Monday, June 24, 2013

യാത്രകളിലെ നിമിഷ സൗഹൃദങ്ങൾ

ഞങ്ങൾ കേരളത്തിൽനിന്ന് മെയ് 21ന് രാത്രി 12 മണിക്കാണ് യാത്ര തുടങ്ങിയത്. തുരന്തോ എക്‌സ്പ്രസ് 23-ന് 7.30ന് ദൽഹി നിസാമുദ്ദീനിലെത്തി. ഞങ്ങൾക്ക് ജമ്മുവിലേക്കുള്ള ട്രെയിൻ മാൽവ എക്‌സ്പ്രസ് 4.30ന് ഇതേ സ്റ്റേഷനിൽ നിന്നുതന്നെയാണ്. എട്ടൊമ്പത് മണിക്കൂർ നിസാമുദ്ദീൻ സ്റ്റേഷനിൽത്തന്നെ ചൂടത്ത് കഴിച്ചുകൂട്ടുക എന്നത് ദുഷ്‌കരമായിരുന്നു. അതിനാൽ രാത്രി കഴിച്ചുകൂട്ടാൻ ഒരു റൂം എടുക്കാമെന്നുതന്നെ തീരുമാനിച്ചു. 700 രൂപയ്ക്ക് സ്റ്റേഷന്റെ അടുത്തുതന്നെ ഒരു 'കിളി'റൂം കിട്ടി. നോൺ എ.സി. ചുട്ടുപൊള്ളുന്ന അവസ്ഥ. നേരം നുള്ളി വെളുപ്പിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. ദൽഹിയിലെ അന്നത്തെ ചൂട് 47 ഡിഗ്രി സെൽഷ്യസായിരുന്നു.

ജമ്മുവിലേക്കുള്ള ട്രെയിൻ സ്ലീപ്പർകോച്ചായിരുന്നു. ടിക്കറ്റെടുക്കുമ്പോൾ ഞാൻ കരുതിയത് ജമ്മുവും നല്ല തണുപ്പ്സ്ഥലം ആണെന്നായിരുന്നു. 580 കിലോമീറ്റർ ദൂരമുണ്ട് ദൽഹി-ജമ്മു. 4.30ന് തന്നെ വണ്ടി വന്നു. മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടി. ദൽഹിക്കപ്പുറമുള്ള നാടുകളെ പകൽ സമയത്ത് കാണുക എന്ന അതിഭയങ്കരമായ സന്തോഷം. വണ്ടിയിൽ കയറിയതും സന്തോഷമൊക്കെ പോയി. നമ്മൾ റിസർവ് ചെയ്ത സീറ്റുകളിൽ ആളുകൾ സുഖമായി കിടന്നുറങ്ങുന്നു. ദീർഘയാത്രകളിൽ ആർദ്രതയ്ക്ക് വലിയ കാര്യമില്ല എന്ന് ഞാൻ പലതവണ പഠിച്ച പാഠമാണ്. ഒരു സീറ്റിൽ കിടന്നിരുന്ന സുഹൃത്ത് വേഗം സീറ്റൊഴിഞ്ഞുതന്നു. എന്റെ സീറ്റിലെ രണ്ട് സ്ത്രീകൾ എഴുന്നേൽക്കുന്ന ഭാവമില്ല. ദീർഘമായ ദൽഹിയാത്രയും തലേദിവസത്തെ ഉറക്കമില്ലായ്മയും എന്നെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. ക്ഷീണം കാരണം ഒരുവിധം അവരോടൊപ്പം എന്റെ ബർത്തിൽ ചുരുണ്ടുകൂടേണ്ടിവന്നു. വയസ്സായവരും ആണ് അവർ. പിന്നെ എങ്ങനെ എഴുന്നേൽപ്പിക്കും?

