Wednesday, November 7, 2012

എന്നെ അധ്യാപികയാക്കിയ ബനാത്ത്‌

റസിയ എന്ന വിദ്യാര്‍ഥിനി - ഞാനവളെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, ഒരിക്കല്‍ ബനാത്തില്‍ സാഹിത്യസമാജത്തില്‍ ഞാന്‍ ഒരു ക്ലാസ്സെടുക്കാന്‍ പോയി. ഇസ്‌ലാമികപ്രബോധനത്തിന്റെ ആവശ്യകതയെപ്പറ്റി പറഞ്ഞു. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: കുട്ടികള്‍ ഒന്നുരണ്ട് വയസ്സാകുമ്പോഴേക്ക് സംസാരിച്ചുതുടങ്ങും. മൂന്നു വയസ്സായിട്ടും മിട്ടുന്നില്ലെങ്കില്‍ പൊട്ടനാണെന്ന് സംശയിച്ചുതുടങ്ങും. അപ്രകാരം, ബനാത്തില്‍ പഠിക്കാന്‍ തുടങ്ങിയിട്ടും പ്രബോധനം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്തോ തകരാറ് ഉണ്ട് എന്ന് പറഞ്ഞു. ക്ലാസ് കഴിഞ്ഞപ്പോള്‍ ഈ മോള്‍ എന്റെയടുത്ത് വന്ന് പറഞ്ഞു: ''എനിക്ക് ടീച്ചര്‍ പറഞ്ഞ ഈ വാചകം വലിയ ഇഷ്ടമായി.'' അങ്ങനെ ഞാനും അവളും സംസാരിച്ച് വളരെ വേഗം അടുത്തു. അവള്‍ ബി.എസ്‌സി. ഫിസിക്‌സിന് 82 ശതമാനം മാര്‍ക്കോടെ പാസ്സായി, മാമമാരുടെ നിര്‍ബന്ധത്തിന് ബനാത്തില്‍ ചേര്‍ന്നതാണ്.

എന്റെ ചിന്ത മറ്റൊരു വഴിക്ക് നീങ്ങി. ഈ കുട്ടി എന്തായാലും നിര്‍ബന്ധിതയായാണ് ബനാത്തില്‍ വന്നിട്ടുള്ളത്. ഉള്ളില്‍ എം.എസ്‌സി ഫിസിക്‌സ് എടുക്കാനുള്ള മോഹം കാണും. അവളുടെ കാലം, വൈകിയവേളയില്‍ ഇവിടെ കളയുന്നതില്‍ ഒരര്‍ഥക്കുറവുണ്ട്. ഐഹികലോകത്തെ വെടിഞ്ഞുകൊണ്ട് ഒരു പരലോകത്തെ ഖുര്‍ആനും പരിചയപ്പെടുത്തുന്നില്ല. അങ്ങനെ, പിന്നീട് പലപ്പോഴായി ഞാനുമായുള്ള അവളുടെ അടുപ്പം ശക്തിപ്രാപിച്ചു. ഞാന്‍ അവളോട് വാക്ക് കൊടുത്തു. മോള്‍ക്ക് എം.എസ്‌സി. ഫിസിക്‌സ് പഠിക്കണമെങ്കില്‍ ടീച്ചര്‍ എല്ലാ പിന്തുണയും നല്‍കാം - ഇന്‍ഷാ അല്ലാഹ്. അങ്ങനെ അവള്‍ വീണ്ടും പഠനം തുടരാനുള്ള ശ്രമം ആരംഭിച്ചു. വാക്ക്പറഞ്ഞ പോലെ ഞാന്‍ അവളെ ഫറൂഖില്‍ കൊണ്ടുപോയി എം.എസ്‌സിക്ക് ചേര്‍ത്തു. അന്നവിടെ പ്രൊഫസര്‍ മുബാറക് പാഷയാണ് പ്രിന്‍സിപ്പല്‍. എന്റെ ഉമ്മാടെ തിരൂര്‍ പഠനകാലത്തെ ആത്മസുഹൃത്തായിരുന്ന ഡോ. റാബിയ (ഹജ്ജുമ്മ)യുടെ അനിയത്തിയുടെ മകനാണ് പാഷ. പഴയ ബന്ധമൊക്കെ പൊടിതട്ടി, വിവരങ്ങളൊക്കെ പറഞ്ഞു.

അവളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ഞാനായിരുന്നു. അല്‍ഹംദുലില്ലാഹ്. അവള്‍ക്ക് സാമ്പത്തികപ്രയാസമുണ്ടായിരുന്നില്ല. പക്ഷേ, ഇനിയും രണ്ടുകൊല്ലം എം.എസ്‌സിക്ക് കളയണ്ടേ എന്നായിരുന്നു വീട്ടുകാരുടെ വിഷമം. അല്‍ഹംദുലില്ലാഹ്, അവള്‍ എം.എസ്‌സിക്ക് നല്ല മാര്‍ക്കില്‍ വിജയിച്ചു. അവിടെത്തന്നെ ബി.എഡിനും ചേര്‍ന്നു എന്നാണെന്റെ ഓര്‍മ. അവള്‍ക്കും കുടുംബത്തിനും അപ്പോഴേക്കും സ്വയം പറക്കാനുള്ള ചിറകുകള്‍ മുളച്ചുകഴിഞ്ഞിരുന്നു.

നോക്കൂ, ഒരധ്യാപികയുടെ ബാധ്യത മാത്രമല്ലേ ഇതൊക്കെ. കൂടുതലായി ഒന്നും ചെയ്തതായി തോന്നുന്നില്ല. നാല്‍ക്കവലകളില്‍ വഴിയറിയാതെ പകച്ചുനില്‍ക്കുന്ന ആണ്‍മക്കളെയും പെണ്‍മക്കളെയും അവര്‍ ഒറ്റയ്ക്ക് നടക്കാനാവുംവരെ ചെറിയൊരു കൈത്താങ്ങ് കൊടുക്കുക. അല്ലെങ്കില്‍ ഒന്ന് റോഡ് മുറിച്ചുകടത്തിക്കൊടുക്കുക. ആ മക്കള്‍ പില്‍ക്കാലത്ത് ധാരാളം പേര്‍ക്ക് കൈത്താങ്ങായി മാറും, തീര്‍ച്ച.

നമുക്ക് റസിയയിലേക്കുതന്നെ പോകാം. അവളെ വിദ്യാസമ്പന്നനും ശാന്തനുമായ ഒരാള്‍ വിവാഹം കഴിച്ചു. രണ്ടു മക്കളായി. ഗള്‍ഫില്‍ പോയി. അവര്‍ 'പുത്യാപ്ലയും പുതുപെണ്ണും' എന്നും ദുബായിലെ ഖുര്‍ആന്‍ സ്റ്റഡിയിലെ ഫസ്റ്റ് ആകാറുണ്ടത്രെ! ഓണ്‍ലൈന്‍ ബന്ധമില്ലെങ്കിലും ഇടയ്‌ക്കൊക്കെ ഞങ്ങള്‍ കാണാറുണ്ട്. ഇതെഴുതുമ്പോള്‍ അവളുടെ നിഷ്‌കളങ്കമായ ചിരിയാണ് എന്റെ കണ്‍മുമ്പില്‍ തെളിയുന്നത്.

അടുക്കും ചിട്ടയുമില്ലാതെയാണ് ഞാനെഴുതുന്നത്. മനസ്സില്‍ ശക്തമായി വരുന്ന കാര്യങ്ങള്‍ എഴുതുന്നു എന്നു മാത്രം - വാസ്തവത്തില്‍, അധ്യാപകര്‍ ശരിക്ക് പഠിക്കുന്നത് പഠിപ്പിക്കുന്നവരാകുമ്പോഴാണ്. പണ്ട് മമ്മുണ്ണി മൗലവി പറയുമ്പോള്‍ അത് ശരിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍, കാലം ചെല്ലുംതോറും നമുക്കത് അനുഭവവേദ്യമാകാറുണ്ട്. മറ്റൊരു കുട്ടിയുടെ കഥയിലേക്ക് പെട്ടെന്ന് എന്റെ മനസ്സ് നീങ്ങുകയാണ്. ഇതിലെ എല്ലാ പേരുകളും സാങ്കല്പികമാണ്. സജിതയുടെ പേര് മാത്രം സാങ്കല്പികമല്ല, യഥാര്‍ഥമാണ്.

അടുത്ത കുട്ടിയെ വാഹിദ എന്നു വിളിക്കാം. അവള്‍ ബനാത്തിലെ ഹോസ്റ്റലിലായിരുന്നു. കാണാനും പഠിക്കാനും മിടുക്കി. എഴുതാന്‍ അതിലും മിടുക്കി. ഞാന്‍ ഇടയ്ക്കിടയ്ക്ക് ക്ലാസ്സെടുത്തു കഴിഞ്ഞാല്‍ (റഗുലര്‍ ക്ലാസ്സല്ല) അവള്‍ അന്ന് രാത്രി ഇരുന്ന് എന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ച് എന്നെ പിന്നെ കാണുമ്പോള്‍ തരുമായിരുന്നു. എനിക്കവളുടെ കത്തുകള്‍ വലിയ ഇഷ്ടമായിരുന്നു. നമ്മുടെ വിശ്വാസവും ദൈവഭയവും വര്‍ധിപ്പിക്കാന്‍ ആ കത്തുകള്‍ ഉപരിക്കുമായിരുന്നു. അതാണ് ഞാനാദ്യം എഴുതിയത് - നാം പഠിക്കുന്ന കാലത്തേതിലും അധികം പഠിപ്പിക്കുമ്പോഴാണ് കാര്യങ്ങള്‍ മനസ്സിലാകുക എന്ന്. അവള്‍ എഴുതിയ ഒരു വാചകം ഞാനിവിടെ കുറിക്കാം. നിഫാഖിനെ (കാപട്യത്തെ) ഭയപ്പെടാതിരിക്കരുത്. കാപട്യത്തെ അകറ്റിനിര്‍ത്തിക്കൊണ്ട് ജീവിക്കാന്‍ നാം ശ്രമിക്കണം.'' -അവളുടെ പിതാവ് ഉപദേശിച്ചത് എടുത്തെഴുതിയതാണ്.

