Saturday, March 9, 2013

'ഇത്രയൊക്കെ പഠിച്ചാല്‍ മതി' - എങ്കിലും അവന്‍ അധ്യാപകനായി

കുറേ മാസങ്ങളായി ഉള്ളില്‍ക്കിടന്ന് എരിപൊളികൊള്ളുന്ന ഒരു കഥയുണ്ട്. 'എന്റെ അധ്യാപനാനുഭവങ്ങളി'ല്‍ വരുന്ന കഥയാണിത്. നമുക്കിവനെ ഷമീം എന്നു വിളിക്കാം.

ഷമീം - കറുത്ത്, മെലിഞ്ഞ ഷമീം. എട്ടാം ക്ലാസ്സില്‍ അവന്‍ വന്നുചേര്‍ന്നു. 1982 ലായിരിക്കും അവന്‍ എട്ടാം ക്ലാസ്സില്‍ എന്റെ വിദ്യാര്‍ഥിയായി വന്നിട്ടുണ്ടാവുക. കാരണം 1985 ഏപ്രില്‍ 4ന് ഞാന്‍ ആദ്യമായി ഗള്‍ഫിലേക്ക് പോകുമ്പോള്‍ ഷമീമിനെ 10 ക്ലാസ്സിനുശേഷം എന്റെ പ്രിയപ്പെട്ട മര്‍ഹൂം ശംസുസ്താദിന്റെ സ്ഥാപനമായ വാടാനപ്പള്ളിയില്‍ എ.ഐ.സി. കോഴ്‌സിന് ചേര്‍ത്തിയിട്ടുണ്ടായിരുന്നു എന്നാണോര്‍മ്മ.
നമുക്ക് ഷമീമിനെ ഒന്ന് പരിചയപ്പെടാം. എന്നും കുട്ടികളുടെ കൈയക്ഷര വടിവ് എനിക്കൊരു ദൗര്‍ബല്യമായിരുന്നു. അറബി കൈയക്ഷരമൊക്കെ നല്ല വടിവൊത്തത്. ഷമീമിന്റെ പിതാവ് ദൂരെ ഒരു നഗരത്തിലെ കച്ചവടക്കാരനായിരുന്നു. വളക്കച്ചവടമായിരുന്നു എന്നാണെന്റെ ഓര്‍മ. അതിനാല്‍ വളരെ അപൂര്‍വമായി ഉമ്മയെ ഞാന്‍ കണ്ടിരുന്നു എന്ന് തോന്നുന്നു. മൂന്നു കൊല്ലം മുമ്പത്തെ ഓര്‍മയല്ലേ? എന്റെ ഉമ്മയുടെ തറവാട്ടുപേരായ പുളിക്കലകത്ത് തന്നെയായിരുന്നു ഷമീമിന്റെയും തറവാട്ടുപേര്‍. 'ഷമീം പി.എ.' എന്നായിരുന്നു അവന്റെ മുഴുവന്‍ പേര് എന്ന് നമുക്ക് സങ്കല്പിക്കാം (ഇനീഷ്യല്‍ സാങ്കല്പികമല്ല).

ഷമീം എട്ടിലും ഒന്‍പതിലും നല്ല മാര്‍ക്കോടെ പാസ്സായി. ഓരോ വിദ്യാര്‍ഥികളെയും ഒരധ്യാപികയുടെ മനസ്സില്‍ പച്ചപിടിച്ച ഓര്‍മകളുമായി ദര്‍ശിക്കാന്‍ ഓരോ കാരണങ്ങളുണ്ടാകും.

ഷമീം 10-ാം ക്ലാസ്സില്‍ 10-ബിയിലാണ് പഠിക്കുന്നത്. ഇന്നത്തെ ഓഫീസ്‌റൂമിന് തൊട്ടുള്ള റൂം. ഒരു ജനുവരി മാസത്തില്‍ ഷമീമിനോട് ഞാന്‍ ചോദിച്ചു: മോന്‍ അടുത്ത കൊല്ലം 10-ാം ക്ലാസ് കഴിയുമ്പോള്‍ എന്താ പരിപാടി? അവന്റെ മറുപടി: 'ആവോ ടീച്ചറേ?' അറിയില്ല. ഞാന്‍ ചോദിച്ചു. ടീച്ചര്‍ മോനെ വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍ കൊണ്ടാക്കിത്തരട്ടെ?
പിറ്റേ ദിവസം ഷമീം വന്നിട്ട് പറഞ്ഞു: ''ടീച്ചറേ, ഉമ്മ പറഞ്ഞത് ഇത്രയ്ക്ക് പഠിച്ചാല്‍ മതിയെന്നാണ്. വേറെ എങ്ങും പോയി പഠിക്കാനൊന്നും പറ്റില്ല.'' സ്വാഭാവികമായും ഞാന്‍ ഞെട്ടിപ്പോയി. ഈ മിടുമിടുക്കന്‍ പഠിപ്പ് അവസാനിപ്പിക്കുകയോ? എന്റെ സഹപ്രവര്‍ത്തകയും ആത്മമിത്രവുമായിരുന്ന ഷരീഫ ടീച്ചറില്‍നിന്ന് ഈ മോന്റെ കുടുംബത്തെപ്പറ്റി ഏകദേശം ഒരു ചിത്രം എനിക്ക് മുമ്പേ കിട്ടിയിരുന്നു. താഴാതികള്‍ അഞ്ചോ ആറോ പേര്‍. വാപ്പാടെ ചെറിയ കച്ചവടം മാത്രം വരുമാന മാര്‍ഗം. എന്റെ മനസ്സ് കലുഷിതമായി. ഞാന്‍ പറഞ്ഞു: ''മോനേ, നാളെ അത്യാവശ്യമായി ഉമ്മാനോട് ഒന്ന് സ്‌കൂളില്‍ വരാന്‍ പറയുക.'' (അന്ന് പിടിഎ ഒന്നും തീരെ കൂടാറേ ഇല്ല. ഒരിക്കലും അന്നത്തെ രക്ഷിതാക്കള്‍ സ്‌കൂളില്‍ വെറുതെ പോലും വന്നുനോക്കാറില്ല.). എന്റെ നിര്‍ബന്ധം വകവച്ച് ഷമീമിന്റെ ഉമ്മ അടുത്ത ഏതോ ദിവസം സ്‌കൂളില്‍ വന്നു. കിട്ടിയ തക്കത്തിന്, ഇത്ര നല്ല കുട്ടിയെ പഠിപ്പിക്കാതിരിക്കുന്നതിന്റെ അനൗചിത്യം മനസ്സിലാക്കിക്കൊടുത്തു. ചര്‍ച്ചയ്ക്കവസാനം, വാടാനപ്പള്ളിയില്‍ 10-ാം ക്ലാസ്സ് കഴിഞ്ഞാല്‍ ചേര്‍ത്താമെന്ന് ഉമ്മ സമ്മതിച്ചു. ഞാന്‍ ഉസ്താദിനെ വിവരമറിയിച്ച് അവന് ചേരാന്‍ വേണ്ട എല്ലാ ഏര്‍പ്പാടുകളും ചെയ്തു. അല്‍ഹംദുലില്ലാഹ് - ഒരാള്‍കൂടി വിദ്യാഭ്യാസത്തിന്റെ സുന്ദരമായ ഭാവിയിലേക്ക് കാലെടുത്തുവയ്ക്കുന്നു.

കാലം കഴിഞ്ഞു. ഷമീം എന്റെ മനസ്സില്‍ നൊമ്പരമല്ലാതായിക്കഴിഞ്ഞു. ഞാന്‍ ഗള്‍ഫില്‍നിന്ന് വരുമ്പോഴെല്ലാം വാടാനപ്പള്ളിയില്‍ പോകുമായിരുന്നു. അപ്പോഴേക്ക് ഉസ്താദ് സ്വന്തം നാടായ മൂവാറ്റുപുഴയിലേക്ക് പറിച്ചുനടപ്പെട്ടുകഴിഞ്ഞിരുന്നു. (ഉസ്താദ് 1987-ല്‍ മൂവാറ്റുപുഴയില്‍വച്ച് മരണപ്പെടുകയുണ്ടായി). ഷമീമിന്റെ വിവരങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.

ഷമീം പഠിച്ച് മിടുക്കനായി. ബി.എ. കഴിഞ്ഞു. എം.എയും കഴിഞ്ഞു എന്നാണ് എന്റെ ഓര്‍മ. ശേഷം ടി.ടി.സി. എടുത്തു. ഏതായിരുന്നാലും അവന്‍ ഒരു ഗവണ്മെന്റ് സര്‍വീസില്‍ (പി.എസ്.സി. നിയമനം വഴി) അധ്യാപകനായി. അപൂര്‍വം ചിലപ്പോഴൊക്കെ വിളിക്കാറുണ്ട്. മലബാറില്‍നിന്ന് നല്ല മതബോധവും ജി.ഐ.ഒ. (ജമാഅത്ത് വിദ്യാര്‍ഥിനി വിഭാഗം) ബന്ധവുമുണ്ടായിരുന്ന കുട്ടിയെ വിവാഹം കഴിച്ചു. മലബാറില്‍ സെറ്റില്‍ ചെയ്തു. സുഖമായി ജീവിക്കുന്നു. അല്‍ഹംദുലില്ലാഹ്. അവനോര്‍മ കാണില്ല, അവന്റെ ഹൈസ്‌കൂള്‍ജീവിതത്തിലെ രൂപവും കോലവും എങ്ങനെയായിരുന്നുവെന്ന്. മെലിഞ്ഞ്, ഇരുണ്ട, ജീവസ്സുറ്റ കണ്ണുകളുള്ള ഷമീം. എനിക്കവന്‍ ഇപ്പോഴും 10-ബിയിലെ ഫസ്റ്റ് ബഞ്ചില്‍ ഇരിക്കുന്നതായി കാണുന്നു.

