Sunday, November 28, 2010

തിന്മകള്‍ക്കെതിരെ ശക്തമായി പോരാടാം

സൂറത്ത് 'ശുഅറാഇ'ലൂടെ യാത്രചെയ്താല്‍ ഓരോ പ്രവാചകന്മാരും എന്തായിരുന്നു തങ്ങളുടെ ജനതയോട് പ്രബോധനം നടത്തിയിരുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. നമ്മള്‍ പ്രവാചകന്മാരുടെ പിന്‍ഗാമികളാണ്. നബി (സ) പറഞ്ഞു: 'പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്.' നമുക്ക് ലഭിക്കുന്ന അറിവുകള്‍ക്കനുസരിച്ച് നാം നമ്മുടെ സമൂഹത്തെ ഉദ്ധരിക്കേണ്ട ബാധ്യതക്കാരാണ്.

ഈ കുറിപ്പെഴുതാനുള്ള പ്രചോദനം, സമൂഹത്തില്‍ കാണുന്ന തിന്മകളുടെ വേലിയേറ്റത്തെപ്പറ്റിയുള്ള ആവലാതികളാണ്. നാമൊന്ന് യാത്രചെയ്തുനോക്കുക. നിര്‍ലജ്ജതയും അശ്ലീലതയും മുറ്റിനില്‍ക്കുന്ന പരസ്യപ്പലകകളാണ് റോഡില്‍ മുഴുവന്‍. നഗ്നപ്രതിമയുടെ മാറ് രണ്ടും അരിഞ്ഞുകളഞ്ഞത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമായി രണ്ടുദിവസമായി വരുന്ന ചില മെയിലുകളില്‍ കാണുന്നുണ്ട്. സ്ത്രീകള്‍ തന്നെയാണ് അത് ചെയ്തതത്രെ. പുരുഷന്‍ ഫുള്‍ സ്യൂട്ടും സ്ത്രീ അര്‍ധനഗ്നയുമായി പ്രദര്‍ശിപ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ എത്രയാണ്? കണ്ടുകണ്ട് മനുഷ്യര്‍ക്ക് കണ്ണ് മരവിച്ചുപോയോ? പണ്ഡിതന്മാര്‍ ഇതിനെതിരില്‍ ഒരക്ഷരം മിണ്ടുന്നില്ല. എന്തിനധികം, എന്റെ നാട്ടിലെ ടൗണില്‍ മോശം ചില പരസ്യങ്ങള്‍ ഉണ്ടായിരുന്നു (ഇപ്പോഴും കുറച്ചൊക്കെ ഉണ്ട്). വലിയ തുണിക്കടയുടെ പരസ്യമാണ്. ഇസ്‌ലാഹിപ്രസ്ഥാനത്തിന്റെ ടൗണിലെ ആള്‍ക്കാരുടേതാണത്. ഞാന്‍ അവരുടെ ഒരു സുഹൃത്ത് മുഖേന ഈ വിവരം അറിയിക്കുകയും തുടര്‍ന്ന്‌ പള്ളിക്ക് നേരെ ഉണ്ടായിരുന്നത് മാറ്റി എന്നാണറിഞ്ഞത്.

ശുഅറാഅ്‌ സൂറത്തിലേക്കുതന്നെ പോകാം നമുക്ക്. ലൂത്ത്‌നബി (അ)യുടെ ജനതയെ നശിപ്പിച്ച കഥ എത്രതവണ വായിച്ചാലും പോരാ. ഇന്നത്തെ പാശ്ചാത്യസമൂഹത്തില്‍ ലെസ്ബിയന്‍ എന്നൊക്കെ സാധാരണ പേരായിമാറിയിരിക്കുന്നു. ചാവുകടല്‍ത്തീരം! 80 കിലോമീറ്റര്‍ നീളവും 18 കിലോമീറ്റര്‍ വീതിയുമാണെന്നാണറിവ്. ലൈംഗികവൈകൃതം നിറഞ്ഞ ഒരു സമൂഹത്തെ ഒന്നടങ്കം കീഴ്‌മേല്‍ മറിച്ച നാട്. ഭീതിയും അസ്വസ്ഥതയുമാണവിടം നമുക്കനുഭവപ്പെടുക. അല്ലാഹു പറയുന്നു: നാം അവരുടെ മേല്‍ ഒരു മഴ വര്‍ഷിപ്പിച്ചു. എത്ര മോശമായ മഴയായിരുന്നു അത്. തീര്‍ച്ചയായും അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍, അധിക പേരും വിശ്വാസികളല്ല. (ശുഅറാഅ് 173, 174)