ഒരിക്കല്‍ ഒരു പൊതുപരിപാടിയില്‍ എനിക്കായിരുന്നു ഖുര്‍ആന്‍ ക്ലാസ്സ്. ഒരു ജില്ലാ പരിപാടി വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍ നടക്കുകയാണ്. 1997-98 കാലമാണെന്ന് തോന്നുന്നു. ബനാത്തില്‍നിന്ന് ഈ കുട്ടികളും ഉണ്ടായിരുന്നു. ഞാനന്നെടുത്ത ക്ലാസ് ആലുഇംറാനിലെ 104-108 ആയത്തുകളായിരുന്നു. പരലാകത്ത് മുഖം കറുക്കുന്നവരെയും മുഖം വെളുത്തു വരുന്നവരെയും പരിചയപ്പെടുത്തുന്ന ആയത്തുകള്‍. ക്ലാസ് കഴിഞ്ഞപ്പോഴേക്ക് ഈ കുട്ടി തേങ്ങിക്കരയുകയാണ്. തന്റെ പരലോകം എങ്ങനെയായിരിക്കുമെന്നോര്‍ത്താണവള്‍ കരഞ്ഞത്. പറയുന്ന നമ്മേക്കാള്‍ ദൈവബോധവും നിഷ്‌കളങ്കതയുമുള്ള കുട്ടികള്‍. പ്രബോധകരായ നാമല്ല ജനങ്ങളില്‍ മാറ്റം വരുത്തുന്നത്. അവര്‍ നിഷ്‌കളങ്കരായതിനാല്‍ നാം പറയുന്ന വാക്കുകള്‍ വേഗത്തില്‍ കാച്ച് ചെയ്യുന്നു എന്നതാണ്. ഇന്നാ മോള്‍ എവിടെയാണാവോ? കുറേക്കാലമായി വിവരമൊന്നുമില്ല.

12 വയസ്സില്‍
നമുക്ക് 1969 ജൂണ്‍മാസത്തിലെ ബനാത്തിലേക്ക് ഒന്ന് പോയിവരാം. '68ല്‍ ബനാത്ത് ആരംഭിച്ചത് മാടവനപള്ളിയിലെ ഒരു ഭാഗത്ത്. സ്ത്രീകള്‍ക്ക് സൗകര്യം ലഭിച്ച ഏതാനും പള്ളികളില്‍ ഒന്ന് മാടവന പള്ളിയായിരുന്നു. ബഹുമാനപ്പെട്ട മര്‍ഹൂം ശംസ് ഉസ്താദ് മാത്രമുള്ള ഏകാധ്യാപക വിദ്യാലയം. സ്‌കൂള്‍വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പടിയത്ത് ഹൈദ്രോസ് മാഷും. ഉസ്താദ് ചരിത്രപുരുഷനാകുന്നത് ഇവിടെയാണ്. ഒന്നാമന്‍ എന്നും ഒന്നാമന്‍തന്നെ. ഭാഗ്യവാന്‍. ബനാത്തുകൊണ്ട് ആര്‍ക്ക് എന്ത് ഗുണം ലഭിച്ചാലും ആ പുണ്യപുരുഷനിലേക്ക് ഗുണങ്ങള്‍ എത്തിക്കൊണ്ടിരിക്കും. ഇന്‍ഷാ അല്ലാഹ്. അദ്ദേഹത്തെയും കുടുംബത്തെയും സ്മരിക്കാതെ ഈ എഴുത്തിന് മുന്നോട്ടു പോകാനാവില്ല. 75 രൂപ ശമ്പളം. രണ്ടുമൂന്ന് കുഞ്ഞുങ്ങളും ഭാര്യയും മാന്യമായി ജീവിച്ചുപോകണം. എന്റെ പ്രിയ ഉസ്താദ് തീര്‍ച്ചയായും കഷ്ടപ്പെട്ടുകാണും. അന്ന് ഒരു സ്‌കൂളധ്യാപകന് 150 രൂപ ഉണ്ടാകും. അല്ലാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ. ആമീന്‍.

