Wednesday, July 27, 2011

സൃഷ്ടിപ്പിന്റെ രഹസ്യം ഭൂമിയില്‍

എന്നെ ഒരുപാട് ചിന്തിപ്പിച്ച ഒരു ആയത്താണ് സൂറത്തുല്‍ അന്‍കബൂത്തിലെ 20-ാമത്തെ ആയത്ത്. ഇതിന് എങ്ങനെ ഒരു ഉത്തരം കണ്ടെത്താന്‍ മനുഷ്യന് - പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്ക് കഴിയും എന്ന് ഇടക്കിടെ തോന്നാറുണ്ട്. 'നബിയേ, താങ്കള്‍ പറയുക, നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുക. അല്ലാഹു എങ്ങനെയാണ് സൃഷ്ടികര്‍മം നടത്തിയതെന്ന് നിരീക്ഷിക്കുക. പിന്നീഷ് അല്ലാഹു തന്നെ രണ്ടാമതും വളര്‍ത്തും. തീര്‍ച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണ്.' (അല്‍അന്‍കബൂത്ത്: 20)

ഈ ആയത്തിലൂടെ മുന്‍ഗാമികള്‍ സഞ്ചരിക്കുകയും പല വിജ്ഞാനങ്ങളും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യൂറോപ്പിന് അത് കൈമാറിക്കിട്ടിയപ്പോള്‍ അവരതിനെ വീണ്ടും വികസിപ്പിച്ചു. സൃഷ്ടിപ്പിന്റെ ചരിത്രം മരത്തൊലികളിലും പാറകളിലും തടികളിലും രേഖപ്പെട്ടുകിടപ്പുണ്ടെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ മനസ്സിലാക്കിയത് അങ്ങനെയാണ്. അല്ലാഹു പറയുന്നു: 'ഉറച്ചു വിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ ദൃഷ്ടാന്തങ്ങളുണ്ട്.' (അദ്ദാരിയാത്ത്: 20)

സൃഷ്ടിപ്പിന്റെ രഹസ്യത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ പാറകളിലും കടലിന്നടിയിലും ഫോസിലുകളിലും അന്വേഷണം നടത്തിയിട്ടുണ്ട്. അങ്ങനെയാണ് ഭൂമിയുടെ ആയുസ്സിനെപ്പറ്റിയും മറ്റു ജീവജാലങ്ങളുടെ കാലയളവുകളെപ്പറ്റിയുമൊക്കെ മനുഷ്യന്‍ മനസ്സിലാക്കിയത്. നമ്മുടെ ഗ്രഹത്തിന്റെ ചരിത്രം മണ്ണിലും പാറകളിലും ചെടികളിലും, എന്തിനധികം ജലതന്മാത്രകളില്‍ പോലും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരുലക്ഷം വര്‍ഷം മുമ്പ് ജീവിച്ച മനുഷ്യഫോസിലുകളില്‍നിന്ന് അവന്റെ പ്രത്യേകതകളും ആയുര്‍ദൈര്‍ഘ്യവും, എന്തിനധികം അവന്റെ ഭക്ഷണ പാനീയങ്ങളുടെ വിവരങ്ങള്‍ പോലും മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ അടരുകളില്‍ 'സുരക്ഷിതമായ രേഖ'കളില്‍ അവ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. വിശ്വാസികളായ നമ്മുടെ വിശ്വാസം വര്‍ധിക്കാന്‍ ഇത്തരം കാര്യങ്ങള്‍ നമ്മളും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പാറകളില്‍ സൂക്ഷിക്കപ്പെട്ട വിവരങ്ങള്‍
പാറകള്‍ എന്ന്, എങ്ങനെ രൂപംകൊണ്ടു എന്നുള്ള വിവരങ്ങള്‍ അല്ലാഹു പാറയില്‍ നിക്ഷേപിച്ചിരിക്കുന്നു. നാം പഠിച്ച ഭാഷയിലല്ല അവ എഴുതപ്പെട്ടിരിക്കുന്നത്. മറിച്ച്, ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ച, അണുക്കളുടെയും തന്മാത്രകളുടെയും ഭാഷയാണത്. അല്ലാഹു സൃഷ്ടിച്ച ഫിസിക്‌സിന്റെ അടിസ്ഥാന തത്ത്വങ്ങളിലൂന്നിയ ഭാഷയാണത്.

