Monday, June 23, 2014

ദ്വീപ് ജനതയുടെ ആതിഥ്യമര്യാദയും അവിടുത്തെ കാഴ്ചകളും

കോയക്കാടെ വീടും വീട്ടുകാരെയും അയല്‍വാസികളെയും ഒക്കെ പരിചയപ്പെട്ടു. അവരുടെ സംസാരശൈലി ഒന്നും മനസ്സിലാകുന്നില്ലായിരുന്നു; എന്റേത് അവര്‍ക്കും. സമൃദ്ധമായ ചായസല്‍ക്കാരത്തിനു ശേഷം ഞങ്ങള്‍ കടപ്പുറത്തേക്ക് പോയി. തീരെ വെളിച്ചമുണ്ടായിരുന്നില്ലെങ്കിലും ആ സമയത്തെ കടപ്പുറവും കടലും ഒരുപാട് സന്തോഷം തന്നു. എനിക്കവിടെ നിന്ന് പോരണമെന്നുണ്ടായിരുന്നില്ല. കോയക്കാടെ ഒരു ബന്ധുവും ഞങ്ങളോടൊപ്പം വന്ന്, ദ്വീപിലെ ഔലിയയുടെ മഹത്വങ്ങള്‍ പറയാന്‍ തുടങ്ങി. അവിടെ അടുത്ത് വലിയ്യിന്റെ ജാറം ഉണ്ട്. കടപ്പുറത്ത് കുറച്ചു സമയം ചെലവഴിച്ചതിനുശേഷം ഞങ്ങള്‍ തിരിച്ചുപോന്നു. 

ലക്ഷദ്വീപിലെ കടലില്‍ തിര കുറവാണ്. ചുറ്റിനും ലഗൂണായതിനാലാണ്. ലഗൂണുകളില്‍ സമൃദ്ധമായി പവിഴപ്പുറ്റുകളാണ്. കോയക്കാനോടും കുടുംബത്തോടും യാത്രപറഞ്ഞ് ഞങ്ങള്‍ ലോഡ്ജിലേക്കുതന്നെ പോന്നു. രാത്രിഭക്ഷണത്തിനായി അവര്‍ ഒരുപാട് നിര്‍ബന്ധിച്ചു. പക്ഷേ, ഞങ്ങള്‍ക്ക് ആര്‍ക്കും വിശപ്പില്ലാത്തതിനാല്‍ നന്ദിപൂര്‍വം അവരുടെ ക്ഷണം നിരസിക്കേണ്ടിവന്നു. എന്നാലും, ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ഒരു പുനഃസമാഗമം നടന്നതിന്റെ നിറഞ്ഞ സന്തോഷത്തിലായിരുന്നു ഞങ്ങള്‍. തിരിച്ച് ലോഡ്ജിലെത്തിയപ്പോഴേക്ക്, നടന്നുനടന്ന് നന്നായി തളര്‍ന്നിരുന്നു.

നാളെ രാവിലെ ഏഴു മണിക്ക് ജെട്ടിയിലെത്തണം. കവരത്തിയിലേക്കുള്ള സ്പീഡ്‌ബോട്ട് ഏഴുമണിക്ക് പുറപ്പെടും. പറളി, ചെറിയപാനി, വലിയപാനി എന്നിങ്ങനെ ഒക്കെയാണ് ബോട്ടുകളുടെ പേരുകള്‍. ഞങ്ങള്‍ യാത്രചെയ്ത ബോട്ട് പറളിയായിരുന്നു. യാത്രയില്‍ ഒരു കാര്യം മനസ്സിലായി; കേന്ദ്രഗവണ്മെന്റ് ലക്ഷദ്വീപിനു വേണ്ടി ധാരാളം തുക ചെലവഴിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ടോ ദ്വീപുകാരുടെ യാത്രാദുരിതം തീരുന്നില്ല. ഞങ്ങളുടെ യാത്രയ്ക്കു വേണ്ടി മണിക്ഫാനും കുടുംബവും ബേപ്പൂരും കുറേയധികം നേരം വെയിലത്ത് ക്യൂ നിന്നിട്ടാണ് ടിക്കറ്റ് ശരിയായി കിട്ടിയത്; രണ്ടു ദിവസം മുമ്പ്. രാത്രി ഏഴുമണി കഴിഞ്ഞപ്പോള്‍ മണിക്ഫാന്‍ വിളിക്കുന്നു. ടീച്ചര്‍, ഞങ്ങള്‍ ഒന്ന് അങ്ങോട്ട് വരികയാണ്. പറവൂര്‍ എത്തി. 

രാവിലെ മുതല്‍ മിനിക്കോയ്ക്കുള്ള യാത്രയ്ക്ക് ടിക്കറ്റുമെടുത്ത് കാത്തുനിന്ന് അവസാനം സീറ്റില്ലാന്നും പറഞ്ഞ് യാത്ര റദ്ദായി. പാവം തോന്നി. വന്ദ്യവയോധികനായ ആ മനുഷ്യന്‍ മഴയത്ത്, അപ്രതീക്ഷിതമായി യാത്ര റദ്ദായി തിരിച്ചുവരുന്ന അവസ്ഥ! ഇന്നലെയും അവര്‍ യാത്ര ശരിയാകുമോ എന്ന് നോക്കി പോയെങ്കിലും ഇന്ന് - ഇതെഴുതുമ്പോഴും യാത്ര ശരിയായിട്ടില്ല. സ്പീഡ്‌ബോട്ടിന്റെ ടിക്കറ്റൊക്കെ വളരെ കുറവാണ്. അന്ത്രോത്ത് വരെ 185, അവിടെ നിന്ന് കവരത്തിക്ക് 190 ഒക്കെയേ ഉള്ളൂ. സ്പീഡ്‌ബോട്ട് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും ചോദിക്കുന്നത് ബോട്ടിലോ ലക്ഷദ്വീപില്‍ പോകുന്നത് എന്നാണ്. പക്ഷേ, നോര്‍വെ, നെതര്‍ലാന്റ് തുടങ്ങിയ നാടുകളില്‍ നിര്‍മിച്ച നല്ല സ്റ്റൈലന്‍ ബോട്ടുകളാണ് ഇവ.

കാലത്തുതന്നെ എണീറ്റ് ജെട്ടിയിലേക്ക് നടക്കാന്‍ തുടങ്ങി. നല്ല സുഖകരമായ പ്രഭാതം. കടലൊക്കെ ഇളംവെയില്‍ തട്ടി സുന്ദരമാകാന്‍ തുടങ്ങിയിരിക്കുന്നു. പോകുംവഴി അന്ത്രോത്തിലെ പഴയപള്ളി കാണുകയുണ്ടായി. കയറാന്‍ സമയവും ഇല്ല. അനുവാദവും ഉണ്ടാകില്ല.

അങ്ങനെ, അടുത്ത യാത്ര ആരംഭിച്ചു. കവരത്തി യാത്രയില്‍ ബോട്ട് കല്‍പേനി - ദ്വീപിനടുത്തുകൂടിയാണ് പോവുക. ജെട്ടിയില്‍ കയറുന്നില്ല. ചെറുവഞ്ചികളിലും ചെറുബോട്ടുകളിലും ആള്‍ക്കാര്‍ വന്ന് ബോട്ടിന്റെ അടിഭാഗത്തുള്ള പടിയിലൂടെ കയറി, മുകളിലേക്ക് വരുന്നുണ്ട്. കല്‍പേനിയില്‍ ഇറങ്ങാനുള്ളവരും അവരുടെ ലഗേജുകളും ഇറങ്ങുന്നുമുണ്ട്. ആദ്യമായാണ്, നടുക്കടലില്‍ ബോട്ട് നിര്‍ത്തി, ഈ സാഹസം നടത്തുന്നത് കണ്ടത്.

കല്‍പേനി ദ്വീപിനെപ്പറ്റി ചില ഐതിഹ്യങ്ങള്‍ ഉണ്ട്. ഒരിക്കല്‍ കാറ്റടിച്ച് ഒരു ദ്വീപ് മുങ്ങിപ്പോയി എന്ന് പറയുന്നുണ്ട്. ദ്വീപുകള്‍ പലതരം അറിവുകളുടെയും നാടുകൂടിയാണ്. മടക്കയാത്രയില്‍ കപ്പല്‍സഹയാത്രികരായ പലരില്‍നിന്നും പലതരം കാര്യങ്ങളും അറിയാന്‍ കഴിഞ്ഞു. ദ്വീപുകാര്‍ക്ക് (പഴമക്കാര്‍ക്ക്) കടല്‍, മേഘം എന്നിവയെ ഒക്കെ വായിക്കാനറിയാമത്രെ! അപ്രകാരം സൂര്യന്റെ അളവുകളും നിഴലും നോക്കി രേഖാംശവും അക്ഷാംശവും കൃത്യമായി പറയാന്‍ കഴിവുള്ളവരുമുണ്ട്! മേഘം വായിക്കുന്ന ആള്‍ കവരത്തിയില്‍ ഉണ്ടെന്നാണറിഞ്ഞത്. എന്തായാലും അദ്ദേഹത്തെ ഒന്ന് കാണണം. വാര്‍ധക്യസഹജമായ ക്ഷീണത്താല്‍ ഇപ്പോള്‍ കിടപ്പിലാണദ്ദേഹം. ഒരുപക്ഷേ, ഭൂമിയില്‍നിന്നുള്ള പ്രകാരം മേഘങ്ങളില്‍ പ്രതിഫലിക്കുമ്പോള്‍, കാറ്റുമൂലം മേഘങ്ങളിലുണ്ടാകുന്ന മാറ്റം, രൂപഭംഗി പലതും അദ്ഭുതകരമായ അറിവുകള്‍ നല്‍കുന്നുണ്ടാകാം.

