Tuesday, November 13, 2012

വഴിതെളിച്ച പ്രിയപ്പെട്ട ഉസ്താദന്മാര്‍

ഈ കുറിപ്പ് ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദുമാരെപ്പറ്റിയാവട്ടെ. ശംസുദ്ദീന്‍ ഉസ്താദിനെ ഇതിനിടെ എല്ലാവര്‍ക്കും പരിചയമായിട്ടുണ്ടാകും. ഞങ്ങളുടെ ഇടയില്‍ ഉസ്താദ് എന്നു മാത്രം പറഞ്ഞാല്‍ അത് ശംസുസ്താദാണ്. പി.ഡി. എന്നറിയപ്പെടുന്ന അബ്ദുറസാഖ് മൗലവി (എം.ഐ.ടി. സ്ഥാപനങ്ങളുടെ അമരക്കാരന്‍ - മഹാപണ്ഡിതന്‍) ബനാത്തില്‍ ആദ്യമായി ജോലിക്കു ചേരാന്‍ വന്നത് ഇന്നും എന്റെ കണ്‍മുന്നിലുണ്ട്. എന്റെ സുഹൃത്ത് ബീവിയാണെങ്കില്‍ ഉസ്താദിനെ കണ്ടപാടെ കല്യാണപ്പുത്യാപ്ലയായിരിക്കുമെന്ന് പറഞ്ഞു. കാരണം, ഉസ്താദ് ചെറിയ ഹൗളില്‍നിന്ന് കാല്‍ കഴുകി കയറുന്നതാണ് ഞങ്ങളുടെ ആദ്യത്തെ കാഴ്ച. ഒരു പപ്പടക്കളര്‍ സില്‍ക്ക് ജുബ്ബയായിരുന്നു വേഷം.

പള്ളിയിലെ ഹൗളുകളും പള്ളിക്കുളവും വല്ലാത്ത ആകര്‍ഷണീയം. ഞങ്ങള്‍ ഒരു കൊല്ലം പള്ളിയിലായിരുന്നല്ലോ പഠിച്ചിരുന്നത്.

എനിക്കേറ്റവും പ്രിയപ്പെട്ട ഉസ്താദ് എം.ടി.അബൂബക്കര്‍ ഉസ്താദായിരുന്നു. അതിന് ഒരു കാരണമുണ്ട്. നന്നായി തമാശ പറയും. ഉസ്താദിന് ദ്വേഷ്യം വന്നാല്‍ ''എന്തട ഹയവാനേ'' (കഴുതേ എന്ന് വിളിക്കണ പോലെ) എന്നൊരു വിളിയാണ്. ആര്‍ക്കും ആ വിളി കേട്ടാലൊന്നും പരിഭവമില്ല. ഉസ്താദ് അറബിസാഹിത്യത്തിന്റെയൊക്കെ ആശാനായിരുന്നു. അണമുറിയാത്ത വാചകപ്രവാഹമാണ് ക്ലാസ്സെടുക്കുമ്പോള്‍. ഇടയ്ക്കിടെ പുരോഗമനാത്മക ചിന്തകള്‍ ഞങ്ങളുടെ ചിന്തയിലേക്ക് ചൊരിയും. കടുകട്ടിയായ മുഅല്ലഖാത് (ഏഴ് ഖണ്ഡകാവ്യങ്ങള്‍) പഠിപ്പിച്ചത് ഉസ്താദായിരുന്നു. അറബിസാഹിത്യത്തെ ഈ 'മുഖല്ലഖാതി'ല്ലാതെ ചര്‍ച്ച ചെയ്യാനാവില്ല. അറബികള്‍ അവരുടെ സാഹിത്യഭ്രാന്ത് കാരണം എഴുതി സമാഹരിച്ചതിനുശേഷം കവിതകളെ കഅബയില്‍ കെട്ടിത്തൂക്കി. അതിനാലാണ് കെട്ടിത്തൂക്കപ്പെട്ടത് എന്ന പേര് വന്നത് അതിലെ തരംതാഴ്ന്ന കവിതകള്‍ ഉസ്താദ് അര്‍ഥം പറഞ്ഞുതരാന്‍ വിഷമിച്ചുകാണും. കാരണം, ഞങ്ങളെല്ലാം പെണ്‍കുട്ടികള്‍. ഇതൊക്കെ എങ്ങനെയാണ് ഉസ്താദ് വിശദീകരിക്കുക? ചില അര്‍ഥങ്ങളൊക്കെ പറയാതെ നീങ്ങും. എന്തു ചെയ്യാന്‍? യൂണിവേഴ്‌സിറ്റി നിശ്ചയിച്ചതല്ലേ? മുഅല്ലഖയില്‍ ചില വരികള്‍ അല്ലാഹുവിനെയും പരലോകത്തെയും ഓര്‍മിപ്പിക്കുന്നവയാണെങ്കില്‍ ചില കവികളുടേത് (ഉദാ: ത്വറഫ, അംറ്ബിന്‍ കുത്സും, ഇംറുല്‍ ഖൈസ്) പെണ്ണും കള്ളും യുദ്ധവും മാത്രമാണ്. അക്കാലഘട്ടത്തിന്റെ സംസ്‌കാരത്തെ വിളിച്ചോതുന്നവയാണാ കവിതകള്‍. കാമുകി നഷ്ടപ്പെട്ട ത്വറഫ എന്ന കവി ആ കാമുകിയെ തേടിപ്പോകുന്ന ഒട്ടകത്തെ വര്‍ണിക്കുന്നത് അംഗ-പ്രത്യംഗ വര്‍ണനകളിലൂടെയാണ്. 

