Friday, June 8, 2012

മഹാനന്ദയിലെ വിശേഷങ്ങൾ


നമ്മളിപ്പോൾ ബംഗാളിലെ നാലാമത്തെ ഗ്രാമമാണ് സന്ദർശിക്കുന്നത്. മഹാനന്ദ നദിക്കരികെ നീളത്തിൽ വീടുകൾ. അവിടെയാണ് മിടുമിടുക്കിയായ ജമാഅത്ത് അംഗമായ സുൽത്താന ഫർസാനയെ കണ്ടുമുട്ടിയത്. ചെന്നതു മുതൽ മണിക്കൂറുകൾ അവർ ഞങ്ങളോടൊപ്പം ചിലവഴിക്കുകയായിരുന്നു അവളുടെ മരുമകൻ മലപ്പുറം ജില്ലയിലെ ശാന്തപുരം ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയാണത്രെ! വെക്കേഷൻ പ്രമാണിച്ച് അവൻ പിറ്റേ ദിവസം എത്തും. എങ്കിലും ആ തിരക്കുകൾക്കിടയിലും സുൽത്താന ഞങ്ങൾക്കു വേണ്ട എല്ലാ സേവനങ്ങളും ചെയ്യാൻ മുൻപന്തിയിലുണ്ടായിരുന്നു. അവിടത്തെ കുടുംബങ്ങളധികവും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധമുള്ളവർ. ജി.ഐ.ഒ., എസ്.ഐ.ഒ. ഒക്കെ അവർക്ക് വേഗം മനസ്സിലായി. നല്ല വൃത്തിയും വെടിപ്പുമുള്ള കൊച്ചുവീടുകൾ.


ഞങ്ങൾക്ക് ഉച്ചഭക്ഷണം ഒരുക്കിയത് പണ്ടുകാലത്തെ നടുമുറ്റം വീടുകളെ അനുസ്മരിപ്പിക്കുന്ന ഒരു ചെറിയ നടുമുറ്റം വീട്ടിലായിരുന്നു. അവർ നന്നായി നെൽക്കൃഷി ചെയ്യുന്നുണ്ട്. എല്ലാവരുടെ വീടുകളിലും കളിമണ്ണ് കൊണ്ടുണ്ടാക്കിയ പല ആകൃതിയിലുള്ള വൻഭരണികൾ കാണാം. 20 കൊല്ലം വരെ അത്തരം ഭരണികളിൽ ധാന്യം കേടുകൂടാതെ ഇരിക്കുമത്രെ! അത് ഉണ്ടാക്കുന്ന വിധമൊക്കെ അവർ പറഞ്ഞുതന്നു. മണ്ണ് നന്നായി കുഴച്ച് 6 ഇഞ്ച് പൊക്കം വീതം കുറേശ്ശെ ഉണ്ടാക്കി മുകളിലേക്കെത്തിക്കുകയാണത്രെ! കോഴികളെ രാത്രി ഇടാനും വായുസഞ്ചാരമുള്ള മൺകൂടുകൾ. സുൽത്താനയുടെ ഭർത്താവ് ഒരു പ്രായംചെന്ന സ്ത്രീയെ കാട്ടി പറഞ്ഞു: ഇവരാണ് ഇതിന്റെ വിദ്യയിൽ എക്‌സ്‌പെർട്ട്. കൂടാതെ പരിപ്പും ഉഴുന്നുമൊക്കെ തോൽ കളയുന്ന വലിയ ആട്ടുകല്ല് മോഡൽ ഒരു 'യന്ത്ര'വും കണ്ടു. കുട്ടികളുടെ കളിസാമാനങ്ങളിൽ കണ്ടതല്ലാതെ നേരിട്ട് ആ കല്ലിനെ ഞാനാദ്യം കാണുകയാണ്. ഒരു വീട്ടിൽ കോഴിയെ കൊത്തിക്കാൻ വെച്ചിരിക്കുന്നു. തുറന്ന സ്ഥലത്തുതന്നെ. നമ്മളുടെ നാട്ടിൽ ഇരുട്ടത്താണ് വെക്കാറ്.