ഖുര്‍ആന്‍ ആകാശ-ഭൂമികള്‍ക്കിടയില്‍ കീഴ്‌പ്പെടുത്തപ്പെട്ട മേഘത്തില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്ന് പറയുന്നുണ്ടല്ലോ. എങ്കില്‍, തീര്‍ച്ചയായും മേഘം അറിവുകളുടെ കലവറയായിരിക്കും. കാലാവസ്ഥ നന്നായിട്ട് ഇനിയും ദ്വീപില്‍ പോകണം; ഇന്‍ശാ അല്ലാഹ്. ഏതായാലും പോകേണ്ട വഴി പഠിച്ചു; കുറച്ച് ബുദ്ധിമുട്ടിയെങ്കിലും.

''അറിവ് വിശ്വാസികളുടെ കളഞ്ഞുപോയ സമ്പത്താണ്. അതവന്‍ എവിടെക്കണ്ടാലും എടുക്കട്ടെ; അവനാണ് അവിന്റെ ഏറ്റവും അര്‍ഹനായ അവകാശി'' എന്നാണ് നബിവചനം. ഇത് കൈവിട്ടുപോയതാണ് മുസ്‌ലിംസമൂഹം പിന്തള്ളപ്പെട്ടുപോയതിന്റെ ഒരു പ്രധാന ഹേതു. അനാവശ്യ തര്‍ക്കങ്ങളിലേക്ക് പോയി, അത്യാവശ്യം വേണ്ടവയെ ഉപേക്ഷിച്ച മണ്ടന്മാരാണ് നമ്മള്‍. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍. പക്ഷികള്‍ കൂടുകൂട്ടുന്നതും മഴയുടെ വരവും കൂടി ബന്ധമുണ്ട് എന്ന് നമ്മില്‍ എത്രപേര്‍ക്കറിയാം. കുഞ്ഞ് വിരിഞ്ഞിറങ്ങി പറക്കാന്‍ സമയമുണ്ടെങ്കില്‍ മാത്രമേ പക്ഷികള്‍ കൂടുകൂട്ടി മുട്ടയിടുകയുള്ളൂ! സര്‍വശക്തനായ റബ്ബിന്റെ സൃഷ്ടികള്‍ക്ക് ജീവിക്കാനും പ്രത്യുല്‍പ്പാദനം നടത്താനും അവന്‍തന്നെ അവയ്ക്ക് ബോധനം നല്‍കിയിട്ടുണ്ട് -സത്യം- എല്ലാം കണക്കാക്കുകയും മാര്‍ഗം കാട്ടുകയും ചെയ്തവനാണവന്‍.

കവരത്തിയിലേക്കുള്ള യാത്രയില്‍ കല്‍പ്പേനി കഴിഞ്ഞതു മുതല്‍ കടല്‍ കുറേശ്ശെ rough ആകാന്‍ തുടങ്ങി. യാത്രചെയ്തിട്ടില്ലാത്ത നമുക്ക് നേരിയ ഇളക്കം വരുമ്പോള്‍ത്തന്നെ അത് feel ചെയ്യുന്നതാണ്. ശരിയായ ഇളക്കം അതൊന്നുമല്ലത്രെ! നമ്മുടെ കടപ്പുറത്ത് കാണുന്ന വലിയ തിരമാലകള്‍ പുറംകടലിലും ഉണ്ടാകുമ്പോള്‍ കപ്പലും ബോട്ടും ഒക്കെ ശക്തമായി ആടുമത്രെ! അതാണ് മെയ് 15നു ശേഷം സ്പീഡ്‌ബോട്ടുകള്‍ ഓട്ടം നിര്‍ത്തിവെക്കുന്നത്. രാത്രികാലങ്ങളിലും ബോട്ട് സര്‍വീസ് നടത്തുന്നില്ല.

