Friday, November 26, 2010

ഇസ്‌ലാമിനെ അന്യവത്കരിക്കാതെ, ജനകീയമാക്കുക

ജി.ഐ.ഒ. സംസ്ഥാന കാമ്പയിനോടനുബന്ധിച്ച് തൃശ്ശൂരില്‍ വെച്ച് തീര്‍ത്തും വ്യത്യസ്തമായ ഒരു പരിപാടി നടക്കുകയുണ്ടായി. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം' എന്ന പ്രയോഗത്തിന് ചേരുന്ന ഒരു വിഭാഗം ഇവിടെയുണ്ട് എന്നത് മറക്കാതെതന്നെ ഞാനിവിടെ ചില കാര്യങ്ങള്‍ കുറിക്കുകയാണ്.

പെണ്ണുങ്ങള്‍ - അതും ഇസ്‌ലാമിന്റെ പേരിലുള്ള - ഒരു ഫിലിം ഫെസ്റ്റിവല്‍ നടത്തുക. എന്നിട്ട് അതേപ്പറ്റി ചര്‍ച്ചനടത്തുക. എന്തായാലും നന്മയുടെയും നീതിയുടെയും മാര്‍ഗത്തിലുള്ള പുതുനാമ്പുകള്‍ തന്നെ ഈ പെണ്‍കുട്ടികള്‍. എണ്ണത്തിലും വണ്ണത്തിലും കുറവാണെങ്കിലും ഈ നാടിന്റെ ഉപ്പുതന്നെ അവര്‍. ജമാഅത്തായിട്ട് നമസ്‌കരിച്ച ആ പെണ്‍കുട്ടികള്‍ സിനിമയെപ്പറ്റിയൊക്കെ ആഴത്തില്‍ ചര്‍ച്ചചെയ്യാനും പഠിച്ചിട്ടുണ്ട്.

ദൃശ്യമാധ്യമത്തെ നമുക്ക് ഒരിക്കലും ഒഴിച്ചുനിര്‍ത്താനാവില്ല. അശ്ലീലതയും മറ്റു തിന്മകളും കൊടികുത്തി വാഴുന്ന ഒരു രംഗത്ത് നന്മയുടെ തിരികൊളുത്തി വെക്കാനായെങ്കില്‍ അതും പ്രബോധനം തന്നെ.

പി.ടി.കുഞ്ഞുമുഹമ്മദിന്റെ ഉദ്ഘാടനപ്രഭാഷണം  നമ്മില്‍ കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തും. ഇസ്‌ലാം ലോകത്തിനു നല്‍കിയ സംഭാവനകളുടെ ഭാണ്ഡം അഴിച്ച് അദ്ദേഹം ശ്രോതാക്കള്‍ക്കു മുമ്പില്‍ കൊട്ടിയിട്ടപ്പോള്‍ അല്‍പമെങ്കിലും ഇസ്‌ലാമിക പൈതൃകത്തില്‍ സന്തോഷിക്കുന്നവര്‍ കൂടുതല്‍ പ്രചോദിതരായി മാറുകതന്നെ ചെയ്യും.

ഞാനാ സമയത്ത് അലി മണിക്ഫാന്‍ എന്ന മഹാപ്രതിഭയെ ഓര്‍ത്തുപോയി. ഇന്ന് അദ്ദേഹത്തെ ആരും ശ്രദ്ധിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് മനസ്സിലാകുന്ന ഒരു കാലം വരും, തീര്‍ച്ച. മുന്‍കഴിഞ്ഞ മുസ്‌ലിം ശാസ്ത്രജ്ഞന്മാര്‍ ലോകത്തെ മുഴുവന്‍ വെളിച്ചത്തിലേക്ക് നയിക്കുകയായിരുന്നുവെന്നും അബ്ബാസിയ ഭരണകാലത്ത് ഒരു ഗവര്‍ണറുടെ പുസ്തകശേഖരം 400 ഒട്ടകത്തിന് വഹിക്കാവുന്നത്ര ആയിരുന്നുവെന്നും ഒക്കെയുള്ള ഒരുപാട് വിവരങ്ങള്‍ സദസ്യരുടെ ഹൃദയത്തിലേക്ക് കോരിയിട്ടുകൊണ്ടാണ് പി.ടി. പ്രസംഗം അവസാനിപ്പിച്ചത്.