അബൂബക്കര്‍ ഉസ്താദിന്റെ സഹൃദയത്വവും ഈ കവിതകളും കൂടി ആകുമ്പോള്‍... പടച്ചവനേ, ആ ക്ലാസ്സുകളില്‍ ഒന്നുകൂടി ചെന്നിരിക്കാന്‍ ഭാഗ്യം ലഭിച്ചെങ്കില്‍ എന്ന് ആശിച്ചുപോകും. എനിക്കിന്നും അബൂബക്കര്‍ ഉസ്താദിന്റെ അവകാശി ഞാനാണെന്നാണ് ഉള്ളില്‍. എന്തായാലും ബനാതിലെ ഉസ്താദിന്റെ ശിഷ്യകളില്‍ ഉസ്താദിന് എന്നോടായിരുന്നു ഏറ്റവും ഇഷ്ടം. എനിക്ക് മാര്‍ക്ക് കുറയുന്നത് ഉസ്താദിനിഷ്ടമില്ലായിരുന്നു. എന്നുവച്ച് കൂട്ടി ഇട്ടുതരികയൊന്നുമില്ല. ബലാഗ (അറബിസാഹിത്യത്തിലെ ഒരു പ്രധാന വിഷയം) ഉസ്താദാണ് ആദ്യം മുതല്‍ അവസാനം വരെ എടുത്തത്. മൂന്നു ഭാഗങ്ങളാണ് ബലാഗ. അതില്‍ അവസാന ഭാഗം ആയപ്പോള്‍ ഉസ്താദ് പറഞ്ഞു: ഒരു ബലാഗ ബുക്ക് ഒന്ന് ഓഫീസില്‍ കൊണ്ടുപോയി വയ്ക്കണം ട്ടാ - അന്നാണ് ഞങ്ങള്‍ അറിയുന്നത്. ഒന്നുരണ്ടു കൊല്ലമായി ഉസ്താദ് ഞങ്ങളെ ബലാഗ പഠിപ്പിച്ചത് റെഫര്‍ ചെയ്യാതെയായിരുന്നു! അഥവാ അദ്ദേഹത്തിന് ആ കടുകട്ടി പുസ്തകം വായിച്ചുനോക്കാതെ പഠിപ്പിക്കാന്‍ കഴിയുമായിരുന്നു. ഉസ്താദ് ഇല്ലാതായാല്‍ - ഉസ്താദിന്റെ പിരിയഡ് നഷ്ടമായാല്‍ എനിക്ക് അസഹ്യമായിരുന്നു. ഉസ്താദിന് ഓരോ കാര്യങ്ങളും പറഞ്ഞ് ഒരു ചിരി ഉണ്ട്. നമ്മളും പൊട്ടിച്ചിരിച്ചുപോകും. പക്ഷേ, കാര്യത്തിനിടയില്‍ ചിരിച്ചാല്‍ ഉസ്താദ് ആള് മാറും. എനിക്കിതുവരെ പഠിക്കാത്തതിന് ഉസ്താദിന്റെയടുത്തുനിന്ന് അടി കൊണ്ടിട്ടില്ല. പക്ഷേ, ചിരിച്ചതിന് കിട്ടീട്ടുണ്ട്. തയ്യല്‍ക്ലാസില്‍ പോകാതെ ഞാനും ബീവിയും പന്തുകളിച്ചു നിന്നതിന് കിട്ടീട്ടുണ്ട്. ബീവി പക്ഷേ, അടി വാങ്ങാതെ ഹാളിന്റെ അടുത്ത വാതിലിലൂടെ രക്ഷപ്പെട്ടു. എനിക്ക് ചിരിച്ചതിന് പലതവണ കിട്ടീട്ടുണ്ട്.

