Wednesday, March 5, 2014

ഗെയിലിന്റെ തിരിച്ചറിവുകള്‍

അമൃതാനന്ദമയിയെപ്പറ്റിയുള്ള പുസ്തകം വായിച്ചു. ഏതാനും പേജുകള്‍ വായിക്കാനുണ്ട് ഇനിയും. ഗെയില്‍ അവസാനം എത്തിയേടത്തുനിന്ന് തുടങ്ങാം.

''ഞാന്‍ എന്റെ യാത്രയില്‍ ദൈവത്തെ കണ്ടില്ല. മറിച്ച്, ഞാന്‍ എന്നെ സ്വയം തിരിച്ചറിഞ്ഞു.''
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, من عرف نفسه فقد عرف ربّه
ആരെങ്കിലും സ്വന്തത്തെ അറിഞ്ഞാല്‍ അവന്‍ തന്റെ രക്ഷിതാവിനെയും അറിഞ്ഞു.
ഈ ഭൂമിയില്‍ നല്ല ഒരു മനുഷ്യനായി, കറപുരളാത്ത വ്യക്തിത്വമായി ജീവിച്ച്, മരിച്ചുപോവുക എന്നതാണ് ഈ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം. അപൂര്‍വം ആള്‍ക്കാര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അല്ലാഹു നമ്മെയെല്ലാം അത്തരം ഭാഗ്യവാന്മാരില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

ജനം കള്ള ആത്മീയതയുടെ പിന്നാലെ ഓടുകയാണ്. എളുപ്പത്തില്‍ ദൈവസാമീപ്യം നേടുമെന്ന തെറ്റിദ്ധാരണയാല്‍, മുടിക്കും ചട്ടിക്കും പിറകേ, വിഭൂതിക്കു പിറകെ ഓടുകയാണ്. എന്നാല്‍ ഖുര്‍ആന്‍ പറയുന്നത് കാണുക:
فلا اقتحم العقبة وما أدراك ما العقبة فك رقبة أو إطعام في يوم ذي مسغبة يتيما ذا مقربة أو مسكينا ذا متربة
അവന്‍ ഗിരിശൃംഗം താണ്ടിക്കടന്നില്ല. എന്താണ് ഗിരിശൃംഗം എന്ന് നിനക്കറിയാമോ? ഒരടിമയെ മോചിപ്പിക്കലാണ് അല്ലെങ്കില്‍ വിശപ്പേറിയ ദിനത്തില്‍ ഭക്ഷണം നല്‍കലാണ്; അടുത്ത അനാഥയ്‌ക്കോ മണ്ണുപുരണ്ട് വിശന്നുകിടക്കുന്ന ഒരു അഗതിക്കോ.
ഇതാണ് മോക്ഷത്തിനും പുണ്യത്തിനും ഉള്ള ഉപാധികള്‍.

സത്യത്തില്‍ ഗായത്രി തന്റെ 20 വര്‍ഷം - ജീവിതത്തിലെ ഏറ്റവും സമ്പുഷ്ടമായ കാലം - എന്തിലാണ് ചെലവഴിച്ചത്? അമ്മയ്ക്ക് തുള്ളല്‍വസ്ത്രങ്ങള്‍ കഴുകി ഇസ്തിരിയിട്ട് കൊടുക്കുക, പൂജാസാധനങ്ങള്‍ എടുത്തുകൊടുക്കുക, ഭക്ഷണം പാകം ചെയ്തുകൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍. സ്വയം ഏറ്റെടുത്ത അടിമത്വം. പല വരികളിലൂടെയും സഞ്ചരിച്ചപ്പോള്‍ സങ്കടം തോന്നി. ഈ പെണ്ണിന് ഇതെന്തിന്റെ കേടാണെന്ന് തോന്നി. പക്ഷേ, അവരുടെ മനസ്സ് ഒരു യഥാര്‍ഥ ഗുരുവിനു വേണ്ടിയുള്ള, അടങ്ങാത്ത ദാഹത്തിലായിരുന്നു. എന്ത് കേട്ടാലും ഭൂമിയെപ്പോലെ ക്ഷമിച്ചുനിന്ന അവര്‍... വല്ലാത്ത ഒരദ്ഭുതം തന്നെ.

ഇനിയെങ്കിലും നമ്മുടെ നാട് ഒന്നുണരുമോ? എത്ര ആള്‍ദൈവങ്ങളാണ് വന്നും പോയും കണ്ടത്. മനുഷ്യനെ എല്ലാവിധത്തിലുള്ള അടിമത്തങ്ങളില്‍നിന്ന് മോചിപ്പിച്ച്, മഹാപ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവത്തിന്റെ മാത്രം അടിമയാകുന്ന ഒരു കാലം വന്നാല്‍ മാത്രമേ ഇത്തരം അവസ്ഥകള്‍ക്ക് മാറ്റം വരൂ.

പുസ്തകത്തിലെ ഗായത്രി ഒരു ചലച്ചിത്രം പോലെ നമ്മുടെ മനസ്സില്‍ കുറേക്കാലം സ്ഥലം പിടിക്കും. പുസ്തകം നല്ല ഉഗ്രന്‍ വാങ്മയചിത്രം എന്ന് പറയാതെ നിവൃത്തിയില്ല. വള്ളിക്കാവിന്റെ പഴയ കടപ്പുറവും അവിടത്തെ ജീവിതവും നിഗൂഢം എന്ന് തോന്നിക്കുന്ന കൃഷ്ണ-ദേവ ഭാവങ്ങള്‍ - അമേരിക്കയില്‍ വച്ച് അമ്മ തുള്ളിയില്ലത്രെ!

പാവം ഗായത്രി! അവര്‍ക്ക് ഈ തുള്ളലൊക്കെ ശരിയാണെന്നു കരുതി, ഒരു ജന്മം പാഴാക്കി - പാഴാക്കീന്ന് പറയേണ്ട അല്ലേ. മഠത്തിന്റെ നിഗൂഢതകള്‍ ഒരു ശതമാനമെങ്കിലും വെളിച്ചത്തു വരുത്താന്‍ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. വരികള്‍ക്കപ്പുറം വായിക്കാനറിയാവുന്നവര്‍ക്ക് ഈ പുസ്തകം മാത്രം മതി, മഠത്തിന്റെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയാന്‍. മുടിയുടെ പൊള്ളത്തരം പുറത്തു വന്നിട്ടും മുടിവെള്ളം കുടി തകൃതിയായി നടക്കുകയല്ലേ. പാത്രം തിരിച്ചു കൊടുത്തെന്ന് കേട്ടു ഇതിനിടെ. യാ റബ്ബുല്‍ ആലമീന്‍! വൈക്കം മുഹമ്മദ് ബഷീര്‍ ഉണ്ടായിരുന്നെങ്കില്‍... നല്ലൊരു നര്‍മ്മ ലേഖനം വായിക്കാമായിരുന്നു. അഴീക്കോടും ഇല്ല. കുറേ ആള്‍ക്കാരുടെ മൗനം ഭയപ്പെടുത്തുന്നതാണ്. എന്തിനും മിണ്ടുന്ന കുറേ ആള്‍ക്കാരുണ്ട്. ഒക്കെ കിടക്കുന്നുറങ്ങുകയാണോ. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ വഴിയില്ലല്ലോ.

ഞാനിനിയും ചോദിച്ചുപോവുകയാണ്. ഈ നാട് എന്താണിങ്ങനെ ആയിപ്പോയത്? ഇവര്‍ക്കൊക്കെ നല്ല മനുഷ്യരായി, നിഷ്‌കളങ്കമായി ദൈവത്തിലേക്കു മാത്രം യാത്ര ചെയ്തുകൂടേ? എന്ത് സുഖമായിരിക്കും!

ഗായത്രി ഒരുപക്ഷേ ആ സന്തോഷം അനുഭവിച്ചുകാണും. അതാകും അവസാനത്തെ വാചകം - ഞാന്‍ എന്നെ കണ്ടെത്തി - എന്നെഴുതിയിരിക്കുന്നത്.