അന്ന് യൂണിഫോം ഇല്ല. വെള്ള കോട്ടണ്‍ ഷര്‍ട്ടും വെള്ള ഒറ്റമുണ്ടും. അവന്റെ മുഖത്ത് ഇടയ്ക്ക് തെളിയുന്ന കുസൃതിച്ചിരിയും എന്റെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. ഈ കുറിപ്പ് ഷമീം വായിക്കുമോ ഇല്ലയോ? അല്ലാഹു അഅ്‌ലം... എന്തായാലും പേര് എത്ര മാറ്റിയാലും സ്വന്തം കഥ ഷമീം ഒരുപക്ഷേ തിരിച്ചറിയും.

ഞാന്‍ 1992ല്‍ ഗള്‍ഫില്‍നിന്ന് തിരിച്ചുവന്നപ്പോള്‍ ഷമീമിന്റെ ഇളയവര്‍ എട്ടിലും 10 ലും ഒക്കെ ഉണ്ട്. പക്ഷേ, ഷമീം എന്ന മിടുമിടുക്കന്‍ വിദ്യാര്‍ഥിയുടെ പഠനനിലവാരമോ അച്ചടക്കമോ ഗുരുസ്‌നേഹമോ അവരിലൊന്നും കണ്ടില്ല. ഷമീമിന്റെ സഹോദരങ്ങള്‍ എന്ന കണ്ണാടിയിലൂടെ ഞാന്‍ നോക്കിയപ്പോള്‍ എന്റെ ഹൃദയത്തില്‍ നിരാശയുടെ ചുഴികളാണ് രൂപപ്പെട്ടുവന്നത്. ഇപ്പോള്‍ അവരിലാരെപ്പറ്റിയും ഒരു വിവരവും എനിക്കില്ല. എല്ലാവരെയും റബ്ബ് അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യാം.

അധികം പക്വതയും ലോകപരിചയവും ഇല്ലാത്ത, 25 വയസ്സുകാരിയായിരുന്ന എനിക്ക് ഷമീമിനെ ഉയരങ്ങളിലേക്ക് വഴികാട്ടിക്കൊടുക്കാനെങ്കിലും കഴിഞ്ഞല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയാണ് ഞാനിന്ന്. ഒപ്പം വാടാനപ്പള്ളി പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിന് ചെയ്തുകൊണ്ടിരിക്കുന്ന സേവനവും കൈത്താങ്ങുകളും. الحمد لله على كلّ حال എന്നല്ലാതെ എന്ത് പറയാന്‍?

വാല്‍ക്കഷണം: എന്റെ അബൂബക്കര്‍ ജനുവരിയില്‍ നാട്ടില്‍ വന്നു. എനിക്ക് Cross കമ്പനിയുടെ ഒരുഗ്രന്‍ പേന സമ്മാനമായി കൊണ്ടുവന്നു. പക്ഷേ, എന്റെ കൈയില്‍നിന്ന് പണ്ട് ഹീറോ പേന സ്വീകരിച്ച ആ അബൂബക്കറാണ് എന്റെ മനസ്സിനെ കുളിരണിയിക്കുന്നത്.

വസ്സലാം,

Friday, February 15, 2013

അപരന് വേണ്ടസമയത്ത് വേണ്ടവിധത്തില്‍ താങ്ങാവലാണ് ദൈവാരാധന

കഴിഞ്ഞയാഴ്ചത്തെ പ്രബോധനം വായിച്ചു. രണ്ട് പ്രൗഢ ലേഖനങ്ങളാണ് ഇതെഴുതാനുള്ള പ്രേരണ. ശക്തിബോധി സ്വാമിയുടെ സ്വാമി വിവേകാനന്ദനും വി.എ.കബീര്‍ അവര്‍കളുടെ ജമാല്‍ ബന്നയും നമ്മുടെ ചിന്താലോകത്തെ ഒരു വിസ്തൃത പ്രപഞ്ചത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. 

15 കൊല്ലം മുന്‍പ്‌ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ മെഡിറ്റേഷന്‍ റൂമില്‍ കുറച്ചു സമയം ഞാന്‍ ധ്യാനമിരുന്നു. അത്യന്തം സുഖകരമായ അനുഭൂതി. പാറയിലേക്ക് ബോട്ട് കാത്ത് നിന്നപ്പോള്‍ അദ്ദേഹത്തെപ്പറ്റിയുള്ള ബുക്ക്‌ലെറ്റുകള്‍ വായിക്കുകയുണ്ടായി. അതിനുശേഷം പാറയില്‍ ചിന്തിച്ചിരുന്നപ്പോള്‍ എന്റെ ഹൃദയത്തിലേക്ക് രണ്ടു കാര്യങ്ങള്‍ വെളിച്ചമായി കടന്നുവന്നു. ഞാനോര്‍ക്കുകയായിരുന്നു - ഈ മനുഷ്യനെ എനിക്കാരായാണ് കാണാന്‍ സാധിക്കുക? ഉടന്‍ ഒരു പ്രവാചക വചനം എന്റെ മനസ്സിലേക്ക് വന്നു. ''എനിക്കെന്റെ സഹോദരന്മാരെ കാണാന്‍ കൊതിയാകുന്നു.'' ഇതു കേട്ട സ്വഹാബികള്‍ (അനുചരന്മാര്‍) ചോദിച്ചു: ''ഞങ്ങളല്ലേ താങ്കളുടെ സഹോദരങ്ങള്‍?'' അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''അല്ല. നിങ്ങളെന്റെ സുഹൃത്തുക്കളാണ്. എനിക്കുശേഷം കുറേ ആളുകള്‍ വരാനുണ്ട്. അവരാണ് എന്റെ സഹോദരങ്ങള്‍.''  

ഞാനോര്‍ത്തത്, പ്രവാചകന്‍ കാണാന്‍ കൊതിച്ച സഹോദരന്‍ ഇദ്ദേഹമായിരിക്കാം എന്നായിരുന്നു. രണ്ടാമത് എന്റെ ധ്യാനത്തിനിടയില്‍ മനസ്സിലേക്ക് വന്നത് സൂറത്തുള്ളുഹാ (പൂര്‍വാഹ്നം) എന്ന അധ്യായമാണ്. ആ സമയത്തായിരുന്നു ഞാന്‍ മെഡിറ്റേഷന്‍ റൂമില്‍ ഇരുന്നത്. ചുറ്റും തിരതല്ലുന്ന സമുദ്രം. പാറയിലും കടലിലും വെട്ടിത്തിളങ്ങുന്ന സൂര്യരശ്മികള്‍. എല്ലാം കൊണ്ടും ഹൃദയം വല്ലാതെ ത്രസിക്കുകയാണ്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതി. കൂട്ടത്തിലുള്ളവര്‍ വന്ന് തോണ്ടിയത് വളരെ നേരിയതായി മാത്രമേ അറിഞ്ഞുള്ളൂ. എങ്ങനെ ഈ സുഖചിന്ത വിട്ടുപോരും? അങ്ങനെ, ആ ഖുര്‍ആന്‍ സൂക്തങ്ങള്‍ മുഴുവന്‍ എന്റെ ഹൃദയത്തിലേക്ക് ശാന്തഗംഭീരമായി ഒഴുകിവന്നു. ''പൂര്‍വാഹ്നത്തെക്കൊണ്ട് സത്യം. കരിമ്പടം പുതച്ച രാത്രിയെക്കൊണ്ടും സത്യം. നിന്നെ നിന്റെ നാഥന്‍ കൈവെടിഞ്ഞിട്ടില്ല. നിന്നോട് പിണങ്ങിയിട്ടില്ല. ആദ്യത്തേക്കാള്‍ നല്ല നാളുകളാണ് വരാനുള്ളത്. നിനക്ക് നിന്റെ രക്ഷിതാവ് നല്‍കും. അപ്പോഴാണ് നിന്റെ ഹൃദയം സംതൃപ്തിമാവുക. അതിനാല്‍, അനാഥയെ അടക്കിവാഴരുത്. ആവശ്യക്കാരനെ ആട്ടിയകറ്റരുത് (കണ്ടില്ലെന്ന് നടിക്കരുത്). നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെപ്പറ്റി സംസാരിക്കുക.'' 

നിറകണ്ണുകളോടെ, തികഞ്ഞ ആത്മധൈര്യത്തോടെ മെഡിറ്റേഷന്‍ റൂമില്‍നിന്ന് പുറത്തുവന്നു. (ഇനിയും ഒന്നു പോയി അവിടെ ധ്യാനിക്കാന്‍ മനസ്സ് കൊതിക്കുന്നു). അതാ കിടക്കുന്നു, അഞ്ചേമുക്കാല്‍ അടിയുള്ള ഒരു വടക്കേ ഇന്ത്യന്‍ അമ്മ. പാറയില്‍ വഴുതിവീണു. നെറ്റി പൊട്ടി. എഴുന്നേല്‍ക്കാനാവുന്നില്ല. ബോട്ടിലേക്ക് കയറാന്‍ ദേഷ്യപ്പെട്ടുകൊണ്ട് അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന പി.വി.ഇബ്‌റാഹിംകുട്ടി മാസ്റ്റര്‍. ഈ അമ്മയെ താങ്ങിയെടുക്കുവാന്‍ സീതിമാസ്റ്റര്‍ സഹായത്തിന് വന്നു. ഞാന്‍ അല്പം ഗൗരവത്തില്‍ ഹെഡ്മാസ്റ്ററോട് പറഞ്ഞു: ''എന്റെ ജോലി നഷ്ടമായാല്‍ പോലും ഈ അമ്മയെ ഇവിടെയിട്ട് വരാനാവില്ല.'' 

