Thursday, June 26, 2014

ദ്വീപിലെ അദ്ഭുതങ്ങള്‍

ദ്വീപുകളില്‍ ഹ്യുമിഡിറ്റി നന്നായുണ്ട്. രാത്രിയില്‍ തെങ്ങോലകള്‍ തലോടിവരുന്ന കടല്‍ക്കാറ്റും ഉണ്ട്. അല്‍ഹംദുലില്ലാഹ്. രാവിലെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ നടക്കാനിറങ്ങി. നേരെ പോയത് കവരത്തി ഗവണ്മെന്റ് ലൈബ്രറിയിലേക്കാണ്. അവിടെ ദ്വീപിനെപ്പറ്റിയുള്ള പല പുസ്തകങ്ങളും കണ്ടു. ഖാജാഹുസൈന്റെയും പുസ്തകങ്ങള്‍ ഉണ്ട്. ദ്വീപോല്‍പ്പത്തി (പൂക്കോയ കല്‍പ്പേനി), ബീകുഞ്ഞിപ്പാറ (എസ്.എസ്.കെ.), സാഗരദ്വീപിന്റെ സാംസ്‌കാരിക മുഖം, കിളുഞ്ഞാനിലെ കാവ്യപ്രപഞ്ചം എന്നീ പുസ്തകങ്ങള്‍ ദ്വീപിനെപ്പറ്റിയുള്ളതായി കണ്ടു. അവിടെ അത്യുദ്ഭുതകരമായ ഒരു മുസ്ഹഫ് കണ്ടു. എന്ത് കണ്ടാലും അന്വേഷിക്കുന്ന സ്വഭാവമുള്ളതിനാല്‍ മാത്രമാണ് ആ മുസ്ഹഫ് ഞങ്ങള്‍ക്ക് കാണാനായത്.
അതായത്, 185 പേജുകളില്‍ ആ മുസ്ഹഫ് ഒരുക്കിയിരിക്കുന്നു. എല്ലാ പേജിലെയും എല്ലാ വരികളുടെയും തുടക്കം 'അലിഫ്' എന്ന അറബിയിലെ ആദ്യാക്ഷരം കൊണ്ടാണ് എന്നതാണ് അദ്ഭുതം. 500 വര്‍ഷം മുമ്പ് ഒരു പണ്ഡിതന്‍ സെറ്റ് ചെയ്തത്, ആധുനിക അച്ചടിയില്‍ ചിട്ടപ്പെടുത്തിയിരിക്കുകയാണ്. അത്ര നല്ലൊരു സംഭവം കാണാന്‍ ഇടവന്നതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.

