Sunday, November 21, 2010

ഖുര്‍ആനിക് കാലിഗ്രാഫിയിലെ ഇന്ത്യന്‍ സാന്നിധ്യം

കേരളക്കാരനും തനി മലയാളിയുമായ ഖലീലുള്ള ചെംനാടിനെ നമ്മില്‍ പലരും അറിയുന്നുണ്ടാവില്ല. ലോകപ്രശസ്തിയിലേക്കുയരുന്ന അദ്ദേഹത്തെ കാണാന്‍ എനിക്കും ഭര്‍ത്താവിനും സൗകര്യം ലഭിക്കുകയുണ്ടായി. കിം-ഉം (കേരള ഇസ്‌ലാമിക് മിഷന്‍) ദഅ‌വാ സെല്ലും കൂടി സംഘടിപ്പിച്ച 'ദിശ 2009'ല്‍ വെച്ചാണ് ഞാനദ്ദേഹത്തെപ്പറ്റി അറിയാനിടയായത്. 

ആരെയും കുറച്ചുനേരം പിടിച്ചുനിര്‍ത്തുന്ന പവലിയനായിരുന്നു ഖുര്‍ആനിക് കാലിഗ്രാഫി. അവിടെ ഉണ്ടായിരുന്ന മുഹമ്മദ് എന്ന വിദ്യാര്‍ഥിയുമായി പരിചയപ്പെട്ടതിലൂടെയാണ് ഖലീലുമായി പരിചയപ്പെടാന്‍ സൗകര്യം ലഭിച്ചത്. 25 കാലിഗ്രാഫികള്‍ ഖലീല്‍ 'ദിശ'യ്ക്കുവേണ്ടി സൗജന്യമായി കൊടുത്തയച്ചതാണെന്ന് നേരില്‍ കണ്ടപ്പോഴാണറിയാന്‍ കഴിഞ്ഞത്. ചാനലുകളില്‍ ഇന്റര്‍വ്യൂ വന്നിട്ടുണ്ടെങ്കിലും ഖലീലിനെ കേരളക്കാര്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.

ഞങ്ങള്‍ ഉംറ കഴിഞ്ഞ് മടങ്ങുമ്പോള്‍ ദുബായില്‍ വരുമെന്നും കാണാന്‍ ആഗ്രഹമുണ്ടെന്നും അറിയിച്ചപ്പോള്‍ എന്തായാലും കാണാം എന്ന് ഖലീല്‍ അന്നുതന്നെ വാക്കുപറഞ്ഞിരുന്നു. അതുപ്രകാരം, ഷാര്‍ജയിലെത്തി രണ്ടുദിവസത്തിനുശേഷം അബൂദബിയില്‍ പോയി വരുംവഴി ദുബായ് ബസ്സ്റ്റാന്‍ഡില്‍ ഖലീല്‍ വന്ന് ഞങ്ങളെയും കൂട്ടി ഓഫീസിലേക്ക് പോയി. അപ്പോള്‍, അറബി കൈയെഴുത്തുകളുടെ ഒരു പ്രദര്‍ശനം ഷാര്‍ജയില്‍ നടക്കുന്നുണ്ടായിരുന്നു -  ملتقى الفن لخط العربي في الشارقة  എന്ന പേരില്‍. ഖലീലിന് നിര്‍ബന്ധം അത് കാണണമെന്ന്. ഒരിക്കലും ഞങ്ങള്‍ ഒറ്റയ്ക്ക് പോയി ആ പ്രദര്‍ശനം കാണില്ല എന്നുറപ്പായിരുന്നു. കാരണം, അത് കേട്ടുകേള്‍വി പോലുമില്ല, അതിഥികളായി ഒരാഴ്ചത്തേക്ക് എത്തിയ ഞങ്ങള്‍ക്ക്. 


അതീവഹൃദ്യമായ ഒരനുഭവമായിരുന്നു ആ പ്രദര്‍ശനം. ലോകപ്രശസ്തരുടെ രചനകള്‍. കണ്ണും മനസ്സും കുളിരണിയുക്കുന്ന കാലിഗ്രാഫികള്‍!!! പോസ്റ്റ്‌മോഡേണ്‍ വരകളും കുറികളും ഉണ്ടായിരുന്നു അവിടെ. ചെറുപ്പം മുതലേ അറബി കാലിഗ്രാഫിയില്‍ കണ്ണുറപ്പിച്ച് നോക്കാറുള്ള ആളാണ് ഞാന്‍. പണ്ട്, നാമൊക്കെ കണ്ട് അന്തിച്ചുനിന്ന ഒരു കാലിഗ്രാഫി ഉണ്ട്. ശഹാദത്ത് കലിമ. ഒരാള്‍ അത്തഹിയാത്തില്‍ ഇരിക്കുന്നു; വിരലും ചൂണ്ടി. കറുപ്പും വെളുപ്പും ആയ ചിത്രം. ഖലീലിനെ കാലിഗ്രാഫിയിലേക്കാകര്‍ഷിച്ച ആദ്യംചിത്രം അതായിരുന്നത്രെ! പടച്ചവന്‍ ലക്ഷത്തിലൊന്നിനു മാത്രം കൊടുക്കുന്ന കഴിവാണ് ഖലീലിന് ലഭിച്ചിട്ടുള്ളത്.