ഈയിടെ ബേംബെ തീരത്തുനിന്ന് എ.ഡി. 76-ലോ മറ്റോ നശിപ്പിക്കപ്പെട്ട ഒരു ഗ്രാമത്തിലേതെന്ന് മനസ്സിലാകുന്ന ചില അസ്ഥികൂടങ്ങള്‍ കണ്ടെടുക്കപ്പെട്ടതായി www.kaheel7.com സൈറ്റില്‍ കാണുകയുണ്ടായി. അവിടെയും സ്വവര്‍ഗരതിക്കാരായ ആള്‍ക്കാര്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.


എന്തായിരുന്നാലും സമൂഹത്തില്‍ നടമാടുന്ന തിന്മകള്‍ക്കെതിരെ ശക്തമായി നിലകൊള്ളാനും തിരുത്താനും നമുക്ക് കഴിയേണ്ടതുണ്ട്. അല്ലാഹു ഖുര്‍ആനിലൂടെ വിവരിച്ചുകാട്ടിയ പ്രവാചകന്മാരുടെ മാതൃകകള്‍ ഉള്‍ക്കൊള്ളുകയും, അവരെ പരിഹസിച്ച ജനതകള്‍ക്ക് സംഭവിച്ച അപകടങ്ങളെപ്പറ്റി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ നാം ഒരിക്കലും മടിക്കരുത്. അല്ലെങ്കില്‍ നാമും ആ ജനതയോടൊപ്പം തൂത്തുവാരപ്പെടും. അല്ലാഹു അവന്റെ ശിക്ഷയിറക്കി നശിപ്പിക്കുന്ന ഹതഭാഗ്യരില്‍നിന്ന് നമ്മെയും നമ്മുടെ സന്താനപരമ്പരകളെയും കാത്തുരക്ഷിക്കട്ടെ - ആമീന്‍.

നമ്മെ അലോസരപ്പെടുത്തുന്ന മറ്റൊരു കാര്യം, എല്ലാ പ്രവാചകന്മാരുടെ കാലത്തും നടമാടിയ എല്ലാ അധര്‍മങ്ങളും നമ്മുടെ ഈ ലോകത്തും ശക്തമായിത്തന്നെ നിലനില്‍ക്കുന്നു. ഖുര്‍ആനില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാനാവണം നമ്മുടെ മുഴുവന്‍ ശ്രമവും. എല്ലാ പ്രവാചകന്മാരും പരിഹാസവും മര്‍ദ്ദനവും ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ, അന്തിമമായ വിജയം അവര്‍ക്കുമാത്രം അവകാശപ്പെട്ടതാണ്. ഖുര്‍ആന്‍ അര്‍ത്ഥസഹിതം ഒന്നു വായിക്കാന്‍ - അത് ശീലമില്ലാത്തവര്‍ക്ക് - ഈ കുറിപ്പ് പ്രേരണ നല്‍കുന്നെങ്കില്‍ നിങ്ങളുടെ ഈ സഹോദരി കൃതാര്‍ഥയായി. എല്ലാ സ്തുതിയും സര്‍വശക്തനു മാത്രം.

9 comments:

 1. ലേഖനം നന്നായി

  ReplyDelete
 2. ഖുര്‍ആന്‍ അര്‍ത്ഥസഹിതം ഒന്നു വായിക്കാന്‍ - അത് ശീലമില്ലാത്തവര്‍ക്ക് - ഈ കുറിപ്പ് പ്രേരണ നല്‍കുന്നെങ്കില്‍ നിങ്ങളുടെ ഈ സഹോദരി കൃതാര്‍ഥയായി...അതു തന്നെയാ എനിക്കും പറയാനുള്ളത്.

  ReplyDelete
 3. "പണ്ഡിതന്മാര്‍ പ്രവാചകന്റെ പിന്‍ ഗാമികളാണ്.എത്ര പണ്ഡിതന്മാര്ക്കു ഇതു ഓര്മ്മയുണ്ടകുമോ എന്തോ

  ReplyDelete
 4. KOLLAAM..vaayikkan vaikippoyathinu afsos ho ra ha ha..puthya postonnumille maashe

  ReplyDelete
 5. മാധ്യമത്തിന്റെ ബാക്ക് പേജ് ഇപ്പോള്‍ തുണിയില്ലാതതായി തുടങ്ങി. റബ്ബേ നീ തന്നെ തുണ

  ReplyDelete
 6. alhamdulliha.............. teacher...vallare nannayirikkunnu......

  ReplyDelete
 7. സബിത ടീച്ചറുടെ നിരീക്ഷണങ്ങൾ സാമൂഹ്യപ്രതിബദ്ധതയുടെ സാക്ഷ്യപത്രമാണ്.തിന്മകൾക്കെതിരെ പോരാടാനുള്ള ആഗ്രഹവും ശ്ളാഘനീയമാണ്. പക്ഷെ, എന്താണ് തിന്മ? തിന്മ ആപേക്ഷികമാണോ? അപരൻ ചെയ്യുമ്പോൾ തെറ്റും ഞാൻ ചെയ്യുമ്പോൾ ശരിയുമാകുന്നതാണോ തിന്മ? ഗൌരവമായി ആലോചിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് നാട്ടിൽ പൊതുവെ തിന്മയായി വ്യവഹരിക്കപ്പെടുന്ന സ്ത്രീധനം തന്നെയെടുക്കാം. എന്താണ് നമുക്കു ചുറ്റും കണ്ടുകൊണ്ടിരിക്കുന്ന്ത്. മതാധ്യാപനങ്ങളേയും നാട്ടിലെ നിയമങ്ങളെയും നോക്കുകുത്തിയാക്കി വിശ്വാസികളും അല്ലാത്തവരും തങ്ങൾക്കു സാധ്യമാകും വിധം മത്സരിക്കുകയാണ് ഇക്കാര്യത്തിൽ. സമ്പന്നരും മധ്യവർഗ്ഗവും സാധാരണക്കാരും തമ്മിൽ അനുപാതത്തിലേ വ്യത്യാസമുള്ളു. ഉത്പതിഷ്ണൂക്കളും പാരമ്പര്യവാദികളും ഈ കുളിമുറിയിൽ നഗ്നരാണ്.അതു പോലെ നമ്മുടെ കാലഘട്ടത്തിലെ, നമുക്കു ചുറ്റുമുള്ള വീടുകൾ! സ്വയം കെട്ടിപ്പൊക്കിയ കൊട്ടാരങ്ങളിലിരുന്ന് ലാളിത്യത്തെക്കുറിച്ചും മിതവ്യയത്തെക്കുറിച്ചും സമൂഹത്തിലെ ദുർബ്ബലരോട് ഗീർവാണമടിക്കുന്നവരുടെ കാലമാണിത്. സ്വന്തം ജീവിതായോധനത്തിനാവശ്യമായ വിഭവശേഖരണം നടത്തുന്നതിലുപരി, വരും തലമുറകൾക്കുള്ള നിധിശേഖരങ്ങൾ കനത്ത ബാങ്ക്‍ ബാലൻസിന്റെ രൂപത്തിൽ കരുതി വെക്കുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് പരിഷ്കരണ/പാരമ്പര്യ ഭേദമില്ലാതെ എല്ലാവരും. വൈരുധ്യങ്ങളുടെ പെരുമഴയിൽ നിർവ്യാജമായ ജീവിതം മൌഡ്യമാണെന്ന് പറയാതെ പറഞ്ഞുകൊണ്ടിരിക്കുകയാണ് നമ്മുടെ ജീവിതപരിസരം.

