Tuesday, November 19, 2013

മൊഴിമുത്തുകള്‍


 1. പ്രശസ്തി ആഗ്രഹിച്ചവന്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ല.
 2. താന്‍ ചെയ്യുന്നത് ജനങ്ങള്‍ അറിയണമെന്ന ആഗ്രഹം ഗോപ്യമായ സ്വാര്‍ഥതയാണ്.
 3. അലി (റ) പറഞ്ഞു: വിജ്ഞാനം പ്രവര്‍ത്തനം കൊണ്ട് സംസാരിക്കും. ഇല്ലെങ്കില്‍ അത് നശിച്ചുപോകും.
 4. ഹസന്‍ (റ) പറഞ്ഞു: അവധിവയ്ക്കലിനെ സൂക്ഷിക്കുക. കാരണം, നീ ഇന്നിലാണ് ജീവിക്കുന്നത്; നാളെയിലല്ല. ഇനി നാളെ ഉണ്ടെങ്കില്‍ ഇന്നത്തെപ്പോലെ സന്തോഷത്തില്‍ കഴിയാം. നാളെ ഇല്ലെങ്കില്‍ നീ എന്തിലെങ്കിലും വീഴ്ചവരുത്തി എന്ന് ഖേദിക്കേണ്ടല്ലോ.
 5. മുഹമ്മദ്ബ്‌നു അബ്ദുല്‍ ബാഖി പറഞ്ഞു: ഞാനെന്റെ ആയുസ്സില്‍നിന്ന് കളിവിനോദങ്ങളില്‍ ഒരു മണിക്കൂര്‍ പോലും പാഴാക്കിക്കളഞ്ഞിട്ടില്ല.
 6. ദഹബി ഇമാം പറഞ്ഞു: കുറേ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതല്ല അറിവ്. മറിച്ച്, അല്ലാഹു ഹൃദയത്തിലേക്കിട്ടുതരുന്ന പ്രകാശമാണ് അറിവ്. അത് പിന്‍പറ്റലാണ് അതിന്റെ നിബന്ധന. അപ്രകാരം, ദേഹേച്ഛയില്‍നിന്നും ബിദ്അത്തുകളില്‍നിന്നും രക്ഷപ്പെടലും.
 7. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: യഥാര്‍ഥ ഗുരു, ജനങ്ങളെ വലിയ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുംമുമ്പ് ചെറിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നവനാണ്.
 8. ജ്ഞാനം എന്നത് സ്രഷ്ടാവ് താനിഷ്ടപ്പെടുന്ന സൃഷ്ടികള്‍ക്ക് നല്‍കുന്ന സര്‍ഗശേഷികളാണ്. ആരും തറവാട് മഹിമകൊണ്ട് അത് നേടിയെടുക്കുകയില്ല. അങ്ങനെയായിരുന്നെങ്കില്‍ നബികുടുംബമായിരുന്നു അര്‍ഹമാകുമായിരുന്നത്.
 9. ശഅബി ഇമാമിനോട് ചോദിക്കപ്പെട്ടു: താങ്കള്‍ക്കെവിടെ നിന്നാണീ അറിവ് മുഴുവന്‍? മറുപടി: പരാശ്രയം ഒഴിവാക്കി, രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം, പാറപോലെ ഉറച്ചുനില്‍ക്കല്‍, കാക്കകള്‍ അതിരാവിലെ പുറപ്പെടും പോലെയുള്ള പുറപ്പെടല്‍.
 10. നുണയന്മാരെ എങ്ങനെ തിരിച്ചറിയും? അഹ്മദ്ബ്‌നു ഹമ്പലിനോട് ശിഷ്യന്മാര്‍ ചോദിച്ചു: 'അവരുടെ വാഗ്ദാനങ്ങള്‍ കൊണ്ട്.'