മണ്ണിന്റെ അടരുകളിലാണ് ഇന്നത്തെ ശാസ്ത്രജ്ഞര്‍ മനുഷ്യചരിത്രം തേടുന്നത്. അതുപോലെ ഓരോ അടരുകളും - കൃത്യമായ ഒരു ചരിത്രം സൂക്ഷിക്കുന്നതായും ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇവിടെയാണ്, 'നിങ്ങള്‍ ഭൂമിയില്‍ സ്ചരിക്കൂ, അവന്‍ എങ്ങനെ സൃഷ്ടികര്‍മം ആരംഭിച്ചു എന്ന് നോക്കുക' എന്ന സൂക്ഷതം നമ്മുടെ ഓര്‍മയിലേക്കോടിയെത്തുന്നത്. പാറകളില്‍, പ്രത്യേകിച്ച് ഉറച്ച പാറകളില്‍ അവയുടെ ജീവിതത്തെയും അവ കഴിച്ചുകടത്തിയ സാഹചര്യങ്ങളെയും പറ്റിയുള്ള കൃത്യമായ വിവരങ്ങളുണ്ട്. അഗ്നിപര്‍വതശിലകളില്‍ തിളങ്ങുന്ന കാര്‍ബണുകളെ അല്ലാഹു നിക്ഷേപിച്ചിട്ടുണ്ട്. അതുപോലെ യുറേനിയം, തോറിയം എന്നീ മൂലകങ്ങളും ഉണ്ട്. അവയുടെ ജ്വലന കഴിവ് കുറയുന്നതിനനുസരിച്ച് കാലം ഗണിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നു. അതനുസരിച്ച് അവര്‍ ആ പാറയുടെ ആയുസ്സും ഗണിക്കുന്നു. ഫിസിക്‌സിന്റെ നിയമങ്ങള്‍ കണ്ടെത്താനും പല ഉപകരണങ്ങള്‍ ഉണ്ടാക്കാനുമുള്ള കഴിവ് പടച്ചവന്‍ മനുഷ്യന് നല്‍കിയതിനാല്‍ അവന് ഭൂമി, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്തിനധികം പ്രപഞ്ചത്തിന്റെ തന്നെ കാലം കണക്കാക്കാന്‍ കഴിയുന്നു.
ഉദാഹരണമായി കാര്‍ബണ്‍ 14 ന്റെ പകുതി ആയുസ്സ് 5730 വര്‍ഷമാണ്. അതായത്, ഓരോ 5730 കൊല്ലം കഴിയുമ്പോഴും കാര്‍ബണ്‍ 14 ന്റെ ആറ്റങ്ങള്‍ നൈട്രജന്‍ 14 ആയി മാറും. അങ്ങനെ കാലം കഴിയുംതോറും കണക്കാക്കാന്‍ കഴിയാത്തത്ര ചെറിയ അളവിലായി മാറും.

ഈ പ്രപഞ്ചം യാദൃശ്ചികമായി ഉണ്ടായതാണെന്ന് പറയുന്നവര്‍ക്ക് ഇതൊക്കെ ഇങ്ങനെ കൃത്യമായി രൂപപ്പെടുത്തിയതാരാണ് എന്ന് പറയാനാകുമോ? ഖുര്‍ആന്‍ പറയുന്നു: 'ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്. അവനെ കൂടാതെയുള്ളവര്‍ സൃഷ്ടിച്ചതൊന്ന് കാണിച്ചുതരാമോ? അക്രമികള്‍ വ്യക്തമായ വഴികേടിലാണ്.' (സൂറത്ത് ലുഖ്മാന്‍ 11)
വളരെ പുരാതനമായി രൂപംകൊണ്ട ഒരു പാറയുടെ ചിത്രമാണിത്. യുറേനിയത്തിന്റെ അളവ് എങ്ങനെയാണ് കുറയുന്നതെന്നും പടിപടിയായി കറുത്തീയമായി മാറുന്നതെന്നും ഈ ചിത്രം കാട്ടിത്തരുന്നു. (നീലനിറം ഗന്ധകവും ചുവപ്പ് യുറേനിയത്തെയും സൂചിപ്പിക്കുന്നു).