പടച്ചവനേ, എന്ത് അധ്യാപകരായിരുന്നു ഞങ്ങളുടേത്. ആത്മാര്‍ഥത മുറ്റിനിന്നവര്‍. അല്ലാഹുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍. ഒരു നാടിനെയും നാട്ടാരെയും ഇസ്‌ലാമികപ്രഭയിലേക്ക് നയിക്കാന്‍ വന്നവര്‍. ഇന്നാകെ കാസര്‍കോട്ടുകാരനായ പി.ഡി. ഉസ്താദ് മാത്രമേയുള്ളൂ ഇവിടെ. അതും ഒരു ഇതിഹാസം തന്നെ. കൊടുങ്ങല്ലൂരിനെ കേരളത്തിലെ എന്നല്ല ഇന്ത്യയിലെതന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ അഭിമാനിക്കാവുന്ന കോട്ടയാക്കിയതില്‍ പി.ഡി. ഉസ്താദിന്റെ പ്രയത്‌നം വളരെ വലുതാണ്. റബ്ബ് ഓരോന്ന് നിശ്ചയിച്ചു കണക്കാക്കിക്കാണും. പക്ഷേ, അനുയായികള്‍ ഇനിയും ഒരുപാട് മുന്നോട്ടു പോകേണ്ടതുണ്ട്. സുന്ദരവും മാതൃകാപരവുമായ സ്ഥാപനങ്ങള്‍. എം.ഐ.ടി. ഹോസ്പിറ്റല്‍, സ്‌കൂള്‍, ഐ.ടി.സി. സെന്റര്‍ തുടങ്ങി ബനാത്തും അഞ്ചങ്ങാടി യു.പി. സ്‌കൂളും എം.ഐ.ടിക്കു കീഴിലാണ്. സബ്ജില്ലയിലെ തന്നെ മികച്ച സ്‌കൂളുകളാണ് രണ്ട് എം.ഐ.ടികളും - എയ്ഡഡും അണ്‍എയ്ഡഡും. ഈ മഹാന്മാരുടെ അടുത്തെങ്ങുമെത്താന്‍ ഇവിടത്തെ ഒരു സ്വദേശിക്കും കഴിയില്ലെന്ന് ഉറപ്പ്. 100 ശതമാനം സത്യസന്ധവും നിഷ്‌കളങ്കവും ആയ നേതാവാണ് പി.ഡി. മര്‍ഹൂം ശംസുസ്താദ് ഉള്ള കാലത്തുതന്നെ ഇത്തരം സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മാതൃസ്ഥാപനം ബനാത്ത് തന്നെ. ഒരു നാടിനെ ഉണര്‍ത്തുക വഴി ലോകത്തിന് വെളിച്ചം കാട്ടാന്‍ കഴിവുള്ളവരെ വാര്‍ത്തെടുത്ത സ്ഥാപനവും ഉസ്താദന്മാരും.