ഞങ്ങൾ കണ്ട എല്ലാ വീടുകളിലും ആട്, പശു, കോഴി ഒക്കെ ഉണ്ട്. നമ്മുടെ നാട്ടിൽ എത്ര വീടുകളിൽ കാണും ഇവയൊക്കെ? അവർ എന്തായാലും അധ്വാനശീലരാണ്. മടിയന്മാരല്ല. ഏറെ വൈകിയിട്ടും വയലിലും വൈക്കോലിലും പലതരം മൃഗങ്ങളോടും അവർ ഇടപഴകിക്കൊണ്ടിരിക്കുന്ന ദൃശ്യം നമുക്കെല്ലായിടത്തും കാണാം. എന്നിട്ടും അവരെന്തേ ദരിദ്രരായി? - അല്ലാഹു അഅ്‌ലം. ഒരുപക്ഷേ, കൂലി കുറവാകും.



മഹാനന്ദ നദിക്കരയിലെ ഗ്രാമീണർക്ക് നമ്മെ എല്ലാ വീടുകളിലും കൊണ്ടുപോകാൻ ആശ. അങ്ങനെ കുറേ നടന്നു. ഒരിടത്ത് കുറേ സ്ത്രീകൾ കൂടിനിൽക്കുന്നു. സഹയാത്രികനായ റാഫി മാഷ് പറഞ്ഞു: ഇതൊരു മരണവീടാണ്. ഞങ്ങളെയും ഗ്രാമീണർ മയ്യിത്ത് കാണാൻ സൗകര്യപ്പെടുത്തിത്തന്നു. പക്ഷേ, നോക്കിയതും ഞെട്ടിപ്പോയി. അത് ഒരു കൊലചെയ്യപ്പെട്ട മയ്യിത്തായിരുന്നു. സുൽത്താന വിശദീകരിച്ചുതന്നു. ഈ ഗ്രാമത്തിൽത്തന്നെ അറ്റത്തുള്ള ഒരു വീട്ടിലെ സ്ത്രീയാണ്. അവർ പണക്കാരിയായിരുന്നു. ഇതറിഞ്ഞ ഒരാൾ തീവെച്ച് കൊന്നതാണ്-കാശിനുവേണ്ടി. പോലീസ് കൊലപാതകിയെ പിടികൂടിയെന്നും പറഞ്ഞു. അവിചാരിതമായി ഗ്രാമത്തിലെ മരണവീടും സന്ദർശിക്കാൻ കഴിഞ്ഞു.



ഞങ്ങൾ നദിക്കരയിലെ പള്ളിയുടെ അടുത്തേക്ക് തിരിച്ചുനടന്നു. ഈ ഗ്രാമത്തിൽ പതിവിനു വിപരീതമായി ഹിന്ദുക്കളും ഉണ്ട്. ഉത്തരേന്ത്യയിൽ നമ്മുടേതുപോലെയല്ല. ഓരോ ഗ്രാമങ്ങളും മുസ്‌ലിം-അമുസ്‌ലിം എന്ന് വേർതിരിക്കപ്പെട്ടിരിക്കുന്നു. അതിന്റെ ചില പ്രശ്‌നങ്ങൾ ബീഹാറിൽ ഞങ്ങൾക്ക് നേരിട്ടനുഭവിക്കാൻ കഴിഞ്ഞു. അറാറിയാ ജില്ലയിലെ വിരണമെഴുതുമ്പോൾ അതെഴുതാം.