എന്റെ ബനാത്തിലെ ഒന്നാംക്ലാസ്സും പള്ളിയിലായിരുന്നു. 30 കുട്ടികള്‍. അന്ന് എല്ലാവരും പാവാടയും ഫുള്‍കൈ കുപ്പായവും മക്കനയും ആണ് ധരിക്കുക. കൊടുങ്ങല്ലൂരിനെ സംബന്ധിച്ച് പുതിയൊരു വസ്ത്രസംസ്‌കാരം. തട്ടമിടാത്ത, ബാക്ക് ഓപ്പണ്‍ ബ്ലൗസിടുന്ന പെണ്ണുങ്ങളുടെ നാട്ടില്‍ ഭൂതത്തിന്റെ കോലത്തില്‍ 30 പെണ്‍കുട്ടികള്‍. (ബാക്ക് ഓപ്പണ്‍ അന്ന് വലിയ ഫാഷന്റെ ലക്ഷണമായിരുന്നു). '69 ലാണ് ഞാന്‍ ബനാത്തില്‍ ചേരുന്നത്. അപ്പോഴേക്ക് ബനാത്ത് മൂന്ന് ക്ലാസ്സുകളായി മാറിക്കഴിഞ്ഞിരുന്നു. ഒന്ന്, രണ്ട്, മൂന്ന് - ആദ്യവര്‍ഷം നന്നായി പഠിച്ചവരെയും പുതുതായി പത്താംക്ലാസ് വരെയൊക്കെ പഠിച്ചവരെയും കൂട്ടി മൂന്നാം ക്ലാസ്സും അതിലും പഠിപ്പും പ്രായവും കുറഞ്ഞവരെ രണ്ടാം ക്ലാസ്സിലും, പ്രായവും പഠിപ്പും ഇല്ലാത്തവരെ ഒന്നാംക്ലാസ്സിലും. ഞങ്ങള്‍ ഒന്നാംക്ലാസ്സുകാര്‍ പള്ളിയില്‍. ആറ് ബഞ്ചുകള്‍, 30 കുട്ടികളും.

ഉസ്താദ് ഓരോന്ന് പറയുന്നതും ഇപ്പോഴും കേള്‍ക്കുന്നപോലെ. അപ്പോഴേക്ക് പി.ഡി.അബ്ദുറസാഖ് മൗലവിയും വന്നു. അറബി, ഉറുദു ഒക്കെ പി.ഡിയാണ്. അര്‍ഥം കിട്ടാത്തവരെ നന്നായി ചെവി പിടിച്ച് എണീപ്പിച്ചു നിര്‍ത്തും. ആകെ 18 വിഷയങ്ങള്‍. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖാഇദ്, അറബി, അറബിമലയാളം, തജ്‌വീദ്, ഹിഫ്ദ്, ഇംഗ്ലീഷ്, മലയാളം, സയന്‍സ്, സാമൂഹ്യം, കണക്ക്, ഹിന്ദി.... ഇനിയും കാണും; മറന്നുതുടങ്ങി. ...സര്‍ഫ്, നഹ്‌വ് (അറബി വ്യാകരണം) - എന്റെ റബ്ബേ! 10 വയസ്സ് തികയാത്തയാള്‍ ഞാന്‍ മാത്രമേ ഉള്ളൂ എന്നാണോര്‍മ. കാരണം, ഞാന്‍ നാലര വയസ്സില്‍ ഒന്നില്‍ ചേര്‍ന്നതിനാല്‍ ആറാംക്ലാസ് പ്രായം ഒന്‍പതര വയസ്സ്. എന്തോ ഇത്രയധികം വിഷയം കണ്ടിട്ടും അന്തംവിട്ടില്ല എന്നാണോര്‍മ. ആദ്യ വാര്‍ഷികയോഗം (1969 മേയില്‍) കഴിഞ്ഞപ്പോള്‍ത്തന്നെ കൊടുങ്ങല്ലൂര്‍ ഭാഗത്ത് ബനാത്തിനെപ്പറ്റി നല്ലൊരു പേര് വന്നു. പെണ്‍കുട്ടികള്‍ അറബിയും മറ്റും പ്രസംഗിച്ചതൊക്കെ ജനങ്ങള്‍ക്ക് അദ്ഭുതമായിക്കാണും. എല്ലാം റബ്ബിനെക്കഴിഞ്ഞാല്‍ എന്റെ പ്രിയ ശംസുസ്താദിന്റെയും സുഹൃത്തുക്കളുടെയും കഴിവ്. ശാന്തപുരത്തുനിന്ന് പഠിച്ച അവര്‍ ഞങ്ങളുടെ സ്ഥാപനത്തെയും ശാന്തപുരം മോഡലിലേക്ക് വളര്‍ത്തുകയായിരുന്നു. അല്‍ഹംദുലില്ലാഹ്.