പ്രശസ്തനായ മമ്മുണ്ണി മൗലവി, മസ്‌കത്തില്‍ ദീര്‍ഘകാലം ഉണ്ടായ എം.ടി.മൊയ്തീന്‍ മൗലവി, സമദ് ഉസ്താദ്, സൈനുദ്ദീന്‍ ഉസ്താദ് തുടങ്ങി ആ പട്ടിക നീളുന്നു. അധ്യാപികമാര്‍ ഒന്നോ രണ്ടോ മാത്രം. അതുതന്നെ സ്‌കൂള്‍വിഷയങ്ങള്‍ പഠിപ്പിക്കാന്‍. പിന്നെ, ആകെ ഉണ്ടായത് അബൂബക്കറുസ്താദിന്റെ ഭാര്യ സുബൈദത്ത. അന്ന് ടീച്ചര്‍ എന്നു വിളിച്ചില്ല ആരും. സുബൈദത്തയായിരുന്നു എല്ലാവര്‍ക്കും. ഹദീസ് ഒക്കെ എടുക്കുമായിരുന്നു. ഞാനോര്‍ക്കുകയാണ്, അവര്‍ താമസിച്ചിരുന്നത് ഞങ്ങളുടെ കുറച്ചൊക്കെ അടുത്ത സ്ഥലത്തായിരുന്നു. അതിനാല്‍, മുടങ്ങിയ ദിവസത്തെ പാഠങ്ങള്‍ പഠിക്കാന്‍ ഞാന്‍ ഉസ്താദിന്റെയടുത്ത് ഇടയ്‌ക്കൊക്കെ പോയിട്ടുണ്ട്. പഞ്ചതന്ത്രം കഥകളുടെ അറബിയായ 'കലീല വ ദിംന' ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. ഉസ്താദായിരുന്നു അതും എടുത്തിരുന്നത്. ഏത് ക്ലാസ്‌റൂമില്‍, ഏത് പിരിയഡ്, ഏത് പാഠം പഠിച്ചു എന്നൊക്കെ എനിക്കിപ്പോഴും ഓര്‍മയുണ്ട്. മുഴുവനല്ലെങ്കിലും ഒരുപാട് ഓര്‍മകള്‍. അതാവാം ഇന്ന് പഠനത്തോടൊപ്പം പുതിയ ചിന്തകളോടും എനിക്ക് അടക്കാനാവാത്ത ആഗ്രഹം. ഈ 53-ാം വയസ്സിലും പഠിക്കമെന്നുതന്നെയാണ്. ഗുണകരമായ അറിവുകള്‍ തന്ന് റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.

ഇപ്പോള്‍ ഖത്തറിലുള്ള ടി.പി.അബ്ദുള്ള (അബൂസാലിം) ഞങ്ങളെ കുറച്ചുകാലം പഠിപ്പിച്ചിട്ടുണ്ട്. നാല്‍പ്പതിലധികം കൊല്ലമായി ഉസ്താദ് കുടുംബസമേതം ഖത്തറിലാണ്. ഇടക്കാലത്ത് (രണ്ടു കൊല്ലം മുമ്പ്) എന്നെ വിളിക്കുകയും ഇന്റര്‍നെറ്റിലൂടെ അറബിയില്‍ ധാരാളം ക്ലാസ്സുകള്‍ എടുത്തുതരുകയും ചെയ്തു. അല്‍ഹംദുലില്ലാഹ്. അദ്ദേഹം ദുആ (പ്രാര്‍ഥന) എന്നതിനെപ്പറ്റി മാത്രം ഒരുപാട് ദിവസങ്ങളിലായി സുന്ദരമായ ക്ലാസ്സുകള്‍ ഗൂഗ്ള്‍ടാക്കിലൂടെ എന്നെ പഠിപ്പിക്കുകയുണ്ടായി. എല്ലാം അറബിയിലായിരുന്നു. ഞാന്‍ കത്തെഴുതിയപ്പോള്‍ എന്നോട് പറഞ്ഞു: 'നിന്റെ കൈയക്ഷരം ഇനിയും നന്നാക്കണം' എന്ന്. എന്റെ കൈയക്ഷരം നല്ലതാണെന്ന് കരുതി ഇരിക്കുകയായിരുന്നു ഞാനിതുവരെ. അധ്യാപകരുടെ കൂട്ടത്തില്‍ ഒന്നുരണ്ടു കൊല്ലമൊക്കെ പഠിപ്പിച്ചവരും ഉണ്ട്. ജമാലുദ്ദീന്‍ ഉസ്താദ് ഒക്കെ. അവരെപ്പറ്റിയൊന്നും ഒരു വിവരവുമില്ല. ഒ.ടി. എന്നറിയപ്പെടുന്ന ഒ.ടി. ഉസ്താദും ഇ.എന്‍.മുഹമ്മദ് മൗലവിയും എല്ലാം അറിവിന്റെ കേദാരങ്ങള്‍ തന്നെ.