ഞങ്ങള്‍ നടക്കുന്നതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. ഞാനും ആമിനയും കുറച്ച് പിറകിലും ഇക്കയും മണിക്ഫാനും കുറച്ച് മുമ്പിലും ആയി നടക്കുകയാണ്. ഒരു കൊച്ചുകുടിലില്‍നിന്നും ഒരു സ്ത്രീയുടെ കരച്ചില്‍. ഈ കരച്ചില്‍ കേട്ടിട്ട്, അതന്വേഷിക്കാതെ എങ്ങനെ പോകും? ഞാനും ആമിനയും ആ കുടിലില്‍ കയറി. അപ്പോള്‍ ഒരു സ്ത്രീ കട്ടിലില്‍ കിടന്ന് വലിയ വായില്‍ കരയുന്നു. കാര്യം അന്വേഷിച്ചപ്പോള്‍, ബന്ധുക്കള്‍ ആരോ സിഹ്‌റ് ചെയ്തിട്ട് ആകെ പ്രശ്‌നമായിരിക്കയാണ് എന്നാണ് മറുപടി. ഞങ്ങളെക്കൊണ്ടാവുംവിധം ആശ്വസിപ്പിച്ചു. രണ്ട് പെണ്‍മക്കളാണ് അവരെ നോക്കാനുള്ളത്. ദ്വീപില്‍ 'അറ' സമ്പ്രദായമായതിനാല്‍ പെണ്‍മക്കള്‍ ആയിരിക്കും വീട്ടില്‍. അവര്‍ ഭര്‍ത്താവിന്റെ വീട്ടിലല്ല നില്‍ക്കുന്നത്. വിശേഷങ്ങള്വേഷിക്കുന്നതിനിടയില്‍ ഇക്കയും മണിക്ഫാനും ഞങ്ങളെ കാണാതെ അന്വേഷിച്ചുവരുന്നു! നല്ല വഴക്ക് കേട്ടു. കൂട്ടത്തില്‍ പോകുമ്പോള്‍ ഇങ്ങനെ അവിടേം ഇവിടേം ഒക്കെ തങ്ങി ബുദ്ധിമുണ്ടാക്കരുത് എന്ന് പറഞ്ഞു. ലൈബ്രറിയും ഒക്കെ കണ്ട്, കവരത്തിയുടെ ഉള്‍വഴികളിലൂടെ നടന്നുപോകുമ്പോള്‍ ''ടീച്ചറേ'' എന്നൊരു വിളി. ഒരു ടീച്ചര്‍ടെ ഭാഗ്യം. നോക്കുമ്പോള്‍ രണ്ടു വര്‍ഷം മുമ്പ് 9-എഫില്‍ പഠിച്ചിരുന്ന അബൂബക്കര്‍. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. അവന്‍ പ്രൈവറ്റായി എസ്.എസ്.എല്‍.സി. എഴുതി ഒരു വിഷയത്തില്‍ തോറ്റ് 'സേ' എഴുതാനായി കേരളത്തിലേക്ക് കപ്പല്‍ കയറാനായി വന്നതാണത്രെ! ഒന്‍പതാം ക്ലാസ് കഴിഞ്ഞ് ഞങ്ങളുടെ സ്‌കൂളില്‍നിന്ന് ടിസി വാങ്ങി പോയതായിരുന്നു. മൈലുകള്‍ക്കപ്പുറം വെച്ച് നമ്മുടെ ഒരു കുട്ടിയെ കാണുന്ന സന്തോഷം പറഞ്ഞറിയിക്കാനായില്ല. 'ജോലി എടുക്കുകയാണെങ്കില്‍ ടീച്ചര്‍പണിയാണ് എടുക്കേണ്ടത്' എന്നു പറയുന്നത് അതാണ്. കുട്ടികളുമായി വളരെയധികം ഇടപഴകാനും അടുക്കാനും അവരുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടാനും ഒരധ്യാപകന് മാത്രമാണ് കഴിയുക.

