Wednesday, September 12, 2012

ചിത്രരചനയുടെ ഇസ്‌ലാമിക മാനം

ചിത്രരചനയുടെ ഇസ്‌ലാമികവിധി എന്ത്? അടിസ്ഥാനപരമായി അത് ഹറാം അല്ല. ഹഃ സുലൈമാന്‍ (അ)ക്ക് പ്രതിമകള്‍ നിര്‍മിച്ചുകൊടുത്തിരുന്നു എന്ന് ഖുര്‍ആന്‍ പറയുന്നു. ഹറാം അല്ലാത്തതൊക്കെ ഹലാല്‍ ആകുമല്ലോ. ചിത്രരചനയെപ്പറ്റി ചിലര്‍ കഠിനമായ വിമര്‍ശനം ഉന്നയിക്കാറുണ്ട്. പല ആളുകളെയും അപഗ്രഥിച്ചാല്‍ പലരിലും പല കഴിവുകള്‍ വ്യത്യസ്തമായ രീതിയില്‍ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ബോധ്യമാകും. അല്ലാഹു ഓരോ മനുഷ്യര്‍ക്കും നല്‍കുന്ന ഏത് കഴിവുകളും സോദ്ദേശ്യപൂര്‍ണമാണ് എന്ന് വിശ്വസിക്കുന്നവരാണല്ലോ വിശ്വാസികള്‍. അതിനാലാവും എല്ലാ കഴിവുകളും എല്ലാവര്‍ക്കും നല്‍കപ്പെടാത്തത്. ഒരു നല്ല സമൂഹത്തിന്റെ നിലനില്പിനാവശ്യമായ രീതിയിലാണ് ഇവിടത്തെ കഴിവുകളുടെ വിനിമയ വിതരണം.