അല്പം ഉറങ്ങിയപ്പോൾ ക്ഷീണം മാറി. എഴുന്നേറ്റിരുന്ന് സ്ഥലങ്ങൾ കാണാൻ തുടങ്ങി. പക്ഷേ, 12 മണിക്കൂർ ഈ ചൂടത്തിരുന്നാൽ വല്ല അസുഖവും പിടിക്കുമെന്ന് തോന്നി, എ.സി. തന്നെ ശരിയാക്കി. അമ്പാല വരെ ചൂടിൽത്തന്നെയായിരുന്നു യാത്ര. ഒപ്പം തിരക്കും. പാനിപ്പത്ത്, കുരുക്ഷേത്ര തുടങ്ങിയ പുരാതന ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ കണ്ടപ്പോൾ മനസ്സിൽ വല്ലായ്മ. പണ്ട് ഒന്നാം പാനിപ്പത്ത് യുദ്ധമൊക്കെ നടന്നത് ഇവിടെയായിരിക്കാം. എന്റെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയ ധീര രക്തസാക്ഷികളുടെ നിണമണിഞ്ഞ മണ്ണിലൂടെയുള്ള യാത്ര. മനസ്സിൽ എവിടെയൊക്കെയോ ഒരു കൊളുത്തിവലിക്കൽ. മുൻഗാമികൾ ജീവൻ ത്യജിച്ച് വാങ്ങിത്തന്ന നാട്. അതിപ്പോൾ സാമ്രാജ്യത്വത്തിന്റെ മുന്നിൽ അടിയറവ് പറയുന്നില്ലേ? നമ്മുടെ ചേരിചേരാ നയമൊക്കെ കടലാസ്സിൽ ഒതുങ്ങുന്നില്ലേ പലപ്പോഴും?

പഞ്ചാബിലൂടെയാണ് നാമിപ്പോൾ യാത്രചെയ്യുന്നത്. പഞ്ചാബും ഒരു സുന്ദരിതന്നെ. വിശാലമായ വയലേലകൾ. ഇടതുഭാഗം ജനലിനരികിൽ ഇരുന്ന് ഞാൻ വിശാലമായ സൂര്യകാന്തിപ്പൂക്കളുടെ പാടങ്ങളെ കൺനിറയെ കണ്ടു. എല്ലാവരും സൂര്യനഭിമുഖമായി, കിഴക്കോട്ട് തിരിഞ്ഞുനിൽക്കുകയാണ്. ഹൃദയാവർജകമായ ദൃശ്യം. പുസ്തകത്തിൽ പഠിച്ച പഞ്ചാബ്. സ്വയം സ്വാതന്ത്ര്യം നേടാൻ വേണ്ടി കുറേ പരിശ്രമിച്ച് അടിയറവുവച്ച് അതിനിടയിൽ പ്രിയദർശിനി ഇന്ദിരാഗാന്ധിയെ നഷ്ടപ്പെടുത്തിയ സ്വതന്ത്രവാദികളുടെ നാട്. സുവർണക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ. ഇന്ദിരാഗാന്ധിയുടെ ജീവൻ നഷ്ടപ്പെടുത്തിയതിന്റെ കാരണങ്ങൾ സൂര്യകാന്തിപ്പൂക്കളെ കാണുന്നതിനിടയിലും മനസ്സിൽ നൊമ്പരമുണർത്തി. പാടില്ല, സുന്ദരവും വിശാലവുമായ ഇന്ത്യയിൽനിന്ന് ഒരു തരി മണ്ണും വിട്ടുപോകാൻ പാടില്ല; എന്തിന്റെ പേരിലായാലും. പാകിസ്ഥാൻ വിട്ടുപോയിട്ടെന്തു നേടി? ബംഗ്ലാദേശ് വിട്ടുപോയിട്ടെന്ത് നേടി? കലുഷിതമായിപ്പോയ കുറേ ബന്ധങ്ങളല്ലാതെ. നാനാത്വത്തിൽ ഏകത്വം അനുഭവിച്ചറിയാൻ ഒരിന്ത്യക്കാരനു മാത്രമേ സാധിക്കൂ. ദരിദ്രരാണെങ്കിലും കുറേയൊക്കെ പരസ്പരം ബഹുമാനിക്കുന്നവരാണ് ഇന്ത്യക്കാർ. യാത്രകളിലൊക്കെ നമുക്കത് ശരിക്കും ബോധ്യമാകുന്നുണ്ട്.