അന്ന് ഒരു അഡ്വ. പി.എ.സെയ്ദ്മുഹമ്മദിന്റെ പ്രസംഗമാണ് എന്റെ അകക്കണ്ണ് തുറപ്പിച്ചത്. എന്റെ ഇത്താത്ത ഐഷാബി '68 ല്‍ ഉമ്മാടെ നിര്‍ബന്ധപ്രകാരം ബനാത്തില്‍ ചേര്‍ന്നിരുന്നു. '69 ല്‍ ഞാന്‍ എന്റെ നിര്‍ബന്ധപ്രകാരം ചേരുകയായിരുന്നു. വീട്ടില്‍ ആരും സമ്മതിക്കുന്നില്ലെങ്കിലും ഉള്ള അറിവുവച്ച് ഉമ്മാനോട് ഒരൊറ്റ ഭീഷണി - എന്നെ ബനാത്തില്‍ ചേര്‍ത്തില്ലെങ്കില്‍ ഉമ്മ ആഖിറത്തില്‍ ഉത്തരം പറയേണ്ടിവരും. റബ്ബ് എന്റെ ഉള്ളിലിരുന്ന് പറയിപ്പിക്കുകയായിരുന്നു. നാഥാ, നീ മഹാന്‍. ഉപ്പാനോട് ചോദിച്ചപ്പോള്‍ നീരസത്തോടെ, 'എന്തെങ്കിലും ചെയ്‌തോ' എന്ന മറുപടി. എന്തായാലും വാശിക്കാരിയായ ഞാന്‍ പിന്തിരിഞ്ഞില്ല. എന്റെ കുഞ്ഞാമാടെ മോള്‍ ഖദീജാബിത്ത വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെ ബനാത്തില്‍ ചേരുമെന്നറിഞ്ഞപ്പോള്‍ എനിക്ക് സഹിക്കാനാവില്ല. വാര്‍ഷികം കഴിഞ്ഞ് മടങ്ങുന്ന രാത്രിയില്‍ ഞാന്‍ ഖദീജാബിത്താനോട് സ്വകാര്യം പറഞ്ഞു: ഞാനും ചേരും കയ്ജാബിത്താ, ബനാത്തില്‍. വയസ്സുകാലത്ത് ഓര്‍ക്കാന്‍ സുഖമുള്ള ഓര്‍മകള്‍. കണ്ണുകളെ ഈറനണിയിക്കുന്നുമുണ്ട്.

ഉസ്താദ്, മാതാപിതാക്കള്‍, കുഞ്ഞാമ (ഹാജി അമീര്‍ മൊയ്തീന്‍) തുടങ്ങി പലരും ഓര്‍മയിലെത്തുന്നു. ഉസ്താദ് ഞങ്ങളുടെ ഉമ്മയും ഉപ്പയും എല്ലാമായിരുന്നു. വെറുതെയല്ല നബി(സ)യെ أنت أم أم أب എന്ന് കവി പാടിയത്. അങ്ങനെ ഞാനെന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കവെ ഒരറിയിപ്പ്. ഇനി ബനാത്തിലേക്ക് ഇന്റര്‍വ്യൂ നടത്തിയിട്ടേ ചേര്‍ക്കുകയുള്ളൂ. ചേരുന്ന ദിവസം സുബ്ഹി നിസ്‌കരിച്ച് കുഞ്ഞുകൈകളുയര്‍ത്തി ഞാന്‍ തേടിയതിനും ഓര്‍മയുണ്ട് - അല്ലാഹ്, എന്നെ ടെസ്റ്റില്‍ പാസ്സാക്കിത്തരണേ. ഒന്‍പതരയ്ക്ക് ഞങ്ങളൊക്കെ പള്ളിയിലെത്തി. എന്നെ മദ്‌റസയില്‍ അത്തഹിയാത്തിലെ സ്വലാത്ത് പഠിപ്പിച്ച, എനെറ സുപരിചിതനായ സിദ്ദുസ്താദ് (പ്രൊഫ. കെ.എ.സിദ്ദീഖ് ഹസന്‍ സാഹിബ്) ആണ് ഇന്റര്‍വ്യൂ. എന്റെ അഞ്ചാം ജുസ്അ് - ഇളംപച്ചച്ചട്ടയുള്ള മുസ്ഹഫില്‍നിന്ന് ഒരു ഭാഗം -എനിക്ക് തോന്നുന്നത് وبدالهم എന്ന ഭാഗമാണെന്നാണ് - ഓതിപ്പിച്ചു. മുക്കിയും മൂളിയും ആണ് ഓതിയത് എന്നുറപ്പ്. കാരണം, വീട്ടില്‍ വന്നിട്ട് ഇത്താത്ത ഉമ്മാനോട് പറഞ്ഞു: ഉമ്മാ, സബിനെ എടുക്കും എന്ന് തോന്നുന്നില്ല. വിക്കിവിക്കിയാണ് ഓതിയത്. ഓതുമ്പോള്‍ ഉസ്താദന്മാര്‍ പരസ്പരം നോക്കുകയും ചെയ്തു. കൂടാതെ ഉസ്താദ് ഉമ്മാക്ക് കത്ത് കൊടുത്തയച്ചു. ശരിക്ക് ഓതണില്ല. വീട്ടില്‍ ശ്രദ്ധിക്കണം. 