വസ്സലാം, സ്വന്തം ടീച്ചര്‍

Thursday, February 27, 2014

സൂറത്തുല്‍ ഫാത്വിഹ - പ്രഖ്യാപനം, പ്രതിജ്ഞ, പ്രാര്‍ഥന

بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ

الْحَمْدُ  -  സ്തുതി
لِلَّهِ رَبِّ الْعَالَمِينَ   -  സര്‍വലോകരക്ഷിതാവായ അല്ലാഹുവിനാകുന്നു
الرَّحْمَٰنِ الرَّحِيمِ  -  അവന്‍ - പരമകാരുണികനും കരുണാനിധിയുമായ
مَالِكِ يَوْمِ الدِّينِ  -  പ്രതിഫലദിനത്തിന്റെ ഉടമസ്ഥനായ
إِيَّاكَ نَعْبُدُ   -  ഞങ്ങള്‍ നിന്നെ മാത്രം കീഴ്‌പ്പെടുന്നു
وَإِيَّاكَ   -  നിന്നോടു മാത്രം
نَسْتَعِينُ  -  ഞങ്ങള്‍ സഹായം തേടുന്നു
اهْدِنَا  -  നീ ഞങ്ങളെ വഴിനടത്തേണമേ
الصِّرَاطَ الْمُسْتَقِيمَ  -  നേരായ വഴി
صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ  -  നീ അനുഗ്രഹിച്ചവരുടെ വഴി
غَيْرِ الْمَغْضُوبِ عَلَيْهِمْ  -  നിന്റെ കോപത്തിന് പാത്രമായവരുടെ മാര്‍ഗമല്ല
وَلَا الضَّالِّينَ  -  വഴിപിഴച്ചവരുടെ മാര്‍ഗവുമല്ല
آمِين  -  ഈ പ്രാര്‍ഥന സ്വീകരിക്കേണമേ
--------------------------------------------------------------
صرا
ط  - മാര്‍ഗം, വഴി
اَنْعَمَ  - അനുഗ്രഹം ചെയ്തു
 
സൂറത്തുല്‍ ഫാത്വിഹയില്‍ പ്രഖ്യാപനമുണ്ട്, പ്രാര്‍ഥനയുണ്ട്, പ്രതിജ്ഞ ഉണ്ട്. നിനക്കു മാത്രം ഞങ്ങള്‍ എല്ലാം അര്‍പ്പിക്കുകയുള്ളൂവെന്നും നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയുള്ളൂവെന്നുമാണ് പ്രതിജ്ഞ. നമ്മുടെ ജീവിതം 'ആ പ്രതിജ്ഞക്കൊപ്പം കൊണ്ടുനടന്നാല്‍, അല്ലാഹു നമ്മുടെ പ്രാര്‍ഥനകളും സ്വീകരിക്കും. അല്ലാഹുവല്ലാതെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍ ആരുണ്ട്? ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രാര്‍ഥന; നല്ല വഴിയിലൂടെ എന്നും സഞ്ചരിപ്പിക്കണമേ എന്നാണ്. കാരണം, വഴിതെറ്റിയാല്‍ ചിലപ്പോള്‍ അറിയാതെ ആ വഴിയിലൂടെ സഞ്ചരിച്ച് എല്ലാം നഷ്ടപ്പെട്ടവനായി മാറും. ഒരിക്കല്‍ നബി (സ) സ്വഹാബിമാര്‍ക്ക് മണ്ണില്‍ ഒരു വരവരച്ചുകാട്ടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: ഇതാണ് صراط المستقيم. നിങ്ങള്‍ ഇതിലൂടെ പോയാല്‍ കുഴപ്പം പറ്റില്ല. സ്വര്‍ഗത്തില്‍ ചെന്നെത്താം. എന്നാല്‍ ഈ വഴിയുടെ ഇരുവശങ്ങളിലും തിന്മയിലേക്കുള്ള വാതിലുകള്‍ ഉണ്ട്. അത് വിരികൊണ്ട് മറയ്ക്കപ്പെട്ടിരിക്കയാണ്. നിങ്ങള്‍ ആ വിരി പൊക്കിനോക്കാന്‍ നില്‍ക്കരുത്. കാരണം, വിരി പൊക്കി നിങ്ങള്‍ അതില്‍ പ്രവേശിച്ചാല്‍ അതിലൂടെ സഞ്ചരിക്കും. ചെന്നെത്തുന്നത്. നരകത്തിലായിരിക്കും. അതിനാല്‍ സൂക്ഷിക്കുക. നബി (സ) തിന്മകളിലേക്കുള്ള ആദ്യപടിയായി വിരിപൊക്കി നോക്കുന്നതിനെ ഉപമിച്ചിരിക്കുന്നു. അതിനപ്പുറം അല്ലാഹു വിലക്കിയ കാര്യങ്ങളാണ്. നാം ഒന്നോര്‍ത്തുനോക്കുക. നമ്മുടെ ജീവിതയാത്രയില്‍ ചുറ്റിനും പിടിച്ചുവലിക്കാന്‍ ജാഹിലിയ്യത്ത് തയ്യാറായി, സര്‍വസന്നാഹങ്ങളുമായി നില്‍ക്കുകയാണ്. അതിന്റെ ചതിക്കുഴികളിലും വാതിലുകളിലും ചെന്നുപെടാതെ രക്ഷപ്പെടാന്‍ നിരന്തരമായ പ്രാര്‍ഥനകൊണ്ടും നിഷ്‌കളങ്കമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുമാണ് സാധിക്കുക. സൂറത്തുല്‍ ഫാത്വിഹയില്‍ അല്ലാഹുവിന്റെ മഹത്വങ്ങള്‍ പ്രഖ്യാപിച്ചതിനുശേഷം ആണ് പ്രാര്‍ഥിക്കുന്നത്. മനസ്സിന്റെ ആഴങ്ങളില്‍ ചെന്നുപതിക്കേണ്ട പ്രഖ്യാപനങ്ങളാണ് ഫാത്വിഹയുടെ ആദ്യഭാഗത്തുള്ളത്. അത് പ്രഖ്യാപിക്കുന്ന ഒരു മനുഷ്യന്‍ തന്റെ എല്ലാം തന്റെ നാഥന്റെ മുന്‍പില്‍ സമര്‍പ്പിക്കുകയാണ്. എന്നിട്ട് പറയുകയാണ്, ഞങ്ങള്‍ക്ക് ഈയൊരാവശ്യമേ ഉള്ളൂ; സന്മാര്‍ഗത്തില്‍ എന്നും വഴിനടത്തണേ എന്ന്.

അതേ, വഴിപിഴച്ചുപോകാതിരിക്കാന്‍ മഹത്തായ സൂറത്തുല്‍ ഫാത്വിഹയെ മുറുകെ പിടിക്കാം. അര്‍ഥം ശരിക്ക് ഉള്‍ക്കൊള്ളാന്‍ അത് മാത്രം മതി, രക്ഷയ്ക്ക്. അല്ലാഹു അനുഗ്രഹിക്കട്ടെ.

Tuesday, December 10, 2013

നമ്മില്‍ എത്രപേരുണ്ട്, ടെഡ്ഡിമാരുടെ അധ്യാപകരാകാന്‍?

നാം - അധ്യാപകര്‍ - എത്രപേര്‍ 'ടെഡ്ഡി'യുടെ അധ്യാപികയെപ്പോലെ ആകും?

ആരാണ് ടെഡ്ഡി? അദ്ദേഹമിപ്പോള്‍ സ്വന്തമായി കാന്‍സര്‍ ചികിത്സാലയം സ്ഥാപിച്ച് ധാരാളം രോഗികള്‍ക്കാശ്വാസം നല്‍കുകയാണ്.

ധാരാളം ആളുകള്‍ ഷെയര്‍ ചെയ്ത ഒരു വീഡിയോ ക്ലിപ്പിന്റെ മലയാള വിവര്‍ത്തനമാണ് ഞാനിവിടെ സമര്‍പ്പിക്കുന്നത്.