ഞങ്ങള്‍ ബേപ്പൂര്‍ വച്ച് പരിചയപ്പെട്ട ഹാജാ ഹുസൈന്‍ എന്ന എഴുത്തുകാരനില്‍നിന്നും ദ്വീപിനെപ്പറ്റി പല വിവരങ്ങളും കഥകളും അറിഞ്ഞു. അദ്ദേഹം ദ്വീപിനെപ്പറ്റി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കില്‍ത്താന്‍ ദ്വീപുകാരനാണദ്ദേഹം (പലപല വിഷയങ്ങളിലേക്കും എഴുത്ത് നീങ്ങിപ്പോകുന്നതില്‍ വായനക്കാര്‍ ക്ഷമിക്കുക. എനിക്ക് കണ്ടതും അനുഭവിച്ചതും മുഴുവനും എഴുതിയാലേ ഒരു സംതൃപ്തി ലഭിക്കൂ).

ഞങ്ങള്‍ മൂന്നുമണിയോടുകൂടി കവരത്തി ജെട്ടിയില്‍ എത്തി. ഗഫൂര്‍ക്ക ഞങ്ങളെ ജെട്ടിയില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആതിഥ്യമര്യാദയും സ്‌നേഹവും വളരെ ഹൃദ്യവും സ്‌നേഹാര്‍ദ്രവുമായിരുന്നു എന്നത് യാത്രയില്‍ ലഭിച്ച വലിയൊരു ഭാഗ്യമായിരുന്നു. ഓട്ടോ വിളിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്കാണ് നേരെ പോയത്. അദ്ദേഹത്തിന്റെ ഭാര്യ കരുവാരക്കുണ്ട് സ്വദേശിനിയാണ്. അദ്ദേഹവും മക്കളും കൂടി പോയി പിടിച്ചുകൊണ്ടുവന്ന വലിയ മീനായിരുന്നു കറിക്ക്. എന്തായാലും എറിയാട്ടുകാരായ ഞങ്ങള്‍ മീനിനെ സ്‌നേഹിക്കുന്നവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആണ്. കൂടാതെ മീന്‍ മുറിക്കാനും വെക്കാനും പൊരിക്കാനും ഒക്കെ ഒരു ഹരം ഉള്ളവരാണ്. അവയ്ക്കുവേണ്ടി, വീട്ടിലുണ്ടായ കുടമ്പുളി കൊണ്ടുപോയിരുന്നു ഞാന്‍. പിറ്റേദിവസം ആ പുളിയൊക്കെ ഇട്ട് ഞാന്‍ തന്നെ കറി വെച്ചു. പുട്ടും മീന്‍കറിയും.

ചെന്ന അന്നുതന്നെ ഞങ്ങള്‍ സ്ഥലങ്ങള്‍ കാണാന്‍ ഇറങ്ങി. ആദ്യം പോയത് ഗഫൂര്‍ക്കാടെ വീടിന്റെ അടുത്തുതന്നെയുള്ള കവരത്തി മറൈന്‍ മ്യൂസിയത്തിലേക്കാണ്. പല രൂപത്തിലുള്ള കടല്‍പ്പുറ്റുകള്‍, പ്രാചീനകാലത്ത് ദ്വീപില്‍ ഉപയോഗിച്ചിരുന്ന വസ്ത്രം, ആയുധം, ഉപകരണങ്ങള്‍ തുടങ്ങി ധാരാളം വസ്തുക്കള്‍ മ്യൂസിയത്തിലുണ്ട്. ഒരുഭാഗത്ത് അക്വേറിയം. കണ്ണഞ്ചിപ്പിക്കുന്ന തരം നിറത്തിലും ഡിസൈനിലുമുള്ള മീനുകള്‍. വലിയ ടാങ്കില്‍ സ്രാവിനെ വളര്‍ത്തുന്നുണ്ട്. അദ്ഭുതവും സന്തോഷവും അറിവും പകരുന്ന മ്യൂസിയവും അക്വേറിയവും. അലിമണിക്ഫാനെ അവിടെ എല്ലാവര്‍ക്കും നല്ല പരിചയം. ഈ 'ഫക്കീര്‍' പണ്ട് മ്യൂസിയം അസിസ്റ്റന്റായിരുന്നു. ആള്‍ക്കാര്‍ക്ക് ഒറ്റനോട്ടത്തില്‍ ഫക്കീറായി തോന്നുന്ന അലിമണിക്ഫാന്‍ എന്ന മഹാന്‍. യാത്രയില്‍ ഒരാള്‍ അദ്ദേഹത്തെപ്പറ്റി പറയുകയാണ്: ഈ നാട്ടില്‍ കടലിനെപ്പറ്റി അദ്ദേഹത്തോളം അറിവുള്ള ആരുമില്ല. മണിക്ഫാന്‍ ഓര്‍മവെച്ചതുമുതല്‍ കടലില്‍ നീന്തിയും നടന്നും കടലുമായി സംസാരിച്ചും ഒരുപാട് അറിവുകള്‍ നേടിക്കാണും. അദ്ദേഹത്തിന്റെ നാമത്തില്‍ ഒരു മീന്‍ ഉണ്ട്. ഗിന്നസ്ബുക്കില്‍ ഇടം നേടിയിട്ടുണ്ട് ആ മീന്‍. ഒരു മീനല്ല ധാരാളം ജീവികളെ അദ്ദേഹം പുതുതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

