Saturday, August 25, 2012

വേര്‍പാടിന്റെ വേദന


ചില മനുഷ്യരുടെ വേര്‍പാട് ഹൃദയത്തില്‍ ആഴത്തില്‍ മുറിവുണ്ടാക്കും. അത്തരത്തില്‍ ഒന്നായിരുന്നു ഈയിടെ നമ്മെ വിട്ടുപോയ ഇഖ്ബാലിന്റെ വേര്‍പാട്.

ഒരു ദിവസം, കൃത്യമായി പറഞ്ഞാല്‍ ജൂലൈ 5, വ്യാഴാഴ്ച നാലാം പിരിയഡ്. എന്റെ ഒരു സുഹൃത്തായ ജഅ്ഫര്‍ എളമ്പിലാക്കോട് മദീനയില്‍നിന്ന് വിളിക്കുന്നു. കമ്പ്യൂട്ടര്‍ ലാബിലായതിനാല്‍ ഫോണ്‍ എടുത്തു. എന്തോ അര്‍ജന്റ് കാര്യത്തിനാണെന്ന് മനസ്സിലായി. പതുക്കെ പതുക്കെ വിഷയം പറഞ്ഞു. നമ്മുടെ ഇഖ്ബാലിന് നല്ല സുഖമില്ല. ചികിത്സയ്ക്കായി നാട്ടിലേക്ക് വരേണ്ടിവരും. അദ്ദേഹത്തിന്റെ ഭാര്യയെയും ഉമ്മയെയും അറിയിച്ചിട്ടില്ല. ടീച്ചര്‍ നാട്ടിലുള്ള ഭാര്യാപിതാവായ ജമാല്‍ക്കാനെ അറിയിക്കണം. വളരെ പ്രയാസത്തോടെയാണെങ്കിലും ഞാന്‍ ഉടനെ ജമാല്‍ക്കാക്ക് വിളിച്ചുപറഞ്ഞു. എന്റെ മകന്‍ ഹാഷിം ആര്‍.സി.സിയില്‍ ഡോക്ടറായി ഉള്ളതിനാല്‍ അവനെയും വിളിച്ചുപറഞ്ഞു. ഉച്ചഭക്ഷണത്തിനിരുന്നെങ്കിലും തൊണ്ടയില്‍ കുരുങ്ങുംപോലെ. ഒരുവിധം ഭക്ഷണം കഴിച്ചു. മനസ്സാകെ പതറിയപോലെ.

ഇഖ്ബാല്‍ എന്ന സുഹൃത്തുമായി കുറേ മുമ്പ് അവന്‍ ടെക്‌നോപാര്‍ക്കില്‍ ജോലിചെയ്യുമ്പോള്‍ കത്തുകളിലൂടെ ശക്തമായ ദീനീബന്ധം ഉണ്ടായിരുന്നു. അവന്‍ പിന്നീട് ജപ്പാനിലും കൊറിയയിലും ഒക്കെ പോയപ്പോഴും കത്തിടപാടുകള്‍ ഉണ്ടായിരുന്നതായാണോര്‍മ. ഇപ്പോള്‍ യു.എസ്സില്‍ ഉള്ള ഷാഫിക്ക് ഞാനയക്കുന്ന കത്തുകള്‍ അന്ന് ടെക്‌നോപാര്‍ക്കിലെ പലരും വായിക്കുമായിരുന്നു. എന്റെ സുഹൃത്തുക്കളായ ജമാല്‍ക്കാടെയും സുഹറയുടെ മകള്‍ അമീനയെ വിവാഹം ചെയ്യുന്നതിനും മുമ്പേ ഇഖ്ബാല്‍ എനിക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. ശക്തമായ ദീനീബന്ധം. അവന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞു: ടീച്ചര്‍, എനിക്ക് കുറച്ചെങ്കിലും ദീന്‍ കിട്ടിയത് അന്‍സാറിലെ എന്റെ പഠനത്തിലൂടെയായിരുന്നു. ഇസ്‌ലാമികസ്ഥാപനങ്ങളുടെ മേന്മ ഉള്ളിലേക്ക് ഇറക്കിയ വാക്കുകളായിരുന്നു അത്. പലപ്പോഴും പല സ്ഥലത്തുവെച്ചും എന്റെ വീട്ടില്‍ കുടുംബസമേതം വന്നും ഞങ്ങളുടെ ദീനീബന്ധം ശക്തമായിക്കൊണ്ടിരുന്നു.