അഞ്ചാം ക്ലാസ്സിലെ ക്ലാസ്ടീച്ചര്‍ക്ക് എല്ലാ കുട്ടികളെയും ഒരുപാടിഷ്ടമാണ്. പക്ഷേ, ഒരു കുട്ടിയോടു മാത്രം അസാധാരണമായ വെറുപ്പ്. വൃത്തിയില്ലാതെയാണവന്‍ ക്ലാസ്സില്‍ വരുന്നത്. പഠനനിലവാരമാണെങ്കില്‍ വളരെ മോശം. അന്തര്‍മുഖന്‍. ഒരു കൊല്ലമായി ക്ലാസ്സിലെ കുട്ടികളെ നിരീക്ഷിക്കുന്ന ക്ലാസ്ടീച്ചര്‍ക്ക് ഇതിനപ്പുറം ഒന്നും പറയാനില്ല. കുട്ടികളോടൊപ്പം അവന്‍ ഒരിക്കലും കളിക്കാറില്ല. എപ്പോഴും ടോയ്‌ലറ്റില്‍ പോകും അവന്‍. ടീച്ചര്‍ക്ക് തന്റെ നോട്ട്ബുക്ക് ചുവന്ന മഷികൊണ്ട് വെട്ടുന്നത് ഇഷ്ടമാണെന്ന അറിവ് അവനെ കൂടുതല്‍ ദുഃഖിതനാക്കി. മുകളില്‍ failed എന്ന വാക്കും കൂടി ആകുമ്പോള്‍ അവന്റെ കുഞ്ഞുമനസ്സാകെ തകരും.
ഒരു ദിവസം ടീച്ചര്‍ പറഞ്ഞു: നാളെ എല്ലാവരും അവരവരുടെ കഴിഞ്ഞ കൊല്ലങ്ങളിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് കൊണ്ടുവരണം. ടെഡ്ഡിയും കൊണ്ടുവന്നു. അവന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്നതിനിടയില്‍ ടീച്ചര്‍ക്ക് വലിയ അദ്ഭുതമുള്ള കാര്യമുണ്ടായി. ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ അവനെപ്പറ്റി എഴുതിയിരിക്കുന്നു - ''ടെഡ്ഡി മിടുക്കനാണ്. സര്‍ഗസിദ്ധികള്‍ ഉള്ള കുട്ടിയാണ്. എല്ലാ വര്‍ക്കുകളും കൃത്യമായി ചെയ്യുന്നുണ്ട്. ചിട്ടയും അടുക്കും ഉള്ളവനാണ്.''

രണ്ടാം ക്ലാസ്സിലെ റിപ്പോര്‍ട്ട് - ടെഡ്ഡി സമര്‍ഥനാണ്. എല്ലാവര്‍ക്കും പ്രിയപ്പെട്ടവനാണ്. പക്ഷേ, ഇപ്പോള്‍ അവന്റെ അമ്മ കാന്‍സര്‍ ബാധിതയായി കിടപ്പിലായതിനാല്‍ കുറച്ച് പ്രയാസത്തിലാണ്.''

മൂന്നാം ക്ലാസ്സിലെ റിപ്പോര്‍ട്ട്: മാതാവിന്റെ മരണം ടെഡ്ഡിയെ വല്ലാതെ കുഴയ്ക്കുന്നുണ്ട്. അവനെ ആശ്വസിപ്പിക്കാന്‍ താന്‍ എല്ലാ വ്യയവും ചെലവഴിച്ചു. പക്ഷേ, അവന്റെ അച്ഛന്‍ അവനെ ശ്രദ്ധിക്കുന്നില്ല. അവന്റെ കാര്യത്തില്‍ എന്തെങ്കിലും ഉടന്‍ ചെയ്യുന്നില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാകും. നാലാം ക്ലാസ്സിലെ റിപ്പോര്‍ട്ട് വായിക്കുന്നതിനിടെ ടീച്ചര്‍ക്ക് കാര്യം പിടികിട്ടി. ക്ലാസ്സില്‍ ഉറങ്ങുന്നു, ആരുമായും ടെഡ്ഡി കൂട്ടുകൂടുന്നില്ല. ആരോടും ഒന്നും മിണ്ടുന്നില്ല. പഠിക്കാന്‍ അല്പം പോലും താല്‍പര്യമില്ല. ടീച്ചര്‍ക്ക് തന്റെ കാര്യം ഓര്‍ത്ത് വല്ലാതെ ലജ്ജ തോന്നി. ക്രിസ്മസ് സമ്മാനം എന്ന നിലയ്ക്ക് കുട്ടികള്‍ എല്ലാവരും നല്ല റിബണുകള്‍ കൊണ്ടലങ്കരിച്ച് ടീച്ചര്‍ക്ക് സമ്മാനങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ടെഡ്ഡി മാത്രം പഴയ ഒരു കിറ്റില്‍ കൊണ്ടുവന്നു. ഇതോടെ കുട്ടികള്‍ പരിഹസിച്ചു ചിരിക്കാന്‍ തുടങ്ങി. അതോടെ ടീച്ചര്‍ ആകെ പ്രതിസന്ധിയിലായി. സമ്മാനപ്പൊതി തുറന്നതോടെ ടീച്ചറുടെ ഉള്ള് പുകഞ്ഞുതുടങ്ങി. കണ്ണുനീര്‍ ധാരധാരയായി ഒഴുകിയപ്പോള്‍ കുട്ടികള്‍ നിശ്ശബ്ദരായി. ടെഡ്ഡിയുടെ സമ്മാനം എല്ലാവര്‍ക്കും കാട്ടി പ്രശംസിച്ചു. കല്ലുകള്‍ ഇടയില്‍നിന്ന് വീണുപോയ നെക്‌ലേസും പകുതി മാത്രമുള്ള ഒരു സുഗന്ധക്കുപ്പിയും. ടീച്ചര്‍ ഒരുപാട് സന്തോഷത്തോടെ രണ്ടു സമ്മാനവും സ്വീകരിക്കുകയും ടെഡ്ഡിയെ പ്രശംസിക്കുകയും ചെയ്തു. തനിക്ക് വളരെ ഇഷ്ടപ്പെട്ട ടെഡ്ഡിയുടെ സമ്മാനം എന്ന് കുട്ടി പറഞ്ഞു. മാല ധരിക്കുകയും സുഗന്ധം വസ്ത്രത്തില്‍ പുരട്ടുകയും ചെയ്തു. അന്ന് സ്‌കൂള്‍ വിട്ടപ്പോള്‍ ടെഡ്ഡി വീട്ടിലേക്ക് പോകാന്‍ തിരക്ക് കൂട്ടിയില്ല. മറിച്ച്, ടീച്ചറെയും കാത്ത് നിന്നു. കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ''ടീച്ചര്‍, ഇന്ന് ടീച്ചര്‍ക്ക് എന്റെ അമ്മയുടെ സുഗന്ധമുണ്ട്.''

ഇത് കേട്ടതോടെ ടീച്ചര്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തന്റെ മരിച്ചുപോയ അമ്മ ഉപയോഗിച്ച സുഗന്ധക്കുപ്പിയായിരുന്നു ടെഡ്ഡി തനിക്ക് സമ്മാനിച്ചതെന്ന് മനസ്സിലായി. തന്നില്‍ ടെഡ്ഡി അവന്റെ അമ്മയെ കാണുന്നു എന്നും മനസ്സിലായി.

അന്നുമുതല്‍ ടീച്ചര്‍ ടെഡ്ഡിയെ ശരിക്കും ശ്രദ്ധിക്കാന്‍ തുടങ്ങി. അവന്റെ നഷ്ടപ്പെട്ട ഉന്മേഷം തിരിച്ചുകിട്ടി. വര്‍ഷാവസാനമായപ്പോഴേക്ക് അവന്‍ ക്ലാസ്സിലെ മികച്ച വിദ്യാര്‍ഥിയായി മാറി. അവന്‍ ടീച്ചറുടെ കുട്ടികള്‍ക്കുള്ള ജാലകത്തിനടുത്ത് ഇങ്ങനെ എഴുതിവച്ചു - ''ഞാന്‍ കണ്ട ഏറ്റവും നല്ല അധ്യാപിക താങ്കളാണ്'' എന്ന്. ടീച്ചറുടെ മറുപടി മറിച്ചൊന്നായിരുന്നു. മോനേ, നീയാണ് എന്നെ നല്ല അധ്യാപികയാക്കിയത്.
വര്‍ഷങ്ങള്‍ക്കുശേഷം ''താങ്കളുടെ മകന്‍ ടെഡ്ഡി' എന്ന പേരില്‍ ടീച്ചര്‍ക്ക് ഒരു ക്ഷണക്കത്ത് കിട്ടി. വൈദ്യശാസ്ത്ര വിദ്യാര്‍ഥി എന്ന നിലയ്ക്ക് തന്റെ ബിരുദസ്വീകരണത്തിന് പങ്കെടുക്കാനുള്ള ക്ഷണക്കത്തായിരുന്നു അത്.

