Wednesday, July 3, 2013

വെസ്റ്റേൺട്യൂബെന്ന അദ്ഭുതവും മഞ്ഞണിഞ്ഞ സോനാമലനിരകളും

ജമ്മു-ശ്രീനഗർ യാത്രയ്ക്ക് സാധാരണ വരുന്നതിന്റെ ഇരട്ടിയിലധികം പൈസയാണ് ചെലവായത്. ചില പറ്റിക്കലുകൾക്ക് ഇരയായി. സഞ്ചാരികൾക്ക് വിധിക്കപ്പെട്ട ഒരു കാര്യമാണത്. സഹിക്കൽ തന്നെ.

ഞങ്ങളുടെ യാത്ര ഒരു തവേര വണ്ടിയിലായിരുന്നു. ഖൊരക്പൂരിൽനിന്നുള്ള ഒരു പിതാവും പുത്രിയും. അവൾ ശ്രീനഗറിൽ ബി.എഡിന് ചേരാൻ പോവുകയാണ്. മുഖം മറച്ച ഒരു സുന്ദരിപ്പെൺകുട്ടി. ഇടയിൽനിന്ന് ആബിദ് ഹുസൈൻ എന്ന ഒരു യുവാവ് ശ്രീനഗറിലേക്ക് കയറി. കുഴപ്പമില്ലാത്ത സഹയാത്രികർ.


രാവിലെ 7.30ന് പുറപ്പെട്ട കാർ 286 കിലോമീറ്റർ യാത്രചെയ്ത് എത്തിയത് വൈകിട്ട് 5 മണിക്ക്. പാറകൾ ചുട്ടുപഴുത്ത ഊഷരഭൂമിയും ശാദ്വലമായ താഴ്‌വാരങ്ങളും പിന്നിട്ടായിരുന്നു യാത്ര. ആ പ്രകൃതിഭംഗി ആസ്വദിക്കാൻ തന്നെയായിരുന്നു വിമാനയാത്ര വേണ്ടെന്നു വച്ച് ജമ്മു-ശ്രീനഗർ റോഡ് യാത്ര തിരഞ്ഞെടുത്തത്. വളവും തിരിവും ഹെയർപിൻ വളവുകളുമൊക്കെ ഉള്ള റോഡ്. ചായക്കും ചോറിനും ഒക്കെ പല സ്ഥലത്തും നിർത്തി. 4-5 മണിക്കൂറേ യാത്രയുള്ളൂ എന്നു പറഞ്ഞെങ്കിലും രണ്ടു തവണയും (മടക്കത്തിലും) 10 മണിക്കൂറോളം എടുത്തു.

ഇന്ത്യൻ റെയിൽവേയുടെ അറ്റം ജമ്മുവിന്റെ വടക്കു ഭാഗത്തുള്ള ഉദ്ദംപൂർ എന്ന സ്ഥലമാണ്. പക്ഷേ, ശ്രീനഗറിൽനിന്ന് ബാരമുല്ല, കുപ്‌വാര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെയിൻ ഉണ്ടെന്നറിയാൻ കഴിഞ്ഞു. തുടർച്ചയായ റെയിൽവേ അവസാനിക്കുന്നത് ഉദ്ദംപൂരിലാണ്. ജമ്മുവിലെ പ്രധാന സന്ദർശന സ്ഥലം വൈഷ്ണവീ ദേവിക്ഷേത്രമാണ്. ജമ്മുവിലെ തിക്കും തിരക്കിന്റെ കാരണം ഈ ക്ഷേത്രത്തിലേക്കുള്ള തീർഥാടനത്തിന്റേതാണ്. ആയിരം കൊല്ലം മുമ്പ് ജീവിച്ച സാത്വികയായ ഒരു സന്യാസിനി ആയിരുന്നു വൈഷ്ണവിദേവി. സാധാരണ ചെയ്യുന്നപോലെ അവരെയും ജനങ്ങൾ ദൈവമാക്കിക്കളഞ്ഞു. 


ജമ്മു റെയിൽവേസ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽ കസേരകളൊന്നുമില്ല. എല്ലാവരും വിരിയും വിരിച്ച് സുഖമായി, തങ്ങൾക്കുള്ള തീവണ്ടിയും കാത്ത് കഴിയുന്നവരാണ്. മടക്കയാത്രയിൽ ഞങ്ങളും രണ്ടുമൂന്നു മണിക്കൂർ വിരി വിരിച്ച് സ്റ്റേഷനിൽ കിടന്നു. അവിടെയൊക്കെ പൊതുസ്ഥലങ്ങളിൽ നായശല്യം വല്ലാതെയുണ്ട്. ശ്രീനഗറിലും കൂട്ടംകൂട്ടമായാണ് നായ്ക്കൾ. പക്ഷേ, ഉപദ്രവം ഒന്നുമില്ല എന്നാണ് മനസ്സിലായത്.

ജമ്മുവിലെ പ്രധാനപ്പെട്ട ഒരു നദിയാണ് താവി. അതിനാലാണ് സ്റ്റേഷന്റെ പേര് ജമ്മുതാവി എന്നായത്. മേയ്മാസം ജമ്മുവിലെ ഏറ്റവും ചൂട് കൂടിയ മാസമാണെന്ന് മനസ്സിലാക്കുക. കാരണം, നമുക്കൊക്കെ ജമ്മുകാശ്മീർ എന്ന് കേൾക്കുമ്പോൾത്തന്നെ ആകെ തണുപ്പാണെന്നാണ് ധാരണ. നമ്മൾ പാക്കേജല്ലാതെ ഒറ്റയ്ക്ക് യാത്രപോകുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം, ഞങ്ങൾ നേരിട്ടനുഭവിച്ചപ്പോൾ മാത്രമാണ് ഇത്രയ്ക്ക് ചൂട് ജമ്മുവിലുണ്ടെന്ന് മനസ്സിലായത്. ഹോട്ടലിലേക്കുള്ള യാത്രാമധ്യേ ഓട്ടോഡ്രൈവർ പറഞ്ഞു, 'ഇന്നത്തെ ചൂട് 47 ഡിഗ്രി ആണെ'ന്ന്!

ജമ്മു-ശ്രീനഗർ റോഡിലെ പ്രധാനമായ ഒരു സ്ഥലമാണ് നെഹ്‌റു ടണൽ. വെസ്റ്റേൺ ട്യൂബ് എന്ന് അവിടെ എഴുതിവച്ചിട്ടുണ്ട്. 2500 മീറ്റർ (രണ്ടര കിലോമീറ്റർ) നീളമുള്ള (മല തുരന്നുണ്ടാക്കിയ) ടണൽ. ഭയം തോന്നി. ദുബായിലെ ശൻതഖ ടണൽ കടലിനടിയിലൂടെ ഉള്ളത് ഒരു കിലോമീറ്ററേ ഉള്ളൂവെന്നാണ് അറിവ്. ഇത് അതിലും ഒന്നര ഇരട്ടി. ഇതിന്റെ മുഖത്ത് മഞ്ഞുകാലത്ത് ഐസ് വീണ് അടഞ്ഞുപോകാറുണ്ടത്രെ! രണ്ടുമൂന്നു ദിവസമൊക്കെ ടണലിനപ്പുറവും ഇപ്പുറവും വണ്ടികളും യാത്രക്കാരും കുടുങ്ങിപ്പോകാറുണ്ട്! ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന പ്രധാന ടണലാണിത്. ഈ വേനലിലും ആ മലയുടെ മുകളിൽ മഞ്ഞ് ഉറഞ്ഞുകിടക്കുന്നത് കൗതുകം തോന്നി. 

എന്തെല്ലാം അദ്ഭുതങ്ങളാണ് പടച്ചവന്റെ ഈ ഭൂമിയിൽ! മനുഷ്യനെ പല നൂതന കാര്യങ്ങളും പഠിപ്പിക്കുകയും ചെയ്യുന്നു അല്ലാഹു. ടണൽ കഴിഞ്ഞാൽ കാശ്മീരായി. വീണ്ടും കുറേ നേരം കൃഷ്ടിസ്ഥലങ്ങളും സമതലങ്ങളും പിന്നിട്ട് യാത്ര തുടർന്നു. ടണൽ കഴിഞ്ഞപ്പോൾ നേരിയ തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ, ഇത്രയ്ക്ക് തണുപ്പേ ഉള്ളോ എന്ന് ഞങ്ങളോട് ഡ്രൈവറോട് ചോദിച്ചുപോയി. സുന്ദരമായ, വലിയ ചിനാർമരങ്ങളും മറ്റു ചില തരം മരങ്ങളും നിറഞ്ഞ സമതല പ്രദേശം. ഞങ്ങളുടെ സുഹൃത്ത്ഇടയ്ക്കിടയ്ക്ക് എവിടെ എത്തി എന്നന്വേഷിച്ചുകൊണ്ട് ഫോൺ ചെയ്യുന്നുണ്ടായിരുന്നു. ടണൽ കഴിഞ്ഞോ എന്ന് ഒരിക്കൽ ചോദിച്ചു. ടണലിനെപ്പറ്റി എനിക്ക് വലിയ അറിവുണ്ടായിരുന്നില്ല. കണ്ടില്ല എന്ന് മറുപടി കൊടുത്തു. പിന്നെയും കുറേ കഴിഞ്ഞപ്പോഴാണ് ഈ പാതയിൽ ഇത്ര വലിയൊരു ടണൽ ഉള്ളതറിഞ്ഞത്.

ഡ്രൈവർ വീണ്ടും ചായയ്ക്ക് നിറുത്തി. സുന്ദരമായ, വിശാലമായ ഒരു സമതലത്തിലൂടെയായിരുന്നു ടണൽ കഴിഞ്ഞുള്ള യാത്ര. സ്വപ്‌നഭൂമിയിലെത്താൻ ഇനി അധികമില്ല. അതിനിടെ ആബിദ് ഹുസൈൻ ഏതോ ഒരു സ്ഥലത്ത് - ഖാസികുണ്ട് എന്ന് തോന്നുന്നു - ഇറങ്ങി. ശ്രീനഗറിൽ റെയിൽവേയിലാണ് അവൻ. വീട് ഖാസികുണ്ട്. ചായ കഴിഞ്ഞ് യാത്ര തുടർന്നു. എക്കാലത്തെയും സ്വപ്‌നം യാഥാർഥ്യമാകാൻ പോകുന്നു. കാശ്മീർ! കടും ചുവപ്പിന്റെ നാട്. മഞ്ഞണിഞ്ഞ മലകളുടെ നാട്. വിശാലമായ ഒരു പ്രദേശത്തെ വാരിപ്പുണർന്ന് നിൽക്കുന്ന പ്രസിദ്ധമായ ദാൽതടാകത്തിന്റെ, ഝലംനദിയുടെ നാട്. ഭൂമിയിലെ സ്വർഗമെന്ന് നെഹ്‌റു വിശേഷിപ്പിച്ച നമ്മുടെ രാജ്യത്തിന്റെ തൊപ്പിയായ നാട്. കാർഗിൽയുദ്ധം നടന്ന നാട്. അങ്ങനെയങ്ങനെ... പലതും. ഇനി 10 കിലോമീറ്റർ മാത്രം. പൂമ്പൂർ എന്ന സ്ഥലം പിന്നിട്ടു. പാമ്പൂരിലാണത്രെ ഏറ്റവും നല്ല കുങ്കുമപ്പൂവും ഡ്രൈഫ്രൂട്‌സും ലഭിക്കുക. കുങ്കുമം വിളവെടുപ്പ് കഴിഞ്ഞുവത്രെ!

അങ്ങനെ പ്രായമേറിയ ഡ്രൈവർ ഓടിച്ച വണ്ടി വലിഞ്ഞുമിഴഞ്ഞും സമതലത്തിലൂടെ വേഗതയിൽ ഓടിയും കാശ്മീരിലെത്തി. അൽഹംദുലില്ലാഹ്. അപ്പോഴും ചൂടാണനുഭവപ്പെട്ടത്. കണ്ടിട്ടില്ലാത്ത ഞങ്ങളുടെ സുഹൃത്ത്   എല്ലാം ഏർപ്പാടാക്കിയിട്ടുണ്ട്. താമസസൗകര്യവും കശ്മീരിൽ കറങ്ങാനുള്ള വണ്ടിയും ഡ്രൈവറും. 

ഞങ്ങൾ ശ്രീനഗറിൽ എത്തിയപ്പോൾ ചൂടിയിരുന്നെങ്കിലും പെട്ടെന്ന് മഴ തുടങ്ങി; ഒപ്പം തണുപ്പും. പോയ സ്ഥലങ്ങളിലൊക്കെ തല്ല തണുപ്പ് അനുഭവിക്കാനായി. മഞ്ഞുപെയ്യുന്ന സോനാമാർഗിലേക്കാണ് രണ്ടാം ദിവസം പോയത്. അതീവസുന്ദരമായ യാത്ര എന്ന് പറയാതെ നിവൃത്തിയില്ല. നമ്മൾ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത, ചിത്രങ്ങളിൽ മാത്രം കണ്ട ദൃശ്യങ്ങൾ. ഒരു ചലച്ചിത്രം പോലെ സോനാമലകൾ അവളുടെ ആടയാഭരണങ്ങൾ മാറിമാറി അണിഞ്ഞ് സന്ദർശകരെ കോരിത്തരിപ്പിക്കുകയാണ്. ഞാനോർത്തു, ഞാൻ പണ്ടെങ്ങോ ഈ മലകളിൽ ജീവിച്ചിരുന്ന ആരെങ്കിലുമായിരിക്കുമോ? അത്രയ്ക്ക് ഇഷ്ടം തോന്നി ആ പ്രദേശത്തോട്.

സോനാമാർഗിലെ വിശേഷങ്ങൾ അടുത്ത കുറിപ്പിൽ. ഇൻ ശാ അല്ലാഹ്.

2 comments:

  1. Dear Sabitha Teacher,
    Nice to read ur article. Your article took my memory back to my Srinagar days. Photos are very nice, loved the way of narration. Keep it up. All the best.

    ReplyDelete