ഒരു ഗുഹയില്‍ നിന്നെടുത്ത കാത്സ്യത്തിന്റെ ചിത്രമാണിത്. ഈ വളയങ്ങള്‍ ഈ ഗുഹയുടെ ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. അത് താണ്ടിക്കടന്ന ഭൂതകാലത്തെപ്പറ്റിയും പറഞ്ഞുതരുന്നു. ആയിരക്കണക്കിന് കൊല്ലം കൊണ്ട് ഈര്‍പ്പവും മഴയും അതില്‍ വരച്ച ചരിത്രമാണത്. മഹാനായ സ്രഷ്ടാവ് പരിശുദ്ധന്‍!

ഭൂമിയില്‍ ശേഖരിക്കപ്പെട്ട അറിവുകളുടെ അടിസ്ഥാനത്തില്‍, ഭൂമിയുടെ ആയുസ്സ് (വയസ്സ്) കണക്കാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടുണ്ട്. 4,600 മില്യണ്‍ വര്‍ഷമാണ് ഭൂമിയുടെ വയസ്സ്. ധാരാളം യുഗങ്ങള്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഓരോന്നിനും അതിന്റേതായ പ്രത്യേകതകളും നിശ്ചിതമായ കാലയളവും ഉണ്ടായിരുന്നു.

ഫോസിലുകളില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
ജീവനുള്ള വസ്തുക്കള്‍ മരിക്കുമ്പോള്‍ കാലക്രമത്തില്‍ അവ ഫോസിലുകളായി രൂപാന്തരപ്പെടുന്നു. അങ്ങനെ ആ വസ്തുവിന്റെ എല്ലിലടങ്ങിയ കാര്‍ബണില്‍നിന്ന് അതിന്റെ പ്രായം കണക്കാക്കാന്‍ സാധിക്കുന്നു. അല്ലാഹു പരിശുദ്ധന്‍! മനുഷ്യനെ അവന്‍ ആദരിച്ചു. അവനെ പരിഭ്രാന്തനായി വിട്ടിട്ടില്ല. ദൈവം സത്യമാണെന്നതിനുള്ള സാക്ഷ്യങ്ങള്‍ അവന്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അവന്‍ സര്‍വശക്തനാണെന്നും സര്‍വജ്ഞനാണെന്നും ഉള്ള സാക്ഷ്യവും ഉണ്ട്. മാത്രമല്ല, മനുഷ്യരായ നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളും രേഖപ്പെട്ടതും സൂക്ഷിക്കപ്പെട്ടതുമാണെന്നും സംശയത്തിനിടയില്ലാത്തവിധം നാം വിശ്വസിക്കേണ്ടതുണ്ട്. അതിനാല്‍, നാം ദൈവസന്നിധിയില്‍ വിചാരണ ചെയ്യപ്പെടുംമുമ്പ് നാം സ്വയം വിചാരണ ചെയ്യുക.


അല്ലാഹു സൃഷ്ടിച്ച എല്ലാ വസ്തുക്കളിലും സൂക്ഷ്മമായ ഫിസിക്‌സ് തത്ത്വങ്ങള്‍ അവന്‍ നിക്ഷേപിച്ചിട്ടുണ്ട്. നാം ആ വസ്തുക്കളെ വിശദമായി പരിശോധിച്ചാല്‍ അതിന്റെ പൂര്‍വചരിത്രം കണ്ടെത്താനാകും. അവ ജീവിച്ച കാലഘട്ടത്തെപ്പറ്റിയും ജീവിതസാഹചര്യങ്ങളെപ്പറ്റിയും അറിയാന്‍ അവയില്‍ത്തന്നെ അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു!

ഐസില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
24,000 കൊല്ലം മുതലാണ് ഭൂമിയുടെ അന്തരീക്ഷയുഗം ആരംഭിച്ചത്. അഥവാ പുറംപാളി. ആയിരക്കണക്കിന് മീറ്റര്‍ ഉയരത്തിലുള്ള അന്തരീക്ഷപാളികളും. കാലാവസ്ഥാ വിദഗ്ധര്‍ അക്കാലത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട്. അന്തരീക്ഷസ്ഥിതി, താപം, അന്തരീക്ഷ പാളികളുടെ ഘടന തുടങ്ങിയവയെപ്പറ്റി പറയുന്നുണ്ട്. ഇത്ര കൃത്യമായി അവര്‍ക്കെങ്ങനെ ഇത് പറയാനാവുന്നു എന്ന് നമുക്ക് നോക്കാം.


ആല്‍പ്‌സ് പര്‍വതത്തില്‍നിന്നുള്ള ഒരു ഐസ്‌കഷണം എടുത്ത് പരിശോധിച്ച ശാസ്ത്രജ്ഞര്‍ അതിന് 24,000 കൊല്ലത്തെ പഴക്കമാണ് കണക്കാക്കിയിട്ടുള്ളത്. വിശദമായ പഠന-ഗവേഷണങ്ങള്‍ക്കൊടുവില്‍ അവരതില്‍ ധാരാളം സൂക്ഷ്മമായ രേഖകള്‍ കണ്ടെത്തി. ഓരോ രേഖകളും ഓരോ വര്‍ഷത്തെ കാലാവസ്ഥയെപ്പറ്റി പറഞ്ഞുതരുന്നുണ്ട്. അതിലെ ആറ്റങ്ങള്‍ക്കിടയിലെ വായുകുമിളകള്‍ ആ കാലത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. സൃഷ്ടിരഹസ്യത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ പുറംപാളിയുടെ അടരുകളില്‍ ഗവേഷണം നടത്തുകയുണ്ടായി. അവര്‍ ധാരാളം അദ്ഭുതകരമായ കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി. കാരണം, അന്തരീക്ഷയുഗത്തെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അതിന്റെ അടരുകളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്ന. ആ അടരുകളിലുള്ള ഉപ്പ്, വിസ്തൃതിയിലുള്ള രേഖകള്‍, കാലപ്പഴക്കം കൊണ്ടുണ്ടാകുന്ന വരകൾ, കുമിളകൾ, മറ്റു വാതകങ്ങള്‍ എന്നിവയില്‍നിന്ന് അക്കാലത്തെ ഭൂമിയുടെ താപനില, മര്‍ദ്ദം മുതലായവ അറിയാന്‍ കഴിയുന്നു. അപ്രകാരം മലിനീകരണത്തോത്, ശൈത്യകാലം, ചൂടുകാലം എന്നിവ അക്കാലഘട്ടത്തില്‍ എത്രയായിരുന്നുവെന്ന് രേഖപ്പെട്ടുകിടക്കുന്നു.

വ്യത്യസ്ത ആഴങ്ങളില്‍നിന്ന് എടുത്ത അടരുകളില്‍ ധാരാളം രേഖകള്‍ കാണാം. ഓരോ രേഖകളും ആ അടരുകള്‍ മുറിച്ചുകടന്ന ചരിത്രം നമുക്ക് പറഞ്ഞുതരുന്നു. അല്ലാഹു ഈ ഭൂമിയുടെ ചരിത്രത്തെ എവിടെ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ഭൂമിയില്‍ സഞ്ചരിച്ച് അവ കണ്ടെത്താന്‍ ഖുര്‍ആന്‍ നമ്മോടാഹ്വാനം ചെയ്യുന്നു. അന്ത്യദിനത്തില്‍ ഈ ജീവജാലങ്ങളെ മുഴുവന്‍ കൊണ്ടുവരാന്‍ അല്ലാഹുവിന് ഒരു വിഷയവും ഇല്ല എന്നും നമുക്കിതിലൂടെ മനസ്സിലാക്കാം.