ആ നെക്‌ലേസ് ധരിച്ച്, സുഗന്ധം പുരട്ടി, ടീച്ചര്‍ തന്റെ കുട്ടിയുടെ ബിരുദ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു!

കെട്ട് നശിച്ചുപോകുമായിരുന്ന ഒരു ജീവിതത്തിനെ നന്മയിലേക്ക് കൈപിടിച്ചു നടത്തിയ ഭാഗ്യവതിയാണാ അധ്യാപിക. നമ്മുടെ മുമ്പിലൂടെ എത്ര 'ടെഡ്ഡി'മാര്‍ അശരണരായി കടന്നുപോയിക്കാണും! നാം മുഖേന ടെഡ്ഡിമാര്‍ ഉണ്ടാകുന്നുണ്ടോ എന്നും പരിശോധിക്കണം.

വസ്സലാം,
സ്വന്തം ടീച്ചര്‍.

Tuesday, November 19, 2013

മൊഴിമുത്തുകള്‍


  1. പ്രശസ്തി ആഗ്രഹിച്ചവന്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ല.
  2. താന്‍ ചെയ്യുന്നത് ജനങ്ങള്‍ അറിയണമെന്ന ആഗ്രഹം ഗോപ്യമായ സ്വാര്‍ഥതയാണ്.
  3. അലി (റ) പറഞ്ഞു: വിജ്ഞാനം പ്രവര്‍ത്തനം കൊണ്ട് സംസാരിക്കും. ഇല്ലെങ്കില്‍ അത് നശിച്ചുപോകും.
  4. ഹസന്‍ (റ) പറഞ്ഞു: അവധിവയ്ക്കലിനെ സൂക്ഷിക്കുക. കാരണം, നീ ഇന്നിലാണ് ജീവിക്കുന്നത്; നാളെയിലല്ല. ഇനി നാളെ ഉണ്ടെങ്കില്‍ ഇന്നത്തെപ്പോലെ സന്തോഷത്തില്‍ കഴിയാം. നാളെ ഇല്ലെങ്കില്‍ നീ എന്തിലെങ്കിലും വീഴ്ചവരുത്തി എന്ന് ഖേദിക്കേണ്ടല്ലോ.
  5. മുഹമ്മദ്ബ്‌നു അബ്ദുല്‍ ബാഖി പറഞ്ഞു: ഞാനെന്റെ ആയുസ്സില്‍നിന്ന് കളിവിനോദങ്ങളില്‍ ഒരു മണിക്കൂര്‍ പോലും പാഴാക്കിക്കളഞ്ഞിട്ടില്ല.
  6. ദഹബി ഇമാം പറഞ്ഞു: കുറേ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതല്ല അറിവ്. മറിച്ച്, അല്ലാഹു ഹൃദയത്തിലേക്കിട്ടുതരുന്ന പ്രകാശമാണ് അറിവ്. അത് പിന്‍പറ്റലാണ് അതിന്റെ നിബന്ധന. അപ്രകാരം, ദേഹേച്ഛയില്‍നിന്നും ബിദ്അത്തുകളില്‍നിന്നും രക്ഷപ്പെടലും.
  7. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: യഥാര്‍ഥ ഗുരു, ജനങ്ങളെ വലിയ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുംമുമ്പ് ചെറിയ കാര്യങ്ങള്‍ പഠിപ്പിക്കുന്നവനാണ്.
  8. ജ്ഞാനം എന്നത് സ്രഷ്ടാവ് താനിഷ്ടപ്പെടുന്ന സൃഷ്ടികള്‍ക്ക് നല്‍കുന്ന സര്‍ഗശേഷികളാണ്. ആരും തറവാട് മഹിമകൊണ്ട് അത് നേടിയെടുക്കുകയില്ല. അങ്ങനെയായിരുന്നെങ്കില്‍ നബികുടുംബമായിരുന്നു അര്‍ഹമാകുമായിരുന്നത്.
  9. ശഅബി ഇമാമിനോട് ചോദിക്കപ്പെട്ടു: താങ്കള്‍ക്കെവിടെ നിന്നാണീ അറിവ് മുഴുവന്‍? മറുപടി: പരാശ്രയം ഒഴിവാക്കി, രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം, പാറപോലെ ഉറച്ചുനില്‍ക്കല്‍, കാക്കകള്‍ അതിരാവിലെ പുറപ്പെടും പോലെയുള്ള പുറപ്പെടല്‍.
  10. നുണയന്മാരെ എങ്ങനെ തിരിച്ചറിയും? അഹ്മദ്ബ്‌നു ഹമ്പലിനോട് ശിഷ്യന്മാര്‍ ചോദിച്ചു: 'അവരുടെ വാഗ്ദാനങ്ങള്‍ കൊണ്ട്.'
  11. ഹരിമുബ്‌നു ഹയ്യാന്‍ പറഞ്ഞു: അല്ലാഹുവിന്റെ നേരെ ഏതൊരടിമ ഹൃദയപൂര്‍വം ചെല്ലുന്നുവോ, എങ്കില്‍, അല്ലാഹു വിശ്വാസികളുടെ മൊത്തം സ്‌നേഹം അവന്റെ നേരെ തിരിക്കും.
  12. അബൂസൈദ് പറഞ്ഞു: ഞാന്‍ കരഞ്ഞുകൊണ്ട് എന്റെ മനസ്സിനെ അല്ലാഹുവിലേക്ക് നയിച്ചപ്പോഴൊക്കെ ഞാനതിനെ തിരിച്ചുകൊണ്ടുവന്നത് ചിരിച്ചിട്ടായിരുന്നു.
  13. അല്ലാഹു ഒരടിമയെ അവഗണിക്കുക എന്നാല്‍ അവന്റെ അനാവശ്യ കാര്യങ്ങളില്‍ വ്യാപൃതനാവുക എന്നതാണ്.
  14. യഹിയബ്‌നു മുആദ് പറഞ്ഞു: ഹൃദയം ചട്ടികള്‍ പോലെയാണ്. അതിലുള്ള വസ്തുക്കളുമായി അത് തിളച്ചുമറിയുന്നു. എന്നാല്‍, നാവുകള്‍ കരണ്ടികളെപ്പോലെയാണ്. അതിനാല്‍ ഒരു മനുഷ്യന്‍ സംസാരിക്കുമ്പോള്‍ നീ നോക്കുക. അവന്റെ ഹൃദയത്തിലുള്ളതായിരിക്കും അവന്‍ കോരിവിളമ്പുന്നത്. മധുരം, പുളി, രുചികരമായത്, കയ്പ് തുടങ്ങി പലതും വരും. അവന്റെ ഹൃദയത്തിന്റെ രുചി അവന്റെ വിളമ്പലിലൂടെ നിനക്ക് വ്യക്തമാകും.
  15. പുണ്യവാന്മാരുടെ ഹൃദയം സല്‍കര്‍മങ്ങള്‍കൊണ്ട് തിളച്ചുമറിയും; അക്രമികളുടെ ഹൃദയങ്ങള്‍ ദുഷ്ടപ്രവര്‍ത്തനങ്ങള്‍കൊണ്ടും. നിങ്ങളുടെ ചിന്തകളെ മുഴുവന്‍ അല്ലാഹു കാണുന്നുണ്ട്. അതിനാല്‍, ചിന്തകളെ നിങ്ങളും നിരീക്ഷിക്കുക -മാലിക്ബ്‌നു ദീനാര്‍
  16. ഇബ്‌നു അബ്ബാസ് പറഞ്ഞു: ദേഹേച്ഛക്കാരോടൊപ്പം നീ ഇരിക്കരുത്. കാരണം, അത് ഹൃദയങ്ങളെ രോഗാതുരമാക്കും.
  17. അബുല്‍ ജൗസാഅ് പറഞ്ഞു: ദേഹേച്ഛക്കാരില്‍ ഒരാളോടൊപ്പം ഇരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം പന്നികളോടൊപ്പം ഇരിക്കാനാണ്.
  18. ഖുര്‍ആന്‍ ഏതെങ്കിലും വ്യക്തിയെ പ്രശംസിക്കുന്നുണ്ടെങ്കില്‍ അത് അറിവിന്റെ അടിസ്ഥാനത്തിലാണ്. ആക്ഷേപിക്കുന്നുണ്ടെങ്കില്‍ അജ്ഞത മൂലവും ആണ്.