ഇടയില്‍ പറയട്ടെ, അന്ന് മദ്രസയില്‍ പോകണത് ഏറ്റവും വലിയ മടിയുള്ള കാര്യമായിരുന്നു. വല്ല പുളി പൊട്ടിച്ചു തിന്നാനൊക്കെയാണ് 'ഓത്തുള്ളി'യില്‍ പോണത്. ആ പഠനത്തോടുതന്നെ ഒരുതരം വെറുപ്പായിരുന്നു. അഞ്ചാംക്ലാസ്സിലൊക്കെ ആകുമ്പോള്‍ അല്പം ദീനുള്ളവര്‍ തട്ടമിടും. എനിക്കതും വെറുപ്പായിരുന്നു. ഷോര്‍ട്ട് പാവാടയും ബ്ലൗസും മാത്രം ഇട്ടാണ് കെ.വി.എച്ച്.എസ്സില്‍ പോയിരുന്നത്! ഈമാന്‍ ഉള്ളില്‍ കയറിയപ്പോള്‍ എന്റെ ഫാഷന്‍ മനസ്സ് ഓടിമറഞ്ഞു. വല്യപാവാടയും കുപ്പായവും മക്കനയും. എന്തൊരന്തരം! അല്ലാഹുവേ, ഇപ്പോഴും എനിക്ക് നിന്നെ മാത്രമുള്ളൂ സ്തുതിക്കാന്‍. വലിയൊരു ലോകത്തേക്കെന്നെ നീ തള്ളിവിടുകയായിരുന്നു, തീര്‍ച്ച. എനിക്ക് കിട്ടിയതെന്തും ബനാത്തില്‍നിന്നാണ്. അങ്ങനെ എന്റെ പ്രാര്‍ഥന ഫലിച്ചു. എന്നെയും ബനാത്തില്‍ ചേര്‍ത്തി. പ്രൊഫ. മുഹമ്മദലിക്കയാണ് സര്‍ഫ് പഠിപ്പിച്ചത്. ബോര്‍ഡില്‍ എഴുതി പഠിപ്പിച്ച് കുറച്ചു കഴിഞ്ഞപ്പോഴേക്ക് എനിക്കത് മനസ്സിലാവുകയും അത് ഹിഫഌ ആക്കുകയും ചെയ്തു. രണ്ട് പിരിയഡുകളിലായാണ് فعل فعلا പഠിപ്പിച്ചത്. പിന്നെ, അവിടന്നങ്ങോട്ട് പഠനത്തിന്റെ സുന്ദര നാളുകളായിരുന്നു. മാതൃകയില്ലാത്ത പഠനരീതികള്‍. ഉറുദു, ആരെങ്കിലും കണ്ടിട്ടുണ്ടോ അന്ന്? സര്‍ഫ് എന്നാല്‍ തുണി കഴുകുന്ന സര്‍ഫ്‌പൊടിയാണ് ആളുകള്‍ക്ക്! അങ്ങനെ അറിവിന്റെ കൊടുമുടി തേടിയുള്ള യാത്രയുടെ ആരംഭം ആ പള്ളിമൂലയില്‍ തുടങ്ങി. റബ്ബേ, ഞാനൊന്ന് പൊട്ടിക്കരയട്ടെ. യാസീനിലെ മഹാന്‍ പറഞ്ഞപോലെ:
يا ليت قومي يعلمون، بما غفرلي ربي وجعلني من المكرمين