14 വയസ്സിലാണത്രെ أفلا ينظرون إلى الإبل... സൂറത്തുല്‍ ഫീല്‍ ഒക്കെ വരച്ചത്. ഒട്ടകത്തെ നേരില്‍ കാണുംമുമ്പ് വരച്ചതാണെന്നാണോര്‍മ - സൂറത്തുല്‍ ആദിയാത്തിലെ ആയത്തുകള്‍ കുതിരയുടെ ആകൃതിയില്‍ വരച്ചിരിക്കുന്നു. പക്ഷേ, ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഔഖാഫ് വിലക്കിയത്രെ, ഇനി അത്തരം ചിത്രങ്ങള്‍ വരക്കരുതെന്ന്. അല്ലെങ്കില്‍, ആ വിരല്‍ത്തുമ്പിലൂടെ ഖുര്‍ആന്റെ മുഴുവന്‍ കാലിഗ്രാഫി നമുക്ക് ലഭിക്കുമായിരുന്നു. ഇനിയും സമയം പാഴായിട്ടില്ല. അപാരശക്തിയുണ്ട് ആ വരകള്‍ക്ക്! ن والقلم وما يسطرون (പേനയെക്കൊണ്ട് സത്യം; അവര്‍ എഴുതുന്നതിനെക്കൊണ്ടും) നല്ലൊരു ഫൗണ്ടന്‍ പെന്‍; ക്ലിപ്പ് ഒക്കെയായി എന്തൊരു സുന്ദരമായാണ് എഴുതിയിരിക്കുന്നത്! അദ്ദേഹത്തെപ്പറ്റി എഴുതിയാല്‍ എനിക്കെത്രത്തോളം നീതിപുലര്‍ത്താനാകും എന്നറിയില്ല. എന്നാലും, ആ മഹാനുമായി എനിക്കുണ്ടായ ഹൃദ്യാനുഭവങ്ങള്‍ എന്റെ പ്രിയപ്പെട്ട വായനക്കാരുമായി പങ്കുവെക്കാതെ നിവൃത്തിയില്ല.

ഒറ്റനോട്ടത്തില്‍ 'ജാഡക്കാര'നായി തോന്നുമെങ്കിലും അടുത്ത് സംസാരിച്ച്, ജീവിതാനുഭവങ്ങളുടെ ആഴത്തിലെത്തുമ്പോള്‍ സാധാരണക്കാരില്‍ സാധാരണ മനുഷ്യന്‍. ചെലവഴിച്ച നാലു മണിക്കൂറില്‍ സംസാരം എത്താത്ത മേഖലകള്‍ കുറവായിരുന്നു. തിരക്കുപിടിച്ച മനുഷ്യന്‍. പക്ഷേ, ഈ സാധുസ്ത്രീയുമായി അദ്ദേഹത്തിന്റെ കലകളുടെ വിശദാംശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കാണിച്ച സൗമനസ്യം! അതോര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷമുണ്ട്.

ടീച്ചര്‍ക്ക് ഒരു സമ്മാനം എന്നുപറഞ്ഞ്, الله എന്ന് അതിസുന്ദരമായി ക്യാന്‍വാസില്‍ ഒരു വിളക്കിന്റെ ആകൃതിയില്‍ വരച്ച്, ഖലീലുല്ലാ എന്ന് അറബിയില്‍ ഇട്ട ഒപ്പുമായി തന്നത്, ഞാനിവിടെ കൊണ്ടുവന്ന് ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്. നോക്കി ഇരിക്കും തോറും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വര. റബ്ബ് ഖലീലിന് കൊടുത്ത മറ്റൊരനുഗ്രഹം, എത്രതവണ വേണമെങ്കിലും ഒരേ പടം ഒരേ രൂപത്തില്‍ വരയ്ക്കാന്‍ കഴിയുമത്ര! സുബ്ഹാനല്ലാഹ്. അല്ലാഹു ഓരോരുത്തര്‍ക്കും കൊടുക്കുന്ന കഴിവുകള്‍! കുതിരയുടെ ചിത്രം ന്യൂയോര്‍ക്കില്‍ വലിയ ഒരു വിലയ്ക്ക് ഒരാള്‍ വാങ്ങിക്കൊണ്ടുപോയത്രെ! നമ്മുടെ കേരളീയന്‍ (ഇന്ത്യക്കാരന്‍) അറബി കാലിഗ്രാഫിയില്‍ ലോകത്തില്‍ അറിയപ്പെടുക എന്നത് എത്രമാത്രം സന്തോഷകരമാണ്! ഇന്ത്യയില്‍ത്തന്നെ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.