Thursday, November 7, 2013

വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ്

ഈയിടെ വായിച്ച രസകരമായ ഒരു കഥ ഇവിടെ കുറിക്കുകയാണ്. അല്ലാഹുവിന്റെ വിധികളുടെ അലംഘനീയത അഥവാ പ്രാര്‍ഥനയ്ക്ക് എങ്ങനെയൊക്കെ ഉത്തരം കിട്ടുമെന്ന അദ്ഭുതം എന്നൊക്കെ വിശേഷിപ്പിക്കാം.

പാകിസ്താനിലെ പ്രശസ്തനായ ഒരു ഡോക്ടറായിരുന്നു ഡോ. ഇഷാന്‍. അദ്ദേഹം ഒരു ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനായി വിമാനത്താവളത്തിലെത്തി. വിമാനം കയറി. കുറച്ചു കഴിഞ്ഞപ്പോള്‍ കാലാവസ്ഥാ തകരാറുമൂലം വിമാനം അടിയന്തിരമായി അടുത്ത എയര്‍പോര്‍ട്ടില്‍ ഇറക്കുകയാണെന്ന അറിയിപ്പുണ്ടായി. വിമാനത്താവളത്തിലിറങ്ങിയ ഡോക്ടര്‍ക്ക് വല്ലാത്ത ദ്വേഷ്യം തോന്നി. അധികൃതരുമായി തട്ടിക്കയറി. ''എനിക്കത്യാവശ്യമായി ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ വിമാന ടിക്കറ്റ് എടുത്തത്. ഞാന്‍ ഡോ. ഇഷാന്‍.'' അധികൃതര്‍ പറഞ്ഞു: ''ഡോക്ടര്‍, എന്ത് ചെയ്യും? താങ്കളുടെ അവസ്ഥ ഞങ്ങള്‍ മനസ്സിലാക്കുന്നു. പക്ഷേ, കാലാവസ്ഥ മോശമായാല്‍ പിന്നെ എന്ത് ചെയ്യാന്‍? താങ്കള്‍ക്ക് മൂന്നു മണിക്കൂര്‍ കാറില്‍ യാത്രചെയ്താല്‍ യോഗസ്ഥലത്തെത്താമല്ലോ.'' 

അധികൃതര്‍ പറഞ്ഞതനുസരിച്ച് അദ്ദേഹം ഒരു കാര്‍ ഏര്‍പ്പാട് ചെയ്ത് യാത്ര തുടങ്ങി. പക്ഷേ, യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഭയങ്കര കാറ്റും മഴയും കോടയും ഇടിവെട്ടും മിന്നലും അതിശക്തമായിക്കൊണ്ടിരുന്നു. റോഡ് കാണാനേയില്ല. ഡോക്ടര്‍ ഇഷാന്‍ ആകെ പരിഭ്രാന്തനായി. വണ്ടി നിര്‍ത്തി അടുത്ത് കണ്ട ഒരു കൊച്ചുവീട്ടില്‍ കയറി. അവിടെ ഒരു ഉമ്മാമ നമസ്‌കരിക്കുന്നുണ്ട്. വാതില്‍ തുറന്നുകിടക്കുകയായിരുന്നു. ഉമ്മാമാടെ നിസ്‌കാരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ അവരോട് ഫോണ്‍ ആവശ്യപ്പെട്ടു. അവര്‍ അദ്ഭുതത്തോടെ മറുപടി പറഞ്ഞു: ''ഇവിടെ ഫോണോ? കറന്റുപോലുമില്ല ഈ വീട്ടില്‍.'' ഉമ്മാമ തന്റെ കഥ പറയാന്‍ തുടങ്ങി. 

ഡോ. ഇഷാന്‍ സൂക്ഷിച്ചുനോക്കുമ്പോള്‍ ഉമ്മാമാടെ അടുത്ത് ഒരു കട്ടിലില്‍ ഒരു കുട്ടി കിടപ്പുണ്ട്. ഉമ്മാമ കുറച്ച് നമസ്‌കരിക്കും. വീണ്ടും ദുആ ചെയ്യും. ദുആ ചെയ്തുകൊണ്ട്‌
കുട്ടിയെ തലോടും. അപ്പോള്‍ ഡോക്ടര്‍ ഇഷാന്‍ ചോദിച്ചു: ''ഇതാരാണ്?'' ഉമ്മാമ പറയാന്‍ തുടങ്ങി: ''ഇത് എന്റെ പേരക്കുട്ടിയാണ്. അവന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. ഇവനെ അഞ്ചു വയസ്സില്‍ പോളിയോ ബാധിച്ചതാണ്. ഒരുപാട് ഡോക്ടര്‍മാരെ കാട്ടി. ഇപ്പോള്‍ ചില ആളുകള്‍ പറയുന്നത്, ഒരു ഡോക്ടര്‍ ഉണ്ട് - ഡോ. ഇഷാന്‍. അദ്ദേഹം ഓപ്പറേഷന്‍ ചെയ്യും എന്ന് കേള്‍ക്കുന്നു. പക്ഷേ, അദ്ദേഹം ഇവിടെ നിന്ന് ഒരുപാട് ദൂരെയാണ്. ഇവനെ അങ്ങോട്ട് കൊണ്ടുപോകാന്‍ എന്നെക്കൊണ്ടൊരു നിവൃത്തിയുമില്ല. എന്തെങ്കിലും ഒരു പരിഹാരത്തിനായി ഞാന്‍ സ്ഥിരമായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാണ്.''

ഇത് കേട്ട് ഡോ. ഇഷാന്‍ കരയാന്‍ തുടങ്ങി. ഉമ്മാമാ, ഫഌയിറ്റ് യാത്ര മുടക്കിയതും മഴയും ഇടിയും ശക്തമാക്കിയതും നിങ്ങളുടെ അടുത്തേക്ക് എന്നെ എത്തിച്ചതും നിങ്ങളുടെ അതിശക്തമായ ഈ പ്രാര്‍ഥനയായിരുന്നു. അല്ലാഹുവാണെ, ഞാന്‍ ഇതുവരെ കരുതിയിരുന്നത് ആളുകളെ അല്ലാഹു അവരുടെ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണെന്നായിരുന്നു. എന്നാല്‍, ഞാനിപ്പോള്‍ മനസ്സിലാക്കുന്നത് എല്ലാ ആശയും പ്രതീക്ഷയും അസ്തമിക്കുമ്പോള്‍ അല്ലാഹുവില്‍ മാത്രം അഭയം തേടുകയും അവനില്‍ അര്‍പ്പിക്കുകയും ചെയ്യുക. അപ്പോള്‍ അവന്‍ അവശ്യവസ്തുവിന്റെ ആവശ്യക്കാരന്റെ കണ്‍മുന്നിലും കൈപ്പിടിയിലും എത്തിക്കും എന്നാണ്.

സഹോദരന്മാരേ, നമ്മുടെ ജീവിതത്തിലും ഇത്തരം അനുഭവങ്ങള്‍ സംഭവിക്കാറില്ലേ? നാം ഒരു മടുപ്പും കൂടാതെ ഇനിയും കരഞ്ഞുകരഞ്ഞ് പ്രാര്‍ഥിക്കുക. വ്രണിതബാധിതനായ അയ്യൂബ് (അ) (ഇയ്യോബ്) കരഞ്ഞു പ്രാര്‍ഥിച്ചില്ലേ? അദ്ദേഹത്തിന്റെ കാലിനടിയില്‍നിന്ന് തണുത്ത വെള്ളം കുടിക്കാനും കുളിക്കാനും അല്ലാഹു രോഗശമനമായി ഉറവെടുപ്പിച്ചില്ലേ? എന്നിട്ട് ഭാര്യക്കു പോലും മനസ്സിലാകാത്ത രൂപത്തില്‍ സുന്ദരനും സുമുഖനുമാക്കി മാറ്റി. ഇതേ റബ്ബ് ഇന്നുമുണ്ട്; നമ്മുടെ പ്രാര്‍ഥനക്കുത്തരം നല്‍കാന്‍. നമ്മുടെ പ്രാര്‍ഥനക്ക് എത്ര ശക്തിയുണ്ടെന്ന് നമുക്കപ്പോള്‍ ബോധ്യപ്പെടും.

