Friday, February 11, 2011

ഈജിപ്ത്: നിശ്ശബ്ദ വിപ്ലവത്തിന്റെ ശുഭാന്ത്യം

പിശാച് ഇറങ്ങിക്കളിക്കാന്‍ സാധ്യതയുള്ള രംഗത്താണ് ഇപ്പോള്‍ ഈജിപ്ഷ്യന്‍ ജനത. ഇന്റര്‍നെറ്റ് വിപ്ലവത്തിലൂടെ, രക്തരഹിതമായ വിപ്ലവത്തിലൂടെ, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശത്തിലൂടെ കൂട്ടായ്മയിലൂടെ സ്വാതന്ത്ര്യം നേടിയെടുത്തിരിക്കുന്നു! അല്‍ഹംദുലില്ലാഹ്... ജനുവരി 26 മുതല്‍ ഫെബ്രുവരി 11 വരെ നീണ്ട സത്യഗ്രഹ മുറയിലൂടെ... ലോകത്തെ ആദ്യത്തെ ടെക്‌നോളജി വിപ്ലവം എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. 
വാര്‍ത്തയറിഞ്ഞയുടന്‍ അംറ്ഖാലിദിന്റെ സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ അല്‍അറബിയ്യയും ബിബിസിയും അംറ്ഖാലിദിനെ ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. ഇത്രയും ജനസംഖ്യയുള്ള  ഒരു നാട്ടില്‍, ജനാധിപത്യമൂല്യങ്ങളെ കാറ്റില്‍ പറപ്പിച്ച നാട്ടില്‍, അംറ്ഖാലിദിന്റെ നിശ്ശബ്ദ വിപ്ലവത്തിനും തര്‍ബിയത്തിനും വലിയൊരു പങ്കുവഹിക്കാനുണ്ടായിരുന്നു എന്നിപ്പോള്‍ ബോധ്യംവരുന്നു. രണ്ടു ദിവസം മുമ്പ് അദ്ദേഹത്തിന്റെ സൈറ്റില്‍ വന്ന വാര്‍ത്തകള്‍ ഇസ്‌ലാമിക മനഃസാക്ഷിയെ ത്രസിപ്പിക്കുന്നതായിരുന്നു. അധികമായി ആംബുലന്‍സുകളെ മൈതാന്‍ തഹ്‌രീറിലേക്ക് കയറ്റിയില്ല. അവിടത്തെ യുവാക്കള്‍ തന്നെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒക്കെ ആവുകയായിരുന്നു. ആംബുലന്‍സൊക്കെ കാണുമ്പോള്‍ ജനം കൂടുതല്‍ ഭയചകിതരാകാതിരിക്കാനായിരുന്നുവത്രെ! അതുപോലെ, ഭക്ഷ്യക്ഷാമം തോന്നിത്തുടങ്ങിയപ്പോള്‍ ഒരു സ്ത്രീ ബ്രെഡും ബട്ടറും ജാമുമായി വന്ന്, ധീരരായ ആ യുവാക്കള്‍ക്ക് നല്‍കാന്‍ തുടങ്ങി. ഉടനെ, ധാരാളം സ്ത്രീകള്‍ ഇതുപോലെ സേവനം ചെയ്യാന്‍ തുടങ്ങിയത്രെ! 

അംറ്ഖാലിദും കൂട്ടുകാരും വളര്‍ത്തിയെടുത്ത യുവസംഘത്തെ ലോകത്തിലെ നമ്പര്‍ വണ്‍ എന്ന് പറയാതെ നിവൃത്തിയില്ല. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന യുവസംഘമാണദ്ദേഹത്തോടൊപ്പമുള്ളത്. ഒരു അറഫാദിനത്തില്‍, പിതാവ് അറഫാസംഗമത്തിലായിരിക്കെയാണത്രെ അദ്ദേഹം ജനിച്ചത്. എന്തൊക്കെയോ സൗഭാഗ്യങ്ങള്‍ റബ്ബിങ്കല്‍നിന്ന് ലഭിച്ച ഒരു വ്യക്തിയാണെന്ന് അദ്ദേഹത്തിന്റെ രചനകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും ബോധ്യം വരും.