 11. ഹരിമുബ്‌നു ഹയ്യാന്‍ പറഞ്ഞു: അല്ലാഹുവിന്റെ നേരെ ഏതൊരടിമ ഹൃദയപൂര്‍വം ചെല്ലുന്നുവോ, എങ്കില്‍, അല്ലാഹു വിശ്വാസികളുടെ മൊത്തം സ്‌നേഹം അവന്റെ നേരെ തിരിക്കും.
 12. അബൂസൈദ് പറഞ്ഞു: ഞാന്‍ കരഞ്ഞുകൊണ്ട് എന്റെ മനസ്സിനെ അല്ലാഹുവിലേക്ക് നയിച്ചപ്പോഴൊക്കെ ഞാനതിനെ തിരിച്ചുകൊണ്ടുവന്നത് ചിരിച്ചിട്ടായിരുന്നു.
 13. അല്ലാഹു ഒരടിമയെ അവഗണിക്കുക എന്നാല്‍ അവന്റെ അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതനാവുക എന്നതാണ്.
 14. യഹിയബ്‌നു മുആദ് പറഞ്ഞു: ഹൃദയം ചട്ടികള്‍ പോലെയാണ്. അതിലുള്ള വസ്തുക്കളുമായി അത് തിളച്ചുമറിയുന്നു. എന്നാല്‍, നാവുകള്‍ കരണ്ടികളെപ്പോലെയാണ്. അതിനാല്‍ ഒരു മനുഷ്യന്‍ സംസാരിക്കുമ്പോള്‍ നീ നോക്കുക. അവന്റെ ഹൃദയത്തിലുള്ളതായിരിക്കും അവന്‍ കോരിവിളമ്പുന്നത്. മധുരം, പുളി, രുചികരമായത്, കയ്പ് തുടങ്ങി പലതും വരും. അവന്റെ ഹൃദയത്തിന്റെ രുചി അവന്റെ വിളമ്പലിലൂടെ നിനക്ക് വ്യക്തമാകും.
 15. പുണ്യവാന്മാരുടെ ഹൃദയം സല്‍കര്‍മങ്ങള്‍കൊണ്ട് തിളച്ചുമറിയും; അക്രമികളുടെ ഹൃദയങ്ങള്‍ ദുഷ്ടപ്രവര്‍ത്തനങ്ങള്‍കൊണ്ടും. നിങ്ങളുടെ ചിന്തകളെ മുഴുവന്‍ അല്ലാഹു കാണുന്നുണ്ട്. അതിനാല്‍, ചിന്തകളെ നിങ്ങളും നിരീക്ഷിക്കുക -മാലിക്ബ്‌നു ദീനാര്‍
 16. ഇബ്‌നു അബ്ബാസ് പറഞ്ഞു: ദേഹേച്ഛക്കാരോടൊപ്പം നീ ഇരിക്കരുത്. കാരണം, അത് ഹൃദയങ്ങളെ രോഗാതുരമാക്കും.
 17. അബുല്‍ ജൗസാഅ് പറഞ്ഞു: ദേഹേച്ഛക്കാരില്‍ ഒരാളോടൊപ്പം ഇരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം പന്നികളോടൊപ്പം ഇരിക്കാനാണ്.
 18. ഖുര്‍ആന്‍ ഏതെങ്കിലും വ്യക്തിയെ പ്രശംസിക്കുന്നുണ്ടെങ്കില്‍ അത് അറിവിന്റെ അടിസ്ഥാനത്തിലാണ്. ആക്ഷേപിക്കുന്നുണ്ടെങ്കില്‍ അജ്ഞത മൂലവും ആണ്.

1 comment:

 1. യഥാര്‍ത്ഥ ഗുരു ചെറിയ കാര്യങ്ങള്‍ ചെയ്തു വലിയ കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തി നെടുന്നവനും പിന്നീട് വലിയ കാര്യങ്ങള്‍ ചെയ്തു ചെറിയ കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ പരിശീളിപ്പിക്കുന്നവനുമാണ്!@

  ReplyDelete