വിശ്വാസിയുടെ ആയുധം പ്രാര്‍ഥനയാണ് - الدعاء سلاح المؤمن

Thursday, October 10, 2013

മൗനത്തിന്റെ ഗുണങ്ങള്‍

ആരാമം ഒക്‌ടോബര്‍ലക്കത്തിലെ ഹാഫിസ് മുഹമ്മദിന്റെ മൗനത്തെപ്പറ്റിയുള്ള ലേഖനം ആണ് ഈ കുറിപ്പിനാധാരം. വളരെ നന്നായിട്ടുണ്ട്. മനഃക്ഷോഭങ്ങളില്‍നിന്ന് രക്ഷപ്പെട്ട് ശരിയായ ദിശയില്‍ നാമെത്തുന്നത് മൗനത്തിലൂടെയാണ്. മൗനം വാസ്തവത്തില്‍ ഒരു നിര്‍ഗമന മാര്‍ഗമാണ്. കെട്ടിനില്‍ക്കുന്ന നല്ലതും ചീത്തയുമായ ഓര്‍മകളില്‍നിന്ന് മനസ്സിന് സന്തോഷം ലഭിക്കുന്ന സദ്ചിന്തകളെ, തൈരുകടഞ്ഞ് വെണ്ണയെടുക്കും പോലെ - മൗനത്തിലൂടെ കടഞ്ഞെടുത്ത് മറ്റുള്ളവര്‍ക്കും നമുക്കും ഉപകാരപ്രദമാക്കാന്‍ കഴിയും. ഒരു പണ്ഡിതന്‍ പണ്ട് പറഞ്ഞിട്ടുണ്ട്: ചില സമയങ്ങളിലെ മൗനം ആട്ടിന്‍സൂപ്പിന്റെ ഗുണം ചെയ്യുമെന്ന്. നാം പല കാര്യങ്ങള്‍ക്കും മൗനം പാലിക്കാറുണ്ട്. അപരന്‍ കരുതും ഇതിന് അവന് മറുപടിയില്ലാതായി, ഉത്തരം മുട്ടി എന്ന്. പക്ഷേ, നമ്മുടെ മുന്നറിവുകള്‍വച്ച് നാം മൗനം ദീക്ഷിക്കുകയാണ്. അപ്രകാരം സംസാരത്തിന് പല തട്ടുകളുമുള്ളപോലെ മൗനത്തിനും ഉണ്ട് തട്ടുകള്‍. അര്‍ഥഗര്‍ഭമായ മൗനം, ഉത്തരം കിട്ടാതാകുമ്പോഴത്തെ മൗനം, വിഷയത്തോട് വിരക്തി ഉള്ളതിനാലുള്ള മൗനം... അങ്ങനെ മൗനം പല രൂപത്തിലുണ്ട്. ചിലരുടെ തെറ്റുകള്‍ കണ്ടാല്‍ നാം മൗനം പാലിക്കും. തെറ്റുചെയ്തവനോടുള്ള ആ മൗനം അവനെ ശരിക്ക് കശക്കിക്കളയും. എന്തുകൊണ്ടാണ് തന്റെ ഗുരുനാഥന്‍, അല്ലെങ്കില്‍ മാതാപിതാക്കള്‍ മൗനം ദീക്ഷിച്ചത് എന്ന് കുട്ടി ചിന്തിക്കാന്‍ തുടങ്ങുകയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുകയും ചെയ്യും. അങ്ങനെ മൗനത്തിന്റെ പല രൂപങ്ങളും മനുഷ്യമനസ്സുകള്‍ക്ക് പലതരം മേന്മകള്‍ പ്രദാനം ചെയ്യുന്നു.

ഇക്കാലത്ത് മൗനം പാലിച്ചിരിക്കാന്‍ ഇടങ്ങള്‍ കുറവാണ്. മൗനം പരിശീലിക്കുക വലിയൊരു മാനസിക വ്യായാമമാണ്. നമ്മുടെ ഉള്ളിലേക്കുതന്നെ നാം ശ്രദ്ധതിരിക്കുകയാണ്. താനനുഭവിക്കുന്ന പ്രയാസത്തിന്റെ കാരണം കണ്ടെത്താനും സ്വയം പരിഹാരം കണ്ടെത്താനും മൗനത്തിലൂടെ കഴിയുന്നു. ചിലപ്പോള്‍ നാം ദീര്‍ഘമായ മൗനത്തിനുശേഷം സുന്ദരമായ എഴുത്തിലേക്കും അതിനുശേഷം അത്യന്തം സുഖകരമായ മയക്കത്തിലേക്കും വഴുതിവീഴുന്നു. ജീവിതത്തിലെ ഏറ്റവും സുഖകരമായ ഉറക്കാമാണാ മയക്കം. അഞ്ചു മിനിറ്റുകൊണ്ട് രണ്ടു മണിക്കൂര്‍ വിശ്രമിച്ച പ്രതീതിയുമായി മനസ്സ് പൂര്‍വാധികം ഉണര്‍വോടെ പ്രവര്‍ത്തിച്ചുതുടങ്ങുന്നു.

സക്കരിയാനബി(അ)യോടും മര്‍യംബീവിയോടുമൊക്കെ സുപ്രധാന സന്ദര്‍ഭങ്ങളിലൊക്കെ മൂന്നു ദിവസമൊക്കെ മൗനം പാലിക്കാന്‍ അല്ലാഹു നിര്‍ദേശിച്ചതായി നമുക്ക് കാണാം. വളരെ ഗുണകരമായ എന്തെങ്കിലും കാര്യം അതിനും പിന്നിലുണ്ടാകും. റമദാനിലെ ഇഅ്തികാഫിലും മൗനം തന്നെയാണുദ്ദേശിക്കുന്നത്. എല്ലാ ഐഹികവ്യാപാരങ്ങളില്‍നിന്നും 10 ദിവസം മനസ്സിനെ അടര്‍ത്തിയെടുത്ത്, വ്രതാനുഷ്ഠാനവും രാത്രിനമസ്‌കാരവും കൊണ്ട് മനസ്സിനെ ശുദ്ധീകരിച്ച്, പുത്തനുണര്‍വോടെ ജീവിതത്തിലേക്ക് തിരിച്ചെത്തുകയാണ് വിശ്വാസി. മറ്റൊരാള്‍ കാര്യമാത്ര പ്രസക്തമായി സംസാരിക്കുമ്പോള്‍ ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതും പറയുന്ന ആളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ ഏറ്റവും നല്ല മാര്‍മഗമാണ്. പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം നാം കേള്‍ക്കുമ്പോള്‍ത്തന്നെ പറയുന്ന ആളുടെ മനസ്സിന്റെ ഭാരം ഒഴിയുകയും എല്ലാം ഒഴിഞ്ഞുതീരുമ്പോള്‍ നാം പറയുന്ന കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ ശ്രവിക്കുകയും സ്വാംശീകരിക്കുകയും ചെയ്യും. അത് ഒരു മനുഷ്യന്റെ ജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റം ഉണ്ടാക്കാന്‍ വഴിയൊരുക്കുന്നു.

അതെ! മൗനത്തിന്റെ രസം ആസ്വദിച്ചനുഭവിക്കുകതന്നെ വേണം. എന്നും പാതിരാവില്‍, ശാന്തമായ സമയത്ത്, ഇരുട്ടില്‍ കണ്ണടച്ച് മൗനം ശീലിക്കുക. അത് തരുന്ന ശക്തി ഓരോരുത്തര്‍ക്കും പലതായിരിക്കും. കാശ് കൊടുത്ത് വാങ്ങേണ്ടാത്ത ഏറ്റവും നല്ല മരുന്നാണ് മൗനം.


والسلام

Saturday, October 5, 2013

യൂസുഫുല്‍ ഇസ്‌ലാം - ക്ഷമയുടെ പാഠപുസ്തകം


ഈയിടെ ഒരു പുസ്തകം വായിച്ചു; അറബിയിലാണ് - يوسف الأحلام (യൂസുഫുല്‍ അഹ്‌ലാം) സ്വപ്‌നങ്ങളുടെ യൂസുഫ് എന്നര്‍ഥം പറയാം. അതിലെ ഓരോ അധ്യായങ്ങളും സൂറത്തു യൂസുഫിലൂടെയുള്ള സഞ്ചാരമാണ്. അതില്‍ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് സുലേഖയില്‍നിന്ന് കുതറി ഓടുന്ന യൂസുഫാണ്. എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയിട്ടും ദൈവഭക്തി കൊണ്ടുമാത്രമാണദ്ദേഹം രക്ഷപ്പെടുന്നത്. നമുക്കാ പുസ്തകത്തിലെ ആകര്‍ഷകമായ വരികളിലൂടെ ഒന്ന് കണ്ണോടിക്കാം. നാം ഇന്ന് ചെയ്യുന്ന കാര്യങ്ങള്‍ ശരിയുമായി എത്രകണ്ട് ബന്ധമുണ്ടെന്ന് ചിന്തിക്കണം. 