ഈ ഗ്രാമത്തിലെ അമുസ്‌ലിംകളെ സന്ദർശിക്കാൻ എന്തുകൊണ്ടോ ഇവർ വലിയ താൽപര്യമെടുത്തില്ല. നമ്മുടെ നല്ല നാടിനെ വർഗീയത എത്രമാത്രം ഗ്രസിച്ചിരിക്കുന്നു എന്ന് നേരിട്ടറിയാൻ സന്ദർഭമായി ഇത്. പണ്ട് എന്റെ മകന്റെ സുഹൃത്ത് വദ്‌വ (ഹരിയാനക്കാരൻ) എം.ബി.ബി.എസ്. വിദ്യാർഥി വീട്ടിൽ വന്ന് രണ്ടു ദിവസം താമസിച്ചപ്പോൾ അവൻ പറയുകയുണ്ടായി. ഇത് കേരളത്തിൽ മാത്രം നടക്കുകയുള്ളൂ. മോനും അവനും ഒരു കട്ടിലിൽ കിടന്ന സന്തോഷം. ഞാനെന്റെ സ്‌കൂളിലെ അമുസ്‌ലിം സുഹൃത്തുക്കളുടെ സ്‌നേഹം ഓർത്തുപോയി. കേരളം ഒരു ഭാഗ്യനാട് തന്നെ. നമ്മുടെ നാട്ടിൽ എന്ത് വർഗീയത? വടക്കേ ഇന്ത്യയിൽ വിദ്യാഭ്യാസമില്ലായ്മയും കയ്പുറ്റ ജീവിതാവസ്ഥകളും അത്തരമൊരു മാനസികാവസ്ഥയിലേക്കവരെ എത്തിച്ചിരിക്കാം. ബീഹാറിലും ബംഗാളിലും മുസ്‌ലിംകളാണ് പരിമ ദരിദ്രരെന്ന് എനിക്ക് യാത്രയിലുടനീളം മനസ്സിലാക്കാൻ കഴിഞ്ഞു. വിദ്യാഭ്യാസമില്ല, സംസ്‌കാരമില്ല, വൃത്തിയില്ല. ഈ ജനതയെ ദേശീയോദ്ഗ്രഥനത്തിൽ എങ്ങനെ ഭാഗഭാക്കാക്കും എന്നൊരു ദയനീയമായ ചോദ്യം നമ്മുടെ മുമ്പിൽ ഉയരുകയാണ്. ആത്മാർഥതയും നിഷ്‌കളങ്കതയും കൈമുതലാക്കി ജാതി-മതഭേദമെന്യേ നമ്മൾ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.



നമുക്ക് മഹാനന്ദ നദിയിലേക്കുതന്നെ മടങ്ങാം. പുഴ കണ്ടതു മുതൽ ഒന്ന് കുളിക്കണമെന്ന് സംഘാംഗങ്ങൾക്കെല്ലാം മോഹം. അങ്ങനെ പുരുഷന്മാരെല്ലാം കുളിക്കാനിറങ്ങി. ഞങ്ങൾക്ക് വേറെ കുളിക്കടവില്ലാത്തതിനാൽ ഞങ്ങളുടെ ആഗ്രഹം വഞ്ചിയാത്രയിൽ അവസാനിപ്പിക്കേണ്ടിവന്നു. സുന്ദരമായ ഒരു നദിയാണ് മഹാനന്ദ നദി. ആ ഗ്രാമത്തിന്റെ നീർച്ചാൽ. ഗ്രാമം മുകളിലും നദി താഴെയും. ആ ഗ്രാമത്തിലെ ആൾക്കാരെപ്പോലെ നിഷ്‌കളങ്കമായ ഒരു നദി. കുറേ നേരം ഞങ്ങളെയും കൊണ്ട് വഞ്ചിക്കാരൻ നദിയിൽ കറങ്ങി. കുളിക്കാൻ പറ്റാത്ത സങ്കടം ഇപ്പോഴുമുണ്ട്. സുൽത്താനയോട് ഞങ്ങൾക്ക് കുളിക്കണമെന്ന ആവശ്യം പറഞ്ഞെങ്കിലും അവൾക്കത് സ്വീകാര്യമായിരുന്നില്ല. ഞങ്ങൾക്കും ബുദ്ധിമുട്ടായിരുന്നു. സ്ത്രീകൾക്ക് പ്രത്യേക സ്ഥലമില്ലാത്തതിനാൽ. തോണിയാത്രയ്ക്കു മുമ്പ് ഞങ്ങളോട് പ്രായമുള്ള ഒരു സ്ത്രീ വന്ന് സലാം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ അവർ പറയുകയാണ് - 'മേം കാർകുൻ'. ഞങ്ങൾ ജമാഅത്ത് പ്രവർത്തകരാണെന്ന് പറഞ്ഞപ്പോൾ അവർക്ക് വലിയ സന്തോഷമായി. എന്നെ കെട്ടിപ്പിടിച്ചുനിന്ന് ഫോട്ടോക്ക് പോസ് ചെയ്തു.


യാത്രാസംഘത്തിലെ 8-ാം ക്ലാസ്സുകാരൻ മുതൽ 72 വയസ്സുകാരൻ വരെയുള്ള എല്ലാവരും എത്രമാത്രം സഹകരണത്തിലായിരുന്നു ഈ 12 ദിവസവും കഴിഞ്ഞുകൂടിയത് എന്നത് ഈ യാത്രയിൽ ലഭിച്ച വലിയ സന്തോഷങ്ങളിലൊന്നാണ്. കരുവാരക്കുണ്ട് ടീം എന്ന് ഞങ്ങൾ പേരിട്ട് ജമീല-അബുക്ക, മാനുക്ക-മർയം, സീനത്ത്-ഉമർ ദമ്പതികൾ! ഞങ്ങളോടാള്ള അവരുടെ ശ്രദ്ധ എത്രമാത്രമാണ് - വിദ്യാർഥികളൊക്കെ എന്നെക്കൊണ്ട് ലഗേജൊന്നും, കോണികയറുമ്പോഴും ട്രെയിനിൽ കയറുമ്പോഴുമൊന്നും എടുപ്പിച്ചിട്ടേയില്ല. കടുത്ത ചൂടിലും അസൗകര്യങ്ങളിലും പോലും ഒരു കുഞ്ഞും 'കമാ' എന്നൊരക്ഷരം എതിരായി ഉരിയാടിയില്ല. ഹൃദ്യതയാർന്ന സംഘം! ഒരു കുടുംബം പോലെ 12 ദിവസം. സജീർ, ആദം സ്വാലിഹ്... തുടങ്ങി എല്ലാ മക്കളും സ്വന്തം മക്കളെപ്പോലെയാണ് പെരുമാറിയത്. വാസ്തവത്തിൽ ആ സന്തോഷം... ആ സ്‌നേഹം... ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്ത നൊമ്പരം. എല്ലാവരും ഇടക്കിടെ ഒത്തുകൂടണം എന്ന് മനസ്സ് വെമ്പുന്നു. ഹജ്ജിനേക്കാൾ ദുർഘടമായ യാത്രയായിരുന്നു ഞങ്ങളുടേത്. എന്നിട്ടും ഒരു അലങ്കോലവുമില്ലാതെ യാത്ര നടന്നത് 'യദുല്ലാഹി അലൽ ജമാഅ' എന്ന റബ്ബിന്റെ കാരുണ്യം കൊണ്ടാണ്. ഈ സ്‌നേഹം ഇവിടെ കുറിച്ചില്ലെങ്കിൽ ഞാൻ നന്ദിയില്ലാത്തവളായിപ്പോകും.


അടുത്തത് ബീഹാറിലേക്ക്...

9 comments:

  1. അനുഭവം നന്നായി വിവരിച്ചു ....അള്ളാഹു ബര്കത്തു ചെയ്യെട്ടെ

    ReplyDelete
  2. ലളിതസുന്ദരമായ ഭാഷ.
    വായിച്ചപ്പോള്‍ അവിടെയൊക്കെ പോയതുപോലെ തോന്നി.
    ചിത്രങ്ങളും ഗംഭീരം.
    യാത്രകളുടെ ഒരു പുസ്തകം ഇറക്കിക്കൂടേ ചേച്ചീ?

    ReplyDelete
  3. സുന്ദരം ഈ വിവരണം, കൂടെ വന്നത് പോലെ. ബാക്കി കൂടി കേള്‍കാന്‍ കൊതിയാവുന്നു.

    ReplyDelete
  4. Salaam sabeee..
    vallathoru anubhavam....pala yathra vivarananghalum kandittundu..ennal inghaneyonnu kandu kittiyilla..munpathe nailintethu ozichu....sabiyude karaviruthu aparam thanne....rabbu thunakkatte....ella sugha soukaryanghalil irunnum ithu vayikkumpol ithintenpinnile adwanam orkkathirikkan aavilla......
    god wrk....ellarkkum thanalekan ente sabiyude karanghlkku iniyum rabbu thunanalkatte. Enna prarthanayode......