ഒരിക്കല്‍, ഒരുകൊല്ലം മുമ്പ് ജാഫര്‍ വിളിച്ചപ്പോള്‍ പറഞ്ഞു: ടീച്ചറേ, ടീച്ചറുടെ വളരെ ഇഷ്ടമുള്ള ഒരു ഇഖ്ബാല്‍ ഇവിടെ ഉണ്ട് - മദീനയില്‍. വലിയ സന്തോഷം തോന്നി. ബന്ധങ്ങള്‍ അകലുന്നില്ല എന്ന് മനസ്സില്‍ സന്തോഷം തോന്നി.

ഇതിനേക്കാളൊക്കെ എന്നെ ആകര്‍ഷിച്ചത് നമ്മുടെ ഇഖ്ബാല്‍ കുറിച്ച അവസാന ഡയറിക്കുറിപ്പുകളാണ്. അത് ലോകത്തെ അറിയിക്കുന്നത് ഒരു സല്‍കര്‍മമായിരിക്കുമെന്ന് കരുതുകയാണ് ഞാന്‍.

രണ്ടു ദിവസം മുമ്പ് ജമാല്‍ക്ക ആ ഡയറിക്കുറിപ്പുകളുമായി ഇവിടെ വന്നു. തേങ്ങിക്കരഞ്ഞുകൊണ്ടല്ലാതെ അത് വായിച്ചുതീര്‍ക്കാനാവില്ല ആര്‍ക്കും. കൂടാതെ, മരണത്തിനും ജീവിതത്തിനും ഇടയില്‍ നില്‍ക്കുന്ന, മനുഷ്യനെന്ന മഹാപ്രതിഭാസത്തിന് എത്രമാത്രം തന്റെ നാഥനുമായി അടുക്കാനാകും എന്ന് ആ കുറിപ്പുകള്‍ സൂചിപ്പിക്കുന്നു. സ്വയം സംസ്‌കരണത്തിന്റെ, തന്റെ നാഥനോടുള്ള പ്രാര്‍ഥനയുടെ പകര്‍പ്പുകളാണവ. വെല്ലുര്‍ വെച്ച് ജുമുഅയ്ക്ക് പോകാന്‍ വയ്യാതായപ്പോള്‍ ആ സമയത്ത് കസേരയിട്ട് പുറത്തിരുന്നു എന്നും അല്‍കഹ്ഫ് ഓതി എന്നും പ്രിയമകന്‍ കുറിച്ചിട്ടിരിക്കുന്നു. റമനാദിന്‍ നോമ്പെടുക്കാന്‍ കഴിയാത്ത വിഷമം ഉണ്ട്. മാരകരോഗത്തിനിടയിലും ഒരു വിശ്വാസിക്കല്ലാതെ ആര്‍ക്കാണ് ഇത്രമാത്രം സ്വസ്ഥത അനുഭവിക്കാനാവുക! ദൈവനിഷേധികളിലേക്ക് ഞാനെന്റെ തൂലികയെ തിരിച്ചുനിര്‍ത്തുകയാണിപ്പോള്‍. പറയൂ, നിങ്ങള്‍ എങ്ങനെയായിരിക്കും ശൂന്യമായ ഭാവിയിലേക്ക്, മരണത്തില്‍ കയറി സഞ്ചരിക്കുക? എന്നാല്‍, വിശ്വാസിക്ക് പ്രതീക്ഷയുണ്ട്, ആത്മധൈര്യമുണ്ട്.