ഗവേഷകര്‍ കല്‍ക്കരി ഖനിയുടെ ഏറ്റവും ആഴമുള്ള സ്ഥലങ്ങളില്‍ ഇറങ്ങി നോക്കിയപ്പോൾ, സ്ഥിരമായി ഒഴുകുന്ന നീരുറവകള്‍ കണ്ടെത്തി. അതില്‍ നിന്നെടുത്ത് പരിശോധിച്ചപ്പോള്‍ ലക്ഷക്കണക്കിനു വര്‍ഷം പഴക്കമുള്ള വെള്ളമാണതെന്ന് കണ്ടെത്തി. മാത്രമല്ല, വായുവും വെളിച്ചവുമില്ലാതെ ജീവിക്കാനും പ്രത്യുല്‍പ്പാദനം നടത്താനും കഴിയുന്ന ജീവികളെയും കണ്ടെത്തി. അതിലൂടെ ലക്ഷക്കണക്കിന് വര്‍ഷം മുമ്പുള്ള ജീവന്റെ രൂപവും കാലാവസ്ഥയും എന്താണെന്നും അവര്‍ മനസ്സിലാക്കി.

1800 മീറ്റര്‍ താഴ്ചയിലുള്ള ഗ്രീന്‍ലാന്റ് ദ്വീപിന്റെ ഉത്തരഭാഗത്തുനിന്ന് കണ്ടെടുത്ത ഹിമകണത്തിന്റെ പഴക്കം 20,000 വര്‍ഷമാണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതിലെ ഗ്രാഫുകള്‍ ആ ദീര്‍ഘമായ കാലഘട്ടത്തിന്റെ ചരിത്രം ഗവേഷകര്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.

ഉല്‍ക്കകളില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍
ഭൂമിയില്‍ പതിച്ച ഉല്‍ക്കകളില്‍നിന്നും ഗവേഷകര്‍ ധാരാളം കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി. 4,000 ദശലക്ഷം വര്‍ഷം മുമ്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥയെപ്പറ്റി അറിയാന്‍ ഈ ഉല്‍ക്കാ പഠനം സഹായിക്കുന്നു. ഉല്‍ക്കകളിലെ തന്മാത്രാ ഘടന, അവശേഷിച്ച കാര്‍ബന്റെ അളവ് എന്നിവയിലൂടെ അവര്‍ പലതും മനസ്സിലാക്കി. ആകാശത്തുനിന്ന് വന്നവയില്‍ ജീവന്റെ ആദ്യരൂപങ്ങള്‍ വരെ കണ്ടെത്തിയിരിക്കുന്നു!


വായുമണ്ഡലത്തെ മുറിച്ചുകടന്ന്, കത്തിനശിക്കാതെ എത്തപ്പെടുന്ന ഉല്‍ക്കകളില്‍ സൃഷ്ടിപ്പിനെപ്പറ്റിയുള്ള ചില രഹസ്യങ്ങള്‍ ഉള്‍ക്കൊണ്ടതായി ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി. വിദൂര ഗാലക്‌സികളില്‍ ജീവന്റെ തുടിപ്പുള്ളതായി അതില്‍നിന്ന് ശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നു. അതാണ് ഖുര്‍ആന്‍ പറയുന്നത്: 'ആകാശഭൂമികളെ സൃഷ്ടിച്ചതും അവയില്‍ അവന്‍ വിതറിയ ജീവജാലങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതാണ്. അവന്‍ ഉദ്ദേശിച്ചാല്‍ അവയെയെല്ലാം ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ളവനാണവന്‍ (അശ്ശൂറാ 29)

