Sunday, December 5, 2010

സുജൂദിന്റെ മഹത്വം

ഒരു അറബിസ്ത്രീ എഴുതിയ സംഭവകഥയാണിത്. അംറ്ഖാലിദ് സൈറ്റില്‍ വായിച്ചതാണ് എന്നാണെന്റെ ഓര്‍മ. അവര്‍ റെസ്റ്റോറന്റില്‍ കയറിയപ്പോള്‍ അഭിമുഖമായി ഒരു പര്‍ദ്ദാധാരിണി. കണ്ണുകളിലൂടെ അവര്‍ ഒരു യൂറോപ്യന്‍ സ്ത്രീയാണെന്ന് മനസ്സിലായി. അവര്‍ ഇസ്‌ലാം സ്വീകരിച്ചവരാണെന്ന് തോന്നിയപ്പോള്‍ അറബിസ്ത്രീ ചോദിച്ചത്രെ, നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ നിങ്ങളുടെ കഥ ഞാനുമായി ഒന്ന് പങ്കിടാമോ? സോഫി (അതായിരുന്നു അവരുടെ പേര്) പറയാന്‍ തുടങ്ങി:

ഞാന്‍ ഹോളണ്ടില്‍ ജനിച്ചുവളര്‍ന്ന ഒരു ക്രിസ്ത്യന്‍ സ്ത്രീയായിരുന്നു. എന്റെ മാതാപിതാക്കള്‍ എന്നെ സന്യാസിനിയാക്കണമെന്നാണാഗ്രഹിച്ചിരുന്നത്. ഞാന്‍ സ്‌കൂള്‍പഠനം കഴിഞ്ഞ് പ്ലസ്ടുവിന് അടുത്തുള്ള ഒരു സ്‌കൂളില്‍ ചേര്‍ന്നു.
അതിനിടെ സോഫി മറ്റൊരു കാര്യം പറഞ്ഞു: 'ഞാന്‍ പറയട്ടെ, മുസ്‌ലിംകളെപ്പറ്റിയുള്ള എന്റെ ധാരണ വളരെ മോശമായിരുന്നു. കാരണം, ഞങ്ങളുടെ നാട്ടില്‍ ഒരു അറബിയെയോ മുസ്‌ലിമിനെയോ
ഞാന്‍ കണ്ടിട്ടില്ല. എന്റെ മാതാവില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്, മുസ്‌ലിംകള്‍ മനുഷ്യരെ കൊല്ലുന്നവരും ഒട്ടകസവാരി നടത്തുന്നവരും ആണ്. യാതൊരു കാരണവശാലും അവരോടടുക്കരുത് (ഈ പ്രസ്താവനകള്‍ ഞാന്‍ കുട്ടിക്കാലത്തേ കേട്ടത്തിനാല്‍ മുസ്‌ലിംകളെക്കുറിച്ചുള്ള എന്റെ മനസ്സിലെ ചിത്രവും മറ്റൊന്നായിരുന്നില്ല).

പ്ലസ്ടു പഠനത്തിനുശേഷം ഞാനൊരു കെ.ജി. അധ്യാപികയായി. അതാ, അവിടെയൊരു മുസ്‌ലിം വിദ്യാര്‍ഥിനി. അമ്മ പറഞ്ഞ കാര്യങ്ങള്‍ വെച്ച് എനിക്കാ കുട്ടിയെ സ്‌നേഹിക്കാന്‍ പോലും കഴിഞ്ഞില്ല. കാണുമ്പോള്‍ത്തന്നെ നേരിയ ഭയം. പരമാവധി അടുക്കാതെ തന്നെ കഴിച്ചുകൂട്ടി.