    ReplyDelete
  5. നേരില്‍ കാണുമ്പോഴ ഇത് പോലെ പല നടുകളുടെയും അവസ്ഥ നമുക്ക് മനസ്സിലാകൂ...സ്വന്തം സുഗങ്ങള്‍ മാത്രം തിരഞ്ഞു ഞമ്മള്‍ നാട്ടോട്ടം ഓടുമ്പോഴും ഇങ്ങനെയും ഒരു പറ്റം ജനങ്ങള്‍ ജീവിക്കുനുണ്ട് എന്ന് മനസ്സിലാക്കാന്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് ഇതന്റെ ഈ പോസ്റ്റ്‌ തന്നെ ധാരാളം ...അടുത്ത വിവരനതിനായി കാത്തിരിക്കുന്നു..

    ReplyDelete
  6. മാത്​സ് ബ്ലോഗിലെ ലിങ്കിലൂടെ ഇവിടെയെത്തി. മുഴുവന്‍ വായിച്ചൂ. ഈ ബ്ലോഗിന്റെ ഉടമസ്ഥയെപ്പറ്റി ഏകദേശ ധാരണ കിട്ടി. എന്നെപ്പോലെ തന്നെ ഒരു അധ്യാപിക.നിറഞ്ഞ സന്തോഷം.
    (ഈശ്വരാ, ഈ ടീച്ചര്‍ക്ക് ജാതിമത ഭേദമില്ലാതെ സല്‍പ്രവൃത്തികള്‍ ചെയ്യാന്‍ കെല്‍പ്പ് കൊടുക്കണേ..!ഇപ്പോള്‍ മുസ്ലിം വിഭാഗക്കാരെ മാത്രം ലക്ഷ്യമാക്കുന്ന ഇവരുടെ മനസ്സില്‍, മുഴുവന്‍ ജനതയേയും ലക്ഷ്യമാക്കുമാറ് നീ വിശാലത ചൊരിയണേ...)

    ReplyDelete
    Replies
    1. പ്രിയ ടീച്ചർ,

      ശരിക്കും നിങ്ങൾ മുഴുവൻ പോസ്റ്റുകളും വായിച്ചോ? ധാരാളം പോസ്റ്റുകളുണ്ട്. അതുകൊണ്ട് ഒരുമിച്ച് വായിക്കുന്നതിന് കുറച്ചു സമയവും എടുക്കും. സമയം കിട്ടുന്നതിനനുസരിച്ച് പഴയ പോസ്റ്റുകൾ വായിക്കുക. ടീച്ചർക്ക് ചെറിയ (or little bit more) ധാരണാ പിശക് സംഭവിച്ചിട്ടുണ്ട്. ഈ പോസ്റ്റെങ്കിലും ഒന്നുകൂടി വായിക്കുക.

      ജാതിഭേദമെന്യേ ജീവകാരുണ്യപ്രവർത്തനങ്ങളും സാമൂഹ്യപ്രവർത്തനങ്ങളും നിർവഹിക്കുന്ന ഒരു വ്യക്തിത്വമാണ് ഈ ബ്ലോഗർ. നമ്മുടെ സമൂഹത്തിൽ അത്തരക്കാരുടെ എണ്ണം തുലോം വിരളമാണ്.

      Delete
  7. യാത്രകള്‍ നമുക്ക് അനല്പമായ അറിവുകള്‍ പ്രദാനം ചെയ്യുന്നു. ഈ യാത്രയും സഫലമാണ് എന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം
    ഒപ്പം ഒരു പാട് ചോദ്യങ്ങളും ഈ വരികള്‍ നമുക്ക് എറിഞ്ഞുതരുന്നുണ്ട് . നമ്മുടെ ഇന്ത്യയുടെ അവസ്ഥ, സമൂഹങ്ങളുടെ മനസ്സ്....
    (ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു)

    ReplyDelete
  8. സാധാരണ യാത്ര വിവരണത്തില്‍ നിന്നും വ്യത്യസ്തമായി ...
    ഈ യാത്ര സംഘവും, യാത്ര ചെയ്ത സ്ഥലങ്ങളും
    പുതിയ ഒരു വായന അനുഭവം തരുന്നു ..
    സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഈ കുടുംബിനികള്‍ (കരുവാരകുണ്ട് ടീം)
    ചെയ്ത ഈ യാത്ര ..ജീവിത അസ്വധനതിന്റെ മറ്റൊരു തലം കാണിച്ചു തരുന്നു ....
    തുടര്‍ന്നും എഴുതുക ..നന്ദി

    ReplyDelete