Saturday, June 22, 2013

ഇന്ത്യയുടെ രണ്ടറ്റങ്ങളിലേക്കുള്ള യാത്രകൾ

2013 മെയ് മാസം എനിക്ക് നല്ലൊരു അനുഭവമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി തൃശ്ശൂർ ജില്ലാ സമിതി കുടുംബാംഗങ്ങൾ 6ന് ഒരു വിനോദയാത്ര പോയി; കന്യാകുമാരിയിലേക്ക്. എഴുപതോളം പേരുണ്ടായിരുന്നു. വളരെ സന്തോഷകരമായിരുന്നു. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു യാത്രയായിരുന്നു. സാധാരണക്കാരുടെ യാത്ര. ചൂടത്ത് സ്ലീപ്പറിലായിരുന്നു യാത്ര. കന്യാകുമാരിയും ചൂടുകൊണ്ട് ചുട്ടുപൊള്ളുകയായിരുന്നു.

എനിക്കാ യാത്രയിൽ രണ്ടു കാര്യങ്ങളാണ് സന്തോഷം നൽകിയത്. ഒന്ന്, പ്രായമായവരും യുവപ്രായക്കാരും കുഞ്ഞുമക്കളുമടങ്ങുന്ന സംഘം. ഉച്ചഭക്ഷണ ശേഷം എല്ലാവരും ഹാളിൽ ഒത്തുകൂടി. പലതരം പരിപാടികൾ. മക്കളുടെ സർഗശേഷി പരിചയപ്പെടാൻ പറ്റിയ സന്ദർഭം. ടി.എ.മൗലവിയുടെയും റഹീംക്ക (പി.കെ. റഹീം, മാധ്യമം) യുടെയും പ്രസിഡന്റ് അമീൻസാഹിബിന്റെയും പരിപാടികൾ വളരെ ഹൃദ്യമായിരുന്നു. ഞങ്ങൾ തിരിച്ചുവരുമ്പോൾ തിരുവനന്തപുരത്തുള്ള മൂത്തമകൻ ഹാഷിമിന്റെയടുത്ത് ഇറങ്ങി. രണ്ടാമത്തെ കാര്യം, ഒരു മാസം തന്നെ ഇന്ത്യയുടെ തെക്കേ അറ്റത്തും വടക്കേ അറ്റത്തും എത്തുക എന്നത് സഞ്ചാരപ്രിയയായ എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ്.
സഹയാത്രികർ [കന്യാകുമാരി]


Raheemkka [മാധ്യമം]
ഇന്ത്യ എന്ന സുന്ദരി ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും ഉള്ള വൈവിധ്യം കൊണ്ട് പുകൾപെറ്റവളാണല്ലോ. എത്രതരം ഭാഷകൾ, രൂപങ്ങൾ, ഭക്ഷണരീതികൾ, ആചാരങ്ങൾ, സംസ്‌കാരങ്ങൾ... തുടങ്ങി എന്തെന്തെല്ലാം വ്യത്യസ്തതകൾ. ഇത്തരം ഒരു അവസ്ഥാവിശേഷം ലോകത്ത് എവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ആ വൈവിധ്യം കണ്ടാസ്വദിക്കുകയാണ് ഞാൻ. ഇന്ത്യയുടെ മുക്കാൽ ഭാഗം സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു. ഇനി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കൂടി പോയാൽ ഒരുവിധം സംസ്ഥാനങ്ങളും കണ്ടു എന്ന് പറയാം. പക്ഷേ, ഇനിയും പല സംസ്ഥാനത്തും ചെന്ന് രണ്ടു ദിവസം താമസിച്ച് അടുത്തറിയാൻ കൂടി കഴിയേണ്ടതുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ.