ഇനിയുള്ള ദിനങ്ങള്‍ സുപ്രധാനമാണ്. അംറ്ഖാലിദ് മൈതാനിയില്‍നിന്ന് നേരിട്ട് വന്നാണ് ഇന്റര്‍വ്യൂവിന് പങ്കെടുത്തത്. അദ്ദേത്തിന്റെ വാചകങ്ങള്‍ ശ്രദ്ധേയമാണ്. 'മിസ്‌റിനെ തകര്‍ക്കാന്‍ ഒരൊറ്റ മിസ്‌രിയും സമ്മതിക്കുകയില്ല. അവിടെ ക്രിസ്ത്യാനികളും മുസ്‌ലിംകളും പരസ്പരം കെട്ടിപ്പിടിച്ച്, സന്തോഷാശ്രുക്കള്‍ പൊഴിച്ചുകൊണ്ടാണ് ആഹ്ലാദം പങ്കിടുന്നത്.' അത് പറയുമ്പോള്‍, ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തിന്റെ ശബ്ദമിടറിയപോലെ. ആഭ്യന്തരസംഘര്‍ഷം ഉണ്ടാകാതെ ഈജിപ്ഷ്യന്‍ ജനത കാത്തുസൂക്ഷിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അംറ്ഖാലിദ് എന്തേ ഇഖ്‌വാനുല്‍ മുസ്‌ലിമൂനുമായി ചേരുന്നില്ല എന്നൊരു ചോദ്യം നമ്മുടെയുള്ളില്‍ ഉയര്‍ന്നുവരുന്നുണ്ട്. അതിന് അദ്ദേഹത്തിന്റേതായ എന്തെങ്കിലും കാരണങ്ങള്‍ കാണുമായിരിക്കും. പത്രപ്രവര്‍ത്തകര്‍ ആ രീതിയിലൊക്കെ ചോദ്യങ്ങള്‍ തിരിച്ചുവിടുന്നുണ്ടെങ്കിലും അദ്ദേഹം ആരെയും കുറ്റം പറയാതെയാണ് ഉത്തരങ്ങള്‍ നല്‍കുന്നത്. ഏതായാലും വരുംദിനങ്ങള്‍ നമുക്ക് പ്രാര്‍ഥനയോടെ കാത്തിരിക്കാം. സാമ്രാജ്യത്വവും സ്വേച്ഛാധിപത്യവും എല്ലാ നാട്ടില്‍നിന്നും കെട്ടുകെട്ടട്ടെ എന്ന് പ്രാര്‍ഥിക്കാം. അംറ്ഖാലിദ് ഇതുവരെ ഇഖ്‌വാനെ വിമര്‍ശിച്ചതായി കണ്ടിട്ടില്ല. രാഷ്ട്രീയപ്രവേശത്തെ അദ്ദേഹം അത്യാവശ്യമായി കണ്ടിട്ടില്ലായിരിക്കാം. അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ അദ്ദേഹം കൊടുത്ത തര്‍ബിയത്തായിരിക്കും കൂടുതല്‍ ഫലപ്രദം. സയ്യിദ് ഖുതുബിന്റെ 'ഫീ ളിലാലില്‍ ഖുര്‍ആന്‍'നെ അദ്ദേഹം പ്രശംസിച്ചതായി ഞാന്‍ വായിച്ചിട്ടുണ്ട്. എന്തായാലും, റബ്ബ് തുണച്ചാല്‍ അദ്ദേഹം ഒരു അക്രമിയോ വഴിമുടക്കിയോ ആവുകയില്ല. ഇസ്‌ലാമിനെ കൊതിക്കുന്ന നമ്മുടെയൊക്കെ പ്രാര്‍ഥന പടച്ചതമ്പുരാന്‍ സ്വീകരിക്കട്ടെ. ആമീന്‍. അദ്ദേഹം പറഞ്ഞപോലെ, എല്ലാ പഴയതും കഴിഞ്ഞു. പുതിയൊരു പ്രഭാതം മിസ്‌റില്‍ ഉദിച്ചിരിക്കുന്നു.

[നമ്മള്‍ മറ്റാരുടെയും സ്വാതന്ത്ര്യദിനം പുലരുന്നത് കണ്ടിട്ടില്ല. ആദ്യമായി ഈജിപ്തില്‍ അത് കാണുന്നു. ഇനിയും സ്വാതന്ത്ര്യം പുലരേണ്ട നാടുകളുണ്ട്. എത്രയും വേഗം അവയും രക്ഷപ്പെടട്ടെ. ആമീന്‍]

3 comments:

 1. MULLAPPOO VIPLAVAM LOKAM MUZHUVAN PADARATTE....


  MUTTUVIN THURAKKAPPEDUM..ennu pandu etho oru mahan paranjittund

  IRAN also in treat

  ReplyDelete
 2. താങ്കള്‍ ഈജിപ്ത് സന്നര്ഷിചിട്ടുണ്ട് എന്ന് പഴയ ഒരു ലേഖനത്തില്‍ (ആരാമം ) വായിച്ചതോര്‍ക്കുന്നു . അന്ന് താങ്കള്‍ ഇതെല്ലം മുന്‍കൂട്ടി കണ്ടത് വളരെ ശരിയായിരുന്നു

  ReplyDelete
 3. 'ഇനിയും സ്വാതന്ത്ര്യം പുലരേണ്ട നാടുകളുണ്ട്. എത്രയും വേഗം അവയും രക്ഷപ്പെടട്ടെ.'

  അതെ, അങ്ങനെ പ്രത്യാശിയ്ക്കാം.

  ReplyDelete