  ReplyDelete
 8. പ്രകാശ്‌ പറഞ്ഞതില്‍ ഒരു പാട് സന്തോഷം.....വളരെ നന്നായി
  ടീച്ചര്‍ മോന്‍ പറഞ്ഞപോലെ ജീവിക്കാന്‍ തീവ്രമായി ശ്രമിക്കുന്ന ആളാണ്‌
  വലിയ സ്വത്തൊന്നും കയ്യിലില്ല ....കാശു ഉണ്ടാക്കാമായിരുന്നു എങ്കില്‍ ഒരു പാട് ഉണ്ടാക്കാമായിരുന്നു....അതുറപ്പാ .......
  പക്ഷെ സഹജീവികളെ ഉള്‍പ്പെടുത്തിക്കൊണ്ട് തന്നെ ജീവിക്കുന്നു....
  ഇനിയും ഇത്തരം അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 9. ടീച്ചറുടെ ലേഖനങ്ങൾ സൂക്ഷമമായി വായിക്കുന്ന ഒരു വിനീതൻ,വളരെ അകലെ അബൂദാബിയിലെ ഒരു ഫ്ലാറ്റിൽ നിന്നും.ചില വരികൾ കണ്ണ് നനയിക്കാറുണ്ട്. ഖുർ ആന്റെ ദൌത്യ ത്തിൽ നിന്നും പിന്തിരിഞ്ഞവർക്ക് നിന്ദ്യതയല്ലാതെ മറ്റെന്ത്? ജീവിത വിരക്തി ഇസ്ലാം ആവശ്യപ്പെടുന്നില്ല. സുഹ്ദ് ആവശ്യപ്പെടുന്നുണ്ട്. സുഹ്ദ് എന്നാൽ ജീവിതാർത്തി കുറക്കുക എന്നർത്ഥം. തിന്മ സാമൂഹികമായി(പരസ്യമായി) ചെയ്യുക, അല്ലെങ്കിൽ അതിനെ എതിർക്കാൻ സമൂഹത്തിൽ ആളില്ലാതവുകയും ചെയ്യുക. ഇതിനർത്ഥം ആ സമൂഹം സമൂലനാശത്തിന്നു അർഹരാണ്.എപ്പോഴും ദൈവീക ശിക്ഷ പ്രതീക്ഷിക്കാം.പലരൂപത്തിൽ. ആർത്തിയുടെ ജീവിതം(മുതലാളിത്ത ജീവിത രീതി) മൊത്തം തിന്മ തന്നെ.അതിൽ നിന്നു ഒരു ദൈവ വിശ്വാസിയും രക്ഷപ്പെടണമെന്നില്ല. ശക്തമായ പരലോക വിശ്വാസമില്ലാതെ.
  തിന്മയെ ഖുർ ആൻ മുൻകർ (അപരിചിതം) എന്നു പറയുന്നു. എന്നു വെച്ചാൽ മനുഷ്യ പ്രക്യതിക്ക് അപരിചിതമായത് എല്ലാം തിന്മ.
  മറ്റുള്ളവർ അറിയാതിരിക്കാൻ നീ ആഗ്രഹിക്കുന്നതെന്തോ? അതെല്ലാം തിന്മ തന്നെ
  പക്ഷെ നന്മക്കും തിന്മക്കും സമൂഹത്തിന്നു ശശ്വതമായ ഒരു അളവ് കോലില്ലെങ്കിൽ സഹോദരൻ പ്രകാശ് പറഞ്ഞത് പോലെയിരിക്കും കാര്യങ്ങൾ.
  ടീച്ചർക്ക് എല്ലാ ഭാവങ്ങളും

  ReplyDelete