കന്യാകുമാരി.....
വെക്കേഷന് തമിഴ്‌നാട്ടിലെ കമ്പം, തേനി ഒന്ന് പോകാൻ കഴിഞ്ഞു. തമിഴ്‌നാട്ടിൽ പകൽ ഒട്ടും കറന്റില്ല. എന്നിട്ടും കൊടുംചൂടിൽ സുന്ദരമായ കൃഷി വിളയിക്കുന്ന തമിഴനെ കണ്ട് നാം അദ്ഭുതപ്പെട്ടുപോകും. മറ്റു സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ നമുക്ക് കേരളത്തോട് വല്ലാത്തൊരു സ്‌നേഹം തോന്നും. നമ്മുടെ നാടിന്റെ അതിസുന്ദരമായ ഭൂപ്രകൃതിയും തണലും സുഖകരമായ കാലാവസ്ഥയും. സത്യത്തിൽ നാം കേരളക്കാർ എത്ര ഭാഗ്യവാന്മാരാണ്. പക്ഷേ, അതോടൊപ്പം വൃത്തിയില്ലായ്മയും മാലിന്യസംസ്‌കരണത്തിലെ ഗുരുതരമായ വീഴ്ചയും ഒരുതരം മനംപിരട്ടൽ ഉണ്ടാക്കും. വിശാലമല്ലാത്ത കേരളത്തിൽ സ്ഥാപിക്കപ്പെട്ട പല ഫാക്ടറികളും കേരളത്തിന്റെ മണ്ണിനെത്തന്നെ നശിപ്പിച്ചിട്ടുണ്ട്, നദികളെ നശിപ്പിച്ചിട്ടുണ്ട് എന്നോർക്കുമ്പോൾ നല്ലൊരു നാടിനെ നശിപ്പിച്ചത് ആരായാലും അക്രമം തന്നെയായിരുന്നു എന്ന് യാത്രയിൽ ഇടയ്ക്കിടയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. ഞങ്ങളുടെ പരിസ്ഥിതി ക്ലബ്ബിലെ കുട്ടികൾ പാടാറുള്ള സ്ഥിരം പരിസ്ഥിതി ഗാനങ്ങളാണ് ഓർമയിലെത്തുന്നത്.

''ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം
അതിമലിനമായൊരു ഭൂമിയും.''


...
ഏത് സന്തോഷത്തിലും കേരളത്തിന്റെ മാലിന്യക്കൂമ്പാരങ്ങളെ ഓർക്കുമ്പോൾ, ശുചിത്വക്കുറവിനെ ഓർക്കുമ്പോൾ, മദ്യഷാപ്പുകളിലെ നീണ്ട അച്ചടക്കമുള്ള ക്യൂ ഓർക്കുമ്പോൾ സുന്ദരമായ ഒരു നാടിന്റെ നാശത്തിന്റെ മരണമണി മുഴങ്ങുന്ന പ്രതീതിയാണ്. ഇത് നാം കേരളത്തിനു പുറത്ത് കടന്നാൽ ഇടയ്ക്കിടെ വന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു ചിന്തയാണ്. കേരളക്കാരെ മറ്റു സംസ്ഥാനക്കാർക്ക് വലിയ ബഹുമാനമാണ്. കാരണം, അവർ സമ്പൂർണ സാക്ഷരരാണ്. 'പഠ്‌നാ ലിക്‌നാ' (പഠിപ്പ്) ഉള്ളവരാണ്. കഠിനാധ്വാനികളാണ് കേരളത്തിനു പുറത്ത്. എന്നാൽ, നമ്മുടെ നാട്ടിനുള്ളിൽ നിലനിൽക്കുന്ന കുറേ അസ്വസ്ഥതകളുണ്ട്. അവയൊക്കെ മാറ്റാൻ ഗവണ്മെന്റും നമ്മളും ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
പാറയിലെ      ദിശ  കാട്ടുന്ന  മാർബിൾ ഫലകം [കന്യാകുമാരി]


]റഷീദ്.,.ഹുദ  റഷീദ് 
നമുക്ക് കശ്മീരിലേക്കുതന്നെ പോകാം. കുറച്ചു സമയത്തേക്ക്. ആദ്യദിവസം തടാകത്തിന് ചുറ്റുമുള്ള പൂന്തോപ്പുകളിലൂടെയാണ് കറങ്ങിയത്. അവസാനം, ശിക്കാറയിൽ ഒരു മണിക്കൂർ സഞ്ചാരം. മണിക്കൂറിന് ആളൊന്നുക്ക് മുന്നൂറോ നാനൂറോ ആണ് ഇവർ ഈടാക്കുന്നത്. ടൂറിസ്റ്റുകളെ ഇത്രമാത്രം പിഴിയുന്ന നാട് വേറെ ഉണ്ടോന്ന് സംശയമാണ്.
ഇത് ദൽ   തടാകം 