ഒരു വര്‍ഷത്തിനുശേഷം ഹോളണ്ട് യൂണിവേഴ്‌സിറ്റിയില്‍
ഞാന്‍ ഡിഗ്രിക്ക് ചേര്‍ന്നു. ഹോസ്റ്റലിലാണ് താമസം. അവിടെയും എന്നെ പേടിപ്പെടുത്തുന്ന ഒരു കാര്യമുണ്ടായിരുന്നു. ഒരു ഈജിപ്ഷ്യന്‍ യുവാവ് സഹപാഠിയായി ഉണ്ട്. അമ്മ പറഞ്ഞുതന്ന ഓര്‍മകള്‍ എന്റെ മനസ്സിലുണ്ട്. ഞാന്‍ പരമാവധി ഒഴിഞ്ഞുനിന്നു. പക്ഷേ, അദ്ദേഹം ചില സമയങ്ങളില്‍ കൂടുതല്‍ സുന്ദരനായും വല്ലാതെ ആകര്‍ഷണീയനായും കാണപ്പെട്ടു. അദ്ദേഹം ഒരു എക്‌സര്‍സൈസ് (സുജൂദ്) ചെയ്തുവരുമ്പോഴാണ് ആ ഭാവമാറ്റം. അവരുടെ മതപരമായ കാര്യമാണതെന്ന് പിന്നീടെനിക്ക് മനസ്സിലായി. എന്റെ ഹൃദയം അദ്ദേഹം കവരാന്‍ തുടങ്ങി. അദ്ദേഹം ഈ പണി (സുജൂദ്) ചെയ്യുന്നതോടൊപ്പം ഞങ്ങളോടൊപ്പം ബിയര്‍ കുടിക്കുകയും നൃത്തംവെക്കുകയും ചെയ്യുമായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ ജീവിക്കണം എന്ന മോഹം എന്നിലുദിച്ചു. പക്ഷേ, എന്റെ അമ്മ കുട്ടിക്കാലത്ത് പറഞ്ഞ ആള്‍ക്കാരുടെ കൂട്ടത്തിലുള്ള ആളാണല്ലോ എന്നു കരുതി ആ ബന്ധത്തെ ഞാന്‍ നിഷ്‌കരുണം അറുത്തുമാറ്റി. പക്ഷേ, സുജൂദ് ചെയ്യുമ്പോള്‍ മുഖത്ത് കളിയാടിയിരുന്ന ആ ഭാവം എന്റെ ഹൃദയത്തിന്റെ ഒരു കോണില്‍ കനലായി കിടന്നു.

അതിനിടെ, ഞാനൊരു ജൂതയുവാവുമായി അടുപ്പത്തിലായി. ഞങ്ങള്‍ ആദ്യത്തെ കൊല്ലത്തെ വെക്കേഷന്‍ ഇസ്രായേലില്‍ കഴിച്ചുകൂട്ടാന്‍ വേണ്ടി അങ്ങോട്ട് പോയി. എന്റെ ബോയ്ഫ്രണ്ടിന്റെ വീട് അവിടെയായിരുന്നു. ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ നാടുകാണാനിറങ്ങും. അവിടെ വെച്ച് ഞാന്‍ ബാങ്ക് കേള്‍ക്കാനിടയായി. ചെറുപ്പം മുതലേ സംഗീതാസ്വാദകയായിരുന്ന എന്നെ ബാങ്ക് വല്ലാതെ ആകര്‍ഷിച്ചു.

ഒരു ദിവസം ഞങ്ങള്‍ ഒരു വലിയ മുസ്‌ലിം ദേവാലയ(മസ്ജിദുല്‍ അഖ്‌സ)ത്തിനടുത്തെത്തി. അപ്പോള്‍ അഞ്ചാറ് മുസ്‌ലിം യുവതികള്‍ അവിടേക്ക് കടക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, പട്ടാളക്കാര്‍ അവരെ തടയുന്നു. എന്റെ മനസ്സിനെ അത് വല്ലാതെ ആശയക്കുഴപ്പത്തിലാക്കി. ഞാനെന്റെ ബോയ്ഫ്രണ്ടിനോട് അതിന്റെ കാരണമന്വേഷിച്ചപ്പോള്‍ തികച്ചും അനീതിപരമായ ഉത്തരമാണ് ലഭിച്ചത്. എന്റെയുള്ളില്‍ എന്തോ കയ്പനുഭവപ്പെട്ടു. തിരിച്ച് വീട്ടിലെത്തി അയാളുമായി വഴക്കടിച്ചു. അയാള്‍ എനിക്ക് ചാര്‍ത്തിയിരുന്ന ഷഡ്‌കോണ്‍ നക്ഷത്രമാല പൊട്ടിച്ച് അയാളുടെ മുമ്പില്‍ വലിച്ചെറിഞ്ഞു. എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് പിറ്റേന്നുതന്നെ ഹോളണ്ടിലേക്ക് യാത്രയായി.

കോളേജ് രണ്ടാംകൊല്ലത്തിലേക്ക് പ്രവേശിച്ചു. കയ്‌പേറിയ ദിനങ്ങള്‍. വീണ്ടും ഈജിപ്ഷ്യന്‍ യുവാവ് എന്റെ ഹൃദയത്തില്‍ കരടായിത്തുടങ്ങി. എന്തിന് പറയുന്നു, ഞാന്‍ അദ്ദേഹവുമായി അടുക്കാന്‍ തുടങ്ങി. അവസാനം ജീവിതം അദ്ദേഹവുമായി പങ്കിടാമെന്ന് തീരുമാനിച്ച് പഠനം കഴിഞ്ഞ് അദ്ദേഹത്തോടൊപ്പം ഈജിപ്തിലെത്തി. മുഹമ്മദ് എന്നാണദ്ദേഹത്തിന്റെ പേര്. കഥ കേട്ട് ഞാന്‍ നെടുവീര്‍പ്പിട്ടു. പറയൂ, ബാക്കി കൂടി പറയൂ. ഞാന്‍ സോഫിയെ പ്രോത്സാഹിപ്പിച്ചു. സോഫി തുടര്‍ന്നു:

മുഹമ്മദ് ഈജിപ്തിലെത്തിയപ്പോഴും മദ്യം കഴിക്കും, നൃത്തം വെക്കും, സുജൂദും ചെയ്യും. അങ്ങനെ സന്തോഷകരമായ നാളുകള്‍ കഴിഞ്ഞുപോകവേ ഒരു ദിവസം മുഹമ്മദ് കുറേ സമയം പുറത്തായിരുന്നു. എനിക്ക് ഒരു തോന്നല്‍. മുഹമ്മദ് ചെയ്യുന്ന ഈ സുജൂദ് ഒന്ന് പരീക്ഷിച്ചുനോക്കിയാലോ? ഞാന്‍ രണ്ടും കല്പിച്ച് സുജൂദ് ചെയ്തു! എനിക്കാ അനുഭവം വിവരിക്കാനാകുന്നില്ല. ഞാന്‍ സുജൂദിലനുഭവിച്ച സുഖം. ഞാനിതുവരെ അത്തരം ഒരു സുഖം അനുഭവിച്ചിട്ടില്ല. ഞാനതില്‍ കിടന്ന് പൊട്ടിക്കരയാന്‍ തുടങ്ങി. എന്റെ ശരീരവും മനസ്സും ഭാരരഹിതമായ പോലെ. എന്നെ മാലാഖമാര്‍ വന്ന് പൊതിയും പോലെ. അന്വേഷിച്ച സന്തോഷം ഞാന്‍ കണ്ടെത്തിയിരിക്കുന്നു. യഥാര്‍ഥ സന്തോഷം ഇതാണ്, ഇത് മാത്രമാണ്. ഞാനെത്ര സമയം അങ്ങനെ കിടന്നുവെന്നെനിക്ക് അറിയില്ല. ''സോഫീ, നീയെന്താണ് ഈ ചെയ്യുന്നത്? സോഫീ, സോഫീ, നിനക്കിതാരാണ്‌ പഠിപ്പിച്ചുതന്നത്?''

മുഹമ്മദിന്റെ വിളികേട്ടാണ് ഞാനെഴുന്നേറ്റത്. എനിക്ക് മുസ്‌ലിമാകണം. ഞാനുറക്കെ പറഞ്ഞു. അപ്പോള്‍ത്തന്നെ മുഹമ്മദ് എന്നെയും കൂട്ടി അസ്ഹര്‍ ഇമാമിന്റെ അടുത്തെത്തി. ശഹാദത്ത് ചൊല്ലിത്തന്നു. രണ്ടുകൊല്ലമാകുന്നു ഇപ്പോള്‍. ഞാന്‍ ഇസ്‌ലാമിനെപ്പറ്റി പഠിച്ചു. ഖുര്‍ആനും ഹദീസും പഠിച്ചു. മുഹമ്മദിനെയും കുടുംബത്തെയും ഇപ്പോള്‍ ഞാന്‍ ദീനുല്‍ ഇസ്‌ലാമിനെപ്പറ്റി പഠിപ്പിച്ചുകൊണ്ടിരിക്കുന്നു!

