Wednesday, December 15, 2010

പരിഹാസങ്ങള്‍ ഒഴിവാക്കുക, ദീനിനുവേണ്ടി ജീവിക്കുക

അറബി ലേഖനത്തിന്റെ മലയാളം പലരും ആവശ്യപ്പെടുകയുണ്ടായി. അതിന്റെ ആശയം പറയാം. വാസ്തവത്തില്‍, ഞാനെഴുതാനുണ്ടായ കാരണം, സ്ഥിരമായി പല മെയിലുകളിലൂടെയുമുള്ള മോശമായ വിമര്‍ശന വാചകങ്ങളാണ്. അത്തരം വാചകങ്ങള്‍ക്ക് നബി(സ)യുടെ ജീവിതത്തില്‍നിന്ന് മാതൃക കാണാനാവില്ല.

വാസ്തവത്തില്‍, നാം - മുസ്‌ലിംകള്‍ - ആരാണ്? നമ്മുടെ സൃഷ്ടിപ്പിനെപ്പറ്റി 'ഭൂമിയില്‍ ഞാനൊരു പ്രതിനിധിയെ വെക്കുകയാണ്' എന്നാണ് പടച്ചതമ്പുരാന്‍ പറഞ്ഞത്. വിശ്വാസികളോട് സൂറത്തുല്‍ ഹുജുറാത്തിലൂടെ ചില കാര്യങ്ങള്‍ റബ്ബ് ഉപദേശിക്കുന്നുണ്ട്. 'നിങ്ങളിലൊരു വിഭാഗം മറുവിഭാഗത്തെ പരിഹസിക്കരുത്. സ്ത്രീകളും പരിഹസിക്കരുത്. പരിഹസിക്കുന്നവരേക്കാള്‍ ഉത്തമരായേക്കാം പരിഹസിക്കപ്പെടുന്നവര്‍. രണ്ടാം പേര് വിളിക്കരുത്. കുത്തിപ്പറയരുത്. വിശ്വാസികളെ സംബന്ധിച്ച് രണ്ടാം പേര് എത്രയോ മോശം.'

മടവൂരികള്‍, ഖുബൂരികള്‍, കാരന്തൂരികള്‍, മൗദൂദികള്‍ എന്നു തുടങ്ങി സുഡാപ്പികള്‍ എന്നിങ്ങനെ ഇതിന്റെ അപ്പുറത്തേക്കും നീളുന്ന പുച്ഛവാക്കുകള്‍. സോളിക്കുട്ടികള്‍ എന്ന് സോളാഡിാരിറ്റിക്കാരെ വിളിക്കുന്നു. ചില മെയിലുകള്‍ കണ്ടാന്‍ തോന്നുക, ഈ ലോകത്തുനിന്ന് സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും ടിക്കറ്റ് കൊടുക്കാന്‍ ഏല്‍പ്പിക്കപ്പെട്ടവരാണിവരെന്ന്. തീര്‍ച്ചയായും ഇസ്‌ലാമില്‍ ഇതിന് മാതൃകയില്ല. പോസിറ്റീവ് വിമര്‍ശനങ്ങള്‍ ആകാം. ഒരു മെയിലില്‍ കണ്ടതാണ്. മൗദൂദിയുടെ വിഷവിത്തുകള്‍ കേരളത്തില്‍ എങ്ങനെ എത്തി എന്ന്. തമ്പുരാനേ, നീ എല്ലാവര്‍ക്കും പൊറുത്തുകൊടുക്ക്.