ഈയിടെ പരിചയപ്പെട്ട ഒരു കലാകാരന്‍ നന്നായി പാടും. പാട്ടുകള്‍ എഴുതും. സംവിധാനം ചെയ്യും. മോണോ ആക്ട്, മിമിക്രി എന്നീ മേഖലകളിലും make-up  man എന്ന നിലയിലും കഴിവുകള്‍ തെളിയിച്ചവന്‍. അവന്‍ വരയ്ക്കുകയും ചെയ്യും. ചില ഹദീസുകള്‍ കണ്ട് അവന് പേടി. വര എത്രത്തോളം ശരിയാണെന്ന്. ഞാന്‍ പറഞ്ഞു: വരയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയ ഹദീസുകളെ നാം പരിശോധിക്കണം. എനിക്ക് അല്ലാഹുവിനുള്ള പോലെ കഴിവുണ്ടെന്ന് ധരിക്കുന്നുണ്ടെങ്കിലേ തെറ്റാവുകയുള്ളൂ. ആ ഹദീസില്‍നിന്നുതന്നെ അത് വ്യക്തമാണ്. അവന് അത് മുഴുവന്‍ സ്വീകാര്യമായില്ല എന്ന് തോന്നുന്നു. അല്പദിവസങ്ങള്‍ക്കുശേഷം അവന്‍ വരച്ച ഒരു പെന്‍സില്‍ ഡ്രോയിങ് എന്നെ കാട്ടി. പുഞ്ചിരിതൂകുന്ന ഒരു സുന്ദരന്‍ കുട്ടി. എന്നിട്ട് അവന്‍ പറഞ്ഞു: ഞാന്‍ ഈ കുട്ടിയെ കാണാതെയാണ് വരച്ചത്. മെമ്മറി ആര്‍ട്ട് എന്ന രീതിയിലാണ് വരച്ചത്. കുട്ടിയുടെ ഒറിജിനല്‍ ഫോട്ടോ പിന്നീടവന്‍ കാട്ടി. അന്തംവിട്ടുപോയി. വിരല്‍ കടിച്ചുനില്‍ക്കുന്നു എന്ന മാറ്റമല്ലാതെ 99 ശതമാനവും ചിത്രവും ഫോട്ടോയും യോജിച്ചുനില്‍ക്കുന്നു. പിന്നീടവന്‍ പറഞ്ഞു: അടുത്തയിടെ ഉണ്ടായ ഒരു മോഷണ ക്കേസില്‍ഒരു  സ്ത്രീയെ കണ്ടുപിടിക്കാന്‍ ഞാനാണ് രേഖാചിത്രം തയ്യാറാക്കിയത്. 100 ശതമാനം യോജിക്കുന്നു. പ്രതിയെ പിടികൂടുകയും ചെയ്തത്രെ! എന്റെ ആശ്ചര്യം മാറിയപ്പോള്‍ കുറച്ചു ദിവസം മുമ്പത്തെ ചര്‍ച്ച വീണ്ടും വന്നു. ഒരു പ്രതിയെ പിടികൂടാന്‍ പോലും സഹായിക്കുന്ന, മനുഷ്യോപകാരപ്രദമായ ഒരു ശാഖയാണ് ചിത്രരചന. ഒരു ചിത്രകാരന് ഒരിക്കലും ആദ്യംതന്നെ ഇത്തരം ശാഖയിലേക്കെത്താനാവില്ല എന്ന് നമുക്കറിയാം. ഇനി നമുക്ക് ആ ഹദീസ് വച്ചുകൊണ്ട് ചിത്രരചനയെ അപഗ്രഥിക്കാം. നഗ്നത പ്രദര്‍ശിപ്പിക്കുക തുടങ്ങിയ ചിത്രങ്ങള്‍ മോശപ്പെട്ടതാണെന്ന് നമ്മുടെ മനസ്സുതന്നെ സമ്മതിക്കും. എന്തൊക്കെ പേരിട്ട് വിളിച്ചാലും. ആവിഷ്‌കാരസ്വാതന്ത്ര്യം എന്നു പറഞ്ഞ് ഒരു മുസ്‌ലിമിന് എന്തും ചെയ്യാനാവില്ല. അവനെ കൃത്യമായി ചില മാനദണ്ഡങ്ങളാണ് മുന്നോട്ടു നയിക്കുന്നത്. ഒരു ചിത്രം കാണുന്ന മനുഷ്യന്‍ അതിന്റെ ആശയങ്ങളെ സ്വാംശീകരിക്കുന്നു. യുദ്ധക്കെടുതികളും പ്രകൃതിദുരന്തങ്ങളും ചിത്രീകരിക്കുന്ന ഫോട്ടോകള്‍ ഒരു വലിയ പ്രസംഗത്തെക്കാള്‍ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നു.

പല ഹദീസുകളുടെയും വാക്കര്‍ഥങ്ങള്‍ മാത്രം നാം എടുക്കുമ്പോള്‍ ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കുന്നതായി കാണാം. നേരെ മറിച്ച്, അതിനെ ആരാധനാസ്വഭാവത്തോടെയാണ് വരയ്ക്കുന്നതെങ്കില്‍ അതിന്റെ ശരിതെറ്റുകളെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചിത്രരചനയും ഫോട്ടോഗ്രാഫിയും അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന ഇക്കാലഘട്ടത്തില്‍, അതിനെ നന്മയുടെ സംസ്ഥാപനത്തിന് എടുത്തുപയോഗിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു.

പലസ്തീനിയായ ഉമയ്യ ജുഹ എന്ന ചിത്രകാരി പലസ്തീന്‍ ജനതയുടെ ദുരിതം നൂറുകണക്കിന് ചിത്രങ്ങളിലൂടെ ഓരോന്നും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയില്‍ കാരിക്കേച്ചറുകളിലൂടെ ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കുന്നു. അവര്‍ ലോകപ്രശസ്തയാണ്. ഇപ്പോള്‍ പ്രവാചകന്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുക. ആ സ്ത്രീയെ റസൂല്‍ (സ) ഏറ്റവും വലിയ പോരാളിയായിട്ടാകും സ്വീകരിക്കുക. 

പ്രവാചകനും ഇസ്‌ലാമിനും വേണ്ടി കവിത ചൊല്ലിയ ഹസന്‍ ബിന്‍ സാബിതി(റ)നെ റസൂല്‍ പ്രോത്സാഹിപ്പിച്ചില്ലേ. ''ബദറില്‍ ശഹീദായ ശുഹദാക്കളേ'' എന്ന ഗാനം എത്രമാത്രം ഹൃദയസ്പൃക്കാണ്. അതൊക്കെ മനുഷ്യമനസ്സുകളില്‍ ഉണ്ടാക്കുന്ന വിപ്ലവാവേശം ചില്ലറയല്ല. കേട്ടുമടുത്ത ശൈലിയില്‍ കുറേ പ്രസംഗങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിലും എത്രമാത്രം ഗുണകരമാണ് മൂല്യങ്ങളുടെ സംസ്ഥാപനത്തില്‍ കലാരൂപങ്ങള്‍ക്കുള്ള സ്ഥാനം. വിഗ്രഹാരാധനയെ മുറുകെപ്പിടിച്ചിരുന്ന ജനത, അതുപേക്ഷിച്ച കാലഘട്ടത്തില്‍ ചിത്രരചനയെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയതാകാം.

അതിനാല്‍, കലാകാരന്മാര്‍ തങ്ങള്‍ക്ക് ദൈവം കനിഞ്ഞരുളിയ സര്‍ഗാത്മക കഴിവുകള്‍ മൂസാ (അ) വടി താഴെ ഇട്ടപോലെ ഇടട്ടെ. ആധുനിക ഫറോവകളെ ഭീതിപ്പെടുത്താന്‍ വിശ്വാസിയുടെ ചിത്രരചനയ്ക്ക് തീര്‍ച്ചയായും കഴിയും. മൂസാ (അ) പ്രകാശം തേടി, അലഞ്ഞ്, പ്രകാശത്തിന്റെ ചോദ്യം! നിന്റെ വലതു കൈയിലെന്തുണ്ട്? (ചിത്രകാരന്മാരുടെ കൈയില്‍ ബ്രഷും ചായക്കൂട്ടുകളും ഇല്ലേ?) പല ഉപകാരങ്ങളും ഉള്ള വടിയുണ്ടെന്ന മറുപടിക്ക് പിന്നെ വന്ന മറുപടി. ألقها يا موسى= മൂസാ! നീ അതിനെ ഇടുക (ചിത്രകാരന്മാരേ, നിങ്ങളും ആ ബ്രഷും കളറും ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കൂ. നിങ്ങള്‍ക്ക് വെറുതെയല്ല നിങ്ങളുടെ രക്ഷിതാവ് ഈ കഴിവും തന്ന് ഈ ഭൂമിയിലേക്ക് വിട്ടത്)

ومما رزقناهم ينفقون
''നാം നല്‍കിയതില്‍നിന്ന് അവര്‍ ചെലവഴിക്കുന്നവരാണ്'' പിശുക്കില്ലാതെ ചെലവഴിക്കൂ. ദൈവമാര്‍ഗത്തിലെ കര്‍മഭടന്മാരാകൂ...

12 comments:

  1. mashaallha...anghane valiyoru problathinum pariharam aayi.....njan ithu vare chithrakalayokke mosham aanenna karuthiyathu..alhamdulillah...athinte nalla vashanghal nalla reethiyil manassilakkan ithu vayichappol sadhichu.....rabbu ninghale anugrahikkatte.....

    ReplyDelete
  2. ഇണയുമായി നിങ്ങളുടെ ആവശ്യം നിറവേറ്റുന്നതു പോലും അല്ലാഹുവിനുള്ള ഇബാടതാനെന്ന ഹദീസ് പ്രസിദ്ധമാണല്ലോ.. അതില്‍ സഹാബികള്‍ ചോദിക്കുന്നു ഞങ്ങളുടെ താല്പര്യ പൂര്തീകരനമല്ലേ ? പ്രവാചകന്‍ മറുപടി പറയുന്നത് അത് നിങ്ങള്‍ അനുവദനീയമല്ലാത്ത വഴിയിലൂടെയാണ് ചെയ്യുന്നതെങ്കില്‍ പാപമല്ലേ..


    ഈ ഹദീസില്‍ നിന്നും നമുക്ക് ടീച്ചര്‍ എഴുതിയ വിഷയത്തിന്റെ ഒരു വായന നടത്തിയാല്‍ ചിത്രരജന അനുവദനീയമാണെന്ന് മാത്രമല്ല... ഫലസ്തീനിലെ കര്ടൂനിസ്ടുകളും ചിത്രകാരികളും മറ്റും ചെയ്യുന്നത് പോലുള്ളവ അല്ലാഹുവിനുള്ള ഇബാദതും ജിഹാദുമാനെന്നു കൂടി തിരിച്ചറിയാനാകും..

    وجاهدوا بأموالكم وأنفسكم في سبيل الله

    നിങ്ങളുടെ സ്വതുകൊണ്ടും ശരീരം കൊണ്ടും നന്മയുടെയും സത്യത്തിന്റെയും ധര്മാതിന്റെയും നീതിയുടെയും സ്ഥാപനത്തിനും ഉന്നമനത്തിനും വേണ്ടി നിങ്ങള്‍ പോരാടുക ... എന്നാ സ്രഷ്ടാവിന്റെ കല്പനയില്‍ നമ്മുടെ സര്‍വ വിധ കഴിവുകളും വിനിയോഗിക്കുക എന്നതും വരുമല്ലോ...ആ കഴിവുകള്‍ അന്യന്റെ അഭിമാനത്തെ മുറിപ്പെടുതാനും അശ്ലീലതയുടെയോ ആരാജകതതിന്റെയോ വ്യാപനത്തിന് വേണ്ടിയും വിനിയോഗിക്കുന്നെങ്ങില്‍ അത് പാപമാകുമെങ്കില്‍ നേരത്തെ പറഞ്ഞ ഹദീസിലെ പ്രവാചക നിര്‍ദേശം നമ്മോടു പറയുന്നത് നമ്മുടെ കഴിവുകള്‍ നന്മയുടെ മാര്‍ഗത്തിലാണ് വിനിയോഗിക്കുന്നതെങ്കില്‍ അത് സ്രഷ്ടാവിന്റെ മാര്‍ഗത്തിലുള്ള മരണാനന്തരം പ്രതിഫലം ലഭിക്കുന്ന ധര്‍മ സമരം തന്നെയാണ്...


    വരകളും കാര്ട്ടൂനുകളും ഒരുനൂറു പ്രസങ്ങങ്ങലെക്കാള്‍ ഒരായിരം അര്തതലങ്ങലുല്‍ക്കൊല്ലുകയും ഫലങ്ങളുണ്ടാക്കുകയും ചെയ്യുമ്പോള്‍ അത്തരം കഴിവുകളേയും പരിശ്രമങ്ങളെയും സാദ്യമാകും വിധം പ്രോത്സാഹിപ്പിക്കുക.


    എല്ലാ നന്മകളും നേരുന്നു....

    ReplyDelete
  3. നല്ല കാമ്പുള്ള വർത്തമാനങ്ങൾ....നന്മ അതിനുമുൻതൂക്കം ഉണ്ടാകണം...കലാ‍പ്രകടനം സോദ്ദേശപരമായിരിക്കണം...കല കലക്കുവേണ്ടിമാത്രമല്ല...സാമൂഹ്യപ്രതിബദ്ധത എന്നൊരേർപ്പാട് കലാകാരൻമാർക്കുണ്ടാകണം...

    ReplyDelete
  4. മാഷ അല്ലാഹ്...നല്ലരു സംശയ നിവാരണം ..ചിത്ര രജനയുടെ നല്ല വശങ്ങള്‍ കൂടി മനസ്സിലാകിതന്നു ..പടച്ചവന്റെ ഓരോത്തര്‍ക്കും ഓരോ കഴിവുകള്‍ കൊടുത്തിട്ടുണ്ട്.. അത് ശരിയായ മാര്‍ഗത്തില്‍ പ്രയോജനം പെടുത്തട്ടെ ...നല്ല വിവരണം ഇതാ..റബ് അനുഗ്രഹക്കട്ടെ ഇത്തയെ...
    Hashim.A
    Dubai....

    ReplyDelete
  5. പലരുടെയും സംശയ ദുരീകരണത്തിന് ഈ പോസ്റ്റ്‌ സഹായകമാവും തീര്‍ച്ച.

    ReplyDelete
  6. നന്നായിട്ടുണ്ട്, ഒരു കമന്റിൽ ‘തൂങ്ങി’യാണ് ഇവിടെ എത്തിയത്, സന്തോഷമായി...

    ReplyDelete
  7. ചിത്രങ്ങളും ,പ്രതിരൂപങ്ങളും ആരാധനാ പാത്രമാകുമ്പോള്‍ അത് ശിര്‍ക്ക് ആകുന്നു .അത് ഇസ്ലാം നിരുല്സാഹപ്പെടുതുന്നു .
    സ്വാലിഹ് നബിയും ,ഹൂദ്‌ നബിയും മലകള്‍ തുരന്നു പടുകൂറ്റന്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനെയും ,ഗോപുരങ്ങള്‍ പടുത്തുയര്‍ തുന്നതിനെയും എതിര്‍ക്കുന്നുണ്ട് ..കാരണം സമ്പത്ത് എന്റേത് എന്നും അത് ഞാന്‍ എങ്ങിനെയും ചിലവഴിക്കും എന്ന ശിര്‍ക്കിന്റെ പ്രതീകമായി കെട്ടിടങ്ങളും വീടുകളും മാറുന്നു ...അതിനെയും ഇസ്ലാം എതിര്‍ക്കുന്നു ..
    ഇതു വെച്ച് ആരെങ്കിലും വീട് എടുക്കാന്‍ ഇസ്ലാമില്‍ അനുവാദം ഇല്ല എന്ന് വാദിക്കുമോ ??

    ReplyDelete
  8. സാധാരണ ഗതിയില്‍ ഇസ്ലാം അനുവദിക്കുന്ന ചിത്രാവിഷ്ക്കാരം ‎ആത്മാവില്ലാത്തവയുടെതാകുന്നു (പ്രകൃതി മനോഹാരിത). എന്നാല്‍ ‎തിരിച്ചറിയല്‍, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അവയുടെ പ്രാധാന്യം ‎അനുസരിച്ച് ചില ഇളവുകള്‍ ശരീഅത്ത് നല്‍കിയിരിക്കുന്നു. ഈ വിഷയത്തില്‍ ‎ശരിയായ വിവരം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഗൂഗളില്‍ “Islamqa” ‎സെര്‍ച്ച്‌ ചെയ്തു ആ സൈറ്റില്‍ “IMAGE, PICTURE, DRAWING, PHOTO” തുടങ്ങിയവ ‎സെര്‍ച്ച്‌ ചെയ്‌താല്‍ ഒരുപാട് ഫത്വ്വകള്‍ ഖുര്‍ആനിന്‍ന്‍റെയും ഹദീസിന്‍റെയും ‎അടിസ്ഥാനത്തില്‍ പഠിക്കാന്‍ കഴിയും.‎

    ReplyDelete
    Replies
    1. ഇളവുകൾ എന്ന് പറയുമ്പോൾ ഒരു കുറ്റവാളിയുടെ മുഖം വരയ്ക്കണം എന്നുണ്ടെങ്കിൽ അത് ഒരു ദിവസം കൊണ്ട് നേടിയെടുക്കുന്ന കഴിവല്ല

      Delete
  9. താഴെ പറയുന്ന ഹദീസുകളില്‍ നിന്നും ചിത്രാവിഷ്ക്കാരം ഹറാമാനെന്നു ‎വ്യക്തമാകുന്നു. എന്നിട്ടും അതും ഇതും ശരി എന്ന് വിശ്വസിക്കുന്നവര്‍ അടുത്ത ‎പോസ്റ്റ്‌ വായിക്കുക. ‎
    ‎ ‎
    അബ്ദുല്ല(റ) പറയുന്നു: നബി(സ)അരുളി: പരലോകത്ത്‌ ജനങ്ങളില്‍ കൂടുതല്‍ ‎ശിക്ഷ അനുഭവിക്കപ്പെടുന്നവരാണ്‌ ചിത്രം വരക്കുന്നവര്‍ . (ബുഖാരി. 7. 72. 834)‎

    ആയിശ(റ) നിവേദനം: ആയിശ(റ) പറയുന്നു: കുരിശിന്‍റെ ചിത്രമുളള യാതൊന്നും ‎തന്നെ നബി(സ) തന്‍റെ വീടുകളില്‍ ഉപേക്ഷിച്ചിടുകയില്ല. (ബുഖാരി. 7. 72. 836)‎

    അബൂസുര്‍അ(റ) പറയുന്നു: അബൂഹുറൈറ(റ)യുടെ കൂടെ മദീനയിലെ ഒരു ‎വീട്ടില്‍ ഞാന്‍ കയറി. അപ്പോള്‍ ചുമരിന്‌ മുകളില്‍ ഒരാള്‍ ചിത്രം വരക്കുന്നത്‌ ‎അദ്ദേഹം കണ്ടു. ഉടനെ അബൂഹൂറൈറ(റ) പറഞ്ഞു: തിരുമേനി(സ) അരുളിയതു ‎ഞാന്‍ കേട്ടിട്ടുണ്ട്‌. ഞാന്‍ സൃഷ്ടിക്കും പോലെ സൃഷ്ടിക്കുവാന്‍ ‎മുതിരുന്നവനേക്കാള്‍ അക്രമി ആരുണ്ട്‌?. അവര്‍ക്ക്‌ കഴിവുണ്ടെങ്കില്‍ ഒരു ‎ധാന്യമണി സൃഷ്ടിക്കട്ടെ. വേണ്ട ഒരണുവെങ്കിലും സൃഷ്ടിക്കട്ടെ. ശേഷം അദ്ദേഹം ‎ഒരുപാത്രത്തില്‍ വെളളം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. എന്നിട്ട്‌ വുളു എടുത്തു. ‎‎(ബുഖാരി. 7. 72. 837)‎

    ആയിശ(റ) നിവേദനം: ഞാന്‍ ചിത്രങ്ങള്‍ ഉളള ഒരുതലയിണ വിലക്ക്‌ വാങ്ങി. ‎നബി(സ) വീട്ടില്‍ പ്രവേശിക്കാതെ വാതിന്‍മേല്‍ ഇരുന്നു. ഞാന്‍ പറഞ്ഞു: ഞാന്‍ ‎അല്ലാഹുവിനോട്‌ പാപമോചനം തേടുന്നു. എന്തുതെറ്റാണ്‌ ഞാന്‍ ചെയ്തതു? ‎നബി(സ)അരുളി: ഈ തലയിണ തന്നെ. ഞാന്‍ പറഞ്ഞു: പ്രവാചകരേ! താങ്കള്‍ക്ക്‌ ‎ഇരിക്കാനും തല വെയ്ക്കുവാനും വേണ്ടി ഞാന്‍ വാങ്ങിയതാണിത്‌. ‎നബി(സ)അരുളി: തീര്‍ച്ചയായും ഈ ചിത്രങ്ങള്‍ വരക്കുന്നവര്‍ പരലോകത്ത്‌ ‎ശിക്ഷിക്കപ്പെടും. അവരോട്‌ പറയും. നിങ്ങള്‍ വരച്ചതിനെ ജീവിപ്പിക്കുവീന്‍ , ‎തീര്‍ച്ചയായും മലക്കുകള്‍ ചിത്രമുളളവീടുകളില്‍ പ്രവേശിക്കുകയില്ല. (ബുഖാരി. ‎‎7. 72. 840)‎