വിശ്വാസിക്ക് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും പാഠങ്ങളാണ്. രണ്ടാമത്തെ 10 തുടങ്ങിയപ്പോള്‍ ഇഖ്ബാല്‍ എഴുതിയിരിക്കുന്നു. പടച്ചവനേ, നീ എന്റെ ഒരു തെറ്റും പൊറുക്കാതെ ബാക്കിവെക്കരുതേ എന്ന്. ഹൃദയം റബ്ബിന് 100 ശതമാനവും സമര്‍പ്പിച്ചവനല്ലേ അങ്ങനെ ചിന്തിക്കാനും എഴുതാനും കഴിയൂ. മദീനയില്‍ വച്ച് സഹായിച്ച ഓരോ സുഹൃത്തുക്കളെയും പേരെടുത്തെഴുതി, അവര്‍ക്ക് നീ ഗുണം ചെയ്തുകൊടുക്കണേ എന്ന് അവന്‍ പ്രാര്‍ഥിക്കുന്നു. ചില പ്രകാശപൂരിതമായ നക്ഷത്രങ്ങള്‍ ആകാശത്ത് മിന്നിമറയുംപോലെ, മീദനയിലെ സുഹൃത്തുക്കള്‍ക്കും ഇഖ്ബാലിന്റെ സാന്നിധ്യം സന്തോഷം നല്‍കിക്കാണും. വേര്‍പാട് വേദനയും.
ഹാഷിം എന്നോട് പറഞ്ഞു: ഉമ്മാ, ഇഖ്ബാല്‍ക്കാടെ മക്കളെ അദ്ദേഹം അവസാനം യാത്രയയക്കുമ്പോള്‍ പറഞ്ഞ വാക്കുകളാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. മൂത്തമകനെ അടുത്തുവിളിച്ചു പറഞ്ഞത്രെ! മോനേ, നമസ്‌കാരത്തിന് മടികാട്ടരുത് എന്ന്. തന്റെ കാലശേഷം അവര്‍ എങ്ങനെ ജീവിക്കും എന്നൊന്നും ആ യുവാവിനെ ചഞ്ചലപ്പെടുത്തുന്നില്ലല്ലോ.

വെല്ലൂര്‍ പോയതിനുശേഷം ഷാഫീടെ ഒരു മെയില്‍ വന്നു. ടീച്ചര്‍, ഇഖ്ബാലിന് അല്പം കൂടുതലാണ്. എന്റെ മനസ്സാകെ വിഷമിക്കുകയാണ്. എനിക്കുറങ്ങാന്‍ കഴിയുന്നില്ല ഒരുകാലത്ത് തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ദീനീബന്ധത്തിലെ ശക്തമായ കണ്ണികളായിരുന്നല്ലോ അവര്‍ രണ്ടുപേരും. ജുവൈരിയ എന്ന അവരുടെ ദീനീസഹോദരിയും.

ഇഖ്ബാല്‍ മരണത്തോടടുത്ത്, അവസാനം കുറിച്ച വരികളില്‍ ഒരു വസ്വിയ്യത്തെഴുതാന്‍ പോവുകയാണ് എന്നെഴുതിയെങ്കിലും എഴുതാന്‍ കഴിഞ്ഞില്ല.

ഇഖ്ബാല്‍, മോന്റെ ഏറ്റവും വലിയ വസ്വിയ്യത്തുകള്‍ പുറത്തേക്ക് വന്നല്ലോ. രോഗം മനുഷ്യനെ മൂന്ന് നിലയ്ക്ക് ശുദ്ധീകരിക്കുന്നു എന്നൊക്കെയുള്ള ഉന്നതമായ ക്ലിപ്തപ്പെടുത്തലുകള്‍..... സ്വത്ത് മാത്രമല്ലല്ലോ വസ്വിയ്യത്ത്.!!!

ഞാനാ ഡയറിക്കുറിപ്പുകള്‍ ജമാല്‍ക്കാടെ കൈയില്‍നിന്ന് വാങ്ങിനോക്കി. പണ്ട് എനിക്കെഴുതിയ കൈപ്പടകള്‍. ഞാനെന്നും അഊദുവും ബിസ്മിയും വച്ച് കത്തെഴുതാറുള്ളപോലെ, അവസാനത്തെ കുറിപ്പില്‍ അവനും അഊദു എഴുതിയിട്ടുണ്ട്.

അല്ലാഹ്... ഞാനിനി എന്താണെഴുതേണ്ടത്? ലോകത്തിന്റെ പടിഞ്ഞാറെക്കരയിലെ ഡള്ളാസില്‍ ഷാഫി തന്റെ കുഞ്ഞനുജനെ ഓര്‍ത്ത് ഇത് വായിച്ച് കണ്ണീര്‍ വാര്‍ക്കും എന്നെനിക്കറിയാം. കാരണം, എന്റെയും കണ്ണുനിറഞ്ഞൊഴുകുകയാണ്.

നാഥാ! പ്രിയപ്പെട്ട അവന്റെ ഉമ്മ ഹസീനാത്താക്കും സഹോദരിമാര്‍ക്കും പ്രിയതോഴിയായിരുന്ന അമീനാക്കും അകാലത്തില്‍ പിതാവ് നഷ്ടപ്പെട്ട മക്കള്‍ക്കും ജമാല്‍ക്കാക്കും കുടുംബത്തിനും നീ ആശ്വാസം കൊടുക്കണേ!