ഇന്നും ഖുര്‍ആനാകുന്ന കടലിനെ കണ്ടാസ്വദിക്കാനേ ആകുന്നുള്ളൂ. കാലം എത്ര കറങ്ങി. കൃത്യം പറഞ്ഞാല്‍ 43 കൊല്ലം. അന്നും പ്രാര്‍ഥനയാണ് എല്ലാ കാര്യത്തിനും. ഒരു മാസം കൊണ്ടുതന്നെ പഠനത്തില്‍ മിടുമിടുക്കിയായി മാറി ഞാന്‍. അല്‍ഹംദുലില്ലാഹ്. നവംബറില്‍ അരപ്പരീക്ഷ. പതിനായിരം ദിക്‌റ് നിയ്യത്താക്കി. എന്നെ ഫസ്റ്റാക്കിത്തരണം. തരാതെ പറ്റില്ല എന്ന മനസ്സ്. സ്‌കൂളില്‍ എല്ലാ ക്ലാസ്സിലും മറ്റാര്‍ക്കും ഞാന്‍ ഒന്നാംസ്ഥാനം വകവച്ചുകൊടുത്തിട്ടില്ല. ബനാത്തിലും അത് കിട്ടാതെ പറ്റില്ല. നവംബറില്‍ നോമ്പ് കഴിഞ്ഞ് വന്നപ്പോള്‍ ഉസ്താദ് നോട്ടീസ്‌ബോര്‍ഡ് കൊണ്ടുവന്നു. ഞാന്‍ ഇടംകണ്ണിട്ട് നോക്കി. സബിദ.പി.എം. ഒന്നാംസ്ഥാനത്ത് എന്റെ പേരുതന്നെ. അല്‍ഹംദുലില്ലാഹ്. ഫസ്റ്റാകുമ്പോള്‍ സന്തോഷത്തോടൊപ്പം ചെറിയൊരു നാണമോ മറ്റോ ഉണ്ടാകും അന്നൊക്കെ. ബനാത്തിലെ എട്ടര കൊല്ലത്തിനിടയില്‍ മൂന്നുനാലു പ്രാവശ്യം എന്റെ ഒന്നാംസ്ഥാനം പോയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കെ.കെ.ആരിഫ്ത്തയോ ആത്മമിത്രമായിരുന്ന കെ.എ.അസ്മയോ ആയിരുന്നു അറിയാതെ എന്നില്‍നിന്നത് തട്ടിപ്പറിച്ചത്. പരേതനായ മക്കാരുസ്താദിനോട് ഞാന്‍ ഒരിക്കല്‍ മാര്‍ക്കിനുവേണ്ടി തര്‍ക്കിച്ചു. അവസാനം, ഉസ്താദ് പറഞ്ഞു: ഞാനും ഇങ്ങനെയായിരുന്നു. ഉസ്താദ് മൂപ്പരുടെ തീരുമാനത്തില്‍ ഉറച്ചു നിന്നപ്പോള്‍ പെട്ടെന്ന് എന്റെ കണ്ണു നിറഞ്ഞുപോയി. കരഞ്ഞില്ല. ഉസ്താദിന് എന്റെ വിഷമം മനസ്സിലായി.

ഇങ്ങനെ എഴുതാനിരുന്നാല്‍ പേജുകള്‍ നിറയും. ഒരധ്യാപിക എന്ന നിലയ്ക്ക് ഞാന്‍ വിജയിച്ചോ എന്നറിയില്ല. ഒരു വിദ്യാര്‍ഥിനി എന്ന നിലയ്ക്ക് ഞാന്‍ വിജയിച്ചിട്ടുണ്ട്. ഇത് വായിക്കുന്ന എന്റെ പ്രിയ ഉസ്താദുമാരും എന്റെ സുഹൃത്തുക്കളും അവരുടെ ഓര്‍മകള്‍ കൂടി ചേര്‍ത്തുവച്ച് വായിക്കുമ്പോള്‍ എന്തൊരു ഹൃദ്യമായിരിക്കും! ഓര്‍മകള്‍ - അതയവിറക്കല്‍ ഒരു ഭാഗ്യം തന്നെ.

6 comments:

 1. ജീവിധത്തില്‍ പലര്‍ക്കും ഇത് പോലെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും ... ഒരിക്കലും മറക്കാനാകാത്ത അനുഭവങ്ങള്‍ പങ്കു വെച്ചതിനു നന്ദി..കൂടുതല്‍ കാലം പഠിക്കാനും പഠിപ്പിക്കാനും ടീച്ചര്‍ക്കും ഞമ്മള്‍ക്കും പടച്ചവന്‍ തൌഫിക് നല്‍കട്ടെ . ആമേന്‍ ..