ബോട്ടിൽ കയറി. അല്പം കഴിഞ്ഞപ്പോൾ നല്ല മഴ, നേരിയ കാറ്റ്, ഇടിവെട്ട്. എനിക്കിതിൽപ്പരം സന്തോഷം ഇനി കിട്ടാനില്ല. സൈഡ് കർട്ടൻ ഒക്കെ ഉണ്ടെങ്കിലും കാറ്റിന്റെ ശക്തിയിൽ മഴ സീറ്റിലേക്കൊക്കെ വന്നു. ശിക്കാറ ബോട്ടുകാർ സൂത്രക്കാരാണെന്ന് പറയാതെ നിവൃത്തിയില്ല. കുറേ നേരം അവർ അവരുടെ ബന്ധക്കാരുടെ പീടികകളാണെന്നു പറഞ്ഞ് ഓരോ പീടികകളിൽ കയറ്റും. ഹൗസ്‌ബോട്ട് കടകൾ. കടക്കാർ ഇവന്മാരെക്കാൾ ഭയങ്കര സമർഥർ. അവർ നമ്മെ എങ്ങനെയെങ്കിലും വലയിലാക്കും എന്നുറപ്പ്. കൗതുകമുള്ള വസ്തുക്കൾ കാണുമ്പോൾ, കാശുണ്ടെങ്കിൽ ഇതൊക്കെ വാങ്ങാൻ മനസ്സ് പ്രേരിപ്പിക്കുന്ന ഒരവസ്ഥയാണ്.


കഴിഞ്ഞ തവണ ബംഗാൾ-ബീഹാർ ദരിദ്രമക്കളെ കണ്ടതിൽ പിന്നെ അനാവശ്യമായ ഷോപ്പിങ് നടത്തുകയില്ല എന്ന ശപഥമൊക്കെ മറന്നുപോയി. ഏതായാലും ആ വകുപ്പിൽ കുറച്ച് പൈസ പോയി എന്നു പറഞ്ഞാൽ മതിയല്ലോ. യാത്രാ ടിക്കറ്റുകളിലൊക്കെ ലാഭിച്ചത് കശ്മീർ മാർക്കറ്റിൽ പൊടിഞ്ഞുപോയി. അല്ലാഹുവേ, നീ പൊറുത്തുതരണേ എന്ന് താഴ്മയോടെ ദുആ ചെയ്യുകയാണ്. അല്ലാഹു പൊറുത്തുതന്നില്ലെങ്കിൽ... നഷ്ടത്തിലായതുതന്നെ. നാഥാ, മാപ്പ്.


ഗുൽമർഗിലെക്കുള്ള   യാത്രയിൽ കണ്ട  ഒരു ബിൽഡിംഗ്‌ 
കശ്മീരിലെ വീടുകളുടെ മുകൾഭാഗം മുഴുവൻ അലൂമിനിയം ഷീറ്റുകളാണ്. എത്ര വലിയ വീടാണെങ്കിലും മേൽക്കൂര അലൂമിനിയം തന്നെ. കാരണമന്വേഷിച്ചപ്പോഴാണറിയുന്നത്. ശൈത്യകാലത്ത് എല്ലാ വീടുകളുടെ മുകൾഭാഗത്തും കട്ടിയിൽ ഐസ് മൂടും. മരങ്ങളും വഴികളും ഐസാകും. ചൂട് വന്ന് ഐസ് ഉരുകിയാൽ വേഗം ഒലിച്ചുപോകാൻ നല്ലത് ഷീറ്റിന്റെ മേൽക്കൂരകളാണത്രെ!