സുഹൃത്തുക്കള്‍ക്കെല്ലാം പ്രിയമകന്‍ ഓരോ ദീനീസ്ഫുലിംഗങ്ങള്‍ ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നവ ശേഷിപ്പിച്ചിട്ടാണ് യാത്രപിരിഞ്ഞത്. രോഗശമനത്തെക്കാളേറെ അവന്‍ റബ്ബിനോട് ആവശ്യപ്പെട്ടത് വിശ്വാസിയുടെ മരണമായിരുന്നു എന്നും ആ കുറിപ്പ് വ്യക്തമാക്കുന്നു. ഒരു വിശ്വാസിക്ക് മാത്രമേ ഇതിന് കഴിയൂ. ലൈലത്തുല്‍ ഖദറിന്റെ പുണ്യനാളുകളെ ഇഖ്ബാല്‍ പുണര്‍ന്നുകൊണ്ടാണ് യാത്രയായത്! നാഥാ, അവന്‍ പ്രാര്‍ഥിച്ച എല്ലാ പ്രാര്‍ഥനകളും നീ സ്വീകരിച്ചിട്ടുണ്ടാകണേ.

ലീവ് കുറവായിട്ടും ശരീരത്തിന് നല്ല സുഖമില്ലാതിരുന്നിട്ടും ഞാന്‍ ഇഖ്ബാലിന്റെ വീട്ടില്‍ പോയി. പ്രിയമകന്റെ മയ്യിത്ത് എങ്കിലും അവസാനമായി ഒന്ന് കാണണമെന്ന് കരുതീട്ട്. മുറ്റത്ത് ജനത്തിരക്ക്. ഇടയില്‍ ഒരു സ്ത്രീ ചോദിക്കുന്നു, ടീച്ചറല്ലേ? മുഖത്ത് സൂക്ഷിച്ചു നോക്കിയപ്പോള്‍ ജുവൈരിയായുടെ ഉമ്മ. ഒപ്പം ജുവൈരിയയും - ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കരച്ചിലടക്കാനായില്ല. ദീനീചര്‍ച്ചകളിലൂടെയും ഖുര്‍ആന്‍ പഠനങ്ങളിലൂടെയും ശക്തമായ ബന്ധത്തിന്റെ മറ്റൊരു കണ്ണി. ഇത്തരം ഒരു നിമിഷത്തിലായിരിക്കും വീണ്ടും കണ്ടുമുട്ടുക എന്ന് ആരോര്‍ത്തു? അവള്‍ പ്രിയസുഹൃത്തിന്റെ മയ്യിത്ത് കാണാന്‍ മാത്രം ഹൈദരാബാദില്‍നിന്ന് ഫ്‌ളൈറ്റിന് വന്നിരിക്കയാണ്. ഇതൊക്കെ വായിക്കുമ്പോള്‍ വിദൂരങ്ങളിലെ ഇഖ്ബാലിന്റെ സുഹൃത്തുക്കള്‍ വേദനിക്കുമെന്നറിയാം. എന്നാലും എനിക്കെഴുതാതെ നിവൃത്തിയില്ല.

ആ സുഹൃത്തില്‍നിന്ന് ഓരോരുത്തരും തങ്ങള്‍ക്കാവശ്യമുള്ള പാഠങ്ങള്‍ സ്വാംശീകരിക്കട്ടെ. അവ ഓരോന്നും തങ്ങളുടെ ജീവിതത്തിലേക്ക് പകര്‍ത്തട്ടെ. അതാണ് നമ്മോടുള്ള പ്രിയസുഹൃത്തിന്റെ വസ്വിയ്യത്ത്. നാഥാ, ഞങ്ങളെയും അവനെയും നീ ഫിര്‍ദൗസ് തന്നെ നല്‍കി അനുഗ്രഹിക്കണേ.

വസ്സലാം,
സ്വന്തം ടീച്ചര്‍.

10 comments:

  1. salaaam sabeee..vallathoru vishamathodeyaa vayichu thudanghiyee...avasanam ezuthukal manghipoyirikkunnu..kannukal kalanghiyathinalavam...onnum parayaan vakkukal kittunnilla...rabbu adehathodoppam nammeyum avante jannathul firdousil orumichu koottatte..oppam aa kudumpathinu samadhanam nalkukayum cheyyename nadhaa..ameeen....

