Friday, February 18, 2011

'എനിക്കാ യുവാക്കളുടെ കൈകള്‍ മുത്തണം'

മഹാപണ്ഡിതനായ യൂസുഫുല്‍ ഖര്‍ദാവി ഈജിപ്തില്‍ ചെന്ന് ഖുതുബ നടത്തിയ സന്തോഷകരമായ ഒരു വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. അദ്ദേഹത്തിന്റെ പ്രസംഗം മുസ്‌ലിംലോകത്തെ മുഴുവന്‍ കോരിത്തരിപ്പിക്കുന്നതായിരുന്നു. ആധുനിക ഈജിപ്തിന്റെ ഭാവിയിലേക്കുള്ള ഒരു മുതല്‍ക്കൂട്ടായി ആ ഖുതുബ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

ഇഖ്‌വാനികളുടെ നേരെയുള്ള അതിക്രമങ്ങളുടെ മൂര്‍ധന്യ സ്ഥിതിയില്‍ അന്നത്തെ ഖത്തര്‍ അമീര്‍ നേരിട്ടു പോയി ഖര്‍ദാവിയെയും അബ്ദുല്‍ മുഇസ്സ് അബ്ദുസ്സത്താറിനെയും മറ്റുചിലരെയും ഖത്തറിലേക്ക് കൊണ്ടുവന്നു. ഖര്‍ദാവി തന്റെ ധിഷണ ഉപയോഗിച്ച് ഇസ്‌ലാമികലോകത്തിന് വെളിച്ചം പകരുകയായിരുന്നു. നാഥാ! നീ അദ്ദേഹത്തിന് എല്ലാ അനുഗ്രഹവും ചൊരിയണമേ തമ്പുരാനേ... ഇസ്‌ലാമികലോകത്തിന് വഴികാട്ടാന്‍ ഇനിയും അദ്ദേഹത്തിന് നീ ആയുസ്സും ആരോഗ്യവും നല്‍കി അനുഗ്രഹിക്കണേ നാഥാ. (എന്റെ പ്രിയപ്പെട്ട ഉസ്താദ് ടി.പിയുടെ ആറുകൊല്ലത്തെ ഉസ്താദാണ് ഖര്‍ദാവി).

ആ മഹാനുഭാവന് വിപ്ലവം നയിച്ച ഈജിപ്ഷ്യന്‍ യുവാക്കളുടെ ഓരോരുത്തരുടെയും കൈകള്‍ ചുംബിക്കാന്‍ മോഹം. ഈ വിപ്ലവം വഴി, മസ്ജിദുല്‍ അഖ്‌സയില്‍ പോയി ജുംആ നമസ്‌കരിക്കാന്‍ മോഹം. അദ്ദേഹം ഈജിപ്തിലെ വിപ്ലവകാരികളോട് (ഇന്നലെ തഹ്‌രീര്‍ സ്‌ക്വയറിലായിരുന്നു ജുമുഅ) പറഞ്ഞു: ''ഈ വിപ്ലവത്തിലെ യുവാക്കള്‍ കൈവിട്ടുപോകാന്‍ പാടില്ല. അവരാഗ്രഹിച്ച മാറ്റത്തിന് ഈജിപ്ഷ്യന്‍ ജനത തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവും മതപരവും മനുഷ്യത്വപരവുമായ എല്ലാ ഊര്‍ജവും ചെലവഴിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സഹോദരങ്ങളും തങ്ങളുടെ ദൗത്യം ശരിയാംവണ്ണം നിര്‍വഹിച്ചിട്ടുണ്ട്. ക്രിസ്ത്യാനികളോടദ്ദേഹം ആവശ്യപ്പെട്ടത്, ഈ അനുഗ്രഹം നല്‍കിയതിന് സര്‍വശക്തനായ അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കാനാണ്.

അദ്ദേഹം തുടരുന്നു: ഇതൊരിക്കലും ഒരു സാധാരണ വിപ്ലവമല്ല. മറിച്ച്, ലോകത്തിനു മുഴുവന്‍ പാഠം നല്‍കുന്ന വിപ്ലവമാണ്. അസത്യത്തെയും തിന്മയെയും ശാന്തമായി എങ്ങനെ കെട്ടുകെട്ടിക്കാം എന്ന് ലോകത്തിന് കാട്ടിക്കൊടുത്ത വിപ്ലവമാണ്. പ്രത്യക്ഷത്തില്‍, നേതാവില്ല എന്ന് തോന്നിയാലും യുവാക്കളാണ് ഈ വിപ്ലവത്തിന്റെ ശക്തി എന്ന് മറക്കാനാവില്ല.
ഈജിപ്ഷ്യന്‍ ജനത കൂടുതല്‍ ക്ഷമിക്കേണ്ട സമയമാണിത്. കൂടുതല്‍ അധ്വാനിക്കേണ്ട സമയം. ഇത്ര മഹത്തായ വിപ്ലവം നടത്തിയ യുവാക്കളിലൊരാള്‍ പോലും ആധുനിക ഈജിപ്തിന്റെ സാമ്പത്തികാവസ്ഥയെ പിന്നോട്ടടിപ്പിക്കാന്‍ കാരണക്കാരാകരുത്. നാമിപ്പോള്‍ നിര്‍മാണപാതയിലാണ്. ഓരോ ഈജിപ്ഷ്യന്‍ പൗരനും ആ പ്രക്രിയയ്ക്ക് സ്വയം സന്നദ്ധനാകണം.