അതിനിടെ, അവിടെ അടുത്ത് ഒരു കല്യാണവും ഉണ്ടായിരുന്നു. തലേദിവസം സ്ത്രീകള്‍ കൂട്ടംകൂട്ടമായി പോകുന്നുണ്ട്. എന്തിനാണെന്നോ - ഉള്ളി തൊലിക്കാന്‍. ഓരോരുത്തര്‍ക്ക് ഓരോ സവാള തൊലി കളയാന്‍ കിട്ടില്ലത്രെ! എന്നാലും, ആ മനുഷ്യരുടെ സൗഹൃദവും പരസ്പര ബന്ധവും. ഒരിക്കലും അവര്‍ കല്യാണമണ്ഡപങ്ങളില്‍ കല്യാണം നടത്താറില്ല; വീടുകളിലാണ്. പോരെങ്കില്‍ ഉള്ളി ഉരിക്കാന്‍ വന്നവരൊക്കെ വൈകിട്ട് വീണ്ടും വരും. അവര്‍ക്ക് മുട്ട പുഴുങ്ങിയതും പലഹാരങ്ങളും ഒക്കെ കൊടുത്താണ് സല്‍ക്കരിക്കുന്നത്. കൂടാതെ, ഈ വരുന്നവര്‍ പിറ്റേന്ന് കാലത്തേക്കുള്ള അപ്പം ഉണ്ടാക്കുന്നതിലും സഹകരിക്കും. കേരളത്തില്‍ കുറച്ചു കൊല്ലം മുമ്പുവരെ നിലനിന്നിരുന്ന സഹകരണം ഇന്നില്ലാതായി. അരി ചേറ്റാനും ഉള്ളി, വെള്ളുള്ളി നന്നാക്കാനും ഒക്കെ അയല്‍വീട്ടുകാരുടെ സഹായം ശരിക്ക് ഉണ്ടായിരുന്നു. ഇന്ന് തലേന്ന് രാത്രിപോലും വീടുകളിലല്ല സദ്യ. കാറ്ററിങ്ങും മണ്ഡപങ്ങളും ആയി കല്യാണം മാറിപ്പോയി. സമ്പത്ത് നമ്മില്‍ വരുത്തിയ മാറ്റങ്ങള്‍. അതിഥികള്‍ക്ക് പണ്ട് ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നത് ബുഫെക്ക് വഴിമാറി. ദ്വീപിലെ കല്യാണം കാണണമെന്ന് എന്റെ ഒരാഗ്രഹമായിരുന്നു. രാത്രി ഞാനും ആമിനയും കൂടി കല്യാണവീട്ടില്‍ പോയി. അവരുടെ ആചാരങ്ങളെപ്പറ്റിയൊക്കെ ചോദിച്ചറിഞ്ഞു. കല്യാണത്തിന് പുത്യാപ്ലയെ തേടിപ്പോകുന്ന പഴയ പതിവ് അവിടെ ഇപ്പോഴും ഉണ്ട്. അതുപോലെ അവരുടെ അറയും ഒക്കെ കണ്ടു. ഏസിയൊക്കെയുണ്ട്. പുത്യാപ്ല 3 ലക്ഷം രൂപ, 25 പവന്‍ ഒക്കെ പെണ്ണിന് കൊടുക്കുമത്രെ! അവരുടെ വീട്ടില്‍ ഒരു കൊച്ചുനിലവിളക്ക് കണ്ടു. അതെന്താണെന്നന്വേഷിച്ചു. കല്യാണത്തിന്
പത്തിരുപതു ദിവസം മുമ്പ് റാത്തീബ് ഉണ്ടാകുമത്രെ! അപ്പോള്‍ ഈ നിലവിളക്ക് തിരിയിട്ട് കത്തിച്ചുവെക്കും. ഇതാണ് രസം. എവിടെ ചെന്നാലും നമ്മുടെ നിരീക്ഷണം ഉണ്ടെങ്കില്‍ പല ജാതി അറിവുകള്‍ ലഭിക്കും. ദ്വീപുകാരില്‍ അധികവും പലവിധ അന്ധവിശ്വാസങ്ങളും ഉള്ളവരാണെന്ന് മനസ്സിലായി. എങ്കിലും ഗഫൂര്‍ക്കാടെ വീടിനടുത്തുള്ള പള്ളിയില്‍ അഞ്ചുനേരവും ജമാഅത്ത് നമസ്‌കാരത്തിന് സ്ത്രീകള്‍ പങ്കെടുക്കുന്നു എന്നത് അത്യദ്ഭുതമായി തോന്നി. ഞാനും ഒരു ദിവസം ഇശാഇന് പങ്കെടുത്തു. ആ പള്ളിക്കു ചുറ്റുമുള്ള വീടുകളിലെ മിക്ക സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. മുജാഹിദ്-ജമാഅത്ത് പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ആ മാറ്റം എന്ന് ഞാന്‍ കരുതുന്നു.