അബൂബക്കറുസ്താദിന്റെ ഒരിക്കലും മറക്കാത്ത ചില തമാശകള്‍ എഴുതി ഈ കുറിപ്പവസാനിപ്പിക്കാം. ചോദ്യം ചോദിച്ചിട്ട് കിട്ടിയില്ലെങ്കില്‍ മൂപ്പര്‍ക്ക് ഒരു വര്‍ത്താനമുണ്ട് - ''അവള്‍ടെ തലയില്‍ തലച്ചോറ് പോയിട്ട് ഒരു വറ്റും കൂടി ഇല്ല'' എന്ന്. ഇപ്പോഴും ഞാന്‍ പൊട്ടിച്ചിരിക്കുകയാണ്. അതുപോലെ, ഒരാള്‍ പോത്തിനെ വല്ലാതെ തല്ലുകയാണത്രെ. കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: 'ടാ, നീ മിണ്ടാപ്രാണികളെ ഇങ്ങനെ ഉപദ്രവിക്കല്ലേ, വെള്ളം കിട്ടാണ്ട് മരിച്ചുപോവുകയുള്ളൂ' എന്ന്. ഉടന്‍ തല്ലുന്നവന്റെ മറുപടി - 'ഏയ്, എന്റെ വാപ്പ ഇതിലും വലിയ ക്രൂരനായിരുന്നു. മൂപ്പര്‍ മരിച്ചത് നാലാള്‍ വെള്ളമുള്ള കിണറ്റില്‍ വീണാണ്.' ഇതൊക്കെ കേട്ട് ചിരിക്കയല്ലാതെന്തു ചെയ്യാന്‍. മനുഷ്യമനസ്സ് മൂല്യങ്ങള്‍ക്കൊപ്പം ഇത്തരം നിരുപദ്രവമായ തമാശകള്‍ കേള്‍ക്കാനും പറയാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്നു എന്നത് സത്യം.

ഞാനെന്റെ പ്രിയപ്പെട്ട ഉസ്താദന്മാര്‍ക്കായി ഉള്ളുരുകി പ്രാര്‍ഥിക്കുകയാണ്. അവരെ ഇരുലോക വിജയികളാക്കണേ റബ്ബേ. ഞങ്ങളെയും - സ്വര്‍ഗത്തില്‍ ഇനിയെന്തു വേണം എന്ന് റബ്ബ് ചോദിച്ചാല്‍ ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും അവസരം തന്നാല്‍ മതീന്ന് പറയാം. ഖുര്‍ആന്‍ പഠിപ്പിച്ച മഹാന്മാരായിരുന്നു എല്ലാവരും. ജീവിതത്തില്‍ ഇസ്‌ലാമിനെ പകര്‍ത്താന്‍ ഈ ഉസ്താദന്മാര്‍ ഞങ്ങള്‍ക്ക് പ്രായോഗിക പഠനരീതിയാണ് സ്വീകരിച്ചത്; ഏറ്റവും ശാസ്ത്രീയ രൂപത്തില്‍.

فمن يؤت الحكمت فقد أوتي خيرا كثيرا
ആര്‍ക്കെങ്കിലും ഹിക്മത് (ജ്ഞാനം) നല്‍കപ്പെട്ടാല്‍ അവന് ഏറെ നന്മകള്‍ ലഭിച്ചുകഴിഞ്ഞു. (ഖുര്‍ആന്‍)

വസ്സലാം.

2 comments:

  1. എനിക്ക് മാര്‍ക്ക് കുറയുന്നത് ഉസ്താദിനിഷ്ടമില്ലായിരുന്നു. എന്നുവച്ച് കൂട്ടി ഇട്ടുതരികയൊന്നുമില്ല.


    athey athey..hmmm

    مشكور يا حبيبي

    അധ്യാപന ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും ഉഷാര്‍ !! ഇന്നും മങ്ങാത്ത ഈ ഓര്‍മ്മകള്‍ ഒരു സുഖം തന്നെ

    ആരാണ് ഇത്ര കൂടുതല്‍ ടൈപ്പ് ചെയ്തു തന്നത് ബ്ലോഗിണിക്ക് ??

    ReplyDelete
  2. ഭൂതകാല ജീവിതത്തിലെ ചില അനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്.അതില്‍ ചിലത് മനസ്സിന്‌ കുളിര്‍മയും, മറ്റു ചിലത് മനസ്സിന്‌ നീററലും ഉണ്ടാക്കിയേക്കാം എന്നിരുന്നാലും ഓര്‍മകളെ താലോലിച്ചിരിക്കാന്‍ നല്ല രസമാണ്‌.അതൊന്നും ഇനി മടങ്ങി വരില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് മനസ്സ്‌ വേദനിക്കുന്നത്. ألا ليت الشباب يعود يوما > فأخبره بما فعل المشيب (ഒരു നാള്‍ യുവത്വം മടങ്ങി വരികയാണെങ്കില്‍.... വാര്‍ദ്ധക്യം എന്നെകൊണ്ട് കാട്ടിക്കൂട്ടിയതൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും) എന്ന കവി വാക്യമാണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്. ടീച്ചറുടെ അനുഭവങ്ങള്‍ രസകരമായിട്ടുണ്ട്. കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete