Thursday, January 24, 2013

യൂസുഫ്ചരിത്രത്തിലെ പാഠങ്ങള്‍

നബി (സ)ക്ക് സൂറത്തു യൂസുഫ് അവതരിച്ചത് സ്വന്തം സഹോദരങ്ങളാല്‍ ശിഅ്ബു അബീത്വാലിബില്‍ നിസ്സഹരിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഖുര്‍ആന്‍ യൂസുഫ് ചരിത്രത്തെ ഏറ്റവും നല്ല കഥ എന്നാണുപമിച്ചത്.
نحن نقصّ عليك أحسن القصص
നാം താങ്കള്‍ക്ക് കഥകളില്‍ ഏറ്റവും നല്ലതിനെ കഥിച്ചുതരികയാണ്.


നമുക്കും പാഠമാകണം സൂറത്തു യൂസുഫ്. സഹോദരങ്ങളാല്‍ പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട യൂസുഫ്. ചില കിസ്സകളില്‍ കാണുന്നു, യൂസുഫ് (അ)ക്ക് ഇബ്‌റാഹിം (അ) തീയിലെറിയപ്പെട്ടപ്പോള്‍ ജിബ്‌രീല്‍ (അ) സ്വര്‍ഗത്തില്‍നിന്നു കൊണ്ടുവന്ന കുപ്പായം ആണ് ഇടീച്ചത് എന്ന്. അല്ലാഹു അഅ്‌ലം. എന്തായിരുന്നാലും ബഹുമാന്യനായ പ്രിയപ്പെട്ട മിസ്‌രി എഴുത്തുകാരനായ അഹ്മദ് ബഹ്ജത്തിന്റെ ഖുര്‍ആന്‍ കഥകളില്‍ 'യൂസുഫിന്റെ കുപ്പായം' ഒരു കഥാപാത്രമാണ്.

അഹ്മദ് ബഹ്ജത്തിനെക്കൊണ്ട് അല്ലാഹു സുബ്ഹാനഹു വതആല ഒരു പുസ്തകം എഴുതിച്ചു - 'ഖുര്‍ആനിലെ ജന്തുകഥകള്‍'. അതിനു മുമ്പ് അദ്ദേഹം ഒരുപാട് വേദനകള്‍ അനുഭവിച്ചുകാണും. മനസ്സിനെ പാകപ്പെടുത്താന്‍ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചിരിക്കാം.

നമുക്ക് യൂസുഫിന്റെ കുപ്പായത്തിലേക്കുതന്നെ ഒന്നുകൂടി പോകാം. ജ്യേഷ്ഠന്മാര്‍ കള്ളരക്തവുമായി, കുപ്പായം പിതാവിന്റെ അടുത്ത് കൊണ്ടുവന്നു. എന്നിട്ടവര്‍ തന്നെ പറയുന്നു. ഞങ്ങള്‍ സത്യം പറഞ്ഞാലും താങ്കള്‍ വിശ്വസിക്കില്ല എന്ന്. അതില്‍നിന്നുതന്നെ അവര്‍ ഈ പറയുന്നത് നുണയാണെന്നറിയാം. ഖുര്‍ആന്‍ പറയുന്നത് കാണുക:
لقد كان في يوسف واخوتح آيات للسائلين
യൂസുഫിലും സഹോദരങ്ങളിലും അന്വേഷിക്കുന്നവര്‍ക്ക്, ആവശ്യക്കാര്‍ക്ക് ധാരാളം പാഠങ്ങളുണ്ട്. യൂസുഫിനെ കൊല്ലാന്‍ തീരുമാനിക്കുന്ന ഒരുകൂട്ടം സഹോദരങ്ങള്‍. ചിലര്‍ക്ക് അല്പംകൂടി ദയയുണ്ട്. കൊല്ലേണ്ട, ഉപേക്ഷിച്ചാല്‍ മതി. വാപ്പാക്ക് നിങ്ങളോടുള്ള ഇഷ്ടം വര്‍ധിക്കും. അവനാണ് പിതാവിനും നിങ്ങള്‍ക്കും ഇടയിലെ വില്ലന്‍. അങ്ങന്‍ അവര്‍ അദ്ദേഹത്തെ പൊട്ടക്കിണറ്റിലിടാന്‍ തീരുമാനിക്കുകയാണ്. എല്ലാവരുംകൂടി പൊട്ടക്കിണറ്റിലിടാന്‍ തീരുമാനിച്ചപ്പോള്‍ യൂസുഫിന് അല്ലാഹു വഹിയ് നല്‍കി. യൂസുഫ്, ഒരുകാലത്ത് താങ്കള്‍ ഇവര്‍ ഈ ചെയ്ത പ്രവൃത്തിയെ ഇവരറിയാതെ, ഇവര്‍ക്ക് പറഞ്ഞുകൊടുക്കും. പൊട്ടക്കിണറ്റിലിടാന്‍ നിര്‍ബന്ധിച്ച ആ പൈശാചികത അതിഭയങ്കരം എന്ന് തോന്നും. പക്ഷേ, അവര്‍ക്കും അല്ലാഹു പിന്നീട് പൊറുത്തുകൊടുത്തു. വല്ലാത്ത ഒരു അല്ലാഹു! പക്ഷേ, അവര്‍ക്ക് ഒരു ശിക്ഷ ഉണ്ടായില്ല എന്ന് കരുതാനാവുമോ? ഉണ്ടായി. അവര്‍ അറിയാതെ, നിരപരാധികളായിരിക്കെ അപമാനിക്കപ്പെട്ടു. കള്ളന്മാരല്ലാതെ, ഒന്നും മോഷ്ടിക്കാതെ 'മോഷ്ടാക്കള്‍' എന്ന് മുദ്രകുത്തപ്പെട്ടു. ഇതാണല്ലാഹുവിന്റെ പണി. നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും ഇന്നല്ലെങ്കില്‍ നാളെ നമുക്കെതിരില്‍ തിരിയും എന്നുറപ്പാണ്; നന്മയായാലും തിന്മയായാലും. യൂസുഫ് അങ്ങനെ പ്രകോപനങ്ങളിലൂടെയും അതിശക്തമായ പ്രലോഭനങ്ങളിലൂടെയും റബ്ബിന്റെ ബുര്‍ഹാനും കൊണ്ട് സഞ്ചരിക്കുകയാണ്. നിരപരാധിയായ യൂസുഫ് പലതവണ അപരാധിയായി മുദ്രകുത്തപ്പെടുന്നത് നമുക്ക് കാണാം. പടച്ചവനേ, നമ്മുടെ സഹോദരന്‍ മഅ്ദനി. യൂസുഫിന്റെ പിന്‍ഗാമിയാണോ? ഭരണകൂടം ചെയ്ത അക്രമത്തിന് ഇന്നല്ലെങ്കില്‍ നാളെ സമാധാനം പറയേണ്ടിവരും. നാണം കെടേണ്ടിവരും.


ഈ പെണ്ണുങ്ങള്‍ കൈമുറിച്ച കഥ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. യൂസുഫിന്റെ സൗന്ദര്യത്തില്‍ മയങ്ങിയതിനെ പ്രതീകവത്കരിച്ചു പറയുന്നതാവാം. അവര്‍ പറഞ്ഞു:
وقلن حاش لله. ما هذا بشرٌ ان هذا إلا ملك كريم
ഇത് മനുഷ്യനല്ല. ബഹുമാന്യനായ മലക്കല്ലാതെ മറ്റാരുമല്ല.


യൂസുഫിന്റെ കുപ്പായം മൂന്ന് സ്ഥലത്ത് ഈ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. സഹോദരങ്ങള്‍ വാപ്പാനെ കാട്ടാനായി കൊണ്ടുവന്നപ്പോള്‍ (കള്ളത്തെളിവ്), മറ്റൊന്ന് മന്ത്രിപത്‌നി കീറിയ കുപ്പായം (അത് സത്യമായ തെളിവ്). മറ്റൊന്ന് വാപ്പാക്ക് കൊണ്ടുവന്നു കൊടുക്കുന്ന കുപ്പായം (വാപ്പാടെ നഷ്ടപ്പെട്ടുപോയ കാഴ്ച തിരിച്ചുകൊടുത്ത കുപ്പായം).

ഭാവന വികസിക്കുന്നവര്‍ക്ക് ആ കുപ്പായത്തെപ്പറ്റി പാടാം. വരയ്ക്കാം. പാട്ട് എഴുതാം.

مع السلامة في أمان الله

2 comments:

  1. യൂസുഫ് നബിയുടെ ചരിത്രത്തില്‍ ആദ്യത്തിലും ,മധ്യത്തിലും ,അവാസാനതും ഈ കുപ്പായം കടന്നു വരുന്നത് വെറും ഒരു യാദ്രിശ്ചികമായല്ല .

    ReplyDelete
  2. മനുഷ്യനെ സംബന്ധിച്ചിടത്തോളം വസ്ത്രധാരണം ഒരു കൃത്രിമസ്വഭാവമല്ല; പ്രകൃതിയുടെ ഒരു മുഖ്യ താല്‍പര്യമാണ്. ജന്തുവര്‍ഗങ്ങള്‍ക്കെന്നപോലെ, മനുഷ്യശരീരത്തില്‍ പ്രകൃത്യായുള്ള ഒരാവരണം അല്ലാഹു ഉണ്ടാക്കിയിട്ടില്ല. മറിച്ച് മനുഷ്യന്റെ പ്രകൃതിയില്‍ നാണത്തിന്റെയും ലജ്ജാശീലത്തിന്റെയും ബീജം നിക്ഷേപിക്കുകയാണ് ചെയ്തിരിക്കുന്നത്.

    ഫറവോന്‍ യൂസുഫിനോട് പറഞ്ഞതായി ബൈബിള്‍ ഉദ്ധരിക്കുന്നു: എന്റെ ഗൃഹത്തില്‍ നീയായിരിക്കും അധികാരി. നീ ആജ്ഞാപിക്കുന്നതുപോലെ എന്റെ പ്രജകളെല്ലാം അനുസരിച്ചുകൊള്ളും. സിംഹാസനത്തെ സംബന്ധിച്ചിടത്തോളം മാത്രം ഞാന്‍ നിന്നേക്കാള്‍ വലിയവനായിരിക്കും....` `ഇതാ ഞാന്‍ നിന്നെ ഈജിപ്തിന് മുഴുവന്‍ മേലധികാരിയായി നിയമിച്ചിരിക്കുന്നു...` `നിന്റെ അനുവാദം കൂടാതെ ഈജിപ്ത് രാജ്യത്ത് ഒരാളും കൈയോ കാലോ ഉയര്‍ത്തുന്നതല്ല...` ഫറവോന്‍ യോസേഫിന്ന് `സാഫ്നത് പനേയഹ് ` (ലോകത്തിന്റെ മുക്തി) എന്നും നാമം നല്‍കി. (ഉല്‍പത്തി 41 : 39-45)

    ReplyDelete