കവരത്തിയിലെ മ്യൂസിയം അസിസ്റ്റന്റ് ഡയറക്ടറായ അയ്യൂബ് മണിക്ഫാന്‍, മണിക്ഫാന്റെ സഹോദരപുത്രനാണ്. വളരെ വിനയത്തോടെയുള്ള പെരുമാറ്റം. അദ്ദേഹത്തിന്റെ ഓഫീസില്‍ കുറച്ചു നേരം ഞങ്ങള്‍ അതിഥികളായി. ഏറ്റവും നല്ല മ്യൂസിയത്തിനും അക്വേറിയത്തിനുമായി ലഭിച്ച വലിയ വിലപിടിച്ച ട്രോഫി ഓഫീസിലുണ്ട്.
ഏത് രംഗത്തായാലും മനുഷ്യര്‍ തന്റെ തൊഴിലിനോട് പുലര്‍ത്തുന്ന ആത്മാര്‍ഥത സന്തോഷകരം തന്നെ. അവിടുത്തെ മീനുകളെ ഒന്നിനെപ്പോലും ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല. ഒരു ചിത്രകാരനും വരച്ചൊപ്പിക്കാന്‍ കഴിയാത്ത രൂപത്തിലുള്ള സുന്ദരവും സങ്കീര്‍ണവുമായ വരകളുടെയും ബിന്ദുക്കളുടെയും സമ്മേളനമായിരുന്നു ഓരോ മത്സ്യത്തിന്റെയും പുറവും. ഫോട്ടോയുടെ ഫഌഷ് മീനുകളുടെ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാണ് ഫോട്ടോ അനുവദിക്കാത്തത് എന്നാണറിഞ്ഞത്.

അവിടുന്ന് ഞങ്ങള്‍ നേരെ പോയത് ജെട്ടികടപ്പുറത്തേക്കാണ്. പവിഴപ്പുറ്റുകള്‍ പൊടിഞ്ഞുണ്ടായ റവ പോലത്തെ കടപ്പുറം എന്നെ ശരിക്കും ഭ്രാന്ത്പിടിപ്പിച്ചു. ആ കടപ്പുറത്ത് എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചുപോയി. സ്ത്രീകള്‍ മാത്രമേയുള്ളൂ. ഞാനവിടെ ആദ്യം ഇരുന്നു, പിന്നെ കിടന്നു-കടലില്‍. കുറേ മണ്ണൊക്കെ വാരി കാലില്‍ പൊത്തി. തീര്‍ത്തും കുട്ടിക്കാലത്തേക്ക് പോയി. പക്ഷേ, ജീവിതത്തിലാദ്യമാണ് ഇത്രമാത്രം വൃത്തിയുള്ള കടപ്പുറവും മണ്ണും കണ്ടത്. മതിവരുവോളം കടല്‍വെള്ളത്തിലിരുന്നു. മഗ്‌രിബായപ്പോള്‍ അവിടെത്തന്നെ നമസ്‌കരിച്ചു. ഈ സുഖം നമ്മുടെ കടപ്പുറത്ത് ലഭ്യമല്ല.

1 comment:

  1. nalla vivaranam....speed boatinte pic koodi aad akkamayirunnu photoyil

    ReplyDelete