എല്ലാവരും ബോട്ടില്‍ കയറി അപ്പുറത്തെത്തി. ഞാനും സീതിയും ഈ അമ്മയെ താങ്ങി അടുത്ത ബോട്ടിനുവേണ്ടി കാത്തുനില്‍ക്കുന്നു. ടവ്വലെടുത്ത് നെറ്റിയില്‍ പൊടിഞ്ഞ രക്തം തുടച്ചു. ബാഗില്‍നിന്ന് വെള്ളമെടുത്ത് കൊടുത്തു. ഒരു കൈ കൊണ്ട് തോളില്‍ ചാരി ഇരുത്തിയാണ് ബോട്ടില്‍ ഞങ്ങള്‍ ഇരുന്നത്. അപ്പോള്‍ അവര്‍ എന്നോടൊരു ചോദ്യം: ''ആപ് ക്രിസ്ത്യന്‍ സിസ്റ്റര്‍ ഹേ?'' ഞാന്‍ മറുപടി പറഞ്ഞു: 'നഹീ... ഹം മുസല്‍മാനോം ഹേ...'' അപ്പുറത്തെത്തി. മക്കള്‍ കൂടെ വരുന്നെങ്കിലും അപ്പുറമായിരുന്നു അവര്‍. നിറകണ്ണുകളോടെ ആ അമ്മ ഞങ്ങളോട് യാത്രപറഞ്ഞു. അപരന് വേണ്ടസമയത്ത് വേണ്ട വിധത്തില്‍ താങ്ങാവലാണ് ദൈവാരാധന എന്ന് ഒന്നുകൂടി ഉള്ളില്‍ ഉറപ്പായി. നബി (സ) പറഞ്ഞു: ''നിന്റെ നന്മ നിന്നെ സന്തോഷിപ്പിക്കുകയും നിന്റെ തിന്മ നിന്നെ വേദനിപ്പിക്കുകയും ചെയ്താല്‍ നീയാണ് വിശ്വാസി.'' നാം വിശ്വാസികളാണോ എന്ന് നോക്കാനുള്ള ഏറ്റവും ശക്തമായ ഉരകല്ലാണ് ഈ വചനം.  

പ്രബോധനത്തില്‍ ചിന്താപ്രളയമൊരുക്കിയ രണ്ടാമത്തെ ലേഖനം കബീര്‍സാഹിബ് എഴുതിയ 'പറ്റം തെറ്റിപ്പറന്ന ചിന്തകന്‍' എന്നതാണ്. എനിക്ക് കബീര്‍സാഹിബിനോടൊരു പരിഭവമേ ഉള്ളൂ. എന്തേ ഇദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്താത്തത്? ഒരുപക്ഷേ, പലരും മരിച്ചുകഴിയുമ്പോഴേ അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രകീര്‍ത്തിക്കാന്‍ സമൂഹത്തിന് ധൈര്യം ലഭിക്കുകയുള്ളൂ എന്നതായിരിക്കും. ജമാല്‍ബന്നയെ വായിക്കാന്‍ കബീര്‍ അവര്‍കള്‍ ഒരുപാട് ആഗ്രഹിച്ചതായും അവസാനം അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞതും വായിച്ചപ്പോള്‍ സന്തോഷം തോന്നി. വ്യത്യസ്ത ചിന്താരീതികളെ കേള്‍ക്കാനെങ്കിലും ഉള്ള സന്മനസ്സ് കാണിക്കാത്ത സമൂഹമായി നാം മാറിയിരിക്കെ ഇത്തരം ലേഖനങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. വാസ്തവത്തില്‍ സത്യത്തിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടുള്ള ഏത് ചിന്താഗതികളെയും നാം ശ്രദ്ധിക്കാന്‍ എങ്കിലും ധൈര്യം കാട്ടണം. ഖുര്‍ആന്‍ പറയുന്നു: ''അവര്‍ എല്ലാ വചനങ്ങളും ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട് ഏറ്റവും നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവരാണ്'' എന്ന്. എല്ലാം വായിക്കാനും ശ്രദ്ധിക്കാനും നാം തയ്യാറാവുക എന്നത് നല്ലൊരു ഗുണമായിട്ടാണ് ഖുര്‍ആന്‍ പറയുന്നത്. എല്ലാം കേള്‍ക്കുക. എന്നിട്ട് നമുക്ക് നല്ലതെന്ന് തോന്നുന്നത് സ്വീകരിക്കുക. ഇതാവട്ടെ നമ്മുടെ ചിന്താരീതി. 

ജമാല്‍ബന്നയുടെ സഹോദരന്‍ ഇമാം ഹസനുല്‍ബന്ന നമ്മുടെയൊക്കെ കാലഘട്ടത്തിലെ മഹാപുരുഷനായിരുന്നു. ഈ ബന്നയുടെയും കൃതികള്‍ ലഭ്യമായെങ്കില്‍. ഹസനുല്‍ബന്നയുടെ 'ഹദീസുസ്സുലാസാഅ്' (ചൊവ്വാഴ്ച ക്ലാസ്സുകളുടെ സമാഹാരം) മനുഷ്യമനസ്സുകളെ എത്രമാത്രം നിര്‍മലമാക്കും എന്ന് വായിച്ചവര്‍ക്കേ പറയാനാകൂ. ഖുര്‍ആനിലൂടെയുള്ള സഞ്ചാരമായിരുന്നു ആ കുറിപ്പുകള്‍.
ഏതായാലും പ്രബോധനത്തിന്റെ ഇത്ര പെട്ടെന്നുള്ള മാറ്റം വളരെയേറെ സ്വാഗതാര്‍ഹമാണ്. ഹിന്ദുസുഹൃത്തുക്കള്‍ക്ക് സന്തോഷപൂര്‍വം വായിക്കാന്‍ കൊടുക്കാവുന്ന ഒരു ലക്കമാണിത് എന്ന് സംശയമില്ല. ഇനിയും ശക്തിബോധി സ്വാമികള്‍ പ്രബോധനത്തെ എഴുത്തുകൊണ്ട് ധന്യമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

 

വസ്സലാം

Wednesday, February 13, 2013

പ്രസ്ഥാനത്തിന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍കൂടി

ജീവിതം മുഴുവനായും അല്ലാഹുവിന് സമര്‍പ്പിച്ച ഒരു വിശ്വാസിസമൂഹത്തില്‍നിന്നാണ് പ്രബോധനവും ബോധനവും (മര്‍ഹൂം ഉമര്‍മൗലവിയുടെ ഭാഷയിലെ തലപോയ പ്രബോധനം) മാധ്യമവും മലര്‍വാടിയും ആരാമവും പുതുതായി മീഡിയാവണ്ണും പിറവിയെടുത്തത്. ശക്തമായ കോണ്‍ക്രീറ്റ് തൂണുകളിലാണ് ഇതൊക്കെ നിലകൊള്ളുന്നത്. പുത്തന്‍തലമുറയ്ക്ക് ഊര്‍ജം ലഭിക്കാന്‍ ചില ചിന്താശകലങ്ങള്‍ ഇവിടെ കോറിയിടാന്‍ മനസ്സ് വെമ്പുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.

എവിടെ നിന്ന് തുടങ്ങണം, എങ്ങനെ തുടങ്ങണം എന്നറിയില്ല. എനിക്ക് തോന്നുന്നത് ജമാഅത്തില്‍നിന്ന് ഓരോ പോഷകസംഘടനകള്‍ പിറവിയെടുത്തപ്പോഴും ശക്തമായ ഓരോ 'മാധ്യമ'വും പിറവി എടുത്തിട്ടുണ്ട്. ഇത്തരുണത്തില്‍ കൊണ്ടോട്ടി അബ്ദുറഹ്മാന്‍ സാഹിബിന്റെ ചില വാക്കുകള്‍ കാതുകളില്‍ മുഴങ്ങുന്നു: 1984 ല്‍ ജി.ഐ.ഒ. രൂപീകരണ വേളയില്‍, ''ഇനി നിങ്ങള്‍ പൗഡര്‍ ഇടീക്കേണ്ടത് ജി.ഐ.ഒ.യെയാണ്.'' ''കുട്ടികള്‍ വലുതാകുമ്പോള്‍ കുപ്പായത്തിന്റെ വലുപ്പം കൂട്ടുന്നതുപോലെ പ്രസ്ഥാനം വളരുമ്പോള്‍ അതിന്റെ കുപ്പായങ്ങളും വലുതാക്കേണ്ടിവരും.''

'മണ്ണിട്ടാല്‍ താഴാത്ത' ജനക്കൂട്ടത്തെ മീഡിയാവണ്‍ ചാനലിലൂടെ ദര്‍ശിച്ചപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ മുന്‍കഴിഞ്ഞ സാരഥികളെ കണ്ണീരോടെ മാത്രമേ ഓര്‍ക്കാനായുള്ളൂ. സ്റ്റേജിലിരിക്കുന്ന വന്ദ്യവയോധികനായ ടി.കെ.അബ്ദുള്ള സാഹിബിനെ കണ്ണപ്പോള്‍ മാധ്യമം തുടങ്ങള്‍ ഗള്‍ഫ് സന്ദര്‍ശിച്ച കെ.സി.അബ്ദുല്ലാ മൗലവി എന്ന ഖുര്‍ആന്‍ പണ്ഡിതകേസരിയെയാണ് ഓര്‍മവന്നത്. അപ്രകാരം 1980-81 കാലം. മലര്‍വാടി തുടങ്ങിയ കാലം. എറണാകുളത്ത് ഒരു സമ്മര്‍ക്ലാസ്. ക്ലാസ്സെടുക്കാന്‍ ഞാനും ഇക്കയും കൂടി എറണാകുളത്തെത്തി. സിദ്ദീഖ്ഹസന്‍ സാഹിബാണ് അന്ന് ക്ലാസ്സെടുക്കുന്നിടത്തേക്ക് ഞങ്ങളെ കൊണ്ടുപോയത്. എവിടെയായിരുന്നു ക്ലാസ് എന്നൊന്നും വലിയ ഓര്‍മയില്ല. ഹാഷിംഹാജിയുടെ കെയര്‍ഓഫിലായിരുന്നു ക്ലാസ്. സിദ്ദുക്ക വളരെ വിഷമത്തോടെ ഞങ്ങളോടായി പറഞ്ഞു: ''മലര്‍വാടി മാസം മൂവായിരം രൂപ നഷ്ടം സഹിച്ചാണ് ഇറങ്ങിക്കൊണ്ടിരിക്കുന്നത്.'' ഞാന്‍ അപ്പോള്‍ ചോദിച്ചു: ആ നഷ്ടം നമ്മള്‍ കുറേ ആളുകള്‍ പിരിവെടുത്താല്‍ മാറ്റാനാകില്ലേ? എന്റെ മണ്ടന്‍ പരിഹാരം കേട്ടാവാം ഇക്കയും സിദ്ദുക്കയും ചിരിച്ചു. 