അമ്പാല കഴിഞ്ഞപ്പോൾ ഞങ്ങൾ എ.സിയിലേക്ക് മാറി. അവിടെവെച്ച് ഒരു സിക്ക് കുടുംബത്തെ പരിചയപ്പെട്ടു. വളരെ നല്ല സ്വഭാവക്കാർ. അവർക്ക് ഇസ്‌ലാമിനെപ്പറ്റി, ഏകദൈവ വിശ്വാസത്തെപ്പറ്റി ഒക്കെ അറിയാം. ഒരു സഹോദരനും സഹോദരിയും മൂന്നു മക്കളും. വെക്കേഷൻ പ്രമാണിച്ച് സഹോദരൻ സഹോദരിയെയും മക്കളെയും ബോംബെയിൽനിന്ന് അമൃത്‌സറിലേക്ക് കൊണ്ടുപോവുകയാണ്. സഹോദരൻ ജഗീന്ദർസിംഗിന് കഅ്ബയെപ്പറ്റിയും ഹജ്ജിനെപ്പറ്റിയും ഒക്കെ അറിയണം. വളരെ ഹൃദ്യമായ സംഭാഷണം. കുറേയധികം കാര്യങ്ങൾ പരസ്പരം മനസ്സിലാക്കാൻ ഉപകരിച്ചു. അവർക്ക് ഗുരുവൊന്നുമല്ല, അവരുടെ ഹോളിബുക്കാണ് പ്രധാനം. ഞാനാദ്യമായാണ് അതൊക്കെ ഒരു സിക്ക്കുടുംബത്തിൽനിന്ന് നേരിട്ടറിഞ്ഞത്. അവർ ഗ്രന്ഥസാഹേബ് എന്ന കിതാബിനെ വന്ദിക്കുന്നു, ബഹുമാനിക്കുന്നു. ഒരാളെപ്പോലെ വീശിക്കൊടുക്കുകയൊക്കെ ചെയ്യുമത്രെ!

ഇസ്‌ലാമിലെ ഏകദൈവ വിശ്വാസത്തെ ഞാൻ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: You are correct. സഹോദരിയുടെ പേർ ജസ്ബീർ കൗർ. വിളിപ്പേര് റോസി. ക്ഷീണം കാരണം സംസാരം കഴിഞ്ഞ് ഞാൻ എന്റെ ബർത്തിൽ പോയി കിടന്നു. എനിക്കിപ്പോഴും ഓർക്കുമ്പോൾ സങ്കടം വരുന്നു. പെട്ടെന്നുറങ്ങിപ്പോയി. വണ്ടി ഏതോ സ്റ്റേഷനിൽ നിന്നു. ഞാൻ നോക്കിയപ്പോൾ ജലന്തർ ആണ്. റോസി ഇറങ്ങും എന്ന് പറഞ്ഞ സ്റ്റേഷൻ. ഞാൻ തിരക്കിട്ട് ഡോറിനടുത്തു ചെന്നപ്പോൾ റോസിയും മക്കളും സഹോദരനും പെട്ടിയും കെട്ടും എടുത്ത് അപ്പുറത്തെ പ്ലാറ്റ്‌ഫോമിലൂടെ നീങ്ങുന്നു. ഞാൻ കൈ വീശി നോക്കി. അവർ എന്നെ കാണുന്നില്ല. ഞാൻ കുറേ ശ്രമിച്ചു, അവരോടൊന്ന് കൈവീശിയെങ്കിലും യാത്ര പറയാൻ. ഈ ലോകത്ത് നിന്നിനി അവരെ കാണുമോ? വണ്ടി നീങ്ങിത്തുടങ്ങി. എനിക്കിപ്പോഴും ആ വിഷമമുണ്ട് ഉള്ളിൽ. അവർ ഇറങ്ങാൻ നേരം എന്നെ തിരഞ്ഞുകാണുമോ? എന്റെ സീറ്റ് എവിടെയാണെന്നവർക്ക് അറിയുകയും ഇല്ലായിരുന്നു.

