Friday, February 15, 2013

അപരന് വേണ്ടസമയത്ത് വേണ്ടവിധത്തില്‍ താങ്ങാവലാണ് ദൈവാരാധന

കഴിഞ്ഞയാഴ്ചത്തെ പ്രബോധനം വായിച്ചു. രണ്ട് പ്രൗഢ ലേഖനങ്ങളാണ് ഇതെഴുതാനുള്ള പ്രേരണ. ശക്തിബോധി സ്വാമിയുടെ സ്വാമി വിവേകാനന്ദനും വി.എ.കബീര്‍ അവര്‍കളുടെ ജമാല്‍ ബന്നയും നമ്മുടെ ചിന്താലോകത്തെ ഒരു വിസ്തൃത പ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. 

15 കൊല്ലം മുന്‍പ്‌ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മെഡിറ്റേഷന്‍ റൂമില്‍ കുറച്ചു സമയം ഞാന്‍ ധ്യാനമിരുന്നു. അത്യന്തം സുഖകരമായ അനുഭൂതി. പാറയിലേക്ക് ബോട്ട് കാത്ത് നിന്നപ്പോള്‍ അദ്ദേഹത്തെപ്പറ്റിയുള്ള ബുക്ക്‌ലെറ്റുകള്‍ വായിക്കുകയുണ്ടായി. അതിനുശേഷം പാറയില്‍ ചിന്തിച്ചിരുന്നപ്പോള്‍ എന്റെ ഹൃദയത്തിലേക്ക് രണ്ടു കാര്യങ്ങള്‍ വെളിച്ചമായി കടന്നുവന്നു. ഞാനോര്‍ക്കുകയായിരുന്നു - ഈ മനുഷ്യനെ എനിക്കാരായാണ് കാണാന്‍ സാധിക്കുക? ഉടന്‍ ഒരു പ്രവാചക വചനം എന്റെ മനസ്സിലേക്ക് വന്നു. ''എനിക്കെന്റെ സഹോദരന്മാരെ കാണാന്‍ കൊതിയാകുന്നു.'' ഇതു കേട്ട സ്വഹാബികള്‍ (അനുചരന്മാര്‍) ചോദിച്ചു: ''ഞങ്ങളല്ലേ താങ്കളുടെ സഹോദരങ്ങള്‍?'' അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''അല്ല. നിങ്ങളെന്റെ സുഹൃത്തുക്കളാണ്. എനിക്കുശേഷം കുറേ ആളുകള്‍ വരാനുണ്ട്. അവരാണ് എന്റെ സഹോദരങ്ങള്‍.''  

ഞാനോര്‍ത്തത്, പ്രവാചകന്‍ കാണാന്‍ കൊതിച്ച സഹോദരന്‍ ഇദ്ദേഹമായിരിക്കാം എന്നായിരുന്നു. രണ്ടാമത് എന്റെ ധ്യാനത്തിനിടയില്‍ മനസ്സിലേക്ക് വന്നത് സൂറത്തുള്ളുഹാ (പൂര്‍വാഹ്നം) എന്ന അധ്യായമാണ്. ആ സമയത്തായിരുന്നു ഞാന്‍ മെഡിറ്റേഷന്‍ റൂമില്‍ ഇരുന്നത്. ചുറ്റും തിരതല്ലുന്ന സമുദ്രം. പാറയിലും കടലിലും വെട്ടിത്തിളങ്ങുന്ന സൂര്യരശ്മികള്‍. എല്ലാം കൊണ്ടും ഹൃദയം വല്ലാതെ ത്രസിക്കുകയാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതി. കൂട്ടത്തിലുള്ളവര്‍ വന്ന് തോണ്ടിയത് വളരെ നേരിയതായി മാത്രമേ അറിഞ്ഞുള്ളൂ. എങ്ങനെ ഈ സുഖചിന്ത വിട്ടുപോരും? അങ്ങനെ, ആ ഖുര്‍ആന്‍ സൂക്തങ്ങള്‍ മുഴുവന്‍ എന്റെ ഹൃദയത്തിലേക്ക് ശാന്തഗംഭീരമായി ഒഴുകിവന്നു. ''പൂര്‍വാഹ്നത്തെക്കൊണ്ട് സത്യം. കരിമ്പടം പുതച്ച രാത്രിയെക്കൊണ്ടും സത്യം. നിന്നെ നിന്റെ നാഥന്‍ കൈവെടിഞ്ഞിട്ടില്ല. നിന്നോട് പിണങ്ങിയിട്ടില്ല. ആദ്യത്തേക്കാള്‍ നല്ല നാളുകളാണ് വരാനുള്ളത്. നിനക്ക് നിന്റെ രക്ഷിതാവ് നല്‍കും. അപ്പോഴാണ് നിന്റെ ഹൃദയം സംതൃപ്തിമാവുക. അതിനാല്‍, അനാഥയെ അടക്കിവാഴരുത്. ആവശ്യക്കാരനെ ആട്ടിയകറ്റരുത് (കണ്ടില്ലെന്ന് നടിക്കരുത്). നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെപ്പറ്റി സംസാരിക്കുക.'' 

നിറകണ്ണുകളോടെ, തികഞ്ഞ ആത്മധൈര്യത്തോടെ മെഡിറ്റേഷന്‍ റൂമില്‍നിന്ന് പുറത്തുവന്നു. (ഇനിയും ഒന്നു പോയി അവിടെ ധ്യാനിക്കാന്‍ മനസ്സ് കൊതിക്കുന്നു). അതാ കിടക്കുന്നു, അഞ്ചേമുക്കാല്‍ അടിയുള്ള ഒരു വടക്കേ ഇന്ത്യന്‍ അമ്മ. പാറയില്‍ വഴുതിവീണു. നെറ്റി പൊട്ടി. എഴുന്നേല്‍ക്കാനാവുന്നില്ല. ബോട്ടിലേക്ക് കയറാന്‍ ദേഷ്യപ്പെട്ടുകൊണ്ട് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന പി.വി.ഇബ്‌റാഹിംകുട്ടി മാസ്റ്റര്‍. ഈ അമ്മയെ താങ്ങിയെടുക്കുവാന്‍ സീതിമാസ്റ്റര്‍ സഹായത്തിന് വന്നു. ഞാന്‍ അല്പം ഗൗരവത്തില്‍ ഹെഡ്മാസ്റ്ററോട് പറഞ്ഞു: ''എന്റെ ജോലി നഷ്ടമായാല്‍ പോലും ഈ അമ്മയെ ഇവിടെയിട്ട് വരാനാവില്ല.'' 

എല്ലാവരും ബോട്ടില്‍ കയറി അപ്പുറത്തെത്തി. ഞാനും സീതിയും ഈ അമ്മയെ താങ്ങി അടുത്ത ബോട്ടിനുവേണ്ടി കാത്തുനില്‍ക്കുന്നു. ടവ്വലെടുത്ത് നെറ്റിയില്‍ പൊടിഞ്ഞ രക്തം തുടച്ചു. ബാഗില്‍നിന്ന് വെള്ളമെടുത്ത് കൊടുത്തു. ഒരു കൈ കൊണ്ട് തോളില്‍ ചാരി ഇരുത്തിയാണ് ബോട്ടില്‍ ഞങ്ങള്‍ ഇരുന്നത്. അപ്പോള്‍ അവര്‍ എന്നോടൊരു ചോദ്യം: ''ആപ് ക്രിസ്ത്യന്‍ സിസ്റ്റര്‍ ഹേ?'' ഞാന്‍ മറുപടി പറഞ്ഞു: 'നഹീ... ഹം മുസല്‍മാനോം ഹേ...'' അപ്പുറത്തെത്തി. മക്കള്‍ കൂടെ വരുന്നെങ്കിലും അപ്പുറമായിരുന്നു അവര്‍. നിറകണ്ണുകളോടെ ആ അമ്മ ഞങ്ങളോട് യാത്രപറഞ്ഞു. അപരന് വേണ്ടസമയത്ത് വേണ്ട വിധത്തില്‍ താങ്ങാവലാണ് ദൈവാരാധന എന്ന് ഒന്നുകൂടി ഉള്ളില്‍ ഉറപ്പായി. നബി (സ) പറഞ്ഞു: ''നിന്റെ നന്മ നിന്നെ സന്തോഷിപ്പിക്കുകയും നിന്റെ തിന്മ നിന്നെ വേദനിപ്പിക്കുകയും ചെയ്താല്‍ നീയാണ് വിശ്വാസി.'' നാം വിശ്വാസികളാണോ എന്ന് നോക്കാനുള്ള ഏറ്റവും ശക്തമായ ഉരകല്ലാണ് ഈ വചനം.  

പ്രബോധനത്തില്‍ ചിന്താപ്രളയമൊരുക്കിയ രണ്ടാമത്തെ ലേഖനം കബീര്‍സാഹിബ് എഴുതിയ 'പറ്റം തെറ്റിപ്പറന്ന ചിന്തകന്‍' എന്നതാണ്. എനിക്ക് കബീര്‍സാഹിബിനോടൊരു പരിഭവമേ ഉള്ളൂ. എന്തേ ഇദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്താത്തത്? ഒരുപക്ഷേ, പലരും മരിച്ചുകഴിയുമ്പോഴേ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കാന്‍ സമൂഹത്തിന് ധൈര്യം ലഭിക്കുകയുള്ളൂ എന്നതായിരിക്കും. ജമാല്‍ബന്നയെ വായിക്കാന്‍ കബീര്‍ അവര്‍കള്‍ ഒരുപാട് ആഗ്രഹിച്ചതായും അവസാനം അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞതും വായിച്ചപ്പോള്‍ സന്തോഷം തോന്നി. വ്യത്യസ്ത ചിന്താരീതികളെ കേള്‍ക്കാനെങ്കിലും ഉള്ള സന്മനസ്സ് കാണിക്കാത്ത സമൂഹമായി നാം മാറിയിരിക്കെ ഇത്തരം ലേഖനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. വാസ്തവത്തില്‍ സത്യത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടുള്ള ഏത് ചിന്താഗതികളെയും നാം ശ്രദ്ധിക്കാന്‍ എങ്കിലും ധൈര്യം കാട്ടണം. ഖുര്‍ആന്‍ പറയുന്നു: ''അവര്‍ എല്ലാ വചനങ്ങളും ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരാണ്'' എന്ന്. എല്ലാം വായിക്കാനും ശ്രദ്ധിക്കാനും നാം തയ്യാറാവുക എന്നത് നല്ലൊരു ഗുണമായിട്ടാണ് ഖുര്‍ആന്‍ പറയുന്നത്. എല്ലാം കേള്‍ക്കുക. എന്നിട്ട് നമുക്ക് നല്ലതെന്ന് തോന്നുന്നത് സ്വീകരിക്കുക. ഇതാവട്ടെ നമ്മുടെ ചിന്താരീതി. 

ജമാല്‍ബന്നയുടെ സഹോദരന്‍ ഇമാം ഹസനുല്‍ബന്ന നമ്മുടെയൊക്കെ കാലഘട്ടത്തിലെ മഹാപുരുഷനായിരുന്നു. ഈ ബന്നയുടെയും കൃതികള്‍ ലഭ്യമായെങ്കില്‍. ഹസനുല്‍ബന്നയുടെ 'ഹദീസുസ്സുലാസാഅ്' (ചൊവ്വാഴ്ച ക്ലാസ്സുകളുടെ സമാഹാരം) മനുഷ്യമനസ്സുകളെ എത്രമാത്രം നിര്‍മലമാക്കും എന്ന് വായിച്ചവര്‍ക്കേ പറയാനാകൂ. ഖുര്‍ആനിലൂടെയുള്ള സഞ്ചാരമായിരുന്നു ആ കുറിപ്പുകള്‍.
ഏതായാലും പ്രബോധനത്തിന്റെ ഇത്ര പെട്ടെന്നുള്ള മാറ്റം വളരെയേറെ സ്വാഗതാര്‍ഹമാണ്. ഹിന്ദുസുഹൃത്തുക്കള്‍ക്ക് സന്തോഷപൂര്‍വം വായിക്കാന്‍ കൊടുക്കാവുന്ന ഒരു ലക്കമാണിത് എന്ന് സംശയമില്ല. ഇനിയും ശക്തിബോധി സ്വാമികള്‍ പ്രബോധനത്തെ എഴുത്തുകൊണ്ട് ധന്യമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

 

വസ്സലാം

4 comments:

  1. : : ''അവര്‍ എല്ലാ വചനങ്ങളും ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് ഏറ്റവും നല്ലതിനെ പിന്‍പറ്റുകയുംചെയ്യുന്നവരാണ്'' എന്ന്. എല്ലാം വായിക്കാനും ശ്രദ്ധിക്കാനും നാം തയ്യാറാവുക എന്നത് നല്ലൊരു ഗുണമായിട്ടാണ് ഖുര്‍ആന്‍ പറയുന്നത്. എല്ലാം കേള്‍ക്കുക. എന്നിട്ട് നമുക്ക് നല്ലതെന്ന് തോന്നുന്നത് സ്വീകരിക്കുക. ഇതാവട്ടെ നമ്മുടെ ചിന്താരീതി.""
    ''എന്റെ ജോലി നഷ്ടമായാല്‍ പോലും ഈ അമ്മയെ ഇവിടെയിട്ട് വരാനാവില്ല.''
    ഇത്തരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തന്നെയല്ലേ വിവേകാനന്ദനും പറഞ്ഞു തരുന്നത് ..
    "‘നാം ഒരുവനേയും- ഈശ്വരവാദിയേയോ നിരീശ്വരവാദിയേയോ സര്‍വേശ്വരവാദിയേയോ ഏകത്വവാദിയേയോ ബഹുദൈവ വാദിയേയോ ആജ്ഞേയതവാദിയേയോ തള്ളുന്നില്ല; ശിഷ്യനാകുവാനുള്ള ഒറ്റ വ്യവസ്ഥ, ഏറ്റവും വിശാലവും, അതേസമയം ഏറ്റവും തീക്ഷ്ണവുമായ ഒരു സ്വഭാവത്തെ രൂപപ്പെടുകയത്രേ. പെരുമാറ്റത്തേയോ സ്വഭാവത്തേയോ ഭക്ഷണത്തേയോ സംബന്ധിച്ച സവിശേഷമായ ആചാര നിയമങ്ങളിലും നാം നിര്‍ബന്ധിക്കുന്നില്ല- അത് അന്യര്‍ക്ക് ഉപദ്രവമാകാത്തിടത്തോളം കാലം മുന്നോട്ടുള്ള ഗതി തടയുന്നതോ അധപതനത്തെ സഹായിക്കുന്നതോ ആയതെല്ലാം ദോഷമാണ്. ഉയര്‍ന്നുവന്നു സമന്വയപ്പെടാന്‍ സഹായിക്കുന്നതെല്ലാം ഗുണവുമാണ്.’" (വി.സ.സ: വാള്യം 5 പേജ് 97).
    ഇത്രയും വിശാലമായ ജനാധിപത്യ സമീപനം വിവേകാനന്ദന്‍ മുന്നോട്ട് വെച്ചത് 1894 ആണ്. അത്തരം ജനാധിപത്യസമീപനത്തിലേക്കെത്തുവാന്‍ മത രംഗത്തോ രാഷ്ട്രീയ രംഗത്തോ ഇന്നെത്ര വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്...സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി
    ടീച്ചര്‍ നന്നായി എഴുതി എല്ലാം പോസിറ്റിവ് ആയ വാക്കുകള്‍ .......

    ReplyDelete
  2. masha allah ....nalla vaakkukal.........

    ReplyDelete
  3. masha allah ....nalla vaakkukal.........

    ReplyDelete