മീഡിയാവണ്ണിനുവേണ്ടി കഴിവിന്റെ പരമാവധി സമര്‍പ്പിച്ചപ്പോള്‍ മനസ്സ് അഭിമാനം കൊണ്ട് പുളകിതമാവുകയാണ്. മനുഷ്യസഹജമായ പിഴവുകളുണ്ടെങ്കിലും സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ സമര്‍പ്പിക്കാനുള്ള മനസ്സ് തന്ന അല്ലാഹുവിനെ സ്തുതിക്കുകയാണ്. അബ്ദുറഹ്മാന്‍ സാഹിബ്, ഞങ്ങള്‍ താങ്കളോട് പറഞ്ഞ വാക്ക് പാലിക്കാന്‍ തയ്യാറാണ്. പൗഡറിടീക്കുന്നത് ഞങ്ങള്‍ ജമാഅത്തിന്റെ സംരംഭങ്ങളെയാണ്. ഞങ്ങളുടെ ആവശ്യങ്ങളെ രണ്ടാംസ്ഥാനത്തും പത്താംസ്ഥാനത്തും മാറ്റിനിര്‍ത്തിത്തന്നെയാണ് നന്മയുടെയും നേരിന്റെയും മാര്‍ഗത്തില്‍ എല്ലാം സമര്‍പ്പിക്കുന്നത്. അച്ചടക്കമുള്ള, ക്ഷമാശീലരായ ഒരു സംഘത്തിനു മാത്രമേ ഈ ജനസാഗരത്തെ ഇത്രമേല്‍ അച്ചടക്കത്തിലിരുത്താന്‍ കഴിയൂ എന്ന് പ്രസംഗകരിലാരോ പറയുകയുണ്ടായി. 

തീര്‍ച്ചയായും, പ്രസ്ഥാനത്തിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവല്‍ തന്നെ ചാനല്‍. നാഥാ! സാധുക്കളായ ഞങ്ങളെ നീ കൈവിടരുത്. എല്ലാ കാപട്യങ്ങളെയും തിരിച്ചറിയാനും മുളയിലേ നുള്ളിക്കളയാനും ഇതിന്റെ മുന്നണിപ്പോരാളികള്‍ക്ക് ശക്തി നല്‍കേണമേ. നന്മയുടെയും നേരിന്റെയും മാര്‍ഗത്തിലൂടെ തന്നെ ചലിക്കാന്‍ ഞങ്ങളെ നീ അനുഗ്രഹിക്കണേ. കാലത്തിന്റെ ശക്തമായ ഒരായുധമാണ് ഞങ്ങളുടെ കൈകളില്‍ നീ വച്ചുതന്നിട്ടുള്ളത്. മരിച്ചുപോയ മാതാവിനായി ചാനലിനുവേണ്ടി ധര്‍മം ചെയ്ത സഹോദരിമാര്‍ വരെയുണ്ട്. പലിശയില്ലാത്ത ലോണ്‍ എടുത്ത് ചാനലിന് പറഞ്ഞ വാക്ക് പാലിച്ചവരുണ്ട്. ആഭരണങ്ങള്‍ ഊരിക്കൊടുത്തവര്‍ ഉണ്ട്. എല്ലാം നീ സ്വീകരിക്കണം. ഞങ്ങള്‍ വഞ്ചിക്കപ്പെടാതെ കാത്തുരക്ഷിക്കാന്‍ നീ മാത്രമേയുള്ളൂ. മദ്യത്തിനും മയക്കുമരുന്നിനുമെതിരില്‍ ശക്തമായ നീക്കം നടത്താന്‍ ഈ ചാനലിന് സാധിക്കണേ നാഥാ. എല്ലാം നിന്നില്‍ മാത്രം അര്‍പ്പിക്കുന്നു.

حسبنا الله نعم المولى ونعم الوكيل ونعم النصير

വസ്സലാം,

Thursday, January 24, 2013

യൂസുഫ്ചരിത്രത്തിലെ പാഠങ്ങള്‍

നബി (സ)ക്ക് സൂറത്തു യൂസുഫ് അവതരിച്ചത് സ്വന്തം സഹോദരങ്ങളാല്‍ ശിഅ്ബു അബീത്വാലിബില്‍ നിസ്സഹരിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ഖുര്‍ആന്‍ യൂസുഫ് ചരിത്രത്തെ ഏറ്റവും നല്ല കഥ എന്നാണുപമിച്ചത്.
نحن نقصّ عليك أحسن القصص
നാം താങ്കള്‍ക്ക് കഥകളില്‍ ഏറ്റവും നല്ലതിനെ കഥിച്ചുതരികയാണ്.


നമുക്കും പാഠമാകണം സൂറത്തു യൂസുഫ്. സഹോദരങ്ങളാല്‍ പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട യൂസുഫ്. ചില കിസ്സകളില്‍ കാണുന്നു, യൂസുഫ് (അ)ക്ക് ഇബ്‌റാഹിം (അ) തീയിലെറിയപ്പെട്ടപ്പോള്‍ ജിബ്‌രീല്‍ (അ) സ്വര്‍ഗത്തില്‍നിന്നു കൊണ്ടുവന്ന കുപ്പായം ആണ് ഇടീച്ചത് എന്ന്. അല്ലാഹു അഅ്‌ലം. എന്തായിരുന്നാലും ബഹുമാന്യനായ പ്രിയപ്പെട്ട മിസ്‌രി എഴുത്തുകാരനായ അഹ്മദ് ബഹ്ജത്തിന്റെ ഖുര്‍ആന്‍ കഥകളില്‍ 'യൂസുഫിന്റെ കുപ്പായം' ഒരു കഥാപാത്രമാണ്.

അഹ്മദ് ബഹ്ജത്തിനെക്കൊണ്ട് അല്ലാഹു സുബ്ഹാനഹു വതആല ഒരു പുസ്തകം എഴുതിച്ചു - 'ഖുര്‍ആനിലെ ജന്തുകഥകള്‍'. അതിനു മുമ്പ് അദ്ദേഹം ഒരുപാട് വേദനകള്‍ അനുഭവിച്ചുകാണും. മനസ്സിനെ പാകപ്പെടുത്താന്‍ ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചിരിക്കാം.

നമുക്ക് യൂസുഫിന്റെ കുപ്പായത്തിലേക്കുതന്നെ ഒന്നുകൂടി പോകാം. ജ്യേഷ്ഠന്മാര്‍ കള്ളരക്തവുമായി, കുപ്പായം പിതാവിന്റെ അടുത്ത് കൊണ്ടുവന്നു. എന്നിട്ടവര്‍ തന്നെ പറയുന്നു. ഞങ്ങള്‍ സത്യം പറഞ്ഞാലും താങ്കള്‍ വിശ്വസിക്കില്ല എന്ന്. അതില്‍നിന്നുതന്നെ അവര്‍ ഈ പറയുന്നത് നുണയാണെന്നറിയാം. ഖുര്‍ആന്‍ പറയുന്നത് കാണുക:
لقد كان في يوسف واخوتح آيات للسائلين
യൂസുഫിലും സഹോദരങ്ങളിലും അന്വേഷിക്കുന്നവര്‍ക്ക്, ആവശ്യക്കാര്‍ക്ക് ധാരാളം പാഠങ്ങളുണ്ട്. യൂസുഫിനെ കൊല്ലാന്‍ തീരുമാനിക്കുന്ന ഒരുകൂട്ടം സഹോദരങ്ങള്‍. ചിലര്‍ക്ക് അല്പംകൂടി ദയയുണ്ട്. കൊല്ലേണ്ട, ഉപേക്ഷിച്ചാല്‍ മതി. വാപ്പാക്ക് നിങ്ങളോടുള്ള ഇഷ്ടം വര്‍ധിക്കും. അവനാണ് പിതാവിനും നിങ്ങള്‍ക്കും ഇടയിലെ വില്ലന്‍. അങ്ങന്‍ അവര്‍ അദ്ദേഹത്തെ പൊട്ടക്കിണറ്റിലിടാന്‍ തീരുമാനിക്കുകയാണ്. എല്ലാവരുംകൂടി പൊട്ടക്കിണറ്റിലിടാന്‍ തീരുമാനിച്ചപ്പോള്‍ യൂസുഫിന് അല്ലാഹു വഹിയ് നല്‍കി. യൂസുഫ്, ഒരുകാലത്ത് താങ്കള്‍ ഇവര്‍ ഈ ചെയ്ത പ്രവൃത്തിയെ ഇവരറിയാതെ, ഇവര്‍ക്ക് പറഞ്ഞുകൊടുക്കും. പൊട്ടക്കിണറ്റിലിടാന്‍ നിര്‍ബന്ധിച്ച ആ പൈശാചികത അതിഭയങ്കരം എന്ന് തോന്നും. പക്ഷേ, അവര്‍ക്കും അല്ലാഹു പിന്നീട് പൊറുത്തുകൊടുത്തു. വല്ലാത്ത ഒരു അല്ലാഹു! പക്ഷേ, അവര്‍ക്ക് ഒരു ശിക്ഷ ഉണ്ടായില്ല എന്ന് കരുതാനാവുമോ? ഉണ്ടായി. അവര്‍ അറിയാതെ, നിരപരാധികളായിരിക്കെ അപമാനിക്കപ്പെട്ടു. കള്ളന്മാരല്ലാതെ, ഒന്നും മോഷ്ടിക്കാതെ 'മോഷ്ടാക്കള്‍' എന്ന് മുദ്രകുത്തപ്പെട്ടു. ഇതാണല്ലാഹുവിന്റെ പണി. നാം ചെയ്യുന്ന ഓരോ പ്രവര്‍ത്തനവും ഇന്നല്ലെങ്കില്‍ നാളെ നമുക്കെതിരില്‍ തിരിയും എന്നുറപ്പാണ്; നന്മയായാലും തിന്മയായാലും. യൂസുഫ് അങ്ങനെ പ്രകോപനങ്ങളിലൂടെയും അതിശക്തമായ പ്രലോഭനങ്ങളിലൂടെയും റബ്ബിന്റെ ബുര്‍ഹാനും കൊണ്ട് സഞ്ചരിക്കുകയാണ്. നിരപരാധിയായ യൂസുഫ് പലതവണ അപരാധിയായി മുദ്രകുത്തപ്പെടുന്നത് നമുക്ക് കാണാം. പടച്ചവനേ, നമ്മുടെ സഹോദരന്‍ മഅ്ദനി. യൂസുഫിന്റെ പിന്‍ഗാമിയാണോ? ഭരണകൂടം ചെയ്ത അക്രമത്തിന് ഇന്നല്ലെങ്കില്‍ നാളെ സമാധാനം പറയേണ്ടിവരും. നാണം കെടേണ്ടിവരും.


ഈ പെണ്ണുങ്ങള്‍ കൈമുറിച്ച കഥ ഖുര്‍ആന്‍ പറയുന്നുണ്ടല്ലോ. യൂസുഫിന്റെ സൗന്ദര്യത്തില്‍ മയങ്ങിയതിനെ പ്രതീകവത്കരിച്ചു പറയുന്നതാവാം. അവര്‍ പറഞ്ഞു:
وقلن حاش لله. ما هذا بشرٌ ان هذا إلا ملك كريم
ഇത് മനുഷ്യനല്ല. ബഹുമാന്യനായ മലക്കല്ലാതെ മറ്റാരുമല്ല.


യൂസുഫിന്റെ കുപ്പായം മൂന്ന് സ്ഥലത്ത് ഈ അധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. സഹോദരങ്ങള്‍ വാപ്പാനെ കാട്ടാനായി കൊണ്ടുവന്നപ്പോള്‍ (കള്ളത്തെളിവ്), മറ്റൊന്ന് മന്ത്രിപത്‌നി കീറിയ കുപ്പായം (അത് സത്യമായ തെളിവ്). മറ്റൊന്ന് വാപ്പാക്ക് കൊണ്ടുവന്നു കൊടുക്കുന്ന കുപ്പായം (വാപ്പാടെ നഷ്ടപ്പെട്ടുപോയ കാഴ്ച തിരിച്ചുകൊടുത്ത കുപ്പായം).

ഭാവന വികസിക്കുന്നവര്‍ക്ക് ആ കുപ്പായത്തെപ്പറ്റി പാടാം. വരയ്ക്കാം. പാട്ട് എഴുതാം.

مع السلامة في أمان الله

Thursday, January 10, 2013

പിന്‍ഗാമികള്‍ക്കുവേണ്ടിയുള്ള സമരത്തില്‍ സഹകരിക്കുക

ഗവണ്മെന്റ് ജീവനക്കാര്‍ സമരത്തിലാണ്. ആദ്യമായാണ് ഞാന്‍ ഒരു സമരത്തില്‍ പങ്കെടുക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ചില സാമ്പത്തിക ചിന്തകള്‍ കുറിക്കാനാഗ്രഹിക്കുകയാണ്. എല്ലാവരും ഗവണ്‍മെന്റ് ജീവനക്കാരോട് നേരിയ ഒരസൂയ പ്രദര്‍ശിപ്പിക്കാറുണ്ട്. ഖജനാവ് തിന്നുമുടിക്കുന്ന വെള്ളാനകളാണെന്നപോലെയാണവരെ കാണുന്നത്.
നമുക്ക് സ്‌കൂളുകളുടെ കാര്യം ഒന്നെടുത്തുനോക്കാം. ഇന്ന് നാം കാണുന്ന മുതിര്‍ന്ന തലമുറ ഒരുകാലത്ത് വിദ്യാലയങ്ങളില്‍ പോയി വിദ്യ നേടി അവരുടെ വ്യക്തിത്വം രൂപപ്പെടുത്തിയവരാണ്. ആ വിദ്യാലയങ്ങളില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ തങ്ങളുടെ ചോര നീരാക്കിത്തന്നെയാണ് തലമുറകള്‍ക്ക് വിദ്യ പകര്‍ന്നുകൊടുത്തത്. ഒരധ്യാപിക / അധ്യാപകന്‍ അക്ഷരം മാത്രമാണോ തങ്ങളുടെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നത്? ഒരിക്കലുമല്ല. തങ്ങളുടെ മുന്നിലിരിക്കുന്ന ഓരോ കുട്ടിയെയും അധ്യാപകന്‍ തൊട്ടറിയുകയാണ്. തന്റെ ബുദ്ധിയും മറ്റു ശേഷികളും തന്റെ കുട്ടികള്‍ക്കുവേണ്ടി അര്‍പ്പിക്കുകയാണ്. സമയവും ആരോഗ്യവും ഊണും ഉറക്കവും വരെ. വിശന്ന് ഭക്ഷണത്തിന് പാത്രം തുറക്കുമ്പോഴാവും തന്റെ ക്ലാസ്സിലെ കുട്ടി ചിലപ്പോള്‍ ഓടിവരുന്നത് - 'ടീച്ചറേ, ഗീത കരയുന്നു. ചോദിച്ചിട്ടൊന്നും മിട്ടണില്ല.' ടീച്ചര്‍ പാത്രം മൂടിവച്ച് ക്ലാസ്സിലേക്ക് കുതിക്കുന്നു. 'ഗീതേ, മോളേ എന്താ?' ചിലപ്പോള്‍ പ്രശ്‌നം ചെറുതാകാം. അല്ലെങ്കില്‍ വലുതാകാം. ടീച്ചറുടെ സമര്‍പ്പണ മനസ്സ് നമുക്കവിടെ കാണാം. ചിലപ്പോള്‍ അസുഖങ്ങളും അസ്വസ്ഥതകളുമായി എത്തുന്ന അധ്യാപിക, ചെന്നയുടന്‍ തന്നെ കുട്ടിയെയും കൊണ്ട് കണ്ണുപരിശോധനയ്‌ക്കോ ആശുപത്രിയിലേക്കോ ഒക്കെ വച്ചുപിടിക്കുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്.


ഞാന്‍ പറഞ്ഞുവന്നത്, ഒരിക്കലും വെറുതെ ഖജനാവ് തിന്നുമുടിക്കുന്നവരല്ല അധ്യാപകര്‍. അത്തരം അധ്യാപകര്‍ക്ക് വയസ്സുകാലത്ത്, അവശകാലത്ത് ലഭിക്കേണ്ട പെന്‍ഷനിലാണ് ഇപ്പോള്‍ ഗവണ്മെന്റ് വാരാന്‍ നോക്കുന്നത്. ഒരിക്കലും കൂലി നോക്കി ജോലിചെയ്യുന്നവരല്ല അധ്യാപകര്‍. ഒരു കുട്ടിയെ വളര്‍ത്താന്‍ വീട്ടില്‍ പെടുന്ന പാട് മാതാപിതാക്കള്‍ക്കറിയാം. അപ്പോള്‍ 45 ഉം 50 ഉം കുട്ടികളെ ഒരുപോലെ ശ്രദ്ധിക്കുന്ന അധ്യാപകരുടെ അവസ്ഥ ആലോചിക്കൂ. നല്ല മിടുമിടുക്കോടെ പണിയെടുത്തില്ലെങ്കില്‍ പാളിപ്പോകുന്ന പണി. അധികം പിരിയഡുകളുള്ള അധ്യാപകര്‍ക്കൊക്കെ വെള്ളിയാഴ്ച ആകുമ്പോഴേക്ക് തൊണ്ടയൊക്കെ പ്രശ്‌നമായി മാറാറുണ്ട്. എന്നിട്ടും സമരം എടുക്കാമോ എന്ന് ഞാനന്വേഷിച്ചപ്പോള്‍ പല അധ്യാപകരുടെയും മറുപടി, 'പാഠം തീര്‍ന്നിട്ടാകാം', അല്ലെങ്കില്‍ 'നാളെ പത്താംക്ലാസ്സിന് ഈവനിങ് ഉണ്ട്'. അപ്പോഴേക്ക് സമരം തീര്‍ന്നെങ്കിലോ എന്നു പേടിച്ചാണ് ഞാന്‍ പങ്കെടുത്തത്. അത് നട്ടപ്പെടുത്താനാവില്ല. ഏഴ് പിരിയഡ് കഴിഞ്ഞ് 4 മണി മുതല്‍ 5.00... 5.30... 6.00 വരെ നീളുന്ന ക്ലാസ്സുകള്‍. ആ ആത്മാര്‍ഥത നിങ്ങള്‍ക്ക് കണ്ടില്ല എന്ന് വയ്ക്കാമോ? കുട്ടികളുടെ കലാ-കായിക-കരകൗശല മേളകള്‍. ഈ സാധുക്കളായ അധ്യാപകര്‍ ബാഗും കുടയും എടുത്ത് കേരളത്തിന്റെ ഏതറ്റം വരെയും പോകുന്നുണ്ട്. അവര്‍ക്കും ഉണ്ട് വീടും വിഷയങ്ങളും. പറഞ്ഞാല്‍ കുറേയുണ്ട്. നമുക്ക് സാമ്പത്തികത്തിലേക്കുതന്നെ തിരിച്ചുപോകാം.

ഗവണ്മെന്റ് ജീവനക്കാര്‍ വാങ്ങുന്ന വേതനം സത്യത്തില്‍ ഈ നാട്ടില്‍ത്തന്നെയല്ലേ വിനിമയം ചെയ്യപ്പെടുന്നത്? പെന്‍ഷനായാലും ശമ്പളമായാലും അതില്‍ ഒരു പൈസ പോലും നമ്മുടെ രാജ്യത്തിലല്ലാതെ ചെലവഴിക്കപ്പെടുന്നില്ല. അവര്‍ സ്വര്‍ണം വാങ്ങിയാലും വസ്ത്രം വാങ്ങിയാലും വീടുണ്ടാക്കിയാലും ഡെപ്പോസിറ്റു ചെയ്താലും നമ്മുടെ രാജ്യത്തുതന്നെയാണ് പണം കിടക്കുന്നത്. ഈ വശം ആരും ചിന്തിക്കാറില്ല. എല്ലാവരും ഗള്‍ഫില്‍ പോയിരുന്നെങ്കില്‍, അല്ലെങ്കില്‍ കൂടുതല്‍ നല്ല മെച്ചപ്പെട്ട ജോലികളിലേക്ക് പോയിരുന്നെങ്കില്‍ ഇവിടത്തെ ഓഫീസ്-സ്‌കൂളുകള്‍ ശരിക്ക് പ്രവര്‍ത്തിക്കുമായിരുന്നോ? അപ്പോള്‍ ഈ വിഭാഗത്തോടുള്ള അസൂയ അവസാനിപ്പിക്കുകയും സമരത്തിന്റെ ആവശ്യത്തെപ്പറ്റി പൊതുജനം കൂടുതല്‍ മനസ്സിലാക്കുകയും ചെയ്യുക. മുന്‍ഗാമികള്‍ സമരം ചെയ്ത് നേടിത്തന്ന അവകാശങ്ങളാണ് നാമിന്നനുഭവിക്കുന്നത്. നമ്മുടെ പിന്‍ഗാമികള്‍ക്കുവേണ്ടിയുള്ള ഈ സമരത്തില്‍ സഹകരിക്കാനെങ്കിലും ശ്രമിക്കുക.

Monday, December 10, 2012

ഇനിയും ഈ അനീതി നിര്‍ത്തരുതോ

സേവ് മഅ്ദനി ഫോറം ജനറല്‍ കണ്‍വീനര്‍ എച്ച്.ഷഹീര്‍ മൗലവിയെ ഈയിടെ കാണാന്‍ സൗകര്യപ്പെടുകയുണ്ടായി. കുറേക്കാലമായി അവശനും രോഗിയുമായ ഒരാളോട് നമ്മുടെ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന അതിക്രമം മനസ്സിന്റെ ഉള്ളറകളെ പൊള്ളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മഅ്ദനിയെ ഒന്ന് നേരില്‍ കാണണമെന്നുള്ള ഒരു വലിയ ആഗ്രഹം മനസ്സില്‍ ഉണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ.

ഷഹീര്‍ മൗലവിയെ വീട്ടില്‍ അതിഥിയായി കിട്ടിയപ്പോള്‍ ഏതായാലും ഇസ്‌ലാം പാഠശാല എന്ന ബൈലക്‌സ് ക്ലാസ്‌റൂമില്‍ ഈ വിഷയം അവതരിപ്പിക്കാന്‍ സൗകര്യപ്പെടുത്തണമെന്ന് തോന്നി. ഉടന്‍ അതിനുള്ള സംവിധാനങ്ങള്‍ ശരിയാക്കി. പലരും അദ്ദേഹത്തിന്റെ ഈ ചര്‍ച്ചയില്‍ പങ്കെടുത്തു.

മഅ്ദനിയുടെ അവസ്ഥ ഷഹീര്‍ മൗലവി വിവരിക്കുകയുണ്ടായി. കാഴ്ചശക്തി മിക്കവാറും നഷ്ടപ്പെട്ടുകഴിഞ്ഞു. ചെറിയ നിഴലാട്ടം ആയിട്ടേ എല്ലാം കാണുന്നുള്ളുവത്രെ. പ്രമേഹരോഗത്തിന്റെ എല്ലാ കെടുതികളും ഉണ്ട്. കാലിന് മരവിപ്പാണത്രെ! ചികിത്സ സ്വന്തം ചെലവില്‍ നടത്തണം! ഇന്ത്യാ രാജ്യമേ, നീ നാണിക്കുന്നുണ്ടോ? അയാള്‍ കുറ്റക്കാരനാണെങ്കില്‍ എത്രയും വേഗം ശിക്ഷിക്കൂ. (കുറ്റക്കാരനല്ലെന്ന് ഇവര്‍ക്കുതന്നെ ബോധ്യമുള്ളതു കൊണ്ടാണല്ലോ മുമ്പത്തെപ്പോലെതന്നെ വിചാരണ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത്). ഇല്ലെങ്കില്‍ എത്രയും വേഗം പുറത്തു വിടൂ. അല്ലെങ്കില്‍ നിന്റെ മുഖത്തെ ഒരു തീരാകളങ്കമായിരിക്കും അത്. 


നിയമവശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. പക്ഷേ, ഷഹീര്‍ മൗലവിയില്‍നിന്ന് മനസ്സിലായത്, മഅ്ദനി വലിയ നീതിനിഷേധത്തിന്റെ ഇരയാണെന്നാണ്. മാത്രമല്ല, ആയിരക്കണക്കിനു മുസ്‌ലിം യുവാക്കള്‍ ഇതുപോലെ ഇന്ത്യന്‍ ജയിലുകളിലുണ്ട്; കേസ് നടത്താന്‍ കാശില്ലാതെ, കേസ് നടത്താന്‍ വക്കീലന്മാരില്ലാതെ... പതിനാലും അതിലധികവും വര്‍ഷങ്ങള്‍ തീവ്രവാദ മുദ്രകുത്തി കല്‍ത്തുറുങ്കിലടയ്ക്കപ്പെട്ട് അവസാനം നിരപരാധിയെന്നു പറഞ്ഞ് കോടതി വിട്ടയക്കുന്നവര്‍. അവരുടെ ജീവിതവും കുടുംബവും തൊഴിലുമെല്ലാം നഷ്ടപ്പെടുന്നു. പോലീസും ഭരണകൂടവും ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുത്തി തീവ്രവാദം ചാര്‍ത്തി മീഡിയകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെക്കുറിച്ച് ഒരു സ്വതന്ത്രമായ അന്വേഷണമോ നിരീക്ഷണമോ കൂടാതെ പോലീസിന്റെ/ഭരണകൂടത്തിന്റെ ഭാഷ്യം തൊണ്ട തൊടാതെ പകര്‍ത്തി, വേണമെങ്കില്‍ സ്വന്തമായി കുറച്ചുകൂടി അപസര്‍പ്പക കഥകള്‍ മെനഞ്ഞ് ആഘോഷിക്കുന്ന മാധ്യമങ്ങള്‍ അപ്പോള്‍ നിശ്ശബ്ദരായിരിക്കും. പടച്ചവനേ, ഞങ്ങള്‍ ജീവിക്കുന്നത് ഇത്രയും അനീതി നിറഞ്ഞ ലോകത്താണോ? എന്താണിതിനൊരു പ്രതിവിധി? ഈ ഉമ്മത്തിനെ ഇത്രമാത്രം നിന്ദ്യതയിലേക്ക് വിട്ടതാരാണ്?

തീ തുപ്പുന്ന പ്രസംഗങ്ങളാണ് ശശികല ടീച്ചര്‍ പുറത്തു വിടുന്നത്. ഒരു സമുദായത്തെ പരസ്യമായി അങ്ങേയറ്റം പരിഹസിക്കുന്ന പ്രസംഗങ്ങള്‍; ഒരു സ്ത്രീയാണെന്ന വിചാരം പോലുമില്ലാതെ. അതിലും പരിതാപകരം കുഞ്ഞുങ്ങള്‍ക്ക് വിദ്യ പകര്‍ന്നുനല്‍കുന്ന ഒരു അധ്യാപിക കൂടിയാണവര്‍! അവജ്ഞ തോന്നുകയാണവരോട്. ഇവിടെ വലിയ സൗഹാര്‍ദ്ദതയില്‍ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ നേരെയാണ് അവര്‍ പല്ലിളിച്ചുകാട്ടുന്നത്. ഒരു പാത്രത്തില്‍നിന്ന് ഭക്ഷണം കഴിക്കുന്ന ഹിന്ദുവും മുസ്‌ലിമും ഉള്ള നാടാണ് കേരളം. ഇവിടേക്കുകൂടി വിഷയം ഒഴുക്കാനാണ് ടീച്ചര്‍ ശ്രമിക്കുന്നത്. അതൊന്നും ഭരണകൂടമുള്‍പ്പെടെ ആരും കാണുന്നില്ലേ? ഹിന്ദു ഉണര്‍ന്നാല്‍ ഇനിയും പള്ളികള്‍ തവിടുപൊടിയാകും എന്നൊക്കെയാണ് പറയുന്നത്. വാസ്തവത്തില്‍ ഗവണ്മെന്റിന് ഇത് കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ? ഒരു മുസ്‌ലിമാണ് ഇത് പറയുന്നതെങ്കില്‍, അല്ലെങ്കില്‍ ആരെങ്കിലും 'മുസ്‌ലിംകളേ, നിങ്ങള്‍ അമ്പലങ്ങള്‍ തകര്‍ക്കൂ' എന്ന് പറഞ്ഞാലത്തെ അവസ്ഥ എന്തായിരിക്കും? അമൃതാനന്ദമയിയുടെ സദസ്സില്‍ കയറി ഉച്ചത്തില്‍ സംസാരിച്ചതിന് ഒരു മനോനില തെറ്റിയ യുവാവിനെ തല്ലിക്കൊന്ന നാടാണിത്. മതഭ്രാന്ത് കയറുന്നവര്‍ സമൂഹത്തെ മൊത്തത്തില്‍ നാശത്തിലേക്കും അസ്വസ്ഥതയിലേക്കും തള്ളിവിടുകയാണ്.

പല മനഃസ്ഥിതിക്കാരും ചോദിച്ച പലതരം ചോദ്യങ്ങള്‍ക്ക് ഷഹീര്‍ മൗലവി വളരെ പക്വമായ മറുപടി നല്‍കുകയുണ്ടായി. ശത്രുവിനോടായാലും അനീതി വരരുതെന്നത് നല്ല മനുഷ്യരുടെ പൊതുവിലും ഇസ്‌ലാമിന്റെ വിശേഷിച്ചും ഒരു നിര്‍ബന്ധമാണ്. ആ നിലയ്ക്കാണ് മഅ്ദനിക്കും അതുപോലുള്ളവര്‍ക്കും വേണ്ടി ശബ്ദിക്കാന്‍ എല്ലാ മനുഷ്യസ്‌നേഹികളെയും സംഘടിപ്പിക്കുന്നത്. സെബാസ്റ്റ്യന്‍ പോള്‍ സാറൊക്കെ എപ്പോള്‍ വിളിച്ചാലും വളരെ താല്‍പര്യത്തോടെ എല്ലാ കാര്യങ്ങളിലും സഹകരിക്കാറുണ്ടെന്നും അത്തരം സുമനസ്സുകള്‍ ധാരാളമായി നമ്മുടെ നാട്ടിലുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

എന്നെ വല്ലാതെ അദ്ഭുതപ്പെടുത്തിയ ഒരു കാര്യം കൂടി ഇതോടൊപ്പം കുറിക്കാം. നാം ഒന്നോര്‍ത്തുനോക്കുക - ഒരു കാലില്ലാത്ത മനുഷ്യന്‍, കടുത്ത പ്രമേഹരോഗി, കാഴ്ച നഷ്ടപ്പെട്ടുതുടങ്ങി. അത്തരം ഒരാള്‍ക്ക് ഭാര്യയുടെ, അല്ലെങ്കില്‍ അടുത്തവരുടെ സഹായം എത്രമാത്രം ആവശ്യമായിരിക്കും. വീണ്ടും എനിക്കലറിക്കരയാനാണ് തോന്നുന്നത്. ഇന്ത്യാ മഹാരാജ്യമേ, ഇയാള്‍ നിരപരാധിയാണെന്നു തെളിഞ്ഞാല്‍ നീയും അനീതിയുടെ നാട് എന്ന് മുദ്രകുത്തപ്പെടും. കരിമ്പട്ടികയിലായിരിക്കും നിന്റെ സ്ഥാനം. മുകളില്‍ ഒരു ദൈവം ഉണ്ടെങ്കില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ ജനം തിരിച്ചറിയും, തീര്‍ച്ച. തങ്ങള്‍ ഇത്രയ്ക്ക് നെറികെട്ട ഒരു രാജ്യത്തെ പൗരന്മാരാണോ എന്ന് സ്വയം ചോദിക്കാന്‍ തുടങ്ങും. ഇന്ത്യ എന്ന മഹത്തായ ജനാധിപത്യരാജ്യത്ത് നീതി പുലരും എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം.

അങ്ങനെ ഭാര്യയുടെയും ഉറ്റവരുടെയും സഹായം ആവശ്യമുള്ള മനുഷ്യന്‍ ജയിലിനുള്ളില്‍ കഴിയുകയാണ്. ചര്‍ച്ചയില്‍ ലണ്ടനില്‍നിന്നും സഹയാത്രി എന്ന ഒരാള്‍ മഅ്ദനി സാഹിബിന്റെ മാനസികാവസ്ഥയെപ്പറ്റിയാണ് അന്വേഷിച്ചത്. ഇത്രമാത്രം ശാരീരിക അവശതയനുഭവിച്ചിട്ടും മഅ്ദനിയുടെ ആത്മധൈര്യത്തിനും വിശ്വാസത്തിനും അല്പം പോലും ചാഞ്ചല്യം സംഭവിച്ചിട്ടില്ല. കരുത്ത് കൂടിയിട്ടേയുള്ളൂ. കാലാകാലങ്ങളില്‍ സത്യത്തിനും നീതിക്കും വേണ്ടി നിന്നവരുടെയും പ്രവാചകന്മാരുടെയും ചരിത്രം മറ്റൊന്നല്ല. ഓരോ പരീക്ഷണങ്ങളും നമ്മെ സ്ഫുടം ചെയ്യുകയാണ്. തന്റെ കാര്യമോര്‍ത്ത് ആരും അല്പം പോലും വിഷമിക്കേണ്ട എന്നും താന്‍ സന്തുഷ്ടനാണെന്നും അദ്ദേഹം അറിയിച്ചത്രെ! പരിഭവമോ നിരാശയോ അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ലത്രെ! ഇപ്പോള്‍ കാഴ്ചശക്തിയില്ലാത്തതിനാല്‍ വായിക്കാന്‍ ആവുന്നില്ല. അതിനാല്‍ത്തന്നെ പുസ്തകങ്ങളൊക്കെ തിരിച്ചുകൊടുത്തയച്ചത്രെ. ഇനി താന്‍ വായിക്കേണ്ട എന്നായിരിക്കും അല്ലാഹുവിന്റെ വിധി. താന്‍ ആ വിധിയും സന്തോഷം സ്വീകരിക്കുന്നു. മഅ്ദനിയുടെ ഈ കരുത്താണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. എന്നിലെ വിശ്വാസത്തിന് കരുത്ത് പകരുന്നത്. അതോര്‍ക്കുമ്പോള്‍ അദ്ദേഹത്തെ എത്രയും വേഗം ഒന്ന് പോയിക്കാണണമെന്ന് മനസ്സ് ശക്തമായി ആവശ്യപ്പെടുകയാണ്. നാം ചരിത്രത്തില്‍ വായിച്ചറിഞ്ഞ മനുഷ്യരുടെ പിന്‍തലമുറക്കാരനെ ഒരുനോക്ക് കാണാനെങ്കിലും ആഗ്രഹിക്കാത്തവര്‍, അദ്ദേഹത്തിന് ഊര്‍ജം ഉള്‍ക്കൊള്ളാന്‍ ആശിക്കാത്തവര്‍ മനുഷ്യസ്‌നേഹികളില്‍ ഉണ്ടാവില്ല.

വീട്ടുതടങ്കലിലായ പോലെയുള്ള അദ്ദേഹത്തിന്റെ പ്രിയപത്‌നി സൂഫിയയും ചരിത്രവനിതകളിലെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ആ മനസ്സുകളിലെ നൊമ്പരങ്ങള്‍... ഏതൊരു സ്ത്രീഹൃദയത്തെയാണ് ഉലയ്ക്കാത്തത്! മാതാപിതാക്കളെ കഴിഞ്ഞാല്‍ ഒരു സ്ത്രീ ഏറ്റവും സ്‌നേഹിക്കുന്നത് തന്റെ ഇണയെ ആയിരിക്കും. ആ ഭാഗ്യത്തിന്റെ പുറത്തും ചങ്ങലകളിടുന്നവര്‍... ആധുനിക ഫറോവമാര്‍... അവര്‍ക്ക് മൂസയെ കൊല്ലാനായില്ല. ആയിരക്കണക്കിന് മൂസമാര്‍ പുനര്‍ജനിച്ചില്ലേ? ആ യാത്രാസംഘത്തില്‍ അണിചേരാനുള്ളവര്‍ ഇനിയും ജനിക്കാനിരിക്കുന്നു. കംസനെ കൊല്ലുന്നത് ഭയന്ന് ശ്രീകൃഷ്ണനെ കൊല്ലാന്‍ പലവിധ സൂത്രങ്ങള്‍ ഒപ്പിച്ചില്ലേ പണ്ട്. എന്നിട്ടെന്തുണ്ടായി. കൃഷ്ണനോ കംസനോ ചരിത്രഗതി നിയന്ത്രിച്ചത്? ഇതൊന്നും ആരും ഓര്‍ക്കാതെ പോവുകയാണെങ്കില്‍ മത-വേദഗ്രന്ഥങ്ങള്‍ കൊണ്ടെന്തു പ്രയോജനം?

സ്വന്തം ടീച്ചര്‍

Wednesday, December 5, 2012

മനുഷ്യനെ മോശമാക്കുന്ന ചില ദുശ്ശീലങ്ങള്‍

എന്താണ് ഇസ്‌ലാമികപ്രബോധനം? നാം കുറേ കേള്‍ക്കാറുള്ള ഒരു വാചകമാണ്. ഇസ്‌ലാം പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ജീവിതവ്യവസ്ഥയാണ്. അതിനെ പ്രബോധനം ചെയ്യുക സാധ്യമാണോ? അപ്പോള്‍ പ്രബോധനം എന്നതിന്റെയും അര്‍ഥതലങ്ങളില്‍ നമുക്ക് വ്യത്യാസം കണ്ടെത്താനാകും.
 