എനിക്കിത്തരം ചെറിയ കാര്യങ്ങൾക്കൊക്കെ നല്ല സങ്കടം വരുന്ന ഒരു സ്വഭാവമാണുള്ളത്. ലോകത്ത് ഞാൻ ഏറ്റവും വിലമതിക്കുന്നത് നിഷ്‌കളങ്ക സൗഹൃദങ്ങളെയാണ്. ഞാൻ ബർത്തിൽ പോയി സങ്കടത്തോടെ കുറേ നേരം കിടന്നു. 4.30-5 മണിയോടെ വണ്ടി ജമ്മുവിലെത്തി. ഏതാനും വണ്ട നദികൾക്കു മുകളിലൂടെയായിരുന്നു അവസാന രണ്ടുമൂന്നു സ്റ്റേഷനുകൾ പിന്നിട്ടത്. ചീനാബ്, സത്‌ലജ് നദികളാണോ അവ എന്ന് സംശയമുണ്ട്. വലിയ ഉരുളൻ കല്ലുകൾ... അവിടെ ഒരു നദി ഒഴുകിയിരുന്നു എന്ന് സൂചിപ്പിക്കുന്നു. ജമ്മുവിലെത്തിയപ്പോൾ അസഹ്യമായ ചൂട് - 1500 രൂപയ്ക്ക് ഒരു മീഡിയം എ.സി. റൂം കിട്ടി. അന്നവിടെ തങ്ങി. പിറ്റേന്ന് കാലത്ത് കശ്മീരിലേക്ക്. അത് അടുത്ത കുറിപ്പിൽ...

സ്വന്തം ടീച്ചർ

5 comments:

 1. ടീച്ചറെ സത്യം പറഞ്ഞല്വ് എനിക്കും സങ്കടമായി ....റോസി യോടെ യാത്ര പറയാതെ പോന്നതില്‍ ..
  ടീച്ചറുടെ കൂടെ യാത്ര ചെയ്യുന്ന പോലെ ....അതാണ്
  ഇങ്ങിനെ തോന്നാന്‍ കാരണം ..........
  നമുക്ക് പ്രാര്‍ത്ഥിക്കാം അവരെ നാളെ നമ്മുടെ സഹോദരങ്ങളായി കണ്ടുമുട്ടാന്‍ ഭാഗ്യം തരേണമേ എന്ന്...

  ReplyDelete
 2. നല്ല യാത്രാകുറിപ്പ് ടീച്ചറെ .

  യാത്രക്കിടയിൽ ഇങ്ങിനെ കാണുന്ന നല്ല മുഖങ്ങൾ നമ്മെ കുറെ കാലം പിന്തുടരും . ഏതെങ്കിലും ഒരു യാത്രയിൽ , ഒരു വഴിയമ്പലങ്ങളിൽ റോസിയുടെ മുഖം തേടി വരട്ടെ .

  ReplyDelete
 3. വളരെ സന്തോഷം

  ReplyDelete
 4. ഈ യാത്ര അനുഭവം വായിച്ചപ്പോൾ ശെരിക്കും നാട് കാണു അസ്വതിച്ചപോലെ ഫീൽ ചെയ്യുന്നു ....നല്ല വിവരണം ...

  ReplyDelete