    ReplyDelete
  2. വളരെ വേദനയോടാണ് വായിച്ചതു ..സ്നേഹിക്കുന്നവരെ വേര്പിരിയുക വളരെ ദുഖകരമായ കാര്യം. അള്ളാഹു അവന്‍റെ കാരുണ്യം കൊണ്ട് അദ്ദേഹത്തില്‍ നിന്ന് വന്നു പോയ തെറ്റുകള്‍ മാപ്പാക്കി കൊടുക്കട്ടെ. അദ്ദേഹത്തിന്റെ ഖബറിടം അള്ളാഹു വിശാലമാകെട്ടെ, അവരെയും നമ്മെയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമിന്‍ ...ആ കുടുംബത്തില് ശാന്തിയും സമാധാനവും നല്കട്ടെ എന്ന് പ്രാര്തികുനതോടപ്പം അവരുടെ ധുക്കത്തില് പങ്കു ചേരുന്നു hashim
    dubai

    ReplyDelete
  3. വേര്പടുകളില്‍ വേദനിക്കുന്ന മനുഷ്യനെ
    അശ്വസിപിക്കാന്‍ വിശ്വസിയുടെയും,അവിശ്വസിയുടെയും
    പ്രമാണങ്ങള്‍ അശ്ക്തമാണ് ....
    ദൈവം അവനു മറവി നല്‍കികൊണ്ട് അനുഗ്രഹിച്ചിരിക്കുന്നു .
    .ഇഖ്‌ബലിന്റെ കുടുംബത്തെ ദൈവം അനുഗ്രഹികട്ടെ .
    ടീച്ചര്‍ നന്നായി എഴുതി ....

    ReplyDelete
  4. "പടച്ചവനേ, നീ എന്റെ ഒരു തെറ്റും പൊറുക്കാതെ ബാക്കിവെക്കരുതേ....."


    ടീച്ചര്‍, ഹൃദയത്തെ തൊടുന്ന വാക്കുകള്‍

    ReplyDelete
  5. മനസ്സില്‍ നോവുണര്ത്തുന്ന അവതരണം
    വേര്‍പാടുകള്‍ ഒരു പാട് വാങ്ങേണ്ടവരാണ് നമ്മള്‍ മനുഷ്യര്‍ അത് സഹിക്കാന്‍ കഴിയുന്നതും അല്ലാത്തതും ഉണ്ട് .. ഉറക്കം എന്ന അനുഗ്രഹം കൂടി ഇല്ലയിരുന്നെകില്‍ നമ്മുടെയൊന്നും കണ്ണുകള്‍ കണ്ണ്നീര്‍ വറ്റിയ നേരം കാണില്ല ..
    നമ്മുടെയെല്ലാം പ്രാര്‍ത്ഥനകള്‍ നാഥന്‍ സ്വീകരിക്കട്ടെ ..
    റാസ്‌

    ReplyDelete
  6. May Allah Bless The Soul of Brother Iqbal, by forgiving all sins. Aameen. A lesson for all.
    Jazakallah for writing this.
    Wassalam
    Sidheek.C.S
    Kozhikode

    ReplyDelete
  7. "എല്ലാ ജീവികളും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്."
    (Al Anbiya :35)

    ReplyDelete
  8. ഇക്ബാലിന്റെ പാപങ്ങള്‍ അള്ളാഹു പെറുത്ത് മാപ്പകികെടുക്കട്ടെ.
    പരിച്ചപ്പെടുതിയ ടീച്ചര്‍ക്ക് നന്ദി.

    ഞാന്‍ മാടവന അത്താണി ഹല്‍ക്കയിലുള്ള ബഷീര്‍. ഞാന്‍ ക്യന്‍സിര്‍ രോഗിയാണ്, ഇപ്പോള്‍ സര്‍ജറികഴിഞ്ഞിരിക്കുന്നു. മകന്‍ R.C.C യില്‍ ജോലി ചെയുന്നുടങ്ങില്‍ എന്നെ ഒന്നുവിളിക്കുമോ MOB NO. 9446231929.

    ReplyDelete
  9. നാഥാ! പ്രിയപ്പെട്ട അവന്റെ ഉമ്മ ഹസീനാത്താക്കും സഹോദരിമാര്‍ക്കും പ്രിയതോഴിയായിരുന്ന അമീനാക്കും അകാലത്തില്‍ പിതാവ് നഷ്ടപ്പെട്ട മക്കള്‍ക്കും ജമാല്‍ക്കാക്കും കുടുംബത്തിനും നീ ആശ്വാസം കൊടുക്കണേ!

    ReplyDelete