ആധുനിക വാനശാസ്ത്രം ഈ പ്രപഞ്ചത്തിന് ഒരു ആരംഭം ഉണ്ടെന്ന് ആസന്നിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. അതിനാല്‍ അത് അനശ്വരമാണെന്ന് ഒരു ശാസ്ത്രജ്ഞനും ഇന്ന് വിശ്വസിക്കുന്നില്ല. ഈ സത്യം മുഹമ്മദ്‌നബി (സ)യെക്കൊണ്ട് അല്ലാഹു ചോദിപ്പിക്കുന്നു: 'നബിയേ, താങ്കള്‍ ചോദിക്കൂ, നിങ്ങളുടെ ദൈവങ്ങളിലാരെങ്കിലും ഉണ്ടോ, സൃഷ്ടി നടത്തുകയും വീണ്ടും അതാവര്‍ത്തിക്കുകയും ചെയ്യുന്നവർ? താങ്കള്‍ പറയൂ, അല്ലാഹു സൃഷ്ടി ആരംഭിക്കുന്നു, വീണ്ടും അതാവര്‍ത്തിക്കുന്നു. എന്നിട്ടും നിങ്ങള്‍ എങ്ങോട്ടാണ് (ദൈവത്തില്‍നിന്ന്) മാറിപ്പോകുന്നത്? (യൂനുസ്: 34)

മരങ്ങളുടെ തടികളില്‍ ശേഖരിക്കപ്പെട്ട വിവരങ്ങള്‍
മരത്തടികളിലെ വളയങ്ങള്‍ നിരീക്ഷിച്ച് മരത്തിന്റെ ചരിത്രം വായിക്കാന്‍ ഇന്ന് ശാസ്ത്രജ്ഞര്‍ക്ക് കഴിയും. ഈ വളയങ്ങള്‍ എന്തെല്ലാം പറഞ്ഞുതരുമെന്ന് നമുക്കൊന്നു നോക്കാം. മരത്തിന്റെ പ്രായം, അത് ജീവിച്ച കാലാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, മരത്തിന് പറ്റിയ ആപത്തുകള്‍, വെള്ളപ്പൊക്കം, കാട്ടുതീ എന്നിവയെ അതിജീവിക്കേണ്ടിവന്നോ എന്ന വിവരം എല്ലാം ഇവ പറഞ്ഞുതരുന്നു; അതും ആയിരക്കണക്കിന് വര്‍ഷം മുമ്പുള്ള വിവരങ്ങള്‍. ഓരോ വളയങ്ങളും മരത്തിന്റെ ഓരോ വയസ്സിനെ സൂചിപ്പിക്കുന്നു. അവയിലെ വൃത്താകൃതി, വളയങ്ങള്‍ തമ്മിലുള്ള അകലം എന്നിവയില്‍ക്കൂടി കാലാവസ്ഥകളെപ്പറ്റി മനസ്സിലാക്കാന്‍ കഴിയുന്നു. ഒന്നോര്‍ത്തുനോക്കുക! ഭൂമിയുടെ ചരിത്രം പാറകളിലും മരങ്ങളിലും രേഖപ്പെടുത്തിയവന് നമ്മുടെ ചരിത്രം നമ്മുടെ ശരീരത്തില്‍ത്തന്നെ രേഖപ്പെടുത്താനും വീണ്ടും വായിക്കാനും കഴിവുണ്ടാകില്ലേ? പരലോകജീവിതത്തെപ്പറ്റി യാതൊരു സംശയവും വേണ്ടേ വേണ്ട.