മലയാളികളായ ഏതാനും പോലീസ് ഉദ്യോഗസ്ഥരെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. അവരുടെ സൗഹൃദം കുറച്ചൊന്നുമല്ല ഈ യാത്രയിൽ ഉപകരിച്ചത്. നമുക്ക് തീർത്തും അന്യമായ ഒരു നാട്ടിൽ നമ്മുടെ ഭാഷ സംസാരിക്കുന്ന നമ്മുടെ സുഹൃത്തുക്കളെ കണ്ടുകിട്ടുക എന്നത് വലിയൊരു ഭാഗ്യമാണ്. അവരുടെ ഒരു കശ്മീരി സുഹൃത്ത് ഞങ്ങൾക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്തുതന്നു. ഹൗസ്‌ബോട്ട് വാടകക്കെടുക്കാൻ അദ്ദേഹം നേരിട്ടു വന്നതിനാൽ 24 മണിക്കൂറിന് 1500 എന്ന നിരക്കിൽ ലഭ്യമായി. കശ്മീർ ഭൂപ്രകൃതിയും മറ്റും അദ്ദേഹം ഞങ്ങൾക്ക് വിശദീകരിച്ചുതന്നു. ടൂറിസ്റ്റുകളെ നന്നായി പറ്റിക്കും എന്ന് നമുക്ക് ഇദ്ദേഹവത്തിൽനിന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ജമ്മുവിലേക്കുള്ള മടക്കയാത്രയ്ക്കും അദ്ദേഹം 500 രൂപയ്ക്ക് (ആളൊന്നുക്ക്) പോകാൻ കഴിയും എന്നുറപ്പിച്ചു പറയുകയും അദ്ദേഹത്തിന്റെ ഓഫീസിലെ രണ്ട് ജോലിക്കാരെ ഞങ്ങൾക്ക് കൂട്ടിന് ടാക്‌സിസ്റ്റാന്റിലേക്ക് അയയ്ക്കുകയും ചെയ്തു. അദ്ദേഹത്തെ ആദ്യമേ കാണാനും പരിചയപ്പെടാനും കഴിഞ്ഞിരുന്നെങ്കിൽ ഷോപ്പിങ്ങിലും മറ്റും ധാരാളം പൈസ ലാഭിക്കാമായിരുന്നു. പിന്നെ എല്ലാത്തിനും ഉണ്ടല്ലോ ഒരു വിധി.


വീട്ടിലേക്ക് അതിഥികളായി ചെല്ലാൻ അദ്ദേഹം ഒരുപാട് നിർബന്ധിച്ചെങ്കിലും മടക്കയാത്രയുടെ ടിക്കറ്റ് തീരുമാനമാക്കിയതിനാലും മറ്റും പോകാൻ കഴിഞ്ഞില്ല. ഞങ്ങൾ അദ്ദേഹത്തെയും കുടുംബത്തെയും കേരളം കാണാൻ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം വലിയ ഏതോ ഓഫീസറാണ്. ഞങ്ങൾ നാട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം ഞങ്ങളുടെ വിവരമറിയാൻ വിളിച്ചിരിക്കുന്നു! ഒന്നോ രണ്ടോ തവണ മാത്രം കണ്ട് പരസ്പരം ഉപകാരം ചെയ്യുന്ന എത്രയോ മനുഷ്യന്മാരാണ് ഈ ദുനിയാവിൽ. അല്ലാഹു അദ്ദേഹത്തിന് നന്മ ചെയ്തുകൊടുക്കട്ടെ, ആമീൻ. ഭാര്യയും ഒരു പെൺകുട്ടിയും മാത്രമുള്ളൂവത്രെ വീട്ടിൽ. വീട് ജമ്മുറോഡിൽ 50 കിലോമീറ്റർ പോകണം. ഇനി ഒരു കശ്മീർ യാത്ര ഉണ്ടെങ്കിൽ നാസ് അഹമ്മദ് എന്ന ആ കശ്മീരി സുഹൃത്തിന്റെ വീട്ടിൽ പോകണം. ഇൻ ശാ അല്ലാഹ്.

2 comments:

 1. മാഷാ അല്ലഹ് ..ടീച്ചര്‍ എത്ര ഭാഗ്യവതി ...എത്രയെത്ര സ്ഥലങ്ങള്‍ കണ്ടു ...എനിക്ക് വളരെ ഇഷ്ട്ടമാണ് സഞ്ചാരരാവും അതിനെ കുറിച്ച് വായിക്കുന്നതും ..
  കൂടുതല്‍ ഇനിയും കാണാനും ഞങ്ങളുമായി പങ്കുവെക്കാനും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍ ...

  ReplyDelete
 2. പാറയിലെ ദിശ കാട്ടുന്ന ഫലകം അതിശയം തന്നെ ...

  ഹൃദ്യമായ യാത്ര വിവരണം . എനിക്കും കന്യ കുമാരി കാണാൻ ആഗ്രഹം ഉണ്ട്

  ഫോട്ടോസ് അതിലേറെ ഉഷാർ

  ReplyDelete