പി.ടി. പുറത്തിറങ്ങിയപ്പോള്‍, കൈവെട്ട് കേസിലേക്ക് നയിച്ച വിവാദ ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയ പുസ്തകഭാഗത്തെപ്പറ്റി ഞാനന്വേഷിച്ചു. ഞാന്‍ ഒരു പുസ്തകവും എഴുതീട്ടില്ല. ഞാന്‍ പ്രസംഗിച്ചത് ആരോ പുസ്തകമാക്കിയതാ. പേപ്പര്‍ ഉണ്ടാക്കിയ ആള്‍ ചെയ്ത വിഡ്ഢിത്തത്തിന് എന്നോട് പറഞ്ഞിട്ടെന്താണ്?

പി.ടിയുടെ പ്രസംഗശേഷം നന്ദിതാദാസ് സംവിധാനം ചെയ്ത ഫിറാഖ് (വേര്‍പാട്) എന്ന സിനിമയായിരുന്നു. ഗുജറാത്ത് കലാപത്തെ പശ്ചാത്തലമാക്കിയുള്ള സിനിമ. നിങ്ങളില്‍ പലരും കണ്ടിരിക്കും. ഞാന്‍ സിനിമ കാണാറില്ലാത്ത ആളാണ്. അപൂര്‍വം സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഈ സിനിമ പലതുകൊണ്ടും വ്യതിരിക്തമാണ്. ഒന്നാമതായി പരസ്യമില്ല. രണ്ടാമത് ഡാന്‍സ്‌രംഗമില്ല. ഇത് രണ്ടും ഇല്ലാതെ സിനിമ നടക്കും അല്ലേ? വളരെ തീക്ഷ്ണമായിത്തന്നെ ഒരു സമുദായം പാര്‍ശ്വവത്കരിക്കപ്പെടുന്നത് വേദനയോടെ അതില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അതില്‍നിന്ന് ഒഴിവാക്കാനായി ഒന്നുമില്ല. ഓരോ രംഗങ്ങളിലും കാര്യങ്ങള്‍ വളരെ കൃത്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

കലാപത്തിനിരയാവാതെ അന്യസമുദായക്കാരെ രക്ഷപ്പെടുത്തുന്ന രംഗങ്ങളും അതിന് എടുക്കുന്ന അടവുകളും... മുഹ്‌സിന്‍ എന്ന നാലുവയസ്സുകാരനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മോഹന്‍ എന്ന പേരിട്ട്, പൊട്ടുകുത്തിച്ച് അവനെ രക്ഷപ്പെടുത്തുന്ന വീട്ടമ്മ; തിളച്ച വെളിച്ചെണ്ണ സ്വന്തം കൈയില്‍ ഇറ്റിച്ച് വേദനകൊണ്ട് പുളയുന്നു. ആ രംഗമാണ് എനിക്കതില്‍ ഏറ്റവുമധികം ഇഷ്ടമായത്. പുറത്ത് നടക്കുന്ന തീവെപ്പുകളില്‍ വെന്തുപോകുന്ന മനുഷ്യജീവികളെ രക്ഷപ്പെടുത്താന്‍ വഴിയില്ലാതെ, സ്വന്തം ശരീരത്തില്‍ ആ വേദന തീര്‍ക്കുന്ന ഹിന്ദുവീട്ടമ്മ. അവസാനം, ഒരു പ്രഭാതത്തില്‍, അവര്‍ അനീതി നിറഞ്ഞ ആ വീട്ടില്‍നിന്നിറങ്ങിപ്പോവുകയാണ്. തിന്മ തടയാന്‍ കൈകൊണ്ടും നാവുകൊണ്ടും കഴിയാത്ത സമയത്ത് എടുക്കാവുന്ന മൂന്നാമത്തെ ചെറുത്തുനില്‍പ്പ്.

നാം ഉണരാന്‍ ഒരുപാട് വൈകിയപോലെ തോന്നുന്നു. സിനിമ പറഞ്ഞ് ഇസ്‌ലാമികപ്രസ്ഥാനത്തെ പരിഹസിക്കുന്ന കുറേ എഴുത്തുകള്‍ കാണാറുണ്ട്. പക്ഷേ, ദൃശ്യാവിഷ്‌കരണത്തിന് വലിയ സാധ്യതകളുണ്ടെന്ന് നമ്മള്‍ മറക്കരുത്. ഖുര്‍ആന്‍ നോക്കിയും ഓതണമെന്ന് ഞാനെവിടെയോ വായിച്ചത് ഓര്‍ത്തുപോവുകയാണ്.