    അബൂജുഹൈഫ(റ) പറയുന്നു: നബി(സ) പലിശ തിന്നുന്നവനേയും ‎തീറ്റിക്കുന്നവനേയും പച്ചകുത്തുന്നവനേയും അതിന്‌ ആവശ്യപ്പെടുന്നവനേയും ‎ചിത്രം വരക്കുന്നവനേയും ശപിച്ചിരിക്കുന്നു. (ബുഖാരി. 7. 72. 845)‎

    ReplyDelete
  10. ഹറാമും ഹലാലും കറുപ്പും വെളുപ്പും പോലെ വളരെ വ്യക്തമാണ് ‎ശരീഅത്തില്‍. അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഫത്‌വകളെ ‎ഒഴിവാക്കിക്കൊണ്ട് സ്വന്തത്തെ രക്ഷിക്കല്‍ ഓരോരുത്തരുടെയും കടമയാകുന്നു. ‎

    നുഅ്മാന്‍ (റ) നിവേദനം: തിരുമേനി(സ) ഇപ്രകാരം പറയുന്നതായി ഞാന്‍ ‎കേട്ടിട്ടുണ്ട്‌. അനുവദനീയ കാര്യങ്ങള്‍ വ്യക്തമാണ്‌. നിഷിദ്ധമായ കാര്യങ്ങളും ‎വ്യക്തമാണ്‌. എന്നാല്‍ അവ രണ്ടിനുമിടയില്‍ പരസ്പരം സാദൃശ്യമായ ചില ‎കാര്യങ്ങളുണ്ട്‌. മനുഷ്യരില്‍ അധികമാളുകള്‍ക്കും അവ ഗ്രഹിക്കാന്‍ ‎കഴിയുകയില്ല. അതുകൊണ്ട്‌ ഒരാള്‍ പരസ്പരം സദൃശമായ കാര്യങ്ങള്‍ ‎പ്രവര്‍ത്തിക്കാതെ സൂക്ഷ്മത കൈക്കൊണ്ടാല്‍ അയാള്‍ തന്‍റെ മതത്തേയും ‎അഭിമാനത്തേയും കാത്തു സൂക്ഷിച്ചു. എന്നാല്‍ വല്ലവനും സാദൃശ്യമായ ‎കാര്യങ്ങളില്‍ ചെന്നുവീണുപോയാല്‍ അവന്‍റെ സ്ഥിതി സംരക്ഷിച്ചു നിറുത്തിയ ‎‎(നിരോധിത) മേച്ചില്‍ സ്ഥലത്തിന്‍റെ അതിര്‍ത്തികളില്‍ നാല്‍ക്കാലികളെ മേക്കുന്ന ‎ഇടയനെ പോലെയാണ്‌. അവരതില്‍ ചാടിപ്പോകാന്‍ എളുപ്പമാണ്‌. ‎അറിഞ്ഞുകൊള്ളുവീന്‍! എല്ലാ രാജാക്കന്‍മാര്‍ക്കും ഓരോ മേച്ചില്‍ ‎സ്ഥലങ്ങളുണ്ട്‌. ഭൂമിയില്‍ അല്ലാഹുവിന്‍റെ നിരോധിത മേച്ചില്‍ സ്ഥലം അവന്‍ ‎നിഷിദ്ധമാക്കിയ കാര്യങ്ങളാണ്‌. അറിയുക! ശരീരത്തില്‍ ഒരു മാംസക്കഷണമുണ്ട്‌. ‎അതു നന്നായാല്‍ മനുഷ്യശരീരം മുഴുവന്‍ നന്നായി. അതു ദുഷിച്ചാല്‍ ശരീരം ‎മുഴുവനും ദുഷിച്ചതുതന്നെ. അറിയുക! അതത്രെ ഹൃദയം. (ബുഖാരി. 1. 2. 49)‎

    ReplyDelete