ഖലീലിനെപ്പറ്റി എഴുതാന്‍ ഇനിയും ഒരുപാടുണ്ട്. http://www.worldofcalligraphy.com സെര്‍ച്ച് ചെയ്താല്‍ അദ്ദേഹത്തിന്റെ വരകളുടെ ഏകദേശ രൂപം കിട്ടും. നിങ്ങള്‍ക്ക് അദ്ദേഹത്തെ മനസ്സിലാക്കാന്‍ കൂടുതല്‍ നല്ലത് അതായിരിക്കും. കഴിഞ്ഞയാഴ്ച ഖലീല്‍ അല്‍ജീരിയയില്‍ ഒരു പ്രദര്‍ശനത്തിന് പോയിരുന്നു. വളരെ നല്ല നിലയില്‍ അദ്ദേഹം യാത്രാവിവരണം എഴുതിയതും സൈറ്റിലുണ്ട്.

ഇപ്പോള്‍ ഖലീല്‍ മറ്റാരും ചെയ്യാത്ത ഒരു സര്‍ഗാത്മക പരിപാടിയിലാണ്. 'അനാട്ടമിക്‌ കാലിഗ്രാഫി'. ആളുകളെ അവരുടെ പേരുകൊണ്ട് വരയ്ക്കുക. ദുബായ് ശൈഖ് മുഹമ്മദ്, ശൈഖ് സായിദ്, മന്‍മോഹന്‍സിങ്, എം.കെ.യൂസഫലി തുടങ്ങി ഒരുപാടുപേരെ ഖലീല്‍ ഇത്തരത്തില്‍ വരച്ചിട്ടുണ്ട്.

ഏതായിരുന്നാലും ഇനിയും ആ മസ്തികത്തിലും മനസ്സിലും എത്ര നൂതനമായ ആശയങ്ങള്‍ റബ്ബ് നിക്ഷേപിച്ചിട്ടുണ്ട് എന്ന് നമുക്ക് പറയാനാവില്ല. 'പ്രതിഭകള്‍' റബ്ബിന്റെ പ്രത്യേക സൃഷ്ടി ആണല്ലോ. കഴിവുള്ളവര്‍ ചെയ്യട്ടെ. നമുക്കത് കണ്ടാസ്വദിക്കാം. കണ്ടെങ്കിലും ആസ്വദിക്കണം.

വരുംതലമുറയിലും ഇത്തരം കഴിവുള്ളവര്‍ ഉണ്ട് എന്ന് എന്റെ കുട്ടികളിലൂടെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ കഴിവുകളെ തേച്ചുമിനുക്കി, പ്രതിഭാനിലവാരത്തിലേക്കെത്തിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും ബാധ്യസ്ഥരാണ്. പ്രതിഭകളെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും കൂമ്പുനുള്ളാതെയെങ്കിലും ഇരിക്കാം നമുക്ക്.

അല്ലാഹു അദ്ദേഹത്തിന് എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ. ആമീന്‍. ദീനിന് അനുഗുണമായ രൂപത്തില്‍ ഖലീലിന്റെ വരകളും കുറികളും എത്തിച്ചേരട്ടെ എന്നും ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. കാരണം, റബ്ബ് നല്‍കിയ ഏത് കഴിവും നാളെ ചോദ്യം ചെയ്യപ്പെടും. തീര്‍ച്ച.

18 comments:

  1. ரொம்ப நல்லாயிருக்கு

    കൊള്ളാം ...അറബികള്‍ അയാളെ കൊത്തിക്കൊണ്ടു പോവുമല്ലോ ...വേര്‍ഡ്‌ verification വൈകിയെങ്ങിലും തയ്യാറായതിനു നന്ദി ...