കഅബയും പരിസരവും കണ്ടവനും കാണാത്തവനും സമമല്ലല്ലോ. ത്വവാഫ് കണ്ടിരിക്കുന്നവര്‍ക്ക് പുണ്യമുണ്ടെന്ന് പറയപ്പെടുന്നതും കാഴ്ചയുടെ ഗുണത്തെയാണല്ലോ സൂചിപ്പിക്കുന്നത്. ക്ലാസ്‌റൂമുകളില്‍ ചാര്‍ട്ട്, ബ്ലാക്ക്‌ബോര്‍ഡ് എന്നിവ ഉപയോഗിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ബന്ധം പറയുന്നത്. ഇതുകൊണ്ടാണ്.

നാം ഇസ്‌ലാമിനെ അന്യവത്കരിക്കാതെ കൂടുതല്‍ ഇടങ്ങളിലേക്ക് ജനകീയമാക്കുക. ഉച്ചയ്ക്ക് നടന്ന ഓപ്പണ്‍ഫോറം നല്ല നിലവാരം പുലര്‍ത്തി. വൈ.ഇര്‍ഷാദ്, നിയതി എന്ന പി.ജി. വിദ്യാര്‍ഥിനി എന്നിവര്‍ വളരെ നല്ല നിലയില്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. ജി.ഐ.ഒ. പ്രതിനിധികളും നല്ല നിലയില്‍ വിഷയാവതരണം നടത്തി.

അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ഏതു കര്‍മ്മവും പ്രതിഫലാര്‍ഹം തന്നെ. അല്‍ഹംദുലില്ലാഹ്.


പി.ടി. ഇപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് എന്ന സിനിമയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു ക്ലോക്കിലെ എല്ലാ സൂക്ഷ്മ ഭാഗങ്ങളും അതിന്റെ യോഗ്യതയ്ക്കാവശ്യമായ പോലെ, എല്ലാ നല്ല മനുഷ്യരും മഹത്തായ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സുഗമമായ സഞ്ചാരത്തിനാവശ്യമാണ്. നന്മയുള്ള എല്ലാവരെയും രണ്ടു കൈയും നീട്ടി സ്വീകരിക്കുക എന്നതാകട്ടെ നമ്മുടെ അടിസ്ഥാന നയവും മുഖമുദ്രയും.

8 comments:

 1. സിനിമാ രംഗത്ത്‌ ഇസ്‌ലാമിക സാന്നിധ്യം തീരെയില്ല എന്നുതന്നെ പറയാം. ഒരു സിനിമ ഇറങ്ങുമ്പോള്‍ ഇത് മുസ്ലിംകള്‍ക്ക്‌ എതിരാണ് ഇതില്‍ ഇസ്‌ലാമിനെ കരിവാരിത്തേക്കാന്‍ ശ്രമിക്കുന്നു എന്ന് വിലപിക്കാന്‍ നമുക്കറിയാം. ഇനി ആരെങ്കിലും ഈ രംഗത്ത്‌ ഇസ്ലാമികമായി ഇടപെടാന്‍ ശ്രമിച്ചാല്‍ "റസൂല്‍ സിനിമ അഭിനയിച്ച് പ്രബോധനം നടത്തിയില്ല " എന്ന് പറഞ്ഞ്‌ അവരെ ആക്ഷേപിക്കാനും നമുക്കറിയാം.

  ഈമാനുള്ള മിക്കവാറും പേര്‍ സിനിമ കാണാറില്ല. സിനിമ കാണുന്നവരില്‍ ഭൂരിപക്ഷത്തിനും അതിലെ രാഷ്ട്രീയം കാണാന്‍ കഴിയുന്നില്ല. സിനിമയുള്‍പ്പെടെയുള്ള ദ്രശ്യ മാധ്യമങ്ങളോടുള്ള മുസ്ലിം സമുദായത്തിന്റെ നിലപാട് പുന പരിശോധിക്കേണ്ടതാണ്. ഒരു വിഭാഗം അതെല്ലാം ഹറാമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. മറ്റൊരു കൂട്ടര്‍ ഒരു വിനോദമെന്ന നിലയില്‍ അതിനെ കാണുന്നു. ശക്തമായ ഒരു മാധ്യമം എന്ന നിലയില്‍ സിനിമയെ കാണുന്നവര്‍ എത്ര പേര്‍ ഉണ്ട്?
  ഒരു സിനിമയെ നല്ല രൂപത്തില്‍ നിരൂപണം നടത്താന്‍ കഴിവുള്ളവര്‍ ഈ സമുദായത്തില്‍ എത്രയുണ്ട്?