നാം ഇഷ്ടപ്പെടുന്ന ഒരാശയം നാം ജീവിതത്തിലേക്ക് പകര്‍ത്തുന്നു. അതങ്ങനെ നമ്മുടെ സ്വഭാവത്തെയും ജീവിതരീതികളെയും സ്വാധീനിക്കുന്നു. നാം ആ സ്വഭാവവുമായി മുന്നോട്ടു പോകുമ്പോള്‍ സാമൂഹ്യ ജീവിത ഇടപാടുകളില്‍നിന്ന് നമുക്ക് പല നല്ല സ്വഭാവങ്ങളും കണ്ടെത്താനാകുന്നു. നാം അത് പരസ്പരം കൈമാറ്റം നടത്തുന്നു. അങ്ങനെ നല്ല സ്വഭാവശീലങ്ങളുടെ ഒരു ആകെത്തുകയാകാന്‍ മനുഷ്യന് കഴിയുന്നു. എന്നാല്‍, മനുഷ്യനിലെ ഒരിക്കലും മാറാത്ത - തേച്ചാലും മായ്ച്ചാലും പോകാത്ത - ചില ശീലങ്ങളും സ്വഭാവങ്ങളും ഉണ്ട്. സത്യത്തില്‍ ആ (ദു)ശ്ശീലങ്ങള്‍ മനുഷ്യന്റെ അത്യന്താപേക്ഷികതയും ആണ്.

സ്‌കൂള്‍ യുവജനോത്സവം എല്ലായിടത്തും നടന്നുകൊണ്ടിരിക്കുകയാണ്. അവിടെ സത്യത്തില്‍ അസാധാരണമായ ഒരു പോരാട്ടമാണ് നടക്കുന്നത്. ഒന്നാംസ്ഥാനം ലഭിക്കാത്ത കുട്ടികളും അധ്യാപകരും അസ്വസ്ഥരാകുന്നു. ദേഷ്യപ്പെടുന്നു. നിരാശരാകുന്നു. ജഡ്ജസിന്റെ കള്ളക്കളിയാണെന്ന് പറയുന്നു. മനുഷ്യമനസ്സ് അതിന്റെ എല്ലാ തിന്മകളെയും വലിച്ച് പുറത്തിട്ട് സമാധാനം നേടാന്‍ കഠിനയത്‌നം ചെയ്യുന്നു. അത്തരം ഒരു സന്ദര്‍ഭത്തില്‍ അപരനെ അംഗീകരിക്കാന്‍ മനസ്സിനെ പാകപ്പെടുത്തിയെടുക്കേണ്ടതുണ്ട്. വാസ്തവത്തില്‍ മനസ്സ് ഒരിക്കലും കൂട്ടാക്കാത്ത ശ്രമകരമായ ഒരു പ്രക്രിയയാണത്.

 ഇമാം ഗസ്സാലി (റ) അസൂയയെപ്പറ്റി പരാമര്‍ശിക്കുന്നിടത്ത് ചില സത്യങ്ങള്‍ പുറത്ത് വലിച്ചിടുന്നുണ്ട്. നമുക്ക് നമ്മെത്തന്നെ അളന്നുനോക്കാന്‍ പറ്റുന്ന അളവുകോലുകള്‍. നാം പലപ്പോഴും പറയും, എനിക്ക് അസിയ എന്ന ദുര്‍ഗുണം ഇല്ല എന്ന്. ഗസ്സാലിയുടെ വാക്കുകള്‍ നമുക്കൊന്ന് നോക്കാം. നിന്റെ അതേ നിലവാരത്തിലുള്ള ആളുകള്‍ക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമ്പോള്‍ നിന്റെ മനസ്സിന് ചൊറിച്ചിലനുഭവപ്പെടാറുണ്ടോ? അല്ലെങ്കില്‍ നിന്റെ അതേ സ്ഥാനത്തുള്ള, പ്രായക്കാരായ പിതൃസഹോദരി പുത്രന്മാരോടും മറ്റും അസൂയ തോന്നാറുണ്ടോ? എങ്കില്‍ നീ അസൂയയില്‍നിന്ന് മോചിതനല്ല.
 

നമുക്ക് സ്‌കൂള്‍ യുവജനോത്സവത്തിലേക്കുതന്നെ പോകാം. സബ്ജില്ലയിലെ എന്റെ കാറ്റഗറിയിലുള്ള സ്‌കൂളുകാരോട് എന്നും എനിക്കസൂയ ആയിരുന്നു. അല്ലെങ്കില്‍, നമുക്ക് ലഭിക്കേണ്ട ട്രോഫി അവര്‍ കൊണ്ടുപോകുമ്പോള്‍ ഒരു എടങ്ങേറ്. നമ്മുടെ മനസ്സ് ഓരോ കാരണങ്ങള്‍ തേടും. പക്ഷേ, കുറേക്കാലമായി മനസ്സിനെ പാകപ്പെടുത്തുകയാണ്. അവരുടെ ടീച്ചര്‍മാര്‍ ഞങ്ങളേക്കാള്‍ നല്ല അധ്യാപകരായതിനാലും അവരുടെ കുട്ടികള്‍ ഞങ്ങളുടെ കുട്ടികളേക്കാള്‍ പരിശ്രമശാലികളുമായതിനാലാണ് അവര്‍ ഒന്നാംസ്ഥാനത്ത് എത്തുന്നത്. എന്നാലും എടങ്ങേറ് തീര്‍ത്തും മാറുന്നില്ല. നഷ്ടബോധം. ഇവിടെയാണ് അല്ലാഹുവിന്റെ വിധിയിലുള്ള വിശ്വാസം രക്ഷക്കെത്തുന്നത്. അതും ഇമാം അവര്‍കള്‍ വിശദീകരിക്കുന്നുണ്ട്. നീ അസൂയ തോന്നുമ്പോള്‍ കരുതണം. അല്ലാഹു നിനക്ക് നീക്കിവച്ച ഓഹരിയില്‍നിന്ന് ഒരു കുറവും വരുത്താന്‍ ആര്‍ക്കും ആവില്ല. നിനക്ക് വിധിക്കാത്തത് ലഭ്യമാക്കാന്‍ ഈ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.
 

നാം മറ്റുള്ളവരോട് പരമാവധി സ്‌നേഹത്തിലും ദയയിലും വര്‍ത്തിക്കുക എന്നത് ഒരു ശീലമാക്കിത്തീര്‍ക്കേണ്ടതുണ്ട്. സ്‌നേഹം എന്നത് ഒരു വല്ലാത്ത മാസ്മരികതയാണ്. അത് സുഗന്ധം പോലെയാണ്. അന്തരീക്ഷത്തില്‍ പരന്നൊഴുകും. അവിടെ അസൂയ, കുശുമ്പ് എന്നീ മാലിന്യങ്ങള്‍ക്ക് ദുര്‍ഗന്ധം പരത്താന്‍ കഴിയില്ല. അപരന്റെ വേദന സ്വന്തം വേദനയായും അപരന്റെ സന്തോഷം സ്വന്തം സന്തോഷമായും സ്വീകരിക്കാന്‍ കഴിയണം.
 

ജീവിതമാകുന്ന പ്രഹേളികയില്‍ പലപ്പോഴും താങ്ങ് നഷ്ടപ്പെട്ട പലരെയും നമുക്ക് കണ്ടെത്താനാകും. സ്‌നേഹത്തിന്റേതായ ഒരു പുഞ്ചിരി, ഒരു കുശലാന്വേഷണം, അല്ലെങ്കില്‍ ഒരു ആലിംഗനം എന്നിവ കൊണ്ട് ആ വ്യക്തിയില്‍ നിറയുന്ന സന്തോഷവും നിര്‍വൃതിയും ആത്മധൈര്യവും ചില്ലറയല്ല. ഇന്നലെ ഞാന്‍ എന്റെ പഴയ ഒരു സുഹൃത്തിനെ യുവജനോത്സവ വേദിയില്‍ വച്ച് കണ്ടുമുട്ടി. ഹിന്ദുസമുദായത്തില്‍പ്പെട്ട ടീച്ചറാണ്. അവര്‍ മിശ്രവിവാഹിതയായതിനാല്‍ വീട്ടുകാരുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. മക്കളും ഇല്ല. അകാലത്തില്‍ വൈധവ്യം പേറേണ്ടിവന്നു. വിശേഷങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ പറയുകയാണ്. സീതിസാഹിബ് സ്‌കൂളിലെ ടീച്ചര്‍മാരായ ലീനയും റംലയും ആണ് ടീച്ചറേ എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സത്യത്തില്‍ ഞാനത്ഭുതപ്പെട്ടുപോയി. ഞങ്ങളുടെ സ്‌കൂളിലെ സ്‌നേഹസാമ്രാജ്യത്തില്‍നിന്ന് മറ്റുപലര്‍ക്കും ആശ്വാസവും സ്‌നേഹവും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടല്ലോ. അതാണ് ഞാന്‍ നേരത്തെ പറഞ്ഞത് - സ്‌നേഹം സുഗന്ധമാണ്, തണലാണ്, ആശ്വാസമാണ്. പ്രബോധനവും ആണ്. പ്രവാചകനെ പരിചയപ്പെടുത്തിയിടത്തൊക്കെ സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും നിറകുടമായാണ് പരിചയപ്പെടുത്തുന്നത്.

അല്ലാഹു നിനക്ക് നല്‍കിയ കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുക്കനും കട്ടിസ്വഭാവക്കാരനുമായിരുന്നെങ്കില്‍ അവരൊക്കെ നിന്റെയടുത്തുനിന്ന് പിരിഞ്ഞു പോകുമായിരുന്നു.
നാം പ്രവാചകനെ പിന്‍പറ്റുമ്പോള്‍ നാം പ്രബോധകരാണെന്ന് സ്വയം കരുതുമ്പോള്‍ നമ്മുടെയും മാതൃക പ്രവാചകന്റെ സ്‌നേഹം ആവട്ടെ.

വസ്സലാം,
സ്വന്തം ടീച്ചര്‍