നാമോര്‍ത്തുനോക്കുക. ഇന്നത്തെ മുസ്‌ലിം ഉമ്മത്തിന്റെ അവസ്ഥ. കഴിഞ്ഞതിനു മുമ്പത്തെ വ്യാഴാഴ്ച ഫലസ്തീനില്‍നിന്ന് എനിക്കൊരു മെയില്‍ വന്നു. അന്നത്തെ വാര്‍ത്തയാണ്. മസ്ജിദുല്‍ അഖ്‌സയില്‍ അന്ന് സുബ്ഹിക്ക് 40 വയസ്സില്‍ താഴെയുള്ളവരെയൊന്നും കയറ്റിയില്ല. ജൂതന്മാരുടെ 150-ഓളം പേര്‍ സംഘങ്ങളായി കയറി, അഖ്‌സാ വളപ്പില്‍ പ്രാര്‍ഥനകള്‍ നടത്തി. പള്ളിയിലുണ്ടായ പ്രായമുള്ളവര്‍ തക്ബീര്‍ ചൊല്ലിയപ്പോള്‍ പട്ടാളക്കാര്‍ ഭീഷണിപ്പെടുത്തിയത്രെ, പുറത്താക്കുമെന്ന്. നിങ്ങള്‍ ആ ചിത്രം ഒന്ന് മനസ്സില്‍ കണ്ടുനോക്കുക. മസ്ജിദുല്‍ അഖ്‌സയും പരിസരവും നേരില്‍ കാണാന്‍ റബ്ബ് അനുഗ്രഹിച്ചതിനാല്‍, ആ രംഗം ഓര്‍ത്ത് ഞാന്‍ കരയുകയാണിപ്പോള്‍. നിസ്സഹായരായ ആ സാധുക്കള്‍. പാവം അഖ്‌സാ... മുസ്‌ലിമായ ഞാനും നിങ്‌ളും നാളെ റബ്ബിന്റെ മുമ്പില്‍ അഖ്‌സായുടെ വിഷയത്തില്‍ ചോദ്യം ചെയ്യപ്പെടുമോ? ചോദ്യംചെയ്യപ്പെട്ടാല്‍ എന്തായിരിക്കും മറുപടി പറയുക? മുത്തുനബി (സ) ഇസ്‌റാഉം മിഅ്‌റാജും നടത്തിയ പുണ്യഭൂമിയെ കളങ്കപ്പെടുത്തുന്നത് കണ്ടുനിന്നിട്ടും ഇവിടെ പരസ്പരം ചീത്തവിളിക്കുന്ന മുസ്‌ലിംകള്‍. ദയവുചെയ്ത് ഇതുപോലുള്ള വിഷയങ്ങളില്‍ ഈ മുസ്‌ലിംകള്‍ക്കൊന്നും ചെയ്യാനില്ലേ?

കേരളത്തിലെ പ്രബലരായ മുസ്‌ലിം സംഘടനകളിലെ അംഗങ്ങളേ, നിങ്ങള്‍ പരസ്പരം സഹോദരന്മാര്‍ മാത്രമാണ്. നിങ്ങളുടെ റബ്ബ് അല്ലാഹുവാണ്. പ്രവാചകന്‍ മുഹമ്മദ് നബി (സ) ആണ്, ഗ്രന്ഥം ഖുര്‍ആനാണ്, ശരീഅത്ത് ഇസ്‌ലാമാണ്. അടിപിടി അവസാനിപ്പിക്കുക. ഒരിക്കല്‍ ലാഇലാഹ ഇല്ലല്ലാഹ് പറഞ്ഞ ഒരാളെ അറിയാതെ യുദ്ധത്തില്‍ കൊന്നപ്പോള്‍, മുത്തുനബി (സ) ചോദിച്ചില്ലേ - 'ആ ലാഇലാഹ ഇല്ലല്ലായെ നാളെ നീ പരലോകത്ത് എന്ത് ചെയ്യും? ഒരുതവണയല്ല പലതവണ ചോദിച്ചത്രെ!

അഖ്‌സായില്‍നിന്ന് ഇടക്കിടെ ചൂടുള്ള വാര്‍ത്തകള്‍ വരാറുണ്ട്. അവിടെ ഖുദ്‌സ് പട്ടണത്തില്‍, ഹീബ്രുവില്‍ ബോര്‍ഡെഴുതാന്‍ അധിനിവേശ സേന നിര്‍ബന്ധം പിടിക്കുന്നു. അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന്! നിങ്ങള്‍ എന്റെ പ്രൊഫൈലില്‍ ഒരു ചിത്രം കണ്ടോ? അവര്‍ അതില്‍ എഴുതിയിരിക്കുന്നത്, نحن باقون في قدسنا - ഞങ്ങള്‍, ഞങ്ങളുടെ ഖുദ്‌സില്‍ ബാക്കിയുണ്ട് - ഞങ്ങളെങ്ങോട്ടും പോകില്ല എന്നും വേറെ ബോര്‍ഡുകളില്‍ എഴുതിയിട്ടുണ്ട്.