    ReplyDelete
  2. വേര്‍ഡ്‌ verification mattan വൈകിയെങ്ങിലും തയ്യാറായതിനു നന്ദി ...

    ReplyDelete
  3. ரொம்ப நல்லாயிருக்கு

    കൊള്ളാം ...അറബികള്‍ അയാളെ കൊത്തിക്കൊണ്ടു പോവുമല്ലോ ...വേര്‍ഡ്‌ verification വൈകിയെങ്ങിലും തയ്യാറായതിനു നന്ദി ...

    anoykal kayari nirangumallo teachare

    ReplyDelete
  4. അറബികള്‍ മാത്രമല്ല പലരും അയാളെ കൊത്തിക്കൊണ്ടു പോകുന്നുണ്ട്
    ഒരിക്കല്‍ അദ്ദേഹം വരക്കുന്നത് കണ്ടിട്ട് ഒരു ജര്‍മന്‍ പെണ്ണ് വന്ന കെട്ടിപ്പിടിച്ചു മുത്തം കൊടുത്തുവെന്ന് പറഞ്ഞു..........

    ReplyDelete
  5. ജലീല്‍ എന്ന പേരിലുള്ള ഈ കാലിഗ്രാഫികളില്‍ ചിലത് കണ്ടിരുന്നു എങ്കിലും . ജലീല്‍ ഒരു മലയാളിയെന്നത് പുതിയ അറിവാണ്.

    ReplyDelete
  6. കമന്‍റെഴുതുമ്പോള്‍ തെറ്റിയതാ

    ReplyDelete
  7. ഖലീലിനെ ടീച്ചറുടെ വായനക്കാര്‍ക്ക്
    പരിചയപ്പെടുത്തിയത് നന്നായി
    ഖലീല്‍ ഒരു കാര്‍ട്ടൂണിസ്റ്റും
    കേരള കാര്‍ട്ടൂണ്‍ അക്കാദമി
    അംഗവും കൂടിയാണെന്ന കാര്യം
    കുറിക്കട്ടെ
    സിദ്ധിക്ക് പരവൂര്‍

    ReplyDelete
  8. ഖലീലിനെ ടീച്ചറുടെ വായനക്കാര്‍ക്ക്
    പരിചയപ്പെടുത്തിയത് നന്നായി
    ഖലീല്‍ ഒരു കാര്‍ട്ടൂണിസ്റ്റും
    കേരള കാര്‍ട്ടൂണ്‍ അക്കാദമി
    അംഗവും കൂടിയാണെന്ന കാര്യം
    കുറിക്കട്ടെ
    സിദ്ധിക്ക് പരവൂര്‍

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. thaaaaaank u............. khalel chemnad ente nattu karan ennulladhil ettavum koodudhal abimanikkunnu..... thaaaaanx alot...

    ReplyDelete
  11. ലിംക ബുക്ക് ഓഫ് വേള്‍ഡ്‌ റെക്കോര്‍ഡില്‍, ലോകത്തിലെ ഒരേ ഒരു അനാട്ടമിക് കാലിഗ്രാഫര്‍ എന്ന ബഹുമതി യോടെ ഖലീലുല്ലാഹ് ചെമ്നാട് സ്ഥാനം നേടി. ആദ്യമായാണ്‌ ഒരു മലയാളി കലാകാരന്‍ ‘കാലിഗ്രാഫി ചിത്രകല’ യുടെ മികവില്‍ ലിംക ബുക്കില്‍ എത്തുന്നത്. VISIT: http://epathram.com/gulfnews-2010/07/15/112108-anatomy-calligraphy-khaleelulla.html

    ReplyDelete
  12. ഖലീലിനെ കൂടുതല്‍ പരിചയപ്പെടുത്തിയതില്‍ സന്തോഷം...നന്ദി ........
    ഞാന്‍ ഈ ലേഖനം എഴുതിയതിനു ശേഷമാണ് ഖലീലിന്നു ലിംക ബുക്ക്‌ അവാര്‍ഡ്‌ കിട്ടിയത്[ഇത് ഞാന്‍ വന്ന ഉടനെ എഴുതിയതായിരുന്നു]
    ആ വിവരം എന്നെ അദ്ദേഹം പ്രത്യേകം അറിയിച്ചിരുന്നു... ഇതില്‍ ചേര്‍ക്കാഞ്ഞതില്‍ ഖേദിക്കുന്നു....
    P M A അറിയിച്ചതില്‍ നന്ദി...

    ReplyDelete
  13. അദേഹത്തിന്റെ എളിമയന്നു ഇ വിജയത്തിനു പിന്നില്‍ ....

    ReplyDelete