റഫഹ് അതിര്‍ത്തി തുറന്നുകൊടുക്കണം. ഗസ്സയുമായുള്ള എല്ലാ അതിര്‍ത്തികളും തുറക്കുക. ഈജിപ്തായിരുന്നു എന്നും ഫലസ്തീന്‍ ജനതയ്ക്ക് അഭയം. ഇനിയും അതങ്ങനെതന്നെയാകേണ്ടതുണ്ട്. ഈ മൈതാനിയില്‍ നാം ഒരുമിച്ചുകൂടി ജുമുഅ നമസ്‌കരിച്ചപോലെ, മസ്ജിദുല്‍ അഖ്‌സയില്‍ ഒരുമിച്ചുകൂടി ജുമുഅ നിര്‍വഹിക്കാന്‍ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍.''

യുവാക്കളോടായി അദ്ദേഹം പ്രത്യേകം പറഞ്ഞു: മക്കളേ, എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും കൈകള്‍ പിടിച്ച് മുത്തം തരണമെന്നാണാഗ്രഹം... കാരണം, നിങ്ങളാണല്ലോ വിപ്ലവവീഥിയില്‍ ക്ഷമയോടെ ഉറച്ചുനിന്നത്. നിങ്ങളെ എനിക്ക് അന്‍സാറുകളോടാണ് ഉപമിക്കാന്‍ തോന്നുന്നത്; സ്വന്തത്തേക്കാള്‍ സഹോദരനെ പരിഗണിച്ച മദീനയിലെ അന്‍സാറുകളോട്.

ക്രിസ്ത്യന്‍ സുഹൃത്തുക്കളേ, നിങ്ങള്‍ ലോകരക്ഷിതാവിനെ പ്രണമിക്കുക. നന്ദി രേഖപ്പെടുത്തുക. നിങ്ങളുടെ മുസ്‌ലിം സഹോദരങ്ങളെ നിങ്ങള്‍ ജുമുഅയ്ക്കുവേണ്ടി കാവല്‍ നിന്നത് ലോകം മുഴുവന്‍ കണ്ടതാണ്. ഈ ഐക്യം തകരാതിരിക്കാന്‍ ഓരോ ഈജിപ്ഷ്യന്‍ പൗരനും ബാധ്യസ്ഥരാണ്.

സൈനികരോടായി അദ്ദേഹം പറഞ്ഞു: മുബാറക് ബാക്കിയാക്കിപ്പോയ ഗവണ്മെന്റില്‍നിന്ന് നിങ്ങള്‍ മോചിതരാകണം. കാരണം, ഈജിപ്ഷ്യന്‍ ജനത പഴയ മുഖങ്ങളെ ഇനി ഇഷ്ടപ്പെടില്ല. കാരണം, നിരപരാധികളായ യുവാക്കളെ കൊന്നൊടുക്കിയതിന്റെ അടിസ്ഥാന കാരണക്കാര്‍ അവരാണല്ലോ.

ഖര്‍ദാവി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:

الشعب يريد تطهير البلاد 
ജനത നാടിനെ ശുദ്ധീകരിക്കാനാഗ്രഹിക്കുന്നു.

وحسني مبارك ساب القصر. واعوانه له بيحكمو مصرا
ഹുസ്‌നി മുബാറക് കൊട്ടാരം വിട്ടോടി. ഇനി അയാളുടെ കാര്യസ്ഥന്മാര്‍ മിസ്‌റ് ഭരിക്കേണ്ട.


ولا حسني ولا نظامه ولا حزبه ولا أعوانه

ഹുസ്‌നി വേണ്ട, അയാളുടെ ഭരണം വേണ്ട. അയാളുടെ കക്ഷി വേണ്ട. അയാളുടെ സഹായികളും വേണ്ട.

ജനനിബിഡമായ തഹ്‌രീര്‍ സ്‌ക്വയറിന്റെ മുക്കുമൂലകള്‍ ഈ മുദ്രാവാക്യം ഏറ്റുചൊല്ലി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഈജിപ്തിന്റെ പ്രാന്തപ്രദേശങ്ങളില്‍നിന്നൊഴുകിയെത്തിയ 20 ലക്ഷം പേര്‍ അതേറ്റുചൊല്ലി. ولله الحمد

വസ്സലാം.

3 comments:

  1. എല്ലാ നന്മകളും ഈജിപ്തിന് അല്ലാഹു കനിഞ്ഞേകട്ടെ…….

    ReplyDelete
  2. 'ഈജിപ്തുകള്‍' പലയിടത്തും ആവര്‍ത്തിക്കും തീര്‍ച്ച.

    ReplyDelete
  3. ഇസ്ലാമിന്റെ പേര് മോശമാക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന പല 'മുസ്ലിം'രാഷ്ട്രങ്ങള്‍ക്കും ഈജിപ്തും,യമനും,ഒമാനുമൊക്കെ ഒരു പാഠമായെങ്കില്‍..!

    ReplyDelete