  ReplyDelete
 2. കാരുണ്യവാനായ അല്ലാഹുവിന്‍റെ സന്ദേശം കൈമാറുന്നവര്‍ കാരുണ്യമുള്ളവരാകണം. സ്‌നേഹം കൊണ്ടുനിറഞ്ഞ മനസ്സില്‍ നിന്നുവരുന്ന വാക്കുകള്‍ക്ക്‌ സ്വാധീനശക്തി വര്‍ധിക്കും. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടെയും ഹൃദയത്തില്‍ പതിക്കും. നാവില്‍ നിന്ന്‌ വരുന്നത്‌ ചെവിയിലേ തട്ടൂ. ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ക്ക്‌ വലിയ ശബ്‌ദം വേണ്ടിവരില്ല. ആദരവും ബഹുമാനവുമാണ്‌ മറ്റുള്ളവര്‍ക്ക്‌ നമ്മില്‍ നിന്ന്‌ ലഭിക്കുന്ന ഏറ്റവും മികച്ച സമ്മാനം. എല്ലാ ബന്ധങ്ങളുടെ വിജയരഹസ്യവും അതാണ്‌.. പ്രപഞ്ച സ്രഷ്‌ടാവായ അല്ലാഹു, നിസ്സാരനായ മനുഷ്യനെ ബഹുമാനിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞതില്‍ നിന്ന്‌ അത്‌ വ്യക്തമാണല്ലോ. ആദരവ്‌ കലര്‍ന്ന വാക്കുകളാവണം ഉപദേശങ്ങള്‍. ഒരു ചെറിയകുട്ടിക്കുപോലും അഭിമാനബോധമുണ്ട്‌.. അത്‌ അംഗീകരിച്ചും അതിനെ ആദരിച്ചുമാവണം സംസാരങ്ങള്‍.

  ReplyDelete
 3. കാരുണ്യവാനായ അല്ലാഹുവിന്‍റെ സന്ദേശം കൈമാറുന്നവര്‍ കാരുണ്യമുള്ളവരാകണം. സ്‌നേഹം കൊണ്ടുനിറഞ്ഞ മനസ്സില്‍ നിന്നുവരുന്ന വാക്കുകള്‍ക്ക്‌ സ്വാധീനശക്തി വര്‍ധിക്കും. ഹൃദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ കേള്‍ക്കുന്നവരുടെയും ഹൃദയത്തില്‍ പതിക്കും. നാവില്‍ നിന്ന്‌ വരുന്നത്‌ ചെവിയിലേ തട്ടൂ. ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍ക്ക്‌ വലിയ ശബ്‌ദം വേണ്ടിവരില്ല. ആദരവും ബഹുമാനവുമാണ്‌ മറ്റുള്ളവര്‍ക്ക്‌ നമ്മില്‍ നിന്ന്‌ ലഭിക്കുന്ന ഏറ്റവും മികച്ച സമ്മാനം. എല്ലാ ബന്ധങ്ങളുടെ വിജയരഹസ്യവും അതാണ്‌.. പ്രപഞ്ച സ്രഷ്‌ടാവായ അല്ലാഹു, നിസ്സാരനായ മനുഷ്യനെ ബഹുമാനിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞതില്‍ നിന്ന്‌ അത്‌ വ്യക്തമാണല്ലോ. ആദരവ്‌ കലര്‍ന്ന വാക്കുകളാവണം ഉപദേശങ്ങള്‍. ഒരു ചെറിയകുട്ടിക്കുപോലും അഭിമാനബോധമുണ്ട്‌.. അത്‌ അംഗീകരിച്ചും അതിനെ ആദരിച്ചുമാവണം സംസാരങ്ങള്‍.

  ReplyDelete
 4. റസിയ എന്ന വിദ്യാര്‍ഥിനി - ഞാനവളെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, ഒരിക്കല്‍ ബനാത്തില്‍ സാഹിത്യസമാജത്തില്‍ ഞാന്‍ ഒരു ക്ലാസ്സെടുക്കാന്‍ പോയി.

  ഇവരുടെയൊന്നും ഒറിജിനല്‍ പേര് എഴുത്തില്‍ വെക്കെണ്ടായിരുന്നു എന്ന് അഭിപ്രായം പറഞ്ഞു എന്റെ ഒരു ഫ്രണ്ട്

  മറക്കാത്ത ഒരു പാട് അനുഭവങ്ങള്‍ ഉള്ള താങ്കളുടെ ആത്മ കഥകള്‍ അവനു ഒത്തിരി ഇഷ്ട്ടമാണ്

  ReplyDelete
 5. sure.....ithonnum original perallada mone.....

  ReplyDelete
 6. വീട്ടില്‍ ആരും സമ്മതിക്കുന്നില്ലെങ്കിലും ഉള്ള അറിവുവച്ച് ഉമ്മാനോട് ഒരൊറ്റ ഭീഷണി - എന്നെ ബനാത്തില്‍ ചേര്‍ത്തില്ലെങ്കില്‍ ഉമ്മ ആഖിറത്തില്‍ ഉത്തരം പറയേണ്ടിവരും. .....ഈ ഭാഗം വായിച്ചപ്പോള്‍ അകക്കണ്ണ് നിറഞ്ഞു പോയീ...ടീച്ചര്‍ ക്ക് എല്ലാ വിധ പ്രാര്‍ത്ഥനകളും

  ReplyDelete