നമുക്ക് യൂസുഫിന്റെ അവസ്ഥ ഒന്ന് അപഗ്രഥിക്കാം. നാടില്ല, വീടില്ല, വീട്ടുകാരില്ല. കണ്ടാല്‍ ആരും കൊതിക്കുന്ന സൗന്ദര്യം. മന്ത്രിപ്പണിയുടെ ആവശ്യം നിര്‍വഹിച്ചുകൊടുത്താല്‍ ലോകത്താരും ആ രഹസ്യം അറിയാന്‍ പോകുന്നില്ല. തിന്മയിലേക്ക് ക്ഷണിക്കുന്നതോ പ്രബലയായ, എല്ലാത്തരത്തിലുള്ള പ്രൗഢിയുമുള്ള സ്ത്രീ. അവിടെ നിന്ന് രക്ഷപ്പെടാന്‍ നിറഞ്ഞ ദൈവഭക്തനു മാത്രമേ സാധിക്കൂ. എന്നാല്‍, യൂസുഫ് (അ) അവിടെ നിന്ന് ഓടിയെത്തിയത് സ്വര്‍ഗത്തിന്റെ, ദൈവികസിംഹാസനത്തിന്റെ തണലിലേക്കായിരുന്നു! അല്ലാഹു പേരെടുത്ത് പറഞ്ഞ ഏഴുകൂട്ടരില്‍ ഒരാളായി. യാതൊരു തണലുമില്ലാത്ത ദിവസം റബ്ബിന്റെ പ്രത്യേക തണല്‍ ലഭിക്കുന്നവരുടെ പട്ടികയിലേക്ക് യൂസുഫും ചേര്‍ക്കപ്പെടുകയാണ്. പൊട്ടക്കിണറ്റിലെ അപകടങ്ങളില്‍നിന്നും അടിമച്ചന്തയിലെ അപഹാസ്യതയില്‍നിന്നും രക്ഷപ്പെട്ട ആ യുവപ്രവാചകനെ കാത്തിരുന്നത് തീക്ഷ്ണമായ പരീക്ഷണമായിരുന്നു. സുഖസമൃദ്ധിയില്‍ കഴിയുമ്പോള്‍ പ്രലോഭനരൂപത്തില്‍ ആയിരുന്നു ആ പരീക്ഷണം.

ഖുര്‍ആന്‍ പറഞ്ഞത് 'മുറാവദത്ത്' എന്ന പദമാണ്. അതിന്റെ അര്‍ഥം, വഞ്ചിക്കുന്ന ഒരാള്‍ തന്റെ തേന്‍ പുരട്ടിയ സംസാരം കൊണ്ട് ചെയ്യുംപോലെ, വളരെ സൗമ്യമായും വാത്സല്യത്തോടും കൂടി തിന്മയിലേക്കുള്ള ക്ഷണം. എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചായിരുന്നു അവര്‍ ക്ഷണിച്ചത്. അതാണ് ഖുര്‍ആന്‍ എടുത്ത് പറയുന്നത്: വാതിലുകള്‍ ഭദ്രമായി അടച്ചു. പിന്നീട് هيت لك എന്ന് പറഞ്ഞു - ''വേഗം വാ,'' കിടക്കയിലേക്ക്. ഇവിടെ ആരെയും ഭയപ്പെടാനില്ല. ഉടന്‍ എന്തായിരുന്നു യൂസുഫിന്റെ മറുപടി? معاذالله അല്ലാഹുവില്‍ ശരണം. നാമും തിന്മകളെ കാണുമ്പോള്‍ അതിന്റെ പ്രലോഭനങ്ങളെ കാണുമ്പോള്‍, 'പടച്ചവനേ, നിന്നില്‍ മാത്രം അഭയം എന്ന് പറയണം. യൂസുഫ് അതില്‍ അവസാനിപ്പിച്ചില്ല. നിങ്ങളുടെ ഭര്‍ത്താവാരാണെന്നോ? എന്നെ ആദരിക്കുകയും ബഹുമാനിക്കുകയും എനിക്ക് ജീവിക്കാന്‍ ഒരിടം ഉണ്ടാക്കിത്തരികയും ചെയ്തവനാണ്! എന്നിട്ട് ഞാനദ്ദേഹത്തെ വഞ്ചിക്കുകയോ? സാധ്യമല്ല. അക്രമമാണത്. തികഞ്ഞ നന്ദികേടാണത്. അക്രമികള്‍ വിജയിക്കില്ല. ഈ ആയത്തുകളിലെ ചില തണലുകളില്‍ കയറി യുവാക്കള്‍ നില്‍ക്കേണ്ടതുണ്ട്. അതിന്തൊണെന്ന് നോക്കാം നമുക്ക്.

1. വലിയ പണക്കാരുടെ വീട്ടില്‍ വേലക്കാരുമായി ഇടപഴകാന്‍ ധാരാളം സൗകര്യങ്ങള്‍ ലഭിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. (ഇന്ന് പലരും യുവഡ്രൈവര്‍മാരെ ജോലിക്ക് നിയമിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്ക് പോകുന്നത് കാണാം. വളരെയധികം സ്വാതന്ത്ര്യം ലഭിക്കുന്ന സാഹചര്യമാണത്. ഒളിച്ചോട്ടകഥകളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്). ദൈവഭക്തരായ യുവാക്കള്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

2. അന്യസ്ത്രീപുരുഷന്മാര്‍ ഒറ്റപ്പെടല്‍, സൗന്ദര്യപ്രദര്‍ശനം, ഇണ അടുത്തില്ലായ്മ, സ്ഥാനമാനങ്ങള്‍ ഇവയൊക്കെ നാശഹേതുക്കളാണ്. തിന്മയ്ക്ക് പ്രേരിപ്പിക്കുന്ന സന്ദര്‍ഭങ്ങളാണ്. ഇല്‍മി എന്ന പണ്ഡിതന്‍ പറയുന്നു: സുലേഖയ്ക്ക് യൂസുഫില്‍ അനുരാഗം തോന്നാനുണ്ടായ പ്രധാന കാരണം, തന്റെ ഭൃത്യനുമായി കൂടുതല്‍ ഇടപഴകാനും ഒറ്റപ്പെടാനും അവസരം ലഭിച്ചു എന്നതാണ്. അതിനാല്‍, അത്തരം സന്ദര്‍ഭങ്ങള്‍ യുവതീ യുവാക്കള്‍ ഒഴിവാക്കേണ്ടതത്യാവശ്യമാണ്. നബി (സ) പറഞ്ഞു: ഒരു പുരുഷനും സ്ത്രീയുമായി ഒറ്റക്കാകരുത്; അവിടെ വിവാഹബന്ധം നിഷിദ്ധമായ ഒരാള്‍ കൂടെ ഇല്ലാതെ.

പുരാതനകാലം മുതല്‍തന്നെ കൂടിക്കലരലും ഒറ്റപ്പെടലും നാശഹേതുവായിരുന്നെങ്കില്‍ ഈ തിന്മ നിറഞ്ഞ കാലത്തും ഇക്കാരണങ്ങള്‍ നാശഹേതു തന്നെ.

യൂറോപ്യന്‍ എഴുത്തുകാര്‍ പറയുന്നു: അധിക സ്ത്രീകളും തിന്മയില്‍ പതിക്കുന്നതിന്റെ കാരണം, വീടുകള്‍, തൊഴില്‍ശാലകള്‍, സ്റ്റോറുകള്‍, ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീപുരുഷന്മാര്‍ ഒറ്റയ്ക്കാകുന്നതിനാലാണ്. പ്രവാചകന്‍ പഠിപ്പിച്ചില്ലേ, മൂന്നാമന്‍ പിശാചായിരിക്കുമെന്ന്.