ആയിരക്കണക്കിന് കൊല്ലംമുമ്പുള്ള കാലാവസ്ഥകളെപ്പറ്റി മരത്തടികളിലൂടെ ശാസ്ത്രജ്ഞന്മാര്‍ക്ക് പലതും പഠിക്കാന്‍ കഴിഞ്ഞു. ആ കാലത്തെ അന്തരീക്ഷത്തിലെ കാര്‍ബന്റെ അളവ് ഇതിലൂടെ കണ്ടുപിടിക്കാന്‍ കഴിഞ്ഞു. മനുഷ്യരുടെ ദേശാടനത്തെപ്പറ്റിയും മറ്റും മനസ്സിലാക്കാനും കഴിഞ്ഞു. ഈ വിവരങ്ങള്‍ വെച്ച് മനുഷ്യന്‍ പ്രവചിക്കുന്ന കാലാവസ്ഥകളും സത്യങ്ങളാകാം.


സൃഷ്ടിപ്പിലെ ഈ കൃത്യത കാണുമ്പോള്‍ അറിയാതെ നമ്മുടെ നാവിന്‍തുമ്പിലേക്ക് വന്നുപോകുന്ന ഒരു സൂക്തമുണ്ട്: 'എല്ലാ വസ്തുക്കളെയും അതീവ കൃത്യതയോടെ സൃഷ്ടിച്ചവന്റെ പ്രവര്‍ത്തനമാണിത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അവന്‍ നന്നായറിയുന്നവനാണ്.' (അന്നംല്: 88). അതിനാല്‍ നമ്മുടെ ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തനങ്ങളും അല്ലാഹു അറിയുന്നുണ്ട് എന്നുറപ്പിക്കുക.

നമുക്ക് ഈ ചരിത്രമൊന്ന് പരിശോധിക്കാം - (1) ഒന്നാം കൊല്ലത്തെ വളര്‍ച്ച (2) മഴക്കാലം (3) വരള്‍ച്ച (4) കാട്ടുതീ ഏറ്റ അടയാളം). ഈ മരത്തിന്റെ വിശദമായ ചരിത്രം ഈ ചിത്രത്തിലുണ്ട്. വളയങ്ങള്‍ ഓരോന്നും അതിന്റെ ആയുസ്സിനെ കുറിക്കുന്നു. മഴക്കാലം, വരള്‍ച്ച എന്നിവ വളയങ്ങളുടെ രൂപം, നിറം, വിസ്തൃതി എന്നിവയിലൂടെ മനസ്സിലാക്കാം. കാട്ടുതീയുണ്ടായത് ഏത് പ്രായത്തില്‍ എന്ന് കണക്കാക്കാം. കാട്ടുതീയുടെ പ്രത്യേകത മനസ്സിലാക്കാം. അപ്രകാരം ആയിരക്കണക്കിന് വര്‍ഷംമുമ്പ് സംഭവിച്ച അഗ്നിപര്‍വത സ്‌ഫോടനം വരെ ഇതില്‍നിന്ന് മനസ്സിലാക്കാം.

സൃഷ്ടിപ്പിന്റെ രഹസ്യം ഭൂമിയില്‍
ഈ ഗവേഷണങ്ങളില്‍നിന്നെല്ലാം മനസ്സിലായത്, എല്ലാ കാര്യങ്ങളും രേഖപ്പെട്ടുകിടക്കുന്നുണ്ട്. അക്ഷരങ്ങളിലൂടെയല്ല. മറിച്ച്, ആറ്റങ്ങളാണ് അതിന്റെ ഭാഷ. ഈ കണ്ടുപിടുത്തങ്ങള്‍ മുഴുവന്‍ നടന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. നമുക്കന്വേഷിക്കാനുള്ള ഒരു കാര്യം, ഈ രേഖകളെപ്പറ്റി ഖുര്‍ആനില്‍ വല്ലതും ഉണ്ടോ എന്നാണ്. എന്നാല്‍ മരണാനന്തര ജീവിതത്തെ നിഷേധിക്കുന്നവരോട് ഖുര്‍ആന്‍ പറയുന്നത് കാണുക: '(അവര്‍ ചോദിക്കുന്നു) നാം മരിച്ചുമണ്ണായാല്‍... നാം തിരിച്ചുവരുമെന്നോ...?' (സൂറ ഖാഫ് 3). അല്ലാഹു മറുപടി പറയുന്നു: 'അവരില്‍നിന്ന് ഭൂമി ചുരുങ്ങിക്കൊണ്ടിരിക്കുന്നത് നമുക്കറിയാം. നമ്മുടെ പക്കല്‍ സൂക്ഷ്മമായ ഗ്രന്ഥമുണ്ട്.' (ഖാഫ്: 4)