സുബ്ഹാനല്ലാഹ്! ഞാനാരുടെ മുമ്പിലാണ് ഇരിക്കുന്നത്? നിഖാബിനിടയിലൂടെ കണ്ട രണ്ട് നീലക്കണ്ണുകളില്‍ ഇത്ര ദീര്‍ഘമായ കഥകള്‍ കാത്തിരിപ്പുണ്ടായിരുന്നുവോ?

സോഫീ, നീ തീര്‍ച്ചയായും ലോകത്തെ അതീവ ഭാഗ്യവതികളില്‍ ഒരാളാണ്.


അതെ, സഹോദരീ, ഞാനെന്റെ ഭാഗ്യം തിരിച്ചറിയുന്നു. മരണംവരെ ആ മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കാന്‍ നീയും പ്രാര്‍ഥിക്കണം.

തീര്‍ച്ചയായും - റസ്റ്റോറന്റില്‍നിന്ന് ഞാന്‍ സോഫിയോട് യാത്രപറഞ്ഞെങ്കിലും ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളായി മാറി.

കഥ അല്പം നീണ്ടുപോയി അല്ലേ. ഇതിലധികം ചുരുക്കിപ്പറഞ്ഞാല്‍ ഇതിന്റെ ഭംഗി നഷ്ടപ്പെടും. ചിന്തിക്കുക, നാമാരാണ്? മുസ്‌ലിംകള്‍ എന്ന വര്‍ഗത്തെ ലോകം എങ്ങനെയൊക്കെയാവും വീക്ഷിച്ചുകൊണ്ടിരിക്കുന്നത് അല്ലേ? കുടിയനായിരുന്നെങ്കിലും മുഹമ്മദിന്റെ സുജൂദ് അവനെയും നന്മയുടെ വഴിത്താരയിലേക്കുതന്നെ തിരിച്ചുകൊണ്ടുവന്നു.

* * * * *

കോഴി കൊത്തുന്ന പോലെ സുജൂദ് ചെയ്യുന്ന നമ്മള്‍ സുജൂദിന്റെ മഹത്വം ഒന്ന് പരീക്ഷിച്ചുനോക്കുക. ഭൂമിയിലെ ഏറ്റവും സുഖകരമായ കാര്യം ഏതാണ് എന്നതിന് സുജൂദ് എന്ന് മറുപടി പറയാന്‍ നമ്മില്‍ എത്രപേര്‍ക്കാവും? ഞാനിടക്കോര്‍ക്കും, ഈ സുജൂദ് ഉണ്ടായിരുന്നില്ലെങ്കില്‍ പടച്ചവനേ, നമ്മുടെ അവസ്ഥ എന്തായിരിക്കും? വല്ല സന്തോഷവും ഉണ്ടാകുമോ? സുജൂദ് സ്വീകരിക്കപ്പെടുന്ന ഭാഗ്യവാന്മാരില്‍ റബ്ബ് നമ്മെ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

14 comments:

 1. സുജൂദില്‍ ആണ് ദുആക്കു ഏറ്റവും കൂടുതല്‍ ഉത്തരം കിട്ടാന്‍ സാധ്യത എന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. മനുഷ്യര്‍ക്ക്‌ സുജൂദ് ചെയ്യാന്‍ കല്പ്പിക്കുമായിരുന്നെങ്ങില്‍ സ്ത്രീയോട് ഭര്‍ത്താവിനു സുജൂട് ചെയ്യാന്‍ കല്പിക്കുമായിരുന്നു എന്ന് റസൂല്‍ പറഞ്ഞിരുന്നല്ലേ .. കള്ള് കുടിക്കുന്ന മിസ്‌രി... കൊള്ളാം . എന്‍റെ egyptian ഫ്രണ്ട് ഹിഷാം പറഞ്ഞത് ഈജിപ്തില്‍ കള്ള് ശാപ്പില്ല എന്നാണു .

  അടിപൊളി .. ട്വന്റി നയന്‍ ഔട്ട്‌ ഓഫ് തേര്ടി

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. മനുഷ്യര്‍ക്ക്‌ സുജൂദ് ചെയ്യാന്‍ കല്പ്പിക്കുമായിരുന്നെങ്ങില്‍ സ്ത്രീയോട് ഭര്‍ത്താവിനു സുജൂദ് ചെയ്യാന്‍ കല്പിക്കുമായിരുന്നു എന്ന് റസൂല്‍ പറഞ്ഞു .എന്നാലും എത്ര പെണ്ണുങ്ങള്‍ ഉണ്ട് ഇവിടെ ഭര്‍ത്താവിനെ അനുസരിക്കുന്നവരായി എന്‍റെ egyptian ഫ്രണ്ട് ഹിഷാം പറഞ്ഞത് ഈജിപ്തില്‍ കള്ള്ഷാപ്പില്ല എന്നാണു .


  നല്ല കഥ . കൌണ്സിലിങ്ങില്‍ പയറ്റിയ കഥയാണല്ലേ സാറേ

  ReplyDelete
 4. പോപ് ഗായകനായിരുന്ന യൂസുഫുല്‍ ഇസ്ലാം(കാറ്റ്സ്റ്റീവന്‍സന്‍) തന്‍റെ ഈജിപ്ത് സന്ദര്‍ശനത്തിന്‍ ശേഷം ഇപ്രകാരം പറഞ്ഞതായി അറിയാം..“എന്‍റെ ഇസ്ലാം ആഷ്ളേശണത്തിന്‍ മുമ്പാണ്‍ ഞാന്‍ ഈജിപ്ത് സന്ദര്ശിച്ചത് എങ്കില്‍ എനിക്ക് ഒരിക്കലും ഒരു മുസ്ലിം ആവാന്‍ കഴിഞ്ഞെന്ന് വരില്ല..”

  ReplyDelete
 5. ഒരു മുസ്ലിമായി ജീവിക്കുന്ന ഇതൊരു വെക്തിയും ആദ്യം ആഗ്രഹിക്കുന്നത് അല്ലാഹുവിനെ സുജൂദ് ചെയ്യാനാണ് അതിലാണ് അവന്‍ ആനന്ദം കണ്ടെത്തുന്നതും..... ഇനി പുതിയ ഇസ്ലാമായി വരുന്നവന്റെയും കാഴ്ച്ചപ്പാട് അത് തന്നെയാണ്. അത്രമഹത്വമുള്ള ഒരു കര്‍മ്മമാണ്‌ സുജൂദ്.......................

  ReplyDelete
 6. തീര്‍ ച്ചയായും സുജൂദ് ഒരു പ്രത്യേക അനുഭൂതി പകരുന്നു. ഏകാന്തമായി നമസ്കരിക്കുമ്പോഴാണു കൂടുതല്‍ ഭക്തി തോന്നുന്നത്

  ReplyDelete
 7. ആമീന്‍! യാ അര്‍ഹറാഹിമീന്‍!!

  കാര്‍ട്ടൂണുകള്‍ ഇഷ്ടപ്പെടുന്ന സാബി ടീച്ചറേ അറിയില്ലേ എന്ന ഹംസയുടെ (കൂട്ടുകാരന്‍ ബ്ലോഗ്) ചോദ്യമാണു ഒരു കൗതുകത്തിനു എന്നെ ഇവിടെ (വീണ്ടും?) എത്തിച്ചത്..

  കിട്ടിയത് സുജൂദിന്റെ മഹത്വം വാഴ്ത്തുന്ന ഒരു പോസ്റ്റ്..
  മനോഹരമായി എഴുതിയ ഒരു അനുഭവത്തിന്റെ വിവരണം..

  "സുജൂദിലായിരിക്കുമ്പോള്‍ നാഥാ ഞാന്‍ നിന്നോട് കൂടുതല്‍ അടുക്കുന്ന പോലെ എനിക്ക് തോന്നുന്നു..
  നിന്റെ കാല്പാദങ്ങളില്‍ ഞാനെന്റെ ചുണ്ടമര്‍ത്തി കണ്ണീരൊലിപ്പിക്കുമ്പോള്‍ ഞാനെത്ര സുരക്ഷിതനെന്ന്
  എന്റെ മനം എന്നെ ബോധ്യപ്പെടുത്തുന്നു.."

  തീര്‍ച്ചയായും സുജൂദിന്റെ മഹത്ത്വം വര്‍ണ്ണനാതീതമാണു...
  അതില്‍ മുഴുകി പ്രാര്‍ത്ഥിക്കുമ്പോഴുള്ള മന:സംതൃപ്തി മറ്റൊന്നിനും പകരമാവില്ല തന്നെ..

  പ്രത്യേകിച്ചും മസ്ജിദുന്നബവിയിലെ റമദാനിലെ ഖിയാമുല്‍ ലൈല്‍ നമസ്സ്ക്കാരത്തില്‍ നീണ്ടു നില്‍ക്കുന്ന സുജൂദില്‍ ആ പീയൂഷം എനിക്കൂറ്റിക്കുടിക്കുവാനുള്ള ഭാഗ്യം ലഭിക്കുന്നുണ്ട്..അതിനിയും തുടരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

  നന്ദി..മന്‍സ്സിലെവിടേയോ ഉള്ള ഒരു സുഖാനുഭൂതിയെ തൊട്ടുണര്‍ത്തിയ ഈ അനുഭവക്കുറിപ്പിനു..
  ഒപ്പം അത് അനുഭവിക്കാനും അത് കേള്‍ക്കാനും അത് തര്‍ജ്ജമയിലൂടെ ഞങ്ങള്‍ക്കെത്തിച്ചുതരാനും
  ഭാഗ്യം ലഭിച്ചവര്‍ക്കും!

  ReplyDelete
 8. ടീച്ചറുടെ ഉള്ളില്‍ ഒരുപാടൊരുപാട് അനുഭവങ്ങളുടെ ചെപ്പുകള്‍ ഉള്ളതായി അനുഭവപ്പെടുന്നു. ഇനിയും കാത്തിരിക്കുന്നു
  സിദ്ധിക്ക് പറവൂര്‍

  ReplyDelete
 9. സുജൂദിന്‍റെ പവിത്രത വിവരിച്ച കഥ നന്നായി....

  ഹാറുണ്‍ സാഹിബ് പറഞ്ഞപോലെ .. ഇപ്പോഴുള്ള മിസ്രികളുടെ സ്വഭാവം വെച്ച് നോക്കുമ്പോള്‍ ആരെങ്കിലും ഇസ്ലാമിലേക്ക് വരാന്‍ ഉദ്ദേശിച്ചിട്ടുണ്ട് എങ്കില്‍ ഓടിമറയും അത്രക്കും “ബെസ്റ്റ്“ സ്വഭവമാ അവരുടെത്..

  ReplyDelete
 10. കള്ളു കുടിയനായ മിസ്റി ഒരു കല്ലു കടിയായെങ്കിലും ടീച്ചറുടെ വിവരണം നന്നായി.നമുക്ക് ചുറ്റുമുള്ള ആയിരങ്ങള്‍ ദിനേന എത്ര സുജൂദ് കാണുന്നു? അത് കണ്ടു എത്ര പേര്‍ ഇസ്ലാമില്‍ വന്നു ? ഇവിടെ ടീച്ചര്‍ ഒരു കാര്യം അറിയുക.ഇത്തരത്തിലുള്ള അനുഭവങ്ങള്‍ വായിച്ചു നമുക്ക് നെടുവീര്‍പ്പിടാം.നമ്മുടെ സുജൂദില്‍ അല്പം ആത്മീയത നിറക്കാം.അത്ര മാത്രം. ആരും ഇസ്ലാമിലേക്ക് വരില്ല. കാരണം ഇത് യുരോപ്പല്ല,ഹോലണ്ടുമല്ല.അവര്‍ വിശ്വാസങ്ങളിലും,ആചാരങ്ങളിലും,അനുഷ്ടാനങ്ങളിലും ബന്ധിക്കപ്പെട്ടു ജീവിക്കുന്നവരല്ല.വെറും ശൂന്യത മാത്രമേ അവര്‍ക്ക് സ്വന്തമായുള്ളു.അതിനാല്‍ അവര്‍ പെട്ടന്ന് ആത്മീയതയില് ആക്രഷ്ടരാകും.അത് കള്ളുകുടിയന്റെ ആത്മീയത ആയാലും ശരി. പക്ഷെ ഇവിടെ എല്ലാവരും ബന്ധനങ്ങളില്‍ ജീവിക്കുന്നവരാണ്.എല്ലാവര്ക്കും ആത്മിഇയതയും ഉണ്ട്.
  ചുരുക്കം ഇതാണ്- യുരോപ്പിയന്‍ അനുഭവങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ നമ്മുടെ സംസ്ക്കാരവുമായി യോജിക്കാതത് ഒഴിവാക്കി കുറച്ചു കു‌ടി സ്വതന്ത്രമായി വിവര്‍ത്തനം ചെയ്തുകുടെ? പ്രത്യേകിച്ച് ഗുണപാഠങ്ങള്‍ പുര്‍ണ്ണ ആത്മീയതയകുമ്പോള്‍ പതിരുകള്‍ നല്ലതല്ല.