എന്റെ സങ്കടം ഞാന്‍ നിങ്ങളോട് പങ്കുവെച്ചുവെന്നു മാത്രം. (ഇത് ആ ലേഖനത്തിന്റെ വിവര്‍ത്തനമല്ലാതായി. എങ്കിലും ലക്ഷ്യം ഒന്നുതന്നെ.) ഒന്ന് തര്‍ക്കം ഉപേക്ഷിക്കാന്‍ ശ്രമിക്കൂ, അല്ലാഹുവിനുവേണ്ടി. അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി. നാം എന്തെല്ലാം ഉപേക്ഷിക്കുന്നവരാണ്. എന്നിട്ട് ഉമ്മത്തിന്റെ നന്മയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടി ദുആ ചെയ്യുക. പരിശുദ്ധ മക്കയും മദീനയും ജൂതന്റെ വികസന അജണ്ടയിലുണ്ട്. നമ്മുടെ ജീവിതകാലത്ത് അതുകൂടി കാണാനിടവരാതിരിക്കാന്‍ പ്രാര്‍ഥിക്കുക. ഇപ്പോള്‍ത്തന്നെ ഹറമിന്റെ മുമ്പില്‍ കെന്റക്കിയും പെപ്‌സിയും ഉണ്ട്. ഒരു യുവാവ് കെന്റക്കി കഴിക്കരുത് എന്ന് പറഞ്ഞിട്ട് കാരണം പറഞ്ഞത്, ശനിയാഴ്ചത്തെ ലാഭം ഇസ്രായേലിന് കൊടുക്കണമെന്ന വ്യവസ്ഥയിലാണത്രെ കെന്റക്കിയുടെ ഡീലര്‍ഷിപ്പ് കൊടുത്തിട്ടുള്ളത്. സ്വലാഹുദ്ദീന്‍ അയ്യൂബിമാരെ പ്രസവിക്കാന്‍ ഏതെങ്കിലും ഗര്‍ഭപാത്രത്തിന് ഭാഗ്യം ലഭിക്കുമോ? ഞാനെഴുതുന്നത് വായിക്കുന്ന യുവതികളേ, നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടാകുമ്പോള്‍, അവന് മസ്ജിദുല്‍ അഖ്‌സാ മോചിപ്പിക്കാനുള്ള ഭാഗ്യമുണ്ടാകണേ എന്ന് ദുആ എങ്കിലും ചെയ്യുക.

എനിക്കിത്രക്കെഴുതീട്ടും സങ്കടം തീരുന്നില്ല. മദ്ഹബിന്റെ ഇമാമീങ്ങള്‍ പരസ്പരം പരിഹസിച്ചിട്ടുണ്ടോ? ഇല്ല, ഒരിക്കലുമില്ല. ഇസ്‌ലാമിക ചരിത്രത്തില്‍ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. കര്‍ബല അതില്‍ ഏറ്റവും ദുഃഖകരം. നാം അതില്‍നിന്ന് പാഠം പഠിച്ച് ഏകോദര സഹോദരങ്ങളാകാന്‍ ശ്രമിക്കുക - ആത്മാര്‍ഥമായി ദുആ ചെയ്യുക. മുസ്‌ലിമായ മനുഷ്യരോടാരോടും എനിക്ക് വിദ്വേഷമുണ്ടാക്കല്ലേ എന്ന്. പരലോകത്ത്, അപകടകരമായേക്കാവുന്ന വാചകങ്ങള്‍ വായിലൂടെയും പേനയിലൂടെയും വീഴാതിരിക്കാന്‍ ശ്രമിക്കുക.
ഞാന്‍ ഇലക്ഷനില്‍ തോറ്റപ്പോള്‍ ചിലരെങ്കിലും പരിഹസിച്ചുകൊണ്ട് മെയില്‍ അയച്ചു. ചില നല്ല ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചുമാത്രം നടത്തിയ ആ പ്രവര്‍ത്തനത്തെ മോശമായി കണ്ട് പരിഹസിച്ചതിലൂടെ എന്ത് നേടാനായി? ഒരു വിശ്വാസിയെ വേദനിപ്പിച്ചാല്‍, പരലോകത്ത് കുറച്ച് കുഴപ്പമാണത് എന്ന് മറക്കരുത് - നമുക്കെല്ലാവര്‍ക്കും റബ്ബ് പൊറുത്തുതരട്ടെ. അവന്റെ ദീന്‍ വളര്‍ത്താന്‍ നമുക്ക് ഭാഗ്യം ലഭിക്കട്ടെ. ആമീന്‍.

വസ്സലാം.

7 comments:

 1. ചില നോവുകള്‍ ശമിക്കില്ല...എന്നാലും ശമനത്തിനായി ശ്രമിക്കാനാവും..മുസ്ലിം ഉമ്മത്ത് പലകാര്യങ്ങളേയും പുനലാരോചനക്ക് വിധേയമാക്കാനിഷ്ടപ്പെടാത്ത പോലെ.!
  പല സുപ്രധാന വിഷയങ്ങളും സ്വാഭാവികമായി മറന്ന് പൊവുകയോ മറവി അഭിനയിക്കുകയോ ചെയ്യുന്നു.ചരക്ക് നഷ്ടം സഹിക്കാം,എന്നാല്‍ ഈ നഷ്ടബോധമില്ലായ്മ ഒട്ടും സഹിച്ചൂടാ.

  അങ്ങ് ഫലസ്ഥീന്‍ മക്കള്‍ കൊല്ലാക്കൊല ചെയ്യപ്പെടുമ്പോള്‍ ഇങ്ങ് ചിലര്‍ നിസ്സാര പ്രശ്നങ്ങളില്‍ വിശുദ്ധപോരാട്ടത്തിലാണ്‍..! പിന്നെ ചിലര്‍ക്ക് താല്പര്യം കൊതുക് ചോര നജസാണൊ അല്ലേ എന്ന് ഗവേഷണം നടത്താനും..!!
  പടച്ചവന്‍ കാക്കട്ടെ,ആമീന്‍.

  ReplyDelete
 2. വളരെ ശ്രദ്ധേയമായ ചിന്തകള്‍ . പക്ഷെ ആര് കേള്‍ക്കാന്‍ ?
  ഇത് കൂടി വായിക്കൂ

  http://liyanamol.blogspot.com/

  ReplyDelete
 3. ആറു മാസം മുമ്പാണെന്നു തോന്നുന്നു .ഞാന്‍ ഒരു ടിഷര്‍ട്ട്‌ വാങ്ങിയിരുന്നു . ആകെ നാല് ദിവസമേ അത് ഇടാന്‍ പറ്റിയുള്ളൂ. കാരണം എന്തെല്ലേ ..ആ T shirtil ഇങ്ങനെ എയുതിയിട്ടുണ്ടായിരുന്നു .قدس في قلوبنا എന്ന്. അത് കണ്ടവര്‍ എല്ലാം പറഞ്ഞു.ഇത്തരം ടി ഷര്‍ട്ട്‌ ഇടാന്‍ പാടില്ല ..CID പിടിക്കുമെന്ന്. .ആദ്യമൊക്കെ വരുന്നത് വരട്ടെ എന്നെ ധൈര്യത്തില്‍ ഞാന്‍ ഉപയോഗിച്ചു.പിന്നെ എനിക്കും പേടിയായിത്തുടങ്ങി.ഭീരുതമെന്നു വിളിക്കല്ലേ ..ഇതാണ് ഗള്‍ഫിലെ അവസ്ഥ

  ReplyDelete
 4. നല്ല ചിന്തകൾ!
  നന്മയുള്ള മനസ്സ്!!
  നന്നായി അവതരിപ്പിച്ചു!!!

  ഭാവുകങ്ങൾ...

  അർഹമായ പ്രതിഫലം ലഭ്യമാകട്ടെ...

  ReplyDelete
 5. Very very Good think,,,,,,,,,,,,,,,,,,,I dont know wat say,,,,,,,,,,Best wishes With prayer my dear,,,,,,,,,,,,

  ReplyDelete
 6. ടീച്ചർക്കു അല്ലഹു അളവറ്റ പ്രതിഫലം നൽകട്ടെ..വായിച്ചു കഴിഞ്ഞപ്പോഴേക്കും എന്റെയും കണ്ണു നിറഞ്ഞു..സംഘടനയും കൂട്ടായ്മകളുമൊക്കെ ഉദ്ദേശ്യങ്ങളിൽ നിന്നും വ്യതിചലിക്കുംപോൾ ഇതൊക്കെ സ്വാഭാവികം.അല്ലെങ്കിലും അപരന്റെ കുഴപ്പങ്ങളാണല്ലൊ തന്റെ മികവ്.ഉത്തരേന്ത്യയിലും പാകിസ്താനിലുമൊക്കെ ബറേൽവി ധാരയിലുള്ളവർ ഇതു പോലെ മോശമായ ഭാഷ ഉപയോഗിക്കുന്നവരാണു.നിയ്യത്ത് മാറുമ്പോൾ പിശാച് കാര്യങ്ങൾ ഏറ്റെടുക്കുന്നു...അല്ലാഹു എല്ലാവർക്കും പൊറുത്തു തരട്ടെ.ഇതിനിക്കെ അല്ലഹു നമ്മളെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ...കുടുങ്ങിപ്പോവും നമ്മൾ..ടീച്ചറ്ക്കു ഇനിയും എഴുതാൻ അല്ലഹു കരുത്തു തരട്ടെ എന്നു ദുആ ചെയ്യുന്നു..വസ്സലാം
  January 11, 2011 2:14 AM

  ReplyDelete