  അങ്ങനെ അതില്‍ ഇസ്ലാമിനെയോ മുസ്ലിംകളെയോ ഇകഴ്ത്തുന്ന വല്ലതും വന്നാല്‍ അതിന്റെ പേരില്‍ നാം വിലപിക്കുകയും ചെയ്യുന്നു. ഈയടുത്ത കാലം വരെയും വീതിയുള്ള പച്ച ബെല്‍റ്റും താടിയും തലേകെട്ടും ഒക്കെയായിരുന്നു മുസ്ലിമിന്റെ അടയാളം. പല സിനിമകളിലെയും മുസ്ലിംകളുടെ മലബാര്‍ സംസാര ശൈലി മലബാരുകാരനായ എനിക്ക് പോലും മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു.

  കവിതയ്ക്ക് കവിതയിലൂടെയും സിനിമക്ക്‌ സിനിമയിലൂടെയും മറുപടി പറയാന്‍ നമുക്കാകണം. റസൂല്‍ സിനിമ അഭിനയിച്ച് ഇസ്ലാമിക പ്രബോധനം നടത്തിയില്ല എന്ന ന്യായം ആ മേഖലയാകെ ഇസ്ലാം വിരുദ്ധര്‍ക്ക് വിട്ടുകൊടുക്കാനുള്ളതായിക്കൂടാ. റസൂലിന്റെ കാലത്ത്‌ സിനിമയിലൂടെ ഇസ്ലാം ആക്രമിക്കപ്പെട്ടിട്ടുമില്ല. കവിതയിലൂടെ ഇസ്ലാമിനെ ആക്രമിച്ചവര്‍ക്ക് അതിലൂടെ തന്നെ മറുപടി പറഞ്ഞ പാരമ്പര്യമാണ് ഇസ്ലാമിനുള്ളത്.

  പറഞ്ഞു വന്നത് നമ്മള്‍ മാറി നില്‍ക്കേണ്ട ഒരു മേഖലയല്ല ഇത് എന്നാണു.മാറി നിന്നുള്ള കേവല വിലാപങ്ങള്‍ നമുക്ക്‌ ഒന്നും നെടിത്തരുന്നില്ല.

  ReplyDelete
 2. മാറ്റത്തിന്‍റെ ചിറകടികള്‍ക്കായി കാതോര്‍ക്കുന്നവര്‍ക്ക് ഇവിടെ അന്നും ഇന്നും ഇസ്ലാമികപ്രസ്ഥാനം തന്നേയുള്ളല്ലൊ,ടീച്ചര്‍..! കാലാകാലങ്ങളായി ഇസ്ലാമിക സമൂഹത്തില്‍ അവര്‍ പാകിയ വിത്തുകള്‍ ഇന്ന് പല രംഗങ്ങളിലും വളര്‍ന്ന് പന്തലിച്ചിരിക്കുന്നു.

  സ്ത്രീ വിദ്യഭ്യാസം അരുതെന്ന് തെറ്റായിധരിച്ചൊരു കാലഘട്ടത്തില്‍ ധീരമായി വനിതകള്‍ക്കായി ഹോസ്റ്റല്‍ സൌകര്യത്തോടെ(1965കളീല്‍)വിദ്യാലയം സ്ഥാപിച്ച് മാതൃക സൃഷ്ടിച്ചവര് മറ്റാരാണ്‍..? അതിന്‍റെ പേരില്‍ സങ്കുചിതസമുദായക്കാരില് നിന്നും എത്രയെത്ര ഭീഷണികളും ഫിത്നകളും ഏറ്റുവാങ്ങേണ്ടി വന്നുവെന്നത് ഇന്ന് കൌതുകപൂര്‍വം ഓര്‍ത്ത് പോവുന്നു..!