വൈകീട്ട് ഞങ്ങള്‍ സാന്റ്ബീച്ചില്‍ പോയി. സൗന്ദര്യം എത്രയെന്ന് പറയാനില്ല. ഗ്ലാസ്‌ബോട്ട് പുറപ്പെടുന്നത് സാന്റ്ബീച്ചില്‍ നിന്നാണ്. വേറെ സ്ഥലങ്ങളും ഉണ്ടെന്ന് തോന്നുന്നു. ഗഫൂര്‍ക്കാടെ വീടിനടുത്താണ് സാന്റ് ബീച്ച്. ബോട്ട്‌വാടക ആയിരം രൂപ. ബോട്ടില്‍ കയറാന്‍ ആദ്യം ഒരു കസേരയെ രണ്ടുപേര്‍ പിടിച്ച്, നമ്മള്‍ കസേരയില്‍ കയറി വേണം ബോട്ടിലെത്താന്‍. അല്പം വിഷമം പിടിച്ച പണിയാണ്. എന്നാലും, കടലിന്നടിയിലെ പവിഴപ്പുറ്റുകളും മത്സ്യക്കൂട്ടങ്ങളും കാണുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കുകയാണ്. അല്പം പ്രയാസപ്പെട്ടാലും കുഴപ്പമില്ല. ബോട്ട് ഞങ്ങളെയും കൊണ്ട് നീങ്ങി. ഹാവൂ! എന്താണാ കാഴ്ച!
പലതരം പവിഴപ്പുറ്റുകള്‍... ഹാപ്പി ബ്ലൂ മത്സ്യങ്ങള്‍... കറുത്ത മീനുകള്‍... ആമ... ഭൂമിയിലെ പല സസ്യങ്ങളുടെയും ആകൃതിയിലുള്ള കടല്‍ജീവികള്‍. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍. മനോഹരം. ബോട്ട് ഓടിക്കുന്ന കുട്ടി നമ്മോട് വളരെയധികം സഹകരിച്ചു. കൂട്ടത്തില്‍ അത്യപാരമായ ഒരു കാഴ്ച കണ്ടു. വലിയ ഇഞ്ചിപോലത്തെ വലിയൊരു കൂട്ടം. സീ കുക്കുംബര്‍, സീ അനിമോണ്‍ തുടങ്ങി പല നിറത്തിലും രൂപത്തിലുമുള്ള ജലജീവികള്‍. എന്റെ ഒരു സുഹൃത്ത് എഴുതിയൊരു പാട്ടിന്റെ ഈരടികളാണ് എന്റെ ഹൃദയത്തിലൂടെ ഒഴുകിവന്നത് - ''ബഹ്‌റിന്നടിയിലൂടൊഴുകിയെത്തും, ബഹറിനെ ബഹറായ് ഒഴുക്കിയ രാജന്‍...'' ഖുര്‍ആന്‍ പറയുന്നു:


مَرَجَ الْبَحْرَيْنِ يَلْتَقِيَانِ.  بَيْنَهُمَا بَرْزَخٌ لَا يَبْغِيَانِ
''രണ്ട് കടലുകളെ ഒന്നിപ്പിച്ചു. പക്ഷേ, അവയ്ക്കിടയില്‍ പരസ്പരം ഭേദിക്കാത്ത മറ ഉണ്ട്.''

ഈ ജലജീവികളെ കാണുമ്പോള്‍ ഒരു വിശ്വാസി സ്വാഭാവികമായും പറയുന്ന ഒരു വചനമുണ്ട് - ''സുബ്ഹാനല്ലാഹ്. നീ പരിശുദ്ധന്‍.''

ഈ ജീവികളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഖുര്‍ആന്‍ പറയുന്നു: ''ഇത് അല്ലാഹുവിന്റെ സൃഷ്ടിപ്പാണ്. അവനല്ലാത്ത നിങ്ങളുടെ ആരാധ്യന്മാര്‍ സൃഷ്ടിച്ചത് എനിക്കൊന്ന് കാട്ടിത്തരിക.''

സത്യം! മാതൃകകളില്ലാതെ സൃഷ്ടിച്ച തമ്പുരാന്‍ പരിശുദ്ധന്‍. ഇത് കണ്ട്, അല്ലാഹുവിന്റെ അപരിമേയമായ കഴിവും ശക്തിയും മനസ്സ് നിറയെ ആസ്വദിക്കാനാണ് എന്റെ ഓരോ യാത്രയും. അല്‍ഹംദുലില്ലാഹ്. അഞ്ചു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ലക്ഷദ്വീപ് യാത്ര സമൃദ്ധമായി മനസ്സില്‍ അനുഭവങ്ങള്‍ കോരിയിട്ടുതന്നു.

1 comment: