എഴുത്തുകള്‍ പ്രദീഷിക്കുന്നു.. റബ്ബിന്റെ തുണ ഉണ്ടാകട്ടെ ഇതായ്ക്ക് . hashim dubai

  ReplyDelete
 2. Ethra sheriyanee vaakkukal....ചിലര്‍ പറയുമത്രെ, ധര്‍മം കൊടുക്കുന്നതൊക്കെ കൊള്ളാം, പക്ഷേ അവരൊക്കെ ചളിയുള്ള കാലുമായി കയറി വീട് ചീത്തയാക്കുമത്രെ!~ഒരു തുണി നനച്ച് തുടച്ചാല്‍ മാറുന്നതല്ലേ ചളി? ഈ വീടും മറ്റ് ആഢംബരങ്ങളും നമുക്ക് എത്ര കാലത്തേക്കവകാശപ്പെട്ടതാണ് എന്നാരും ചിന്തിക്കാറില്ല.
  nilam granite ittappol oru sthree ini kuttikalellaam muttathuninnum kalichaal mathi ennum paranju shakaarikkunnathu kettappol....

  ReplyDelete
 3. salaam sabeee...nall ormmappeduthalukal...kuttikalude kalimuttanghal intrlck aakkiyappo intrntinte lokathekku kuttikal kayaripoyi..ennu vechal karunythe nam thanne lock cheythu.....kapadyam vanghukayum vilkkukayum cheyyunna kalathu inghanathe postukal valareyadhikam nannayirikkunnu....

  ReplyDelete