  വര്‍ഷങ്ങള്‍ക്ക് മുമ്പ് വനിതകള്‍ക്ക് വേണ്ടി,പ്രസിദ്ധീകരിച്ച് തുടങ്ങി ഇന്നും മുടങ്ങാതെ പ്രശസ്തമായി രംഗത്തുള്ള “ആരാമം മാസിക” വിരല്‍ചൂണ്ടുന്നതും മറ്റൊരു വനിതാമുന്നേറ്റം തന്നെ..! ആരാമത്തിന്‍ ചുവടൊപ്പിച്ച് ഈ സമുദായത്തിനകത്ത് തലകാണിക്കാന്‍ തുടങ്ങിയ പല വനിതാപ്രസിദ്ധീകരണങ്ങളും പുരുഷമേധാവിത്തത്തിലാണെന്ന് നാമറിയുക.ആരാമം അന്നുമിന്നും പാകപ്പെടുന്നത് വളയിട്ട കൈകളിലൂടെയാണല്ലൊ.

  ലക്ഷത്തില്‍ പരം വരുന്ന വനിതകള്‍ സംഗമിച്ച,മഹാസമ്മേളനം നിളയുടെ തീരത്ത് സംഘടിപ്പിച്ചതിന്‍റെ ക്രഡിറ്റ് ടീച്ചറടങ്ങുന്ന വനിതാപ്രസ്താനത്തിന്‍ മാത്രം അവകാശപ്പെട്ടത് തന്നെ..!

  ഇനിയിപ്പോള്‍ ദൃശ്യമാധ്യമരംഗത്ത് കൂടി മഹിളകള്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നറിയുമ്പോള്‍ നാം സന്തോഷിക്കുക.സിനിമാരംഗത്തെ അശ്ളീലതയില്‍ നിന്നും ശുദ്ധീകരിക്കാന്‍ കാലം കൈയേല്പിക്കുന്നതും സ്ത്രീകളെയാണെന്നത് ഒരു നിയോഗമായിരിക്കാം.എല്ലാത്തിലുമെന്ന പോലെ ഈ രംഗത്തും വിമര്‍ശനങ്ങളും,ഫിത്നാദി-ആരോപണങ്ങളും പൂചെണ്ടുകളായി സ്വീകരിക്കാന്‍ തയ്യാറാവണമെന്ന് മാത്രം..! കുരക്കുന്നവര്‍ ഒചപ്പെടട്ടെ,വനിതകള്‍ മുന്നേറുക...

  “അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന ഏതു കര്‍മ്മവും പ്രതിഫലാര്‍ഹം തന്നെ. അല്‍ഹംദുലില്ലാഹ്.”