അപ്പോള്‍ മനുഷ്യരായ നമുക്ക് ഈ സൂചനകളിലൂടെ ധാരാളം കാര്യങ്ങള്‍ അറിയുമെങ്കില്‍, സര്‍വശക്തനായ അല്ലാഹുവിന് എത്രയായിരിക്കും അറിയുക!

14 നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഖുര്‍ആന്‍, ഭൂമിയില്‍ സഞ്ചരിച്ച് സൃഷ്ടിപ്പിനെപ്പറ്റി മനസ്സിലാക്കാന്‍ നമ്മോടാവശ്യപ്പെടുന്നു. നമ്മുടെ വിശ്വാസം വര്‍ധിക്കാനുള്ള ഒരു നല്ല മാര്‍ഗമാണിത്. കാരണം, ഖുര്‍ആന്‍ പറയുന്നു: وفي الأرض آيات للموقنين (തീര്‍ച്ചയായും ഉറച്ചുവിശ്വസിക്കുന്നവര്‍ക്ക് ഭൂമിയില്‍ ദൃഷ്ടാന്തങ്ങളുണ്ട്.)

6 comments:

 1. respected teacher..assalamu alikum wr wb..
  vaayanayil albhuthangal viriyunnu...naathante srisdippine pattyulla quraanika viavarangalude visadeekaranangal....allahu ethra mahonnathan aanu...inyum vaayikkuvaan kaaahirippode..

  h a r i s k o y a

  ReplyDelete
 2. വളരെ വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ .

  മനുഷ്യന്റെ മുന്‍ഗാമി കൊരങ്ങു ആണെന്നതിന് ഖുര്‍ആനില്‍ വല്ലതും ഉണ്ടോ ?

  ReplyDelete
 3. സൃഷ്ടിപ്പിന്റെ രഹസ്യങ്ങളെക്കറിച്ചുളള ആഴത്തിലുളള വിശദീകരണത്തിന് നന്ദി.അത്ഭുതം.നമുക്കറിയാത്ത എത്രമാത്രം രഹസ്യങ്ങളാണ് ഈ ഭൂമിയില്‍. ഇത്തരം അറിവുകള്‍ പങ്കുവെയ്കുക.പുതിയ അറിവുകള്‍ കിട്ടുമ്പോള്‍ സന്തോഷം തോന്നുന്നു.

  ReplyDelete
 4. സഹോദരങ്ങളെ...ഞാന്‍ ബ്ലോഗില്‍ ഇടുന്ന ചില ലേഖനങ്ങള്‍ www.kaheel7.net സൈറ്റില്‍ നിന്ന transl ചെയ്തെടുക്കുന്നതാണ് എന്നറിയിക്കട്ടെ
  ഞാന്‍ വലിയ പണ്ടിതയാണെന്നു ആരും തെട്ടിധരിക്കതിരിക്കാനാണ് ഇങ്ങിനെ അറിയിക്കുന്നത്.എനിക്ക് ഇഷ്ടപ്പെടുമ്പോള്‍ ഞാന്‍ അത്‌ വിവര്‍ത്തനം ചെയ്യുന്നു എന്ന് മാത്രം..അല്ലാഹു അനുഗ്രഹിക്കട്ടെ
  ആമീന്‍

  ReplyDelete
 5. who is the visiter from pakisthan??
  pls contact me.
  vassalaam

  ReplyDelete