  ReplyDelete
 11. ഞാന്‍ എന്‍റെ ഒരു സുഖത്തിനാണ് ഇതൊക്കെ എഴുതുന്നത്
  മിക്ക ദിവസവും പുലര്കാലങ്ങളില്‍ സയ്യിധ് ഖുതുബിന്റെ ഫീ ദിലാലില്‍ ഖുറാന്‍ വായിക്കും
  അങ്ങിനെ മനസ്സൊക്കെ വല്ലാതെ സന്തോഷം തോന്നുമ്പോള്‍ എന്തെങ്കിലും ഒന്ന് കുറിക്കണം എന്ന് തോന്നും,,...
  അപ്പോള്‍ പേനയും കടലാസും ഒരു പാട് ആശ്വാസം തരും
  ജീവിക്കാന്‍ വേണ്ടി എഴുതിപ്പോകുന്നു...
  സത്യത്തില്‍ ,,ആബിദ് പറഞ്ഞപോലെയൊക്കെ മാറാന്‍ ഒരു പാട് കാലമെടുക്കും
  കാരണം എനിക്കല്പം പോലും മനസ്സാക്ഷിക്കെതിരായി എഴുതാനറിയില്ല
  എന്‍റെ എഴുത് എന്‍റെ ഒരു സമാധാനത്തിന്നു വേണ്ടി എഴുതിപ്പോകുകയാണ്
  ഇനിയും ഉണ്ട്‌ കഥകള്‍ ഒരു പാട് ഓര്‍മകളിലും പുസ്തകങ്ങളിലും
  അതപ്പടി പറഞ്ഞു പോകാനേ എനിക്കറിയൂ
  അതെന്റെ ബലഹീനതയായി കണക്കാക്കുക
  എന്നോ മനസ്സ് വേദനിച്ചപ്പോള്‍ ആശ്വാസം കിട്ടാന്‍ പേനയും കടലാസും എടുത്തു......അത്‌ ഇന്നും തുടരുന്നു
  നന്നാകാന്‍ ശ്രമിക്കാം
  ആബിദ് പറഞ്ഞത് എനിക്ക് മനസ്സിലാകുന്നുണ്ട്...........
  മാറാന്‍ ഉണ്ടല്ലേ ?ഒരു പാട്?
  അല്ലാഹു അനുഗ്രഹിക്കട്ടെ
  ആമീന്‍....
  commends അയക്കുന്ന എല്ലാവര്ക്കും നന്ദി...
  --

  ReplyDelete
 12. സിദ്ദിക്ക് പറഞ്ഞ പോലെ മനസ്സില്‍ എന്നും അനുഭവങ്ങളാണ്
  ആളുകളുമായി ,അവരുടെ പ്രശ്നങ്ങളുമായി ഇടപെടുന്ന ആളെന്ന നിലക്ക് .....
  പക്ഷെ അതെഴുതിയാല്‍ ഒരു കുഴപ്പമുണ്ട്
  പല ആള്‍ക്കാരെയും തിരിച്ചറിയും എനിക്കാണെങ്കില്‍ കഥ ഉണ്ടാക്കാനറിയില്ല
  അതിനാല്‍ അല്പം വിഷമമുണ്ട് ആരെയും ബാധിക്കാത്ത കാര്യങ്ങള്‍ എഴുതാം ഇന്ശ അല്ലഹ്

  ReplyDelete
 13. ടീച്ചരുറെ ഹൃദയത്തെ എന്റെ എഴുത്ത് നോമ്പരപ്പെടുത്തിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.നിങ്ങള്‍ എഴുത്ത് തുടരുക.സര്‍വ്വവിധ പിന്തുണയും ഭാവങ്ങളും നേരുന്നു.

  ReplyDelete
 14. ആബിദ്...യാഥാര്‍ത്യങ്ങള്‍ പറയുമ്പോള്‍ എന്തിനാണ് മനസ്സ് വേദനിക്കുന്നത്?
  എന്‍റെ മനസ്സില്‍ ഒന്നും തോന്നിയില്ല
  എന്‍റെ എഴുത്ത് പലപ്പോളും ഉള്ളു തുറന്നു ആയിപ്പോകും....no pblm
  ഇനിയും ഉള്ളു തുറന്നു പറയുക എല്ലാം

  ReplyDelete