  ReplyDelete
 3. അബൂദബി: 'സെക്കന്റ് വൈഫ്' ഒരു അറബ് ഹൃസ്വചിത്രമാണ്. പേര് സൂചിപ്പിക്കും പോലെ അറബ് വംശജനും രണ്ടാം ഭാര്യയും തമ്മിലുള്ള ബന്ധത്തിന്റെ കഥയല്ല ഇത്. അറബിയുടെ കാറുകളോടുള്ള പ്രണയത്തെ കുറിച്ചാണ് ഈ ലഘുചിത്രം പറയുന്നത്. ഇങ്ങനെ ജീവിത ചുറ്റുപാടുകളില്‍ നിന്നെടുത്ത വിഷയങ്ങളുമായി സിനിമാലോകത്തേക്ക് ധൈര്യപൂര്‍വ്വം കടന്നുവരികയാണ് അറബ് യുവതികള്‍. സ്ത്രീധനം, സൗഹൃദം, ബാല വിവാഹം തുടങ്ങിയ വിഷയങ്ങള്‍ അവര്‍ അഭ്രപാളിയിലെത്തിക്കുന്നു. അബൂദബി ചലച്ചിത്രോല്‍സവത്തിന്റെ 'എമിറേറ്റ്‌സ് കോമ്പറ്റീഷന്‍' വിഭാഗത്തില്‍ അറബ് യുവതികള്‍ ഒറ്റക്കും കൂട്ടായും സംവിധാനം ചെയ്ത 13 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. യു.എ.ഇയില്‍ നിന്ന് ഒമ്പതും ഖത്തറില്‍ നിന്ന് ആറും സൗദി അറേബ്യയില്‍ നിന്ന് രണ്ടും സംവിധായികമാരാണുള്ളത്.
  ദുബൈ സ്വദേശിയായ മുവാസ അല്‍ ശെരീഫ് ആണ് 'സെക്കന്റ് വൈഫി'ന്റെ (15 മിനിട്ട്) സംവിധായിക. ദുബൈ വിമന്‍സ് കോളജിലെ കമ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിനിയായ മുവാസയുടെ രണ്ടാമത്തെ ഡോക്യുമെന്റിയാണിത്. ഇതേ കോളജിലെ അഹ്‌ലം അല്‍ബന്നൈയും ജുമാന അല്‍ ഘാനെമും അറബി ഭാഷയുടെ സമകാലീന അവസ്ഥ വിശകലനം ചെയ്യുന്ന 'ഐ ആം അറബ്' എന്ന ഡോക്യുമെന്ററിയുമായാണ് (21 മിനിട്ട്) എത്തിയിരിക്കുന്നത്. സ്ത്രീധനം എന്ന വിഷയത്തെ ഗൗരവമായും തമാശയിലൂടെയും സമീപിക്കുന്ന 'ദി ഡൗറി' (17 മിനിട്ട്) സംവിധാനം ചെയ്തിരിക്കുന്നതും ദുബൈ വിമന്‍സ് കോളജിലെ കമ്യൂണിക്കേഷന്‍സ് വിദ്യാര്‍ഥിനിയാണ്, മായിത്ത ഹംദാന്‍.

  ReplyDelete
 4. കഅബയും പരിസരവും കണ്ടവനും കാണാത്തവനും സമമല്ലല്ലോ.


  കഅബയുടെ ഉള്‍ഭാഗം വീഡിയോ

  ReplyDelete
 5. കഅബയുടെ ഉള്‍ഭാഗം വീഡിയോ kanaan


  http://hilltopvoice.blogspot.com/2009/08/blog-post_19.html

  ReplyDelete
 6. Blog cheyyunnavarude Rani aanu thanal..daily 1 blog..

  :0

  :)

  ReplyDelete
 7. ഇസ്ലാമിനെ ജനകീയ വല്കരിക്കുക എന്നാ പേരില്‍, പര്ധയിട്ട സ്ത്രീകള്‍ / പുരുഷന്മാര്‍ കുറെ സിനിമ കണ്ടത് കൊണ്ടോ ഇറക്കിയത് കൊണ്ടോ ഇസ്ലാം ജനകീയമാവില്ല. ഒരു പക്ഷെ നിങ്ങള്‍ ജന്കീയരായെക്കം, സിനിമ കാണാന്‍ തെയട്രുകളിലേക്ക് ഇടിച്ചു കയറുമ്പോള്‍.. :) ഇസ്ലാം ജനകീയമാവനമെങ്ങില്‍ മനുഷ്യരുടെ അരികുവല്‍കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കണം, ഇപ്പോള്‍ സോളിഡാരിറ്റി ക്ക് സമൂഹത്തില്‍ സ്പേസ് ലഭിച്ചതു അങ്ങനെ അല്ലെ.? സ്ത്രീകള്‍, ചെയ്യേണ്ടത് സിനിമ പിടുത്തമോ അതിനെ കുറിച്ചുള്ള ഗഹനമായ ചരച്ചകള്‍ അല്ല ചെയ്യേണ്ടത്. ഇസ്ലാം പുരുഷ കേന്ദ്രീക്രിതമെന്ന മോടെര്നിസ്ടുകളുടെ വാദത്തില്‍ നിന്നാണ് മുസ്ലിം സ്ത്രീ സമൂഹത്തിനും ഇത്തരം ചിന്തകള്‍ കടന്നു കൂടുന്നത്. ഫെമിനിസം എന്ന് ഇതിനെ ഞാന്‍ വിളിക്കുന്നില്ല കേട്ടോ :) ചര്‍ച്ച നടക്കട്ടെ. ഞാന്‍ ഏതായാലും ഇത്തരം മേളകള്‍ നടത്തുന്നതിനോട് ഒരു അല്പം (അല്പം മാത്രം) വിയോജിപ്പാണ്. :)

  ReplyDelete