സ്ത്രീയാണ് പലപ്പോഴും ഫിത്‌നയ്ക്ക് മുന്‍കൈ എടുക്കുന്നത്. മന്ത്രിപത്‌നിയാണ് യൂസുഫിന്റെ സംഭവത്തില്‍ കഠിനമായി ആവശ്യം ഉന്നയിക്കുന്നത്. അതുകൊണ്ടാകാം ഖുര്‍ആന്‍ ''വ്യഭിചാരിണിയെയും വ്യഭിചാരകനെയും 100 അടി അടിക്കണം'' എന്ന് സ്ഥലത്ത് സ്ത്രീലിംഗ പദം ആദ്യം ഉപയോഗിച്ചത്. (പ്രത്യക്ഷമായോ പരോക്ഷമായോ പ്രേരണ വരുന്നത് സ്ത്രീയില്‍ നിന്നാണത്രെ!). മാന്യമായി വസ്ത്രം ധരിച്ച്, അടക്കൊതുക്കത്തില്‍ നടക്കുന്ന സ്ത്രീകളുടെ നേരെ ഒരു ശതമാനം പോലും കൈയേറ്റ ശ്രമങ്ങള്‍ നടക്കുന്നില്ല എന്നത് നാം ഓര്‍ക്കേണ്ടതുണ്ട്. നമ്മുടെ കാലഘട്ടത്തിലും നഗ്നപരസ്യങ്ങളും പ്രദര്‍ശനാത്മകതയും പുരുഷന്മാരെ നാശത്തിലേക്ക് തള്ളിവിടുന്നു. അതിനാല്‍, സ്ത്രീകള്‍ തിന്മയിലേക്ക് ക്ഷണിക്കുന്ന സന്ദര്‍ഭങ്ങളില്‍ യുവാക്കള്‍ യൂസുഫിന്റെ ക്ഷമ കൈക്കൊള്ളുക. ലോകത്തെ അദ്ഭുതകരമായ ക്ഷമയായിരുന്നു മഹാനായ ആ പ്രവാചകന്‍ കാഴ്ചവച്ചത്. അദ്ദേഹം രണ്ടുതരം ക്ഷമയാണ് അവലംബിച്ചിട്ടുള്ളത്. ഒന്ന്, നിര്‍ബന്ധിതമായി ക്ഷമിക്കേണ്ടിവന്നത്. സഹോദരന്മാര്‍ പൊട്ടക്കിണറ്റില്‍ തള്ളിയതും അതിനുശേഷം പിതാവിനെ കാണാന്‍ പറ്റാത്തതും. കുറേ കൊല്ലം ജയില്‍വാസമനുഭവിക്കേണ്ടിവന്നതും നിര്‍ബന്ധിതമായി ക്ഷമിക്കാതെ നിവൃത്തിയില്ലായിരുന്നു. എന്നാല്‍, സുലേഖയുടെ വിഷയത്തിലെ ക്ഷമ അദ്ദേഹം സ്വമേധയാ തിരഞ്ഞെടുത്തതായിരുന്നു. എത്ര പ്രേരണകളെയായിരുന്നു അദ്ദേഹം തഖ്‌വ കൊണ്ടും ക്ഷമ കൊണ്ടും മറികടന്നത്! ക്ഷണിക്കുന്ന കക്ഷി ഉന്നതകുലജാത, പദവിയുള്ളവള്‍, സൗന്ദര്യമുള്ളവള്‍, പ്രേരിപ്പിക്കുന്നവള്‍, വാതിലുകളൊക്കെ ഭദ്രമായി അടച്ചുകഴിഞ്ഞു! യൂസുഫാണെങ്കില്‍ തുളുമ്പുന്ന യൗവനം, കുടുംബം എവിടെയാണെന്നുപോലും അറിയാത്തത്ര അപരിചിതന്‍. ഇവിടെ നിന്ന് തെറ്റുചെയ്ത് രക്ഷപ്പെട്ടാല്‍ ആരും അന്വേഷിച്ചാല്‍ പോലും കണ്ടെത്താനാവില്ല. സാഹചര്യങ്ങളെല്ലാം യൂസുഫിനനുകൂലം. അദ്ദേഹം അവിടെയാണ് ഇസ്‌ലാമിക യുവത്വത്തിന്റെ ശോഭയാര്‍ന്ന മാതൃക സൃഷ്ടിച്ചത്. അല്ലാഹുവിന് മാത്രം സ്തുതി. അന്ത്യദിനം വരെ വായിക്കപ്പെടുന്ന ഖുര്‍ആനില്‍ ഒരധ്യായം മുഴുവന്‍ അദ്ദേഹത്തിന്റെ നാമത്തില്‍, യുവാക്കള്‍ക്ക് മാതൃകയായി നിലകൊള്ളുന്നു. ജാഹിലിയ്യത്ത് പിച്ചിച്ചീന്താന്‍ ഇടയുള്ള യുവാക്കളേ, യുവതികളേ നിങ്ങളിവിടേക്ക് വന്ന് ഈ ശുദ്ധജലം ആവോളം കോരിക്കുടിക്കൂ എന്ന ആഹ്വാനവുമായി - അദ്ദേഹം സാഹചര്യങ്ങളെ മറികടന്നെങ്കിലും മനസ്സ് കലുഷവും പ്രക്ഷുബ്ധവുമാണ്. സാധാരണ യുവത്വത്തിനുണ്ടാകാവുന്ന മനുഷ്യമനസ്സുകള്‍ക്കുണ്ടാകുന്ന ടെന്‍ഷന് യൂസുഫും അടിപ്പെടുന്നു. പക്ഷേ, ഈ സ്ഥൈര്യത്തിന് സമ്മാനമായി അല്ലാഹു തന്റെ ഒരു ദൃഷ്ടാന്തം യൂസുഫിന് കാട്ടിക്കൊടുക്കുകയാണ്. ഖുര്‍ആന്‍ പറയുന്നു: അദ്ദേഹം തന്റെ രക്ഷിതാവിന്റെ ഒരു ദൃഷ്ടാന്തം കണ്ടിരുന്നെങ്കില്‍ അവളെക്കുറിച്ച് ടെന്‍ഷനിലാകുമായിരുന്നു!

യുവാക്കളേ, നിങ്ങളില്‍ 99 ശതമാനം പേരും ഇത്തരം നൂല്‍പ്പാലങ്ങളിലൂടെ സഞ്ചരിച്ചിട്ടുണ്ടാകില്ലേ? റബ്ബിനെ ഭയപ്പെട്ടുകൊണ്ട് പിന്‍വാങ്ങിയവര്‍ക്ക് പിന്നീട് അവന്‍ സമാധാനം പ്രദാനം ചെയ്തില്ലേ? ഉറപ്പാണ്. ആ ത്‌നിമയില്‍നിന്ന് രക്ഷപ്പെട്ടതില്‍ ഇപ്പോള്‍ സന്തോഷിക്കുന്നില്ലേ? വീണ്ടും കുറേ സ്ത്രീകളെ ക്ഷണിച്ചുകൊണ്ട് യൂസുഫിനെ ആ സ്ത്രീ ബുദ്ധിമുട്ടിച്ചു. പാവം യൂസുഫ്. ഭക്തനായ യൂസുഫ് ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് തികട്ടിവരുന്ന ഒരു പ്രാര്‍ഥന ഉരുവിടുകയാണ് - ''പടച്ചവനേ, ഈ സ്ത്രീകള്‍ എന്നെ ക്ഷണിക്കുന്നതിനേക്കാള്‍ എനിക്ക് നല്ലത് ജയിലാണ്. അതിലെ ബന്ധനമാണ്. അതിലെ അസ്വാതന്ത്ര്യമാണ്. നോക്കൂ, എല്ലാ സുഖങ്ങളും അല്ലാഹുവിനുവേണ്ടി, സദാചാര സംരക്ഷണത്തിനുവേണ്ടി യൂസുഫ് ത്യജിക്കുകയാണ്. തന്നെ നശിപ്പിക്കാന്‍ വന്ന സ്ത്രീകളുടെ ഒരു ബന്ധവും തനിക്ക് വേണ്ട എന്ന് ഉച്ചൈസ്തരം പ്രഖ്യാപിക്കുകയാണ്. നമ്മില്‍ എത്രപേര്‍ക്കിതിന് കഴിയും എന്നിടത്താണ് നമ്മുടെ സ്വര്‍ഗം നിലകൊള്ളുന്നത്.

വസ്സലാം,

സ്വന്തം ടീച്ചര്‍